Tuesday, May 31, 2011

പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (പത്താം ഭാഗം)

ബോംബേ ഡയറി.. തിരിച്ചറിവിന്റെ ഒരു രാത്രി.

ബോംബേവാസത്തിന്റെ ആദ്യനാളുകള്‍ ഓര്‍ത്തുപോകുന്നു.. കാണുന്നതിലെല്ലാം ശുദ്ധനായ ഒരു നാട്ടിന്‍പുറത്തുകാരന്റെ പുതുമയും കൗതുകവുമായിരുന്നു അന്നെനിയ്ക്ക്‌.

ചുണ്ടോടുചുണ്ടുരുമി, നെഞ്ചോടുനെഞ്ചുചേര്‍ത്ത്‌ ഇരുതോളുകളിലും കൈകള്‍ ചേര്‍ത്തുവെച്ച്‌ ഒരു നിശ്ചലദൃശ്യത്തിനു സമാനമായി സ്വയം മറന്നിരിയ്ക്കുന്ന കമിതാക്കള്‍.. നാലുചുവരുകളുടെ സ്വകാര്യതയില്‍ നനുത്ത വെളിച്ചം നിറംചേര്‍ത്തു ഒരുക്കിയെടുക്കേണ്ട പ്രണയനിമിഷങ്ങള്‍ പരസ്യാഘോഷാമാക്കി മാറ്റുന്ന നരിമാന്‍ പോയന്റിലെ ഇത്തരം സായാഹ്നക്കാഴ്ചകള്‍ വിശ്വസിയ്ക്കാനാവാതെ മൂക്കത്തു വിരല്‍വെച്ച്‌ വിടര്‍ന്ന കണ്ണുകളോടെ നോക്കിനിന്നിട്ടുണ്ട്‌.

ജുഹൂബീച്ചിലെ ഒഴിഞ്ഞ കോണുകളിലെ മരച്ചില്ലകളുടെ തണലില്‍, ആര്യാസ്‌മില്‍ക്ക്‌ കോളനിയില്‍, ചോട്ടാക്കാഷ്‌മീരിലെ തെങ്ങിന്‍ചുവടുകളുടെ തണുപ്പില്‍ പരിസരം മറന്ന്‌ പരിധിവിട്ട്‌ പരസ്പരം പങ്കുവെയ്ക്കനൊരുങ്ങുന്ന കമിതാക്കളുടെ പ്രാകടനങ്ങള്‍ ആദ്യമായി കാണുന്ന ആരും കണ്ണുപ്പൊത്തിപോകുമായിരുന്നു. അതൊക്കെ കാണുന്ന നിമിഷങ്ങളില്‍ അത്ഭുതത്തേക്കാള്‍ അറപ്പും വെറുപ്പും തോന്നിയിട്ടുണ്ട്‌. പക്ഷെ, പവിത്രമായ താലിച്ചരടില്‍ നെയ്തെടുത്ത ദാമ്പത്യ ബന്ധങ്ങളുടെ സമ്മോഹന മൂഹൂര്‍ത്തങ്ങളാണ്‌ അവയില്‍ പലതുമെന്ന്‌ പിന്നീട്‌ തിരിച്ചറിഞ്ഞപ്പോള്‍ വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.. ദാമ്പ്യത്യ നിമിഷങ്ങളുടെ വിലയൊന്നും മനസിലാക്കാത്തക്കവണ്ണം പ്രായമില്ലാത്ത കൊച്ചുകുഞ്ഞായിരുന്നല്ലോ അന്നു ഞാന്‍,..! എന്നിട്ടു പോലും വല്ലാത്ത വേദന തോന്നി.. ഒന്നും ആരുടെയും കുറ്റമല്ലായിരുന്നു, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പലപ്പോഴും പരിസരം മറന്ന്‌ നിയന്ത്രണങ്ങളുടെ പരിധികള്‍ ലംഘിയ്ക്കാന്‍ പലരെയും പ്രേരിപ്പിയ്ക്കുന്നു.. പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ കഴിയാത്ത അത്രയും രൂക്ഷമായിരുന്നു ബോംബയിലെ പാര്‍പ്പിടപ്രശ്നങ്ങള്‍ അന്ന്‌. ഉള്ള പാര്‍പ്പിടങ്ങളില്‍ തന്നെ സ്വകാര്യതയുടെ അപാരപ്ത്യതകൊണ്ടു വീര്‍പ്പുമുട്ടുകയായിരുന്നു. കുടുംബബന്ധങ്ങള്‍ വഴിമുട്ടുകയായിരുന്നു..

ഗോരേഗാവില്‍ എന്റെ ഒരു നാട്ടുകാരനുണ്ടായിരുന്നു, ടെയിലര്‍ ചന്ദ്രേട്ടന്‍. ഞാന്‍ ബോംബേയില്‍ വരുന്ന സമയത്ത്‌ വെറും ടെയിലിറിംഗ്‌ മാസറ്ററൊന്നുമല്ലായിരുന്നു അദ്ദേഹം. ആ ഗാര്‍മെന്റ്സ്‌ എക്സ്‌പോര്‍ട്ടിംഗ്‌ കമ്പനിയിലെ ഓള്‍ ഇന്‍ ഓള്‍ ആയിരുന്നു. കടും നിറത്തിലുള്ള ഷര്‍ട്ടുകള്‍, ബാഗി പാന്റ്‌സ്‌, കൂളിംഗ്‌ ഗ്ലാസ്‌, കോളറിനു പുറകില്‍ ചുരുട്ടിവെച്ച ഉറുമാല്‍, മുടിചുരുളുകളില്‍ ഒരുക്കിയെടുത്ത കുരുവികൂട്‌, വായില്‍നിന്ന്‌ വെള്ളം പോലെ ഒഴുകിയെഴുത്തുന്ന ഹിന്ദിയും മറാത്തിയും ഒപ്പമറിയാവുന്ന കുറച്ചു ഇംഗ്ലീഷ്‌ വാക്കുകള്‍ സ്ഫുടമായി നല്ല ബി.ബി.സി ആക്സെന്‍ഡില്‍ ഒരു മടിയും കൂടാതെ സംസാരിയ്ക്കുവാനുള്ള ത്രാണിയും.. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ഒരൊന്നാന്തരം ബോംബേക്കാരന്‍..! അതുകൊണ്ടല്ലെ ബോംബെയില്‍ വന്നു ഏഴുവര്‍ഷം തികയുമ്പോഴേയ്ക്കും ഗോരേഗാവ്‌ വെസ്റ്റില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാത്രം ദൂരെ മറാട്ടി കോളനിയില്‍ ചെറുതെങ്കിലും വൃത്തിയും വെടിപ്പുമുള്ള ഒരു ചാള്‌ സ്വന്തമായി ഒപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്‌. സ്വീകരണമുറിയും കിടപ്പറയും, പിന്നെ ഡൈനിംഗ്‌ ഹോളുമൊക്കെയായി എങ്ങിനെ വേണമെങ്കിലും ഉപയോഗിയ്ക്കാന്‍ പാകത്തില്‍ വലിയൊരു മുറിയും പിന്നെ കിച്ചണുമടങ്ങിയ ആ ചാളില്‍ ചന്ദ്രേട്ടനും അനിയന്‍ രമേശനും ഒന്നിച്ചാണ്‌ താമസിച്ചിരുന്നത്‌.

ചന്ദ്രേട്ടന്റെ സ്മാര്‍ട്ട്‌നെസ്സ്‌ ഒന്നും ഇല്ലായിരുന്നു രമേശന്‌. ഒരു മിണ്ടാപൂച്ചയായിരുന്നു അവന്‍. ഒറ്റനോട്ടത്തില്‍ ഒരു ഉറക്കംതൂങ്ങി, മന്ദബുദ്ധി. പ്രീഡിഗ്രി തോറ്റ ശേഷം ടൈപ്പു ലോവറു പാസായി, ഷോട്ട്‌ഹാന്‍ഡില്‍ അത്യാവശ്യം സ്പീഡുമായാപ്പൊള്‍ പിന്നെ ഒരു ദിവസം പോലും നാട്ടില്‍ നിര്‍ത്താതെ അവനെ ബോംബേയിലേയ്ക്കു കൊണ്ടുവന്നു ചന്ദ്രേട്ടന്‍.. മറോളില്‍ ഒരു ഗാര്‍മന്റ്‌ ഫാക്ടറിയുടെ എക്‍സ്പോര്‍ട്ടിംഗ്‌ ഡിവിഷണില്‍ കണക്കപ്പിള്ളയുടെ ജോലിയും വാങ്ങി കൊടുത്തു. ഒട്ടും സാമര്‍ത്ഥ്യമില്ലാത്ത അനിയനെക്കുറിച്ച്‌ വല്ലാത്ത ഉത്‌കണ്ഠയായിരുന്നു ചന്ദ്രേട്ടന്‌. അല്‍പ്പം ലോകപരിചയവും, തന്റേടവും ഒപ്പം ഭാഷാജ്ഞാനവും വന്നിട്ട്‌ എത്രയും പെട്ടന്ന്‌ അവനെ ഗള്‍ഫിലേയ്ക്ക്‌ കയറ്റിവിടാനായിരുന്നു മൂപ്പരുടെ പ്ലാന്‍. ചന്ദ്രേട്ടന്‍ മാത്രം ഗോരേഗാവ്‌ വിട്ട്‌ എവിടേയ്ക്കും പോകാന്‍ ഒരുക്കമല്ലായിരുന്നു.. തനിയ്ക്ക്‌ സ്വന്തമായി മാന്യതയും മേല്‍വിലാസവുമൊരുക്കിത്തന്ന ആ ദേശവുമായി മനസ്സുകൊണ്ട്‌ അത്രയ്ക്കേറെ അലിഞ്ഞു ചേര്‍ന്നിരുന്നു ചന്ദ്രേട്ടന്‍..

വേഷഭൂഷാധികളിലുള്ള ആഡംബര ഭ്രമം ഒഴിച്ചുനിര്‍ത്തിയാല്‍ സാധാരണഗതിയില്‍ അക്കാലത്ത്‌ സ്മാര്‍ട്ടായ ഒരു ബോംബേമലയാളിയ്ക്കു കണ്ടുവരാറുള്ള ദുഃശ്ശീലങ്ങളൊന്നുമില്ലായിരുന്നു ചന്ദ്രേട്ടന്‌.. മദ്യപാനം ഇല്ലേയില്ല. ഊരുചുറ്റലും സിനിമയ്ക്കു പോക്കുമൊക്കെ അപൂര്‍വ്വം. പരസ്ത്രീഗമനം? അയ്യേ, അതോര്‍ക്കുമ്പോഴെ അറപ്പും വെറുപ്പുമായിരുന്നു. മണ്ഡലക്കാലത്ത്‌ ബോംബേയിലെ അയ്യപ്പന്‍ വിളക്കു
കള്‍ , അയ്യപ്പസേവാസംഘത്തിന്റെ ഭജനകള്‍ ഇത്തരം വേദികളിലെയൊക്കെ സജീവസാന്നിധ്യംകൊണ്ട്‌ അക്കാലത്തെ ബോംബേ മലയാളികള്‍ക്കിടയിലും സുപരിചിതനയിരുന്നു ചന്ദ്രേട്ടന്‍. ഗോരേഗാവ്‌ അയ്യപ്പക്ഷേത്രത്തിലെ ദര്‍ശനത്തൊടേയാണ്‌ ഒരവിവാഹിതന്‌ ഏറ്റവും ഭൂഷണമായ ബ്രഹ്മചര്യം ശീലമാക്കിയ അദ്ദേഹത്തിന്റെ ഒരു ദിവസത്തിന്റെ ആരംഭം തന്നെ.

സുന്ദരനും സദാ സുസ്മേരവദനനുമായ ചന്ദ്രേട്ടന്റെ ജീവിതസഖിയാവാന്‍ അഴകാര്‍ന്ന മുഖത്തെ വിടര്‍ന്ന മൂക്കിന്‍ത്തുമ്പില്‍ വലിയ മൂക്കുത്തിയണിഞ്ഞ്‌, ചാരുതയാര്‍ന്ന ചെവിയിതളുകളിലെ തോടകളിളക്കി, മാധുരി ദീക്ഷിതിന്റെ കയ്യില്‍നിന്നും കടം വാങ്ങിയ പുഞ്ചിരിയും, കടക്കണ്ണുകൊണ്ടെഴുതിയ കവിതകളും സമ്മാനിച്ച്‌ ഗാര്‍മന്റ്‌ ഫാകടറിയില്‍ ഒന്നു രണ്ടു മറാത്തിസുന്ദരിമാര്‍ പരസ്പരം മല്‍സരിച്ച്‌ പഠിച്ച പണി പതിനെട്ടു പയറ്റി നോക്കിയിരുന്നു. പക്ഷെ പുരുഷനും സൗന്ദര്യം പലപ്പോഴും ശാപമാണ്‌ എന്ന്‌ നേരത്തെ നാട്ടില്‍വെച്ചുള്ള അനുഭവത്തില്‍നിന്നും തിരിച്ചറിഞ്ഞ ചന്ദ്രേട്ടന്‍ വീണില്ല, പിടിച്ചുനിന്നു. ഒരു തളികിയലെന്നപ്പോലെ പലപ്പോഴായി അവര്‍ വെച്ചുനീട്ട പലതും ഒരുവട്ടമെങ്കിലും സ്വാദു നോക്കാന്‍ പോയിട്ട്‌ ഒന്നു തൊട്ടുനോക്കാന്‍ പോലും ഒരുങ്ങിയില്ല. (നമ്മുടെ ബിലാത്തിക്കാര്‌ വല്ലവരും ആവണമായിരുന്നു അല്ലെ..!) തന്റെ ഹൃദയത്തില്‍ പ്രണയവര്‍ണങ്ങള്‍ നിറച്ച്‌ ജീവിതം മുഴുവന്‍ ഒന്നിച്ച്‌ ഹോളിയാഘോഷിയ്ക്കാന്‍ മോഹിച്ച അവരുടെ മനസ്സില്‍ സഹോദര്യത്തിന്റെ രാഖി കെട്ടി സൗഹൃദം നിലനിര്‍ത്താന്‍, ഗ്രാമത്തിന്റെ നന്മകള്‍ എപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിയ്ക്കുന്ന ചന്ദ്രേട്ടനു എളുപ്പത്തില്‍ കഴിഞ്ഞു.

സ്നേഹത്തിന്റെ ഒരുതുള്ളി പോലും എവിടെയും ചോര്‍ന്നുപോകാതെ താന്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്ന പെണ്ണിനായി തന്റെ സര്‍വ്വസ്വവും കാത്തു സൂക്ഷിയ്ക്കുമെന്ന്‌ തീരുമാനിച്ചുറപ്പിച്ചവനായിരുന്നു ചന്ദ്രേട്ടന്‍. കരുതലുള്ളവന്‍, കരുത്തുള്ളവന്‍. അങ്ങിനെ അവസാനം ആ താപസനില്‍ ദൈവം പ്രസാദിച്ചു. അത്തവണ മകരവിളക്കിനു നാട്ടില്‍ പോയ ചന്ദ്രേട്ടന്‍ മകരവിളക്കു ദരശനവും കഴിഞ്ഞ്‌ കിളിപോലെയുള്ള ഒരു പെണ്ണുമായാണ്‌ മടങ്ങിയത്‌.. കതിരോലയുടേ നിറവും പേടമാനിന്റെ ശാലീനസൗന്ദര്യവും, പെണ്‍കുതിരയുടെ കരുത്തും ഒത്തിണങ്ങിയ വിലാസിനി ചാലക്കുടിയില്‍ അകന്ന ബന്ധത്തിലുള്ള ഒരാമ്മാവന്റെ മകളായിരുന്നു... നിശ്ചയവും കല്യാണവും എല്ലാം പെട്ടന്നാണ്‌ നടന്നത്‌.

ഹണിമൂണിന്റെ ലഹരിയില്‍ ആറാടി നില്‍ക്കേണ്ട, തങ്ങളുടേതു മാത്രമായ ആ കൊച്ചു സ്വര്‍ഗ്ഗത്തില്‍ രമേശന്‍ ഒരു കട്ടുറുമ്പായി മാറും എന്ന സത്യം ബോംബയിലെ ആദ്യരാത്രിയില്‍ തന്നെ ചന്ദ്രേട്ടനു ബോധ്യമായി..

അടുക്കളയടക്കം രണ്ടുമുറി മാത്രമുള്ള ആ കൊച്ചു വീട്ടില്‍ സ്വീകരണമുറി അവരുടെ കിടപ്പറയായി.. പിന്നെ സ്വാഭാവികമായും ആകെയുള്ള കൊച്ചടുക്കളയിലേയ്ക്കൊതുങ്ങേണ്ടി വന്നു പാവം രമേശന്‌. തങ്ങളുടെ മുറിയിലെ മര്‍മ്മരങ്ങള്‍ക്കോ വളകിലുക്കങ്ങള്‍ക്കോ കാതോര്‍ക്കാന്‍ നില്‍ക്കാതെ രാമനാമം ജപിച്ചു കിടന്ന്‌ അടുത്ത നിമിഷംതന്നെ കൂര്‍ക്കം വലിച്ചുറങ്ങുന്ന വെറും പവത്താനാണ്‌ തന്റെ അനിയന്‍ എന്നറിയാമായിരുന്നിട്ടും ചന്ദ്രേട്ടന്‌ അന്ന്‌ ശ്രദ്ധ തെറ്റി, എല്ലാം പിഴച്ചു, കടവിലെത്തും മുമ്പെ പൂന്തോണി ചെരിഞ്ഞു, വിഷണ്ണനായി ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു... നാട്ടിലെ മധുവിധുരാവുകളില്‍ സംതൃപ്തിയുടെ അമ്പിളിക്കിണ്ണം നിറഞ്ഞുതുളുമ്പി പൂനിലാവു പരന്നൊഴുകാറുള്ള വിലാസിനിയുടെ കണ്ണുകളില്‍ അതൃപ്തിയുടെ കാളിമ പരക്കുന്നതു കണ്ട്‌ ചന്ദ്രേട്ടന്റെ ഉള്ളൊന്നു പിടഞ്ഞു. ദാമ്പത്യജീവിതത്തിലെ ആദ്യത്തെ കല്ലുകടിയായിരുന്നു അത്‌.

പിറ്റേന്നു രാവിലെതന്നെ രമേശനു പറ്റിയ താമസസ്ഥലത്തിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.. ഇപ്പോഴും ബോംബേ നഗരത്തില്‍ തന്റെ കയ്യും പിടിച്ചു പിച്ചവെച്ചു നടക്കാന്‍ മാത്രമറിയുന്ന അനിയനെ ഒറ്റയ്ക്കു വിടാന്‍ വിഷമമുണ്ടായിരുന്നു... അങ്ങിനെ ഏതെങ്കിലും ഒരിടത്തുകൊണ്ടുപോയി അവനെ പാര്‍പ്പിയ്ക്കാന്‍ മനസ്സുവരുന്നുണ്ടായിരുന്നില്ല. പക്ഷെ, മനസ്സിനിണങ്ങിയ പാര്‍പ്പിടസ്ഥലം പെട്ടന്നു കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അന്നാ ആ മഹാനഗരത്തില്‍ .

അന്നും, അതിന്റെ അടുത്ത ദിവസവും ആദ്യദിനത്തിന്റെ തനിയാവര്‍ത്തനമായിരുന്നു.. ഏകാഗ്രത നഷ്ടപ്പെട്ട ചന്ദ്രേട്ടന്‌ തൊട്ടതെല്ലാം പിഴച്ചു. ആദ്യമായി നാട്ടില്‍നിന്നും, അതും ഒരുപാടുദൂരം വിട്ടുനില്‍ക്കുന്നതിന്റെ വിഷമവും ഒപ്പം നിറം കെടാന്‍ തുടങ്ങുന്ന മധുവിധുരാവുകളും വിലാസിനിയുടെ മുഖത്തെ തെളിച്ച കെടുത്തുന്നു എന്ന തോന്നല്‍ ചന്ദ്രേട്ടന്റെ അസ്വസ്ഥയ്ക്ക്‌ ആക്കം കൂട്ടി. രമേശന്‍ ജോലിയ്ക്കു പോകുന്ന പകല്‍ സമയങ്ങളില്‍ ലീവിടുത്തിട്ടായാലും എന്തെങ്കിലും ചെയ്യാമെന്നു വെച്ചാല്‍ അസമയത്ത്‌ അത്തരം കാര്യങ്ങളില്‍ വിലാസിനിയ്ക്ക്‌ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു...

"എല്ലാറ്റിനും ഒരു നേരോം കാലോം ചിട്ടയുമൊക്കെ വേണ്ടേ ചന്ദ്രേട്ടാ, ഒന്നു വെപ്രാളപ്പെടാതിരിയ്ക്കു, എല്ലാം നേരേയാകും.." അവള്‍ ആശ്വസ്സിപ്പിച്ചു, പക്വതയുള്ളവളാണ്‌ വിലാസിനി, അവള്‍പറയുന്നതിലും കാര്യമുണ്ട്‌. രാത്രിയുടെ ശാന്തസുന്ദരയാമങ്ങളുടെ കുളിരില്‍ , നിശ്ശബ്ദതയുടെ തണലില്‍ , നീണ്ട വിശ്രമത്തിനുതൊട്ടുമുമ്പ്‌ ഒതുക്കത്തോടെ ചെയ്യേണ്ട കാര്യങ്ങളല്ലെ ഇതെല്ലാം.. അല്ലെങ്കിലെ അവളൊരു നാട്ടിന്‍പുറത്തുക്കാരി പുതുപ്പെണ്ണ്‌, തനിയ്ക്കുതന്നെ വലിയ നിശ്ചയമില്ലാത്ത എന്തെങ്കിലും പുതുമയ്ക്ക്‌ ഒരുങ്ങിയാല്‍ നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ തുടക്കത്തിലെ അവള്‍ തടയിടും.

വിലാസിനിയുടെ സ്നേഹത്തിന്റെ മാസ്മരികതയില്‍ എല്ലാം ശരിയാകും എന്ന്‌ ആശ്വസ്സിയ്ക്കുമ്പോഴും പ്രശ്നപരിഹാരം തേടി അലയുകയായിരുന്നു ചന്ദ്രേട്ടന്റെ മനസ്സ്‌.

നാലാം ദിവസം രാത്രി സഹികെട്ട ചന്ദ്രേട്ടന്‍ രമേശനെ നിര്‍ബന്ധിച്ച്‌ സെക്കന്‍ഡ്‌ ഷോവിനു വിട്ടു. നിയന്ത്രണം നഷ്ടപ്പെട്ട മനസ്സില്‍ പെട്ടന്നുതോന്നിയ ആശയം ആയിരുന്നു അത്‌.

പകലുപോലും ഒറ്റയ്ക്ക്‌ തന്നെ എവിടെയും വിടാത്ത ചേട്ടനിന്നെന്തുപറ്റി..! രമേശന്‌ അത്ഭുതം തോന്നി.. ഒപ്പം സന്തോഷവും.. തൊട്ടടുത്ത തിയ്യറ്ററില്‍ "സാജന്‍" കളിയ്ക്കുന്ന കാലമായിരുന്ന് അത്‌.

ആ രാത്രി തന്റെ സാജന്റെ ആംകോ മേം വിലാസിനി വീണ്ടും പ്യാര്‍ ദര്‍ശിച്ചു... കണ്ണുകളില്‍ മാത്രമല്ല, ഓരോ വാക്കിലും ചലനങ്ങളിലും പ്യാറിന്റെ അഗ്നിപ്രവാഹം തന്നെയായിരുന്നു ഒഴുകിയൊലിച്ചത്‌. വെന്തുരുകി കത്തിചാമ്പലായിപോകുമോ എന്നുതോന്നിയ ആ നിമിഷങ്ങള്‍ വിലാസിനി അറിഞ്ഞാസ്വദിച്ചു. അവള്‍ ചിരിച്ചു, വല്ലാത്തൊരു ചിരിയായിരുന്നു അത്‌ . ബോംബേയിലെത്തിയ ശേഷം ആദ്യമായി അവള്‍ ദില്ലു തുറന്നൊന്നു ചിരിച്ചുകാണുന്നത്‌ അന്നായിരുന്നു. ചന്ദ്രേട്ടനും ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.. തുടര്‍ച്ചയായ രണ്ടുമൂന്നു പരാജയങ്ങള്‍ക്കുശേഷം ഒടുവിലൊരു മാരത്തോണ്‍ മല്‍സരത്തില്‍ അവസാനംവരെ തളരാതെ പൊരുതി നിന്ന്‌ ടൈ ബ്രെക്കറില്‍ ഉജ്ജ്വലവിജയം നേടി റാക്കറ്റു വലിച്ചെറിയുന്ന നിമിഷങ്ങളില്‍ ഒരു കളിക്കാരന്റെ മുഖത്തു വിരിയുന്ന ചിരി.! എല്ലാ അടവും പുറത്തെടുത്ത്‌ കരുത്ത്‌ തെളിയിയിച്ച്‌ റാങ്കിംഗ്‌ നിലനിര്‍ത്തുന്ന ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ ഒരു പുരുഷനില്‍ നിന്നും മാത്രമുയരുന്ന ആശ്വാസത്തിന്റെ ചുടുനിശ്വാസച്ചിരി.!

പിറ്റേന്നും സെക്കന്‍ഡ്‌ ഷോയ്ക്കു പോകാന്‍ തന്നെയായിരുന്നു രമേശനു നിയോഗം.. അന്ധേരി ബഹാര്‍ തിയ്യറ്ററില്‍ "മേനെ പ്യാര്‍ കിയാ" റെക്കൊഡുകളെല്ലാം ഭേദിച്ച്‌ മാസങ്ങളായി ഓടികൊണ്ടിരിയ്ക്കുകയായിരുന്നു.

കബൂതറ്‌ ജാ..ജാ..ജാ..! വിലാസിനിയുടെ ഹൃദയത്തിലെ, ശരീരത്തിലെ ഒരോ അണുവിലും പ്രണയത്തിന്റെ ഒരായിരം പ്രാവുകള്‍ ഒന്നിച്ചുപറന്നിറങ്ങി ഇക്കിളിയൂട്ടിയ രാവായിരുന്നു അത്‌.. ശരിയ്ക്കും തളര്‍ന്നുപോയി അവള്‍ . ആനന്ദനിമിഷങ്ങളുടെ ഉത്തുംഗശൃങ്ങഗള്‍ക്കുമപ്പുറം സ്വര്‍ഗ്ഗക്കവാടവും കടന്ന്‌ അനുഭൂതികളുടെ മുത്തും പവിഴവും മതി വരുവോളം വാരിയെടുത്ത്‌ നെഞ്ചിലണിഞ്ഞ്‌ ആ ആലസ്യത്തില്‍ കിടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ വജ്രശോഭയാര്‍ന്ന്‌ തിളങ്ങി... ഇളംവെയിലില്‍ സ്ഫടികസമാനം തിളങ്ങിനില്‍ക്കുന്ന അലകളൊഴിഞ്ഞു നിശ്ചലമായ അമ്പലക്കുളംപോലെ ശാന്തമായി അവളുടെ മനസ്സ്‌.

"ഇത്രയേറെ കൊതിയുണ്ടായിട്ടും, ഇത്ര കാലം, ഇത്രയും ഭദ്രമായി എനിയ്ക്കായി മാത്രം ഇതെല്ലാം കാത്തു സൂക്ഷിച്ച്‌ ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ എങ്ങിനെ കഴിഞ്ഞു എന്റെ ഏട്ടന്‌? അതും ഈ വലിയ നഗരത്തില്‍ .. വിശ്വസ്സിയ്ക്കാനെ കഴിയുന്നില്ല.!" ചന്ദ്രേട്ടനെ ഹൃദയത്തോളം ചേര്‍ത്തുപിടിച്ച്‌ ആ കാതുകളില്‍ ഒരു പാതിരക്കാറ്റിന്റെ സൗമ്യതയോടെ അങ്ങിനെ മന്ത്രിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല്ല വിലാസിനിയ്ക്കപ്പോള്‍ .. ആ മൃദുമന്ത്രണത്തിന്റെ കുളിരിലകളേറ്റ്‌ അവളെ ചേര്‍ത്തുപിടിച്ച്‌ മൂര്‍ദ്ധാവില്‍ ചുംബിയ്ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ താനാണെന്നു തോന്നി ചന്ദ്രേട്ടന്‌.

മധുവിധുവിന്റെ ലഹരിയില്‍ ആ യുവമിഥുനങ്ങള്‍ ബോംബേയിലെ ഓരോ കോണിലും പാറിപ്പറന്നു. ആ തിരക്കിനിടയില്‍ രമേശന്റെ പാര്‍പ്പിടാന്വേഷണം നിലച്ചു. മനപൂര്‍വ്വമായിരുന്നില്ല, മധുവിധു യാത്രകള്‍ക്കിടയില്‍ ചന്ദ്രേട്ടനു അതിനു സമയം കിട്ടിയില്ല എന്നതായിരുന്നു സത്യം.

തുടര്‍ച്ചയായി അഞ്ചു സെക്കന്‍ഡ്‌ഷോകള്‍ !

ഒരാഴ്ചകൊണ്ടെ രമേശനു മടുക്കാന്‍ തുടങ്ങിയിരുന്നു... അന്ധേരിയിലേയും പരിസരപ്രദേശങ്ങളിലും റിലീസായ എല്ലാ ഹിന്ദി ഇംഗ്ലീഷ്‌ സിനിമകളും അവന്‍ ഒരു റൗണ്ട്‌ കണ്ടുതീര്‍ത്തു.. രമേശനുവേണ്ടി നിത്യവും പുതിയ സിനിമകള്‍ റിലീസ്‌ ചെയ്യാന്‍ തക്കവണ്ണം ത്രാണിയൊന്നും എന്തൊക്കെ പറഞ്ഞാലും ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയ്ക്ക്‌ സ്വാഭാവികമായും ഉണ്ടാകില്ലല്ലോ. ഇത്രയൊക്കെയായിട്ടും ആ പൊട്ടന്‍ രമേശനു കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായില്ല. വിശ്വസ്സിയ്ക്കാന്‍ കഴിയുന്നില്ല അല്ലെ? ഞാനാദ്യമെ പറഞ്ഞില്ലെ ശരിയ്ക്കും കോമണ്‍സെന്‍സില്ലാത്ത ഒരു മന്ദബുദ്ധിതന്നെ ആയിരുന്നു അവന്‍..

ഓഫീസില്‍ ജോലിതിരക്കുണ്ടായിരുന്ന ഒരു ദിവസമായിരുന്നു അന്ന്‌. രമേശനു വല്ലാത്ത മടുപ്പു തോന്നി. ചേട്ടനെ ധിക്കരിച്ചു ശീലമില്ലാത്തതുകൊണ്ടുമാത്രം വീട്ടില്‍ നിന്നും പുറപ്പെട്ട അവന്‍ തിയറ്ററില്‍ പോയില്ല.. ഗോരേഗാവില്‍ പ്രസിദ്ധമായ മലയാളികടയായ അശോകേട്ടന്റെ കടയില്‍പോയിരുന്നു ചിത്രഭൂമി വായിച്ചും, "ഹിസ്‌ ഹൈനെസ്‌ അബ്ദുള്ളയിലെ' പാട്ടുകള്‍ കേട്ടും, ഒപ്പം ഒരു നൂറുതവണ ആവര്‍ത്തിച്ചു കേട്ടിട്ടുള്ള, ശിവസേനക്കാരുമായി പൊരുതി ജയിച്ച അശോകേട്ടന്റെ പഴയകാല ബോംബെ വീരഗാഥകള്‍ക്കു പാതികാതു കൊടുത്തും നേരം കഴിച്ച്‌ പതിനൊന്നു മണിയോടെ വീട്ടിലേയ്ക്കു മടങ്ങി. പതിവുപോലെ ശബ്ദമുണ്ടാക്കാതെ, ഏട്ടനേയും ഏട്ടത്തിയേയും ഉണര്‍ത്താതെ പുറകുവശത്തു അടുക്കളയുടെ കതകു തുറക്കാനൊരുങ്ങി. പെട്ടന്നാണ്‌ അകത്തു നിന്നുമുള്ള എന്തൊക്കയൊ അനക്കങ്ങള്‍ അവന്‍ കേട്ടത്‌. വളക്കിലുക്കം, തളക്കിലുക്കം. അങ്ങിനെയങ്ങിനെ.! ചേട്ടനും ഏട്ടത്തിയുമുറങ്ങിയില്ലെ ഇതുവരെ.? ആദ്യം അവനൊന്നും മനസ്സിലായില്ല.. തുടര്‍ച്ചയായി കണ്ട ഹിന്ദിസിനിമകള്‍ നല്‍കിയ വിജ്ഞാനവും ലോകപരിചയവും കൊണ്ടാവാം വൈകിമാത്രം കത്താറുള്ള ട്യൂബ്‌ ലൈറ്റിനു പകരം അന്നാദ്യമായി അവന്റെ മനസ്സില്‍ 100 വാട്ട്‌സ്‌ ബള്‍ബ്‌ പെട്ടന്നു കത്തി.

ഏട്ടന്റെ വെക്കേഷന്‍ കാലത്ത്‌ ബായിന്ദറിലെ കൂട്ടുകാരന്‍ ബാബുവുമൊത്ത്‌ വാടകക്കെടുത്ത വീസിയാറില്‍ കണ്ട ചൂടന്‍ ഇംഗ്ലീഷ്‌ കാസറ്റുകളിലെ അതെ ഈണം, അതെ താളം. തീവൃത അല്‍പ്പം കുറവുണ്ടോ എന്നൊരു സംശയം മാത്രം.! അവന്‌ എല്ലാം മനസ്സിലായി. ആ സമയത്തെ അകത്തെ സംഗതികളുടെ കിടപ്പുവശം പോലും കൃത്യമായി ഊഹിയ്ക്കാന്‍ കഴിഞ്ഞു. നാണം കൊണ്ടു അവനാകെ ചുവന്നുതുടുത്തു,, സ്വയം മറന്ന്‌ എന്തോ നിനച്ച്‌ കുറച്ചു നേരം അങ്ങിനെ തരിച്ചു നിന്നു.! ദുഷ്ടാ, സ്വന്തം ചേട്ടനും ഏട്ടത്തിയമ്മയും ആണ്‌ അകത്ത്‌.! പരിസരബോധം തിരിച്ചു വന്നപ്പോള്‍ മനസ്സ്‌ കുറ്റപ്പെടുത്തി. പിന്നെ ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ തെരുവിലേയ്ക്കിറങ്ങി നടന്നു.

ലജ്ജകൊണ്ട്‌ അവന്റെ തല കുനിഞ്ഞുപോയി. എല്ലാം താന്‍ അറിയേണ്ടതായിരുന്നു, മാറികൊടുക്കേണ്ടതായിരുന്നു. പാവം ചേട്ടന്‍... ചേട്ടന്റെ ഒരു ഗതികേട്‌.! എല്ലാം തിരിച്ചറിയേണ്ട ഈ പ്രായത്തില്‍ ഏട്ടന്റെ തണലില്‍, ഏട്ടത്തിയൊരുക്കുന്ന ഭക്ഷണവും കഴിച്ച്‌ ഒരു കൊച്ചു കുഞ്ഞിനെപോലെ ഇത്രയും ദിവസം താന്‍.. ച്ഛേ! വല്ലാതെ ചെറുതായിപോകുന്നതുപോലെ തോന്നി അവന്‌. സ്വയം വിമര്‍ശനത്തിന്റേൂടെയും വിശകലനത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച്‌ അവന്‍ ചെന്നെത്തിയത്‌ തൊട്ടടുത്തുള്ള ഗോരേഗവ്‌ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നു. ആള്‍സഞ്ചാരം കുറയാന്‍ തുടങ്ങിയ സ്റ്റേഷനില്‍, ഫ്ലാറ്റ്‌ഫോമുകളില്‍നിന്നും ഫ്ലാറ്റ്‌ഫോമുകളിലേയ്ക്കു മേല്‍പ്പാലങ്ങള്‍ കയറിയിറങ്ങി തിരിച്ചറിവുകളുടെ പുതിയ ലോകത്തിലൂടെ ഒരു സ്വപ്നാടകനെപോലെ പാതിരാവോളം അലഞ്ഞു തിരിയുമ്പോള്‍ ആ ധനുമാസക്കുളിരിലും വിയര്‍ക്കുന്നുണ്ടായിരുന്നു അവന്‍.. പൂത്തുലുഞ്ഞ ദാമ്പത്യവല്ലരിയുടെ സുഗന്ധം നിറഞ്ഞുനില്‍ക്കുന്ന ആ ഗൃഹാന്തരീക്ഷത്തിലെയ്ക്ക്‌ മടങ്ങി പോകാന്‍ അവനു മനസ്സു വരുന്നുണ്ടായിരുന്നില്ല. .

പിറ്റേന്ന്‌ ഞായറഴ്ചായായിരുന്നു. അവധി ദിവസം.. ബ്രേക്‍ഫാസ്റ്റു കഴിഞ്ഞ്‌ എതിര്‍ത്തൊരു മറുവാക്കു പോലും പറയാന്‍ ചേട്ടനവസരം നല്‍കാതെ പെട്ടന്നു യാത്ര പറഞ്ഞ്‌ പെട്ടിയുമെടുത്തവന്‍ പടിയിറങ്ങി.. ഏട്ടത്തിയമ്മയോടു യാത്ര പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകാതിരിയ്കാന്‍ പാടുപെടുകയായിരുന്നു രമേശന്‍.. ബാല്യത്തിലെ മരിച്ചുപോയ അമ്മയില്‍നിന്നും ലഭിയ്ക്കാതെപോയ വാല്‍സല്യം, ഇല്ലാതെപോയ ഒരു ചേച്ചിയുടെ സ്നേഹം ഇതെല്ലാം ആ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടെ ഏട്ടത്തിയമ്മയില്‍ നിന്നും അനുഭവിച്ചറിയാന്‍ തുടങ്ങിയിരുന്നു അവന്‍.

ഈ വിരഹത്തിനും വേര്‍പ്പാടിനും കണ്ണുനീര്‍ത്തുള്ളികള്‍ക്കുമൊടുവില്‍ തനിയ്ക്കു മാത്രമായി എവിടെയോ ഒരു തട്ടകത്തില്‍ ആരോ എന്തൊക്കയോ ഒരുക്കിവെച്ചു കാത്തിരിയ്ക്കുന്നു എന്ന്‌ ഏതോ ഒരദൃശ്യശക്തി തന്നോടു മന്ത്രിയ്ക്കുന്നതു പോലെ അവന്‌ തോന്നി. ആ അരങ്ങ്‌ കണ്ടെത്താനും കീഴടക്കാനും അവിടെ നിറഞ്ഞാടി ജീവിതവിജയം നേടാനുമുള്ള ത്വര അവന്റെ മനസ്സില്‍ മുളപൊട്ടി വളരാന്‍ തുടങ്ങുകയയിരുന്നു..

ബായിന്ദറിലെ ബാബുവിന്റെ ഇടുങ്ങിയ ഫ്ലാറ്റിലെ അസൗകര്യങ്ങളില്‍, അവന്റെ കൂട്ടുകാരുമൊത്ത്‌ അവരുടെ സുഖദുഃഖങ്ങളിലും നന്മതിന്മകളിലും പങ്കാളിയായി, അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകി പാകപ്പെട്ട്‌ തന്റേതായ വ്യക്തിത്വവും, ഒപ്പം ഒരു പുതിയ ലോകം തന്നേയും കെട്ടിപ്പെടുക്കുവാന്‍ ഏട്ടനില്‍ നിന്നുമുള്ള ഈ വേര്‍പ്പിരിയല്‍ തീര്‍ത്തും അനിവാര്യമാണെന്ന മഹാസത്യം മനസ്സിലാക്കുകയായിരുന്നു ആ യാത്രയില്‍ രമേശന്‍..

ഒറ്റരാത്രിയിലെ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ ഒരുപാട്‌ മാറിപോയ, വളര്‍ച്ചയുടെ പാതയിലേയ്ക്കു കുതിയ്ക്കാനൊരുങ്ങുന്ന രമേശനേയും വഹിച്ച്‌ ബോറിവലിയും, ദഹിസറും മീരാറോഡും കടന്ന്‌ ബായിന്ദറും ലക്ഷ്യമാക്കി തികഞ്ഞ നിസ്സംഗതയോടെ ആ സബര്‍ബന്‍ വിരാര്‍ ഫാസ്റ്റ്‌ ട്രെയിന്‍ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു...


കൊല്ലേരി തറവാടി
31/05/2011

Friday, May 20, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (ഒമ്പതാം ഭാഗം)

ശ്രീ.. അനുമോദനങ്ങള്‍,ആശംസകള്‍...

ഇതൊരു സ്പെഷ്യല്‍ എപ്പിസോഡാണ്‌; ഭൂലോകത്തില്‍ എല്ലാവരുടേയും പ്രിയപ്പെട്ട അനുജനായ ശ്രീയുടെ വിവാഹ നാള്‍ മാത്രം മനസ്സില്‍ കണ്ടുകൊണ്ടെഴുതി തുടങ്ങിയ കുറിപ്പ്‌.. പക്ഷെ, പതിവുപോലെ എഴുതി വന്നപ്പോള്‍ അത്‌ എന്റെ കഥയായി മാറി കൈവിട്ടു പോയി എന്നു എന്നെ പരിചയമുള്ളവരോടു പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ശ്രീയ്ക്ക്‌ ഇതിനി മാംഗാല്യനാളുകള്‍.. ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിന്റെ ശുഭാരംഭം. 

ഈ കാലഘട്ടത്തിലെ യുവാക്കളുടെ പ്രതിനിധിയായി, പുതിയൊരു തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമായി ആധുനിക നാഗരികതയുടെ കളിത്തൊട്ടിലില്‍ ജീവിയ്ക്കുമ്പോഴും വാക്കുകളിലും ചിന്തകളിലും ഗ്രാമീണനന്മകളുടെ "ശ്രീത്വം" കാത്തു സൂക്ഷിയ്ക്കുന്ന ശ്രീ എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു ബ്ലോഗര്‍ ആണ്‌. 

മകരനിലാവില്‍, വൃശ്ചികക്കാറ്റിന്റെ കുളിരുപകരുന്ന കരലാളനത്തില്‍ ലയിച്ച്‌, നനുത്ത മഞ്ഞുതുള്ളികള്‍ സ്നിഗ്ദമാക്കിയ നെല്ലോലകളുടെ സൗമസ്പര്‍ശമേറ്റ്‌ നനഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ ഉള്‍നാട്ടിലെ ഒരുത്സപറമ്പിലേയ്ക്ക്‌ രാപ്പൂരം കാണാന്‍ പോകുന്ന നേരത്തുള്ള മാനസ്സികാവസ്ഥയാണ്‌ ശ്രീയുടെ ബ്ലോഗിലൂടേയുള്ള ഓരോ യാത്രയ്ക്കിടയിലും ഞാനനുഭവിയ്ക്കാറ്‌..

ഇനിയും ആധുനികതയുടെ കറുപ്പ്‌ പൂര്‍ണ്ണമായും പുരളാത്ത ഇടുങ്ങിയ ആ നാട്ടുവഴിയിലൂടെ ആനമൂത്രവും പിണ്ഡവും കൂടിക്കുഴഞ്ഞ ചെമ്മണിന്റെ ഗന്ധം നുകര്‍ന്ന്‌ ഉത്സവമേളത്തിന്റെ ശബ്ദം ലക്ഷ്യമാക്കി കുതിയ്ക്കുന്ന ശ്രീയുടെ വാക്കുകളുടെയും വരികളുടെയും പുറകെ ആകൃഷ്ടരായി അറിയാതെ നടന്നുനീങ്ങുന്ന ഞാനും ആ ഉത്സവപ്പറമ്പിലെത്തുന്നു, നെറ്റിപ്പട്ടം കെട്ടി നിരന്നു നില്‍ക്കുന്ന ആനകളെ വിസ്മയത്തോടേ നോക്കിനില്‍ക്കുന്നു, മേളക്കൊഴുപ്പില്‍, ഉത്സവലഹരിയുടെ ആരവത്തില്‍ സ്വയം മറന്നറാടുന്നു...


ഒരിയ്ക്കല്‍പോലും മാന്യമോ സഭ്യമോ അല്ലാത്ത വാക്കുകളോ, വാചകങ്ങളോ ഉപയോഗിയ്ക്കാതെ, അത്തരം കഥാസന്ദര്‍ഭങ്ങളൊന്നും മെനെഞ്ഞെടുക്കാന്‍ മുതിരാതെ ഒരു ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍, ഉള്‍ത്തുടിപ്പുകള്‍ പൂര്‍ണ്ണമായും തൊട്ടറിഞ്ഞ്‌ ഹൃദ്യമായി വായനക്കാര്‍ക്കു പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ശ്രീ തറയും തരികിടയും നിറച്ചു മാത്രം പോസ്റ്റുകളൊരുക്കാനറിയുന്ന എന്നേപോലെയുള്ള ഒരാളെ വിസ്മയിപ്പിച്ചില്ലെങ്കിലല്ലെ അത്ഭുതപ്പെടാനുള്ളു..

പെണ്ണു കാണാന്‍ പോയ വിശേഷങ്ങള്‍ എഴുതിയ
പോസ്റ്റില്‍ പ്രകടമായ ശ്രീയുടേ മോഹങ്ങളിലേയും, സ്വപ്നങ്ങളിലേയും ലാളിത്യം, യാഥാര്‍ത്ഥ്യബോധം, ഉള്‍കാഴ്ചകള്‍ എല്ലാ എത്ര ഭംഗിയായാണ്‌ ആ മനസ്സിലെ നന്മകള്‍ നമ്മുടെ മുന്നില്‍ തുറന്നു വെയ്ക്കുന്നത്‌.

ബൂലോകത്ത്‌ മിക്കവാറും എല്ലാവരും പരസ്പരം തിരിച്ചറിയുന്നുതും വിലയിരുത്തുന്നതും വാക്കുകളിലൂടേയും വരികളിലൂടെയും മാത്രമാണല്ലോ.. അതിനപ്പുറം ആര്‍ക്കും ആരേക്കുറിച്ചും കാര്യമായി ഒന്നുമറിയില്ല.. ബ്ലോഗ്ഗിനെ ആ ബ്ലോഗറുടെ മനസ്സിന്റെ കണ്ണാടിയായി കാണാമെങ്കില്‍ തീര്‍ച്ചയായും ആ കുട്ടി വര്‍ഷ ഭാഗ്യവതി തന്നെയായാണ്‌. അല്ലെങ്കില്‍ ഇക്കാലത്ത്‌ ഇതുപോലൊരു അടക്കവും ഒതുക്കവും, ഗുരുത്വവുമുള്ള, പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിയ്ക്കുന്ന ഒരു പയ്യനെ തന്നെ വരനായി കിട്ടുമായിരുന്നോ?

പ്രൊപോസലുകളുടെ സമയത്ത്‌ ആണ്‍പെണ്‍ വ്യത്യാസമില്ലതെ എണ്ണിയെണ്ണി നമ്മുടെ കുട്ടികള്‍ കണക്കു പറയുന്ന കാലമാണിതെന്നോര്‍ക്കണം.! 

"കുട്ടേട്ടാ നമ്മുടെ ധന്യയ്ക്കു വന്ന പ്രപോസല്‍ വേണ്ടെന്നു വെച്ചു.. പയ്യന്റെ പാക്കേജിന്റെ വലിപ്പം അവള്‍ക്കു പിടിച്ചില്ലാത്രെ.. നല്ല തറവാട്ടുകാരായിരുന്നു അവര്‌. മാലിനി ചേച്ചിയ്ക്കൊക്കെ വലിയ വിഷമമായി.. പറഞ്ഞിട്ടെന്താ കാര്യം.."

"അതു പിന്നെ അവളൊരു ഐ ടി കുട്ടിയല്ലെ മാളു, അവള്‍ക്കും സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ടാകില്ലെ? എന്നാലും കല്യാണത്തിനു മുമ്പെ അവളെങ്ങിനെ പയ്യന്റെ പാക്കേജിന്റെ വലിപ്പമറിഞ്ഞു, അതാ എനിയ്ക്കു മനസ്സിലാവാത്തത്‌! " 

'ആ പാക്കേജല്ല കുട്ടേട്ടാ ഈ പാക്കേജ്‌, ഒരു മാതിരി ഒന്നുമറിയാത്തതുപോലെ.." 

"അതൊക്കെ മനസ്സിലായെടി, സത്യം പറ മാളു.. അന്ന്‌, ആലോചന വന്ന സമയത്ത്‌ കുട്ടേട്ടന്റെ പാക്കേജിനേക്കുറിച്ച്‌ ഒരു നിമിഷമെങ്കിലും നീ ഓര്‍ത്തിട്ടുണ്ടോ?" 

"കുട്ടേട്ടാ, കാര്യം പറയുമ്പോള്‍ ചുമ്മാ കളി പറഞ്ഞ്‌ എന്നെ ദേഷ്യം പിടിപ്പിയ്ക്കരുത്‌... ഇങ്ങോട്ടു വരു, കാണിച്ചു തരാം ഞാന്‍.." 

"അതിന്‌ നമ്മള്‍ക്കിടയില്‍ പറയാനും, കാണാനും, കാണിയ്ക്കാനും ഇനി എന്താണ്‌ മാളു ബാക്കിയുള്ളത്‌?"

പാക്കേജുകളുടെ വലിപ്പം അന്വേഷിയാന്‍ പോയിട്ട്‌, സത്യസന്ധമായി പറഞ്ഞാല്‍ പരസ്പരം കാണാന്‍ പോലും അവസരം കിട്ടാതെ കല്യാണം നിശ്ചയിയ്ക്കപ്പെട്ടവരാണ്‌ ഞങ്ങള്‍ .! അവള്‍ എന്റെ ഫോട്ടോയെങ്കിലും കണ്ടിരുന്നു.. അതിനുപോലും മെനെക്കെട്ടില്ല ഞാന്‍,! മനസ്സിലെ മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ എന്നെ മാഞ്ഞു പോയിരുന്നു. ഏതു പെണ്ണായാലെന്ത്‌, എന്തു പെണ്ണായാലെന്ത്‌, പ്രായമേറുന്നു.. ജീവിതത്തില്‍ ഒരു കൂട്ടു വേണം അത്രയൊക്കെ നിറങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു അന്ന്‌ എന്റെ വിവാഹസ്വപ്നങ്ങള്‍ക്ക്‌.

"പാരലല്‍ കോളേജ്.. ബോംബെ ജീവിതം.. ഇപ്പോഴിതാ ഗള്‍ഫിലും രണ്ടു വര്‍ഷം.. ഈശ്വരാ, കുട്ടനു വയസ്സേറുന്നു.. കഷ്ടപ്പാടിന്റെ കാലത്തു പോലും ഏട്ടന്മാര്‍ രണ്ടാളും ഇരുപത്തിയാറു വയസ്സാപ്പൊഴെ കെട്ടി, വര്‍ഷം തികഞ്ഞപ്പോഴേയ്ക്കും കുട്ടികളായി.. പാവം കുട്ടന്‍ മാത്രം.." വല്ലാത്ത വേവലാതിയായിരുന്നു അമ്മയ്ക്ക്‌.

അങ്ങിനെ ഒക്ടോബറില്‍, ആദ്യ വെക്കേഷനില്‍തന്നെ കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അമ്മയും ചേച്ചിമാരും, ഏട്ടത്തിമാരും സംഘം തിരിഞ്ഞ്‌ പെണ്ണന്വേഷണം തുടങ്ങി. പെട്ടന്നാണ്‌ ആഗസ്റ്റില്‍ വെക്കേഷന്‍ പോകാന്‍ കമ്പനിയില്‍ നിന്നും റിക്വസ്റ്റ്‌ വരുന്നത്‌.. എത്രയും പെട്ടന്ന്‌ നാട്ടിലെത്താനുള്ള മോഹം കൊണ്ട്‌ കൂടുതലൊന്നും ആലോചിയ്ക്കാതെ ഞാന്‍ പെട്ടന്നങ്ങ്‌ സമ്മതിച്ചു. ഒരു ജൂലായ്‌ മാസമായിരുന്നു അത്‌. ഓഗസ്റ്റിലെ എന്റെ വരവറിഞ്ഞ്‌ വീട്ടുകാര്‍ ഞെട്ടി, നെട്ടോട്ടമോടി.. ഒരു മാസം കൊണ്ടൊരു പെണ്ണിനെ കണ്ടു പിടിയ്ക്കാന്നുള്ളത്‌ ചില്ലറ കാര്യമാണോ? അവരെ ഏല്‍പ്പിച്ചാല്‍ മതി, ബാക്കി അവര്‍ നോക്കികൊള്ളും എന്നു പറഞ്ഞാശ്വസ്സിയ്ക്കാന്‍ കേരള മാട്രിമോണി ഒന്നുമില്ലാത്ത കാലമായിരുന്നു അത്‌.

'അമ്മയ്ക്കിഷ്ടമുള്ള പെണ്ണിനെ സെലെക്റ്റ്‌ ചെയ്ത്‌ എല്ലാം തീരുമാനിച്ചോളു... ഞാനെതിരു പറയുകയില്ല. ഫോട്ടോ പോലും കാണണമെന്നില്ല.. തെറ്റില്ലാത്ത നിറം, നല്ലനീളം, നല്ല മുഖശ്രീ, സാമാന്യവിദ്യാഭ്യാസം, ഒത്തു കിട്ടിയാല്‍ ഒരു ടീച്ചറുകുട്ടി.. അങ്ങിനെ എനിയ്ക്കു ചേരുന്ന പെണ്ണിനേയല്ലെ എന്റെ അമ്മ സെലെക്റ്റ്‌ ചെയ്യൂ,.. അതുപിന്നെ എനിയ്ക്കറിഞ്ഞൂടെ.' 

അങ്ങിനെ കൊച്ചുകൊച്ചു ഡിമാന്‍ഡുകള്‍ വെയ്ക്കാനും ഒപ്പം അമ്മയെ സുഖിപ്പിയ്ക്കാനും ഞാന്‍ മറന്നില്ല. 

"ഈശ്വരാ, ഇക്കാലത്ത്‌ ഇങ്ങിനേയും ആണ്‍കുട്ടികളോ..? പെണ്ണിനെപോലും കാണേണ്ടത്രെ അവന്‌. അമ്മ കണ്ടാല്‍ മതി, അമ്മയ്ക്കിഷ്ടമായാല്‍ അവനും ഇഷ്ടമായി ! അതങ്ങിനെയാണ്,‌ ഞാന്‍ പറയുന്നതിനപ്പുറത്ത്‌ ഒരു വാക്ക്‌ അവനില്ല.. പഠിയ്ക്കുന്ന കാലത്തു പോലും ഒരു പെണ്‍കുട്ടിയുടെ മുഖത്തു നോക്കിയിട്ടില്ല അവന്‍.. ചെറുപ്പം മുതലെ അങ്ങിനെയാ ഞാനവനെ വളര്‍ത്തിയത്‌.!"

അമ്മയ്ക്കു ശരിയ്ക്കും സുഖിച്ചു. മക്കള്‍ ഏഴുപേരില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന അമ്മയുടെ മനസ്സിലെ എന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച സംഭവം കൂടിയായിരുന്നു അത്‌.. ഇന്നും എവിടെയെങ്കിലും ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും കല്യാണാലോചന നടക്കുന്നുവെന്നു കേട്ടാല്‍ മതി കാണുന്നവരോടും കേള്‍ക്കുന്നവരോടുമൊക്കെ എന്റെ കല്യാണാലോചനവിശേഷങ്ങള്‍ വിസ്തരിയ്ക്കാന്‍ മറക്കില്ല അമ്മ, ഒപ്പം എന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്താനും! 

വീട്ടുമുറ്റത്ത്‌ നേരിട്ടു വിമാനമിറങ്ങാനുള്ള സൗകര്യമൊന്നുമില്ലാത്ത കാലമായിരുന്നു അത്‌... പതിവുപോലെ ലെയിറ്റായി പറന്ന എയര്‍ ഇന്ത്യ ബോംബേയിലെത്തിയപ്പോഴേയ്ക്കും കണക്ഷന്‍ ഫ്ലൈറ്റ്‌ അതിന്റെ പാട്ടിനു പോയിരുന്നു. പിന്നെ സാമര്‍ഥ്യം കാണിച്ച്‌ അടുത്ത ഫ്ലൈറ്റില്‍ത്തന്നെ സീറ്റൊപ്പിച്ച്‌ വീട്ടിലെത്തിയപ്പോഴേയ്ക്കും അര്‍ദ്ധരാത്രി കഴിഞ്ഞു.
ഉറക്കക്ഷീണം മാറാത്ത മുഖവുമായി പിറ്റേന്നു രാവിലെത്തന്നെ പെണ്ണുകാണാന്‍ പോയി ഞാന്‍. അന്നു വെള്ളിയാഴ്ചയായിരുന്നു, ചിങ്ങമാസം ഒന്നാം തിയ്യതി.. രണ്ടുദിവസം കഴിഞ്ഞ്‌ ഞായാറാഴ്ച നിശ്ചയം, അടുത്ത ഞായാറാഴ്ച കല്യാണം. എല്ലാം കൃത്യമായി തീരുമാനിച്ച്‌ മണ്ഡപംവരെ ബുക്കു ചെയ്തിതിനുശേഷം വെറുമൊരു ചടങ്ങു മാത്രമായിരുന്നു ആ പെണ്ണുകാണല്‍..! 

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നാട്ടിലെ ആദ്യ പ്രഭാതം.. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ കുളിരുള്ള ഇളം ചിങ്ങവെയിലില്‍ ഓണത്തുമ്പികള്‍ പാറിക്കളിയ്ക്കാന്‍ തുടങ്ങിയിരുന്നു; മുറ്റത്തും ഒപ്പം എന്റെ മനസ്സിലും... കാണുന്നതിലെല്ലാം വല്ലാത്ത പുതുമയായിരുന്നു എനിയ്ക്കപ്പോള്‍. കാണുന്നതെല്ലാം പണ്ടെത്തേക്കള്‍ വല്ലാതെ ചെറുതായിപോയോ എന്ന തോന്നല്‍ മനസ്സിലൊരു കൗതുകമായി നിറഞ്ഞുനിന്നു... റോഡുകള്‍.. വീടുകള്‍.. എല്ലാം.. എന്തിന്‌ പെണ്ണുകാണാന്‍ പോയ ഏട്ടന്റെ മാരുതി-800 പോലും ! 

പുഴയോടു ചേര്‍ന്നായിരുന്നു മാളുവിന്റെ വീട്‌. 70 മോഡലൊരു ടെറസ്സ്‌. വിശാലമായ പറമ്പില്‍ നല്ല വളക്കൂറുള്ള മണ്ണില്‍ മണ്ഡരിയൊന്നും ബാധിയ്ക്കാതെ നിറയെ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകള്.. അവിയ്ക്കിടയില്‍ നിറയെ ജാതിമരങ്ങള്‍, ചെറുവാഴകള്..‍. ഇളംവെയിലില്‍ പുഴയില്‍ നിന്നും ഒഴുകിയെത്തുന്ന കുളിര്‍ക്കാറ്റ്‌... പറമ്പും പരിസരവും എനിയ്ക്ക്‌ നന്നായി പിടിച്ചു. സ്വീകരണമുറിയുടെ ഇടതുവശത്ത്‌, മുട്ടിനു മുട്ടിന്‌ മുറി ഇംഗ്ലീഷ്‌ പറയുന്ന അവളുടെ അച്ഛന്റെ ഓഫീസുറൂമിലെ ചുമരില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ഗാന്ധിജി, നെഹ്രു, ഇന്ദിരഗാന്ധി, രാജീവ്‌ ഗാന്ധി തുടങ്ങിയ മണ്‍മറഞ്ഞുപോയ മഹാന്മാരുടെ ചിത്രങ്ങള്‍.. ബെസ്റ്റ്‌ കണ്ണാ, ബെസ്റ്റ്‌..! നല്ല രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം..! നിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക്‌ അനുയോജ്യനായ അമ്മായിയപ്പനെത്തന്നെ കിട്ടിയിരിയ്ക്കുന്നു.! ആ നേരത്തും മനസ്സ്‌ സ്വയം കളിപറഞ്ഞു.

അപ്പോള്‍ മാളുവിനെ കാണാനല്ലെ പോയത്?‌ അതോ വീടും ചുറ്റുപാടും കാണാനൊ.? മാളുവിനെ കണ്ടില്ലെ, ഇഷ്ടമായില്ലെ എന്നൊക്കയല്ലെ ഇപ്പോള്‍ മനസ്സില്‍ കരുതുന്നത്‌..! കണ്ടു.. ഒറ്റ നോട്ടത്തില്‍ ഇഷ്ടക്കേടൊന്നും തോന്നിയില്ല, എന്നാല്‍ അങ്ങിനെ എടുത്തുപറയത്തക്ക ഇഷ്ടവും.. അമ്പിളിമാമനുപോലും വലിയ പപ്പടത്തിന്റെ അഞ്ചിരട്ടി വലിപ്പം തോന്നുന്ന അറബിനാട്ടിലെ തെരുവോരങ്ങളില്‍, ഷോപ്പിംഗ്‌ മാളുകളില്‍, റെസ്റ്റോറന്റുകളില്‍ ക്വിന്റല്‌ വലിപ്പമുള്ള അറബ്‌ വംശജരായ ഈജിപ്ഷ്യന്‍, ലെബനീസ്‌ പെണ്‍കൊടികളേ കണ്ടുശീലിച്ച കണ്ണുകള്‍കൊണ്ട്‌ നോക്കിയതുകൊണ്ടാകാം വളരെ ചെറിയ ഒരു പെണ്‍കുട്ടിയാണ്‌ മാളു എന്നാണ്‌ ആദ്യം തോന്നിയത്‌. 

രണ്ടു വര്‍ഷം തുടര്‍ച്ചയായി ബോണീസ്‌ മില്‍ക്ക്‌ - ലിപ്‌ടന്‍ റ്റീ ബാഗ്‌ കോമ്പിനേഷനിലുള്ള ബുഫിയ ചായ കുടിച്ചു ശീലിച്ച എന്റെ നാക്കിന്‌ അവരുടെ വീട്ടിലെ പശുവിന്റെ ശുദ്ധമായ പാലൊഴിച്ച്‌, അവള്‍ തന്നെയുണ്ടാക്കിയ ചായയ്ക്ക്‌ വല്ലാത്ത രുചി തോന്നി. ഒരു കപ്പിന്റെ ഫോര്‍മാലിറ്റിയിലൊന്നുമൊതുങ്ങാന്‍ നില്‍ക്കാതെ നാഴിയിടങ്ങാഴി ചായ ഒരു മടിയും കൂടാതെ ചോദിച്ചു വാങ്ങി കുടിച്ചു..

ഒരു പെണ്ണുകാണല്‍ ചടങ്ങിലുമുപരി എന്‍ഗേജുമന്റ്‌ കഴിഞ്ഞവര്‍ക്കു കിട്ടുന്ന സ്വാതന്ത്രം കല്‍പ്പിച്ചു കിട്ടിയ നിമിഷങ്ങളായിരുന്നു അത്‌.. ചായ പകര്‍ന്നു തരുന്നതിനിടയിലെപ്പോഴൊ ഞങ്ങള്‍ക്കിടയിലെ അപരിചിത്വം ചായക്കപ്പിലെ ചൂടില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്നിരുന്നു. ചായ കുടിച്ചതു ഞാനാണെങ്കിലും അതിന്റെ നവോന്മേഷം മുഴുവന്‍ മാളുവിന്റെ മുഖത്താണ്‌ നിറഞ്ഞു നിന്നത്‌. അവള്‍ക്കെന്നെ ശരിയ്ക്കും ഇഷ്ടപ്പെട്ടിരിയ്ക്കുന്നു; അവളുടെ മുഖഭാവത്തില്‍ നിന്നും, വാക്കുകളില്‍നിന്നും അംഗചലനങ്ങളില്‍നിന്നും മനസ്സിലായി. ഒപ്പം അവള്‍ക്ക്‌ സാരിയുടുത്തു വലിയ ശീലമില്ലെന്നും.!

മുള്ളിന്‍മേല്‍ നില്‍ക്കുന്നതുപോലേയായിരുന്നു ആ സമയത്ത്‌ വീട്ടില്‍ അമ്മയുടെ അവസ്ഥ എന്ന്‌ എനിയ്ക്കു നന്നായി അറിയാമായിരുന്നു. അമ്മയുടെ ഒറ്റ ഉറപ്പിലല്ലെ എല്ലാം നേരത്തെകൂട്ടി ഫിക്സ്‌ ചെയ്തത്‌.. ഇനി ഞാനെങ്ങാനും ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, വാക്കു മാറിയാല്‍ അവിടെ തീരില്ലെ എല്ലാം.. അമ്മയുടെ മാനം കപ്പലു കയറില്ലെ.. അത്തരം സാധ്യതകളൊക്കെ പറഞ്ഞും ഓര്‍മ്മിപ്പിച്ചും എല്ലാരും കൂടി ഒരാഴ്ചയായി അമ്മയെ ശരിയ്ക്കും പേടിപ്പിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.. പാവം അമ്മയ്ക്കു ഉറക്കം നഷ്ടപ്പെട്ട രാവുകളായിരുന്നു അത്‌.

അതിനാല്‍തന്നെ കൂടുതലൊന്നും ആലോചിയ്ക്കാനില്ലായിരുന്നു എനിയ്ക്ക്‌.. നിളയുടെ ഓളങ്ങളില്‍ ഒഴുകിപോയ സ്വപ്നങ്ങളെല്ലാം കുറുമാലിപ്പുഴയുടെ തീരത്തുവന്നടിഞ്ഞിരിയ്ക്കുന്നുവെന്ന്‌ മനസ്സിനെ പറഞ്ഞുമനസ്സിലാക്കി സമ്മതിപ്പിയ്ക്കുകയായിരുന്നു മടക്കയാത്രയില്‍ ഞാന്‍. ആ പുഴയുടെ സാമിപ്യം അതിനെന്നെ അന്ന്‌ ശരിയ്ക്കും സഹായിച്ചിട്ടുണ്ടാകാം.

വിശാലമായ നിളാനദിയായാലും, ഒതുങ്ങിയൊഴുകുന്ന കുറുമാലിപ്പുഴയായാലും എല്ലാ നദികള്‍ക്കും ഒരേ രൂപഭാവങ്ങളല്ലെ. അഗാധവും അപാരവുമായ ആ മനസ്സുകളെല്ലാം സ്നേഹത്തിന്റെ, വാല്‍സല്യത്തിന്റെ, മാതൃത്വത്തിന്റെ ആര്‍ദ്രജലകണങ്ങളെകൊണ്ടു ഒരേപോലെ സമ്പന്നമല്ലെ. മോഹിച്ച പെണ്ണിനു കൊടുക്കാന്‍ കഴിയാതെ സ്നേഹമെല്ലാം, എനിയ്ക്കായി കരുതലോടെ കരുതിയൊരുക്കിയ പെണ്ണിനു പകര്‍ന്നു നല്‍കാന്‍ മനസ്സിനെ പൂര്‍ണ്ണമായും സജ്ജമാക്കി നിറഞ്ഞ പുഞ്ചിരിയുമായാണ്‌ അമ്മയുടെ മുമ്പില്‍ ഞാന്‍ തിരിച്ചെത്തിയത്‌. 

ഓര്‍ത്തു നോക്കിയാല്‍ അതൊരുത്ഭുതമാണല്ലെ, അറേഞ്ചഡ്‌മാരേജ്..‌. നമ്മുടെ മാത്രം സംസ്കാരത്തിന്റെ സൗഭാഗ്യം.. ആകുലുതയോടെയും വ്യാകുലതയോടെയും ഒരുപക്ഷെ അല്‍പ്പം ഇഷ്ടക്കുറവോടുംകൂടിപോലും ഒന്നിയ്ക്കുന്ന രണ്ടുപേര്‍ എത്രപ്പെട്ടന്നാണ്‌ ഇണക്കുരുവികളായി മാറുന്നത്‌. "ആദ്യ ദിവസത്തെ ചായകുടി കണ്ടപ്പോഴെ മനസ്സിലായിരുന്നു കൊതിയനും ആര്‍ത്തിപണ്ടാരവുമാണെന്ന്‌, എന്നാലും ഇത്രും കുറുമ്പനായിരിയ്ക്കുമെന്ന്‌ കരുതിയതേയില്ല..!" അങ്ങിനെയങ്ങിനെ കൊഞ്ചിയും, കൊഞ്ചിച്ചും, ചിരിച്ചും കളിച്ചും,സമ്മോഹനനിമിഷങ്ങളുടെ ഊഞ്ചലിലാടുന്നു. പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടും ഒരിയ്ക്കലും പിരിയാനകാത്തവിധം ഒന്നായിതീരുന്നു. അതാണ്‌ ശ്രീ, ഇനി അനുഭവിയ്ക്കാന്‍ പോകുന്ന ദാമ്പത്യത്തിന്റെ മനോഹാരിതയും മാസ്മരികതയും.

ഇതുവരെ കണ്ട ബൂലോകമൊന്നുമല്ല ശ്രീ ഇനി കാണാന്‍ പോകുന്ന മായലോകം! അനുഭവങ്ങളുടെ കുത്തൊഴുക്കായിരിയ്ക്കും അവിടെ. ഇണക്കത്തിന്റെ, പിണക്കത്തിന്റെ, പരിഭവത്തിന്റെ, സാന്ത്വനത്തിന്റെ, ഒത്തുചേരലിന്റെ ഞാറ്റുവേലകള്‍.. പരന്നൊഴുകുന്ന ഓണനിലാവിന്റെ പാല്‍പുഞ്ചിരി.. നിറഞ്ഞൊഴുകുന്ന ആഹ്ലാദത്തിന്റെ ഉത്സവദിനങ്ങള്‍. പഴയ പോലെ അമ്പലപ്പറമ്പിലെ ആരവത്തിനിടയിലേയ്ക്ക്‌ ഒറ്റയ്ക്കിനി കുതിച്ചുപായാന്‍ കഴിയില്ല.. ആ കാലം കഴിഞ്ഞുപോയി... ഒരു പക്ഷെ, ബൂലോകത്തേയ്ക്കുള്ള യാത്രയ്ക്കു പോലും പരിധികളും, പരിമിതികളും നിശ്ചയിയ്ക്കപ്പെട്ടുവെന്നു വരാം.!
. 
"ശ്രീയേട്ടാ, ഏട്ടനെഴുതുന്നത്‌ അത്ര രസമൊന്നുമില്ലാട്ടോ, എല്ലാറ്റിനും ഒരു കോമണ്‍ സ്വഭാവമാണ്‌, എല്ലാം ചെന്നെത്തുന്നത്‌ ഒരേ പോയന്റിലും. എന്നിട്ടും എത്ര പേരാ വായനക്കാരായിട്ട്‌! എന്തു കണ്ടിട്ടാ ഇത്രയും നല്ല അഭിപ്രാമൊക്കെ അവരു പറയുന്നത്‌. പെണ്ണുങ്ങളുമുണ്ടല്ലെ ഒരുപാട്‌.. ഇവര്‍ക്കൊക്കെ വീടും കുടുംബവും കുട്ടികളുമൊന്നുമില്ലെ? കിച്ചണിലൊന്നും കയറി യാതൊരു പണിയും ചെയ്യുന്നുണ്ടാവില്ല? ബ്ലോഗെഴുത്തും, ബ്ലോഗില്‍ നിന്നും ബ്ലോഗിലേയ്ക്കു പാഞ്ഞ്‌ നടന്ന്‌ കമെന്റെഴുത്തും മാത്രമെ അറിയിന്നുണ്ടാവുള്ളു?" ശ്രീയുടെ ബ്ലോഗിലൂടെ കടന്നുപോകുന്ന നേരം ഒരു പക്ഷെ എന്നെങ്കിലും ഒരു ദിവസം വര്‍ഷ അസ്വസ്ഥയോടെ ഇങ്ങിനെയൊക്കെ അഭിപ്രായ പ്രകടനം നടത്തിയെന്നു വരാം. 

"അമ്പടി കേമി, നീ ആളു കൊള്ളാലോ, ഇക്കണക്കിനു ആ പൃഥിരാജാണ്‌ നിന്നെ കെട്ടിയിരുന്നതെങ്കില്‍ കല്യാണപ്പിറ്റേന്നത്തെ വിവാഹ സല്‍ക്കാരച്ചടങ്ങിന്റെ വേദിയില്‍ വെച്ചെ നീ പിണങ്ങിപിരിഞ്ഞു പോകുമായിരുന്നല്ലോടി കുശുമ്പിപ്പാറു" എന്ന തോന്നലൊക്കെ മനസ്സിലൊതുക്കണം.. സ്നേഹാധിക്യം കൊണ്ടാണ്‌,സ്ത്രീസഹജമായ പൊസ്സസ്സീവ്‌നസ്സു കൊണ്ടാണ്‌ അവള്‍ക്കു അങ്ങിനെയൊക്കെ തോന്നുന്നതെന്ന്‌ മനസിലാക്കണം.. അവളുടെ നിരീക്ഷണപാടവത്തെ, വിമര്‍ശനബുദ്ധിയെ അഭിനന്ദിയ്ക്കണം.. 'എടി മിടുക്കി സത്യത്തില്‍ നീ സാഹിത്യവാരഫലം വരെ എഴുതാന്‍ യോഗ്യയാണ്‌' എന്നൊക്കെ പറ്റുമെങ്കില്‍ തട്ടി വിടണം...

അത്രയ്ക്കൊക്കെയെ ഉള്ളു ശ്രീ നമ്മുടെ ഭാര്യമാര്‍. അവരെ നമ്മള്‍ മാനിയ്ക്കുന്നു, അംഗീകരിയ്ക്കുന്നു, അവരെ മാത്രം സ്നേഹിയ്ക്കുന്നു എന്നവര്‍ക്കു ഉത്തമബോധ്യം വരണം.. യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒന്നും മനസ്സില്‍ ഇല്ലാത്ത ആണുങ്ങള്‍ വരെ തന്ത്രപൂര്‍വ്വം ആ വിശ്വാസം ഉണ്ടാക്കിയെടുക്കുന്നു, ജീവിതവിജയം നേടുന്നു.. അതാണ്‌ പ്രധാനം. അതില്‍ വിജയിച്ചാല്‍ പിന്നെ എല്ലാം എളുപ്പമായി, ജീവിതം സുഖകരമായി. ദാമ്പത്യം ആയാസരഹിതമായി..

ഒരായിരം ശീലങ്ങളാണ്‌ നമ്മള്‍ ഓരോര്‍ത്തര്‍ക്കും.. പക്ഷെ, ദാമ്പത്യത്തില്‍ ഒരേയൊരു വികാരം മാത്രം; സ്നേഹം. അതിനു നിദാനമോ മനപ്പൊരുത്തവും. അതാര്‍ജിച്ചെടുക്കാന്‍ ഒരു രത്നവ്യാപാരിയുടെയോ, വസ്ത്രവ്യാപാരിയുടേയോ, ഊര്‍ജ്ജവ്യാപാരിയുടെയോ പൊന്നില്‍ ചാലിച്ചെടുത്ത മാന്ത്രികച്ചരടിന്റെ അകമ്പടിയോ, മാസ്മരിക സാന്നിധ്യമോ ഒന്നും ആവശ്യമില്ല. പകരം വേണ്ടത്‌; ഇത്തിരി തഞ്ചം, താളം , ഒതുക്കം, വഴക്കം. ഇതൊക്കെത്തന്നെ ധാരാളം..! എല്ലാറ്റിലുമപരി എല്ലാ ഈഗോയും മാറ്റിവെച്ച്‌ വിട്ടുവീഴ്ചയ്ക്കു തയ്യാറാവുന്ന ഒരു മനസ്സും കൂടിയായാല്‍, എല്ലാം ശുഭം.. 

സ്വന്തം പുരുഷന്റെ കരുതലിന്റെ തണലില്‍, അവന്റെ കരുത്തിന്റെ കുളിരില്‍ ഒരായുഷ്ക്കാലം മുഴുവും ഒതുങ്ങിജീവിച്ചുതീര്‍ക്കാന്‍ കൊതിയ്ക്കാത്ത ഒരു പെണ്ണുമുണ്ടാകില്ല ഈ ഭൂമിമലയാളത്തില്.. അവള്‍ എത്ര വലിയ ഫെമിനിസം പ്രസംഗിക്കുന്നവളായാലും ശരി..! 

ദീര്‍ഘിപ്പിയ്ക്കുന്നില്ല, അല്ലെങ്കില്‍ത്തന്നെ കാണാനും അനുഭവിയ്ക്കാനും പോകുന്ന പൂരം പറഞ്ഞറിയിയ്ക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അല്ലെ.. എല്ലാം വെട്ടിത്തുറന്നു പറയുന്ന ഒരു ഗ്രാമീണന്റെ ശുദ്ധമനസ്സ്‌. അങ്ങിനെ കണക്കാക്കിയാല്‍ മതി ഈ പോസ്റ്റിനേയും.

അപ്പോ എല്ലാം പറഞ്ഞതുപോലെ ശ്രീ... All the best.. take care.

കൊല്ലേരി തറവാടി
20/05/2011

Wednesday, May 11, 2011

ഇത്തിരി ചിന്തകള്‍.. ഒത്തിരി പാഴ്‌വാക്കുകള്‍....


'എന്തിനു കൊല്ലേരി പ്രൊഫയിലിലെ ബോംബേ വിശേഷങ്ങള്‍ മാറ്റി വെച്ച്‌ വ്യര്‍ത്ഥവും വിരസവുമായ ഈ പാഴ്‌വേലയ്ക്കു മുതിര്‍ന്നു' എന്നു ചിന്തിച്ച്‌ കള്ളച്ചിരിയോടെ ഉള്ളിലെന്നെ പരിഹസിയ്ക്കുകയായിരിയ്ക്കും ഇതു വായിയ്ക്കുന്ന നേരത്ത്‌ എന്റെ ഗുരുനാഥന്‍.. എനിയ്ക്കുമറിയാം അണ്ണാ അത്‌, എന്നാലും കുറെ നാളുകളായി പൈങ്കിളി വിഷയത്തില്‍ മാത്രം അഭിരമിച്ചു നടന്നിരുന്ന എന്റെ മനസ്സിനേയും, ഒപ്പം മനസ്സിന്റെ കണ്ണാടിയായി മാറിയ എന്റെ ബ്ലോഗിനേയും ഒന്നു റീലോഡു ചെയ്യാനും അപ്പ്ഡേറ്റു ചെയ്യാനും വേണ്ടി മാത്രമാണ്‌ ഈ പോസ്റ്റ്‌... പിന്നെ കുറച്ചുപേരൊക്കെയില്ലെ അണ്ണാ, എന്നെ വായിയ്ക്കാനും എന്തെങ്കിലും മിണ്ടിയും പറഞ്ഞും, അല്ലെങ്കില്‍ ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിച്ച്‌ ഇതുവഴി കടന്നു പോകാനും.. ബൂലോകത്ത്‌ എനിയ്ക്കേറ്റവും പ്രിയപ്പെട്ട അവര്‍ക്കായി ഞാനിതു സമര്‍പ്പിയ്ക്കട്ടെ. -------------------

ആദ്യം സൗമ്യ,
ഇപ്പോഴിതാ ഇന്ദു... രാത്രികാലങ്ങളില്‍ കൂകിപായുന്ന തീവണ്ടിയുടെ സൈറണ്‍ കാലന്‍ കോഴിയുടെ കൂവലായിമാറി പെണ്‍യാത്രികരുടെ മനസ്സുകളില്‍ ഭീതി പടര്‍ത്തുന്നു... പുണ്യ നദികള്‍, നദീതടങ്ങള്‍ പാവം നമ്മുടെ പെണ്‍കുട്ടികളുടെ രക്തത്തുള്ളികള്‍ വീണു ചുവക്കുന്നു.. ജീവിതത്തിന്റെ എല്ലാതുറകളിലും ആണ്‍കുട്ടികളേക്കാള്‍ എത്രയോ സ്മാര്‍ട്ടാണ്‌ ഇന്ന്‌ നമ്മുടെ പെണ്‍കുട്ടികള്‍. എന്നിട്ടും എന്തെ ഇങ്ങിനെ ജീവിതത്തിലെ ചതിക്കുഴികള്‍ തിരിച്ചറിയാതെ പോകുന്നു അവര്‍? പൂത്തുലയാനുള്ള ഒരുപാട് വസന്തങ്ങള്‍ ബാക്കിവെച്ച്‌ ആ കന്യാവനങ്ങള്‍ എങ്ങിനെ പോസ്റ്റുമാര്‍ട്ടം ടേബിളിലെത്തുന്നു?

ദേവി....
ശ്രീദേവി... എന്നു നീട്ടിവിളിച്ച്‌ അമ്പലപ്പറമ്പിലും അരയാല്‍ത്തറയിലും ഒതുങ്ങി നിന്നിരുന്ന പ്രണയത്തിന്റെ കാലമല്ല ഇത്‌.. ഇല്ലായ്മയുടെ വല്ലായ്മ നല്‍കുന്ന കൂട്ടായ്മയുടെ ആ കാലത്ത്‌ എല്ലാറ്റിനും ചന്തമുള്ളൊരു ഒതുക്കമുണ്ടായിരുന്നു. ഇത്‌ സമ്പന്നതയുടെ കാലം.. പഠിച്ചു മിടുക്കികളാവുന്ന പെണ്‍കുട്ടികളുടെ പേഴ്‌സുകളില്‍ അര്‍ഹിയ്ക്കുന്നതലേറെ പണം പൂത്തുലയുന്ന പ്രൊഫഷണല്‍ കാലം... അധികമായി അമൃതും വിഷമായി സമൂഹത്തില്‍ തുളുമ്പിവീഴുന്ന കാലം.. ധാരാളിത്തം ആസ്വാദനത്തിന്റെ നിറം കെടുത്താന്‍ തുടങ്ങിയിരിയ്ക്കുന്നു. ഒന്നിലും തൃപ്തരല്ലാതാവാന്‍ തുടങ്ങിയിരിയ്ക്കുന്നു പുതുതലമുറ.. പുതിയ പുതിയ അനുഭവങ്ങളുടെ, സുഖലോലുപതയുടെ മേച്ചില്‍പ്പുറങ്ങളുംതേടി പുറമെ ശാന്തമെന്നു തോന്നും വിധം ചിരിതിരകളില്‍ നുരയും പതയുമിളക്കി, ചതിയുടെ കാണാചുഴികളൊരുക്കി, ഒരുപാട്‌ സ്വപ്നങ്ങള്‍ സമ്മാനിച്ച്‌ മോഹിപ്പിയ്ക്കുന്ന കടലിന്നഗാധതയിലേയ്ക്കു സ്വപ്നാടകരെപോലെ നടന്നകലുന്നു ഇവരില്‍ ചിലരെങ്കിലും. ഇതു കലികാലമാണ്‌; ഇനി എന്നും അമാവാസി നാളുകളാണ്‌. ഈ ദുഃഖസത്യം തിരിച്ചറിയാന്‍ പാകാതയില്ലാതെ പോകുന്നു പാവം ആ പെണ്‍കുട്ടികള്‍ക്ക്‌.. അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങി ആഞ്ഞടിയ്ക്കുന്ന വേലിയേറ്റത്തില്‍, ആറടി മണ്ണില്‍, മാതാപിതാക്കളുടെ തോരാക്കണ്ണീരില്‍ ഒടുങ്ങിതീരുന്നു എല്ലാ മോഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും...

ഭക്ഷണരീതി, വസ്ത്രധാരാണരീതി
- പണ്ട്‌ ഇതൊക്കെ മാത്രമെ നമ്മള്‍ പടിഞ്ഞാറന്‍ ദേശത്തുനിന്ന്‌ കടം കൊള്ളാന്‍ ശ്രമിയ്ക്കാറുള്ളു. ഇന്ന്‌ വന്ന്‌വന്ന്‌ കുടുംബബന്ധങ്ങളില്‍, സ്ത്രീ പുരുഷ സൗഹൃദങ്ങളില്‍ എല്ലാം പടിഞ്ഞാറിന്റെ സ്വാധീനം ഭയാനകമായ രീതിയില്‍ സമൂഹത്തില്‍ പടരാന്‍ തുടങ്ങിയിരിയിരിയ്ക്കുന്നു.. അതും ആഗോളവത്ക്കരണത്തിന്റെ ഫലം തന്നെയാകാം. അല്ലെങ്കില്‍ അതു തന്നെയായിരിയ്ക്കാം ആഗോളവത്ക്കരണത്തിന്റെ ആത്യന്തിക ലക്ഷ്യവും.

സത്യത്തില്‍ ഒരു വ്യക്തിയുടെ മൂല്യബോധത്തിന്റേയും, സദാചാരചിന്തകളുടേയും ലക്ഷ്മണരേഖ നിര്‍ണ്ണയിയ്ക്കുന്നതില്‍ മതങ്ങളേക്കാള്‍ പങ്ക്‌ അതാതു ദേശങ്ങളിലെ പാരമ്പര്യത്തിനും സംസ്കാരത്തിനുമാണ്‌..
ഇന്ത്യയിലെ, ഫിലിപ്പീന്‍സിലെ, പാശ്ചാത്യരാജ്യങ്ങിലെ ഒരേ മതവിഭാഗങ്ങളില്‍പെട്ടവരുടെ ഇടയിലുള്ള സദാചാരമൂല്യബോധങ്ങളിലെ വ്യത്യാസം ഓര്‍ത്തുനോക്കു.. എല്ലാവരും വിശ്വസ്സിയ്ക്കുന്നത്‌ ഒരേ ദൈവത്തില്‍, വേദപുസ്തകത്തില്‍, ചെന്നെത്തേണ്ടതോ ഒരേ സ്വര്‍ഗത്തിലും..! എന്നിട്ടും പാപപുണ്യങ്ങളുടെ അതിരവരമ്പുകളില്‍ ഒരുപാട്‌ ഒരുപാട്‌ അന്തരം..! ഒന്നോര്‍ത്താല്‍ എത്ര ഭാഗ്യവന്മാരണ്‌ നമ്മള്‍ അല്ലെ? ഈ ആധുനികയുഗത്തിലും കുടുംബബന്ധങ്ങളിലെ കെട്ടുറപ്പ്‌ നല്ലൊരു പരിധിവരെ കാത്തു സൂക്ഷിയ്ക്കുന്നു ഇന്നും നമ്മള്‍.. എവിടെയൊക്കെ പോയാലും എന്തൊക്കെ തരികിട ഒപ്പിച്ചാലും അവസാനം സ്വന്തം ചക്കിയുടെ മുന്നിലെത്തുമ്പോള്‍ അവളുടെ താളത്തിനൊത്തു തുള്ളുന്ന പ്രിയപ്പെട്ട ചങ്കരനായി എത്ര എളുപ്പത്തില്‍ മാറാന്‍ കഴിയുന്നു നമുക്ക്‌..

"മലരും കിളിയും ഒരു കുടുംബം." ഏകപത്നിവൃതവുമായി ഭാര്യയോടും മക്കളോടുമൊപ്പം ആടിപ്പാടി വെള്ളിത്തിരയില്‍ തിളങ്ങിനിന്നിരുന്ന പ്രേംനസീര്‍ കഥാപാത്രങ്ങള്‍ ഒരു കാലത്ത്‌ നമ്മുടെ സമൂഹത്തില്‍ ഉത്തമകുടുംബനാഥന്റെ പ്രതീകമായിരുന്നു.. കരിയും പുകയും നിറഞ്ഞ അടുക്കളയില്‍ ചട്ടിയിലും കലത്തിലും കഞ്ഞിയും കറിയുമൊരുക്കുമ്പോഴും കരിപുരളാത്ത ശാരദയുടെ സെറ്റുമുണ്ട്‌, ഏതു പ്രതിസന്ധിയിലും തളരാതെ തിളക്കം മങ്ങാതെ പ്രാണനാഥനെ കാത്തിരിയ്ക്കുന്ന പ്രിയതമകളുടെ പതിവൃതാസങ്കല്‍പ്പത്തിന്റെ ഉടയാടയായിരുന്നു...

പക്ഷെ, ഇന്ന്‌ കാലം മാറുന്നു
, കഥ മാറുന്നു... കാലാവസ്ഥ പോലെ മനുഷ്യമനസ്സുകളും പ്രവചനാധീതമാകുന്നു. കാലമാടന്‍ ബാറില്‍ കയറി പൂക്കുറ്റിയായാലും അല്ലെങ്കില്‍ ഏതെങ്കിലും തേവിടിച്ചിയുടെ വീട്ടില്‍ അവളുടെ വിശാലമായ തിണ്ണയില്‍ കയറിയിറങ്ങി നിരങ്ങിയാലും വേണ്ടില്ല, നേരത്തെ കയറിവന്നു ന്യൂസെന്നും ക്രിക്കറ്റന്നുമൊക്കെപറഞ്ഞ്‌ ചാനല്‍ മാറ്റി സീരിയീലിന്റെ സ്വച്ഛന്ദമായ ഒഴുക്കിനു തടസമാകാതിരുന്നാല്‍ മതി എന്നു കരുതുന്നു പല വീട്ടമ്മമാരും.. ഭാര്യയുടെ മനസറിഞ്ഞ്‌ ബീവറജസിനെ സേവിച്ചും, അതിന്റെ ചുറ്റുവട്ടത്തെ പ്രണയിച്ചും സായാഹ്നങ്ങള്‍ സമ്പുഷ്ടമാക്കുന്നു സ്നേഹമുള്ള അവരുടെ ഭരത്താക്കന്മാര്‍.

പരസ്പരം അറിയാതെ ഒരാള്‍ മറ്റേയാളുടെ മൊബെയില്‍ ഫോണിലെ കോള്‍ ലിസ്റ്റ്‌ രഹസ്യമായി പരിശോധിയ്ക്കേണ്ടിവരുന്ന തലത്തിലേയ്ക്കുയരുന്നു പല ദാമ്പത്യബന്ധങ്ങളുടേയും വിശ്വസ്ഥത..!

ഭാര്യയുടെ റിങ്ങ്‌ടോണിനു കാതുകൊടുക്കാതെ നെറ്റില്‍ പരിചയപ്പെട്ട മറ്റൊരാളുടെ ഭാര്യക്ക്‌ തിരക്കിട്ടു മെയിലയച്ചും ചാറ്റുചെയ്തും നമ്പറിടാന്‍ ശ്രമിയ്ക്കുന്നു മാന്യതയും തറവാടിത്വവും മുഖമുദ്രയാക്കിയ മറ്റു ചില മനുഷ്യര്‍.!

വിചിത്രമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു നമ്മുടെ ചുറ്റുമുള്ള ചില കുടുംബചിത്രങ്ങളുടെയെങ്കിലും നേര്‍ക്കാഴ്ചകള്‍.!

ആഗോളവല്‍ക്കരണവും ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും സമൂഹമനഃസാക്ഷിയെ കാര്‍ന്നു തിന്നാന്‍ തുടങ്ങികഴിഞ്ഞു...
സെര്‍ച്ച്‌ യന്ത്രവുമായെത്തി ഉറക്കം കവര്‍ന്നെടുത്ത്‌ ശവക്കുഴിയിലേയ്ക്കുള്ള മനുഷ്യായുസ്സിന്റെ യാത്രയ്ക്കു വേഗം കൂട്ടുന്ന ഗൂഗിള്‍മാമന്റെ മായാവിലാസങ്ങളില്‍ മുഴുകി സ്വയം മറക്കാന്‍ തുടങ്ങുന്നു നമ്മള്‍. ഒപ്പം പണക്കൊഴുപ്പിന്റെ ധാരാളിത്തവും കൂടിയാവുമ്പോള്‍ എല്ലാം തികയുന്നു.

ഇത്‌ ഒരുപക്ഷെ സാംസ്കാരികമായ വികാസമായിരിയ്ക്കാം..!
പരിണാമത്തിന്റെ ഭാഗം തന്നെയായിരിയ്ക്കാം. മനുഷ്യനില്‍ നിന്നും സൂപ്പര്‍ മനുഷ്യനിലേയ്ക്കുള്ള പരിണാമത്തിന്‌ വല്ലാതെ വേഗത കൂടിയിരിയ്ക്കുന്നു.

ഭൗതികമായി ഒരു പാടു വളര്‍ന്നു നാം. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു.
എന്നിട്ടും ഭയാനകമായവിധം സാമ്പത്തിക അന്തരം നിലനില്‍ക്കുന്നു സമൂഹത്തില്‍. ഒരു രൂപയ്ക്കുള്ള അരി വാഗ്ദാനത്തില്‍ ആനന്ദിച്ചു നില്‍ക്കുന്ന ജനങ്ങളുടെ ഇടയിലൂടെ, അടുത്ത നിമിഷം അവരുടെ മുഖത്തേയ്ക്ക്‌ പൊടിപറത്തികൊണ്ട്‌ പത്തിരുപതു കിലോമീറ്റര്‍ മാത്രം ദൂരമുള്ള തൊട്ടടുത്തുള്ള ദേശത്തേയ്ക്ക്‌ ഹെലിക്കോപ്‌ടറില്‍ പറക്കാന്‍ തക്കവണ്ണം അഹങ്കാരികളായിരിയ്ക്കുന്നു നമ്മുടെ പ്രിയനേതാക്കന്മാര്‍.. പീഡിപ്പിച്ചു മാനം കെടുത്തിയ പെണ്ണുങ്ങള്‍ക്ക്‌ ലഭിയ്ക്കാവുന്നതില്‍ വെച്ചേറ്റവും വലിയ വാഹനവും മറ്റു ജീവിത സൗകര്യങ്ങളും ഒരുക്കികൊടുത്തു ന്യയാധിപന്മാരെ സ്വാധീനിച്ചും പരാതികള്‍ ഒതുക്കിതീര്‍ക്കാന്‍ മാത്രം കുബേരതുല്യരായിരിയ്ക്കുന്നു അവരില്‍ ചിലര്‍. എല്ലാം അറിഞ്ഞിട്ടും, എല്ലാം കണ്ടിട്ടും നമ്മുടെ കണ്ണില്‍ സംസ്കാരസമ്പന്നരാണ്‌ അവര്‍. നമ്മള്‍ മനസ്സുകൊണ്ടു വരിച്ചു കഴിഞ്ഞ നമ്മുടെ ഭാവി ഭരണാധികാരികള്‍.!

അവര്‍ അച്ചുമാമനെയും സംഘത്തേയും പോലെ വില്ലന്മാരല്ല..
മേടവെയിലിന്റെ ചൂടുമേറ്റ്‌ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക്‌ നിരാഹാരംകിടക്കുകയില്ല,. "തോന്നിവാസങ്ങള്‍" വിളിച്ചു പറയുകില്ല. പകരം ഡൈ ചെയ്തു കറുപ്പിച്ച മുടിയും കട്ടിമീശയും, ഫേഷ്യല്‍ ചെയ്തു യൗവനം വീണ്ടെടുത്ത മുഖവും, ചൈതന്യം തുളുമ്പുന്ന പുഞ്ചിരിയുമായി ബൈബിളിലേയും ഗീതയിലേയും ഖുറാനിലേയും വചനങ്ങള്‍ കോര്‍ത്തിണക്കി ഗുണപാഠം നല്‍കി ജനങ്ങളെ പ്രബുദ്ധരാക്കും. പത്തു ദിവസംകൂടി കഴിഞ്ഞാല്‍ ഭരണയന്ത്രത്തിന്റെ ചുക്കാന്‍ തിരിച്ചുപിടിച്ച്‌ അഞ്ചുകൊല്ലമായി മുരടിച്ചു കിടക്കുന്ന ആ പഴയ "വികസനപ്രവര്‍ത്തനങ്ങള്‍" പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുകൊണ്ടുവരുവാന്‍ കുപ്പായംതേച്ചുമിനുക്കി ഒരുങ്ങുകയാണ്‌ പാവം ആ സുമനസ്സുകള്‍.
സമ്പത്തും അത്‌ സമൂഹത്തിലൊരുക്കുന്ന ഭൗതികത്തിളക്കങ്ങളും മാത്രമായിരിയ്ക്കുന്നു സംസ്കാരത്തിന്റെ മാനദണ്ഡം. അവിടെ ആത്മീയ ചിന്തകള്‍ക്കും മൂല്യങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ലാതയിരിയ്ക്കുന്നു.. സ്വാര്‍ത്ഥതയുടെ പായല്‍ മൂടി ആര്‍ദ്രത നഷ്ടപ്പെട്ട ആധുനിക മനസ്സുകളില്‍ നിന്ന്‌ ഈശ്വരന്‍ എന്നെ പടിയിറങ്ങി..! മതങ്ങള്‍ വെറും സംഘടനകളുടെ തലത്തിലേയ്ക്ക്‌ തരം താണു.. മതങ്ങള്‍ നേതൃത്വം നല്‍കുന്ന കച്ചവടസ്ഥാപനങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡറമാര്‍ മാത്രമായി മാറി മതമേലധ്യക്ഷന്മാര്‍.. അവരുടേ മേശപ്പുറത്തെ കണക്കുപുസ്തകങ്ങള്‍ക്കും കാല്‍കുലേറ്ററിനും, ലാപ്‌ടോപ്പിനുമൊപ്പം അടുക്കിവെച്ച സ്വയാശ്രയ സ്ഥാപനങ്ങളുടെ വിലവിവരപ്പട്ടികയിലെ പുറംചട്ടയില്‍ മാത്രമൊതുങ്ങുന്ന കാരുണ്യം നിറഞ്ഞ മുഖങ്ങളായി മാറുന്നു പുണ്യവാന്മാരും പുണ്യവാളത്തികളും. അതിനിടയില്‍ മേശയ്ക്കടിയില്‍ എവിടെയോ വീണുകിടന്നുപൊടിപിടിയ്ക്കുന്നു വേദപുസ്തകം.! മായം കലര്‍ന്ന അപ്പത്തിന്റേയും അരവണയുടേയും ടിന്നുകളുടെ പുറത്ത്‌ ചൈതന്യം നശിച്ച പരസ്യചിത്രമായി മാറുന്നു അയ്യപ്പവിഗ്രഹം..!

പാക്കേജുകളൊരുക്കി വിവിധ തലങ്ങളാക്കി തരം തിരിച്ച്‌ പ്രാര്‍ത്ഥനകളെപോലും ആധുനീവല്‍ക്കരിയ്ക്കുന്ന കാലം..
സ്വാര്‍ത്ഥയില്‍ മുങ്ങിനീരാടിയ മനസ്സുമായി അര്‍ഹതയില്ലാത്ത അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കാനൊരുങ്ങുന്നേരം അതിനു വിഘ്നം വരാതിരിയ്ക്കാന്‍ അമ്പലനടയിലെത്തി ഒരു മനഃസാക്ഷിക്കുത്തും കൂടാതെ നല്ലൊരു തുക കമ്മീഷണായി ദൈവങ്ങള്‍ക്കും ഓഫര്‍ ചെയ്യുന്നു, എന്നിട്ട്‌ ദേവിസന്നിധിയില്‍ നിന്ന്‌ "അമ്മേ ഭഗവതി" എന്ന്‌ നിര്‍ലജ്ജം അലറിക്കരഞ്ഞുവിളിച്ച്‌ പരിപാവനമായ ക്ഷേത്രപരിസരം മലീമസമാക്കുന്നു. എന്തിനു വേണ്ടി, ആര്‍ക്കുവേണ്ടി? ഏതെങ്കിലും ദൈവങ്ങള്‍ കേള്‍ക്കുമോ ഈ വിളി, കാണുമോ ഈ മുതലക്കണ്ണീര്‍ ?

ഇല്ല,
കൂടുതലെഴുതുന്നില്ല.. കാലികമായി കാര്യങ്ങളെ വിശകലനം ചെയ്യാനും അതനുസരിച്ച്‌ മനസ്സിനെ നവീകരിച്ചെടുത്ത്‌ മാന്യനാവാനും കഴിയാത്തതുകൊണ്ടാവാം എനിയ്ക്ക്‌ ഇങ്ങിനെയൊക്കെ എഴുതാന്‍ തോന്നുന്നത്‌.

ദൈവങ്ങള്‍ പോലും നിശ്ശബ്ദരാകാന്‍ തുടങ്ങിയിരിയ്ക്കുന്നു.
ഒരു പക്ഷെ ആത്മീയഭാവങ്ങള്‍ നഷ്ടപ്പെട്ട്‌ ആസുരഭാവങ്ങള്‍ക്ക്‌ പ്രാമുഖ്യം ലഭിയ്ക്കുന്ന രീതിയിലുള്ള മനുഷ്യമുന്നേറ്റത്തെ അവരും സംശയത്തോടേ വീക്ഷിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ദൈവത്തിനും അതീതനായി വളരാനുള്ള മനുഷ്യമോഹത്തിനു നിദാനം ഇലക്ട്രോണിക്സ്‌ രംഗത്തെ വളര്‍ച്ചയാണെന്നു ധരിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ ക്ഷമ നശിച്ച്‌ സ്വയം മറക്കുന്ന നിമിഷങ്ങളില്‍ ജപ്പാനെന്ന കൊച്ചു രാജ്യത്തിനെ മാത്രം ഇങ്ങിനെ തിരഞ്ഞുപിടിച്ചു ശിക്ഷിയ്ക്കാന്‍ എന്തിനു ദൈവം മുതിരുന്നു.!

ക്ഷമ നശിച്ച്‌,
സഹികെട്ട്‌ ആര്‍ത്തട്ടഹസിച്ച്‌ ഉറഞ്ഞുതുള്ളിയ പ്രകൃതിദേവി നീണ്ട്‌ ഇടതൂര്‍ന്ന സുനാമിമുടിചുരുളുകള്‍ അഴിച്ചിട്ടു ആടിത്തിമിര്‍ത്ത സംഹാരതാണ്ഡവത്തിന്റെ തിരയിളക്കത്തില്‍ സാങ്കേതികവിദ്യയുടേയും ഒപ്പം അച്ചടക്കത്തിന്റേയും ഉത്തുംഗശൃംഗത്തില്‍ വിരജിച്ചിരുന്നു ആ രാജ്യത്തിന്റെ സൗഭാഗ്യങ്ങളോരോന്നായി കടപുഴകി തകര്‍ന്നടിയുന്നത്‌ നിസ്സഹായതയോടെ കണ്ട്‌ തരിച്ചു നിന്നില്ലെ നമ്മള്‍. ആ സംഹാരനിമിഷങ്ങളില്‍ ആടിയുലഞ്ഞ നിലയങ്ങളില്‍ നിന്നും ചോര്‍ന്നൊലിച്ച ആണവപെരുമഴത്തുള്ളികളുമായി പറന്നുയര്‍ന്ന കാര്‍മേഘങ്ങള്‍ തങ്ങളുടെ ദേശത്ത്‌ പെയ്തിറങ്ങല്ലെ എന്നു ഭയചകിതരായി നിശ്ശബ്ദമായി പ്രാര്‍ത്ഥിയ്ക്കാനല്ലെ കഴിഞ്ഞുള്ളു, അകലെ ആകാശത്തിനമപ്പുറത്ത്‌ അമ്പിളിമാമന്റെ നാട്ടില്‍ പാതാക പറപ്പിച്ചുവെന്നഹങ്കരിയ്ക്കുന്ന നമ്മള്‍ക്ക്‌.! 

എന്നിട്ട്‌ അതില്‍നിന്നെന്തു പഠിച്ചു നമ്മ
ള്‍..? "എന്തു പഠിയ്ക്കാനല്ലെ??“ അതിന്റെ പേരില്‍ മാത്രം ആണവചിന്തകളില്‍ മാറ്റം വരുത്തി ആഗോളത്തമ്പുരാക്കന്മാരെ വെറുപ്പിയ്ക്കാന്‍ കഴിയുമോ..? എന്‍ഡോസള്‍ഫാന്‍ തുള്ളികള്‍ വിഷമാണോ അമൃതാണൊ എന്നു തിരിച്ചറിയാന്‍ ഒരു വട്ടംകൂടി പാലാഴി കടയാന്‍ വരെ ഒരുങ്ങി..! എന്നിട്ട്‌, വീണ്ടും ഒരുപാടു നാളുകള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ നടത്താന്‍ മോഹിച്ചു.. എന്തിനുവേണ്ടി....? ആര്‍ക്കുവേണ്ടി....? ആഗോളത്തലത്തില്‍ എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപോയ ഭൂലോകത്തെ ഏക ഭരണകൂടം നമ്മുടേതു മാത്രമായിരിയ്ക്കും.. അവസാനം, നിരോധനത്തില്‍ പഴുതുകളുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍, സൂചി കയറ്റാന്‍ പഴുതുകിട്ടിയാല്‍ സ്പെക്ട്രം കയറ്റാന്‍ മിടുക്കുകാണിയ്ക്കാനറിയാവുന്ന നമ്മുടെ ഭരണാധികാരികള്‍ ഉള്ളിന്റെയുള്ളില്‍ തലത്തല്ലിചിരിച്ചാര്‍ത്തുവിളിച്ചാഘോഷിച്ചിട്ടുണ്ടാകും.! 

എന്‍ഡോസള്‍ഫാന്‍ വിഷയം വാര്‍ത്തകളിലും,
മെയിലുകളിലും നെറ്റിലും കത്തി പടരുമ്പോള്‍ ഒരു കമന്റിന്റെ രൂപത്തില്‍പോലും ഇടപെടാന്‍ കഴിയാത്തവിധം തിരക്കായിരുന്നു എനിയ്ക്ക്‌. മറ്റൊന്നിലും മനസ്സുകൊടുക്കാതെ പ്രൊഫയിലില്‍ കുളിക്കടവിലെ വിശേഷങ്ങള്‍ എഴുതി രസിയ്ക്കുകയായിരുന്നു എന്റെ ദുഷിച്ച മനസ്സ്‌.. പക്ഷെ അപ്പോഴും മുന്നിലൂടെ കടന്നുപോകുന്ന ടിവി കാഴ്ചകള്‍ എന്റെ ചിന്തകളെ വേട്ടയാടുന്നുണ്ടായിരുന്നു. പൈങ്കിളി വിഷയത്തില്‍ നിന്നും കുതറിമാറി പുറത്തുകടക്കാന്‍ പലപ്പോഴും മനസ്സ്‌ വെമ്പുകയായിരുന്നു..
മുമ്പില്‍ കോര്‍പ്പറേറ്റുകളുമായുള്ള പങ്കാളിത്വവും റബ്ബറിന്റെ മനസ്സുമുള്ള ചാനല്‍മുതലാളിമാര്‍ മുതലക്കണ്ണീരൊഴുക്കി ആഘോഷിയ്ക്കുന്ന എന്‍ഡോസള്‍ഫാന്‍ പ്രോഗ്രാമുകളിലൂടെ വീണ്ടും ഇരയാക്കപ്പെടുന്ന നിസ്സഹായരായ ആ പിഞ്ചുമുഖങ്ങളിലുടെ ക്ലോസപ്പില്‍ ഞാനെന്റെ അപ്പുവിനെ കണ്ടു.. ഈശ്വരാ അവനായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കില്‍ എന്ന്‌ ഞെട്ടലോടെ ഓര്‍ത്തു.. ഒരച്ഛന്റെ വേദന എന്റെ ഉള്ളു പൊള്ളിച്ചു.. നിസ്സംഗമായ ആ കുരുന്നുമിഴികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും ഉത്തരമൊന്നും നല്‍കാനാവാതെ, ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന ആധിയുമായി നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുമായി റിമോട്ടില്‍ എന്റെ വിരലുകളമര്‍ന്നു, ഒരു ഭീരുവിനെപോലെ തൊട്ടപ്പുറത്തെ എന്റര്‍ടൈന്‍മന്റ്‌ ചാനലിലെ വാലന്റൈന്‍സ്‌ കോര്‍ണറില്‍ ഞാന്‍ പോയൊളിച്ചു.... കാമ്പസ്‌ ചില്ലീസിന്റെ ആരവങ്ങളില്‍ കാതര്‍പ്പിച്ചു.. ഫുഡ്‌ ഓണ്‍ റോഡിലെ നാടന്‍ രുചിഭേദങ്ങള്‍ തേടിയലഞ്ഞു..! അങ്ങിനെ ഭീരുവായ മറ്റേതു സാധാരണ പൗരനേയുംപോലെ നിസ്സംഗതയുടെ മുഖവരണമെടുത്ത്‌ മൂടിപുതച്ചു ഉറങ്ങാന്‍ കിടന്നു ഞാന്‍.

വികസനം എന്ന വാക്കിനെ ഭയക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു ഞാന്‍.
ചൂഷണം എന്ന പദത്തിന്റെ പര്യായമായി മാറുന്നു പലപ്പോഴുമത്‌. മോഹനവാഗ്ദാനങ്ങള്‍ നല്‍കി പാവപ്പെട്ടവനെ ചൂഷണം ചെയ്യാനുള്ള പദ്ധതികളായി പരിണമിയ്ക്കുന്നു പല വികസനപ്രവര്‍ത്തനങ്ങളും ഒടുവില്‍.

വിവരവും വിദ്യാഭ്യാസവുമുള്ള ബ്യൂറോക്രാറ്റുകള്‍ ഭരണതലങ്ങളിലേയ്ക്കുയരുന്നതു കണ്ട്‌ തുടക്കത്തില്‍ സന്തോഷിച്ചിരുന്നു നമ്മളില്‍ പലരും. പക്ഷെ, വിയര്‍ക്കാതെ വിയര്‍പ്പോഹരി നേടാനുള്ള സൂത്രവാക്യങ്ങളും, അഴിമതിയെ പ്രൊഫഷണലയിസ്‌ ചെയ്ത്‌ കൂടുതല്‍ ലാഭകരമാക്കാനുള്ള സമവാക്യങ്ങളും പഠിപ്പിച്ചുകൊടുത്ത്‌ അല്ലറ ചില്ലറ അഴിമതിയും അല്‍പ്പം ജനസേവനവും ചെയ്തു ജീവിച്ചു വന്നിരുന്ന മര്യാദക്കാരായ നമ്മുടെ സാധാരണ രാഷ്ട്രീയക്കാരെ പോലും ചുരുങ്ങിയ കാലംകൊണ്ട്‌ ഫുള്‍ ടൈം അഴിമതിക്കാരാക്കി മാറ്റി..!

നോക്കു
, വെറും സാധാരണ നാട്ടിന്‍പുറത്തുക്കാരനായിരുന്ന നമ്മുടെ സ്വന്തം അന്തോണിചേട്ടന്‍ പോലും എത്ര മിടുക്കനായി മാറി.! സ്വന്തമായി ചീത്തപേരുകള്‍ ഒഴിവക്കാന്‍ മിടുക്കു കാണിയ്ക്കുമ്പോഴും അഴിമതിക്കാരായ കൂട്ടാളികള്‍ക്ക്‌ ഒരു ഉളുപ്പുംകൂടാതെ എത്ര ഭംഗിയായി കുടപിടിച്ച്‌ തണലേകുന്നു അദ്ദേഹം.

സ്വന്തം രാജ്യത്തില്‍ ജനങ്ങള്‍ക്ക്‌ ശുദ്ധജലം ഉറപ്പുവരുത്താന്‍ കഴിയാത്ത ഭരണധികാരികള്‍ ചന്ദ്രമണ്ഡലത്തില്‍ ജലാംശത്തിന്റെ സാന്നിധ്യം തേടി കോടാനുകോടികള്‍ ചിലവഴിയ്ക്കാന്‍ ഒരുങ്ങുന്നു...
പാവപ്പെട്ടവന്റെ ജീവന്‌ പുഴുവിന്റെ വിലപോലുമില്ലത്ത നാട്ടില്‍ ജീവന്റെ കണിക തേടി അലയാന്‍ ഒരുങ്ങുന്നു അവര്‍. എന്തിന്‌ ?.ഉത്തരം വ്യക്തമല്ലെ,.!.

ഓര്‍മ്മയില്ലെ രണ്ടുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ നടത്തിയ എണ്ണ പര്യവേഷണത്തിന്റെ കഥക
ള്‍... കേരളത്തിലേയ്ക്ക്‌ ജോലിയ്ക്കു വരുന്ന അറബികളെക്കുറിച്ചു സാങ്കല്‍പ്പികകഥകള്‍ ചമച്ചു രസിയ്ക്കാന്‍ മാത്രമെ നിഷ്കളങ്കരായ നമുക്കു പലര്‍ക്കും കഴിഞ്ഞുള്ളു.! അതിന്റെ പുറകെ ഒഴുകിപോയ പണത്തിന്റെയും അതിനു മീതെ പറന്ന പരുന്തിന്റേയും കഥകള്‍ മനസ്സിലാക്കണമെങ്കില്‍ ഇനിയും ഒരകക്കണ്ണുകൂടി തുറക്കേണ്ടിയിരിയ്ക്കുന്നു ഒരോ ഭാരതീയനും.. ഐപിയെലില്‍ തേഡ്‌ അമ്പയറായി റണ്‍ ഔട്ടും, ലെഗ്‌ ബിഫോര്‍ വിക്കറ്റും കണ്ടുപിടിയ്ക്കാനല്ല, മൈതാനത്തിനുമപ്പുറത്തു നടക്കുന്ന കള്ളക്കളികളുടേയും ഒഴുകുന്ന കള്ളപ്പണത്തിന്റേയും കണക്കറിയാന്‍, അതിനെതിരെ പ്രതികരിയ്ക്കാന്‍..! 

കള്ളപണക്കാരുടെ പേരുകള്‍ മുഴുവനറിയാം, എന്നാല്‍ ആറുപേരുടെ പേരു മാത്രമെ പുറത്തുവിടാന്‍ കഴിയു
, മറ്റുള്ളവര്‍ തങ്ങളുടെ സ്വന്തം ആളുകള്‍ ആണെന്നു പരമോന്നത നീതിന്യായകോടതിയുടെ മുഖത്തു നോക്കി പറയാൻ തക്കവണ്ണം ഏകാധിപതികളായിരിയ്ക്കുന്നു നമ്മുടെ ഭരണാധികാരികള്‍

മൈതാനത്തിലൂടെ ചീറിപാഞ്ഞ്‌ വിസ്മയിപ്പിയ്ക്കുന്ന ക്രിക്കറ്റ്‌ ബോളിന്റെ ചുമപ്പില്‍ ഒതുങ്ങിപോകുന്നു നമ്മുടെ യുവാക്കളുടെ വിപ്ലവവീര്യം
, പതഞ്ഞുനുരയുന്ന ബിയര്‍ത്തുള്ളികളില്‍ ഒലിച്ചുപോകുന്നു അവരുടെ ആത്മരോഷം എന്നൊക്കെയുള്ള തിരിച്ചറിവ്‌ അതിനവര്‍ക്ക്‌ ധൈര്യം നല്‍കുന്നു.

ഈജിപ്തുകാര്‍ക്ക്‌ വിപ്ലവം നടത്താനായി ജനാധിപത്യമെന്ന എന്ന ഒരു സുന്ദര സ്വപ്നമുണ്ടായിരുന്നു..
എന്നാല്‍ നമുക്കോ..?

ഇനിയും പൂര്‍ണമായും വാടിക്കരിയാത്ത ജനാധിപത്യാരാമത്തിന്റെ മധ്യഭാഗത്തുത്തന്നെ ആരോ മനപൂര്‍വ്വം കൊണ്ടു നട്ടുപിടിപ്പിച്ച ഒരു കാട്ടുചേമ്പാണ്‌ നമ്മുടെ ഭരണത്തലവന്‍...! അഴിമതിയുടെ പെരുമഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും വിശാലമായ ഇലകള്‍ ഉയര്‍ത്തിക്കാണിച്ച്‌ ഒരു തുള്ളി പോലും നനഞ്ഞിട്ടില്ലെന്ന്‌ ഒരു മടിയുംകൂടാതെ വിടുവായുത്വം പറയുന്ന പൂന്തോട്ടത്തിന്‌ അപമാനമായ
, തൊട്ടാല്‍ ചൊറിയുന്ന കാട്ടുചേമ്പ്‌.!

നമ്മള്‍ പ്രവാസികള്‍ വോട്ടവകാശം ജന്മാവകാശമായി കരുതുന്നു,
അതു വിനിയോഗിയ്ക്കാന്‍ കിട്ടുന്ന അവസരം ഒരു മഹാഭാഗ്യമായി കരുതി അഭിമാനിയ്ക്കുന്നു... അപ്പുറത്ത്‌ പോസ്റ്റല്‍ വോട്ടിനുപോലും സൗകര്യമുണ്ടായിട്ടും അതു വിനിയോഗിയ്ക്കാതെ ഇന്ത്യന്‍ ജനാധപത്യരീതികളെ അവഹേളിയ്ക്കുന്നു നമ്മുടെ പ്രധാനമന്ത്രി..! ഒരു പക്ഷെ വിവരവും വിദ്യാഭ്യാസവും കുറഞ്ഞ സാധാരണക്കാരായ "ഡര്‍ട്ടി ഇന്ത്യന്‍ പൊളിറ്റീഷ്യന്മാരോടുള്ള" പുച്ഛം കൊണ്ടാകാം, അല്ലെങ്കില്‍ ഇനിയും സ്വന്തമായി ജനങ്ങളെ അഭിമുഖികരിച്ച്‌ ജനപ്രതിനിധിയാകാന്‍ കഴിയാത്തതിലുള്ള അപകര്‍ഷതാബോധം കൊണ്ടാകാം.. അതുമല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന്റു തെരെഞ്ഞെടുപ്പു പോലേയുള്ള മഹാതെരഞ്ഞെടുപ്പുകളില്‍ മാത്രമെ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരിയ്ക്കുകയുള്ളു.. അവിടെ സമ്മതിദാനാവകാശം വിനിയോഗിയ്ക്കാന്‍ എന്നെങ്കിലും ഒരവസരത്തിനായി അദ്ദേഹത്തിന്റെ മനസ്സ്‌ കൊതിയ്ക്കുന്നുണ്ടാകും.

ഇന്ത്യന്‍ ജനതയുടെ മനസ്സു വായിയ്ക്കാനറിയാത്ത, പൗരധര്‍മ്മത്തിന്റെ മൂല്യമറിയാത്ത നമ്മുടെ പ്രധാന മന്ത്രി ഒന്നുകില്‍ ഏറ്റവും തന്ത്രശാലിയായ ഒരു ഫ്രോഡാണ്‌.! അദ്ദേഹത്തിന്റെ ഓഫീസറിയാതെ പ്രധാന അഴിമതികളുമായി ബന്ധപ്പെട്ട രേഖകളൊന്നും കടന്നു പോയിട്ടില്ലെന്ന്‌ എല്ലാ മാധ്യമങ്ങളും തുറന്നെഴുതുന്നു...
അങ്ങിനെയാണെങ്കില്‍, എന്നിട്ടും അദ്ദേഹം അഴിമതിക്കാരനല്ലെങ്കില്‍ പിന്നെ ആരണാദ്ദേഹം..? ആര്‍ക്കും കളിപ്പിയ്ക്കാവുന്ന യാതൊരു കഴിവുമില്ലാത്ത വെറുമൊരു രാഷ്ട്രീയ നപുംസകമോ, അതോ വിഡ്ഠികൂഷ്‌മാണ്ഡമോ .? എന്നെപോലെയൊക്കെയുള്ള ഒരു സാധാരണക്കാരന്‍ അവന്റെ നാടന്‍ ഭാഷയില്‍ ചോദിച്ചാല്‍ കിഴങ്ങനോ...? വെറും മരക്കിഴങ്ങന്‍..!!

എനിയ്ക്കറിയാം എന്റെ ഈ വാചകങ്ങള്‍ ഇന്നും അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകളെ വല്ലാതെ അലസോരപ്പെടുത്തുന്നുണ്ടാകുമെന്ന്‌..
വാക്കുകള്‍ക്ക്‌ കാഠിന്യംകൂടിപോയി എന്നു തോന്നുന്നുണ്ടെങ്കില്‍, അവരോട്‌ ലേലു അല്ലു, ലേലു അല്ലു (കടപ്പാട്‌: തേന്മാവിന്‍ കൊമ്പത്ത്‌) എന്ന്‌ എത്രവട്ടം വേണമെങ്കിലും പറയാന്‍ ഒരു മടിയുമില്ല എനിയ്ക്ക്‌`...

അല്ലാതെ
, ഇതെന്റെ സ്വകാര്യബ്ലോഗാണ്‌ ഇവിടെ എനിയ്ക്ക്‌ എന്തും എഴുതാം, എന്തും  പറയാം എന്നൊക്കെ തൊടുന്യായങ്ങള്‍ വിളമ്പി, വീമ്പിളക്കി അഹങ്കരിയ്ക്കാന്‍, അരയില്‍ മുണ്ടുംകെട്ടി, പൃഷ്ടവും ചൊറിഞ്ഞ്‌, പിള്ളത്തമ്പുരാന്റെ പുറകെ ഫ്യൂഡല്‍ വ്യവസ്ഥിതിക്കാലത്തെ കാര്യസ്ഥന്റെ മനോഭാവുമായി ഓച്ഛാനിച്ചു നടക്കുന്ന ആ ഏറാന്‍മൂളി നായരല്ലല്ലോ ഞാന്‍.. ചങ്ങനാശ്ശേരിയില്‍ നിന്നുമൊക്കെ ഒരുപാടു ദൂരെ ഒരോണംകയറാമൂലയില്‍ ഒരു കൊച്ചു തറവാട്ടില്‍ ജനിച്ച്‌, ഒരു ഇസത്തിനും, ഒരു പ്രസ്ഥാനത്തിനും,ഒരു സമുദായത്തിനും സ്വന്തം ബുദ്ധിയും ചിന്തകളും പൂര്‍ണ്ണമായും പണയം വെയ്ക്കാതെ, ന്യായമെന്നു തോന്നുന്നതെന്തും നിഷ്കളങ്കതയോടെ വിളിച്ചു പറയുന്ന, വളരെക്കുറച്ചു മാത്രം വായനക്കാരുള്ള ഒരു പാവം തറവാടി ബ്ലോഗര്‍ മാത്രമല്ലെ...


കൊല്ലേരി തറവാടി
11/05/2011

Monday, May 9, 2011

എക്സിറ്റ്‌...


ന്ന്‌ എന്റെ തൊട്ടപ്പുറത്തെ വീട്ടില്‍ ഒരു കല്യാണമായിരുന്നു,. അപ്പുവിന്റെ ടൂഷ്യന്‍ ടീച്ചര്‍ ആര്യയുടെ കല്യാണം.

"കുട്ടേട്ട അവരുടെ ഫസ്റ്റ്‌ നൈറ്റ്‌ ഇവിടെ വെച്ചാ.."

ഫോണില്‍ മാളുവിന്റെ ശബ്ദത്തിനു വല്ലാത്ത തിളക്കം.

"മറന്നു കള കണ്ണാ.. അതൊക്കെ, ഇപ്പോള്‍ ഒന്നും ഓര്‍ക്കേണ്ട."..

അങ്ങിനെ പറയുമ്പോള്‍ വല്ലാത്ത സങ്കടം തോന്നി എനിയ്ക്ക്‌,.. ശബ്ദം ഇടറി, ഒരു പ്രവാസിയായിപോയതില്‍ സ്വയം ശപിയ്ക്കുകയായിരുന്നു ആ നിമിഷങ്ങളില്‍ ഞാന്‍.

എന്റെ വെക്കേഷന്‍ നാളുകളില്‍ ഒന്നിച്ച്‌ നാട്ടില്‍ ആരുടെയെങ്കിലും കല്യാണം കൂടുന്ന ദിവസം രാത്രി, ആ ആഘോഷത്തിമിര്‍പ്പിന്റെ മൂഡില്‍, കല്യാണത്തിന്‌ പട്ടുസാരിയൊക്കെയുടുത്ത്‌ അണിഞ്ഞൊരുങ്ങി മണവാട്ടിയെക്കാള്‍ സുന്ദരിയായി തിളങ്ങിയ മാളുവിന്റെ ചന്തവും, അവള്‍ ചൂടിയ മുല്ലപ്പൂവിന്റെ ഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ ആ നവദമ്പതികളുടെ ഫസ്റ്റ്‌ നൈറ്റ്‌ വെറുതെ ഇമിറ്റേറ്റ്‌ ചെയ്യുക ഞങ്ങളുടെ ശീലമായിരുന്നു..


"അവരിപ്പോള്‍ തുടങ്ങിയിട്ടുണ്ടാവും അല്ലെ മാളു..."

നവ വധുവായി നടിച്ച്‌, "നാണിച്ചിരിയ്ക്കുന്ന" മാളുവിനെ മെല്ലെ ചേര്‍ത്തുപിടിച്ച്‌ കാതില്‍ ഞാന്‍ ചോദിയ്ക്കും..

"പിന്നെ,...! ഒന്നു പോ കുട്ടേട്ടാ..! അതിനൊന്നും ഇന്നാ കുട്ടി സമ്മതിക്കില്ല, ഭയങ്കര നാണക്കാരിയാ ആ കുട്ടി.. പോരാത്തതിന്‌ ഇത്തിരി പേടിയും വെപ്രാളവുമുള്ള ടൈപ്പാ.."

"പയ്യനും കണ്ടാല്‍ പൂച്ചയെപോലേയാ ഇരിയ്ക്കുന്നത്‌...."

"അതു പിന്നെ, അന്ന്‌ കുട്ടേട്ടനും പാവമല്ലായിരുന്നോ, എന്നിട്ടോ...?"

"നാണത്തിന്റെ കാര്യത്തില്‍ നീയും ഒട്ടും മോശമല്ലായിരുന്നു...എന്നിട്ടും..!!!!"

അങ്ങിനെയങ്ങിനെ കിണുങ്ങികിണുങ്ങി, ഒരുങ്ങിയൊരുങ്ങി വീണ്ടുമൊരുങ്ങി, അപരിചിത്വം ഒട്ടും വിട്ടുമാറാത്ത നാണംകുണുങ്ങികളായ ആ നവദമ്പതിളേകൊണ്ട്‌ ആദ്യരാത്രിയില്‍ത്തന്നെ "എല്ലാം ചെയ്യിയ്ക്കുമായിരുന്നു" ഞങ്ങള്‍.

ഇപ്പോള്‍ ഇവിടെ ഒറ്റയ്ക്കിരുന്ന്‌ അതൊക്കെ ഓര്‍ക്കുമ്പോള്‍..

മതി, മടുത്തു എനിയ്ക്ക്‌.. എക്സിറ്റു പോകാന്‍ തീരുമാനിച്ചു ഞാന്‍...!

പറ്റുമെങ്കില്‍ ഇന്നു തന്നെ പോകണം,.. സന്ധ്യ മയങ്ങി രാവേറും മുമ്പെ എത്തണം എനിയ്ക്കവിടെ,.. എന്റെ വീട്ടില്‍,.. എന്റെ മാളുവിന്റെ സവിധത്തില്‍..........!