Wednesday, February 15, 2012

വീണ്ടും കുറച്ചു ചാനല്‍ വെളിപാടുകള്‍...

ഒരിയ്ക്കല്‍ പറഞ്ഞുതീര്‍ത്ത വിമര്‍ശനത്തിന്റെ ഭാണ്ഡക്കെട്ടുത്തന്നെ വീണ്ടും എന്തിനു പുറത്തെടുക്കുന്നു കൊല്ലേരി.?. എന്റെ വരികളെ ഇഷ്ടപ്പെടുന്ന ബൂലോകത്തെ ആ അപൂര്‍വ്വം ചിലരുടെ നെറ്റി ചുളിയുന്നത്‌ കാണുന്നു ഞാന്‍..വിമര്‍ശനം,ആവര്‍ത്തനം മാധ്യമങ്ങള്‍ എപ്പോഴും പയറ്റുന്ന രീതി തന്നെയല്ലെ ഇത്‌ എന്ന ചോദ്യവും കേള്‍ക്കാതേയല്ല..മറ്റൊരാള്‍ക്കുനേരേ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകള്‍ എങ്ങോട്ടാണ്‌ ചലിയ്ക്കുന്നതെന്ന തിരിച്ചറിവോടുകൂടി തന്നെയാണ്‌ ഇതു കുറിയ്ക്കുന്നത്‌.

മുമ്പ്‌,സ്വയാശ്രയമോഹങ്ങള്‍ പൂവണിഞ്ഞ്‌ വിദ്യാഭ്യാസം പൂര്‍ണ്ണമായും വാണിജ്യവല്‍ക്കരിയ്ക്കുന്നതിനുമുമ്പ്‌, മതപ്രസ്ഥാനങ്ങള്‍ ഒരു മടിയുംകൂടാതെ മറനീക്കി രാഷ്ട്രീയവിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങുന്നതിനുമുമ്പ്‌.സമൂഹം ഒരു പുരോഹിതിനു കല്‍പ്പിച്ചുകൊടുത്തിരുന്ന സ്ഥാനവും ബഹുമാനവും ഓര്‍ക്കുന്നില്ലെ..നാട്ടിന്‍പുറത്തെ തെരുവുകളിലൂടെ ലാളിത്യത്തിന്റേയും നന്മയുടെയും പ്രതീകമായി സൈക്കിളില്‍ ഒഴുകിനീങ്ങിയിരുന്ന അദ്ദേഹത്തെ ജാതിമതഭേദമന്യെ ജനങ്ങള്‍ ബഹുമാനിച്ചിരുന്നു,ടയറിലെ എയറുകുറഞ്ഞ്‌ വേഗതയിത്തിരി കുറഞ്ഞാല്‍, അറിയാതെ പോലും ആ വെള്ളവസ്ത്രത്തില്‍ അല്‍പ്പം അഴുക്കു പുരണ്ടാല്‍.,നെറ്റിയൊന്നു വിയര്‍ത്ത്‌ മുഖത്തെ തേജസ്സിന്‌ അല്‍പ്പം മങ്ങലേറ്റാല്‍ അസ്വസ്ഥമാകുമായിരുന്നു സമൂഹം ഒന്നടങ്കം. അന്ന്‌ പുരോഹിതന്മാര്‍ക്കുണ്ടായിരുന്ന സാമൂഹികപ്രതിബദ്ധത അല്ലെങ്കില്‍ ഇന്നത്തെ ചുറ്റുപാടില്‍ ഒരര്‍ത്ഥത്തില്‍ അതിലും വലിയ ധാര്‍മ്മിക ഉത്തരവാദിത്വം ഓരോ മാധ്യമപ്രവര്‍ത്തകനും ഉണ്ടായിരിയ്ക്കണം എന്നു തോന്നാറുണ്ടെനിയ്ക്ക്‌...21" സ്ക്രീനിലൂടെ പലപ്പോഴും അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ സമൂഹമദ്ധ്യത്തിലേയ്ക്കു കടന്നു ചെല്ലുന്ന ദൃശ്യമാധ്യമങ്ങള്‍ സാംസ്കാരികമായും ഭൗതികമായും എന്തിന്‌ ആത്മീയമായിപോലും ജനമനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനം അത്രമാത്രം വലുതാണ്‌.സമൂഹമനഃസാക്ഷിയുടെ ചലനങ്ങള്‍,അതിലുപരി അഭിരുചികള്‍ വരെ നിര്‍ണ്ണയിയ്ക്കുന്നത്‌ മാധ്യമങ്ങളാണ്‌ എന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.പക്ഷെ, ഭാരിച്ച്‌ ഈ ഉത്തരവാദിത്വത്തിന്റെ ഗൗരവം, പരസ്പരമുള്ള മല്‍സരത്തിനിടയില്‍ പലപ്പോഴും ഓര്‍ക്കാതെ പോകുന്നു അവര്‍ ..TAM റേറ്റിങ്ങിലെ ഒന്നാംസ്ഥാനത്തിനായി എല്ലാം മറന്ന്‌ മുന്നോട്ടു കുതിയ്ക്കുന്നിതിനടയില്‍ തൊട്ടുമുന്നില്‍ വീണുകിടക്കുന്നവന്‍ പോലും അവര്‍ക്കിരകളാകുന്നു,നിര്‍ദ്ദയം ചവിട്ടിമെതിച്ചു കടന്നുപോകുന്ന നിമിഷവും കഥകള്‍ മെനയുന്നു.ധാര്‍മ്മികത പൂര്‍ണ്ണമായി നഷ്ടപ്പെട്ട്‌, മനഃസാക്ഷി മരവിച്ച്‌ മൂല്യച്ച്യുതിയുടെ വക്താക്കളായി മാറുന്നു ന്യൂനപക്ഷമെങ്കിലും..
ഉന്നതോഷ്മാവില്‍ ഉരുകിയൊലിച്ച്‌ ഉറകളായി മാറുന്ന പ്ലാസ്റ്റിക്‌തരികളുടെ മടുപ്പിയ്ക്കുന്ന ഗന്ധം നിറഞ്ഞ ഫാക്ടറിയന്തരീക്ഷത്തില്‍ ചിലവഴിയ്ക്കേണ്ടിവരുന്ന പന്ത്രണ്ടു മണിക്കൂറുകള്‍ക്കൊടുവില്‍ മകരനിലാവില്‍ മരവിച്ചുനില്‍ക്കുന്ന മരുഭൂമിയിലൂടെയുള്ള അരമണിക്കൂറലധികം നീണ്ട യാത്രയും കഴിഞ്ഞ്‌ റൂമിലെത്തി കമ്പിളിയുടുപ്പുകള്‍ ഊരിമാറ്റി വലിച്ചെറിയുന്നതിനുമുമ്പെ,ജോലിഭാരത്താല്‍ മരവിച്ച മനസ്സിനും ശരീരത്തിനും കുളിര്‍മ പകരാനായി പതിവുപോലെ അവയിലബിള്‍ ചാനല്‍ തുറന്നപ്പോള്‍ കാണാനിടയായ ഒരു പ്രോഗ്രാമിനോടു തോന്നിയ അമര്‍ഷവും അറപ്പുമാണ്‌ വീണ്ടും ഈ നീണ്ട പോസ്റ്റിനു നിദാനം..അത്രമാത്രം സങ്കടം തോന്നി അതു കണ്ടപ്പോള്‍ ഒപ്പം ലജ്ജയും.. 

ആശയസംഘട്ടനങ്ങളില്‍ നിന്നുമുടലെടുക്കുന്ന അസ്വാരസ്യങ്ങളുടേയും,വാദപ്രതിവാദങ്ങളുടേയും, കലഹങ്ങളുടേയുമെല്ലാം ലോകം നശ്വരമാണെന്നും ജീവിതത്തിന്റെ ഡയറിക്കുറിപ്പില്‍ കുറിച്ചുവെയ്ക്കപ്പെടുന്ന സൗഹൃദത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ മാത്രമെ ശാശ്വതമായി നിലനില്‍ക്കു എന്ന സന്ദേശം നല്‍കി, കാലമെത്ര കഴിഞ്ഞാലും,.ഋതുക്കളെത്ര കടന്നുപോയാലും വാടികൊഴിയാത്ത ഒരേ ഒരു പുഷ്പമയുള്ളു, ഒരു പെണ്ണിന്റെ ഹൃദയാരാമത്തില്‍ ഒരിയ്ക്കല്‍ പൊട്ടിവിടര്‍ന്നു കഴിഞ്ഞാല്‍പിന്നെ ജീവിതകാലം മുഴുവന്‍ പുതുമ നശിയ്ക്കാതെ സുഗന്ധം പരത്തുന്ന പ്രണയപുഷ്പം..!.തത്ത്വമസിയുടെ പൊരുളറിഞ്ഞിട്ടും,ഇത്രയും ലളിതവും മനോഹരവുമായ സത്യം എന്തെ താന്‍ ഇതുവരെ അറിയാതെപോയി എന്ന അമ്പരപ്പിനുമപ്പുറം, അന്ത്യനിമിഷങ്ങള്‍ക്ക്‌ തൊട്ടുമുമ്പെങ്കിലും അതിനുള്ള ഭാഗ്യമുണ്ടായല്ലൊ എന്ന നിര്‍വൃതിയില്‍ ലയിച്ച്‌ മരണശയ്യയിലെ വേദനകള്‍ക്കിടയില്‍പോലും അപൂര്‍വ്വാനുഭവങ്ങളുടെ അസംഖ്യം സന്ദര്‍ഭങ്ങളൊരുക്കി കണ്ണുനീര്‍ത്തുള്ളികള്‍ക്കൊപ്പം വിസ്മയത്തിന്റേയും ചിന്തകളുടെയും അഭൗമ നിമിഷങ്ങള്‍ സമ്മാനിച്ച്‌ പിരിഞ്ഞുപോയ അഴിക്കോട്‌ മാഷെ അനുസ്മരിയ്ക്കുന്ന ആ പ്രോഗ്രാമിന്റെ അവസാനഭാഗമാണ്‌ ഞാന്‍ കണ്ടത്‌..അഴിക്കോട്‌മാഷ്‌ മോഹന്‍ലാലിനെ പച്ചയ്ക്കു പച്ചയായി വിമര്‍ശിയ്ക്കുന്നു,!...അതിനു മോഹന്‍ലാലിന്റെ ചുട്ട മറുപടി..!തീര്‍ന്നില്ല.."ആ കാര്‍ന്നോര്‍ക്ക്‌ രാമനാമം ജപിച്ച്‌ മിണ്ടാതിരുന്നു കൂടെ." ഇന്നസെന്റിന്റെ ഇടപെടല്‍.!.അതിന്‌ സ്വതസിദ്ധശൈലിയില്‍ ഉരുളയ്ക്കുപ്പേരിയുമായ മാഷുടെ മറുപടി..!!

പരിഭവങ്ങള്‍, പരാതികള്‍ പിണക്കങ്ങള്‍ എല്ലാം പറഞ്ഞുതീത്ത്‌ ഒരു കടവും ബാക്കിവെയ്ക്കാതെ തെളിഞ്ഞ മനസ്സും,ശൂന്യമായ കൈകളുമായി ഹജ്ജിനുപോകുന്ന ഒരു തീര്‍ത്ഥാടകനുസമാനം സ്വന്തം ഭൂമിയില്‍നിന്നും ഇതിലും വലിയ മറ്റേതോ ലോകത്തേയ്ക്കു യാത്രയായ ആ മഹത്മാവിന്റെ പട്ടടയുടെ ചൂടാറും മുമ്പെ എന്തിനായിരുന്നു വീണ്ടും ഈ വിഴുപ്പലക്കല്‍..ആരെ രസിപ്പിയ്ക്കാനായിരുന്നു.എല്ലാരും എന്നെ മറന്നതല്ലെ അതെല്ലാം ?

ആ പുളിച്ച ട്രിക്സ്സിനൊടുവില്‍ അവതാരകന്റെ മുഖത്തു വിരിഞ്ഞ നികൃഷ്ടമായ ആ പുഞ്ചിരിയുണ്ടല്ലോ അതു കണ്ടപ്പോള്‍ പരദൂഷണത്തിനും നാരദപണിയ്ക്കുമൊടുവില്‍ കേട്ടു നില്‍ക്കുന്നവരുടെ ദേഹത്തേയ്ക്കു തെറിയ്ക്കുമോ എന്നൊന്നും ചിന്തിയ്ക്കാതെ, ഒരൗചിത്യവുമില്ലാതെ വായ്‌ മുഴുവന്‍ തുറന്ന്‌ മുറുക്കാന്‍തുപ്പല്‍ ചുറ്റിലും തെറിപ്പിച്ച്‌ പരിഹാസത്തോടെ ചിരിയ്ക്കുന്ന ആശാരിച്ചി കുറുമ്പയേയാണ്‌ എനിയ്ക്കോര്‍മ്മ വന്നത്‌.എന്റെ കുട്ടിക്കാലത്തു ഞങ്ങളുടെ നാട്ടിലെ പേരുടെത്ത പരദൂഷണക്കാരിയിരുന്നു കുറുമ്പ.എഴുപതു വയസ്സോളം.നല്ല വെളുത്ത നിറം.നീണ്ട മൂക്ക്‌, തോടയിട്ടു നീണ്ടുപോയ കാതുകള്‍ ഒത്ത ഉയരം. പരിഹാസം നിറഞ്ഞുതുളുമ്പുന്ന ചിരി.പോരാത്തതിന്‌ ഒന്നൊന്നരമുഴം നീളമുള്ള നാക്കിന്‌ വല്ലാത്ത മൂര്‍ച്ചയായിരുന്നു.,ഏതു കൊച്ചുകാര്യവും പൊടിപ്പുംതൊങ്ങലും ചേര്‍ത്ത്‌ പെരുപ്പിച്ചുകാട്ടി കേള്‍വിക്കാരെ രസിപ്പിയ്ക്കാനുള്ള കഴിവ്‌ അപാരമായിരുന്നു..ഇന്ന്‌ ഈ നൂറ്റാണ്ടിലാണ്‌ അവര്‍ ജീവിച്ചിരുന്നതെങ്കില്‍ ചാനലുകാര്‍ മല്‍സരിച്ച്‌ ചോദിയ്ക്കുന്ന കാശും കൊടുത്ത്‌ കൊത്തിക്കൊണ്ടുപോയി ഇത്തരം പ്രോഗ്രാമുകളുടെ മുന്‍ നിരക്കാരിയാക്കിയേനെ അവരെ.. 

പ്രണയങ്ങള്‍,വേലിചാട്ടങ്ങള്‍,അവിഹിതഗര്‍ഭങ്ങള്‍,അലസിപ്പിയ്ക്കല്‍, മരണങ്ങള്‍,ഒഴിമുറികേസുകള്‍, ,ഗ്രാമയക്ഷിയെചൊല്ലി പഞ്ചയാത്താപ്പീസില്‍ മെമ്പറുമാരുടെ ഇടയില്‍ നടന്ന കടിപിടികള്‍ .എന്തിന്‌ പേര്‍ഷ്യേന്ന്‌ അവധിയ്ക്കു വന്ന പദ്‌മനാഭേട്ടന്റെ പെട്ടി തുറന്നപ്പോള്‍ അതിന്റെ അറകള്‍ക്കുള്ളില്‍ അടക്കിവെച്ചിരിയ്ക്കുന്ന സ്വര്‍ണ്ണശേഖരത്തിന്റെ കാഴ്ച..ഇങ്ങിനെ നാട്ടിലെ ഒരുപിടി വാര്‍ത്തകളുമായി വടിയും കുത്തിപിടിച്ച്‌ ഓരോ ദിവസം ഓരോരോ വീടുകളില്‍ കയറിയിറങ്ങുമായിരുന്നു അവര്‍..ഭാഗ്യത്തിന്‌ സ്കൂളില്ലാത്ത ശനിയാഴ്ചകളില്‍ രാവിലെ പത്തുമണിയോടേയാണ്‌ എന്റെ വീട്ടില്‍ അവരെത്താറ്‌.."കുട്ടികള്‍ക്കു കേക്കേണ്ട കാര്യങ്ങളല്ലിത്‌,പോയിരുന്ന്‌ പഠിയ്ക്കു..അല്ലെങ്കില്‍ എന്തെങ്കിലും കളിയ്ക്കു." അമ്മ കണ്ടാല്‍ വഴക്കുപറയുമെന്നറിയാമായിരുന്നതുകൊണ്ട്‌ ചെവിയും കൂര്‍പ്പിച്ച്‌ അടുക്കളവാതിലിന്റെ പുറകില്‍ മറഞ്ഞിരുന്ന്‌ വള്ളിപുള്ളിവിടാതെ എല്ലാം കേള്‍ക്കുമായിരുന്നു ഞാനും അപ്പുറത്തെ വീട്ടിലെ രമചേച്ചിയും. ചാനലുകളും സീരിയലുകളും ഇല്ലാത്ത കാലം..മംഗളവും മനോരമയും അത്രയേറെ പ്രചാരം നേടി തുടങ്ങിയിരുന്നുമില്ല അന്ന്‌.സ്വാഭാവികമായും ഇത്തരം കഥകള്‍ ഇഷ്ടപ്പെടുന്ന എല്ലാവീട്ടമ്മമാര്‍ക്കും അവരെ കാര്യമായിരുന്നു.അത്യാര്‍ത്തി ഇല്ലായിരുന്നു അവര്‍ക്ക്‌,വയറു നിറച്ച്‌ കഞ്ഞി,ഒരു നാളികേരം,.ഒരുകഷ്ണം പുകല, നാഴി അരി,തൊടിയില്‍ നിന്നും കിട്ടുന്ന കുറച്ചടയ്ക്ക, വെറ്റില,നാലണ അല്ലെങ്കില്‍ എട്ടണ...അതുകൊണ്ടൊക്കെ തൃപ്തിയടയുമായിരുന്നു അവര്‍. ജേണലിസത്തിന്റെ വലിയ വലിയ പരൂഷകളൊന്നും പാസാകാതെ,ടൈയും കോട്ടും സ്യൂട്ടുമൊന്നുമണിയാതെ, രംഗസജ്ജികരണം,കാമറ ഇത്തരം സന്നാഹങ്ങളൊന്നുമില്ലാതെ ലാളിത്യത്തില്‍ പൊതിഞ്ഞ നിഷ്കളങ്കമായ ആ പരദൂഷണാവതരണ രീതിയ്ക്ക്‌ കൂടുതല്‍ ചന്തമുണ്ടായിരുന്നു എന്നു തോന്നുന്നു ഇപ്പോളത്തെ പലരുമായി ഒരു താരതമ്യത്തിനൊരുങ്ങുന്ന എന്റെ മനസ്സിന്‌.

ഗ്രാമീണതയുടെ അടക്കത്തോടെ,.ഇല്ലായ്മ സമ്മാനിയ്ക്കുന്ന ദൈന്യത നിറഞ്ഞ ഒതുക്കത്തോടെ ഒരു ചാണ്‍ വയറിനു വേണ്ടിയുള്ള അഭ്യാസപ്രകടനം മാത്രമായിരുന്നു പാവം കുറുമ്പ അന്ന്‌ നടത്തിയിരുന്നത്‌.!

ഇന്നോ.?.വല്ലാതെ മാറിയിരിയ്ക്കുന്നു മാധ്യാമാന്തരീക്ഷം തന്നെ. പക്വതയില്ലായ്മ,വിവേകരാഹിത്യം,കാര്യകാരണവിവേചനം കൂടാതെയുള്ള സമീപനങ്ങള്‍,അനുഭവങ്ങളുടെ അപരാപ്ത്യത,ചരിത്രാവബോധത്തിന്റെ അഭാവം സമ്പന്നതയുടെ അതിപ്രസരം,സുഖലോലുപത ഇതൊക്കയല്ലെ ആധുനിക ജേണലിസത്തിന്റെ മുഖമുദ്രകള്‍.കക്ഷത്തില്‍ ഡയറിയും ചുണ്ടില്‍ മുറിബീഡിയും പൊരിയുന്ന വയറുമായി നീതിയ്ക്കുവേണ്ടി പൊരുതി സമൂഹത്തില്‍ അലഞ്ഞിരുന്ന പട്ടിണിക്കാരായ പത്രപ്രവര്‍ത്തകരുണ്ടായിരുന്നു നാട്ടില്‍ എന്ന്‌ ഇന്നത്തെ കുട്ടികളെ എങ്ങിനെ വിശ്വസ്സിപ്പിയ്ക്കാന്‍ കഴിയും നമുക്ക്‌, പഴയകാല സിനിമകളുടെ സീഡി കാണിച്ചു കൊടുക്കേണ്ടി വരും അല്ലെ.

ഞാനോര്‍ക്കുന്നു എന്റെ സ്ക്കൂള്‍ പ്രായത്തില്‍ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ വായിയ്ക്കാതെ ഉറങ്ങാന്‍ പാടില്ല എന്ന്‌ അച്ഛന്‌ നിര്‍ബന്ധമായിരുന്നു..ഇന്ന്‌ ഏതു പത്രത്തിന്റെ എഡിറ്റോറിയല്‍ വായിയ്ക്കാനാണ്‌ ഞാനെന്റെ മകനോടു പറയേണ്ടത്‌.! അടിയന്തരാവസ്ഥയുടെ നാളുകളില്‍ എഡിറ്റോറിയല്‍ കോളം ശ്യൂന്യമാക്കി പത്രസ്വാതന്ത്രധ്വംസനത്തിനെതിരെ എത്ര അര്‍ത്ഥഗര്‍ഭമായാണ്‌ പല പത്രങ്ങള്‍ക്കും പ്രതികരിയ്ക്കാന്‍ കഴിഞ്ഞത്‌ അന്ന്‌..ഇന്നോ..? എഡിറ്റോറിയല്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും മറന്നിരിയ്ക്കുന്നു പലരും,പല പത്രാധിപന്മാര്‍ക്കും അതൊരു അനാവശ്യ കോളമായി മാറിയിരിയ്ക്കുന്നു.

ഹരിശ്രീകുറിയ്ക്കുന്ന നാളുതൊട്ടെ പത്രവായനയിലൂടെ തുടങ്ങുന്ന മലയാളി മനസ്സിന്റെ വാര്‍ത്തമോഹങ്ങളിലേയ്ക്ക്‌ ദൃശ്യവിന്യാസങ്ങളുടെ മാസ്മരികലോകമൊരുക്കുന്ന അനന്തമായ വിപണനസാധ്യതകള്‍ മനസ്സിലാക്കിട്ടാവാം കൂണുപോലെ മുളച്ചുപൊങ്ങുന്ന് ന്യൂസ്‌ചാനലുകള്‍ സമൂഹത്തിന്‌ ഭാരവും ഒപ്പം ശാപവുമായി മാറാന്‍ തുടങ്ങിയിരിയ്ക്കുന്നു.
വേട്ടക്കാരന്റെ മനസ്സില്‍ ഇരയ്ക്കെന്നും ഒരേ മുഖമേയുള്ളു.ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ ചിന്തകളിലും..മുന്നില്‍ വന്നുപെടുന്ന ഇര ഒരു മനുഷ്യനാണെന്നുപോലും ഓര്‍ക്കില്ല പലരും.അവന്റെ അവസ്ഥ,ചുറ്റുപാടുകള്‍, ഇതുമൂലം അവനുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഇതൊന്നും ആഴത്തില്‍ ചിന്തിയ്ക്കാന്‍ മിനക്കെടില്ല..പ്രൊഫഷനിലെ മിടുക്ക്‌,വേഗത.മംസത്തിന്റെ തിളക്കം മങ്ങുമുമ്പെ,രക്തത്തിന്റെ മണം മാറുമുമ്പെ ഏറ്റവും വേഗത്തില്‍,കഴിയുമെങ്കില്‍ എക്‍സ്‌ക്ലൂസ്സിവായിത്തന്നെ സ്ക്രീനില്‍ എത്തിയ്ക്കണം.അതുമാത്രം,അതുമാത്രമാകും ലക്ഷ്യം. ഈ വ്യഗ്രതയില്‍ ക്യാമറയുടെ കഴുകന്‍ കണ്ണുകള്‍ പലപ്പോഴും അമ്മയേയും സഹോദരിയേയും തിരിച്ചറിയാതെ പോകുന്നു..ഇക്കഴിഞ്ഞ നവവല്‍സര സന്ധ്യക്ക്‌ കേരളത്തിലെ ഒരു മെട്രൊ നഗരത്തില്‍ കയ്യില്‍ ബിയര്‍കുപ്പികളും,ചുണ്ടില്‍ ഉത്സവലഹരിയുടെ തരിപ്പുമായി തെരുവിലൊടെ ആര്‍മാദിച്ചലയുന്ന കുറെ കോളേജുകുമാരികള്‍ ചെന്നുപെട്ടത്‌ ഈ കണ്ണുകള്‍ക്കു മുന്നിലായിരുന്നു..എങ്ങിനെയൊക്കെ ആങ്കലേയ സംസ്കാരം അനുകരിയ്ക്കാന്‍ ശ്രമിച്ചാലും ഉള്ളിന്റെയുള്ളില്‍ പൈതൃകമായി കിട്ടിയ മലയാണ്മ ഇനിയും പൂര്‍ണ്ണമായി കൈമോശം വന്നിട്ടില്ലല്ലൊ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌,അതുകൊണ്ടാവം"അരുത്‌ തങ്ങളെ ചിത്രികരിയ്ക്കരുത്‌."ആംഗ്യഭാഷയില്‍ അഭ്യര്‍ത്ഥിച്ചു ചിലര്‍, ബിയര്‍കുപ്പികള്‍കൊണ്ട്‌ മുഖം മറയ്ക്കാന്‍ ശ്രമിച്ചു മറ്റുചിലര്‍...ആരു കേള്‍ക്കാന്‍..!അതും ഭംഗിയായി ഒപ്പിയെടുത്തു സംപ്രേക്ഷണംചെയ്തു.എത്രയൊക്കെ ആധുനികത അവകാശപ്പെട്ടാലും ഉള്ളിന്റെയുള്ളില്‍ യാഥാസ്ഥികരാണ്‌ ഇന്നും പല രക്ഷിതാക്കളും പ്രത്യേകിച്ച്‌ വിവാഹകമ്പോളത്തില്‍, എന്തിന്‌ ചില നവവരന്മാര്‍ പോലും...ഒരു പക്ഷെ ഇത്തരമൊരു ദൃശ്യം കേരളമാട്രിമോണിയലിനുപോലും രക്ഷിയ്ക്കാന്‍ കഴിയാത്തവിധം..ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തു കളയില്ലെന്നാരു കണ്ടു...
ആരോടു ചോദിയ്ക്കാന്‍ .?.
അല്ലെങ്കില്‍ ചാനലുകാരെ മാത്രം എന്തിനു പറയണം..നാട്ടില്‍ പട്ടണങ്ങളിലെ പാതായോരങ്ങളില്‍, ദുബായിലെ പൂരപ്പറമ്പില്‍ മൈക്കും ക്യാമറയുമായി ഇരയെ കാത്തു പതുങ്ങിനില്‍ക്കുന്ന അവതാരകന്റേയും അവതാരകയുടെയും മുന്നില്‍ ചെന്നുപ്പെട്ടാല്‍ സ്വയം മറക്കും നമ്മളില്‍ പലരും..മറ്റേതോ ഗ്രഹത്തില്‍നിന്നും വന്ന ഉപരിവര്‍ഗത്തില്‍പ്പെട്ട ആരുടേയൊ മുന്നിലാണ്‌ നില്‍ക്കുന്നതെന്നവണ്ണം പരിഭ്രമിയ്ക്കും,അവരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ തൊണ്ടയിലെ ഉമിനീരുവറ്റും,ശബ്ദം വല്ലാതെ താണുപോകും.അവരൊരുക്കുന്ന പരിഹാസ തിരക്കഥയുടെ താളത്തിനു ചാഞ്ചാടികളിയ്ക്കുന്ന കഥാപാത്രങ്ങളായി മാറും,.സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ പെട്ടവര്‍പോലും.ചാനല്‍ പ്രോഗ്രാമുകളില്‍ ഭര്‍ത്താവ്‌ ഭാര്യേ അനുകരിയ്ക്കും, ഭാര്യ തിരിച്ച്‌ ഭര്‍ത്താവിനേയും.. നാളെ മുന്നില്‍ വലിയൊരു കലത്തില്‍ ചുടുചോറ്‌ വെച്ചുകൊടുത്താല്‍ രണ്ടുപേരും മല്‍സരിച്ച്‌ കയ്യിട്ടു വാരും, ലക്ഷക്കണക്കിന്നു കണ്ണുകളിലെ പരിഹാസം ഏറ്റുവാങ്ങുകയാണ്‌ തങ്ങളെന്ന സത്യം ഒരു നിമിഷമെങ്കിലും ഓര്‍ക്കാന്‍പോലും നില്‍ക്കാതെ.!

Sunday, February 5, 2012

ഫെബ്രുവരിയുടെ മനസ്സ്‌ - (ചുമ്മാ ഒരു സ്റ്റോക്ക്‌ ക്ലിയറന്‍സ്‌ പോസ്റ്റ്‌)

ഒരു വിസ സ്വന്തമാക്കുക അങ്ങിനെ ഗള്‍ഫുകാരാനാവുക, ഒരു ശരാശരി മലയാളിപ്രവാസിയുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്തും നിറം കെട്ടുപോകുന്ന ഒരു വലിയ സ്വപ്നമാണത്‌..ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ലോകംതന്നെ ഒന്നാവാന്‍ തുടങ്ങിയ ഈ നവയുഗത്തില്‍ പ്രവാസലോകം എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍തന്നെ മാറാന്‍ തുടങ്ങിയതിനുമുമ്പുള്ള പഴയക്കാല ഗള്‍ഫ്‌പ്രവാസിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

പഠിച്ചിറങ്ങിയ നാളുകളില്‍ നാട്ടില്‍ ഒരു സര്‍ക്കാരോഫീസിലൊ,സ്കൂളിലോ,അല്ലെങ്കില്‍ സ്വപനലോകമായിരുന്ന ബാങ്കിലൊ അങ്ങിനെ ചുറ്റുവട്ടത്തെവിടെയെങ്കിലും ഉദ്യോഗം കിട്ടിയിരുന്നുവെങ്കില്‍.!അങ്ങിനെ ചിന്തിയ്ക്കുന്നതില്‍ എന്തര്‍ത്ഥം അല്ലെ.,ജോലി, ജീവിതപങ്കാളി,വാസസ്ഥലം ഇങ്ങിനെ ജീവിതത്തിലെ നിര്‍ണ്ണായകമായ പലതും വന്നു ഭവിയ്ക്കുന്നത്‌ സ്വന്തം ഇഷ്ടങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ചാവണമെന്ന്‌ ശഠിയ്ക്കാന്‍ കഴിയില്ലല്ലൊ ആര്‍ക്കും.

പ്രവാസത്തിന്റെ കുപ്പായമണിഞ്ഞ്‌ വാളയാര്‍ ചുരം കടന്നിട്ട്‌ വര്‍ഷങ്ങള്‍ എത്രയായി.! ഇത്രയും വലിയൊരു കാലഘട്ടം..അതും ഇത്രയും പെട്ടന്ന്‌..!ഓര്‍ത്തു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.പുച്ഛമായിരുന്നു മണവാളനായി കല്യാണമണ്ഡപത്തില്‍ കയറുമ്പോള്‍പോലും കൂളിംഗ്‌ ഗ്ലാസൂരാത്ത അന്നത്തെ ഗള്‍ഫുക്കാരന്റെ പത്രാസിനോട്‌..ഒരിയ്ക്കലും മോഹിയ്ക്കാത്തതാണീ കുപ്പായം,പഠിയ്ക്കുന്നകാലത്ത്‌ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു ഈ ലോകം..

ഓരോരോ പ്രായത്തില്‍ വ്യത്യസ്ഥ രൂപങ്ങളില്‍,ഭാവങ്ങളില്‍,നിറങ്ങളില്‍ കൂടെനടന്ന്‌ കളിപ്പിച്ച്‌ മാറിനിന്നു ചിരിയ്ക്കുന്ന കൂട്ടുകാര്‍ മാത്രമല്ലെ ഒരര്‍ത്ഥത്തില്‍ ഈ മോഹങ്ങളും സ്വപ്നങ്ങളും.

ഒന്നാംക്ലാസിലേയ്ക്ക്‌ പോകാനൊരുങ്ങുന്ന ഒരു വിദ്യാത്ഥിയുടെ സങ്കടവും പ്രതിഷേധവും നിറഞ്ഞ മനസ്സായിരുന്നു അന്നാദ്യമായി ബോംബേ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ എനിയ്ക്ക്‌..ഇന്ന്‌,മനസ്സില്‍ എപ്പോഴും ശുഭചിന്തകള്‍ മാത്രം വളര്‍ത്താന്‍ ശീലിയ്ക്കുന്ന ഈ പ്രായത്തില്‍, മറ്റൊരു രീതിയില്‍ ചിന്തിയ്ക്കാന്‍ കഴിയുന്നു.ഇങ്ങിനെ ഒരു യാത്ര ഇല്ലായിരുന്നെങ്കില്‍ ഈ ലോകം,വ്യത്യസ്ഥരായ മനുഷ്യര്‍,ജീവിതയജ്ഞങ്ങള്‍.ഇതൊക്കെ കാണാനും അറിയാനും കഴിയില്ലായിരുന്നു.നിസ്സാരമെന്നുകരുതി അവഗണിയ്ക്കപ്പെടുന്ന ഓരോ മണല്‍ത്തരിയുടെ ഉള്ളില്‍പോലും ത്രസിയ്ക്കുന്ന ഒരു ഹൃദയമുണ്ടെന്ന്‌ തിരിച്ചറിയില്ലായിരുന്നു..ഏകാന്തതയുടെ തീക്ഷ്ണസൗന്ദര്യം ഇത്ര തീവ്രതയോടെ അനുഭവിച്ചറിയാന്‍ അവസരം കിട്ടില്ലായിരുന്നു.ഹൃദയം കവിഞ്ഞൊഴുകുന്ന മൗനനൊമ്പരം ഇതുപോലെ വരികളാക്കി മാറ്റാനും കഴിയില്ലായിരുന്നു.


ഗണിതശാസ്ത്രത്തിന്റെ സമവാക്യങ്ങള്‍ മാത്രമറിയാമായിരുന്ന എന്റെ നാവിന്‍തുമ്പില്‍ ഹരിശ്രീ എഴുതി, മനസ്സില്‍ മലയാളാക്ഷരങ്ങളോടാഭിമുഖ്യം വളര്‍ത്തി വിദ്യാരംഭം കുറിച്ചത് ഈ മരുഭൂമിയിലെ മണല്‍ക്കാട്ടിലെവിടെയോ മറഞ്ഞിരിയ്ക്കുന്ന ഏതോ അജ്ഞാതശക്തിയാണെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌....സത്യം..

തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിയ്ക്കുന്ന എനിയ്ക്ക്‌ ആ ദിവസം നിറമിഴികളോടേയല്ലാതെ മണല്‍നഗരത്തിന്റെ പടിയിറങ്ങാന്‍ കഴിയില്ല ഇന്നത്തെ മാനസികാവസ്ഥയില്‍ എന്നു തിരിച്ചറിയുന്നു ഞാന്‍. 

ഒരേ റൂമില്‍, ഒരേ കട്ടിലില്‍ തുടച്ചയായ പന്ത്രണ്ടു വര്‍ഷങ്ങള്‍.ഒരു ജീവപരന്ത്യ കാലഘട്ടം.

നിത്യവും ഒരു ചടങ്ങെന്നപോലെ എഴുതുന്ന ഡയറിക്കുറിപ്പുകളിലെ ആവര്‍ത്തനവിരസമായ വാചകങ്ങള്‍ എന്നെനോക്കി പരിഹസിയ്ക്കുന്നതുപോലെ തോന്നും പലപ്പോഴും.

പുതിയതായി ഒരെണ്ണംകൂടി തൂക്കിയിടാന്‍ കഴിയാത്തവിധം മാതൃഭൂമി കലണ്ടറുകളെകൊണ്ടു നിറഞ്ഞിരിയ്ക്കുന്നു ചുവരുകള്‍.എന്നിട്ടും ഒന്നുപോലും എടുത്തുമാറ്റാന്‍ കഴിയുന്നില്ല എനിയ്ക്ക്‌.

ഇല്ല, വയ്യ..ഇനിയൊരു പുതുവര്‍ഷം കൂടി ഇവിടെ..അവസാനിപ്പിയ്ക്കണം..ഈ കുപ്പായം ഊരിവെയ്ക്കണം..ഒട്ടും വൈകാതെ ഉറച്ച തീരുമാനങ്ങളെടുക്കണം.ഇനിയും തീര്‍ന്നില്ല ന്യൂ ഇയര്‍ ആഘോഷങ്ങള്‍, അതിനിടയില്‍ എത്രപെട്ടന്നാണ്‌ ഒരു മാസം കടന്നുപോയത്‌..വിഷു, ഓണം, ചെറിയപെരുന്നാള്‍, വലിയപെരുന്നാള്‍ ക്രിസ്‌മസ്‌ കണ്ണടച്ചുതുറക്കും മുമ്പെ, ഉറച്ച തീരുമാനെങ്ങളെടുക്കും മുമ്പെ, ഈ വര്‍ഷവും തീരും..

ഈ ലോകത്തിന്റെ പ്രത്യേകതയാണത്‌.വെള്ളിയാഴ്ചകളില്‍ നിന്നും വെള്ളിയാഴ്ചകളിലേയ്ക്ക്‌ അവിശ്വനീയമായ വേഗത്തിലാണ്‌ ദിനരാത്രങ്ങളുടെ സഞ്ചാരം."ബൂലോകത്ത്‌"പിറന്നുവീണ്‌ ഒട്ടും വളരാതെ, വിട്ടുമാറാത്ത അപരിചിതത്വവുമായി കൈകാലിട്ടടിച്ച്‌ വെറുതെ കിടന്നു കരയാന്‍ തുടങ്ങിയിട്ട്‌ ഈ ജനുവരി മാസത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു ഞാന്‍..!

ഡിസംബറിന്റെ സൗന്ദര്യമോ,കടിഞ്ഞൂല്‍ സന്താനമായ ജനുവരിയുടെ വര്‍ണ്ണപൊലിമയോ ഒന്നും അവകാശപ്പെടാനില്ലാതെ ആരവങ്ങളൊഴിഞ്ഞ മകരത്തിന്റെ രണ്ടാംപകുതിയും ആഘോഷങ്ങള്‍ക്കായി കാത്തിരിയ്ക്കുന്ന കുംഭത്തിന്റെ ആദ്യപകുതിയും സമന്വയിക്കുന്ന ഫെബ്രുവരിയാണ്‌ എനിയ്ക്കേറ്റവും പ്രിയപ്പെട്ട മാസം..എന്റെ ജന്മമാസം..

മറ്റു മാസങ്ങള്‍ കണക്കു പറഞ്ഞ്‌ ഇഷ്ടമുള്ള ദിവസങ്ങള്‍ പങ്കിട്ടെടുത്തപ്പോള്‍ കിട്ടിയ 28 ദിവസംകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു ഒരിക്കലും പരാതി പറയാനറിയാത്ത ആ രണ്ടാമൂഴക്കാരന്‌.

അനേകായിരം കണ്ണുകളിലെ അനുകമ്പാശരങ്ങള്‍ ഏറ്റുവാങ്ങി, SMS വോട്ടിനായി സ്റ്റേജില്‍ യാചിച്ചുനില്‍ക്കുന്ന റിയാലിറ്റി ഷോയിലെ വികലാംഗ മല്‍സരാര്‍ത്ഥിയ്ക്കു സമാനം സഹതാപത്തിന്റെ പേരില്‍ നാലു വര്‍ഷത്തിലൊരിയ്ക്കല്‍ വീണുകിട്ടുന്ന അധികദിനത്തിന്റെ ഔദാര്യത്തിനു കാത്തു നില്‍ക്കുമ്പോളും ഫെബ്രുവരിയുടെ കണ്ണു നനയാറില്ല ഇപ്പോള്‍..നിസ്സംഗത നല്‍കുന്ന മുഖമുദ്രയുമായി അത്രയേറെ ഇണങ്ങിയിരിയ്ക്കുന്നു ആ സാധു.

അവിടേയും തീര്‍ന്നില്ല അവഗണനകള്‍,മലയാണ്മ തുളുമ്പുന്ന ആഘോഷങ്ങളെല്ലാം മറ്റുള്ള മാസങ്ങള്‍ സ്വന്തം പേരില്‍ എഴുതിചേര്‍ത്തപ്പോള്‍ തളര്‍ന്നു കുനിഞ്ഞ ആ ശിരസില്‍ കച്ചവടക്കണ്ണുള്ള ഏതോ ഒരു രസികന്‍ ചാര്‍ത്തിക്കൊടുത്തു ആങ്കലേയോല്‍സവത്തിലെ കാല്‍പ്പനിക നായകന്‍ വാലന്റിയന്റെ കിരീടം. സ്വന്തം മുഖത്തിനൊട്ടും ഇണങ്ങാത്ത ആ വേഷമെടുത്തണിയുമ്പോഴും നിസ്സഹായതയോടെ പുഞ്ചിരിയ്ക്കാനെ കഴിയാറുള്ളു ആ നിസ്വന്‌. 

ഗ്രീഷ്മം തീക്ഷ്ണതയോടെ പകര്‍ന്നു നല്‍കുന്ന ചുവന്ന സ്വപ്നങ്ങള്‍ നിറം ചാര്‍ത്തുന്ന നവലോകത്തിലെ സമഭാവനാസങ്കല്‍പ്പത്തിന്റെ ചാരുത, ഇടവപ്പാതിരാവില്‍ താണിറങ്ങി കുളിരല ഞൊറിയുന്ന കള്ളക്കാറ്റിന്റെ നാടന്‍ശീലുകള്‍ ഇതെല്ലാം എന്നും അന്യമായിരുന്നു ഫെബ്രുവരിയ്ക്ക്‌.

ശരത്‌കാലസന്ധ്യയുടെ ശാലീനതയും ഇളംകുളിരില്‍ പൊതിഞ്ഞ ഹേമന്തത്തിലെ പ്രഭാതങ്ങളും എന്നും ആ ഏകാകിയുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കുമപ്പുറവും.

ആഗസ്റ്റും സെപ്തംബറും മാറി മാറി അംഗണത്തില്‍ പുഞ്ചിരിയുടെ പൂക്കളങ്ങളൊരുക്കുമ്പോള്‍.ഹൃദയരക്തത്താല്‍ മെഴുകിയ വിശാലമായ കലാലയമുറ്റത്ത്‌ ചതരഞ്ഞ മുല്ലപ്പൂക്കളും ജമന്തിപ്പൂക്കളും ചേര്‍ത്തുവെച്ച്‌ കണ്ണീര്‍പ്പൂക്കളമൊരുക്കാനാണ്‌ എന്നും ഫെബ്രുവരിയുടെവിധി.ഒരു മറുവാക്കുപോലും പറയാന്‍ കഴിയാത്ത നിസ്സഹായപ്രായത്തില്‍,രോമം കിളിര്‍ക്കാന്‍ തുടുങ്ങുന്ന,കരുത്തുറയ്ക്കാത്ത നെഞ്ചിലേയ്ക്കു പെയ്തിറങ്ങിയ കണ്ണുനീര്‍ത്തുള്ളികളുടെ പാടുകള്‍ ഇന്നും മായാതെ കിടക്കുന്നു.അന്ന്‌ ആ മുടിചുരുള്‍ത്തുമ്പില്‍നിന്നുമുതിര്‍ന്ന്‌ ഇനിയും വറ്റാതെ കിടക്കുന്ന കാച്ചെണ്ണയുടെ നനവുകൊണ്ടാകം ഒളിമങ്ങാത്ത യൗവ്വനത്തിന്റെ തിരുശേഷിപ്പെന്നപോലെ ഫെബ്രുവരിയുടെ നെഞ്ചിലെ നിബിഡ വനത്തിന്‌ ഇന്നും ഈ കാര്‍വര്‍ണ്ണം.

പുറമെ ശാന്തമെന്നു തോന്നുമെങ്കിലും പ്രക്ഷുബ്ദമായ ഹൃദയത്തിന്റെ അഗാധതയില്‍നിന്നും അണമുറിയാതെ പ്രവഹിയ്ക്കുന്ന ആശയങ്ങളുടെ തിരയിളക്കത്തിന്റെ ആവേശത്തില്‍ സൗമ്യമായി കലഹിച്ചും,വെറുതെ തര്‍ക്കിച്ചും നിരന്തരം കരയെ പ്രകമ്പനംകൊള്ളിയ്ക്കുന്ന സാഗരഗര്‍ജ്ജനത്തിന്റെ വിദൂര അലയൊലികളില്‍ മനസ്സര്‍പ്പിയ്ക്കാനാവാതെ, മകരകൊയ്ത്തുകഴിഞ്ഞ്‌ പൂട്ടിയിട്ട മുണ്ടകന്‍ പാടങ്ങളില്‍ ഭ്രാന്തമായ ആവേശത്തോടെ വീശിയടിച്ച്‌ ചുഴികളുത്തിര്‍ത്തു രസിയ്ക്കുന്ന കാറ്റിന്റെ തേരിലേറി ഓര്‍മ്മക്കുമ്പിളില്‍ ബലിചോറൊരുക്കി കാത്തിരിയ്ക്കുന്ന പിന്‍മുറക്കാരുമായുള്ള പുനഃസമാഗമത്തിന്‌ ശിവരാത്രിമണപ്പുറത്തേയ്ക്കു ആവേശത്തോടെ ഒഴുകിനീങ്ങുന്ന ആത്മാക്കളുടെ ചുണ്ടില്‍നിന്നുമുതിര്‍ന്നുവീഴുന്ന ചെറുമര്‍മ്മരത്തിന്റെ പൊരുള്‍തേടി ശിശരത്തിനും വസന്തത്തിനുമിടയില്‍ ഏതോ മുജന്മ നിയോഗം പോലെ ഈ അലസഗമനം തുടങ്ങിട്ട്‌ നാളുകളെത്രയായി..ഓര്‍മ്മയില്ല ഫെബ്രുവരിയ്ക്ക്‌. 

കാലം ഒരുപാടു മാറി.ഊര്‍വരതയേക്കാള്‍ ഊഷരതയുടെ സൗന്ദര്യാംശങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ആസുര വര്‍ത്തമാനക്കാലസമൂഹത്തിന്റെ വിചാരവികാരങ്ങളുടെ ഭാവരാഗങ്ങള്‍, രുചിഭേദങ്ങള്‍ എല്ലാം അമ്പരപ്പിയ്ക്കുന്നവിധം വല്ലാതെ മാറിപോയി..പ്രണയഭാവങ്ങളിലെ കാല്‍പ്പനികത മങ്ങി, ആര്‍ദ്രത വറ്റി.പാടങ്ങളില്‍ പലതും കെട്ടിടസമുച്ചയങ്ങള്‍,എന്തിന്‌ വിമാനത്താവളങ്ങള്‍പോലുമായി രൂപാന്തരം പ്രാപിച്ചു..ചന്തമില്ലാതെ,ആരാലും ശ്രദ്ധിയ്ക്കപ്പെടാതെകിടക്കുന്ന കായലോരങ്ങളില്‍വരെ കഴുകന്റെ സൂക്ഷ്മദൃഷ്ടികള്‍ പതിഞ്ഞുകഴിഞ്ഞു..ആധുനികത ആസക്തിയോടേ ആഴ്‌ന്നിറങ്ങി പുഴകളുടെ സൗമ്യസുന്ദരമേനിയില്‍ അഗാധഗര്‍ത്തങ്ങളും മരണചുഴികളും എന്നേ തീര്‍ത്തു.കൈക്കുമ്പിളില്‍ കോരിയെടുത്തു കവിള്‍ക്കൊള്ളാന്‍ കഴിയാത്തവിധം മലിനമായ ജലവുംപേറി ഇനിയെന്തിനൊഴുകണം,എങ്ങോട്ടൊഴുകണം എന്നൊന്നുമറിയാതെ പാതാളത്തോളം താണ്‌ തളര്‍ന്നുനില്‍ക്കുന്ന പുഴകള്‍ ഒരു സാധാരണ കാഴ്ചയായി.

അറിയുന്നു.എല്ലാം കാണുന്നു.പാദസരങ്ങളുടെ തിളക്കം മങ്ങിയിട്ടുണ്ടാകാം.സ്വഭാവികം,,ഒരു പക്ഷെ കാലത്തിന്റെ ഗതിവേഗത്തില്‍,കുത്തൊഴുക്കില്‍ എപ്പോഴോ അഴിഞ്ഞുപോയിട്ടുമുണ്ടാകാം,ഊഹിയ്ക്കാവുന്നതെയുള്ളു..എന്നിട്ടും എല്ലാമറിഞ്ഞിട്ടും ഫെബ്രുവരിയുടെ മനസ്സില്‍ നിളയ്ക്കിന്നും ഏഴഴകാണ്‌.നുരഞ്ഞുപതഞ്ഞും,പാല്‍നുരപുഞ്ചിരിപരത്തിയും പാദസരക്കിലുക്കത്തിന്റെ സമൃദ്ധിയില്‍ മദിച്ചും നിദ്രയില്‍ അവന്റെ സ്വപ്നങ്ങളില്‍ അപൂര്‍വ്വമായെങ്കിലും ഇന്നും വിരുന്നുവന്ന്‌ നിറഞ്ഞുപരന്നൊഴുകുന്ന ആ കുറുമ്പുകാരിയ്ക്ക്‌ എന്നും ഇരുപതു വയസ്സാണ്‌!

"പാതിരാമയക്കത്തില്‍ പാട്ടൊന്നുകേള്‍ക്കേ പല്ലവി പരിചിതമല്ലോ..

ഉണര്‍ന്നപ്പോള്‍ ആ സാന്ദ്രഗാനം നിലച്ചു...

ഉണര്‍ത്തിയ രാക്കുയിലെവിടെ...എവിടെ..." 


മാസങ്ങളില്‍ എനിയ്ക്കേറ്റവും പ്രിയപ്പെട്ട മാസമാണ്‌ ഫെബ്രുവരി.

എന്റെ മാസം, എന്റെ ജന്മമാസം, എന്റെ.........!
കൊല്ലേരി തറവാടി 
05/02/2012