Monday, July 18, 2011

എച്ച്‌മുകുട്ടി നമസ്തേസ്തു..

എച്ചുമുവിന്റെ പുതിയ രണ്ടു പോസ്റ്റുകള്‍ക്കുള്ള കമെന്റായി എഴുതിതുടങ്ങിയതാണ്‌, പിന്നെ എപ്പൊഴോ, എങ്ങിനെയോ കമെന്റിനനുവദിച്ച വാക്കുകളുടെ പരിധികളും കടന്ന്‌ വല്ലാതെ നീണ്ടുപോയി ഈ കുറിപ്പ്‌. അതുകൊണ്ട്‌ ഇതൊരു പോസ്റ്റാക്കി മാറ്റുന്നു... പൊറുക്കുക.


ബൂലോകത്തെ ഒരുപാടുപേരെ ശ്രദ്ധിച്ചിട്ടുണ്ട്‌ ഞാന്‍... മറ്റുപലരേയും കണ്ട്‌ ഒരു മോഹത്തിന്റെ പുറത്ത്‌, അതിന്റെ ആവേശത്തള്ളലില്‍ വൈകി എഴുതി തുടങ്ങിയവരായിരിയ്ക്കും എന്നെപോലെ അക്കൂട്ടത്തില്‍ പലരും. ഇച്ചിരിപ്പൊട്ടുവട്ടത്തിലുള്ള ലോകപരിചയമെ ഉണ്ടാകു. നാമമാത്രമായ അനുഭവസമ്പത്തും ശുഷ്ക്കമായ ഭാവനയും മാത്രമായിരിയ്ക്കും കൈമുതല്‍ . കാലം തെറ്റി പെയ്യുന്ന മഴപോലെ അക്ഷരത്തുള്ളികള്‍ക്ക്‌ കരുത്തു കുറവായിരിയ്ക്കും, ദൈര്‍ഘ്യവും.. ആദ്യ വായനയില്‍ തന്നെ കുളിര്‌ നഷ്ടപ്പെടും.. അസഹ്യമായ വേനലിലെ ആവി പടര്‍ന്നിറങ്ങുന്ന അനുഭവമായിരിയ്ക്കും പുനര്‍വായനയെക്കുറിച്ചുള്ള ചിന്തപോലും മനസ്സില്‍ നിറയ്ക്കുക.. ബൂലോകമുത്തപ്പന്റെ സ്ഥലം മിനക്കെടുത്താന്‍ വേണ്ടിയുള്ള കുറെ നേരമ്പോക്കുകള്‍ . അതുമാത്രമാകും ഫലത്തില്‍ അത്തരത്തിലുള്ള ബ്ലോഗെഴുത്തുകള്‍ .

മറ്റാരെക്കുറിച്ചും പറഞ്ഞതല്ല ഇത്‌, ഒരു സ്വയം വിലയിരുത്തല്‍ .. അത്ര മാത്രം. അതങ്ങിനെയല്ലെ, സുന്ദരമായ ഒരു മുഖം കാണുമ്പോഴല്ലെ കണ്ണാടി നോക്കി സ്വന്തം മുഖം വിശകലനം ചെയ്യാന്‍ പലപ്പോഴും നാം മുതിരുക.. വേണ്ടായിരുന്നു എന്നു തോന്നും അപ്പോഴൊക്കെ.. എന്നാലും അതൊരാവാശ്യമാണ്‌; സ്വന്തം അവസ്ഥ, നിലവാരം ഇതൊക്കെ തിരിച്ചറിയാന്‍ ഈ വിശകലനം ഒരുപാടു സഹായിയ്ക്കും.. പോസിറ്റിവായി കാണണമെന്നു മാത്രം.

ബൂലോകത്തിലെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ നല്ല എഴുത്തുകാരുടേയും പോസ്റ്റുകളെ ഇത്തരമൊരു മാനസ്സികാവസ്ഥയോടേയാണ്‌ എപ്പോഴും ഞാന്‍ സമീപിയ്ക്കാറുള്ളത്‌.. അത്തരം എഴുത്തുകാരില്‍ മുന്‍പന്തിയില്‍ തന്നെയാണ്‌ എച്ചുമുവിന്റെ സ്ഥാനം എന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലൊ.. വായനയെ സീരിയസ്സായി എടുക്കുന്ന ബൂലോകവാസികള്‍ക്ക്‌ ലഭിച്ച "ഡബിള്‍ ധമാക്ക". എല്ലാ അര്‍ത്ഥത്തിലും അതു തന്നെയാണ്‌ എച്ചുമുവിന്റെ “ഉലകം".

ബ്ലോഗെഴുത്തിനെ ലാഘവബുദ്ധിയോടെ സമീപിയ്ക്കാതെ, സത്യമാണോ അസത്യമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം മിഥ്യയും യാഥാര്‍ത്ഥ്യവും ഭംഗിയായി ഇഴചേര്‍ത്ത്‌ നിറം മുക്കിയെടുത്ത സ്വാനുഭവങ്ങളെ സ്വാംശീകരിച്ചും, ഒപ്പം ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരെ കഥാപാത്രങ്ങളാക്കിയും വ്യത്യസ്ഥാനുഭവങ്ങളുടെ അഗാധതലങ്ങളിലേയ്ക്കു വായനക്കാരെ കൂട്ടികൊണ്ടുപോയി അവരുടെ മനസ്സില്‍ വിസ്മയത്തോടൊപ്പം വിഭ്രാന്തിയും പടര്‍ത്തി, ഒരുനിമിഷമെങ്കില്‍ ഒരു നിമിഷം മനുഷ്യജീവിതത്തിന്റെ നൈമിഷികതയും അര്‍ത്ഥരാഹിത്യവും ഓര്‍മ്മിപ്പിയ്ക്കാന്‍ കഴിവുള്ള അപൂര്‍വ്വം ബ്ലോഗെഴുത്തുകാരില്‍ ഒരാളാണ്‌ എച്ചുമുക്കുട്ടി..

നിരലാംബരും, നിസ്സഹായരുമായ സ്ത്രീജന്മങ്ങള്‍ , അവരുടെ വിഹ്വലതകള്‍ ഇതാണല്ലൊ എച്ചുമുവിന്റെ പ്രിയ വിഷയം. ആകുലതകളിലും വ്യാകുലതകളിലും പെട്ടുഴലുമ്പോള്‍പോലും കീഴടങ്ങാന്‍ തയ്യാറല്ലാത്ത പെണ്മനസ്സിന്റെ വാശി, അതിലേറെ വാശിയോടെ മനോഹരമായി എച്ചുമു വരച്ചു കാട്ടുന്നത്‌ കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്‌. എച്ചുമുക്കുട്ടി നമസ്തേതു എന്നറിയാതെ പറഞ്ഞുപോകാറുണ്ട്‌`..

"അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു.. ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു.".. ഈ പാട്ടിന്റെ ഈണവും താളവും ലയവുമാണ്‌ എച്ചുമുവിന്റെ പോസ്റ്റുകളിലൂടെ കടന്നു പോകുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. മാതൃഭാവത്തിന്റെ വ്യത്യസ്ഥ തലങ്ങള്‍ ; അതാണ്‌ സൂക്ഷ്മ വിശകലനത്തില്‍ അവിടെ ദര്‍ശിയ്ക്കാന്‍ കഴിയുന്നത്‌. രക്തവര്‍ണ്ണമുള്ള നാവു നീട്ടി സംഹാരരുദ്രയായി അലറിവിളിച്ചാലും അവസാനം തന്റെ പുരുഷന്റെ ജീവനു വേണ്ടി സ്വന്തം മാനത്തിന്റെ മടിശ്ശീല അഴിച്ചുമാറ്റാന്‍ മടിയ്ക്കാത്ത സര്‍വ്വംസഹയല്ലെ സ്ത്രീ. കീഴടങ്ങലല്ലല്ലൊ അത്‌... സ്നേഹത്തിനു വേണ്ടി കത്തിജ്വലിച്ച്‌, സ്വയം ത്വജിച്ച്‌ ഇങ്ങിനെ ഉരുകിതീരാന്‍ മാതൃഹൃദയത്തിനു മാത്രമല്ലെ കഴിയു..

അമ്മയുടെ താരാട്ടിന്റെ മാധുര്യം, അമ്മിഞ്ഞപ്പാലിന്റെ ആര്‍ദ്രത... ഇതൊക്കെ നുകര്‍ന്നല്ലെ ഓരോ കുഞ്ഞും വളരുന്നത്‌.. വളരേണ്ടത്‌. കാരണങ്ങള്‍ എന്തുമാകട്ടെ, ഇന്നത്തെ തലമുറക്ക്‌ ഇതെല്ലാം അന്യമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു... അതുകൊണ്ടല്ലെ പത്താം വയസ്സിലും പന്ത്രണ്ടാം വയസ്സിലുമൊക്കെ നമ്മെ അമ്പരപ്പിച്ചു കൊണ്ട്‌ ദുര്‍ഗുണപരിഹാരപാഠശാലയിലേയ്ക്കു മിടുക്കന്മാരായ പല ആണ്‍കുട്ടികളും യാത്രാകുന്നത്‌. കൗമാരത്തിന്റെ പടിവാതില്‍ കടക്കുന്നതിനുമുമ്പെ അബോര്‍ഷന്‍ ടേബിളിലെത്തിചേരുന്ന പെണ്‍കുഞ്ഞുകളുടെ എണ്ണം പെരുകുന്നത്‌. അവര്‍ക്കതിനുള്ള സാഹചര്യവും, മാനസ്സികാവസ്ഥയും ആരാണ്‌ ഒരുക്കികൊടുക്കുന്നത്‌.. ഒരുക്കികൊടുക്കുന്നവരില്‍ പലരും സദ്ഗുണസമ്പന്നരാണ്‌.. സമൂഹത്തിലെ മാന്യന്മാര്‍ ...

എന്റര്‍ടൈന്‍മെന്റു ചനാലുകളിലൂടെ കൗമാര, യുവ, സ്ത്രീ മനസ്സുകളിലേക്ക്‌ അനുനിമിഷം മാലിന്യങ്ങള്‍ നിറച്ച്‌, അതിരുകളില്ലാത്ത ഭൗതിക മോഹങ്ങള്‍ വളര്‍ത്തി, സമൂഹത്തെ മൊത്തം മലീമസമാക്കിയശേഷം രണ്ടാംചാനലെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ന്യൂസ്‌ ചാനലില്‍ ആഴ്ചയറുതിയില്‍ കണ്ണാടിക്കൂട്ടില്‍ കയറിയിരുന്നു നടത്തുന്ന ഒന്നോ രണ്ടോ കുമ്പസാര പ്രോഗ്രാമുകളിലൂടെ അതിന്റെ പാപക്കറ മുഴുവന്‍ കഴുകിക്കളയാമെന്നു വൃഥാ മോഹിയ്ക്കുന്ന ദൃശ്യമാധ്യമങ്ങള്‍ തന്നെയല്ലെ ഇന്നത്തെ കേരളീയ സമൂഹത്തിന്റെ ധാര്‍മിക അധഃപതനത്തിന്റെ മുഖ്യ കാരണക്കാര്‍ ? ശുഭ്രവസ്ത്രധാരികള്‍ ?

എഫ്‌.ഐ ആര്‍ പോലുള്ള നാലാംകിട പ്രോഗ്രാമുകളല്ലാതെ, കാലികപ്രാധാന്യമുള്ള എന്തെങ്കിലുമൊരു റിപ്പോര്‍ട്ടിന്റെ ഒരു വരിയെങ്കിലും മാധ്യമമുതലാളിയുടെ ഇംഗിതങ്ങള്‍ക്കപ്പുറം സംപ്രേക്ഷണം ചെയ്യാന്‍ കഴിയുമെന്ന്‌ കേരളത്തില്‍ എതെങ്കിലും ന്യൂസ്‌ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‌ നെഞ്ചത്തു കൈവെച്ചു പറയാന്‍ കഴിയുമോ.? സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക്‌ തല്ലുകൊണ്ടതിന്റെ ചൂടാറും മുമ്പെ, അതിന്റെ പേരില്‍ ഒന്നു ഭംഗിയായി പരിഭവിയ്ക്കാന്‍ പോലും കഴിയാത്ത വിധം നാവടക്കാന്‍ നിര്‍ബന്ധിതനായി ന്യൂസ്‌ നൈറ്റില്‍ ഇരുന്നു വീര്‍പ്പുമുട്ടേണ്ടി വന്നപ്പോഴും "ഞങ്ങളില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു കേരളത്തിന്റെ അവസ്ഥ “ എന്ന്‌ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിതുമ്പലൊതുക്കി വീമ്പു പറയുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. ഉദരനിമിത്തം ബഹുകൃത വേഷം..!

നാട്ടില്‍ ഇതു നോയ്‌മ്പുകാലം.. ഉപവാസം, പ്രാര്‍ത്ഥന, സഹനസമരം, വിദ്യ പകര്‍ന്നുനല്‍കുന്നതിനു തടസ്സം നില്‍ക്കാനൊരുങ്ങുന്ന സ്നേഹനിരാസത്തിന്റേയും വിശ്വാസരാഹിത്യത്തിന്റെയും വക്താക്കളായ സാത്താന്റെ സന്തതികളുടെ നേരെയുള്ള ചെറിയ കൈക്രിയപ്രയോഗങ്ങള്‍ .. അങ്ങിനെ ജൂലായ്‌ മാസം കേരളത്തില്‍ ഫീസുറപ്പിയ്ക്കലിന്റെ പുണ്യമാസമായി മാറിയിരിയ്ക്കുന്നു. "ഒട്ടകം സൂചിക്കുഴിയിലൂടെ കടന്നാലും 'വിദ്യാധനത്തിന്റെ' മൂല്യമറിയാത്തവന്‌ സ്വര്‍ഗ്ഗവാതിലിന്റെ പടിവാതില്‍ കണി കാണാന്‍ പോലും കഴിയില്ല." .. ദൈവ വചനങ്ങള്‍ തിരുത്തിയെഴുതപ്പെടുന്നു.. എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിച്ചു നിസ്സംഗത പാലിയ്ക്കാന്‍ ദൈവങ്ങള്‍ പോലും ശീലിച്ചിരിയ്ക്കുന്നു..

സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഒന്നു മാത്രമെ നിറഞ്ഞു നില്‍ക്കുന്നുള്ളു.. ധനം..! അതിന്റെ പുറകെ ആസക്തിയോടെ പായുന്നവരുടെ ഒരിയ്ക്കലും തീരാത്ത മോഹങ്ങളും മോഹഭംഗങ്ങളും മാത്രമെ വിഷയമാകുന്നുള്ളു.... ചങ്ങലക്കുതന്നെ ഭ്രാന്തു പിടിച്ചിരിയ്ക്കുന്നു.. പിന്നെ സമൂഹത്തിന്റെ കാര്യം പറയണോ. .!

ബൂലോകത്തു തന്നെ നോക്കു.. എഴുതാന്‍ ഒരു പാടു വിഷയങ്ങള്‍ ചുറ്റിലും. പക്ഷെ പലരും എഴുതുന്നില്ല.. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ്‌ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അപ്രീതി പിടിച്ചു വാങ്ങി ബൂലോകത്ത്‌ കഷ്ടപ്പെട്ടു നേടിയേടുത്ത മാന്യതയുടെ പരിവേഷം കളഞ്ഞുകുളിയ്ക്കാന്‍ മടി തോന്നുന്നത്‌ സ്വഭാവികം.. മാസാമാസം അരങ്ങേറുന്ന ബൂലോകമീറ്റുകള്‍ , പഴയകാല സിനിമകളുടെ റീമേക്കുകള്‍ , ഇങ്ങിനെ അല്‍പ്പം മസാലയും കോമഡിയുമൊക്കെ ചേര്‍ത്ത്‌ പൊലിപ്പിച്ചെഴുതുതാന്‍ ഒരുപാട്‌ ഈസി വിഷയങ്ങള്‍ മുന്നില്‍ കിടക്കുമ്പോള്‍ വെറുതെ എന്തിനാ ചുണ്ണാമ്പു തൊട്ട്‌ കൈപൊള്ളിക്കാന്‍ ഒരുങ്ങുന്നത്‌. !

രാജാവ്‌ നഗ്നനാണ്‌ എന്ന സത്യം വിളിച്ചു പറയണമെങ്കില്‍ നിഷ്ക്കളങ്കമായൊരു മനസ്സ്‌ വേണം, ഒപ്പം ചീറിപാഞ്ഞടുക്കുന്ന കാട്ടുനീതിയുടേ കരാളഹസ്തങ്ങള്‍ക്കു നേരെ വളയിട്ട ദുര്‍ബല കരങ്ങള്‍ ഉയര്‍ത്തി സ്ത്രൈണത നിറഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ "മാ നിഷാദാ.." എന്നുറക്കെ വിളിച്ചുപറയണമെങ്കില്‍ തെസ്‌നി ബാനുവിനെപോലെ അസാധാരണ തന്റേടവും വേണം.. ഈ രണ്ടും ഗുണങ്ങളും എച്ചുമുക്കുട്ടിയിടെ ഓരോ പോസ്റ്റിലും നിറഞ്ഞുനില്‍ക്കുന്നു..

"എല്ലാവരും തോക്കും കുന്തവും എടുക്കുന്ന ഒരു കാലം വരും.." ഈ വാചകം വായിച്ചു കിടുങ്ങി പോയി ഞാന്‍.... ഒരു പുരുഷനായ എനിയ്ക്ക്‌ എതെങ്കിലുമൊരു പോസ്റ്റില്‍ ഇത്രയും തന്റേടത്തോടെ ഒരു വാചകം എഴുതാന്‍ കഴിയുന്നില്ലല്ലൊ എന്നോര്‍ത്തു സ്വയം ചെറുതാവുന്നതുപോലെ തോന്നി.. അല്ലെങ്കിലും ജീവിതസഖിയെ വസ്ത്രാക്ഷേപം ചെയ്തപമാനിയ്ക്കാന്‍ ശ്രമിച്ച ദുശ്ശാസനനന്റെ കുടല്‍മാല പിളര്‍ന്നെടുത്ത ഭാരത്തിലെ മഹാപുരുഷന്‍മാരുടെ കഥകളൊക്കെ വെറും പഴംക്കഥകളായി മാറി.. കലാലയത്തിലെത്തുമ്പൊഴെ വരിയുടച്ച്‌ അരാക്ഷ്ട്രീയവല്‍ക്കരിയ്ക്കപ്പെട്ട്‌ മനസ്സില്‍ രാഷ്ട്രീയ ഷണ്ഢത്വം പേറുന്ന ഒരു തലമുറയാണ്‌ വര്‍ഷങ്ങളായി നമ്മുടെ മുന്നിലേക്കു കടന്നു വരുന്നത്‌. താനുമായി നേരിട്ടു ബന്ധമില്ലാത്ത ഒന്നിനോടും പ്രതികരിയ്ക്കാതെ ഉള്ളിലേയ്ക്ക്‌ തല വലിയ്ക്കുന്നു അവര്‍. ആമയുടെ പുറംതോടിനേക്കാള്‍ കട്ടിയായിരിയ്ക്കും അവരണിഞ്ഞിരിയ്ക്കുന്ന ആധുനികതയുടെ മേലങ്കിയ്ക്ക്‌..

ആലുക്കാസ്‌, അറ്റ്‌ലസ്‌, കല്യാണ്‍ , സ്വര്‍ണ്ണം, വസ്ത്രം, ഫേഷന്‍ .. ഇതൊക്കയാകും കാശുള്ള വീട്ടിലെ നാലുപെണ്ണുങ്ങള്‍ കൂടുമ്പോളുള്ള ചര്‍ച്ചാവിഷയങ്ങള്‍ എന്നു നാം കളി പറയാറില്ലെ,.. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങളും ഒട്ടും പുറകിലല്ല. പുതിയ ഇനം കാറുകള്‍ , മൊബയിലുകള്‍ , മറ്റു ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ , സിനിമാതാരങ്ങളുടെ സ്വകാര്യങ്ങള്‍ , പെണ്‍വാണിഭവാര്‍ത്തകള്‍ ... അല്‍പ്പം ജീവിതസൗകര്യങ്ങളൊക്കെ ആയിക്കഴിയുമ്പോള്‍ ഞങ്ങള്‍ ആണുങ്ങളുടെ സംഭാഷണങ്ങളിലും ഈ മെയില്‍ സന്ദേശങ്ങളിലും ഇതൊക്കെ മാത്രമെ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കാറുള്ളു. ഏതെങ്കിലും അശ്ലീലസന്ദേശത്തില്‍ ആര്‍ത്തവരക്തത്തെക്കുറിച്ചുള്ള പരമാര്‍ശം കാണുമ്പോഴായിരിയ്ക്കും ഒരു കാലത്ത്‌ ചുവപ്പു നിറം മാത്രമെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നിരുന്നുള്ളു എന്ന ചിന്ത തെല്ലുനേരമെങ്കിലും മനസ്സിനെ അലസോരപ്പെടുത്തുക.

ലാളിത്യം, സഹാനുഭൂതി, കാരുണ്യം ഈ വാക്കുകളുടെയൊക്കെ അര്‍ത്ഥം മറക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു എല്ലാവരും. മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാവുന്നില്ല എന്നു മാത്രമല്ല, അതിനുവേണ്ടി ഒന്നു ശ്രമിയ്ക്കാന്‍, ചുറ്റുപാടുകളെ ഒന്നു നിരീക്ഷിയ്ക്കാന്‍ പോലും തയ്യാറാകാത്തവിധം സ്വാര്‍ത്ഥരായി മാറിയിയ്ക്കുന്നു നമ്മള്‍ .. പ്രത്യേകിച്ചും വിദ്യാസമ്പന്നര്‍ .!

പൊള്ളിയ്ക്കുന്ന ഇത്തരം പരമാര്‍ത്ഥങ്ങള്‍ പലപ്പോഴും എച്ചുമുവിന്റെ വരികളിലൂടെ മിന്നലായി ഹൃദയത്തിലേയ്ക്കു പതിയ്ക്കുന്നു.. കുറ്റബോധം ഇടിമുഴക്കമായി ഹൃദയഭിത്തികളെ പ്രകമ്പനം കൊള്ളിയ്ക്കുന്നു.

കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരക്കന്മാരുടെ കഥകള്‍ മറ്റാരെങ്കിലും പറയട്ടെ,.. രംഗോബതി,. ഫൂല്‍മതി... അശരണരും നിരക്ഷരരുമായ ഉത്തരേന്ത്യന്‍ സ്ത്രീത്വത്തിന്റെ കഥകള്‍ .. ഇനിയും ഇത്തരംജീവിതയാഥാര്‍ത്ഥ്യങ്ങളുടേ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടണം.. തീര്‍ത്തും അരക്ഷിതാവസ്ഥയിലുള്ള ജീവിതം നയിയ്ക്കുമ്പോഴും നിഷ്കളങ്കമായ മനസ്സില്‍ സ്നേഹവും, നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം വിപ്ലവവീര്യവും കാത്തു സൂക്ഷിയ്ക്കുന്ന വലിയ വലിയ കാര്യങ്ങളുടെ തമ്പുരാട്ടിമാരുടെ ജീവിതം... "കഥയല്ലിതു ജീവിതവും" സീരിയലുകളും കണ്ട്‌ കണ്ണു മടുത്ത നമ്മുടെ വീട്ടമ്മമാര്‍ക്ക്‌ ഒരു പുതുമയാകും അത്‌. പുതിയതായി എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയും..

പുരുഷന്മാരോട്‌ താണും കേണും അപേക്ഷിച്ചും സംവരണനിയമം വഴി നേടിയെടുക്കേണ്ടതല്ല സ്ത്രീയുടെ അവകാശങ്ങളും സ്വാതന്ത്യവും. പടപൊരുതി ജയിച്ചു പിടിച്ചെടുക്കെണ്ടതാണ്‌. സത്യത്തില്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു മാറ്റം വരുത്താന്‍, സമാധനപരമായി പട നയിയ്ക്കാന്‍ സ്ത്രീകള്‍ക്കു മാത്രമെ കഴിയു.. ഒരു രൂപയ്ക്ക്‌ അരി നല്‍കി അതു പാകം ചെയ്തെടുക്കാന്‍ എണ്ണൂറ്റിയമ്പതു രൂപയുടെ പാചകവാതകം വാങ്ങിയ്ക്കാന്‍ പറഞ്ഞ്, പട്ടാപകല്‍ മനുഷരെ കഴുതകളാക്കി പരസ്യമായി കൊള്ളയടിച്ച്‌ കോര്‍പരേറ്റു തമ്പുരക്കന്മാരുടെ കീശ നിറച്ച്, അതില്‍ നിന്നുമുതിര്‍ന്നുവീഴുന്ന നാണയത്തുട്ടുക്കള്‍ നക്കിയെടുക്കാന്‍ ഒരുങ്ങി, നാവു നുണഞ്ഞ്‌ വാലാട്ടി നില്‍ക്കുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളുടെ ആസ്ഥാന മന്ദിരങ്ങളിലേയ്ക്ക്‌ ഭാരതത്തിലെ വീട്ടമ്മമാര്‍ ഒന്നിച്ചു മാര്‍ച്ചു ചെയ്യണം... തോക്കും ബോംബും ഒന്നും ആവശ്യമില്ല.. അടുക്കളയിലെ കറിക്കത്തി മാത്രം കരുതിയാല്‍ മതി കയ്യില്‍ .. ഭരണകേന്ദ്രത്തില്‍ തലപ്പാവും വെച്ച്‌ തലയും കുനിച്ച്‌ മൂങ്ങയ്ക്കു സമാനം മൗനം പാലിയ്ക്കുന്ന ആ മഹാനായ ഭരണത്തലവന്‍ പേടിച്ചു വിറയ്ക്കാന്‍ അതു തന്നെ ധാരാളം.. ആ സത്യം ഘടകകക്ഷികളൊക്കെ എന്നോ മനസ്സിലാക്കിക്കഴിഞ്ഞു...!

വെറുതെ ഒരു കമെന്റെഴുതിതുടങ്ങിയ ഞാന്‍ എന്തൊക്കെ എഴുതിക്കൂട്ടി അല്ലെ ! അറിയില്ലെനിയ്ക്ക്‌, ആറ്റിക്കുറുക്കി, കയ്യടക്കത്തോടെ എഴുതാന്‍ ഇനിയും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു..

അല്ലെങ്കില്‍ത്തന്നെ തരം കിട്ടിയാല്‍ തറയും തരികിടയും മസാലയുമൊക്കെ ചേര്‍ത്ത്‌ പോസ്റ്റൊരുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കൊല്ലേരിയ്ക്ക്‌ ഇതൊക്കെ പറയാന്‍ എന്തവകാശം .? ഓര്‍ത്തുനോക്കിയാല്‍ അതും ശരിയാണ്‌,.. ഇല്ല, ഇനി ഞാന്‍ ഒന്നും പറയുന്നില്ല..

എന്നാലും ഒന്നു ചോദിച്ചോട്ടെ എച്ചുമു..? പാട്ടോര്‍മ്മ.. ആശ.. ഫൂല്‍മതി.. ഇപ്പോഴിതാ എന്റെ കൂട്ടുകാരന്‍.. ധമാക്ക.. എങ്ങിനെ ഇങ്ങിനെ തുടര്‍ച്ചയായി നല്ലപോസ്റ്റുകള്‍ മാത്രം ഒരുക്കാന്‍ കഴിയുന്നു..? അറിയാം ഇതൊരു വരദാനമാണ്‌. അക്ഷരദേവതയുടെ വരദാനം.. ലോകം മുഴുവന്‍ പരന്നു കിടക്കുന്ന ഭൂമിമലയാളത്തിന്റെ ഏതു കോണില്‍നിന്നാണ്‌ എച്ചുമു പോസ്റ്റുകളൊരുക്കുന്നത്‌ എന്നറിയില്ലെനിയ്ക്ക്‌.. എന്നാലും ഒന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സമയം അനുസരിച്ച്‌ അര്‍ദ്ധരാത്രിയുടെ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തിയാണ്‌ എച്ചുമുവിന്റെ കുറെ നല്ല പോസ്റ്റുകള്‍ പിറന്നുവീണിട്ടുള്ളത്‌.. ഉറക്കമൊളിച്ചിരുന്നു പഠിയ്ക്കാനൊരുങ്ങുന്ന കുട്ടിയ്ക്ക്‌ അമ്മയെന്നപോലെ, സര്‍ഗ്ഗവേദനയാല്‍ ഉറക്കം നഷ്ടപ്പെട്ട്‌ വിങ്ങുന്ന മനസ്സിന്‌ സാന്ത്വനം പകരുന്ന തോഴിയെന്നപോലെ അക്ഷരദേവതയും ഒപ്പം കൂട്ടിരിയ്ക്കുന്നുണ്ടാവും അല്ലെ. അതുകൊണ്ടായിരിയ്ക്കാം എഴുത്തിന്‌ ഇത്രയും ചാരുത കൈവരുന്നത്‌.

വായ്‌പ്പാട്ടു പാടാനല്ല, പകരം കീബോഡില്‍ തംബുരു മീട്ടി മോണിട്ടറില്‍ വരമൊഴിയിലൂടെ അക്ഷരക്കച്ചേരി ഒരുക്കാനാണ്‌ എച്ചുമുവിന്റെ നിയോഗം... എഴുതു... ഏകാഗ്രതയോടെ എഴുതിക്കൊണ്ടേയിരിയ്ക്കു..

അമ്മീമ്മയോടു പറഞ്ഞ്‌ കടുകും മുളകും ഉഴിഞ്ഞിടീച്ചോളു, കണ്ണു തട്ടാതിരിയ്ക്കട്ടെ.. വാഗ്‌ദേവതയുടെ, ഗുരുകാരണവന്‍മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും കൂടെ..

ശുഭാശംസകള്‍ ..

കൊല്ലേരി തറവാടി
18/07/2011


എച്മുവിന്റെ പോസ്റ്റുകൾ ഇവിടെ വായിക്കാം..

25 comments:

 1. എച്മുവെ പറ്റി പറയുന്നതൊന്നും അതിശയോക്തിയല്ലാത്തതിനാല്‍ കൂടൂതല്‍ എന്ത് പറയാന്‍. അപാരമായ റൈറ്റിങ് സ്കില്‍ ഉള്ള, ബൂലോകത്ത് നിന്നും തീര്‍ച്ചയായും വരുംനാളുകളില്‍ പുറം‌ലോകമറിയാന്‍ സാദ്ധ്യതയുള്ള അല്ല പുറം‌ലോകത്ത് അറിയപ്പെടേണ്ട എഴുത്തുകാരി തന്നെ എച്മു.. അത്രയേറെ തീവ്രതയുണ്ട് ആ കഥകള്‍ക്ക്.. ആ പ്രമേയങ്ങള്‍ക്ക്.. ഈ പോസ്റ്റ് ഒരിക്കലും അധികപറ്റാവില്ല കൊല്ലേരി...

  ReplyDelete
 2. കമന്റ്‌ തന്നെ പോസ്റ്റ്‌ ആക്കി കളഞ്ഞല്ലോ..ഇപ്പോൾ പലതും അങ്ങനെയാണ്‌..പോസ്റ്റുകൾ കമന്റുകളാവുന്നു! കമന്റുകൾ പോസ്റ്റുകളാവുന്നു!
  ഒരു കാര്യം:
  എച്ച്മുകുട്ടിയുടെ ബ്ലോഗ്‌ പോസ്റ്റിലേക്ക്‌ ഒരു ലിങ്ക്‌ കൊടുക്കാമായിരുന്നു.
  പുതിയ ബ്ലോഗർമാർ ഒരുപാടുണ്ട്‌. അവർക്ക്‌ അതൊരു സഹായമാവും.
  കുറേ നാൾ കഴിഞ്ഞ്‌ ഈ പോസ്റ്റ്‌ വായിക്കുന്നവരുണ്ടാവും. അവർ ഇതേത്‌ പോസ്റ്റിനേക്കുറിച്ചാണ്‌ പറയുന്നത്‌ എന്നറിയാതെ പോകും..

  ReplyDelete
 3. എച്ചുമുവിനെപ്പറ്റി എഴുതിയതൊന്നും
  മുഖ സ്തുതി അല്ലാത്തതിനാല്‍ നീണ്ട
  കമന്റുകള്‍ പോസ്റ്റ്‌ ആക്കിയ കൊല്ലെരിയോടു
  ക്ഷമിച്ചിരിക്കുന്നു ..


  എച്മു ഈ ചെറിയ കുളത്തില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ഇവിടുത്തെ മറ്റ് തവളകള്‍കൊക്കെ സന്തോഷിക്കാം .

  ഒരു കാലത്ത് നാം ഒക്കെ ഒന്നിച്ചു ഒരേ കുളത്തില്‍ നീന്തി ഇരുന്നു എന്ന് ..നീന്തല്‍ അറിയില്ലെങ്കിലും ..!!!

  മനസ്സില്‍ ഉള്ളത് ഉറക്കെ പറയാന്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആഗ്രഹം കൊല്ലേരി നിറവേറ്റി തന്നു ഈ പോസ്റ്റിലൂടെ ..നന്ദി സുഹൃത്തേ ..

  Sabu's suggestion is right....

  ReplyDelete
 4. http://echmuvoduulakam.blogspot.com/
  എച്മുവിന്റെ ലിങ്ക് ബ്ലോഗിന്റെ ഒരു വശത്ത് തന്നെയുണ്ടല്ലൊ,,,
  തീവ്രമായ ഭാവന ഉയരുന്ന എച്മുവിന്റെ ബ്ലോഗ് വായിച്ചാൽ അതിന്റെ ആന്തരാർത്ഥങ്ങൾ മനസ്സിലാക്കി വളരെനേരം ചിന്തിച്ചിരിക്കാറുണ്ട്.
  കൊല്ലേരിയുടെ വെളിപാട് നന്നായി.

  ReplyDelete
 5. കൊല്ലേരിയുടെ വെളിപാടുകള്‍ തുടങ്ങിയ സമയത്ത് വെറും തമാശയായാണ് തോന്നിയത്. എന്നാല്‍ ഇപ്പോള്‍ കാര്യത്തിലേക്ക് കടന്നിരിക്കുന്നു.എച്ചുമുവിന്റെ ബ്ലോഗിനെപ്പറ്റി പറഞ്ഞു തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ വെളി പാടുകളിലുണ്ട്.ഒരു ബ്ലോഗര്‍ക്കിത്രയും പറയാന്‍ കഴിഞ്ഞാല്‍ അത്രയുമായി. പലപ്പോഴും ചില ബ്ലോഗുകള്‍ വായിച്ചു പലരും സ്മൈലികള്‍ ഇട്ടു പോവുന്നതു കാണുമ്പോള്‍ എനിക്കമര്‍ഷം തോന്നാറുണ്ട്,ഇവരൊക്കെ എന്തിനീ കമന്റ്റു കോളം വൃത്തി കേടാക്കുന്നുവെന്ന്?. എന്തെങ്കിലും രണ്ട് വാക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എടുത്തു കൂടെ? ഇവിടെയിതാ ഒരാള്‍ കമന്റ് തന്നെ ഒരു പോസ്റ്റാക്കി ഒരു തുടക്കം കുറിച്ചിരിക്കുന്നു.നന്നായിട്ടുണ്ട് കൊല്ലേരി.എച്ചുമുവിനെപ്പറ്റി പറഞ്ഞതൊന്നും അധികമല്ല. സാധാരണ നമ്മുടെ ബൂലോകത്ത് പെണ്ണെഴുത്തിനെ[അങ്ങിനെ പറയുന്നത് തന്നെ തെറ്റാണ്] പുകഴ്ത്തുന്നവരെ വിമര്‍ശിക്കാന്‍ ആളുകള്‍ കുറെയുണ്ട്,അതൊക്കെ കണ്ടില്ലെന്നു നടിക്കാം.കൊല്ലേരിക്കും എച്ചുമുവിനും ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 6. തീർച്ചയായും ബ്ലോഗർമാരായ നമുക്ക് അഭിമാനിക്കാവുന്നവയാണ് അവരുടെ കഥകൾ. ഈ പോസ്റ്റിന് നന്ദി.

  ReplyDelete
 7. കൂടുതല്‍ എന്ത് പറയാന്‍.മനുഷ്യമനസ്സിനെ
  പിടിച്ചിരുത്താന്‍ കഴിവുള്ള ആ എഴുത്തുകാരിക്ക്
  എല്ലാ വിധ ആശംസകളും നേരുന്നു.ഇനിയും ഇനിയും
  നല്ലകഥകള്‍ ജെനിപ്പിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
  എനിക്കും ഒരു അഭിപ്രായം ഉണ്ട്.ഈ പോസ്റ്റില്‍ എച്ചുവിന്റെ ഒരു ലിങ്ക് ഇതില്‍ ഇടായിരുന്നു

  ReplyDelete
 8. രണ്ടുദിവസം മുന്‍പ് എച്ചുമുച്ചേചീടെ കഥകളെകുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞതേയുള്ളൂ. നന്നായി ഈ എഴുത്ത്.
  മറ്റൊരു ബ്ലോഗരെക്കുറിച്ചു നല്ലത് പറയാന്‍ തോന്നിയ കൊല്ലേരിയെ
  കൊല്ലാതെ വിടുന്നു.

  ReplyDelete
 9. http://echmuvoduulakam.blogspot.com/2011/07/blog-post.html  കൊല്ലേരി ....പറഞ്ഞതത്രയും നൂറുശതമാനം ശരി....
  അഭിനന്ദനങ്ങള്‍

  ReplyDelete
 10. പ്രിയനേ,

  നല്ല പരിചയപ്പെടുത്തല്‍. കൊല്ലേരിയുടെ നല്ല ഭാഷയും. ഗുഡ്, ഗഡി!
  ഓടോ:

  “ഇച്ചിരിപ്പൊട്ടുവട്ടത്തിലുള്ള ലോകപരിചയമെ ഉണ്ടാകു.നാമമാത്രമായ അനുഭവസമ്പത്തും ശുഷ്ക്കമായ ഭാവനയും മാത്രമായിരിയ്ക്കുംകൈമുതല്‍.കാലം തെറ്റി പെയ്യുന്ന മഴപോലെ അക്ഷരത്തുള്ളികള്‍ക്ക്‌ കരുത്തു കുറവായിരിയ്ക്കും,ദൈര്‍ഘ്യവും..ആദ്യ വായനയില്‍ തന്നെ കുളിര്‌ നഷ്ടപ്പെടും..“

  ഇത് എന്നെ ഉദ്ദേശിച്ച് പറഞ്ഞതാണ്. എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്‌. :)

  ReplyDelete
 11. നല്ല പോസ്റ്റ്.ഒന്നില്‍തുടങ്ങി ഒരുപാടുകാര്യത്തില്‍ എത്തിയല്ലോ.
  അക്ഷര ദേവത അനുഗ്രഹിച്ചവരെ വായിക്കാന്‍ കഴിയുക അറിയാന്‍ കഴിയുക അതിലൊക്കെയുപരി ആ കുളത്തിലേ ഒരു വാലുമാക്രിയായി ഞാനും ഒന്നിച്ചു നീന്തിയിരുന്നു എന്നു അഭിമനിക്കാന്‍ കഴിയുക..ഭാഗ്യം ആണേ എനിക്കും.
  എച്ചുമുവുക്കും കൊല്ലേരിക്കും ആശംസകള്‍.

  ReplyDelete
 12. നല്ല വിലയിരുത്തല്‍. എച്മു ഇതിലധികവും അര്‍ഹിക്കുന്നു. കൊല്ലേരിക്ക് ആശംസകള്‍

  ReplyDelete
 13. കൊല്ലേരിയുടെ മഹത്തായ തിരിച്ചുവരവ്... സോറിക്കുറിപ്പിൽ പറഞ്ഞത് പോലെ വളരെ നല്ല ഒരു പോസ്റ്റുമായി ...

  എച്ചുമുവിന് ആശംസകൾ ... ഒപ്പം ഇത്രയും നല്ല ഒരു പോസ്റ്റ് സമ്മാനിച്ച കൊല്ലേരിക്കും...

  ReplyDelete
 14. ആ രണ്ടാമത്തെ ഖണ്ഡികയില്‍ പറഞ്ഞത് എനിക്ക് നൂറുശതമാനം ബാധകമാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. ഒരു വര്‍ഷം മുമ്പ് എച്മുവിന്റേയോ റാംജിയുടേയോ ഒരു പോസ്റ്റെങ്കിലും വായിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും "ബൂലോകത്ത്" വരുമായിരുന്നില്ല.

  എച്മുവിനേപ്പറ്റി എന്തുപറയാന്‍! നോവു സഹിക്കാന്‍ പറ്റാഞ്ഞതുകൊണ്ട് പലപ്പോഴും അവരുടെ പോസ്റ്റൂകള്‍ വായിക്കാതെ വിട്ടിട്ടുണ്ടെന്നു മാത്രം പറയട്ടെ.

  ReplyDelete
 15. ബ്ലോഗ് ലോകം മലയാളത്തിന്‌ സമ്മാനിച്ച ഏറ്റവും നല്ല എഴുത്തുകാരില്‍ ഒരാളാണ്‌ എന്റെ എച്മുചേച്ചി. ചേച്ചിക്കും കൊല്ലേരിക്കും നന്മ നേരുന്നു.

  ReplyDelete
 16. ഒരു കമന്റില്‍ തുടങ്ങിയ വിവരങ്ങള്‍ ഒരു നല്ല പോസ്ടാക്കിയത് എന്തുകൊണ്ടും ഉചിതമായി. നമുക്കൊക്കെ അഭിമാനിക്കാവുന്ന ഒരു എഴുത്തുകാരി നമുക്കൊപ്പം ഉണ്ടായിരുന്നു എന്ന് നമുക്ക്‌ പറയാം. ഞാന്‍ അറിഞ്ഞിടത്തോളം മാധ്യമം ആഴ്ചപ്പതിപ്പില്‍ ഇപ്പോള്‍ സ്ഥിരമായി എഴുതുന്നു എന്നാണ്. മാറ്റ് പല ആനുകാലികങ്ങളിലും. ശക്തമായ അവതരണവും; കെട്ടുറപ്പുള്ള, സാമൂഹ്യ അനീതിക്ക്‌ നേരെയുള്ള ചാട്ടുളികളും പ്രമേയമാകുമ്പോള്‍ ആര്‍ക്കും അതിനെ ശ്രദ്ധിക്കാതെ മുഖം വെട്ടിച്ച് കടന്നു പോകാന്‍ കഴിയില്ല.
  കൊല്ലേരി പറഞ്ഞത്‌ പോലെ വരിയുടച്ചു വിടുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഷണ്ഠന്മാരാക്കപ്പെടുന്ന സമൂഹത്തെയും തിരിച്ചറിയാന്‍ എഴുത്തുകള്‍ന്കിലും കഴിയട്ടെ.
  കൊല്ലേരി സൂചിപ്പിച്ചത്‌ പോലെ എഴുതുന്ന സമയത്തെക്കുറിച്ച് ഞാനും സങ്കല്പിച്ചിട്ടുണ്ട്. പോസ്റ്റിന്റെ അവസാനം കൊല്ലേരി കണ്ടെത്തിയ അതെ സമയമാണ് എനിക്കും കാണാന്‍ കഴിഞ്ഞിട്ടുള്ളത്.
  വളരെ നന്നായി.

  ReplyDelete
 17. നല്ലത് കണ്ടെത്താനും അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ 
  പെടുത്താനുമുള്ള കൊല്ലേരിയുടെ ശ്രമത്തിനെ അഭിനന്ദിക്കുന്നു. എച്ച്‌മുകുട്ടിയുടെ എഴുത്തിലെ വ്യത്യസ്തത വായിച്ച് അറിഞ്ഞിട്ടുണ്ട്. അവര്‍ക്കും ആശംസകള്‍.

  ReplyDelete
 18. എച്ചുമു നമ്മുടെ കൂടെ നമ്മില്‍ ഒരാളായി ഉള്ളത് നമ്മുടെ ഭാഗ്യം. ബൂലോകത്ത് എച്ചുമുവിനു പകരം ആരും ഇല്ല.
  അവരുടെ രചനകളെ കാലം ഏറ്റെടുക്കും എന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.
  എഴുതുവാന്‍ വേണ്ടിയല്ല എച്ചുമു എഴുതുന്നത്‌. എഴുതാതെ വയ്യ എന്ന തോന്നലില്‍ ആണ് എച്ചുമു എഴുതുന്നത്‌. അത് ജീവിതമെഴുത്താണ്. എച്ചുമു എഴുതുമ്പോള്‍ എഴുത്ത് പോരാട്ടമാകുന്നു. അക്ഷരങ്ങള്‍ മുനയുള്ള ആയുധമാകുന്നു.
  പക്ഷേ മറ്റു രചനകളെ വിലയിരുത്തി എഴുതുമ്പോള്‍ എച്ചുമു മറ്റേതൊരു ബ്ലോഗറേയും പോലെ ആകുന്നു എന്നൊരു പരാതിയും എനിക്കുണ്ട്.

  ReplyDelete
 19. എച്ചുമുവിനെ വായിക്കാറുണ്ട്. ഇഷ്ട്ടപ്പെടാറുണ്ട്.

  ReplyDelete
 20. അക്ഷരദേവതയുടെ വരദാനം..

  ReplyDelete
 21. How to know more about this Echmu? If she is so good, isn't it high time that the wider literary world beyond the blog world....

  ReplyDelete
 22. “വായ്‌പ്പാട്ടു പാടാനല്ല, പകരം കീബോഡില്‍ തംബുരു മീട്ടി മോണിട്ടറില്‍ വരമൊഴിയിലൂടെ അക്ഷരക്കച്ചേരി ഒരുക്കാനാണ്‌ എച്ചുമുവിന്റെ നിയോഗം... എഴുതു... ഏകാഗ്രതയോടെ എഴുതിക്കൊണ്ടേയിരിയ്ക്കു..

  അമ്മീമ്മയോടു പറഞ്ഞ്‌ കടുകും മുളകും ഉഴിഞ്ഞിടീച്ചോളു, കണ്ണു തട്ടാതിരിയ്ക്കട്ടെ.. വാഗ്‌ദേവതയുടെ, ഗുരുകാരണവന്‍മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും കൂടെ.“

  ഞാനും ഇതിനെ പിന്താങ്ങുന്നൂ...

  ReplyDelete
 23. തിരിച്ചൊരു മറുപടിയും കിട്ടില്ലെന്നറിഞ്ഞിട്ടും എന്റെ കമന്റ്‌ ബോക്സിലെത്തി നല്ല വാക്കുകള്‍ പറയാന്‍ സൗമനസ്യം കാണിയ്ക്കുന്ന കുറച്ചുപേരുണ്ട്‌ ഈ ബൂലോകത്തില്‍ അവരില്‍ വെക്കേഷന്‍ പോയ ജാസ്മിക്കുട്ടിയൊഴികെമറ്റെല്ലാവരുമെത്തി......കൂടാതെ ബൂലോകത്തെ അതിപ്രശസ്തരായ മഹാരഥന്മാരില്‍ ചിലരും........പ്രശസ്തിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ലാത്ത പിന്നെയും കുറെ പേര്‍.. എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായിരുന്നു ഇത്തവണ എന്റെ കമന്റ്‌ ബോക്സ്‌..എല്ലാവര്‍ക്കും സ്വാഗതം, ഒപ്പം നന്ദിയും..

  ഒരു പാടു പേര്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിയ്ക്കാനും അങ്ങിനെ കുറെ നല്ല കമന്റ്‌സുകള്‍ക്കും നിദാനമായതിന്‌ എച്ചുമുവിനും നന്ദി...ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും,..പഴമൊഴിയില്‍ പതിരില്ല...എത്ര അര്‍ത്ഥവത്താണ്‌ ആ പഴമൊഴിയും അല്ലെ.!

  “എങ്കളക്കും ഒരു കാലം വരും..അന്നു എങ്കളെയും ഒരുപാടു പേര്‍ വായിയ്ക്കും..ഇതുപോലെ വാഴ്‌ത്തും “എന്നൊക്കെ ആത്മവിശ്വാസത്തോടെ വിളിച്ചു പറയാന്‍ ഒരു കോപ്പും കയ്യിലില്ല എന്ന തിരച്ചറിവു നല്‍കുന്ന വിനയത്തോടെ അടുത്ത പോസ്റ്റിനു തുടക്കം കുറിയ്ക്കട്ടെ ഞാന്‍,...തിരക്കാണിവിടെ, ഗള്‍ഫ്‌ മേഖലയിലെ ഓഫീസുകളില്‍ മധ്യവേനലവധിക്കാലത്തെ പതിവു തിരക്ക്‌. ജോലിഭാരം നല്‍കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും നിത്യവും വരമൊഴിയില്‍ എന്തെങ്കിലും നാലുവരികുറിയ്ക്കാതെ വയ്യ എന്നായിരിയ്ക്കുന്നു...ഈ ഒരു സാഹചര്യത്തില്‍ നല്ലതൊന്നും തോന്നില്ല,........എളുപ്പം എഴുതാവുന്ന തറയും തരികിടയും മാത്രമെ മനസ്സില്‍ കടന്നു വരു..

  ReplyDelete
 24. ഈ പോസ്റ്റ് എനിയ്ക്ക് തന്ന ഉത്തരവാദിത്തം വളരെ വലുതാണെന്ന് അറിയുമ്പോഴും കേൾക്കാൻ കഴിഞ്ഞ നല്ല വാക്കുകളെ ഹൃദയത്തോട് ചേർത്ത് വെച്ച് സന്തോഷിയ്ക്കുന്നുണ്ട്, ഞാൻ. അതിനു കാരണമായ സുഹൃത്തിനോട് നന്ദി പറയുന്നത് വളരെ ഔപചാരികമായിപ്പോകുമോ എന്ന പേടിയുമുണ്ട്.

  വെറും സാധാരണ ബുദ്ധിയും ഒരു ചെറിയ ജീവിതവും ആ ജീവിതം എഴുതിത്തന്ന കുറച്ചു അനുഭവങ്ങളും മാത്രമാണ് എന്റെ മൂലധനമെന്നിരിയ്ക്കേ, കിട്ടിയ അഭിനന്ദനങ്ങളുടെ മുന്നിൽ വിനയപൂർവം തല കുനിച്ചുകൊണ്ട്....എല്ലാവരോടും നമസ്ക്കാരം പറഞ്ഞുകൊണ്ട്...

  ReplyDelete
 25. കണ്ടോ കണ്ടോ..എന്‍റെ എച്ച്മൂന്റെ വിനയം കണ്ടോ കൊല്ലേരീ.
  നല്ല പോസ്റ്റ്‌.. നല്ല അഭിപ്രായങ്ങള്‍.എച്ച്മുകുട്ടി-കൊല്ലേരി നമസ്തെതൂ..:)

  ReplyDelete