Tuesday, May 31, 2011

പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (പത്താം ഭാഗം)

ബോംബേ ഡയറി.. തിരിച്ചറിവിന്റെ ഒരു രാത്രി.

ബോംബേവാസത്തിന്റെ ആദ്യനാളുകള്‍ ഓര്‍ത്തുപോകുന്നു.. കാണുന്നതിലെല്ലാം ശുദ്ധനായ ഒരു നാട്ടിന്‍പുറത്തുകാരന്റെ പുതുമയും കൗതുകവുമായിരുന്നു അന്നെനിയ്ക്ക്‌.

ചുണ്ടോടുചുണ്ടുരുമി, നെഞ്ചോടുനെഞ്ചുചേര്‍ത്ത്‌ ഇരുതോളുകളിലും കൈകള്‍ ചേര്‍ത്തുവെച്ച്‌ ഒരു നിശ്ചലദൃശ്യത്തിനു സമാനമായി സ്വയം മറന്നിരിയ്ക്കുന്ന കമിതാക്കള്‍.. നാലുചുവരുകളുടെ സ്വകാര്യതയില്‍ നനുത്ത വെളിച്ചം നിറംചേര്‍ത്തു ഒരുക്കിയെടുക്കേണ്ട പ്രണയനിമിഷങ്ങള്‍ പരസ്യാഘോഷാമാക്കി മാറ്റുന്ന നരിമാന്‍ പോയന്റിലെ ഇത്തരം സായാഹ്നക്കാഴ്ചകള്‍ വിശ്വസിയ്ക്കാനാവാതെ മൂക്കത്തു വിരല്‍വെച്ച്‌ വിടര്‍ന്ന കണ്ണുകളോടെ നോക്കിനിന്നിട്ടുണ്ട്‌.

ജുഹൂബീച്ചിലെ ഒഴിഞ്ഞ കോണുകളിലെ മരച്ചില്ലകളുടെ തണലില്‍, ആര്യാസ്‌മില്‍ക്ക്‌ കോളനിയില്‍, ചോട്ടാക്കാഷ്‌മീരിലെ തെങ്ങിന്‍ചുവടുകളുടെ തണുപ്പില്‍ പരിസരം മറന്ന്‌ പരിധിവിട്ട്‌ പരസ്പരം പങ്കുവെയ്ക്കനൊരുങ്ങുന്ന കമിതാക്കളുടെ പ്രാകടനങ്ങള്‍ ആദ്യമായി കാണുന്ന ആരും കണ്ണുപ്പൊത്തിപോകുമായിരുന്നു. അതൊക്കെ കാണുന്ന നിമിഷങ്ങളില്‍ അത്ഭുതത്തേക്കാള്‍ അറപ്പും വെറുപ്പും തോന്നിയിട്ടുണ്ട്‌. പക്ഷെ, പവിത്രമായ താലിച്ചരടില്‍ നെയ്തെടുത്ത ദാമ്പത്യ ബന്ധങ്ങളുടെ സമ്മോഹന മൂഹൂര്‍ത്തങ്ങളാണ്‌ അവയില്‍ പലതുമെന്ന്‌ പിന്നീട്‌ തിരിച്ചറിഞ്ഞപ്പോള്‍ വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.. ദാമ്പ്യത്യ നിമിഷങ്ങളുടെ വിലയൊന്നും മനസിലാക്കാത്തക്കവണ്ണം പ്രായമില്ലാത്ത കൊച്ചുകുഞ്ഞായിരുന്നല്ലോ അന്നു ഞാന്‍,..! എന്നിട്ടു പോലും വല്ലാത്ത വേദന തോന്നി.. ഒന്നും ആരുടെയും കുറ്റമല്ലായിരുന്നു, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പലപ്പോഴും പരിസരം മറന്ന്‌ നിയന്ത്രണങ്ങളുടെ പരിധികള്‍ ലംഘിയ്ക്കാന്‍ പലരെയും പ്രേരിപ്പിയ്ക്കുന്നു.. പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ കഴിയാത്ത അത്രയും രൂക്ഷമായിരുന്നു ബോംബയിലെ പാര്‍പ്പിടപ്രശ്നങ്ങള്‍ അന്ന്‌. ഉള്ള പാര്‍പ്പിടങ്ങളില്‍ തന്നെ സ്വകാര്യതയുടെ അപാരപ്ത്യതകൊണ്ടു വീര്‍പ്പുമുട്ടുകയായിരുന്നു. കുടുംബബന്ധങ്ങള്‍ വഴിമുട്ടുകയായിരുന്നു..

ഗോരേഗാവില്‍ എന്റെ ഒരു നാട്ടുകാരനുണ്ടായിരുന്നു, ടെയിലര്‍ ചന്ദ്രേട്ടന്‍. ഞാന്‍ ബോംബേയില്‍ വരുന്ന സമയത്ത്‌ വെറും ടെയിലിറിംഗ്‌ മാസറ്ററൊന്നുമല്ലായിരുന്നു അദ്ദേഹം. ആ ഗാര്‍മെന്റ്സ്‌ എക്സ്‌പോര്‍ട്ടിംഗ്‌ കമ്പനിയിലെ ഓള്‍ ഇന്‍ ഓള്‍ ആയിരുന്നു. കടും നിറത്തിലുള്ള ഷര്‍ട്ടുകള്‍, ബാഗി പാന്റ്‌സ്‌, കൂളിംഗ്‌ ഗ്ലാസ്‌, കോളറിനു പുറകില്‍ ചുരുട്ടിവെച്ച ഉറുമാല്‍, മുടിചുരുളുകളില്‍ ഒരുക്കിയെടുത്ത കുരുവികൂട്‌, വായില്‍നിന്ന്‌ വെള്ളം പോലെ ഒഴുകിയെഴുത്തുന്ന ഹിന്ദിയും മറാത്തിയും ഒപ്പമറിയാവുന്ന കുറച്ചു ഇംഗ്ലീഷ്‌ വാക്കുകള്‍ സ്ഫുടമായി നല്ല ബി.ബി.സി ആക്സെന്‍ഡില്‍ ഒരു മടിയും കൂടാതെ സംസാരിയ്ക്കുവാനുള്ള ത്രാണിയും.. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ഒരൊന്നാന്തരം ബോംബേക്കാരന്‍..! അതുകൊണ്ടല്ലെ ബോംബെയില്‍ വന്നു ഏഴുവര്‍ഷം തികയുമ്പോഴേയ്ക്കും ഗോരേഗാവ്‌ വെസ്റ്റില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാത്രം ദൂരെ മറാട്ടി കോളനിയില്‍ ചെറുതെങ്കിലും വൃത്തിയും വെടിപ്പുമുള്ള ഒരു ചാള്‌ സ്വന്തമായി ഒപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്‌. സ്വീകരണമുറിയും കിടപ്പറയും, പിന്നെ ഡൈനിംഗ്‌ ഹോളുമൊക്കെയായി എങ്ങിനെ വേണമെങ്കിലും ഉപയോഗിയ്ക്കാന്‍ പാകത്തില്‍ വലിയൊരു മുറിയും പിന്നെ കിച്ചണുമടങ്ങിയ ആ ചാളില്‍ ചന്ദ്രേട്ടനും അനിയന്‍ രമേശനും ഒന്നിച്ചാണ്‌ താമസിച്ചിരുന്നത്‌.

ചന്ദ്രേട്ടന്റെ സ്മാര്‍ട്ട്‌നെസ്സ്‌ ഒന്നും ഇല്ലായിരുന്നു രമേശന്‌. ഒരു മിണ്ടാപൂച്ചയായിരുന്നു അവന്‍. ഒറ്റനോട്ടത്തില്‍ ഒരു ഉറക്കംതൂങ്ങി, മന്ദബുദ്ധി. പ്രീഡിഗ്രി തോറ്റ ശേഷം ടൈപ്പു ലോവറു പാസായി, ഷോട്ട്‌ഹാന്‍ഡില്‍ അത്യാവശ്യം സ്പീഡുമായാപ്പൊള്‍ പിന്നെ ഒരു ദിവസം പോലും നാട്ടില്‍ നിര്‍ത്താതെ അവനെ ബോംബേയിലേയ്ക്കു കൊണ്ടുവന്നു ചന്ദ്രേട്ടന്‍.. മറോളില്‍ ഒരു ഗാര്‍മന്റ്‌ ഫാക്ടറിയുടെ എക്‍സ്പോര്‍ട്ടിംഗ്‌ ഡിവിഷണില്‍ കണക്കപ്പിള്ളയുടെ ജോലിയും വാങ്ങി കൊടുത്തു. ഒട്ടും സാമര്‍ത്ഥ്യമില്ലാത്ത അനിയനെക്കുറിച്ച്‌ വല്ലാത്ത ഉത്‌കണ്ഠയായിരുന്നു ചന്ദ്രേട്ടന്‌. അല്‍പ്പം ലോകപരിചയവും, തന്റേടവും ഒപ്പം ഭാഷാജ്ഞാനവും വന്നിട്ട്‌ എത്രയും പെട്ടന്ന്‌ അവനെ ഗള്‍ഫിലേയ്ക്ക്‌ കയറ്റിവിടാനായിരുന്നു മൂപ്പരുടെ പ്ലാന്‍. ചന്ദ്രേട്ടന്‍ മാത്രം ഗോരേഗാവ്‌ വിട്ട്‌ എവിടേയ്ക്കും പോകാന്‍ ഒരുക്കമല്ലായിരുന്നു.. തനിയ്ക്ക്‌ സ്വന്തമായി മാന്യതയും മേല്‍വിലാസവുമൊരുക്കിത്തന്ന ആ ദേശവുമായി മനസ്സുകൊണ്ട്‌ അത്രയ്ക്കേറെ അലിഞ്ഞു ചേര്‍ന്നിരുന്നു ചന്ദ്രേട്ടന്‍..

വേഷഭൂഷാധികളിലുള്ള ആഡംബര ഭ്രമം ഒഴിച്ചുനിര്‍ത്തിയാല്‍ സാധാരണഗതിയില്‍ അക്കാലത്ത്‌ സ്മാര്‍ട്ടായ ഒരു ബോംബേമലയാളിയ്ക്കു കണ്ടുവരാറുള്ള ദുഃശ്ശീലങ്ങളൊന്നുമില്ലായിരുന്നു ചന്ദ്രേട്ടന്‌.. മദ്യപാനം ഇല്ലേയില്ല. ഊരുചുറ്റലും സിനിമയ്ക്കു പോക്കുമൊക്കെ അപൂര്‍വ്വം. പരസ്ത്രീഗമനം? അയ്യേ, അതോര്‍ക്കുമ്പോഴെ അറപ്പും വെറുപ്പുമായിരുന്നു. മണ്ഡലക്കാലത്ത്‌ ബോംബേയിലെ അയ്യപ്പന്‍ വിളക്കു
കള്‍ , അയ്യപ്പസേവാസംഘത്തിന്റെ ഭജനകള്‍ ഇത്തരം വേദികളിലെയൊക്കെ സജീവസാന്നിധ്യംകൊണ്ട്‌ അക്കാലത്തെ ബോംബേ മലയാളികള്‍ക്കിടയിലും സുപരിചിതനയിരുന്നു ചന്ദ്രേട്ടന്‍. ഗോരേഗാവ്‌ അയ്യപ്പക്ഷേത്രത്തിലെ ദര്‍ശനത്തൊടേയാണ്‌ ഒരവിവാഹിതന്‌ ഏറ്റവും ഭൂഷണമായ ബ്രഹ്മചര്യം ശീലമാക്കിയ അദ്ദേഹത്തിന്റെ ഒരു ദിവസത്തിന്റെ ആരംഭം തന്നെ.

സുന്ദരനും സദാ സുസ്മേരവദനനുമായ ചന്ദ്രേട്ടന്റെ ജീവിതസഖിയാവാന്‍ അഴകാര്‍ന്ന മുഖത്തെ വിടര്‍ന്ന മൂക്കിന്‍ത്തുമ്പില്‍ വലിയ മൂക്കുത്തിയണിഞ്ഞ്‌, ചാരുതയാര്‍ന്ന ചെവിയിതളുകളിലെ തോടകളിളക്കി, മാധുരി ദീക്ഷിതിന്റെ കയ്യില്‍നിന്നും കടം വാങ്ങിയ പുഞ്ചിരിയും, കടക്കണ്ണുകൊണ്ടെഴുതിയ കവിതകളും സമ്മാനിച്ച്‌ ഗാര്‍മന്റ്‌ ഫാകടറിയില്‍ ഒന്നു രണ്ടു മറാത്തിസുന്ദരിമാര്‍ പരസ്പരം മല്‍സരിച്ച്‌ പഠിച്ച പണി പതിനെട്ടു പയറ്റി നോക്കിയിരുന്നു. പക്ഷെ പുരുഷനും സൗന്ദര്യം പലപ്പോഴും ശാപമാണ്‌ എന്ന്‌ നേരത്തെ നാട്ടില്‍വെച്ചുള്ള അനുഭവത്തില്‍നിന്നും തിരിച്ചറിഞ്ഞ ചന്ദ്രേട്ടന്‍ വീണില്ല, പിടിച്ചുനിന്നു. ഒരു തളികിയലെന്നപ്പോലെ പലപ്പോഴായി അവര്‍ വെച്ചുനീട്ട പലതും ഒരുവട്ടമെങ്കിലും സ്വാദു നോക്കാന്‍ പോയിട്ട്‌ ഒന്നു തൊട്ടുനോക്കാന്‍ പോലും ഒരുങ്ങിയില്ല. (നമ്മുടെ ബിലാത്തിക്കാര്‌ വല്ലവരും ആവണമായിരുന്നു അല്ലെ..!) തന്റെ ഹൃദയത്തില്‍ പ്രണയവര്‍ണങ്ങള്‍ നിറച്ച്‌ ജീവിതം മുഴുവന്‍ ഒന്നിച്ച്‌ ഹോളിയാഘോഷിയ്ക്കാന്‍ മോഹിച്ച അവരുടെ മനസ്സില്‍ സഹോദര്യത്തിന്റെ രാഖി കെട്ടി സൗഹൃദം നിലനിര്‍ത്താന്‍, ഗ്രാമത്തിന്റെ നന്മകള്‍ എപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിയ്ക്കുന്ന ചന്ദ്രേട്ടനു എളുപ്പത്തില്‍ കഴിഞ്ഞു.

സ്നേഹത്തിന്റെ ഒരുതുള്ളി പോലും എവിടെയും ചോര്‍ന്നുപോകാതെ താന്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്ന പെണ്ണിനായി തന്റെ സര്‍വ്വസ്വവും കാത്തു സൂക്ഷിയ്ക്കുമെന്ന്‌ തീരുമാനിച്ചുറപ്പിച്ചവനായിരുന്നു ചന്ദ്രേട്ടന്‍. കരുതലുള്ളവന്‍, കരുത്തുള്ളവന്‍. അങ്ങിനെ അവസാനം ആ താപസനില്‍ ദൈവം പ്രസാദിച്ചു. അത്തവണ മകരവിളക്കിനു നാട്ടില്‍ പോയ ചന്ദ്രേട്ടന്‍ മകരവിളക്കു ദരശനവും കഴിഞ്ഞ്‌ കിളിപോലെയുള്ള ഒരു പെണ്ണുമായാണ്‌ മടങ്ങിയത്‌.. കതിരോലയുടേ നിറവും പേടമാനിന്റെ ശാലീനസൗന്ദര്യവും, പെണ്‍കുതിരയുടെ കരുത്തും ഒത്തിണങ്ങിയ വിലാസിനി ചാലക്കുടിയില്‍ അകന്ന ബന്ധത്തിലുള്ള ഒരാമ്മാവന്റെ മകളായിരുന്നു... നിശ്ചയവും കല്യാണവും എല്ലാം പെട്ടന്നാണ്‌ നടന്നത്‌.

ഹണിമൂണിന്റെ ലഹരിയില്‍ ആറാടി നില്‍ക്കേണ്ട, തങ്ങളുടേതു മാത്രമായ ആ കൊച്ചു സ്വര്‍ഗ്ഗത്തില്‍ രമേശന്‍ ഒരു കട്ടുറുമ്പായി മാറും എന്ന സത്യം ബോംബയിലെ ആദ്യരാത്രിയില്‍ തന്നെ ചന്ദ്രേട്ടനു ബോധ്യമായി..

അടുക്കളയടക്കം രണ്ടുമുറി മാത്രമുള്ള ആ കൊച്ചു വീട്ടില്‍ സ്വീകരണമുറി അവരുടെ കിടപ്പറയായി.. പിന്നെ സ്വാഭാവികമായും ആകെയുള്ള കൊച്ചടുക്കളയിലേയ്ക്കൊതുങ്ങേണ്ടി വന്നു പാവം രമേശന്‌. തങ്ങളുടെ മുറിയിലെ മര്‍മ്മരങ്ങള്‍ക്കോ വളകിലുക്കങ്ങള്‍ക്കോ കാതോര്‍ക്കാന്‍ നില്‍ക്കാതെ രാമനാമം ജപിച്ചു കിടന്ന്‌ അടുത്ത നിമിഷംതന്നെ കൂര്‍ക്കം വലിച്ചുറങ്ങുന്ന വെറും പവത്താനാണ്‌ തന്റെ അനിയന്‍ എന്നറിയാമായിരുന്നിട്ടും ചന്ദ്രേട്ടന്‌ അന്ന്‌ ശ്രദ്ധ തെറ്റി, എല്ലാം പിഴച്ചു, കടവിലെത്തും മുമ്പെ പൂന്തോണി ചെരിഞ്ഞു, വിഷണ്ണനായി ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു... നാട്ടിലെ മധുവിധുരാവുകളില്‍ സംതൃപ്തിയുടെ അമ്പിളിക്കിണ്ണം നിറഞ്ഞുതുളുമ്പി പൂനിലാവു പരന്നൊഴുകാറുള്ള വിലാസിനിയുടെ കണ്ണുകളില്‍ അതൃപ്തിയുടെ കാളിമ പരക്കുന്നതു കണ്ട്‌ ചന്ദ്രേട്ടന്റെ ഉള്ളൊന്നു പിടഞ്ഞു. ദാമ്പത്യജീവിതത്തിലെ ആദ്യത്തെ കല്ലുകടിയായിരുന്നു അത്‌.

പിറ്റേന്നു രാവിലെതന്നെ രമേശനു പറ്റിയ താമസസ്ഥലത്തിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.. ഇപ്പോഴും ബോംബേ നഗരത്തില്‍ തന്റെ കയ്യും പിടിച്ചു പിച്ചവെച്ചു നടക്കാന്‍ മാത്രമറിയുന്ന അനിയനെ ഒറ്റയ്ക്കു വിടാന്‍ വിഷമമുണ്ടായിരുന്നു... അങ്ങിനെ ഏതെങ്കിലും ഒരിടത്തുകൊണ്ടുപോയി അവനെ പാര്‍പ്പിയ്ക്കാന്‍ മനസ്സുവരുന്നുണ്ടായിരുന്നില്ല. പക്ഷെ, മനസ്സിനിണങ്ങിയ പാര്‍പ്പിടസ്ഥലം പെട്ടന്നു കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അന്നാ ആ മഹാനഗരത്തില്‍ .

അന്നും, അതിന്റെ അടുത്ത ദിവസവും ആദ്യദിനത്തിന്റെ തനിയാവര്‍ത്തനമായിരുന്നു.. ഏകാഗ്രത നഷ്ടപ്പെട്ട ചന്ദ്രേട്ടന്‌ തൊട്ടതെല്ലാം പിഴച്ചു. ആദ്യമായി നാട്ടില്‍നിന്നും, അതും ഒരുപാടുദൂരം വിട്ടുനില്‍ക്കുന്നതിന്റെ വിഷമവും ഒപ്പം നിറം കെടാന്‍ തുടങ്ങുന്ന മധുവിധുരാവുകളും വിലാസിനിയുടെ മുഖത്തെ തെളിച്ച കെടുത്തുന്നു എന്ന തോന്നല്‍ ചന്ദ്രേട്ടന്റെ അസ്വസ്ഥയ്ക്ക്‌ ആക്കം കൂട്ടി. രമേശന്‍ ജോലിയ്ക്കു പോകുന്ന പകല്‍ സമയങ്ങളില്‍ ലീവിടുത്തിട്ടായാലും എന്തെങ്കിലും ചെയ്യാമെന്നു വെച്ചാല്‍ അസമയത്ത്‌ അത്തരം കാര്യങ്ങളില്‍ വിലാസിനിയ്ക്ക്‌ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു...

"എല്ലാറ്റിനും ഒരു നേരോം കാലോം ചിട്ടയുമൊക്കെ വേണ്ടേ ചന്ദ്രേട്ടാ, ഒന്നു വെപ്രാളപ്പെടാതിരിയ്ക്കു, എല്ലാം നേരേയാകും.." അവള്‍ ആശ്വസ്സിപ്പിച്ചു, പക്വതയുള്ളവളാണ്‌ വിലാസിനി, അവള്‍പറയുന്നതിലും കാര്യമുണ്ട്‌. രാത്രിയുടെ ശാന്തസുന്ദരയാമങ്ങളുടെ കുളിരില്‍ , നിശ്ശബ്ദതയുടെ തണലില്‍ , നീണ്ട വിശ്രമത്തിനുതൊട്ടുമുമ്പ്‌ ഒതുക്കത്തോടെ ചെയ്യേണ്ട കാര്യങ്ങളല്ലെ ഇതെല്ലാം.. അല്ലെങ്കിലെ അവളൊരു നാട്ടിന്‍പുറത്തുക്കാരി പുതുപ്പെണ്ണ്‌, തനിയ്ക്കുതന്നെ വലിയ നിശ്ചയമില്ലാത്ത എന്തെങ്കിലും പുതുമയ്ക്ക്‌ ഒരുങ്ങിയാല്‍ നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ തുടക്കത്തിലെ അവള്‍ തടയിടും.

വിലാസിനിയുടെ സ്നേഹത്തിന്റെ മാസ്മരികതയില്‍ എല്ലാം ശരിയാകും എന്ന്‌ ആശ്വസ്സിയ്ക്കുമ്പോഴും പ്രശ്നപരിഹാരം തേടി അലയുകയായിരുന്നു ചന്ദ്രേട്ടന്റെ മനസ്സ്‌.

നാലാം ദിവസം രാത്രി സഹികെട്ട ചന്ദ്രേട്ടന്‍ രമേശനെ നിര്‍ബന്ധിച്ച്‌ സെക്കന്‍ഡ്‌ ഷോവിനു വിട്ടു. നിയന്ത്രണം നഷ്ടപ്പെട്ട മനസ്സില്‍ പെട്ടന്നുതോന്നിയ ആശയം ആയിരുന്നു അത്‌.

പകലുപോലും ഒറ്റയ്ക്ക്‌ തന്നെ എവിടെയും വിടാത്ത ചേട്ടനിന്നെന്തുപറ്റി..! രമേശന്‌ അത്ഭുതം തോന്നി.. ഒപ്പം സന്തോഷവും.. തൊട്ടടുത്ത തിയ്യറ്ററില്‍ "സാജന്‍" കളിയ്ക്കുന്ന കാലമായിരുന്ന് അത്‌.

ആ രാത്രി തന്റെ സാജന്റെ ആംകോ മേം വിലാസിനി വീണ്ടും പ്യാര്‍ ദര്‍ശിച്ചു... കണ്ണുകളില്‍ മാത്രമല്ല, ഓരോ വാക്കിലും ചലനങ്ങളിലും പ്യാറിന്റെ അഗ്നിപ്രവാഹം തന്നെയായിരുന്നു ഒഴുകിയൊലിച്ചത്‌. വെന്തുരുകി കത്തിചാമ്പലായിപോകുമോ എന്നുതോന്നിയ ആ നിമിഷങ്ങള്‍ വിലാസിനി അറിഞ്ഞാസ്വദിച്ചു. അവള്‍ ചിരിച്ചു, വല്ലാത്തൊരു ചിരിയായിരുന്നു അത്‌ . ബോംബേയിലെത്തിയ ശേഷം ആദ്യമായി അവള്‍ ദില്ലു തുറന്നൊന്നു ചിരിച്ചുകാണുന്നത്‌ അന്നായിരുന്നു. ചന്ദ്രേട്ടനും ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.. തുടര്‍ച്ചയായ രണ്ടുമൂന്നു പരാജയങ്ങള്‍ക്കുശേഷം ഒടുവിലൊരു മാരത്തോണ്‍ മല്‍സരത്തില്‍ അവസാനംവരെ തളരാതെ പൊരുതി നിന്ന്‌ ടൈ ബ്രെക്കറില്‍ ഉജ്ജ്വലവിജയം നേടി റാക്കറ്റു വലിച്ചെറിയുന്ന നിമിഷങ്ങളില്‍ ഒരു കളിക്കാരന്റെ മുഖത്തു വിരിയുന്ന ചിരി.! എല്ലാ അടവും പുറത്തെടുത്ത്‌ കരുത്ത്‌ തെളിയിയിച്ച്‌ റാങ്കിംഗ്‌ നിലനിര്‍ത്തുന്ന ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ ഒരു പുരുഷനില്‍ നിന്നും മാത്രമുയരുന്ന ആശ്വാസത്തിന്റെ ചുടുനിശ്വാസച്ചിരി.!

പിറ്റേന്നും സെക്കന്‍ഡ്‌ ഷോയ്ക്കു പോകാന്‍ തന്നെയായിരുന്നു രമേശനു നിയോഗം.. അന്ധേരി ബഹാര്‍ തിയ്യറ്ററില്‍ "മേനെ പ്യാര്‍ കിയാ" റെക്കൊഡുകളെല്ലാം ഭേദിച്ച്‌ മാസങ്ങളായി ഓടികൊണ്ടിരിയ്ക്കുകയായിരുന്നു.

കബൂതറ്‌ ജാ..ജാ..ജാ..! വിലാസിനിയുടെ ഹൃദയത്തിലെ, ശരീരത്തിലെ ഒരോ അണുവിലും പ്രണയത്തിന്റെ ഒരായിരം പ്രാവുകള്‍ ഒന്നിച്ചുപറന്നിറങ്ങി ഇക്കിളിയൂട്ടിയ രാവായിരുന്നു അത്‌.. ശരിയ്ക്കും തളര്‍ന്നുപോയി അവള്‍ . ആനന്ദനിമിഷങ്ങളുടെ ഉത്തുംഗശൃങ്ങഗള്‍ക്കുമപ്പുറം സ്വര്‍ഗ്ഗക്കവാടവും കടന്ന്‌ അനുഭൂതികളുടെ മുത്തും പവിഴവും മതി വരുവോളം വാരിയെടുത്ത്‌ നെഞ്ചിലണിഞ്ഞ്‌ ആ ആലസ്യത്തില്‍ കിടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ വജ്രശോഭയാര്‍ന്ന്‌ തിളങ്ങി... ഇളംവെയിലില്‍ സ്ഫടികസമാനം തിളങ്ങിനില്‍ക്കുന്ന അലകളൊഴിഞ്ഞു നിശ്ചലമായ അമ്പലക്കുളംപോലെ ശാന്തമായി അവളുടെ മനസ്സ്‌.

"ഇത്രയേറെ കൊതിയുണ്ടായിട്ടും, ഇത്ര കാലം, ഇത്രയും ഭദ്രമായി എനിയ്ക്കായി മാത്രം ഇതെല്ലാം കാത്തു സൂക്ഷിച്ച്‌ ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ എങ്ങിനെ കഴിഞ്ഞു എന്റെ ഏട്ടന്‌? അതും ഈ വലിയ നഗരത്തില്‍ .. വിശ്വസ്സിയ്ക്കാനെ കഴിയുന്നില്ല.!" ചന്ദ്രേട്ടനെ ഹൃദയത്തോളം ചേര്‍ത്തുപിടിച്ച്‌ ആ കാതുകളില്‍ ഒരു പാതിരക്കാറ്റിന്റെ സൗമ്യതയോടെ അങ്ങിനെ മന്ത്രിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല്ല വിലാസിനിയ്ക്കപ്പോള്‍ .. ആ മൃദുമന്ത്രണത്തിന്റെ കുളിരിലകളേറ്റ്‌ അവളെ ചേര്‍ത്തുപിടിച്ച്‌ മൂര്‍ദ്ധാവില്‍ ചുംബിയ്ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ താനാണെന്നു തോന്നി ചന്ദ്രേട്ടന്‌.

മധുവിധുവിന്റെ ലഹരിയില്‍ ആ യുവമിഥുനങ്ങള്‍ ബോംബേയിലെ ഓരോ കോണിലും പാറിപ്പറന്നു. ആ തിരക്കിനിടയില്‍ രമേശന്റെ പാര്‍പ്പിടാന്വേഷണം നിലച്ചു. മനപൂര്‍വ്വമായിരുന്നില്ല, മധുവിധു യാത്രകള്‍ക്കിടയില്‍ ചന്ദ്രേട്ടനു അതിനു സമയം കിട്ടിയില്ല എന്നതായിരുന്നു സത്യം.

തുടര്‍ച്ചയായി അഞ്ചു സെക്കന്‍ഡ്‌ഷോകള്‍ !

ഒരാഴ്ചകൊണ്ടെ രമേശനു മടുക്കാന്‍ തുടങ്ങിയിരുന്നു... അന്ധേരിയിലേയും പരിസരപ്രദേശങ്ങളിലും റിലീസായ എല്ലാ ഹിന്ദി ഇംഗ്ലീഷ്‌ സിനിമകളും അവന്‍ ഒരു റൗണ്ട്‌ കണ്ടുതീര്‍ത്തു.. രമേശനുവേണ്ടി നിത്യവും പുതിയ സിനിമകള്‍ റിലീസ്‌ ചെയ്യാന്‍ തക്കവണ്ണം ത്രാണിയൊന്നും എന്തൊക്കെ പറഞ്ഞാലും ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയ്ക്ക്‌ സ്വാഭാവികമായും ഉണ്ടാകില്ലല്ലോ. ഇത്രയൊക്കെയായിട്ടും ആ പൊട്ടന്‍ രമേശനു കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായില്ല. വിശ്വസ്സിയ്ക്കാന്‍ കഴിയുന്നില്ല അല്ലെ? ഞാനാദ്യമെ പറഞ്ഞില്ലെ ശരിയ്ക്കും കോമണ്‍സെന്‍സില്ലാത്ത ഒരു മന്ദബുദ്ധിതന്നെ ആയിരുന്നു അവന്‍..

ഓഫീസില്‍ ജോലിതിരക്കുണ്ടായിരുന്ന ഒരു ദിവസമായിരുന്നു അന്ന്‌. രമേശനു വല്ലാത്ത മടുപ്പു തോന്നി. ചേട്ടനെ ധിക്കരിച്ചു ശീലമില്ലാത്തതുകൊണ്ടുമാത്രം വീട്ടില്‍ നിന്നും പുറപ്പെട്ട അവന്‍ തിയറ്ററില്‍ പോയില്ല.. ഗോരേഗാവില്‍ പ്രസിദ്ധമായ മലയാളികടയായ അശോകേട്ടന്റെ കടയില്‍പോയിരുന്നു ചിത്രഭൂമി വായിച്ചും, "ഹിസ്‌ ഹൈനെസ്‌ അബ്ദുള്ളയിലെ' പാട്ടുകള്‍ കേട്ടും, ഒപ്പം ഒരു നൂറുതവണ ആവര്‍ത്തിച്ചു കേട്ടിട്ടുള്ള, ശിവസേനക്കാരുമായി പൊരുതി ജയിച്ച അശോകേട്ടന്റെ പഴയകാല ബോംബെ വീരഗാഥകള്‍ക്കു പാതികാതു കൊടുത്തും നേരം കഴിച്ച്‌ പതിനൊന്നു മണിയോടെ വീട്ടിലേയ്ക്കു മടങ്ങി. പതിവുപോലെ ശബ്ദമുണ്ടാക്കാതെ, ഏട്ടനേയും ഏട്ടത്തിയേയും ഉണര്‍ത്താതെ പുറകുവശത്തു അടുക്കളയുടെ കതകു തുറക്കാനൊരുങ്ങി. പെട്ടന്നാണ്‌ അകത്തു നിന്നുമുള്ള എന്തൊക്കയൊ അനക്കങ്ങള്‍ അവന്‍ കേട്ടത്‌. വളക്കിലുക്കം, തളക്കിലുക്കം. അങ്ങിനെയങ്ങിനെ.! ചേട്ടനും ഏട്ടത്തിയുമുറങ്ങിയില്ലെ ഇതുവരെ.? ആദ്യം അവനൊന്നും മനസ്സിലായില്ല.. തുടര്‍ച്ചയായി കണ്ട ഹിന്ദിസിനിമകള്‍ നല്‍കിയ വിജ്ഞാനവും ലോകപരിചയവും കൊണ്ടാവാം വൈകിമാത്രം കത്താറുള്ള ട്യൂബ്‌ ലൈറ്റിനു പകരം അന്നാദ്യമായി അവന്റെ മനസ്സില്‍ 100 വാട്ട്‌സ്‌ ബള്‍ബ്‌ പെട്ടന്നു കത്തി.

ഏട്ടന്റെ വെക്കേഷന്‍ കാലത്ത്‌ ബായിന്ദറിലെ കൂട്ടുകാരന്‍ ബാബുവുമൊത്ത്‌ വാടകക്കെടുത്ത വീസിയാറില്‍ കണ്ട ചൂടന്‍ ഇംഗ്ലീഷ്‌ കാസറ്റുകളിലെ അതെ ഈണം, അതെ താളം. തീവൃത അല്‍പ്പം കുറവുണ്ടോ എന്നൊരു സംശയം മാത്രം.! അവന്‌ എല്ലാം മനസ്സിലായി. ആ സമയത്തെ അകത്തെ സംഗതികളുടെ കിടപ്പുവശം പോലും കൃത്യമായി ഊഹിയ്ക്കാന്‍ കഴിഞ്ഞു. നാണം കൊണ്ടു അവനാകെ ചുവന്നുതുടുത്തു,, സ്വയം മറന്ന്‌ എന്തോ നിനച്ച്‌ കുറച്ചു നേരം അങ്ങിനെ തരിച്ചു നിന്നു.! ദുഷ്ടാ, സ്വന്തം ചേട്ടനും ഏട്ടത്തിയമ്മയും ആണ്‌ അകത്ത്‌.! പരിസരബോധം തിരിച്ചു വന്നപ്പോള്‍ മനസ്സ്‌ കുറ്റപ്പെടുത്തി. പിന്നെ ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ തെരുവിലേയ്ക്കിറങ്ങി നടന്നു.

ലജ്ജകൊണ്ട്‌ അവന്റെ തല കുനിഞ്ഞുപോയി. എല്ലാം താന്‍ അറിയേണ്ടതായിരുന്നു, മാറികൊടുക്കേണ്ടതായിരുന്നു. പാവം ചേട്ടന്‍... ചേട്ടന്റെ ഒരു ഗതികേട്‌.! എല്ലാം തിരിച്ചറിയേണ്ട ഈ പ്രായത്തില്‍ ഏട്ടന്റെ തണലില്‍, ഏട്ടത്തിയൊരുക്കുന്ന ഭക്ഷണവും കഴിച്ച്‌ ഒരു കൊച്ചു കുഞ്ഞിനെപോലെ ഇത്രയും ദിവസം താന്‍.. ച്ഛേ! വല്ലാതെ ചെറുതായിപോകുന്നതുപോലെ തോന്നി അവന്‌. സ്വയം വിമര്‍ശനത്തിന്റേൂടെയും വിശകലനത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച്‌ അവന്‍ ചെന്നെത്തിയത്‌ തൊട്ടടുത്തുള്ള ഗോരേഗവ്‌ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നു. ആള്‍സഞ്ചാരം കുറയാന്‍ തുടങ്ങിയ സ്റ്റേഷനില്‍, ഫ്ലാറ്റ്‌ഫോമുകളില്‍നിന്നും ഫ്ലാറ്റ്‌ഫോമുകളിലേയ്ക്കു മേല്‍പ്പാലങ്ങള്‍ കയറിയിറങ്ങി തിരിച്ചറിവുകളുടെ പുതിയ ലോകത്തിലൂടെ ഒരു സ്വപ്നാടകനെപോലെ പാതിരാവോളം അലഞ്ഞു തിരിയുമ്പോള്‍ ആ ധനുമാസക്കുളിരിലും വിയര്‍ക്കുന്നുണ്ടായിരുന്നു അവന്‍.. പൂത്തുലുഞ്ഞ ദാമ്പത്യവല്ലരിയുടെ സുഗന്ധം നിറഞ്ഞുനില്‍ക്കുന്ന ആ ഗൃഹാന്തരീക്ഷത്തിലെയ്ക്ക്‌ മടങ്ങി പോകാന്‍ അവനു മനസ്സു വരുന്നുണ്ടായിരുന്നില്ല. .

പിറ്റേന്ന്‌ ഞായറഴ്ചായായിരുന്നു. അവധി ദിവസം.. ബ്രേക്‍ഫാസ്റ്റു കഴിഞ്ഞ്‌ എതിര്‍ത്തൊരു മറുവാക്കു പോലും പറയാന്‍ ചേട്ടനവസരം നല്‍കാതെ പെട്ടന്നു യാത്ര പറഞ്ഞ്‌ പെട്ടിയുമെടുത്തവന്‍ പടിയിറങ്ങി.. ഏട്ടത്തിയമ്മയോടു യാത്ര പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകാതിരിയ്കാന്‍ പാടുപെടുകയായിരുന്നു രമേശന്‍.. ബാല്യത്തിലെ മരിച്ചുപോയ അമ്മയില്‍നിന്നും ലഭിയ്ക്കാതെപോയ വാല്‍സല്യം, ഇല്ലാതെപോയ ഒരു ചേച്ചിയുടെ സ്നേഹം ഇതെല്ലാം ആ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടെ ഏട്ടത്തിയമ്മയില്‍ നിന്നും അനുഭവിച്ചറിയാന്‍ തുടങ്ങിയിരുന്നു അവന്‍.

ഈ വിരഹത്തിനും വേര്‍പ്പാടിനും കണ്ണുനീര്‍ത്തുള്ളികള്‍ക്കുമൊടുവില്‍ തനിയ്ക്കു മാത്രമായി എവിടെയോ ഒരു തട്ടകത്തില്‍ ആരോ എന്തൊക്കയോ ഒരുക്കിവെച്ചു കാത്തിരിയ്ക്കുന്നു എന്ന്‌ ഏതോ ഒരദൃശ്യശക്തി തന്നോടു മന്ത്രിയ്ക്കുന്നതു പോലെ അവന്‌ തോന്നി. ആ അരങ്ങ്‌ കണ്ടെത്താനും കീഴടക്കാനും അവിടെ നിറഞ്ഞാടി ജീവിതവിജയം നേടാനുമുള്ള ത്വര അവന്റെ മനസ്സില്‍ മുളപൊട്ടി വളരാന്‍ തുടങ്ങുകയയിരുന്നു..

ബായിന്ദറിലെ ബാബുവിന്റെ ഇടുങ്ങിയ ഫ്ലാറ്റിലെ അസൗകര്യങ്ങളില്‍, അവന്റെ കൂട്ടുകാരുമൊത്ത്‌ അവരുടെ സുഖദുഃഖങ്ങളിലും നന്മതിന്മകളിലും പങ്കാളിയായി, അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകി പാകപ്പെട്ട്‌ തന്റേതായ വ്യക്തിത്വവും, ഒപ്പം ഒരു പുതിയ ലോകം തന്നേയും കെട്ടിപ്പെടുക്കുവാന്‍ ഏട്ടനില്‍ നിന്നുമുള്ള ഈ വേര്‍പ്പിരിയല്‍ തീര്‍ത്തും അനിവാര്യമാണെന്ന മഹാസത്യം മനസ്സിലാക്കുകയായിരുന്നു ആ യാത്രയില്‍ രമേശന്‍..

ഒറ്റരാത്രിയിലെ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ ഒരുപാട്‌ മാറിപോയ, വളര്‍ച്ചയുടെ പാതയിലേയ്ക്കു കുതിയ്ക്കാനൊരുങ്ങുന്ന രമേശനേയും വഹിച്ച്‌ ബോറിവലിയും, ദഹിസറും മീരാറോഡും കടന്ന്‌ ബായിന്ദറും ലക്ഷ്യമാക്കി തികഞ്ഞ നിസ്സംഗതയോടെ ആ സബര്‍ബന്‍ വിരാര്‍ ഫാസ്റ്റ്‌ ട്രെയിന്‍ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു...


കൊല്ലേരി തറവാടി
31/05/2011

8 comments:

 1. ഒരുപാട്‌ അഗ്നിപരീക്ഷകള്‍ കടന്ന്‌ സ്ഥാനമാനങ്ങളും, ഭൗതിക സുഖസൗകര്യങ്ങളും നേടി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ച്‌ മനസ്സ്‌ ശൂന്യമാകാന്‍ തുടങ്ങുമ്പോഴായിരിയ്ക്കും ഇതുവരെ അറിഞ്ഞതിലും പഠിച്ചതിലുമപ്പുറം പലതും ബാക്കിയുണ്ടെന്ന സത്യം പലരും തിരിച്ചറിയുന്നത്‌, അതുവരെ വെറും സെക്കന്ഡ് ലാംഗേജു മാത്രമായി കണ്ടിരുന്ന മാതൃഭാഷയെ സ്നേഹിയ്ക്കാന്‍ പഠിയ്ക്കുന്നത്‌.. അങ്ങിനെ ജീവിതത്തിന്റെ ഊഷരസന്ധ്യകളിലെ ഏകാന്തനിമിഷങ്ങളില്‍ പലര്ക്കും അക്ഷരങ്ങള്‍ കൂട്ടാകുന്നു.. വെറും ചങ്ങാത്തമല്ല ശരിയ്ക്കും പ്രണയം.. വെറുതെ അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി വാക്കുകള്‍ ചമച്ചൊരുക്കി ആര്ക്കെന്നറിയാതെ എന്തെങ്കിലും ഒക്കെ വാചകങ്ങള്‍ കുറിച്ചിടുന്നത്‌ ഹരമയി മാറുന്നു. ആരെങ്കിലുമൊക്കെ അതു ശ്രദ്ധിയ്ക്കുന്നു, വായിയ്ക്കുന്നു എന്നൊക്കെ തിരിച്ചറിഞ്ഞാല്‍ തീര്ന്നു..! പിന്നെ അത്‌ ഒരു ലഹരിയായി മാറും.. എന്തെങ്കിലും നാലുവരിയെങ്കിലും ടൈപ്പ്‌ ചെയ്യാതെ ഉറങ്ങാന്‍ വയ്യാതാകും..

  പ്രായമായി വൈകി ഡ്രൈവിങ്‌ പഠിച്ച ഒരാള്‍ വണ്ടിയോടിയ്ക്കുന്നതു കണ്ടാല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.. എത്രയൊക്കെ ഓടിച്ചു പഴക്കമായാലും പൂര്ണ്ണ്ത കൈവരില്ല.. അതുപോലെയാണ്‌ എഴുത്തിന്റെ കാര്യത്തില്‍ എന്റെ അവസ്ഥയും. എന്നിട്ടും എഴുതുന്നത്‌ തറയോ തരികിടയോ എന്തായാലും വഗ്‌ദേവതയെ, അറിവിന്റെ അമ്മയെ, മൂകനെ പോലും വാചാലനാക്കാന്‍ കഴിവുള്ള ആ മഹാശക്തിയെ മനസ്സില്‍ ധ്യാനിച്ച്‌, നല്ല വാക്കുകള്ക്കായി യാചിച്ച്‌, മനസ്സിനെ ഏകാഗ്രമാക്കിയ ശേഷം മാത്രമെ ഞാന്‍ കീ ബോഡില്‍ കൈവെയ്ക്കാറുള്ളു.. ഇന്ന്‌ ഈ നിമിഷം വെറും തറയായി മാറിയ ഈ മസാല പോസ്റ്റ്‌ ചെയ്യുമ്പോള്‍ അരുതാത്തതാണെന്നറിയാം, എന്നിട്ടും മനസ്സില്‍ എന്നെ പഠിപ്പിച്ച എല്ലാ ഗുരുനാഥന്മാരുടെയും സ്മരണ നിറഞ്ഞു നില്ക്കുസന്നു.. ഒരു പക്ഷെ ഒരു പുതിയ അധ്യയന വര്ഷം‍ തുടങ്ങുന്ന സമയമായതു കൊണ്ടാകാം അത്‌ ..

  പുരുഷനും സൗന്ദര്യം പലപ്പോഴും ശാപമാകും എന്ന തിരിച്ചറിവില്‍ നാട്ടില്നി്ന്നും ബോംബേയിലേയ്ക്കു ചന്ദ്രേട്ടനു പലായനം ചെയ്യേണ്ടി വന്നതിന്റെ പുറകിലും ഒരു ചെറിയ കഥയുണ്ട്‌, ഇതിലും വള്ഗ്റാവും അതെഴുതിയാല്‍, അതുകൊണ്ടാ വിട്ടുകളഞ്ഞത്‌...... എഴുതണോ അത്‌..?

  ReplyDelete
 2. വള്‍ഗര്‍ ആണെങ്കില്‍ എഴുതേണ്ട. കാരണം ബ്ലോഗ് വായിക്കുന്നത് വിശാലമായ ഒരു സമൂഹമാണ്. അതില്‍ കുഞ്ഞുങ്ങളും കാണും. (എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് കേട്ടോ!)

  ReplyDelete
 3. വീണ്ടും പ്രൊഫൈലിലേക്ക് മടങ്ങി അല്ലേ.. നന്നായി..വള്ഗര്‍ ആയിട്ടല്ല...അത്തരം ഭാഗങ്ങളില്‍ വിവരണം കുറച്ചാല്‍ മതിയല്ലോ..
  @അജിത്‌..,കുഞ്ഞുങ്ങളും വായിക്കുന്ന ബ്ലോഗ്‌..കൊല്ലെരിയുടെതോ..? വലിയവര്‍ തന്നെ ഈ വഴിവരാരുണ്ടോ ആവോ...:)
  ഇനി എന്നെ കൊല്ലാന്‍ ആരും വരേണ്ട..അങ്ങിനെ വായിക്കുന്നവര്‍ ഉണ്ടെങ്കില്‍ കമെന്റായി രേഖപ്പെടുത്തട്ടെ...

  ReplyDelete
 4. നന്നായി, സാര്‍. പഴയ ഓര്‍മ്മകളൊക്കെ തിരികെ വന്നു. ദഹിസര്‍ ഭയന്തര്‍...ഒക്കെ ഓര്‍ക്കാന്‍ നല്ല രസം. വിദേശത്തു സെറ്റില്‍ ചെയ്തപ്പോള്‍ ബോംബെയുമായുള്ള ബന്ധം അതോടെ തീര്‍ന്നെന്നാണ് കരുതിയത്, പക്ഷേ അവിടുന്നേ പെണ്ണുകിട്ടിയുള്ളൂ :)

  @ജാസ്മിക്കുട്ടി- ഞാന്‍ കുഞ്ഞാണ്. "കൊച്ചു" കൊച്ചീച്ചി. ഇവിടെ ഇപ്പോള്‍ സമ്മര്‍ തുടങ്ങി. ഇവിടൊക്കെ വെയിലുകണ്ടാല്‍ തുണിയഴിക്കുന്ന ജനതയാണ്. വള്‍ഗര്‍ അല്ലാത്തതൊന്നും കണ്ടുകൂടാത്തതുകൊണ്ട് ഞാനിപ്പോള്‍ കണ്ണടച്ചാണ് വണ്ടിയോടിക്കുന്നതും നടക്കുന്നതും ;)

  ReplyDelete
 5. ആദ്യമാണിവിടെ. ഇഷ്ടപ്പെട്ടു. ഇനി, ഇടക്കൊക്കെ വന്ന് നോക്കുന്നുണ്ട്.

  ReplyDelete
 6. ഈ വിരഹത്തിനും വേര്‍പ്പാടിനും കണ്ണുനീര്‍ത്തുള്ളികള്‍ക്കുമൊടുവില്‍ തനിയ്ക്കു മാത്രമായി എവിടെയോ ഒരു തട്ടകത്തില്‍ ആരോ എന്തൊക്കയോ ഒരുക്കിവെച്ചു കാത്തിരിയ്ക്കുന്നു എന്ന്‌ ഏതോ ഒരദൃശ്യശക്തി തന്നോടു മന്ത്രിയ്ക്കുന്നതു പോലെ അവന്‌ തോന്നി. ആ അരങ്ങ്‌ കണ്ടെത്താനും കീഴടക്കാനും അവിടെ നിറഞ്ഞാടി ജീവിതവിജയം നേടാനുമുള്ള ത്വര അവന്റെ മനസ്സില്‍ മുളപൊട്ടി വളരാന്‍ തുടങ്ങുകയയി....

  മൂർച്ചയുള്ള പ്രൊപ്പല്ലറുകൾ പിടിപ്പിച്ച പ്രൊഫൈൽ..തന്നെയിത് കേട്ടൊ ഭായ്

  ReplyDelete
 7. അപ്പോ, അങ്ങനെയാണ് രമേശൻ ബയിന്ദറിലെത്തുന്നത് അല്ലേ.. എന്നിട്ട്?

  അല്ലെങ്കിൽ രമേശൻ അവിടെ കുറച്ചുകാലം ജീവിക്കട്ടെ... ആ നേരംകൊണ്ട് ചന്ദ്രേട്ടന്റെ കാര്യം പറ..


  (എങ്കിലും എന്റെ രമേശാ...)

  ReplyDelete
 8. എല്ലാവർക്കും പൊതുവായുള്ളത് ജീവിതത്തിലെ ദൈന്യതയും നിസ്സഹായതയും മാത്രം. അതെങ്ങനെ പറഞ്ഞ് ഫലിപ്പിയ്ക്കാൻ ശ്രമിച്ചാലും...

  ReplyDelete