Sunday, June 12, 2011

പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (പതിനൊന്നാം ഭാഗം)

പേയ്‌മെന്റ്‌ സീറ്റുകള്‍ ..

സത്യത്തില്‍ ചന്ദ്രേട്ടനെക്കുറിച്ച്‌ എഴുതുവാന്‍ വേണ്ടി ഇരുന്നതാണ്‌ ഈ അവധിദിവസം...എന്തോ മടി തോന്നി.വല്ലാത്ത അലസത ബാധിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു മനസ്സിനെ..അല്ലെങ്കില്‍ത്തന്നെ ചന്ദ്രേട്ടനെക്കുറിച്ചെഴുതാന്‍ ഇനി എന്താണ്‌ ബാക്കിയുള്ളത്‌.പാവം ഗോരേഗാവ്‌ വിട്ട്‌ എങ്ങും പോയില്ല.രണ്ടു പെണ്‍മക്കള്‍,.രണ്ടുപേരേയും നല്ല രീതിയില്‍ വിവാഹം കഴിച്ചയച്ചു..അവര്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഗള്‍ഫില്‍ പൂരത്തിന്റെ നാട്ടില്‍ ജീവിയ്ക്കുന്നു. ഈ തിരക്കുകള്‍ക്കൊടുവില്‍ ഒരു ദിവസം ചന്ദ്രേട്ടനെ ഒറ്റയ്ക്കാക്കി വിലാസിനി ചേച്ചി ലോകത്തോടു വിടപറഞ്ഞു.അര്‍ബുദം വിലാസിനിചേച്ചിയുടെ ജീവനൊപ്പം ചന്ദ്രേട്ടന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കവര്‍ന്നെടുത്തു...വിലാസിനിയുടെ ജീവനു വേണ്ടി തന്റെ സര്‍വ്വവും ഉപേക്ഷിയ്ക്കാന്‍ ചന്ദ്രേട്ടന്‍ ഒരുക്കമായിരുന്നു..പക്ഷെ ശാസ്ത്രം അവിടെതോറ്റു..സോറി എന്ന വാക്കില്‍ എല്ലാം ഒതുങ്ങി...!

അതിനൊക്കെ എത്രയൊ മുമ്പ്‌,അച്ചന്റെ മരണത്തോടെ നാടുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു ചന്ദ്രേട്ടനു രമേശനും..അച്ഛന്റെ അന്ത്യനാളുകളില്‍, എന്തിന്‌ മരണനാന്തരചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല...ചിക്കന്‍പോക്സു പിടിപ്പെട്ടു അവശനിലയില്‍ ആശുപത്രിയിലായിരുന്നു അന്ന്‌ ചന്ദ്രേട്ടന്‍,പ്ലേഗു രോഗം ഭയന്ന്‌ ഇന്ത്യയിലേയ്ക്കുള്ള ഫ്ലൈറ്റ്‌ സെര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്ന സമയമായിരുന്നതിനാല്‍ ഗള്‍ഫില്‍ രമേശനും കുടുങ്ങിപോയി. ശേഷക്രിയ ചെയ്യാന്‍ മക്കളാരുമില്ലാതെ തികച്ചും ഒരനാഥനെപോലെ ചിതയില്‍ വെന്തെരിയാനായിരുന്നു അദ്ദേഹത്തിന്റെ യോഗം.

ഇന്ന്‌ വേരുകള്‍ നഷ്ടപ്പെട്ട പാവം ചന്ദ്രേട്ടന്‍ ബോംബേയില്‍ ഒറ്റയക്ക്‌..എത്രകാലം..? ഊരും പേരും മേല്‍വിലാസവും ഇല്ലാതെ വാര്‍ദ്ധക്യത്തിന്റെ ഏകാന്തഭീകര അപാര തീരങ്ങളിലേയ്ക്ക്‌ ശൂന്യമായ കൈകളുമായി നടന്നടുക്കാന്‍ തുടങ്ങിയിരിക്കുന്നു ചന്ദ്രേട്ടന്‍..നാട്ടിലേയ്ക്കു തിരിച്ചുപോകാന്‍ മോഹിച്ചാല്‍ത്തന്നെ ഒരു പിടി മണ്ണുപോലും സ്വന്തമായി ഇനി അവിടെ ബാക്കിയില്ല.

അന്തമില്ലത്ത മോഹങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടില്‍ സമ്പത്‌സമൃദ്ധിയും സുഖലോലുപതയും പുത്തന്‍ ജീവിതസൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ലോകത്തിന്റെ ഏതു തുഞ്ചത്തേയ്ക്കും ചേക്കേറാന്‍ തയ്യാറാവുന്നു ആധുനിക മനുഷ്യന്‍,..പ്രത്യേകിച്ചും മലയാളി സമൂഹം.. പ്രവാസം അവന്റെ ജീവിതത്തിന്റെ ഭാഗമായിരിയ്ക്കുന്നു..അപ്പോഴും വേരുകള്‍ കൈവിടാതിരിയ്ക്കാന്‍ കരുതലെടുക്കുന്നു വിവേകശാലികള്‍..ജനിച്ചു വളര്‍ന്ന നാട്ടില്‍, ബാല്യകാലസ്വപ്നങ്ങള്‍ പൊട്ടിമുളച്ചു ചിറകുവെച്ചു പറന്നു നടക്കാന്‍ തുടങ്ങിയ അന്തരീകഷത്തില്‍,കൗമാരകൗതുകങ്ങള്‍ പന്തടിച്ചു കളിച്ചു നടന്ന മണ്ണില്‍, യൗവനം മോഹങ്ങള്‍ ആദ്യമായി പൂത്തുലഞ്ഞു പെയ്തിറങ്ങിയ ഭൂമികയുടെ സ്മരണയില്‍ ശാന്തമായ അവസാനത്തെ ഉറക്കത്തിനായുള്ള ആറടി മണ്ണെങ്കിലും കരുതലോടെ കാത്തു സൂക്ഷിയ്ക്കുന്നു...

പ്രണയകാമനകളുടെ, കാമക്രോധങ്ങളുടെ സങ്കീര്‍ണ്ണപഥങ്ങളിലൂടെ അപായകരമായ വേഗത്തില്‍ സഞ്ചരിയ്ക്കുന്ന തീക്ഷ്ണയൗവനത്തിന്റെ മധ്യാഹ്നത്തിലും ഭൗതികാസക്തിയിലും സ്ഥാനമാനമോഹങ്ങളിലും മുങ്ങിനീരാടുന്ന അപരാഹ്നത്തിലും ഈ സത്യം തിരിച്ചറിയാതെ പോകുന്നു നമ്മളില്‍ പലരും.ഒടുവില്‍ മോഹങ്ങളുടെ പത്തി താഴാന്‍ തുടങ്ങുമ്പോള്‍,ഇതുവരെ നേടിയതൊന്നും യഥാര്‍ത്ഥ നേട്ടങ്ങളല്ല എന്നു എന്ന സത്യം മനസ്സില്‍ ഒരു വിങ്ങലായി പടരാന്‍ തുടങ്ങുമ്പോള്‍ തിരിച്ചറിവുണ്ടാകും..,നാടിനെ, ബന്ധുക്കളെ എല്ലാം ഓര്‍ക്കാന്‍ തുടങ്ങും..വേരുകള്‍ തേടിയുള്ള തിരിച്ചുപോക്കിന്‌ മനസ്സു കൊതിയ്ക്കും..അപ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും എല്ലാം അന്യമായിരിയ്ക്കും..

ഒന്നോര്‍ത്താല്‍ ഈ പറയുന്ന ഒരുക്കൂട്ടലിനും കരുതലിനൊന്നും ഒരര്‍ത്ഥവുമില്ല എല്ലാം ഒരു നിയോഗമാണ്‌.!

ഇന്‍ഷൂറന്‍സ്‌ പരിരക്ഷയുടെ തണലിലെ ആശുപത്രി വാസം,..ശരണാലയങ്ങളിലെ ഇടനാഴികള്‍,.കണികണ്ടുണരുന്ന ഹോം നേഴ്‌സിന്റെ മുഖം ഇതൊന്നുമില്ലാതെ കുടുംബാംഗങ്ങളുമൊത്തുള്ള സ്വച്ഛന്ദമായ വാര്‍ധക്യജീവിതം, ആയസരഹിതമായ മരണം ഇതെല്ലാം വെറും സ്വപ്നം മാത്രമായി മാറാന്‍ തുടങ്ങിയിരിയ്ക്കുന്നു കരുണാരഹിതമായ ഈ നവലോകത്തില്‍..

"കുട്ടേട്ടാ നമ്മുടെ മാധവി ടീച്ചറെ ശരണാലയത്തിലാക്കി...."

കുറേ മാസങ്ങള്‍ക്കു ഒരു ദിവസം മൊബൈയലില്‍ മാളുവിന്റെ ശബ്ദം ഇടറി...വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല..ടീച്ചര്‍ മരിച്ചു പോയി എന്നവള്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രയും ഞെട്ടില്ലായിരുന്നു ഞാന്‍,..ഇത്‌ ഈ തൊണ്ണൂറാം വയസ്സില്‍...അവരുടെ ഒരു യോഗം.. ഒരു മകന്‍ മാത്രമെ ഉള്ളു ടീച്ചര്‍ക്ക്‌ ഗോപന്‍....ഏഴാംക്കടലിക്കരെ കുടുംബസമേതം ഐ.ടി വിപ്ലവമൊരുക്കുന്ന ഏക മകളുടെ കടിഞ്ഞൂല്‍ പ്രസവശുശ്രൂഷയുടേ പേരില്‍ ഭര്യയേയുംകൂട്ടി അവിടേയ്ക്ക്‌ ഉല്ലാസയാത്രയ്ക്കു പോകാന്‍ വേണ്ടി സ്വന്തം അമ്മയെ ..! വേണ്ടായിരുന്നു ഗോപേട്ടാ..പാടില്ലായിരുന്നു.കുറച്ചുനാള്‍കൂടി ക്ഷമയോടെ കാത്തിരിയ്ക്കാമായിരുന്നു..!

എന്റെ അയല്‍ക്കാരിയായിരുന്നു ടീച്ചര്‍.ചെറുപ്പത്തിലെ ഭരത്താവു മരിച്ചുപോയി മകനെ ഒറ്റയ്ക്കു വളര്‍ത്തി. ഗോപേട്ടനു വേണ്ടിയായിരുന്നു ടീച്ചര്‍ ജീവിച്ചതു തന്നെ. തന്റേടവും കാര്യപ്രാപ്തിയുമുള്ള ഹെഡ്‌മിസ്ട്രസ്സായിരുന്നു അവര്‍.അച്ചടക്കത്തിന്റെ പര്യായം..കുട്ടികള്‍ക്കെല്ലാം ഭയങ്കര പേടിയായിരുന്നു അവരെ. അയല്‍പ്പക്കത്തെ കുട്ടിയായതുകൊണ്ടാകാം എന്നെ വലിയ ഇഷ്ടമായിരുന്നു ടീച്ചര്‍ക്ക്‌.."കുട്ടന്‍ നന്നായി പഠിയ്ക്കണം, ഒരുപാടു വായിയ്ക്കണം..വലുതാവുമ്പോള്‍ ഐ.ഏ,എസിനെഴുതണം, കുട്ടനതിനു കഴിയും..കുട്ടനതിനുള്ള ബുദ്ധിയുണ്ട്‌.." അങ്ങിനെ എന്റെ വീട്ടുകാര്‍ക്കില്ലാതെ പോയ ശ്രദ്ധയും പ്രതീക്ഷകളും അവര്‍ക്കെന്നില്‍ ഉണ്ടായിരുന്നു..

കുട്ടന്‍ പഠിച്ചില്ല,,ഉഴപ്പിയുഴപ്പി അവസാനം മണലാര്യണ്യത്തില്‍ എവിടെയോ വെറുമൊരു മണല്‍ത്തരിയ്ക്കു സമാനമായി ജീവിയ്ക്കുന്നു എന്നറിഞ്ഞിട്ടും അവര്‍ക്കെന്നോടുള്ള വാല്‍സ്യല്യത്തിന്‌ ഒരു കുറവും വന്നില്ല.ഓരോ വെക്കേഷന്‍ നാളുകളിലും അതനുഭവിച്ചറിയാറുണ്ടായിരുന്നു ഞാന്‍." വല്ലാതെ ക്ഷീണിച്ചു പോയല്ലോ കുട്ടന്‍, എന്തെ അവിടത്തെ ജീവിതം പിടിയ്ക്കാതായോ കുട്ടന്‌.. കുട്ടന്റെ തല്‍സ്വരൂപമല്ലെ അപ്പു,.കുട്ടന്‍ നേടാതെ പോയതെല്ലാ അവന്‍ നേടിയെടുക്കും.." വാല്‍സല്യം കവിഞ്ഞൊഴുകുന്ന മനസ്സുമായി അപ്പോഴൊക്കെ എന്നില്‍ ഗുരുത്വം നിറയ്ക്കുമായിരുന്നു അവര്‍ ..

മാളുവിനും ടീച്ചറെ വലിയ കാര്യമാണ്‌. അവളുടെ വീട്ടിലേയ്ക്കുള്ള വഴിയ്ക്കാണ്‌ ഈ ശരണാലയം..വീട്ടിലേയ്ക്ക്‌ പോകുന്ന സമയത്തെല്ലാം അവിടെയും കയറും അവള്‍ മധുരപലഹാരങ്ങളുമായി...ഈ പ്രായത്തിലും മധുരത്തിനോട്‌ നല്ല പ്രിയമാണ്‌ ടീച്ചര്‍ക്ക്‌.

'കുട്ടന്‍ അറിഞ്ഞില്ലെ, കുട്ടനോടു പറഞ്ഞില്ലെ എന്റെ പുതിയ വിശേഷങ്ങള്‍.." അപ്പോഴും കുട്ടനെക്കുറിച്ച്‌ അന്വേഷിയ്ക്കാന്‍ മറന്നില്ല ടീച്ചര്‍.

"കുട്ടേട്ടാ, ഇന്ന്‌ ഞാനവിടെ പോയിരുന്നു..ടീച്ചര്‍ക്ക്‌ തീരെ വയ്യാതായി,ഭക്ഷണം കുറച്ചെ കഴിയ്ക്കുന്നുള്ളു, മിണ്ടാട്ടവും കുറഞ്ഞു..ആ അന്തരീക്ഷവുമായി അവര്‍ക്ക്‌ ഒട്ടും പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെന്നാണ്‌ അവിടത്തെ അമ്മമാരും ആയമാരും പറഞ്ഞത്‌..പാവം, നമുക്ക്‌ എന്തു ചെയ്യാന്‍ കഴിയും അല്ലെ.ഇന്നലെ വൈകുന്നേരം ഫോണില്‍ മാളു.

ഉള്ളില്‍ ഒരു നീറ്റല്‍ പടര്‍ന്നിറങ്ങി...എന്തൊക്കയോ ചെയ്യാന്‍ ബാക്കിയില്ലെ എന്ന തോന്നല്‍.. ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലൊ എന്ന ചിന്ത..നിസ്സഹായതയുടെ മൂടുപടമണിഞ്ഞ മനസ്സ്‌ ഒരു നിമിഷം ന്യൂനമര്‍ദ്ദത്താല്‍ വല്ലാതെ ഉലഞ്ഞു.

"മാളു എന്നെക്കാളും മുമ്പ്‌ നീ മരിയ്ക്കണം..അതാണെന്റെ പ്രാര്‍ത്ഥന, അതാനെന്റെ ആഗ്രഹം..." ആ നിമിഷത്തില്‍ ചുണ്ടില്‍നിന്നും വാക്കുകള്‍ അറിയാതെ ഉതിര്‍ന്നു വീണു.
എന്താ കുട്ടേട്ടാ, എന്താ പറഞ്ഞെ." അവളുടെ സ്വരം വാടി.

അതങ്ങിനെയല്ലെ വരു.."ഓമനെ നിന്റെ മടിയില്‍ തല ചായ്ച്ച്‌, നിന്റെ കയ്യില്‍നിന്നും രണ്ടിറ്റുവെള്ളം വാങ്ങികുടിച്ചു വേണം എനിയ്ക്കു സ്വസ്ഥമായി കണ്ണടയ്ക്കാന്‍ " എത്ര ദുഷ്ടനായാല്‍ പോലും പ്രിയതമനില്‍ നിന്നും അങ്ങിനെ കേള്‍ക്കാനല്ലെ ഏതു ഭാര്യയും കൊതിയ്ക്കു.

ആ സമയത്തു പെട്ടന്നുണ്ടായ ഏതുവികാരത്തിന്റെ പേരിലായാലും ഞാന്‍ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു..

എടി മണ്ടി,. നീ മരിച്ചിട്ട്‌ ഒരു പുതുപ്പെണ്ണിനെകൊണ്ടുവന്ന്‌ നവ്യാനുഭവങ്ങളുടെ രുചിയറിയാനുള്ള മോഹം കൊണ്ടല്ല കുട്ടേട്ടനങ്ങിനെ പറഞ്ഞത്‌,. വയ്യാ. കുട്ടേട്ടനില്ല്ലാത്ത ഒരു ലോകത്ത്‌ ഇങ്ങിനെ ഒരവസ്ഥയില്‍ നീ..! ഓര്‍ക്കാന്‍ കൂടി വയ്യ,..കൂടിയല്ലല്ലൊ ജനിച്ചത്‌ നാം...ഇനി കൂടിയല്ല മരിയ്ക്കാനും പോകുന്നത്‌..അതോര്‍ത്തപ്പോള്‍ സങ്കടം കൊണ്ട്‌, സ്നേഹക്കൂടുതല്‍കൊണ്ട്‌. കുട്ടേട്ടന്‍ അങ്ങിനെ അറിയാതെ....ക്ഷമിയ്ക്കു നീ..എന്റെ വാക്കുകള്‍ ഇടറി..

അപ്പുറത്ത്‌ മഴവില്ലു വിരിഞ്ഞു നിന്നിരുന്ന മുഖാംബരം മേഘാവൃതമായി.മഴത്തുള്ളികള്‍ പെയ്തിറങ്ങി.. കമ്പിയില്ലാകമ്പിയുടെ അലകളിലൂടെ ആ കണ്ണുനീര്‍ത്തുള്ളികള്‍ എന്റെ ഹൃദയത്തിലും വീണു പൊള്ളിച്ചു . സങ്കട നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിയ്ക്കാന്‍ എപ്പോഴും വിമുഖത കാണിയ്ക്കുന്ന എന്റെ ഫോണ്‍ താനെ ഡിസ്ക്കണക്റ്റായി...

ഭാഗ്യവതിയാണെന്റെ അമ്മ.ഞാനൊഴികെ മക്കളില്‍ ആറുപേരും അമ്മയുടെ ചുറ്റുവട്ടത്ത്‌, ഒരു വിളിപ്പാടകലെ അമ്മയുടെ സ്പന്ദനങ്ങള്‍ക്കു കാതോര്‍ത്തിരിയ്ക്കുന്നു..വരാന്ത്യങ്ങളില്‍ അമ്മയുടെ ചാരെ ഒത്തുകൂടുന്നു..തറവാട്‌, തൊട്ടപ്പുറത്തെ അനിയന്റെ വീട്‌.അങ്ങിനെ മക്കളും മക്കളുടെ മക്കളുമായി ആ വലിയ സാമ്രാജ്യത്തില്‍ ഇന്നും കീരിടം വെച്ച രാജ്ഞിയായി അമ്മ വാഴുന്നു.

"മാളു , നമ്മുടെ അപ്പു, അവന്‍ പഠിച്ചു മിടുക്കനായി ആകാശത്തോളം വളര്‍ന്ന്‌ കടലുകള്‍ താണ്ടി മുന്നേറിയാല്‍,അവനോടുത്ത്‌ ഏതെങ്കിലും തണുത്തുറഞ്ഞ നാട്ടില്‍ സ്വെറ്ററുകളുടെ മേല്‍ സ്വെറ്ററുകളിട്ടും മാറാത്ത തണുപ്പുമായി വിറങ്ങലിച്ച്‌ വാര്‍ധക്യത്തിലെ കുറച്ചു നാളെങ്കിലും ചിലവഴിയ്ക്കേണ്ടി വരും നമുക്ക്‌, പിന്നെ അവനു മടുക്കുമ്പോള്‍ ശിഷ്ടക്കാലം ഏതെങ്കിലും വൃദ്ധ സദനത്തില്‍..! വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അപ്പു ഹരിശ്രീ കുറിയ്ക്കുന്ന നാളുകളിലൊരിയ്ക്കല്‍ മാളുവിനോട്‌ കളി പറഞ്ഞു ഞാന്‍.

അന്നതു പറയുമ്പോള്‍ വളരെ ചെറുപ്പമായിരുന്നു ഞങ്ങള്‍..ആ വാചകങ്ങള്‍ വെറും തമാശ മാത്രമായെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു...ഇന്ന്‌ അവന്‍ വളരാന്‍ തുടങ്ങിയിരിയ്ക്കുന്നു.മാളു തയിച്ചൊരുക്കുന്ന സ്വപ്നങ്ങളുടെയും മോഹങ്ങളുടേയും കുട്ടിയുടുപ്പുകള്‍ അവനു പാകമാകതായിരിയ്ക്കുന്നു..അമ്മയുടെ ഇച്ചിരിപ്പൊട്ടു വട്ടത്തിലുള്ള ലോകത്തിനുമപ്പുറം പുതിയൊരു ലോകമുണ്ടെന്നു തിരിച്ചറിയാന്‍ തുടങ്ങിയിരിയ്ക്കുന്നു അവന്‍.

ഈശ്വരാ..കാലത്തിന്റെ കയ്യില്‍തൂങ്ങി ഉത്സാഹത്തോടെ നടന്നു നീങ്ങുന്ന ഞങ്ങളും അവസാനം ചെന്നെത്തന്‍ പോകുന്നത്‌ ആ പടിവാതില്‍ക്കല്‍ തന്നെയായിരിയ്ക്കുമോ.?.

സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും, ആരെങ്കിലും ..ഇല്ലെങ്കില്‍ ഒന്നു ചിന്തിച്ചു നോക്കണം, വല്ലപ്പോഴുമെങ്കിലും..എന്റെ മോന്‍,.എന്റെ മോള്‍ എന്തു വിലകൊടുത്തും അവരുടെ ഭാവി...മനസ്സില്‍ നുരഞ്ഞുപൊന്തുന്ന സ്വാര്‍ത്ഥതയുടെ സ്വയാശ്രയ മോഹങ്ങള്‍ക്ക്‌ അല്‍പ്പം ശമനം വരും അപ്പോള്‍.

പണത്തിന്റെ മാത്രം ബലത്തില്‍ അര്‍ഹതപ്പെട്ടവരെ ചവിട്ടിമെതിച്ചു നേട്ടങ്ങള്‍ എത്തിപ്പിടിയ്ക്കുന്നത്‌ പാപകര്‍മ്മങ്ങള്‍ക്കു തുല്യമാണ്‌.അതിന്റെ ഫലം ഈ ഭൂമിയില്‍ തന്നെ അനുഭവിച്ചു തീര്‍ക്കേണ്ടി വരും..അതിനായുള്ള പേയ്‌മന്റ്‌ സീറ്റുകള്‍ ഒരുക്കിത്തരുന്നത്‌ ഒരു പക്ഷെ നമ്മുടെ മക്കള്‍ത്തന്നെയായിരിയ്ക്കും. .

ഒരു കൊച്ചുകീറു ആകാശമെങ്കിലും കാണാന്‍ കഴിയാതെ ഒരു കുഞ്ഞിക്കിളിയുടെ ചിറകൊച്ച പോലും കേള്‍ക്കാന്‍ കഴിയാതെ ഇരുണ്ട ഇടനാഴികളില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ഗന്ധവും സാമീപ്യം കൊതിച്ച്‌, എല്ലാ ഗദ്ഗദങ്ങളും ഉള്ളിലൊതുക്കി,ഒരുപാടു കണ്ണാടിച്ചില്ലുകളില്‍ പ്രതിഫലിയ്ക്കുന്ന ഒരേമുഖം പോലെ ചുക്കിച്ചുളിഞ്ഞ സമാന മുഖങ്ങള്‍ക്കൊപ്പം ഒന്നിച്ച്‌ മോക്ഷപ്രാപ്തിയ്ക്കായുള്ള നിശ്ശബ്ദപ്രാര്‍ത്ഥനയുമായി അന്ത്യനാളുകളില്‍ ജീവിയ്ക്കേണ്ടി വരുന്ന അവസ്ഥ.!

ഇതിനു വേണ്ടിയായിരുന്നോ ഒരുപാടു പേരുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച്‌ ഇത്രയും വര്‍ഷം ഈ കണ്ട നെട്ടൊട്ടമെല്ലാം ഓടിയത്‌..?

ആ നിമിഷങ്ങളിലായിരിയ്ക്കും ഒരുപക്ഷെ ജീവിതത്തില ആദ്യമായി മനസ്സില്‍ തിരിച്ചറിവുണ്ടാകാന്‍ തുടങ്ങുന്നത്‌.ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും സ്വയം ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങുന്നത്‌..!

മടുപ്പോടെ റീസൈക്കിള്‍ ബിന്നിലേയ്ക്കു വലിച്ചെറിയപ്പെടുന്നതിനു പകരം എന്നിട്ടും എന്തെ ആരും പെര്‍മനന്റ്‌ ആയി ഡിലീറ്റ്‌ ചെയ്യപ്പെടുന്നില്ല.?.

സ്നേഹം കൊണ്ടോ കാരുണ്യം കൊണ്ടോ ആയിരിയ്ക്കില്ല..!

ബാല്യത്തില്‍ ചുണ്ടില്‍നിറഞ്ഞുതുളിമ്പിയിരുന്ന അമ്മിഞ്ഞപാലിന്റെ രുചിയോര്‍ത്തിട്ടുമാവില്ല.!

നിയമത്തിന്റെ നൂലമാലകള്‍ ഒന്നു നീങ്ങി കിട്ടിയിരുന്നെങ്കില്‍....!.

ദയാവധം അനുവദനീയമായിരുന്നെങ്കില്‍..!

ഒന്നോര്‍ത്തുനോക്കു അമ്മ, അച്ഛന്‍ വ്യക്തിബന്ധങ്ങള്‍. മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യം ..എന്തിന്‌ സമൂഹം തന്നെ മൊത്തം മാറിപോയനെ...അല്ലെ..!

കലികാലമാണിത്‌.... എന്നും അമാവാസി നാളുകള്‍..ചുറ്റും കുറ്റാക്കൂരിരുട്ട്‌.ആസക്തിയുടേയും സ്വാര്‍ത്ഥതയുടെയും കാര്‍മേഘങ്ങള്‍ മൂടിയ ആകാശത്ത്‌ നന്മയുടെ ഒരു താരാകണമെങ്കിലും പ്രകാശിച്ചിട്ട്‌ നാളെത്രയായി.

മുറ്റത്ത്‌ പുഞ്ചിരിച്ചു പാറിപറക്കുന്ന പാവം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തില്‍ പോലും സ്വാര്‍ത്ഥതയും ക്രൂരതയും നിഴലിയ്ക്കുന്നുവോ എന്നു സംശയത്തോടെ വീക്ഷിയ്ക്കേണ്ടി വരുന്ന കാലം..

എഴുതിയെഴുതി ശൂന്യമായെന്റെ മനസ്സ്‌.. ഇനി നെറ്റില്‍ മുഖപുസ്തകത്തിന്റെ മാന്ത്രികലോകത്തില്‍ പോയി ഞാനൊന്നു മുങ്ങി നീരാടട്ടെ,..അങ്ങിനെ മനസ്സില്‍ ശുഭചിന്തകള്‍ നിറയ്ക്കട്ടെ..ഈ തിരക്കിനടയില്‍ അമ്മയെ വിളിയ്ക്കാന്‍ മറന്നു പോയി..പാവം കാത്തിരിയ്ക്കുകയായിരിയ്ക്കും..കുറച്ചു കഴിഞ്ഞു വിളിയ്ക്കാം..അല്ലെങ്കില്‍ത്തന്നെ ഒരു ദിവസം വിളിച്ചില്ലെങ്കിലെന്താ..പിന്നെ കാത്തിരിപ്പ്‌. അനന്തമായ കാത്തിരിപ്പ്‌.വാര്‍ദ്ധക്യത്തിന്റെ മുഖമുദ്രയല്ലെ അത്‌..

കാലചക്രം ഇനിയും ഉരുളും. .! ഒരിയ്ക്കല്‍ നമ്മളും ആ മഹാ സത്യം മന്ത്രിയ്ക്കും,.. നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌,.. വിറയ്ക്കുന്ന അധരങ്ങളോടെ..

"ഇന്നു ഞാന്‍ നാളെ നീ.."

കൊല്ലേരി തറവാടി
12/06/2011

11 comments:

 1. കാലചക്രം ഇനിയും ഉരുളും. .! ഒരിയ്ക്കല്‍ നമ്മളും ആ മഹാ സത്യം മന്ത്രിയ്ക്കും,.. നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌,.. വിറയ്ക്കുന്ന അധരങ്ങളോടെ..

  "ഇന്നു ഞാന്‍ നാളെ നീ.."
  ഈ നഗ്ന യാഥാര്‍ത്യങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കാന്‍ ആവുന്നില്ല തറവാടി.
  നന്നായി ഉള്‍ക്കൊണ്ടു.
  ആശംസകളോടെ

  ReplyDelete
 2. വായിച്ച് വായിച്ച് കുട്ടേട്ടനും മാളുവും എന്റെ സ്വന്തക്കാരായി എന്നൊരു തോന്നല്‍..

  ReplyDelete
 3. കാലത്തിന്റെ കയ്യില്‍തൂങ്ങി ഉത്സാഹത്തോടെ നടന്നു നീങ്ങുന്ന നമ്മളും അവസാനം ചെന്നെത്തന്‍ പോകുന്നത്‌ ആ പടിവാതില്‍ക്കല്‍ തന്നെയായിരിയ്ക്കുമോ.?
  കാലചക്രം ഇനിയും ഉരുളും. .!
  ഒരിയ്ക്കല്‍ നമ്മളും ആ മഹാ സത്യം മന്ത്രിയ്ക്കും..
  നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌..
  വിറയ്ക്കുന്ന അധരങ്ങളോടെ..

  ReplyDelete
 4. കാലചക്രം ഇനിയും ഉരുളും. .! ഒരിയ്ക്കല്‍ നമ്മളും ആ മഹാ സത്യം മന്ത്രിയ്ക്കും,.. നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌,.. വിറയ്ക്കുന്ന അധരങ്ങളോടെ..

  "ഇന്നു ഞാന്‍ നാളെ നീ.."

  കൊല്ലേരി വീണ്ടും അതിശയിപ്പിക്കുന്നു...

  ReplyDelete
 5. പണത്തിന്റെ മാത്രം ബലത്തില്‍ അര്‍ഹതപ്പെട്ടവരെ ചവിട്ടിമെതിച്ചു നേട്ടങ്ങള്‍ എത്തിപ്പിടിയ്ക്കുന്നത്‌ പാപകര്‍മ്മങ്ങള്‍ക്കു തുല്യമാണ്‌.അതിന്റെ ഫലം ഈ ഭൂമിയില്‍ തന്നെ അനുഭവിച്ചു തീര്‍ക്കേണ്ടി വരും..അതിനായുള്ള പേയ്‌മന്റ്‌ സീറ്റുകള്‍ ഒരുക്കിത്തരുന്നത്‌ ഒരു പക്ഷെ നമ്മുടെ മക്കള്‍ത്തന്നെയായിരിയ്ക്കും. .

  ഒന്നും പറയാനില്ല കൊല്ലേരീ... ഹൃദയത്തെ കീറിമുറിക്കുന്ന വരികള്‍ ...

  അജിത്‌ഭായ്‌ പറഞ്ഞത്‌ പോലെ കുട്ടേട്ടനും മാളുവും നമുക്ക്‌ വേണ്ടപ്പെട്ടവരായി മാറിക്കഴിഞ്ഞിരിക്കുന്നു...

  ReplyDelete
 6. "ഇന്നു ഞാന്‍ നാളെ നീ.."

  ReplyDelete
 7. ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍, അണുകുടുംബ വ്യവസ്ഥിതിയില്‍ ഏറെ സങ്കടത്തോടെയാണെങ്കിലും പലര്ക്കും തങ്ങളുടെ മാതാപിതാക്കളെ ശരണാലയത്തിന്റെ തണലില്‍ അവിടുത്തെ അമ്മമാരുടെ സുരക്ഷിത കരങ്ങളില്‍ ഏല്പ്പി്യ്ക്കേണ്ടി വരുന്നു.. മാതാപിതാക്കളും അതു മനസ്സിലാക്കുന്നു.. അവിടവുമായി പൊരുത്തപ്പെട്ടു സസുഖം ജീവിയ്ക്കുന്നു. ഈ പോസ്റ്റെഴുതുമ്പോള്‍ ഈ ഒരു വലിയ കാര്യം ഞാന്‍ ഒരു കമന്റ്‌ ആയിട്ടെങ്കിലും പറയേണ്ടതായിരുന്നു.

  ഞാനും ഒരു മകനാണ്‌. അമ്മമ്മാരെ സ്നേഹിയ്ക്കാത്ത ഒരു മക്കളുമുണ്ടാവില്ല ഈ ലോകത്തില്‍ എന്ന തിരിച്ചറിവ്‌ എനിയ്ക്കുമുണ്ട്‌.. പിന്നെ കാണുന്ന ചില വാര്ത്തലകള്‍... അത്‌ ഒറ്റപ്പെട്ട സംഭവങ്ങള്പെലരുപ്പിച്ച്‌ പത്രങ്ങള്‍ ഒരുക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ മാത്രമാകട്ടെ എന്ന്‌ ആത്മാര്ത്ഥങമായി പ്രാര്ത്ഥി യ്ക്കുന്നു ഞാന്‍. എന്റെ ഈ പോസ്റ്റ്‌ മാതാപിതാക്കളെ ജീവനു തുല്യം സ്നേഹിയ്ക്കുന്ന എതെങ്കിലും മക്കളെ വേദനിപ്പിച്ചുണ്ടെങ്ല്‍ സദയം പൊറുക്കക.

  ഈ കുറിപ്പിലൂടെ നിശ്ശബ്ദം കടന്നു പോയ എല്ലാ മാന്യ വായനക്കാര്ക്കുംസ നന്ദി പറയുന്നു.

  ഇനി എന്റെ കമന്റ്‌ ബോക്സില്‍ സ്ഥിരമായി വരുന്ന നാലഞ്ചുപേരെക്കുറിച്ച്‌ ഞാനെന്താ പറയേണ്ടത്‌, അജിത്തെ.!
  നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ എപ്പോഴെങ്കിലും ബഹറിനിലെ എയര്പോരര്ട്ടില്‍, അല്ലെങ്കില്‍ കേരളത്തിലെ എതെങ്കിലും തെരുവോരങ്ങളില്‍ യാദൃശ്ചികമായി താങ്കളെ കാണാനിടവരികയാണെങ്കില്‍ ക്ഷണനേരം കൊണ്ട്‌ തിരിച്ചറിയാന്‍ കഴിയും ഈ കുട്ടേട്ടന്‌.. താങ്കളെ മാത്രമല്ല ബിലാത്തിയേയും ജാസ്മിക്കുട്ടിയേയും അങ്ങിനെ പലരേയും.. അത്രമാത്രം പതിഞ്ഞിരിയ്ക്കുന്നു നിങ്ങളുടെ മുഖങ്ങള്‍ എന്റെ മനസ്സില്‍,.. ഒരിയ്ക്കലും മാഞ്ഞുപോകാത്ത വിധം.

  കൊല്ലേരി എന്തെഴുതിയാലും ആവേശത്തോടെ വന്നു കമന്റ്‌സ്‌ ഇടാറുള്ള ആരുടേയൊക്കയോ അഭാവം ഇന്ന്‌ എന്നെ അത്ഭുതപ്പെടുത്തുന്നു.. ഒരു പക്ഷെ തിരക്കുകൊണ്ടായിരിയ്ക്കാം, അല്ലെങ്കില്‍ കൊല്ലേരിയെക്കുറിച്ചു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞില്ലെ, പുതിയതായി ഇനിയെന്തു പറയാന്‍ എന്ന ചിന്ത കൊണ്ടാകാം.. എന്തായാലും ആ മൗനത്തിന്റെ വാചാലതയും, എഴുതാതെ പോയ കമന്റ്‌സിലെ വാചകങ്ങളും എന്റെ മനസ്സ്‌ വായിച്ചറിയുന്നു, തിരിച്ചറിയുന്നു.. നന്ദി..

  കൊച്ചുകൊച്ചു പിണക്കങ്ങളും, ഇണക്കങ്ങളും,കുസൃതി കമന്റ്‌സുകളും നിറഞ്ഞ നിഷ്കളങ്കവും, നിഷ്‌കാമവുമായ സൗഹൃദത്തിന്റെ പൂക്കാലത്തിലേയ്ക്ക്‌, ആ പഴയ കാമ്പസ്‌കാലത്തിലേയ്ക്ക്‌ മനസുകൊണ്ടൊരു മടക്കയാത്രയ്ക്കുള്ള മോഹമല്ലെ ഈ തിരക്കിനിടയിലും വല്ലപ്പോഴുമെങ്കിലും ബൂലോകത്തിലൂടെ ഒരോട്ടപ്രദക്ഷിണം നടത്താന്‍ നമ്മില്‍ പലരേയും പ്രേരിപ്പിയ്ക്കുന്നത്‌.. ഒരര്ത്ഥകത്തില്‍ ആ കാമ്പസ്‌ ലോകത്തിന്റെ മറ്റൊരു രൂപം തന്നെയല്ലെ ഈ ബൂലോകം.....

  ശുഭദിനം.

  ReplyDelete
 8. കൊല്ലേരി, വായിക്കുന്നുണ്ട്..ചിലപ്പോള്‍പറഞ്ഞത് പോലെ
  അല്പം താമസം വരും വായിക്കാനും കമന്റ്‌ ഇടാനും..
  മൌനം ആയി കടന്നു പോകുന്നവരേയും ഓര്തല്ലോ...
  നല്ല മനസ്സ്..പോസ്റ്റുകള്‍ പോലെ തന്നെ.ആശംസകള്‍..

  ReplyDelete
 9. നമ്മുടെ കുട്ടികള്‍ നമ്മോട് ഇങ്ങനെ ചെയ്യുമോ..? ഹേയ് ഇല്ലായിരിക്കും അല്ലേ..? നമ്മുടെ അച്ഛനമ്മമാരെ നമ്മള്‍ എങ്ങിനെ സംരക്ഷിക്കുന്നു അതുപോലെയായിരിക്കില്ലേ നമ്മുടെ മക്കള്‍ നമ്മളെയും സംരക്ഷിക്കുക അല്ലേ...അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം...സമൂഹത്തില്‍ നടക്കുന്ന മനം പൊള്ളിക്കുന്ന കാഴ്ചകളിലേക്ക്, മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വേള നമ്മയോക്കെ ഇരുത്തി ചിന്തിപ്പക്കാനുതകുന്ന നല്ലൊരു പോസ്റ്റ്‌ കൊല്ലേരീ...

  ReplyDelete
 10. ഞാന്‍ കുറച്ചുകാലമായി ഇവിടെ താമസിക്കുന്നതുകൊണ്ടാകാം, എന്റെ വാര്‍ദ്ധക്യത്തില്‍ എന്റെ മകന്‍ കൂടെയിരുന്ന് എന്നെ പരിപാലിക്കണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമോ പ്രതീക്ഷയോ ഇല്ല. എന്റെ അച്ഛനമ്മമാരെ നോക്കാന്‍ ചേട്ടന്‍ നാട്ടിലുള്ളതുകൊണ്ട് അക്കാര്യത്തില്‍ ഒരു മനഃപ്രയാസവുമില്ല. ഞാന്‍ "വേരുകളിലേക്കു" മടങ്ങാന്‍ ദാഹിക്കുന്ന കൂട്ടത്തിലല്ല.

  പക്ഷേ പഴയ തലമുറയ്ക്ക് സ്വന്തക്കാരും സ്വന്തം നാടും വാര്‍ദ്ധക്യത്തില്‍ തുണയായി, കൂട്ടായി കൂടെയുണ്ടാകണമെന്ന ആഗ്രഹം ഉണ്ടാകാമെന്ന് അംഗീകരിക്കുന്നു.

  നല്ല സുന്ദരമായ ഭാഷ! അഭിനന്ദനങ്ങള്‍.

  ReplyDelete
 11. വായിച്ചു, വളരെ നന്നായി എഴുതിയിട്ടുണ്ട്.
  ഭാഷയ്ക്ക് അപാരമായ സൌന്ദര്യവും തികവുമുണ്ട്. അഭിനന്ദനങ്ങൾ


  പെണ്മക്കളെ മാത്രം പെറ്റ കുറ്റത്തിന് ആരും ശുശ്രൂഷിയ്ക്കാനില്ലാതായിപ്പോയ കുറെ അമ്മമാരെ കാണേണ്ടി വന്നിട്ടുണ്ട് എനിയ്ക്ക്. എല്ലാവരുടേയും ഉത്തരമൊന്നായിരുന്നു. നമ്മുടെ ആചാരമനുസരിച്ച് ഭാര്യാമാതാവിനെ സംരക്ഷിയ്ക്കാൻ മരുമകന് ചുമതലയില്ല.
  ആ അമ്മമാർ രോഗികളാകും വരെ അവരുടെ ഇടങ്ങളിൽ ബന്ധുക്കൾ വന്നു താമസിച്ചു. അതിനു ശേഷം ആരും അന്വേഷിയ്ക്കാനില്ലാത്ത അവർ ശരണാലയത്തിലെത്തി, ചിലർ അമ്പല നടകളിൽ ഉപേക്ഷിയ്ക്കപ്പെട്ടു........
  അമ്മമാർക്കായി ഭർത്താക്കന്മാരേയും കുട്ടികളേയും ഒന്നും ഉപേക്ഷിയ്ക്കുന്ന ആചാരമില്ലാത്തതുകൊണ്ട് എല്ലാവരും കഴിഞ്ഞു കൂടി.
  ഈ ലോകം ഇങ്ങനെയൊക്കെയായിരിയ്ക്കാം......

  ReplyDelete