Friday, August 19, 2011

തിരക്കില്‍ അല്‍പ്പം ആപ്പീസ്‌ വിശേഷങ്ങള്‍

നോയ്‌മ്പുകാലത്തോടൊപ്പം ഗള്‍ഫ്‌ മേഖലയില്‍ ഇത്‌ വേനലവധിക്കാലവും..ബൂലോകവാസികളായ പ്രവാസികളില്‍ പലരും അവധിയിലാണ്‌. ശേഷിയ്ക്കുന്നവരില്‍ ചിലര്‍ ഒരു തരത്തിലുമുള്ള വൃതഭംഗത്തിനും ഇടവരുത്തില്ലെന്ന നിശ്ചയദാര്‍ഡ്ഠ്യവുമായി ബൂലോകത്തിലേയ്ക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചിരിയ്ക്കുന്നു.
കുറച്ചു ദിവസങ്ങളായി കൊല്ലേരിയും ബൂലോകത്തിലെയ്ക്കുള്ള വാതില്‍ തുറന്നിട്ട്‌..വിശേഷങ്ങള്‍ അറിഞ്ഞിട്ട്‌.. നോയ്‌മ്പുകാലത്ത്‌ ഓഫീസിലെ പുതിയ സമയക്രമീകരണങ്ങള്‍ നിത്യ ജീവിതത്തിലെ ചിട്ടവട്ടങ്ങളെ താല്‍ക്കാലിലമായിട്ടാണെങ്കിലും തകിടം മറച്ചിരിയ്ക്കുന്നു.

സുഭിക്ഷമായ ഓര്‍ഡറുകളുമായി യന്ത്രങ്ങള്‍ നിറഞ്ഞാടുന്ന മേളക്കൊഴുപ്പിന്റെ ശബ്ദവിന്യാസങ്ങളില്‍ മനസ്സ്‌ പൂര്‍ണ്ണമായും ലയിയ്ക്കുന്ന സമൃദ്ധിയുടെ ഇടവേളകളില്‍ മാത്രമെ പ്ലാന്റ്‌ ഓഫിസിലിരുന്നു കാര്യമായെന്തെങ്കിലും ചിന്തിയ്ക്കാനും അതു വരമൊഴിയിലേയ്ക്കു പകര്‍ത്താനും കഴിയുകയുള്ളു.അങ്ങിനെ ഒട്ടും അനുകൂലമായ ഒരന്തരീക്ഷമല്ല ഇവിടെ കുറെ നാളുകളായിട്ട്‌..

സ്കൂളവധിയുടെ പേരും പറഞ്ഞ്‌ കമ്പനിയിലെ ഫാമിലിക്കാര്‍ ഒന്നടങ്കം ഒരു ദയയുമില്ലാതെ, വിമാനം കയറി സ്വന്തം നാടു പിടിയ്ക്കുന്ന മാസങ്ങളാണ്‌ ജൂലായും ഓഗസ്റ്റും..നോയ്‌മ്പെടുക്കുന്ന മറ്റു സഹപ്രവര്‍ത്തകരാകട്ടെ ഈ ചൂടില്‍ ആറു മണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യാന്‍ പറ്റാത്ത അവസ്ഥയിലും.അങ്ങിനെ എല്ലാ ഉത്തരവാദിത്വങ്ങളും എന്നെപ്പോലെയുള്ള പാവം ബാച്ചിലേര്‍സിന്റെ തലയിലും.ബാച്ചിലേര്‍സ്‌ എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും എന്നെപ്പൊലെ ചെത്തു ചുള്ളന്‍ പയ്യന്മാരാണെന്നു വിചാരിയ്ക്കരുത്‌. അമ്പതു കഴിഞ്ഞാലും അപ്പൂപ്പനായാലും കുടുംബം കൂടെയില്ലെങ്കില്‍ അവന്‍ ഗള്‍ഫില്‍ ബാച്ചിലറാണ്‌!

നിവര്‍ത്തിയുണ്ടെങ്കില്‍ ഗള്‍ഫില്‌ ഫാമിലിയെ കൂട്ടിയെ താമസിയ്ക്കാന്‍ പാടുള്ളു..എന്നാലെ ചുറ്റുവട്ടത്ത്‌ ഒരു നിലയും വിലയും ഉണ്ടാകു. ദുബായ്‌പൂരപ്പറമ്പിലൊക്കെ ബാച്ചിലേര്‍സ്‌ അനുഭവിയ്ക്കുന്ന അവഗണന പറയാതെ തന്നെ അറിയാലോ.

ഫാമിലിക്കാര്‍ക്കായി സ്പെഷ്യല്‍ ഇഫ്ത്താര്‍, ക്രിസ്മസ്‌ പാര്‍ട്ടികള്‍, കുടുംബാങ്ങള്‍ക്ക്‌ ഗിഫ്റ്റുകള്‍.ഇങ്ങിനെ എത്രയെത്ര ആനുകൂല്യങ്ങളാണെന്നോ കമ്പനികള്‍ അവര്‍ക്കായി ഒരുക്കുന്നത്‌.സ്ക്കൂളില്‍ പാരന്റ്‌സ്‌ മീറ്റിങ്‌, മാസാമാസം "ആ രണ്ടു" ദിവസങ്ങളില്‍ ഭാര്യമാര്‍ക്കു വരുന്ന വയറുവേദന, കുഞ്ഞുങ്ങളുടെ അസുഖം..ഉദ്യോഗസ്ഥകളായ ഭാര്യമാരുടെ ഷിഫ്റ്റ്‌ ചെയിഞ്ച്‌, ഇങ്ങിനെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ്‌ അവര്‍ക്ക്‌ എന്നു വേണമെങ്കിലും നേരംവൈകി വരാം,നേരത്തെ പോകാം.വേണമെങ്കില്‍ ലീവു വരെ എടുക്കാം..മേലാളന്മാര്‍ ദയാപൂര്‍വ്വം കണ്ണടയ്ക്കും..

പാവം ബാച്ചിലര്‍ അവനിതൊന്നും പറഞ്ഞിട്ടില്ല.! കുടുംബമില്ല, മാനാസികവും ശാരീരികവും സാമ്പത്തികവുമായി പ്രത്യേകാനുകൂല്യങ്ങളൊന്നുമില്ല.! ഇവരുടെയൊക്കെ പണികൂടി ഏറ്റെടുത്ത്‌ കഴുതയെപോലെ ഭാരം വലിയ്ക്കാന്‍ മാത്രമാണ്‌ ഗള്‍ഫു രാജ്യത്ത്‌ അവനു നിയോഗം.!.കാമം പോലും കരഞ്ഞുതീര്‍ക്കാന്‍ നേരമില്ലാത്ത അവസ്ഥയിലാകുന്നു പലപ്പോഴും അവന്റെ ജീവിതം.

"അരീം തിന്നു ആശാരിച്ചിയേയും കടിച്ചു" എന്നിട്ടും ഈ ഫാമിലിക്കാര്‍ക്ക്‌ ബാച്ചികളോടു വല്ലാത്ത അസൂയയാണ്‌.അവരുടെ കണ്ണില്‍ ബാച്ചികള്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണ്‌..നെറ്റില്‍ ഇഷ്ടംപോലെ ചാറ്റാം,ചീറ്റാം.ഏതു ഹോട്ട്‌ ചാനല്‍ വേണമെങ്കിലും കാണാം,ഇഷ്ടമുള്ള റെസ്റ്റോറണ്ടില്‍ പോകാം, ആവശ്യത്തിനു പൂസാകം,.ഇഷ്ടമുള്ളതൊക്കെ കഴിയ്ക്കാം,.അവിടുത്തെ പരിചാരികമാരായ സുന്ദരികളുമായി ചങ്ങാത്തമാകാം.ഇങ്ങിനെയങ്ങിനെ ഈ ഉത്സവനഗരത്തില്‍ ഒരു ബാച്ചിയുടെ മുമ്പില്‍ മാറു വിടര്‍ത്തി നീണ്ടുനിവര്‍ന്നു കിടക്കുന്ന അനന്തസാധ്യതകള്‍ ഫാമിലി പുരുഷന്മാരെ വല്ലാതെ അലസോരപ്പെടുത്തുന്നു..

ഷോപ്പിംഗ്‌ മാളുകളില്‍, ഫെസ്റ്റിവല്‍ പവലിയനുകളില്‍ കുരിശും രൂപക്കൂടും പോലെ കുടുംബത്തെ അണിയിച്ചൊരുക്കി കെട്ടിയെഴുന്നെള്ളിച്ച്‌ അച്ചടക്കത്തോടെ നടക്കുന്ന പല കെട്ടിയവന്മാരെയും കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്‌. അവരുടെ അസൂയയിലും അല്ലറ ചില്ലറ ന്യായങ്ങളില്ലെ എന്നു തോന്നാറുണ്ട്‌.

അസൂയ മൂത്ത ഫാമിലിക്കാരില്‍ പലരും ബാച്ചികളോട്‌ കടുത്ത അവഗണനയാണ്‌ പുലര്‍ത്തുന്നത്‌.ഓണം,പെരുന്നാള്‍ വിഷു ഇത്തരം ഉത്സവവേളകളില്‍ വീട്ടിലേയ്ക്കു ക്ഷണിച്ച്‌ ഒരില ചോറു തരാനുള്ള സാമാന്യ മര്യാദപോലും കാണിയ്ക്കാറില്ല ഇവരില്‍ പലരും. ഗൃഹാന്തരീക്ഷത്തില്‍, വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കി ഇലയിട്ടു വിളമ്പിയ വിഭവങ്ങള്‍ കഴിയ്ക്കാന്‍ ബാച്ചിലേര്‍സിനും ഉണ്ടാവില്ലെ മോഹം.ഒന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകരല്ലെ അവര്‍ എന്ന ചിന്തപോലുമില്ല പലര്‍ക്കും..!.കൊല്ലേരിയെ വിട്‌, തരികിടയെഴുതുന്നവന്‍, ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വില കല്‍പ്പിയ്ക്കാത്തവന്‍, വെറുതെ എന്തിനാ വഴിയേ പോകുന്ന വയ്യാവേലിയെ പിടിച്ച്‌ ഡൈനിങ്‌ ടേബിളിന്റെ മുന്നിലിരുത്തുന്നത്‌ എന്നു ചിന്തിയ്ക്കുന്നുണ്ടാവും അവര്‍. ഈ തറയും തരികിടയും മറ്റും വെറും എഴുത്തില്‍ മാത്രമെ ഉള്ളു യഥാര്‍ത്ഥ ജീവിതത്തില്‍ കൊല്ലേരി ഭയങ്കര ഡീസന്റാണെന്നാ സത്യം കൂടെ ജോലി ചെയ്യുന്നവര്‍, എന്തിന്‌ അടുത്ത സുഹൃത്തുക്കള്‍ പോലും തിരിച്ചറിയാതെ പോകുന്നു..കഷ്ടം.!

വാഴക്കുളംക്കാരനായ ഒരു ചങ്ങാതിയുണ്ടെനിയ്ക്ക്‌..പ്രായം കൊണ്ട്‌ ഇളയതാണെങ്കിലും പക്വതകൊണ്ട്‌ ഞാന്‍ ഏട്ടനെപോലെ ബഹുമാനിയ്ക്കുന്നവന്‍.തികഞ്ഞ ഭക്തന്‍,പ്രാര്‍ത്ഥനാവീരന്‍,സ്വയാശ്രയ പോരാളി..കഴിഞ്ഞായാഴ്ച വേക്കേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ എന്റെ ഇഷ്ടവിഭവമായ പൈനാപ്പിളിനൊപ്പം ആടുജീവിതത്തിന്റെ ഒരു കോപ്പിയുംസമ്മാനിച്ച്‌ ഗൗരവത്തില്‍ അവന്‍ പറഞ്ഞു. "ചേട്ടായി ഇതൊന്നു മനസ്സിരുത്തി വായിച്ചു നോക്ക്‌ പിന്നെ ബ്ലോഗില്‍ ഇങ്ങിനെ ഒരു കാര്യവുമില്ലാതെ വളു വള ഓരോന്ന്‌ എഴുതിപ്പിടിപ്പിയ്ക്കാതെ കാമ്പും കഴമ്പുമുള്ള എന്തെങ്കിലും എഴുതാന്‍ പഠിയ്ക്ക്‌"

കല്യാണമൊക്കെ കഴിഞ്ഞു നാളേറേയായില്ലെ, മോനൊക്കെ വലുതാവാന്‍ തുടങ്ങിയില്ലെ..ഇനിയെങ്കിലും നേരേ ചൊവ്വെ ജീവിയ്ക്കാന്‍ നോക്ക്‌ ചേട്ടായി" പറയാതെ പറഞ്ഞ അവന്റെ വാക്കുകളിലെ ധ്വനി വാഴക്കുളം പൈനാപ്പിളിന്റെ സ്വാദോര്‍ത്ത്‌ കേട്ടില്ലെന്നു നടിച്ചു.

സത്യമായിരുന്നു അവന്‍ പറഞ്ഞത്‌. പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസം ഒരു മനുഷ്യന്‌ കരുത്തേകി എങ്ങിനെ തുണയാകുമെന്നതിന്റെ ഉത്തമോദാഹരണമാണ്‌ "ആടുജീവിതം" എന്ന നോവല്‍.ഒരു തുള്ളി വെള്ളം..കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുപ്പറമ്പില്‍ ഒരത്ഭുതം കണക്കെ ഒരു മരുപ്പച്ച..അപരിചിതനായ മനുഷ്യന്റെ സാന്ത്വനസ്പര്‍ശം.ഇങ്ങിനെയിങ്ങിനെ വ്യത്യസ്ത രൂപത്തില്‍, ഭാവത്തില്‍ ഈ നോവലിലെ പല ഘട്ടങ്ങളിലും ദൈവസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്നതായി ഒരവിശ്വസിയ്ക്കു പോലും തോന്നിപോയാല്‍ അത്ഭുതപ്പെടാനില്ല.!

ഓര്‍ത്തുനോക്കു രാത്രി,കാടും പടലും നിറഞ്ഞ നാട്ടുപാതയിലൂടെ സര്‍പ്പക്കാവിനടുത്തുകൂടി കുറ്റാകൂരിരുട്ടില്‍ കുറെ ദൂരം ,അതും ഒറ്റയ്ക്ക്‌ നടക്കേണ്ടിവന്നാലത്തെ അവസ്ഥ..ഒരു പോറലും കൂടാതെ ലക്ഷ്യസ്ഥാനത്തെത്തുമായിരിയ്ക്കാം, പക്ഷെ ഓരോ ചുവടും പാമ്പിന്റെ വായിലെയ്ക്കായിരിയ്ക്കാം കാലെടുത്തു വെയ്ക്കുന്നതെന്ന ചിന്ത യാത്രയിലുടനീളം സ്വസ്ഥതയ്ക്കു ഭംഗം വരുത്തും.അതെ സമയം ഒരു വെളിച്ചം കയ്യിലുണ്ടെങ്കിലോ, വല്ലാത്ത ആത്മവിശ്വാസത്തോടെ അനായാസകരമായിരിക്കും ആ യാത്ര. ജീവിതയാത്രയില്‍ ആത്മവിശ്വാസം പകര്‍ന്നുതരുന്ന ആ വെളിച്ചം തന്നെയാണ്‌ ഈശ്വരവിശ്വാസം...ഒരു പക്ഷെ,ആ വെളിച്ചത്തിന്റെ അകമ്പടിയോടു കൂടിയുള്ള യാത്രയിലാകാം സര്‍പ്പദംശനമേറ്റു മരണം സംഭവിയ്ക്കുന്നത്‌.! അതിനേയാണ്‌ നിയോഗം എന്നു പറയുന്നത്‌..നിയോഗം അതെന്തായാലും ആത്മസംയമനത്തോടെ സ്വീകരിയ്ക്കുന്നവനാണ്‌ യഥാര്‍ത്ഥ വിശ്വാസി..

നിയോഗം.. ജീവിതത്തിലെ ഏറ്റവും അര്‍ത്ഥവത്തായ പദമാണെന്ന്‌ അനുഭവസാക്ഷ്യം പറയാനില്ലാത്ത ആരെങ്കിലുമുണ്ടാവുമോ ഈ ബൂലോകത്ത്‌..എവിടെ പോകണം, ആരെയൊക്കെ കാണണം, എന്തൊക്കെ അനുഭവിയ്ക്കണം..ഇതെല്ലാം മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ തിരക്കഥയുടെ ഭാഗം മാത്രമാണെന്നറിയാതെ എന്തൊക്കയോ വെട്ടിപ്പിടിയ്ക്കാനുള്ള തിടുക്കത്തിനിടയില്‍ തീരാമോഹങ്ങളുടെ കൂമ്പാരവും ബാക്കിയാക്കി ഓര്‍ക്കാപ്പുറത്ത്‌ എത്രയെത്ര മനുഷ്യജന്മങ്ങളാണ്‌ നമ്മുടെ ചുറ്റുവട്ടത്തുതന്നെ നിത്യവും പൊലിഞ്ഞു പോകുന്നത്‌.

അന്യരുടെ, എന്തിന്‌ സ്വാനുഭവങ്ങളില്‍ നിന്നുപോലും ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സങ്കുചിതമായിരിയ്ക്കുന്നു ആധുനിക മനസ്സുകള്‍.ധനത്തിനെ മാത്രമടിസ്ഥാനമാക്കി മനുഷ്യ ബന്ധങ്ങളിലെ സമകാലിക സമവാക്യങ്ങള്‍ തിരുത്തിയെഴുതപ്പെടുന്നു പലപ്പോഴും..

നിനക്കായുള്ള ഓരോ ധാന്യമണിയിലും നിന്റെ പേരെഴുതി വെച്ചിട്ടുണ്ട്‌ എന്ന വിശുദ്ധ വചനം ജീവിതദര്‍ശനത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി മുന്നില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും ആധുനികത നല്‍കുന്ന അറിവിന്റെ നിറവുകൊണ്ടാകാം മറ്റുള്ളവന്റെ ധാന്യമണികള്‍ കൂടി തട്ടിയെടുത്ത്‌ ഒരു മനസ്താപവും കൂടാതെ അതിലും സ്വന്തം പേരെഴുതിചേര്‍ക്കാന്‍ പ്രാപ്തരായിരിയ്ക്കുന്നു പലരും.

ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നെവെന്നവകാശപ്പെടുന്നവര്‍പോലും നീതി ന്യായങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ വ്യാഖ്യാനം ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്നതു കാണുമ്പോള്‍ സങ്കടവും ഒപ്പം അമര്‍ഷവും തോന്നറുണ്ട്‌..

"ഇക്കൊല്ലം ഞങ്ങളുടെ ഇഷ്ടത്തിന്‌ സീറ്റുകള്‍ വില്‍ക്കും.,അടുത്തകൊല്ലത്തെ കാര്യം അതപ്പോള്‍ നോക്കാം." ദൈവപുത്രനെ സാക്ഷിയാക്കി, ദൈവവചനങ്ങള്‍ മറന്ന്‌, വിശ്വാസപ്രമാണങ്ങളുടെ പരിപാവാവനതയ്ക്ക്‌ കളങ്കം ചാര്‍ത്തി,അവസാനം എന്താണിവര്‍ നേടാന്‍ പോകുന്നത്‌..നാളെ സൂചിക്കുഴിയ്ക്കു ചുറ്റും കറങ്ങി നടക്കാന്‍ വിധിയ്ക്കപ്പെടാന്‍ പോകുന്ന ഒട്ടകങ്ങള്‍ ഇവര്‍ തന്നെയായിരിയ്ക്കില്ലെ..?

എന്തൊക്കയോ സ്വാര്‍ത്ഥ മോഹങ്ങളുടെ പേരില്‍ സമദൂരത്തില്‍ കണ്ടെത്തിയ ശരിദൂരം എന്താണെന്ന്‌ സ്വന്തം സമുദായക്കാരെയെങ്കിലും പറഞ്ഞ്‌ മനസ്സിലാക്കാനുള്ള സാമാന്യ മര്യാദപോലും പല "ആചാര്യന്മാര്‍ക്കും' ഇല്ലാതെ പോകുന്നു.

സ്വന്തം തട്ടകത്തിലെ സുഖലോലുപതയില്‍ സ്വയം മറന്നു രമിയ്ക്കുന്ന കുണ്ടന്‍ കിണറ്റിലെ തവളകളായി മാറിയിരിക്കുന്നു ഇവരില്‍ ചിലരെങ്കിലും..ഭക്തജനങ്ങളുടെ ആദരവ്‌,ഒപ്പം അംഗീകാരവും.നല്ല ഭക്ഷണം, ഏ .സി കാറില്‍ യാത്ര, എ.സി റൂമില്‍ ഉറക്കം,വിജ്ഞാനദാഹം തീര്‍ക്കാന്‍ യൂറോപ്യന്‍ ചാനലുകള്‍,കൊഴുപ്പു കൂട്ടാന്‍ ഇന്റര്‍നെറ്റും...പിന്നെ ,എങ്ങിനെ തല മറന്ന്‌ എണ്ണ തേയ്ക്കാതിരിയ്ക്കും.! ലാളിത്യത്തിന്റെ പ്രതീകമായി കുഞ്ഞാടുകള്‍ക്കിടയില്‍ ഗ്രാമത്തിലൂടെ സൈക്കിളില്‍ കറങ്ങി നടന്നിരുന്ന വികാരിയച്ചനും,ദാരിദ്ര്യദുഃഖത്തിലുഴലൂമ്പോഴും ഭക്തജനങ്ങളുടെ ക്ഷേമം മാത്രം ജീവിതവ്രതമാക്കി ഭഗവതിയെ ഉപാസിയ്ക്കുന്ന വെളിച്ചപ്പാടുമൊക്കെ പഴയകാല മലയാള സിനിമയിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമായി മാറി.

എന്നിട്ടും, എല്ലാമറിഞ്ഞിട്ടും സാക്ഷരരായ നമ്മളില്‍ പലര്‍ക്കും ഇന്നും ദൈവത്തിനേക്കാള്‍ പ്രിയം പുരോഹിതന്മാരോടാണ്‌..!..ശബരിമലയില്‍ മേല്‍ശാന്തിയെ നേരില്‍കണ്ടു ദക്ഷിണ നല്‍കി പ്രസാദം വാങ്ങുന്നതില്‍ സായുജ്യം കണ്ടെത്തുന്ന ഭക്തന്‍ ശ്രീകോവിലില്‍ നെയ്യഭിഷേകത്തില്‍ ആറാടി നില്‍ക്കുന്ന അയ്യപ്പ വിഗ്രഹത്തില്‍ നിന്നും പ്രവഹിയ്ക്കുന്ന അനന്തമായ ചൈതന്യത്തിന്റെ കോടാനുകോടി അംശങ്ങളില്‍ ഒരു സഹസ്രാംശമെങ്കിലും മനസ്സിലേയ്ക്കാവാഹിച്ചെടുത്ത്‌ തീര്‍ത്ഥയാത്ര സഫലമാക്കാന്‍ തിരക്കിനിടയില്‍ പലപ്പോഴും നാം മറന്നു പോകുന്നു..

ദൈവസന്നിധിയില്‍ സ്വര്‍ത്ഥമോഹങ്ങള്‍ വെടിഞ്ഞ്‌, ഉപാധികളൊന്നുമില്ലാതെ, നിഷ്‌കാമമായ മനസ്സുമായി തികഞ്ഞ ഏകാഗ്രതയോടെ കുറച്ചു സെക്കന്‍ഡുകളെങ്കിലും പ്രാര്‍ത്ഥിയ്ക്കാന്‍ നമ്മളില്‍ എത്രപേര്‍ക്കു കഴിയാറുണ്ട്‌..

സത്യത്തില്‍ ഓരോരുത്തരും ദേവാലയങ്ങള്‍ ഒരുക്കേണ്ടത്‌ അവരവരുടെ മനസ്സില്‍ തന്നെയാണ്‌.ശ്രമിച്ചാല്‍ എല്ലാവര്‍ക്കുമതിനു കഴിയുകയും ചെയ്യും.പക്ഷെ ശ്രമിയ്ക്കില്ല,.പേടിയാണ്‌ നമുക്ക്‌! മനസ്സില്‍ ദൈവം കുടിയിരുന്നാല്‍ പിന്നെ ആ മനസ്സുകൊണ്ട്‌, ശരീരം കൊണ്ട്‌ എങ്ങിനെ തെറ്റുകള്‍ ചെയ്യാന്‍ കഴിയും..തെറ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തില്‍ പിന്നെ എന്താഘോഷം...! അങ്ങിനെ സൂത്രാശാലിയായ മനുഷ്യന്‍ ദൈവത്തിനെ അമ്പലത്തിലെ ശ്രീകോവിലില്‍ തളച്ചിടുന്നു...വീട്ടില്‍ പൂജമുറിയൊരുക്കി അടച്ചിടുന്നു.ഭക്തിയും നിഷ്ഠയും ആചാരങ്ങളുമൊക്കെ ആ അതിരുകളില്‍ പരിമിതപ്പെടുത്തുന്നു..പിന്നെ നമ്മുടെ സൗകര്യത്തിന്‌ സന്ധ്യാസമയത്തെ സീരിയലിന്റെ ഇടവേളകളില്‍ നടതുറന്ന്‌ ദീപം തെളിയിയ്ക്കുന്നു.! ടൂ മച്ച്‌ ബിസി എന്ന മട്ടില്‍ തിടുക്കത്തില്‍ പ്രാര്‍ത്ഥന തീര്‍ക്കുന്നു.!

വ്യഭിചരിയ്ക്കാന്‍ പോകുന്നതിനുമുമ്പ്‌ പ്രിയതമയുടെ ഫോട്ടോയ്ക്കു മുമ്പില്‍ വിവാഹമോതിരം ഊരിവെച്ച്‌ ഒപ്പം കണ്ണു തട്ടാതിരിയ്ക്കാന്‍, പേടി പറ്റാതിരിയ്ക്കാന്‍, കാക്കയും കഴുകനും റാഞ്ചികൊണ്ടുപോകാതിരിയ്ക്കാന്‍ ഒരു കൊച്ചുകുഞ്ഞിനെന്നവണ്ണം പിരിയാന്‍ നേരത്ത്‌ കണ്ണീരോടെ അവള്‍ കെട്ടികൊടുത്ത വിശ്വാസച്ചരടുകള്‍ ഓരോന്നായി അഴിച്ചുവെച്ച്‌, മനമുരുകി സോറി പറയുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടൊ.!.പാവങ്ങളാണവരായിരിയ്ക്കും അവര്‍, ഭാര്യയെ ജീവനു തുല്യം സ്നേഹിയ്ക്കുന്നവര്‍..അപ്പോഴും ലൗകിക പ്രലോഭനങ്ങള്‍ക്ക്‌ വശംവദരാകാതിരിയ്ക്കാന്‍, സാത്താന്റെ വിളി കേള്‍ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല അവര്‍ക്ക്‌..!

ഭക്തിയുടെ കാര്യത്തില്‍ ഇതുതന്നെയാണ്‌ സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റേയും അവസ്ഥ..

പതിവുപോലെ എഴുതിയെഴുതി വല്ലാതെ കാടുകയറി അല്ലെ ...വല്ല ആവശ്യവുമുണ്ടോ കൊല്ലേരിയ്ക്കിതിന്റെ.. ഈശ്വരന്മാരെയും അവരുടെ പേരും പറഞ്ഞ്‌ ഉപജീവനം നടത്തുന്നവരേയും വിമര്‍ശിച്ചെഴുന്നതിന്റെ കൂലി ജോലിസ്ഥലത്തുത്തന്നെ കയ്യോടെ കിട്ടുന്നുണ്ട്‌ ..അഞ്ചു ദിര്‍ഹത്തിനു പ്രയോജനമില്ലാതെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഇടിത്തീയ്യായി തലയില്‍ വീഴുന്നു...ഓണത്തിനു തീര്‍ച്ചയായും നാട്ടില്‍ പോകാമെന്ന സ്വപ്നം പൊലിഞ്ഞു. ആഗസ്റ്റ്‌ 29..വിവാഹവാര്‍ഷിക ദിനത്തില്‍ കൂടെയുണ്ടാവുമെന്ന്‌ മാളുവിന്‌ കൊടുത്ത വാക്ക്‌ വെറും വാക്കായി മാറും ഇത്തവണ..

കൂനിന്മേല്‍ കുരുവെന്നപോലെ ഞങ്ങളുടെ ഓഫീസ്സിലെ ടീ ബോയ്‌ നജീബ്‌ രണ്ടാഴ്ച്ച മുമ്പ്‌ പണി മതിയാക്കി നാട്ടിലേയ്ക്കു പോയി.അവന്‌ നാട്ടില്‌ ഏതോ സര്‍വകലാശാലയില്‍ എന്തോ മുന്തിയ ഉദ്യോഗം കിട്ടാന്‍ പോകുന്നുവത്രെ,ഇവിടുത്തേക്കാള്‍ പത്തിരിട്ടി ശമ്പളം, കാറ്‌ ബംഗ്ലാവ്‌.എന്തോ കൊമ്പത്തെ ജോലിയാണ്‌..ആ ഉദ്യോഗത്തിന്റെ പേരെന്താണെന്നു പറയാനുള്ള വിദ്യാഭ്യാസമൊന്നും അവനില്ല.. മീശ കുരുക്കാന്‍ തുടങ്ങിയ പ്രായത്തില്‍ ഇവിടെ എത്തിയതല്ലെ ഇവിടെ ഞങ്ങളുടെ കമ്പനിയില്‍..മുപ്പതു തികഞ്ഞിട്ടില്ല അപ്പോഴേയുക്കും പന്ത്രണ്ടു വര്‍ഷം സര്‍വീസ്സായി..അഞ്ചുകൊല്ലമായി കല്യാണം കഴിഞ്ഞിട്ട്‌, പാവം ഇതുവരെ കുഞ്ഞുങ്ങളായില്ല. വെറും ടീ ബോയ്‌ മാത്രമായ അവന്‍ ഫാമിലിയെ ഇങ്ങോട്ടു എങ്ങിനെ കൊണ്ടുവരാനാണ്‌. അങ്ങിനെ അവന്റെ സങ്കടം കണ്ട്‌ അവന്റെ അകന്ന ബന്ധത്തിലുള്ള ഒരു മാമാ വാങ്ങികൊടുത്തതാണ്‌ നാട്ടില്‍ വീടിനു തൊട്ടടുത്തുതന്നെ ഈ മുന്തിയ ജോലി. അവന്റെ മാമ കേരളരാഷ്ട്രീയത്തിലെ സൂപ്പര്‍താരമാണ്‌.ഭരണത്തിന്റെ ചുക്കാന്‍ പിടിയ്ക്കുന്നവന്‍.അദ്ദേഹം ഇവിടെ സന്ദര്‍ശനത്തിനു വരുന്ന സമയത്തൊക്കെ നജീബ്‌ പോയികാണാറുണ്ട്‌, സങ്കടം പറയാറുണ്ട്‌.

മിടുക്കനാണ്‌ നജീബ്‌,.മധുരം വേണ്ടവര്‍, വേണ്ടാത്തവര്‍, കടുപ്പം കൂടിയവര്‍, സുലൈമാനിപ്രിയര്‍ എല്ലാവരുടെ രുചിയും അവന്‌ കൃത്യമായറിയാം..ആരേയും പിണക്കാതെ കൃത്യമായി ചായയെത്തിയ്ക്കും,..പിന്നെ ഫയലിംഗ്‌.. അങ്ങിനെ അല്ലറ ചില്ലറ പണികളും തെറ്റു കൂടാതെ ചെയ്യാനറിയാം ഒപ്പം ഇംഗ്ലീഷില്‍ വൃത്തിയായി പേരെഴുതി ഒപ്പിടും,പിന്നെ ചെറുപ്പത്തില്‍ ഓത്തു പള്ളിക്കൂടത്തില്‍ കൃത്യമായി പോയിരുന്നതുകൊണ്ട്‌ ഉര്‍ദ്ദുവും അറബിയുമൊക്കെ വെള്ളംപോലെ സംസാരിയ്ക്കും. ഇതൊക്കെ മതിയായിരിയ്ക്കും അല്ലെ അവന്‍ പറഞ്ഞ ആ മുന്തിയ ഉദ്യോഗത്തിന്‌ .

അതിവേഗം,. ബഹുദൂരം എന്റെ കാര്യം കട്ടപ്പുകയായി.എങ്ങിനെ ആകാതിരിയ്ക്കും ഏഴരശ്ശനി കളിയ്ക്കാതിരിയ്ക്കുമോ.നജീബ്‌ പോയ ദിവസം സ്വയം ചായ ഉണ്ടാക്കികുടിച്ച കൂട്ടത്തില്‍ പാവമല്ലെ, വയസ്സനല്ലെ എന്നൊക്കെ കരുതി ബോസിനും കൊടുത്തു ഒരു ചായ. സത്യം പറയണമല്ലോ നല്ല ടെയിസ്റ്റ്‌ ആയിരുന്നു അന്നത്തെ ചായയ്ക്ക്‌..!.അതോടെ അതൊരു ശീലമായി,..താല്‍ക്കാലികമായെങ്കിലും ബോസ്സിന്റെ മുമ്പില്‍ ഞാനൊരു ടീബോയുമായി..മാളു അറിയേണ്ട ഇതൊന്നും അറിയപ്പെടുന്ന ബ്ലോഗറയായ അവളുടെ കുട്ടേട്ടന്റെ അവസ്ഥ....!

ജോലി സ്ഥലത്ത്‌ സിമ്പതിയുടെ പേരില്‍ ഒരു ജോലിയും ഏറ്റെടുക്കരുത്‌ പ്രതേകിച്ചും ഗള്‍ഫ്‌ മേഖലയില്‍,...അവസാനം അതൊരു ബാധ്യതയാകും, കുരിശാകും..നോയ്‌മ്പുകാലമായതിനാല്‍ ചായപ്പണിയ്ക്കു വിരാമം ..എന്നാലും ഫയലിങ്‌...പുതിയൊരു ടീ ബോയ്‌ വരുന്നതു വരെ ഇനി എന്തെങ്കില്‍ എഴുതാന്‍ പറ്റുമോ എന്തൊരോ എന്തോ...!!

നജീബിന്‌ ആ ജോലി കിട്ടിയെല്ലെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌..നല്ല പിടിവലിയായിരുന്നത്രെ.അവനെക്കാള്‍ യോഗ്യതയുള്ള മറ്റാരോ ഉണ്ടായിരുന്നു പോലും.! ഇതു പോയാല്‍ മറ്റൊന്ന്‌,..അത്രതന്നെ.ചായക്കോപ്പ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം അതായിരിയ്ക്കും മിക്കവാറും അവനു ഇനി കിട്ടാന്‍ പോകുന്നത്‌.അതാവുമ്പോള്‍ ചെയ്തു ശീലമുള്ള പണിയുമല്ലെ..അതെന്തു കോര്‍പ്പറേഷന്‍..? എന്നല്ലെ ഇപ്പോഴത്തെ ചിന്ത.അവന്റെ മാമ വിചാരിച്ചാല്‍ എന്താ നടക്കാത്തത്‌ ഇന്ന്‌ നാട്ടില്‌. ഫീനിക്സ്‌ പക്ഷിയെ പോലെ ചാരത്തില്‍ നിന്നുമുയര്‍ന്നുവന്ന പുലിക്കുട്ടിയല്ലെ, അല്ല,. സാക്ഷാല്‍ പുലി തന്നെയാണ്‌ അവന്റെ മാമാ..!

.സ്വതവെ ശാന്തനായ മുഖ്യന്‍സാറ്‌ അവന്റെ മാമായുടെ മുമ്പില്‍ ഒന്നുകൂടി ശാന്താനാകും...മാമായുടെ പച്ചപ്പിന്റെ തണലില്ലെങ്കില്‍ സാറിന്റെ മുന്നണി തൃശ്ശൂരിനു വടക്കോട്ടു ഇളംവെയിലേറ്റാല്‍ പോലും വാടിപോകാവുന്ന വെറും ചണ്ടിയ്ക്കു സമമാണെന്ന്‌ മറ്റാരേക്കളും നന്നായി മുഖ്യന്‍ സാറിന്‌ അറിയാം.പക്ഷെ അതിന്റെ അഹങ്കാരമൊന്നുമില്ല നജീബിന്റെ മാമയ്ക്ക്‌..ജനപ്രിയനാണ്‌ അദ്ദേഹം,..സത്‌ഗുണസമ്പന്നന്‍ ഒപ്പം ആശ്രിതവല്‍സലനും...പഴയ ലീഡറെ പോലെ......

ദാ വീണ്ടും എന്നെ ബോസ്സു വിളിയ്ക്കുന്നു.,.ഇന്നിതെത്രാമത്തെ തവണയാ.വല്ല നിസാര കാര്യവുമായിരിയ്ക്കും..ഒന്നോര്‍ത്തു നോക്കിയാല്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിയ്ക്കുന്ന ബോസ്സിന്റെ ഈ ശീലം തന്നെയല്ലെ നാട്ടില്‍ എന്റെ സമ്പത്തിക ഭദ്രതയ്ക്ക്‌ നിദാനം.! നജീബിന്റെ പുറകെ ഞാനുംകൂടെ നാട്ടിലേയ്ക്കു പോയാല്‍....! പിന്നെ എന്തായിരിയ്ക്കും ഈ ഫാക്ടറിയുടെ അവസ്ഥ.!പെരുന്നാളു കഴിയട്ടെ ബോസ്സിനെ ശരിയ്ക്കുമൊന്നു വിരട്ടണം....നല്ലൊരു സാലറി ഇന്‍ക്രിമെന്റുകൂടി വാങ്ങിയെടുക്കണം..

ഇനി പിന്നെ എഴുതാട്ടോ..

അള്ളാഹുവിന്റെ കാരുണ്യത്താല്‍ നോയ്‌മ്പിന്റെ ശിഷ്ടദിനങ്ങളിലൂടേയും ആയാസരഹിതമായി കടന്നു പോകാന്‍ വിശ്വാസികള്‍ക്കു കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .

കൊല്ലേരി തറവാടി
19/08/2011

Friday, August 5, 2011

ഇതു നോയ്‌മ്പുകാലം ഈശ്വരചിന്തയുടെ കാലം

നോയ്‌മ്പിന്റെ നാളുകള്‍ . പ്രവാസലോകത്തില്‍ ഐശ്വര്യത്തിന്റെ നാളുകള്‍ .. ലൗകിക ജീവിതത്തിലെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും നാം അറിയാതെ മറന്നുപോകുന്ന ആത്മീയതയുടെ ഇശലുകള്‍ മനസ്സിലെയ്ക്കൊഴുകിയെത്തുന്ന പുണ്യ നാളുകള്‍ .. നാല്‍പ്പതു ഡിഗ്രിയ്ക്കു മുകളിലാണ്‌ ചൂട്‌, ഒപ്പം താങ്ങാനാവാത്ത ഹുമിഡിറ്റിയും.. കഠിനമായിരിയ്ക്കും ഗള്‍ഫ്‌ മേഖലയില്‍ ഈ നോയ്‌മ്പുകാലം. കരിമല കയറ്റത്തേക്കാള്‍ കഠിനം,. ഹജ്ജ്‌ യാത്രയോളം പവിത്രം. ഒരു മാസത്തോളം നീളുന്ന വെല്ലുവിളി നിറഞ്ഞ ഈ യാത്ര ഒരു പ്രതിസന്ധിയും കൂടാതെ ആയാസരഹിതമായി തരണം ചെയ്യാന്‍ സര്‍വ്വശക്തനായ അള്ളാഹുവില്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും സമര്‍പ്പണം ചെയ്യുന്ന ഏതൊരു വിശ്വാസിയ്ക്കും കഴിയും... അള്ളാഃ കരീം.

ഒരു ദിവസം പോലും ഉപവാസത്തിന്റെ രുചി അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കില്‍ പോലും എല്ലാ ദിവസവും, നോയ്‌മ്പു നോല്‍ക്കുന്ന മുസ്ലീം സഹാദരന്മാരോടൊത്ത്‌ സായാഹ്നങ്ങളിലെ ഇഫ്ത്താര്‍ വിരുന്നുകളില്‍ കൃത്യമായി പങ്കെടുക്കാറുണ്ട്‌.. അങ്ങിനെ ഒരുപാടാനന്ദത്തോടെ, ആദരവോടെ പവിത്രമായ ഈ നാളുകളിലെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഞാനും എന്നാല്‍ കഴിയാവുന്ന വിധം പങ്കാളിയാകാറുണ്ട്‌.

ഈശ്വരചിന്തകള്‍ക്കെപ്പോഴുംവിശാലമായ കാഴ്ചപ്പടല്ലെ വേണ്ടത്‌`..ആത്യന്തികമായി ഒറ്റ ദൈവം മാത്രമല്ലെ ഉള്ളു.വ്യത്യസ്ഥ രാജ്യങ്ങളില്‍ വ്യത്യസ്ഥ വിഭാഗങ്ങള്‍ വിവിധ രീതികളില്‍ ആരാധിയ്ക്കുന്നു എന്ന വ്യത്യാസം മാത്രം.. മതാചാരങ്ങളുടെ അനുഷ്ടാനങ്ങള്‍ ദൈവസങ്കല്‍പ്പവും ബാല്യത്തിലല്ലെ നമ്മുടെ മനസ്സില്‍ വേരുപിടിയ്ക്കുന്നത്‌.പിന്നെ അര്‍ത്ഥമറിഞ്ഞും പലപ്പോഴും അര്‍ത്ഥമറിയാതേയും മരണം വരെ കൃത്യമായിനമ്മളതു പാലിയ്ക്കുന്നു.കൃസ്തുവും കൃഷണനും അങ്ങിനെ എതൊരു ദൈവത്തിന്റേയും ബിംബങ്ങള്‍ ഒരിക്കല്‍ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പറിച്ചെറിയാന്‍ പ്രയാസമായിരിയ്ക്കും..ഓര്‍ത്തുനോക്കിയാല്‍ ഒരു മതം മാത്രമല്ലെ ഉള്ളു..മനുഷ്യമതം..ഒരു സന്ദേശം മാത്രമല്ലെ എല്ല മതങ്ങളും പ്രചരിപ്പിയ്ക്കുന്നുള്ളു നന്മയുടെ സന്ദേശം..മരണാനന്തരം ജാതിമതഭേദമന്യെ എല്ലാവരും ചെന്നെത്തുന്നതും ഒരേ സ്വര്‍ഗ്ഗത്തിന്റേയും നരകത്തിന്റേയും പടിവാതില്‍ക്കലും.എന്നിട്ടും പലപ്പോഴും ഇതിന്റെയൊക്കെ പേരില്‍ കലഹിയ്ക്കുന്നു പലരും..മതസ്പര്‍ദ്ധകളും വര്‍ഗ്ഗീയ കലാപങ്ങളും മനുഷ്യമനസ്സുകളുടെ അജ്ഞതയില്‍ നിന്നും അതിലുപരി സ്വാര്‍ത്ഥതയില്‍ നിന്നുമാണ്‌ ഉടലെടുക്കുന്നത്‌.റംസാന്‍ മാസത്തോടൊപ്പം ഇതു രാമായണമാസം കൂടിയാണ്‌. പഞ്ഞമാസത്തിന്റെ വറുതിയില്‍ അണമുറിയാതെ പെയ്തിറങ്ങുന്ന നൊമ്പരം പരത്തുന്ന ആധിയിലും വ്യാധിയിലും ആടിത്തിമിര്‍ക്കുന്ന ആടിമാസത്തിന്റെ ദേവതയായ ചേട്ടാ ഭഗവതിയെ  ചൂലു കൊണ്ടടിച്ചു പടിയിറക്കി,ചാണകം തളിച്ചു ശുദ്ധമാക്കി ചിങ്ങവെയിലും ഓണനിലാവും നിറഞ്ഞ രാപ്പകലുകള്‍ സമൃദ്ധമായി വിളയുന്ന ആവണിമാസവുമായി പടികടന്നു വരുന്ന ശ്രീഭഗവതിയേയും കാത്ത്‌ ഈശ്വരനാമം ജപിച്ച്‌ ക്ഷമയോടെ കാത്തിരിയ്ക്കുന്ന നാളുകള്‍...ആചാരങ്ങള്‍ എന്നും അര്‍ത്ഥവത്തായിരിയ്ക്കും..കാലികമായ മാറ്റങ്ങളില്‍ അതു പലപ്പോഴും അര്‍ത്ഥരഹിതമാകുന്നുവെന്നു മത്രം..

ശരിയ്ക്കും ദാരിദ്രത്തിന്റെ കാലമായിരുന്നു അന്ന്‌..ഡൈനിംഗ്‌ ടേബിളൊന്നുമില്ലാത്ത മേലടുക്കളയില്‍, അല്ലെങ്കില്‍ അടുക്കളയുടെ വടക്കേപുറത്തെ ഉമ്മറത്തിണ്ണയില്‍ വടക്കെപാടത്തെ കാറ്റുമേറ്റ്‌ പലകയില്‍ ചമ്രം പടിഞ്ഞിരുന്നു ഊണു കഴിയ്ക്കുമ്പോള്‍ ഒരു വറ്റു പോലും നിലത്തു കളയാന്‍ സമ്മതിയ്ക്കില്ലായിരുന്നു അമ്മ,.. ഏതു വറ്റിലാണ്‌ ശ്രീ ഭഗവതി കുടിയിരിയ്ക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ,.അതായിരുന്നു അമ്മയുടെ ന്യായം.! വല്ലാത്ത കരുതലായിരുന്നു അന്നത്തെ അമ്മമാര്‍ക്ക്‌..ഇന്നും ഓരോ ഗ്യാസ്‌ സിലിന്‍ഡര്‍ മാറുമ്പോഴും അടുക്കള ചുമരില്‍ ചോക്കുകൊണ്ട്‌ തിയ്യതി കുറിച്ചിടും അമ്മ..വെക്കേഷന്‍ സമയത്തു ഞാനതു കൗതുകപൂര്‍വ്വം വീക്ഷിയ്ക്കാറുണ്ട്‌..നാലുമാസം,അഞ്ചുമാസം കണക്കു കൂട്ടി നോക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌..ഭാഗ്യം,.അമ്മയുടെ ശീലം ക്രമേണ മാളുവിനും പകര്‍ന്നു കിട്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു..പുതിയ വീടു പണിയുമ്പോള്‍ മെയിന്‍ അടുക്കളയില്‍ തന്നെ വിറകടുപ്പു വേണമെന്ന്‌ അവള്‍ക്കു നിര്‍ബന്ധമായിരുന്നു.പലരും കളിയാക്കി.പക്ഷെ ഇന്ന്‌ ഐശ്വര്യമുള്ള ആ അടുപ്പുകളിലെ തീനാളങ്ങളിലെ പ്രകാശം മാളുവിന്റെ മുഖത്തു സംതൃപ്തിയായി പ്രതിഫലിയ്ക്കുന്നത്‌ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്‌.പഴയ തലമുറയുടെ ഒതുക്കവും കരുതലും ലാളിത്യവും ഏറ്റു വാങ്ങാന്‍ മറന്നു പോകുന്നു നമ്മളില്‍ പലരും..ഓണം കണ്ടു തവിടു കളയുന്നു.സമ്പന്നതയുടെ അതിപ്രസരമായിരിയ്ക്കാം കാരണം.എത്ര സമ്പത്തുണ്ടായാലും ഭൂമിദേവി സംഭരിച്ചു വെച്ചിട്ടുള്ള ഊര്‍ജത്തിനു പരിധിയുണ്ടെന്ന കാര്യം തിരിച്ചറിയാതെ പോകുന്നു. ഗുരുത്വം വിവേകം,എളിമ,..അങ്ങിനെ എത്ര പൈസ കൊടുത്താലും നേടാനാകാത്ത ഓരുപാടു കാര്യങ്ങള്‍ പിന്നേയും ബാക്കിയുണ്ടെന്ന്‌ ഓര്‍ക്കാതെ പോകുന്നു..ധനമോഹം, ആഡംബരഭ്രമം,ധാരാളിത്വം,സ്വാര്‍ഥവിചാരങ്ങള്‍ അങ്ങിനെ എല്ലാ 'അശ്രീകേര' ശീലങ്ങളുടെയും ദേവതയായ ചേട്ടാഭഗവതി ഒരിയ്ക്കലും പടിയിറക്കാന്‍ കഴിയാത്ത വിധം രൂഢമൂലമായിരിയ്ക്കുന്നു ആധുനിക മനസ്സുകളില്‍.ക്ഷേത്ര ദര്‍ശനവേളകളില്‍ ആത്മീയ നിലവറയ്ക്കു സമാനം ഈശ്വരചൈതന്യം തുളുമ്പുന്ന ശ്രീകോവിലിനെ മറന്ന്‌ തൊട്ടപ്പുറത്തെവിടെയൊ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകാവുന്ന ഭൗതിക നിലവറയുടെ ഉറവിടം തേടി അലയാനൊരുങ്ങുന്നു ഭക്തമനസ്സുകളും മിഴികളും..

ഇതു ശ്രീ പദ്‌മനാഭന്റെ കാലം,പരസ്യങ്ങളില്‍ പോലും ഗുരുവായൂരപ്പനോടൊപ്പം ശ്രീ പദ്‌മനാഭനും പ്രാധാന്യം ലഭിച്ചു തുടങ്ങി. ഗുരുവായൂരപ്പന്റെ വണ്‍മേന്‍ ഷോയ്ക്ക്‌ അല്‍പ്പം മങ്ങലേറ്റുവോ എന്നൊരു ശങ്ക മനസ്സില്‍ ബാക്കി നില്‍ക്കുന്നു...!

ഭഗവാന്റെ മാസ്മരിക സാന്നിധ്യം നിറഞ്ഞു തുളുമ്പി ഭക്തഹൃദയങ്ങളിലേയ്ക്കു നവ്യാനൂഭുതിയായി അനസ്യൂതം പടര്‍ന്നിറങ്ങുന്ന ഗുരുവായൂരമ്പലം ഒരത്ഭുത ലോകം തന്നെയാണ്‌.അമ്പാടിക്കണ്ണന്റെ മായലീലകളാല്‍ വിളങ്ങി നില്‍ക്കുന്നു ആ പുണ്യഭൂമിയുടെ ചൈതന്യം വാക്കുകള്‍ക്കതീതമാണ്‌.!.ഓന്നോര്‍ത്തു നോക്കു "എടാ കള്ളാ.." ചുള്ളാ എന്നൊക്കെ വിളിച്ച്‌ തോളില്‍ കയ്യിട്ടു മനസ്സുതുറന്ന്‌ സങ്കടങ്ങള്‍ പങ്കിട്ട്‌ ആശ്വാസം കണ്ടെത്തനായി സുഹൃത്തിനെപോലെ ഒരാവതാരം ഈ ഭൂമിയില്‍ വേറെ എവിടെയുണ്ടാകും ഉണ്ണികൃഷ്ണനല്ലാതെ..! ഒരിടത്ത്‌ ഗോപികമാരുടെ ചേല കവര്‍ന്ന്‌ അവരോടു കളി പറഞ്ഞും രസിച്ചുല്ലസിച്ചും കള്ളപുഞ്ചിരിയുമായി നില്‍ക്കുന്ന കുഞ്ഞാലിക്കണ്ണന്‍ മറ്റൊരിടത്ത്‌ ഉപദേശിച്ചും ശാസിച്ചും പാണ്ഡവരെ ധര്‍മ്മയുദ്ധത്തിനു സജ്ജരാക്കുന്ന അച്ചുതനാന്ദനായി മാറുന്നു.!അതിരു വിടാത്ത,പരിധികളുള്ള ലൗകികതയുടെ അഭൗമ സൗന്ദര്യവും ഒപ്പം ആത്മീയതയുടെ അനന്തലോകവും തുറന്നു തരുന്നു കൃഷ്ണാവതാരം...

ഗുരുവായൂരമ്പലത്തില്‍ പ്രവേശിയ്ക്കുന്ന നിമിഷം ഒരോ സ്ത്രീകളും അവരറിയാതെത്തന്നെ സ്വയം ഗോപികമാരായി മാറുന്നുണ്ടാകും.ഭക്തിസാഗരത്തില്‍ നീരാടി ശുദ്ധി വരുത്തി സ്ഫുടം ചെയ്തെടുത്ത മനസ്സും,കണ്ണനോടുള്ള പ്രണയപാരവശ്യത്താല്‍ കൂമ്പിപോയ മിഴികളും ഐശ്വര്യം നിറഞ്ഞുതുളുമ്പുന്ന മുഖഭാവങ്ങളുമായി സെറ്റു മുണ്ടിന്റെ ലാളിത്യത്തില്‍ നാലമ്പലത്തിനകത്ത്‌ ഒറ്റയടി വെച്ച്‌ എഴുതവണ ഭഗവാനു ചുറ്റും വലം വെച്ചു ഹൃദയംകൊണ്ട്‌ ഭഗവാനില്‍ അലിഞ്ഞു ചേരുന്ന നിമിഷങ്ങളിലാണ്‌ ഒരു മലയാളി മങ്ക ഏറ്റവും മനോഹരിയാകുന്നതെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌.ആ സുന്ദരദൃശ്യം മതിമറന്നാസ്വദിയ്ക്കുന്ന ഓരോ ഭക്തന്റേയും കണ്ണുകളില്‍ അപ്പോള്‍ ഭഗവാന്‍ സ്വയം തന്റെ കൃഷ്ണമണികളും ഒളിപ്പിച്ചു വെയ്ക്കുന്നുണ്ടാകും.തുലാഭാരം,കളഭം,വെണ്ണ,പഞ്ചസാര, പഴം അങ്ങിനെ വഴിപാടുകള്‍ അനവധിയാണ്‌ ഭഗവാന്‌ പ്രിയപ്പെട്ടതായി.പക്ഷെ അതിനെല്ലാറ്റിനുമുപരി അതിരുകള്‍ വിടാത്ത കുലീനമായ "വായ്‌നോട്ടം" തന്നെയായിരിക്കും കണ്ണന്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ള വഴിപാടെന്ന്‌ അമ്പലത്തിനകത്ത്‌ ചിലവഴിയ്ക്കുന്ന നിമിഷങ്ങളില്‍ എപ്പോഴും എനിയ്ക്കു തോന്നാറുണ്ട്‌,. എന്തോ,.ഒരു പക്ഷെ ഞാനുമൊരു തറവാടിയായതുകൊണ്ടാകാം അങ്ങിനെ.!.കൃഷ്ണാ കാത്തോളണേ.!

കരുത്തനായ കുടുംബനാഥന്‌ ഉത്തമോദാഹരണമാണ്‌ പരമശിവന്‍.ഏതു പുരുഷനും മനസ്സുകൊണ്ട്‌ മാതൃകയാക്കാന്‍ കൊതിയ്ക്കുന്ന ദേവന്‍.പൗരുഷത്തിന്റെ പ്രതീകം. പാര്‍വതിദേവി അറിയുമെന്നറിഞ്ഞിട്ടും സ്വന്തം തലയില്‍ ഗംഗാദേവിയ്ക്ക്‌ ചിന്നവീടൊരുക്കിയ ധീരന്‍. .എന്നിട്ടും എല്ലാമറിഞ്ഞിട്ടും നിഷേധിയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ ദേവിയ്ക്ക്‌.! ഡിവോര്‍സ്‌ പെറ്റിഷന്‍ ഒരുക്കാനുമായില്ല..വിധുബാല മാഡത്തിനെ സാക്ഷിയാക്കി "കഥയില്ലിതു ജീവിതത്തില്‍" ഗംഗയുമായി മുഖാമുഖം വാഗ്‌വാദങ്ങള്‍ക്കും ഒരുങ്ങിയില്ല, കാരണം അത്രയ്ക്കും പ്രിയമായിരുന്നു പാര്‍വ്വതിദേവിയ്ക്കു തന്റെ പ്രിയതമനെ.അതങ്ങനെയല്ലെ വരു. അപമാനിതയായി തന്നിലെ കലാസിദ്ധിയുടെ ചിലങ്ക തന്നെ എന്നന്നേയ്ക്കുമായി അഴിച്ചു വെയ്ക്കാന്‍ കാരണഭൂതനായ "നീലകണ്ഠന്റെ" വ്യക്തിപ്രഭാവത്തിനു മുമ്പില്‍ കീഴടങ്ങാനല്ലെ അവസാനം എത്ര തന്റേടിയായലും ഏതു "ഭാനുമതിയ്ക്കും" നിയോഗം.ക്ലാസ്‌റൂമുകളില്‍ കള്ളകണ്ണനുമായി സൗഹൃദസല്ലാപങ്ങളില്‍ മുഴുകി രസിക്കുന്ന നാളുകളില്‍പോലും ഭാവിവരനായി ശിവനെപോലെ ഒരു കരുത്തനെ സ്വപ്നം കാണുന്ന എത്രയൊ പെണ്‍കുട്ടികള്‍ ഉണ്ടായിരിയ്ക്കും നമ്മുടെ കാമ്പസുകളില്‍.

ഹിന്ദു പുരാണങ്ങളില്‍ ഏറ്റവും മാന്യത കല്‍പ്പിയ്ക്കപ്പെടുന്ന അവതാരമാണ്‌ ശ്രീരാമാന്‍.ദൈവീകപരിവേഷം മാറ്റിനിര്‍ത്തി വിശകലനം ചെയ്താല്‍ നല്ലൊരു ഭരണാധികാരി മാത്രമായിരുന്നു ശ്രീരാമന്‍, സ്വന്തം സല്‍പ്പേര്‌ കാത്തു സൂക്ഷിയ്ക്കാനുള്ള തത്രപ്പാടില്‍ പ്രിയപ്പെട്ടവരുടെ വിചാരവികാരങ്ങള്‍ ഒരു മടിയും കൂടാതെ ബലികഴിയ്ക്കാനൊരുങ്ങുന്ന ഒരു ഭരണാധികാരിയുടെ സ്വാര്‍ത്ഥമനസ്സായിരുന്നു രാമനും.അതുകൊണ്ടല്ലെ രാമായണാന്ത്യത്തില്‍ കഥനായികയ്ക്ക്‌ പീഡനം സഹിയ്ക്കാന്‍ കഴിയാതെ ഭൂമിയില്‍നിന്നും അപ്രത്യക്ഷയാകേണ്ടി വന്നത്‌.കാനനത്തിലേയ്ക്ക്‌ യാത്ര തിരിയ്ക്കുന്ന സമയം ഊര്‍മിളയെകൂടി കൂടെകൂട്ടാന്‍ ലക്ഷ്മണനോടു പറയാതെ മൗനം പാലിച്ചു രാമന്‍.. അവര്‍ക്കൊരു കുടുംബ ജീവിതവുമായെനെ, ഒപ്പം സീതയ്ക്കൊരു കൂട്ടും എന്നു കരുതാമായിരുന്നു..!സുന്ദരനും,ധീരനും വില്ലാളിയുമായ ഒരു പുരുഷനോട്‌ ഒരു യുവതിയ്ക്കു പ്രണയം തോന്നുക സ്വാഭാവികം.ആ കുറ്റത്തിന്റെ പേരില്‍ അവരുടെ മൂക്കും മുലയും ഛേദിയ്ക്കുന്നത്‌ ഒരു പുരുഷോത്തമന്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ലായിരുന്നു. അവര്‍ണ്ണസ്ത്രീകളുടെ മേല്‍ സവര്‍ണ്ണര്‍ ഇന്നും തുടരുന്ന കാട്ടുനീതിയുടെ ഭാഗം തന്നെയായിരുന്നു അത്‌.

എല്ലാം കഴിഞ്ഞ്‌ വലിയൊരു യുദ്ധത്തിനൊടുവില്‍ അഗ്നിശുദ്ധി വരുത്തി വീണ്ടെടുത്ത പ്രിയപത്നിയെ കേവലം ഒരു അലക്കുക്കാരന്റെ വാക്കുകേട്ട്‌ ഉപേക്ഷിയ്ക്കാനും ഒരു മടിയുമുണ്ടായില്ല നായകന്‌..അവിടേയും പീഡിയ്ക്കപ്പെട്ടത്‌ സ്ത്രീത്വം തന്നെയാണ്‌..എത്രയെത്ര അഗ്നിശുദ്ധി വരുത്തിയാലും ഒരിയ്ക്കലും പവിത്രത തെളിയ്ക്കാന്‍ കഴിയാതെ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന പാവം സ്ത്രീജന്മങ്ങളില്‍ അറിയപ്പെടുന്ന ആദ്യത്തെ ഇരയായിരുന്നിരിയ്ക്കാം ഒരു പക്ഷെ സീതാദേവി.

ഇക്കാലത്താണ്‌ ഇതു സംഭവിച്ചിരുന്നതെങ്കില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിയ്ക്കപ്പെട്ട്‌ കാര്യമായ രേഖകളുമില്ലാതെ കാനനത്തില്‍ ഒറ്റപ്പെട്ടു പോയ സീത "കൈരളി പ്രവാസലോകത്തിലെ" റഫീക്ക്‌ റാവുത്തര്‍ക്ക്‌ പരാതി നല്‍കുമായിരുന്നു.

"ഇനി എനിയ്ക്കു രാമനോടാണു പറയാനുള്ളത്‌`..എന്തു പണിയടോ താന്‍ കാണിച്ചത്‌.വിവരവും വിദ്യഭ്യാസവും ഉള്ള ആളല്ലെ താന്‍.എന്തു തെറ്റാ അവര്‌ തന്നോട്‌ ചെയ്തത്‌,. എല്ലാം ഉപേക്ഷിച്ച്‌ കൂടെ കാട്ടിലേയ്ക്കു വന്നതോ. .ഒന്നുമില്ലെങ്കില്‍ ഗര്‍ഭിണിയല്ലെ അവര്‌...നാളെ അവരു പ്രസവിയ്ക്കുന്ന കുഞ്ഞിന്‌ ആരുണ്ടെടോ പിന്നെ,...അതെങ്കിലും ഓര്‍ക്കേണ്ടടോ താന്‍" ചാനലില്‍ "പ്രവാസലോകം" വേദിയില്‍ കുഞ്ഞുമുഹമ്മദ്‌ സാഹിബ്‌ രോഷം കൊള്ളുമായിരുന്നു.അയോധ്യയിലെ പ്രവാസലോകം പ്രവര്‍ത്തകരോട്‌ എത്രയും പെട്ടന്ന്‌ രാമനെ കണ്ടെത്തി കാര്യം പറഞ്ഞു മനസിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമായിരുന്നു.

ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ രാമായണം മനസ്സില്‍ അവശേഷിപ്പിയ്ക്കുന്നു.എല്ലാം അവതാരലക്ഷ്യം എന്നു പറഞ്ഞാശ്വസ്സിയ്ക്കാം ഭക്തരായ നമുക്ക്‌ അല്ലെ...അല്ലെങ്കിലും അതങ്ങിനെയല്ലെ, ചരിത്രം തീരുമാനിയ്ക്കുന്നത്‌ അതെഴുതുന്നവരാണ്‌.നായകനെയും പ്രതിനായകനെയും തീരുമാനിയ്ക്കുന്നതും അവര്‍ തന്നെ .!അല്ലെങ്കില്‍ സ്വന്തം സഹോദരിയെ മുലയും തലയും ഛേദിച്ചപമാനിച്ചവന്റെ പത്നിയെ തടവുകാരിയായി കയ്യെത്തു ദൂരെ കിട്ടിയിട്ടും ഒരു പോറല്‍ പോലുമേല്‍പ്പിയ്ക്കാതെ സന്യസിനിയെന്നപോലെ ബഹുമാനിച്ച്‌, അശോകമരചുവട്ടില്‍ കരുതലോടെ കാത്തു സൂക്ഷിച്ച രാവണന്‍ എങ്ങിനെ ദുഷ്ടകഥാപാത്രമാകുമായിരുന്നു.!.രാവണനായാലും മഹാബലിയായാലും ശക്തരും അവര്‍ണ്ണരുമായ ഭരണാധികാരികളെ ദുഷ്ടന്മാരായി ചിത്രികരിച്ച്‌, അസുരന്മാരായി മുദ്രകുത്തി ഉന്മൂലനം ചെയ്യുന്ന സവര്‍ണ്ണ മേധാവിത്വം തന്നെയല്ലെ ഇന്നും ലോകചരിത്രവും ഒപ്പം ഭാവിയും തീരുമാനിയ്ക്കുന്നത്‌.

ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം,അംബാനിയിസം.ഭരണത്തിലെ ഓരോ നിമിഷവും ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക്‌ എന്‍ഡോസള്‍ഫാന്‍ത്തുള്ളികള്‍ കോരിയൊഴിയ്ക്കുന്ന ഇന്നത്തെ ഭരണാധികാരികളായിരിയ്ക്കും ഒരു പക്ഷെ നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ചരിത്രത്തിലെ നവഭാരതശില്‍പ്പികള്‍.ആ ചരിത്രത്തില്‍ പാവം ബാപ്പുജിയുടെയും മറ്റു സ്വാതന്ത്ര സമരസേനാനികളുടെയും വേഷം എന്താകുമൊ ആവോ?.തലസ്ഥാന നഗരിയില്‍ ഗാന്ധിമാര്‍ഗം സ്വീകരിച്ച്‌ സമാധാനപരമായി സത്യാഗ്രഹം നടത്താന്‍ പോലും അനുമതി നിഷേധിയ്ക്കുന്ന അവര്‍ ഒരു പക്ഷെ, നാളെ ഇന്ദ്രപ്രസ്ഥത്തിലെ ഗാന്ധിപ്രതിമകള്‍ വരെ പിഴുതുമാറ്റിയെന്നുവരാം...കലികാലം അല്ലാതെ എന്തു പറയാന്‍ കഴിയും..!!

കൊള്ളാം,. കൊല്ലേരിയുടെ ആത്മീയ ചിന്തകള്‍.!നിങ്ങളുടെ ചുണ്ടില്‍ വിരിയുന്ന പരിഹാസച്ചിരി എനിയ്ക്കു കാണന്‍ കഴിയുന്നു..അല്ലെങ്കില്‍ തന്നെ ആത്മീയ വിഷയങ്ങള്‍ക്കുറിച്ചു സംസാരിയ്ക്കാന്‍ എന്തറിവാണെനിയ്ക്കുള്ളത്‌.! ഭാരം കയറ്റാതെ ചലിയ്ക്കുന്ന വണ്ടി വല്ലാതെ ശബ്ദം പുറപ്പെടുവിയ്ക്കും.അതുപോലെതന്നെയാണ്‌ അജ്ഞത നിറഞ്ഞ മനസ്സും.അങ്ങിനെ മാത്രമെ എന്റെ എല്ലാ ജല്‍പ്പനങ്ങളേയും കണക്കാക്കാവു..

അല്ലെങ്കിലെ ജോലിഭാരം മൂലം ഓഫീസിലെ എല്ലാവരെയും പിണക്കി,..ഇപ്പോളിതാ ഈശ്വരന്മാരേയും.!

ഏഴരശ്ശനിയല്ലെ എനിയ്ക്ക്‌,..വേണ്ടാത്തതേ തോന്നു...അല്ലെങ്കില്‍ ഈ തിരക്കിനിടയില്‍ ഇതൊക്കെ ടൈപ്പ്‌ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ..? ഒരുപാടു പേര്‍ വായിയ്ക്കും ..ആരെങ്കിലിലുമൊക്കെ നല്ല കമന്റിടും .? എവടേ, ആരു വായിയ്ക്കാന്‍..അതിമോഹം അല്ലാതെന്താ..!

എന്നാലും ഒന്നോര്‍ത്തോളു, ദൈവീകത നിറഞ്ഞു നില്‍ക്കുന്ന ഈ കുറിപ്പ്‌ വായിച്ചു നല്ല അഭിപ്രായം പറഞ്ഞ ഓഫീസിലെ എന്റെ ഒരുസുഹൃത്തിന്‌ അടുത്ത നിമിഷം നാട്ടില്‍നിന്നും വന്ന ഫോണ്‍കോളുവഴി സഹോദരിപുത്രന്‌ ഇന്റര്‍ചര്‍ച്ച്‌ മെഡിക്കല്‍ കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയ ശുഭവാര്‍ത്ത ശ്രവിയ്ക്കാന്‍ ഇടവന്നു.. ജോലിത്തിരക്കുമൂലം കല്ലിവല്ലി എന്നു പറഞ്ഞ്‌ ഇതു വായിയ്ക്കാതെ മാറ്റിവെച്ച മറ്റൊരു സുഹൃത്തിന്റെ മകള്‍ക്ക്‌ അടുത്ത ദിവസംതന്നെ വൈറല്‍ ഫീവര്‍ ബാധിച്ച്‌ സ്വയാശ്രയ ആശുപത്രി വാസം അതുവഴി ധനനഷ്ടം, സമയനഷ്ടം, മാനഹാനി, എന്നി ദുരാനുഭവങ്ങള്‍ വന്നു ഭവിച്ചു.. ഈ പോസ്റ്റ്‌ വായിച്ച്‌ കമന്റിട്ട്‌ ഈ ബ്ലോഗിന്റെ ലിങ്ക്‌ പത്തുപേര്‍ക്ക്‌ അയച്ചു കൊടുക്കുന്ന യുവതിയുവാക്കള്‍ക്ക്‌ ചാറ്റിങ്ങില്‍ ഉയര്‍ച്ച, പ്രേമസാഫല്യം,. ദാമ്പത്യസൗഖ്യം, സന്താനലബ്ദി എന്നീ ശുഭഫലങ്ങള്‍ തീര്‍ച്ച. മറ്റെല്ലാ പ്രായക്കാര്‍ക്കും അവരവരുടെ പ്രായത്തിനും കയ്യിലിരിപ്പിനും അനുസരിച്ചുള്ള ഫലമൂലാദികള്‍ക്കും മുസലിശക്തികള്‍ക്കും യോഗം നിശ്ചയം..

മംഗളം ഭവന്തു..!!

അല്‍പ്പം യോഗയും, സംസ്കൃതവും പുരാണങ്ങളുമൊക്കെ പഠിച്ച്‌ പ്രവാസക്കാലത്തിനുശേഷം ശിഷ്ടക്കാലം ആത്മീയലോകത്തിലേയ്ക്കു പ്രവേശിച്ചാലോ എന്നൊരു ചിന്ത മനസ്സില്‍ കടന്നു കൂടിയിരിയ്ക്കുന്നു.. അങ്കവും കാണാം ക്യാമറയൊന്നും ഓണല്ലെന്നുറപ്പുവരുത്തി തഞ്ചത്തില്‍ അത്യാവശ്യം താളിയും ഒടിയ്ക്കാം.! ഐശ്വര്യമുള്ള ഒരു മുഖമുണ്ട്‌.. ഒപ്പം തെറ്റില്ലാത്ത നിറവും,നിഷ്കളത നിറഞ്ഞ കണ്ണുകളും,ഒരുയോഗാചാര്യനു ചേരും വിധം മെലിഞ്ഞ ശരീരവും നല്ല ഉയരവും..ഞാന്‍ നോക്കിയിട്ട്‌ ആനന്ദദായകവും ഉല്ലാസപ്രദവും സര്‍വ്വോപരി ആദായകരവുമായ മറ്റൊരു തൊഴിലും കാണുന്നില്ല. "ആരുമില്ലാത്തവന്‌ ദൈവം മാത്രം തുണ" അതല്ലെ ഒരു ശരാശരി ഭാരതീയന്റെ ഇന്നത്തെ അവസ്ഥ. അതുകൊണ്ടുത്തന്നെ ആള്‍ദൈവങ്ങള്‍ക്ക്‌ നല്ല ഡിമാന്റുള്ള കാലവും.. എന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ ഒരു വിഷയത്തില്‍ ബൂലോക സുഹൃത്തുക്കളുടെ വിലയേറിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

നിങ്ങളുടെ സ്വന്തം
ബൂലോകാനന്ദ കൊല്ലേരി തിരുവടികള്‍ (പേര്‌ എപ്പടി?)
05/08/2011