Monday, August 23, 2010

ചിയേര്‍സ്‌ മാവേലി....

രംഗം-1

ഒരോണംകൂടി കടന്നുവരുന്നു...... നിഷ്ക്കളങ്കതയോടെ ഓണതുമ്പിയുടെ കയ്യുംപിടിച്ച്‌ പാറിക്കളിച്ചു നടന്ന ബാല്യം പടിയിറങ്ങിയിട്ട്‌ നാളേറെയായി...

ഹൃദയത്തില്‍ വിരിഞ്ഞുനിന്നുപുഞ്ചിരിച്ച തൊട്ടവാടിപൂക്കളുടെ ചന്തത്തില്‍ മയങ്ങി മുള്‍പ്പടര്‍പ്പുകളില്‍ കുടുങ്ങി തളര്‍ന്നു വിടപറഞ്ഞ പാവം ആ ഓണതുമ്പിയും വാടിക്കരിഞ്ഞ നൊമ്പരസ്മരണയായി...

ആവണിത്തെന്നലിനുപോലും ഗ്രീഷ്മത്തിലെ വരണ്ടപാലക്കാടന്‍ കാറ്റിന്റെ ചൂടും ചൂരും സമ്മാനിച്ചു ഈ യാന്ത്രിക യുഗത്തിന്റെ വികസനമോഹങ്ങള്‍..കാവും കുളവും നെല്‍വയലുകളും കൊയ്ത്തും മെതിയും എല്ലാം അന്യമായി എന്നിട്ടും ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ നിസ്സംഗതയോടെ വിളവെടുപ്പുത്സവത്തിന്റെ മഹത്വം ഉത്ഘോഷിയ്ക്കുന്നു.. ആര്‍പ്പു വിളിയ്ക്കുന്നു .അഹങ്കാരത്തിന്റെ അകമ്പടിയോടെ അതിലേറെ മല്‍സരബുദ്ധിയുടെ താളമേളങ്ങളോടേ എളിമയുടെ തമ്പുരാനെ വരവേല്‍ക്കാനൊരുങ്ങുന്നു..

ആധുനികയുഗത്തില്‍ പണക്കൊഴുപ്പില്‍ മുങ്ങിനീരടുന്ന ഉന്ന അതിരുവിട്ട ലൗകികമോഹങ്ങള്‍ ഒരുക്കുന്ന ഉത്സവക്കാലകെട്ടുക്കാഴ്ചകള്‍ കണ്ടു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു... .

ഒരിയ്ക്കലും മടുക്കാതെ എന്നും ഹൃദയത്തില്‍ ശേഷിയ്ക്കുന്നത്‌ ഒരേയൊരു പൂമരം മാത്രം.... വാടാത്ത സ്നേഹത്തിന്റെ പൂക്കള്‍ വിടര്‍ത്തി സുഗന്ധം പരത്തി എന്റെ പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന പൂമരം..

ഇത്തവണ ഓണം നാട്ടില്‍തന്നെ എന്നുറപ്പിച്ചതായിരുന്നു...

"കുട്ടേട്ടാ കല്യാണം കഴിഞ്ഞ്‌ ഇത്രയും വര്‍ഷമായി എന്നിട്ടും ഇതുവരെയും ഒരു വെഡ്ഡിംഗ്‌ ആനിവേര്‍സറി പോലും നമ്മളൊന്നിച്ച്‌`......കഷ്ടമുണ്ടുട്ടൊ... .. ഇത്തവണയെങ്കിലുംകുട്ടേട്ടാ......പ്ലീസ്‌......"

"ഇത്തവണ ഉറപ്പായിട്ടും കുട്ടേട്ടന്‍ വരും കണ്ണാ . വെഡ്ഡിംഗ്‌ ആനിവേര്‍സറി ഓണം എല്ലാം നമുക്കടിച്ചുപൊളിയ്ക്കണം....."

"സത്യം.......!!!" ആ ശബ്ദത്തിലെ ഉത്സാഹത്തിലെ തിളക്കം എന്റെ ഫോണില്‍തുമ്പില്‍ പ്രതിഫലിച്ചു....

അവള്‍ക്ക്‌ ഒരുപാടു പ്രതീക്ഷകളായിരുന്നു....ഓരോ തവണ ഫോണിലും ഓരോ പുതിയ പദ്ധതികള്‍...പോകേണ്ട സ്ഥലങ്ങള്‍.

പാവം മാളു...അവസാനം എല്ലം വെറും മനകോട്ടകളയി മാറി...

സൗദിയില്‍ സ്കൂള്‍ അവധി, ഫമിലിക്കാരുടെ കൂട്ടത്തോടെയുള്ള നാട്ടിലേയ്ക്കുള്ള യാത്ര ഇതൊക്കെ ആഗസ്റ്റിലാണെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വല്ല ഒക്റ്റോബറിലൊ മറ്റൊ കല്യാണം കഴിയ്ക്കുമായിരുന്നുള്ളു.......

എന്നും എപ്പോഴും കുരിശുചുമക്കാന്‍ വിധിയ്ക്കപ്പെട്ടവരാണല്ല്ലൊ സൗദി ഓഫിസുകളിലെ പാവം പ്രവാസിബാച്ചികള്‍......

വിഷുവിനോ പോകാന്‍ പറ്റിയില്ല...ERP ഇമ്പ്ലിമെന്റേഷന്‍ തിരക്കായിരുന്നു അന്ന്‌....പോരാത്തതിനു ഞാന്‍ നാട്ടില്‍ പോയിവന്നിട്ട്‌ അധികനാളായിട്ടുമുണ്ടായിരുന്നില്ല....

സ്മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം...അതുപോലെ ഒരിയ്ക്കലും ഫലപ്രാപ്തിയെല്ലെത്താത്ത ERP പ്രോഗ്രാം...!! അതു തീര്‍ന്നിട്ടു പോകാമെന്നു കരുതിയാല്‍!!.....

ഓണവെക്കേഷന്‍ ഒരുക്കത്തിനു മുന്നോടിയായി ഒരു ദിവസം പേര്‍സനല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പോയി തിരക്കിയപ്പോഴാണ്‌ ഞെട്ടിയ്ക്കുന്ന ആ സത്യം മനസ്സിലാക്കിയത്‌,....

എന്റെ വെക്കേഷന്‍ ബാലന്‍സ്‌ നെഗറ്റീവ്‌ 15.....!...അതായത്‌ വെക്കേഷന്‍ കുടിശിക ഇനത്തില്‍ ഞാന്‍ പതിനഞ്ചു ദിവസം കമ്പനിയ്ക്കു കൊടുക്കണം.....

ഭാഗ്യം ഒരു ടിക്കറ്റ്‌ ബാലന്‍സുണ്ട്‌...കഴിഞ്ഞ തവണ ജെറ്റ്‌ എയര്‍-വേയ്‌സിന്റെ ഡിസ്കൗണ്ട്‌ മുതലാക്കി സ്വന്തം ടിക്കറ്റില്‍ പോകാന്‍ തോന്നിയത്‌ ഭാഗ്യമായി...പറഞ്ഞു നില്‍ക്കാന്‍ ഒരു കച്ചിതുമ്പെങ്കിലുമായി.

അങ്ങിനെ ബോസ്സ്‌ അവധികഴിഞ്ഞെത്തിയ ആഗസ്റ്റ്‌ ആദ്യവാരം തന്നെ സംഗതി അവതരിപ്പിച്ചു.....

ഇനിയും തീരാത്ത ERP,.....എന്റെ തുടര്‍ച്ചയായ വെക്കേഷനുകള്‍...അങ്ങിനെ ഒരുപാടു തടസ്സവാദങ്ങള്‍...

എല്ലാത്തിനേയും അതിജീവിച്ചു വന്നപ്പോഴാണ്‌ അപ്രതീക്ഷിതമായി ബോസിന്റെ പേര്‍സണല്‍ റിക്വസ്റ്റ്‌.....

നോയ്‌മ്പുകാലമല്ലെ ഇത്‌.....ഈ ചൂടിലും ഹുമിഡിറ്റിയിലും നോയ്മ്പിനൊപ്പം ജോലിഭാരം കൂടിയാകുമ്പോള്‍ തളര്‍ന്നുപോകും....അദ്ദേഹത്തിനു വയസ്സാവാന്‍ തൂടങ്ങിയിരിയ്ക്കുന്നു...പണ്ടത്തെകൂട്ട്‌ ഓടിനടന്നു വര്‍ക്ക്‌ ചെയ്യാന്‍ വയ്യാ...പെരുന്നാള്‍ കഴിഞ്ഞിട്ടു പോയാല്‍ പോരെ....! .

ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായി ഞാന്‍..വെക്കേഷന്‍ ഡ്യൂ അല്ലാതിരുന്നതിനാലും, അതൊന്നൊപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ സഹായം ആവശ്യമായതിന്നാലും ഒരുപരിധിവിട്ടു പ്രതിരോധിയ്ക്കാനും കഴിയില്ലായിരുന്നു.....

അവസാനം നോയ്‌മ്പു നോക്കാനൊരുങ്ങുന്ന വിശ്വാസിയ്ക്ക്‌ തുണയാകാനൊരുങ്ങി ഞാന്‍ കാരുണ്യവാനായ അള്ളാഹുവിന്റെ കൃപയ്ക്ക്‌ പാത്രിഭൂതനാവാന്‍ തീരുമാനിച്ചു.....

പക്ഷെ, ഇതെല്ലാം എങ്ങിനെ മാളുവിനെ പറഞ്ഞുമനസ്സിലാക്കും എന്നറിയാതെ ശരിയ്ക്കും വിഷമിയ്ക്കുകയായിരുന്നു ഞാനപ്പോള്‍.....

ദിവസം ചെല്ലുംതോറും അവളുടെ ഉത്സാഹവും കൂടിവന്നു.....

"കുട്ടേട്ടാ.....ഇന്നലെ ഞാന്‍ കുട്ടേട്ടന്‍ വന്നുവെന്നു സ്വപ്നം കണ്ടു .....ആരോടും പറയാതെ,ആരേയും അറിയിയ്ക്കാതെ പെട്ടന്നു കയറി വന്നു......ഇത്തവണ അങ്ങിനെ സര്‍പ്രൈസ്‌ ആയിട്ടാ വരിക എന്നു പറഞ്ഞിരുന്നില്ലെ കുട്ടേട്ടന്‍........"

അല്ലാ.... കുട്ടേട്ടന്റെ ബോസ്സ്‌ ഇതുവരെ വെക്കേഷന്‍ കഴിഞ്ഞു വന്നില്ലെ,...അങ്ങേരു വന്നിട്ടു വേണ്ടെ ടിക്കറ്റു ബുക്കു ചെയ്യാന്‍....."

കുറച്ചു ദിവസം പാവം അവളോട്‌ ഓരോന്നുപറഞ്ഞു ഉരുണ്ടുകളിച്ചു....

പിന്നെ അവളില്‍ പ്രതീക്ഷകള്‍ വളര്‍ത്തി പറ്റിയ്ക്കുന്നതു പാപമാണെന്നു തിരിച്ചരിഞ്ഞു......ഞാന്‍ വല്ലാത്തൊരു ക്രൂരനാണെന്നു തോന്നി..

അവളെ കരുതലോടെ കാര്യം പറഞ്ഞു മനസ്സിലാക്കി....

"കണ്ണാ....സങ്കടപ്പെടരുത്‌ നീ....പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം......

കുട്ടേട്ടന്റെ ബോസ്സ്‌ ഇതുവരെയും വെക്കേഷന്‍ കഴിഞ്ഞെത്തിയില്ല.....

നാട്ടിലില്‍നിന്നും തിരിച്ചു പുറപ്പെടുന്നതിന്റെ രണ്ടുദിവസം മുമ്പ്‌ അദ്ദേഹത്തിനൊരു പനി വന്നു....അതുപിന്നെ സീരിയസ്സായി, പന്നിപനിയാണൊ എന്നു സംശയമായി.....രക്തത്തിന്റെ സാമ്പിളെടുത്തു ഡെല്‍ഹിയ്ക്കയച്ചിരിയ്ക്കുകയാണിപ്പോള്‍...

ഇനിയിപ്പൊ എല്ലാം സ്ഥിരികരിച്ച്‌ അതിന്റെ ട്രീറ്റ്‌മെന്റും കഴിഞ്ഞു വരുമ്പോള്‍ എറ്റവും ചുരുങ്ങിയത്‌ രണ്ടാഴ്ചയെങ്കിലും കഴിയും....അപ്പോഴേയ്ക്കും ആഗസ്റ്റ്‌ 29ഉം.....ഓണവും കടന്നുപോകും......

കണ്ണാ....നാളെ നീ അമ്പലത്തില്‍പോകുമ്പോള്‍ ബോസ്സിന്റെപേരില്‍കൂടി ഒരു പുഷ്പാഞ്ചലി കഴിക്കണം.....പേര്‌ അഹമ്മദ്‌.....വയസ്സ്‌ നാല്‍പ്പത്തിയെട്ട്‌......നാളറിയില്ല....."

" അതെന്തിനാ കുട്ടേട്ട,....നമ്മള്‌ വഴിപാട്‌` കഴിയ്ക്കുന്നത്‌..അങ്ങേര്‍ക്ക്‌ വീട്ടുകാരൊക്കയില്ലെ വഴിപാട്‌.കഴിയ്ക്കാന്‍......".

" മണ്ടൂസ്സെ......ബോസ്സ്‌ പെട്ടന്നു സുഖപ്പെട്ടു വന്നാലല്ലെ കുട്ടേട്ടനു നാട്ടില്‍ വരാന്‍ പറ്റു...അപ്പോപിന്നെ ഈ വഴിപാടു സത്യത്തില്‍ നമുക്കു വേണ്ടിതന്നെയല്ലെ.......മനസ്സിലായൊ നിനക്ക്‌`.....

"നാളയറിയില്ലെങ്കില്‍ പുഷ്പാഞ്ചലി കഴിച്ചിട്ടു കാര്യമില്ല കുട്ടേട്ടാ.....ശിവന്റെ അമ്പലത്തില്‍ കുവളമാല കെട്ടിയ്ക്കാം.. അസുഖം മാറാന്‍ അതാ നല്ലത്‌.........

പാവം മാളു എത്ര പെട്ടന്നാ അവളെ വിശ്വസ്സിപ്പിയ്ക്കാന്‍ കഴിഞ്ഞത്‌`......

എത്രപെട്ടന്നാണവള്‍ സങ്കടമെല്ലാം ഒതുക്കിയത്‌......കുട്ടേട്ടന്റെ വെക്കേഷന്‍ ശരിയാവാന്‍ വേണ്ടി വഴിപാടുകള്‍ കഴിയ്ക്കാന്‍ ഒരുങ്ങിയത്‌`........

എന്നിട്ടും വിവാഹവാര്‍ഷികത്തലേന്ന്‌ രാത്രി സങ്കടം കൊണ്ടു നിയന്ത്രണം വിട്ട ഒരു നിമിഷം അവളറിയാതെ പറഞ്ഞുപോയി.....

"കുട്ടേട്ടാ...കുട്ടേട്ടന്‍ ഒരു ക്രൂരനാണ്‌.....പാവം ക്രൂരന്‍...."

ഇന്നു തിരുവോണം.....മാളുവിന്റെ ശാപം ശരിയ്ക്കും ഫലിച്ചു.മറ്റൊന്നൊന്നിനും സമയം കിട്ടിയില്ല.....വല്ലാത്ത തിരക്കായിരുന്നു രാവിലെമുതല്‍......ഇന്‍വെന്ററി റിപ്പോര്‍ട്ടുകളില്‍ പതിവില്ലാത്ത വിധം കോമ്പ്ലിക്കേഷനുകള്‍..

ഇന്‍ ബോക്സില്‍ നിറഞ്ഞുതുളുമ്പുന്ന ഒരു കെട്ടു മെയിലുകള്‍.... വെറുതെ തുറന്നൊന്നോടിച്ചു നോക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു..........

മിക്കവാറും എല്ലാം ഓണാശംശകള്‍....

"കള്ളകര്‍ക്കിടകം ഇത്തിരിനാണത്തോടെ,...ഒത്തിരി പ്രതീക്ഷയോടെ, കരിംചേല അഴിച്ചു മാറ്റി......പൊന്നിന്‍ചിങ്ങം ചൂട്ടുംതെളിച്ചു പുഞ്ചപാടവരമ്പിലൂടെ ഒരു കള്ളനെപോലെ പതുങ്ങി വന്നു..

ചൂട്ടിന്‍വെട്ടം ഓണനിലാവായി അന്തരീക്ഷത്തില്‍ പെയ്തിറങ്ങി....

ആ നിലാമഴയില്‍ കര്‍ക്കിടകപ്പെണ്ണിന്റെ നിറം മാറി, രൂപം മാറി, ഭാവം മാറി.....അവള്‍ വശ്യചാരുതായാര്‍ന്ന മലയാളിമങ്കയായി,.....

ഓണതുമ്പികള്‍ തേന്‍നുകര്‍ന്നുണര്‍ത്തിയ അവളുടെ തളിര്‍മേനിയില്‍ നിന്നും പാലടപ്രഥമന്‍ വഴിഞ്ഞൊഴുകി.....

ആ മാധുര്യം കോരിത്തരിപ്പോടെ ഏറ്റുവാങ്ങി മലയാളമണ്ണ്‌ സമ്പത്‌സമൃദ്ധിയിലാറാടി....

ഇങ്ങിനെ കേട്ടുമടുത്ത കുറെ പതിവുവാചകങ്ങള്‍.....

വര്‍ഷങ്ങളായി കാണുന്ന ഓണാശംസകള്‍.....

തമിഴ്‌നാട്ടില്‍നിന്നും കടംകൊണ്ട പൂക്കള്‍ക്കു നടുവില്‍.....കുടവയറും പെരുപ്പിച്ചുകാണിച്ച്‌ അപഹാസ്യനാക്കപ്പെട്ട മാവേലിയുടെ വിവിധരൂപങ്ങള്‍..

പാവം ഇത്രയും കൊട്ടിഘോഷിച്ച്‌ അപഹാസ്യനാകപ്പെട്ട മറ്റൊരു കഥാപാത്രവും ലോകത്തിതുവരെ ഉണ്ടായിട്ടുണ്ടാകില്ല....

ഒരു പക്ഷെ ഇത്തരം അപഹാസ്യരക്കപ്പെട്ട ആത്മാക്കളുടെ ശാപംകൊണ്ടാകാം ചാനലുകളിലെ കോമഡി പ്രോഗ്രാമുകള്‍ കാണാനാളില്ലാതെ മുടിഞ്ഞുപോയത്‌.

മ-ദ-നി എന്ന മൂന്നക്ഷരം ശ്രുതിതെറ്റാതെ, ടെമ്പോ പോകാതെ ഒരു മന്ത്രംപോലെ ഉരുവിട്ടും പെരുപ്പിച്ചുകാണിച്ചും മനുഷ്യരെ മടുപ്പിയ്ക്കാന്‍ പരസ്പരം പരസ്പരം മല്‍സരിയ്ക്കുകയായിരുന്നു മഹാബലിയുടെ സ്വന്തം നാട്ടിലെ ചാനലുകള്‍.

"മദനി പദസ..സരിഗ...പ്രതിഷേധം കടലില്‍നിന്നുയരുന്നുവോ.." ..."മദനി" എന്ന വാക്ക്‌ ഉള്‍പ്പെടുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി "മ്യൂസിക്‌ മിക്സ്‌"പോലും അവതരിപ്പിച്ചുകളഞ്ഞു ചിലര്‍..

മദനിയുടെ വീരഗാഥകള്‍ക്കു മുമ്പില്‍ തന്റെ സന്ദര്‍ശനത്തിന്റെ പ്രസക്തിയും തിളക്കവും പ്രജകള്‍ കാണാതെ പോകുമോ".... യാത്രയ്ക്കുപുറപ്പെടും മുമ്പെ ഒരു നിമിഷം തിരുമനസ്‌ അമ്പരന്നു.....

"തിരുമനസ്സെ ഇത്തവണ പോകാതിരിയ്ക്കുകയാകും നല്ലത്‌...പോകുകയാണെങ്കില്‍തന്നെ സൂക്ഷിയ്ക്കണം,.. നാട്ടില്‍ എന്തു കണ്ടാലും ഒന്നും മിണ്ടാതെ,..ഉരിയാടാതെ സംയമനം പാലിയ്ക്കണം.എന്തു സംഭവിച്ചാലും കയ്യും തലയും കാത്തു രക്ഷിയ്ക്കുവാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം...

എത്ര മഹത്വം പറഞ്ഞാലും പറഞ്ഞാലും ഒരസുരചക്രവര്‍ത്തിയല്ലെ അങ്ങ്‌..വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രമാണെങ്കില്‍പോലും നാട്ടില്‍ പോയി ചെത്തി നടക്കുന്ന അങ്ങയുടെ ജനപ്രീതി സവര്‍ണ്ണവാമനമാര്‍ക്ക്‌ തീരെ സുഖിയ്ക്കുന്നില്ല. ഇയ്യിടെ വാമനപുരിയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ അങ്ങയെകൂടി പ്രതി ചേര്‍ത്ത്‌ എന്നന്നേയ്ക്കുമായി നാടു കടത്തി പ്രജകളില്‍നിന്നുമകറ്റാന്‍ പരിപാടിയുണ്ടെന്ന്‌ ഇന്റെലിജെന്‍സൈറ്റ്‌ റിപ്പോര്‍ട്ട്‌ അങ്ങും കണ്ടതല്ലെ .ഈശ്വരാ.. തിരുമനസ്സ്‌ തടി കേടാകാതെ തിരിച്ചു വരുന്നതുവരെ ഒരു സമാധാനവും ഉണ്ടാകില്ല."

ഗുരുശ്രേഷ്ഠന്റെ ശബ്ദത്തില്‍ വല്ലാത്ത ഉത്‌കണ്ഠ നിറഞ്ഞു നിന്നു......

എല്ലാം അറിയുന്നു... നാട്ടില്‍ നടക്കുന്ന ഓരോരോ കാര്യവും വ്യക്തമായും അറിയാനുള്ള സംവിധാനമുണ്ട്‌ പാതളത്തിലിപ്പോള്‍...കാമ്പസ്സുകളേ അരാഷ്ട്രീയവല്‍ക്കരിയ്ക്കാന്‍ ശ്രമിച്ചു പരജായമടഞ്ഞവര്‍ തെരുവകളില്‍നിന്നും,..അതുവഴി ജനമനസ്സുകളില്‍ നിന്നും രാഷ്ട്രീയം തുടച്ചുനീക്കി ജനാധിപത്യബോധം തകര്‍ക്കാന്‍ വൃഥാ ശ്രമിയ്ക്കുന്നു....മലയാളമനസ്സിന്റെ ജീവിതം സ്പന്ദിയ്ക്കുന്നത്‌ തെരുവകളിലാണെന്ന സത്യം കറുത്ത കോട്ടിനും ഗൗണിനും ഉള്ളില്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ ഒരുങ്ങുന്നു ചില ഏഭ്യന്മാര്‍..

ആളൊഴിഞ്ഞ 45 മീറ്റര്‍ വിശാലമായ തെരുവീഥികളുടെ ചീറിപാഞ്ഞുപോകുന്ന വാഹനങ്ങള്‍...വഴികാട്ടാന്‍ ഭംഗിയുള്ള വലിയ സിഗനല്‍ ബോഡുകള്‍ മരുഭൂമികളിലെ റോഡുകള്‍ക്കു സമാനമായ സ്വന്തം നാടിന്റെ ഭാവിചിത്രം സങ്കല്‍പ്പിയ്ക്കാനെ കഴിയുന്നില്ല ..ഓരോ വര്‍ഷം കഴിയുംതോറും വികസനത്തിന്റെ പേരില്‍ നാടിനു വരുന്ന മാറ്റങ്ങള്‍ അമ്പരപ്പിയ്ക്കുന്നു.....

ശക്തമായൊരു കാറ്റടിച്ചാല്‍ തുമ്മാന്‍ തുടങ്ങുന്ന പ്രജകള്‍..മഴയൊന്നു കനക്കാന്‍ തുടങ്ങിയാല്‍ പനിച്ചു വിറച്ചു കോമരം തുള്ളുന്നു...അഭയാര്‍ത്ഥിക്യാമ്പിന്റെ അവസ്ഥയിലാകുന്ന ആശുപത്രി വരാന്തകള്‍.. ഡോക്ടര്‍ക്കും നേര്‍സിനും പകരം ക്യാമറയും തൂക്കി കഴുകന്‍കണ്ണുകളുമായി അവശമുഖങ്ങളുടെ ദയനീയ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റു കാശാക്കാനൊരുങ്ങുന്നവരുടെ തിക്കും തിരക്കും....

ആഘോഷമാണ്‌ എന്തു കിട്ടിയാലും ആഘോഷം...ജനനവും മരണവും ഹര്‍ത്താലും ദുരന്തങ്ങളും എല്ലാം,എല്ലാം..പരസ്യാഘോഷമാക്കി മാറ്റി ചാടികളിയ്ക്കെടാ കുഞ്ചിരാമ" എന്ന മട്ടില്‍ രസിപ്പിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു മാധ്യമങ്ങള്‍ ഒപ്പം ചാടിക്കളിച്ചുരസിയ്ക്കാന്‍ സമൂഹവും....

അരി ഭക്ഷണം മറന്ന്‌ പൊറോട്ടയും ചിക്കന്‍ കറിയും ജനപ്രിയമായ നാട്ടില്‍ മൈദ്യക്കു പകരം ഇന്നും അരിയുടെ സബ്‌സിഡിയ്ക്കുവേണ്ടി മുറവിളി കൂട്ടുന്നു..

നാട്ടില്‍ നടക്കുന്ന പലകാര്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാതായിരിയ്ക്കുന്നു....എങ്കിലും പോകാതിരിയ്ക്കാന്‍ കഴിയുന്നില്ല..ചിങ്ങത്തിലും വേനലിന്റെ ചൂടാണ്‌ നാട്ടിലിപ്പോള്‍..ഒരുപാട്‌ അലഞ്ഞുതിരിയാനുള്ളതല്ലെ..ഓലക്കുടകളുടെ കൂട്ടത്തില്‍ നിന്നും ഏറ്റവും വലിയ കുട തന്നെ തെരെഞ്ഞെടുത്തു തമ്പുരാന്‍...

"വേണ്ട തിരുമനസ്സെ, ചെറിയ കുട മതി,.. ഈ വലിയ കുടയും കുടവയറും കൂടിയാവുമ്പോള്‍ ഗതാഗതതടസ്സത്തിന്റെ പേരില്‍ ന്യായാസനങ്ങളില്‍ ഇരിയ്ക്കുന്ന ഏതെങ്കിലുമൊരു ശുംഭന്‍ അങ്ങയുടെ യാത്രയ്ക്കു വിഘ്നം വരുത്തിയേക്കാം,..കലികാലമാണിത്‌...ഏതായാലും ഇത്തവണ തിരിച്ചു പോരുമ്പോള്‍ കുറെ ലവണതൈലവും സ്മാര്‍ട്‌ സ്ലിം ഓയിലും വാങ്ങികൊണ്ടു വന്നോളു.കൊട്ടാരം വൈദ്യന്റെ മേല്‍നോട്ടത്തില്‍ നമുക്കൊന്നു പരീക്ഷിച്ചു നോക്കാം..."

സമയാസമയങ്ങളില്‍ കൃത്യമായി ഉപദേശങ്ങളുമായെത്തുന്ന ഗുരുശ്രേഷ്ടനോടു വല്ലാത്ത ബഹുമാനമാണ്‌ തമ്പുരാന്‌...

കഴിഞ്ഞതവണ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം വാങ്ങിയ "മുസലിപവ്വര്‍" ശരിയ്ക്കും ഫലം ചെയ്തു...വാര്‍ദ്ധക്യക്കാലക്ഷീണമൊക്കെ എവിടെയൊ പോയിമറഞ്ഞു..മര്‍വിപ്പ്‌ തീര്‍ത്തും മാറി.സെറ്റുമുണ്ടുമുടുത്ത്‌ ആടിയുലഞ്ഞുതിമിര്‍ക്കുന്ന മലയാളിമങ്കമാരെക്കുറിച്ചോര്‍ക്കുമ്പോഴെ അടിവയറ്റിലുണരുന്ന തരിപ്പ്‌ എത്രപ്പെട്ടന്നാണ്‌ മേലാസകലം രോമാഞ്ചമായി പടരുന്നത്‌.

തരിപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണോര്‍ത്തത്‌ ഇന്നലെയല്ലായിരുന്നോ മലയാളത്തിന്റെ സ്വന്തം മണിമുത്തായ വിശ്വപൗരന്റെ നെടുമാംഗല്യം...ഒരു ദിവസം നേരത്തെ പുറപ്പെട്ടിരുന്നെങ്കില്‍ അതിലും പങ്കുകൊള്ളാമായിരുന്നു...എന്തായാലും അവരെ പാതളത്തിലേയ്ക്കു ഹണിമൂണിനു ക്ഷണിയ്ക്കണം....ആവിദ്വാനോടു രഹസ്യമായി ഇതിന്റെ ഗുട്ടന്‍സ്സൊക്കെ ചോദിച്ചു മനസ്സിലാക്കണം..ലവണതൈലം പുരട്ടി വയറൊക്കെ ഒതുക്കി അടുത്ത്‌ ഓണത്തിനു നാട്ടില്‍ നിന്നും ഒരു മാംഗല്യം കൂടി ഒപ്പിച്ചെടുക്കാന്‍ നോക്കണം..ഒക്കുകയാണെങ്കില്‍ പാതാളത്തിനു സ്വന്തമായി ഒരു ക്രിക്കറ്റ്‌ ടീമും ഒപ്പം അതിന്റെ വിയര്‍പ്പോഹരിയും സ്വന്തമാക്കണം...!! എല്ലാറ്റിനും മാന്ത്രികനായ ആ മഹാനുഭവാന്റെ ഉപദേശവും സഹായവും കൂടിയെ തീരു...!

പെട്ടന്നു തമ്പുരാന്‍ ഞെട്ടിയുണര്‍ന്നു...!! ഈശ്വരാ,ആധുനികനേതാക്കന്മാരുടെ ലൗകികമോഹങ്ങള്‍ കണ്ട്‌ ഒരു സമൂഹം മുഴുവന്‍ ആരാധിയ്ക്കുന്ന മഹാബലിയാണെന്ന കാര്യം മറന്ന്‌ എന്തൊക്കെയാണ്‌ താന്‍ ചിന്തിച്ചുകൂട്ടിയത്‌...പടിവാതില്‍ക്കല്‍ യാത്രയാക്കാന്‍ നില്‍ക്കുന്ന പ്രിയപത്നിയെ നോക്കുമ്പോള്‍ കുറ്റബോധംകൊണ്ട്‌ മഹാബലിയുടെ മിഴികള്‍നിറഞ്ഞു.മുഖം കുനിഞ്ഞു.....

"യോഗമുണ്ടെങ്കില്‍ വീണ്ടും കാണാം" എന്ന മൗനത്തില്‍ പൊതിഞ്ഞ യാത്രമൊഴിയുമായി പുറപ്പെട്ട തമ്പുരാന്റെ മനസ്സ്‌ എല്ലാം മറന്നു..ആര്‍പ്പും ആരവവും നിറഞ്ഞ പൂവിളികള്‍ക്കായി തുടിച്ചു...കൊതിയോടെ അതിലേറെ ആവേശത്തൊടെ അദ്ദേഹം ഭൂമിയിലേയ്ക്കു കുതിച്ചു....പൊന്നോണനാളുകളിൂലെ രാജകുമാരനാകാന്‍....മതിവരുവോളം കൊതിതീരുവോളം തന്റെ പ്രിയപ്പെട്ട മണ്ണിലൊന്നു കാലടിവെച്ചു നടക്കാന്‍...


കൊല്ലേരി തറവാടി
23/08/2010

Tuesday, August 17, 2010

പ്രവാസിയുടെ ഒരുക്കം - അദ്ധ്യായം-2 (തോമസ്സുട്ടി)

മേഴ്‌സിയ്ക്കു ഡേ ഡ്യുട്ടിയുള്ള വെള്ളിയാഴ്ചകളില്‍ ആല്‍വിനേയും ആന്‍സുവിനെയും "സണ്‍ഡേ ക്ലാസ്സിലാക്കി,.. പപ്പേട്ടനെയും കൂട്ടിയെ അവന്‍ ഫ്ലാറ്റിലെയ്ക്കു മടങ്ങാറുള്ളു....നന്നായി കുക്കു ചെയ്യുമായിരുന്നു തോമസ്സുട്ടി....പപ്പന്റെ സാന്നിധ്യത്തില്‍ അവന്റെ കുക്കിംഗ്‌ വൈദിഗ്ദ്യം അരങ്ങു തകര്‍ക്കാന്‍ തുടങ്ങും

"നോണ്‍ ഐറ്റംസ്‌ ഉണ്ടാക്കുന്ന കാര്യത്തില്‍ മേഴ്‌സിയേക്കാള്‍ കൈപ്പുണ്യം നിനക്കാണല്ലൊ തോമസുട്ടി...ഇത്രയും നന്നയി കുക്ക്‌ ചെയ്യാന്‍ എങ്ങിനെ പഠിച്ചു നീ....."

തോമസുട്ടി മെല്ലെ തലയുയര്‍ത്തി പപ്പേട്ടെനെ നോക്കി മെല്ലെ ചിരിച്ചു...ആ ചിരിയ്ക്കു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടായിരുന്നു...ജീവിതത്തിന്റെ പരുപരുത്തവശങ്ങളെക്കുറിച്ചു പപ്പേട്ടെനെന്തറിയാം എന്നൊരു ഭാവം ആ മുഖത്തു നിഴലിച്ചിരുന്നു..

കിച്ചണിലെ കബോഡിന്റെ താഴത്തെ തട്ടില്‍ ഒളിപ്പിച്ചു വെച്ച, അറാംകൊ-ക്യാമ്പില്‍നിന്നും സംഘടിപ്പിച്ച, വീര്യമുള്ള ശീമബോട്ടില്‍ പുറത്തെടുക്കുകയായിരുന്നു അവനപ്പോള്‍.....

"പപ്പേട്ട,.. പപ്പേട്ടെന്‍ ഭാഗ്യവാനാണ്‌....ഗള്‍ഫ്‌ ജീവിതത്തിന്റെ കാഠിന്യം, തിക്തത ഇതൊന്നും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല ഇതുവരെ....തെറ്റില്ലാത്തൊരു കമ്പനിയില്‍ നല്ലൊരു പൊസിഷനിലുള്ള തുടക്കം...അധികം വൈകാതെ ജീവിതത്തിലേയ്ക്കുള്ള രാധികചേച്ചിയുടെ കടന്നു വരവ്‌...ഒരു നിമിഷം പോലും പിരിയാതെ വര്‍ഷങ്ങളൊളം നീണ്ടു നിന്ന ചേച്ചിയുടെ നിറസാന്നിധ്യം.....നാട്ടിലാണെങ്കില്‍ വലിയ പ്രാരാബ്ദങ്ങളും ഉണ്ടായിരുന്നില്ല...

എന്റെയൊന്നും കാര്യം ഇതൊന്നുമല്ലായിരുന്നല്ലൊ പപ്പേട്ടാ,...,... രാധികചേച്ചിയെപോലെ ഹൗസ്‌ വൈഫും അല്ലല്ലൊ മേഴ്‌സി...

വര്‍ഷങ്ങളായി ഞാന്‍ ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ട്‌...ഇതൊന്നുമല്ല പപ്പേട്ട..!..ഇതിലപ്പുറവും ചെയ്യേണ്ടി വന്നിട്ടുണ്ട്‌ .......

അറാംകോ ക്യാമ്പില്‍ നിന്നും സംഘടിപ്പിച്ച സായിപ്പിന്റെ നിറമുള്ള, വീര്യമുള്ള വെള്ളത്തില്‍ സെവന്‍ അപ്‌ പതഞ്ഞു നിറഞ്ഞു....അതു മെല്ലെ തോമാസുട്ടിയുടെ അന്നനാളത്തിലെയ്ക്കു ഒഴുകിയിറങ്ങി.

അവന്റെ പാചകത്തിന്റെയും ഒപ്പം വാചകത്തിന്റെയും ലഹരിയുടെ ആക്കം കൂടാന്‍ തുടങ്ങി..ഗ്യാസ്‌- സ്റ്റൗവ്‌ ബര്‍ണറില്‍ കത്തിപടര്‍ന്ന തീനാളങ്ങള്‍ കരുത്തോടെ കത്തു കയറാന്‍ തുടങ്ങിയിരുന്നു.........

"അന്ന്‌ കഫീലിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്ലമ്പിങ്ങിന്റേയും വയറിങ്ങിന്റേയും ചാര്‍ജായിരുന്നു എനിയ്ക്ക്‌..

കേരളവര്‍മയില്‍ ബി.എ. മലയാളം ഫൈനല്‍ ഇയറിന്നു പഠിയ്ക്കുന്ന സമയത്ത്‌ രാഷ്ട്രീയം കളിച്ച്‌,... കളി മൂത്ത്‌ വിദ്യാര്‍ത്ഥിപരിഷത്തിലെ രാധാകൃഷന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ കോളേജില്‍ നിന്നു പുറത്തായ ശേഷം, രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം നാട്ടിലെ ആസ്ഥാന ഇലക്ട്രീഷ്യന്‍ രാമകൃഷണനാശന്റെ ശിഷ്യനായി നടന്നതു ഗുരുത്വമായി ഭവിച്ചു....ജോലിയില്‍ പെട്ടന്നു ഷൈന്‍ ചെയ്യാന്‍ കഴിഞ്ഞു....

അക്കാലത്തെ ബാച്ചിലര്‍-ലൈഫില്‍ വ്യാഴാഴ്ചകളിലെ പതിവു "വെള്ളകമ്പനിയില്‍" അതിഥിതാരമായെത്തി നിറഞ്ഞു നിന്നിരുന്ന മത്തായിചേട്ടന്‍ വഴി തികച്ചു ആകസ്മികമായിരുന്നു മേഴ്‌സിയുമായുള്ള കല്യാണപ്രപ്പോസലിന്റെ തുടക്കം.

" തോമസുട്ടി...നിന്റെ ഗ്ലാമറിനും രീതികള്‍ക്കും ചേരുന്ന നല്ലൊരു മിടുക്കിപെണ്ണുണ്ടടാ....നമുക്കൊന്നാലോചിച്ചാലോ......ഇത്തിരി നിറം കുറവാണ്‌...അല്ലെങ്കില്‍ത്തന്നെ സായ്പ്പിന്റെ വെളുപ്പുള്ള നിന്റെ നിറത്തിനു ചേര്‍ന്ന പെണ്ണിനെ കിട്ടുക അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ"
മത്തായിചേട്ടനു കള്ളു തലയ്ക്കു പിടിയ്ക്കാന്‍ തുടങ്ങിയിരുന്നു...

ഒരു കല്യാണത്തിനെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍....

അനിയത്തിമാരായ മോളിയുടേയും റീത്തയുടേയും കല്യാണങ്ങള്‍ ഒന്നിച്ചു നടത്തിയതിന്റെ ക്ഷീണം തീര്‍ന്നു വരുന്നതിനിടയിലാണ്‌ ഇളയപെങ്ങള്‍ ബി.എഡു കാരി സോഫിയക്ക്‌ കോഴ്‌സുകഴിഞ്ഞയുടനെത്തന്നെ ഇടവകപള്ളിസ്കൂളില്‍ ജോലി ശരിയാവുന്നത്‌.....കര്‍ത്താവിന്റെ കൃപയുണ്ടായിരുന്നിട്ടുപോലും അതിനും കൊടുക്കേണ്ടി വന്നു ലക്ഷങ്ങള്‍.....

അവിടെയിവിടെയായി ഓരോരോ അഡ്‌ജസ്റ്റുമെന്റുകളുടെ പുറത്തു എങ്ങിനെയൊക്കയൊ കാര്യങ്ങള്‍ നടന്നു പോകുകയായിരുന്നു....ഇനി സോഫിമോളുടെ കല്യാണം കൂടി നടത്തി സ്വസ്ഥമായിത്തീര്‍ന്നതിനുശേഷം മാത്രം മതി സ്വന്തം കാര്യം എന്നായിരുന്നു മനസ്സില്‍ കരുതിയിരുന്നത്‌....

" എടാ കന്നാലി,.. മത്തായി ചേട്ടന്‍ ഒരു നല്ലകാര്യവുമായി വരുമ്പോള്‍ ഓരോ മൊടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇടങ്കോലീടാന്‍ നോക്കുന്നോടാ ശവി ...നീ ഒന്നു പോയി കണ്ടുനോക്ക്‌....എന്നിട്ട്‌ വേണെങ്കില്‌.. നല്ല മനസ്സുണ്ടെങ്കില്‌ മാത്രം കെട്ടിയാല്‍ മതി.....ആരും നിന്നെ നിര്‍ബന്ധിക്കാനൊന്നുംവന്നില്ലല്ലോ....."

സത്യത്തില്‍, കള്ളു മൂത്ത അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്ണുകാണല്‍ചടങ്ങിനു അവസാനം ഞാന്‍ സമ്മതിയ്ക്കുകയായിരുന്നു...

മുന്നിലിരുന്ന അരകുപ്പി ഒരുതുളിവെള്ളംപോലും ചേര്‍ക്കാതെ ഒറ്റയടിയ്ക്കു എടുത്തു വീശുകയായിരുന്നു...അത്രയ്ക്കധികം ടെന്‍ഷന്‍ ഉണ്ടയിരുന്നു മനസ്സിലപ്പോള്‍...

ഞങ്ങളെല്ലാവരും സ്നേഹപൂര്‍വ്വം "കള്ളുമത്തായി" എന്നു വിളിച്ചിരുന്ന മത്തായിചെട്ടന്റെ വൈഫിന്റെ ഹോസ്പിറ്റലില്‍ ആയിരുന്നു മേഴ്‌സി വര്‍ക്കു ചെയ്തിരുന്നത്‌..അവര്‍ ഒരേ നാട്ടുകാരികളും ആയിരുന്നു.

ഒരു വെള്ളിയാഴ്ച്ച മത്തായിചേട്ടന്റെ ഫ്ലാറ്റില്‍വെച്ചായിരുന്നു പെണ്ണുകാണല്‍.....


കറുത്തിരുണ്ടിട്ടാണെങ്കിലും നീണ്ടുമെലിഞ്ഞ്‌ രൂപഭംഗിയും മുഖസൗന്ദര്യവുമുള്ള മേഴ്‌സിയോട്‌ ആദ്യനിമിഷങ്ങളില്‍ത്തന്നെ എനിയ്ക്കെന്തോ വല്ലാത്ത അടുപ്പം തോന്നാന്‍ തുടങ്ങിയിരുന്നു....

അന്യോന്യം കണ്ടും..പിന്നെ കുറേ നേരം ഒറ്റയ്ക്കിരുന്നു സംസാരിച്ചും മെല്ലെ മെല്ലെ ഇരുവരുടെയും മനസ്സുകള്‍ പരസ്പരം പൊരുത്തപെടുകയായിരുന്നു.....

കണ്ണുകള്‍ തമ്മില്‍തമ്മില്‍ കോര്‍ത്തുടക്കിയ ഏതോ ഒരു നിമിഷം... മൗനം വല്ലാതെ വാചാലമായ ആ നിമിഷം...ബന്ധുക്കളുടെ അകമ്പടിയില്ലാതെ...പുരോഹിതന്‍മാരുടെ കാര്‍മികത്വമില്ലാതെ ഞങ്ങളുടെ മനസ്സമതം നടയ്ക്കുകയായിരുന്നു.....

മത്തായിചേട്ടന്റെ അതിഥികളായി ഉച്ചയ്ക്കു ഊണുകഴിച്ചു പിരിയുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരായിരുന്നു......

പിന്നെ എല്ലാം പെട്ടന്നായിരുന്നു...നാട്ടില്‍ രണ്ടുവീട്ടുകാരും പരസ്പരം ആലോചിച്ചുതീരുമാനിച്ചുറപ്പിച്ചു.....

അങ്ങിനെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കാരി മേഴ്‌സി തൃശ്ശൂര്‍ ജില്ലയിലെ ഓലകുടിക്കാരന്‍ തോമസുട്ടിയുടെ ജീവിതസഖിയായി......


കല്യാണം കഴിയ്ക്കുന്ന സമയത്ത്‌ മേഴ്‌സിയ്ക്കു മിനിസ്ട്രിയിലൊന്നുമല്ലായിരുന്നല്ലൊ ജോലി....ഒരു സ്വകാര്യ ആശുപത്രിയിലെ തുടക്കക്കാരിമാത്രമായിരുന്നു അന്നവള്‍... രണ്ടുപേര്‍ക്കും ശമ്പളം കുറവായിരുന്നു....എന്നെപോലെതന്നെ അവളുടെ വീട്ടിലും ബാധ്യതകള്‍ അനവധിയുണ്ടായിരുന്നു...

ജീവിതം തുടങ്ങിയ ആദ്യ വര്‍ഷങ്ങള്‍...ശരിയ്ക്കും കഷ്ടപാടിന്റെ നാളുകളായിരുന്നു..

ആ ദുരിതങ്ങള്‍ക്കു നടുവിലാണ്‌ ആല്‍വിന്റെ ജനനം..അവള്‍ തുടര്‍ച്ചായി നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്തു.....ഞാന്‍ എന്നും ഡേ-ഡ്യുട്ടിയും....അങ്ങിനെ ഷിഫ്റ്റാടിസ്ഥാനത്തില്‍ ഒരേ സമയം അച്ഛന്റേയും അമ്മയുടേയും റോളുകള്‍ ചെയ്തു വളരെ ക്ലേശത്തോടെയാണ്‌ ഞങ്ങള്‍ അവനെ വളര്‍ത്തിയത്‌...

മഹാ വികൃതിയായിരുന്നു ആല്‍വിന്‍ അന്ന്‌...രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ സമ്മതിയ്ക്കില്ലായിരുന്നു.... ചില ദിവസങ്ങളില്‍ രാവിലെ ജുബെയിലിലെ സൈറ്റിലേയ്ക്കു ജോലിക്കാരുമായി പിക്കപ്പുമോടിച്ചു പോകുമ്പോള്‍ കണ്ണടഞ്ഞു പോകാറുണ്ടായിരുന്നു... കര്‍ത്താവു കാത്തു രക്ഷിയ്ക്കുകയായിരുന്നു പലപ്പോഴും....

ജുബെയിലിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍നിന്നും മടങ്ങി റൂമിലെത്തുമ്പോഴേയ്ക്കും ഒരു പാടു വൈകിയിരിയ്ക്കും... കുഞ്ഞിനെ തൊട്ടടുത്ത ഫ്ലാറ്റിലെ ബെംഗ്ലാദേശി കുടുംബത്തെ ഏല്‍പ്പിച്ചു മേഴ്‌സി ഡ്യുട്ടിയ്ക്കു പോയിട്ടുണ്ടാവും അപ്പോഴേയ്ക്കും...

ഓരേ നാട്ടില്‍ ജോലിചെയ്തിട്ടും, ഒരേ കൂരയില്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിട്ടും... ഒരിയ്ക്കല്‍പോലും പരസ്പരം കാണാന്‍ കഴിയാത്തെ എത്രയോ ദിവസങ്ങള്‍... പറഞ്ഞാല്‍ ഒരു പക്ഷെ പപ്പേട്ടനെപൊലെ ഒരാള്‍ക്ക്‌ പെട്ടന്നു വിശ്വസിയ്ക്കാന്‍ കഴിയില്ല... മൊബൈല്‍ ഫോണുകളൊന്നും സജീവമല്ലായിരുന്ന കാലം...പരസ്പരം കാണാന്‍ കഴിയാതെ,... ഒന്നു മിണ്ടാന്‍ പോലും കഴിയാതെ ദാമ്പത്യജീവിതം മുന്നോട്ടുപോയ നാളുകള്‍..

"അച്ചായോ കാര്യങ്ങളൊക്കെ നോട്ട്ബുക്കില്‍ എഴുതിവെച്ചിട്ടുണ്ട്‌...നേരം വൈകി പോട്ടെ. നാളെ കാണാം..."

അതും പറഞ്ഞു, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌,...കയ്യുംവീശി,.. സ്റ്റെപ്‌സ്‌ ഓടിയിറങ്ങി, ഒരു മാടപ്രാവിനെപോലെ താഴെ പാര്‍ക്കു ചെയ്ത കൊച്ചു വാനില്‍ കയറിപോകുന്ന മേഴ്‌സിയെ ഒരു മിന്നായംപോലെ നോക്കിനിന്നു നെടുവീര്‍പ്പിടാനെ കഴിയാറുള്ളു പലപ്പോഴും.... .

ഫ്രിഡ്‌ജിന്റെ പുറത്തെ നോട്ട്‌ ബുക്കിലെ വരികളിലൂടെയായിരുന്നു പ്രധാനമായും അക്കാലത്തെ ആശയവിനിമയം..ആല്‍വിന്റെ ഭക്ഷണം, അവന്റെ ആരോഗ്യം,. പനി,...ടെമ്പറച്ചര്‍, കൊടുക്കെണ്ട മരുന്നുകള്‍,... കരന്റു ബില്ല്, വാട്ടര്‍ ബില്ല്‌..നാട്ടില്‍ അമ്മച്ചിയുടെ കത്തിലെ വിശേഷങ്ങള്‍..ഇങ്ങിനെ കാര്യമാത്രപ്രസക്തമായിരുന്നു കുറിപ്പുകളിലെ ഉള്ളടക്കം..
.
"നിനക്കു സുഖമല്ലെ മേഴ്‌സി,....തുടര്‍ച്ചയായ നൈറ്റ്‌ ഷിഫ്റ്റ്‌ വല്ലാത്ത ക്ഷീണം ഉണ്ടാക്കുന്നുണ്ടൊ,....ആരോഗ്യം ശ്രദ്ധിയ്ക്കണം,....ഒരുദിവസം ലീവെടുത്തുടേ,.... ഒരു മാസമാകാറയില്ലെ പെണ്ണേ ഒന്നു മിണ്ടീം പറഞ്ഞുമിരുന്നിട്ട്‌.........

"അച്ചായാ, ഹുമിഡിറ്റി തുടങ്ങി..സൂക്ഷിയ്ക്കണം....ഒരുപാടു വെയില്‍കൊള്ളുന്നതല്ലെ....ധാരാളം വെള്ളം കുടിയ്ക്കണം.... "

ഇങ്ങിനെ കൊച്ചുകൊച്ചു സ്നേഹസന്ദേശങ്ങളൊന്നും എഴുതിവെയ്ക്കാന്‍,.. എന്തോ രണ്ടുപേര്‍ക്കും തോന്നാറില്ലായിരുന്നു..

ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍ അതിനുള്ള ആര്‍ദ്രതയൊന്നും ഞങ്ങളുടെ മനസ്സുകള്‍ക്കില്ലായിരുന്നു ആ നാളുകളില്‍...

ഡ്യൂട്ടി സമയം നോക്കിയുള്ള നെട്ടോട്ടത്തിനിടയില്‍ സമയവും കിട്ടില്ലായിരുന്നു.. ..
എങ്കിലും രണ്ടു പേര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ പൂര്‍ണ്ണമായും കഴിഞ്ഞിരുന്നു....

ലീവെടുക്കാനോ,.. ഓവര്‍ടൈം കളയാനോ പറ്റാത്ത അവസ്ഥയായിലായിരുന്നു കാര്യങ്ങള്‍....
ഓരോ റിയാലിനും ഒരുപാടു വിലയായിരുന്നു..ഒരുപാടാവാശ്യങ്ങളായിരുന്നു....

നാട്ടില്‍ അപ്പനെ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച്‌ സീരിയസ്സായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്ത കാലമായിരുന്നു അത്‌....

മേഴ്‌സിയുടെ അനിയത്തിയ്ക്കു കുവൈറ്റിലേയ്ക്കു വിസ റെഡിയായിരുന്ന സമയം...

അതിനും വേണമായിരുന്നു ഒരു പാട്‌ പണം...

രണ്ടറ്റവും കൂട്ടിമുട്ടിച്ച്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ വല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു...ശരിയ്ക്കും ചക്രശ്വാസം വലിയ്ക്കുകയായിരുന്നു...

ഇതിനിടയില്‍ സ്വന്തം മോഹങ്ങളുടെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു തൃപ്തിയടയാന്‍ അവസരങ്ങളില്ലാതെ ജീവിതം സമാന്തരമായി മുന്നോട്ടു പോകുന്നത്‌ നിസ്സഹായരായി നോക്കി നിന്ന്‌ നെടുവീര്‍പ്പിടാന്‍ വിധിയ്ക്കപ്പെടുകയായിരുന്നു ഇരുവരും.......

കഷ്ടപ്പാടറിഞ്ഞു കര്‍ത്താവു കൊണ്ടുത്തന്നതു പോലെയായിരുന്നു അയല്‍വക്കത്തെ ഫ്ലാറ്റിലെ ബെംഗാളാദേശി കുടുംബം....

ആ വീട്ടിലെ അമ്മയും അവരുടെ മൂന്നു പെണ്‍മക്കളും ആല്‍വിനെ പൊന്നു പൊലെയാണ്‌ നോക്കിയിരുന്നത്‌....

ആണ്‍മക്കളില്ലാത്ത അവര്‍ക്ക്‌ ആല്‍വില്‍ സ്വന്തം മകനെപോലെയായിരുന്നു.....പെണ്‍കുട്ടികള്‍ക്കവന്‍ സ്വന്തം അനിയന്‍ തന്നെയായിരുന്നു....

അവരുടെ വീട്ടിലാണ്‌ അവന്‍ ആദ്യം പിച്ചവെച്ചു നടന്നു തുടങ്ങിയത്‌....

ആല്‍വിന്റെ മൂത്രത്തിന്റെ ചൂടും ചൂരും ആ വീട്ടിലെ കാര്‍പെറ്റുകള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കും പരിചിതമായിരുന്നു....

"അമ്മ" എന്നതിനു പകരം "മാം" എന്നു ഉച്ചരിച്ചുകൊണ്ടാണ്‌ ആല്‍വിന്‍ ആദ്യാക്ഷരമന്ത്രത്തിന്‌ തുടക്കം കുറിച്ചത്‌...

"അച്ചായോ വന്നുവന്ന്‌ ഇനി അവന്റെ സംസാരം മുഴുവന്‍ ബംഗാളി ഭാഷായിലാകുമോ എന്നാ എന്റെ പേടി.."...മേഴ്‌സിയുടെ ആ സംശയത്തില്‍ ന്യായമില്ലെ എന്ന്‌ എനിയ്ക്കും തോന്നാതിരുന്നില്ല...

ഭാവിയില്‍ അവനൊരു "ബന്ധുഭായി"ആയി മാറുന്ന രംഗമോര്‍ത്ത്‌ ഇരുവരും ഒരുപാടു ചിരിച്ചുല്ലസിയ്ക്കുകയായിരുന്നു...അപൂര്‍വ്വമായി വീണുകിട്ടുന്ന ഏകാന്തസുന്ദരകുടുംബനിമിഷങ്ങള്‍ക്കു തൊടുകുറിയണിയിച്ചു തുടക്കം കുറിയ്ക്കുകയായിരുന്നു ഞങ്ങളപ്പോള്‍....

ക്രമേണ കാലം തെളിയുകയായിരുന്നു... മേഴ്‌സിയ്ക്ക്‌ മിലിറ്ററി ഹോസ്പിറ്റലില്‍ ജോലികിട്ടി........ദമ്മാമിലെ ഇലറ്റ്രിക്‌ ഷോപ്പിന്റെ നടത്തിപ്പുക്കാരന്‍ കഫിലുമായി ഉടക്കി പിരിഞ്ഞുപോയി...അങ്ങിനെ ആ കടയുടെ ചുമതല എന്റെ കൈകളില്‍ വന്നുചേര്‍ന്നു.....

ആന്‍സുവിന്റെ ജനനശേഷം പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു..

അവളുടെ ഭാഗ്യംകൊണ്ട്‌,..കഫീലിന്റെ കാരുണ്യംകൊണ്ട്‌. ഇലക്റ്റ്രിക്‌ ഷോപ്പിനു തൊട്ടുള്ള ഹാര്‍ഡ്‌വെയര്‍ഷോപ്പ്‌....പിന്നെ അതിനപ്പുറമുള്ള പെയിന്റു കട..എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു..... ഇതിനിടയില്‍ നാട്ടില്‍ തറവാടിനടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം....കൊച്ചിയില്‍ സ്വന്തമായി ഫ്ലാറ്റ്‌.....എല്ലാം എത്രപെട്ടന്നാണ്‌ കയ്യില്‍ വന്നു ചേര്‍ന്നത്‌..

സമയം ഒത്തുവന്നാല്‍....ഭാഗ്യം കനിഞ്ഞനുഗൃഹിച്ചാല്‍....കണക്കുകൂട്ടല്‍ കൃത്യമാകും...ധനം.പെരുമഴപോലെ പെയ്തിറങ്ങി അമ്പരപ്പിയ്ക്കും..
കാറ്റൊന്നു മാറി വീശിയാല്‍,... കാലം പിഴച്ചാല്‍..മലവെള്ളം പോലെ ഒരു രാത്രികൊണ്ടു വന്നതെല്ലാം വന്ന പോലെ തിരിച്ചൊഴുകിപോകും...പിന്നെ ശേഷിയ്ക്കുക പുത്തന്‍പണം കൊണ്ടു വരുന്ന പുതിയ ശീലങ്ങളുടെ അഴുക്കും ചെളിയും മാത്രമായിരിയ്ക്കും...അതാണ്‌ പപ്പേട്ടാ ബിസിനെസ്സിനെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയ രസതന്ത്രം..

വീര്യമുള്ള ജലത്തില്‍ വെണ്ടും സെവന്‍ അപ്‌ പതഞ്ഞൊഴുകി....തോമസുട്ടിയുടേ കുക്കിംഗ്‌ അതിന്റെ പാരമ്യത്തിലെത്താന്‍ തുടങ്ങിയിരുന്നു...പപ്പേട്ടനെ വെറും കേള്‍വിക്കാരനാക്കി മാറ്റി അവന്‍ ആവേശത്തോടെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു....

"പപ്പേട്ടാ, എല്ലാം നേടി, തോമസുട്ടി...ഒന്നില്‍ പിഴച്ചാല്‍ ബാക്കി ഒമ്പതിലും നേടാനും,സമ്പാദിയ്ക്കാനുമുള്ള എല്ലാ കുറുക്കുവഴികളും പഠിച്ചുകഴിഞ്ഞു....കേരളവര്‍മ്മയിലെ ആ പഴയ ആദര്‍ശധീരനായ SFI നേതാവ്‌ തോമസുട്ടി ഒരുപാടു മാറി പോയി.....

"ചെക്കന്‍മാരായാല്‍ ഇത്രയും ആദര്‍ശം പാടില്ല തോമസുട്ടി, അതും ഇക്കാലത്ത്‌`.....ആദര്‍ശം കലത്തിലിട്ടു വേവിച്ചാല്‍ ചോറും കറിയുമാകില്ല...... എന്റെ കയ്യിലൊന്നു കിട്ടട്ടെ ശരിയാക്കിയെടുക്കും ഞാന്‍ ചെക്കനെ"

കാന്താരി മുളകിന്റെ ചുണപ്പുള്ള പൂങ്കുന്നംക്കാരി തനി തൃശ്ശൂര്‌ നസ്രാണിച്ചി BA PoLitics ലെ സോണിയയുടെ കള്ളചിരിയില്‍ പൊതിഞ്ഞ വാക്കകളൊക്കെ വെറും പഴംവാക്കുകളായിമാറി..

ചെറുപ്പത്തില്‍ കൊച്ചുകൊച്ചു മോഹങ്ങള്‍ മാത്രമുണ്ടായിരുന്ന തോമസ്സുട്ടി അതിനുമപ്പുറവും എത്രയോ വളര്‍ന്നു...മിടുക്കനായി...

വെറും കാളവണ്ടിക്കാരനായിരുന്ന പൊഴലിപ്പറമ്പന്‍ കൊച്ചുവറീതിന്റെ മോന്‍ ഈ മുപ്പത്തിയേഴാം വയസ്സില്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം, സ്വപ്നം കാണാവുന്നതിലുമപ്പുറം സമ്പാദിച്ചുകൂട്ടി....

നേടാന്‍ ഇനിയും ഒരുപാടു ബാക്കി...അതിനുള്ള കരുത്തും ആത്മവിശ്വാസവുമുണ്ട്‌.....തിയ്യില്‍ കുരുത്തത്താണ്‌ പപ്പേട്ട ഈ തോമാസുട്ടി.!!..... ഇളംവെയിലത്തൊന്നു വാടില്ല ...!!

(തുടരും)

Thursday, August 12, 2010

പ്രവാസിയുടെ ഒരുക്കം

അദ്ധ്യായം-1 

"പപ്പേട്ടാ.....ആ സ്വെറ്ററു കൂടി കയ്യില്‍ വെച്ചൊളു ....പുറത്തു നേരിയ തണുപ്പുണ്ട്‌....എയര്‍ പോര്‍ട്ടില്‍ നല്ല തണുപ്പായിരിയ്ക്കും ..കുറെ നേരം അവിടേയും ഇരിയ്ക്കാനുള്ളതല്ലെ..".

പുറത്തു നിന്നും തോമാസുട്ടി വിളിച്ചു പറഞ്ഞു...

അവന്‍ പെട്ടികളുമെടുത്തു താഴൊട്ടിറങ്ങാന്‍ തുടങ്ങിയിരുന്നു....

ഒരു വെക്കേഷനു കൂടിയുള്ള ഒരുക്കത്തിലായിരുന്നു പപ്പന്‍.....ആകെ ഒരു വെപ്രാളമായിരുന്നു....എത്ര ഒരുക്കിയിട്ടും, ഒരുക്കിയിട്ടും തീരാത്ത ഒരുക്കങ്ങള്‍.ഒറ്റയ്ക്കൊന്നു ചെയ്തു ശീലമില്ലാതായിരിയ്ക്കുന്നു..

ഒരു പാടു നാളിനുശേഷമാണ്‌ രാധിക കൂടെയില്ലാതെ ഒരു യാത്ര....കഴിഞ്ഞ പതിനേഴു വര്‍ഷമായി ഒരു തണല്‍മരം പോലെ...കുളിരു പകരുന്ന ഒരു തെളിനീരരുവിയുടെ സംഗീതം പോലെ രാധികയുടെ സാന്നിധ്യം...ആ തണലിന്റെ കുളിരില്‍, സ്വയമലിഞ്ഞങ്ങിനെ ഒരലല്ലുമറിയാതെ ഒഴുകുകയായിരുന്നു....

കുളികഴിഞ്ഞ്‌ ബാത്‌റൂമില്‍നിന്നിറങ്ങുമ്പോള്‍ തോര്‍ത്തുമായി ഓടിയെത്തും....

"
ഇത്രയും പ്രായമായിട്ടും ഇനിയും വൃത്തിയായി തോര്‍ത്താന്‍ പഠിച്ചില്ലല്ലൊ പപ്പേട്ടാ,.ഉപ്പുകലര്‍ന്ന വെള്ളമാണന്നെറിയില്ലെ.. മുഴുവന്‍ തോര്‍ത്തിക്കളയണം...അല്ലെങ്കിലെ മുടിമുഴുവന്‍ നരയ്ക്കാനും കൊഴിയാനും തുടങ്ങി..

ആ ശാസനകള്‍ക്കു പോലും വല്ലാത്ത സുഖമുളൊരു ഈണമുണ്ടായിരുന്നു... എല്ലാത്തിനും പ്രത്യേക താളം.. വൈഭവം....അതായിരുന്നു രാധികയുടെ സ്റ്റൈല്‍...

രാധിക ജീവിതത്തില്‍ കടന്നുവന്നതിനുശേഷം കിച്ചണില്‍ കയറുന്നതു അപൂര്‍വ്വമായിരുന്നു.......ചായയുണ്ടാക്കാന്‍ പോലും മറന്നു പോയിരുന്നു....കഴിഞ്ഞവര്‍ഷം അവള്‍ പോയതിനു ശേഷം വീണ്ടും കുക്കിങ്ങിന്റെ ബാലപാഠങ്ങള്‍ റിവൈസ്‌ ചെയ്യന്‍ തുടങ്ങുകയായിരുന്നു.....


മാളുട്ടി പത്താംക്ലാസു കഴിഞ്ഞപ്പൊള്‍ അവളുടെ പ്ലസ്‌-റ്റൂ പഠനം ത്രിശ്ശൂരിലേയ്ക്കു ഷിഫ്റ്റ്‌ ചെയ്യാമെന്ന്‌ രണ്ടുപേരും കൂടി ഒരുപാടാലോച്ചിച്ചു തീരുമാനിയ്ക്കുകയായിരുന്നു....പി.സി തോമാസ്‌ മാഷുടെ എന്റ്രന്‍സ്‌ കോച്ചിംഗ്‌...അതു തന്നെയായിരുന്നു പ്രധാന ലക്ഷ്യം...

വേര്‍പാടിന്റെ നിമിഷങ്ങള്‍.. അതിനെക്കുറിക്കാലോച്ചിയ്ക്കാന്‍ പോലും കഴിയില്ലായിരുന്നു...പക്ഷെ മകളുടെ ഭാവി...അതുമാത്രമായിരുന്നു രണ്ടുപേരുടെയും മനസ്സിലപ്പോള്‍ .

സത്യത്തില്‍ മാളുട്ടിയുടെ വളര്‍ച്ച കാണുമ്പോഴാണ്‌..തങ്ങളിരുവരും എത്രമാത്രം മുതിര്‍ന്നു എന്ന സത്യം അവര്‍ അത്ഭുതത്തോടെ തിരിച്ചരിയറുള്ളത്‌......

രാധികയേയും മാളുട്ടിയെയും നാട്ടില്‍കൊണ്ടുവിട്ടു തിരിച്ചുവന്ന ആദ്യദിനങ്ങളില്‍ വല്ലാത്ത ശൂന്യതയായിരുന്നു മനസില്‍ ....ഫ്ലാറ്റിലെ എകാന്തത ഭയാനകമായിരുന്നു....
ആ നിശബ്ദതതയില്‍ വല്ലാത്തൊരു ഭയം പപ്പനെ ഗ്രസിയ്ക്കുകയായിരുന്നു....

വെബ്‌ ക്യാമറയിലൂടെയുള്ള കൂടിക്കാഴ്ചകള്‍ ...ആശ്വസത്തേക്കാളേറെ ശോകാര്‍ദ്രമായിരുന്നു..വിര്‍ഹാര്‍ദ്രമായിരുന്നു ... ജയിലിലെ വിസിറ്റേര്‍സിനെപോലെ നെറ്റിനപ്പുറത്ത്‌ തളര്‍ന്ന മുഖവുമായി രാധിക...ഒപ്പം മാളുട്ടിയും...

".മാളുട്ടിയുടെ പന്ത്രണ്ടാം ക്ലാസു തീരുന്നതുവരെ അവിടെ തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു ..... അല്ലെ പപ്പേട്ട..".അതു പറയുമ്പോള്‍ വിതുമ്പുകയായിരുന്നു രാധിക....

ആ ദിവസങ്ങളില്‍...വിരസമായ വൈകുന്നേരങ്ങളിലെ ഭ്രാന്തുപിടിപ്പിയ്ക്കുന്ന നിമിഷങ്ങളില്‍ ഫ്ലാറ്റില്‍ നിന്നിറങ്ങി ,ദമ്മാം -കോബാര്‍ കോര്‍ണിഷ്‌ റോഡില്‍ കാറിന്റെ വേഗത കുറച്ചു അലസമായി ഡ്രൈവ്‌ ചെയ്ത്‌ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുമായിരുന്നു പപ്പന്‍...

വിരഹവിഷാദാര്‍ദ്ര ഭാവങ്ങളുമായി അസ്തമിയ്ക്കാനൊരുങ്ങുന്ന സൂര്യകിരണങ്ങള്‍ അവനെ തഴുകി തലോടുമായിരുന്നു.....പ്രിയപ്പെട്ട പഴയക്കാല ഗസല്‍ഗാനങ്ങള്‍ അവനു കൂട്ടാകുമായിരുന്നു...

ഉള്‍ക്കടലില്‍ നിന്നും ഉപ്പും പേറി വരുന്ന കടല്‍ക്കാറ്റിന്റെ കൈകളില്‍ ആടിയുലയുഞ്ഞു ശൃംഗരിച്ചുരസിയ്ക്കുന്ന ഈന്തമരങ്ങളില്‍ ഉണ്ണികള്‍ വിരിഞ്ഞുതുടുക്കാന്‍ തുടങ്ങുന്ന കാലമായിരുന്നു അത്‌

ഓഫിസിലെ തിരക്കില്‍ വീര്‍പ്പുമുട്ടി തളര്‍ന്നു മടങ്ങുന്ന ഒരു സന്ധ്യയില്‍ രാധികയുടെ സാമിപ്യത്തിനായി എന്തെന്നില്ലാതെ കൊതിയ്ക്കുകയായിരുന്നു അവന്റെ മനസ്സ്‌ ...

കാറു പാര്‍ക്ക്‌ ചെയ്ത്‌ ഫ്ലാറ്റിന്റെ സ്റ്റെപ്പുകള്‍ കയറുമ്പോള്‍ സ്വയം മറക്കുകയായിരുന്നു....

കോളിംഗ്‌ ബെല്ലിലേയ്ക്ക്‌ വിരലുകള്‍ അറിയാതെ ചലിയ്ക്കുകയായിരുന്നു....

തന്റെ മനസ്സു പോലെ ഫ്ലാറ്റിനകവും ശൂന്യമാണെന്ന സത്യം വിസ്മരിയ്ക്കുകയായിരുന്നു..

തളര്‍ന്ന ബോധമനസ്സില്‍ ഉപബോധമനസ്സിലെ മിഥ്യാമോഹങ്ങള്‍ വ്യാപരിയ്ക്കുകയായിരുന്നു...പൂര്‍ണ്ണമായും കീഴടക്കുകയായിരുന്നു....

വാതില്‍ തുറന്നു ഒരു പൂന്തിങ്കള്‍ പോലെ പുഞ്ചിരിതൂകി മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു രാധിക..! ....

സ്റ്റഡിടേബിളില്‍ ഹോംവര്‍ക്കുകളില്‍ മുഴുകിയിരിയ്ക്കുന്ന മാളുട്ടി....

കണ്ണുകള്‍ക്ക്‌ വിശ്വസിയ്ക്കാനായില്ല..

സന്തോഷംകൊണ്ട്‌,അത്ഭുതം കൊണ്ട്‌.പരിസരം മറന്നവന്‍.രാധികയെ വാരിപുണന്നു..ഓടിയെത്തിയ മാളുട്ടിയെ ചേര്‍ത്തു നിര്‍ത്തി വാല്‍സല്യപൂര്‍വ്വം തലോടി...

ആനന്ദസാഗരം അലയടിച്ചുയരുന്ന നിമിഷങ്ങളില്‍ ഫ്ലാറ്റിലെ ചുവരുകള്‍ക്കുപോലും ജീവന്‍ വെയ്ക്കുകയായിരുന്നു.....ശ്മശാനം പോലെ ശോകമൂകമായ അന്തരീക്ഷം എത്ര പെട്ടന്നാണ്‌ മുരളിരവം അലയടിയ്ക്കുന്ന സംഗീതസാന്ദ്രമായ വൃന്ദാവനമായി മായി മാറിയത്‌..

.പക്ഷെ ഒടുവില്‍.... എല്ലാം മിഥ്യയാണ്‌....മനസ്സിന്റെ തോന്നലുകള്‍ മാത്രം എന്ന തിരിച്ചറിവിന്റെ ഞെട്ടിയ്ക്കുന്ന നിമിഷത്തില്‍ ശരിയ്ക്കും തളര്‍ന്നു പോയിരിന്നു...അമ്പരപ്പോടെ ബെഡ്ഡിലെയ്ക്കു കുഴഞ്ഞുവീഴുകയായിരുന്നു.....

ഒന്നും കഴിയ്ക്കാതെ കിടന്നുറങ്ങുകായണല്ലെ....വെറുതെ ഓരോന്നു ചിന്തിച്ചുകൂട്ടി എന്തെങ്കിലും അസുഖം വരുത്തി വെച്ചോളു...

ഉണര്‍വിനും ഉറക്കത്തിനുമിടയിലുള്ള തളര്‍ച്ചയുടെ നിമിഷങ്ങളില്‍ വീണ്ടും രാധിക....!!!

അവള്‍ ബെഡ്ഡില്‍ അവനൊടു ചേര്‍ന്നു ഇരിയ്ക്കുകയായിരുന്നു....അവന്റെ നെറ്റിയില്‍ തലോടുകയായിരുന്നു..മെല്ലെ അവന്റെ നെഞ്ചില്‍ തലചായ്ക്കുകയായിരുന്നു...

ആ സാന്നിധ്യത്തില്‍ ..സാമീപ്യത്തില്‍, സ്പര്‍ശത്തില്‍ നവോന്മേഷത്തിന്റെ ആയിരം കുതിരകള്‍ ഒന്നിച്ചുണര്‍ന്നുകുതിയ്ക്കാന്‍ തുടങ്ങുകയായിരുന്നു അവനിലപ്പോള്‍......

"പപ്പേട്ടാ,....മാളുട്ടിയുടെ മുമ്പില്‍ വെച്ചു പപ്പേട്ടന്റെ കുട്ടിക്കളികള്‍ ഇത്തിരു കൂടുന്നുണ്ട്‌ കേട്ടൊ....അവള്‍ മുതിര്‍ന്ന കുട്ടിയായി ,..തിരിച്ചറവിന്റെ പ്രായമായി എന്നൊന്നും ഒരു വിചാരവുമില്ല...ഹണിമൂണ്‍കാലമൊക്കെ എന്നോ കഴിഞ്ഞില്ലെ പപ്പേട്ട..നമുക്കു പ്രായമാകാന്‍ തുടങ്ങിയില്ലെ. ..." അവള്‍ പരിഭവിയ്ക്കുകയായിരുന്നു...

"സോറി മോളെ,.....പെട്ടന്നു നിന്നെ കണ്ട സന്തോഷത്തില്‍ പപ്പേട്ടന്‍ പരിസരം മറന്നു പോയി എല്ലാം മറന്നു പൊയി......" ...

അവന്‍ അവളെ നെഞ്ചോടു ചേര്‍ത്തു കിടത്തി മുടിയിഴകളെ തഴുകിയുണര്‍ത്തുകയായിരുന്നു...

ഒരു പൂച്ചകുഞ്ഞിനെപോലെ അവള്‍ ആ നെഞ്ചിലെ ചൂടില്‍ കുറുങ്ങിയൊതുങ്ങുകയായിരുന്നു...അപ്പോഴേയ്ക്കും അവന്റെ ചുണ്ടുകള്‍ ചിരപരിചിതവും പ്രിയങ്കരവുമായ മേച്ചില്‍പുറങ്ങള്‍ തേടി പ്രയാണമാരംഭിച്ചിരുന്നു...

" സത്യമാണ്‌ മോളെ നീ പറഞ്ഞത്‌,... നമുക്കും പ്രായമാകാന്‍ തുടങ്ങി എന്നറിയാഞ്ഞിട്ടല്ല....എങ്കിലും അതുള്‍ക്കൊള്ളാന്‍ ഇപ്പോഴും എന്തോ വല്ലാത്ത മടി തൊന്നുന്നു.... ഇന്നെന്താണെന്നറിയില്ല മനസ്സിനു വല്ലാത്ത മൂഡ്‌ ഓഫ്‌....ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു ഓഫിസില്‍...എല്ലാം മറന്ന്‌ നമുക്കിന്നൊന്നഘോഷിച്ചാലൊ...എല്ലാം മറന്ന പഴയ ഹണിമൂണ്‍ നാളുകളിലേയ്ക്കു മടങ്ങിപോയാലൊ.......

അവന്റെ ചുണ്ടുകള്‍ അവളുടെ ചെവിയില്‍ കിന്നാരപൂക്കള്‍ വാരിവിതറുകയായിരുന്നു അപ്പോള്‍...

ആ മാന്ത്രികാധരങ്ങളുടെ മായജാലങ്ങള്‍ക്കു മുമ്പില്‍കീഴടങ്ങാനെ എന്നും അവള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളു....


ഒരിയ്ക്കലും കൊതിതീരാത്ത ആ ലാളനങ്ങള്‍ ഏറ്റുവാങ്ങി,...ആ ഹൃദയത്തില്‍ നിന്നൂറുന്ന പ്രണയധാരപ്രവാഹത്തില്‍ നനഞ്ഞുകുതിര്‍ന്നുലയിയ്ക്കുന്ന അസുലഭ നിര്‍വൃതിനിമിഷങ്ങളുടെ നിറവിനായി അവളും കൊതിയ്കുകയായിരുന്നു..മിഴിയിതളുകള്‍ വിടരുകയായിരുന്നു... വിരലുകള്‍ മെല്ലെ സ്വിച്ച്ബോഡിലേയ്ക്കു നീളുകയായിരുന്നു....

വെളിച്ചം വാരിവിതറി പ്രലോഭനങ്ങള്‍ സൃഷ്ടിച്ചു രംഗമൊരുക്കി തിരശീല നീക്കിയ ട്യൂബ്‌ ലൈറ്റുകള്‍ ഒന്നുമറിയാത്തമട്ടില്‍മെല്ലെ കണ്ണുപൊത്തി പിന്‍വാങ്ങുകയായിരുന്നു.


ആദ്യമായി വിവസ്ത്രയാക്കപ്പെടുന്ന നവവധുവിന്റെ നാണം തുളുമ്പുന്ന മുഖഭാവങ്ങളൊടെ കണ്ണുചിമ്മി പുഞ്ചിരിപൊഴിച്ചുണരാന്‍ തുടങ്ങുകയായിരുന്നു സുന്ദരിയായ ആ മാന്ത്രികവിളക്ക്‌.. അവന്റെ സ്വന്തം ബെഡ്‌റൂം ലാമ്പ്‌...

പച്ചകൊപ്രയില്‍ നിന്നാട്ടിയെടുത്ത വെളിച്ചെണ്ണയുടെ ഗന്ധം നാസരന്ധ്രങ്ങളിലൂടെ പടര്‍ന്നുകയറി അവന്റെ സിരകളെ മത്തുപിടിപ്പിയ്ക്കുകയായിരുന്നു ...

കണ്ണുചിമ്മികത്തിനിന്നിരുന്ന മാന്ത്രികവിളക്ക്‌ നാണം മറന്ന്‌..വിരിഞ്ഞുവിടര്‍ന്ന്‌... കരുത്തോടെ കത്തിജ്വലിച്ച്‌ കുളിരുള്ള അഗ്നി വര്‍ഷിയ്ക്കുകയായിരുന്നു.....

ചുവന്ന വെളിച്ചത്തിന്റെ തിളക്കത്തില്‍ നീരാടിയും നീന്തിതുടിച്ചും, മദം കൊണ്ട്‌ ഏതു നിമിഷവും പൊട്ടിച്ചിതറാന്‍ വെമ്പിതുടിച്ചു വിറച്ചുതുള്ളുകയായിരുന്നു അന്തരീക്ഷം...

വര്‍ഷങ്ങളായി കേട്ടു ശീലിച്ചു മനപാഠമാക്കിയ ശ്വാസനിശ്വാസങ്ങളുടെ ആന്ദോളനത്തില്‍ ഒരിയ്ക്കല്‍കൂടി ആടിയുലഞ്ഞു രസിയ്ക്കുകയായിരുന്നു അവരുടെ ഡബിള്‍കോട്ട്‌ .. ഒടുവില്‍ ഞെട്ടിവിറച്ചു പ്രകമ്പനം കൊള്ളുകയായിരുന്നു....

കുടുംബബന്ധങ്ങളിലെ സ്വര്‍ഗീയ നിമിഷങ്ങളുടെ വര്‍ണ്ണചാരുതയില്‍ മുങ്ങി നീരാടിയ കുറെ അഭൗമ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുകയായിരുന്നു അവരുടെ ബെഡ്‌റൂം......

ഒരസാധരണ ദിനമായിരുന്നു പപ്പനത്‌.
ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത വല്ലാത്തൊരനുഭവമായിരുന്നു.....

ബോധമനസ്സും ഉപബോധമനസ്സും പരിധുകള്‍ ലംഘിച്ചു മസ്തിഷ്ക്കത്തില്‍ വടം വലിച്ചു മല്‍സരിച്ചു കളിച്ചനിമിഷങ്ങളില്‍....മിഥ്യയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വഴിതെറ്റിയ ചിന്തകള്‍ നിയന്ത്രണം വിട്ടു അലയുകയായിരുന്നു.

..തിരിച്ചറിവിന്റെ നിമിഷങ്ങളില്‍ അമ്പരപ്പിനേക്കാള്‍, അത്ഭുതത്തെക്കാള്‍..വല്ലാത്തൊരു ഭയം അവനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു .. "എന്തുപറ്റി തനിയ്ക്കെന്നോര്‍ത്ത്‌ തരിച്ചിരിയ്ക്കുകയായിരുന്നു....വിഹ്വലമായ മനസ്സിനെ സ്വയം അപഗ്രഥിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു...

പിറ്റേന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ കുണുങ്ങിചിരിയ്ക്കുകയായിരുന്നു രാധിക ആദ്യം...പിന്നെ ആ സ്വരത്തില്‍ ഗൗരവം കലര്‍ന്നു...

"പപ്പേട്ടാ ഓരോന്നു ചിന്തിച്ചു കൂട്ടി മനസ്സ്‌ ചീത്തായാക്കേണ്ട....ഇനി ഒറ്റയ്ക്കവിടെ നില്‍ക്കേണ്ട പപ്പേട്ട..പപ്പെട്ടെനെക്കൊണ്ടതിനു കഴിയില്ല.... മതിയാക്കി പോന്നോളു ...." അവള്‍ വല്ലാത്ത ഉത്‌കണ്ഠയിലായിരുന്നു...

ഏകാന്തനിമിഷങ്ങളില്‍ സഹചാരികളായെത്തുന്ന ഭൂതകാലസ്മരണകളെ തലോലിച്ചു രസിയ്ക്കുക ഒരു ശീലമാക്കാന്‍ തുടങ്ങുകയായിരുന്നു അവന്‍ .പാവം രാധികയ്ക്കു സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത അവളുടെ പപ്പേട്ടന്റെ ഹൃദയത്തിലെ നിറങ്ങളില്‍ നീരാടിയ ഭൂതക്കാലരഹസ്യങ്ങള്‍.

നഗരത്തിലെ ഏകാന്തജീവതം...അനുകൂല സഹചര്യങ്ങള്‍... പ്രായം നല്‍കിയ മോഹത്തില്‍ എല്ലാം മറക്കുകയായിരുന്നു.ഒരൊഴുക്കായിരുന്നു..ആസക്തിയോടെ പറന്നു നടക്കുകയായിരുന്നു..

മണത്തുനുകര്‍ന്ന പൂക്കളില്‍ മിക്കവാറും എല്ലാം നിറം ചാലിച്ചുപുരട്ടിയ വെറും കടലാസു പൂക്കളായിരുന്നു...

ബന്ധങ്ങളൊന്നും മനപൂര്‍വ്വമായിരുന്നില്ല...മിടുക്കുകൊണ്ടു മാത്രവുമായിരുന്നില്ല...ഒരു നിമിത്തം പോലെ വന്നു ഭവിയ്ക്കുകയായിരുന്നു.. ..എന്നിട്ടും എല്ലാം മറന്ന്‌ അഹങ്കരിച്ചു.....


പൂക്കള്‍ക്കും ആത്മാവുണ്ട്‌...കണ്ണുനീരും വികാരങ്ങളുമുണ്ട്‌ എന്ന തിരിച്ചറിവ്‌ പകര്‍ന്നു നല്‍കി ഹൃദയത്തില്‍ ചേക്കേറാന്‍ ശ്രമിച്ചു കൂട്ടം തെറ്റി വന്ന പാവം ഒരു കൊച്ചുചെമ്പകപ്പൂ ...

സ്നേഹനിരാസത്തിന്റെ തീക്ഷ്ണത ....തിരസ്കാരത്തിന്റെ തിക്തത....വിരഹത്തിന്റെ തീവൃത...ഒന്നും തിരിച്ചറിയാനുള്ള വിവേകവവും വിചാരവും ഇല്ലായിരിന്നു കടിഞ്ഞാണ്‍പൊട്ടിയ ആ പ്രായത്തില്‍..

ഇന്നതെല്ലാമോര്‍ക്കുമ്പോള്‍ കുറ്റബോധം വേട്ടയാടാന്‍ തുടങ്ങിയിരിയ്ക്കുന്നു..ഹൃദയത്തിലെ ഒരു കോണില്‍ പറിച്ചുമാറ്റാന്‍ കഴിയാത്ത വിധം ഉറച്ചു പോയ കടന്നല്‍കൂടിന്റെ പരിസരത്ത്‌ ചിന്തകള്‍ അറിയാതെ വഴിതെറ്റിയലയുന്ന നിമിഷങ്ങളില്‍ ഒന്നിച്ചാര്‍ത്തിരമ്പി പറന്നെത്തുന്നു ഓര്‍മ്മകള്‍ ...ഒരു ദയയുമില്ലാതെ കുത്തി നോവിയ്ക്കന്നു.

ശരിയും തെറ്റും നിര്‍വചിയ്ക്കുന്നതില്‍ പുതിയ മാനങ്ങള്‍ കൈവരാന്‍ തുടങ്ങിയിരിയ്ക്കുന്നു മനസ്സില്‍...പുണ്യപാപങ്ങളുടെ അന്തരം വേര്‍തിരിച്ചു ചികഞ്ഞെടുത്തു വിശകലനം ചെയ്ത്‌ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു.....ഒരു പക്ഷെ, പ്രായമാകുന്നതിന്റെ ലക്ഷണമാകാം.....

"കരുണ ചെയ്യുവാനെന്തു താമസം കൃഷ്ണാ".......

മൊബൈല്‍ഫോണിന്റെ റിങ്ങുടോണ്‍ ചിന്തകള്‍ക്കു താല്‍ക്കാലിക വിരാമമിടുകയായിരുന്നു......

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരുന്നു...അവസാനഘട്ടത്തില്‍ ഷൂസിന്റെ ലൈസ്‌ കെട്ടുകയായിരുന്നു പപ്പന്‍.....

"പപ്പേട്ട,....എന്തെടുക്ക്വാ അവിടെ ..പെട്ടന്നിറങ്ങി വാ....എയര്‍ ഇന്ത്യക്കാര്‍ പപ്പേട്ടനു വേണ്ടി കാത്തു നില്‍ക്കാതെ കൗണ്ടറും അടച്ചു അവരുടെ പാട്ടിനുപോകും...."

മൊബെയിലില്‍ തോമാസുട്ടി ...അവന്‍ താഴെ കാറും സ്റ്റാര്‍ട്ടു ചെയ്തു വെയിറ്റു ചെയ്യുന്നു.....

"പപ്പേട്ട,.. ഇറങ്ങുന്നതിനു മുമ്പ്‌ വാതിലുകളും.ജനലലുകളും അടയ്ക്കാന്‍ മറക്കരുത്‌ പ്രത്യേകിച്ചും ബാല്‍ക്കണിയുടെ വാതില്‍..ഗ്യാസ്‌സിലിണ്ടര്‍ കണക്ഷന്‍ ഊരിയിട്ടില്ലെ എന്നു ഉറപ്പുവരുത്തണം ...ലൈറ്റുകള്‍ ഓഫാക്കാന്‍ മറക്കരുത്‌..പിന്നെ അയേണ്‍ബോക്സിന്റെ കാര്യം പപ്പേട്ടനോടു പ്രത്യേകം പറയേണ്ടതില്ലല്ലൊ..".ഇങ്ങിനെ ഒരുപാടു നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു രാധിക രാവിലെ ഫോണിലൂടെ....

എല്ലാം നേരത്തെ ചെയ്തിരുന്നുതാണ്‌.... എന്നാലും ഒന്നു കൂടി ഉറപ്പുവരുത്തി ഫ്ലാറ്റു പൂട്ടിയിറങ്ങുമ്പോഴേയ്ക്കും ആ തണുപ്പിലും അവന്‍ ചെറുതായി വിയര്‍ത്തിരുന്നു...

ഇനി ചാവി തോമസുട്ടിയെ ഏല്‍പ്പിയ്കണം ....ഒഴിവുകിട്ടുമ്പോള്‍ വന്നൊന്നു തുറന്നു നോക്കാന്‍ പറയണം.....മേഴ്‌സിയുടെ ഷിഫ്റ്റ്‌ ചെയിഞ്ച്‌....നൈറ്റ്ഡ്യുട്ടി......മക്കളുടെ പഠനക്കാര്യങ്ങള്‍....പിന്നെ ബിസിനസ്സിന്റെ നെട്ടോട്ടങ്ങള്‍...ഈ തിരക്കില്‍ പാവം അവന്‌ എവിടെ നിന്നു സമയം കിട്ടാന്‍.....

തോമാസുട്ടി,..... വിട്ടോടാ നീ വേഗം....... വാച്ചു നോക്കി, അമ്പരപ്പോടേ കാറിലെയ്ക്കു ചാടി കയറുകയായിരുന്നു പപ്പന്‍...

"പപ്പേട്ടാ,... തിരക്കിനിടയില്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും എടുക്കാന്‍ മറന്നില്ലല്ലൊ.."

അതു ചോദിയ്ക്കുന്നതിനിടയില്‍തന്നെ തോമാസുകുട്ടിയുടേ വിദഗ്ദക്കരങ്ങളില്‍ അവന്റെ പച്ച നിറത്തിലുള്ള പുതിയ കാമ്രി പരമാവധി വേഗത കൈവരിയ്ക്കാന്‍ തുടങ്ങിയിരുന്നു...പാതിരാവില്‍,.. തിരക്കു കുറഞ്ഞ രാജവീഥിയിലൂടെ എയര്‍ പോര്‍ട്ടിലേയ്ക്കു കുതിച്ചു പായുകയായിരുന്നു.....

കൗണ്ടറിലെ തിരക്കൊഴിഞ്ഞിരുന്നു...ലഗ്ഗേജു ചെക്കിങ്ങും കഴിഞ്ഞ്‌ ബോഡിങ്ങ്‌പാസ്സ്‌ കയ്യില്‍ കിട്ടിയതിനു ശേഷം മാത്രമാണറിയുന്നത്‌ പതിവുപോലെ എയര്‍ ഇന്ത്യ ഇന്നും ലേറ്റ്‌.....

"ഇല്ല സര്‍,..ഒരു ചെറിയ ടെക്‍നിക്കല്‍ ഫോള്‍ട്ട്‌.. സാങ്കേതികതടസ്സം,.. അരമണിക്കൂര്‍,... മാക്സിമം ഒരുമണിക്കൂര്‍ അതികൂടുതല്‍ ലെയിറ്റാവില്ല..." എന്‍ക്വയറികൗണ്ടറിലെ മലയാളി ഉദ്യോഗസ്ഥന്റെ സ്വരത്തില്‍ പതിവില്ലാത്ത ഭവ്യത.

എന്തോ അപ്പോള്‍ ദേഷ്യം തോന്നിയില്ല,..അത്ഭുതവും തോന്നിയില്ല.. തോമസുട്ടിയോടു യാത്രപറഞ്ഞു എമിഗ്രേഷനും കഴിഞ്ഞു ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേയ്ക്കു നടക്കുമ്പോള്‍ മനസ്സു വളരെ ശാന്തമായിരുന്നു..ശരിയ്ക്കും ഒരു ബാച്ചിലരുടെ വെക്കേഷന്‍ മൂഡ്‌ നിറയുകയായിരുന്നു പപ്പന്റെ മനസ്സില്‍...

ഡിപ്പാര്‍ച്ചര്‍ ലോഞ്ച്‌ നിറയെ ആളുകളായിരുന്നു.....

തൊട്ടു മുന്നില്‍ ഇരുന്നിരുന്ന പാക്കിസ്ഥാനി കുടുംബത്തിന്റെ ചലനങ്ങള്‍ നോക്കിയിരിയിരുന്നു സമയം കൊല്ലുന്നതില്‍ കൗതുകം കണ്ടെത്തുകയായിരുന്നു പപ്പനപ്പോള്‍..

മധ്യവയസ്സിലേയ്ക്കു കാലെടുത്തു വെച്ച്‌ ദമ്പതികള്‍..കൂടെ രണ്ടു പെണ്‍മക്കളും.

ടീനേജിന്റെ പടിവാതില്‍ കടന്നു നില്‍ക്കുന്നു മൂത്ത പെണ്‍കുട്ടി സല്‍വാര്‍കമ്മീസിന്റെ നിറവില്‍ തിളങ്ങുകയായിരുന്നു....ഇളംപച്ച ടീ ഷര്‍ട്ടും നീലജീന്‍സും ധരിച്ച രണ്ടാമത്തെ പെണ്‍കുട്ടിയ്ക്ക്‌ പത്തു പന്ത്രണ്ടു വയസ്സെ കാണുകയുള്ളു.....

ഒത്ത ഉയരവും ഗോതമ്പിന്റെ നിറവും, വിടര്‍ന്ന കണ്ണകലും, നീണ്ട മൂക്കും വടിവൊത്ത അവയവഭംഗിയുമുള്ള പാക്കിസ്ഥാനി പെണ്‍കുട്ടികളാണ്‌ ലോകത്തില്‍ ഏറ്റവും സുന്ദരികള്‍ എന്നു തോന്നാറുണ്ടായിരുന്നു അവനു പലപ്പോഴും..

"പപ്പേട്ടാ,....പ്രായം മറന്നുള്ള പപ്പേട്ടന്റെ വായ നോട്ടം അതിത്തിരി ഓവറാവുന്നുണ്ട്‌` കേട്ടൊ..."
ഒരു തമാശപോലെ അതു പറയുമ്പോള്‍ പൊട്ടിച്ചിരിയ്ക്കുകയായിരുന്നു തോമസ്സുട്ടി....

ടിവിയില്‍ "റെയിന്‍ ഡ്രോപ്‌സിന്റെ" നിമിഷങ്ങളായിരുന്നു അപ്പോള്‍.. വൃന്ദയെക്കുറിച്ചു പപ്പന്‍ പറഞ്ഞ ഒരു കമെന്റില്‍ കയറികൊളുത്തുകയായിരുന്നു അവന്‍...

"തോമസ്സുട്ടി, നീ പറഞ്ഞതില്‍ ന്യായമുണ്ട്‌ മോനെ...പക്ഷെ രാധിക ജീവിതത്തില്‍ കടന്നുവന്നതിനു ശേഷം എല്ലാം വെറും വായ്‌ നോട്ടത്തില്‍ ഒതുക്കാന്‍ പഠിച്ചു പപ്പേട്ടന്‍..അതിനപ്പുറത്തേയ്ക്കു മോഹങ്ങളുടെ ചക്രമുരുളാന്‍ തുടങ്ങുന്ന നിമിഷങ്ങളില്‍....
"പപ്പേട്ട കുറുമ്പു കാട്ടാന്‍ ഒരുങ്ങുകയാണല്ലെ" എന്ന ചോദ്യവുമായി കടന്നു വന്നു മനസ്സ്ലില്‍ നിറഞ്ഞുനിന്നു പരഭവിയ്ക്കും രാധിക...അവിടെ അവസാനിയ്ക്കും മനസ്സില്‍ തോന്നുന്ന അതിമോഹങ്ങളെല്ലാം......
പക്ഷെ നിന്റെ കാര്യം അതാണോ..തോമസുട്ടി..! മേഴ്‌സിയ്ക്കു നൈറ്റ്‌ ഷിഫ്റ്റുള്ള വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനയുടെ പേരും പറഞ്ഞ്‌ നിന്റെ ഒറ്റയ്ക്കുള്ള കോബാര്‍ യാത്രയുണ്ടല്ലൊ... അതെങ്ങോട്ടാണ്‌,... എന്തിനാണ്‌ എന്നൊക്കെ എനിയ്ക്കു നന്നായിട്ടറിയാം മോനെ....

"ഒന്നു പതുക്കെ പറയ്‌ പപ്പേട്ടാ...മേഴ്‌സിയ്ക്ക്‌ ഇന്നോഫാണെന്ന കാര്യം മറന്നു പോയോ....കര്‍ത്താവെ...!...കിച്ചണിലുള്ള അവളെങ്ങാനും ഇതു കേട്ടിരുന്നെങ്കിലോ ....കുളമായേനെ..ഉള്ള കുടുംബസമാധാനംകൂടി പോയികിട്ടിയേനെ.."

കിച്ചണില്‍ വെന്തുമലരുന്ന മത്തിയുടെ മണം....മേഴ്‌സിയുടെ കുക്കിംഗ്‌ അവസാനഘട്ടത്തിലേയ്ക്കു കടക്കുയായിരുന്നു.. .

നന്നായി വിശക്കാന്‍ തുടങ്ങിയിരുന്നു......

രാധിക നാട്ടില്‍ പോയതിനുശേഷം മിക്കവാറും വെള്ളിയാഴ്ചകളിലെ ലഞ്ച്‌ തോമസുട്ടിയുടെ വീട്ടിലായിരുന്നു..

മേഴ്‌സിയ്ക്കു അവധിയുള്ള ദിവസങ്ങളില്‍,...അപൂര്‍വ്വമായി അവര്‍ക്കു വീണുകിട്ടിന്ന സ്വകാര്യനിമിഷങ്ങളില്‍ ഒരു കട്ടുറുമ്പായി കടന്നു ചെല്ലാന്‍ പപ്പനു മടിയായിരുന്നു.

പക്ഷെ തോമസുട്ടിയുടെ സ്നേഹം നിറഞ്ഞ നിര്‍ബന്ധത്തിനു മുമ്പില്‍ പലപ്പോഴും തോറ്റുപോകുകയായിരുന്നു പപ്പന്‍....

(തുടരും)