Friday, May 20, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (ഒമ്പതാം ഭാഗം)

ശ്രീ.. അനുമോദനങ്ങള്‍,ആശംസകള്‍...

ഇതൊരു സ്പെഷ്യല്‍ എപ്പിസോഡാണ്‌; ഭൂലോകത്തില്‍ എല്ലാവരുടേയും പ്രിയപ്പെട്ട അനുജനായ ശ്രീയുടെ വിവാഹ നാള്‍ മാത്രം മനസ്സില്‍ കണ്ടുകൊണ്ടെഴുതി തുടങ്ങിയ കുറിപ്പ്‌.. പക്ഷെ, പതിവുപോലെ എഴുതി വന്നപ്പോള്‍ അത്‌ എന്റെ കഥയായി മാറി കൈവിട്ടു പോയി എന്നു എന്നെ പരിചയമുള്ളവരോടു പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ശ്രീയ്ക്ക്‌ ഇതിനി മാംഗാല്യനാളുകള്‍.. ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിന്റെ ശുഭാരംഭം. 

ഈ കാലഘട്ടത്തിലെ യുവാക്കളുടെ പ്രതിനിധിയായി, പുതിയൊരു തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമായി ആധുനിക നാഗരികതയുടെ കളിത്തൊട്ടിലില്‍ ജീവിയ്ക്കുമ്പോഴും വാക്കുകളിലും ചിന്തകളിലും ഗ്രാമീണനന്മകളുടെ "ശ്രീത്വം" കാത്തു സൂക്ഷിയ്ക്കുന്ന ശ്രീ എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു ബ്ലോഗര്‍ ആണ്‌. 

മകരനിലാവില്‍, വൃശ്ചികക്കാറ്റിന്റെ കുളിരുപകരുന്ന കരലാളനത്തില്‍ ലയിച്ച്‌, നനുത്ത മഞ്ഞുതുള്ളികള്‍ സ്നിഗ്ദമാക്കിയ നെല്ലോലകളുടെ സൗമസ്പര്‍ശമേറ്റ്‌ നനഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ ഉള്‍നാട്ടിലെ ഒരുത്സപറമ്പിലേയ്ക്ക്‌ രാപ്പൂരം കാണാന്‍ പോകുന്ന നേരത്തുള്ള മാനസ്സികാവസ്ഥയാണ്‌ ശ്രീയുടെ ബ്ലോഗിലൂടേയുള്ള ഓരോ യാത്രയ്ക്കിടയിലും ഞാനനുഭവിയ്ക്കാറ്‌..

ഇനിയും ആധുനികതയുടെ കറുപ്പ്‌ പൂര്‍ണ്ണമായും പുരളാത്ത ഇടുങ്ങിയ ആ നാട്ടുവഴിയിലൂടെ ആനമൂത്രവും പിണ്ഡവും കൂടിക്കുഴഞ്ഞ ചെമ്മണിന്റെ ഗന്ധം നുകര്‍ന്ന്‌ ഉത്സവമേളത്തിന്റെ ശബ്ദം ലക്ഷ്യമാക്കി കുതിയ്ക്കുന്ന ശ്രീയുടെ വാക്കുകളുടെയും വരികളുടെയും പുറകെ ആകൃഷ്ടരായി അറിയാതെ നടന്നുനീങ്ങുന്ന ഞാനും ആ ഉത്സവപ്പറമ്പിലെത്തുന്നു, നെറ്റിപ്പട്ടം കെട്ടി നിരന്നു നില്‍ക്കുന്ന ആനകളെ വിസ്മയത്തോടേ നോക്കിനില്‍ക്കുന്നു, മേളക്കൊഴുപ്പില്‍, ഉത്സവലഹരിയുടെ ആരവത്തില്‍ സ്വയം മറന്നറാടുന്നു...


ഒരിയ്ക്കല്‍പോലും മാന്യമോ സഭ്യമോ അല്ലാത്ത വാക്കുകളോ, വാചകങ്ങളോ ഉപയോഗിയ്ക്കാതെ, അത്തരം കഥാസന്ദര്‍ഭങ്ങളൊന്നും മെനെഞ്ഞെടുക്കാന്‍ മുതിരാതെ ഒരു ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍, ഉള്‍ത്തുടിപ്പുകള്‍ പൂര്‍ണ്ണമായും തൊട്ടറിഞ്ഞ്‌ ഹൃദ്യമായി വായനക്കാര്‍ക്കു പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ശ്രീ തറയും തരികിടയും നിറച്ചു മാത്രം പോസ്റ്റുകളൊരുക്കാനറിയുന്ന എന്നേപോലെയുള്ള ഒരാളെ വിസ്മയിപ്പിച്ചില്ലെങ്കിലല്ലെ അത്ഭുതപ്പെടാനുള്ളു..

പെണ്ണു കാണാന്‍ പോയ വിശേഷങ്ങള്‍ എഴുതിയ
പോസ്റ്റില്‍ പ്രകടമായ ശ്രീയുടേ മോഹങ്ങളിലേയും, സ്വപ്നങ്ങളിലേയും ലാളിത്യം, യാഥാര്‍ത്ഥ്യബോധം, ഉള്‍കാഴ്ചകള്‍ എല്ലാ എത്ര ഭംഗിയായാണ്‌ ആ മനസ്സിലെ നന്മകള്‍ നമ്മുടെ മുന്നില്‍ തുറന്നു വെയ്ക്കുന്നത്‌.

ബൂലോകത്ത്‌ മിക്കവാറും എല്ലാവരും പരസ്പരം തിരിച്ചറിയുന്നുതും വിലയിരുത്തുന്നതും വാക്കുകളിലൂടേയും വരികളിലൂടെയും മാത്രമാണല്ലോ.. അതിനപ്പുറം ആര്‍ക്കും ആരേക്കുറിച്ചും കാര്യമായി ഒന്നുമറിയില്ല.. ബ്ലോഗ്ഗിനെ ആ ബ്ലോഗറുടെ മനസ്സിന്റെ കണ്ണാടിയായി കാണാമെങ്കില്‍ തീര്‍ച്ചയായും ആ കുട്ടി വര്‍ഷ ഭാഗ്യവതി തന്നെയായാണ്‌. അല്ലെങ്കില്‍ ഇക്കാലത്ത്‌ ഇതുപോലൊരു അടക്കവും ഒതുക്കവും, ഗുരുത്വവുമുള്ള, പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിയ്ക്കുന്ന ഒരു പയ്യനെ തന്നെ വരനായി കിട്ടുമായിരുന്നോ?

പ്രൊപോസലുകളുടെ സമയത്ത്‌ ആണ്‍പെണ്‍ വ്യത്യാസമില്ലതെ എണ്ണിയെണ്ണി നമ്മുടെ കുട്ടികള്‍ കണക്കു പറയുന്ന കാലമാണിതെന്നോര്‍ക്കണം.! 

"കുട്ടേട്ടാ നമ്മുടെ ധന്യയ്ക്കു വന്ന പ്രപോസല്‍ വേണ്ടെന്നു വെച്ചു.. പയ്യന്റെ പാക്കേജിന്റെ വലിപ്പം അവള്‍ക്കു പിടിച്ചില്ലാത്രെ.. നല്ല തറവാട്ടുകാരായിരുന്നു അവര്‌. മാലിനി ചേച്ചിയ്ക്കൊക്കെ വലിയ വിഷമമായി.. പറഞ്ഞിട്ടെന്താ കാര്യം.."

"അതു പിന്നെ അവളൊരു ഐ ടി കുട്ടിയല്ലെ മാളു, അവള്‍ക്കും സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ടാകില്ലെ? എന്നാലും കല്യാണത്തിനു മുമ്പെ അവളെങ്ങിനെ പയ്യന്റെ പാക്കേജിന്റെ വലിപ്പമറിഞ്ഞു, അതാ എനിയ്ക്കു മനസ്സിലാവാത്തത്‌! " 

'ആ പാക്കേജല്ല കുട്ടേട്ടാ ഈ പാക്കേജ്‌, ഒരു മാതിരി ഒന്നുമറിയാത്തതുപോലെ.." 

"അതൊക്കെ മനസ്സിലായെടി, സത്യം പറ മാളു.. അന്ന്‌, ആലോചന വന്ന സമയത്ത്‌ കുട്ടേട്ടന്റെ പാക്കേജിനേക്കുറിച്ച്‌ ഒരു നിമിഷമെങ്കിലും നീ ഓര്‍ത്തിട്ടുണ്ടോ?" 

"കുട്ടേട്ടാ, കാര്യം പറയുമ്പോള്‍ ചുമ്മാ കളി പറഞ്ഞ്‌ എന്നെ ദേഷ്യം പിടിപ്പിയ്ക്കരുത്‌... ഇങ്ങോട്ടു വരു, കാണിച്ചു തരാം ഞാന്‍.." 

"അതിന്‌ നമ്മള്‍ക്കിടയില്‍ പറയാനും, കാണാനും, കാണിയ്ക്കാനും ഇനി എന്താണ്‌ മാളു ബാക്കിയുള്ളത്‌?"

പാക്കേജുകളുടെ വലിപ്പം അന്വേഷിയാന്‍ പോയിട്ട്‌, സത്യസന്ധമായി പറഞ്ഞാല്‍ പരസ്പരം കാണാന്‍ പോലും അവസരം കിട്ടാതെ കല്യാണം നിശ്ചയിയ്ക്കപ്പെട്ടവരാണ്‌ ഞങ്ങള്‍ .! അവള്‍ എന്റെ ഫോട്ടോയെങ്കിലും കണ്ടിരുന്നു.. അതിനുപോലും മെനെക്കെട്ടില്ല ഞാന്‍,! മനസ്സിലെ മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ എന്നെ മാഞ്ഞു പോയിരുന്നു. ഏതു പെണ്ണായാലെന്ത്‌, എന്തു പെണ്ണായാലെന്ത്‌, പ്രായമേറുന്നു.. ജീവിതത്തില്‍ ഒരു കൂട്ടു വേണം അത്രയൊക്കെ നിറങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു അന്ന്‌ എന്റെ വിവാഹസ്വപ്നങ്ങള്‍ക്ക്‌.

"പാരലല്‍ കോളേജ്.. ബോംബെ ജീവിതം.. ഇപ്പോഴിതാ ഗള്‍ഫിലും രണ്ടു വര്‍ഷം.. ഈശ്വരാ, കുട്ടനു വയസ്സേറുന്നു.. കഷ്ടപ്പാടിന്റെ കാലത്തു പോലും ഏട്ടന്മാര്‍ രണ്ടാളും ഇരുപത്തിയാറു വയസ്സാപ്പൊഴെ കെട്ടി, വര്‍ഷം തികഞ്ഞപ്പോഴേയ്ക്കും കുട്ടികളായി.. പാവം കുട്ടന്‍ മാത്രം.." വല്ലാത്ത വേവലാതിയായിരുന്നു അമ്മയ്ക്ക്‌.

അങ്ങിനെ ഒക്ടോബറില്‍, ആദ്യ വെക്കേഷനില്‍തന്നെ കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അമ്മയും ചേച്ചിമാരും, ഏട്ടത്തിമാരും സംഘം തിരിഞ്ഞ്‌ പെണ്ണന്വേഷണം തുടങ്ങി. പെട്ടന്നാണ്‌ ആഗസ്റ്റില്‍ വെക്കേഷന്‍ പോകാന്‍ കമ്പനിയില്‍ നിന്നും റിക്വസ്റ്റ്‌ വരുന്നത്‌.. എത്രയും പെട്ടന്ന്‌ നാട്ടിലെത്താനുള്ള മോഹം കൊണ്ട്‌ കൂടുതലൊന്നും ആലോചിയ്ക്കാതെ ഞാന്‍ പെട്ടന്നങ്ങ്‌ സമ്മതിച്ചു. ഒരു ജൂലായ്‌ മാസമായിരുന്നു അത്‌. ഓഗസ്റ്റിലെ എന്റെ വരവറിഞ്ഞ്‌ വീട്ടുകാര്‍ ഞെട്ടി, നെട്ടോട്ടമോടി.. ഒരു മാസം കൊണ്ടൊരു പെണ്ണിനെ കണ്ടു പിടിയ്ക്കാന്നുള്ളത്‌ ചില്ലറ കാര്യമാണോ? അവരെ ഏല്‍പ്പിച്ചാല്‍ മതി, ബാക്കി അവര്‍ നോക്കികൊള്ളും എന്നു പറഞ്ഞാശ്വസ്സിയ്ക്കാന്‍ കേരള മാട്രിമോണി ഒന്നുമില്ലാത്ത കാലമായിരുന്നു അത്‌.

'അമ്മയ്ക്കിഷ്ടമുള്ള പെണ്ണിനെ സെലെക്റ്റ്‌ ചെയ്ത്‌ എല്ലാം തീരുമാനിച്ചോളു... ഞാനെതിരു പറയുകയില്ല. ഫോട്ടോ പോലും കാണണമെന്നില്ല.. തെറ്റില്ലാത്ത നിറം, നല്ലനീളം, നല്ല മുഖശ്രീ, സാമാന്യവിദ്യാഭ്യാസം, ഒത്തു കിട്ടിയാല്‍ ഒരു ടീച്ചറുകുട്ടി.. അങ്ങിനെ എനിയ്ക്കു ചേരുന്ന പെണ്ണിനേയല്ലെ എന്റെ അമ്മ സെലെക്റ്റ്‌ ചെയ്യൂ,.. അതുപിന്നെ എനിയ്ക്കറിഞ്ഞൂടെ.' 

അങ്ങിനെ കൊച്ചുകൊച്ചു ഡിമാന്‍ഡുകള്‍ വെയ്ക്കാനും ഒപ്പം അമ്മയെ സുഖിപ്പിയ്ക്കാനും ഞാന്‍ മറന്നില്ല. 

"ഈശ്വരാ, ഇക്കാലത്ത്‌ ഇങ്ങിനേയും ആണ്‍കുട്ടികളോ..? പെണ്ണിനെപോലും കാണേണ്ടത്രെ അവന്‌. അമ്മ കണ്ടാല്‍ മതി, അമ്മയ്ക്കിഷ്ടമായാല്‍ അവനും ഇഷ്ടമായി ! അതങ്ങിനെയാണ്,‌ ഞാന്‍ പറയുന്നതിനപ്പുറത്ത്‌ ഒരു വാക്ക്‌ അവനില്ല.. പഠിയ്ക്കുന്ന കാലത്തു പോലും ഒരു പെണ്‍കുട്ടിയുടെ മുഖത്തു നോക്കിയിട്ടില്ല അവന്‍.. ചെറുപ്പം മുതലെ അങ്ങിനെയാ ഞാനവനെ വളര്‍ത്തിയത്‌.!"

അമ്മയ്ക്കു ശരിയ്ക്കും സുഖിച്ചു. മക്കള്‍ ഏഴുപേരില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന അമ്മയുടെ മനസ്സിലെ എന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച സംഭവം കൂടിയായിരുന്നു അത്‌.. ഇന്നും എവിടെയെങ്കിലും ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും കല്യാണാലോചന നടക്കുന്നുവെന്നു കേട്ടാല്‍ മതി കാണുന്നവരോടും കേള്‍ക്കുന്നവരോടുമൊക്കെ എന്റെ കല്യാണാലോചനവിശേഷങ്ങള്‍ വിസ്തരിയ്ക്കാന്‍ മറക്കില്ല അമ്മ, ഒപ്പം എന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്താനും! 

വീട്ടുമുറ്റത്ത്‌ നേരിട്ടു വിമാനമിറങ്ങാനുള്ള സൗകര്യമൊന്നുമില്ലാത്ത കാലമായിരുന്നു അത്‌... പതിവുപോലെ ലെയിറ്റായി പറന്ന എയര്‍ ഇന്ത്യ ബോംബേയിലെത്തിയപ്പോഴേയ്ക്കും കണക്ഷന്‍ ഫ്ലൈറ്റ്‌ അതിന്റെ പാട്ടിനു പോയിരുന്നു. പിന്നെ സാമര്‍ഥ്യം കാണിച്ച്‌ അടുത്ത ഫ്ലൈറ്റില്‍ത്തന്നെ സീറ്റൊപ്പിച്ച്‌ വീട്ടിലെത്തിയപ്പോഴേയ്ക്കും അര്‍ദ്ധരാത്രി കഴിഞ്ഞു.
ഉറക്കക്ഷീണം മാറാത്ത മുഖവുമായി പിറ്റേന്നു രാവിലെത്തന്നെ പെണ്ണുകാണാന്‍ പോയി ഞാന്‍. അന്നു വെള്ളിയാഴ്ചയായിരുന്നു, ചിങ്ങമാസം ഒന്നാം തിയ്യതി.. രണ്ടുദിവസം കഴിഞ്ഞ്‌ ഞായാറാഴ്ച നിശ്ചയം, അടുത്ത ഞായാറാഴ്ച കല്യാണം. എല്ലാം കൃത്യമായി തീരുമാനിച്ച്‌ മണ്ഡപംവരെ ബുക്കു ചെയ്തിതിനുശേഷം വെറുമൊരു ചടങ്ങു മാത്രമായിരുന്നു ആ പെണ്ണുകാണല്‍..! 

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നാട്ടിലെ ആദ്യ പ്രഭാതം.. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ കുളിരുള്ള ഇളം ചിങ്ങവെയിലില്‍ ഓണത്തുമ്പികള്‍ പാറിക്കളിയ്ക്കാന്‍ തുടങ്ങിയിരുന്നു; മുറ്റത്തും ഒപ്പം എന്റെ മനസ്സിലും... കാണുന്നതിലെല്ലാം വല്ലാത്ത പുതുമയായിരുന്നു എനിയ്ക്കപ്പോള്‍. കാണുന്നതെല്ലാം പണ്ടെത്തേക്കള്‍ വല്ലാതെ ചെറുതായിപോയോ എന്ന തോന്നല്‍ മനസ്സിലൊരു കൗതുകമായി നിറഞ്ഞുനിന്നു... റോഡുകള്‍.. വീടുകള്‍.. എല്ലാം.. എന്തിന്‌ പെണ്ണുകാണാന്‍ പോയ ഏട്ടന്റെ മാരുതി-800 പോലും ! 

പുഴയോടു ചേര്‍ന്നായിരുന്നു മാളുവിന്റെ വീട്‌. 70 മോഡലൊരു ടെറസ്സ്‌. വിശാലമായ പറമ്പില്‍ നല്ല വളക്കൂറുള്ള മണ്ണില്‍ മണ്ഡരിയൊന്നും ബാധിയ്ക്കാതെ നിറയെ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകള്.. അവിയ്ക്കിടയില്‍ നിറയെ ജാതിമരങ്ങള്‍, ചെറുവാഴകള്..‍. ഇളംവെയിലില്‍ പുഴയില്‍ നിന്നും ഒഴുകിയെത്തുന്ന കുളിര്‍ക്കാറ്റ്‌... പറമ്പും പരിസരവും എനിയ്ക്ക്‌ നന്നായി പിടിച്ചു. സ്വീകരണമുറിയുടെ ഇടതുവശത്ത്‌, മുട്ടിനു മുട്ടിന്‌ മുറി ഇംഗ്ലീഷ്‌ പറയുന്ന അവളുടെ അച്ഛന്റെ ഓഫീസുറൂമിലെ ചുമരില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ഗാന്ധിജി, നെഹ്രു, ഇന്ദിരഗാന്ധി, രാജീവ്‌ ഗാന്ധി തുടങ്ങിയ മണ്‍മറഞ്ഞുപോയ മഹാന്മാരുടെ ചിത്രങ്ങള്‍.. ബെസ്റ്റ്‌ കണ്ണാ, ബെസ്റ്റ്‌..! നല്ല രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം..! നിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക്‌ അനുയോജ്യനായ അമ്മായിയപ്പനെത്തന്നെ കിട്ടിയിരിയ്ക്കുന്നു.! ആ നേരത്തും മനസ്സ്‌ സ്വയം കളിപറഞ്ഞു.

അപ്പോള്‍ മാളുവിനെ കാണാനല്ലെ പോയത്?‌ അതോ വീടും ചുറ്റുപാടും കാണാനൊ.? മാളുവിനെ കണ്ടില്ലെ, ഇഷ്ടമായില്ലെ എന്നൊക്കയല്ലെ ഇപ്പോള്‍ മനസ്സില്‍ കരുതുന്നത്‌..! കണ്ടു.. ഒറ്റ നോട്ടത്തില്‍ ഇഷ്ടക്കേടൊന്നും തോന്നിയില്ല, എന്നാല്‍ അങ്ങിനെ എടുത്തുപറയത്തക്ക ഇഷ്ടവും.. അമ്പിളിമാമനുപോലും വലിയ പപ്പടത്തിന്റെ അഞ്ചിരട്ടി വലിപ്പം തോന്നുന്ന അറബിനാട്ടിലെ തെരുവോരങ്ങളില്‍, ഷോപ്പിംഗ്‌ മാളുകളില്‍, റെസ്റ്റോറന്റുകളില്‍ ക്വിന്റല്‌ വലിപ്പമുള്ള അറബ്‌ വംശജരായ ഈജിപ്ഷ്യന്‍, ലെബനീസ്‌ പെണ്‍കൊടികളേ കണ്ടുശീലിച്ച കണ്ണുകള്‍കൊണ്ട്‌ നോക്കിയതുകൊണ്ടാകാം വളരെ ചെറിയ ഒരു പെണ്‍കുട്ടിയാണ്‌ മാളു എന്നാണ്‌ ആദ്യം തോന്നിയത്‌. 

രണ്ടു വര്‍ഷം തുടര്‍ച്ചയായി ബോണീസ്‌ മില്‍ക്ക്‌ - ലിപ്‌ടന്‍ റ്റീ ബാഗ്‌ കോമ്പിനേഷനിലുള്ള ബുഫിയ ചായ കുടിച്ചു ശീലിച്ച എന്റെ നാക്കിന്‌ അവരുടെ വീട്ടിലെ പശുവിന്റെ ശുദ്ധമായ പാലൊഴിച്ച്‌, അവള്‍ തന്നെയുണ്ടാക്കിയ ചായയ്ക്ക്‌ വല്ലാത്ത രുചി തോന്നി. ഒരു കപ്പിന്റെ ഫോര്‍മാലിറ്റിയിലൊന്നുമൊതുങ്ങാന്‍ നില്‍ക്കാതെ നാഴിയിടങ്ങാഴി ചായ ഒരു മടിയും കൂടാതെ ചോദിച്ചു വാങ്ങി കുടിച്ചു..

ഒരു പെണ്ണുകാണല്‍ ചടങ്ങിലുമുപരി എന്‍ഗേജുമന്റ്‌ കഴിഞ്ഞവര്‍ക്കു കിട്ടുന്ന സ്വാതന്ത്രം കല്‍പ്പിച്ചു കിട്ടിയ നിമിഷങ്ങളായിരുന്നു അത്‌.. ചായ പകര്‍ന്നു തരുന്നതിനിടയിലെപ്പോഴൊ ഞങ്ങള്‍ക്കിടയിലെ അപരിചിത്വം ചായക്കപ്പിലെ ചൂടില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്നിരുന്നു. ചായ കുടിച്ചതു ഞാനാണെങ്കിലും അതിന്റെ നവോന്മേഷം മുഴുവന്‍ മാളുവിന്റെ മുഖത്താണ്‌ നിറഞ്ഞു നിന്നത്‌. അവള്‍ക്കെന്നെ ശരിയ്ക്കും ഇഷ്ടപ്പെട്ടിരിയ്ക്കുന്നു; അവളുടെ മുഖഭാവത്തില്‍ നിന്നും, വാക്കുകളില്‍നിന്നും അംഗചലനങ്ങളില്‍നിന്നും മനസ്സിലായി. ഒപ്പം അവള്‍ക്ക്‌ സാരിയുടുത്തു വലിയ ശീലമില്ലെന്നും.!

മുള്ളിന്‍മേല്‍ നില്‍ക്കുന്നതുപോലേയായിരുന്നു ആ സമയത്ത്‌ വീട്ടില്‍ അമ്മയുടെ അവസ്ഥ എന്ന്‌ എനിയ്ക്കു നന്നായി അറിയാമായിരുന്നു. അമ്മയുടെ ഒറ്റ ഉറപ്പിലല്ലെ എല്ലാം നേരത്തെകൂട്ടി ഫിക്സ്‌ ചെയ്തത്‌.. ഇനി ഞാനെങ്ങാനും ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, വാക്കു മാറിയാല്‍ അവിടെ തീരില്ലെ എല്ലാം.. അമ്മയുടെ മാനം കപ്പലു കയറില്ലെ.. അത്തരം സാധ്യതകളൊക്കെ പറഞ്ഞും ഓര്‍മ്മിപ്പിച്ചും എല്ലാരും കൂടി ഒരാഴ്ചയായി അമ്മയെ ശരിയ്ക്കും പേടിപ്പിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.. പാവം അമ്മയ്ക്കു ഉറക്കം നഷ്ടപ്പെട്ട രാവുകളായിരുന്നു അത്‌.

അതിനാല്‍തന്നെ കൂടുതലൊന്നും ആലോചിയ്ക്കാനില്ലായിരുന്നു എനിയ്ക്ക്‌.. നിളയുടെ ഓളങ്ങളില്‍ ഒഴുകിപോയ സ്വപ്നങ്ങളെല്ലാം കുറുമാലിപ്പുഴയുടെ തീരത്തുവന്നടിഞ്ഞിരിയ്ക്കുന്നുവെന്ന്‌ മനസ്സിനെ പറഞ്ഞുമനസ്സിലാക്കി സമ്മതിപ്പിയ്ക്കുകയായിരുന്നു മടക്കയാത്രയില്‍ ഞാന്‍. ആ പുഴയുടെ സാമിപ്യം അതിനെന്നെ അന്ന്‌ ശരിയ്ക്കും സഹായിച്ചിട്ടുണ്ടാകാം.

വിശാലമായ നിളാനദിയായാലും, ഒതുങ്ങിയൊഴുകുന്ന കുറുമാലിപ്പുഴയായാലും എല്ലാ നദികള്‍ക്കും ഒരേ രൂപഭാവങ്ങളല്ലെ. അഗാധവും അപാരവുമായ ആ മനസ്സുകളെല്ലാം സ്നേഹത്തിന്റെ, വാല്‍സല്യത്തിന്റെ, മാതൃത്വത്തിന്റെ ആര്‍ദ്രജലകണങ്ങളെകൊണ്ടു ഒരേപോലെ സമ്പന്നമല്ലെ. മോഹിച്ച പെണ്ണിനു കൊടുക്കാന്‍ കഴിയാതെ സ്നേഹമെല്ലാം, എനിയ്ക്കായി കരുതലോടെ കരുതിയൊരുക്കിയ പെണ്ണിനു പകര്‍ന്നു നല്‍കാന്‍ മനസ്സിനെ പൂര്‍ണ്ണമായും സജ്ജമാക്കി നിറഞ്ഞ പുഞ്ചിരിയുമായാണ്‌ അമ്മയുടെ മുമ്പില്‍ ഞാന്‍ തിരിച്ചെത്തിയത്‌. 

ഓര്‍ത്തു നോക്കിയാല്‍ അതൊരുത്ഭുതമാണല്ലെ, അറേഞ്ചഡ്‌മാരേജ്..‌. നമ്മുടെ മാത്രം സംസ്കാരത്തിന്റെ സൗഭാഗ്യം.. ആകുലുതയോടെയും വ്യാകുലതയോടെയും ഒരുപക്ഷെ അല്‍പ്പം ഇഷ്ടക്കുറവോടുംകൂടിപോലും ഒന്നിയ്ക്കുന്ന രണ്ടുപേര്‍ എത്രപ്പെട്ടന്നാണ്‌ ഇണക്കുരുവികളായി മാറുന്നത്‌. "ആദ്യ ദിവസത്തെ ചായകുടി കണ്ടപ്പോഴെ മനസ്സിലായിരുന്നു കൊതിയനും ആര്‍ത്തിപണ്ടാരവുമാണെന്ന്‌, എന്നാലും ഇത്രും കുറുമ്പനായിരിയ്ക്കുമെന്ന്‌ കരുതിയതേയില്ല..!" അങ്ങിനെയങ്ങിനെ കൊഞ്ചിയും, കൊഞ്ചിച്ചും, ചിരിച്ചും കളിച്ചും,സമ്മോഹനനിമിഷങ്ങളുടെ ഊഞ്ചലിലാടുന്നു. പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടും ഒരിയ്ക്കലും പിരിയാനകാത്തവിധം ഒന്നായിതീരുന്നു. അതാണ്‌ ശ്രീ, ഇനി അനുഭവിയ്ക്കാന്‍ പോകുന്ന ദാമ്പത്യത്തിന്റെ മനോഹാരിതയും മാസ്മരികതയും.

ഇതുവരെ കണ്ട ബൂലോകമൊന്നുമല്ല ശ്രീ ഇനി കാണാന്‍ പോകുന്ന മായലോകം! അനുഭവങ്ങളുടെ കുത്തൊഴുക്കായിരിയ്ക്കും അവിടെ. ഇണക്കത്തിന്റെ, പിണക്കത്തിന്റെ, പരിഭവത്തിന്റെ, സാന്ത്വനത്തിന്റെ, ഒത്തുചേരലിന്റെ ഞാറ്റുവേലകള്‍.. പരന്നൊഴുകുന്ന ഓണനിലാവിന്റെ പാല്‍പുഞ്ചിരി.. നിറഞ്ഞൊഴുകുന്ന ആഹ്ലാദത്തിന്റെ ഉത്സവദിനങ്ങള്‍. പഴയ പോലെ അമ്പലപ്പറമ്പിലെ ആരവത്തിനിടയിലേയ്ക്ക്‌ ഒറ്റയ്ക്കിനി കുതിച്ചുപായാന്‍ കഴിയില്ല.. ആ കാലം കഴിഞ്ഞുപോയി... ഒരു പക്ഷെ, ബൂലോകത്തേയ്ക്കുള്ള യാത്രയ്ക്കു പോലും പരിധികളും, പരിമിതികളും നിശ്ചയിയ്ക്കപ്പെട്ടുവെന്നു വരാം.!
. 
"ശ്രീയേട്ടാ, ഏട്ടനെഴുതുന്നത്‌ അത്ര രസമൊന്നുമില്ലാട്ടോ, എല്ലാറ്റിനും ഒരു കോമണ്‍ സ്വഭാവമാണ്‌, എല്ലാം ചെന്നെത്തുന്നത്‌ ഒരേ പോയന്റിലും. എന്നിട്ടും എത്ര പേരാ വായനക്കാരായിട്ട്‌! എന്തു കണ്ടിട്ടാ ഇത്രയും നല്ല അഭിപ്രാമൊക്കെ അവരു പറയുന്നത്‌. പെണ്ണുങ്ങളുമുണ്ടല്ലെ ഒരുപാട്‌.. ഇവര്‍ക്കൊക്കെ വീടും കുടുംബവും കുട്ടികളുമൊന്നുമില്ലെ? കിച്ചണിലൊന്നും കയറി യാതൊരു പണിയും ചെയ്യുന്നുണ്ടാവില്ല? ബ്ലോഗെഴുത്തും, ബ്ലോഗില്‍ നിന്നും ബ്ലോഗിലേയ്ക്കു പാഞ്ഞ്‌ നടന്ന്‌ കമെന്റെഴുത്തും മാത്രമെ അറിയിന്നുണ്ടാവുള്ളു?" ശ്രീയുടെ ബ്ലോഗിലൂടെ കടന്നുപോകുന്ന നേരം ഒരു പക്ഷെ എന്നെങ്കിലും ഒരു ദിവസം വര്‍ഷ അസ്വസ്ഥയോടെ ഇങ്ങിനെയൊക്കെ അഭിപ്രായ പ്രകടനം നടത്തിയെന്നു വരാം. 

"അമ്പടി കേമി, നീ ആളു കൊള്ളാലോ, ഇക്കണക്കിനു ആ പൃഥിരാജാണ്‌ നിന്നെ കെട്ടിയിരുന്നതെങ്കില്‍ കല്യാണപ്പിറ്റേന്നത്തെ വിവാഹ സല്‍ക്കാരച്ചടങ്ങിന്റെ വേദിയില്‍ വെച്ചെ നീ പിണങ്ങിപിരിഞ്ഞു പോകുമായിരുന്നല്ലോടി കുശുമ്പിപ്പാറു" എന്ന തോന്നലൊക്കെ മനസ്സിലൊതുക്കണം.. സ്നേഹാധിക്യം കൊണ്ടാണ്‌,സ്ത്രീസഹജമായ പൊസ്സസ്സീവ്‌നസ്സു കൊണ്ടാണ്‌ അവള്‍ക്കു അങ്ങിനെയൊക്കെ തോന്നുന്നതെന്ന്‌ മനസിലാക്കണം.. അവളുടെ നിരീക്ഷണപാടവത്തെ, വിമര്‍ശനബുദ്ധിയെ അഭിനന്ദിയ്ക്കണം.. 'എടി മിടുക്കി സത്യത്തില്‍ നീ സാഹിത്യവാരഫലം വരെ എഴുതാന്‍ യോഗ്യയാണ്‌' എന്നൊക്കെ പറ്റുമെങ്കില്‍ തട്ടി വിടണം...

അത്രയ്ക്കൊക്കെയെ ഉള്ളു ശ്രീ നമ്മുടെ ഭാര്യമാര്‍. അവരെ നമ്മള്‍ മാനിയ്ക്കുന്നു, അംഗീകരിയ്ക്കുന്നു, അവരെ മാത്രം സ്നേഹിയ്ക്കുന്നു എന്നവര്‍ക്കു ഉത്തമബോധ്യം വരണം.. യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒന്നും മനസ്സില്‍ ഇല്ലാത്ത ആണുങ്ങള്‍ വരെ തന്ത്രപൂര്‍വ്വം ആ വിശ്വാസം ഉണ്ടാക്കിയെടുക്കുന്നു, ജീവിതവിജയം നേടുന്നു.. അതാണ്‌ പ്രധാനം. അതില്‍ വിജയിച്ചാല്‍ പിന്നെ എല്ലാം എളുപ്പമായി, ജീവിതം സുഖകരമായി. ദാമ്പത്യം ആയാസരഹിതമായി..

ഒരായിരം ശീലങ്ങളാണ്‌ നമ്മള്‍ ഓരോര്‍ത്തര്‍ക്കും.. പക്ഷെ, ദാമ്പത്യത്തില്‍ ഒരേയൊരു വികാരം മാത്രം; സ്നേഹം. അതിനു നിദാനമോ മനപ്പൊരുത്തവും. അതാര്‍ജിച്ചെടുക്കാന്‍ ഒരു രത്നവ്യാപാരിയുടെയോ, വസ്ത്രവ്യാപാരിയുടേയോ, ഊര്‍ജ്ജവ്യാപാരിയുടെയോ പൊന്നില്‍ ചാലിച്ചെടുത്ത മാന്ത്രികച്ചരടിന്റെ അകമ്പടിയോ, മാസ്മരിക സാന്നിധ്യമോ ഒന്നും ആവശ്യമില്ല. പകരം വേണ്ടത്‌; ഇത്തിരി തഞ്ചം, താളം , ഒതുക്കം, വഴക്കം. ഇതൊക്കെത്തന്നെ ധാരാളം..! എല്ലാറ്റിലുമപരി എല്ലാ ഈഗോയും മാറ്റിവെച്ച്‌ വിട്ടുവീഴ്ചയ്ക്കു തയ്യാറാവുന്ന ഒരു മനസ്സും കൂടിയായാല്‍, എല്ലാം ശുഭം.. 

സ്വന്തം പുരുഷന്റെ കരുതലിന്റെ തണലില്‍, അവന്റെ കരുത്തിന്റെ കുളിരില്‍ ഒരായുഷ്ക്കാലം മുഴുവും ഒതുങ്ങിജീവിച്ചുതീര്‍ക്കാന്‍ കൊതിയ്ക്കാത്ത ഒരു പെണ്ണുമുണ്ടാകില്ല ഈ ഭൂമിമലയാളത്തില്.. അവള്‍ എത്ര വലിയ ഫെമിനിസം പ്രസംഗിക്കുന്നവളായാലും ശരി..! 

ദീര്‍ഘിപ്പിയ്ക്കുന്നില്ല, അല്ലെങ്കില്‍ത്തന്നെ കാണാനും അനുഭവിയ്ക്കാനും പോകുന്ന പൂരം പറഞ്ഞറിയിയ്ക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അല്ലെ.. എല്ലാം വെട്ടിത്തുറന്നു പറയുന്ന ഒരു ഗ്രാമീണന്റെ ശുദ്ധമനസ്സ്‌. അങ്ങിനെ കണക്കാക്കിയാല്‍ മതി ഈ പോസ്റ്റിനേയും.

അപ്പോ എല്ലാം പറഞ്ഞതുപോലെ ശ്രീ... All the best.. take care.

കൊല്ലേരി തറവാടി
20/05/2011

13 comments:

  1. ഈ പോസ്റ്റിന്റെ അവസാന വാചകത്തില്‍ ഒരു ആവശ്യവുമില്ലാതെ ഫെമിനിസം എന്നൊരു വാക്കു പ്രയോഗിച്ച്‌ വെറുതെ എന്തിനാ ഇതു വായിയ്ക്കുന്ന ഫൈമിനിസ്റ്റുകളുടെ വിദ്വേഷം ഏറ്റുവാങ്ങുന്നത്‌ എന്ന്‌ ഒരു നിമിഷം ഒന്നു ചിന്തിച്ചു. പിന്നെ ഓര്‍ത്തു നോക്കിയപ്പോള്‍ അതിനു നമ്മുടെ നാട്ടില്‍ എവിടെയാ റിയല്‍ ഫെമിനിസ്റ്റുകളുള്ളത്‌ ? വെറും വാക്കിലും പ്രസംഗത്തിലും എഴുത്തിലും മാത്രം ഒതുങ്ങി പോകുന്നു അവരുടെ "ഇച്ചിരിപ്പൊട്ട്‌" വിപ്ലവമോഹങ്ങളും സ്വപ്നങ്ങളുമെല്ലാം.

    ബൂലോകത്തില്‍ സ്വന്തം ഭൂമികയൊരുക്കി എപ്പോഴും വേറിട്ടു നില്‍ക്കുന്ന എച്ചുമുവിന്റെ ലോകത്തില്‍ ഇയ്യിടെ ഞാനൊരു യഥാര്‍ത്ഥ ഫെമിനിസ്റ്റിനെ കണ്ടു... ഫൂല്‍മതി..! അവരെക്കുറിച്ചു വായിച്ചപ്പോള്‍ അത്ഭുതം തോന്നി, ആദരവും... ഈശ്വരാ, കേരളത്തിലെ ഓരോ സ്ത്രീയും ഈ പോസ്റ്റ്‌ വായിച്ചിരുന്നെങ്കില്‍, അവരെ മാതൃകയാക്കിയിരുന്നെങ്കില്‍ എന്നൊക്കെ വ്യാമോഹിച്ചു !

    തന്റെ മരണശേഷം ഭര്‍ത്താവിന്റെ ഭാവി വധുവിനുവേണ്ടി അദ്ദേഹത്തിന്റെ സര്‍വ്വസ്വവും കാത്തു സൂക്ഷിയ്ക്കാന്‍ എത്ര കരുതലാണ്‌ അവര്‍ നല്‍കുന്നത്‌.. ഇല്ലായ്മയുടെ വല്ലായ്മയിലും സ്വന്തം വര്‍ഗ്ഗത്തിനോടു കാണിയ്ക്കുന്ന കാരുണ്യം സ്നേഹം... മൂക്കുമുട്ടെ മൂന്നുനേരവും തിന്നുംകുടിച്ചും കഴിയുന്ന നമ്മുടെ സ്ത്രീകള്‍ക്ക്‌ ഇതൊക്കെ ചിന്തിയ്ക്കാന്‍പോലും കഴിയുമോ..?

    "കുട്ടേട്ടാ, ഞാനെങ്ങാനും എങ്ങിനെയെങ്കിലും മരിച്ചാല്‍, അതിനുശേഷം കുട്ടേട്ടന്‍ വേറെ കല്യാണം കഴിച്ചാല്‍, ഒറ്റദിവസംപോലും നിങ്ങളെ ഒന്നിച്ചുറങ്ങാന്‍ സമ്മതിയ്ക്കില്ല ഞാന്‍.. യക്ഷിയായി വന്ന്‌ കഴുത്തു ഞെരിച്ച്‌ കൊന്നുകളയും ഞാനവളെ. പേടിയ്ക്കേണ്ടാ, കുട്ടേട്ടനെ ഒന്നും ചെയ്യില്ലാട്ടോ....."

    കണ്ടോ ഇതാണ്‌, ഇതാണ്‌ നമ്മുടെ പെണ്ണുങ്ങള്‌! തന്റെ മരണശേഷം ഭര്‍ത്താവ്‌ അശരണയും നിരാലംബയുമായ ഏതെങ്കിലുമൊരു പെണ്ണിന്‌ ജീവിതം കൊടുത്തോട്ടെ എന്നു കരുതാന്‍ വയ്യ അവര്‍ക്ക്‌! ഫൂല്‍മതിയെ ഇത്രയും ഭംഗിയായി വരച്ചുകാട്ടി നമ്മുടെ കണ്ണു നനയിച്ച കഥാകാരി ഇതില്‍ നിന്ന്‌ വ്യത്യസ്ഥയാണൊ എന്നറിയില്ല. ഒരുപക്ഷെ ആയിരിയ്ക്കില്ല, കാരണം വിദ്യാഭ്യാസവും വിവരവും ലോകപരിചയവും കൂടുംതോറും മനുഷ്യമനസ്സുകളിലെ, പ്രത്യേകിച്ചു സ്ത്രീമനസ്സുകളിലെ നന്മയുടെ ഉറവകളുടെ ഒഴുക്കു കുറയും.. പ്രായോഗിക ബുദ്ധിയും സ്വാര്‍ത്ഥതയും അവിടെ സ്ഥാനം പിടിയ്ക്കും... ഇതൊക്കെ മനസ്സിലാക്കുമ്പോള്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനു പകരം ഫൂല്‍മതിമാരുടെ സ്വന്തം നാട്ടിലൊരു പുരുഷനായി ജനിച്ചാല്‍ മതി എന്നു വരെ തോന്നിപോകുന്നു.. ഫൂല്‍മതി നമസ്തേസ്തു..!!!

    ഏഴരശനിയുടെ ഉച്ചസ്ഥായിയില്‍, ജന്മശനിയിലെ ഏതെങ്കിലുമൊരു ദിവസം എന്റെ ഈ അജ്ഞാത ബ്ലോഗ്‌ മാളു കണ്ടുപിടിയ്ക്കും,എല്ലാം അവള്‍ വള്ളിപുള്ളി വിടാതെ വായിയ്ക്കും. ഈ ബ്ലോഗിന്റെ അന്ത്യദിനമായിരിയ്ക്കും അന്ന്‌. സ്നേഹനിധിയായ ഒരു "ഹാക്കറെക്കുറിച്ച്‌" കണ്ണീരില്‍കുതിര്‍ന്ന കരളലിയിയ്ക്കുന്ന ഒരു കഥ എനിയ്ക്കും ചമേയ്ക്കേണ്ടി വരും. ഫെമിനിസത്തിന്റെ ശക്തി ഞാനറിയും. മാളു നമസ്തേസ്തു എന്ന്‌ അറിയാതെ പറഞ്ഞു പോകും.. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലല്ലോ അല്ലെ!

    ReplyDelete
  2. സ്വന്തം പുരുഷന്റെ കരുതലിന്റെ തണലില്‍, അവന്റെ കരുത്തിന്റെ കുളിരില്‍ ഒരായുഷ്ക്കാലം മുഴുവും ഒതുങ്ങിജീവിച്ചുതീര്‍ക്കാന്‍ കൊതിയ്ക്കാത്ത ഒരു പെണ്ണുമുണ്ടാകില്ല ഈ ഭൂമിമലയാളത്തില്.. അവള്‍ എത്ര വലിയ ഫെമിനിസം പ്രസംഗിക്കുന്നവളായാലും ശരി..!

    കൊല്ലേരിയുടെ കമെന്റ് വായിക്കും മുന്നേ കോപ്പി പേസ്റ്റ് ചെയ്തതാണ് മേല്പറഞ്ഞ വസ്തുത..(ഇഷ്ട്ടപ്പെട്ട വരികള്‍..)
    ആദ്യം തന്നെ നമ്മളെ ശ്രീക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു...
    ഇനി പാവം തറവാടി ബ്ലോഗറോട്..'' ഹമ്പട കള്ളാ മനസ്സിലിരുപ്പ് കണ്ടില്ലേ..ഫൂല്‍മതീന്റെ നാട്ടിലെ ആണുങ്ങളായി ജനിക്കണം അത്രേ!!.. ഫൂല്‍മതിയെ പോലെ ചിന്തിക്കാന്‍ ഞങ്ങള്‍ മലയാളി പെണ്ണുങ്ങള്‍ വേറെ ജനിക്കണം കേട്ടോ..പടച്ചോനെ മാളൂനെ സോപ്പിടാനാണ് മാളൂനെ ഇത്രേം പുകഴ്ത്തി എഴിതിയത് അല്ലേ
    ഇനി കൊല്ലേരിയോട്,...പക്ഷെ വാസ്തവമാണ് ട്ടോ..ഹൃദയം കൊണ്ടാണ് കൊല്ലേരി എഴുതുന്നത്..അതാണ്‌ ഒന്നൊഴിയാതെ ക്ഷമാ പൂര്‍വ്വം ഈ ബ്ലോഗ്‌ വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും..പിന്നെ ഹാക്കര്‍ ഇതൊന്നു വായിച്ചു കിട്ടണേ എന്നാ എന്‍റെ പ്രാര്‍ത്ഥന..പെണ്ണുങ്ങളോട് തഞ്ചത്തില്‍ നില്‍ക്കാന്‍ പുള്ളിക്ക് അറീല അത്ര ശുദ്ധ ഹൃദയനാ..ട്ടോ..ഞാനോ ഈ കാണുന്ന ധൈര്യമോന്നുമില്ലാത്ത ഒരു നാടന്‍ വീട്ടമ്മയും.

    ReplyDelete
  3. വന്നു,വായിച്ചു,ഇഷ്ടപ്പെട്ടു

    ReplyDelete
  4. ആദ്യമേ തന്നെ, ഇന്ന് വിവാഹിതനാവുന്ന ശ്രീക്കുട്ടന് അഭിനന്ദനങ്ങൾ.. സന്തോഷവും സമാധാനവും നിറഞ്ഞ അനേകം ‘വർഷ’ക്കാലങ്ങൾകൊണ്ട് സമൃദ്ധമാവട്ടെ അവരുടെ ജീവിതം..

    കൊല്ലേരീ, തികച്ചും അവസരോചിതമായ ഒരു പോസ്റ്റ്... പതിവുപോലെ, ഉള്ളിൽതട്ടുന്ന വരികൾ..

    ReplyDelete
  5. പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരു സംശയം
    ശ്രീ ആണോ കൊല്ലേരി ആണോ ഇപ്പൊ കെട്ടുന്നത് ?
    (അതിനും മുന്‍‌കൂര്‍ ജാമ്യം എടുത്തു അല്ലെ ?)
    ശ്രീകും വര്‍ഷക്കും ആശംസകള്‍ ..

    കൊല്ലേരി തന്‍റെ വിധി മാളു തീരുമാനിക്കട്ടെ .

    ReplyDelete
  6. ശ്രീയ്ക്കും വര്‍ഷയ്ക്കും വിവാഹമംഗളാശംസകള്‍! ..

    കൊല്ലേരി ഇങ്ങനെ പയ്യെ പയ്യെ മനസ്സിലിരുപ്പ് കുറെശ്ശെ വെളിയ്ക്ക് വരട്ടെ! ഹമ്പടാ! 'എച്ചുമുവിന്റെ ലോകത്തില്‍' വേറെ എത്ര പോസ്റ്റുകള്‍ ഉണ്ടായിരുന്നു.
    എന്നിട്ടും ഫൂല്‍മതി നമസ്തേസ്തു..!!!
    മാളുവിന്റെ മെയില്‍ ഐഡി ഒന്നു തര്വോ? അല്ലങ്കില്‍ വീട്ടിലെയ്ക്കുള്ള വഴിയും അട്രസ്സും തന്നാലും മതി ഞാന്‍ നേരില്‍ പോയി മാളൂനെ കണ്ടോളാം..

    ReplyDelete
  7. ആശംസകൾ എന്റെ വകയും,,,
    പിന്നെ ഞാനെന്നും പുരുഷന്മാരുടെ കൂടെയാ,,,

    ReplyDelete
  8. ഒരു സുംഖമുള്ള ടെന്‍ഷന്‍ ആയിരിക്കും ഈ പെണ്ണുകാണല്‍ ചടങ്ങ്, അല്ലെ...

    കൊള്ളാം, നന്നായി വിവരിച്ചിരിക്കുന്നു,
    ആശംസകള്‍!!

    ReplyDelete
  9. നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  10. ഓര്‍ത്തു നോക്കിയാല്‍ അതൊരുത്ഭുതമാണല്ലെ, അറേഞ്ചഡ്‌മാരേജ്..‌. നമ്മുടെ മാത്രം സംസ്കാരത്തിന്റെ സൗഭാഗ്യം.. ആകുലുതയോടെയും വ്യാകുലതയോടെയും ഒരുപക്ഷെ അല്‍പ്പം ഇഷ്ടക്കുറവോടുംകൂടിപോലും ഒന്നിയ്ക്കുന്ന രണ്ടുപേര്‍ എത്രപ്പെട്ടന്നാണ്‌ ഇണക്കുരുവികളായി മാറുന്നത്‌.

    കൊല്ലേരി " പോസ്റ്റ്‌ വളരെ ഇഷ്ടായി, ആ മേല്പറഞ്ഞ പാരഗ്രാഫിനു ഒരു സല്യൂട്ട്

    ശ്രീക്ക് എന്റെയും കുടുംബത്തിന്റെയും വിവാഹ ആശംസകള്‍

    ReplyDelete
  11. താങ്ക്സ് മാഷേ :)

    ഇപ്പഴാണ് വായിയ്ക്കുന്നത്. (വിനുവേട്ടന്‍ വിളിച്ചു പറഞ്ഞിരുന്നു)

    ReplyDelete
  12. പെണ്ണുകാണലുകൾ തൊട്ട് ഫെമിനിസം വരെ ....
    ഇമ്മിണി കാര്യങ്ങളോടെ നവവരന്മാർക്ക് ഒരു ഗൈഡായി സൂക്ഷിക്കാവുന്ന കുറിപ്പുകൾ...

    “ആ പാക്കേജല്ല കുട്ടേട്ടാ ഈ പാക്കേജ്‌, ഒരു മാതിരി ഒന്നുമറിയാത്തതുപോലെ.."

    "അതൊക്കെ മനസ്സിലായെടി, സത്യം പറ മാളു.. അന്ന്‌, ആലോചന വന്ന സമയത്ത്‌ കുട്ടേട്ടന്റെ പാക്കേജിനേക്കുറിച്ച്‌ ഒരു നിമിഷമെങ്കിലും നീ ഓര്‍ത്തിട്ടുണ്ടോ?"

    "കുട്ടേട്ടാ, കാര്യം പറയുമ്പോള്‍ ചുമ്മാ കളി പറഞ്ഞ്‌ എന്നെ ദേഷ്യം പിടിപ്പിയ്ക്കരുത്‌... ഇങ്ങോട്ടു വരു, കാണിച്ചു തരാം ഞാന്‍.."

    "അതിന്‌ നമ്മള്‍ക്കിടയില്‍ പറയാനും, കാണാനും, കാണിയ്ക്കാനും ഇനി എന്താണ്‌ മാളു ബാക്കിയുള്ളത്‌?" “


    എന്നാലും സെക്കന്റ് സെൻസുള്ള ഇത്തരം വാചകങ്ങൾ മനസ്സീനൊഴിഞ്ഞുപോകുന്നില്ലാന്നേ
    എനിക്കും ചിലപ്പോൾ ഈ തറവാട്ടുഗുണങ്ങൾ ഉള്ളതുകൊണ്ടാവാം അല്ലേ..

    ReplyDelete