Saturday, June 25, 2011

രതിനിര്‍വേദം...

ലാപ്‌ടോപ്‌ തന്റെ സന്തതസഹചാരിയായി മാറിയിരിയിക്കുന്നു. ഗള്‍ഫില്‍ വെച്ച്‌ വരമൊഴിയില്‍ ബ്ലോഗെഴുത്തു തുടങ്ങിയ സമയത്ത്‌ കിട്ടിയതാണ്‌ ഈ ശീലം. എവിടെ വെച്ച്‌ എപ്പോഴാ ഭാവന ഉണരുക എന്നറിയില്ലല്ലോ. വന്ന്‌ വന്ന്‌ നാട്ടുകാരുടെ ഇടയില്‍ ലാപ്‌ടോപ്‌ മേനോന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി താന്‍.

മഴയൊഴിഞ്ഞ സന്ധ്യയില്‍ വായനശാലാമുക്കിലേയ്ക്കു നടക്കുമ്പോള്‍ മടുപ്പായിരുന്നു സതീഷ്‌ മേനോന്റെ മനസ്സില്‍ .

ആറുമാസമെ ആയുള്ളു കഫീലുമായിപിണങ്ങി വിസയും ക്യാന്‍സലാക്കി പോന്നിട്ട്‌. വാശിയ്ക്കു ചെയ്തതാണ്‌. കുഴപ്പമൊന്നുമില്ല.. ആവശ്യത്തില്‍ കൂടുതല്‍ പറമ്പും പാടവുമുണ്ട്‌ നോക്കിനടത്താന്‍, പിന്നെ ഒരറ്റ മോനല്ലേയുള്ളു ബാംഗ്ലൂരില്‍ എം ബി ഏ പഠിയ്ക്കുന്ന അവന്‍ സ്വന്തമായി തൊഴില്‍ കണ്ടെത്തിക്കൊള്ളും. തൊഴില്‍ മാത്രമല്ല ജീവിത സഖിയേയും. അങ്ങിനെയാണ്‌ അവനെ ഞങ്ങള്‍ വളര്‍ത്തിയത്‌. ഈ കാലഘട്ടത്തിനു യോജിച്ച വിധത്തില്‍ , പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. മേനോനും നായരൊന്നുമാവണമെന്നില്ല മലയാളിയെങ്കിലും ആയാല്‍ മതിയായിരുന്നു അവസാനം അവന്‍ കൊണ്ടു വരാന്‍ പോകുന്ന പെണ്ണ്‌..!

എന്തൊക്കെ പറഞ്ഞാലും വേണ്ടായിരുന്നു.. കുറച്ചുകാലം കൂടി അവിടെ നില്‍ക്കാമായിരുന്നു. ഇതിപ്പോ കൃഷി ഗൃഹഭരണം എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ . ശീലമില്ലാത്തുകൊണ്ടാകാം തുടക്കത്തില്‍ത്തന്നെ മടുക്കാന്‍ തുടങ്ങിയത്‌. അവിടെ ആയിരുന്നപ്പോള്‍ എന്തു സുഖമായിരുന്നു. ചക്കരെ, മുത്തെ എന്നൊക്കെ പറഞ്ഞ്‌ സൗമിനിയെ സുഖിപ്പിയ്ക്കുന്ന ഒന്നോ രണ്ടോ ഫോണ്‍കോളുകളില്‍ ഒതുങ്ങുമായിരുന്നു ഗൃഹഭരണം. പിന്നെ അല്ലലും അലട്ടുമില്ലാത്ത ജോലി.. അതിനിടയില്‍ ഓഫീസില്‍ത്തന്നെ അത്യാവശ്യം ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളും ചാറ്റിങ്ങും. ഒപ്പം ബ്ലോഗെഴുത്തും.. ഒരുപാടു വായനക്കാരൊന്നുമില്ലായിരുന്നെങ്കിലും ഉള്ളവര്‍ സ്ട്രോങ്ങ്‌ ഫോളോവേര്‍സ്‌ ആയിരുന്നു.. കൂട്ടത്തില്‍ ഒന്നു രണ്ടു ആരാധികമാരും. അവരുടെ മെയിലുകള്‍ .. പഞ്ചാരകലര്‍ത്തിയുള്ള മറുമൊഴികള്‍ , അവര്‍ക്കാര്‍ക്കുമറിയില്ലല്ലൊ തന്റെ യഥാര്‍ത്ഥ ഊരും പേരും പ്രായവുമൊന്നും.. ഡബിള്‍ ഏം.എ., കുഞ്ഞുനാളിലെ സാഹിത്യ നിപുണന്‍, വിദ്യാഭ്യാസകാലത്തെ പുരസ്കാരങ്ങള്‍ . ഒറ്റ നോട്ടത്തില്‍ ഒരു യൂണിവേര്‍സിറ്റി ചാന്‍സലര്‍ക്ക്‌ വേണ്ട എല്ലാ യോഗ്യതയും.! അങ്ങിനെ ഇനി പ്രൊഫയിലില്‍ എഴുതി പിടപ്പിയ്ക്കാന്‍ എന്താണ്‌ ബാക്കിയുണ്ടായിരുന്നത്‌..! ഒപ്പം പണ്ടു കല്യാണാലോചനാസമയത്ത്‌ പെണ്ണു വീട്ടുകാരെ കാണിയ്ക്കാനായി ഗള്‍ഫില്‍ വെച്ചെടുത്ത ഫോട്ടോയും... പിന്നെ എന്തു വേണം.!

കൊച്ചുപുസ്തകങ്ങളല്ലാതെ മറ്റൊന്നും വായിച്ച്‌ ശീലമില്ല ചെറുപ്പം മുതലെ, അതിന്റെ ഗുണം എന്തെങ്കിലും എഴുതുമ്പോള്‍ കാണുന്നുണ്ട്‌.. കാമ്പും കഴമ്പുമുള്ള ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ.. എന്നിട്ടും ആരാധികമാര്‍ . ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ ചിരി വിടരുന്നു.. ഒരു കാലമായിരുന്നു അത്‌.. കാമ്പസ്‌കാലം പോലെ മനോഹരമായിരുന്നു. മരുഭൂമിയിലെ "ബൂലോകവാസവും"

എല്ലാംക്കൊണ്ടും രാജയോഗമായിരുന്നു. ഇനി ഇവിടെ എന്തെങ്കിലും ചെയ്യണം..! വേനല്‍ കഴിയട്ടെ എന്നു കരുതി ആദ്യം.. വേനല്‍ കഴിഞ്ഞു. വര്‍ഷക്കാലമായി.. വര്‍ഷക്കാലത്ത്‌ എന്തു ചെയ്യാന്‍.? കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വര്‍ഷവും തീരും, വീണ്ടും വേനലാവും..!

അല്ലെങ്കില്‍ത്തന്നെ ഈ അമ്പതിനോടടുക്കുന്ന പ്രായത്തിലിനി എന്തു ചെയ്യാനാ.! കോരിചൊരിയുന്ന തിരുവാതിര ഞാറ്റുവേലയിലെ ഈ തണുപ്പില്‍ നട്ടുച്ചയ്ക്ക്‌ സൗമിനിയെ കെട്ടിപ്പിടിച്ചു കിടന്നു വല്ലതും ചെയ്യാമെന്നു കരുതിയാല്‍ അതിനുള്ള ആവേശംപോലും വല്ലാതെ കുറഞ്ഞുപോയി. എന്തിന്‌ ബ്ലോഗില്‍ പേരിനെങ്കിലും ഒരുപോസ്റ്റിട്ടിട്ട്‌ മാസം മൂന്നായി..!

കൊളസ്ട്രോള്‍ , ബീപി.. ഒപ്പം ഈ കുടവയറും; ഗള്‍ഫിന്റെ ഓര്‍മ്മയ്ക്കായി കിട്ടിയ സമ്മാനങ്ങള്‍ ... ഒരു കാലത്ത്‌ എന്തു നല്ല ബോഡിയായായിരുന്നു തന്റെ. മധുവിധു രാവുകളിലെ ആനന്ദനിമിഷങ്ങളില്‍ എത്രയെത്ര വര്‍ണ്ണിച്ചാലും മതിവരാറുണ്ടായിരുന്നില്ല സൗമിനിയ്ക്ക്‌. അതെ അവള്‍തന്നെ ഇപ്പോള്‍ !

ആകെ ഒരു മരവിപ്പ്‌.. അലസത.... മാന്ദ്യം.. അങ്ങിനെ എല്ലാംകൊണ്ടും ദിക്കു മുട്ടിയപ്പോള്‍ കാരണം തേടി മരത്താക്കരയിലുള്ള ജോല്‍സ്യന്‍ പ്രദീപ്‌ പണിയ്ക്കരെ പോയി കണ്ടപ്പോളല്ലെ മനസ്സിലായത്‌ ഏഴരശ്ശനി തുടങ്ങിയിരിയ്ക്കുന്നു.! വിനാശകാലെ വിപരീത ബുദ്ധി.. എന്തു പറഞ്ഞിട്ടെന്താ പോയ വിസ ഇനി തിരിച്ചു കിട്ടില്ലല്ലോ .

ആകെയുള്ള ആശ്വാസം വൈകുന്നേരത്തെ രണ്ടു പെഗ്ഗും, ഈ ലാപ്‌ടോപും അതിനകത്തെ നെറ്റും, പിന്നെ സന്ധ്യാനേരത്തെ ചന്തമുക്കിലെ വായനശാലയിലെ സൗഹൃദസദസുമാണ്‌.. അറുപതു പിന്നിട്ടിട്ടും ഡൈയും വാരിപൂശി യുവാവിന്റെ പരിവേഷവുമായി നടക്കുന്ന രാമേട്ടന്‍ മുതല്‍ പ്ലസ് ടു പയ്യന്‍ റിജു വരെ, അങ്ങിനെ വിവിധ പ്രായത്തില്‍ അഞ്ചാറു പേര്‍ എപ്പോഴും കാണും അവിടെ.. എന്നും എന്തെങ്കിലും പുതിയ വിഷയങ്ങളുമുണ്ടാകും... രാഷ്ട്രീയം, സിനിമ, സ്പോര്‍ട്‌സ്‌... അങ്ങിനിയങ്ങിനെ. കുറച്ചു ദിവസം മുമ്പു വരെ നിയമസഭ തെരെഞ്ഞെടുപ്പും ക്രിക്കറ്റും മറ്റുമായിരുന്നു വിഷയങ്ങള്‍ .. ഇപ്പോള്‍ എല്ലാം തീര്‍ന്ന്‌ സ്വായശ്രായമൊക്കെ മടുത്ത്‌ മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ലതെ വെസ്റ്റ്‌ ഇന്‍ഡീസുമായുള്ള ടെസ്റ്റും, വിമ്പിള്‍ഡണുമൊക്കെ കാത്തിരിയ്ക്കുന്ന തണുപ്പിന്റെ ഇടവേളയിലേയ്ക്ക്‌ ചുടു കപ്പലണ്ടി പൊതിയെന്ന പോലെ രതിചേച്ചിയുടെ കടന്നുവരവ്‌. ഒപ്പം ആ വേഷം ചെയ്തനടി കോതാ മേനോന്റെ കല്യാണവും കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു.

ഇപ്പോള്‍ നാലു മലയാളി കൂടുന്നിടത്തൊക്കെ ഇതു മാത്രമല്ലെ സംസാരവിഷയം.. സ്വാഭാവികമായും ഞങ്ങളുടെ സദസ്സിലും.. പതിവിലും ആളുണ്ടായിരുന്നു വായനശാലയില്‍ അന്ന്‌.. ഇലക്ഷന്‍ നാളുകളിലെ ഇടതു പക്ഷവും വലതു പക്ഷവും പോലെ ചേരി തിരിഞ്ഞു തര്‍ക്കിക്കുകയാണ്‌ യുവജനങ്ങളും മദ്ധ്യവസ്ക്കരും... വിഷയം അതു തന്നെ രതി ചേച്ചി.. പഴയ രതിചേച്ചിയുടെ പൊക്കിളിനാണോ, പുതിയ രതിചേച്ചിയുടെ പൊക്കിളിനാണൊ ചന്തവും ആഴവും കൂടുതല്‍ .. പതിവുപോലെ പഴമയും പുതുമയും തമ്മിലുള്ള വടംവലി.. തലമുറകളുടെ അന്തരം.!

"ഇവളൂടെതിന്‌ ഇത്തിരി വെളുപ്പു കൂടും അല്ലാതെന്താ.. ഷെയിപ്പെന്നു പറഞ്ഞാല്‍ അതവളുടേതു തന്നെയായിരുന്നു. പൊക്കിളു മാത്രമല്ല വയറും."  തൈക്കിളവന്മാര്‍ പഴയ ഭാരതി ചേച്ചിയുടെ രൂപഭാവങ്ങള്‍ മനസ്സില്‍ ആവാഹിച്ച്‌ പ്രായവും ആരോഗ്യവും മറന്നു ചേച്ചിയ്ക്കു വേണ്ടി പൊരുതുന്നു.

ഒരു പക്ഷവും ചേര്‍ന്നില്ല, കൗതുകത്തോടെ നിശ്ശബ്ദം എല്ലാം കേട്ടിരുന്നു.. ഒരഭിപ്രായവും പറയാന്‍ പോയില്ല. അണ്ണാഹസാരയോ, സ്മാര്‍ട്‌ സിറ്റിയോ അല്ല, ഇതു വെറുമൊരു ഇക്കിളി, പൈങ്കിളി വിഷയമാണ്‌.. ഇടയില്‍ കയറി എന്തെങ്കിലും പറഞ്ഞ്‌ അവരുടെ ഇടയില്‍ ഉണ്ടാക്കിയെടുത്ത ബുദ്ധിജീവി ഇമ്മേജ്‌ കളയാതിരിയ്ക്കുന്നതല്ലെ ബുദ്ധി..

സതീഷ്‌ മേനോന്റെ മനസ്സ്‌ ഒരുപാടു വര്‍ഷങ്ങള്‍ക്കപ്പുറം പഴയ രതിചേച്ചിയുടെ പുറകെ സഞ്ചരിയ്ക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍ . ഒരു വിഷുക്കണിയായാണ്‌ രതിചേച്ചി തിയറ്ററുകളിലെത്തിയത്‌. പത്താംക്ലാസു പരീക്ഷ എഴുതി റിസള്‍റ്റും കാത്തിരിയ്ക്കുന്ന കാലം. ഒരു സന്ധ്യക്ക്‌ അമ്മൂമ്മയ്ക്ക്‌ കുഴമ്പു വാങ്ങാനായി പുതുക്കാട്‌ അങ്ങാടിയിലേയ്ക്ക്‌ പോയപ്പോള്‍ വഴിയരികില്‍ കണ്ട കാഴ്ചകള്‍ ! കണ്ണു തള്ളിപോയി.. ചുമരുകളായ ചുമരുകളിലെല്ലാം നീണ്ടുനിവര്‍ന്നു കിടക്കുന്ന രതിചേച്ചിയുടെ വിടര്‍ന്ന കാലുകള്‍ , പൊക്കിള്‍ചുഴി, പിന്നെ അരഞ്ഞാണവും. ഒരു കൗമാരക്കാരന്റെ മനസ്സിന്റെ സമനിലതെറ്റാന്‍ മറ്റെന്തു വേണം! അച്ഛന്റെ പുതിയ സൈക്കിളിലായിരുന്നു യാത്ര.. എന്‍ എച്ച്‌ 47 പണി നടക്കുന്ന സമയവും ഒപ്പം സന്ധ്യാനേരത്തെ റോഡിലെ തിരക്കും.... അമ്മയുടെ പ്രാര്‍ത്ഥന, പരദേവതകളുടെ അനുഗ്രഹം.. സഡന്‍ ബ്രൈയ്ക്കിട്ടു നിര്‍ത്തിയ ഒരു വെളുത്ത അംബാസിഡര്‍ ടാക്സിയുടെ തൊട്ടു മുമ്പില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ താനും തന്റെ സൈക്കിളും. ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ...


"മൊട്ടേന്നു വിരിഞ്ഞില്ല.. അപ്പൊളേയ്ക്കും അവന്റെ ഒരു......!!! ചാവാണ്ട്‌ വീട്ടി പോവാന്‍ നോക്കടാ.".

പരിസരബോധം തിരിച്ചു വന്നു .. ഡ്രൈവര്‍ പറഞ്ഞ തെറിയുടെ അര്‍ത്ഥം ഓര്‍ത്തില്ല.. ഒന്നും ഓര്‍ത്തില്ല... മനസ്സു നിറയെ... സത്യമായിരുന്നു, മൊട്ടേന്നു പൂര്‍ണ്ണമായും വിരിഞ്ഞിരുന്നില്ല.. പക്ഷെ വിരിയാന്‍ വെമ്പി തുടിയ്ക്കുന്ന കാലമായിരുന്നു അത്‌.. വസ്ത്രങ്ങള്‍ക്കകത്ത്‌ ഒളിപ്പിച്ചു വെച്ചിട്ടുള്ള സ്ത്രീ ശരീരത്തിനകത്ത്‌ ഒരു മാസ്മരിക ലോകവും അവിടെ നിറയെ അത്ഭുതക്കാഴ്ചകളും ഒരുക്കിവെച്ചിട്ടുണ്ടെന്ന തോന്നല്‍ മനസ്സില്‍ ഇളക്കങ്ങള്‍ സൃഷ്ടിയ്ക്കാന്‍ തുടങ്ങിയിരുന്നു. അമ്പലക്കുളത്തില്‍ പെണ്ണുങ്ങളുടെ കടവിലേയ്ക്ക്‌ ഒളികണ്ണിട്ടു നോക്കുമ്പോള്‍ മനസ്സില്‍ അസ്വസ്ഥതയും കുറ്റബോധവും നിറയും... എന്നിട്ടും വീണ്ടും വീണ്ടും നോക്കാതാരിയ്ക്കാന്‍ കഴിഞ്ഞില്ല. നിര്‍വചിയ്ക്കാന്‍ കഴിയാത്ത എന്തൊക്കയോ മോഹങ്ങള്‍ മനസ്സില്‍ നിറഞ്ഞു തുളുമ്പാന്‍ തുടങ്ങിയിരുന്നു. മുഖക്കുരു മുളയ്ക്കുന്ന വല്ലാത്തൊരു പ്രായം തന്നെയായിരുന്നു അത്‌.

അന്നു രാത്രി, ആ പോസ്റ്ററുകളില്‍ നിറഞ്ഞു നിന്നിരുന്ന രതിചേച്ചിയുടെ വിവിധ ഭാവങ്ങള്‍ മനസ്സില്‍ നിനച്ചു ഉറങ്ങാന്‍ കിടക്കുമ്പോളാണ്‌ ജീവിതത്തില്‍ ആദ്യമായി താന്‍ "ഋതുമതനന്‍" ആയത്‌".. ആ പ്രയോഗം ശരിയാണോ എന്നറിയില്ല .. അല്ലെങ്കിലും ചില വാക്കുകളും ആചാരങ്ങളും ആഘോഷങ്ങളും സ്ത്രീകള്‍ക്കു മാത്രമായി മാറ്റിവെച്ചിയ്ക്കുകയല്ലെ സമൂഹം.

"കോപ്പര്‍ ഔട്ട്‌.. കോപ്പര്‍ ഔട്ട്‌.. ചെമ്പു പുറത്ത്‌.. ചെമ്പു പുറത്ത്‌."

അഞ്ചേമുക്കാലിന്റെ "അയ്യപ്പ“യില്‍  വന്നിറിങ്ങിയ പപ്പന്റെ അലര്‍ച്ച കേട്ടാണ്‌ സതീഷ്‌ മേനോന്‍ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്‌ .. ടൗണില്‍ ഒരു കുറിക്കമ്പനിയിലെ ക്ലര്‍ക്കാണ്‌ പപ്പന്‍. എന്നും ഇതുപോലെ എന്തെങ്കിലും വിശേഷങ്ങളുമായി ബസ്സിറങ്ങിയാല്‍ നേരെ ഞങ്ങളുടെ ഇടയിലേയ്ക്കായിരിയ്ക്കും അവന്റെ വരവ്‌.

എല്ലാം ഒരു അഡ്‌ജസ്റ്റുമെന്റായിരുന്നു... അവര്‍ കല്യാണം കഴിച്ചിട്ടൊന്നുമില്ല. ആ കോതയും മേനോനും പടം ഹിറ്റാവാന്‍ വേണ്ടി പ്രൊഡ്യൂസറും ഡയറക്ടരും ചേര്‍ന്നൊരുക്കിയ നാടകമായിരുന്നു എല്ലാം. "പാടം പൂത്ത കാലം പാടാന്‍ വന്നു നിയ്യും..." എന്നൊക്കെ പാടി രണ്ടുപേരുമൊന്നിച്ച്‌ തിയ്യറ്ററുകള്‍ കയറിയിറങ്ങിയതൊക്കെ വെറുതെ നാട്ടുകാരെ പറ്റിയ്ക്കാന്‍.."

ചര്‍ച്ച നിലച്ചു.. അവിടെ കൂടിയിരുന്നവര്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. അവിടമാകെ അമ്പരപ്പു നിറഞ്ഞ അവിശ്വസനീയതയുടെ നിശ്ശബ്ദത പരന്നു..

"എന്തൊക്കയാ നീ പറയുന്നെ, ആരാ ഇതൊക്കെ നിന്നോട്‌ പറഞ്ഞത്‌? വെറുതേ വേണ്ടാതീനമൊന്നും പറഞ്ഞുണ്ടാക്കേണ്ട കെട്ടൊ....."

"സത്യമാണ്‌ സതീശേട്ടാ, ഞങ്ങളുടെ മേനേജര്‌ ജോസഫ്‌ സാറിന്റെ ഭാര്യവീട്‌ ഈ കോതാ മേനോന്റെ വീടിനടുത്തല്ലെ... അവരിന്നിലേ അവിടെ പോയപ്പോള്‍ അറിഞ്ഞതാണ്‌.. കോതാമേനോന്റെ വീട്ടില്‍ ജോലിയ്ക്കു നില്‍ക്കുന്ന തള്ള ഈ ചേച്ചിയുടെ അയല്‍ക്കാരിയാണ്‌... തറവാട്ടില്‍ എല്ലാവര്‍ക്കും മനസ്സിലാവാന്‍ തുടങ്ങിയത്രേ... ആരു പുറത്തു പറയുന്നില്ല എന്നെയുള്ളു.." പ്രോഡ്യൂസറുമായുള്ള എഗ്രിമെന്റൊന്നു കഴിഞ്ഞോട്ടെ കാണിച്ചു തരാം ഞാന്‍.." എന്നൊക്കെ തര്‍ക്കിച്ച്‌ എന്നും രാത്രിയില്‍ മുറിയില്‌ മുട്ടന്‍ വഴക്കാണെത്രെ, ഇനിയിപ്പൊ കിടപ്പും ചിത്രം സിനിമയിലെപോലേയാണാവോ?.. ഒരാള്‍ നിലത്തും മറ്റേയാള്‍ കട്ടിലിലും... ആര്‍ക്കറിയാം!!"

ഒരു പോസ്റ്റിനുള്ള വകുപ്പായി.. മടങ്ങുമ്പോള്‍ മനസ്സില്‍ ചിരിയ്ക്കുകയായിരുന്നു സതീഷ്‌ മേനോന്‍.. വിചിത്രമാണ്‌ നമ്മള്‍ മലയാളികളുടെ കാര്യം.. താരങ്ങളുടെ വിവാഹവും വിവാഹ മോചനവും ഒരേ മനസ്സോടെ, ആഹ്ലാദത്തോടെ ആഘോഷിയ്ക്കും.. കഥകള്‍ മെനയുമ്പോളും അവരും തങ്ങളെപോലെ മനുഷ്യരാണ്‌ എന്ന കാര്യം പോലും മറക്കും..

ഇനി അവന്‍ പറഞ്ഞതിലും വല്ല സത്യവുമുണ്ടാവുമോ.? ഒന്നും പറയാന്‍ പറ്റില്ല...! അത്രയ്ക്കും പരിതാപകരമല്ലെ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ.. എന്തൊക്കെ കൊട്ടിഘോഷങ്ങളാണ്‌ ഒരു സിനിമ ഒന്നു വിജയിപ്പിച്ചെടുക്കാന്‍.. പുതിയതായി ഒരു നല്ല തിരക്കഥ ഒരുക്കാന്‍ കഴിയാതെ പഴയതെല്ലാം പൊടി തട്ടിയെടുക്കേണ്ട ഗതികേട്‌ വരെയായി!

രതിചേച്ചി ഹിറ്റായാല്‍ ഇനി അടുത്തത്‌ ആരുടെ ഊഴമാണ്‌.?

മഴയൊഴിഞ്ഞ സന്ധ്യയില്‍ തിരുവാതിര ഞാറ്റുവേലയുടെ കുളിരില്‍ ചിറവരമ്പിലൂടെ നടക്കുകയായിരുന്നു മേനോന്‍.

"മൗനമെ നിറയും മൗനമെ.. ഇതിലെ പോകും കാറ്റില്‍ ..... ഇവിടെ വിരിയും മലരില്‍ .... മണമായ്‌, കുളിരായ്‌.." ഏകാന്തതയില്‍ ആരോ നീട്ടി പാടുന്നതു പോലെ തോന്നി സതീഷ്‌ മേനോന്‌..

സുഭാഷിണി!! തകരയുടെ സ്വന്തം സുഭാഷിണി.. !

മദജലം ഒലിച്ചിറങ്ങിന്നുവോ എന്നു തോന്നിപ്പിയ്ക്കുന്ന നനവാര്‍ന്നു വിടര്‍ന്ന കണ്ണുകള്‍ , വശ്യതയാര്‍ന്ന തടിച്ച ചുണ്ടുകള്‍ക്കിടയിലെ വെളുത്ത പല്ലുകള്‍ ... ഇടുങ്ങിയ, വിടര്‍ന്ന, ഒതുങ്ങിയ തടിച്ച...!!!

സുഭാഷിണിയെ പുനരാവിഷ്ക്കരിക്കാന്‍ ഒരാളേയും കണ്ടെത്താനാവാതെ കുഴഞ്ഞ മനസ്സുമായി തിരിച്ചു വീട്ടിലെത്തിയപ്പോഴേയ്ക്കും സതീഷ്‌ മേനോന്റെ മനസ്സില്‍ വല്ലാത്ത നവോന്മേഷം നിറഞ്ഞിരുന്നു.

"സതീശേട്ടാ സത്യം പറയൂ, എന്നോടു പറയാതെ ഇന്നെന്തിലും കഴിച്ചിരുന്നോ.. മുസ്ലിപവ്വറൊ മറ്റോ".

ആ രാത്രി വേഴ്ചയുടെ പാരമ്യ നിമിഷങ്ങള്‍ക്കൊടുവില്‍ നിര്‍വൃതിയുടെ തുഞ്ചത്തേറി ഭോഗാലസ്യതളര്‍ച്ചയില്‍ സുഖാനുഭൂതികള്‍ ഇത്തിരിപോലു ചോര്‍ന്നു പോകാതിരിയ്ക്കാന്‍ വസ്ത്രം ധരിയ്ക്കാന്‍ പോലുമൊരുങ്ങാതെ സതീശേട്ടനോട്‌ ഒട്ടിചേര്‍ന്നു കിടക്കുമ്പോള്‍ ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല സൗമിനിയ്ക്ക്‌.. ഒരു പാടു നാളുകള്‍ക്കു ശേഷമാണ്‌ ശേഷമാണ്‌ അവള്‍ക്കു തന്റെ സതീശേട്ടനെ തിരിച്ചു കിട്ടുന്നത്‌.

മറുപടിയൊന്നും പറഞ്ഞില്ല അവന്‍, അവളെ ഒന്നു കണ്ണിറുക്കി കാണിച്ചു.. ഒരു പാടിഷ്ടമാണവള്‍ക്കത്‌. പ്രത്യേകിച്ചും സുഖാലസ്യത്തിന്റെ ഇത്തരമൊരു ഇടവേളയില്‍ അതും ബെഡ്‌റൂം ലാമ്പിന്റെ വെളിച്ചത്തില്‍ .

ഉത്തേജക മരുന്നൊന്നും കഴിച്ചിരുന്നില്ല, അങ്ങിനെ ഒരു ശീലവുമില്ല ഇതുവരെ... പക്ഷെ, അവള്‍ക്കങ്ങിനെ തോന്നിയതില്‍ അത്ഭുതമില്ല അത്രയ്ക്കും ഉജ്ജ്വല പെര്‍ഫോമന്‍സ്‌ തന്നെയായിരുന്നു അത്‌. തന്റെ മുന്നില്‍ സൗമിനി മാത്രമായിരുന്നില്ലല്ലൊ ഇന്നവള്‍ ! ആ സമയത്ത്‌ തന്റെ മനസ്സില്‍ തെളിഞ്ഞു വന്ന ഒരോരോ രൂപങ്ങളില്‍ , വ്യത്യസ്ഥ മുഖാഭാവങ്ങളില്‍ , വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നില്ലെ അവള്‍ ! ഓരോ രൂപത്തിലും, ഒരോ ഭാവത്തിലും സ്വയം മറന്ന് ആടിത്തിമിര്‍ക്കുകയായിരുന്നു താന്‍, മതിവരുവോളം, കൊതി തീരുവോളം.. ശരിയ്ക്കും തളര്‍ന്നുപോയി ഇരുവരും. തിരുവാതിര ഞാറ്റുവേലയുടെ കുളിരിലും വിയര്‍ത്തൊഴുകി.

ബെഡ്‌റൂം ലാമ്പിന്റെ ചുവപ്പില്‍ വിയര്‍ത്തു തിളങ്ങി തളര്‍ന്നു തന്നോടൊട്ടികിടക്കുന്ന അവളുടെ നഗ്നമേനിയ്ക്ക്‌ വല്ലാത്ത ചന്തം തോന്നി അവനപ്പോള്‍. കാലം അവളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല, നിറത്തിനുപോലും കാര്യമായ മങ്ങലില്ല. അവളിപ്പോഴും പഴയപോലെ മെലിഞ്ഞിട്ടുതന്നെ.. കുറെ നാളായി താന്‍ സൗമിനിയെ ഇങ്ങിനെ ശ്രദ്ധിയ്ക്കാറില്ലല്ലൊ എന്നവന്‍ അത്ഭുതത്തോടെ ഓര്‍ത്തു..

" നിനക്കൊരു പൊന്നരഞ്ഞാണം വാങ്ങിത്തരട്ടെ സൗമിനി, നല്ല ഭംഗിയുണ്ടാകും, നിന്റെ അരക്കെട്ടിനത്‌ നല്ല ചേര്‍ച്ചയായിരിയ്ക്കും."

ചെമ്പരത്തിപ്പൂവിനു സമാനം ചുവന്നുതുടുത്ത അവളുടെ ചെവിയില്‍ ചുണ്ടമര്‍ത്തി അങ്ങിനെ മൊഴിയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല സതീഷ്‌ മേനോനപ്പോള്‍ ....


കൊല്ലേരി തറവാടി

25/006/2011

Sunday, June 12, 2011

പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (പതിനൊന്നാം ഭാഗം)

പേയ്‌മെന്റ്‌ സീറ്റുകള്‍ ..

സത്യത്തില്‍ ചന്ദ്രേട്ടനെക്കുറിച്ച്‌ എഴുതുവാന്‍ വേണ്ടി ഇരുന്നതാണ്‌ ഈ അവധിദിവസം...എന്തോ മടി തോന്നി.വല്ലാത്ത അലസത ബാധിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു മനസ്സിനെ..അല്ലെങ്കില്‍ത്തന്നെ ചന്ദ്രേട്ടനെക്കുറിച്ചെഴുതാന്‍ ഇനി എന്താണ്‌ ബാക്കിയുള്ളത്‌.പാവം ഗോരേഗാവ്‌ വിട്ട്‌ എങ്ങും പോയില്ല.രണ്ടു പെണ്‍മക്കള്‍,.രണ്ടുപേരേയും നല്ല രീതിയില്‍ വിവാഹം കഴിച്ചയച്ചു..അവര്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഗള്‍ഫില്‍ പൂരത്തിന്റെ നാട്ടില്‍ ജീവിയ്ക്കുന്നു. ഈ തിരക്കുകള്‍ക്കൊടുവില്‍ ഒരു ദിവസം ചന്ദ്രേട്ടനെ ഒറ്റയ്ക്കാക്കി വിലാസിനി ചേച്ചി ലോകത്തോടു വിടപറഞ്ഞു.അര്‍ബുദം വിലാസിനിചേച്ചിയുടെ ജീവനൊപ്പം ചന്ദ്രേട്ടന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കവര്‍ന്നെടുത്തു...വിലാസിനിയുടെ ജീവനു വേണ്ടി തന്റെ സര്‍വ്വവും ഉപേക്ഷിയ്ക്കാന്‍ ചന്ദ്രേട്ടന്‍ ഒരുക്കമായിരുന്നു..പക്ഷെ ശാസ്ത്രം അവിടെതോറ്റു..സോറി എന്ന വാക്കില്‍ എല്ലാം ഒതുങ്ങി...!

അതിനൊക്കെ എത്രയൊ മുമ്പ്‌,അച്ചന്റെ മരണത്തോടെ നാടുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു ചന്ദ്രേട്ടനു രമേശനും..അച്ഛന്റെ അന്ത്യനാളുകളില്‍, എന്തിന്‌ മരണനാന്തരചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല...ചിക്കന്‍പോക്സു പിടിപ്പെട്ടു അവശനിലയില്‍ ആശുപത്രിയിലായിരുന്നു അന്ന്‌ ചന്ദ്രേട്ടന്‍,പ്ലേഗു രോഗം ഭയന്ന്‌ ഇന്ത്യയിലേയ്ക്കുള്ള ഫ്ലൈറ്റ്‌ സെര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്ന സമയമായിരുന്നതിനാല്‍ ഗള്‍ഫില്‍ രമേശനും കുടുങ്ങിപോയി. ശേഷക്രിയ ചെയ്യാന്‍ മക്കളാരുമില്ലാതെ തികച്ചും ഒരനാഥനെപോലെ ചിതയില്‍ വെന്തെരിയാനായിരുന്നു അദ്ദേഹത്തിന്റെ യോഗം.

ഇന്ന്‌ വേരുകള്‍ നഷ്ടപ്പെട്ട പാവം ചന്ദ്രേട്ടന്‍ ബോംബേയില്‍ ഒറ്റയക്ക്‌..എത്രകാലം..? ഊരും പേരും മേല്‍വിലാസവും ഇല്ലാതെ വാര്‍ദ്ധക്യത്തിന്റെ ഏകാന്തഭീകര അപാര തീരങ്ങളിലേയ്ക്ക്‌ ശൂന്യമായ കൈകളുമായി നടന്നടുക്കാന്‍ തുടങ്ങിയിരിക്കുന്നു ചന്ദ്രേട്ടന്‍..നാട്ടിലേയ്ക്കു തിരിച്ചുപോകാന്‍ മോഹിച്ചാല്‍ത്തന്നെ ഒരു പിടി മണ്ണുപോലും സ്വന്തമായി ഇനി അവിടെ ബാക്കിയില്ല.

അന്തമില്ലത്ത മോഹങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടില്‍ സമ്പത്‌സമൃദ്ധിയും സുഖലോലുപതയും പുത്തന്‍ ജീവിതസൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ലോകത്തിന്റെ ഏതു തുഞ്ചത്തേയ്ക്കും ചേക്കേറാന്‍ തയ്യാറാവുന്നു ആധുനിക മനുഷ്യന്‍,..പ്രത്യേകിച്ചും മലയാളി സമൂഹം.. പ്രവാസം അവന്റെ ജീവിതത്തിന്റെ ഭാഗമായിരിയ്ക്കുന്നു..അപ്പോഴും വേരുകള്‍ കൈവിടാതിരിയ്ക്കാന്‍ കരുതലെടുക്കുന്നു വിവേകശാലികള്‍..ജനിച്ചു വളര്‍ന്ന നാട്ടില്‍, ബാല്യകാലസ്വപ്നങ്ങള്‍ പൊട്ടിമുളച്ചു ചിറകുവെച്ചു പറന്നു നടക്കാന്‍ തുടങ്ങിയ അന്തരീകഷത്തില്‍,കൗമാരകൗതുകങ്ങള്‍ പന്തടിച്ചു കളിച്ചു നടന്ന മണ്ണില്‍, യൗവനം മോഹങ്ങള്‍ ആദ്യമായി പൂത്തുലഞ്ഞു പെയ്തിറങ്ങിയ ഭൂമികയുടെ സ്മരണയില്‍ ശാന്തമായ അവസാനത്തെ ഉറക്കത്തിനായുള്ള ആറടി മണ്ണെങ്കിലും കരുതലോടെ കാത്തു സൂക്ഷിയ്ക്കുന്നു...

പ്രണയകാമനകളുടെ, കാമക്രോധങ്ങളുടെ സങ്കീര്‍ണ്ണപഥങ്ങളിലൂടെ അപായകരമായ വേഗത്തില്‍ സഞ്ചരിയ്ക്കുന്ന തീക്ഷ്ണയൗവനത്തിന്റെ മധ്യാഹ്നത്തിലും ഭൗതികാസക്തിയിലും സ്ഥാനമാനമോഹങ്ങളിലും മുങ്ങിനീരാടുന്ന അപരാഹ്നത്തിലും ഈ സത്യം തിരിച്ചറിയാതെ പോകുന്നു നമ്മളില്‍ പലരും.ഒടുവില്‍ മോഹങ്ങളുടെ പത്തി താഴാന്‍ തുടങ്ങുമ്പോള്‍,ഇതുവരെ നേടിയതൊന്നും യഥാര്‍ത്ഥ നേട്ടങ്ങളല്ല എന്നു എന്ന സത്യം മനസ്സില്‍ ഒരു വിങ്ങലായി പടരാന്‍ തുടങ്ങുമ്പോള്‍ തിരിച്ചറിവുണ്ടാകും..,നാടിനെ, ബന്ധുക്കളെ എല്ലാം ഓര്‍ക്കാന്‍ തുടങ്ങും..വേരുകള്‍ തേടിയുള്ള തിരിച്ചുപോക്കിന്‌ മനസ്സു കൊതിയ്ക്കും..അപ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും എല്ലാം അന്യമായിരിയ്ക്കും..

ഒന്നോര്‍ത്താല്‍ ഈ പറയുന്ന ഒരുക്കൂട്ടലിനും കരുതലിനൊന്നും ഒരര്‍ത്ഥവുമില്ല എല്ലാം ഒരു നിയോഗമാണ്‌.!

ഇന്‍ഷൂറന്‍സ്‌ പരിരക്ഷയുടെ തണലിലെ ആശുപത്രി വാസം,..ശരണാലയങ്ങളിലെ ഇടനാഴികള്‍,.കണികണ്ടുണരുന്ന ഹോം നേഴ്‌സിന്റെ മുഖം ഇതൊന്നുമില്ലാതെ കുടുംബാംഗങ്ങളുമൊത്തുള്ള സ്വച്ഛന്ദമായ വാര്‍ധക്യജീവിതം, ആയസരഹിതമായ മരണം ഇതെല്ലാം വെറും സ്വപ്നം മാത്രമായി മാറാന്‍ തുടങ്ങിയിരിയ്ക്കുന്നു കരുണാരഹിതമായ ഈ നവലോകത്തില്‍..

"കുട്ടേട്ടാ നമ്മുടെ മാധവി ടീച്ചറെ ശരണാലയത്തിലാക്കി...."

കുറേ മാസങ്ങള്‍ക്കു ഒരു ദിവസം മൊബൈയലില്‍ മാളുവിന്റെ ശബ്ദം ഇടറി...വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല..ടീച്ചര്‍ മരിച്ചു പോയി എന്നവള്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രയും ഞെട്ടില്ലായിരുന്നു ഞാന്‍,..ഇത്‌ ഈ തൊണ്ണൂറാം വയസ്സില്‍...അവരുടെ ഒരു യോഗം.. ഒരു മകന്‍ മാത്രമെ ഉള്ളു ടീച്ചര്‍ക്ക്‌ ഗോപന്‍....ഏഴാംക്കടലിക്കരെ കുടുംബസമേതം ഐ.ടി വിപ്ലവമൊരുക്കുന്ന ഏക മകളുടെ കടിഞ്ഞൂല്‍ പ്രസവശുശ്രൂഷയുടേ പേരില്‍ ഭര്യയേയുംകൂട്ടി അവിടേയ്ക്ക്‌ ഉല്ലാസയാത്രയ്ക്കു പോകാന്‍ വേണ്ടി സ്വന്തം അമ്മയെ ..! വേണ്ടായിരുന്നു ഗോപേട്ടാ..പാടില്ലായിരുന്നു.കുറച്ചുനാള്‍കൂടി ക്ഷമയോടെ കാത്തിരിയ്ക്കാമായിരുന്നു..!

എന്റെ അയല്‍ക്കാരിയായിരുന്നു ടീച്ചര്‍.ചെറുപ്പത്തിലെ ഭരത്താവു മരിച്ചുപോയി മകനെ ഒറ്റയ്ക്കു വളര്‍ത്തി. ഗോപേട്ടനു വേണ്ടിയായിരുന്നു ടീച്ചര്‍ ജീവിച്ചതു തന്നെ. തന്റേടവും കാര്യപ്രാപ്തിയുമുള്ള ഹെഡ്‌മിസ്ട്രസ്സായിരുന്നു അവര്‍.അച്ചടക്കത്തിന്റെ പര്യായം..കുട്ടികള്‍ക്കെല്ലാം ഭയങ്കര പേടിയായിരുന്നു അവരെ. അയല്‍പ്പക്കത്തെ കുട്ടിയായതുകൊണ്ടാകാം എന്നെ വലിയ ഇഷ്ടമായിരുന്നു ടീച്ചര്‍ക്ക്‌.."കുട്ടന്‍ നന്നായി പഠിയ്ക്കണം, ഒരുപാടു വായിയ്ക്കണം..വലുതാവുമ്പോള്‍ ഐ.ഏ,എസിനെഴുതണം, കുട്ടനതിനു കഴിയും..കുട്ടനതിനുള്ള ബുദ്ധിയുണ്ട്‌.." അങ്ങിനെ എന്റെ വീട്ടുകാര്‍ക്കില്ലാതെ പോയ ശ്രദ്ധയും പ്രതീക്ഷകളും അവര്‍ക്കെന്നില്‍ ഉണ്ടായിരുന്നു..

കുട്ടന്‍ പഠിച്ചില്ല,,ഉഴപ്പിയുഴപ്പി അവസാനം മണലാര്യണ്യത്തില്‍ എവിടെയോ വെറുമൊരു മണല്‍ത്തരിയ്ക്കു സമാനമായി ജീവിയ്ക്കുന്നു എന്നറിഞ്ഞിട്ടും അവര്‍ക്കെന്നോടുള്ള വാല്‍സ്യല്യത്തിന്‌ ഒരു കുറവും വന്നില്ല.ഓരോ വെക്കേഷന്‍ നാളുകളിലും അതനുഭവിച്ചറിയാറുണ്ടായിരുന്നു ഞാന്‍." വല്ലാതെ ക്ഷീണിച്ചു പോയല്ലോ കുട്ടന്‍, എന്തെ അവിടത്തെ ജീവിതം പിടിയ്ക്കാതായോ കുട്ടന്‌.. കുട്ടന്റെ തല്‍സ്വരൂപമല്ലെ അപ്പു,.കുട്ടന്‍ നേടാതെ പോയതെല്ലാ അവന്‍ നേടിയെടുക്കും.." വാല്‍സല്യം കവിഞ്ഞൊഴുകുന്ന മനസ്സുമായി അപ്പോഴൊക്കെ എന്നില്‍ ഗുരുത്വം നിറയ്ക്കുമായിരുന്നു അവര്‍ ..

മാളുവിനും ടീച്ചറെ വലിയ കാര്യമാണ്‌. അവളുടെ വീട്ടിലേയ്ക്കുള്ള വഴിയ്ക്കാണ്‌ ഈ ശരണാലയം..വീട്ടിലേയ്ക്ക്‌ പോകുന്ന സമയത്തെല്ലാം അവിടെയും കയറും അവള്‍ മധുരപലഹാരങ്ങളുമായി...ഈ പ്രായത്തിലും മധുരത്തിനോട്‌ നല്ല പ്രിയമാണ്‌ ടീച്ചര്‍ക്ക്‌.

'കുട്ടന്‍ അറിഞ്ഞില്ലെ, കുട്ടനോടു പറഞ്ഞില്ലെ എന്റെ പുതിയ വിശേഷങ്ങള്‍.." അപ്പോഴും കുട്ടനെക്കുറിച്ച്‌ അന്വേഷിയ്ക്കാന്‍ മറന്നില്ല ടീച്ചര്‍.

"കുട്ടേട്ടാ, ഇന്ന്‌ ഞാനവിടെ പോയിരുന്നു..ടീച്ചര്‍ക്ക്‌ തീരെ വയ്യാതായി,ഭക്ഷണം കുറച്ചെ കഴിയ്ക്കുന്നുള്ളു, മിണ്ടാട്ടവും കുറഞ്ഞു..ആ അന്തരീക്ഷവുമായി അവര്‍ക്ക്‌ ഒട്ടും പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെന്നാണ്‌ അവിടത്തെ അമ്മമാരും ആയമാരും പറഞ്ഞത്‌..പാവം, നമുക്ക്‌ എന്തു ചെയ്യാന്‍ കഴിയും അല്ലെ.ഇന്നലെ വൈകുന്നേരം ഫോണില്‍ മാളു.

ഉള്ളില്‍ ഒരു നീറ്റല്‍ പടര്‍ന്നിറങ്ങി...എന്തൊക്കയോ ചെയ്യാന്‍ ബാക്കിയില്ലെ എന്ന തോന്നല്‍.. ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലൊ എന്ന ചിന്ത..നിസ്സഹായതയുടെ മൂടുപടമണിഞ്ഞ മനസ്സ്‌ ഒരു നിമിഷം ന്യൂനമര്‍ദ്ദത്താല്‍ വല്ലാതെ ഉലഞ്ഞു.

"മാളു എന്നെക്കാളും മുമ്പ്‌ നീ മരിയ്ക്കണം..അതാണെന്റെ പ്രാര്‍ത്ഥന, അതാനെന്റെ ആഗ്രഹം..." ആ നിമിഷത്തില്‍ ചുണ്ടില്‍നിന്നും വാക്കുകള്‍ അറിയാതെ ഉതിര്‍ന്നു വീണു.
എന്താ കുട്ടേട്ടാ, എന്താ പറഞ്ഞെ." അവളുടെ സ്വരം വാടി.

അതങ്ങിനെയല്ലെ വരു.."ഓമനെ നിന്റെ മടിയില്‍ തല ചായ്ച്ച്‌, നിന്റെ കയ്യില്‍നിന്നും രണ്ടിറ്റുവെള്ളം വാങ്ങികുടിച്ചു വേണം എനിയ്ക്കു സ്വസ്ഥമായി കണ്ണടയ്ക്കാന്‍ " എത്ര ദുഷ്ടനായാല്‍ പോലും പ്രിയതമനില്‍ നിന്നും അങ്ങിനെ കേള്‍ക്കാനല്ലെ ഏതു ഭാര്യയും കൊതിയ്ക്കു.

ആ സമയത്തു പെട്ടന്നുണ്ടായ ഏതുവികാരത്തിന്റെ പേരിലായാലും ഞാന്‍ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു..

എടി മണ്ടി,. നീ മരിച്ചിട്ട്‌ ഒരു പുതുപ്പെണ്ണിനെകൊണ്ടുവന്ന്‌ നവ്യാനുഭവങ്ങളുടെ രുചിയറിയാനുള്ള മോഹം കൊണ്ടല്ല കുട്ടേട്ടനങ്ങിനെ പറഞ്ഞത്‌,. വയ്യാ. കുട്ടേട്ടനില്ല്ലാത്ത ഒരു ലോകത്ത്‌ ഇങ്ങിനെ ഒരവസ്ഥയില്‍ നീ..! ഓര്‍ക്കാന്‍ കൂടി വയ്യ,..കൂടിയല്ലല്ലൊ ജനിച്ചത്‌ നാം...ഇനി കൂടിയല്ല മരിയ്ക്കാനും പോകുന്നത്‌..അതോര്‍ത്തപ്പോള്‍ സങ്കടം കൊണ്ട്‌, സ്നേഹക്കൂടുതല്‍കൊണ്ട്‌. കുട്ടേട്ടന്‍ അങ്ങിനെ അറിയാതെ....ക്ഷമിയ്ക്കു നീ..എന്റെ വാക്കുകള്‍ ഇടറി..

അപ്പുറത്ത്‌ മഴവില്ലു വിരിഞ്ഞു നിന്നിരുന്ന മുഖാംബരം മേഘാവൃതമായി.മഴത്തുള്ളികള്‍ പെയ്തിറങ്ങി.. കമ്പിയില്ലാകമ്പിയുടെ അലകളിലൂടെ ആ കണ്ണുനീര്‍ത്തുള്ളികള്‍ എന്റെ ഹൃദയത്തിലും വീണു പൊള്ളിച്ചു . സങ്കട നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിയ്ക്കാന്‍ എപ്പോഴും വിമുഖത കാണിയ്ക്കുന്ന എന്റെ ഫോണ്‍ താനെ ഡിസ്ക്കണക്റ്റായി...

ഭാഗ്യവതിയാണെന്റെ അമ്മ.ഞാനൊഴികെ മക്കളില്‍ ആറുപേരും അമ്മയുടെ ചുറ്റുവട്ടത്ത്‌, ഒരു വിളിപ്പാടകലെ അമ്മയുടെ സ്പന്ദനങ്ങള്‍ക്കു കാതോര്‍ത്തിരിയ്ക്കുന്നു..വരാന്ത്യങ്ങളില്‍ അമ്മയുടെ ചാരെ ഒത്തുകൂടുന്നു..തറവാട്‌, തൊട്ടപ്പുറത്തെ അനിയന്റെ വീട്‌.അങ്ങിനെ മക്കളും മക്കളുടെ മക്കളുമായി ആ വലിയ സാമ്രാജ്യത്തില്‍ ഇന്നും കീരിടം വെച്ച രാജ്ഞിയായി അമ്മ വാഴുന്നു.

"മാളു , നമ്മുടെ അപ്പു, അവന്‍ പഠിച്ചു മിടുക്കനായി ആകാശത്തോളം വളര്‍ന്ന്‌ കടലുകള്‍ താണ്ടി മുന്നേറിയാല്‍,അവനോടുത്ത്‌ ഏതെങ്കിലും തണുത്തുറഞ്ഞ നാട്ടില്‍ സ്വെറ്ററുകളുടെ മേല്‍ സ്വെറ്ററുകളിട്ടും മാറാത്ത തണുപ്പുമായി വിറങ്ങലിച്ച്‌ വാര്‍ധക്യത്തിലെ കുറച്ചു നാളെങ്കിലും ചിലവഴിയ്ക്കേണ്ടി വരും നമുക്ക്‌, പിന്നെ അവനു മടുക്കുമ്പോള്‍ ശിഷ്ടക്കാലം ഏതെങ്കിലും വൃദ്ധ സദനത്തില്‍..! വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അപ്പു ഹരിശ്രീ കുറിയ്ക്കുന്ന നാളുകളിലൊരിയ്ക്കല്‍ മാളുവിനോട്‌ കളി പറഞ്ഞു ഞാന്‍.

അന്നതു പറയുമ്പോള്‍ വളരെ ചെറുപ്പമായിരുന്നു ഞങ്ങള്‍..ആ വാചകങ്ങള്‍ വെറും തമാശ മാത്രമായെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു...ഇന്ന്‌ അവന്‍ വളരാന്‍ തുടങ്ങിയിരിയ്ക്കുന്നു.മാളു തയിച്ചൊരുക്കുന്ന സ്വപ്നങ്ങളുടെയും മോഹങ്ങളുടേയും കുട്ടിയുടുപ്പുകള്‍ അവനു പാകമാകതായിരിയ്ക്കുന്നു..അമ്മയുടെ ഇച്ചിരിപ്പൊട്ടു വട്ടത്തിലുള്ള ലോകത്തിനുമപ്പുറം പുതിയൊരു ലോകമുണ്ടെന്നു തിരിച്ചറിയാന്‍ തുടങ്ങിയിരിയ്ക്കുന്നു അവന്‍.

ഈശ്വരാ..കാലത്തിന്റെ കയ്യില്‍തൂങ്ങി ഉത്സാഹത്തോടെ നടന്നു നീങ്ങുന്ന ഞങ്ങളും അവസാനം ചെന്നെത്തന്‍ പോകുന്നത്‌ ആ പടിവാതില്‍ക്കല്‍ തന്നെയായിരിയ്ക്കുമോ.?.

സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും, ആരെങ്കിലും ..ഇല്ലെങ്കില്‍ ഒന്നു ചിന്തിച്ചു നോക്കണം, വല്ലപ്പോഴുമെങ്കിലും..എന്റെ മോന്‍,.എന്റെ മോള്‍ എന്തു വിലകൊടുത്തും അവരുടെ ഭാവി...മനസ്സില്‍ നുരഞ്ഞുപൊന്തുന്ന സ്വാര്‍ത്ഥതയുടെ സ്വയാശ്രയ മോഹങ്ങള്‍ക്ക്‌ അല്‍പ്പം ശമനം വരും അപ്പോള്‍.

പണത്തിന്റെ മാത്രം ബലത്തില്‍ അര്‍ഹതപ്പെട്ടവരെ ചവിട്ടിമെതിച്ചു നേട്ടങ്ങള്‍ എത്തിപ്പിടിയ്ക്കുന്നത്‌ പാപകര്‍മ്മങ്ങള്‍ക്കു തുല്യമാണ്‌.അതിന്റെ ഫലം ഈ ഭൂമിയില്‍ തന്നെ അനുഭവിച്ചു തീര്‍ക്കേണ്ടി വരും..അതിനായുള്ള പേയ്‌മന്റ്‌ സീറ്റുകള്‍ ഒരുക്കിത്തരുന്നത്‌ ഒരു പക്ഷെ നമ്മുടെ മക്കള്‍ത്തന്നെയായിരിയ്ക്കും. .

ഒരു കൊച്ചുകീറു ആകാശമെങ്കിലും കാണാന്‍ കഴിയാതെ ഒരു കുഞ്ഞിക്കിളിയുടെ ചിറകൊച്ച പോലും കേള്‍ക്കാന്‍ കഴിയാതെ ഇരുണ്ട ഇടനാഴികളില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ഗന്ധവും സാമീപ്യം കൊതിച്ച്‌, എല്ലാ ഗദ്ഗദങ്ങളും ഉള്ളിലൊതുക്കി,ഒരുപാടു കണ്ണാടിച്ചില്ലുകളില്‍ പ്രതിഫലിയ്ക്കുന്ന ഒരേമുഖം പോലെ ചുക്കിച്ചുളിഞ്ഞ സമാന മുഖങ്ങള്‍ക്കൊപ്പം ഒന്നിച്ച്‌ മോക്ഷപ്രാപ്തിയ്ക്കായുള്ള നിശ്ശബ്ദപ്രാര്‍ത്ഥനയുമായി അന്ത്യനാളുകളില്‍ ജീവിയ്ക്കേണ്ടി വരുന്ന അവസ്ഥ.!

ഇതിനു വേണ്ടിയായിരുന്നോ ഒരുപാടു പേരുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച്‌ ഇത്രയും വര്‍ഷം ഈ കണ്ട നെട്ടൊട്ടമെല്ലാം ഓടിയത്‌..?

ആ നിമിഷങ്ങളിലായിരിയ്ക്കും ഒരുപക്ഷെ ജീവിതത്തില ആദ്യമായി മനസ്സില്‍ തിരിച്ചറിവുണ്ടാകാന്‍ തുടങ്ങുന്നത്‌.ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും സ്വയം ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങുന്നത്‌..!

മടുപ്പോടെ റീസൈക്കിള്‍ ബിന്നിലേയ്ക്കു വലിച്ചെറിയപ്പെടുന്നതിനു പകരം എന്നിട്ടും എന്തെ ആരും പെര്‍മനന്റ്‌ ആയി ഡിലീറ്റ്‌ ചെയ്യപ്പെടുന്നില്ല.?.

സ്നേഹം കൊണ്ടോ കാരുണ്യം കൊണ്ടോ ആയിരിയ്ക്കില്ല..!

ബാല്യത്തില്‍ ചുണ്ടില്‍നിറഞ്ഞുതുളിമ്പിയിരുന്ന അമ്മിഞ്ഞപാലിന്റെ രുചിയോര്‍ത്തിട്ടുമാവില്ല.!

നിയമത്തിന്റെ നൂലമാലകള്‍ ഒന്നു നീങ്ങി കിട്ടിയിരുന്നെങ്കില്‍....!.

ദയാവധം അനുവദനീയമായിരുന്നെങ്കില്‍..!

ഒന്നോര്‍ത്തുനോക്കു അമ്മ, അച്ഛന്‍ വ്യക്തിബന്ധങ്ങള്‍. മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യം ..എന്തിന്‌ സമൂഹം തന്നെ മൊത്തം മാറിപോയനെ...അല്ലെ..!

കലികാലമാണിത്‌.... എന്നും അമാവാസി നാളുകള്‍..ചുറ്റും കുറ്റാക്കൂരിരുട്ട്‌.ആസക്തിയുടേയും സ്വാര്‍ത്ഥതയുടെയും കാര്‍മേഘങ്ങള്‍ മൂടിയ ആകാശത്ത്‌ നന്മയുടെ ഒരു താരാകണമെങ്കിലും പ്രകാശിച്ചിട്ട്‌ നാളെത്രയായി.

മുറ്റത്ത്‌ പുഞ്ചിരിച്ചു പാറിപറക്കുന്ന പാവം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തില്‍ പോലും സ്വാര്‍ത്ഥതയും ക്രൂരതയും നിഴലിയ്ക്കുന്നുവോ എന്നു സംശയത്തോടെ വീക്ഷിയ്ക്കേണ്ടി വരുന്ന കാലം..

എഴുതിയെഴുതി ശൂന്യമായെന്റെ മനസ്സ്‌.. ഇനി നെറ്റില്‍ മുഖപുസ്തകത്തിന്റെ മാന്ത്രികലോകത്തില്‍ പോയി ഞാനൊന്നു മുങ്ങി നീരാടട്ടെ,..അങ്ങിനെ മനസ്സില്‍ ശുഭചിന്തകള്‍ നിറയ്ക്കട്ടെ..ഈ തിരക്കിനടയില്‍ അമ്മയെ വിളിയ്ക്കാന്‍ മറന്നു പോയി..പാവം കാത്തിരിയ്ക്കുകയായിരിയ്ക്കും..കുറച്ചു കഴിഞ്ഞു വിളിയ്ക്കാം..അല്ലെങ്കില്‍ത്തന്നെ ഒരു ദിവസം വിളിച്ചില്ലെങ്കിലെന്താ..പിന്നെ കാത്തിരിപ്പ്‌. അനന്തമായ കാത്തിരിപ്പ്‌.വാര്‍ദ്ധക്യത്തിന്റെ മുഖമുദ്രയല്ലെ അത്‌..

കാലചക്രം ഇനിയും ഉരുളും. .! ഒരിയ്ക്കല്‍ നമ്മളും ആ മഹാ സത്യം മന്ത്രിയ്ക്കും,.. നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌,.. വിറയ്ക്കുന്ന അധരങ്ങളോടെ..

"ഇന്നു ഞാന്‍ നാളെ നീ.."

കൊല്ലേരി തറവാടി
12/06/2011