Tuesday, August 17, 2010

പ്രവാസിയുടെ ഒരുക്കം - അദ്ധ്യായം-2 (തോമസ്സുട്ടി)

മേഴ്‌സിയ്ക്കു ഡേ ഡ്യുട്ടിയുള്ള വെള്ളിയാഴ്ചകളില്‍ ആല്‍വിനേയും ആന്‍സുവിനെയും "സണ്‍ഡേ ക്ലാസ്സിലാക്കി,.. പപ്പേട്ടനെയും കൂട്ടിയെ അവന്‍ ഫ്ലാറ്റിലെയ്ക്കു മടങ്ങാറുള്ളു....നന്നായി കുക്കു ചെയ്യുമായിരുന്നു തോമസ്സുട്ടി....പപ്പന്റെ സാന്നിധ്യത്തില്‍ അവന്റെ കുക്കിംഗ്‌ വൈദിഗ്ദ്യം അരങ്ങു തകര്‍ക്കാന്‍ തുടങ്ങും

"നോണ്‍ ഐറ്റംസ്‌ ഉണ്ടാക്കുന്ന കാര്യത്തില്‍ മേഴ്‌സിയേക്കാള്‍ കൈപ്പുണ്യം നിനക്കാണല്ലൊ തോമസുട്ടി...ഇത്രയും നന്നയി കുക്ക്‌ ചെയ്യാന്‍ എങ്ങിനെ പഠിച്ചു നീ....."

തോമസുട്ടി മെല്ലെ തലയുയര്‍ത്തി പപ്പേട്ടെനെ നോക്കി മെല്ലെ ചിരിച്ചു...ആ ചിരിയ്ക്കു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടായിരുന്നു...ജീവിതത്തിന്റെ പരുപരുത്തവശങ്ങളെക്കുറിച്ചു പപ്പേട്ടെനെന്തറിയാം എന്നൊരു ഭാവം ആ മുഖത്തു നിഴലിച്ചിരുന്നു..

കിച്ചണിലെ കബോഡിന്റെ താഴത്തെ തട്ടില്‍ ഒളിപ്പിച്ചു വെച്ച, അറാംകൊ-ക്യാമ്പില്‍നിന്നും സംഘടിപ്പിച്ച, വീര്യമുള്ള ശീമബോട്ടില്‍ പുറത്തെടുക്കുകയായിരുന്നു അവനപ്പോള്‍.....

"പപ്പേട്ട,.. പപ്പേട്ടെന്‍ ഭാഗ്യവാനാണ്‌....ഗള്‍ഫ്‌ ജീവിതത്തിന്റെ കാഠിന്യം, തിക്തത ഇതൊന്നും അനുഭവിയ്ക്കേണ്ടി വന്നിട്ടില്ല ഇതുവരെ....തെറ്റില്ലാത്തൊരു കമ്പനിയില്‍ നല്ലൊരു പൊസിഷനിലുള്ള തുടക്കം...അധികം വൈകാതെ ജീവിതത്തിലേയ്ക്കുള്ള രാധികചേച്ചിയുടെ കടന്നു വരവ്‌...ഒരു നിമിഷം പോലും പിരിയാതെ വര്‍ഷങ്ങളൊളം നീണ്ടു നിന്ന ചേച്ചിയുടെ നിറസാന്നിധ്യം.....നാട്ടിലാണെങ്കില്‍ വലിയ പ്രാരാബ്ദങ്ങളും ഉണ്ടായിരുന്നില്ല...

എന്റെയൊന്നും കാര്യം ഇതൊന്നുമല്ലായിരുന്നല്ലൊ പപ്പേട്ടാ,...,... രാധികചേച്ചിയെപോലെ ഹൗസ്‌ വൈഫും അല്ലല്ലൊ മേഴ്‌സി...

വര്‍ഷങ്ങളായി ഞാന്‍ ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ട്‌...ഇതൊന്നുമല്ല പപ്പേട്ട..!..ഇതിലപ്പുറവും ചെയ്യേണ്ടി വന്നിട്ടുണ്ട്‌ .......

അറാംകോ ക്യാമ്പില്‍ നിന്നും സംഘടിപ്പിച്ച സായിപ്പിന്റെ നിറമുള്ള, വീര്യമുള്ള വെള്ളത്തില്‍ സെവന്‍ അപ്‌ പതഞ്ഞു നിറഞ്ഞു....അതു മെല്ലെ തോമാസുട്ടിയുടെ അന്നനാളത്തിലെയ്ക്കു ഒഴുകിയിറങ്ങി.

അവന്റെ പാചകത്തിന്റെയും ഒപ്പം വാചകത്തിന്റെയും ലഹരിയുടെ ആക്കം കൂടാന്‍ തുടങ്ങി..ഗ്യാസ്‌- സ്റ്റൗവ്‌ ബര്‍ണറില്‍ കത്തിപടര്‍ന്ന തീനാളങ്ങള്‍ കരുത്തോടെ കത്തു കയറാന്‍ തുടങ്ങിയിരുന്നു.........

"അന്ന്‌ കഫീലിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്ലമ്പിങ്ങിന്റേയും വയറിങ്ങിന്റേയും ചാര്‍ജായിരുന്നു എനിയ്ക്ക്‌..

കേരളവര്‍മയില്‍ ബി.എ. മലയാളം ഫൈനല്‍ ഇയറിന്നു പഠിയ്ക്കുന്ന സമയത്ത്‌ രാഷ്ട്രീയം കളിച്ച്‌,... കളി മൂത്ത്‌ വിദ്യാര്‍ത്ഥിപരിഷത്തിലെ രാധാകൃഷന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ കോളേജില്‍ നിന്നു പുറത്തായ ശേഷം, രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം നാട്ടിലെ ആസ്ഥാന ഇലക്ട്രീഷ്യന്‍ രാമകൃഷണനാശന്റെ ശിഷ്യനായി നടന്നതു ഗുരുത്വമായി ഭവിച്ചു....ജോലിയില്‍ പെട്ടന്നു ഷൈന്‍ ചെയ്യാന്‍ കഴിഞ്ഞു....

അക്കാലത്തെ ബാച്ചിലര്‍-ലൈഫില്‍ വ്യാഴാഴ്ചകളിലെ പതിവു "വെള്ളകമ്പനിയില്‍" അതിഥിതാരമായെത്തി നിറഞ്ഞു നിന്നിരുന്ന മത്തായിചേട്ടന്‍ വഴി തികച്ചു ആകസ്മികമായിരുന്നു മേഴ്‌സിയുമായുള്ള കല്യാണപ്രപ്പോസലിന്റെ തുടക്കം.

" തോമസുട്ടി...നിന്റെ ഗ്ലാമറിനും രീതികള്‍ക്കും ചേരുന്ന നല്ലൊരു മിടുക്കിപെണ്ണുണ്ടടാ....നമുക്കൊന്നാലോചിച്ചാലോ......ഇത്തിരി നിറം കുറവാണ്‌...അല്ലെങ്കില്‍ത്തന്നെ സായ്പ്പിന്റെ വെളുപ്പുള്ള നിന്റെ നിറത്തിനു ചേര്‍ന്ന പെണ്ണിനെ കിട്ടുക അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ"




മത്തായിചേട്ടനു കള്ളു തലയ്ക്കു പിടിയ്ക്കാന്‍ തുടങ്ങിയിരുന്നു...

ഒരു കല്യാണത്തിനെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍....

അനിയത്തിമാരായ മോളിയുടേയും റീത്തയുടേയും കല്യാണങ്ങള്‍ ഒന്നിച്ചു നടത്തിയതിന്റെ ക്ഷീണം തീര്‍ന്നു വരുന്നതിനിടയിലാണ്‌ ഇളയപെങ്ങള്‍ ബി.എഡു കാരി സോഫിയക്ക്‌ കോഴ്‌സുകഴിഞ്ഞയുടനെത്തന്നെ ഇടവകപള്ളിസ്കൂളില്‍ ജോലി ശരിയാവുന്നത്‌.....കര്‍ത്താവിന്റെ കൃപയുണ്ടായിരുന്നിട്ടുപോലും അതിനും കൊടുക്കേണ്ടി വന്നു ലക്ഷങ്ങള്‍.....

അവിടെയിവിടെയായി ഓരോരോ അഡ്‌ജസ്റ്റുമെന്റുകളുടെ പുറത്തു എങ്ങിനെയൊക്കയൊ കാര്യങ്ങള്‍ നടന്നു പോകുകയായിരുന്നു....ഇനി സോഫിമോളുടെ കല്യാണം കൂടി നടത്തി സ്വസ്ഥമായിത്തീര്‍ന്നതിനുശേഷം മാത്രം മതി സ്വന്തം കാര്യം എന്നായിരുന്നു മനസ്സില്‍ കരുതിയിരുന്നത്‌....

" എടാ കന്നാലി,.. മത്തായി ചേട്ടന്‍ ഒരു നല്ലകാര്യവുമായി വരുമ്പോള്‍ ഓരോ മൊടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇടങ്കോലീടാന്‍ നോക്കുന്നോടാ ശവി ...നീ ഒന്നു പോയി കണ്ടുനോക്ക്‌....എന്നിട്ട്‌ വേണെങ്കില്‌.. നല്ല മനസ്സുണ്ടെങ്കില്‌ മാത്രം കെട്ടിയാല്‍ മതി.....ആരും നിന്നെ നിര്‍ബന്ധിക്കാനൊന്നുംവന്നില്ലല്ലോ....."

സത്യത്തില്‍, കള്ളു മൂത്ത അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്ണുകാണല്‍ചടങ്ങിനു അവസാനം ഞാന്‍ സമ്മതിയ്ക്കുകയായിരുന്നു...

മുന്നിലിരുന്ന അരകുപ്പി ഒരുതുളിവെള്ളംപോലും ചേര്‍ക്കാതെ ഒറ്റയടിയ്ക്കു എടുത്തു വീശുകയായിരുന്നു...അത്രയ്ക്കധികം ടെന്‍ഷന്‍ ഉണ്ടയിരുന്നു മനസ്സിലപ്പോള്‍...

ഞങ്ങളെല്ലാവരും സ്നേഹപൂര്‍വ്വം "കള്ളുമത്തായി" എന്നു വിളിച്ചിരുന്ന മത്തായിചെട്ടന്റെ വൈഫിന്റെ ഹോസ്പിറ്റലില്‍ ആയിരുന്നു മേഴ്‌സി വര്‍ക്കു ചെയ്തിരുന്നത്‌..അവര്‍ ഒരേ നാട്ടുകാരികളും ആയിരുന്നു.

ഒരു വെള്ളിയാഴ്ച്ച മത്തായിചേട്ടന്റെ ഫ്ലാറ്റില്‍വെച്ചായിരുന്നു പെണ്ണുകാണല്‍.....


കറുത്തിരുണ്ടിട്ടാണെങ്കിലും നീണ്ടുമെലിഞ്ഞ്‌ രൂപഭംഗിയും മുഖസൗന്ദര്യവുമുള്ള മേഴ്‌സിയോട്‌ ആദ്യനിമിഷങ്ങളില്‍ത്തന്നെ എനിയ്ക്കെന്തോ വല്ലാത്ത അടുപ്പം തോന്നാന്‍ തുടങ്ങിയിരുന്നു....

അന്യോന്യം കണ്ടും..പിന്നെ കുറേ നേരം ഒറ്റയ്ക്കിരുന്നു സംസാരിച്ചും മെല്ലെ മെല്ലെ ഇരുവരുടെയും മനസ്സുകള്‍ പരസ്പരം പൊരുത്തപെടുകയായിരുന്നു.....

കണ്ണുകള്‍ തമ്മില്‍തമ്മില്‍ കോര്‍ത്തുടക്കിയ ഏതോ ഒരു നിമിഷം... മൗനം വല്ലാതെ വാചാലമായ ആ നിമിഷം...ബന്ധുക്കളുടെ അകമ്പടിയില്ലാതെ...പുരോഹിതന്‍മാരുടെ കാര്‍മികത്വമില്ലാതെ ഞങ്ങളുടെ മനസ്സമതം നടയ്ക്കുകയായിരുന്നു.....

മത്തായിചേട്ടന്റെ അതിഥികളായി ഉച്ചയ്ക്കു ഊണുകഴിച്ചു പിരിയുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരായിരുന്നു......

പിന്നെ എല്ലാം പെട്ടന്നായിരുന്നു...നാട്ടില്‍ രണ്ടുവീട്ടുകാരും പരസ്പരം ആലോചിച്ചുതീരുമാനിച്ചുറപ്പിച്ചു.....

അങ്ങിനെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കാരി മേഴ്‌സി തൃശ്ശൂര്‍ ജില്ലയിലെ ഓലകുടിക്കാരന്‍ തോമസുട്ടിയുടെ ജീവിതസഖിയായി......


കല്യാണം കഴിയ്ക്കുന്ന സമയത്ത്‌ മേഴ്‌സിയ്ക്കു മിനിസ്ട്രിയിലൊന്നുമല്ലായിരുന്നല്ലൊ ജോലി....ഒരു സ്വകാര്യ ആശുപത്രിയിലെ തുടക്കക്കാരിമാത്രമായിരുന്നു അന്നവള്‍... രണ്ടുപേര്‍ക്കും ശമ്പളം കുറവായിരുന്നു....എന്നെപോലെതന്നെ അവളുടെ വീട്ടിലും ബാധ്യതകള്‍ അനവധിയുണ്ടായിരുന്നു...

ജീവിതം തുടങ്ങിയ ആദ്യ വര്‍ഷങ്ങള്‍...ശരിയ്ക്കും കഷ്ടപാടിന്റെ നാളുകളായിരുന്നു..

ആ ദുരിതങ്ങള്‍ക്കു നടുവിലാണ്‌ ആല്‍വിന്റെ ജനനം..അവള്‍ തുടര്‍ച്ചായി നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്തു.....ഞാന്‍ എന്നും ഡേ-ഡ്യുട്ടിയും....അങ്ങിനെ ഷിഫ്റ്റാടിസ്ഥാനത്തില്‍ ഒരേ സമയം അച്ഛന്റേയും അമ്മയുടേയും റോളുകള്‍ ചെയ്തു വളരെ ക്ലേശത്തോടെയാണ്‌ ഞങ്ങള്‍ അവനെ വളര്‍ത്തിയത്‌...

മഹാ വികൃതിയായിരുന്നു ആല്‍വിന്‍ അന്ന്‌...രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ സമ്മതിയ്ക്കില്ലായിരുന്നു.... ചില ദിവസങ്ങളില്‍ രാവിലെ ജുബെയിലിലെ സൈറ്റിലേയ്ക്കു ജോലിക്കാരുമായി പിക്കപ്പുമോടിച്ചു പോകുമ്പോള്‍ കണ്ണടഞ്ഞു പോകാറുണ്ടായിരുന്നു... കര്‍ത്താവു കാത്തു രക്ഷിയ്ക്കുകയായിരുന്നു പലപ്പോഴും....

ജുബെയിലിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍നിന്നും മടങ്ങി റൂമിലെത്തുമ്പോഴേയ്ക്കും ഒരു പാടു വൈകിയിരിയ്ക്കും... കുഞ്ഞിനെ തൊട്ടടുത്ത ഫ്ലാറ്റിലെ ബെംഗ്ലാദേശി കുടുംബത്തെ ഏല്‍പ്പിച്ചു മേഴ്‌സി ഡ്യുട്ടിയ്ക്കു പോയിട്ടുണ്ടാവും അപ്പോഴേയ്ക്കും...

ഓരേ നാട്ടില്‍ ജോലിചെയ്തിട്ടും, ഒരേ കൂരയില്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിട്ടും... ഒരിയ്ക്കല്‍പോലും പരസ്പരം കാണാന്‍ കഴിയാത്തെ എത്രയോ ദിവസങ്ങള്‍... പറഞ്ഞാല്‍ ഒരു പക്ഷെ പപ്പേട്ടനെപൊലെ ഒരാള്‍ക്ക്‌ പെട്ടന്നു വിശ്വസിയ്ക്കാന്‍ കഴിയില്ല... മൊബൈല്‍ ഫോണുകളൊന്നും സജീവമല്ലായിരുന്ന കാലം...പരസ്പരം കാണാന്‍ കഴിയാതെ,... ഒന്നു മിണ്ടാന്‍ പോലും കഴിയാതെ ദാമ്പത്യജീവിതം മുന്നോട്ടുപോയ നാളുകള്‍..

"അച്ചായോ കാര്യങ്ങളൊക്കെ നോട്ട്ബുക്കില്‍ എഴുതിവെച്ചിട്ടുണ്ട്‌...നേരം വൈകി പോട്ടെ. നാളെ കാണാം..."

അതും പറഞ്ഞു, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌,...കയ്യുംവീശി,.. സ്റ്റെപ്‌സ്‌ ഓടിയിറങ്ങി, ഒരു മാടപ്രാവിനെപോലെ താഴെ പാര്‍ക്കു ചെയ്ത കൊച്ചു വാനില്‍ കയറിപോകുന്ന മേഴ്‌സിയെ ഒരു മിന്നായംപോലെ നോക്കിനിന്നു നെടുവീര്‍പ്പിടാനെ കഴിയാറുള്ളു പലപ്പോഴും.... .

ഫ്രിഡ്‌ജിന്റെ പുറത്തെ നോട്ട്‌ ബുക്കിലെ വരികളിലൂടെയായിരുന്നു പ്രധാനമായും അക്കാലത്തെ ആശയവിനിമയം..ആല്‍വിന്റെ ഭക്ഷണം, അവന്റെ ആരോഗ്യം,. പനി,...ടെമ്പറച്ചര്‍, കൊടുക്കെണ്ട മരുന്നുകള്‍,... കരന്റു ബില്ല്, വാട്ടര്‍ ബില്ല്‌..നാട്ടില്‍ അമ്മച്ചിയുടെ കത്തിലെ വിശേഷങ്ങള്‍..ഇങ്ങിനെ കാര്യമാത്രപ്രസക്തമായിരുന്നു കുറിപ്പുകളിലെ ഉള്ളടക്കം..
.
"നിനക്കു സുഖമല്ലെ മേഴ്‌സി,....തുടര്‍ച്ചയായ നൈറ്റ്‌ ഷിഫ്റ്റ്‌ വല്ലാത്ത ക്ഷീണം ഉണ്ടാക്കുന്നുണ്ടൊ,....ആരോഗ്യം ശ്രദ്ധിയ്ക്കണം,....ഒരുദിവസം ലീവെടുത്തുടേ,.... ഒരു മാസമാകാറയില്ലെ പെണ്ണേ ഒന്നു മിണ്ടീം പറഞ്ഞുമിരുന്നിട്ട്‌.........

"അച്ചായാ, ഹുമിഡിറ്റി തുടങ്ങി..സൂക്ഷിയ്ക്കണം....ഒരുപാടു വെയില്‍കൊള്ളുന്നതല്ലെ....ധാരാളം വെള്ളം കുടിയ്ക്കണം.... "

ഇങ്ങിനെ കൊച്ചുകൊച്ചു സ്നേഹസന്ദേശങ്ങളൊന്നും എഴുതിവെയ്ക്കാന്‍,.. എന്തോ രണ്ടുപേര്‍ക്കും തോന്നാറില്ലായിരുന്നു..

ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍ അതിനുള്ള ആര്‍ദ്രതയൊന്നും ഞങ്ങളുടെ മനസ്സുകള്‍ക്കില്ലായിരുന്നു ആ നാളുകളില്‍...

ഡ്യൂട്ടി സമയം നോക്കിയുള്ള നെട്ടോട്ടത്തിനിടയില്‍ സമയവും കിട്ടില്ലായിരുന്നു.. ..
എങ്കിലും രണ്ടു പേര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ പൂര്‍ണ്ണമായും കഴിഞ്ഞിരുന്നു....

ലീവെടുക്കാനോ,.. ഓവര്‍ടൈം കളയാനോ പറ്റാത്ത അവസ്ഥയായിലായിരുന്നു കാര്യങ്ങള്‍....
ഓരോ റിയാലിനും ഒരുപാടു വിലയായിരുന്നു..ഒരുപാടാവാശ്യങ്ങളായിരുന്നു....

നാട്ടില്‍ അപ്പനെ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച്‌ സീരിയസ്സായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്ത കാലമായിരുന്നു അത്‌....

മേഴ്‌സിയുടെ അനിയത്തിയ്ക്കു കുവൈറ്റിലേയ്ക്കു വിസ റെഡിയായിരുന്ന സമയം...

അതിനും വേണമായിരുന്നു ഒരു പാട്‌ പണം...

രണ്ടറ്റവും കൂട്ടിമുട്ടിച്ച്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ വല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു...ശരിയ്ക്കും ചക്രശ്വാസം വലിയ്ക്കുകയായിരുന്നു...

ഇതിനിടയില്‍ സ്വന്തം മോഹങ്ങളുടെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു തൃപ്തിയടയാന്‍ അവസരങ്ങളില്ലാതെ ജീവിതം സമാന്തരമായി മുന്നോട്ടു പോകുന്നത്‌ നിസ്സഹായരായി നോക്കി നിന്ന്‌ നെടുവീര്‍പ്പിടാന്‍ വിധിയ്ക്കപ്പെടുകയായിരുന്നു ഇരുവരും.......

കഷ്ടപ്പാടറിഞ്ഞു കര്‍ത്താവു കൊണ്ടുത്തന്നതു പോലെയായിരുന്നു അയല്‍വക്കത്തെ ഫ്ലാറ്റിലെ ബെംഗാളാദേശി കുടുംബം....

ആ വീട്ടിലെ അമ്മയും അവരുടെ മൂന്നു പെണ്‍മക്കളും ആല്‍വിനെ പൊന്നു പൊലെയാണ്‌ നോക്കിയിരുന്നത്‌....

ആണ്‍മക്കളില്ലാത്ത അവര്‍ക്ക്‌ ആല്‍വില്‍ സ്വന്തം മകനെപോലെയായിരുന്നു.....പെണ്‍കുട്ടികള്‍ക്കവന്‍ സ്വന്തം അനിയന്‍ തന്നെയായിരുന്നു....

അവരുടെ വീട്ടിലാണ്‌ അവന്‍ ആദ്യം പിച്ചവെച്ചു നടന്നു തുടങ്ങിയത്‌....

ആല്‍വിന്റെ മൂത്രത്തിന്റെ ചൂടും ചൂരും ആ വീട്ടിലെ കാര്‍പെറ്റുകള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കും പരിചിതമായിരുന്നു....

"അമ്മ" എന്നതിനു പകരം "മാം" എന്നു ഉച്ചരിച്ചുകൊണ്ടാണ്‌ ആല്‍വിന്‍ ആദ്യാക്ഷരമന്ത്രത്തിന്‌ തുടക്കം കുറിച്ചത്‌...

"അച്ചായോ വന്നുവന്ന്‌ ഇനി അവന്റെ സംസാരം മുഴുവന്‍ ബംഗാളി ഭാഷായിലാകുമോ എന്നാ എന്റെ പേടി.."...മേഴ്‌സിയുടെ ആ സംശയത്തില്‍ ന്യായമില്ലെ എന്ന്‌ എനിയ്ക്കും തോന്നാതിരുന്നില്ല...

ഭാവിയില്‍ അവനൊരു "ബന്ധുഭായി"ആയി മാറുന്ന രംഗമോര്‍ത്ത്‌ ഇരുവരും ഒരുപാടു ചിരിച്ചുല്ലസിയ്ക്കുകയായിരുന്നു...അപൂര്‍വ്വമായി വീണുകിട്ടുന്ന ഏകാന്തസുന്ദരകുടുംബനിമിഷങ്ങള്‍ക്കു തൊടുകുറിയണിയിച്ചു തുടക്കം കുറിയ്ക്കുകയായിരുന്നു ഞങ്ങളപ്പോള്‍....

ക്രമേണ കാലം തെളിയുകയായിരുന്നു... മേഴ്‌സിയ്ക്ക്‌ മിലിറ്ററി ഹോസ്പിറ്റലില്‍ ജോലികിട്ടി........ദമ്മാമിലെ ഇലറ്റ്രിക്‌ ഷോപ്പിന്റെ നടത്തിപ്പുക്കാരന്‍ കഫിലുമായി ഉടക്കി പിരിഞ്ഞുപോയി...അങ്ങിനെ ആ കടയുടെ ചുമതല എന്റെ കൈകളില്‍ വന്നുചേര്‍ന്നു.....

ആന്‍സുവിന്റെ ജനനശേഷം പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു..

അവളുടെ ഭാഗ്യംകൊണ്ട്‌,..കഫീലിന്റെ കാരുണ്യംകൊണ്ട്‌. ഇലക്റ്റ്രിക്‌ ഷോപ്പിനു തൊട്ടുള്ള ഹാര്‍ഡ്‌വെയര്‍ഷോപ്പ്‌....പിന്നെ അതിനപ്പുറമുള്ള പെയിന്റു കട..എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു..... ഇതിനിടയില്‍ നാട്ടില്‍ തറവാടിനടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം....കൊച്ചിയില്‍ സ്വന്തമായി ഫ്ലാറ്റ്‌.....എല്ലാം എത്രപെട്ടന്നാണ്‌ കയ്യില്‍ വന്നു ചേര്‍ന്നത്‌..

സമയം ഒത്തുവന്നാല്‍....ഭാഗ്യം കനിഞ്ഞനുഗൃഹിച്ചാല്‍....കണക്കുകൂട്ടല്‍ കൃത്യമാകും...ധനം.പെരുമഴപോലെ പെയ്തിറങ്ങി അമ്പരപ്പിയ്ക്കും..
കാറ്റൊന്നു മാറി വീശിയാല്‍,... കാലം പിഴച്ചാല്‍..മലവെള്ളം പോലെ ഒരു രാത്രികൊണ്ടു വന്നതെല്ലാം വന്ന പോലെ തിരിച്ചൊഴുകിപോകും...പിന്നെ ശേഷിയ്ക്കുക പുത്തന്‍പണം കൊണ്ടു വരുന്ന പുതിയ ശീലങ്ങളുടെ അഴുക്കും ചെളിയും മാത്രമായിരിയ്ക്കും...അതാണ്‌ പപ്പേട്ടാ ബിസിനെസ്സിനെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയ രസതന്ത്രം..

വീര്യമുള്ള ജലത്തില്‍ വെണ്ടും സെവന്‍ അപ്‌ പതഞ്ഞൊഴുകി....തോമസുട്ടിയുടേ കുക്കിംഗ്‌ അതിന്റെ പാരമ്യത്തിലെത്താന്‍ തുടങ്ങിയിരുന്നു...പപ്പേട്ടനെ വെറും കേള്‍വിക്കാരനാക്കി മാറ്റി അവന്‍ ആവേശത്തോടെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു....

"പപ്പേട്ടാ, എല്ലാം നേടി, തോമസുട്ടി...ഒന്നില്‍ പിഴച്ചാല്‍ ബാക്കി ഒമ്പതിലും നേടാനും,സമ്പാദിയ്ക്കാനുമുള്ള എല്ലാ കുറുക്കുവഴികളും പഠിച്ചുകഴിഞ്ഞു....കേരളവര്‍മ്മയിലെ ആ പഴയ ആദര്‍ശധീരനായ SFI നേതാവ്‌ തോമസുട്ടി ഒരുപാടു മാറി പോയി.....

"ചെക്കന്‍മാരായാല്‍ ഇത്രയും ആദര്‍ശം പാടില്ല തോമസുട്ടി, അതും ഇക്കാലത്ത്‌`.....ആദര്‍ശം കലത്തിലിട്ടു വേവിച്ചാല്‍ ചോറും കറിയുമാകില്ല...... എന്റെ കയ്യിലൊന്നു കിട്ടട്ടെ ശരിയാക്കിയെടുക്കും ഞാന്‍ ചെക്കനെ"

കാന്താരി മുളകിന്റെ ചുണപ്പുള്ള പൂങ്കുന്നംക്കാരി തനി തൃശ്ശൂര്‌ നസ്രാണിച്ചി BA PoLitics ലെ സോണിയയുടെ കള്ളചിരിയില്‍ പൊതിഞ്ഞ വാക്കകളൊക്കെ വെറും പഴംവാക്കുകളായിമാറി..

ചെറുപ്പത്തില്‍ കൊച്ചുകൊച്ചു മോഹങ്ങള്‍ മാത്രമുണ്ടായിരുന്ന തോമസ്സുട്ടി അതിനുമപ്പുറവും എത്രയോ വളര്‍ന്നു...മിടുക്കനായി...

വെറും കാളവണ്ടിക്കാരനായിരുന്ന പൊഴലിപ്പറമ്പന്‍ കൊച്ചുവറീതിന്റെ മോന്‍ ഈ മുപ്പത്തിയേഴാം വയസ്സില്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം, സ്വപ്നം കാണാവുന്നതിലുമപ്പുറം സമ്പാദിച്ചുകൂട്ടി....

നേടാന്‍ ഇനിയും ഒരുപാടു ബാക്കി...അതിനുള്ള കരുത്തും ആത്മവിശ്വാസവുമുണ്ട്‌.....തിയ്യില്‍ കുരുത്തത്താണ്‌ പപ്പേട്ട ഈ തോമാസുട്ടി.!!..... ഇളംവെയിലത്തൊന്നു വാടില്ല ...!!

(തുടരും)

No comments:

Post a Comment