Tuesday, April 24, 2012

ചിക്കന്‍പോക്സ്‌ ദിനങ്ങളിലൂടെ... (അദ്ധ്യായം മൂന്ന്‌)

സ്വാര്‍ത്ഥനായിരുന്നു ഞാന്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും,.ഇന്ന്‌ ഈ പ്രായത്തില്‍പോലും.ഒരു കൊച്ചുകുഞ്ഞിനെപോലെ എല്ലാരുടെയും സ്നേഹവും പരിചരണവും ശ്രദ്ധയും കൊതിയ്ക്കുന്നവന്‍ ,എന്നാല്‍ ഇതൊന്നും ഇത്തിരിപോലും തിരിച്ചു നല്‍കുന്നതില്‍ ഒട്ടും ശുഷ്കാന്തി കാണിയ്ക്കാത്തവന്‍..എന്നിട്ടും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഈശ്വരസാന്നിധ്യം ആരുടെയെങ്കിലും രൂപത്തില്‍ എന്നോടൊപ്പമുണ്ടാകാറുണ്ട്‌..മഹത്തായ സൗഭാഗ്യങ്ങള്‍ നല്‍കി അഹങ്കാരിയാക്കാതെ, മഹാദുരിതങ്ങള്‍ നല്‍കി നിഷേധിയുമാക്കാതെ,കൊച്ചുകൊച്ചു സുഖങ്ങളും ഒപ്പം ജീവിതത്തിന്റെ അനിശ്ചിതത്വം ഓര്‍മ്മപ്പെടുത്താനെന്നവണ്ണം ചെറിയ അളവില്‍ ദുഃഖങ്ങളും നല്‍കി ഇതുവരെ എന്നപോലെ ജീവിതവസാനം വരെ മുന്നോട്ടു നയിയ്ക്കണേ എന്ന്‌ നിത്യവുമുള്ള എന്റെ പ്രാര്‍ത്ഥനയിലെ എളുപ്പത്തില്‍ സാധിച്ചു തരാവുന്ന, തീര്‍ത്തും ലളിതമായ ആവശ്യങ്ങള്‍ തനിയ്ക്കു തലവേദനയുണ്ടാക്കുന്നില്ലല്ലൊ എന്നു ദൈവത്തിനു തോന്നുന്നതുകൊണ്ടാവാം ഒരുപക്ഷെ അത്‌.! 

"എന്താ റൂമിലെ ലൈറ്റും ടീവിയുമൊക്കെ ഓഫാക്കി കണ്ണും തുറന്നിരുന്നുറങ്ങാണോ.".പൊടിയരിക്കഞ്ഞി ഒപ്പം ഉപ്പും മസാലയും എരിവും കുറച്ചൊരുക്കുന്ന വെജിറ്റബള്‍ കറികള്‍,അങ്ങിനെ എനിയ്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ചിക്കന്‍പോക്സ്‌ സ്പെഷ്യല്‍ ലഞ്ചുമായി ഇനിയുംകൈമോശം വരാത്ത പാലക്കാടന്‍ ഗ്രാമീണമനസ്സിലെ നിഷ്കളങ്കത മുഴുവന്‍ ആവാഹിച്ചെടുത്ത മുഖഭാവത്തോടെ മുന്നില്‍വന്നു നിന്നു ചിരിച്ചു കുശലം പറയാനൊരുങ്ങുന്ന അലിയാരിക്കയുടെ ശബ്ദം കേട്ടാണ്‌ ആ ദിനങ്ങളിലെ പകല്‍ക്കിനാവുകളില്‍നിന്നും ഞാനുണരാറ്‌. 

എട്ടു വര്‍ഷമായി ഞങ്ങളുടെ കുക്കാണ്‌ അലിയാരിക്ക.വര്‍ഷങ്ങളായി ഒരു മേന്‍പവ്വര്‍ സപ്ലൈ കമ്പനിയുടെ കീഴിലെ തുച്ഛ വേതനത്തില്‍ ഇവിടുത്തെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ ഫോറന്‍സിക്‌ ഡിപ്പാര്‍ട്ടുമെന്റില്‍ പോസ്റ്റുമാര്‍ട്ടം ടേബിളിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുന്നു.പരമാവധി രണ്ടോ മൂന്നോ ശവങ്ങളുണ്ടാകും ദിവസവും കീറിമുറിയ്ക്കാന്‍, ചില ദിവസങ്ങളില്‍ ഒന്നും ഉണ്ടാവില്ല.എങ്ങിനെയായാലും രാവിലെ ആറു മണിയ്ക്കു തുടങ്ങുന്ന ഡ്യൂട്ടി പത്തു മണിയോടെ അവസാനിയ്ക്കും.പിന്നെ ഒരു നിമിഷം പോലും സമയം കളയാതെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍നിന്നും തുടങ്ങി പലയിടത്തായി അന്തിയാവോളം നീളുന്ന പാര്‍ട്ട്‌ ടൈം കുക്കിങ്ങിനിറങ്ങും. മനുഷ്യശരീരം കീറിമുറിയ്ക്കുന്നതില്‍ പങ്കാളിയാകുന്ന ഇക്ക അതിന്റെ ചൂടാറും മുമ്പെ അതെ കൈകൊണ്ട്‌ ചിക്കനും, മട്ടണും,മീനും..!!ഇതറിഞ്ഞ ആദ്യ നാളുകളില്‍ ഭക്ഷണംകഴിയ്ക്കുമ്പോള്‍ എന്തോ, ഒരു വല്ലായ്‌മ തോന്നാറുണ്ടെനിയ്ക്ക്‌.ഫോറന്‍സിക്‌ സര്‍ജനായ ഭാര്യയുമൊത്ത്‌ വര്‍ഷങ്ങളായുള്ള സഹവാസം കൊണ്ടാകാം ഈ പ്രായത്തിലും ജഗദീഷിന്‌ ഇത്ര ചുറുചുറുക്കും,നര്‍മ്മബോധവും, "കാക്ക തൂറിയെന്നാ തോന്നുന്നേ" എന്ന മട്ടിലുള്ള മുഖഭാവവും ശരീരചലനങ്ങളും നിലനിത്താന്‍ കഴിയുന്നത്‌ എന്ന കുസൃതിചിന്തയില്‍ ആ വല്ലായ്മയെ വളരാന്‍ അനുവദിയ്ക്കാതെ തന്ത്രപൂര്‍വ്വം ഇല്ലാതാക്കി !

അസഹ്യമായ പല്ലുവേദനയായിരുന്ന ആ ദിനങ്ങളിലും എന്റെ അവസ്ഥയോര്‍ത്തുമാത്രം നീരുവന്നുവീര്‍ത്ത മുഖവുമായി ഒരു ദിവസംപോലും മുടങ്ങാതെ ഓടിയെത്തി ഭക്ഷണമൊരുക്കി വിളമ്പിത്തന്നു ഇക്ക. ഓര്‍മ്മവെയ്ക്കുന്നതിനു മുമ്പെ കുഞ്ഞുംനാളിലെപ്പോഴോ ചിക്കന്‍പോക്സു വന്നതാണ്‌ ഇക്കയ്ക്ക്‌, എന്നിട്ടും ഒരു പേടിയുംകൂടാതെ കഴിച്ചു തീരുവോളം കൂടേയിരുന്നു നാട്ടുവിശേഷങ്ങളും,വീട്ടുവിശേഷങ്ങളും ഒപ്പം ഇത്തിരി രാഷ്ട്രീയവും പറഞ്ഞ്‌ വിരസതയകറ്റി എന്റെ രുചി കൂട്ടാന്‍ ശ്രമിച്ചു.!

അങ്ങിനയങ്ങിനെ പേരെടുത്തു പറയാനും സ്മരിയ്ക്കാനും എത്രയെത്ര പേര്‍ ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളിലേയും ഡയറിത്താളുകളില്‍..! കടപ്പാടുകള്‍.അവ ശേഷിപ്പിയ്ക്കുന്ന കടങ്ങള്‍.. ഈശ്വരാ,..എന്നാണ്‌ ഇതൊക്കെ വീട്ടിത്തീര്‍ക്കാന്‍ കഴിയുക..!അതും പത്തുദിവസം കഴിയുമ്പോഴേയ്ക്കും എല്ലാം മറക്കുന്ന സ്വാര്‍ത്ഥനായ എന്നെപോലെ ഒരാള്‍ക്ക്‌..! മുജന്മബന്ധങ്ങളില്‍ ബാക്കിയാവുന്ന കടങ്ങളാണത്രെ ഈ ജന്മത്തില്‍ രക്ത ബന്ധമില്ലാത്തവരുടെ ഇടയിലെ ഇത്തരം കര്‍മ്മബന്ധങ്ങള്‍ക്കു നിദാനമാകുന്നത്‌.

മോഹിച്ചത്‌ പലതും നേടാനായില്ല,ഉയരങ്ങളിലെത്താനും കഴിഞ്ഞില്ല,എല്ലാം ശരിയാണ്‌, അപ്പോഴും വലിയ ദുരന്തങ്ങളും ദുരിതങ്ങളും സമ്മാനിയ്ക്കാതെ കടന്നുപോയി ഭൂതകാലം..മാളുവിന്റെ ചിറികനടിയിലെ തണലിലൊതുങ്ങി,ആ സുരക്ഷിതത്വത്തിന്റെ കുളിരില്‍ മയങ്ങി സ്നേഹസുരഭിലമായി,ശാന്തസുന്ദരമായി സ്വച്ഛന്ദം ഒഴുകി നീങ്ങുന്നു വര്‍ത്തമാനകാലം...ഭാവി.?. അറിയാം ആര്‍ക്കായാലും അതത്ര ആയാസകരമായിരിയ്ക്കില്ല .ജീവിതാന്ത്യത്തിലേയ്ക്കുള്ള ആ സഞ്ചാരത്തിന്റെ തുടക്കത്തിലെപ്പോഴേങ്കിലുമായിരിയ്ക്കും അതുവരെ ചെയ്തുകൂട്ടിയ പാപപുണ്യങ്ങള്‍ ഇരുമുടികെട്ടായി തലയില്‍ വന്നുപതിയ്ക്കുന്നത്‌.പിന്നെ ആ ഭാരവും,പേറി, കൂനിക്കൂടി കല്ലുമുള്ളും നിറഞ്ഞ വാര്‍ദ്ധക്യത്തിന്റെ ഇരുള്‍നിറഞ്ഞ കാനനവഴികളിലൂടെ കയറ്റങ്ങള്‍ കയറിയിറങ്ങിയുള്ള യാത്ര ,ഏതൊരവിശ്വാസിയും അറിയാതെ ശരണം വിളിച്ചുപോകും കിതപ്പിന്റ ആ നാളുകളില്‍ 

വാര്‍ദ്ധക്യനാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴെ തീ പടരുന്നു മനസ്സില്‍...എണ്ണയുടെയും കുഴമ്പിന്റേയും ഡെറ്റോളിന്റേയും മണം നിറഞ്ഞ ആശുപത്രി വരാന്തകള്‍,..കാത്തിരിപ്പിന്റെ നെടുവീര്‍പ്പുകളും, ഏകാന്തതയുടെ ശൈത്യവും വീര്‍പ്പുമുട്ടിയ്ക്കുന്ന ശരണാലയത്തിന്റെ ഇടനാഴികള്‍. തളര്‍ന്നു ചതഞ്ഞ മുഖങ്ങളിലെ നിശ്ശബ്ദവിലാപത്തിന്റെ ഈണം നിറഞ്ഞ ആ വഴിത്താരകളില്‍ ഒച്ചിനെപോലെ ഇഴയുന്ന സമയരഥത്തിലെ സഹയാത്രികര്‍ക്കിടയില്‍ മുജന്മബന്ധങ്ങളിലേയും ഈ ജന്മത്തിലെ തന്നെ ബാക്കിവെച്ച കടങ്ങളുടെ കണക്കുപുസ്തകവും പേറി ആശ്വസിപ്പിയ്ക്കാനും, ആശ്വാസം ഏറ്റുവാങ്ങാനും എത്രയെത്ര മുഖങ്ങള്‍ കാത്തിരിയ്ക്കാനുണ്ടാവും .?ഒരു പക്ഷെ മാളുവുംകൂടി പിരിഞ്ഞു പോയി തീര്‍ത്തും ഏകനായേക്കാവുന്ന നാളുകളേക്കുറിച്ചുള്ള ചിന്തകള്‍ പോലും മനസ്സില്‍ അശാന്തി പടര്‍ത്തുന്നു.

തീക്ഷ്ണമായി ജ്വലിയ്ക്കുന്ന മദ്ധ്യാഹ്നത്തിന്റെ ഉച്ചസ്ഥായിയില്‍, അല്ലെങ്കില്‍ സൗമ്യമായ പുഞ്ചിരിയോടെ നിഴലുകള്‍ക്ക്‌ നീളംകൂട്ടുന്ന പൊന്‍കിരണങ്ങളുടെ കരവിരുതില്‍ മാന്ത്രികനിമിഷങ്ങളൊരുക്കി ചുറ്റുമുള്ളവരെ കയ്യിലെടുത്തു വിസ്മയിപ്പിച്ച്‌ കീര്‍ത്തിയുടെ ഉത്തംഗശൃംഗത്തില്‍ വിരാജിയ്ക്കുന്ന അപരാഹ്നത്തില്‍ ഒരുനാള്‍ ഒട്ടും പ്രതീക്ഷിയ്ക്കാതെ എല്ലാരേയും കണ്ണീരാലാഴ്ത്തി പൊടുന്നനെ പൊലിഞ്ഞു പോകുന്ന ജന്മങ്ങളെക്കുറിച്ച്‌ പരിതപിയ്ക്കാറില്ലെ നമ്മള്‍.ഒന്നോര്‍ത്താല്‍ ശരിയ്ക്കും ഭാഗ്യവാന്മാരല്ലെ അവര്‍.ബന്ധുക്കള്‍, നാട്ടുകാര്‍ അങ്ങിനെ മടുപ്പോടെ കാത്തിരിയ്ക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്‌ മരണമുഹൂര്‍ത്തവും കാത്തുകിടക്കാന്‍ വിധിയ്ക്കപ്പെടുന്നവരേക്കാള്‍ എത്രയോ ഭാഗ്യവാന്മാര്‍.!

ഒരു ജനതയുടെ ആദരവും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി നൂറില്‍ നൂറും നേടി റെക്കോഡുകളുമായി വിശ്വം മുഴുവന്‍ വിലസുന്ന ഇന്നത്തെ സൂപ്പര്‍താരം നാളെ വെറും ഇന്നലത്തെ താരമായി മാറും..ചരമകോളത്തില്‍ പോലും അര്‍ഹമായ സ്ഥാനം കിട്ടാതെ പോകുന്ന വെറും വിലകുറഞ്ഞ രത്നം.പിന്നിട്ട വഴികളില്‍ എത്ര വലിയ പോരാട്ടം നയിച്ചവനായാലും അവസാനനാളുകളിലെ ചിത്രം മാത്രമെ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുകയുള്ളു ..വലിയ നടനവൈഭവമൊന്നും കൈമുതലായിട്ടില്ലായിരുന്നിട്ടുപോലും ജനമനസ്സുകളില്‍ ഇന്നുമുള്ള ജയന്റെ ഹീറോ ഇമേജിന്‌ കാരണവും മറ്റൊന്നല്ല.
പത്രത്താളുകളില്‍ സത്യസന്ധമായ ഒരു കോളമെ ഇന്നുള്ളു എന്നുതോന്നാറുണ്ടെനിയ്ക്ക്‌ ചരമകോളം..! .ഐ.പി.എല്‍ പോലെ കള്ളപ്പണം വെളുപ്പിയ്ക്കുന്ന മല്‍സരങ്ങളുടെ കളിയരങ്ങായിമാറി മാറി സ്പോര്‍ട്‌സ്‌ പേജുകള്‍....പരസ്പരം കൊമ്പുകോര്‍ക്കുന്ന സംഘടനാവിശേഷങ്ങള്‍കൊണ്ട്‌ രാഷ്ട്രീയക്കാരെപോലും അതിശയിപ്പിയ്ക്കുന്ന സിനമാലോകം.അച്ഛന്റെ പട്ടടയിലെ തീ അണയും മുമ്പേ പകമാകില്ലെങ്കിലും അദ്ദേഹത്തിന്റെ മന്ത്രികുപ്പായം എടുത്തണിഞ്ഞ്‌ പരിചിതമായ ഇടവഴികളിലൂടെ അലഞ്ഞുതിരിഞ്ഞ്‌ നാട്ടുകാരുടെ സഹതാപം തരംഗമാക്കി മാറ്റുന്ന മകന്‍,.ഇനി അഥവാ എന്തെങ്കിലുംസാങ്കേതികകാരണങ്ങളാല്‍ മകന്റെ നോമിനേഷന്‍ തള്ളിപോയാല്‍ പാരമ്പര്യമായി ജനസേവനം നടത്താനുള്ള തങ്ങളുടെ അവകാശം മറ്റാരെങ്കിലും കൈക്കലാക്കുമൊ എന്ന ഭയത്താല്‍ വൈധവ്യവുമായി പൊരുത്തപ്പെടുന്നതിനുമുമ്പെ ഡെമ്മി സ്ഥാനാര്‍ത്ഥിയുടെ വേഷമണിയുന്ന അമ്മ.ഇങ്ങിനെയിങ്ങനെ സ്ഥാനമോഹം, ധനമോഹം,അക്രമം,അനീതി,കൊള്ള, കൊല,പീഡനം.ഇതിനൊക്കെ നിദാനമാകുന്ന ഉപഭോഗാസക്തിവളര്‍ത്തുന്ന പരസ്യങ്ങള്‍.ഇത്തരം വാര്‍ത്തകളൊക്കെ മാറ്റിനിര്‍ത്തിയാല്‍ കാര്യമാത്രപ്രസക്തവും നിഷ്പക്ഷവുമായി വായിയ്ക്കാന്‍ ഒരു പേജ്‌ ഉള്ളു ഇന്നത്തെ പത്രങ്ങളില്‍..ചരമങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന പേജ്‌.!.ചരമകോളത്തില്‍മാത്രം പടം വരാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല, ആ പേജിലെ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന്‌ ആളാവാന്‍ മല്‍സരവുമില്ല,അവിടെ അച്ഛനുമായി മല്‍സരിച്ചു ജയിച്ചു മുന്നിലെത്താന്‍ ഒരു മകനും ഒരുക്കമല്ല, ഭര്‍ത്താവിന്റെ പുറകെ ഗമിയ്ക്കാന്‍ ഭാര്യക്കും മോഹമില്ല.പൊയ്‌മുഖങ്ങളെല്ലാം അഴിച്ചുവെച്ച്‌ ജീവിതത്തിലെ തിരക്കുകളോടെല്ലാം വിടപറഞ്ഞ്‌,ആരേയൊക്കയൊ ചവിട്ടിമെതിച്ച്‌,അര്‍ഹതയില്ലാത്ത പലതും വെട്ടിപിടിച്ച്‌, അവസാനം നേടിയതെല്ലാം ഉപേക്ഷിച്ച്‌ വെറുംകയ്യോടെ പോകേണ്ടിവരുന്നതിന്റെ വിമ്മിഷ്ടവും,എല്ലാം വെറുതേയായി, ഒന്നും വേണ്ടായിരുന്നു എന്നു ദ്യോതിപ്പിയിക്കുന്ന ഭാവങ്ങളുമായി ചരമകോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖങ്ങളോട്‌ കുശലം പറയാന്‍ സമയം കണ്ടെത്താറുണ്ട്‌ പത്രവായനാനിമിഷങ്ങളില്‍ ഞാന്‍.."ചിരിയ്ക്കേണ്ടാ, ഇന്നു ഞാന്‍,നാളെ നീ, അത്രയെ ഉള്ളൂ വ്യത്യാസം".. ഉറ്റവരെ പിരിഞ്ഞുപോകുന്നതിന്റെ പരിഭവം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അവരങ്ങിനെ പറയുന്നതുപോലെ തോന്നാറുണ്ടെനിയ്ക്കപ്പോള്‍.

"ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ...സ്വപ്നങ്ങളുണ്ടോ..പുഷ്പങ്ങളുണ്ടോ...വര്‍ണ്ണമരാളങ്ങളുണ്ടോ.. സന്ധ്യകളുണ്ടോ,ചന്ദ്രികയുണ്ടോ, ഗന്ധര്‍വഗീതമുണ്ടോ.... കാമുകഹൃദയങ്ങളുണ്ടോ," ഓര്‍ക്കുന്നില്ലെ വയലാറിന്റെ ഈ വരികള്‍ !.മതിയാവോളം വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..? ഉണ്ടാവില്ല,..തീര്‍ച്ചയായും ഉണ്ടാവില്ല..സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങളുടേ സമ്മര്‍ദ്ദങ്ങളില്‍നിന്നുമുടലെടുക്കുന്ന നൈമിഷകവികാരങ്ങളുടെ കുത്തൊഴുക്കിനെ പ്രതിരോധിയ്ക്കാനാവാതെ മോഹങ്ങളെല്ലാം പാതിവഴിയിലുപേക്ഷിച്ച്‌ പരാജയം സമ്മതിച്ച്‌ സ്വയം എല്ലാം അവസാനിപ്പിച്ച്‌ പടിയിറങ്ങുന്നവരും ജീവിച്ചു കൊതിതീര്‍ന്നവരായിരിക്കില്ലല്ലൊ
...പരസഹായമില്ലാതെ ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ മച്ചിന്‍മുകളിലേയ്ക്കുനോക്കി മലര്‍ന്നുകിടക്കുന്ന വാര്‍ദ്ധക്യനാളുകളില്‍പോലും പൂര്‍വ്വാശ്രമത്തിലെ വീരസാഹസിക നിമിഷങ്ങളുടെ മധുരസ്മരണകള്‍ അയവിറക്കിരസിയ്ക്കുന്ന മനസ്സിനും സ്വന്തം തട്ടകം വിട്ടുപോകാന്‍ തോന്നില്ല. "ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...എനിയ്ക്കിനിയൊരു ജന്മംകൂടി." അരനാഴികനേരത്തിനൊടുവിലെ അവസാനശ്വാസത്തില്‍പോലും ഈ ഒരു പ്രാര്‍ത്ഥന മാത്രമായിരിയ്ക്കും ഓരോ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നത്‌. 

ശാസ്ത്രം ഏറേ പുരോഗമിച്ചിട്ടും ഒരു വിദ്യയ്ക്കും പൂര്‍ണ്ണമായി തടുത്ത നിറുത്താന്‍ കഴിയാത്ത നിദാന്ത സത്യമായി,നിഴലായി മരണം എപ്പോഴും കൂടെത്തന്നെയുണ്ടെന്ന ചിന്ത മനുഷ്യനെ വല്ലാതെ അലസോരപ്പെടുത്തുന്നു..രക്തത്തില്‍ വര്‍ദ്ധിച്ചു വരുന്ന പഞ്ചസാരയുടെ രൂപത്തില്‍, അല്ലെങ്കില്‍ ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ രൂപത്തില്‍ മരണം ഉള്ളില്‍ത്തന്നെ പതിയിരിയ്ക്കുന്നു എന്നറിയുന്ന നിമിഷം മുതല്‍ വല്ലാത്ത കരുതലായിരിയ്ക്കും ആര്‍ക്കും. വ്യായാമം,ആഹാരം അങ്ങിനെ ഓരോ ചെറുചലനങ്ങളില്‍വരെ കനത്ത ജാഗ്രതയായിരിയ്ക്കും...അതുവരെ ചെയ്യാത്ത അഭ്യാസങ്ങള്‍ക്കായി,ജീവിതത്തിലാദ്യമായി ട്രാക്ക്‌സ്യൂട്ടണിയും, ഉറക്കംതൂങ്ങുന്ന മിഴികളുമായി പ്രഭാതസവാരിയ്ക്കിറങ്ങും,എന്നിട്ടോ. ഒടുവില്‍ ഒരു പക്ഷെ ചെന്നെത്തുന്നത്‌ പാതിമയക്കത്തില്‍ പാത തെറ്റി പാഞ്ഞു വരുന്ന പാണ്ടിലോറിയുടെ മുന്നിലേയ്ക്കായിരിയ്ക്കും, തെറിച്ചുവീഴുന്നത്‌ മരണദേവന്റെ കൈകളിലേയ്ക്കായിരിയ്ക്കും.! 

"ഇപ്പോഴും ചെറുപ്പമാണ്‌,..ചെയ്തുതീര്‍ക്കാന്‍  ഒത്തിരി കാര്യങ്ങളും ബാക്കി,.....ഇനിയുംകുറേകാലംകൂടി ജീവിയ്ക്കാന്‍ വല്ലാതെ മോഹം തോന്നുന്നു..ഇപ്പോ കൊണ്ടുപോകാതിരിയ്ക്കാന്‍ പറ്റില്ലെ, ........ഇല്ല അല്ലെ..!" തിരതല്ലിയിളകിമോഹിപ്പിയ്ക്കുന്ന മായാസമുദ്രത്തില്‍ ഇനിയൊരിയ്ക്കലും നീന്തിത്തുടിയ്ക്കാനാവില്ല എന്ന തിരിച്ചറിഞ്ഞ്‌ കൈകാലുകള്‍ കുഴഞ്ഞ്‌ മുങ്ങിത്താഴുമെന്നുറപ്പാകുന്ന ആ നിമിഷത്തില്‍ രക്തത്തില്‍ക്കുളിച്ച്‌ വേദനകൊണ്ടുപിടയുമ്പോഴും ഒരവസാനശ്രമമെന്ന നിലയില്‍ മരണദേവനോട്‌ പതിഞ്ഞ സ്വരത്തില്‍ കേണപേക്ഷിയ്ക്കും..ആ സ്വരത്തിലെ ആര്‍ദ്രതയും, മുഖത്തെ ദയനീയഭാവവും മരണദേവന്റെ കണ്ണുകളേയും ഈറനണിയിയ്ക്കും..എന്തു സാമുദായിക സമവാക്യത്തിന്റെ പേരിലായിരുന്നാലും ഈ ആരാച്ചാരുടെ വകുപ്പ്‌ എന്റെ തലയില്‍തന്നെ കെട്ടിവെയ്ക്കേണ്ടായിരുന്നു,ഒരു നിമിഷം അദ്ദേഹം ദൈവത്തോടു പരിഭവിയ്ക്കും.പിന്നെ, നിസ്സംഗത മനസ്സിലാവാഹിച്ച്‌,മിഴികള്‍പൂട്ടി അനായാസേന ആ ദൗത്യം പൂര്‍ത്തിയാക്കും. അല്ലാതെന്തുചെയ്യും നിസ്സഹായനായ ആ പാവം കര്‍മോല്‍സുകന്‍.!

ജനിച്ചു വീഴുന്ന അമ്പരപ്പില്‍ ആ ഒരു നിമിഷത്തെ കരച്ചിലനപ്പുറം അമ്മിഞ്ഞപാലിന്റെ രുചി അറിയാന്‍ തുടങ്ങുന്ന നിമിഷംമുതല്‍ മായാമോഹങ്ങളാല്‍ ബന്ധിതനാകുന്ന മനുഷ്യനില്‍ ജീവിതത്തിനോടുള്ള ആസക്തി വളരാന്‍ തുടങ്ങുന്നു.ബാല്യത്തില്‍ ഇഴഞ്ഞുനീന്തുന്ന കാമനകള്‍ക്ക്‌ കൗമാരത്തില്‍ വര്‍ണ്ണച്ചിറകുകള്‍ മുളയ്ക്കുന്നു,നിറങ്ങളുള്ള ആകാശം തേടി പട്ടം കണക്കെ പറന്നുയരുന്നു,വിണ്ണില്‍നിന്നും മണ്ണിലേയ്ക്കു പ്രകാശം വാരിവിതറുന്ന സൂര്യ തേജസ്സിന്റെ അഗ്നിച്ചിറകുകള്‍ സ്വന്തമാക്കാന്‍ വെമ്പുന്നു. യൗവ്വനത്തിന്റെ ഉച്ചസ്ഥായിയില്‍ പ്രകമ്പനംകൊള്ളുന്ന തീവ്രാഭിലാഷങ്ങള്‍ എല്ലാ പരിധികളും ലംഘിച്ച്‌ അമ്പരപ്പിയ്ക്കുന്ന ഗതിവേഗം കൈവരിച്ച്‌ അനുഭൂതികളുടെ അഗാധതകളിലേയ്ക്ക്‌ കുതിച്ചുപായുന്നു,.അഗ്നിപര്‍വ്വതത്തിനുസമാനം പൊട്ടിത്തെറിയ്ക്കുന്നു..അപരാഹ്നത്തിലെത്തുമ്പോഴും പൂര്‍ണ്ണമായും അണയാന്‍ മടിച്ചു നില്‍ക്കുന്ന പ്രസരണമുഖത്തുനിന്നും നിലയ്ക്കാതെ ഒഴുകുന്ന ലൗകികാസക്തികളുടെ ലാവാപ്രവാഹത്തില്‍ മുങ്ങിനീരാടുന്ന ആധുനികമനുഷ്യനില്‍ വാനപ്രസ്ഥം എന്ന വാക്കുതന്നെ അസ്വസ്ഥതയുണര്‍ത്തുന്നു. അവസാനമാത്രവരെ മുഴുമിയ്ക്കാന്‍ കഴിയാത്ത കര്‍ത്തവ്യങ്ങളുടെ കര്‍മ്മകാണ്ഡത്തില്‍ നിന്നും മുക്തി ലഭിയ്ക്കാത്ത മനസ്സിന്‌ സന്യാസവും അന്യമാവുന്നു.ഒടുവില്‍ എല്ലാം കഴിഞ്ഞ്‌,ഇഹലോകവാസം അവസാനിപ്പിച്ച്‌ മടങ്ങുന്ന നിമിഷങ്ങളില്‍ നഷ്ടസ്വപ്നങ്ങള്‍ ചിതയില്‍ കത്തിയമരാന്‍ മടിച്ച്‌ ഭീതിദായകമായ ശബ്ദങ്ങളുയര്‍ത്തി പൊട്ടിത്തെറിയ്ക്കുന്നു.! കുഴിമാടത്തിലെ പുതുമണ്ണില്‍ പുല്ലുമുളയ്ക്കും മുമ്പെ തീരാമോഹങ്ങള്‍ വിള്ളലുകള്‍ തീര്‍ക്കുന്നു.!! 
 
***********************************************************************
 
വിചിത്രമായി അല്ലെ ഈ പോസ്റ്റിലെ ചിക്കന്‍പോക്സ്‌ ചിന്തകള്‍.അതങ്ങിനെയല്ലെ വരു അലസമായ മനസ്സ്‌ ചെകുത്താന്റെ പണിപ്പുരയല്ലെ..അവിടെ സദ്‌ചിന്തകള്‍ക്ക്‌ ഒരിയ്ക്കലും സ്ഥാനമുണ്ടാകില്ലല്ലൊ.. എന്തൊക്കെയായാലും പുതിയൊരനുഭവും,അതിന്റെ ഓര്‍മ്മയ്ക്കായി മുഖത്തും ശരീരത്തിലും കുറെ കറുത്ത പാടുകളും,പോസ്റ്റൊരുക്കാന്‍ ഒരുവിഷയവും സമ്മാനിച്ച്‌ ഒന്നുമറഞ്ഞില്ല എന്ന മട്ടില്‍ കള്ളച്ചിരിയുമായി അവള്‍,എന്റെ പ്രിയപ്പെട്ട ഫെബ്രുവരി കടന്നുപോയി..രക്തചന്ദനം,കസ്തൂരി മഞ്ഞള്‍, ഇമാമി ഫെയര്‍നസ്‌ & ഹാന്‍ഡ്‌സം ഇങ്ങിനെ ആരൊക്കയോ നിര്‍ദ്ദേശിയ്ക്കുന്ന എന്തൊക്കയൊ വാരി പുരട്ടി മാര്‍ച്ചിനുപുറകെ ഏപ്രിലും പോകുന്നു,.എന്നിട്ടും കാര്യമായ ഒരു ഫലവുമില്ല.. അറിയാം,ചിക്കന്‍പോക്സിന്റെ ചെറിയ കലകള്‍ മാത്രമല്ല,.ഹൃദയത്തിലേല്‍ക്കുന്ന ആഴമുള്ള മുറിവുകള്‍വരെ ഒരു പാടുപോലുംശേഷിപ്പിയ്ക്കാതെ സാവകാശം മാറ്റിയെടുക്കാന്‍ ആ മാന്ത്രികനെ കഴിയു. കാലമെന്ന മഹാമാന്ത്രികന്‌ !ക്ഷമയോടെ കാത്തിരിയ്ക്കണം എന്നുമാത്രം. ."അച്ഛാ. ഗ്ലാമര്‍ കളയാതെ നോക്കണെ,പെണ്ണുകാണാന്‍ പോകുമ്പോ എനിയ്ക്കു കൂട്ടു വരാനുള്ളതാ...അതു മറക്കേണ്ട..." ചിക്കന്‍പോക്സിനെക്കുറിച്ചറിഞ്ഞപ്പോള്‍ ഫോണിലൂടെ ഏട്ടാം ക്ലാസ്സുകാരന്‍ അപ്പുവിന്റെ ഉപദേശം.! നോക്കണേ ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം,. നമ്മുടെയൊക്കെ തലമുറയില്‍ അച്ഛനോട്‌ ഇങ്ങിനെ തമാശ പറയുമായിരുന്നോ ആരെങ്കിലും....ടിന്റുമോന്റെ സ്വാധീനം അല്ലാതെന്താ! 
 കൊല്ലേരി തറവാടി
24/04/2012

14 comments:

 1. എഴുതിയെഴുതി ഞാന്‍ കാടു കയറുന്നു അല്ലെ. മനപൂര്‍വ്വം തന്നെയാണത്‌...വായനക്കാരില്ലാത്ത എഴുത്തുകാരനും ജീവിതത്തില്‍ ബാധ്യതകളില്ലാത്ത മനുഷ്യനും ഒരര്‍ത്ഥത്തില്‍ ഭാഗ്യവാനാണ്‌.സര്‍വ്വതന്ത്രസ്വതന്ത്രന്‍.ആരോടും കടപ്പാടില്ലാതെ,ആരുടെയും അനുവാദത്തിനു കാത്തു നില്‍ക്കാതെ ഒരു പരിധിയും പരിമിതിയുമില്ലാതെ ഏതു മേഖലയിലൂടെ വേണമെങ്കിലും സഞ്ചരിയ്ക്കാം, ഏതു നിലവാരത്തിലേയ്ക്കും താഴ്‌ന്നു പറക്കാം..സ്വയം മടുക്കുന്നുവെന്നുതോന്നുമ്പോള്‍ അവസാനിപ്പിച്ചു മടങ്ങാം, യാത്ര പറയാന്‍കൂടി ആരുമില്ല എന്ന തിരിച്ചറിവോടെ, ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ അദൃശ്യതയില്‍ പോയി ഒളിയ്ക്കാം.

  ക്ഷമിയ്ക്കണം, ഒരു നന്ദിവാക്കുപോലുംതിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും എന്റെ കമന്റ്‌ ബോക്സില്‍ സ്ഥിരമായി വന്ന്‌ ഞാനര്‍ഹിയ്ക്കന്നതില്‍ കൂടുതല്‍ നല്ലവാക്കുകള്‍ പറഞ്ഞ്‌ എനിയ്ക്കു പ്രചോദനമാകുന്ന പ്രിയപ്പെട്ടവരെ മറന്നു കൊണ്ടല്ല ഞാനിങ്ങിനെ എഴുതിയത്‌.മാതൃത്വം,പിതൃത്വം,സാഹോദര്യം,സൗഹൃദം,അല്ലെങ്കില്‍ അതിനുമപ്പുറം മറ്റേതോ ബന്ധങ്ങള്‍..അങ്ങിനെ മുജന്മങ്ങളിലേതിലേയോ ഏതൊക്കയോ ബന്ധങ്ങളിലെ പറഞ്ഞുതീരാതെ ബാക്കിയായ സ്നേഹത്തിന്റെ,കാരുണ്യത്തിന്റെ വാല്‍സല്യത്തിന്റെ ബഹിര്‍സ്പുരണമായിരിയ്ക്കാം പലപ്പോഴും മനുഷ്യര്‍ക്കിടയിലെ അര്‍ഹിയ്ക്കുന്നതിലുമപ്പുറമുള്ള ഇത്തരം നല്ല വാക്കുകള്‍ക്കും സംവേദനങ്ങള്‍ക്കും നിദാനം എന്നു തോന്നാറുണ്ടെനിയ്ക്ക്‌."

  നന്ദി,വീണ്ടു വരണം, വായിയ്ക്കണം" എന്നൊക്കയുള്ള തീര്‍ത്തും ഔപചാരികമായ മറുകുറിപ്പുകളില്‍ ഒതുക്കാതെ സ്നേഹവും.കടപ്പാടുമെല്ലാം കരുതലോടെ മനസ്സില്‍ തന്നെ ഞാന്‍ സൂക്ഷിയ്ക്കുന്നു.!കാരണമെന്താണന്നല്ലെ...ഈ ജന്മത്തിനുമപ്പുറം വരാന്‍പോകുന്ന ജന്മങ്ങളിലേതിലെങ്കിലും പ്രപഞ്ചത്തിലെ മറ്റേതെങ്കിലും കോണില്‍വെച്ച്‌ ഈ ബൂലോകത്തിനുസമാനമായ ഒരു മനോഹരകൂട്ടായ്മയില്‍,അല്ലെങ്കില്‍ മറ്റേതെങ്കിലും സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ഥ രൂപങ്ങളില്‍ ,ഭാവങ്ങളില്‍ കണ്ടുമുട്ടുമ്പോള്‍ ഹൃദയത്തിന്റെ ഭാഷയില്‍ തിരികെ നല്‍കാനായി!

  .എത്ര മനോഹരമായ ചിന്ത അല്ലെ..!അതിന്‌ അന്ന്‌ വരമൊഴി ഉണ്ടാവുമോ...മലയാള ഭാഷ തന്നെ ഉണ്ടാവുമോ ആവോ.? ഒന്നു മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ ഏതൊരു നിരക്ഷരന്റേയും വിരല്‍ത്തുമ്പുകളിലേയ്ക്കിറങ്ങി വന്ന്‌ വാക്കുകളും വരികളും വരകളുമായി നൃത്തം ചെയ്യുന്ന അക്ഷരദേവതയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഭാഷയല്ലെ,..ദൈവത്തിന്റെ സ്വന്തം ഭാഷ..അമ്മമലയാളം..അനശ്വരമായിരിയ്ക്കും അത്‌ ഈ പ്രപഞ്ചമുള്ളിടത്തോളം കാലം......തീര്‍ച്ച..

  അടുത്ത പോസ്റ്റുമായി വീണ്ടും കാണുന്നതുവരെ നന്ദി, നമസ്കാരം.

  ReplyDelete
 2. ഡബ്ല്യൂ . ബി. യീറ്റ്സിന്റെയാണെന്ന് തോന്നുന്നു പണ്ട് ഒരു കവിത പഠിച്ചത് ഓർമ്മ വരുന്നു...

  ചെറുപ്രായത്തിൽ ഈ ലോകത്തോട് യാത്ര പറഞ്ഞ് പോകുന്നവർ മനുഷ്യ ഹൃദയങ്ങളിൽ എന്നും യുവാക്കളായി ജീവിക്കുന്നു...അതു കൊണ്ട് അവർ ഭാഗ്യം ചെയ്തവർ...

  പതിവ് പോലെ കൊല്ലേരി ഭൂമിയുടെ ഒരറ്റത്ത് നിന്ന് യാത്ര തുടങ്ങി പ്രദക്ഷിണം വച്ച് തിരികെയെത്തി...

  ReplyDelete
 3. ശരിയാണ്.അസുഖം ബാധിക്കുമ്പോഴാണ് നമ്മുടെ ചിന്തകള്‍ക്കെല്ലാം
  ചിറകുമുളയ്ക്കുന്നത്.എവിടെയെല്ലാം പാറിപ്പറന്നെത്തും.
  നന്നായിരിക്കുന്നു രചന.
  ആശംസകള്‍

  ReplyDelete
 4. "ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ...സ്വപ്നങ്ങളുണ്ടോ..പുഷ്പങ്ങളുണ്ടോ...വര്‍ണ്ണമരാളങ്ങളുണ്ടോ.. സന്ധ്യകളുണ്ടോ,ചന്ദ്രികയുണ്ടോ, ഗന്ധര്‍വഗീതമുണ്ടോ.... കാമുകഹൃദയങ്ങളുണ്ടോ," ഓര്‍ക്കുന്നില്ലെ വയലാറിന്റെ ഈ വരികള്‍ !.മതിയാവോളം വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..? .......നമ്മുടെ നിത്യ ഹരിത നായകന്‍ പ്രേ നസീര്‍ മരിച്ചപ്പോള്‍ ചാനലുകളില്‍ നിറഞ്ഞു നിന്ന ഈ ഗാനം ഇന്നും ഓര്‍മ്മയുണ്ട്.പത്രങ്ങളില്‍ സത്യ സന്ധമായി എഴുതപ്പെടുന്ന കോളം ചരമ കോളം തന്നെയാണ്,യാതൊരു സംശയവുമില്ല.എത്ര സമയമില്ലെങ്കിലും പോസ്റ്റുകള്‍ വായിച്ചില്ലെങ്കിലും കൊല്ലേരിയുടെ ഈ വെളിപാടുകള്‍ ഞാന്‍ പതിവായി വായിക്കാറുണ്ട്. ജീവിത ഗന്ധിയായ എന്തെങ്കിലും കാണാന്‍ കഴിയുന്നതു കൊണ്ടു മാത്രമാണത്.പോസ്റ്റ് മോര്‍ട്ടം ടാബിളില്‍ നിന്നു നേരെ അടുക്കളയിലേക്ക് വരുന്ന അലിയാരിക്കയെപ്പോലുള്ളവരെ വേറെ എവിടെ കണ്ടെത്താനാവും. അപ്പുവിന്റെ ഉപദേശം ടിന്റു മോന്റെ സ്വാധീനം തന്നെ, സംശയമില്ല!...

  ReplyDelete
 5. എത്ര മഹത്തായ ചിന്തകൾ

  ReplyDelete
 6. വെറുതേയിരിയ്ക്കുന്ന നേരങ്ങളില്‍ കാടു കയറി ചിന്തിയ്ക്കുന്നത് സ്വാഭാവികം തന്നെ, മാഷേ...

  ReplyDelete
 7. വായിച്ചു, കൊല്ലേരിയുടേതല്ലേ എന്ന് വിചാരിച്ച്.....ഇപ്പോ ഒരു കമന്റും എഴുതുന്നില്ല. അങ്ങനെ എടുപിടീന്ന് കമന്റ് എഴുതാൻ കഴിയില്ല. ഒരുപാട് കാര്യങ്ങൾ ഒറ്റയടിയ്ക്ക് വായിച്ചാൽ എന്റെ പാവം തല പരുങ്ങലിലാവും. ഞാൻ കുറച്ചു കഴിഞ്ഞ് വരാം.....

  എന്തായാലും എഴുത്ത് കേമം തന്നെ.

  ReplyDelete
 8. കൊല്ലേരി, വായനയുടെ ശാസ്ത്രം..വായിച്ചവര്‍ പിന്നെ
  പകുതിയും മറക്കും..
  എന്നാലും അത് പോലെ കൊല്ലെരിയെ വായിക്കുന്നവരും
  അല്‍പ സമയം ഇതൊക്കെ ഒന്ന് ചിന്തിക്കാതെ ഇരിക്കില്ല..
  അത്ര പ്രധാനപ്പെട്ട കാര്യങ്ങള്‍ ആണ് പങ്കു വെയ്ക്കുന്നത്..
  ഫോരെന്സിക് ലാബ്‌ ചിന്തകള്‍ പോലെ ഒരു പക്ഷെ ചിന്തിക്കാന്‍
  ഇഷ്ട്ടപ്പെടാത്തവയും കാണും അല്ലെ?

  ഇതില്‍ ഓര്‍ത്തിരിക്കാന്‍ എനിക്ക് വളരെ ഉണ്ട്....
  എങ്കിലും ഒന്ന് മാത്രം സൂചിപ്പിക്കുന്നു....

  ഒത്തിരി അഹങ്കാരിയും ഒത്തിരി നിഷേധിയും ആക്കാതെ
  കാത്തു കൊള്ളണെ എന്ന പ്രാര്‍ഥന..(ഹ..അവിടെയും സ്വാര്ഥത ‍
  തന്നെ..എനിക്കൊന്നും വയ്യ എന്നെ നോക്കിക്കോണേ എന്ന്..!!)
  ആശംസകള്‍ ....

  ReplyDelete
 9. "അച്ഛാ. ഗ്ലാമര്‍ കളയാതെ നോക്കണെ,പെണ്ണുകാണാന്‍ പോകുമ്പോ എനിയ്ക്കു കൂട്ടു വരാനുള്ളതാ...അതു മറക്കേണ്ട...
  അതുകലക്കി ...

  നല്ല എഴുത്ത്.ആശംസകള്‍.

  ReplyDelete
 10. കൊല്ലേരിയുടെ എഴുത്തുകള്‍ വായിക്കുന്നത് വളരെ സന്തോഷകരമാണ്.

  ReplyDelete
 11. ഏത് തിരക്കിനിടയിലും ഇവിടെ ഈ തരവാട്ടുമുറ്റത്ത് വന്ന് റൊന്ത് ചുറ്റുന്നതിന് ..
  ഇപ്പോൾ നന്ദിയില്ലെങ്കിലും ...
  പിന്നീട് ‘എന്താ’യിട്ടുംസ്വീകരിക്കുവാൻ തയ്യാറാണ് കേട്ടൊ ഭായ്

  ReplyDelete
 12. ക്ഷമിയ്ക്കണം, ഒരു നന്ദിവാക്കുപോലുംതിരിച്ചു കിട്ടില്ല
  എന്നറിഞ്ഞിട്ടും എന്റെ കമന്റ്‌ ബോക്സില്‍ സ്ഥിരമായി വന്ന്‌
  ഞാനര്‍ഹിയ്ക്കന്നതില്‍ കൂടുതല്‍ നല്ലവാക്കുകള്‍ പറഞ്ഞ്‌ എനിയ്ക്കു
  പ്രചോദനമാകുന്ന പ്രിയപ്പെട്ടവരെ മറന്നു കൊണ്ടല്ല ഞാനിങ്ങിനെ എഴുതിയത്‌.

  ഇത്ര നന്നായി ചില കൊച്ചുകാര്യങ്ങളിലൂടെ
  അനേകം കാര്യങ്ങൾ വിളിച്ചോതുന്ന കൊല്ലേരിയോടെല്ലേ
  വായനക്കാർ പ്രഥമമായ് നന്ദി ചൊല്ലേണ്ടത് അല്ലേ ഭായ് ...

  ReplyDelete
 13. നല്ല വരികള്‍, ചിന്തകള്‍,. അഭിനന്ദനങ്ങള്‍

  ReplyDelete
 14. നല്ല വരികള്‍, ചിന്തകള്‍,. അഭിനന്ദനങ്ങള്‍

  ReplyDelete