Wednesday, May 11, 2011

ഇത്തിരി ചിന്തകള്‍.. ഒത്തിരി പാഴ്‌വാക്കുകള്‍....


'എന്തിനു കൊല്ലേരി പ്രൊഫയിലിലെ ബോംബേ വിശേഷങ്ങള്‍ മാറ്റി വെച്ച്‌ വ്യര്‍ത്ഥവും വിരസവുമായ ഈ പാഴ്‌വേലയ്ക്കു മുതിര്‍ന്നു' എന്നു ചിന്തിച്ച്‌ കള്ളച്ചിരിയോടെ ഉള്ളിലെന്നെ പരിഹസിയ്ക്കുകയായിരിയ്ക്കും ഇതു വായിയ്ക്കുന്ന നേരത്ത്‌ എന്റെ ഗുരുനാഥന്‍.. എനിയ്ക്കുമറിയാം അണ്ണാ അത്‌, എന്നാലും കുറെ നാളുകളായി പൈങ്കിളി വിഷയത്തില്‍ മാത്രം അഭിരമിച്ചു നടന്നിരുന്ന എന്റെ മനസ്സിനേയും, ഒപ്പം മനസ്സിന്റെ കണ്ണാടിയായി മാറിയ എന്റെ ബ്ലോഗിനേയും ഒന്നു റീലോഡു ചെയ്യാനും അപ്പ്ഡേറ്റു ചെയ്യാനും വേണ്ടി മാത്രമാണ്‌ ഈ പോസ്റ്റ്‌... പിന്നെ കുറച്ചുപേരൊക്കെയില്ലെ അണ്ണാ, എന്നെ വായിയ്ക്കാനും എന്തെങ്കിലും മിണ്ടിയും പറഞ്ഞും, അല്ലെങ്കില്‍ ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിച്ച്‌ ഇതുവഴി കടന്നു പോകാനും.. ബൂലോകത്ത്‌ എനിയ്ക്കേറ്റവും പ്രിയപ്പെട്ട അവര്‍ക്കായി ഞാനിതു സമര്‍പ്പിയ്ക്കട്ടെ. -------------------

ആദ്യം സൗമ്യ,
ഇപ്പോഴിതാ ഇന്ദു... രാത്രികാലങ്ങളില്‍ കൂകിപായുന്ന തീവണ്ടിയുടെ സൈറണ്‍ കാലന്‍ കോഴിയുടെ കൂവലായിമാറി പെണ്‍യാത്രികരുടെ മനസ്സുകളില്‍ ഭീതി പടര്‍ത്തുന്നു... പുണ്യ നദികള്‍, നദീതടങ്ങള്‍ പാവം നമ്മുടെ പെണ്‍കുട്ടികളുടെ രക്തത്തുള്ളികള്‍ വീണു ചുവക്കുന്നു.. ജീവിതത്തിന്റെ എല്ലാതുറകളിലും ആണ്‍കുട്ടികളേക്കാള്‍ എത്രയോ സ്മാര്‍ട്ടാണ്‌ ഇന്ന്‌ നമ്മുടെ പെണ്‍കുട്ടികള്‍. എന്നിട്ടും എന്തെ ഇങ്ങിനെ ജീവിതത്തിലെ ചതിക്കുഴികള്‍ തിരിച്ചറിയാതെ പോകുന്നു അവര്‍? പൂത്തുലയാനുള്ള ഒരുപാട് വസന്തങ്ങള്‍ ബാക്കിവെച്ച്‌ ആ കന്യാവനങ്ങള്‍ എങ്ങിനെ പോസ്റ്റുമാര്‍ട്ടം ടേബിളിലെത്തുന്നു?

ദേവി....
ശ്രീദേവി... എന്നു നീട്ടിവിളിച്ച്‌ അമ്പലപ്പറമ്പിലും അരയാല്‍ത്തറയിലും ഒതുങ്ങി നിന്നിരുന്ന പ്രണയത്തിന്റെ കാലമല്ല ഇത്‌.. ഇല്ലായ്മയുടെ വല്ലായ്മ നല്‍കുന്ന കൂട്ടായ്മയുടെ ആ കാലത്ത്‌ എല്ലാറ്റിനും ചന്തമുള്ളൊരു ഒതുക്കമുണ്ടായിരുന്നു. ഇത്‌ സമ്പന്നതയുടെ കാലം.. പഠിച്ചു മിടുക്കികളാവുന്ന പെണ്‍കുട്ടികളുടെ പേഴ്‌സുകളില്‍ അര്‍ഹിയ്ക്കുന്നതലേറെ പണം പൂത്തുലയുന്ന പ്രൊഫഷണല്‍ കാലം... അധികമായി അമൃതും വിഷമായി സമൂഹത്തില്‍ തുളുമ്പിവീഴുന്ന കാലം.. ധാരാളിത്തം ആസ്വാദനത്തിന്റെ നിറം കെടുത്താന്‍ തുടങ്ങിയിരിയ്ക്കുന്നു. ഒന്നിലും തൃപ്തരല്ലാതാവാന്‍ തുടങ്ങിയിരിയ്ക്കുന്നു പുതുതലമുറ.. പുതിയ പുതിയ അനുഭവങ്ങളുടെ, സുഖലോലുപതയുടെ മേച്ചില്‍പ്പുറങ്ങളുംതേടി പുറമെ ശാന്തമെന്നു തോന്നും വിധം ചിരിതിരകളില്‍ നുരയും പതയുമിളക്കി, ചതിയുടെ കാണാചുഴികളൊരുക്കി, ഒരുപാട്‌ സ്വപ്നങ്ങള്‍ സമ്മാനിച്ച്‌ മോഹിപ്പിയ്ക്കുന്ന കടലിന്നഗാധതയിലേയ്ക്കു സ്വപ്നാടകരെപോലെ നടന്നകലുന്നു ഇവരില്‍ ചിലരെങ്കിലും. ഇതു കലികാലമാണ്‌; ഇനി എന്നും അമാവാസി നാളുകളാണ്‌. ഈ ദുഃഖസത്യം തിരിച്ചറിയാന്‍ പാകാതയില്ലാതെ പോകുന്നു പാവം ആ പെണ്‍കുട്ടികള്‍ക്ക്‌.. അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങി ആഞ്ഞടിയ്ക്കുന്ന വേലിയേറ്റത്തില്‍, ആറടി മണ്ണില്‍, മാതാപിതാക്കളുടെ തോരാക്കണ്ണീരില്‍ ഒടുങ്ങിതീരുന്നു എല്ലാ മോഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും...

ഭക്ഷണരീതി, വസ്ത്രധാരാണരീതി
- പണ്ട്‌ ഇതൊക്കെ മാത്രമെ നമ്മള്‍ പടിഞ്ഞാറന്‍ ദേശത്തുനിന്ന്‌ കടം കൊള്ളാന്‍ ശ്രമിയ്ക്കാറുള്ളു. ഇന്ന്‌ വന്ന്‌വന്ന്‌ കുടുംബബന്ധങ്ങളില്‍, സ്ത്രീ പുരുഷ സൗഹൃദങ്ങളില്‍ എല്ലാം പടിഞ്ഞാറിന്റെ സ്വാധീനം ഭയാനകമായ രീതിയില്‍ സമൂഹത്തില്‍ പടരാന്‍ തുടങ്ങിയിരിയിരിയ്ക്കുന്നു.. അതും ആഗോളവത്ക്കരണത്തിന്റെ ഫലം തന്നെയാകാം. അല്ലെങ്കില്‍ അതു തന്നെയായിരിയ്ക്കാം ആഗോളവത്ക്കരണത്തിന്റെ ആത്യന്തിക ലക്ഷ്യവും.

സത്യത്തില്‍ ഒരു വ്യക്തിയുടെ മൂല്യബോധത്തിന്റേയും, സദാചാരചിന്തകളുടേയും ലക്ഷ്മണരേഖ നിര്‍ണ്ണയിയ്ക്കുന്നതില്‍ മതങ്ങളേക്കാള്‍ പങ്ക്‌ അതാതു ദേശങ്ങളിലെ പാരമ്പര്യത്തിനും സംസ്കാരത്തിനുമാണ്‌..
ഇന്ത്യയിലെ, ഫിലിപ്പീന്‍സിലെ, പാശ്ചാത്യരാജ്യങ്ങിലെ ഒരേ മതവിഭാഗങ്ങളില്‍പെട്ടവരുടെ ഇടയിലുള്ള സദാചാരമൂല്യബോധങ്ങളിലെ വ്യത്യാസം ഓര്‍ത്തുനോക്കു.. എല്ലാവരും വിശ്വസ്സിയ്ക്കുന്നത്‌ ഒരേ ദൈവത്തില്‍, വേദപുസ്തകത്തില്‍, ചെന്നെത്തേണ്ടതോ ഒരേ സ്വര്‍ഗത്തിലും..! എന്നിട്ടും പാപപുണ്യങ്ങളുടെ അതിരവരമ്പുകളില്‍ ഒരുപാട്‌ ഒരുപാട്‌ അന്തരം..! ഒന്നോര്‍ത്താല്‍ എത്ര ഭാഗ്യവന്മാരണ്‌ നമ്മള്‍ അല്ലെ? ഈ ആധുനികയുഗത്തിലും കുടുംബബന്ധങ്ങളിലെ കെട്ടുറപ്പ്‌ നല്ലൊരു പരിധിവരെ കാത്തു സൂക്ഷിയ്ക്കുന്നു ഇന്നും നമ്മള്‍.. എവിടെയൊക്കെ പോയാലും എന്തൊക്കെ തരികിട ഒപ്പിച്ചാലും അവസാനം സ്വന്തം ചക്കിയുടെ മുന്നിലെത്തുമ്പോള്‍ അവളുടെ താളത്തിനൊത്തു തുള്ളുന്ന പ്രിയപ്പെട്ട ചങ്കരനായി എത്ര എളുപ്പത്തില്‍ മാറാന്‍ കഴിയുന്നു നമുക്ക്‌..

"മലരും കിളിയും ഒരു കുടുംബം." ഏകപത്നിവൃതവുമായി ഭാര്യയോടും മക്കളോടുമൊപ്പം ആടിപ്പാടി വെള്ളിത്തിരയില്‍ തിളങ്ങിനിന്നിരുന്ന പ്രേംനസീര്‍ കഥാപാത്രങ്ങള്‍ ഒരു കാലത്ത്‌ നമ്മുടെ സമൂഹത്തില്‍ ഉത്തമകുടുംബനാഥന്റെ പ്രതീകമായിരുന്നു.. കരിയും പുകയും നിറഞ്ഞ അടുക്കളയില്‍ ചട്ടിയിലും കലത്തിലും കഞ്ഞിയും കറിയുമൊരുക്കുമ്പോഴും കരിപുരളാത്ത ശാരദയുടെ സെറ്റുമുണ്ട്‌, ഏതു പ്രതിസന്ധിയിലും തളരാതെ തിളക്കം മങ്ങാതെ പ്രാണനാഥനെ കാത്തിരിയ്ക്കുന്ന പ്രിയതമകളുടെ പതിവൃതാസങ്കല്‍പ്പത്തിന്റെ ഉടയാടയായിരുന്നു...

പക്ഷെ, ഇന്ന്‌ കാലം മാറുന്നു
, കഥ മാറുന്നു... കാലാവസ്ഥ പോലെ മനുഷ്യമനസ്സുകളും പ്രവചനാധീതമാകുന്നു. കാലമാടന്‍ ബാറില്‍ കയറി പൂക്കുറ്റിയായാലും അല്ലെങ്കില്‍ ഏതെങ്കിലും തേവിടിച്ചിയുടെ വീട്ടില്‍ അവളുടെ വിശാലമായ തിണ്ണയില്‍ കയറിയിറങ്ങി നിരങ്ങിയാലും വേണ്ടില്ല, നേരത്തെ കയറിവന്നു ന്യൂസെന്നും ക്രിക്കറ്റന്നുമൊക്കെപറഞ്ഞ്‌ ചാനല്‍ മാറ്റി സീരിയീലിന്റെ സ്വച്ഛന്ദമായ ഒഴുക്കിനു തടസമാകാതിരുന്നാല്‍ മതി എന്നു കരുതുന്നു പല വീട്ടമ്മമാരും.. ഭാര്യയുടെ മനസറിഞ്ഞ്‌ ബീവറജസിനെ സേവിച്ചും, അതിന്റെ ചുറ്റുവട്ടത്തെ പ്രണയിച്ചും സായാഹ്നങ്ങള്‍ സമ്പുഷ്ടമാക്കുന്നു സ്നേഹമുള്ള അവരുടെ ഭരത്താക്കന്മാര്‍.

പരസ്പരം അറിയാതെ ഒരാള്‍ മറ്റേയാളുടെ മൊബെയില്‍ ഫോണിലെ കോള്‍ ലിസ്റ്റ്‌ രഹസ്യമായി പരിശോധിയ്ക്കേണ്ടിവരുന്ന തലത്തിലേയ്ക്കുയരുന്നു പല ദാമ്പത്യബന്ധങ്ങളുടേയും വിശ്വസ്ഥത..!

ഭാര്യയുടെ റിങ്ങ്‌ടോണിനു കാതുകൊടുക്കാതെ നെറ്റില്‍ പരിചയപ്പെട്ട മറ്റൊരാളുടെ ഭാര്യക്ക്‌ തിരക്കിട്ടു മെയിലയച്ചും ചാറ്റുചെയ്തും നമ്പറിടാന്‍ ശ്രമിയ്ക്കുന്നു മാന്യതയും തറവാടിത്വവും മുഖമുദ്രയാക്കിയ മറ്റു ചില മനുഷ്യര്‍.!

വിചിത്രമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു നമ്മുടെ ചുറ്റുമുള്ള ചില കുടുംബചിത്രങ്ങളുടെയെങ്കിലും നേര്‍ക്കാഴ്ചകള്‍.!

ആഗോളവല്‍ക്കരണവും ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും സമൂഹമനഃസാക്ഷിയെ കാര്‍ന്നു തിന്നാന്‍ തുടങ്ങികഴിഞ്ഞു...
സെര്‍ച്ച്‌ യന്ത്രവുമായെത്തി ഉറക്കം കവര്‍ന്നെടുത്ത്‌ ശവക്കുഴിയിലേയ്ക്കുള്ള മനുഷ്യായുസ്സിന്റെ യാത്രയ്ക്കു വേഗം കൂട്ടുന്ന ഗൂഗിള്‍മാമന്റെ മായാവിലാസങ്ങളില്‍ മുഴുകി സ്വയം മറക്കാന്‍ തുടങ്ങുന്നു നമ്മള്‍. ഒപ്പം പണക്കൊഴുപ്പിന്റെ ധാരാളിത്തവും കൂടിയാവുമ്പോള്‍ എല്ലാം തികയുന്നു.

ഇത്‌ ഒരുപക്ഷെ സാംസ്കാരികമായ വികാസമായിരിയ്ക്കാം..!
പരിണാമത്തിന്റെ ഭാഗം തന്നെയായിരിയ്ക്കാം. മനുഷ്യനില്‍ നിന്നും സൂപ്പര്‍ മനുഷ്യനിലേയ്ക്കുള്ള പരിണാമത്തിന്‌ വല്ലാതെ വേഗത കൂടിയിരിയ്ക്കുന്നു.

ഭൗതികമായി ഒരു പാടു വളര്‍ന്നു നാം. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു.
എന്നിട്ടും ഭയാനകമായവിധം സാമ്പത്തിക അന്തരം നിലനില്‍ക്കുന്നു സമൂഹത്തില്‍. ഒരു രൂപയ്ക്കുള്ള അരി വാഗ്ദാനത്തില്‍ ആനന്ദിച്ചു നില്‍ക്കുന്ന ജനങ്ങളുടെ ഇടയിലൂടെ, അടുത്ത നിമിഷം അവരുടെ മുഖത്തേയ്ക്ക്‌ പൊടിപറത്തികൊണ്ട്‌ പത്തിരുപതു കിലോമീറ്റര്‍ മാത്രം ദൂരമുള്ള തൊട്ടടുത്തുള്ള ദേശത്തേയ്ക്ക്‌ ഹെലിക്കോപ്‌ടറില്‍ പറക്കാന്‍ തക്കവണ്ണം അഹങ്കാരികളായിരിയ്ക്കുന്നു നമ്മുടെ പ്രിയനേതാക്കന്മാര്‍.. പീഡിപ്പിച്ചു മാനം കെടുത്തിയ പെണ്ണുങ്ങള്‍ക്ക്‌ ലഭിയ്ക്കാവുന്നതില്‍ വെച്ചേറ്റവും വലിയ വാഹനവും മറ്റു ജീവിത സൗകര്യങ്ങളും ഒരുക്കികൊടുത്തു ന്യയാധിപന്മാരെ സ്വാധീനിച്ചും പരാതികള്‍ ഒതുക്കിതീര്‍ക്കാന്‍ മാത്രം കുബേരതുല്യരായിരിയ്ക്കുന്നു അവരില്‍ ചിലര്‍. എല്ലാം അറിഞ്ഞിട്ടും, എല്ലാം കണ്ടിട്ടും നമ്മുടെ കണ്ണില്‍ സംസ്കാരസമ്പന്നരാണ്‌ അവര്‍. നമ്മള്‍ മനസ്സുകൊണ്ടു വരിച്ചു കഴിഞ്ഞ നമ്മുടെ ഭാവി ഭരണാധികാരികള്‍.!

അവര്‍ അച്ചുമാമനെയും സംഘത്തേയും പോലെ വില്ലന്മാരല്ല..
മേടവെയിലിന്റെ ചൂടുമേറ്റ്‌ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക്‌ നിരാഹാരംകിടക്കുകയില്ല,. "തോന്നിവാസങ്ങള്‍" വിളിച്ചു പറയുകില്ല. പകരം ഡൈ ചെയ്തു കറുപ്പിച്ച മുടിയും കട്ടിമീശയും, ഫേഷ്യല്‍ ചെയ്തു യൗവനം വീണ്ടെടുത്ത മുഖവും, ചൈതന്യം തുളുമ്പുന്ന പുഞ്ചിരിയുമായി ബൈബിളിലേയും ഗീതയിലേയും ഖുറാനിലേയും വചനങ്ങള്‍ കോര്‍ത്തിണക്കി ഗുണപാഠം നല്‍കി ജനങ്ങളെ പ്രബുദ്ധരാക്കും. പത്തു ദിവസംകൂടി കഴിഞ്ഞാല്‍ ഭരണയന്ത്രത്തിന്റെ ചുക്കാന്‍ തിരിച്ചുപിടിച്ച്‌ അഞ്ചുകൊല്ലമായി മുരടിച്ചു കിടക്കുന്ന ആ പഴയ "വികസനപ്രവര്‍ത്തനങ്ങള്‍" പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുകൊണ്ടുവരുവാന്‍ കുപ്പായംതേച്ചുമിനുക്കി ഒരുങ്ങുകയാണ്‌ പാവം ആ സുമനസ്സുകള്‍.
സമ്പത്തും അത്‌ സമൂഹത്തിലൊരുക്കുന്ന ഭൗതികത്തിളക്കങ്ങളും മാത്രമായിരിയ്ക്കുന്നു സംസ്കാരത്തിന്റെ മാനദണ്ഡം. അവിടെ ആത്മീയ ചിന്തകള്‍ക്കും മൂല്യങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ലാതയിരിയ്ക്കുന്നു.. സ്വാര്‍ത്ഥതയുടെ പായല്‍ മൂടി ആര്‍ദ്രത നഷ്ടപ്പെട്ട ആധുനിക മനസ്സുകളില്‍ നിന്ന്‌ ഈശ്വരന്‍ എന്നെ പടിയിറങ്ങി..! മതങ്ങള്‍ വെറും സംഘടനകളുടെ തലത്തിലേയ്ക്ക്‌ തരം താണു.. മതങ്ങള്‍ നേതൃത്വം നല്‍കുന്ന കച്ചവടസ്ഥാപനങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡറമാര്‍ മാത്രമായി മാറി മതമേലധ്യക്ഷന്മാര്‍.. അവരുടേ മേശപ്പുറത്തെ കണക്കുപുസ്തകങ്ങള്‍ക്കും കാല്‍കുലേറ്ററിനും, ലാപ്‌ടോപ്പിനുമൊപ്പം അടുക്കിവെച്ച സ്വയാശ്രയ സ്ഥാപനങ്ങളുടെ വിലവിവരപ്പട്ടികയിലെ പുറംചട്ടയില്‍ മാത്രമൊതുങ്ങുന്ന കാരുണ്യം നിറഞ്ഞ മുഖങ്ങളായി മാറുന്നു പുണ്യവാന്മാരും പുണ്യവാളത്തികളും. അതിനിടയില്‍ മേശയ്ക്കടിയില്‍ എവിടെയോ വീണുകിടന്നുപൊടിപിടിയ്ക്കുന്നു വേദപുസ്തകം.! മായം കലര്‍ന്ന അപ്പത്തിന്റേയും അരവണയുടേയും ടിന്നുകളുടെ പുറത്ത്‌ ചൈതന്യം നശിച്ച പരസ്യചിത്രമായി മാറുന്നു അയ്യപ്പവിഗ്രഹം..!

പാക്കേജുകളൊരുക്കി വിവിധ തലങ്ങളാക്കി തരം തിരിച്ച്‌ പ്രാര്‍ത്ഥനകളെപോലും ആധുനീവല്‍ക്കരിയ്ക്കുന്ന കാലം..
സ്വാര്‍ത്ഥയില്‍ മുങ്ങിനീരാടിയ മനസ്സുമായി അര്‍ഹതയില്ലാത്ത അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കാനൊരുങ്ങുന്നേരം അതിനു വിഘ്നം വരാതിരിയ്ക്കാന്‍ അമ്പലനടയിലെത്തി ഒരു മനഃസാക്ഷിക്കുത്തും കൂടാതെ നല്ലൊരു തുക കമ്മീഷണായി ദൈവങ്ങള്‍ക്കും ഓഫര്‍ ചെയ്യുന്നു, എന്നിട്ട്‌ ദേവിസന്നിധിയില്‍ നിന്ന്‌ "അമ്മേ ഭഗവതി" എന്ന്‌ നിര്‍ലജ്ജം അലറിക്കരഞ്ഞുവിളിച്ച്‌ പരിപാവനമായ ക്ഷേത്രപരിസരം മലീമസമാക്കുന്നു. എന്തിനു വേണ്ടി, ആര്‍ക്കുവേണ്ടി? ഏതെങ്കിലും ദൈവങ്ങള്‍ കേള്‍ക്കുമോ ഈ വിളി, കാണുമോ ഈ മുതലക്കണ്ണീര്‍ ?

ഇല്ല,
കൂടുതലെഴുതുന്നില്ല.. കാലികമായി കാര്യങ്ങളെ വിശകലനം ചെയ്യാനും അതനുസരിച്ച്‌ മനസ്സിനെ നവീകരിച്ചെടുത്ത്‌ മാന്യനാവാനും കഴിയാത്തതുകൊണ്ടാവാം എനിയ്ക്ക്‌ ഇങ്ങിനെയൊക്കെ എഴുതാന്‍ തോന്നുന്നത്‌.

ദൈവങ്ങള്‍ പോലും നിശ്ശബ്ദരാകാന്‍ തുടങ്ങിയിരിയ്ക്കുന്നു.
ഒരു പക്ഷെ ആത്മീയഭാവങ്ങള്‍ നഷ്ടപ്പെട്ട്‌ ആസുരഭാവങ്ങള്‍ക്ക്‌ പ്രാമുഖ്യം ലഭിയ്ക്കുന്ന രീതിയിലുള്ള മനുഷ്യമുന്നേറ്റത്തെ അവരും സംശയത്തോടേ വീക്ഷിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ദൈവത്തിനും അതീതനായി വളരാനുള്ള മനുഷ്യമോഹത്തിനു നിദാനം ഇലക്ട്രോണിക്സ്‌ രംഗത്തെ വളര്‍ച്ചയാണെന്നു ധരിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ ക്ഷമ നശിച്ച്‌ സ്വയം മറക്കുന്ന നിമിഷങ്ങളില്‍ ജപ്പാനെന്ന കൊച്ചു രാജ്യത്തിനെ മാത്രം ഇങ്ങിനെ തിരഞ്ഞുപിടിച്ചു ശിക്ഷിയ്ക്കാന്‍ എന്തിനു ദൈവം മുതിരുന്നു.!

ക്ഷമ നശിച്ച്‌,
സഹികെട്ട്‌ ആര്‍ത്തട്ടഹസിച്ച്‌ ഉറഞ്ഞുതുള്ളിയ പ്രകൃതിദേവി നീണ്ട്‌ ഇടതൂര്‍ന്ന സുനാമിമുടിചുരുളുകള്‍ അഴിച്ചിട്ടു ആടിത്തിമിര്‍ത്ത സംഹാരതാണ്ഡവത്തിന്റെ തിരയിളക്കത്തില്‍ സാങ്കേതികവിദ്യയുടേയും ഒപ്പം അച്ചടക്കത്തിന്റേയും ഉത്തുംഗശൃംഗത്തില്‍ വിരജിച്ചിരുന്നു ആ രാജ്യത്തിന്റെ സൗഭാഗ്യങ്ങളോരോന്നായി കടപുഴകി തകര്‍ന്നടിയുന്നത്‌ നിസ്സഹായതയോടെ കണ്ട്‌ തരിച്ചു നിന്നില്ലെ നമ്മള്‍. ആ സംഹാരനിമിഷങ്ങളില്‍ ആടിയുലഞ്ഞ നിലയങ്ങളില്‍ നിന്നും ചോര്‍ന്നൊലിച്ച ആണവപെരുമഴത്തുള്ളികളുമായി പറന്നുയര്‍ന്ന കാര്‍മേഘങ്ങള്‍ തങ്ങളുടെ ദേശത്ത്‌ പെയ്തിറങ്ങല്ലെ എന്നു ഭയചകിതരായി നിശ്ശബ്ദമായി പ്രാര്‍ത്ഥിയ്ക്കാനല്ലെ കഴിഞ്ഞുള്ളു, അകലെ ആകാശത്തിനമപ്പുറത്ത്‌ അമ്പിളിമാമന്റെ നാട്ടില്‍ പാതാക പറപ്പിച്ചുവെന്നഹങ്കരിയ്ക്കുന്ന നമ്മള്‍ക്ക്‌.! 

എന്നിട്ട്‌ അതില്‍നിന്നെന്തു പഠിച്ചു നമ്മ
ള്‍..? "എന്തു പഠിയ്ക്കാനല്ലെ??“ അതിന്റെ പേരില്‍ മാത്രം ആണവചിന്തകളില്‍ മാറ്റം വരുത്തി ആഗോളത്തമ്പുരാക്കന്മാരെ വെറുപ്പിയ്ക്കാന്‍ കഴിയുമോ..? എന്‍ഡോസള്‍ഫാന്‍ തുള്ളികള്‍ വിഷമാണോ അമൃതാണൊ എന്നു തിരിച്ചറിയാന്‍ ഒരു വട്ടംകൂടി പാലാഴി കടയാന്‍ വരെ ഒരുങ്ങി..! എന്നിട്ട്‌, വീണ്ടും ഒരുപാടു നാളുകള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ നടത്താന്‍ മോഹിച്ചു.. എന്തിനുവേണ്ടി....? ആര്‍ക്കുവേണ്ടി....? ആഗോളത്തലത്തില്‍ എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപോയ ഭൂലോകത്തെ ഏക ഭരണകൂടം നമ്മുടേതു മാത്രമായിരിയ്ക്കും.. അവസാനം, നിരോധനത്തില്‍ പഴുതുകളുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍, സൂചി കയറ്റാന്‍ പഴുതുകിട്ടിയാല്‍ സ്പെക്ട്രം കയറ്റാന്‍ മിടുക്കുകാണിയ്ക്കാനറിയാവുന്ന നമ്മുടെ ഭരണാധികാരികള്‍ ഉള്ളിന്റെയുള്ളില്‍ തലത്തല്ലിചിരിച്ചാര്‍ത്തുവിളിച്ചാഘോഷിച്ചിട്ടുണ്ടാകും.! 

എന്‍ഡോസള്‍ഫാന്‍ വിഷയം വാര്‍ത്തകളിലും,
മെയിലുകളിലും നെറ്റിലും കത്തി പടരുമ്പോള്‍ ഒരു കമന്റിന്റെ രൂപത്തില്‍പോലും ഇടപെടാന്‍ കഴിയാത്തവിധം തിരക്കായിരുന്നു എനിയ്ക്ക്‌. മറ്റൊന്നിലും മനസ്സുകൊടുക്കാതെ പ്രൊഫയിലില്‍ കുളിക്കടവിലെ വിശേഷങ്ങള്‍ എഴുതി രസിയ്ക്കുകയായിരുന്നു എന്റെ ദുഷിച്ച മനസ്സ്‌.. പക്ഷെ അപ്പോഴും മുന്നിലൂടെ കടന്നുപോകുന്ന ടിവി കാഴ്ചകള്‍ എന്റെ ചിന്തകളെ വേട്ടയാടുന്നുണ്ടായിരുന്നു. പൈങ്കിളി വിഷയത്തില്‍ നിന്നും കുതറിമാറി പുറത്തുകടക്കാന്‍ പലപ്പോഴും മനസ്സ്‌ വെമ്പുകയായിരുന്നു..
മുമ്പില്‍ കോര്‍പ്പറേറ്റുകളുമായുള്ള പങ്കാളിത്വവും റബ്ബറിന്റെ മനസ്സുമുള്ള ചാനല്‍മുതലാളിമാര്‍ മുതലക്കണ്ണീരൊഴുക്കി ആഘോഷിയ്ക്കുന്ന എന്‍ഡോസള്‍ഫാന്‍ പ്രോഗ്രാമുകളിലൂടെ വീണ്ടും ഇരയാക്കപ്പെടുന്ന നിസ്സഹായരായ ആ പിഞ്ചുമുഖങ്ങളിലുടെ ക്ലോസപ്പില്‍ ഞാനെന്റെ അപ്പുവിനെ കണ്ടു.. ഈശ്വരാ അവനായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കില്‍ എന്ന്‌ ഞെട്ടലോടെ ഓര്‍ത്തു.. ഒരച്ഛന്റെ വേദന എന്റെ ഉള്ളു പൊള്ളിച്ചു.. നിസ്സംഗമായ ആ കുരുന്നുമിഴികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും ഉത്തരമൊന്നും നല്‍കാനാവാതെ, ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന ആധിയുമായി നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുമായി റിമോട്ടില്‍ എന്റെ വിരലുകളമര്‍ന്നു, ഒരു ഭീരുവിനെപോലെ തൊട്ടപ്പുറത്തെ എന്റര്‍ടൈന്‍മന്റ്‌ ചാനലിലെ വാലന്റൈന്‍സ്‌ കോര്‍ണറില്‍ ഞാന്‍ പോയൊളിച്ചു.... കാമ്പസ്‌ ചില്ലീസിന്റെ ആരവങ്ങളില്‍ കാതര്‍പ്പിച്ചു.. ഫുഡ്‌ ഓണ്‍ റോഡിലെ നാടന്‍ രുചിഭേദങ്ങള്‍ തേടിയലഞ്ഞു..! അങ്ങിനെ ഭീരുവായ മറ്റേതു സാധാരണ പൗരനേയുംപോലെ നിസ്സംഗതയുടെ മുഖവരണമെടുത്ത്‌ മൂടിപുതച്ചു ഉറങ്ങാന്‍ കിടന്നു ഞാന്‍.

വികസനം എന്ന വാക്കിനെ ഭയക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു ഞാന്‍.
ചൂഷണം എന്ന പദത്തിന്റെ പര്യായമായി മാറുന്നു പലപ്പോഴുമത്‌. മോഹനവാഗ്ദാനങ്ങള്‍ നല്‍കി പാവപ്പെട്ടവനെ ചൂഷണം ചെയ്യാനുള്ള പദ്ധതികളായി പരിണമിയ്ക്കുന്നു പല വികസനപ്രവര്‍ത്തനങ്ങളും ഒടുവില്‍.

വിവരവും വിദ്യാഭ്യാസവുമുള്ള ബ്യൂറോക്രാറ്റുകള്‍ ഭരണതലങ്ങളിലേയ്ക്കുയരുന്നതു കണ്ട്‌ തുടക്കത്തില്‍ സന്തോഷിച്ചിരുന്നു നമ്മളില്‍ പലരും. പക്ഷെ, വിയര്‍ക്കാതെ വിയര്‍പ്പോഹരി നേടാനുള്ള സൂത്രവാക്യങ്ങളും, അഴിമതിയെ പ്രൊഫഷണലയിസ്‌ ചെയ്ത്‌ കൂടുതല്‍ ലാഭകരമാക്കാനുള്ള സമവാക്യങ്ങളും പഠിപ്പിച്ചുകൊടുത്ത്‌ അല്ലറ ചില്ലറ അഴിമതിയും അല്‍പ്പം ജനസേവനവും ചെയ്തു ജീവിച്ചു വന്നിരുന്ന മര്യാദക്കാരായ നമ്മുടെ സാധാരണ രാഷ്ട്രീയക്കാരെ പോലും ചുരുങ്ങിയ കാലംകൊണ്ട്‌ ഫുള്‍ ടൈം അഴിമതിക്കാരാക്കി മാറ്റി..!

നോക്കു
, വെറും സാധാരണ നാട്ടിന്‍പുറത്തുക്കാരനായിരുന്ന നമ്മുടെ സ്വന്തം അന്തോണിചേട്ടന്‍ പോലും എത്ര മിടുക്കനായി മാറി.! സ്വന്തമായി ചീത്തപേരുകള്‍ ഒഴിവക്കാന്‍ മിടുക്കു കാണിയ്ക്കുമ്പോഴും അഴിമതിക്കാരായ കൂട്ടാളികള്‍ക്ക്‌ ഒരു ഉളുപ്പുംകൂടാതെ എത്ര ഭംഗിയായി കുടപിടിച്ച്‌ തണലേകുന്നു അദ്ദേഹം.

സ്വന്തം രാജ്യത്തില്‍ ജനങ്ങള്‍ക്ക്‌ ശുദ്ധജലം ഉറപ്പുവരുത്താന്‍ കഴിയാത്ത ഭരണധികാരികള്‍ ചന്ദ്രമണ്ഡലത്തില്‍ ജലാംശത്തിന്റെ സാന്നിധ്യം തേടി കോടാനുകോടികള്‍ ചിലവഴിയ്ക്കാന്‍ ഒരുങ്ങുന്നു...
പാവപ്പെട്ടവന്റെ ജീവന്‌ പുഴുവിന്റെ വിലപോലുമില്ലത്ത നാട്ടില്‍ ജീവന്റെ കണിക തേടി അലയാന്‍ ഒരുങ്ങുന്നു അവര്‍. എന്തിന്‌ ?.ഉത്തരം വ്യക്തമല്ലെ,.!.

ഓര്‍മ്മയില്ലെ രണ്ടുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ നടത്തിയ എണ്ണ പര്യവേഷണത്തിന്റെ കഥക
ള്‍... കേരളത്തിലേയ്ക്ക്‌ ജോലിയ്ക്കു വരുന്ന അറബികളെക്കുറിച്ചു സാങ്കല്‍പ്പികകഥകള്‍ ചമച്ചു രസിയ്ക്കാന്‍ മാത്രമെ നിഷ്കളങ്കരായ നമുക്കു പലര്‍ക്കും കഴിഞ്ഞുള്ളു.! അതിന്റെ പുറകെ ഒഴുകിപോയ പണത്തിന്റെയും അതിനു മീതെ പറന്ന പരുന്തിന്റേയും കഥകള്‍ മനസ്സിലാക്കണമെങ്കില്‍ ഇനിയും ഒരകക്കണ്ണുകൂടി തുറക്കേണ്ടിയിരിയ്ക്കുന്നു ഒരോ ഭാരതീയനും.. ഐപിയെലില്‍ തേഡ്‌ അമ്പയറായി റണ്‍ ഔട്ടും, ലെഗ്‌ ബിഫോര്‍ വിക്കറ്റും കണ്ടുപിടിയ്ക്കാനല്ല, മൈതാനത്തിനുമപ്പുറത്തു നടക്കുന്ന കള്ളക്കളികളുടേയും ഒഴുകുന്ന കള്ളപ്പണത്തിന്റേയും കണക്കറിയാന്‍, അതിനെതിരെ പ്രതികരിയ്ക്കാന്‍..! 

കള്ളപണക്കാരുടെ പേരുകള്‍ മുഴുവനറിയാം, എന്നാല്‍ ആറുപേരുടെ പേരു മാത്രമെ പുറത്തുവിടാന്‍ കഴിയു
, മറ്റുള്ളവര്‍ തങ്ങളുടെ സ്വന്തം ആളുകള്‍ ആണെന്നു പരമോന്നത നീതിന്യായകോടതിയുടെ മുഖത്തു നോക്കി പറയാൻ തക്കവണ്ണം ഏകാധിപതികളായിരിയ്ക്കുന്നു നമ്മുടെ ഭരണാധികാരികള്‍

മൈതാനത്തിലൂടെ ചീറിപാഞ്ഞ്‌ വിസ്മയിപ്പിയ്ക്കുന്ന ക്രിക്കറ്റ്‌ ബോളിന്റെ ചുമപ്പില്‍ ഒതുങ്ങിപോകുന്നു നമ്മുടെ യുവാക്കളുടെ വിപ്ലവവീര്യം
, പതഞ്ഞുനുരയുന്ന ബിയര്‍ത്തുള്ളികളില്‍ ഒലിച്ചുപോകുന്നു അവരുടെ ആത്മരോഷം എന്നൊക്കെയുള്ള തിരിച്ചറിവ്‌ അതിനവര്‍ക്ക്‌ ധൈര്യം നല്‍കുന്നു.

ഈജിപ്തുകാര്‍ക്ക്‌ വിപ്ലവം നടത്താനായി ജനാധിപത്യമെന്ന എന്ന ഒരു സുന്ദര സ്വപ്നമുണ്ടായിരുന്നു..
എന്നാല്‍ നമുക്കോ..?

ഇനിയും പൂര്‍ണമായും വാടിക്കരിയാത്ത ജനാധിപത്യാരാമത്തിന്റെ മധ്യഭാഗത്തുത്തന്നെ ആരോ മനപൂര്‍വ്വം കൊണ്ടു നട്ടുപിടിപ്പിച്ച ഒരു കാട്ടുചേമ്പാണ്‌ നമ്മുടെ ഭരണത്തലവന്‍...! അഴിമതിയുടെ പെരുമഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും വിശാലമായ ഇലകള്‍ ഉയര്‍ത്തിക്കാണിച്ച്‌ ഒരു തുള്ളി പോലും നനഞ്ഞിട്ടില്ലെന്ന്‌ ഒരു മടിയുംകൂടാതെ വിടുവായുത്വം പറയുന്ന പൂന്തോട്ടത്തിന്‌ അപമാനമായ
, തൊട്ടാല്‍ ചൊറിയുന്ന കാട്ടുചേമ്പ്‌.!

നമ്മള്‍ പ്രവാസികള്‍ വോട്ടവകാശം ജന്മാവകാശമായി കരുതുന്നു,
അതു വിനിയോഗിയ്ക്കാന്‍ കിട്ടുന്ന അവസരം ഒരു മഹാഭാഗ്യമായി കരുതി അഭിമാനിയ്ക്കുന്നു... അപ്പുറത്ത്‌ പോസ്റ്റല്‍ വോട്ടിനുപോലും സൗകര്യമുണ്ടായിട്ടും അതു വിനിയോഗിയ്ക്കാതെ ഇന്ത്യന്‍ ജനാധപത്യരീതികളെ അവഹേളിയ്ക്കുന്നു നമ്മുടെ പ്രധാനമന്ത്രി..! ഒരു പക്ഷെ വിവരവും വിദ്യാഭ്യാസവും കുറഞ്ഞ സാധാരണക്കാരായ "ഡര്‍ട്ടി ഇന്ത്യന്‍ പൊളിറ്റീഷ്യന്മാരോടുള്ള" പുച്ഛം കൊണ്ടാകാം, അല്ലെങ്കില്‍ ഇനിയും സ്വന്തമായി ജനങ്ങളെ അഭിമുഖികരിച്ച്‌ ജനപ്രതിനിധിയാകാന്‍ കഴിയാത്തതിലുള്ള അപകര്‍ഷതാബോധം കൊണ്ടാകാം.. അതുമല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന്റു തെരെഞ്ഞെടുപ്പു പോലേയുള്ള മഹാതെരഞ്ഞെടുപ്പുകളില്‍ മാത്രമെ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരിയ്ക്കുകയുള്ളു.. അവിടെ സമ്മതിദാനാവകാശം വിനിയോഗിയ്ക്കാന്‍ എന്നെങ്കിലും ഒരവസരത്തിനായി അദ്ദേഹത്തിന്റെ മനസ്സ്‌ കൊതിയ്ക്കുന്നുണ്ടാകും.

ഇന്ത്യന്‍ ജനതയുടെ മനസ്സു വായിയ്ക്കാനറിയാത്ത, പൗരധര്‍മ്മത്തിന്റെ മൂല്യമറിയാത്ത നമ്മുടെ പ്രധാന മന്ത്രി ഒന്നുകില്‍ ഏറ്റവും തന്ത്രശാലിയായ ഒരു ഫ്രോഡാണ്‌.! അദ്ദേഹത്തിന്റെ ഓഫീസറിയാതെ പ്രധാന അഴിമതികളുമായി ബന്ധപ്പെട്ട രേഖകളൊന്നും കടന്നു പോയിട്ടില്ലെന്ന്‌ എല്ലാ മാധ്യമങ്ങളും തുറന്നെഴുതുന്നു...
അങ്ങിനെയാണെങ്കില്‍, എന്നിട്ടും അദ്ദേഹം അഴിമതിക്കാരനല്ലെങ്കില്‍ പിന്നെ ആരണാദ്ദേഹം..? ആര്‍ക്കും കളിപ്പിയ്ക്കാവുന്ന യാതൊരു കഴിവുമില്ലാത്ത വെറുമൊരു രാഷ്ട്രീയ നപുംസകമോ, അതോ വിഡ്ഠികൂഷ്‌മാണ്ഡമോ .? എന്നെപോലെയൊക്കെയുള്ള ഒരു സാധാരണക്കാരന്‍ അവന്റെ നാടന്‍ ഭാഷയില്‍ ചോദിച്ചാല്‍ കിഴങ്ങനോ...? വെറും മരക്കിഴങ്ങന്‍..!!

എനിയ്ക്കറിയാം എന്റെ ഈ വാചകങ്ങള്‍ ഇന്നും അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകളെ വല്ലാതെ അലസോരപ്പെടുത്തുന്നുണ്ടാകുമെന്ന്‌..
വാക്കുകള്‍ക്ക്‌ കാഠിന്യംകൂടിപോയി എന്നു തോന്നുന്നുണ്ടെങ്കില്‍, അവരോട്‌ ലേലു അല്ലു, ലേലു അല്ലു (കടപ്പാട്‌: തേന്മാവിന്‍ കൊമ്പത്ത്‌) എന്ന്‌ എത്രവട്ടം വേണമെങ്കിലും പറയാന്‍ ഒരു മടിയുമില്ല എനിയ്ക്ക്‌`...

അല്ലാതെ
, ഇതെന്റെ സ്വകാര്യബ്ലോഗാണ്‌ ഇവിടെ എനിയ്ക്ക്‌ എന്തും എഴുതാം, എന്തും  പറയാം എന്നൊക്കെ തൊടുന്യായങ്ങള്‍ വിളമ്പി, വീമ്പിളക്കി അഹങ്കരിയ്ക്കാന്‍, അരയില്‍ മുണ്ടുംകെട്ടി, പൃഷ്ടവും ചൊറിഞ്ഞ്‌, പിള്ളത്തമ്പുരാന്റെ പുറകെ ഫ്യൂഡല്‍ വ്യവസ്ഥിതിക്കാലത്തെ കാര്യസ്ഥന്റെ മനോഭാവുമായി ഓച്ഛാനിച്ചു നടക്കുന്ന ആ ഏറാന്‍മൂളി നായരല്ലല്ലോ ഞാന്‍.. ചങ്ങനാശ്ശേരിയില്‍ നിന്നുമൊക്കെ ഒരുപാടു ദൂരെ ഒരോണംകയറാമൂലയില്‍ ഒരു കൊച്ചു തറവാട്ടില്‍ ജനിച്ച്‌, ഒരു ഇസത്തിനും, ഒരു പ്രസ്ഥാനത്തിനും,ഒരു സമുദായത്തിനും സ്വന്തം ബുദ്ധിയും ചിന്തകളും പൂര്‍ണ്ണമായും പണയം വെയ്ക്കാതെ, ന്യായമെന്നു തോന്നുന്നതെന്തും നിഷ്കളങ്കതയോടെ വിളിച്ചു പറയുന്ന, വളരെക്കുറച്ചു മാത്രം വായനക്കാരുള്ള ഒരു പാവം തറവാടി ബ്ലോഗര്‍ മാത്രമല്ലെ...


കൊല്ലേരി തറവാടി
11/05/2011

7 comments:

 1. "നമ്മളെന്തിനാ വെറുതെ ഇതൊക്കെ ഓര്ത്ത് വറി ചെയ്യുന്നത്‌? വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്‌ നമ്മുക്കിടയിയില്‍ ചര്ച്ച ചെയ്തു തീരുമാനിയ്ക്കാന്‍... എന്റേയൊ തന്റെയോ കുടുംബത്തിലുള്ള ആരുമല്ലല്ലോ, ആരാന്റെ മക്കളല്ലെ ഇതിന്റെയൊക്കെ ഇരകള്‍.. വിദേശത്ത്‌ വളരെ സെയിഫ്‌ ആയി അല്ലെ നമ്മുടെയൊക്കെ പൊന്നോമനകള്‍ പഠിയ്ക്കുന്നത്‌, അഞ്ചാറു തലമുറയ്ക്കുള്ളതല്ലെ സമ്പാദിയ്ക്കാന്‍ കഴിഞ്ഞുള്ളു നമുക്കിതുവരെ, ഇനി ഒരു മൂന്നു തലമുറയ്ക്കുള്ളതുകൂടി സമ്പാദിച്ചാലല്ലെ സ്വസ്ഥതയോടെ മരിയ്ക്കാന്‍ പറ്റു..!”
  ആര്ത്തിയമൂത്തു കോടിപോയ ചുണ്ടുകളും ചെന്നായയുടെ മുഖവും, മദ്യത്തിന്റെ മണവും, വെടിവട്ടത്തിനുള്ള ഒരുക്കവുമായി ഭരണയന്ത്രം തിരിയ്ക്കുന്ന മേലാളന്മാരുടെ, അവര്ക്കു ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ, ശിങ്കടികളായി ഒപ്പംനിന്ന്‌ മാമാപണിചെയ്യുന്ന മാധ്യമകാര്യസ്ഥന്മാരുടെ, അങ്ങിനെ നീണ്ടുപോകുന്ന ഒരു വലിയ കൂട്ടായ്‌മയില്‍ രാവിനോടൊപ്പം കൊഴുക്കുന്ന രാജസദസില്‍ രാജ്യത്തിന്റെ ഭാവിവികസനപരിപാടികള്‍ വിദ്ഗദമായി ചര്ച്ച് ചെയ്ത്‌ കൃത്യമായി പങ്കുവെയ്ക്കപ്പെടുന്നു.!

  ഏതൊരു ജനാധിപത്യ വിശ്വാസിയേയും കോരിത്തരിപ്പിയ്ക്കുന്ന സമ്മോഹനനിമിഷങ്ങളുടെ ദൃശ്യചാരുതയില്‍ രാജ്യം തിളങ്ങി നില്ക്കുെന്നു.

  കഷ്ടം തോന്നുന്നു സര്‍, മനുഷ്യര്‍ തന്നെയല്ലെ നിങ്ങളും.. എന്നിട്ടും എങ്ങിനെ ഇങ്ങിനെയൊക്ക ആവാന്‍ കഴിയുന്നു..? എന്താണ്‌ സര്‍ ഈ സ്വസ്ഥത എന്ന വാക്കിന്റെ അര്ത്ഥംര..? എന്താണീ സെയിഫ്റ്റി.? ആരാന്റെ നെഞ്ചത്ത്‌ കട്ടിലിട്ടുകിടന്നിട്ട്‌ എങ്ങിനെയാണ്‌ സര്‍ ഇത്രയും ഭംഗിയായി ഉറങ്ങാന്‍ കഴിയുന്നത്‌? സ്വന്തം നിശ്വാസവായുവിന്റെ ശക്തി അല്പ്പം കൂടിയാല്‍ തകര്ന്നു വീഴാവുന്ന ചീട്ടുകൊട്ടരത്തിന്റെ ഉറപ്പു മാത്രമെ ഉള്ളു സര്‍ ഈ ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പ്പ്ങ്ങള്ക്കും , സമ്പാദ്യങ്ങള്ക്കു മെല്ലാം.!

  ആരോടു പറയാനല്ലെ? സ്വാര്ത്ഥ്തയുടെ തിമിരം ബാധിച്ച, അധികാരത്തിന്റെ അഹന്തയില്‍ വെട്ടാനൊരുങ്ങി നില്ക്കുരന്ന പോത്തിന്റെ മനസ്സുള്ള മേലാളന്മാരോടു വേദമോതിയിട്ട്‌ എന്തു കാര്യം.!

  ReplyDelete
 2. ദെന്താണ്!
  കൊല്ലേരി കൊല്ലാനുള്ള മൂഡിലാണല്ലോ!

  ചിന്തിക്കാനുള്ള വകുപ്പ് നിറഞ്ഞ എഴുത്ത്!

  ReplyDelete
 3. സ്വന്തം രാജ്യത്തില്‍ ജനങ്ങള്‍ക്ക്‌ ശുദ്ധജലം ഉറപ്പുവരുത്താന്‍ കഴിയാത്ത ഭരണധികാരികള്‍ ചന്ദ്രമണ്ഡലത്തില്‍ ജലാംശത്തിന്റെ സാന്നിധ്യം തേടി കോടാനുകോടികള്‍ ചിലവഴിയ്ക്കാന്‍ ഒരുങ്ങുന്നു... പാവപ്പെട്ടവന്റെ ജീവന്‌ പുഴുവിന്റെ വിലപോലുമില്ലത്ത നാട്ടില്‍ ജീവന്റെ കണിക തേടി അലയാന്‍ ഒരുങ്ങുന്നു അവര്‍. എന്തിന്‌ ?.ഉത്തരം വ്യക്തമല്ലെ,.!
  ************************************************
  കൊല്ലേരിയുടെ മുന്‍പത്തെ രണ്ടു പോസ്റ്റ്‌ വായിച്ചു ഞാന്‍ നിഫ്ടിയുടെ വില ഇടിഞ്ഞു എന്ന കേട്ട ഭാവത്തിലായിരുന്നു..അയ്യോ പാവം കൊല്ലേരി കൈവിട്ടു പോയോ ഈശ്വരാ എന്നും തോന്നി..ദാ അപ്പോഴേക്കും വന്നിരിക്കുന്നു നേരിന്റെ നഗ്നമായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ട്...എന്‍റെ ബൂലോകത്തെ ഫാവരിട്റ്റ് ലിസ്റ്റിലെ ഗ്രാഫില്‍ ഉയര്‍ന്നിരിക്കുന്നത് ഈ വെളിപ്പെടുത്തലുകള്‍ തന്നെ...

  ReplyDelete
 4. ഒരു പാവം ബ്ലോഗറിനെയല്ലല്ലോ വായനയില്‍ കാണുന്നത്.

  ReplyDelete
 5. നേരം പോക്കുകളല്ല
  എല്ലാം നേരായ പോക്കുകൾ തന്നെ...!

  ആഴത്തിൽ ഇറങ്ങിച്ചെന്ന് തന്നെ പറഞ്ഞിരിക്കുന്നൂ..

  അഭിനന്ദനങ്ങൾ...കേട്ടൊ ഭായ്.  ‘ഭരണയന്ത്രത്തിന്റെ ചുക്കാന്‍ തിരിച്ചുപിടിച്ച്‌ അഞ്ചുകൊല്ലമായി മുരടിച്ചു കിടക്കുന്ന ആ പഴയ "വികസനപ്രവര്‍ത്തനങ്ങള്‍" പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുകൊണ്ടുവരുവാന്‍ കുപ്പായംതേച്ചുമിനുക്കി ഒരുങ്ങുകയാണ്‌ പാവം ആ സുമനസ്സുകള്‍.‘
  ഇനി സുമനസ്സുകൾ വാഴുന്നകാലം

  ReplyDelete
 6. ജാ-കുട്ടി പറഞ്ഞതുപോലെ, കൊല്ലേരി കൈവിട്ടു പോയോ എന്ന് കരുതിയതാ.. പക്ഷെ, ഇതാ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നു... 'സുമനസ്സുകള്‍' ഭരണം തിരിച്ചു പിടിച്ചതുപോലെയുള്ള ആപ്പയൂപ്പ പരിപാടിയൊന്നുമല്ല, നല്ല കിണ്ണം കാച്ചിയ വരവ് തന്നെ...

  കൊല്ലേരിയായ നമ!

  ReplyDelete
 7. എന്തിനാണ് സുഹൃത്തേ നേതാക്കന്‍മാരോടു് ചൊടിക്കുന്നതു്? നമ്മളാരെങ്കിലും ഒരിക്കലെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാനോ അല്ലെങ്കില്‍ സ്വന്തം ആദര്‍ശങ്ങള്‍ക്കൊത്ത ഒരു പുതിയ പാര്‍ട്ടി തുടങ്ങാനോ മിനക്കെട്ടിട്ടുണ്ടോ? സംസ്ഥാനതലത്തിലോ, ദേശീയതലത്തിലോ വേണ്ട കുറഞ്ഞതു് സ്കൂള്‍-കോളേജ്-പഞ്ചായത്തുതലത്തിലെങ്കിലും? പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ ഒരു പൌരന്റെ ഉത്തരവാദിത്വം പോളിങ്ങ് ബൂത്തില്‍ തുടങ്ങി പോളിങ്ങ് ബൂത്തില്‍ അവസാനിക്കുന്ന ഒന്നാണെന്നാണ് എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നതു്. രാഷ്ട്രീയകക്ഷികളില്‍ ചേര്‍ന്നു് അവയുടെ നയപരിപാടികളേയും പ്രവര്‍ത്തനരീതികളേയും നേതാക്കളുടെ പെരുമാറ്റത്തേയും സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായിട്ടും പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടായിട്ടും അങ്ങനൊന്നും ചെയ്യാതെ വെറും പാര്‍ട്ടി രാഷ്ട്രീയ സംവിധാനത്തിന്റെ ഉപഭോക്താവു മാത്രമായി ഒരു ജനത സ്വയം തരം താഴ്ത്തുമ്പോള്‍ അവര്‍ ഇങ്ങനെ ആത്മാവുനഷ്ടപ്പെട്ട ഒരു സമൂഹം അര്‍ഹിക്കുന്നു.

  താനിരിക്കേണ്ടിടത്തു് താനിരുന്നില്ലെങ്കില്‍ അവിടെ നായിരിക്കും എന്നു് ഒരു ചൊല്ലുണ്ടു്.

  ReplyDelete