Friday, August 5, 2011

ഇതു നോയ്‌മ്പുകാലം ഈശ്വരചിന്തയുടെ കാലം

നോയ്‌മ്പിന്റെ നാളുകള്‍ . പ്രവാസലോകത്തില്‍ ഐശ്വര്യത്തിന്റെ നാളുകള്‍ .. ലൗകിക ജീവിതത്തിലെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും നാം അറിയാതെ മറന്നുപോകുന്ന ആത്മീയതയുടെ ഇശലുകള്‍ മനസ്സിലെയ്ക്കൊഴുകിയെത്തുന്ന പുണ്യ നാളുകള്‍ .. നാല്‍പ്പതു ഡിഗ്രിയ്ക്കു മുകളിലാണ്‌ ചൂട്‌, ഒപ്പം താങ്ങാനാവാത്ത ഹുമിഡിറ്റിയും.. കഠിനമായിരിയ്ക്കും ഗള്‍ഫ്‌ മേഖലയില്‍ ഈ നോയ്‌മ്പുകാലം. കരിമല കയറ്റത്തേക്കാള്‍ കഠിനം,. ഹജ്ജ്‌ യാത്രയോളം പവിത്രം. ഒരു മാസത്തോളം നീളുന്ന വെല്ലുവിളി നിറഞ്ഞ ഈ യാത്ര ഒരു പ്രതിസന്ധിയും കൂടാതെ ആയാസരഹിതമായി തരണം ചെയ്യാന്‍ സര്‍വ്വശക്തനായ അള്ളാഹുവില്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും സമര്‍പ്പണം ചെയ്യുന്ന ഏതൊരു വിശ്വാസിയ്ക്കും കഴിയും... അള്ളാഃ കരീം.

ഒരു ദിവസം പോലും ഉപവാസത്തിന്റെ രുചി അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കില്‍ പോലും എല്ലാ ദിവസവും, നോയ്‌മ്പു നോല്‍ക്കുന്ന മുസ്ലീം സഹാദരന്മാരോടൊത്ത്‌ സായാഹ്നങ്ങളിലെ ഇഫ്ത്താര്‍ വിരുന്നുകളില്‍ കൃത്യമായി പങ്കെടുക്കാറുണ്ട്‌.. അങ്ങിനെ ഒരുപാടാനന്ദത്തോടെ, ആദരവോടെ പവിത്രമായ ഈ നാളുകളിലെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഞാനും എന്നാല്‍ കഴിയാവുന്ന വിധം പങ്കാളിയാകാറുണ്ട്‌.

ഈശ്വരചിന്തകള്‍ക്കെപ്പോഴുംവിശാലമായ കാഴ്ചപ്പടല്ലെ വേണ്ടത്‌`..ആത്യന്തികമായി ഒറ്റ ദൈവം മാത്രമല്ലെ ഉള്ളു.വ്യത്യസ്ഥ രാജ്യങ്ങളില്‍ വ്യത്യസ്ഥ വിഭാഗങ്ങള്‍ വിവിധ രീതികളില്‍ ആരാധിയ്ക്കുന്നു എന്ന വ്യത്യാസം മാത്രം.. മതാചാരങ്ങളുടെ അനുഷ്ടാനങ്ങള്‍ ദൈവസങ്കല്‍പ്പവും ബാല്യത്തിലല്ലെ നമ്മുടെ മനസ്സില്‍ വേരുപിടിയ്ക്കുന്നത്‌.പിന്നെ അര്‍ത്ഥമറിഞ്ഞും പലപ്പോഴും അര്‍ത്ഥമറിയാതേയും മരണം വരെ കൃത്യമായിനമ്മളതു പാലിയ്ക്കുന്നു.കൃസ്തുവും കൃഷണനും അങ്ങിനെ എതൊരു ദൈവത്തിന്റേയും ബിംബങ്ങള്‍ ഒരിക്കല്‍ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പറിച്ചെറിയാന്‍ പ്രയാസമായിരിയ്ക്കും..ഓര്‍ത്തുനോക്കിയാല്‍ ഒരു മതം മാത്രമല്ലെ ഉള്ളു..മനുഷ്യമതം..ഒരു സന്ദേശം മാത്രമല്ലെ എല്ല മതങ്ങളും പ്രചരിപ്പിയ്ക്കുന്നുള്ളു നന്മയുടെ സന്ദേശം..മരണാനന്തരം ജാതിമതഭേദമന്യെ എല്ലാവരും ചെന്നെത്തുന്നതും ഒരേ സ്വര്‍ഗ്ഗത്തിന്റേയും നരകത്തിന്റേയും പടിവാതില്‍ക്കലും.എന്നിട്ടും പലപ്പോഴും ഇതിന്റെയൊക്കെ പേരില്‍ കലഹിയ്ക്കുന്നു പലരും..മതസ്പര്‍ദ്ധകളും വര്‍ഗ്ഗീയ കലാപങ്ങളും മനുഷ്യമനസ്സുകളുടെ അജ്ഞതയില്‍ നിന്നും അതിലുപരി സ്വാര്‍ത്ഥതയില്‍ നിന്നുമാണ്‌ ഉടലെടുക്കുന്നത്‌.റംസാന്‍ മാസത്തോടൊപ്പം ഇതു രാമായണമാസം കൂടിയാണ്‌. പഞ്ഞമാസത്തിന്റെ വറുതിയില്‍ അണമുറിയാതെ പെയ്തിറങ്ങുന്ന നൊമ്പരം പരത്തുന്ന ആധിയിലും വ്യാധിയിലും ആടിത്തിമിര്‍ക്കുന്ന ആടിമാസത്തിന്റെ ദേവതയായ ചേട്ടാ ഭഗവതിയെ  ചൂലു കൊണ്ടടിച്ചു പടിയിറക്കി,ചാണകം തളിച്ചു ശുദ്ധമാക്കി ചിങ്ങവെയിലും ഓണനിലാവും നിറഞ്ഞ രാപ്പകലുകള്‍ സമൃദ്ധമായി വിളയുന്ന ആവണിമാസവുമായി പടികടന്നു വരുന്ന ശ്രീഭഗവതിയേയും കാത്ത്‌ ഈശ്വരനാമം ജപിച്ച്‌ ക്ഷമയോടെ കാത്തിരിയ്ക്കുന്ന നാളുകള്‍...ആചാരങ്ങള്‍ എന്നും അര്‍ത്ഥവത്തായിരിയ്ക്കും..കാലികമായ മാറ്റങ്ങളില്‍ അതു പലപ്പോഴും അര്‍ത്ഥരഹിതമാകുന്നുവെന്നു മത്രം..

ശരിയ്ക്കും ദാരിദ്രത്തിന്റെ കാലമായിരുന്നു അന്ന്‌..ഡൈനിംഗ്‌ ടേബിളൊന്നുമില്ലാത്ത മേലടുക്കളയില്‍, അല്ലെങ്കില്‍ അടുക്കളയുടെ വടക്കേപുറത്തെ ഉമ്മറത്തിണ്ണയില്‍ വടക്കെപാടത്തെ കാറ്റുമേറ്റ്‌ പലകയില്‍ ചമ്രം പടിഞ്ഞിരുന്നു ഊണു കഴിയ്ക്കുമ്പോള്‍ ഒരു വറ്റു പോലും നിലത്തു കളയാന്‍ സമ്മതിയ്ക്കില്ലായിരുന്നു അമ്മ,.. ഏതു വറ്റിലാണ്‌ ശ്രീ ഭഗവതി കുടിയിരിയ്ക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ,.അതായിരുന്നു അമ്മയുടെ ന്യായം.! വല്ലാത്ത കരുതലായിരുന്നു അന്നത്തെ അമ്മമാര്‍ക്ക്‌..ഇന്നും ഓരോ ഗ്യാസ്‌ സിലിന്‍ഡര്‍ മാറുമ്പോഴും അടുക്കള ചുമരില്‍ ചോക്കുകൊണ്ട്‌ തിയ്യതി കുറിച്ചിടും അമ്മ..വെക്കേഷന്‍ സമയത്തു ഞാനതു കൗതുകപൂര്‍വ്വം വീക്ഷിയ്ക്കാറുണ്ട്‌..നാലുമാസം,അഞ്ചുമാസം കണക്കു കൂട്ടി നോക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌..ഭാഗ്യം,.അമ്മയുടെ ശീലം ക്രമേണ മാളുവിനും പകര്‍ന്നു കിട്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു..പുതിയ വീടു പണിയുമ്പോള്‍ മെയിന്‍ അടുക്കളയില്‍ തന്നെ വിറകടുപ്പു വേണമെന്ന്‌ അവള്‍ക്കു നിര്‍ബന്ധമായിരുന്നു.പലരും കളിയാക്കി.പക്ഷെ ഇന്ന്‌ ഐശ്വര്യമുള്ള ആ അടുപ്പുകളിലെ തീനാളങ്ങളിലെ പ്രകാശം മാളുവിന്റെ മുഖത്തു സംതൃപ്തിയായി പ്രതിഫലിയ്ക്കുന്നത്‌ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്‌.പഴയ തലമുറയുടെ ഒതുക്കവും കരുതലും ലാളിത്യവും ഏറ്റു വാങ്ങാന്‍ മറന്നു പോകുന്നു നമ്മളില്‍ പലരും..ഓണം കണ്ടു തവിടു കളയുന്നു.സമ്പന്നതയുടെ അതിപ്രസരമായിരിയ്ക്കാം കാരണം.എത്ര സമ്പത്തുണ്ടായാലും ഭൂമിദേവി സംഭരിച്ചു വെച്ചിട്ടുള്ള ഊര്‍ജത്തിനു പരിധിയുണ്ടെന്ന കാര്യം തിരിച്ചറിയാതെ പോകുന്നു. ഗുരുത്വം വിവേകം,എളിമ,..അങ്ങിനെ എത്ര പൈസ കൊടുത്താലും നേടാനാകാത്ത ഓരുപാടു കാര്യങ്ങള്‍ പിന്നേയും ബാക്കിയുണ്ടെന്ന്‌ ഓര്‍ക്കാതെ പോകുന്നു..ധനമോഹം, ആഡംബരഭ്രമം,ധാരാളിത്വം,സ്വാര്‍ഥവിചാരങ്ങള്‍ അങ്ങിനെ എല്ലാ 'അശ്രീകേര' ശീലങ്ങളുടെയും ദേവതയായ ചേട്ടാഭഗവതി ഒരിയ്ക്കലും പടിയിറക്കാന്‍ കഴിയാത്ത വിധം രൂഢമൂലമായിരിയ്ക്കുന്നു ആധുനിക മനസ്സുകളില്‍.ക്ഷേത്ര ദര്‍ശനവേളകളില്‍ ആത്മീയ നിലവറയ്ക്കു സമാനം ഈശ്വരചൈതന്യം തുളുമ്പുന്ന ശ്രീകോവിലിനെ മറന്ന്‌ തൊട്ടപ്പുറത്തെവിടെയൊ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകാവുന്ന ഭൗതിക നിലവറയുടെ ഉറവിടം തേടി അലയാനൊരുങ്ങുന്നു ഭക്തമനസ്സുകളും മിഴികളും..

ഇതു ശ്രീ പദ്‌മനാഭന്റെ കാലം,പരസ്യങ്ങളില്‍ പോലും ഗുരുവായൂരപ്പനോടൊപ്പം ശ്രീ പദ്‌മനാഭനും പ്രാധാന്യം ലഭിച്ചു തുടങ്ങി. ഗുരുവായൂരപ്പന്റെ വണ്‍മേന്‍ ഷോയ്ക്ക്‌ അല്‍പ്പം മങ്ങലേറ്റുവോ എന്നൊരു ശങ്ക മനസ്സില്‍ ബാക്കി നില്‍ക്കുന്നു...!

ഭഗവാന്റെ മാസ്മരിക സാന്നിധ്യം നിറഞ്ഞു തുളുമ്പി ഭക്തഹൃദയങ്ങളിലേയ്ക്കു നവ്യാനൂഭുതിയായി അനസ്യൂതം പടര്‍ന്നിറങ്ങുന്ന ഗുരുവായൂരമ്പലം ഒരത്ഭുത ലോകം തന്നെയാണ്‌.അമ്പാടിക്കണ്ണന്റെ മായലീലകളാല്‍ വിളങ്ങി നില്‍ക്കുന്നു ആ പുണ്യഭൂമിയുടെ ചൈതന്യം വാക്കുകള്‍ക്കതീതമാണ്‌.!.ഓന്നോര്‍ത്തു നോക്കു "എടാ കള്ളാ.." ചുള്ളാ എന്നൊക്കെ വിളിച്ച്‌ തോളില്‍ കയ്യിട്ടു മനസ്സുതുറന്ന്‌ സങ്കടങ്ങള്‍ പങ്കിട്ട്‌ ആശ്വാസം കണ്ടെത്തനായി സുഹൃത്തിനെപോലെ ഒരാവതാരം ഈ ഭൂമിയില്‍ വേറെ എവിടെയുണ്ടാകും ഉണ്ണികൃഷ്ണനല്ലാതെ..! ഒരിടത്ത്‌ ഗോപികമാരുടെ ചേല കവര്‍ന്ന്‌ അവരോടു കളി പറഞ്ഞും രസിച്ചുല്ലസിച്ചും കള്ളപുഞ്ചിരിയുമായി നില്‍ക്കുന്ന കുഞ്ഞാലിക്കണ്ണന്‍ മറ്റൊരിടത്ത്‌ ഉപദേശിച്ചും ശാസിച്ചും പാണ്ഡവരെ ധര്‍മ്മയുദ്ധത്തിനു സജ്ജരാക്കുന്ന അച്ചുതനാന്ദനായി മാറുന്നു.!അതിരു വിടാത്ത,പരിധികളുള്ള ലൗകികതയുടെ അഭൗമ സൗന്ദര്യവും ഒപ്പം ആത്മീയതയുടെ അനന്തലോകവും തുറന്നു തരുന്നു കൃഷ്ണാവതാരം...

ഗുരുവായൂരമ്പലത്തില്‍ പ്രവേശിയ്ക്കുന്ന നിമിഷം ഒരോ സ്ത്രീകളും അവരറിയാതെത്തന്നെ സ്വയം ഗോപികമാരായി മാറുന്നുണ്ടാകും.ഭക്തിസാഗരത്തില്‍ നീരാടി ശുദ്ധി വരുത്തി സ്ഫുടം ചെയ്തെടുത്ത മനസ്സും,കണ്ണനോടുള്ള പ്രണയപാരവശ്യത്താല്‍ കൂമ്പിപോയ മിഴികളും ഐശ്വര്യം നിറഞ്ഞുതുളുമ്പുന്ന മുഖഭാവങ്ങളുമായി സെറ്റു മുണ്ടിന്റെ ലാളിത്യത്തില്‍ നാലമ്പലത്തിനകത്ത്‌ ഒറ്റയടി വെച്ച്‌ എഴുതവണ ഭഗവാനു ചുറ്റും വലം വെച്ചു ഹൃദയംകൊണ്ട്‌ ഭഗവാനില്‍ അലിഞ്ഞു ചേരുന്ന നിമിഷങ്ങളിലാണ്‌ ഒരു മലയാളി മങ്ക ഏറ്റവും മനോഹരിയാകുന്നതെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌.ആ സുന്ദരദൃശ്യം മതിമറന്നാസ്വദിയ്ക്കുന്ന ഓരോ ഭക്തന്റേയും കണ്ണുകളില്‍ അപ്പോള്‍ ഭഗവാന്‍ സ്വയം തന്റെ കൃഷ്ണമണികളും ഒളിപ്പിച്ചു വെയ്ക്കുന്നുണ്ടാകും.തുലാഭാരം,കളഭം,വെണ്ണ,പഞ്ചസാര, പഴം അങ്ങിനെ വഴിപാടുകള്‍ അനവധിയാണ്‌ ഭഗവാന്‌ പ്രിയപ്പെട്ടതായി.പക്ഷെ അതിനെല്ലാറ്റിനുമുപരി അതിരുകള്‍ വിടാത്ത കുലീനമായ "വായ്‌നോട്ടം" തന്നെയായിരിക്കും കണ്ണന്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ള വഴിപാടെന്ന്‌ അമ്പലത്തിനകത്ത്‌ ചിലവഴിയ്ക്കുന്ന നിമിഷങ്ങളില്‍ എപ്പോഴും എനിയ്ക്കു തോന്നാറുണ്ട്‌,. എന്തോ,.ഒരു പക്ഷെ ഞാനുമൊരു തറവാടിയായതുകൊണ്ടാകാം അങ്ങിനെ.!.കൃഷ്ണാ കാത്തോളണേ.!

കരുത്തനായ കുടുംബനാഥന്‌ ഉത്തമോദാഹരണമാണ്‌ പരമശിവന്‍.ഏതു പുരുഷനും മനസ്സുകൊണ്ട്‌ മാതൃകയാക്കാന്‍ കൊതിയ്ക്കുന്ന ദേവന്‍.പൗരുഷത്തിന്റെ പ്രതീകം. പാര്‍വതിദേവി അറിയുമെന്നറിഞ്ഞിട്ടും സ്വന്തം തലയില്‍ ഗംഗാദേവിയ്ക്ക്‌ ചിന്നവീടൊരുക്കിയ ധീരന്‍. .എന്നിട്ടും എല്ലാമറിഞ്ഞിട്ടും നിഷേധിയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ ദേവിയ്ക്ക്‌.! ഡിവോര്‍സ്‌ പെറ്റിഷന്‍ ഒരുക്കാനുമായില്ല..വിധുബാല മാഡത്തിനെ സാക്ഷിയാക്കി "കഥയില്ലിതു ജീവിതത്തില്‍" ഗംഗയുമായി മുഖാമുഖം വാഗ്‌വാദങ്ങള്‍ക്കും ഒരുങ്ങിയില്ല, കാരണം അത്രയ്ക്കും പ്രിയമായിരുന്നു പാര്‍വ്വതിദേവിയ്ക്കു തന്റെ പ്രിയതമനെ.അതങ്ങനെയല്ലെ വരു. അപമാനിതയായി തന്നിലെ കലാസിദ്ധിയുടെ ചിലങ്ക തന്നെ എന്നന്നേയ്ക്കുമായി അഴിച്ചു വെയ്ക്കാന്‍ കാരണഭൂതനായ "നീലകണ്ഠന്റെ" വ്യക്തിപ്രഭാവത്തിനു മുമ്പില്‍ കീഴടങ്ങാനല്ലെ അവസാനം എത്ര തന്റേടിയായലും ഏതു "ഭാനുമതിയ്ക്കും" നിയോഗം.ക്ലാസ്‌റൂമുകളില്‍ കള്ളകണ്ണനുമായി സൗഹൃദസല്ലാപങ്ങളില്‍ മുഴുകി രസിക്കുന്ന നാളുകളില്‍പോലും ഭാവിവരനായി ശിവനെപോലെ ഒരു കരുത്തനെ സ്വപ്നം കാണുന്ന എത്രയൊ പെണ്‍കുട്ടികള്‍ ഉണ്ടായിരിയ്ക്കും നമ്മുടെ കാമ്പസുകളില്‍.

ഹിന്ദു പുരാണങ്ങളില്‍ ഏറ്റവും മാന്യത കല്‍പ്പിയ്ക്കപ്പെടുന്ന അവതാരമാണ്‌ ശ്രീരാമാന്‍.ദൈവീകപരിവേഷം മാറ്റിനിര്‍ത്തി വിശകലനം ചെയ്താല്‍ നല്ലൊരു ഭരണാധികാരി മാത്രമായിരുന്നു ശ്രീരാമന്‍, സ്വന്തം സല്‍പ്പേര്‌ കാത്തു സൂക്ഷിയ്ക്കാനുള്ള തത്രപ്പാടില്‍ പ്രിയപ്പെട്ടവരുടെ വിചാരവികാരങ്ങള്‍ ഒരു മടിയും കൂടാതെ ബലികഴിയ്ക്കാനൊരുങ്ങുന്ന ഒരു ഭരണാധികാരിയുടെ സ്വാര്‍ത്ഥമനസ്സായിരുന്നു രാമനും.അതുകൊണ്ടല്ലെ രാമായണാന്ത്യത്തില്‍ കഥനായികയ്ക്ക്‌ പീഡനം സഹിയ്ക്കാന്‍ കഴിയാതെ ഭൂമിയില്‍നിന്നും അപ്രത്യക്ഷയാകേണ്ടി വന്നത്‌.കാനനത്തിലേയ്ക്ക്‌ യാത്ര തിരിയ്ക്കുന്ന സമയം ഊര്‍മിളയെകൂടി കൂടെകൂട്ടാന്‍ ലക്ഷ്മണനോടു പറയാതെ മൗനം പാലിച്ചു രാമന്‍.. അവര്‍ക്കൊരു കുടുംബ ജീവിതവുമായെനെ, ഒപ്പം സീതയ്ക്കൊരു കൂട്ടും എന്നു കരുതാമായിരുന്നു..!സുന്ദരനും,ധീരനും വില്ലാളിയുമായ ഒരു പുരുഷനോട്‌ ഒരു യുവതിയ്ക്കു പ്രണയം തോന്നുക സ്വാഭാവികം.ആ കുറ്റത്തിന്റെ പേരില്‍ അവരുടെ മൂക്കും മുലയും ഛേദിയ്ക്കുന്നത്‌ ഒരു പുരുഷോത്തമന്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ലായിരുന്നു. അവര്‍ണ്ണസ്ത്രീകളുടെ മേല്‍ സവര്‍ണ്ണര്‍ ഇന്നും തുടരുന്ന കാട്ടുനീതിയുടെ ഭാഗം തന്നെയായിരുന്നു അത്‌.

എല്ലാം കഴിഞ്ഞ്‌ വലിയൊരു യുദ്ധത്തിനൊടുവില്‍ അഗ്നിശുദ്ധി വരുത്തി വീണ്ടെടുത്ത പ്രിയപത്നിയെ കേവലം ഒരു അലക്കുക്കാരന്റെ വാക്കുകേട്ട്‌ ഉപേക്ഷിയ്ക്കാനും ഒരു മടിയുമുണ്ടായില്ല നായകന്‌..അവിടേയും പീഡിയ്ക്കപ്പെട്ടത്‌ സ്ത്രീത്വം തന്നെയാണ്‌..എത്രയെത്ര അഗ്നിശുദ്ധി വരുത്തിയാലും ഒരിയ്ക്കലും പവിത്രത തെളിയ്ക്കാന്‍ കഴിയാതെ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന പാവം സ്ത്രീജന്മങ്ങളില്‍ അറിയപ്പെടുന്ന ആദ്യത്തെ ഇരയായിരുന്നിരിയ്ക്കാം ഒരു പക്ഷെ സീതാദേവി.

ഇക്കാലത്താണ്‌ ഇതു സംഭവിച്ചിരുന്നതെങ്കില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിയ്ക്കപ്പെട്ട്‌ കാര്യമായ രേഖകളുമില്ലാതെ കാനനത്തില്‍ ഒറ്റപ്പെട്ടു പോയ സീത "കൈരളി പ്രവാസലോകത്തിലെ" റഫീക്ക്‌ റാവുത്തര്‍ക്ക്‌ പരാതി നല്‍കുമായിരുന്നു.

"ഇനി എനിയ്ക്കു രാമനോടാണു പറയാനുള്ളത്‌`..എന്തു പണിയടോ താന്‍ കാണിച്ചത്‌.വിവരവും വിദ്യഭ്യാസവും ഉള്ള ആളല്ലെ താന്‍.എന്തു തെറ്റാ അവര്‌ തന്നോട്‌ ചെയ്തത്‌,. എല്ലാം ഉപേക്ഷിച്ച്‌ കൂടെ കാട്ടിലേയ്ക്കു വന്നതോ. .ഒന്നുമില്ലെങ്കില്‍ ഗര്‍ഭിണിയല്ലെ അവര്‌...നാളെ അവരു പ്രസവിയ്ക്കുന്ന കുഞ്ഞിന്‌ ആരുണ്ടെടോ പിന്നെ,...അതെങ്കിലും ഓര്‍ക്കേണ്ടടോ താന്‍" ചാനലില്‍ "പ്രവാസലോകം" വേദിയില്‍ കുഞ്ഞുമുഹമ്മദ്‌ സാഹിബ്‌ രോഷം കൊള്ളുമായിരുന്നു.അയോധ്യയിലെ പ്രവാസലോകം പ്രവര്‍ത്തകരോട്‌ എത്രയും പെട്ടന്ന്‌ രാമനെ കണ്ടെത്തി കാര്യം പറഞ്ഞു മനസിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമായിരുന്നു.

ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ രാമായണം മനസ്സില്‍ അവശേഷിപ്പിയ്ക്കുന്നു.എല്ലാം അവതാരലക്ഷ്യം എന്നു പറഞ്ഞാശ്വസ്സിയ്ക്കാം ഭക്തരായ നമുക്ക്‌ അല്ലെ...അല്ലെങ്കിലും അതങ്ങിനെയല്ലെ, ചരിത്രം തീരുമാനിയ്ക്കുന്നത്‌ അതെഴുതുന്നവരാണ്‌.നായകനെയും പ്രതിനായകനെയും തീരുമാനിയ്ക്കുന്നതും അവര്‍ തന്നെ .!അല്ലെങ്കില്‍ സ്വന്തം സഹോദരിയെ മുലയും തലയും ഛേദിച്ചപമാനിച്ചവന്റെ പത്നിയെ തടവുകാരിയായി കയ്യെത്തു ദൂരെ കിട്ടിയിട്ടും ഒരു പോറല്‍ പോലുമേല്‍പ്പിയ്ക്കാതെ സന്യസിനിയെന്നപോലെ ബഹുമാനിച്ച്‌, അശോകമരചുവട്ടില്‍ കരുതലോടെ കാത്തു സൂക്ഷിച്ച രാവണന്‍ എങ്ങിനെ ദുഷ്ടകഥാപാത്രമാകുമായിരുന്നു.!.രാവണനായാലും മഹാബലിയായാലും ശക്തരും അവര്‍ണ്ണരുമായ ഭരണാധികാരികളെ ദുഷ്ടന്മാരായി ചിത്രികരിച്ച്‌, അസുരന്മാരായി മുദ്രകുത്തി ഉന്മൂലനം ചെയ്യുന്ന സവര്‍ണ്ണ മേധാവിത്വം തന്നെയല്ലെ ഇന്നും ലോകചരിത്രവും ഒപ്പം ഭാവിയും തീരുമാനിയ്ക്കുന്നത്‌.

ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം,അംബാനിയിസം.ഭരണത്തിലെ ഓരോ നിമിഷവും ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക്‌ എന്‍ഡോസള്‍ഫാന്‍ത്തുള്ളികള്‍ കോരിയൊഴിയ്ക്കുന്ന ഇന്നത്തെ ഭരണാധികാരികളായിരിയ്ക്കും ഒരു പക്ഷെ നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ചരിത്രത്തിലെ നവഭാരതശില്‍പ്പികള്‍.ആ ചരിത്രത്തില്‍ പാവം ബാപ്പുജിയുടെയും മറ്റു സ്വാതന്ത്ര സമരസേനാനികളുടെയും വേഷം എന്താകുമൊ ആവോ?.തലസ്ഥാന നഗരിയില്‍ ഗാന്ധിമാര്‍ഗം സ്വീകരിച്ച്‌ സമാധാനപരമായി സത്യാഗ്രഹം നടത്താന്‍ പോലും അനുമതി നിഷേധിയ്ക്കുന്ന അവര്‍ ഒരു പക്ഷെ, നാളെ ഇന്ദ്രപ്രസ്ഥത്തിലെ ഗാന്ധിപ്രതിമകള്‍ വരെ പിഴുതുമാറ്റിയെന്നുവരാം...കലികാലം അല്ലാതെ എന്തു പറയാന്‍ കഴിയും..!!

കൊള്ളാം,. കൊല്ലേരിയുടെ ആത്മീയ ചിന്തകള്‍.!നിങ്ങളുടെ ചുണ്ടില്‍ വിരിയുന്ന പരിഹാസച്ചിരി എനിയ്ക്കു കാണന്‍ കഴിയുന്നു..അല്ലെങ്കില്‍ തന്നെ ആത്മീയ വിഷയങ്ങള്‍ക്കുറിച്ചു സംസാരിയ്ക്കാന്‍ എന്തറിവാണെനിയ്ക്കുള്ളത്‌.! ഭാരം കയറ്റാതെ ചലിയ്ക്കുന്ന വണ്ടി വല്ലാതെ ശബ്ദം പുറപ്പെടുവിയ്ക്കും.അതുപോലെതന്നെയാണ്‌ അജ്ഞത നിറഞ്ഞ മനസ്സും.അങ്ങിനെ മാത്രമെ എന്റെ എല്ലാ ജല്‍പ്പനങ്ങളേയും കണക്കാക്കാവു..

അല്ലെങ്കിലെ ജോലിഭാരം മൂലം ഓഫീസിലെ എല്ലാവരെയും പിണക്കി,..ഇപ്പോളിതാ ഈശ്വരന്മാരേയും.!

ഏഴരശ്ശനിയല്ലെ എനിയ്ക്ക്‌,..വേണ്ടാത്തതേ തോന്നു...അല്ലെങ്കില്‍ ഈ തിരക്കിനിടയില്‍ ഇതൊക്കെ ടൈപ്പ്‌ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ..? ഒരുപാടു പേര്‍ വായിയ്ക്കും ..ആരെങ്കിലിലുമൊക്കെ നല്ല കമന്റിടും .? എവടേ, ആരു വായിയ്ക്കാന്‍..അതിമോഹം അല്ലാതെന്താ..!

എന്നാലും ഒന്നോര്‍ത്തോളു, ദൈവീകത നിറഞ്ഞു നില്‍ക്കുന്ന ഈ കുറിപ്പ്‌ വായിച്ചു നല്ല അഭിപ്രായം പറഞ്ഞ ഓഫീസിലെ എന്റെ ഒരുസുഹൃത്തിന്‌ അടുത്ത നിമിഷം നാട്ടില്‍നിന്നും വന്ന ഫോണ്‍കോളുവഴി സഹോദരിപുത്രന്‌ ഇന്റര്‍ചര്‍ച്ച്‌ മെഡിക്കല്‍ കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയ ശുഭവാര്‍ത്ത ശ്രവിയ്ക്കാന്‍ ഇടവന്നു.. ജോലിത്തിരക്കുമൂലം കല്ലിവല്ലി എന്നു പറഞ്ഞ്‌ ഇതു വായിയ്ക്കാതെ മാറ്റിവെച്ച മറ്റൊരു സുഹൃത്തിന്റെ മകള്‍ക്ക്‌ അടുത്ത ദിവസംതന്നെ വൈറല്‍ ഫീവര്‍ ബാധിച്ച്‌ സ്വയാശ്രയ ആശുപത്രി വാസം അതുവഴി ധനനഷ്ടം, സമയനഷ്ടം, മാനഹാനി, എന്നി ദുരാനുഭവങ്ങള്‍ വന്നു ഭവിച്ചു.. ഈ പോസ്റ്റ്‌ വായിച്ച്‌ കമന്റിട്ട്‌ ഈ ബ്ലോഗിന്റെ ലിങ്ക്‌ പത്തുപേര്‍ക്ക്‌ അയച്ചു കൊടുക്കുന്ന യുവതിയുവാക്കള്‍ക്ക്‌ ചാറ്റിങ്ങില്‍ ഉയര്‍ച്ച, പ്രേമസാഫല്യം,. ദാമ്പത്യസൗഖ്യം, സന്താനലബ്ദി എന്നീ ശുഭഫലങ്ങള്‍ തീര്‍ച്ച. മറ്റെല്ലാ പ്രായക്കാര്‍ക്കും അവരവരുടെ പ്രായത്തിനും കയ്യിലിരിപ്പിനും അനുസരിച്ചുള്ള ഫലമൂലാദികള്‍ക്കും മുസലിശക്തികള്‍ക്കും യോഗം നിശ്ചയം..

മംഗളം ഭവന്തു..!!

അല്‍പ്പം യോഗയും, സംസ്കൃതവും പുരാണങ്ങളുമൊക്കെ പഠിച്ച്‌ പ്രവാസക്കാലത്തിനുശേഷം ശിഷ്ടക്കാലം ആത്മീയലോകത്തിലേയ്ക്കു പ്രവേശിച്ചാലോ എന്നൊരു ചിന്ത മനസ്സില്‍ കടന്നു കൂടിയിരിയ്ക്കുന്നു.. അങ്കവും കാണാം ക്യാമറയൊന്നും ഓണല്ലെന്നുറപ്പുവരുത്തി തഞ്ചത്തില്‍ അത്യാവശ്യം താളിയും ഒടിയ്ക്കാം.! ഐശ്വര്യമുള്ള ഒരു മുഖമുണ്ട്‌.. ഒപ്പം തെറ്റില്ലാത്ത നിറവും,നിഷ്കളത നിറഞ്ഞ കണ്ണുകളും,ഒരുയോഗാചാര്യനു ചേരും വിധം മെലിഞ്ഞ ശരീരവും നല്ല ഉയരവും..ഞാന്‍ നോക്കിയിട്ട്‌ ആനന്ദദായകവും ഉല്ലാസപ്രദവും സര്‍വ്വോപരി ആദായകരവുമായ മറ്റൊരു തൊഴിലും കാണുന്നില്ല. "ആരുമില്ലാത്തവന്‌ ദൈവം മാത്രം തുണ" അതല്ലെ ഒരു ശരാശരി ഭാരതീയന്റെ ഇന്നത്തെ അവസ്ഥ. അതുകൊണ്ടുത്തന്നെ ആള്‍ദൈവങ്ങള്‍ക്ക്‌ നല്ല ഡിമാന്റുള്ള കാലവും.. എന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ ഒരു വിഷയത്തില്‍ ബൂലോക സുഹൃത്തുക്കളുടെ വിലയേറിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

നിങ്ങളുടെ സ്വന്തം
ബൂലോകാനന്ദ കൊല്ലേരി തിരുവടികള്‍ (പേര്‌ എപ്പടി?)
05/08/2011

12 comments:

  1. തിരുവടികള്‍ എന്തൊക്കെയാണ് തുല്യം ചാര്‍ത്തിയിരിക്കുന്നത്‌ ?

    ReplyDelete
  2. ബൂലോകാന്ദ കൊല്ലേരി തിരുവടികള്‍ക്കുള്ള ആദ്യത്തെ അടി എന്റെ വക തന്നെ ആയിക്കോട്ടെ. കുഞ്ഞാലിക്കുട്ടിയേയും കുഞ്ഞിമുഹമ്മദിനെയും അച്ചുതാനന്ദനേയും ഗുരുവായൂരപ്പനേയും ശ്രീരാമനേയും ഒരേ വേദിയില്‍ കൊണ്ടു വന്ന കൊല്ലേരി തിരു വടിയെ ഉടനെ തന്നെ കൈകാര്യം ചെയ്തേ പറ്റൂ. നോമ്പു കാലമായിപ്പോയി!.

    ReplyDelete
  3. അപ്പോ ആദ്യത്തെ അടി മറ്റൊരു മലപ്പുറത്തുകാരന്റെ വകയായി അല്ലെ? ബൂലോഗാ(കാ)നന്ദ സാമീ....

    ReplyDelete
  4. അയ്യോ..കൊല്ലേരിയും സ്വാമിയായോ.

    കൊല്ലേരി ഉന്നയിച്ച ചോദ്യങ്ങള്‍ എന്റെയുമാണ്. ജയിച്ചവരാണെന്നും ചരിത്രമെഴുതിയിട്ടുള്ളത്. അതുകൊണ്ട് അവരുടെ ചായ്‌വിലായിരിക്കും ചരിത്രത്തിന്റെ പുനര്‍വായനയും. രാമന്‍ ജയിച്ചു. പലതരം വിദ്യകളിലൂടെ. ഇപ്പോഴും ആധുനികരാമന്മാര്‍ വിദ്യകളിലൂടെ നമ്മെ ഭരിച്ചുവിരാജിക്കുന്നു. പത്ത് തലയുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം? പുത്തി വേണം പുത്തി

    ReplyDelete
  5. ഒരു മാസത്തോളം നീളുന്ന വെല്ലുവിളി നിറഞ്ഞ ഈ യാത്ര ഒരു പ്രതിസന്ധിയും കൂടാതെ ആയാസരഹിതമായി തരണം ചെയ്യാന്‍ സര്‍വ്വശക്തനായ അള്ളാഹുവില്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും സമര്‍പ്പണം ചെയ്യുന്ന ഏതൊരു വിശ്വാസിയ്ക്കും കഴിയും...
    അഞ്ചു ദിവസം കൊണ്ടുതന്നെ പഞ്ചരായിപ്പോയി ബൂലോകാനന്ദ കൊല്ലേരി തിരുവടികള്‍ജീ , ഈ കത്തുന്ന ചൂടില്‍ പിടിച്ചു നില്‍ക്കുക എളുപ്പമല്ല, അള്ളാഃ കരീം
    പിന്നെ പറയാന്‍ കരുതിയത്‌ അജിത്‌ ജീ പറഞ്ഞു കഴിഞ്ഞു ,അതെ പുത്തി വേണം പുത്തി..

    ReplyDelete
  6. വായിച്ചു.എനിക്ക് എന്താ കിട്ടാൻപോകുന്നത് എന്ന് അറിഞ്ഞാൽ നന്നായിരുന്നു

    ReplyDelete
  7. " ദൈവീകത നിറഞ്ഞു നില്‍ക്കുന്ന ഈ കുറിപ്പ്‌ വായിച്ചു നല്ല അഭിപ്രായം പറഞ്ഞ ഓഫീസിലെ എന്റെ ഒരുസുഹൃത്തിന്‌ അടുത്ത നിമിഷം നാട്ടില്‍നിന്നും വന്ന ഫോണ്‍കോളുവഴി സഹോദരിപുത്രന്‌ ഇന്റര്‍ചര്‍ച്ച്‌മെഡിക്കല്‍ കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയ ശുഭവാര്‍ത്ത ശ്രവിയ്ക്കാന്‍ ഇടവന്നു. ജോലിത്തിരക്കുമൂലം കല്ലിവല്ലി എന്നു പറഞ്ഞ്‌ ഇതു വായിയ്ക്കാതെ മാറ്റിവെച്ച മറ്റൊരു സുഹൃത്തിന്റെ മകള്‍ക്ക്‌ അടുത്ത ദിവസംതന്നെ വൈറല്‍ ഫീവര്‍ ബാധിച്ച്‌ സ്വയാശ്രയ ആശുപത്രി വാസം അതുവഴി ധനനഷ്ടം,സമയനഷ്ടം.മാനഹാനി,എന്നി ദുരാനുഭവങ്ങള്‍ വന്നു ഭവിച്ചു.ഈ പോസ്റ്റ്‌ വായിച്ച്‌ കമന്റിട്ട്‌ ഈ ബ്ലോഗിന്റെ ലിങ്ക്‌ പത്തുപേര്‍ക്ക്‌ അയച്ചു കൊടുക്കുന്ന യുവതിയുവാക്കള്‍ക്ക്‌ ചാറ്റിങ്ങില്‍ ഉയര്‍ച്ച, പ്രേമസാഫല്യം,. ദാമ്പത്യസൗഖ്യം,സന്താനലബ്ദി എന്നീ ശുഭഫലങ്ങള്‍ തീര്‍ച്ച. മറ്റെല്ലാ പ്രായക്കാര്‍ക്കും അവരവരുടെ പ്രായത്തിനും കയ്യിലിരിപ്പിനും അനുസരിച്ചുള്ള ഫലമൂലാദികള്‍ക്കും മുസലിശക്തികള്‍ക്കും യോഗം നിശ്ചയം ".

    ഫലശ്രുതി അതി ഗംഭീരം 

    ReplyDelete
  8. ramane patti paranjallo.ath paranjath alakkukaranalla ramante ulthadamayirunnu.paavam seetha."samsayich kaatilupekshikanayirunnekil rama ninaku njanavale nalkillayirunnu"ennu ravanan parayunnathayi aro pand ezhuthiyittund.avasanathe paragraph ozhike mattellam super ennanu ente abhiprayam.bhoothavum varthamanavum hasyavum puranavum ellam koode oru kalakkan saadanam

    ReplyDelete
  9. ‘എന്തോർത്തു രാമ,വൈദേഹനെന്നച്ഛൻ മിഥിലാധിപൻ
    ആണിൻ മെയ്പൂണ്ട പെണ്ണാം നീ ജാ‍മാതാവായി വാന്നതിൽ’

    നമ്മുടെ രാമേട്ടന്റെ പൌരുഷം വ്രണപ്പെട്ട വരികൾ പാടിയത് സീതേച്ചി തന്നെ (വാത്മീ:രാമായ/വിവ: വള്ളത്തോൾ)ബലവാനായ രാവണന്റവിടെനിന്നും വീണ്ടെടുത്തശേഷം കാട്ടിലേക്കയക്കുന്നതിന് മുമ്പ് അപകർഷതാ‍ബോധത്താൽ രാ‍മേട്ടൻ അലറുന്നുണ്ട് സീതേച്ചിയോട്”നിനക്ക് വേണമെങ്കിൽ ലക്ഷ്മണന്റേയോ,വിഭീഷണന്റേയോ,സുഗ്രീവന്റേയോ,..,,.. കൂടെ പോകാം എന്ന്”

    അപ്പോൾ തന്നെക്ക്കൊണ്ടാവാത്ത ഈ പണ്ടാ‍റത്തെ ഒഴിവാ‍ക്കാ‍ൻ ഒരു സാന്ദർഭം ക്കാത്തിരിക്കുകയായിരുന്നു അല്ലേ മൂപ്പർ

    അല്ലെങ്കീല്ലും ഏതാണ്ടെല്ലാ ആണുങ്ങളൂം സ്വ്വന്തം പോരായ്മ്മകളെല്ലാം പെണ്ണുങ്ങളിൽ കെട്ടിവെക്കുകയാണല്ലോ പതിവ് അല്ലേ ബൂലോകാനന്ദ കൊല്ലേരി തിരുവടികളളേ..

    ReplyDelete
  10. ഏതാണ്ടെല്ലാ വിഷയങ്ങളേയും സ്പർശിച്ചാണല്ലോ തിരുവടികൾ എഴുതീട്ടുള്ളത്.....

    ആ ഫലശ്രുതി വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

    ReplyDelete
  11. തിരുവടികളേ... ഈ ജോലിത്തിരക്കിനിടയിലും ഇടവേളകളില്ലാതെ ഇങ്ങനെ പോസ്റ്റ് ഇടാൻ എങ്ങനെ സാധിക്കുന്നു? ആ തൃപ്പാദങ്ങളിൽ നമിക്കുന്നു...

    ReplyDelete