Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Sunday, December 2, 2012

ഒരു പ്രവാസിബ്ലോഗറുടെ യാത്രാമൊഴി..

വേനല്‍ചൂടില്‍ വെന്തുരുകുന്ന മരുഭൂമിയുടെ കരളിന്റെ നോവുകള്‍. കാത്തിരിപ്പിനൊടുവില്‍ കുളിരിന്റെ കമ്പളവുമായി ഋതുഭേദം വിരുന്നെത്തുന്ന ദിനങ്ങള്‍. മയൂരനൃത്തം മോഹിച്ചലഞ്ഞ്‌ ഏതോ നിയോഗംപോലെ ദിശതെറ്റിയെത്തി മണല്‍ത്തരികള്‍ അലങ്കോലമാക്കിയ മരുഭൂമിയുടെ ശുഷ്കിച്ച മാറിടത്തെ പരിഹസിച്ച്‌ നിരാശരായി മടങ്ങനൊരുങ്ങുന്ന മഴമേഘങ്ങള്‍ ഒടുവില്‍ കാരുണ്യം തോന്നി ജലധാരയുതിര്‍ത്തുന്ന നിമിഷങ്ങള്‍...മരുഭൂമിയുടെ ജീവിതത്തിലെ അപൂര്‍വ്വ ധന്യമുഹൂര്‍ത്തങ്ങള്‍. പെയ്തിറങ്ങുന്ന മഴത്തുള്ളികളുടെ സ്പര്‍ശനമേല്‍ക്കുമ്പോഴേക്കും കാത്തിരുന്നിട്ടെന്നപോലെ ഉള്‍പ്പുളകത്തോടെ പൊട്ടിമുളക്കുന്ന ഒരു പ്രവാസിയുടെ വെക്കേഷന്‍ ദിനങ്ങളിലെ ദാമ്പത്യത്തിന്റെ ആയസ്സുപോലുമില്ലാത്ത പാതയോരത്തെ പാവം പാഴ്‌ച്ചെടികള്‍. ചുവന്ന സ്വെറ്ററുമിട്ട്‌ നേരം വൈകിയുണരുന്ന ശിശിരസൂര്യന്റെ അലസഭാവങ്ങളുടെ ചാരുതയില്‍ മയങ്ങി നില്‍ക്കുന്ന ശിശിരകാല പ്രഭാതങ്ങള്‍. ഈ മനോഹര മരുക്കാഴ്ചകള്‍ എല്ലാം തനിയ്ക്കന്യമാകാന്‍ പോകുന്നു. ബാലുവിന്റെ ഉള്ളൊന്നു പിടഞ്ഞു..

മരുഭൂമിയിലെ അവസാനദിനങ്ങള്‍. പ്രവാസത്തിന്റെ അന്ത്യം. ദിവസങ്ങളടുക്കുംതോറും സന്താഷത്തോടൊപ്പം ചഞ്ചലമാകുന്നു ബാലുവിന്റെ മനസ്സ്‌. ഒരര്‍ത്ഥത്തില്‍ ഇതും ഒരു പറിച്ചു നടല്‍ തന്നെയാണ്‌. ഇരുപതാം നൂറ്റാണ്ടിലെന്നോ അവന്‍ പടിയറങ്ങിയ നാട്ടിന്‍പുറത്തുകാരി മലയാളക്കര ഇന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത വിധം പച്ച പരിഷ്ക്കാരിയായിരിയ്ക്കുന്നു. സൗഹൃദത്തിന്റെ വേരുകള്‍ അറ്റു പോയിരിയ്ക്കുന്നു. അറിയാം, എല്ലാം അറിയാം. എങ്കിലും ഇനിയെന്ത്‌ എന്നൊരു തീരുമാനം പോലുമില്ലാതേയുള്ള അവന്റെ മടക്കം വെറുമൊരു ആവേശത്തിന്റെ പുറത്തു മാത്രമല്ല.

ഈ തിരിച്ചുപോക്ക്‌ അതെന്നെ മോഹിച്ചതാണ്‌.വന്ന്‌ പിറ്റേ ദിവസം മുതല്‍ ഓരോ പ്രവാസിയും നോമ്പുനോറ്റ്‌ കൊതിയോടെ കാത്തിരിയ്ക്കുന്നതാണ്‌ ഈ മുഹൂര്‍ത്തം. --"ബാലുഭായ്‌ നിങ്ങളുടെ ഭാഗ്യം അധികം പ്രായമാകുന്നതിനുമുമ്പെ തിരിച്ചുപോകാന്‍ കഴിയുന്നല്ലോ."-- എല്ലാവരും അഭിനന്ദിയ്ക്കുന്നു, പലരുടേയും വാക്കുകളില്‍ അസൂയ തുളുമ്പുന്നു. എല്ലാം അറിയാം, എന്നിട്ടും എന്നെന്നേയ്ക്കുമായി ഈ ദേശം വിട്ടുപോകാന്‍ പോകുകയാണെന്നോര്‍ക്കുമ്പോള്‍.! കണ്ണുകള്‍ നിറയുന്നു വാനില്‍ അടുത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുമോ എന്ന്‌ ഭയന്ന്‌ സ്വയം നിയന്ത്രിച്ചു അവന്‍.

വര്‍ഷങ്ങളെത്ര കഴിഞ്ഞിരിയ്ക്കുന്നു സൂര്യനോടൊപ്പം ഉണര്‍ന്നേഴുന്നേറ്റ്‌ മരുഭൂമിയിലൂടേയുള്ള 35 കിലോമീറ്റര്‍ നീളുന്ന കമ്പനി വാനിലെ ഈ പ്രഭാതസവാരി തുടങ്ങിയിട്ട്‌.!  മരുജീവിതത്തിന്റെ പ്രത്യേകതയാണ്‌ വര്‍ഷങ്ങള്‍ പോകുന്നതറിയില്ല..ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും വല്ലാത്ത വേഗതയാണ്‌. വേനലും ശിശിരവുമൊഴികെ ഋതുക്കളൊരുക്കുന്ന വര്‍ണ്ണക്കുടമാറ്റങ്ങളൊന്നുമില്ല. അതിനു താളം പിടിയ്ക്കുന്ന ആഘോഷങ്ങള്‍ക്കടിസ്ഥാനവുമില്ല. എന്നും എപ്പോഴും നിശ്ചലമായ തടാകം പോലെ ഒരേ താളം, ഒരേ ഭാവം. കൃത്രിമമായൊരുക്കുന്ന ഉത്സവനഗരികളും ആഘോഷ വെടിക്കെട്ടുകളും ആഹ്ലാദത്തെക്കാളുപരി അമ്പരപ്പും മാത്രമെ സമ്മാനിയ്ക്കു എന്ന തിരിച്ചറിവിലും എല്ലാം ഒരുക്കി ഉത്രാടപ്പാച്ചിലിന്റെ സുഖം അനുഭവിച്ചുവെന്ന്‌ സ്വയം വിശ്വസ്സിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ആ പാവം.

സ്വസ്ഥയില്ലാത്ത മനസ്സില്‍നിന്ന്‌ അലയടിയ്ക്കുന്ന വിഷാദം.. അതായിരിയ്ക്കും ഏതൊരു പ്രവാസിയുടേയും സ്ഥായീഭാവം. വിശാലമായ ജലാശയത്തില്‍നിന്നും അക്വേറിയത്തിലേയ്ക്ക്‌ മാറ്റപ്പെടുന്ന മല്‍സ്യത്തിന്റെ അവസ്ഥയിലായിരിക്കും ഓരോ നിമിഷവും അവന്റെ മനസ്സ്‌. വീര്‍പ്പുമുട്ടിയ്ക്കുന്ന ആ കൃത്രിമാന്തരീക്ഷത്തില്‍ ചില്ലുജാലകത്തില്‍ മുഖമമര്‍ത്തി, ദൂരേയുള്ള തന്റെ തടാകത്തില്‍ കളിച്ചുതിമിര്‍ത്തിരുന്ന സുന്ദരനിമിഷങ്ങളോര്‍ത്ത്‌ അവനുതിര്‍ക്കുന്ന ചുടുനിശ്വാസത്തില്‍നിന്നും നിലക്കാതെ ബഹിര്‍ഗമിയ്ക്കുന്ന കുമിളകള്‍ അക്വേറിയത്തിനലങ്കാരമായേ പുറമെ നിന്നും നോക്കുന്നവര്‍ക്കു തോന്നു. കൊല്ലന്റെ ആലയിലെ മുയലിനെപ്പോലെ ഓരോ നിമിഷവും ഞെട്ടിവിറയ്ക്കാന്‍ ശീലിച്ച ആ മനസ്സ്‌ എല്ലായിടത്തും അനായാസം ചൂഷണം ചെയ്യപ്പെടുന്നു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും അശാന്തിനിറഞ്ഞ ബൂലോകത്തിന്റെ തീക്ഷ്ണതയിലേയ്ക്ക്‌ പിറന്നുവീണ്‌ കരയുന്ന ആ നിമിഷം തുടങ്ങുന്നു മനുഷ്യന്റെ പ്രവാസജീവിതം. പ്രിയപ്പെട്ടവരുവരുടെ ലാളനങ്ങളേറ്റുവാങ്ങി കൈകാലിട്ടടിച്ചും കടലാസുതോണിയിറക്കിയും രാജകുമാരനായി വാണിരുന്ന കുടുംബാന്തീരീക്ഷത്തില്‍ നിന്നും വിദ്യാലയത്തിന്റെ കലപില നാദത്തിലേയ്ക്ക്‌ ഒരു സാധാരണ പ്രജയായി കാലെടുത്തു വെയ്ക്കുന്നതോടേ തുടങ്ങും പ്രവാസത്തിന്റെ രണ്ടാഘട്ടം. ആദ്യം കരയും, പ്രതിഷേധിയ്ക്കും, ക്രമേണ പൊരുത്തപ്പെടും. ഒടുവില്‍ വേര്‍പ്പിരിയാനാവത്തവിധം ആ അന്തരീക്ഷത്തെ പ്രണയിയ്ക്കാന്‍ തുടങ്ങുമ്പോഴായിരിയ്ക്കും അടുത്ത പറിച്ചുനടല്‍.! അതുവരെ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം കാമ്പസിലെ പാലമരത്തിലേയ്ക്കാവാഹിച്ച്‌ അശ്രൂപൂജ നടത്തി ചുവപ്പും മഞ്ഞയും ചരടുകളില്‍ ബന്ധിച്ച്‌ ആണിയടിച്ചു ഭദ്രമാക്കി ശൂന്യമായ മനസ്സുമായി അഹങ്കരിച്ചും ആര്‍മാദിച്ചും വിലസിയിരുന്ന കലാലയാങ്കണത്തില്‍ നിന്നും പടിയിറങ്ങും. കാഠിന്യം നിറഞ്ഞ മറ്റൊരു പ്രവാസത്തിനായുള്ള മണിമുഴക്കത്തിന്റെ സമയം ഒട്ടും വൈകാതെ സമാഗതമാകും..

-"എത്ര പഠിച്ചിട്ടെന്താ, ജോലിയൊന്നുമായില്ല അല്ലെ ഇതുവരെ."--. നെഞ്ചില്‍ കൊളുത്തിവലിയ്ക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ടത്‌ എണ്‍പതുകളിലെ അഭ്യസ്തവിദ്യനായ ഒരു യുവാവിന്റെ കയ്പ്പേറിയ ബാദ്ധ്യതയായിരുന്നു. എന്നും എപ്പോഴും വീട്ടുകാരേക്കാള്‍ ഉത്‌കണ്ഠ നാട്ടുകാര്‍ക്കായിരിയ്ക്കും ഇത്തരം വിഷയങ്ങളില്‍. അപകര്‍ഷതാബോധം അതിന്റെ പാരമ്യത്തിലെത്തി പൊട്ടിത്തെറിയ്ക്കാനൊരുങ്ങുന്ന ഒരുനാള്‍ അമ്മയുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ച്‌, കൂട്ടായ്മകളുടെ വലക്കണ്ണികളെല്ലാം പൊട്ടിച്ചെറിഞ്ഞ്‌ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ വെന്തുരുകുന്ന ഹൃദയവുമയി ജയന്തി ജനതയിലേയ്ക്ക്‌ വലതുകാല്‍ വെച്ച്‌ കയറും. തീവണ്ടി ഭാരതപ്പുഴയുടെ മുകളിലെത്തിമ്പോഴേയ്ക്കും അസ്തമയത്തിനു സമയമായിട്ടുണ്ടാകും. ഒരു ഗ്രാമീണയുവാവിന്റെ കൂടെ ഉദകക്രിയയ്ക്കുള്ള ഒരുക്കത്തിലായിരിയ്ക്കും പുഴയില്‍ സൂര്യനപ്പോള്‍. വാളയാര്‍ ചുരം കടക്കുമ്പോള്‍ ഹൃദയത്തില്‍ ചിത പൂര്‍ണ്ണമായുംകത്തിയമര്‍ന്ന്‌ ഇരുട്ടു പരന്നിട്ടുണ്ടാകും..പിറ്റേന്ന്‌ നേരം പുലര്‍ന്ന്‌ കണ്ണു തുറക്കുമ്പോള്‍ അമ്പരിപ്പിയ്ക്കുന്നവിധം അപരിചിതമായിട്ടുണ്ടാകും പരിസരം. നാട്‌ കണ്ണെത്താദൂരത്ത്‌ പോയിമറഞ്ഞിട്ടുണ്ടാകും. തീവണ്ടിയിലെ വസൂരിക്കലവീണുപഴകിയ കണ്ണാടിയില്‍ മലയാണ്മ നഷ്ടപ്പെട്ട സ്വന്തം പ്രതിബിംബം കണ്ട്‌ തരിച്ചുനില്‍ക്കും..ഒറ്റ രാവ്‌ വരുത്തിയ മാറ്റം കണ്ട്‌ വിസ്മയിയ്ക്കും.

ദീപാവലി പ്രഭയില്‍ തിളങ്ങുകയായിരുന്ന നഗരം തണുത്ത വിറങ്ങലിച്ച ഒരു നവംബര്‍ മാസത്തില്‍ ഒരുമറുനാടന്‍ മലയാളിയായി ബാലു ദാദറില്‍ ചെന്നിറങ്ങുമ്പോള്‍ നേരം പാതിര കഴിഞ്ഞിട്ടുണ്ടായിരുന്നു. --"ഏക്‌, ദോ തീന്‍ ചാര്‍, പാഞ്ച്‌...." --- തേസാബിലെ .മാധുരി ഗാനം നഗരമാകെ അലയടിയ്ക്കുന്ന കാലമായിരുന്നു അത്‌.അതുകൊണ്ട്‌ ഒന്നു മുതല്‍ പത്തു വരെ തെറ്റു കൂടാതെ ആദ്യദിനം തന്നെ എണ്ണാന്‍ പഠിച്ചു അവന്‍.

-"പാപ്പ കഹതെ ഹേ, ബഡാ നാമ്‌  കരേഗ...ബേട്ടാ ഹമാര ഐസ കാമ്‌ കരേഗ..മഗര്‍ യേ തോ കോയി ന ജാനെ..- ഹിന്ദി വാക്കുകളുടെ അര്‍ത്ഥം ഗ്രഹിയ്ക്കാന്‍ തുടങ്ങിയ നാളുകളിലെന്നൊ മഹാനഗരത്തിലെ തെരുവീഥികളിലൂടെ തൊഴില്‍ തേടി അലയുന്ന വേളയില്‍ എവിടെ വെച്ചോ കാതുകളില്‍ ഒഴുകിയെത്തിയ ആ അമീര്‍ ഗാനത്തിന്റെ ഈരടികള്‍ ചുണ്ടില്‍ നിസ്സഹായതയുടെ പുഞ്ചിരി വിടര്‍ത്തി. എന്തൊക്കെ പ്രതീക്ഷകളായിരുന്നു മിടുക്കനായ ബാലുവിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ഡോക്ടറാകും, അല്ല, എഞ്ചിനീയറാകും..വക്കീലാകും. ഇല്ല, ആരുമായില്ല താന്‍ ഇതുവരെ. ഒരു പക്ഷെ, ഇനിയും ആരുമാവില്ല. എല്ലാവര്‍ക്കും വേണ്ടത്‌ എക്സ്‌പീരിയന്‍സ്‌ ആണ്‌...തൊഴില്‍ ചെയ്യാതെ എങ്ങിനയാ എക്സ്‌പീരിയന്‍സ്‌ ഉണ്ടാവുക..? ആരോട്‌ ചോദിയ്ക്കാന്‍...!

മൂന്നുകൊല്ലത്തെ ബോംബേ വാസം. ഒരു മാര്‍വാഡി ഫാക്ടറിയിലെ പ്രൊഡക്ഷന്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ടുമെന്റിലെ കന്നിയങ്കം. ഓഫീസുകളില്‍ പൂജമുറിയില്‍ വിഗ്രഹമെന്ന കരുതലോടെ പ്രതിഷ്ടിച്ച്‌ ചെരുപ്പഴിച്ചുവെച്ച്‌ പ്രവേശിച്ച്‌ കമ്പ്യൂട്ടറുകളെ മാനിച്ചിരുന്ന ആ കാലത്ത്‌ ആദ്യജോലിതന്നെ ഏ,സി റൂമില്‍ കമ്പ്യൂട്ടറമൊത്ത്‌ സുഖിച്ചു കഴിയാന്‍ ഭാഗ്യം ലഭിച്ചത്‌ ജാതകത്തിലെ കേസരിയോഗം കൊണ്ടായിരിയിരുന്നിരിയ്ക്കാം. കല്യാണം കഴിഞ്ഞ്‌ അഞ്ചുവര്‍ഷമായിട്ടും കുഞ്ഞുങ്ങളൊന്നുമാകാത്ത ദുഃഖത്തില്‍ ചികല്‍സയും പ്രാര്‍ത്ഥനയുമായി കഴിയുന്ന മദ്രാസുകാരി ഗീതയും അവനും കുടുംബവിശേഷങ്ങളും തൈരുസാദവുമൊക്കെ പങ്കുവെച്ച്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പു പരിശോധിയ്ക്കാനോ, വെള്ളത്തിന്റെ അളവെടുക്കാനൊ മുതിരാതെ, അങ്ങിനെ അനാവശ്യ പ്രശ്നങ്ങള്‍ക്കും അതിര്‍ത്തിലംഘനങ്ങള്‍ക്കും കളമൊരുക്കാതെ തമിഴിലും മലയാളത്തിലും പരസ്പരം അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിച്ച്‌ അച്ചടക്കത്തോടെ കഴിഞ്ഞിരുന്ന അന്തരീക്ഷത്തിലേയ്ക്കാണ്‌ കമ്പനിയുടമയുടെ പെങ്ങള്‍ യാമിനി മേത്തയുടെ എഴുന്നള്ളത്ത്‌.

കടും നീലനിറമുള്ള ഇറക്കം കുറഞ്ഞ ടീഷര്‍ട്ടും ഇളം നീലനിറത്തിലുള്ള ഇറുകിയ ജീന്‍സുമിട്ട്‌ വെറുതെ ഒരു റ്റൈംപാസിനായി 11 മണിയോടെ ഓഫീസിലെത്തുന്ന,അമൂലിന്റെ വെണ്മയുള്ള മുതലാളിയുടെ പെങ്ങള്‍ യാമിനി മേത്ത. എന്തെങ്കിലും ഫയലെടുക്കാനും മറ്റുമായി പുറം തിരിഞ്ഞുനിന്ന്‌ അവളൊന്നു കുനിഞ്ഞാല്‍..! ഈശ്വരാ,..മേലോട്ടും താഴോട്ടും അകന്നുമാറുന്ന ആ കൊച്ചു ടീ ഷര്‍ട്ടിനും ജീന്‍സിനുമിടയിലെ..വെണ്ണതോല്‍ക്കും...! .അമ്പലക്കുളത്തിലും വടക്കേച്ചിറയിലും നാട്ടിന്‍പുറത്തുകാരി പെണ്ണുങ്ങളുടെ കറുത്ത മേനി ഒളിച്ചുകണ്ടു മാത്രം ശീലമുള്ള ലോലഹൃദയനായ ഒരു സാല മദ്രാസി ഗ്രാമീണയുവാവിന്റെ ഹൃദയത്തിന്‌ താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ ഉടല്‍ക്കാഴ്ചകളോരോന്നും.

ഒരു കൊച്ചുമുതലാളിയുടെ യാതൊരു വിധ ജാടയുമില്ലായിരുന്നു യാമിനിയ്ക്ക്‌. അവരുടെ ലോകവുമായി പെട്ടന്നിണങ്ങി അവള്‍. ട്രീറ്റ്‌മെന്റിനും പൂജയ്ക്കുമൊക്കെയായി സീനിയറായ ഗീത ലീവെടുക്കുന്ന ദിവസങ്ങളില്‍ ജോലിയില്‍ ഒരു വീഴ്ചയും വരുത്താതെ എത്ര ശുഷ്ക്കാന്തിയോടേയാണെന്നോ അവരൊറ്റയ്ക്ക്‌ കാം കര്‍ത്തിയിരുന്നത്‌. തൊട്ടടുത്ത മാംഗ്ലൂരിഹോട്ടലില്‍നിന്നുമെത്തുന്ന പുലാവ്‌ റൈസ്‌, ഐസ്‌ ക്രീം, ഗുലാബ്‌ ജാം പിന്നെ പേരറിയാത്ത നെയ്യും മധുരവും നിറഞ്ഞ എന്തൊക്കയോ ഗുജാറാത്തി വിഭവങ്ങള്‍. ഇങ്ങിനെ കമ്പനി എക്കൗണ്ടില്‍ സുഭിക്ഷമായി ഭക്ഷണം കഴിച്ച നാളുകള്‍. ഇതെല്ലാം വാങ്ങികൊണ്ടുവരുന്ന പ്യൂണ്‍ മറാട്ടിയായ സഞ്ജയ്‌ മത്തക്കണ്ണുരുട്ടി അര്‍ത്ഥംവെച്ചു നോക്കും. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

മഹാനഗരത്തിലെ ഏതോ അധോലോക പയ്യനുമായി പ്രണയം മൂത്ത്‌ എല്ലാവിധ കുരുത്തക്കേടുകളുമൊപ്പിച്ച്‌ ഒരുപാട്‌ വിപ്ലവങ്ങള്‍ക്കുശേഷം വിശാലമായ ഫാക്ടറിയ്ക്കകത്തെ നാലു ചുവരുകള്‍ക്കകത്തെ സെക്യുരിറ്റി സെറ്റ്‌ അപ്പില്‍ മുതലാളിയുടെ ബംഗ്ലാവില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു അന്നവള്‍. ഫാക്ടറിയില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു യാമിനി മേത്തയുടെ പൂര്‍വ്വകാല ലീലാവിലാസങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍. എന്നാലും ആരും ഒന്നും കുശുകുശുത്തില്ല അത്രയ്ക്കും പേടിയായിരുന്നു എല്ലാവര്‍ക്കും മുതലാളിമാരെ.

മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ സഹപ്രവര്‍ത്തകര്‍ക്ക്‌ അസൂയായിരുന്നു .-"മദ്രാസി ചെന്ന്‌ മാര്‍വാഡിയുടെമേല്‍ വീണാലും മാര്‍വാഡി വന്ന്‌ മദ്രാസിയുടെ മേല്‍ വീണാലും മദ്രാസിയുടെ തടിയ്ക്കാണ്‌ കേട്‌."-- ഉപദേശരൂപത്തില്‍, സഹതാപത്തില്‍ പലരും അവനെ നോക്കി. പാവങ്ങള്‍, അവര്‍ക്കെന്തറിയാം. അല്ലെങ്കിലും ലോകം അന്നും ഇന്നും എന്നും അങ്ങിനെയല്ലെ . സ്ത്രീ പുരുഷമാര്‍ക്കിടയിലെ നിഷ്കളങ്ക സൗഹൃദങ്ങള്‍ പോലും സദാചാരപോലീസിന്റെ കണ്ണോടെ അല്ലെ സമൂഹം നോക്കി കാണു..എന്നാലും ഉള്ളില്‍ നേരിയ ഭയം തോന്നാതിരുന്നില്ല. എന്തിനും പോന്നവരായ അവളുടെ ആങ്ങളമാരായ, സുമേഷ്‌ മേത്തയ്ക്കും സുഹാസ്‌ മേത്തയ്ക്കും എന്തെങ്കിലും സംശയം തോന്നിയാല്‍..? തീര്‍ന്നില്ലെ എല്ലാം. പിന്നെ അന്ധേരിയിലെ, ബാന്ദ്രയിലെ, കുര്‍ളയിലെ ഏതെങ്കിലുമൊരു റെയില്‍വേ ട്രാക്കില്‍ ഒരജ്ഞാത ജഡമായി...!

ഈശ്വരാ..ഓര്‍ത്തപ്പോള്‍ അവന്റെ മനസ്സ്‌ ഒന്നു പിടഞ്ഞു..പാവം അമ്മ, ബോംബേയില്‍ കാണാതായ സല്‍സ്വഭാവിയായ മകനെക്കുറിച്ചുള്ള പരാതിയും പറഞ്ഞ്‌, നാലുംകൂട്ടി മുറുക്കി വിസ്തരിച്ചൊന്നു പൊട്ടിക്കരയാന്‍ കുഞ്ഞുമുഹമ്മദു സാഹിബിന്റെ പ്രവാസലോകത്തിനു വേദിയൊരുക്കുന്ന കൈരളിയൊന്നും അക്കാലത്തുണ്ടായിരുന്നില്ലല്ലൊ.

-"ആദിത്യന്റെ അവസാന ഘട്ടമാണ്‌ മോനെ നിനക്ക്‌..ദശാസന്ധി...ഒപ്പം അഷ്ടമത്തില്‍ വ്യാഴവും...അപകടം എതു രൂപത്തിലും ആരുടെ രൂപത്തിലും വരാം..സൂക്ഷിക്കണം നീ, വളരെ സൂക്ഷിയ്ക്കണം."-- ആ നാളുകളില്‍ അമ്മയുടെ കത്തുകളിലെ പ്രധാന വിഷയം ദശാസന്ധി തന്നെയായിരുന്നു.

സൂക്ഷിച്ചു, വളരെ സൂക്ഷിച്ചു..അമ്മയുടെ പ്രാര്‍ത്ഥനകളും വഴിപാടുകളും ഫലിച്ചു. ദശാസന്ധി തീര്‍ന്നു. ആദിത്യന്‍ അലമ്പുണ്ടാക്കാതെ കടന്നുപോയി, ഒപ്പം യാമിനിയും..ബോംബേയിലെ വനവാസം അവസാനിപ്പിച്ച്‌ അജ്ഞാത വാസത്തിനായി അവള്‍ ഗുജറാത്തിലേയ്ക്കു പോയി.

ഓഫീസില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നീണ്ടുരുണ്ട ആ വലിയ നീലക്കണ്ണുകളിലെ വിഷാദത്തിന്റെ കടല്‍ ഇരമ്പിയെത്തിയത്‌ അവന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.
-വീണ്ടും കാണാം- ഇനിയൊരിയ്ക്കലുംകാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും അങ്ങിനെ യാത്ര പറഞ്ഞു പിരിയുന്ന ആ നിമിഷം അവന്റെ ഹൃദയം വിങ്ങിപൊട്ടിയത്‌ സ്നേഹം കൊണ്ടായിരുന്നോ, അതോ വെറും അനുകമ്പ കൊണ്ടുമാത്രമോ...യാമിനി മേത്തയുമായിരുണ്ടായിരുന്ന ബന്ധത്തിനെ എത്ര ശ്രമിച്ചിട്ടും ഇന്നും വ്യക്തമായി നിര്‍വചിയ്ക്കാന്‍ കഴിയുന്നില്ല ബാലുവിന്‌.

ഒന്നു മാത്രമറിയാം, വെറും പാവമായിരുന്നു അവള്‍. ഒരു പൊട്ടിപ്പെണ്ണ്‌. ആഡംബരത്തിന്റെ കെട്ടുക്കാഴ്ചകള്‍ക്കകത്ത്‌ പൊതിഞ്ഞു പെരുപ്പിച്ചുകാട്ടുന്ന ചോളി കെ പീച്ചേ ആ ദില്‍ തീര്‍ത്തും ശുദ്ധമായിരുന്നു.ഗീത അവധിയെടുക്കുന്ന ദിവസങ്ങളില്‍ മനസ്സു തുറക്കുമായിരുന്നു അവള്‍...ചേരിയിലെ ദാരിദ്ര്യത്തിനു നടുവില്‍ വളരുന്ന പെണ്‍കുട്ടികള്‍ പോലും തന്നേക്കാള്‍ ഭാഗ്യവതികളായിരുക്കുമെന്ന്‌ പറഞ്ഞ്‌ അവള്‍ പൊട്ടിക്കരയുന്നതുകണ്ട്‌ അന്തം വിട്ടിരുന്നിട്ടുണ്ട്‌. എല്ലാം തികഞ്ഞ്‌ ആരിലും അസൂയ ജനിപ്പിയ്ക്കും വിധം സമ്പന്നമായ ചുറ്റുപ്പാടുകളില്‍ സ്നേഹം കിട്ടാതെ വളരേണ്ടി വന്നവള്‍. എല്ലാവര്‍ക്കും തിരക്കായിരുന്നു. വ്യവസായ സാമ്രാജ്യം വിപുലീകരിയ്ക്കുന്ന തിരക്കായിരുന്നു അച്ഛനെപ്പോഴും...അമ്മയ്ക്ക്‌ ക്ലബും അതിന്റെ നൂലാമാലകളും..പ്രായത്തില്‍ ഒരുപാട്‌ മുതിര്‍ന്ന സഹോദരങ്ങള്‍ക്ക്‌ അവരുടേതായ ലോകങ്ങള്‍..ആയമാരുടെ പരിചരണത്തില്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഏകാന്തമായി കടന്നുപോയി ഇളയമോളായ അവളുടെ ബാല്യം. വലുതാവുംതോറും കളിപ്പാട്ടങ്ങളുടെ രൂപം മാറി, ജീവന്‍ വെയ്ക്കാന്‍ തുടങ്ങിയ അവയുടെ ഭാവവും രീതികളും മാറുന്നത്‌ കൗതുകത്തോടെ തിരിച്ചറിഞ്ഞു അവള്‍. വളര്‍ന്നു തുടങ്ങിയ അവളുടെ വികാരങ്ങളുടേയും വിചാരങ്ങളുടേയും ആഴവും വ്യാപ്തിയുംകൂടാന്‍ തുടങ്ങിയിരുന്നു..അങ്ങിനെയെപ്പോഴോ ജീവനുള്ള കളിപ്പാട്ടങ്ങള്‍ അവള്‍ക്കു ലഹരിയായി. അതിനിടയില്‍ പലരും അവളേയും വിലപിടിച്ച കളിപ്പാട്ടമാക്കി മാറ്റി വിലപേശാന്‍ തുടങ്ങി..

മുലപ്പാല്‍തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന മാതൃത്വനിമിഷങ്ങളിലെ ഒരു കൊച്ചു താരാട്ടുപാട്ട്‌. നിത്യവും ഒരു നിമിഷനേരമെങ്കിലും ലഭിയ്ക്കുന്ന പിതൃവാല്‍സല്യം...സഹോദരങ്ങളുടെ കരുതല്‍..പ്രണയപുഷ്പങ്ങള്‍ മൊട്ടിട്ടു വിടരാന്‍ തുടങ്ങുന്ന പ്രായത്തില്‍ സ്നേഹവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ പ്രാപ്തനായ നല്ലവനായ ഒരു ബോയ്‌ ഫ്രന്‍ഡിന്റെ സാമീപ്യം. ഇതില്‍ ഏതെങ്കിലുമൊന്ന്‌ അനുഭവിയ്ക്കാന്‍ യോഗമുണ്ടായിരുന്നെങ്കില്‍ അച്ചടക്കവും പരിശുദ്ധിയുമുള്ള ഒരു നല്ല പെണ്‍കുട്ടിയാകുമായിരുന്നു യാമിനി. ഒരിയ്ക്കലും തന്നെ ഒരു കളിപ്പാട്ടമായി കരുതിയില്ല അവള്‍.അതിനുമപ്പുറം തന്നില്‍നിന്നും എന്തൊക്കയോ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ..നാടിനെക്കുറിച്ച്‌,അമ്മയെക്കുറിച്ച്‌, മനുഷ്യബന്ധങ്ങളുടെ വ്യാപ്തിയേയും മനോഹാരിതയേയുംകുറിച്ചും എല്ലാം ചോദിച്ചറിയുന്ന നിമിഷങ്ങളില്‍ വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍.

-"ഒരിയ്ക്കല്‍ ബാലുവിന്റെ നാട്ടിലേയ്ക്ക്‌ വരട്ടെ ഞാന്‍, അമ്മയുടെ അരികിലേയ്ക്കു കൊണ്ടുപോകുമോ എന്നെ"-- ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിയ്ക്കുമായിരുന്നു അവള്‍. അത്തരം സംഭാഷണ മുഹൂര്‍ത്തങ്ങളില്‍ ഒരിറ്റു സ്നേഹത്തിനും വാല്‍സല്യത്തിനും വേണ്ടി ഉഴറുകയായിരുന്ന ആ ഹൃദയത്തിന്റെ തുടിപ്പ്‌ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു അവന്‌. ധനുമാസക്കാറ്റിന്റെ താളത്തില്‍, ആതിരക്കുളിരിന്റെ ഈണത്തില്‍ തികഞ്ഞ അനുകമ്പയോടെ, അതിലേറേ സ്നേഹത്തോടെ അനിവാര്യമായ സാന്ത്വനത്തിന്റെ നനുത്ത തേന്‍ത്തുള്ളികള്‍ പകര്‍ന്നു നല്‍കി ആശ്വസിപ്പിയ്ക്കാതിരിയ്ക്കാന്‍ കഴിയാറില്ല അപ്പോള്‍.

കാറുകള്‍, ബംഗ്ലാവുകള്‍,അങ്ങിനെയങ്ങിനെ അവനെപോലെ ഒരു സാധാരണ മനുഷ്യന്‍ സ്വപ്നം കാണുന്ന ഭൗതികസുഖങ്ങള്‍ക്കുമപ്പുറം മൂല്യം സ്നേഹത്തിനു വ്യക്തിബന്ധങ്ങള്‍ക്കുമാണെന്ന സത്യം യാമിനിയിലൂടെ പഠിയ്ക്കുകയായിരുന്നു അന്ന്‌ പക്വത കൈവരിയ്ക്കാനുള്ള പ്രായമാകാത്ത ബാലുവിന്റെ മനസ്സ്‌.

ഇന്ന്‌ യാത്രമൊഴിയൊരുക്കുന്ന വേളയില്‍ ഈ കുറിപ്പില്‍ ബാലുവിന്റെ മനസ്സില്‍ യാമിനി കടന്നു വന്നത്‌ യാദൃശ്ചികമായി തന്നെയായിരിയ്ക്കാം..എങ്കിലും സമ്പന്നതയില്‍ അഭിരമിച്ച്‌ ഒരു പരിഷ്ക്കാരിപ്പെണ്ണിന്റെ എല്ലാവിധ പ്രൗഡ്ഠിയുമായി ഏവരുടെയും മോഹിപ്പിച്ചുകൊണ്ട്‌ ഉത്സവപ്പറമ്പിനലങ്കാരമായി ഉടുത്തൊരുങ്ങി നില്‍ക്കുന്ന ഈ മണല്‍നഗരം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ അവളെ ഓര്‍ത്തുപോകാറുണ്ട്‌ അവന്‍.

മേലെമാനത്ത്‌ പെരുമ്പറ മുഴക്കി കൊതിപ്പിയ്ക്കുന്ന ഈറന്‍മേഘങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍, കുളിര്‍ക്കാറ്റിന്റെ രൂപത്തില്‍, ഈണത്തില്‍ താളത്തില്‍ കാതിലേയ്ക്കൊഴുകിയെത്തി കിക്കിളിയൂട്ടുന്ന കളിവാക്കുകള്‍, മതിവരുവോളം, കൊതിതീരുവോളം പെയ്തിറങ്ങുന്ന പെരുമഴത്തുള്ളികള്‍ സമ്മാനിയ്ക്കുന്ന കോരിത്തരിപ്പിന്റെ നിമിഷങ്ങള്‍. നിറഞ്ഞുതുളുമ്പുന്ന നിര്‍വൃതിയില്‍ അതിരുകള്‍ ലംഘിച്ച്‌ ചീറിപാഞ്ഞെത്തുന്ന പുതുവെള്ളം പുഴയും കവിഞ്ഞ്‌ കരയിലെയ്ക്കൊഴുകുന്ന സമ്മോഹന ലാസ്യ നിമിഷങ്ങള്‍ , നനഞ്ഞുകുതിരുന്ന നിത്യഹരിതവനങ്ങളുടെ അപൂര്‍വ്വ ചാരുത.ഒരു മണല്‍നഗരത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഋതുഭേദങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍. എണ്ണപ്പണം പൊന്നുകൊണ്ട്‌ മൂടി സ്നേഹിച്ചു ലാളിച്ചും വീര്‍പ്പുമുട്ടിയ്ക്കുമ്പോഴും പുറമേയ്ക്ക്‌ പ്രസന്നത നടിച്ച്‌, അനുഭവിയ്ക്കാന്‍ യോഗമില്ലാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചോര്‍ത്ത്‌ ഉള്ളിന്റെയുള്ളില്‍ ചിലപ്പോഴേങ്കിലും തേങ്ങുന്നുണ്ടായിരിയ്ക്കും ഈ മരുപ്രദേശവും എന്നു തോന്നാറുണ്ട്‌ അവന്‌, യാമിനിയേപോലെ..ഒരേ തൂവ്വല്‍പക്ഷികള്‍.

വിടവാങ്ങുന്ന വേളയില്‍ ഈ മണല്‍നഗരത്തിനെ എത്ര വര്‍ണ്ണിച്ചിട്ടും മതി വരുന്നില്ല ബാലുവിന്‌. ഈ മണ്ണ്‌ അവനു സമ്മാനിച്ച അപ്രതീക്ഷിത സൗഭാഗ്യങ്ങളിലൊന്നാണ്‌ കുത്തിക്കുറിയ്ക്കാനുള്ള ശീലം..ബൂലോകത്തിലെ വന്‍ താരകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മിന്നാമിനുങ്ങു പോലുമല്ല എന്ന തിരിച്ചറവിലും നിത്യവും രണ്ടുവരിയെങ്കിലും കുത്തിക്കുറിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല അവന്‌. ഈ അവസാന നിമിഷങ്ങളില്‍പോലും..!

സര്‍ക്കസു കൂടാരത്തിലെ ഊഞ്ഞാലാട്ടത്തിന്റെ ഉത്‌കണ്ഠ നിറഞ്ഞ നിറഞ്ഞ ഉച്ചഘട്ടനിമിഷങ്ങളില്‍ താഴെ നെറ്റുപോലുമില്ലാതെ ..അരണ്ടവെളിച്ചത്തില്‍ ശരവേഗത്തില്‍ ആടിക്കളിയ്ക്കുന്ന ആള്‍രൂപങ്ങളെ നോക്കി ഉയര്‍ന്ന നാഡിമിഡിപ്പും തരിച്ചുപോയ ശരീരവുമായിരിയ്ക്കുന്ന കാണികള്‍.ശുഭാന്ത്യത്തിനൊടുവില്‍ തെളിയുന്ന വിളക്കുകളുടെ, നിറയുന്ന സംഗീതത്തിന്റെ അകമ്പടിയോടെ അരങ്ങത്തു വരുന്ന കോമളിവേഷക്കാര്‍, കാണികളുടെ മനസ്സുകളെ ശാന്തമാക്കാന്‍, അന്തരീക്ഷം ലഘുകരിയ്ക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍..

അത്തരമൊരു വേഷംകെട്ടല്‍ മാത്രമാണ്‌ ബാലുവിന്‌ ബ്ലോഗെഴുത്ത്‌. ഏകാന്തയും വിരഹവും ഒപ്പം ചില്ലറ പ്രശ്നങ്ങളും ഒന്നിച്ചു വീപ്പുമുട്ടിച്ചു തളര്‍ന്ന്‌ പൂര്‍ണ്ണമായും ഘനീഭവിച്ചു പോകുമെന്നു തോന്നിയ ഏതോ ഒരു ഘട്ടത്തില്‍ സ്വയം ബാലന്‍സ്‌ ചെയ്യാന്‍ മനസ്സ്‌ കണ്ടെത്തിയ ബുദ്ധിപരമായ ഒരു തന്ത്രം.അതായിരുന്നു ജന്മസിദ്ധമായി എഴുതാനുള്ള ഒരു കഴിവുമില്ല എന്ന തിരിച്ചറിവിലും സധൈര്യം ബൂലോകത്തിലൂടെയുള്ള ബാലുവിന്റെ ഈ യാത്രയ്ക്ക്‌ നിദാനം.

ഇന്ന്‌ ബൂലോകത്ത്‌ തനിയ്ക്ക്മുണ്ട്‌ കുറച്ചു വായനക്കാര്‍ എന്ന സത്യം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തൊടെ തിരിച്ചറിയുന്നു അവന്‍. കാരുണ്യവും കരുതലും നിറഞ്ഞുതുളുമ്പുന്ന സ്നേഹാര്‍ദ്രമായ കമന്റുകള്‍ അവനില്‍ അമ്പരപ്പും അത്ഭുതവുമുണര്‍ത്തുന്നു. ആ വാക്കുകള്‍ നല്‍കുന്ന പ്രചോദനത്തിന്റെ തേരിലേറിയാണ്‌ ബൂലോകത്തിലൂടെ അനായാസം മുന്നോട്ടു പോകാന്‍ അവന്‌ കഴിയുന്നത്‌.

ഇനിയും ഈ ജീവിതയാത്രയില്‍ കടന്നുപോകാന്‍ ദൂരം ഒരുപാടു ബാക്കി. എല്ലാവരുടേയും പ്രാര്‍ത്ഥനയും ഒപ്പം ഗുരുതുല്യരായവരുടെ അനുഗ്രഹവും എപ്പോഴും കൂടെയുണ്ടായിരിയ്ക്കണം എന്ന മോഹവുമായി...ഇനിയും എഴുതി മുഴുമിപ്പിയ്ക്കാനായി കുറെ വാചകങ്ങളും ബാക്കിവെച്ച്‌....

നന്ദി......................


കൊല്ലേരി തറവാടി
02/12/2012

Tuesday, April 24, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ... (അദ്ധ്യായം മൂന്ന്‌)

സ്വാര്‍ത്ഥനായിരുന്നു ഞാന്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും,.ഇന്ന്‌ ഈ പ്രായത്തില്‍പോലും.ഒരു കൊച്ചുകുഞ്ഞിനെപോലെ എല്ലാരുടെയും സ്നേഹവും പരിചരണവും ശ്രദ്ധയും കൊതിയ്ക്കുന്നവന്‍ ,എന്നാല്‍ ഇതൊന്നും ഇത്തിരിപോലും തിരിച്ചു നല്‍കുന്നതില്‍ ഒട്ടും ശുഷ്കാന്തി കാണിയ്ക്കാത്തവന്‍..എന്നിട്ടും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഈശ്വരസാന്നിധ്യം ആരുടെയെങ്കിലും രൂപത്തില്‍ എന്നോടൊപ്പമുണ്ടാകാറുണ്ട്‌..മഹത്തായ സൗഭാഗ്യങ്ങള്‍ നല്‍കി അഹങ്കാരിയാക്കാതെ, മഹാദുരിതങ്ങള്‍ നല്‍കി നിഷേധിയുമാക്കാതെ,കൊച്ചുകൊച്ചു സുഖങ്ങളും ഒപ്പം ജീവിതത്തിന്റെ അനിശ്ചിതത്വം ഓര്‍മ്മപ്പെടുത്താനെന്നവണ്ണം ചെറിയ അളവില്‍ ദുഃഖങ്ങളും നല്‍കി ഇതുവരെ എന്നപോലെ ജീവിതവസാനം വരെ മുന്നോട്ടു നയിയ്ക്കണേ എന്ന്‌ നിത്യവുമുള്ള എന്റെ പ്രാര്‍ത്ഥനയിലെ എളുപ്പത്തില്‍ സാധിച്ചു തരാവുന്ന, തീര്‍ത്തും ലളിതമായ ആവശ്യങ്ങള്‍ തനിയ്ക്കു തലവേദനയുണ്ടാക്കുന്നില്ലല്ലൊ എന്നു ദൈവത്തിനു തോന്നുന്നതുകൊണ്ടാവാം ഒരുപക്ഷെ അത്‌.! 

"എന്താ റൂമിലെ ലൈറ്റും ടീവിയുമൊക്കെ ഓഫാക്കി കണ്ണും തുറന്നിരുന്നുറങ്ങാണോ.".പൊടിയരിക്കഞ്ഞി ഒപ്പം ഉപ്പും മസാലയും എരിവും കുറച്ചൊരുക്കുന്ന വെജിറ്റബള്‍ കറികള്‍,അങ്ങിനെ എനിയ്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ചിക്കന്‍പോക്സ്‌ സ്പെഷ്യല്‍ ലഞ്ചുമായി ഇനിയുംകൈമോശം വരാത്ത പാലക്കാടന്‍ ഗ്രാമീണമനസ്സിലെ നിഷ്കളങ്കത മുഴുവന്‍ ആവാഹിച്ചെടുത്ത മുഖഭാവത്തോടെ മുന്നില്‍വന്നു നിന്നു ചിരിച്ചു കുശലം പറയാനൊരുങ്ങുന്ന അലിയാരിക്കയുടെ ശബ്ദം കേട്ടാണ്‌ ആ ദിനങ്ങളിലെ പകല്‍ക്കിനാവുകളില്‍നിന്നും ഞാനുണരാറ്‌. 

എട്ടു വര്‍ഷമായി ഞങ്ങളുടെ കുക്കാണ്‌ അലിയാരിക്ക.വര്‍ഷങ്ങളായി ഒരു മേന്‍പവ്വര്‍ സപ്ലൈ കമ്പനിയുടെ കീഴിലെ തുച്ഛ വേതനത്തില്‍ ഇവിടുത്തെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ ഫോറന്‍സിക്‌ ഡിപ്പാര്‍ട്ടുമെന്റില്‍ പോസ്റ്റുമാര്‍ട്ടം ടേബിളിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുന്നു.പരമാവധി രണ്ടോ മൂന്നോ ശവങ്ങളുണ്ടാകും ദിവസവും കീറിമുറിയ്ക്കാന്‍, ചില ദിവസങ്ങളില്‍ ഒന്നും ഉണ്ടാവില്ല.എങ്ങിനെയായാലും രാവിലെ ആറു മണിയ്ക്കു തുടങ്ങുന്ന ഡ്യൂട്ടി പത്തു മണിയോടെ അവസാനിയ്ക്കും.പിന്നെ ഒരു നിമിഷം പോലും സമയം കളയാതെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍നിന്നും തുടങ്ങി പലയിടത്തായി അന്തിയാവോളം നീളുന്ന പാര്‍ട്ട്‌ ടൈം കുക്കിങ്ങിനിറങ്ങും. മനുഷ്യശരീരം കീറിമുറിയ്ക്കുന്നതില്‍ പങ്കാളിയാകുന്ന ഇക്ക അതിന്റെ ചൂടാറും മുമ്പെ അതെ കൈകൊണ്ട്‌ ചിക്കനും, മട്ടണും,മീനും..!!ഇതറിഞ്ഞ ആദ്യ നാളുകളില്‍ ഭക്ഷണംകഴിയ്ക്കുമ്പോള്‍ എന്തോ, ഒരു വല്ലായ്‌മ തോന്നാറുണ്ടെനിയ്ക്ക്‌.ഫോറന്‍സിക്‌ സര്‍ജനായ ഭാര്യയുമൊത്ത്‌ വര്‍ഷങ്ങളായുള്ള സഹവാസം കൊണ്ടാകാം ഈ പ്രായത്തിലും ജഗദീഷിന്‌ ഇത്ര ചുറുചുറുക്കും,നര്‍മ്മബോധവും, "കാക്ക തൂറിയെന്നാ തോന്നുന്നേ" എന്ന മട്ടിലുള്ള മുഖഭാവവും ശരീരചലനങ്ങളും നിലനിത്താന്‍ കഴിയുന്നത്‌ എന്ന കുസൃതിചിന്തയില്‍ ആ വല്ലായ്മയെ വളരാന്‍ അനുവദിയ്ക്കാതെ തന്ത്രപൂര്‍വ്വം ഇല്ലാതാക്കി !

അസഹ്യമായ പല്ലുവേദനയായിരുന്ന ആ ദിനങ്ങളിലും എന്റെ അവസ്ഥയോര്‍ത്തുമാത്രം നീരുവന്നുവീര്‍ത്ത മുഖവുമായി ഒരു ദിവസംപോലും മുടങ്ങാതെ ഓടിയെത്തി ഭക്ഷണമൊരുക്കി വിളമ്പിത്തന്നു ഇക്ക. ഓര്‍മ്മവെയ്ക്കുന്നതിനു മുമ്പെ കുഞ്ഞുംനാളിലെപ്പോഴോ ചിക്കന്‍പോക്സു വന്നതാണ്‌ ഇക്കയ്ക്ക്‌, എന്നിട്ടും ഒരു പേടിയുംകൂടാതെ കഴിച്ചു തീരുവോളം കൂടേയിരുന്നു നാട്ടുവിശേഷങ്ങളും,വീട്ടുവിശേഷങ്ങളും ഒപ്പം ഇത്തിരി രാഷ്ട്രീയവും പറഞ്ഞ്‌ വിരസതയകറ്റി എന്റെ രുചി കൂട്ടാന്‍ ശ്രമിച്ചു.!

അങ്ങിനയങ്ങിനെ പേരെടുത്തു പറയാനും സ്മരിയ്ക്കാനും എത്രയെത്ര പേര്‍ ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളിലേയും ഡയറിത്താളുകളില്‍..! കടപ്പാടുകള്‍.അവ ശേഷിപ്പിയ്ക്കുന്ന കടങ്ങള്‍.. ഈശ്വരാ,..എന്നാണ്‌ ഇതൊക്കെ വീട്ടിത്തീര്‍ക്കാന്‍ കഴിയുക..!അതും പത്തുദിവസം കഴിയുമ്പോഴേയ്ക്കും എല്ലാം മറക്കുന്ന സ്വാര്‍ത്ഥനായ എന്നെപോലെ ഒരാള്‍ക്ക്‌..! മുജന്മബന്ധങ്ങളില്‍ ബാക്കിയാവുന്ന കടങ്ങളാണത്രെ ഈ ജന്മത്തില്‍ രക്ത ബന്ധമില്ലാത്തവരുടെ ഇടയിലെ ഇത്തരം കര്‍മ്മബന്ധങ്ങള്‍ക്കു നിദാനമാകുന്നത്‌.

മോഹിച്ചത്‌ പലതും നേടാനായില്ല,ഉയരങ്ങളിലെത്താനും കഴിഞ്ഞില്ല,എല്ലാം ശരിയാണ്‌, അപ്പോഴും വലിയ ദുരന്തങ്ങളും ദുരിതങ്ങളും സമ്മാനിയ്ക്കാതെ കടന്നുപോയി ഭൂതകാലം..മാളുവിന്റെ ചിറികനടിയിലെ തണലിലൊതുങ്ങി,ആ സുരക്ഷിതത്വത്തിന്റെ കുളിരില്‍ മയങ്ങി സ്നേഹസുരഭിലമായി,ശാന്തസുന്ദരമായി സ്വച്ഛന്ദം ഒഴുകി നീങ്ങുന്നു വര്‍ത്തമാനകാലം...ഭാവി.?. അറിയാം ആര്‍ക്കായാലും അതത്ര ആയാസകരമായിരിയ്ക്കില്ല .ജീവിതാന്ത്യത്തിലേയ്ക്കുള്ള ആ സഞ്ചാരത്തിന്റെ തുടക്കത്തിലെപ്പോഴേങ്കിലുമായിരിയ്ക്കും അതുവരെ ചെയ്തുകൂട്ടിയ പാപപുണ്യങ്ങള്‍ ഇരുമുടികെട്ടായി തലയില്‍ വന്നുപതിയ്ക്കുന്നത്‌.പിന്നെ ആ ഭാരവും,പേറി, കൂനിക്കൂടി കല്ലുമുള്ളും നിറഞ്ഞ വാര്‍ദ്ധക്യത്തിന്റെ ഇരുള്‍നിറഞ്ഞ കാനനവഴികളിലൂടെ കയറ്റങ്ങള്‍ കയറിയിറങ്ങിയുള്ള യാത്ര ,ഏതൊരവിശ്വാസിയും അറിയാതെ ശരണം വിളിച്ചുപോകും കിതപ്പിന്റ ആ നാളുകളില്‍ 

വാര്‍ദ്ധക്യനാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴെ തീ പടരുന്നു മനസ്സില്‍...എണ്ണയുടെയും കുഴമ്പിന്റേയും ഡെറ്റോളിന്റേയും മണം നിറഞ്ഞ ആശുപത്രി വരാന്തകള്‍,..കാത്തിരിപ്പിന്റെ നെടുവീര്‍പ്പുകളും, ഏകാന്തതയുടെ ശൈത്യവും വീര്‍പ്പുമുട്ടിയ്ക്കുന്ന ശരണാലയത്തിന്റെ ഇടനാഴികള്‍. തളര്‍ന്നു ചതഞ്ഞ മുഖങ്ങളിലെ നിശ്ശബ്ദവിലാപത്തിന്റെ ഈണം നിറഞ്ഞ ആ വഴിത്താരകളില്‍ ഒച്ചിനെപോലെ ഇഴയുന്ന സമയരഥത്തിലെ സഹയാത്രികര്‍ക്കിടയില്‍ മുജന്മബന്ധങ്ങളിലേയും ഈ ജന്മത്തിലെ തന്നെ ബാക്കിവെച്ച കടങ്ങളുടെ കണക്കുപുസ്തകവും പേറി ആശ്വസിപ്പിയ്ക്കാനും, ആശ്വാസം ഏറ്റുവാങ്ങാനും എത്രയെത്ര മുഖങ്ങള്‍ കാത്തിരിയ്ക്കാനുണ്ടാവും .?ഒരു പക്ഷെ മാളുവുംകൂടി പിരിഞ്ഞു പോയി തീര്‍ത്തും ഏകനായേക്കാവുന്ന നാളുകളേക്കുറിച്ചുള്ള ചിന്തകള്‍ പോലും മനസ്സില്‍ അശാന്തി പടര്‍ത്തുന്നു.

തീക്ഷ്ണമായി ജ്വലിയ്ക്കുന്ന മദ്ധ്യാഹ്നത്തിന്റെ ഉച്ചസ്ഥായിയില്‍, അല്ലെങ്കില്‍ സൗമ്യമായ പുഞ്ചിരിയോടെ നിഴലുകള്‍ക്ക്‌ നീളംകൂട്ടുന്ന പൊന്‍കിരണങ്ങളുടെ കരവിരുതില്‍ മാന്ത്രികനിമിഷങ്ങളൊരുക്കി ചുറ്റുമുള്ളവരെ കയ്യിലെടുത്തു വിസ്മയിപ്പിച്ച്‌ കീര്‍ത്തിയുടെ ഉത്തംഗശൃംഗത്തില്‍ വിരാജിയ്ക്കുന്ന അപരാഹ്നത്തില്‍ ഒരുനാള്‍ ഒട്ടും പ്രതീക്ഷിയ്ക്കാതെ എല്ലാരേയും കണ്ണീരാലാഴ്ത്തി പൊടുന്നനെ പൊലിഞ്ഞു പോകുന്ന ജന്മങ്ങളെക്കുറിച്ച്‌ പരിതപിയ്ക്കാറില്ലെ നമ്മള്‍.ഒന്നോര്‍ത്താല്‍ ശരിയ്ക്കും ഭാഗ്യവാന്മാരല്ലെ അവര്‍.ബന്ധുക്കള്‍, നാട്ടുകാര്‍ അങ്ങിനെ മടുപ്പോടെ കാത്തിരിയ്ക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്‌ മരണമുഹൂര്‍ത്തവും കാത്തുകിടക്കാന്‍ വിധിയ്ക്കപ്പെടുന്നവരേക്കാള്‍ എത്രയോ ഭാഗ്യവാന്മാര്‍.!

ഒരു ജനതയുടെ ആദരവും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി നൂറില്‍ നൂറും നേടി റെക്കോഡുകളുമായി വിശ്വം മുഴുവന്‍ വിലസുന്ന ഇന്നത്തെ സൂപ്പര്‍താരം നാളെ വെറും ഇന്നലത്തെ താരമായി മാറും..ചരമകോളത്തില്‍ പോലും അര്‍ഹമായ സ്ഥാനം കിട്ടാതെ പോകുന്ന വെറും വിലകുറഞ്ഞ രത്നം.പിന്നിട്ട വഴികളില്‍ എത്ര വലിയ പോരാട്ടം നയിച്ചവനായാലും അവസാനനാളുകളിലെ ചിത്രം മാത്രമെ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുകയുള്ളു ..വലിയ നടനവൈഭവമൊന്നും കൈമുതലായിട്ടില്ലായിരുന്നിട്ടുപോലും ജനമനസ്സുകളില്‍ ഇന്നുമുള്ള ജയന്റെ ഹീറോ ഇമേജിന്‌ കാരണവും മറ്റൊന്നല്ല.
പത്രത്താളുകളില്‍ സത്യസന്ധമായ ഒരു കോളമെ ഇന്നുള്ളു എന്നുതോന്നാറുണ്ടെനിയ്ക്ക്‌ ചരമകോളം..! .ഐ.പി.എല്‍ പോലെ കള്ളപ്പണം വെളുപ്പിയ്ക്കുന്ന മല്‍സരങ്ങളുടെ കളിയരങ്ങായിമാറി മാറി സ്പോര്‍ട്‌സ്‌ പേജുകള്‍....പരസ്പരം കൊമ്പുകോര്‍ക്കുന്ന സംഘടനാവിശേഷങ്ങള്‍കൊണ്ട്‌ രാഷ്ട്രീയക്കാരെപോലും അതിശയിപ്പിയ്ക്കുന്ന സിനമാലോകം.അച്ഛന്റെ പട്ടടയിലെ തീ അണയും മുമ്പേ പകമാകില്ലെങ്കിലും അദ്ദേഹത്തിന്റെ മന്ത്രികുപ്പായം എടുത്തണിഞ്ഞ്‌ പരിചിതമായ ഇടവഴികളിലൂടെ അലഞ്ഞുതിരിഞ്ഞ്‌ നാട്ടുകാരുടെ സഹതാപം തരംഗമാക്കി മാറ്റുന്ന മകന്‍,.ഇനി അഥവാ എന്തെങ്കിലുംസാങ്കേതികകാരണങ്ങളാല്‍ മകന്റെ നോമിനേഷന്‍ തള്ളിപോയാല്‍ പാരമ്പര്യമായി ജനസേവനം നടത്താനുള്ള തങ്ങളുടെ അവകാശം മറ്റാരെങ്കിലും കൈക്കലാക്കുമൊ എന്ന ഭയത്താല്‍ വൈധവ്യവുമായി പൊരുത്തപ്പെടുന്നതിനുമുമ്പെ ഡെമ്മി സ്ഥാനാര്‍ത്ഥിയുടെ വേഷമണിയുന്ന അമ്മ.ഇങ്ങിനെയിങ്ങനെ സ്ഥാനമോഹം, ധനമോഹം,അക്രമം,അനീതി,കൊള്ള, കൊല,പീഡനം.ഇതിനൊക്കെ നിദാനമാകുന്ന ഉപഭോഗാസക്തിവളര്‍ത്തുന്ന പരസ്യങ്ങള്‍.ഇത്തരം വാര്‍ത്തകളൊക്കെ മാറ്റിനിര്‍ത്തിയാല്‍ കാര്യമാത്രപ്രസക്തവും നിഷ്പക്ഷവുമായി വായിയ്ക്കാന്‍ ഒരു പേജ്‌ ഉള്ളു ഇന്നത്തെ പത്രങ്ങളില്‍..ചരമങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന പേജ്‌.!.ചരമകോളത്തില്‍മാത്രം പടം വരാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല, ആ പേജിലെ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന്‌ ആളാവാന്‍ മല്‍സരവുമില്ല,അവിടെ അച്ഛനുമായി മല്‍സരിച്ചു ജയിച്ചു മുന്നിലെത്താന്‍ ഒരു മകനും ഒരുക്കമല്ല, ഭര്‍ത്താവിന്റെ പുറകെ ഗമിയ്ക്കാന്‍ ഭാര്യക്കും മോഹമില്ല.പൊയ്‌മുഖങ്ങളെല്ലാം അഴിച്ചുവെച്ച്‌ ജീവിതത്തിലെ തിരക്കുകളോടെല്ലാം വിടപറഞ്ഞ്‌,ആരേയൊക്കയൊ ചവിട്ടിമെതിച്ച്‌,അര്‍ഹതയില്ലാത്ത പലതും വെട്ടിപിടിച്ച്‌, അവസാനം നേടിയതെല്ലാം ഉപേക്ഷിച്ച്‌ വെറുംകയ്യോടെ പോകേണ്ടിവരുന്നതിന്റെ വിമ്മിഷ്ടവും,എല്ലാം വെറുതേയായി, ഒന്നും വേണ്ടായിരുന്നു എന്നു ദ്യോതിപ്പിയിക്കുന്ന ഭാവങ്ങളുമായി ചരമകോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖങ്ങളോട്‌ കുശലം പറയാന്‍ സമയം കണ്ടെത്താറുണ്ട്‌ പത്രവായനാനിമിഷങ്ങളില്‍ ഞാന്‍.."ചിരിയ്ക്കേണ്ടാ, ഇന്നു ഞാന്‍,നാളെ നീ, അത്രയെ ഉള്ളൂ വ്യത്യാസം".. ഉറ്റവരെ പിരിഞ്ഞുപോകുന്നതിന്റെ പരിഭവം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അവരങ്ങിനെ പറയുന്നതുപോലെ തോന്നാറുണ്ടെനിയ്ക്കപ്പോള്‍.

"ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ...സ്വപ്നങ്ങളുണ്ടോ..പുഷ്പങ്ങളുണ്ടോ...വര്‍ണ്ണമരാളങ്ങളുണ്ടോ.. സന്ധ്യകളുണ്ടോ,ചന്ദ്രികയുണ്ടോ, ഗന്ധര്‍വഗീതമുണ്ടോ.... കാമുകഹൃദയങ്ങളുണ്ടോ," ഓര്‍ക്കുന്നില്ലെ വയലാറിന്റെ ഈ വരികള്‍ !.മതിയാവോളം വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..? ഉണ്ടാവില്ല,..തീര്‍ച്ചയായും ഉണ്ടാവില്ല..സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങളുടേ സമ്മര്‍ദ്ദങ്ങളില്‍നിന്നുമുടലെടുക്കുന്ന നൈമിഷകവികാരങ്ങളുടെ കുത്തൊഴുക്കിനെ പ്രതിരോധിയ്ക്കാനാവാതെ മോഹങ്ങളെല്ലാം പാതിവഴിയിലുപേക്ഷിച്ച്‌ പരാജയം സമ്മതിച്ച്‌ സ്വയം എല്ലാം അവസാനിപ്പിച്ച്‌ പടിയിറങ്ങുന്നവരും ജീവിച്ചു കൊതിതീര്‍ന്നവരായിരിക്കില്ലല്ലൊ
...പരസഹായമില്ലാതെ ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ മച്ചിന്‍മുകളിലേയ്ക്കുനോക്കി മലര്‍ന്നുകിടക്കുന്ന വാര്‍ദ്ധക്യനാളുകളില്‍പോലും പൂര്‍വ്വാശ്രമത്തിലെ വീരസാഹസിക നിമിഷങ്ങളുടെ മധുരസ്മരണകള്‍ അയവിറക്കിരസിയ്ക്കുന്ന മനസ്സിനും സ്വന്തം തട്ടകം വിട്ടുപോകാന്‍ തോന്നില്ല. "ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...എനിയ്ക്കിനിയൊരു ജന്മംകൂടി." അരനാഴികനേരത്തിനൊടുവിലെ അവസാനശ്വാസത്തില്‍പോലും ഈ ഒരു പ്രാര്‍ത്ഥന മാത്രമായിരിയ്ക്കും ഓരോ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നത്‌. 

ശാസ്ത്രം ഏറേ പുരോഗമിച്ചിട്ടും ഒരു വിദ്യയ്ക്കും പൂര്‍ണ്ണമായി തടുത്ത നിറുത്താന്‍ കഴിയാത്ത നിദാന്ത സത്യമായി,നിഴലായി മരണം എപ്പോഴും കൂടെത്തന്നെയുണ്ടെന്ന ചിന്ത മനുഷ്യനെ വല്ലാതെ അലസോരപ്പെടുത്തുന്നു..രക്തത്തില്‍ വര്‍ദ്ധിച്ചു വരുന്ന പഞ്ചസാരയുടെ രൂപത്തില്‍, അല്ലെങ്കില്‍ ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ രൂപത്തില്‍ മരണം ഉള്ളില്‍ത്തന്നെ പതിയിരിയ്ക്കുന്നു എന്നറിയുന്ന നിമിഷം മുതല്‍ വല്ലാത്ത കരുതലായിരിയ്ക്കും ആര്‍ക്കും. വ്യായാമം,ആഹാരം അങ്ങിനെ ഓരോ ചെറുചലനങ്ങളില്‍വരെ കനത്ത ജാഗ്രതയായിരിയ്ക്കും...അതുവരെ ചെയ്യാത്ത അഭ്യാസങ്ങള്‍ക്കായി,ജീവിതത്തിലാദ്യമായി ട്രാക്ക്‌സ്യൂട്ടണിയും, ഉറക്കംതൂങ്ങുന്ന മിഴികളുമായി പ്രഭാതസവാരിയ്ക്കിറങ്ങും,എന്നിട്ടോ. ഒടുവില്‍ ഒരു പക്ഷെ ചെന്നെത്തുന്നത്‌ പാതിമയക്കത്തില്‍ പാത തെറ്റി പാഞ്ഞു വരുന്ന പാണ്ടിലോറിയുടെ മുന്നിലേയ്ക്കായിരിയ്ക്കും, തെറിച്ചുവീഴുന്നത്‌ മരണദേവന്റെ കൈകളിലേയ്ക്കായിരിയ്ക്കും.! 

"ഇപ്പോഴും ചെറുപ്പമാണ്‌,..ചെയ്തുതീര്‍ക്കാന്‍  ഒത്തിരി കാര്യങ്ങളും ബാക്കി,.....ഇനിയുംകുറേകാലംകൂടി ജീവിയ്ക്കാന്‍ വല്ലാതെ മോഹം തോന്നുന്നു..ഇപ്പോ കൊണ്ടുപോകാതിരിയ്ക്കാന്‍ പറ്റില്ലെ, ........ഇല്ല അല്ലെ..!" തിരതല്ലിയിളകിമോഹിപ്പിയ്ക്കുന്ന മായാസമുദ്രത്തില്‍ ഇനിയൊരിയ്ക്കലും നീന്തിത്തുടിയ്ക്കാനാവില്ല എന്ന തിരിച്ചറിഞ്ഞ്‌ കൈകാലുകള്‍ കുഴഞ്ഞ്‌ മുങ്ങിത്താഴുമെന്നുറപ്പാകുന്ന ആ നിമിഷത്തില്‍ രക്തത്തില്‍ക്കുളിച്ച്‌ വേദനകൊണ്ടുപിടയുമ്പോഴും ഒരവസാനശ്രമമെന്ന നിലയില്‍ മരണദേവനോട്‌ പതിഞ്ഞ സ്വരത്തില്‍ കേണപേക്ഷിയ്ക്കും..ആ സ്വരത്തിലെ ആര്‍ദ്രതയും, മുഖത്തെ ദയനീയഭാവവും മരണദേവന്റെ കണ്ണുകളേയും ഈറനണിയിയ്ക്കും..എന്തു സാമുദായിക സമവാക്യത്തിന്റെ പേരിലായിരുന്നാലും ഈ ആരാച്ചാരുടെ വകുപ്പ്‌ എന്റെ തലയില്‍തന്നെ കെട്ടിവെയ്ക്കേണ്ടായിരുന്നു,ഒരു നിമിഷം അദ്ദേഹം ദൈവത്തോടു പരിഭവിയ്ക്കും.പിന്നെ, നിസ്സംഗത മനസ്സിലാവാഹിച്ച്‌,മിഴികള്‍പൂട്ടി അനായാസേന ആ ദൗത്യം പൂര്‍ത്തിയാക്കും. അല്ലാതെന്തുചെയ്യും നിസ്സഹായനായ ആ പാവം കര്‍മോല്‍സുകന്‍.!

ജനിച്ചു വീഴുന്ന അമ്പരപ്പില്‍ ആ ഒരു നിമിഷത്തെ കരച്ചിലനപ്പുറം അമ്മിഞ്ഞപാലിന്റെ രുചി അറിയാന്‍ തുടങ്ങുന്ന നിമിഷംമുതല്‍ മായാമോഹങ്ങളാല്‍ ബന്ധിതനാകുന്ന മനുഷ്യനില്‍ ജീവിതത്തിനോടുള്ള ആസക്തി വളരാന്‍ തുടങ്ങുന്നു.ബാല്യത്തില്‍ ഇഴഞ്ഞുനീന്തുന്ന കാമനകള്‍ക്ക്‌ കൗമാരത്തില്‍ വര്‍ണ്ണച്ചിറകുകള്‍ മുളയ്ക്കുന്നു,നിറങ്ങളുള്ള ആകാശം തേടി പട്ടം കണക്കെ പറന്നുയരുന്നു,വിണ്ണില്‍നിന്നും മണ്ണിലേയ്ക്കു പ്രകാശം വാരിവിതറുന്ന സൂര്യ തേജസ്സിന്റെ അഗ്നിച്ചിറകുകള്‍ സ്വന്തമാക്കാന്‍ വെമ്പുന്നു. യൗവ്വനത്തിന്റെ ഉച്ചസ്ഥായിയില്‍ പ്രകമ്പനംകൊള്ളുന്ന തീവ്രാഭിലാഷങ്ങള്‍ എല്ലാ പരിധികളും ലംഘിച്ച്‌ അമ്പരപ്പിയ്ക്കുന്ന ഗതിവേഗം കൈവരിച്ച്‌ അനുഭൂതികളുടെ അഗാധതകളിലേയ്ക്ക്‌ കുതിച്ചുപായുന്നു,.അഗ്നിപര്‍വ്വതത്തിനുസമാനം പൊട്ടിത്തെറിയ്ക്കുന്നു..അപരാഹ്നത്തിലെത്തുമ്പോഴും പൂര്‍ണ്ണമായും അണയാന്‍ മടിച്ചു നില്‍ക്കുന്ന പ്രസരണമുഖത്തുനിന്നും നിലയ്ക്കാതെ ഒഴുകുന്ന ലൗകികാസക്തികളുടെ ലാവാപ്രവാഹത്തില്‍ മുങ്ങിനീരാടുന്ന ആധുനികമനുഷ്യനില്‍ വാനപ്രസ്ഥം എന്ന വാക്കുതന്നെ അസ്വസ്ഥതയുണര്‍ത്തുന്നു. അവസാനമാത്രവരെ മുഴുമിയ്ക്കാന്‍ കഴിയാത്ത കര്‍ത്തവ്യങ്ങളുടെ കര്‍മ്മകാണ്ഡത്തില്‍ നിന്നും മുക്തി ലഭിയ്ക്കാത്ത മനസ്സിന്‌ സന്യാസവും അന്യമാവുന്നു.ഒടുവില്‍ എല്ലാം കഴിഞ്ഞ്‌,ഇഹലോകവാസം അവസാനിപ്പിച്ച്‌ മടങ്ങുന്ന നിമിഷങ്ങളില്‍ നഷ്ടസ്വപ്നങ്ങള്‍ ചിതയില്‍ കത്തിയമരാന്‍ മടിച്ച്‌ ഭീതിദായകമായ ശബ്ദങ്ങളുയര്‍ത്തി പൊട്ടിത്തെറിയ്ക്കുന്നു.! കുഴിമാടത്തിലെ പുതുമണ്ണില്‍ പുല്ലുമുളയ്ക്കും മുമ്പെ തീരാമോഹങ്ങള്‍ വിള്ളലുകള്‍ തീര്‍ക്കുന്നു.!! 
 
***********************************************************************
 
വിചിത്രമായി അല്ലെ ഈ പോസ്റ്റിലെ ചിക്കന്‍പോക്സ്‌ ചിന്തകള്‍.അതങ്ങിനെയല്ലെ വരു അലസമായ മനസ്സ്‌ ചെകുത്താന്റെ പണിപ്പുരയല്ലെ..അവിടെ സദ്‌ചിന്തകള്‍ക്ക്‌ ഒരിയ്ക്കലും സ്ഥാനമുണ്ടാകില്ലല്ലൊ.. എന്തൊക്കെയായാലും പുതിയൊരനുഭവും,അതിന്റെ ഓര്‍മ്മയ്ക്കായി മുഖത്തും ശരീരത്തിലും കുറെ കറുത്ത പാടുകളും,പോസ്റ്റൊരുക്കാന്‍ ഒരുവിഷയവും സമ്മാനിച്ച്‌ ഒന്നുമറഞ്ഞില്ല എന്ന മട്ടില്‍ കള്ളച്ചിരിയുമായി അവള്‍,എന്റെ പ്രിയപ്പെട്ട ഫെബ്രുവരി കടന്നുപോയി..രക്തചന്ദനം,കസ്തൂരി മഞ്ഞള്‍, ഇമാമി ഫെയര്‍നസ്‌ & ഹാന്‍ഡ്‌സം ഇങ്ങിനെ ആരൊക്കയോ നിര്‍ദ്ദേശിയ്ക്കുന്ന എന്തൊക്കയൊ വാരി പുരട്ടി മാര്‍ച്ചിനുപുറകെ ഏപ്രിലും പോകുന്നു,.എന്നിട്ടും കാര്യമായ ഒരു ഫലവുമില്ല.. അറിയാം,ചിക്കന്‍പോക്സിന്റെ ചെറിയ കലകള്‍ മാത്രമല്ല,.ഹൃദയത്തിലേല്‍ക്കുന്ന ആഴമുള്ള മുറിവുകള്‍വരെ ഒരു പാടുപോലുംശേഷിപ്പിയ്ക്കാതെ സാവകാശം മാറ്റിയെടുക്കാന്‍ ആ മാന്ത്രികനെ കഴിയു. കാലമെന്ന മഹാമാന്ത്രികന്‌ !ക്ഷമയോടെ കാത്തിരിയ്ക്കണം എന്നുമാത്രം. ."അച്ഛാ. ഗ്ലാമര്‍ കളയാതെ നോക്കണെ,പെണ്ണുകാണാന്‍ പോകുമ്പോ എനിയ്ക്കു കൂട്ടു വരാനുള്ളതാ...അതു മറക്കേണ്ട..." ചിക്കന്‍പോക്സിനെക്കുറിച്ചറിഞ്ഞപ്പോള്‍ ഫോണിലൂടെ ഏട്ടാം ക്ലാസ്സുകാരന്‍ അപ്പുവിന്റെ ഉപദേശം.! നോക്കണേ ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം,. നമ്മുടെയൊക്കെ തലമുറയില്‍ അച്ഛനോട്‌ ഇങ്ങിനെ തമാശ പറയുമായിരുന്നോ ആരെങ്കിലും....ടിന്റുമോന്റെ സ്വാധീനം അല്ലാതെന്താ! 
 കൊല്ലേരി തറവാടി
24/04/2012

Monday, April 9, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ... (അദ്ധ്യായം രണ്ട്‌)

വിശാലമായ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണെന്റെ താമസം..ചിക്കന്‍പോക്സു ദിനങ്ങളില്‍ കൂടെതാമസിയ്ക്കുന്നവര്‍ എന്തുചെയ്യും എന്നൊരു വിഷയം ചിത്രത്തിലെ ഇല്ലായിരുന്നു അപ്പോഴും ഒരു പ്രശ്നം ബാക്കിയായി ഒരു കുക്കിന്റെ സഹായത്തോടെ ഞങ്ങള്‍ അഞ്ചാറു കൂട്ടുകാര്‍ ചേര്‍ന്നുനടത്തുന്ന മെസ്സ്‌ എന്റെ സാമ്രാജ്യത്തിലായിരുന്നു.പ്രായം കൊണ്ട്‌ താഴേയാണെങ്കിലും പക്വതകൊണ്ട്‌ എല്ലാരുടെയും വല്ല്യേട്ടനായ ജോസഫ്‌ ആണ്‌ ആദ്യം അപ്പാര്‍ട്ടുമെന്റിലെയ്ക്കും കടന്നു വന്നത്‌.."ഒന്നുകൊണ്ടും പേടിയ്ക്കേണ്ട എനിയ്ക്കിതു പണ്ടെ വന്നിട്ടുള്ളതാണ്‌.."ജോസഫ്‌ അവിടെയും ഏട്ടനായി,ആശ്രയിയ്ക്കാന്‍ ഒരാളായി, എനിയ്ക്കാശ്വാസമായി..മെസ്സ്‌ അടുത്ത അപ്പാര്‍റ്റുമെന്റിലേയ്ക്ക്‌ താല്‍ക്കാലികമായി മാറ്റാന്‍ തീരുമാനമായി..

പറഞ്ഞാല്‍ ആരും വിശ്വസിയ്ക്കില്ല.."ഈ അസുഖം വെച്ച്‌ ചേട്ടന്‍ ഒറ്റയ്ക്കു കിടക്കേണ്ട" എന്നുപറഞ്ഞ്‌ ആ രാത്രി തന്നെ ജോസഫ്‌ എന്റെ റൂമിലേയ്ക്ക്‌ താമസം മാറ്റി.! പണ്ടെന്നോ വന്നു എന്നതുകൊണ്ട്‌ വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നുള്ള എന്റെ വിലക്കുകള്‍ക്കെല്ലാം ജോസഫിനു ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളു.." കര്‍ത്താവ്‌ കാത്തോളും.".അതാണ്‌ ജോസഫ്‌,...ഈ വിശ്വാസം ജീവിതത്തിലങ്ങോളമിങ്ങോളം കാത്തുരക്ഷിച്ചതിന്‌ ഒരുപാട്‌ സാക്ഷ്യം പറയാനുണ്ട്‌ ജോസഫിന്‌.അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ അത്തരം ഒന്നു രണ്ടു സന്ദര്‍ഭങ്ങള്‍ക്ക്‌ ഈ ഞാനും സാക്ഷിയണ്‌.! ഡിസംബറില്‍ ജോസഫിന്‌ കൃസ്തുമസ്‌ നോയ്‌മ്പായിരുന്നു,കഴിഞ്ഞ ദിവസം വരെ ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചുള്ള കഠിനമായ ഈസ്റ്റര്‍ നോയ്‌മ്പും.സീസണകള്‍ക്കപ്പുറം എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും മുടക്ക വരുത്താതെ നോയ്‌മ്പു തുടരുന്നു...ആറു ദിവസത്തെ അദ്ധ്വാനത്തിനുശേഷം ഏഴാം ദിവസം പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആത്മീയ ചിന്തകള്‍ക്കും മാത്രമായി മാറ്റിവെയ്ക്കുന്നു.

ഇതെല്ലാം വെറും ആചാരങ്ങളിലും ചിന്തകളിലും മാത്രമായി ഒതുങ്ങുന്നില്ല,ജോസഫിന്റെ കര്‍മ്മങ്ങളിലേയ്ക്കും വ്യാപരിയ്ക്കുന്നു,..എന്റെ കാര്യത്തില്‍ മാത്രമല്ല പരിചയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ അവിടെയൊക്കെ താങ്ങും തണലുമായി ഓടിയെത്തും.സ്വന്തമായി വാഹനമില്ലാത്ത ജോസഫ്‌ ടാക്സി പിടിച്ച്‌ നഗരത്തിനു പുറത്തുള്ള ഒരു ക്യാമ്പില്‍ പോയി ഒരു വലിയകെട്ട്‌ ആര്യവേപ്പിന്റെ ഇലകളുമായി മടങ്ങിവന്നു..എന്നും രാവിലെ തൊട്ടടുത്ത ബൂഫിയായില്‍ നിന്നും പ്രത്യേകം പറഞ്ഞ്‌ തയ്യാറക്കുന്ന ഓറഞ്ച്‌ ജൂസും വെജിറ്റബിള്‍ സാന്‍ഡ്‌വിച്ചും വാങ്ങികൊണ്ടു വന്ന്‌ എന്നെ വിളിച്ചുണര്‍ത്തി കുഴപ്പമൊന്നുമില്ല എന്നുറപ്പു വരുത്തി മാത്രം ഓഫീസില്‍ പോയി.കൂടുതല്‍ എന്താണെഴുതേണ്ടത്‌!.അത്യാവശ്യ ഘട്ടങ്ങളില്‍ രക്തബന്ധമില്ലാത്ത ഒരാളില്‍ നിന്നും സഹോദരതുല്യമായ അല്ലങ്കില്‍ അതിനപ്പുറമുള്ള പരിചരണവും സ്നേഹവും ലഭിയ്ക്കുക,.വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ അനുഭവമല്ലെ അത്‌, അതും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പകലന്തിയോളം നെട്ടോട്ടമോടിയോടി തളരുന്ന മനുഷ്യര്‍ സ്വാഭാവികമായും സ്വാര്‍ത്ഥരും സങ്കുചിതമനസ്കരുമായി മാറുന്ന ഈ കാലഘട്ടത്തില്‍,.സ്വയാശ്രയവല്‍ക്കരിച്ചും അയോധ്യവല്‍ക്കരിച്ചും വോട്ടുബാങ്കുകളുണ്ടാക്കി കണക്കുപറഞ്ഞു സമ്മര്‍ദ്ദം ചെലുത്തി മതങ്ങളെ രാഷ്ട്രീയായുധമാക്കി വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന കൗരവപ്പടകളുടെ കപടനാടകങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാക്ഷ്യം വഹിയ്ക്കേണ്ടിവരുന്ന ഈ നവലോകത്തില്‍.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത മരങ്ങള്‍ മാത്രം" ഒരിയ്ക്കല്‍ കവിഹൃദയങ്ങളില്‍ അതായിരുന്നു നമ്മുടെ നാടിന്റെ ചിത്രം! ഇന്നോ...? കൂറ്റന്‍ ജ്വല്ലറികള്‍, കണ്ണഞ്ചിപ്പിയ്ക്കുന്ന വസ്ത്രാലയങ്ങള്‍, മല്‍സരബുദ്ധിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന കൊട്ടാര സദൃശ്യമായ അമ്പലങ്ങള്‍,പള്ളികള്‍.ഒപ്പം മദ്യശാലകളും ആതുരലായങ്ങളും..! സ്വാര്‍ത്ഥത,ഒരു മടിയുംകൂടാതെ ഏതു മാര്‍ഗത്തിലൂടെ ധനസമ്പാദനം നടത്താമെന്നുള്ള മനോഭാവം,ആഡംബരഭ്രമം,ഉപഭോഗാസക്തി,,കപടഭക്തി ഇതിന്റെയെല്ലാം സംഗമത്തില്‍നിന്നും ആവിര്‍ഭവിച്ച മ്ലേച്ഛമായ സങ്കര സംസ്കാരത്തിന്റെ അതിപ്രസരത്താല്‍ മലീമസമായിരിയ്ക്കുന്നു കേരളത്തിലെ അന്തരീക്ഷം.

അമ്പതോ അറുപതോ ലക്ഷം മുടക്കിയാലെന്താ ഒരു കോടിയും രണ്ടു കോടിയും രൂപ സ്ത്രീധനത്തിന്റെ അഡ്വാന്‍സ്‌ തരാന്‍ ഇപ്പോളേ,ഇവിടെത്തന്നെ ആളുണ്ട്‌."..!ഭഗവദ്‌ഗീത ഒരുപാടുതവണ പാരായണംചെയ്തു മനഃപാഠമാക്കിയ, സമയം കിട്ടുമ്പോഴൊക്കെ ഇപ്പോഴുംവായിയ്ക്കുന്ന പരമ ഭക്തനും,ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ എന്റെ ഒരു സീനിയര്‍ സുഹൃത്ത്‌ മെഡിസിനു പഠിയ്ക്കുന്ന മകന്റെ ഭാവിയെക്കുറിച്ചു ഒരാശങ്കയും കൂടാതെ വിവരിയ്ക്കുന്നത്‌ അമ്പരപ്പോടെ കേട്ടിരിയ്ക്കാനെ കഴിഞ്ഞുള്ളു എനിയ്ക്ക്‌..മോഹമുണ്ടായിട്ടും എന്തുകൊണ്ടോ ഇതുവരെ ഗീത ഒരരദ്ധ്യായം പോലും തികച്ചു വായിയ്ക്കാന്‍ കഴിയാതിരുന്നത്‌ മഹാഭാഗ്യമായി എന്നു തോന്നിപോയ നിമിഷങ്ങളായിരുന്നു സത്യമായിട്ടും അത്‌.! എന്റെ കൃഷ്ണാ,..എന്താണിതിന്റെയൊക്കെ അര്‍ത്ഥം.!

ഒരേ വിശ്വാസം..ഒരേ ആചാരങ്ങള്‍,..സ്വര്‍ഗരാജ്യത്തിലേയ്ക്കും ഒറ്റ വഴിമാത്രം..എന്നിട്ടും ഇഹലോകത്തില്‍നിന്നും പരലോകത്തിലേയ്ക്ക്‌ പോകാനൊരുങ്ങുന്ന ആത്മാവിനു വേണ്ടുന്ന സംസ്കാരശുശ്രുഷകള്‍ നല്‍കി യാത്രയാക്കേണ്ട മുഹൂരത്തത്തില്‍ അതിനു പകരം ആ ഭൗതികശരീരം അടങ്ങിയ ശവമഞ്ചമെടുത്തമ്മനമാടി പരസ്പരം തര്‍ക്കിയ്ക്കുന്നതും കലഹിയ്ക്കുന്നതും എന്തു വിഭാഗീയതയുടെ പേരിലാണെങ്കിലും ദൈവത്തിനു നിരക്കാത്ത ആ പ്രവൃത്തി വേദനയോടെ മാത്രമെ കണ്ടിരിയ്ക്കാന്‍ കഴിഞ്ഞുള്ളു.

ഇരുകൈകളുമുയര്‍ത്തി മാനവീകതയുടെ പ്രതീകമായി അനുഗ്രഹവര്‍ഷം ചൊരിയുന്ന ദൈവപുത്രന്റെ പടത്തിനെ സാക്ഷിയാക്കി നല്‍കിയ ശോഭനമായ ഭാവിയുടെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി ഭീമമായ തുക ഫീസു നല്‍കി തങ്ങളുടെത്തന്നെ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങിയ കുട്ടികളും ആ കൂട്ടത്തിലുണ്ടാകാം എന്നോര്‍ക്കാതെ "ഞങ്ങളുടെ സ്ഥാപനം മാത്രമായി നേര്‍സുമാര്‍ക്ക്‌ ശമ്പളം കൂട്ടികൊടുത്താല്‍ അതു മറ്റു സ്വകാര്യ ആശുപത്രികളെ ബാധിയ്ക്കും" എന്ന്‌ വ്യാപാരി വ്യവസായി ഏകോപനസമതി അംഗത്തിന്റെ മനസ്സോടെ മാധ്യമങ്ങളോടു ഒരു മടിയും കൂടാതെ നിലപാടു വ്യക്തമാക്കുന്ന ആ ആശുപത്രിയിലെ "മുതിര്‍ന്ന അമ്മയുടെ" കണ്ണില്‍ കാരുണ്യത്തിന്റെ ചെറുകണികപോലും കാണാന്‍ കഴിഞ്ഞില്ല..! "അതു നമ്മുടെ പിള്ളേരാ, അവരെയങ്ങു വിട്ടേര്‌." പോലീസു സ്റ്റേഷനിലേയ്ക്കു അധികാരത്തോടെ ഫോണ്‍ ചെയ്യുന്ന ഭരിയ്ക്കുന്ന കക്ഷിയുടെ ലോക്കല്‍ നേതാവിന്റെ തലത്തിലേയ്ക്കിറങ്ങി വന്ന്‌ ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി ശുപാര്‍ശയുമായെത്തി വിശ്വാസികളെ അക്ഷാരര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഉന്നത മതശ്രേഷ്ഠനെ അമ്പരപ്പോടെനോക്കിയിരിയ്ക്കാനെ കഴിഞ്ഞുള്ളു.!

ആദ്യത്തെ വിപ്ലവകാരിയും വിമോചനപോരാട്ടത്തിന്‌ തുടക്കംകുറിച്ച ആളുമെന്ന നിലയില്‍ യേശുദേവനെ ഇടതുപക്ഷ സമ്മേളന വേദിയില്‍ ചിത്രികരിയ്ക്കാന്‍ ശ്രമിച്ചതിനെതിരെ രോഷം കൊള്ളുന്നവര്‍ ദൈവപുത്രന്റേയും മറ്റു പുണ്യാളന്‍മാരുടേയും പേരുകളും ചിത്രങ്ങളും സ്വന്തം സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുബന്ധ പരസ്യങ്ങളിലും ഒരുമടിയുംകൂടാതെ ഉപയോഗിയ്ക്കുന്നു,.അതുവഴി മുഖ്യമായും കച്ചവടലക്ഷ്യം മാത്രമുള്ള അത്തരം സ്ഥാപനങ്ങള്‍ക്ക്‌ ആത്മീയ പരിവേഷം നല്‍കാന്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നു. കര്‍ത്താവെ കാണുന്നില്ലെ ഇതൊന്നും അങ്ങ്‌..!

അങ്ങിനെയങ്ങിനെ ദൈവങ്ങളുടെ തലനാരിഴകളില്‍ വരെ വിപണന സാധ്യത കാണുന്ന കപടഭക്തരുടെ പ്രകടനങ്ങള്‍ നേരിട്ടും, വാര്‍ത്താമാധ്യമങ്ങളിലൂടേയും നിരന്തരം കണ്ട്‌ മടുത്ത നമ്മളില്‍ ചിലരെങ്കിലും മതങ്ങളേ കുറ്റപ്പെടുത്തുന്നു. എല്ലാം കണ്ടിട്ടും എന്തേ നിസ്സംഗരായിരിയ്ക്കുന്നുവെന്ന ചോദ്യവുമായി ദൈവങ്ങളോട്‌ വെറുതെ പരിഭവിയ്ക്കുന്നു..അപ്പോഴും, കറകളഞ്ഞ ഭക്തിയും,സഹജീവികളൊടു കരുണയും,സേവനമനോഭാവുമുള്ള മനസ്സുമായി ഇങ്ങിനെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍പ്പെട്ട എത്രയെത്ര ജോസഫുമാര്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍,വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിദാന്തം,നിരന്തരം പ്രാര്‍ത്ഥനകളില്‍ മുഴുകി സദ്‌പ്രവൃത്തികളില്‍ മുഴുകി നിശബ്ദരായി ഈശ്വരസേവ ചെയ്തു ജീവിയ്ക്കുന്നുണ്ടെന്ന്‌ ഓര്‍ക്കാതെ പോകുന്നു..സത്യത്തില്‍ ആരാലും അറിയപ്പെടാതെ പോകുന്ന അത്തരം വ്യക്ത്വത്വങ്ങളിലൂടെ മാത്രമാണ്‌ മതങ്ങളുടെ മഹത്വവും ഈശ്വരന്റെ സന്ദേശങ്ങളും തലമുറകളിലേയ്ക്കു പകര്‍ന്നു നല്‍കപ്പെടുന്നതെന്ന ചിന്ത എന്നെപ്പോലെ പാതി ഭക്തിയും,ചഞ്ചലച്ചിത്തവും,അതിരുകവിഞ്ഞ അഹംബോധവും,അങ്ങിനെ ഒരാധുനികമനുഷ്യന്റെ എല്ലാവിധ ന്യൂനതകളുമുള്ള ഒരു സാധാരണ വ്യക്തിയുടെ മനസ്സിലേയ്ക്ക്‌ ഇത്തരം തളര്‍ച്ചകളുടെ സന്ദര്‍ഭത്തിലെ കടന്നുവരു എന്ന സത്യം ജോസഫിലൂടെ തിരിച്ചറിഞ്ഞു ഞാന്‍.

ഫോണ്‍വിളികള്‍,അല്‍പ്പം വായന,ഒരുപാട്‌ ചാനല്‍ക്കാഴ്ചകള്‍.അങ്ങിനെ നല്ല ക്ഷീണമുള്ള ദിവസങ്ങളില്‍പോലും പകലുറക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു ഞാന്‍.ബാങ്കില്‍ വല്ലാതെ തിരക്കുള്ള സമയങ്ങളില്‍ മാളുവിനെ വിളിയ്ക്കുന്നതിനും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി.അതിനൊരു കാരണമുണ്ട്‌.ഏറേ ശ്രദ്ധയും കരുതലും വേണ്ട ഗോള്‍ഡ്‌ ലോണ്‍ സെക്‍ഷന്‍ അവളിപ്പോള്‍ ഒറ്റയ്ക്കാണ്‌ കൈകാര്യം ചെയ്യുന്നത്‌. എന്റെ അസുഖം,നിരന്തരമുള്ള ഫോണ്‍വിളികള്‍ അതിന്റെയൊക്കെ ടെന്‍ഷന്‍ കൊണ്ടാകാം ഒരു ദിവസം ജോലിയ്ക്കിടയില്‍ മാളുവിനൊരബദ്ധം പറ്റി.

രോഗിയായ അമ്മയുടെ ചികല്‍സ, അങ്ങിനെ ദൈനംദിന ജീവിതത്തിലെ ചെറുതുംവലുതുമായ ആവശ്യങ്ങള്‍ക്കായി കൂടെകൂടെ പണയമിടപാടുകള്‍ നടത്തുന്ന പ്രാരാബ്ദക്കാരനായ ടയിലര്‍ ശിവശങ്കരനായിരുന്നു കൗണ്ടറിലപ്പോള്‍..ഒരു കാതില്‍ മൊബയിലും ചേര്‍ത്തുവെച്ച്‌ എന്നോടുള്ള സംസാരിയ്ക്കുന്ന തിരക്കിനിടയില്‍ പണയമെടുക്കാനും പുതുക്കാനുമായി ലോക്കറില്‍നിന്നും പുറത്തെടുത്ത ആ മനുഷ്യന്റെ പേരിലുള്ള രണ്ടു കൊച്ചു സ്വര്‍ണ്ണപൊതികളില്‍ ഒന്നിനു പകരം പുതുക്കാനെടുത്ത പൊതിയടക്കം രണ്ടു പൊതികളും കൊടുത്തു വിട്ടു മാളു!..കമ്പ്യൂട്ടറില്‍ കണക്കുകള്‍ കൃത്യമായിരുന്നു..പെട്ടന്നാര്‍ക്കും കണ്ടുപിടിയ്ക്കാന്‍ കഴിയില്ലായിരുന്നു..അര്‍ദ്ധവാഷിക കണക്കെടുപ്പുകളുടെ നാളുകളിലോ,അല്ലെങ്കില്‍ കുറെ ദിവസം കഴിഞ്ഞ്‌ ആ കക്ഷി തന്നെ തിരിച്ചെടുക്കാനോ മറ്റോ വരുന്ന സമയത്ത്‌ മാത്രമെ ആ നഷ്ടം മനസ്സിലാകുമായിരുന്നുള്ളു.അപ്പോഴും അയാളെ സംശയിച്ചാല്‍തന്നെ അതിനപ്പുറം ഒരു തെളിവും ബാക്കിയുണ്ടാകുകയുമില്ല.

വീടിനോടു ചേര്‍ന്നുള്ള തെക്കേ ചായ്പ്പില്‍ ഒരു തയ്യില്‍മെഷിന്റെ ചക്രത്തിനൊപ്പം ചലിയ്ക്കുന്ന സൂചിയുടെയും നൂലിന്റെയും താളത്തില്‍ ജീവിതം കരുപ്പിടിപ്പിയ്ക്കുന്ന അരപ്പട്ടിണിക്കാരനും രണ്ടുപെണ്‍കുട്ടികളുടെ അച്ഛനുമായ ആ മനുഷ്യന്‌ ഒട്ടും വിയര്‍ക്കാതെ.എളുപ്പത്തില്‍ ആ മൂന്നു പവന്‍ സ്വന്തമാക്കാമായിരുന്നു.! .പക്ഷെ, മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലെത്തിയശേഷം മാത്രം കാര്യം മനസ്സിലാക്കിയ അയാള്‍ നിമിഷങ്ങള്‍ക്കകം അങ്ങോട്ടു ബസ്സില്‍ പോയതിനേക്കാള്‍ വേഗത്തില്‍ ഓട്ടോയില്‍ ബാങ്കില്‍ മടങ്ങിയെത്തി..എന്തോ വലിയ അബദ്ധം പറ്റിയതുപോലെ,തെറ്റു ചെയ്തതുപോലെ വിവര്‍ണ്ണമായിരുന്നു വിയര്‍പ്പില്‍ കുളിച്ച അയാളുടെ മുഖം ആ സമയത്ത്‌..അവര്‍ കൊടുക്കാന്‍ ശ്രമിച്ച ഓട്ടോചാര്‍ജുപോലും വാങ്ങാതെ,എന്തോ ഭാരമിറക്കിവെച്ചിട്ടെന്നെപോലെ മനസ്സമാധാനത്തോടെ മടങ്ങിപോയ സാധുവായ ആ മനുഷ്യന്‍ വിദ്യാസമ്പന്നനായിരുന്നില്ല.."നിത്യാനന്ദസ്വാമിമാരുടെ" പ്രഭാഷണങ്ങള്‍ കേള്‍ക്കുന്ന ശീലവുമില്ലായിരുന്നു.രവിശങ്കറിന്റെ ശാന്തി മന്ത്രങ്ങളും അന്യമായിരുന്നു അയാള്‍ക്ക്‌.അതിരുവിട്ട്‌ മോഹിയ്ക്കാനറിയാത്ത ഒരു സാധാരണ വീട്ടമ്മയായതുകൊണ്ടാകാം വീടിനടുത്തുള്ള മിനറല്‍ വാട്ടര്‍ കമ്പനിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡെയിലി വേജസുക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യ സതിദേവി ആഗ്രഹസാഫല്യങ്ങള്‍ക്കായി പൊങ്കാല നിവേദ്യവുമൊരുക്കാറില്ല..ആധുനിക മനുഷ്യന്റെ ആചാരോപചാരങ്ങളറിയാത്ത, അഭിനവ ഭക്തിമാര്‍ഗ്ഗത്തിന്റെ കെട്ടുകാഴ്ചകളൊന്നുമില്ലാത്ത ആ ഗ്രാമീണമനസ്സുകളില്‍ പക്ഷെ,നന്മയുണ്ടായിരുന്നു..അര്‍ഹതയില്ലാത്ത അന്യന്റെ മുതല്‍ സ്വന്തമാക്കി ആ പൈസകൊണ്ടു കുടിയ്ക്കുന്ന അന്തിക്കള്ളിന്റെ ലഹരിയ്ക്ക്‌ മനഃശ്ശാന്തി നല്‍കാന്‍ കഴിയില്ല എന്നു തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നു ശിവശങ്കരന്‌.

എന്തായാലും അന്നത്തെ ആ സംഭവത്തോടെ ഡ്യൂട്ടി സമയത്ത്‌ അവളെ വിളിയ്ക്കുന്നതില്‍ മിതത്വം പാലിയ്ക്കാന്‍ തുടങ്ങി ഞാന്‍...സ്വര്‍ണ്ണത്തിനൊക്കെ എന്താ വില ഇപ്പോ.!,നാട്ടില്‍ എല്ലാ മനുഷ്യരും ശിവശങ്കരന്‍മാര്‍ ആയിരിയ്ക്കില്ലല്ലോ. !

ഉറക്കവും ഒപ്പം സ്വസ്ഥതയും നഷ്ടപ്പെടാതാരിയ്ക്കാന്‍ നെറ്റുമായി ബന്ധിപ്പിയ്ക്കുന്ന ഡെസ്‌ക്‍ടോപ്പും, ലാപ്‌ടോപ്പും റൂമിന്റെ നാലയലത്തു പോലും അടുപ്പിയ്ക്കാത്ത എനിയ്ക്ക്‌ ടൈം പാസിനായി പോസ്റ്റുകളെഴുതി ഞാന്‍ വിമര്‍ശിച്ച ചാനലുകളെതന്നെ ആശ്രയിക്കേണ്ടി വന്നല്ലൊ എന്ന്‌ കൗതുകത്തോടെ ഓര്‍ത്തു.ബിരുദാനന്തരബിരുദ ക്ലാസിലെ വിദ്യാര്‍ത്ഥികളെ പ്രീഡിഗ്രി കുട്ടികളെയെന്നപോലെ കരുതി ക്ലാസുകള്‍ വിരസമാക്കുന്ന അധ്യാപകര്‍ക്കു സമാനമാണ്‌ മലയാളത്തിലെ വാര്‍ത്താചാനലുകള്‍.അരമണിക്കൂറുകൊണ്ടു തീര്‍ക്കാവുന്ന ഇറ്റാലിയന്‍ കപ്പല്‍ വിശേഷങ്ങളും പിറവം തെരെഞ്ഞെടുപ്പും തിരിച്ചും മറിച്ചും വലിച്ചുനീട്ടുന്ന റിപ്പോര്‍ട്ടര്‍മാരെ കണ്ടുംകേട്ടും ഒറ്റ ദിവസം കൊണ്ടേ മടുത്തു.

ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റിലെ മോണിങ്ങ്‌ഷോ തീരുന്നതോടെ ടീവിക്കാഴ്ചകള്‍ അവസാനിപ്പിച്ച്‌, റൂമിലെ ലൈറ്റുകള്‍ ഓഫ്‌ ചെയ്ത്‌,കിഴക്കെ ജനലിലൂടെ അരിച്ചിറങ്ങുന്ന ശിശിരത്തിലെ തണുത്ത ഉച്ച വെയിലിന്റെ വെളിച്ചത്തില്‍ കുറച്ചുനേരം എന്തെങ്കിലും വായിച്ചും, പഴയ കാര്യങ്ങള്‍ ഓര്‍ത്തും അലസമായി അങ്ങിനെ ഇരിയ്ക്കും.!..ആധുനികജീവിതത്തിലെ തിരക്കുകളും ബാധ്യതകളൊന്നുമില്ലാത്ത,ചിന്തകളാല്‍ ഹരിതാഭമായ വിശ്രാന്തിയുടെ ആ ലോകത്തില്‍ സ്വതന്ത്രമായി മേയാന്‍ മനസ്സിനെ കയറഴിച്ചു വിടും.! ഒട്ടും വൈകാതെ ഹൃദയത്തിലെ ഫേസ്‌ബുക്കില്‍ പുഞ്ചിരിയുമായി പഴയ പല പരിചിത മുഖങ്ങളും കടന്നു വരും.ആരുംവന്നില്ലെങ്കിലും ഒരാള്‍ തീര്‍ച്ചയായും ഓടിയെത്തും..കിതപ്പില്‍ തുടിയ്ക്കുന്ന നെഞ്ചും,വിയര്‍പ്പില്‍ കുളിച്ച മുഖകാന്തിയുമായി മുന്നില്‍ നിറഞ്ഞുനിന്ന്‌ കുശലം പറയും "വല്ലാതെയങ്ങ്‌ ഒതുങ്ങിപോയി അല്ലെ" ആ വലിയ മിഴിയിതളുകള്‍ അത്ഭുതംകൊണ്ടു വിടരും.ഗൃഹാതുരത്വത്തിന്റെ ലഹരി പകര്‍ന്ന്‌,ഒരു കാലഘട്ടത്തിന്റെ അനുഭൂതി അപ്പാടെ ആവാഹിച്ചെത്തുന്ന അസുലഭനിമിഷങ്ങളിലെ ആ കാറ്റിന്‌ കണ്ണീരിന്റെ കുളിരായിരുന്നു, നിളയുടെ ഗന്ധമായിരുന്നു.

(തുടരും)
കൊല്ലേരി തറവാടി
03/04/2012

Friday, March 23, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ ... (അദ്ധ്യായം ഒന്ന്‌)

മാസങ്ങളില്‍ പ്രിയപ്പെട്ട മാസം,എന്റെ ജന്മമാസം നല്ലൊരു പിറന്നാള്‍ സമ്മാനം തന്നു എനിയ്ക്ക്‌.ചിക്കന്‍പോക്സ്‌..!ഒട്ടും രാശിയില്ലാതെ കടന്നുപോയി ഇത്തവണത്തെ ഫെബ്രുവരി.ഫെബ്രുവരി മാത്രമല്ല മാര്‍ച്ചും.ഓഫീസും ആകെ അസ്വസ്ഥമായിരുന്നു..ചാനല്‍ വേട്ടയ്ക്കായി വല്ലാത്ത അലച്ചിലായിരുന്നു ഫെബ്രുവരിയുടെ ആദ്യപകുതിയില്‍..ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്നാണ്‌ ഒരു ഡിഷ്‌ ഷെയര്‍ ചെയ്യുന്നത്‌.ഒരു കുടക്കീഴില്‍ പ്രധാനപ്പെട്ട എല്ലാ ചാനലുകളും ഒന്നിച്ചണിനിരത്തുക എന്നത്‌ ഇവിടുത്തെ അന്തരീക്ഷത്തില്‍ തീര്‍ത്തും ദുഷ്ക്കരമായ കാര്യമാണ്‌..ആലപ്പുഴക്കാരായ അഷറഫിനും ഷെറീഫിനും കൈരളി ഇല്ലാത്ത ഒരു ചാനല്‍ കാഴ്ചയെക്കുറിച്ച്‌ ചിന്തിയ്ക്കാനെ കഴിയില്ലായിരുന്നു.അവരെ പറഞ്ഞിട്ടും കാര്യമില്ല.ആരോടൊയൊക്കയോ അച്ചാരം വാങ്ങിയിട്ടെന്നെന്നപോലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരെ വീണുകിട്ടുന്ന കൊച്ചവസരങ്ങള്‍ പോലും വിട്ടുകളയാതെ പെരുപ്പിച്ച്‌ താറടിച്ചു കാണിയ്ക്കാന്‍ പരസ്പരം മല്‍സരിയ്ക്കുന്ന ചാനലുകള്‍ക്കിടയില്‍ സ്വന്തം പക്ഷത്തെ പ്രതിരോധിയ്ക്കുകയും ന്യായികരിയ്ക്കുകയും ചെയ്യുന്ന ആകെയുള്ള ആ ഒരുചാനല്‍ കാണാന്‍ കഴിയണം എന്ന അവരുടെ ആവശ്യം തീര്‍ത്തും ന്യായമായിരുന്നു..എത്ര ന്യൂസ്‌ ചാനലുകള്‍ വന്നാലും നിഷ്പക്ഷമായ ഒരു ചാനല്‍ മലയാളിയ്ക്ക്‌ എന്നും ഒരു സ്വപ്നം മാത്രം ആയിരിയ്ക്കുമല്ലോ.

ആമ്പല്ലുര്‍ക്കാരനായ അനിലേട്ടനും പട്ടാമ്പിക്കാരനായ ഹനീഫയും സീരിയല്‍ ചാനലുകളുടെ ആരാധകരാണ്‌..സീരിയല്‍ എന്നും ഹരമാണ്‌ അനിലേട്ടന്‌."കെങ്കേമിപ്പൂവില്‍" ചാലിച്ച്‌ അനിലേട്ടനാരോ കൈവിഷം കൊടുത്തിട്ടുണ്ടെന്ന്‌ കളിപറയാറുണ്ട്‌ ഇവിടെ ഞങ്ങള്‍.അനിലേട്ടനെ കുറ്റം പറഞ്ഞിട്ട്‌ `കാര്യമില്ല, അതിനൊരു കാരണമുണ്ട്‌..പ്രീഡിഗ്രി തോറ്റ്‌ ഗള്‍ഫ്‌ മോഹവുമായി ഇരിങ്ങാലക്കുട "ലൂണായില്‍" എക്സ്‌റേ വെല്‍ഡിംഗ്‌ പഠിയ്ക്കാന്‍ പോയിരുന്ന നാളുകളില്‍ എന്നും രാവിലെ പുതുക്കാട്‌ സെന്ററില്‍നിന്നും നിന്നും ഒരു സുന്ദരി ബസ്സില്‍ കയറുമായിരുന്നു..ഒരു ഗള്‍ഫുക്കാരന്റെ ഭാര്യ.പുതുമണവാട്ടി, ഹണിമൂണും ആഘോഷങ്ങളും കഴിഞ്ഞ്‌ തിരിച്ചു പോയ പ്രിയതമനെക്കുറിച്ചോര്‍ത്ത്‌ ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെ ശൂന്യമായ മനസ്സും,വിഷാദം തുളുമ്പുന്ന മിഴികളുമായി ഇരിങ്ങാലക്കുടയിലുള്ള ഒരു പാരലല്‍ കോളേജില്‍ ഏം.ഏയ്ക്കു പഠിയ്ക്കുകയായിരുന്ന ആ കുട്ടി ബസ്സില്‍ കയറുന്നതു തന്നെ ഒരു കാഴ്ചയായിരുന്നു. ഒരു കൈകൊണ്ട്‌ നീല ഫയലും വട്ടത്തിലുള്ള സ്റ്റീല്‍ ചോറ്റുപാത്രവും മാറോടടക്കിപ്പിടിച്ച്‌ മറുകൈ മുകളിലെ കമ്പിയില്‍ മുറുക്കിപിടിച്ച്‌ നില്‍ക്കുന്നതിനിടയില്‍ ബസ്സിന്റെ ചലനങ്ങള്‍ക്കനുസരിച്ച്‌ ഗതിമാറുന്ന കാറ്റിന്റെ കുസൃതിയില്‍ സ്ഥാനം മാറുന്ന സ്വതവെ താഴ്‌ത്തിയുടുക്കുന്ന സാരി പിടിച്ചൊന്നു നേരേയിടാനുള്ള മൂന്നാമതൊരു കൈയ്യില്ലല്ലൊ....കൈ താങ്ങവേണ്ടവനാണെങ്കില്‍ അങ്ങുദൂരെ മണലാര്യണ്യത്തിലും.! അങ്ങിനെ ബസ്സിനുള്ളിലെ നിസഹായതയുടേ ആ നിമിഷങ്ങളില്‍ അവളുടെ മുഖം കൂടുതല്‍ വിഷാദാദ്രമാകും.
ഡ്രൈവര്‍ക്ക്‌ ബസ്സിന്റെ ഉള്‍വശം മുഴുവന്‍ കാണാന്‍ അവസരമൊരുക്കുക എന്ന നല്ല ഉദ്ദേശത്തോടെ ബസ്സിന്റെ മുന്‍വശത്ത്‌ ഡ്രൈവറുടെ തൊട്ടു മുകളായി മുഴുനീളത്തില്‍ കണ്ണാടി പല സ്വകാര്യ ബസ്സുകളിലും സ്ഥാപിച്ചിരുന്നു അക്കാലത്ത്‌.ബസ്സിന്റെ മുന്‍ഭാഗത്തെ വിസ്മയിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ ഡ്രൈവര്‍ക്കു പുറമെ പുറകില്‍ നില്‍ക്കുന്ന പുല്ലിംഗങ്ങളില്‍ താല്‍പ്പര്യമുള്ള കുറച്ചുപേര്‍ക്കെങ്കിലും അവരുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച്‌ ആസ്വദിച്ച്‌ നിര്‍വൃതിയടയാനുള്ള അവസരമൊരുക്കിക്കൊടുക്കുക എന്ന പുണ്യകര്‍മ്മം കൂടി ഇത്തരം കണ്ണാടികളുടെ ജന്മനിയോഗത്തിന്റെ ഭാഗമായിരുന്നു.നീണ്ടു ചുരുണ്ട മുടിയിഴകളിലെ കാച്ചെണ്ണയുടെ നാടന്‍ ഗന്ധവും,വസ്ത്രങ്ങളില്‍ നിന്നും ബഹിര്‍ഗമിയ്ക്കുന്ന സ്പ്രേയുടെ വിദേശ ഗന്ധവും ഒപ്പം അവളില്‍നിന്നും പ്രസരിയ്ക്കുന്ന മറ്റേതോ അജ്ഞാത ഗന്ധവും കൂടികലര്‍ന്നുണ്ടാകുന്ന അസുലഭ സുഗന്ധം നുകര്‍ന്ന്‌,കണ്ണാടിയിലൂടെ പ്രതിഫലിയ്ക്കുന്ന മായക്കാഴ്ചകളില്‍ മിഴികളര്‍പ്പിച്ച്‌ കൗമാരത്തിനും യൗവനത്തിനുമിടയില്‍ ഊഞ്ചലാടുന്ന അനിലേട്ടനും കൂട്ടുകാരും ആ കുട്ടിയുടെ പുറകില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സ്ഥാനം പിടിയ്ക്കും.എതിര്‍ വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുന്ന ബസ്‌ ആടിയുലയുന്ന നിമിഷങ്ങളില്‍ വല്ലപ്പോഴും അറിയാതെ തരപ്പെടുന്ന സ്പര്‍ശന സുഖനിമിഷങ്ങളും കാത്ത്‌ നെല്ലായി..ആനന്ദപുരം..മുരിയാട്‌..വല്ലക്കുന്ന്‌..അങ്ങിനെ .നാട്ടിന്‍പുറത്തെ വളവും തിരിവും നിറഞ്ഞ ഇടുങ്ങിയ ഇടവഴികളിലൂടെയുള്ള സ്വപ്നതുല്യമായ ആ സ്വര്‍ഗ്ഗീയയാത്ര ഏതാണ്ട്‌ മുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കും.

ഇല്ലാക്കഥകള്‍വരെ ചമച്ചെടുത്ത്‌ അതിമനോഹരമായി വര്‍ണ്ണിച്ച്‌ "ഞാനായിരുന്നെടാ ആണ്‌.ആയക്കാലത്ത്‌ ഞാന്‍ കളിച്ച കളികളാടാ കളികള്‍" എന്നൊക്കെ സ്ഥാപിച്ചെടുത്ത്‌,മറ്റുള്ളവരെ കൊതിപ്പിച്ച്‌ ആളാകാന്‍ ശ്രമിയ്ക്കുന്നത്‌ സര്‍വ്വസാധാരണമാണ്‌ ഗള്‍ഫിലെ ബാച്ചിലര്‍ലോകത്ത്‌.അല്‍പ്പം ലഹരിയുടെ ഈണം മുഴുങ്ങുന്ന ഞങ്ങളുടെ വരാന്ത്യസായാഹ്ന സൗഹൃദ സദസ്സുകളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന അവസരങ്ങളില്‍പോലും തന്റെ ഭാര്യ ദീപയെ ഒഴിച്ച്‌ ആ പെണ്ണിനേയെന്നല്ല ഒരു പെണ്ണിനേയും ഒരിയ്ക്കല്‍പോലും മനപൂര്‍വ്വം അനാവശ്യമായി സ്പര്‍ശിച്ച്‌ മര്യാദക്കേട്‌ കാണിച്ചിട്ടില്ലെന്ന്‌ ആണയിട്ടു പറഞ്ഞ്‌ തന്റെ പാതിവൃത്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വ്യഗ്രതപ്പെടുന്ന വെറും പാവമായിരുന്നു എല്ല അര്‍ത്ഥത്തിലും അനിലേട്ടന്‍.!

അതുന്തുമാവട്ടെ,തന്റെ പെണ്ണിനെ കാക്കയ്ക്കും പരുന്തിനും അധികനാള്‍ മുട്ടാനും തട്ടാനും തോണ്ടാനും അവസരം നല്‍കാതെ ആ ഗള്‍ഫുക്കാരന്‍ വിസയുമായി വന്ന്‌ നായികയെ കൂട്ടികൊണ്ടുപോകുന്നതുവരെ, ഏതാണ്ട്‌ ഒരു വര്‍ഷത്തിലധികം നീണ്ടു നിന്നു അനിലേട്ടന്റെ ആ സവാരിഗിരിഗിരി..! ബസ്സിലെ അന്നത്തെ ആ നായികയുടെ അതെ ഛായാണത്രെ കെങ്കേമിപ്പൂവിലെ നായിയ്ക്കും.! അതെ മുഖം,കണ്ണട,ആ നടപ്പും എടുപ്പും,നിസ്സംഗത നിറഞ്ഞ മുഖത്തെ വിഷാദഭാവങ്ങളും.എന്തിനധികം പറയുന്നു സാരിയുടെ ചലനങ്ങള്‍ക്കു വരെ..! എല്ലാറ്റിനും വല്ലാത്ത സാമ്യം! ഇത്തിരി അതിശയോക്തി കലര്‍ത്തി അനിലേട്ടന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ ശരിയ്ക്കും ക്ലോണിംഗ്‌ ചെയ്തതു പോലെ.! ഈ സീരിയല്‍ തുടങ്ങുന്ന സമയമായാല്‍ അനിലേട്ടന്‍ ആളാകെ മാറും, ആ പഴയ കൗമാരക്കാരന്റെ നെഞ്ചിടിപ്പും വെപ്രാളവും തിരിച്ചു വരും...പ്രായം മറന്ന്‌ റിവേര്‍സ്‌ ഗിയറില്‍ വര്‍ഷങ്ങള്‍ താണ്ടി വീണ്ടും ആ ബസ്സിലെത്തും, അനിലേട്ടന്റെ റൂമിലെ 24" LCDസ്ക്രീന്‍ ബസ്സിന്റെ ഫ്രന്‍ഡിലെ കണ്ണാടിയായി മാറും, കണ്ണിമ ചിമ്മാതെ വായും പൊളിച്ച്‌ അതില്‍ നോക്കി സ്വയം മറന്നിരിയ്ക്കും പാവം ആ കോളേജുകുമാരന്‍.!

ചികഞ്ഞെടുത്താല്‍ അനിലേട്ടനു മാത്രമല്ല, പ്രോഗ്രാമുകള്‍ പ്രിയങ്കരമാവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും.അതുതന്നെയല്ലെ ഈ കാക്കത്തൊള്ളായിരം ചാനലുകളുടെ വിജയരഹസ്യവും.

ചിക്കന്‍ പോക്സിനെ കുറിച്ചു പറയാമെന്നു പറഞ്ഞിട്ട്‌ ഇതാ വീണ്ടും ചാനല്‍ വിശേഷങ്ങള്‍ തുടങ്ങിയിരിയ്ക്കുന്നു ഞാന്‍...എന്റെ ഒരും കാര്യം..! ഫെബ്രുവരി 12,ഞായറാഴ്ച വൈകീട്ട്‌ അത്താഴം കഴിഞ്ഞ്‌ ടെറസ്സില്‍ തണുത്ത കാറ്റുമേറ്റ്‌ ടെക്‍നീഷ്യനോടൊപ്പം ഡിഷ്‌ തിരിച്ച്‌ ചാനല്‍ തിരിച്ചു പിടിയ്ക്കാന്‍ ദിവസങ്ങളോളം നീണ്ട കൂട്ടയജ്ഞം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ച്‌ റൂമില്‍ വന്ന്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരുപാടു വൈകിയിരുന്നു.എന്തോ അന്ന്‌ പതിവില്ലാതെ ഉറക്കം മുറിഞ്ഞുപോയി.വല്ലാതെ തണുക്കുന്നതുപോലെ,ശരീരം വിറയ്ക്കുന്നതുപോലെ.അസുഖത്തിന്റെ ആരംഭമായിരുന്നിരിയ്ക്കാം അത്‌..ഒരു പക്ഷെ ടെറസ്സിലെ തണുത്ത കാറ്റില്‍കൂടിയായിരിയ്ക്കം അമ്മന്‍വിളയാട്ടത്തിന്റെ അണുക്കള്‍ എന്റെ ശരീരത്തിലേയ്ക്കു ഒഴുകിയെത്തിയത്‌..പിറ്റേന്നും അതിനടുത്ത ദിവസവും വല്ലാത്ത ആലസ്യമായിരുന്നു..ചൊവ്വാഴ്ചയായപ്പോഴേയ്ക്കും അവിടെയിവിടെയൊക്കെ ചുമന്നു തടിയ്ക്കാന്‍ തുടങ്ങി..ചാനല്‍ വിശേഷങ്ങള്‍ എഴുതിതുടങ്ങിയ ദിവസങ്ങളായിരുന്നു അത്‌.സാധാരണ വെള്ളിയാഴ്ചയിലെ അവധിദിനത്തിലെ ശാന്തമായ അന്തരീക്ഷത്തിലിരുന്നാണ്‌ ഞാന്‍ പോസ്റ്റുകള്‍ പൂര്‍ത്തിയാക്കാറ്‌.പക്ഷെ, ഇത്തവണ വെള്ളിയാഴ്ച വരെ കാത്തിരുന്നാല്‍ പോസ്റ്റിടല്‍ നടക്കില്ല എന്നെനിയ്ക്കു തോന്നി.തലവേദന മറന്നു,എല്ലാ ആലസ്യവും അവഗണിച്ചു.അങ്ങിനെ വല്ലാത്തോരാവേശത്തോടെ തിരക്കുവെച്ചെഴുതി പോസ്റ്റു ചെയ്തതാണ്‌ "ചാനല്‍ വെളിപാടുകള്‍".

അസുഖത്തെക്കുറിച്ച്‌ ഓഫീസില്‍ ആരോടും ഒരു സംശയവും പറഞ്ഞില്ല,സൂചനപോലും നല്‍കിയില്ല, ആരും തിരിച്ചറിഞ്ഞതുമില്ല.എനിയ്ക്കുതന്നെ ഉറപ്പില്ലായിരുന്നല്ലോ..നേരത്തെ ഇറങ്ങണമെന്നു കരുതിയതായിരുന്നു അന്ന്‌.പക്ഷെ,പോസ്റ്റെഴുതിക്കഴിഞ്ഞപ്പോള്‍ പതിവു സമയമായി.നല്ല തണുപ്പുണ്ടായിരുന്ന ആ സന്ധ്യയില്‍ അരമണിക്കൂര്‍ യാത്രയും കഴിഞ്ഞ്‌ അപ്പാര്‍ട്ടുമെന്റു പരിസരത്തെത്തിയപ്പോഴേയ്ക്കും ശരിയ്ക്കും പനിച്ചു വിറയ്ക്കുകയായിരുന്നു. എന്നിട്ടും തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാതിരിയ്ക്കാന്‍ കഴിഞ്ഞില്ല ,കാരണം എനിയ്ക്കു വരുന്ന അസുഖം ഒരു പകര്‍ച്ചവ്യാധിയാണെന്നും,ഒരുപക്ഷെ കൂട്ടുകാര്‍പോലും അടുത്തു വരാന്‍ മടിയ്ക്കുമെന്നുമുള്ള തിരച്ചറിവുണ്ടായിരുന്നു.അപ്പോഴും എന്തോ ഹോസ്പിറ്റലില്‍ പോയി ഒരുപാട്‌ രോഗികള്‍ക്കിടയിലൊരാളായി കിടക്കുന്ന കാര്യത്തെക്കുറിച്ച്‌ ചിന്തിയ്ക്കാന്‍പോലും താല്‍പ്പര്യമില്ലായിരുന്നു എനിയ്ക്ക്‌.

ഫ്രൂട്‌സ്‌,വെള്ളം,മില്‍ക്ക്‌,ഓട്‌സ്‌ അങ്ങിനെ മൂന്നുനാലു ദിവസം പിടിച്ചുനില്‍ക്കാനുള്ള സാധനങ്ങളുമായി സ്റ്റയര്‍കേസിന്റെ പടി കയറുമ്പോള്‍ ശരിയ്ക്കും തളര്‍ന്നുപോയിരുന്നു..കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.നാട്ടില്‍ വെച്ച്‌ ഒരു ചെറിയ നീരുവീഴ്ച വരുമ്പോള്‍,അല്ലെങ്കില്‍ കിട്ടിയതെല്ലാം വലിച്ചുവാരിക്കഴിച്ചുള്ള നീണ്ട യാത്രകള്‍ക്കൊടുവില്‍ വയറ്‌ അപ്‌സെറ്റ്‌ ആയി ക്ഷീണം തോന്നുമ്പോള്‍.."ആവൂ അമ്മെ" എന്നൊക്കെ ഒരാവശ്യവുമില്ലാതെ ഉറക്കെ നിലവിളിച്ച്‌ ഒരു കൊച്ചുകുഞ്ഞിനെപോലെ കൊഞ്ചിയും ശാഠ്യം പിടിച്ചും സ്വീകരണമുറിയിലെ ദീവാനില്‍ കയറികിടക്കാറുള്ള ഞാനാണ്‌ ഇവിടെ ഇപ്പോള്‍ ഒറ്റയ്ക്ക്‌.! ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍, ഈ മരുഭൂമിയില്‍ ഞനൊറ്റയ്ക്കാണല്ലോ എന്ന ചിന്ത സഹിയ്ക്കാന്‍ കഴിയാത്ത നോവായി മനസ്സില്‍ പടര്‍ന്നിറങ്ങിയ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്‌.

ഒന്നുറക്കെ കരയണമെന്നു തോന്നി..ഒന്നു കൊഞ്ചാന്‍ മോഹം തോന്നി..എന്തിന്‌,ആരോട്‌,ആരുണ്ടിവിടെ കേള്‍ക്കാന്‍.!

"എന്തു പറ്റി കണ്ണാ.,വയ്യെ മോന്‌, തണക്കുണുണ്ടോ എന്റെ കുട്ടന്‌." എന്നൊക്കെ ചോദിച്ച്‌ ഓടിയെത്തി മടിയില്‍കിടത്തി കൊഞ്ചിച്ചും തലോടിയും ചൂടു പകരാന്‍ എന്റെ മാളു എവിടെ..!.'കൊതി പറ്റീട്ടുണ്ടാവും" എന്നു പറഞ്ഞ്‌ ഉപ്പൂതി തരാനും,"കണ്ണു പറ്റീട്ടുണ്ടാവും" എന്നു പറഞ്ഞ്‌ കടുകും മുളകും ഉഴിഞ്ഞിടാനും എന്റെ അമ്മയിവിടെ..!

മാളു അടുത്തുള്ളപ്പോള്‍ കൊച്ചുകൊച്ചു അസുഖങ്ങള്‍ വരുന്നത്‌ ഞാന്‍ ശരിയ്ക്കും ആസ്വദിയ്ക്കുമായിരുന്നു..അത്രയ്ക്കും ചാരുതയാണ്‌ അവളുടെ പരിചരണരീതികള്‍ക്ക്‌."അവിടെ കിടക്കൂട്ടോ,ഒരു നിമിഷം,ഇപ്പോ വരാം."എന്നു പറഞ്ഞവള്‍ നേരേ അടുക്കളയിലേയ്ക്കോടും ഇഞ്ചിയും,വെളുത്തുള്ളിയും ഒപ്പം അവള്‍ക്കു മാത്രമറിയാവുന്ന എന്തൊക്കയോകൂടി മിക്സിയിലിട്ടരച്ച്‌ ചെറുനാരങ്ങനീരും,തേനും ചേര്‍ത്ത്‌ ഒരു ഗ്ലാസിലാക്കി ഞൊടിയില്‍ മടങ്ങിയെത്തും.

"ഇത്തിരി എരിവുണ്ടാവുട്ടോ,സാര്യല്ല്യ,കണ്ണടച്ചങ്ങു കുടിച്ചോളു,എന്നിട്ടു കുറച്ചു നേരം അനങ്ങാതെ കിടന്നു വിശ്രമിച്ചോളു."

ആ സാന്ത്വനവാക്കുകളില്‍ത്തന്നെ പാതി വിമ്മിഷ്ടവും കുറഞ്ഞിരിയ്ക്കും..അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അസുഖം പൂര്‍ണ്ണമായും പമ്പ കടന്നിട്ടുണ്ടാകും.ഇത്തിരി കഴിഞ്ഞ്‌ രാവേറി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞിക്കുറുമ്പു കാണിയ്ക്കാനുള്ള മോഹവുമായി അരിച്ചിറങ്ങാനൊരുങ്ങുന്ന എന്റെ കൈകളെ മെല്ലെ തടയും അവള്‍ "കുറച്ചു നേരം മുമ്പ്‌ ആര്‍ക്കായിരുന്നു ഇവിടെ സൂക്കേട്‌,ഇപ്പോ നിറവും ഭാവവും മാറി അതിലും വലിയ സൂക്കേടാവാന്‍ തുടങ്ങിയല്ലോ...തോറ്റു എന്റെ കൃഷ്ണാ,.തോറ്റു!.ഇന്നെങ്കിലും ഒന്നനങ്ങാതെ അടങ്ങിയൊതുങ്ങി കിടന്നുറങ്ങാന്‍ നോക്കു എന്റെ കുട്ടേട്ടാ.!"ഒരു കൊച്ചുകുട്ടിയെ എന്നപോലെ ശാസിയ്ക്കും,പുതപ്പിച്ച്‌ ചേര്‍ത്തുപിടിച്ച്‌ കിടത്തിയുറക്കും.

"ചിക്കന്‍സിനെ"ക്കുറിച്ച്‌ ആദ്യമായി മാളുവിനോട്‌ പറയുമ്പോള്‍ ശരിയ്ക്കും പതറിപോയി ഞാന്‍,ശബ്ദമിടറിപോയി..അവിശ്വസനീയമായ എന്തോ കേട്ട അമ്പരപ്പായിരുന്നു മാളുവിന്റെ സ്വരത്തില്‍.."അവിടെ ഒറ്റയ്ക്കു നില്‍ക്കേണ്ട, അടുത്ത ഫ്ലൈറ്റില്‍ത്തന്നെ കയറി ഇങ്ങുപോന്നോളു.."അതായിരുന്നു അവളുടെ ആദ്യ പ്രതികരണം...തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല, സങ്കടംകൊണ്ട്‌ എന്റെ ശബ്ദം പാതാളത്തോളം താണുപോയി. "ലൈന്‍ ക്ലിയറല്ല" ഒരുവിധം പറഞ്ഞൊപ്പിച്ച്‌ ഫോണ്‍ കട്ട്‌ ചെയ്തു. എത്രയൊക്കെ ആത്മവിശ്വാസമുണ്ടായാലും ഇത്തരം സങ്കടനിമിഷങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ മുമ്പില്‍ മനസ്സില്‍ സംഭരിച്ചുവെയ്ക്കുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നുപോകും എന്ന സത്യം തിരിച്ചറിയുകയായിരുന്ന ഞാന്‍ അവളുടെ സാമീപ്യത്തിനായി ശരിയ്ക്കും കൊതിയ്ക്കുകയായിരുന്നു.

ആ ദിവസങ്ങളിലെ ഓരോ നിമിഷങ്ങളിലും മാളു ഉണ്ടായിരുന്നു എന്റെ കൂടെ.. ആ ശിശിരരാവുകളില്‍ ബ്ലാങ്കറ്റുനുള്ളില്‍ ചൂടുപകരുന്ന ഇളംകാറ്റായി..തപിയ്ക്കുന്ന ഹൃദയത്തില്‍ സാന്ത്വനക്കുളിരു പകരുന്ന മഞ്ഞിന്‍കണമായി. ഏകാന്തനിമിഷങ്ങള്‍ വല്ലാതെ വിരസമാകുന്നു എന്നറിയുമ്പൊള്‍ ഓടിയെത്തി പഴയ തറവാട്ടിലെ മച്ചകത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ കാറ്റിന്റെ കരങ്ങളില്‍ ആടിയുലയുന്ന നിമിഷങ്ങളില്‍ അറിയാതെയുയരുന്ന നേര്‍ത്ത ശീല്‍ക്കാര ശബ്ദത്തിന്റെ പതിഞ്ഞ ഈണത്തില്‍,മുറുകുന്ന താളത്തില്‍ സ്വയം മറന്ന്‌ ഹര്‍ഷോന്മാദനൃത്തം ചെയ്യുന്ന ഇടവപ്പാതിരാവുകളിലെ പെരുമഴയായി എന്റെ ഓര്‍മ്മകളില്‍ പെയ്തിറങ്ങി അവള്‍..നാണം ഉള്ളിലൊതുക്കി ഉണര്‍ന്നെഴുന്നേറ്റ്‌ ആത്മവിശ്വാസത്തിന്റെ പ്രകാശം പരത്തുന്ന പ്രഭാതത്തിലെ ഇളംവെയിലായി. കളിവാക്കുകളാല്‍ രാവു മുഴുവന്‍ സാന്ത്വനത്തിന്റെ പാല്‍നിലാവു പൊഴിയ്ക്കുന്ന പൗര്‍ണ്ണമിത്തിങ്കളായി ചില നാളുകളിലവള്‍ .അങ്ങിനെ എല്ലാമെല്ലാമായി അവളെപ്പോഴും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.അതുകൊണ്ടായിരിയ്ക്കണം അവധി ദിനങ്ങളുടെ ലാഘവത്തോടെ ആ ദുരിതദിനങ്ങള്‍ അനായാസം തരണം ചെയ്യാന്‍ എനിയ്ക്കു കഴിഞ്ഞത്‌.

നൂറായിരം സംശയങ്ങളായിരുന്നു എനിയ്ക്ക്‌.അവളുടെ കൂടെ വര്‍ക്കു ചെയ്യുന്ന,കുറച്ചുനാള്‍മുമ്പ്‌ ചിക്കന്‍പോക്സ്‌ ബാധിച്ചിരുന്ന സരസ്വതിയോട്‌ ചോദിച്ചുമനസ്സിലാക്കി എന്റെ സംശയങ്ങള്‍ക്കുള്ള മറുപടികളുമായി ബാങ്ക്‌ കൗണ്ടറിലെ തിരക്കുകള്‍ക്കിടയിലും പ്രിയപ്പെട്ട റിങ്ങ്‌ടോണിനായി സദാ കാതോര്‍ത്തിരുന്നു.അവള്‍.

ആര്യവേപ്പിലിയിട്ടു വെള്ളം തിളപ്പിച്ച വലിയ വട്ടകയും താങ്ങിപിടിച്ച്‌ കിച്ചണില്‍ നിന്ന്‌ ബാത്ത്‌റൂമിലെത്തിയപ്പോഴേയ്ക്കും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു മാളു..താഴെ ബക്കാലയില്‍നിന്നും വാങ്ങിയ ഈസ്റ്റേണ്‍ മഞ്ഞള്‍പൊടി ചാലിച്ച്‌ ഒന്നുപോലു വിട്ടുപോകാതെ ഓരോ കുരുക്കളിലും ശ്രദ്ധയോടെ പുരട്ടി അവള്‍..

"ഒരു നാണോം മാനോം ഇല്ല ഈ കുട്ടേട്ടന്‌, തുണീം കോണോം ഇല്ലാതെ നില്‍ക്കണ നില്‍പ്പു കണ്ടില്ലെ."
ദേഹത്തു പുരട്ടിയ മഞ്ഞളിന്റെ കുളിര്‍മയില്‍,ഇനിയും വിട്ടുമാറാത്ത ഈ മരുഭൂമിയിലെ തണുപ്പില്‍ വിറച്ചു വിറങ്ങലിച്ചു നില്‍ക്കുന്ന എന്നെ ഒന്നു ഉഷാറാക്കാനായിട്ടാവണം അപ്പോള്‍ അങ്ങിനെ കളി പറഞ്ഞു അവള്‍.

"അതിനെന്തിനാടി നാണിയ്ക്കുന്നെ ,മറ്റാരുടെയും മുമ്പിലല്ലോ. നിന്റെ മുമ്പിലല്ലെ, അല്ലെങ്കില്‍തന്നെ നമ്മള്‍ക്കിടയില്‍ കാണാനും കാണിയ്ക്കാനും ഇനി എന്താ ബാക്കിയുള്ളത്‌ മാളു.."

അങ്ങിനെ കളിചിരിയിലൂടെ ഒരുക്കിയെടുത്ത ആശ്വാസത്തിന്റെ ആ നിമിഷങ്ങളില്‍ ഉണങ്ങാന്‍ തുടങ്ങുന്ന കുരുക്കളിലെ പൊറ്റകള്‍ അടരാതെ,എനിയ്ക്കൊട്ടും വേദനിയ്ക്കാതെ ചെറുപയര്‍പൊടി തേച്ചു കുളിപ്പിയ്ക്കുമ്പോള്‍ വല്ലാത്ത കരുതലായിരുന്നു അവള്‍ക്ക്‌.

" തല നിറച്ചു കുരുക്കളാണ്‌, കുളിച്ചിട്ട്‌ പത്തുപതിനഞ്ചു ദിവസവുമായി എന്നിട്ടും ഞാന്‍ വിചാരിച്ചപോലെ മുടി കൊഴിഞ്ഞിട്ടില്ലട്ടോ, ഭാഗ്യം".
തല നന്നായി തുവര്‍ത്തി രാസ്നാദി പൊടി നെറുകയില്‍ തിരുമ്മിതരുമ്പോള്‍ ആശ്വസത്തോടെ അവള്‍ മൊഴിഞ്ഞു...

ഈശ്വരാ... ഇവളില്ലായിരുന്നെങ്കില്‍..! സ്നേഹാധിക്യംകൊണ്ടുവീര്‍പ്പുമുട്ടിയ ആ നിമിഷം അറിയാതെ ഞാനവളെ ചേര്‍ത്തു പിടിച്ചു.."കുട്ടേട്ടാ..വേണ്ടാ, വേണ്ടാ,.ആദ്യകുളി കഴിഞ്ഞിട്ടേയുള്ളു..കുഞ്ഞിക്കുറുമ്പു കാട്ടാനുള്ള പൂതിയൊക്കെ മനസ്സില്‍തനെ വെച്ചോളു,കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പുറത്തെടുത്താല്‍ മതി."
കള്ളച്ചിരിയോടെ അവള്‍ കുതറി മാറി..അവളു പുറകെ ബാത്ത്‌ റൂമില്‍ നിന്നും പുറത്തു കടന്നപ്പോള്‍...! വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല..സ്വപ്നലോകത്തില്‍ ഞെട്ടിയുണര്‍ന്നതുപോലെ സ്ഥലകാലബോധം നഷ്ടപ്പെട്ട്‌ ഒരുനിമിഷം സ്തംഭിച്ചു നിന്നുപോയി ഞാന്‍.

"കുട്ടേട്ടാ തലയില്‍ അധികം വെള്ളമൊഴിയ്ക്കേണ്ട, നല്ല തണുപ്പല്ലെ അവിടെ,നന്നായി തോര്‍ത്തണം, പിന്നെ നെറുകയില്‍ രാസ്നാദിപൊടി ഇടാന്‍ മറക്കണ്ടാട്ടോ".കുളിയ്ക്കാന്‍ ഒരുങ്ങുന്നതിനുതൊട്ടുമുമ്പായി ഫോണിലൂടെ അവള്‍ പറഞ്ഞത്‌ പെട്ടന്ന്‌ ഞാനോര്‍ത്തു.തിടുക്കത്തില്‍ അലമാരയില്‍ രാസ്‌നാദി പൊടിയുടെ ചെപ്പിനായി പരതുമ്പോള്‍ എന്റെ കണ്ണുകളില്‍ നിന്നുമുതിര്‍ന്ന ജലകണങ്ങള്‍ മുറിയിലെ കാര്‍പ്പെറ്റില്‍ വീണലിഞ്ഞു.

(തുടരും)
കൊല്ലേരി തറവാടി
23/03/2012