Monday, March 28, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (അഞ്ചാം ഭാഗം)

മഹാനഗരത്തിലേയ്ക്ക്‌...
ബാങ്കുദ്യോഗം,..ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളില്‍ ഒന്നു തന്നെയായിരുന്നു അത്‌...ഏഴാംക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അച്ഛന്‍ തന്ന ചെക്കു മാറാനായി അഞ്ച്‌ കിലോമീറ്റര്‍ നടന്നാണ്‌ ആദ്യമായി ഒറ്റയ്ക്ക്‌ ഒരു ബാങ്കില്‍ പോകുന്നത്‌....ഞാന്‍ പറഞ്ഞിട്ടില്ലെ അതായിരുന്നു അച്ഛന്റെ രീതികള്‍.. കൊച്ചുനാളിലെ ഏതു ലോകത്തേയ്ക്കും തന്റേടത്തോടെ നടന്നു കയറുവാന്‍ മക്കളെ പ്രാപ്തരാകണമെന്ന്‌ അച്ഛനു നിര്‍ബന്ധമായിരുന്നു....ഇന്നത്തെ SBT, അന്ന്‌ ആ ബാങ്കില്‍ന്റെ പേര്‌ മറ്റെന്തൊ ആയിരുന്നു....അച്ഛന്റെ സുഹൃത്ത്‌ തെക്കേതുറവില്‍ രാമന്‍കുട്ടിമേനോന്‍ ആയിരുന്നു അന്നവിടെ മേനേജര്‍..നേര്‍ത്ത ഇരുമ്പുകമ്പിവലകളാല്‍ വേര്‍തിരിയ്ക്കപ്പെട്ട, മുന്‍പരിചയമില്ലാത്ത അദ്ദേഹത്തിന്റെ ക്യാബിനിലേയ്ക്കു നടന്നു കയറി "ഇന്‍ട്രൊഡ്യൂസ്‌" ചെയ്യുമ്പോള്‍ നീണ്ടുവെളുത്തുമെലിഞ്ഞ ആ ഏഴാംക്ലാസ്സുകാരന്‍ വല്ലാതെ വിരണ്ടിരുന്നു.

ആറടി നീളം, അതിനൊത്ത തടി, തൂവെള്ള നിറം,കുമ്പളങ്ങ തോല്‍ക്കും വിധം നരച്ച ഭംഗിയായി വെട്ടിയൊതുക്കിയ കട്ടിയുള്ള തലമുടി, നീലം മുക്കിയുണക്കി വടിപോലെ തേച്ചെടുത്ത വെള്ള ഖദര്‍ മുണ്ട്‌,ഷര്‍ട്ട്‌. മുറുക്കാന്‍ നിറമുള്ള നിഷ്കളങ്കപുഞ്ചിരിയുടെ ചാരുത..മേശയുടെ ഒരു വശത്ത്‌ ഒതുക്കിവെച്ചിരിയ്ക്കുന്ന കോളമ്പി.വലിയ കസ്സേരയില്‍ ഭംഗിയായി മടക്കിയിട്ടിരിയ്ക്കുന്ന ടര്‍ക്കി ടവല്‍.ഇന്നും മനസ്സില്‍ നനുത്ത ഓര്‍മ്മകളായി മായാതെ നില്‍ക്കുന്നു ആ മനുഷ്യനും അദ്ദേഹത്തിന്റെ ക്യാബിനും..അടുത്തുള്ള ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും വരുത്തി,.ബെല്ലടിച്ച്‌ പ്യൂണിനെ വരുത്തി ചെക്കുമാറി കാശു കവറിലാക്കി മടക്കി പോക്കറ്റില്‍വെച്ചു തന്നു."സൂക്ഷിച്ചു കൊണ്ടുപോണെ മോനെ. നന്നായി പഠിയ്ക്കുന്നുണ്ടല്ലോ അല്ലെ അച്ഛനെ പ്രത്യേകം അന്വേഷിച്ചതായി പറയണം " വാല്‍സല്യത്തോടെ പുറത്തുതട്ടി കുശലം പറഞ്ഞു, ഉപദേശിച്ചു..

മടങ്ങുമ്പോള്‍ വല്ലാത്ത ത്രില്ലായിരുന്നു എന്റെ കൊച്ചുമനസ്സില്‍ ..ജീവിതത്തില്‍ ആദ്യമായി ഒരു കസേരയോടു മോഹം തോന്നി..ലോകത്തിലെ ഏറ്റവും വലിയ ഉദ്യോഗം ബാങ്കുദ്യോഗമാണെന്നുറപ്പിച്ചു..പഠിച്ചു വലുതായി ഒരു ബാങ്കു മാനേജരാവുന്നത്‌ സ്വപ്നം കാണുകയായിരുന്നു മടക്കയാത്രയില്‍ മുഴുവന്‍..അക്കാലത്തു തന്നെയായിരുന്നു ചേച്ചിയുടെ കല്യാണവും.കനറ ബാങ്കില്‍ വെറും ക്ലാര്‍ക്കു മാത്രമായിരുന്നു അളിയന്റെ ജാടയും പത്രാസും പൊങ്ങച്ചവുമൊക്കെ എന്റെ മോഹങ്ങളെ അരക്കിട്ടുറപ്പിച്ചു..കാത്തലിക്‌ സിറിയന്‍, സൗത്ത്‌ ഇന്ത്യന്‍ ,ധനലക്ഷ്മി,ഫെഡറല്‍,.ചുറ്റുവട്ടത്ത്‌ ഹെഡ്‌ ഓഫീസുകളുള്ള ബാങ്കുകള്‍ ഒരുപാടുണ്ടായിരുന്നു ഒപ്പം ഒന്നു മനസ്സുവെച്ചാല്‍ പുഷ്‌ ചെയ്യാന്‍ പ്രാപ്തിയുണ്ടായിരുന്ന ബന്ധുബലവും...! പക്ഷെ എന്തോ യോഗമില്ലാത്തതുകൊണ്ടാകാം, സേവ പറയാനും, സോപ്പിടാനും കാര്യം നേടാനായി കാലുപിടിയ്ക്കാനും അറിഞ്ഞുകൂടാത്തതുകൊണ്ടാകാം, അല്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ വര്‍ക്കു ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗ്യം കൊണ്ടാകാം...! എന്തുകൊണ്ടായാലും ഒന്നും നടന്നില്ല..

ഇന്നും ഉപബോധമനസില്‍ വല്ലപ്പോഴും ഉണര്‍ന്നു നൃത്തം ചെയ്യുന്ന നഷ്ടസ്വപ്നങ്ങള്‍ പ്രതീക്ഷയോടെ കാതോര്‍ത്തു കാത്തിരിയ്ക്കുന്നു ഒരിയ്ക്കലും തയ്യാറാക്കപ്പെടാത്ത ആ അപ്പോയിന്റ്‌മെന്റ്‌ ഓര്‍ഡറുമായി വരുന്ന പോസ്റ്റുമാന്റെ സൈക്കിള്‍ബെല്ലിനായി...

ഒരു NRI ആയി ബാങ്ക്‌ എക്കൗണ്ടിനെക്കുറിച്ചു ചിന്തിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വീടിനു തൊട്ടടുത്തുള്ള ബാങ്കുകളെയെല്ലാം അവഗണിച്ച്‌ അഞ്ചുകിലോമീറ്റര്‍ ദൂരെയുള്ള ആ പഴയ SBT ബ്രാഞ്ച്‌തന്നെ ഓര്‍മ്മയിലെത്തി.ഇന്നും വെക്കേഷന്‍നാളുകളില്‍ രണ്ടുമൂന്നു തവണയെങ്കിലും ആ ബാങ്കില്‍ പോകേണ്ടി വരാറുണ്ട്‌,..എപ്പോഴും തിരക്കുള്ള ആ ബ്രാഞ്ചിലെ ക്യൂവില്‍ അവിടുത്തെ ഒരോ ചലനങ്ങളും ക്ഷമയോടെ,അതിലേറെ കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഞാന്‍ ആ പഴയ ഏഴാംക്ലാസ്സുകാരനായി മാറും, സ്വയം മറക്കും..

"ഒരു ATM കാര്‍ഡെടുത്തുകൂടെ, വെറുതെ എന്തിനാ ഈ തിരക്കില്‍ " ആ തിരക്കില്‍ ഒരാളായി വിയര്‍ത്തൊഴുകി കൗണ്ടറിലെത്തുന്ന എന്നോട്‌ ഒരു NRIകാരനു കൊടുക്കുന്ന പരിഗണനയും സഹതാപവും നല്‍കി കൗണ്ടറില്‍ ഇരിയ്ക്കുന്ന കട്ടികണ്ണടയും ചന്ദനക്കുറിയുമിട്ട മാഡത്തിന്റെ ഐശ്വര്യമുള്ള മുഖം ഒരു ചെറുപുഞ്ചിരിയോടെ ചോദിയ്ക്കും..ഒരു മറുപുഞ്ചിരിയില്‍ ഒതുക്കും ഞാനെന്റെ മറുപടി.

അല്ലാതെന്തു പറയാന്‍..അവിടെ ചിലവഴിയ്ക്കുന്ന ഓരോ നിമിഷവും മനസ്സുകൊണ്ട്‌ ഞാന്‍ മറ്റാരോ ആയി മാറുകയാണെന്നോ,.ആ ബാങ്കിലെ ഓരോ കസ്സേരയും ഔദ്യോഗികവളര്‍ച്ചാമോഹങ്ങളില്‍ എനിയ്ക്കു കയറാന്‍ പറ്റാതെപോയ ഏണിപ്പടികളാണെന്നോ,ചില്ലുഗ്ലാസ്സുകളിട്ടലങ്കരിച്ച കാബിന്റെ വാതില്‍ക്കല്‍ ബ്രാഞ്ച്‌ മേനേജര്‍...അനില്‍കുമാര്‍" എന്നെഴുതിവെച്ച ബോര്‍ഡില്‍ അനില്‍കുമാറിനുപകരം എന്റെ പേര്‌ എഴുതിചേര്‍ക്കാന്‍ യോഗമിലാതെപോയെന്നോ .ഇതൊന്നും ആരോടും പറയാന്‍ കഴിയില്ലല്ലൊ,...പറഞ്ഞാല്‍തന്നെ അവര്‍ക്കു മനസ്സിലാവുമോ..മറ്റെന്തെങ്കിലും വിചാരിച്ചാല്‍പോലും അവരെ കുറ്റപ്പെടുത്തന്‍ കഴിയുമോ..!..

അല്ലെങ്കില്‍തന്നെ ഒരു പ്രവാസിയുടെ അതിഭാവുകത്വവും, അതിവൈകാരികതയും നിറഞ്ഞ ഗൃഹാതുരത്വസ്മരണകളെ പുച്ഛത്തോടെ മാത്രമെ സ്വദേശികളായ ബന്ധുക്കളും കൂട്ടുകാരും ശ്രവിയ്ക്കാറുള്ളു.."ജോലിയല്ലാതെ നിനക്കവിടെ വേറെ ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ്‌ ഇങ്ങിനെയൊക്കെ ചിന്തിയ്ക്കാന്‍ സമയം കിട്ടുന്നത്‌,.ഇവിടെയാണെങ്കില്‍ നിന്നുതിരിയാന്‍ പോലും സമയമില്ല പിന്നെയല്ലെ നിന്റെ കോപ്പിലെ നൊസ്റ്റാള്‍ജിയ ..!" ഇതായിരിയ്ക്കും പലരുടെയും നിലപാടെന്ന്‌ അനുഭവങ്ങള്‍ സക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

പക്ഷെ വെക്കേഷന്‍ രാവുകളിലെ സ്വകാര്യനിമിഷങ്ങളില്‍ ഒരുപാടു മാസങ്ങളിലെ നെടുവീര്‍പ്പുത്തുള്ളികളും സ്നേഹത്തിന്റെ ചൂടും ചൂരുമൊക്കെ നെഞ്ചിലേയ്ക്കു പകര്‍ന്നുനല്‍കി, "ഇനിയെവിടെയ്ക്കും വിടില്ല" എന്നു വാശിപിടിച്ച്‌ ഒരു പൂച്ചക്കുഞ്ഞിന്റെ ഒതുക്കത്തോടെ മാറില്‍ പറ്റിച്ചേര്‍ന്ന്‌ കിടക്കുന്ന നിമിഷങ്ങളില്‍ ഒരുപക്ഷെ പ്രിയതമ ഇതെല്ലാം ക്ഷമയോടെ കേട്ടുവെന്നുവരാം..പക്ഷെ എത്ര ക്ഷമശീലയായാലും, സ്നേഹനിധിയായാലും ഒരു ഭാര്യയോടു പറയാനും പകുത്തുനല്‍കി പങ്കുവെയ്ക്കാനും ഒന്നിച്ചയവിറക്കാനുമുള്ള വിശേഷങ്ങള്‍ക്ക്‌ പരിധിയും പരിമിതിയും ഉണ്ടാകുമല്ലോ ആര്‍ക്കായാലും..!

"കുട്ടേട്ടന്‌ എപ്പോഴും പാസ്റ്റില്‍ ജീവിയ്ക്കാനിഷ്ടം,..എനിയ്ക്കാണെങ്കില്‍ പ്രസന്റിലും, അപ്പു,.അവന്‍ ഇപ്പോഴേ ഫ്യൂച്ചറിലാണ്‌.ഭൂത-ഭാവി-വര്‍ത്തമാനക്കാലങ്ങളുടെ ഈ സമന്വയം തന്നെയായിരിയ്ക്കും നമ്മുടെ സ്നേഹത്തിനും ഐശ്വര്യത്തിനും നിദാനം.,അല്ലെ കുട്ടേട്ടാ..".

"അതുപിന്നെ, കുട്ടേട്ടന്‍ അവിടെ ഒറ്റയ്ക്കായതുകൊണ്ട്‌ അങ്ങിനെ ശീലിച്ചുപോയതല്ലെ മാളു,ഇനി വൈകാതെ നമ്മളൊന്നാകുന്ന നാളുകളില്‍ എന്റെ മാളുവിന്റെ വര്‍ത്തമാനങ്ങളില്‍ മാത്രമല്ലെ കുട്ടേട്ടന്റെ ഓരോ നിമിഷങ്ങളും സജ്ജീവമാകാന്‍ പോകുന്നത്‌."....എന്റെ സ്വരവും ആര്‍ദ്രമായി.ഞാനവളെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചു..

മാളുവിന്റെ വാക്കുകളിലെ വിഷാദം എന്റെ ഹൃദയത്തില്‍ അത്രമാത്രം സ്പര്‍ശിച്ചു...ആ മുഖമൊന്നു വാടിയാല്‍, മനസ്സു നൊന്താല്‍ പെട്ടന്നു തിരിച്ചറിയാന്‍ കഴിയുമെനിയ്ക്ക്‌.വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ പോയ്‌മറഞ്ഞ്‌ സന്തുഷ്ടിയുടെ പൂനിലാവില്‍ അവളുടെ മുഖം തിളങ്ങുന്നതുവരെ പിന്നെ സ്വസ്ഥത കിട്ടില്ല.

ലാളിച്ചും,സ്നേഹമന്ത്രങ്ങള്‍ ഉരുവിട്ടും അവളുടെ വിടര്‍ന്ന ചെവിയിതളുകള്‍ ഊതിക്കാച്ചി പത്തരമാറ്റു പൊന്നിനു സമാനം പഴുപ്പിച്ചെടുത്ത്‌,അതിന്റ ചൂടിലുണര്‍ന്ന്‌,ഒരു മെയ്യായി ഒരുമയോടെ നൃത്തംചെയ്ത്‌,ഒടുവില്‍ ആ ചൈതന്യത്തില്‍ നിറഞ്ഞാടി,ഉരുകിയൊലിച്ച്‌ വര്‍ത്തമാനനിമിഷങ്ങളെ അവിസ്മരണീയമാക്കി ഒരിയ്ക്കല്‍കൂടി അവളെ നിര്‍വൃതിയുടെ നിറുകയിലെത്തിയ്ക്കാനൊരുങ്ങുകയായിരുന്നു ഞാന്‍...അവളതു തിരിച്ചറിഞ്ഞു..കണ്ണുകളിലെ വിഷാദം തിളക്കത്തിനു വഴിമാറി. ആ സമ്മോഹനനിമിഷങ്ങളില്‍ അടക്കാന്‍ വയ്യാത്ത അഭിനിവേശവുമായി ബെഡ്‌റൂം ലാമ്പ്‌ കൂടുതല്‍ചുവന്നുതുടുത്തു,.വിടര്‍ന്നുവിതുമ്പി,പിന്നെ അസാധാരണമാംവിധം കത്തിജ്വലിച്ചു.

ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു താലോലിച്ചു സുഖം കണ്ടെത്തുക ഒരു ദുഃശ്ശീലമായി മാറിയിരിയ്ക്കുന്നു...പ്രവാസം തുറന്നു വിട്ട "ഭൂതം"മനസ്സിനെ വല്ലാതെ ഗ്രസിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..മതിയാക്കണം ഇത്‌..മാളുവിന്റെ വര്‍ത്തമാനത്തിന്റെ നിനവിലേയ്ക്ക്‌, അപ്പുവിന്റെ വളര്‍ച്ചയുടെ നിറവിലേയ്ക്ക്‌ മടങ്ങിപോകണം.

എഴുതിയെഴുതി നിയന്ത്രണം കൈവിട്ടുപോകുന്നു അല്ലെ,.മനപൂര്‍വ്വമല്ല .ഏകാന്തനിമിഷങ്ങളില്‍ അശാന്തമാകുന്ന മനസ്സ്‌ സ്വസ്ഥതയും സുരക്ഷിതത്വവും തേടി അതിരുകള്‍ കടന്ന്‌ ഭൂതക്കാലത്തിലേയ്ക്കു പലായനം നടത്തുന്ന നിമിഷങ്ങളിലുതിര്‍ന്നു വീഴുന്ന വെറും ജല്‍പ്പനങ്ങളാണ്‌ എന്റെ വാക്കുകളും വരികളുമായി മാറുന്നത്‌,.ശരിയ്ക്കും ഇതൊരു ലഹരിയായി മാറി അമിതമാകാന്‍ തുടങ്ങിരിയ്ക്കുന്നു..അറിയാഞ്ഞിട്ടല്ല..! പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നറിഞ്ഞുകൊണ്ടുതന്നെയല്ലെ ഓരോ പുകയും ആളുകള്‍ അകത്തേക്കെടുക്കുന്നത്‌...! ശീലങ്ങള്‍ അങ്ങിനെയാണ്‌,.ഒരിയ്ക്കല്‍ രുചിയറിഞ്ഞാല്‍ തീര്‍ന്നു..പ്രതേകിച്ചും ചീത്ത ശീലങ്ങള്‍.

മദ്യപാനം,.പ്രാര്‍ത്ഥന.ടി.വി പ്രോഗ്രമുകള്‍.ഇന്റര്‍നെറ്റ്‌ ഇങ്ങിനെ ഏതെങ്കിലുമൊരു ജ്വരത്തിനു പുറകെ മനസ്സര്‍പ്പിച്ചു പായാന്‍ നിര്‍ബന്ധിതരാകുന്നു ഏകാന്തപഥികരായ പാവം പ്രവാസികള്‍..ഒരു തരം രക്ഷപ്പെടലാണത്‌.സംതുലനം കാത്തു സൂക്ഷിയ്ക്കാന്‍ മനസ്സു സ്വയം കണ്ടെത്തുന്ന രക്ഷാമാര്‍ഗങ്ങള്‍..അല്ലെങ്കില്‍ എങ്ങിനെ ഇത്രയും വര്‍ഷങ്ങള്‍ അന്യനാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. അടി തെറ്റിപോകില്ലെ, തകര്‍ന്നു പോകില്ലെ.!

ഓന്നോര്‍ത്തു നോക്കു, സ്വന്തം മണ്ണിനെ മറന്ന്‌, സമൂഹത്തില്‍നിന്നുമാറി, ആവാസവ്യവസ്ഥയില്‍നിന്നും പറന്നകന്ന്‌ ഇത്രയും ദൂരെ, ഇത്രയും കാലം അതിജീവനം നടത്താന്‍ ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവജാലങ്ങള്‍ക്കു കഴിയുമോ.! കുടുംബസമേതം ദേശാന്തരഗമനം നടത്തുന്ന പക്ഷികള്‍ക്കു പോലും.!

ഇവിടെ, വിശാലമായ ഈ മരുഭൂമിയില്‍ ചുവന്ന സ്വെറ്ററുമിട്ട്‌ സൂര്യന്‍ മടിയോടെ വൈകിയുണരുന്ന ശൈത്യകാലപ്രഭാതങ്ങളില്‍ അന്നം തേടി കൂട്ടത്തോടേ അലയുന്ന കടല്‍കാക്കകള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്‌..ഫെബ്രുവരി തീരാറാവുമ്പോള്‍, അന്തരീക്ഷോഷ്മാവ്‌ ഉയരാന്‍ തുടങ്ങുമ്പോള്‍ ആകാശത്തെ ശൂന്യമാക്കികൊണ്ട്‌ തങ്ങളുടെ യഥാര്‍ത്ഥ ആവാസകേന്ദ്രങ്ങള്‍ തേടി ആ പറവകള്‍ തിരിച്ചുപോകും...അപ്പോഴും പോകാനായി സ്വന്തമായി ഒരു തട്ടകവും ഇല്ല എന്ന മട്ടില്‍ തീക്ഷ്ണമാകാന്‍ തുടങ്ങുന്ന വേനലിനെ ശപിച്ചും, മുഖം കറുപ്പിച്ചും സ്വഗതം ചെയ്ത്‌ ഇവിടെ തന്നെ തുടരുന്നു നിസ്സഹായരാണെന്നു സ്വയം നിനയ്ക്കുന്ന പാവം മനുഷ്യര്‍..!

പറവകള്‍ പോലും അന്നന്നത്തെ അപ്പംകൊണ്ട്‌ സുഭിക്ഷമായി ഭക്ഷിയ്ക്കുന്നു, സുഖമായി ഉറങ്ങുന്നു.....ഉണക്ക കുബൂസ്സിലും ദാളുകറിയിലും,പിറുപിറുപ്പിലും അത്താഴമൊതുക്കി, ശേഷിയ്ക്കുന്ന ഭാഗംവയറ്റില്‍ വായു നിറച്ച്‌ ഏമ്പക്കം വിട്ട്‌ ഉറങ്ങാതെ ഉറങ്ങി പാവം മനുഷര്‍ എല്ലാം സ്വരുക്കൂട്ടി വെയ്ക്കാന്‍ ഒരുങ്ങുന്നു.!

എന്തിനുവേണ്ടി,..ആത്യന്തികമായി ചിന്തിച്ചാല്‍ അനുഭവിയ്ക്കാന്‍, വേണ്ട,ഒന്നു രുചിച്ചുനോക്കാന്‍ പോലും യോഗമില്ലാതെ പോകുന്ന ഈ ഭൗതികനേട്ടങ്ങള്‍ ആര്‍ക്കുവേണ്ടി.!

എല്ലാമറിഞ്ഞിട്ടും എന്തെ ഈ ഒരു ശാശ്വത സത്യം മാത്രം തിരിച്ചറിയാതെ പോകുന്നു നമ്മുടെ മനസ്സ്‌.!

പ്രവാസിസമൂഹത്തിന്റെ മാത്രം കഥയല്ലിത്‌.ഫിറ്റായവനു മാത്രമെ സര്‍വൈവ്‌ ചെയ്യാന്‍ കഴിയു എന്ന മന്ത്രം ചെറുപ്പം മുതലെ ഉരുവിട്ട്‌ ഓടിയോടി തളര്‍ന്ന്‌ കൈമോശം വന്ന ആത്മവിശ്വാസം തിരിച്ചുപിടിയ്ക്കാനായി ചുവപ്പും കറുപ്പും ഇടകലര്‍ത്തിയ അന്ധവിശ്വാസത്തിന്റെ ചരടുകള്‍ കെട്ടി ഭദ്രമാക്കിയ കൈത്തണ്ടയില്‍ ലാപ്‌ടോപ്പും പേറി, എല്ലാ മൂല്യങ്ങളും ധാര്‍മികതയും വെടിഞ്ഞ്‌ താഴെ വീണുകിടക്കുന്നവനെ നിര്‍ദ്ദയം ചവിട്ടിമെതിച്ച്‌ ആര്‍ത്തിയുടെയും ആസക്തിയുടെയും പുറകെ പായുന്ന കാര്യത്തില്‍ ഭയാനകാമാംവിധം പരസ്പരം മല്‍സരിച്ചു മുന്നേറുന്നു ആധുനിക മനുഷ്യന്‍ സമൂഹത്തില്‍ നിന്നുമകന്നുപോകുന്നു..ജീവിയ്ക്കാന്‍ മറക്കുന്നു.

ഇല്ല, കാടുകയറി സെന്റിയായി ബോറാക്കുന്നില്ല...നമുക്ക്‌ വീണ്ടും പ്രൊഫെയിലിലേയ്ക്ക്‌ മടങ്ങാം.. നിസ്സഹായനായി കണ്ണീരോടെ വടക്കോട്ടു വണ്ടി കയറിയ ആ പാവം പയ്യന്‍ എവിടെയെത്തി എന്നു തിരക്കാം..

ബോംബേയില്‍ വെല്‍ സെറ്റില്‍ഡ്‌ ആയ അടുത്ത ബന്ധത്തിലുള്ള ഒരു ചേച്ചിയും കുടുംബവും കാത്തു നില്‍ക്കുന്നുണ്ടെന്നറിയാമായിരുന്നു,..പിന്നെ യാത്രയ്ക്കിടയില്‍ മനസ്സും വല്ലാതെ മരവിച്ചുപോയിരുന്നു...അതുകൊണ്ടൊക്കെയായിരിയ്ക്കണം ദീപാവലിയുടെ നിറങ്ങളില്‍ കുളിച്ച്‌,.. ഒക്ടോബറിലെ കൊച്ചുവെളുപ്പാന്‍ക്കാലത്തെ കുളിരില്‍ വിറച്ചുനില്‍ക്കുന്ന ദാദറില്‍ ഒരമ്പരപ്പുംകൂടാതെ തൃശ്ശൂര്‍ ടൗണില്‍ ബസ്സിറങ്ങുന്ന ലാഘവത്തോടെ വലതുകാലുവെച്ച്‌ എനിയ്ക്കിറങ്ങാന്‍ കഴിഞ്ഞത്‌.

"ഏക്‌, ദോ തീന്‍,...ചാര്‍ പാഞ്ച്‌.... ദസ്‌,.. "ഓരോ തെരുവിലും മുക്കിലും മൂലയിലും "തേസാബിലെ" മാധുരിഗാനം അലയിടിയ്ക്കുന്ന കാലം.

ഒറ്റ ദിവസം ദിവസംകൊണ്ട്‌ പത്തുവരെ ഹിന്ദിയില്‍ എണ്ണാന്‍ പഠിച്ചെങ്കിലും എന്നെപോലേ ശുദ്ധഗതിക്കാരാനും പാവത്താനുമായ ഒരു നാട്ടിന്‍പുറത്തുക്കാരന്‍ തറവാടിയ്ക്കു പൊരുത്തപ്പെട്ടുപോകാവുന്ന ചിട്ടകളും രീതികളുമായിരിക്കില്ല ആധുനികതയില്‍ നീരാടിനിന്നിരുന്ന ആ മായലോകത്തിനെന്ന്‌ ഊഹിയ്ക്കാവുന്നതല്ലെ ഉള്ളു....

മാന്യനും,ഏകപത്നിവൃതക്കാരനും നാട്ടിലാകെ അറിയപ്പെടുന്നവനുമായ മര്യാദരാമന്റെ വൃതം ഒരിയ്ക്കലെങ്കിലും മുടക്കിയില്ലെങ്കില്‍ തന്റെ തൊഴില്‍ പൂര്‍ണ്ണത കൈവരില്ലെന്നു കരുതി അതിനായി വാശിയോടെ അനവരതം പ്രയത്നിച്ചു വിജയം നേടുന്ന നിമിഷങ്ങളില്‍ ക്രൂരമായി പുഞ്ചിരിയ്ക്കുന്ന ഗ്രാമയക്ഷി നാട്ടിന്‍പുറത്തുക്കാരി അഭിസാരികയുടെ മനസ്സായിരിയ്ക്കും എല്ലാ മഹാനഗരങ്ങള്‍ക്കും..

ചുരുങ്ങിയ നാളുകള്‍...ഒരിടത്താവളം.അങ്ങിനെ ചുരുക്കം കുറച്ചുവാക്കുകളില്‍ വിവരിയ്ക്കാവുന്ന അനുഭവങ്ങള്‍.അത്രയൊയ്ക്കയെ ബോംബേയെക്കുറിച്ചെനിയ്ക്കു പറയാനുണ്ടാവുമായിരുന്നുള്ളു.. ..എന്നിട്ടും..!

അതുമൊരു നിയോഗമായിരുന്നിരിയ്ക്കാം... എത്ര വേണ്ട എന്ന് കരുതിയാലും നമുക്കായി വിധി കരുതിവെച്ചത്‌ അനുഭവിച്ചല്ലെ പറ്റു.!..നല്ലതായാലും ചീത്തയായാലും..!

അല്ലെങ്കില്‍,തുളസിക്കതിരിന്റെ നൈര്‍മ്മല്യവും,ചെത്തിപ്പൂവിന്റെ വിശുദ്ധിയും,ചെമ്പരത്തിപ്പൂവിന്റെ ശാലീനതയും, മുല്ലമൊട്ടിന്റെ വെണ്‍പുഞ്ചിരിയുമായി നിളാനദിയുടെ കുഞ്ഞോളങ്ങളില്‍ പാദസരങ്ങളാല്‍ അലകളുയര്‍ത്തി കൊതിപ്പിച്ച ആ പാലക്കാടന്‍ ഗ്രാമീണതയുടെ ദുഃഖസ്മൃതികളാല്‍ ആവരണം ചെയ്യപ്പെട്ട എന്റെ മനസ്സിന്റെ വാതായനങ്ങളിലേയ്ക്ക്‌...!.


(തുടരും)
 

കൊല്ലേരി തറവാടി 
28/03/2011


Monday, March 21, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (നാലാം ഭാഗം)

പ്രവാസത്തിന്റെ തുടക്കം

പക്ഷെ അമ്മ വിചാരിച്ചതുപോലെ അല്ലായിരുന്നു അക്കാലത്തെ എന്റെ ചിന്തകളും രീതികളും,..ആരോടും ഒരു പരിധിവിട്ട്‌ അടുക്കാന്‍ പോയില്ല,..അകലാനും..ബാബു പറഞ്ഞതുപോലെ എല്ലാവരുമായി തുല്യ സൗഹൃദം പങ്കുവെച്ചു.അതാണ്‌,അതു മാത്രമാണ്‌ മനഃശാന്തിയ്ക്കുള്ള ഏറ്റവും ഉത്തമമാര്‍ഗമെന്ന്‌ തിരിച്ചറിഞ്ഞു.

സെന്തോമസ്സില്‍ ഡിഗ്രിയ്ക്കു കൂടെ പഠിച്ചിരുന്ന ബാബുവിനെ നാളുകള്‍ക്കുശേഷം മോഡല്‍ ബോയ്‌സില്‍ വെച്ച്‌ ഒരു ബാങ്ക്‌ ടെസ്റ്റിനിടയില്‍ കണ്ടുമുട്ടി..കോര്‍സു കഴിഞ്ഞാല്‍ ഉടനെ ഏതെങ്കിലും പൊതുമേഖല സ്ഥാപനം തന്നെ കൊത്തികൊണ്ടുപോകുമെന്ന്‌ ബോള്‍ ബാഡ്‌മിന്റന്‍ ഇന്റര്‍യൂണിവേര്‍സിറ്റി താരമായിരുന്ന അവന്‍ അഹങ്കരിച്ചിരുന്നു..ബോള്‍ ബാഡ്‌മിന്റന്‍ ആര്‍ക്കും വേണ്ടാത്ത കളിയാണെന്നു തിരിച്ചറിയാന്‍ വൈകിയതിന്റെ നിരാശയില്‍ അല്ലറ ചില്ലറ ബ്ലേഡ്‌ ബിസിനെസ്സും സെന്റ്‌ മേരിസ്‌ കോളെജില്‍ വാരാന്ത്യങ്ങളില്‍ ബോള്‍ ബാഡ്‌മിന്റന്‍ കോച്ചിങ്ങും ആയി ഒരു സ്ഥിരജോലി തേടി അവനും അലയുകയായിരുന്നു...

"എങ്ങിനെയുണ്ട്‌ സെന്റ്‌മേരിസിലെ ചുള്ളത്തികളുമായുള്ള നിന്റെ കോച്ചിങ്ങും സഹവാസവും...ആരാ പഠിയ്ക്കുന്നെ,. അവരോ അതോ നീയ്യോ.". ഒരു തൊഴില്‍രഹിതന്റെ എല്ലാവിധ ക്ഷീണഭാവങ്ങളുമായി ഡള്ളായി കാണപ്പെട്ട അവനെ ഒന്നു ചിയറപ്പു ചെയ്യാനായിരുന്നു എന്റെ ശ്രമം......

"നിന്നെപോലെ തന്ന്യാ നാട്ടില്‌ കുന്നംകുളത്തെ എന്റെ കൂട്ടുകാരും..നിങ്ങടൊക്കേ വിചാരം ഇതൊരു വല്ല്യേ ഭാഗ്യാണെന്നാ,.വലിയ പാടാ മോനെ ഈ കന്നാലികളെ ഒന്നിച്ചു മേയ്ക്കാന്‍,...വിചാരിക്കണത്ര എളുപ്പല്ല..എന്റമ്മോ...കാണണം ഇവറ്റകള്‍ക്കിടയിലെ കുശുമ്പും പോരും പാരവെപ്പും.!.ഒരുത്തിയൊടെങ്ങാനും നമ്മളൊന്നു കൂടുതല്‍ മിണ്ട്യാല്‍,..ചിരിച്ചാല്‍ മറ്റുള്ളോറ്റേടെ മൊഖാ കറക്കും..പിണങ്ങും...അല്ലെങ്കില്‍തന്നെ ഒന്നിനോടുമാത്രായി എന്തെങ്കിലും സെന്റി വളര്‍ത്തിയെടുത്താല്‍ അതുമതി അവസാനം കണ്ണീരും കരച്ചിലുായി മാറാന്‍,..ചിലപ്പോള്‍ അതിലും വലിയ പുലിവാലുമാകും.....എല്ലാരോടും തുല്യ സൗഹൃദായാല്‍ സംഗതി എളുപ്പം..! ഏതെങ്കിലുമൊരുത്തിയെകൊണ്ട്‌ എപ്പോഴാ,. എവിട്യാ എങ്ങിന്യാ പ്രയോജനണ്ടാകാന്ന്‌ നോക്കീരുന്നാല്‍ മതി.! മനസ്സിലാവണുണ്ടോ നെനക്ക്‌. എന്തൂട്ട്‌ മനസ്സിലാവാനാ അല്ലെ..!പച്ചൊള്ളം കിട്യാലും ചവച്ചരച്ചു കുടിയ്ക്കണ വെറും പാവമല്ലെ ശവി..നീ !"

കള്ളച്ചിരിയിലൊതുക്കിയ അവന്റെ വാക്കുകള്‍ എന്റെ നെഞ്ചിലെ കനലില്‍ ഒരു കാറ്റായി പടര്‍ന്നു. അവസാനവാചകങ്ങളിലെ നര്‍മ്മം ഉള്‍ക്കൊള്ളാന്‍ എനിയ്ക്കു കഴിഞ്ഞില്ല..കലങ്ങാന്‍ തുടങ്ങുന്ന കണ്ണുകള്‍ അവനില്‍നിന്നും മറച്ചു വെയ്ക്കാന്‍ ഞാന്‍ പാടുപ്പെട്ടു..

തീക്ഷ്ണമായ മമതാബന്ധങ്ങളില്‍ നിന്നും വിട്ടകന്ന്‌ വിരക്തിയുടെ ലോകത്തേയ്ക്ക്‌ ഉള്‍വലിയാന്‍ ശീലിച്ചുതുടങ്ങുകയായിരുന്നു അന്നത്തെ എന്റെ മനസ്സ്‌..

ഒരായുസ്സിന്റെ കാല്‍ഭാഗത്തോളം ചിലവഴിച്ച പ്രവാസലോകത്തിലെ ഏകാന്തവിരസനാളുകളിലൂടെ വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍വന്ന്‌ മൂടിയതാണെങ്കിലും തീര്‍ത്തും മങ്ങാത്ത പുഞ്ചിരിയുമായി ആയാസരഹിതമായി ഇന്നും സഞ്ചരിയ്ക്കാന്‍ കഴിയുന്നത്‌ അക്കാലത്തെ അനുഭവങ്ങളില്‍നിന്നാര്‍ജിച്ച മനോനില നല്‍കുന്ന കരുത്തുകൊണ്ടാകാം.

കുട്ടികളെ രസിപ്പിച്ചും സ്വയം രസിച്ചും എല്ലാം മറക്കാന്‍ കുരുതികൊടുത്തത്‌ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നു വര്‍ഷങ്ങളായിരുന്നു..

ശാപാഗ്നിയില്‍ മുക്കാലും വെന്തരിഞ്ഞ സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ആരാമത്തില്‍ പച്ചപ്പിന്റെ മുകുളങ്ങള്‍ വീണ്ടും പൊട്ടിമുളയ്ക്കാന്‍ തുടങ്ങുന്ന സമയത്ത്‌ ജീവിതം തന്നെ വിലെയ്ക്കെടുക്കാന്‍ അധികം അകലെയല്ലാതെ ഒരു കള്ളനെപോലെ പതുങ്ങിപതുങ്ങി പ്രവാസത്തിന്റെ കരങ്ങള്‍ നീണ്ടു വരുന്ന കാര്യം അറിയില്ലായിരുന്നു അന്നെനിയ്ക്ക്‌!

ഓര്‍ത്താല്‍ അതും ഒരു അത്ഭുതമാണ്‌ അല്ലെ,....ഭൂതക്കാലത്തെക്കുറിച്ച്‌, വര്‍ത്തമാനകാലത്തെക്കുറിച്ച്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ എത്രവേണമെങ്കിലും വാചാലരാകാം നമുക്ക്‌...എന്നാല്‍ ഭാവിയെകുറിച്ചോ..! പത്തുവര്‍ഷം കഴിഞ്ഞ്‌....അഞ്ചുവര്‍ഷംകഴിഞ്ഞ്‌..വേണ്ട, അഞ്ചുനിമിഷം കഴിഞ്ഞ്‌ എന്തുസംഭവിയ്ക്കും .? ഉറപ്പിച്ചൊരുത്തരം നല്‍കാന്‍ കഴിയുമൊ ആര്‍ക്കെങ്കിലും..! എന്നിട്ടും ഈ പോസ്റ്റിന്റെ അവസാനം നിറഞ്ഞ ആത്മവിശ്വാസത്തോടെ "തുടരും" എന്നെഴുതാന്‍ കഴിയും എനിയ്ക്ക്‌.. ഒരിയ്ക്കലും കൃത്യമായി നിര്‍വചിയ്ക്കാനോ,വിശകലനം ചെയ്യാനോ കഴിയാത്ത ജീവിതവും മനസ്സുമായുള്ള മായാബന്ധത്തിന്റെ പൊരുളാണ്‌ അതിനു നിദാനം.....ഒരര്‍ത്ഥത്തില്‍ ആ പൊരുള്‍തേടിയുള്ള ഒരു യാത്രതന്നെയല്ലെ ഈ ജീവിതം..!

"നാളെ,.നാളെ..എന്ന നിത്യനിതാന്തസ്വപ്നവും ഒപ്പം കുറെ മോഹനവാഗ്ദാനങ്ങളുമായി ഒരു ലോട്ടറികച്ചവടക്കാരന്റെ കൗശലത്തോടെ മാടി വിളിയ്ക്കുന്ന കാലത്തിനുപുറകെ ഇതുവരെ കാണാത്ത എതോ ഉത്സവപറമ്പിലേയ്ക്ക്‌ അച്ഛന്റെ വിരല്‍തുമ്പില്‍തൂങ്ങി അക്ഷമയോടെ നടക്കുന്ന ഒരു കുഞ്ഞിനെപോലെ അടക്കാനാവാത്ത ആകാംഷയുമായി അവസാനം വരെ യാത്ര തുടരുന്നു നമ്മള്‍...അതാണ്‌ ജീവിതസൗന്ദര്യം പകരുന്ന ലഹരിയുടെ മഹത്വം...ഭാവിയിലെ കാര്യങ്ങള്‍,.മരണമുഹൂര്‍ത്തം ഇതൊക്കെ കൃത്യമായി അറിഞ്ഞിരുന്നെങ്കില്‍ ...ആ നിമിഷങ്ങളെണ്ണി ജീവിയ്ക്കേണ്ടി വന്നാലുള്ള അവസ്ഥ ഓന്നോര്‍ത്തു നോക്കു,..എത്രം വിരസമായേനെ ഈ ജീവിതം..

ഇന്നലെകളിലെ നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും മനസ്സിലിട്ടു മനനം ചെയ്ത്‌ വൃഥാ വിലപിയ്ക്കുന്നവനും,.നാളയെക്കുറിച്ചുള്ള അമിത പ്രതീക്ഷളും,സ്വപ്നങ്ങളും പേറി ആസക്തിയോടേ സ്വയം മറന്നു മുന്നോട്ടുകുതിയ്ക്കുന്നവനും ജീവിയ്ക്കാന്‍ മറന്നുപോകുന്നു..ഒരുപോലെ വിഡ്ഢികളാകുന്നു.

ഇന്നിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ്‌ സ്വന്തം മനഃസാക്ഷിയൊരുക്കുന്ന ലക്ഷ്മണരേഖയ്ക്കകത്ത്‌ ഒതുങ്ങി വിവേകത്തോടേ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിയ്ക്കാന്‍ കഴിയുന്ന പക്വമതിയാണ്‌ യഥാര്‍ത്ഥ ഭാഗ്യവാന്‍..!

ആള്‍ദൈവങ്ങളുടെ പാദസേവ ചെയ്തും അമ്പലങ്ങളിലെ ഇടനാഴികളില്‍ നാമമന്ത്രങ്ങള്‍ ജപിച്ചും ഒരിയ്ക്കലും അലഞ്ഞുതിരിയേണ്ടി വരില്ല അവന്‌..ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ പോലും..!

പക്ഷെ, അങ്ങിനെ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും ഉണ്ടാകും നമ്മുടെ കൂട്ടത്തില്‍..? ആരുടെയും കുറ്റമല്ലത്‌.. ഓരോരോ കാലത്ത്‌ ഒരോന്നിന്റിന്റെ പുറകെ എല്ലാം മറന്ന്‌ വ്യര്‍ത്ഥമായി അലയുക..മനുഷ്യജന്മത്തിന്റെ നിയോഗമാണത്‌..

കണക്കുമാഷുടെ ചൂരല്‍ക്കഷായം സ്വപ്നംകണ്ട്‌ ഞെട്ടിയുണര്‍ന്ന്‌ പെരുക്കുപട്ടിക മനപാഠം ചെയ്ത്‌ പുസ്തകക്കെട്ടിനുള്ളില്‍ ഒതുങ്ങുന്ന ബാല്യം,.ഏകാഗ്രത വെടിഞ്ഞ്‌,പുസ്തകങ്ങളെ മറന്ന്‌ പ്രണയസ്വപ്നങ്ങളുടെ പൂക്കൂടയും സ്വന്തമാക്കി തെരുവില്‍ അലഞ്ഞുതിരിഞ്ഞ്‌ അഹങ്കരിയ്ക്കുന്ന കൗമാരം,വിരഹത്തിന്റെ തീവൃതയില്‍ ഏകാന്തതയുടെ അപാരതീരങ്ങളിലൂടെ വന്യസൗന്ദര്യലഹരികളുടെ അവസാനതുള്ളിയും നുകര്‍ന്ന്‌ മത്തു പിടിച്ച ഒറ്റയാന്റെ ആവേശത്തോടെ പാഞ്ഞുതീര്‍ക്കുന്ന യൗവനം...ഒടുവില്‍ എവിടേയുമെത്തിയില്ല, ആരുമായില്ല എന്നൊക്കെ തിരിച്ചറിയുമ്പോഴേയ്ക്കും കാല്‍ച്ചുവട്ടിലെ മണ്‍ത്തരികള്‍ മുക്കാലും ഒഴുകിപോയിട്ടുണ്ടാകും..അഞ്ചുവര്‍ഷം കഴിയാറാവുമ്പോള്‍ ഒന്നും ചെയ്തില്ല എന്ന തിരിച്ചറിവില്‍ മുഖം മിനുക്കാന്‍ ശ്രമിയ്ക്കുന്ന ഭരണാധികാരിയെപോലെ എന്തിനൊക്കയോ വേണ്ടി തിടുക്കപ്പെടും...അര്‍ഹതപ്പെട്ടതാണോ കിട്ടിയത്‌ എന്നു ചിന്തിയ്ക്കാന്‍പോലും നില്‍ക്കാതെ എന്തെങ്കിലും നേടിയെടുക്കും,. ബന്ധങ്ങളുടേ കരുത്തും ബന്ധനങ്ങളുടെ കുളിരുമായി അതിനിടയിലെപ്പോഴോ അറിയാതെ കടന്നുവന്ന്‌ നിമിഷ നേരംകൊണ്ടു കീഴടക്കി വിസ്മയിപ്പിയ്ക്കും കുടുംബശ്രീയുടെ സൗമ്യസ്മിതം..!.

എല്ലാം ഒരു വിധം കൈപ്പിടിയിലൊതുങ്ങി എന്ന ആശ്വാസവുമായി അണിയിച്ചൊരുക്കിയ സ്വന്തം അരങ്ങില്‍ ആടിത്തിമിര്‍ക്കാന്‍ സമയംകണ്ടെത്തി ഒരുങ്ങിവരുമ്പോഴേയ്ക്കും മുടിയിഴകള്‍ നേര്‍ത്തു വെളുക്കാന്‍ തുടങ്ങിട്ടുണ്ടാകും, നെറ്റിയിലെ നിസ്‌ക്കാരത്തഴമ്പ്‌ കൂടുതല്‍ തെളിഞ്ഞുകാണാന്‍ തുടങ്ങിയിട്ടുണ്ടാകും,.അതിവിദൂരത്തല്ലാതെ ഒരുങ്ങിനില്‍ക്കുന്ന വാര്‍ദ്ധക്യത്തിന്റെ വരവറിയിച്ചുകൊണ്ട്‌ അസുഖങ്ങള്‍ ഓരോന്നായി വിരുന്നു വരാന്‍ തുടങ്ങും..സ്വസ്ഥമായ ജീവിതം വെറും സ്വപ്നം മാത്രമായി മാറും.

പറഞ്ഞുപറഞ്ഞ്‌ പതിവുപോലെ കാടു കയറി വീണ്ടും ബോറടിപ്പിയ്ക്കാന്‍ തുടങ്ങി മാഷ്‌,.. അല്ലെ,.

സോറി..വീണ്ടും പ്രൊഫയിലിലേയ്ക്കു മടങ്ങാം...ചുരുക്കത്തില്‍,വ്യക്തമായ ലക്ഷ്യങ്ങളൊന്നുമില്ലാതെ, കണ്ട മാറ്‌ ചന്തം എന്ന രീതിയില്‍ കെട്ടഴിഞ്ഞ പട്ടം പോലെ അലഞ്ഞുതിരിയുന്ന ഒരു യുവാവിന്റെ ജീവിതം മിക്കവാറും പ്രവാസത്തില്‍ ചെന്നെ അവസാനിയ്ക്കാറുള്ളു അക്കാലത്ത്‌.

ബാങ്ക്‌,പി.എസ്‌.സി,..എല്‍.ഐ.സി ഇങ്ങിനെ ഒരു വഴിപാടുപോലെ ടെസ്റ്റുകള്‍ ഒരുപാടെഴുതി....കുട്ടികളെ പഠിപ്പിയ്ക്കുന്ന തിരക്കില്‍ സ്വയം പഠിയ്ക്കാന്‍ മറന്നു..

അവസാനം എനിയ്ക്കും ഒരു ദിവസം വന്നു..ഒരു ടെസ്റ്റ്‌ ക്ലിക്കായി..അതും LIC ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍..!..ഇന്റര്‍വ്യൂ പാസായി..കോഴിക്കോടു ട്രെയിനിംഗ്‌,.എല്‍ ഐ സിയില്‍ വര്‍ക്കു ചെയ്യുന്ന ഒരു ബന്ധു വഴി വിവരങ്ങള്‍ എല്ലാം നേരത്തെ അറിഞ്ഞു..നാട്ടിന്‍പുറങ്ങളില്‍ ടൂവീലറൊന്നും ലാവിഷായി ലഭ്യമല്ലാതിരുന്ന ആ കാലത്ത്‌ എങ്ങിനെയൊ ഒരു സുഹൃത്തിന്റെ ബൈക്കില്‍ ഡ്രൈവിംഗ്‌ പഠിച്ചു.. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും തയ്യാറായി..

പക്ഷെ "ആദിത്യന്‍" അവിടെയും വില്ലനായി.!.വിധി ഏതോ ഒരു "അഭിലാഷ്‌ നായരുടെ" രൂപത്തില്‍ അവസാനനിമിഷം റാങ്ക്‌ ലിസ്റ്റില്‍ കൃത്രിമം കാണിച്ചു..ഞാന്‍ പുറത്തായി..

ഞെട്ടിപോയി,.. സഹിയ്ക്കാന്‍ കഴിഞ്ഞില്ല...പിന്നെ ഒന്നും ഓര്‍ത്തില്ല....കവിളില്‍ തലോടാനും മറുവാക്കു പറയാനും ഒരു കണ്ണീര്‍പൂവും സ്വന്തമായിട്ടുണ്ടായിരുന്നില്ല അന്ന്‌. പാടിയ പാട്ടുകളെല്ലാം ഈണം മറന്ന്‌ പഴംപാട്ടുകളായി എന്നോ മാറിയിരുന്നു ..അപൂര്‍വ്വമായി മാത്രം കണ്ടുമുട്ടുന്ന ചാറ്റല്‍മഴയും ഉച്ചവെയിലും പരസ്പരം പുണര്‍ന്ന്‌ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ഒരു ഒക്റ്റോബര്‍ മദ്ധ്യാഹ്നത്തില്‍ അധികമാരേയും അറിയിയ്ക്കാതെ തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്ന്‌ മൂന്നേകാലിന്റെ ജയന്തിജനതയില്‍ വലതുകാലുവെച്ചു കയറി..പ്രവാസത്തിന്റെ തുടക്കം...!

"ആവേശത്തിന്റെപുറത്ത്‌ സ്വയംമറക്കുന്ന ശീലവും.,.മറ്റുള്ളവരെ രസിപ്പിയ്ക്കാന്‍വേണ്ടിയുള്ള വേഷംകെട്ടലുമൊക്കെ മാറ്റിവെച്ച്‌ ജീവിതത്തെ കുറെകൂടെ ഗൗരവത്തോടെ സമീപിച്ചിരുന്നെങ്കില്‍,.വ്യക്തമായ പ്ലാനിങ്ങോടെ മുന്നോട്ടുപോയിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ബാങ്കുദ്യോഗം..! ജീവിതം തന്നെ മാറിപോകില്ലായിരുന്നോ.!.ഇനി പോകുന്നത്‌ ഭാഷ പോലും അറിയാത്ത തീര്‍ത്തും അപരിചിതമായ ഒരു ലോകത്തേയ്ക്കാണ്‌, അതു മറക്കേണ്ട,. അവിടെയെങ്കിലും അല്‍പ്പം കരുതല്‍, ഒതുക്കം.!".

ചെറുതുരുത്തിപാലം കടന്നുപോകുന്ന ട്രെയിനിന്റെ ജനലിനരികില്‍ വിലാപം ഉള്ളിലൊതുക്കി വിതുമ്പാതെ വിതുമ്പുന്ന എന്നെനോക്കി നിളയിലെ കുഞ്ഞോളങ്ങളില്‍ പരിചിതമായ പാദസരത്താല്‍ അലകളുണര്‍ത്തി ആരോ സ്നേഹപൂര്‍വ്വം മന്ത്രിയ്ക്കുന്നതുപോലെ തോന്നി..തോന്നുകയല്ല അവള്‍ മന്ത്രിയ്ക്കുക തന്നെ ചെയ്തു..!

അതുകേട്ട്‌ ആ നിമിഷം എന്നോടു സഹതാപം തോന്നിയിട്ടാവണം, നിളയില്‍ അന്തിനീരാട്ടിനൊരുങ്ങുന്ന ആദിത്യന്റെ മുഖവും വല്ലാതെ മങ്ങി...

ട്രെയിന്‍ വാളയാര്‍ ചുരം കടന്നുമുന്നോട്ടു കുതിയ്ക്കുമ്പോള്‍ ചുറ്റും കുറ്റാകൂരിരുട്ടായിരുന്നു.എന്നിട്ടും അതിര്‍ത്തി കടന്ന ആ മുഹൂര്‍ത്തത്തില്‍ മണ്ണിന്റെ മണത്തില്‍ വന്ന മാറ്റം ആ സങ്കടപ്പെരുമഴയിലും തിരിച്ചറിയാന്‍ എന്റെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞു....!പച്ചപ്പിന്റെ നാട്ടില്‍ നിന്നും മണല്‍പ്പരപ്പിന്റെ മഹാശൂന്യതയിലേയ്ക്ക്‌ അക്കരപ്പച്ചയും തേടി മനുഷ്യരാശിയുടെ ഒരിയ്ക്കലും അവസാനിയ്ക്കാത്ത പ്രവാസത്തിലേയ്ക്കുള്ള എന്റെ കാല്‍വെയ്പ്പും കണ്ണുനീര്‍ത്തുള്ളികള്‍ ഒരാഘോഷമാക്കി മാറ്റി.

കമ്പാര്‍ട്ടുമെന്റില്‍ ഒപ്പം യാത്ര ചെയ്തിരുന്ന യുവദമ്പതികളുടെ രണ്ടു വയസ്സുകാരന്‍ മകന്റെ നിറപുഞ്ചിരിയും കിളിക്കൊഞ്ചലുകളും ഏതു പ്രതിസന്ധിയിലും പൊലിയാത്ത പ്രത്യാശയുടെ ദീപനാളം പോലെ വെളിച്ചം പകര്‍ന്ന്‌ യാത്രയിലുടനീളം എന്നെ ആശ്വസ്സിപ്പിയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു...

"ദൈവത്തിന്റെ മാന്ത്രികകരങ്ങള്‍ എനിയ്ക്കുള്ളതെല്ലം തിരിച്ചെടുത്ത്‌ പകരം എന്റെ ബാല്യം തിരിച്ചു തന്നിരുന്നെങ്കില്‍,.! ഈ കുഞ്ഞിനെപോലെ എനിയ്ക്കുമൊന്നു നിഷ്ക്കളങ്കമായി പുഞ്ചിയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.! പഴയതെല്ലാം മാച്ചുകളഞ്ഞ്‌, ഒന്നു മുതല്‍ വീണ്ടും എല്ലാം അച്ചടക്കത്തോടേയും കരുതലോടേയും തുടങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....!"

വര്‍ത്തമാനകാലത്തോട്‌ പൊരുത്തപ്പെട്ടു ജീവിയ്ക്കാനറിയാത്ത ഒരു സാധാരണ മനുഷ്യന്റെ ഒരിയ്ക്കലും നിലയ്ക്കാത്ത ആകുലതകളുടെ വേലിയേറ്റത്തില്‍ ആടിയുലഞ്ഞു യാത്ര ചെയ്യുന്ന ആ നിമിഷങ്ങളില്‍ പാവം ആ കുഞ്ഞിന്‌ ഒരു മറുപുഞ്ചിരിയെങ്കിലും പകരമായി സമ്മാനിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞില്ല.

ഇതൊക്കെ എത്രയൊ കണ്ടിരിയ്ക്കുന്നു എന്ന പരിഹാസഭാവവുമായി ചൂളം വിളിച്ചും ആടിത്തിമിര്‍ത്തും മഹാനഗരവും ലക്ഷ്യമാക്കി ട്രെയിന്‍ കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു.......


(തുടരും)

കൊല്ലേരി തറവാടി
20/03/2011

Sunday, March 13, 2011

നീര്‍വിളാകന്‍ അറിയുവാന്‍...

നമസ്ക്കാരം സര്‍.. നെറ്റില്‍ വല്ലപ്പോഴും മാത്രം വരാന്‍ കഴിയുന്നതുകൊണ്ട്‌ താങ്കളുടെ "ശരിയത്ത്‌" ലേഖനം വായിയ്ക്കാന്‍ വൈകി, ഒപ്പം കമ്പനിയിലെ തിരക്കും കൂടിയായപ്പോള്‍ മറുപടി എഴുതാനും.. എഴുതി വന്നപ്പോഴാകട്ടെ ഒരു കമന്റിന്റെ, എന്തിന്‌ ഒരു പോസ്റ്റിനു ബൂലോകര്‍ ഇഷ്ടത്തോടെ കല്‍പ്പിച്ചു തന്നിട്ടുള്ള സ്ഥലപരിധിയും പതിവുപോലെ ഞാന്‍ ലംഘിച്ചു..!

സര്‍.. താങ്കളുടെ ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും മനസ്സിലാക്കുന്നു... ഭാരതത്തെ സ്നേഹിയ്ക്കുന്ന ഏതൊരു പൗരനും സ്വഭാവികമായും മനസ്സില്‍ തോന്നുന്ന വികാരങ്ങളാണ്‌ താങ്കള്‍ പ്രകടിപ്പിയ്ക്കാന്‍ ശ്രമിച്ചത്‌.. പക്ഷെ അതിനു തിരഞ്ഞെടുത്ത പരിഹാരമാര്‍ഗങ്ങളും ഉദാഹരണങ്ങളും എത്ര മാത്രം കൃത്യമായി എന്നതാണ്‌ ഇത്രയും തര്‍ക്കങ്ങള്‍ക്കു കളമൊരുക്കിയത്‌... ഏതൊരു രാജ്യത്താണെങ്കിലും ആ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചും ബഹുമാനിച്ചും അച്ചടക്കത്തൊടെ ജീവിയ്ക്കേണ്ടത്‌ ഒരു പ്രവാസി പൗരന്റെ ധാര്‍മിക ഉത്തരവാദിത്വവും കടമയുമാണ്‌. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളിലേയ്ക്കൊന്നും കടക്കുന്നില്ല... അല്ലെങ്കില്‍ തന്നെ അയല്‍പക്കത്തെ വലിയ മതില്‍ക്കെട്ടിനകത്ത്‌ എന്തു നടക്കുന്നുവെന്നു നോക്കി വിശകലനം ചെയ്ത്‌ അപ്പാടെ പകര്‍ത്തുന്നത്‌ സ്വന്തം വീട്ടിലെ പ്രശനങ്ങള്‍ക്ക്‌ ഒരിയ്ക്കലും ഒരു പരിഹാരമാകില്ലല്ലൊ.. ഓരോ വീട്ടുകാര്‍ക്കും ഓരോ രീതി എന്ന സാമാന്യ തത്വം അറിയാവുന്ന നമ്മളാരും അതിനു ശ്രമിയ്ക്കാറുമില്ല.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്‌, നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യം കിട്ടിയ ദിവസം മുതല്‍ ഒരു കുടുംബത്തിന്റെ അച്ചുതണ്ടിലായി നമ്മുടെ രാജ്യത്തിന്റെ ഭരണയന്ത്രം.. തുടക്കത്തില്‍ ആ കുടുംബത്തില്‍ കരുത്തരായ നേതാക്കള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ അതിന്റെ ഭവിഷ്യത്തു നാം തിരിച്ചറിഞ്ഞില്ല... പക്ഷെ ശാപം കിട്ടിയിട്ടെന്നപോലെ തലമുറകള്‍ കഴിയുംതോറും അവരുടെ കര്‍മ്മശേഷി കുറഞ്ഞുവന്നു... ജനങ്ങളുടെ ഹൃദയത്തിലേയ്ക്കിറങ്ങിചെന്ന്‌ രാജ്യത്തിന്റെ മനസറിയാന്‍ ശ്രമിയ്ക്കാതെ നാല്‍പ്പതാം വയസ്സിലും കമ്പ്യൂട്ടര്‍ ഗെയിംസ്‌ കളിച്ചുനടക്കാന്‍ മാത്രമറിയാവുന്ന അമൂല്‍ ബേബിമാരുടെ കുടുംബമായി അവസാനമതു മാറി.

പുറത്തു നിന്നും രാഷ്ട്രീയപാരമ്പര്യമുള്ള ഒരു നേതാവിനെ വളര്‍ത്തികൊണ്ടുവരുന്നതിന്റെ അപകടം നേരത്തെതന്നെ തിരിച്ചറിഞ്ഞ ആ കുടുംബം ചൊല്‍പ്പടിയ്ക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെ ഭരണനിയന്ത്രണത്തിനായി ആശ്രയിയ്ക്കാന്‍ തുടങ്ങി. തങ്ങളുടെ മേഖലകളില്‍ രാജ്യാന്തരതലത്തില്‍ തന്നെ കഴിവും ശേഷിയും തെളിയിച്ചവരാണെങ്കിലും പാവകളുടെ വ്യക്തിത്വം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത, മൗനത്തോടൊപ്പം വിധേയത്വവും ഭൂഷണമാക്കിയ, നേതൃപാടവത്തിന്റെ അര്‍ത്ഥമെന്തെന്നറിയാത്ത ആതമാഭിമാനവും തന്റേടവുമില്ലാത്ത കുറെ ബ്യൂറോക്രാറ്റുകളെ ജനാധിപത്യത്തിന്റെ താക്കോല്‍ തന്ത്രപൂര്‍വ്വം ഏല്‍പ്പിച്ചു..

ആരോ വിശേഷിപ്പിച്ചതുപോലെ പാവങ്ങളുടെ യാതനയും, ഇല്ലായ്മയുടെ വല്ലായ്മയും അറിയാതെ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച കുബേര പ്രതിഭകളാണ്‌ ഇവരില്‍ ഭൂരിഭാഗവും.. സ്മാര്‍ട്ട്‌ സിറ്റിയുടെ മധ്യസ്ഥനായി യൂസഫലിയ്ക്കു പകരം എന്തെ ശശി തരൂര്‍ വന്നില്ല.. IPL ടീമിനും കോമണ്‍വെല്‍ത്തു ഗെയിംസിനും കാണിച്ച ശുഷ്കാന്തി കാണിച്ചില്ല.. അവിടെ എന്തെ, കമ്മീഷണും വിയര്‍പ്പോഹരിയ്ക്കൊന്നും വകുപ്പില്ലായിരുന്നൊ..! അറിവും വിജ്ഞാനവും സാങ്കേതിക വിദ്യയുടെ അതിപ്രസരവും ആധുനികമനുഷ്യനില്‍ നന്മയുടെ സ്ഥാനത്ത്‌ സ്വാര്‍ത്ഥതയും ധനമോഹവുമാണ്‌ വളര്‍ത്തുകയെന്നതിന്‌ ഉത്തമോദാഹരണങ്ങളാണ്‌ ഇത്തരം സുഖലോലുപരായ ഉദ്യോഗസ്ഥപ്രഭുക്കന്മാര്‍. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ പറയണം സര്‍....

മോഹത്തിനു പോലും ദേശീയ നേതാവെന്ന്‌ വിശേഷിപ്പിയ്ക്കാന്‍ ഒരു നേതാവില്ലാത്ത പ്രസ്ഥാനമായി മാറി സ്വാതന്ത്ര സമരത്തിനു ചുക്കാന്‍ പിടിച്ച നമ്മുടെ ദേശീയ പ്രസ്ഥാനം.. ഭരണകൂടത്തിന്റെ അടുപ്പില്‍ നിത്യവും തീ പുകയാന്‍ വേണ്ടി പ്രാദേശിക നേതാക്കളുടെ കരുണയും നിധിയും തേടി അവരുടെ വീട്ടുപടിയ്ക്കല്‍ കൂട്ടികൊടുപ്പുമായി കാവല്‍ കിടക്കേണ്ട ഗതികേടിലായി ദേശീയപ്രസ്ഥാനത്തിനെ പാവ നേതാക്കള്‍.! കൂട്ടുകക്ഷിഭരണത്തില്‍ കൂട്ടിക്കൊടുപ്പിന്റെ അനിവാര്യത, മാന്യതയുടെ മുഖമൂടിയണിയുന്ന ഭരണധികാരികള്‍ക്കുപോലും നിഷേധിയ്ക്കാന്‍ കഴിയാത്ത ഇത്തരം ഒരു അവസ്ഥയില്‍ നമ്മുടെ രാജ്യത്ത്‌ എങ്ങിനെയാണ്‌ സര്‍ താങ്കളുദ്ദേശിയ്ക്കുന്ന നിയമവാഴ്ചകള്‍ നടപ്പിലാക്കപ്പെടുക.!

ഈ ദേശീയ ദുരന്തക്കാഴ്ചകളില്‍ നിന്നും നമുക്ക്‌ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കു വരാം.!

മദ്യവും ഒപ്പം മാധ്യമങ്ങളും പരസ്പരം മല്‍സരിച്ച്‌ അര്‍ബുദമായി പടര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടിന്റെ മനസാക്ഷി കാര്‍ന്നു തിന്നുന്നു.!

സര്‍, താങ്കള്‍ താങ്കള്‍ ശ്രദ്ധിയ്ക്കാറില്ലെ കുറ്റപത്രം, എഫ്‌ ഐ ആര്‍, ക്രൈം ഡയറി തുടങ്ങിയ പേരുകളില്‍ വരുന്ന പ്രോഗ്രാമുകള്‍... ഇവിടുത്തെ മാധ്യമത്തമ്പുരാക്കന്മാര്‍ എത്ര ഉത്തരവാദിത്വത്തോടേയാണ്‌ കുറ്റകൃത്യങ്ങള്‍ പഠിപ്പിയ്ക്കാനായി ദിവസവും പ്രൈം റ്റൈമിലെ അരമണിക്കൂര്‍ നീക്കി വെയ്ക്കുന്നത്‌.... ഒന്നോര്‍ത്തു നോക്കു സര്‍, ഇത്തരം പ്രോഗ്രാമുകള്‍ നിരന്തരം വീക്ഷിയ്ക്കുന്ന ഒരു ശരാശരി യുവാവിന്റ്‌ മാനസിക നിലയില്‍ അശ്വവേഗത്തിലുണ്ടാകുന്ന മാറ്റം..! ഒപ്പം അവന്റെ മനസ്സില്‍ മുളപൊട്ടുന്ന അതിമോഹങ്ങളില്‍ എന്‍ഡോസള്‍ഫാന്‍തുള്ളികള്‍ പകര്‍ന്നുകൊണ്ട്‌ 916 പോലും തോറ്റു പോകുന്ന സുന്ദരിമാരുടെ അകമ്പടിയോടേയുള്ള സ്വര്‍ണ്ണ-വസ്ത്ര-ഊര്‍ജങ്ങളുടെ ബഹിര്‍സ്പുരണം കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകും...

കാണാറില്ലെ സര്‍, ഇത്തരം പരസ്യങ്ങള്‍..?

നിഴലും വെളിച്ചവും ഭംഗിയായി കോര്‍ത്തിണക്കി തിളങ്ങുന്ന ആ സൗന്ദര്യത്തിടമ്പുകളുടെ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞ കാതിണകള്‍,മൂക്കൂത്തി തിളങ്ങുന്ന മൂക്കിന്‍ത്തുമ്പ്‌, മറയ്ക്കാന്‍ കഴിയാതെ നിസ്സഹായരാകുന്ന സ്വര്‍ണ്ണകൂമ്പാരങ്ങള്‍ നാണിച്ചു തലകുനിയ്ക്കുന്ന മുലക്കച്ചകൊണ്ടു മുഴുപ്പിയ്ക്കുന്ന വിസ്‌തൃതമായ മാറിടം, താഴെ അലങ്കരിയ്ക്കാന്‍ ചാര്‍ത്തിയ അരഞ്ഞാണത്തെ പോലും കൊതിപ്പിയ്ക്കുന്ന ചന്തമുള്ള പൊക്കിള്‍ചുഴിയും ഒപ്പം അണിവയറും.!. ഭാഗ്യം, പിന്നെ താഴോട്ട്‌ പാദസരം മാത്രം ധരിയ്ക്കാന്‍ പരമ്പരാഗതമായി മലയാളി മങ്കമാര്‍ ശീലിച്ചത്‌.അല്ലെങ്കില്‍..? എന്റെ ഈശ്വരന്മാരെ! വേണ്ട സര്‍, കൂടുതല്‍ ചിന്തിയ്ക്കാന്‍ മെനക്കേടേണ്ട... വെറുതെ എന്തിനാ.!

ആലുക്കാസ്‌..?, ചുങ്കത്ത്‌..?, മലബാര്‍ ഗോള്‍ഡ്‌.? കല്യാണ്‍,..? സൗന്ദര്യലഹരിയില്‍ വിസ്മയംപൂണ്ട്‌ കണ്ണു മഞ്ഞളിച്ച്‌ വിശ്വസ്ഥസ്ഥാപനം ഏതെന്ന്‌ തിരിച്ചറിയാന്‍ കഴിയാതെ കിതച്ചുതളരുന്ന നിമിഷങ്ങളില്‍ ആശ്വാസമായി ഊര്‍ജ്ജസ്രോതസ്സുകളുടെ പരസ്യപ്രവാഹം.. കുട്ടികള്‍, യുവതിയുവാക്കള്‍ തൈക്കിളവന്മാര്‍ ഒരാളേയും വെറുതെ വിടാതെ അവരുടെ രൂപത്തിനും പ്രായത്തിനും ചേരുന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഉത്തേജിപ്പിയ്ക്കുന്നു. ഒപ്പം ഇവിടം സ്വര്ഗ്ഗ‍മാണ്‌ എന്നാരും പറഞ്ഞുപോകുന്ന ഫ്ലാറ്റുകളുടെ മനോഹാരിതയും ഇന്‍ഷൂറന്‍സുകളുടെ പരിരക്ഷയും..!.

ഈ ഉത്തേജകനിമിഷങ്ങള്‍ നമ്മുടെ മനസ്സിനെ എങ്ങോട്ടാണ്‌ സര്‍, നയിയ്ക്കുക..? ഇണയുടെ താല്‍പ്പര്യങ്ങള്‍ക്കും, പരിധികള്‍ക്കും, പരിമതികള്‍ക്കുമപ്പുറം അതുവരെ അറിയാത്ത അനുഭവിയ്ക്കാത്ത എന്തൊക്കയൊ അനുഭൂതികളുണര്‍ത്തി ബെഡ്‌റൂമിലെ പാരമ്യ നിമിഷങ്ങള്‍ എങ്ങിനേയും വിസ്മയിപ്പിയ്ക്കുന്ന ഒരു മാമാങ്കമായി മാറ്റണമെന്നുള്ള വ്യാമോഹങ്ങളിലേയ്ക്കോ...!.

അവിഹിതബന്ധങ്ങളെ സാധൂകരിച്ചു പവിത്രവല്‍ക്കരിയ്ക്കുന്ന സീരിയിലുകള്‍ മലീമസമാക്കുന്ന കുടുംബാന്തരീക്ഷത്തിന്റെ മറവില്‍ ഇന്റര്‍നെറ്റിന്റെ നീലമഹാസാഗരവും കടന്ന്‌ അരാഷ്ട്രീയവല്‍ക്കരിച്ച കലാലയങ്ങളില്‍ നിന്നും പുറത്തുവരുന്ന യുവമനസ്സുകള്‍ "വനേസയുടെ" മീനിങ്ങും നിറവും അന്വേഷിച്ചലയുന്നു, അവരുടെ ടെക്‍നോമനസ്സുകളുടെ വികാരങ്ങള്‍ മാനിച്ച്‌ പൊതുനിരത്തുകളിലും പാര്‍ക്കുകളിലും കോണ്ടം തുപ്പുന്ന യന്ത്രങ്ങള്‍ സ്ഥാപിയ്ക്കാന്‍ നിര്‍ബന്ധിതരായിരിയ്ക്കുന്നു നമ്മള്‍.

തെരുവോരങ്ങളേയും അരാഷ്ട്രീയവല്‍ക്കരിച്ച്‌ സമൂഹത്തെ മൊത്തം ഷണ്ഡന്മാരാക്കി മാറ്റാനുള്ള കുത്സിതശ്രമങ്ങള്‍ക്ക്‌ ആക്കം കൂട്ടാന്‍ മറുവശത്തു മല്‍സരിയ്ക്കുന്നു ഇവരുടെ തന്നെ വാര്‍ത്താവിഭാഗങ്ങള്‍... ന്യൂസുകളെ പ്ലാന്റ്‌ ചെയ്ത്‌ മുതലാളിയുടെയും ഇഷ്ടക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ സംസ്ക്കരിച്ചെടുത്ത്‌ പ്രേക്ഷകരുട മനസ്സില്‍ കൃത്യമായി വിന്യസിയ്ക്കാനുള്ള ഇവരുടെ വൈദിഗ്ദ്യം എതിരാളുടെ ഉള്ളില്‍ പോലും മതിപ്പും ഒപ്പം അസൂയയും ജനിപ്പിയ്ക്കും..

ഭഗവത്‌ഗീതയും രാമായണവും ബൈബിളും ഉദ്ധരിച്ച്‌ ഭൗതികതയുടെ നിരര്‍ത്ഥകതയും ആത്മീയതയുടെ മഹത്വവും ഉദ്ഘോഷിയ്ക്കുന്ന അഭിനവ സ്വാമിമാരുടെ കാവിതിളക്കവും പാല്‍പുഞ്ചിരിയുമായാണ്‌ ചാനലുകളുടെ ഓരോ ദിവസത്തിന്റേയും ശുഭാരംഭം എന്നതാണ്‌ ഏറ്റവും വലിയവിരോധാഭാസം..!

സമൂഹമനസാക്ഷിയില്‍ കാപട്യത്തിന്റെ വിഷത്തുള്ളികള്‍ പടര്‍ത്തി മലീമസമാക്കിയതിന്‌ ആരാണ്‌ പ്രധാന ഉത്തരവാദികള്‍.. പറയണം സര്‍.. ആരോടാണിതിനൊക്കെ നന്ദി പറയേണ്ടത്‌..! എല്ലാറ്റിനും ആദ്യം, ഏറ്റവും ആദ്യം നന്ദിപറയേണ്ടത്‌ നമ്മുടെ ദൃശ്യമാധ്യമതമ്പുരാക്കന്മാരോട്‌ തന്നേയല്ലെ...? രാജ്യത്ത്‌ അഭിനവ ആഗോള സംസ്കാരത്തിന്റെ വിപണന സാധ്യതകള്‍ മനസിലാക്കി ഉപഭോഗ സംസ്കാരത്തിന്റെ വാണിഭപ്പുരകളക്കി മാറ്റാന്‍ കുടപിടിച്ചും ചൂട്ടുകത്തിച്ചും വാഴികാട്ടികളാകുന്ന ആ രാജ്യസ്നേഹികളെ ഭാവിയില്‍ രാജ്യം എങ്ങിനെയൊക്കെ ആദരിച്ചാലാണ്‌ സര്‍ മതിയാവുക...?

ഈ ഒരവസ്ഥയില്‍ സമൂഹത്തില്‍ ബലിയാടാവുന്ന സൗമ്യമാരുടെ എണ്ണം എങ്ങിനെ പെരുകാതിരിയ്ക്കും സര്‍? ഒറ്റക്കയ്യന്‍ തമിഴനെക്കുറിച്ചു ആവേശത്തോടെ വാചലാരാവുന്ന നമ്മള്‍ തീവണ്ടിയില്‍ നിന്നും വീണ കുട്ടിയുടെ നിലവിളി കേട്ടിട്ടും അപായച്ചങ്ങല വലിയ്ക്കാതെ അതു കേട്ടില്ലെന്നു നടിച്ച്‌ നിസ്സംഗത പാലിച്ച യാത്രക്കാരെ കുറ്റപ്പെടുത്താന്‍ മടിയ്ക്കുന്നു..

തിരക്കാണ്‌ സര്‍, എല്ലാവരും തിരക്കിലാണ്‌. വികസനത്തിന്റെ രഥത്തിലേറി മുന്നോട്ടുള്ള കുതിപ്പിനിടയില്‍ ചക്രത്തിനടിയില്‍ വീണുപിടയുന്ന സഹജീവിയെ കണ്ടില്ലെന്നു നടിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു നാം...

സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു നമ്മുടെ ലോകം.. 21 ഇഞ്ചു സ്ക്രീനില്‍ മനോരമയും കൈരളിയും ഇന്ത്യവിഷനും ഒരുക്കുന്ന വിദഗ്ദരുടെ മുമ്പില്‍ നമ്മള്‍ സ്വന്തം ചിന്താശേഷിയെ പണയം വെയ്ക്കുന്നു... അടുത്ത ഫ്ലാറ്റിലെ അയല്‍ക്കാരനെ പരിചയപ്പെടാന്‍ പോലും വിമുഖത കാണിയ്ക്കുന്ന നമ്മള്‍ അന്റാര്‍ട്ടിക്കയിലെയും ആസ്ട്രേലിയായിലേയും "സുഹൃത്തുക്കളുമായി" മണിക്കൂറുകളോളം കുശലം പങ്കുവെയ്ക്കാന്‍ നെറ്റില്‍ സമയം കണ്ടെത്തുന്നു.!

പുതിയതായി പെയിന്റടിച്ചു മനോഹരമാക്കിയ മതിലില്‍ റോഡിലൂടെ പോകുന്ന വാഹനത്തിന്റെ ടയറില്‍ തട്ടിതെറിയ്ക്കുന്ന കല്ലിന്‍കഷ്ണമേല്‍പ്പിയ്ക്കുന്ന ചെറുപാട്‌ കണ്ട്‌ വേദനിയ്ക്കുന്ന നമ്മുടെ മനസ്സിന്‌ മരം വീണു പൂര്‍ണമായും തകര്‍ന്ന അയല്‍ക്കാരന്റെ വീട്‌ വെറുമൊരു കാഴ്ച മാത്രമാകുന്നു..! നിറവും മണവും മസാലയും ചേര്‍ത്തൊരുക്കി ചാനലുകള്‍ "കഥയല്ലിതു ജീവിതം "എന്ന പേരില്‍ വിളമ്പുന്ന അന്യന്റെ കണ്ണീര്‍ അത്താഴമേശകളില്‍ നാവിന്റെ രസമുകുളങ്ങളെ ഉത്തേജിപ്പിയ്ക്കുന്ന വിഭവമായി മാറുന്നു.. ആ കുടുംബത്തെ നോക്കി സഹതപിയ്ക്കുന്ന നിമിഷങ്ങളില്‍ "നമുക്കിതു വന്നില്ലല്ലൊ" എന്നു സ്വയം ആശ്വസ്സിയ്ക്കുകയും ക്രൂരമായി ആനന്ദിയ്ക്കുകയം അല്ലെ സത്യത്തില്‍ നാം ചെയ്യുന്നത്‌..!

ആമയുടെ ജന്മമാണ്‌ സര്‍ ആധുനിക മനുഷ്യന്‌.. സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പൂര്‍ത്തികരണത്തിനായി മാത്രം അവന്‍ തല വെളിയിലേയ്ക്കിടുന്നു, ശിഷ്ട സമയം സമൂഹത്തില്‍ നിന്നുമകന്ന്‌ സ്വന്തം പുറംതോടിനുള്ളിലേയ്ക്കു മടങ്ങുന്നു.

"കുട്ടികള്‍ക്കാണെങ്കില്‍ പരീക്ഷയുടെ ടെന്‍ഷന്‍...! എനിയ്ക്കാണെങ്കില്‍ അവരുടെ ആരോഗ്യത്തിന്റേയും....“ പരസ്യത്തിലാണെങ്കില്‍ പോലും ധാരാളിത്വത്തിന്റെയും ആര്‍ഭാടത്തിന്റേയും ഉത്തുംഗശൃംഗത്തിലഭിരമിയ്ക്കുന്ന ആ അമ്മയുടെ മുഖം സമൂഹത്തിലെ ദരിദ്ര നാരയണന്‍മാരുടെ മക്കളുടെ ഹൃദയത്തിലേയ്ക്ക്‌ അസമത്വത്തിന്റെ അസംഖ്യം അണുക്കളേയല്ലെ പ്രസരിപ്പിയ്ക്കുന്നത്‌!.

നായ്ക്കളോടൊപ്പം കുഞ്ഞുങ്ങളും അലഞ്ഞുതിരിയുന്ന പുഴുവരിയ്ക്കുന്ന ഓടകളുള്ള ചേരിപ്രദേശങ്ങളില്‍തന്നെ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ "അറ്റ്‌ലാന്റിയ" കെട്ടിപൊക്കുന്നു നമ്മള്‍..!

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമാംവിധം വര്‍ദ്ധിയ്ക്കുന്ന, എന്തു വിലകൊടുത്തും ഉള്ളവനായി മാറാന്‍ എല്ലാവരും മോഹിയ്ക്കുന്ന ഒരു സമൂഹത്തില്‍നിന്നും എങ്ങിനെയാണ്‌ സര്‍ സാമൂഹ്യ സുരക്ഷിതത്വവും പ്രതീക്ഷിയ്ക്കുവാന്‍ നമുക്ക്‌ കഴിയുക...?

ഈ നെട്ടോട്ടങ്ങള്‍ക്കിടയില്‍ നോട്ടുകെട്ടുകളില്‍ ആലേഖനം ചെയ്ത്‌ വ്യഭിചരിച്ചയ്ക്കപ്പെട്ട്‌ അവഹേളിയ്ക്കപ്പെടുന്നു പാവം ആ മഹത്മാവിന്റെ നിഷ്കളങ്ക മുഖം.. ഇതിനു മാത്രം എന്തു തെറ്റാണ്‌ സര്‍ അദ്ദേഹം നമ്മളോടു ചെയ്തത്‌.... സ്വാതന്ത്ര്യം നേടിതരാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിച്ചതോ..?

എന്തുപറ്റി സര്‍ നമുക്ക്‌? ഇതാണോ ഒരു ഹൈടെക്‌ ആധുനിക മനുഷ്യന്റെ മുഖം.? ഇതാവണമായിരുന്നോ അവന്റെ രൂപഭാവങ്ങള്‍.?

ഒരു വശത്ത്‌ ഒറ്റക്കയ്യന്‌ കര്‍ശനശിക്ഷ വാങ്ങികൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന നമ്മള്‍ ഒന്നിലധികം പീഡനകേസുകള്‍ ആരോപിയ്ക്കപ്പെടുന്ന നേതാവിനെ സംശയത്തിന്റെ നിഴലില്‍പോലും നിറുത്താതെ ആദരിയ്ക്കുന്നു. കടലിനെ സാക്ഷിനിര്‍ത്തി, കടല്‍ത്തിരകളെ അമ്പരിപ്പിയ്ക്കുന്ന വിധത്തില്‍ ആര്‍ത്തിരമ്പി അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടിപുകഴ്ത്തുന്നു.. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന കാര്യങ്ങളല്ലെ, തേച്ചു മാച്ചു കളഞ്ഞതല്ലെ, എല്ലാവരും എല്ലാം മറന്നതല്ലെ എന്നൊക്കെ ആശ്വസ്സിയ്ക്കാവുന്നതിനുമപ്പുറം വഴിവിട്ടുള്ള ഔദ്യോഗിക സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലേയ്ക്ക്‌ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.. എന്നിട്ടും അദ്ദേഹം നമുക്കു നേതാവാണ്‌, അദ്ദേഹത്തിനു മാത്രമെ നമ്മെ നയിയ്ക്കാന്‍ കഴിയു.!

രാജ്യത്തെ പരമോന്നത കോടതി അഴിമതികുറ്റത്തിനു ശിക്ഷിച്ച മറ്റൊരു നേതാവിനെ ആര്‍പ്പും കുരവുയുമായി അഭിവാദ്യങ്ങളര്‍പ്പിച്ചും ആശീര്‍വദിച്ചും, ന്യായാസനങ്ങളെ വെല്ലുവിളിച്ചും ശകാരിച്ചും, ജയലിന്റെ പടിവാതില്‍ വരെ അനുഗമിച്ച്‌, ജയിലിലും അദ്ദേഹം തന്റെ "ദൗത്യം" തുടരട്ടെ എന്നാശംസിച്ച്‌ കണ്ണീരോടെ മടങ്ങുന്നു "സ്വന്തം" അനുയായികള്‍,. ഒപ്പം സഖ്യകക്ഷികളും..!

ഇതാണ്‌ സര്‍ നമ്മുടെ നാട്‌`..!

ഇത്തരം ഒരു നാട്ടില്‍ എങ്ങിനെയാണ്‌ സര്‍ താങ്കള്‍ മനസ്സില്‍കണ്ട അത്തരം കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുക.. അമ്മയെ തല്ലിയാലും മകന്റെ ജാതിയും മതവും രാഷ്ടീയസ്വാധീനവും നോക്കി മാത്രം ന്യായനായങ്ങള്‍ വിശകലനം ചെയ്യുന്നവരായി മാറിയിരിയ്ക്കുന്നു നാം മലയാളികള്‍.

പ്രവാസലോകവും ഇതില്‍നിന്നും ഒട്ടും വിഭിന്നമല്ല... പ്രവാസി എന്ന ഒറ്റ ലേബലില്‍ ഒതുങ്ങാതെ, അവകാശങ്ങള്‍ക്കായി ഒന്നിച്ചുനിന്നു പൊരുതാതെ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ലീഗുമായി ചേരി തിരിയുന്നു....

ശീതക്കാറ്റിന്റെ ഈര്‍പ്പവും, ഉഷ്ണക്കാറ്റിന്റെ വിയര്‍പ്പും, ഒപ്പം ജീവിതംതന്നെ പണയം വെച്ചു നമ്മളൊഴുക്കുന്ന കണ്ണുനീര്‍ത്തുള്ളികളും വീണുകുതിര്‍ന്ന ദിനാറും റിയാലും ചുടുനെടുവീര്‍പ്പുകള്‍കൊണ്ടുണക്കി എത്ര ആവേശത്തോടേയാണ്‌, എത്ര നിഷ്കളങ്കമായാണ്‌ ആ എണ്ണിചുട്ടുകിട്ടുന്ന അപ്പത്തിലെ ഒരു പങ്ക്‌ ഇവര്‍ക്കൊക്കെ സംഭാവനയായി നാം പകുത്ത്‌ നല്‍കുന്നത്‌..! അമ്മയും ഭാര്യയും മക്കളും അനുഭവിയ്ക്കേണ്ട, അവരുടെ നഷ്ടസ്വപ്നങ്ങളുടെയും മോഹഭംഗങ്ങളുടെയും വില ആരൊക്കയൊ, എവിടെയൊക്കയോ കൊണ്ടുപോയി എത്ര ഭംഗിയായാണ്‌ പങ്കുവെച്ചു രസിയ്ക്കുന്നത്‌....!

ഇയ്യിടെ ഒരു പരസ്യം കണ്ടു സര്‍... പ്രോഡക്ട്‌ ഏതാണെന്ന്‌ ഓര്‍ക്കുന്നില്ല... വിവരമില്ലാത്ത പാവമൊരു മൃഗമല്ലെ എന്ന അഹങ്കാരത്തില്‍ "കഴുതെ, കഴുതെ എന്നു വിളിച്ച്‌ മുന്നില്‍ നിന്നും ഗോഷ്ടി കാണിച്ചു വെറുപ്പിയ്ക്കുന്ന കുട്ടിയെ ക്ഷമ നശിച്ച കഴുത മുന്‍കാലുകൊണ്ട്‌ അടിച്ചു പറത്തുന്നു..!

കൗതുകം തോന്നി കണ്ടപ്പോള്‍ ഒപ്പം അത്ഭുതവും.. ഈശ്വരാ, കഴുതകള്‍ പോലും ശക്തമായി പ്രതികരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..! എന്നിട്ടും ആ വിശേഷണം ഭൂഷണമായി കരുതുന്നു..

ഇല്ല സര്‍ കൂടുതല്‍ എഴുതുന്നില്ല.. എഴുതാന്‍ തുടങ്ങിയാല്‍ സ്വയം മറന്നു പലതും എഴുതിപോകും...
എന്തിനു വെറുതെ.....? ഞാനും ഒരു ഭാരതീയനാണ്‌.... ജനാധിപത്യ വിശ്വാസി.... ആഗസ്റ്റ്‌ 15നും ജനുവരി 26നും ഒരു ചടങ്ങുപോലെ കൃത്യമായി "ഭാരതമാതാ കീ ജയ്‌" എന്നു ചെറുപ്പം മുതലെ വിളിച്ചു ശീലിച്ചവന്‍... എന്നിട്ടും, ചിലപ്പൊഴെങ്കിലും ആകാശത്തിന്റെ വടക്കുകിഴക്കെ കോണില്‍ ഒളിമങ്ങിയതെങ്കിലും ഊര്‍ജ്വസ്വലതയോടെ കത്തിനില്‍ക്കുന്ന ആ അരുന്ധതി നക്ഷത്രം എന്നെയും മോഹിപ്പിയ്ക്കാറുണ്ട്‌... അപ്പോഴെല്ലാം ഞാനെന്നെ ശാസിയ്ക്കും, ഉത്തമ പൗരനായി മാറും... എല്ലാം തികഞ്ഞ ഒന്നിനായി വ്യാമോഹിയ്ക്കാതെ കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്നിനായി പരതും.. കൂട്ടത്തില്‍ ഭേദം ഉമ്മനല്ല ഇപ്പോഴും മാമന്‍ തന്നെയാണെന്ന്‌ എളുപ്പത്തില്‍ തിരിച്ചറിയും...!


കൊല്ലേരി തറവാടി
12/03/2011

Sunday, March 6, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (മൂന്നാം ഭാഗം)

സമാന്തരലോകത്തിലൂടെ......
അമ്മ പറഞ്ഞതുപോലെ, ശുക്രദശ കഴിഞ്ഞ്‌ ആദിത്യന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു... പ്രയോജനമില്ലാതെ അലഞ്ഞുതിരിയേണ്ട കാലം. 

വ്യര്‍ത്ഥമായ കലാലയജീവിതത്തില്‍നിന്നും നേരേ ചേക്കേറിയത്‌ ജീവിതത്തിലെ മറ്റൊരു മായാലോകത്തേയ്ക്കായിരുന്നു.. പാരലല്‍കോളേജിന്റെ മാസ്മരികതയിലേയ്ക്ക്... വിരസമായ കണക്കിനെ എങ്ങിനെ ജനകിയവിഷയമാക്കി മാറ്റാമെന്ന്‌ തെളിയുക്കുകയായിരുന്നു ഞാന്.. നികേഷ്‌കുമാറും, ബ്രിട്ടാസും ടി വി ചാനലുകളൊന്നുമില്ലാത്ത അക്കാലത്ത്‌ സമകാലീന രാഷ്ട്രീയ,  സിനിമ, സാഹിത്യവിഷയങ്ങളെ മാത്‌സുമായി കൂട്ടിയിണക്കി വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായി. മലയാളം ക്ലാസുകളെ പിന്തള്ളി കണക്കുക്ലാസുകള്‍ നിറഞ്ഞു കവിഞ്ഞു.. രസിയ്ക്കുകയായിരുന്നു ഞാന്‍ രസിപ്പിച്ചു സ്വയം മറക്കുകയായിരുന്നു.!

പലപ്പോഴും കോമാളിവേഷത്തിന്റെ തലങ്ങളോളം വരെ എത്തി എന്റെ പ്രകടനങ്ങള്‍..! അല്ലാതെ എന്തു ചെയ്യാന്‍ കഴിയുമായിരുന്നു അന്നെനിയ്ക്ക്.. ഉള്ളിലെ കത്തുന്ന കനലില്‍ ഇത്തിരി വെള്ളം കോരിയൊഴിയ്ക്കാന്‍ ആരുമില്ലായിരുന്നു.മനസ്സൊന്നുതുറക്കാന്‍ നല്ലൊരു സുഹൃത്തുപോലുമില്ലായിരുന്നു ഒറ്റയാനായ എനിയ്ക്ക്‌.!

പിന്നെ ലഹരിപദാര്‍ത്ഥങ്ങള്‍.! ജീവനുള്ള ലഹരിയോടല്ലാതെ മറ്റൊരു ലഹരിയോടും ജീവിതത്തില്‍ ഇതുവരെ അഭിനിവേശം തോന്നിയിട്ടില്ല.ഒരിയ്ക്കലെങ്കിലും,അനുഭൂതി എന്തെന്നറിയാന്‍ വേണ്ടിയിട്ടെങ്കിലും ഒന്നു രുചിച്ചുനോക്കാന്‍ മോഹം തോന്നിയിട്ടില്ല.. മദ്യത്തിന്റെ മണമേല്‍ക്കാതെ,സിഗരറ്റിന്റെ പുകയേല്‍ക്കാതെ,പാന്‍മസാലയുടെ രുചിയറിയാതെ ജന്മലക്ഷ്യത്തിന്റെ പാതിയും വ്യര്‍ത്ഥമായ പാവം എന്റെ ചുണ്ടുകള്... പ്രവാസലോകത്തിലെ വാരന്ത്യ അപ്പാര്‍ട്ടുമെന്റ്‌ ആഘോഷങ്ങളില്‍ വല്ലാതെ ഒറ്റപ്പെടും ഇന്നും ഞാന്‍... പലരും പലകുറി നിര്‍ബന്ധിച്ചു... തോന്നിയില്ല.. ശീലങ്ങളും,ശീലക്കേടുകളും ശീലിയ്ക്കേണ്ട പ്രായത്തില്‍ ശീലിയ്ക്കണം.. ഈ ശീലക്കുറവുകള്‍കൊണ്ടുതന്നെയാകാം വിപുലമായൊരു സുഹൃത്‌വലയം ഉണ്ടാക്കാന്‍ എനിയ്ക്കു കഴിയാതെ പോയത്... ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കുമിടയിലും വെറുമൊരജ്ഞാതനായി ഒതുങ്ങാനുള്ള ത്വര എന്നില്‍ വളരാനും അത്‌ ഒരു കാരണമായിട്ടുണ്ടാകം.. 

ഏഴാംക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അച്ഛനോടൊത്തായിരുന്നു മദ്യശാലയിലേയ്ക്കുള്ള എന്റെ കന്നിയാത്ര. അതുകൊണ്ടുതന്നെയായിരിയ്ക്കാം അത്‌ ഒട്ടും രാശിയാവാതെ പോയത്.. തൃശ്ശൂര്‍ റീജിനല്‍ തിയറ്ററില്‍ നാടകം കാണാന്‍ പോയതായിരുന്നു ഞങ്ങള്... ഇന്റര്‍വെല്‍ സമയത്ത്‌ അവിടെവെച്ച്‌ അച്ഛന്‍ ഒരു പഴയകാല സുഹൃത്തിനെ കണ്ടുമുട്ടി.. നാടകം ആഘോഷത്തിനു വഴിമാറി.. നിമിഷങ്ങള്‍ക്കകം ഓട്ടോയില്‍ പാരഗണ്‍ റെസ്റ്റോറന്റിലെത്തി. ബാറിലെ ഇരുണ്ടുചുവന്ന വെളിച്ചം, പോട്ടാറ്റോ ചിപ്‌സ്‌.. ലൈംജൂസ്‌, അതുവരെ അറിയാത്ത രുചിയും മണവുമുള്ള ചുവന്ന ചിക്കന്‍കാലുകള്.. എല്ലാം ആ ഏഴാംക്ലാസുകാരന്‌ പുതുമയുള്ള അനുഭവങ്ങളായിരുന്നു.. പക്ഷെ, എന്തോ ആ പുതുമ എന്റെ മനസ്സില്‍ തികച്ചും വിപരീതഫലമാണുണ്ടാക്കിയത്.. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ കൂട്ടുകാരുമൊത്ത്‌ പിന്നേയും പലതവണ ബാറില്‍ പോകേണ്ടിവന്നിട്ടുണ്ട്‌.. നുരയും പതയും ചുരത്തി വശീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കൂട്ടത്തില്‍ പാവമായ ബിയറിനെപോലും അവഗണിച്ച്‌ ബാല്യത്തില്‍ രുചിയറിഞ്ഞ ബാറിലെ ലൈംജൂസിന്റെ മാധുര്യത്തില്‍ ഒതുങ്ങിപോകും അപ്പോഴൊക്കെ എന്റെ മധുപാന മോഹങ്ങള്‍...

"കണ്ടോ, കണ്ടോ... രാവിലെതന്നെ കൈ വിറക്കണ കണ്ടോ.!" ചുണ്ടില്‍ കള്ളച്ചിരിയുമായി നടനവൈഭവത്തിന്റെ അഭൗമനിമിഷങ്ങള്‍ അനായാസം സമ്മാനിയ്ക്കുന്ന വെള്ളിത്തിരയിലെ വിസ്മയമായ ലാലേട്ടന്റെ മാസ്മരിക വെള്ളമടിസീനുകള്‍ ഒഴികെ യഥാര്‍ത്ഥ ജീവിതത്തില്‍ നാലുപേര്‍ ഒന്നിച്ചിരുന്നു മദ്യപിയ്ക്കുന്നതും സ്വബോധം നഷ്ടപ്പെട്ടവരെ പോലെ വെറുതെ കരയുന്നതും ചിരിയ്ക്കുന്നതുമൊക്കെ കാണുമ്പോള്‍ വീര്‍പ്പുമുട്ടും.. വെറുപ്പു തോന്നും. കോണ്‍വെന്റുമുറ്റത്തെ വെയിലത്ത്‌ വിയര്‍ത്തൊലിച്ച്‌ ശ്വാസമടക്കി അസംബ്ലിയില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെപോലും വെല്ലുന്ന അച്ചടക്കത്തോടെ ബീവറേജസിനുമുമ്പില്‍ വരിവരിയായി നില്‍ക്കുന്ന ജനങ്ങളെ കാണുമ്പോള്‍ സഹതാപം തോന്നും.

ആ കുഞ്ഞുപ്രായത്തിലുള്ള എന്നേയുംകൂട്ടി ബാറില്‍ പോയത്‌ അച്ചന്റെ കുറ്റമല്ലായിരുന്നു. അങ്ങിനെയായിരുന്നു അച്ഛന്റെ രീതികള്. പാവമായിരുന്നു അച്ഛന്‍... മക്കളെ സുഹൃത്തുക്കളെപോലെ കരുതി ഇത്രയും ഫ്രീഡം നല്‍കിയ മറ്റൊരാളും ഉണ്ടായിരുന്നിരിക്കില്ല അക്കാലത്ത്. ഫിലിം സൊസൈറ്റികളുടെ വസന്തകാലമായിരുന്ന അന്ന്‌ അച്ഛനൊടോത്ത്‌ ഭാഷയും അര്‍ത്ഥവുമറിയാതെ എത്രയോ അവാര്‍ഡുസിനിമകള്‍ കണ്ടിരിയ്ക്കുന്നു.മമ്മുട്ടിയ്ക്കും ലാലേട്ടനുമപ്പുറം സ്കൂള്‍നാളുകളില്‍ കണ്ടുശീലിച്ച മുഖങ്ങളായ നസറുദ്ദീന്‍ ഷായും ഓംപുരിയും ശബാനാആസ്മിയും സ്മിതാപാട്ടിലും ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു..

അച്ഛന്‍ മരിച്ചിട്ട്‌ ഈ വരുന്ന മീനമാസത്തിലെ അശ്വതി നാളില്‍ പത്തു വര്‍ഷം തികയും... നേതൃപാടവം, വലിയൊരു സുഹൃദവലയം ഇതൊക്കെ അച്ഛന്റെ എടുത്തുപറയത്തക്ക പ്രത്യേകതകളായിരുന്നു.. ഒരുകാലത്ത്‌ നാട്ടിലെ എല്ലാവിധ കലാസാഹിത്യ സാംസ്കാരിക പരിപാടികളിലേയും മറ്റു ചടങ്ങുകളിലേയും നിറസാന്നിധ്യമായിരുന്നു അച്ഛന്.... അച്ഛന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള ഒരു മകനായി ഒരിയ്ക്കലും വളരാന്‍ കഴിഞ്ഞില്ല എനിയ്ക്ക്.. ആ രൂപഭാവങ്ങളൊഴിച്ച്‌ ശീലങ്ങളൊന്നും സ്വായത്തമാക്കാന്‍ കഴിഞ്ഞില്ല... പാവങ്ങളുടെ കണ്ണീരിനുമുമ്പില്‍ സ്വന്തം ആവശ്യങ്ങള്‍ മറന്ന്‌ പോക്കറ്റിലുള്ളതെല്ലാം എടുത്തുകൊടുക്കുന്ന ആ ദാനശീലമുള്‍പ്പടെ നല്ല ശീലങ്ങളൊന്നും കിട്ടിയില്ല... താന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ എന്റെ സജീവസാന്നിധ്യം മോഹിച്ചിരുന്നു അച്ഛന്.. പക്ഷെ അധികാരത്തിന്റെ ബലത്തില്‍ അടിയന്തരാവസ്ഥയെ കണ്ണടച്ചു പിന്താങ്ങിയ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചുപോകാന്‍ എനിയ്ക്കു കഴിഞ്ഞില്ല.. പാവം അച്ഛന്റെ മനസ്സു വേദനിപ്പിച്ച്‌ എതിര്‍ചേരിയില്‍ പ്രവര്‍ത്തിയ്ക്കാനും കഴിയില്ലായിരുന്നു.. ഹൈസ്കൂള്‍ പ്രായത്തില്‍തന്നെ സ്വന്തം ചിന്തകളും രീതികളും വളരാന്‍ തുടങ്ങിയിരുന്നു,.. പിന്നെ എല്ലാറ്റിനുമുപരിയായി രമചേച്ചിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്ന ശിങ്കിടയായി കറങ്ങിനടക്കാനായിരുന്നല്ലൊ അന്നെനിയ്ക്കു കൂടുതല്‍ താല്‍പ്പര്യം.. 

പതിനേഴുവര്‍ഷം കെട്ടിയാടിയ വിദ്യാര്‍ത്ഥിവേഷം അഴിച്ചുവെച്ച്‌ അവസാന കലാലയത്തില്‍ നിന്നും പുറത്തുകടന്നപ്പോള്‍ മേല്‍വിലാസം നഷ്ടപ്പെട്ട്‌ പെട്ടന്നൊരനാഥനായിമാറിയതുപോലെ തോന്നി... കോളേജു വിദ്യാഭ്യാസത്തിന്റെ അന്ത്യനാളുകള്‍ സമ്മാനിച്ച ആത്മവ്യഥയുമായി ഒന്നും ചെയ്യാനില്ലാതെ ചിറവരമ്പത്തും അമ്പലപറമ്പിലും വായനശാലപ്പടിയ്ക്കലും അലഞ്ഞു തിരിഞ്ഞ നാളുകള്‍ ഭയാനകമായിരുന്നു.. മരണം വരിയ്ക്കാന്‍ മോഹിച്ച ചില നിമിഷങ്ങളില്‍ തികഞ്ഞ ശൂന്യതയായിരുന്നു മുന്നില്‍..

കാലവര്‍ഷപ്പെരുമഴയില്‍ നിറഞ്ഞുമദിച്ചഹങ്കരിച്ചൊഴുകിയിരുന്ന വടക്കെച്ചിറയിലേയ്ക്കെടുത്തു ചാടി കരുവന്നൂര്‍പുഴയിലൂടെ ഒലിച്ചുപോയി അറബിക്കടലിലെത്തി അപ്രത്യക്ഷമാകാന്‍ മനസ്സ്‌ തുടിച്ചിട്ടുണ്ട്‌.

കലാലായത്തിന്റെ മുകള്‍ത്തട്ടില്‍ നിന്നും താഴോട്ടു പതിച്ച്‌ തകര്‍ന്നടിയുന്ന എന്റെ രക്തത്തുള്ളികള്‍ തെറിച്ചുവീണു അങ്കണത്തില്‍ കെട്ടികിടക്കുന്ന മഴത്തുള്ളികളില്‍ ചുവപ്പുരാശി പടരുന്നത്‌ സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നിട്ടുണ്ട്‌.

ഉറക്കം പിണങ്ങിനില്‍ക്കുന്ന ആ രാവുകളില്‍ ജനലിലൂടെ വടക്കെപാടത്ത്‌ കാറ്റിലാടുന്ന നെല്ലോലകളുടെ നിഴലുമായി ഒളിച്ചുകളിച്ചും നൃത്തംചെയ്തും രസിയ്ക്കുന്ന നിലാവിന്റെ നിഷ്കളങ്കതയെ അസൂയയോടെ നോക്കിനിന്ന്‌ കണ്ണുനീര്‍ വാര്‍ത്തിട്ടുണ്ട്‌.. മുറിയിലെ വെളിച്ചം കണ്ട്‌ പലപ്പോഴും അമ്മ ഉണര്‍ന്നുവരുമായിരുന്നു. തന്റെ മകനെന്തുപറ്റി എന്നോര്‍ത്തു അമ്പരക്കുമായിരുന്നു... വരാന്‍പോകുന്ന റിസള്‍ട്ടിനെകുറിച്ചുള്ള ആകുലതയാണ്‌ കാരണമെന്ന്‌ കരുതി സ്വയം ആശ്വസ്സിയ്ക്കുമായിരുന്നു, ആശ്വസ്സിപ്പിയ്ക്കുമായിരുന്നു... ബെഡ്ഡില്‍ക്കിടത്തി പുതപ്പിച്ച്‌ ഒരു കൊച്ചുകുട്ടിയെ എന്നപോലെ മൃദുവായി നെറ്റിയില്‍ തലോടി ഉറക്കുമായിരുന്നു..

എന്റെ അമ്മ.. മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വായിച്ചറിഞ്ഞ്‌ രക്ഷാവലയമൊരുക്കി ഒരു നിഴല്‍ പോലെ അന്നും ഇന്നും എന്റെ കൂടെയുണ്ട്‌.! 

സമാന്തരമായ ഏതെങ്കിലുമൊരു ലോകത്തേയ്ക്കുള്ള യാത്ര തീര്‍ത്തും അനിവാര്യമായിരുന്നു അന്ന്‌.. ഒരുതരത്തില്‍ ഒരൊളിച്ചോട്ടം... അതുവഴി ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ്‌.. നാലോ അഞ്ചോ വയസ്സുമാത്രം കുറവുള്ള നിഷ്ക്കളങ്കരായ ആ കൗമാരക്കുരുന്നുകള്‍ക്കിടയില്‍ അതിലും ചെറിയ കുട്ടിയാകാന്‍ കൊതിയ്ക്കുകയായിരുന്നു എന്റെ മനസ്സ്‌... എല്ലാം മറന്ന്‌ അവരില്‍ ഒരാളായെങ്കിലും മാറാന്‍ ശ്രമിയ്ക്കുകയായിരുന്നു ഞാന്‍.

ജയനും നസീറും നെടുമുടിയും ലാലും മമ്മുട്ടിയും ഉള്‍പ്പെടുന്ന ഗണവും അവര്‍ നായകന്മാരായി അഭിനിയച്ച സിനിമകളുടെ ഗണവും കൂട്ടിചേര്‍ത്ത്‌ ബന്ധങ്ങളും ഏകദങ്ങളും പഠിപ്പിയ്ക്കുന്ന അധ്യാപകന്‍ കുട്ടികള്‍ക്ക്‌ തീര്‍ത്തും പുതുമയായിരുന്നു.

"ഒട്ടകത്തിലെ പാട്ട്‌" കേള്‍ക്കാത്ത കുട്ടികള്‍ ഒട്ടകത്തിന്റെ ഓഡിയോകാസറ്റ്‌ തേടിനടന്നു..

കുലീനവും,.തറവാടിത്വവും നിറഞ്ഞ മയത്തിലുള്ള അശ്ലീലവും മാന്യമായ ദ്വയാര്‍ത്ഥപ്രയോഗങ്ങളും ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളെയാണ്‌കൂടുതല്‍ രസിപ്പിയ്ക്കുക എന്ന സത്യം തിരിച്ചറിഞ്ഞ കാലം. 

നര്‍മ്മബോധത്തിന്റെ പ്രസരിപ്പും കാല്‍പനികതയുടെ നിറക്കാഴ്ചകളുമായി ക്ലാസ്‌റൂമിനെ മാന്ത്രികലോകമാക്കി മാറ്റുന്ന യുവ അദ്ധ്യാപകന്‍ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ശ്രദ്ധയും ആരാധനയും പെട്ടന്നുതന്നെ പിടിച്ചുപറ്റി..

കാച്ചെണ്ണയുടെ ഗന്ധം ഇറ്റിറ്റു വീഴുന്ന ചുരുണ്ടമുടിതുമ്പിലെ തുളസിക്കതിര്, കടക്കണ്ണുകളിലെ തിരയിളക്കം,പാതിവിടര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍ തിളങ്ങിനില്‍ക്കുന്ന മുല്ലമൊട്ടുകള്,അടുത്തുവരുമ്പോള്‍ നാണംകൊണ്ടും സംഭ്രമംകൊണ്ടും ചുവന്നുതുടുക്കുന്ന നീണ്ടുവെളുത്ത മൂക്കിന്‍തുമ്പിലെ ഉയരുന്ന ഊഷ്മാവിനൊപ്പം ചുവക്കാന്‍ തുടങ്ങുന്ന വെള്ളക്കല്ലുമൂക്കുത്തി... അടുക്കാന്‍ ശ്രമിച്ച ചിലമുഖങ്ങളില്‍ ഒരു മുഖം ഇന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നു എനിയ്ക്ക്‌... ആരാധനയ്ക്കപ്പുറം ആ വെളുത്ത മുഖത്തു വിരിഞ്ഞിരുന്ന ചുവന്നുതുടുത്ത മോഹപ്പൂക്കളും പ്രണയഭാവങ്ങളും മനപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു.. അന്നത്തെ മാനസ്സികാവസ്ഥയില്‍ അതിനപ്പുറം മറ്റൊന്നിനും കഴിയില്ലായിരുന്നു എനിയ്ക്ക്.. അത്രയ്ക്കും നിസ്സംഗമായിരിന്നു എന്റെ മനസ്സ്‌.

സമപ്രായക്കാരനായ അദ്ധ്യാപകന്‍ തങ്ങളെ വെല്ലുന്ന രീതിയില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ഷൈന്‍ ചെയ്യുന്നു എന്ന തോന്നല്‍ കോളേജിലെ സീനിയര്‍ ചെത്തുപിള്ളേരില്‍ അസൂയയായി വളരാന്‍ തുടങ്ങിയിരുന്നു.

"കണക്കുക്കുക്ലാസിലെന്തിനാ ഇത്രയും തമാശയും പൊട്ടിച്ചിരിയും... നല്ല രീതിയില്‍ നടക്കുന്ന ഒരു സ്ഥാപനമാണിത്‌, അതു മറക്കേണ്ട.." ഒരുദിവസം പ്രിന്‍സി വിളിച്ചുപദേശിച്ചു.

പക്ഷെ ആ വര്‍ഷത്തിലെ പത്താംക്ലസ്സ്‌ ഫെയില്‍ഡ്‌ ബാച്ചിന്റെ റിസള്‍ട്ടു കണ്ട്‌ പ്രിന്‍സിയുടെ കണ്ണുതള്ളി.. മാത്‌സില്‍ എല്ലാവരും പാസായിരിയ്ക്കുന്നു. അതും ഫെയില്‍ഡ്‌ ബാച്ചുകളിലെ കുട്ടികള്‍ക്കു കിട്ടാവുന്നതില്‍വെച്ച്‌ പരമാവധി മാര്‍ക്കോടെ.. അതോടെ ഞാന്‍ പ്രിന്‍സിയുടെ വിശ്വസ്ഥനായിമാറി. 

"ഈശ്വരാ, ശമ്പളം കുറവായാലും സ്ഥിരവരുമാനമുള്ള ഒരു ജോലികിട്ടിയിരുന്നെങ്കില്‍ ഉടനെ ഇവനെ പിടിച്ചു പെണ്ണുകെട്ടിയ്ക്കാമായിരുന്നു."

അണിഞ്ഞൊരുങ്ങി "നളന്ദയേയും", "തക്ഷശിലയേയും" വെല്ലുന്ന കലാലയത്തിലേയ്ക്ക്‌ പോകാന്‍ "റഹ്‌മാന്റെ ചുവന്ന BSA സൈക്കിള്‍" സ്റ്റാര്‍ട്ടാക്കുന്ന എന്നെനോക്കി അമ്മ അമ്മായിയോടു കുശുകുശുക്കുന്നത്‌ കേട്ട്‌ ഒരു ദിവസം ഞാന്‍ ഞെട്ടി.!

പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍മക്കളെപറ്റി വ്യാകുലപ്പെടുന്ന അമ്മമാരെക്കുറിച്ചുകേട്ടിട്ടുണ്ട്... ഇതിപ്പോ ആണ്‍കുട്ടിയായ, അതും യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത സല്‍സ്വഭാവിയായ, നൂറുക്കണക്കിനു വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ, നാട്ടുകാരുടെ വിശ്വസ്ഥസ്ഥാപനത്തിലെ അധ്യാപകനായ എന്നെക്കുറിച്ചെന്തിനാണവോ അമ്മയ്ക്കിത്ര ഉത്‌കണ്ഠ.!ഒരുപക്ഷെ, കുശുമ്പായിരിക്കും.. ഞാനിങ്ങിനെ എല്ലാവരുടേയും പ്രിയങ്കരനായി ചെത്തിനടക്കുന്നതിലുള്ള അസൂയ.!. സുന്ദരിമാരായ പെമ്പിള്ളേരോട്‌ പ്രായമാകാന്‍ തുടങ്ങുന്ന പ്രായത്തിലും ആനചന്തം നിലനിര്‍ത്താന്‍ പാടുപെടുന്ന സുന്ദരിയമ്മമാര്‍ക്ക്‌ അസൂയ തോന്നുന്നത്‌ സ്വാഭാവികം., ഇത്‌ മകനോട്‌ അതും പ്രിയപുത്രനായ എന്നോട്! വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല... ഒരു പക്ഷെ ആരെങ്കിലും അമ്മയോട്‌ പരഃദൂഷണം പറഞ്ഞിരിയ്ക്കാം..അമ്മയതൊക്കെ കണ്ണടച്ചു വിശ്വസ്സിച്ചിരിയ്ക്കാം..

(തുടരും)

കൊല്ലേരിതറവാടി
06/03/11