Monday, March 21, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (നാലാം ഭാഗം)

പ്രവാസത്തിന്റെ തുടക്കം

പക്ഷെ അമ്മ വിചാരിച്ചതുപോലെ അല്ലായിരുന്നു അക്കാലത്തെ എന്റെ ചിന്തകളും രീതികളും,..ആരോടും ഒരു പരിധിവിട്ട്‌ അടുക്കാന്‍ പോയില്ല,..അകലാനും..ബാബു പറഞ്ഞതുപോലെ എല്ലാവരുമായി തുല്യ സൗഹൃദം പങ്കുവെച്ചു.അതാണ്‌,അതു മാത്രമാണ്‌ മനഃശാന്തിയ്ക്കുള്ള ഏറ്റവും ഉത്തമമാര്‍ഗമെന്ന്‌ തിരിച്ചറിഞ്ഞു.

സെന്തോമസ്സില്‍ ഡിഗ്രിയ്ക്കു കൂടെ പഠിച്ചിരുന്ന ബാബുവിനെ നാളുകള്‍ക്കുശേഷം മോഡല്‍ ബോയ്‌സില്‍ വെച്ച്‌ ഒരു ബാങ്ക്‌ ടെസ്റ്റിനിടയില്‍ കണ്ടുമുട്ടി..കോര്‍സു കഴിഞ്ഞാല്‍ ഉടനെ ഏതെങ്കിലും പൊതുമേഖല സ്ഥാപനം തന്നെ കൊത്തികൊണ്ടുപോകുമെന്ന്‌ ബോള്‍ ബാഡ്‌മിന്റന്‍ ഇന്റര്‍യൂണിവേര്‍സിറ്റി താരമായിരുന്ന അവന്‍ അഹങ്കരിച്ചിരുന്നു..ബോള്‍ ബാഡ്‌മിന്റന്‍ ആര്‍ക്കും വേണ്ടാത്ത കളിയാണെന്നു തിരിച്ചറിയാന്‍ വൈകിയതിന്റെ നിരാശയില്‍ അല്ലറ ചില്ലറ ബ്ലേഡ്‌ ബിസിനെസ്സും സെന്റ്‌ മേരിസ്‌ കോളെജില്‍ വാരാന്ത്യങ്ങളില്‍ ബോള്‍ ബാഡ്‌മിന്റന്‍ കോച്ചിങ്ങും ആയി ഒരു സ്ഥിരജോലി തേടി അവനും അലയുകയായിരുന്നു...

"എങ്ങിനെയുണ്ട്‌ സെന്റ്‌മേരിസിലെ ചുള്ളത്തികളുമായുള്ള നിന്റെ കോച്ചിങ്ങും സഹവാസവും...ആരാ പഠിയ്ക്കുന്നെ,. അവരോ അതോ നീയ്യോ.". ഒരു തൊഴില്‍രഹിതന്റെ എല്ലാവിധ ക്ഷീണഭാവങ്ങളുമായി ഡള്ളായി കാണപ്പെട്ട അവനെ ഒന്നു ചിയറപ്പു ചെയ്യാനായിരുന്നു എന്റെ ശ്രമം......

"നിന്നെപോലെ തന്ന്യാ നാട്ടില്‌ കുന്നംകുളത്തെ എന്റെ കൂട്ടുകാരും..നിങ്ങടൊക്കേ വിചാരം ഇതൊരു വല്ല്യേ ഭാഗ്യാണെന്നാ,.വലിയ പാടാ മോനെ ഈ കന്നാലികളെ ഒന്നിച്ചു മേയ്ക്കാന്‍,...വിചാരിക്കണത്ര എളുപ്പല്ല..എന്റമ്മോ...കാണണം ഇവറ്റകള്‍ക്കിടയിലെ കുശുമ്പും പോരും പാരവെപ്പും.!.ഒരുത്തിയൊടെങ്ങാനും നമ്മളൊന്നു കൂടുതല്‍ മിണ്ട്യാല്‍,..ചിരിച്ചാല്‍ മറ്റുള്ളോറ്റേടെ മൊഖാ കറക്കും..പിണങ്ങും...അല്ലെങ്കില്‍തന്നെ ഒന്നിനോടുമാത്രായി എന്തെങ്കിലും സെന്റി വളര്‍ത്തിയെടുത്താല്‍ അതുമതി അവസാനം കണ്ണീരും കരച്ചിലുായി മാറാന്‍,..ചിലപ്പോള്‍ അതിലും വലിയ പുലിവാലുമാകും.....എല്ലാരോടും തുല്യ സൗഹൃദായാല്‍ സംഗതി എളുപ്പം..! ഏതെങ്കിലുമൊരുത്തിയെകൊണ്ട്‌ എപ്പോഴാ,. എവിട്യാ എങ്ങിന്യാ പ്രയോജനണ്ടാകാന്ന്‌ നോക്കീരുന്നാല്‍ മതി.! മനസ്സിലാവണുണ്ടോ നെനക്ക്‌. എന്തൂട്ട്‌ മനസ്സിലാവാനാ അല്ലെ..!പച്ചൊള്ളം കിട്യാലും ചവച്ചരച്ചു കുടിയ്ക്കണ വെറും പാവമല്ലെ ശവി..നീ !"

കള്ളച്ചിരിയിലൊതുക്കിയ അവന്റെ വാക്കുകള്‍ എന്റെ നെഞ്ചിലെ കനലില്‍ ഒരു കാറ്റായി പടര്‍ന്നു. അവസാനവാചകങ്ങളിലെ നര്‍മ്മം ഉള്‍ക്കൊള്ളാന്‍ എനിയ്ക്കു കഴിഞ്ഞില്ല..കലങ്ങാന്‍ തുടങ്ങുന്ന കണ്ണുകള്‍ അവനില്‍നിന്നും മറച്ചു വെയ്ക്കാന്‍ ഞാന്‍ പാടുപ്പെട്ടു..

തീക്ഷ്ണമായ മമതാബന്ധങ്ങളില്‍ നിന്നും വിട്ടകന്ന്‌ വിരക്തിയുടെ ലോകത്തേയ്ക്ക്‌ ഉള്‍വലിയാന്‍ ശീലിച്ചുതുടങ്ങുകയായിരുന്നു അന്നത്തെ എന്റെ മനസ്സ്‌..

ഒരായുസ്സിന്റെ കാല്‍ഭാഗത്തോളം ചിലവഴിച്ച പ്രവാസലോകത്തിലെ ഏകാന്തവിരസനാളുകളിലൂടെ വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍വന്ന്‌ മൂടിയതാണെങ്കിലും തീര്‍ത്തും മങ്ങാത്ത പുഞ്ചിരിയുമായി ആയാസരഹിതമായി ഇന്നും സഞ്ചരിയ്ക്കാന്‍ കഴിയുന്നത്‌ അക്കാലത്തെ അനുഭവങ്ങളില്‍നിന്നാര്‍ജിച്ച മനോനില നല്‍കുന്ന കരുത്തുകൊണ്ടാകാം.

കുട്ടികളെ രസിപ്പിച്ചും സ്വയം രസിച്ചും എല്ലാം മറക്കാന്‍ കുരുതികൊടുത്തത്‌ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നു വര്‍ഷങ്ങളായിരുന്നു..

ശാപാഗ്നിയില്‍ മുക്കാലും വെന്തരിഞ്ഞ സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ആരാമത്തില്‍ പച്ചപ്പിന്റെ മുകുളങ്ങള്‍ വീണ്ടും പൊട്ടിമുളയ്ക്കാന്‍ തുടങ്ങുന്ന സമയത്ത്‌ ജീവിതം തന്നെ വിലെയ്ക്കെടുക്കാന്‍ അധികം അകലെയല്ലാതെ ഒരു കള്ളനെപോലെ പതുങ്ങിപതുങ്ങി പ്രവാസത്തിന്റെ കരങ്ങള്‍ നീണ്ടു വരുന്ന കാര്യം അറിയില്ലായിരുന്നു അന്നെനിയ്ക്ക്‌!

ഓര്‍ത്താല്‍ അതും ഒരു അത്ഭുതമാണ്‌ അല്ലെ,....ഭൂതക്കാലത്തെക്കുറിച്ച്‌, വര്‍ത്തമാനകാലത്തെക്കുറിച്ച്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ എത്രവേണമെങ്കിലും വാചാലരാകാം നമുക്ക്‌...എന്നാല്‍ ഭാവിയെകുറിച്ചോ..! പത്തുവര്‍ഷം കഴിഞ്ഞ്‌....അഞ്ചുവര്‍ഷംകഴിഞ്ഞ്‌..വേണ്ട, അഞ്ചുനിമിഷം കഴിഞ്ഞ്‌ എന്തുസംഭവിയ്ക്കും .? ഉറപ്പിച്ചൊരുത്തരം നല്‍കാന്‍ കഴിയുമൊ ആര്‍ക്കെങ്കിലും..! എന്നിട്ടും ഈ പോസ്റ്റിന്റെ അവസാനം നിറഞ്ഞ ആത്മവിശ്വാസത്തോടെ "തുടരും" എന്നെഴുതാന്‍ കഴിയും എനിയ്ക്ക്‌.. ഒരിയ്ക്കലും കൃത്യമായി നിര്‍വചിയ്ക്കാനോ,വിശകലനം ചെയ്യാനോ കഴിയാത്ത ജീവിതവും മനസ്സുമായുള്ള മായാബന്ധത്തിന്റെ പൊരുളാണ്‌ അതിനു നിദാനം.....ഒരര്‍ത്ഥത്തില്‍ ആ പൊരുള്‍തേടിയുള്ള ഒരു യാത്രതന്നെയല്ലെ ഈ ജീവിതം..!

"നാളെ,.നാളെ..എന്ന നിത്യനിതാന്തസ്വപ്നവും ഒപ്പം കുറെ മോഹനവാഗ്ദാനങ്ങളുമായി ഒരു ലോട്ടറികച്ചവടക്കാരന്റെ കൗശലത്തോടെ മാടി വിളിയ്ക്കുന്ന കാലത്തിനുപുറകെ ഇതുവരെ കാണാത്ത എതോ ഉത്സവപറമ്പിലേയ്ക്ക്‌ അച്ഛന്റെ വിരല്‍തുമ്പില്‍തൂങ്ങി അക്ഷമയോടെ നടക്കുന്ന ഒരു കുഞ്ഞിനെപോലെ അടക്കാനാവാത്ത ആകാംഷയുമായി അവസാനം വരെ യാത്ര തുടരുന്നു നമ്മള്‍...അതാണ്‌ ജീവിതസൗന്ദര്യം പകരുന്ന ലഹരിയുടെ മഹത്വം...ഭാവിയിലെ കാര്യങ്ങള്‍,.മരണമുഹൂര്‍ത്തം ഇതൊക്കെ കൃത്യമായി അറിഞ്ഞിരുന്നെങ്കില്‍ ...ആ നിമിഷങ്ങളെണ്ണി ജീവിയ്ക്കേണ്ടി വന്നാലുള്ള അവസ്ഥ ഓന്നോര്‍ത്തു നോക്കു,..എത്രം വിരസമായേനെ ഈ ജീവിതം..

ഇന്നലെകളിലെ നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും മനസ്സിലിട്ടു മനനം ചെയ്ത്‌ വൃഥാ വിലപിയ്ക്കുന്നവനും,.നാളയെക്കുറിച്ചുള്ള അമിത പ്രതീക്ഷളും,സ്വപ്നങ്ങളും പേറി ആസക്തിയോടേ സ്വയം മറന്നു മുന്നോട്ടുകുതിയ്ക്കുന്നവനും ജീവിയ്ക്കാന്‍ മറന്നുപോകുന്നു..ഒരുപോലെ വിഡ്ഢികളാകുന്നു.

ഇന്നിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ്‌ സ്വന്തം മനഃസാക്ഷിയൊരുക്കുന്ന ലക്ഷ്മണരേഖയ്ക്കകത്ത്‌ ഒതുങ്ങി വിവേകത്തോടേ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിയ്ക്കാന്‍ കഴിയുന്ന പക്വമതിയാണ്‌ യഥാര്‍ത്ഥ ഭാഗ്യവാന്‍..!

ആള്‍ദൈവങ്ങളുടെ പാദസേവ ചെയ്തും അമ്പലങ്ങളിലെ ഇടനാഴികളില്‍ നാമമന്ത്രങ്ങള്‍ ജപിച്ചും ഒരിയ്ക്കലും അലഞ്ഞുതിരിയേണ്ടി വരില്ല അവന്‌..ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ പോലും..!

പക്ഷെ, അങ്ങിനെ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും ഉണ്ടാകും നമ്മുടെ കൂട്ടത്തില്‍..? ആരുടെയും കുറ്റമല്ലത്‌.. ഓരോരോ കാലത്ത്‌ ഒരോന്നിന്റിന്റെ പുറകെ എല്ലാം മറന്ന്‌ വ്യര്‍ത്ഥമായി അലയുക..മനുഷ്യജന്മത്തിന്റെ നിയോഗമാണത്‌..

കണക്കുമാഷുടെ ചൂരല്‍ക്കഷായം സ്വപ്നംകണ്ട്‌ ഞെട്ടിയുണര്‍ന്ന്‌ പെരുക്കുപട്ടിക മനപാഠം ചെയ്ത്‌ പുസ്തകക്കെട്ടിനുള്ളില്‍ ഒതുങ്ങുന്ന ബാല്യം,.ഏകാഗ്രത വെടിഞ്ഞ്‌,പുസ്തകങ്ങളെ മറന്ന്‌ പ്രണയസ്വപ്നങ്ങളുടെ പൂക്കൂടയും സ്വന്തമാക്കി തെരുവില്‍ അലഞ്ഞുതിരിഞ്ഞ്‌ അഹങ്കരിയ്ക്കുന്ന കൗമാരം,വിരഹത്തിന്റെ തീവൃതയില്‍ ഏകാന്തതയുടെ അപാരതീരങ്ങളിലൂടെ വന്യസൗന്ദര്യലഹരികളുടെ അവസാനതുള്ളിയും നുകര്‍ന്ന്‌ മത്തു പിടിച്ച ഒറ്റയാന്റെ ആവേശത്തോടെ പാഞ്ഞുതീര്‍ക്കുന്ന യൗവനം...ഒടുവില്‍ എവിടേയുമെത്തിയില്ല, ആരുമായില്ല എന്നൊക്കെ തിരിച്ചറിയുമ്പോഴേയ്ക്കും കാല്‍ച്ചുവട്ടിലെ മണ്‍ത്തരികള്‍ മുക്കാലും ഒഴുകിപോയിട്ടുണ്ടാകും..അഞ്ചുവര്‍ഷം കഴിയാറാവുമ്പോള്‍ ഒന്നും ചെയ്തില്ല എന്ന തിരിച്ചറിവില്‍ മുഖം മിനുക്കാന്‍ ശ്രമിയ്ക്കുന്ന ഭരണാധികാരിയെപോലെ എന്തിനൊക്കയോ വേണ്ടി തിടുക്കപ്പെടും...അര്‍ഹതപ്പെട്ടതാണോ കിട്ടിയത്‌ എന്നു ചിന്തിയ്ക്കാന്‍പോലും നില്‍ക്കാതെ എന്തെങ്കിലും നേടിയെടുക്കും,. ബന്ധങ്ങളുടേ കരുത്തും ബന്ധനങ്ങളുടെ കുളിരുമായി അതിനിടയിലെപ്പോഴോ അറിയാതെ കടന്നുവന്ന്‌ നിമിഷ നേരംകൊണ്ടു കീഴടക്കി വിസ്മയിപ്പിയ്ക്കും കുടുംബശ്രീയുടെ സൗമ്യസ്മിതം..!.

എല്ലാം ഒരു വിധം കൈപ്പിടിയിലൊതുങ്ങി എന്ന ആശ്വാസവുമായി അണിയിച്ചൊരുക്കിയ സ്വന്തം അരങ്ങില്‍ ആടിത്തിമിര്‍ക്കാന്‍ സമയംകണ്ടെത്തി ഒരുങ്ങിവരുമ്പോഴേയ്ക്കും മുടിയിഴകള്‍ നേര്‍ത്തു വെളുക്കാന്‍ തുടങ്ങിട്ടുണ്ടാകും, നെറ്റിയിലെ നിസ്‌ക്കാരത്തഴമ്പ്‌ കൂടുതല്‍ തെളിഞ്ഞുകാണാന്‍ തുടങ്ങിയിട്ടുണ്ടാകും,.അതിവിദൂരത്തല്ലാതെ ഒരുങ്ങിനില്‍ക്കുന്ന വാര്‍ദ്ധക്യത്തിന്റെ വരവറിയിച്ചുകൊണ്ട്‌ അസുഖങ്ങള്‍ ഓരോന്നായി വിരുന്നു വരാന്‍ തുടങ്ങും..സ്വസ്ഥമായ ജീവിതം വെറും സ്വപ്നം മാത്രമായി മാറും.

പറഞ്ഞുപറഞ്ഞ്‌ പതിവുപോലെ കാടു കയറി വീണ്ടും ബോറടിപ്പിയ്ക്കാന്‍ തുടങ്ങി മാഷ്‌,.. അല്ലെ,.

സോറി..വീണ്ടും പ്രൊഫയിലിലേയ്ക്കു മടങ്ങാം...ചുരുക്കത്തില്‍,വ്യക്തമായ ലക്ഷ്യങ്ങളൊന്നുമില്ലാതെ, കണ്ട മാറ്‌ ചന്തം എന്ന രീതിയില്‍ കെട്ടഴിഞ്ഞ പട്ടം പോലെ അലഞ്ഞുതിരിയുന്ന ഒരു യുവാവിന്റെ ജീവിതം മിക്കവാറും പ്രവാസത്തില്‍ ചെന്നെ അവസാനിയ്ക്കാറുള്ളു അക്കാലത്ത്‌.

ബാങ്ക്‌,പി.എസ്‌.സി,..എല്‍.ഐ.സി ഇങ്ങിനെ ഒരു വഴിപാടുപോലെ ടെസ്റ്റുകള്‍ ഒരുപാടെഴുതി....കുട്ടികളെ പഠിപ്പിയ്ക്കുന്ന തിരക്കില്‍ സ്വയം പഠിയ്ക്കാന്‍ മറന്നു..

അവസാനം എനിയ്ക്കും ഒരു ദിവസം വന്നു..ഒരു ടെസ്റ്റ്‌ ക്ലിക്കായി..അതും LIC ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍..!..ഇന്റര്‍വ്യൂ പാസായി..കോഴിക്കോടു ട്രെയിനിംഗ്‌,.എല്‍ ഐ സിയില്‍ വര്‍ക്കു ചെയ്യുന്ന ഒരു ബന്ധു വഴി വിവരങ്ങള്‍ എല്ലാം നേരത്തെ അറിഞ്ഞു..നാട്ടിന്‍പുറങ്ങളില്‍ ടൂവീലറൊന്നും ലാവിഷായി ലഭ്യമല്ലാതിരുന്ന ആ കാലത്ത്‌ എങ്ങിനെയൊ ഒരു സുഹൃത്തിന്റെ ബൈക്കില്‍ ഡ്രൈവിംഗ്‌ പഠിച്ചു.. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും തയ്യാറായി..

പക്ഷെ "ആദിത്യന്‍" അവിടെയും വില്ലനായി.!.വിധി ഏതോ ഒരു "അഭിലാഷ്‌ നായരുടെ" രൂപത്തില്‍ അവസാനനിമിഷം റാങ്ക്‌ ലിസ്റ്റില്‍ കൃത്രിമം കാണിച്ചു..ഞാന്‍ പുറത്തായി..

ഞെട്ടിപോയി,.. സഹിയ്ക്കാന്‍ കഴിഞ്ഞില്ല...പിന്നെ ഒന്നും ഓര്‍ത്തില്ല....കവിളില്‍ തലോടാനും മറുവാക്കു പറയാനും ഒരു കണ്ണീര്‍പൂവും സ്വന്തമായിട്ടുണ്ടായിരുന്നില്ല അന്ന്‌. പാടിയ പാട്ടുകളെല്ലാം ഈണം മറന്ന്‌ പഴംപാട്ടുകളായി എന്നോ മാറിയിരുന്നു ..അപൂര്‍വ്വമായി മാത്രം കണ്ടുമുട്ടുന്ന ചാറ്റല്‍മഴയും ഉച്ചവെയിലും പരസ്പരം പുണര്‍ന്ന്‌ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ഒരു ഒക്റ്റോബര്‍ മദ്ധ്യാഹ്നത്തില്‍ അധികമാരേയും അറിയിയ്ക്കാതെ തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്ന്‌ മൂന്നേകാലിന്റെ ജയന്തിജനതയില്‍ വലതുകാലുവെച്ചു കയറി..പ്രവാസത്തിന്റെ തുടക്കം...!

"ആവേശത്തിന്റെപുറത്ത്‌ സ്വയംമറക്കുന്ന ശീലവും.,.മറ്റുള്ളവരെ രസിപ്പിയ്ക്കാന്‍വേണ്ടിയുള്ള വേഷംകെട്ടലുമൊക്കെ മാറ്റിവെച്ച്‌ ജീവിതത്തെ കുറെകൂടെ ഗൗരവത്തോടെ സമീപിച്ചിരുന്നെങ്കില്‍,.വ്യക്തമായ പ്ലാനിങ്ങോടെ മുന്നോട്ടുപോയിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ബാങ്കുദ്യോഗം..! ജീവിതം തന്നെ മാറിപോകില്ലായിരുന്നോ.!.ഇനി പോകുന്നത്‌ ഭാഷ പോലും അറിയാത്ത തീര്‍ത്തും അപരിചിതമായ ഒരു ലോകത്തേയ്ക്കാണ്‌, അതു മറക്കേണ്ട,. അവിടെയെങ്കിലും അല്‍പ്പം കരുതല്‍, ഒതുക്കം.!".

ചെറുതുരുത്തിപാലം കടന്നുപോകുന്ന ട്രെയിനിന്റെ ജനലിനരികില്‍ വിലാപം ഉള്ളിലൊതുക്കി വിതുമ്പാതെ വിതുമ്പുന്ന എന്നെനോക്കി നിളയിലെ കുഞ്ഞോളങ്ങളില്‍ പരിചിതമായ പാദസരത്താല്‍ അലകളുണര്‍ത്തി ആരോ സ്നേഹപൂര്‍വ്വം മന്ത്രിയ്ക്കുന്നതുപോലെ തോന്നി..തോന്നുകയല്ല അവള്‍ മന്ത്രിയ്ക്കുക തന്നെ ചെയ്തു..!

അതുകേട്ട്‌ ആ നിമിഷം എന്നോടു സഹതാപം തോന്നിയിട്ടാവണം, നിളയില്‍ അന്തിനീരാട്ടിനൊരുങ്ങുന്ന ആദിത്യന്റെ മുഖവും വല്ലാതെ മങ്ങി...

ട്രെയിന്‍ വാളയാര്‍ ചുരം കടന്നുമുന്നോട്ടു കുതിയ്ക്കുമ്പോള്‍ ചുറ്റും കുറ്റാകൂരിരുട്ടായിരുന്നു.എന്നിട്ടും അതിര്‍ത്തി കടന്ന ആ മുഹൂര്‍ത്തത്തില്‍ മണ്ണിന്റെ മണത്തില്‍ വന്ന മാറ്റം ആ സങ്കടപ്പെരുമഴയിലും തിരിച്ചറിയാന്‍ എന്റെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞു....!പച്ചപ്പിന്റെ നാട്ടില്‍ നിന്നും മണല്‍പ്പരപ്പിന്റെ മഹാശൂന്യതയിലേയ്ക്ക്‌ അക്കരപ്പച്ചയും തേടി മനുഷ്യരാശിയുടെ ഒരിയ്ക്കലും അവസാനിയ്ക്കാത്ത പ്രവാസത്തിലേയ്ക്കുള്ള എന്റെ കാല്‍വെയ്പ്പും കണ്ണുനീര്‍ത്തുള്ളികള്‍ ഒരാഘോഷമാക്കി മാറ്റി.

കമ്പാര്‍ട്ടുമെന്റില്‍ ഒപ്പം യാത്ര ചെയ്തിരുന്ന യുവദമ്പതികളുടെ രണ്ടു വയസ്സുകാരന്‍ മകന്റെ നിറപുഞ്ചിരിയും കിളിക്കൊഞ്ചലുകളും ഏതു പ്രതിസന്ധിയിലും പൊലിയാത്ത പ്രത്യാശയുടെ ദീപനാളം പോലെ വെളിച്ചം പകര്‍ന്ന്‌ യാത്രയിലുടനീളം എന്നെ ആശ്വസ്സിപ്പിയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു...

"ദൈവത്തിന്റെ മാന്ത്രികകരങ്ങള്‍ എനിയ്ക്കുള്ളതെല്ലം തിരിച്ചെടുത്ത്‌ പകരം എന്റെ ബാല്യം തിരിച്ചു തന്നിരുന്നെങ്കില്‍,.! ഈ കുഞ്ഞിനെപോലെ എനിയ്ക്കുമൊന്നു നിഷ്ക്കളങ്കമായി പുഞ്ചിയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.! പഴയതെല്ലാം മാച്ചുകളഞ്ഞ്‌, ഒന്നു മുതല്‍ വീണ്ടും എല്ലാം അച്ചടക്കത്തോടേയും കരുതലോടേയും തുടങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....!"

വര്‍ത്തമാനകാലത്തോട്‌ പൊരുത്തപ്പെട്ടു ജീവിയ്ക്കാനറിയാത്ത ഒരു സാധാരണ മനുഷ്യന്റെ ഒരിയ്ക്കലും നിലയ്ക്കാത്ത ആകുലതകളുടെ വേലിയേറ്റത്തില്‍ ആടിയുലഞ്ഞു യാത്ര ചെയ്യുന്ന ആ നിമിഷങ്ങളില്‍ പാവം ആ കുഞ്ഞിന്‌ ഒരു മറുപുഞ്ചിരിയെങ്കിലും പകരമായി സമ്മാനിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞില്ല.

ഇതൊക്കെ എത്രയൊ കണ്ടിരിയ്ക്കുന്നു എന്ന പരിഹാസഭാവവുമായി ചൂളം വിളിച്ചും ആടിത്തിമിര്‍ത്തും മഹാനഗരവും ലക്ഷ്യമാക്കി ട്രെയിന്‍ കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു.......


(തുടരും)

കൊല്ലേരി തറവാടി
20/03/2011

16 comments:

 1. പണ്ട്‌ ഞാന്‍ ഡിഗ്രി സെക്കന്‍ഡിയിറിന്‌ പഠിച്ചിരുന്ന കാലത്താണ്‌ ഞങ്ങളുടെ നാട്ടിന്‍പുറത്തുനിന്നും പുറപ്പെടുന്ന ബസ്‌ സര്‍വ്വീസ്‌ ആദ്യമായി ആരംഭിച്ചത്‌.ആ ബസ്സില്‍ ആദ്യസ്റ്റോപ്പില്‍ നിന്നുതന്നെ കുറെ നാള്‍ യാത്ര ചെയ്യാന്‍ എനിയ്ക്ക്‌ സൗഭാഗ്യം ലഭിച്ചു...ബസ്സിലെ ഫ്രണ്ട്‌ ഡോറിനോടു ചേര്‍ന്നുള്ള സീറ്റ്‌ സ്ത്രീശാസ്തീകരണത്തിനു സംവരണം ചെയ്യാത്ത കാലം..ഓര്‍മ്മവെച്ചനാള്‍ മുതല്‍ കാഴ്ചകളെ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടാകണം ആ സീറ്റിലിരുന്നായിരുന്നു എന്നുമെന്റെ യാത്ര..ഏതൊക്കെ സ്റ്റോപ്പില്‍നിന്നും ആരൊക്കെ കയറുമെന്നും അതില്‍തന്നെ ആരൊക്കെ ഒളിക്കണ്ണിട്ടുനോക്കി നിര്‍ദോഷമായ ഒരു ചെറുപുഞ്ചിരി സമ്മാനിയ്ക്കുമെന്നുമൊക്കെ മനഃപാഠമായിരുന്നു അന്ന്‌.അതിനായി ഉന്മേഷത്തോടെ കാത്തിരിയ്ക്കുമായിരുന്നു...!

  ഒരു ദിവസം അതില്‍ ആരെങ്കിലും വന്നില്ലെങ്കില്‍, വന്നാല്‍തന്നെ മൈന്‍ഡു ചെയ്തില്ലെങ്കില്‍.... കലാസ്‌ ! അന്നത്തെ ദിവസത്തിന്റെ ഒളിമങ്ങും..ഒരു പക്ഷെ, രാവിലെ ഇടത്തോട്ടു തിരിഞ്ഞെഴുന്നേറ്റതുകൊണ്ടാകാം,.മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ട്‌ ഒപ്പിടുന്ന നേരത്ത്‌ പാരന്റ്‌സ്‌ വഴക്കു പറഞ്ഞിട്ടുണ്ടാകാം,..ശാരീരികമായി എന്തെങ്കിലും അസ്വസ്ഥതകള്‍മൂലമാകാം...ഇങ്ങിനെ കാരണങ്ങള്‍ പലതുമാകാം,...എന്നാലും അതൊന്നുമൊര്‍ക്കാന്‍ മിനക്കെടാത്ത എന്റെ നല്ലമനസ്സില്‍ വല്ലാത്ത നഷ്ടബോധം നിറയുമായിരുന്നു..

  ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഈ പോസ്റ്റിടുന്ന സമയത്ത്‌ എന്തിനാ ഞാനവരെയൊക്കെ ഓര്‍ത്തതെന്ന്‌ എനിയ്ക്കു തന്നെ അറിയില്ല.!അല്ലെങ്കില്‍തന്നെ അവരൊക്കെ ഇപ്പോള്‍ എവിടെയൊക്കെയായിരിയ്ക്കും.!ഓര്‍ക്കുമ്പോളെ കൗതുകം തോന്നുന്നു.. .ഒരു പക്ഷെ. മുഖപുസ്തകത്തിലൂടെ മനസ്സിരുത്തി കണ്ണോടിച്ചാല്‍ ആരെയെങ്കിലുമൊക്കെ കാണാന്‍ കിട്ടുമായിരിയ്ക്കും...അതിനൊക്കെ എവിടെയാ സമയം...ആധുനിക ജീവിത സാഹചര്യങ്ങളില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂര്‍ പോരാതായിരിയ്ക്കുന്നു..!

  ഇതൊക്കെ വായിച്ച്‌ ബിലാത്തി മിസണ്ടര്‍സ്റ്റാന്‍ഡ്‌ ചെയ്തു?.. എനിയ്ക്കതു മനസ്സിലായി .! പട്ടണത്തിലെ ചന്തയിലേയ്ക്ക്‌ കായക്കുലയും ഒപ്പം പച്ചക്കറിയുമായി പോകുന്ന കര്‍ഷകര്‍, തൊട്ടടുത്ത ഓട്ടുകമ്പനികളിലെ ചൂടും പുകയുമേറ്റ്‌ ജീവിതംതന്നെ ചുക്കിചുളിഞ്ഞുകരുവാളിച്ച്‌ മടുപ്പോടെ പണിയ്ക്കുപോകുന്ന പാവം സ്ത്രീതൊഴിലാളികള്‍ ഇവരൊക്കെയായിരുന്നു ആ ട്രിപ്പിലെ യാത്രക്കാര്‍, വിദ്യാര്‍ത്ഥിയായി ഈ പാവം ഞാന്‍ മാത്രം..! ശുദ്ധനും ഒരു കുട്ടിയുടെ നിഷ്കളങ്കമുഖഭാവങ്ങളുമുള്ള ഞാന്‍ അവരുടെയൊക്കെ പെറ്റ്‌ ആയിരുന്നു അന്ന്‌ ആ പ്രായത്തിലും.!.

  ഇപ്പോള്‍ തെറ്റിദ്ധാരണയെല്ലാം മാറിയല്ലോ അല്ലെ.. ?

  പിന്നെ, ഇതുവരെ എന്നോടൊപ്പം ഈ യാത്രയില്‍ പങ്കു ചേര്‍ന്ന ചിരപരിചിത മുഖങ്ങള്‍ക്കും ഒപ്പം പുതുമുഖങ്ങള്‍ക്കും നന്ദി..സത്യം, കുറച്ചുപേരെ ഉള്ളുവെങ്കിലും നിങ്ങളുടെ നിറസാന്നിധ്യം മാത്രമാണ്‌ ഈ യാത്രയെ മുന്നോട്ടു നയിയ്ക്കുന്നത്‌..അല്ലെങ്കില്‍ ഞാനിത്‌ എന്നേ അവസാനിപ്പിച്ചേനെ.....

  ReplyDelete
 2. ഞാന്‍ ഇപ്പോഴാണ് ഇത് വായിച്ചു തുടങ്ങുന്നത്. മുമ്പുള്ള മൂന്ന് ഭാഗം പിറകെ വായിക്കാം.

  "വ്യക്തമായ പ്ലാനിങ്ങോടെ മുന്നോട്ടുപോയിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ബാങ്കുദ്യോഗം..! ജീവിതം തന്നെ മാറിപോകില്ലായിരുന്നോ.!"

  ഇപ്പോള്‍ എവിടെ എങ്ങിനെ ആയിരിക്കുന്നുവോ അവിടെത്തന്നെ എത്താനായിരുന്നു നിയോഗം എന്ന് ചിന്തിക്കയാണ് ഉചിതം എന്ന് തോന്നുന്നു.

  ReplyDelete
 3. അതു നന്നായി. പോസ്റ്റിനോളം വരുന്ന ഒരു കമന്റ് സ്വയം ആദ്യം തന്നെയിട്ടത്!ഇനിയിപ്പോ ഈ പ്രൊഫൈല്‍ എന്നാണാവോ തീരുക?. അവസാനം മറ്റു പോസ്റ്റുകളൊന്നും ഇടാതെ തന്നെ ഒപ്പിക്കാനാണോ പരിപാടി.

  ReplyDelete
 4. “ഇന്നിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ്‌ സ്വന്തം മനഃസാക്ഷിയൊരുക്കുന്ന ലക്ഷ്മണരേഖയ്ക്കകത്ത്‌ ഒതുങ്ങി വിവേകത്തോടേ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിയ്ക്കാന്‍ കഴിയുന്ന പക്വമതിയാണ്‌ യഥാര്‍ത്ഥ ഭാഗ്യവാന്‍..!“

  എന്നെ കുറിച്ച് ഇത്ര മനോഹരമായി വിവരിച്ച ഒരു തറവാടിയായ ഒരുവനെ മിസ്സഡർസ്റ്റാന്റ് ചെയ്യുവാൻ എന്റെ തലക്ക് എണ്ണ കഴിഞ്ഞിട്ടൊന്നുമില്ല കേട്ടൊ ഗെഡീ

  അതെ ജീവീതത്തിൽ ഒരു നഷ്ട്ടബോധവുമില്ലാത്തവനാ‍ണ് ഞാൻ..ഒരു പക്ഷേ ഇനിയുണ്ടാവുമ്മായിരീക്കും അല്ല്ലേ !

  ReplyDelete
 5. ബിലാത്തിയെ വെറുതേ തെറ്റിദ്ധരിച്ചു..പറഞ്ഞത് കേട്ടില്ലേ..? എനിക്കല്പം തെറ്റിദ്ധാരണ തോന്നിയിരുന്നു...പിന്നെ നല്ല പിള്ളയാനെന്നു സ്വന്തം പറഞ്ഞു കേട്ട അറിവേ ഞങ്ങള്‍ക്കുള്ളൂ...:)_
  ഇനി പോസ്റ്റിനെ പറ്റി..ഒരു ബോറടിയും ഇല്ലാതെ വായിച്ചു.ഇനിയും എഴുതിക്കോള്..ആളെ ഞങ്ങള്‍ കൂട്ടിക്കോളാം ട്ടോ കൊല്ലേരീ...

  ReplyDelete
 6. മഹത്തായ യാത്രകള്‍ തുടരട്ടെ...ഇവിടെ വായനക്കാര്‍ കേട്ടറിഞ്ഞു എത്തിക്കോളും ഈ തറവാടിയെ കാണാന്‍ ..

  ReplyDelete
 7. വായിച്ചു..വായിച്ചറിഞ്ഞു....

  ReplyDelete
 8. വളരെ നന്നായി എഴുതി വായനക്കരുടെ മനസില്‍ മുദ്രണം ചെയ്യപ്പെടുന്ന രീതിയില്‍ തന്നെ, "...........എല്ലാം ഒരു വിധം കൈപ്പിടിയിലൊതുങ്ങി എന്ന ആശ്വാസവുമായി അണിയിച്ചൊരുക്കിയ സ്വന്തം അരങ്ങില്‍ ആടിത്തിമിര്‍ക്കാന്‍ സമയംകണ്ടെത്തി ഒരുങ്ങിവരുമ്പോഴേയ്ക്കും മുടിയിഴകള്‍ നേര്‍ത്തു വെളുക്കാന്‍ തുടങ്ങിട്ടുണ്ടാകും, നെറ്റിയിലെ നിസ്‌ക്കാരത്തഴമ്പ്‌ കൂടുതല്‍ തെളിഞ്ഞുകാണാന്‍ തുടങ്ങിയിട്ടുണ്ടാകും,.അതിവിദൂരത്തല്ലാതെ ഒരുങ്ങിനില്‍ക്കുന്ന വാര്‍ദ്ധക്യത്തിന്റെ വരവറിയിച്ചുകൊണ്ട്‌ അസുഖങ്ങള്‍ ഓരോന്നായി വിരുന്നു വരാന്‍ തുടങ്ങും.സ്വസ്ഥമായ ജീവിതം വെറും സ്വപ്നം മാത്രമായി മാറും.........." എത്ര ശരി! എത്ര കൃത്യമായ വിലയിരുത്തല്‍! ....
  ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു...

  ReplyDelete
 9. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
  ബ്ലോഗിങ്ങിനു സഹായം

  ReplyDelete
 10. ഇന്നലെകളിലെ നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും മനസ്സിലിട്ടു മനനം ചെയ്ത്‌ വൃഥാ വിലപിയ്ക്കുന്നവനും,.നാളയെക്കുറിച്ചുള്ള അമിത പ്രതീക്ഷളും,സ്വപ്നങ്ങളും പേറി ആസക്തിയോടേ സ്വയം മറന്നു മുന്നോട്ടുകുതിയ്ക്കുന്നവനും ജീവിയ്ക്കാന്‍ മറന്നുപോകുന്നു..ഒരുപോലെ വിഡ്ഢികളാകുന്നു.

  ഓരോ വരികളും ഓരോ പഠനങ്ങള്‍ പോലെ നീങ്ങുന്ന എഴുത്ത്‌ ഒരു മടുപ്പും അനുഭവപ്പെടാതെ വായിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ പറഞ്ഞാല്‍ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് പറയേണ്ടല്ലോ.
  നന്നായിരിക്കുന്നു.

  ReplyDelete
 11. കമന്റ് ബോക്സിലെ മേല്‍ പരസ്യം പല ബ്ലോഗിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഞാനും ആലോചിക്കുകയാ ഇങ്ങനെയൊന്നു തുടങ്ങാന്‍!. ചിക്കിളി എന്തു തടയും? ആവോ?

  ReplyDelete
 12. വായിച്ച് തുടങ്ങിയിട്ടേ ഒള്ളൂ.ആദ്യം വായിച്ചത് ഈ ഭാഗമാണ്

  ReplyDelete
 13. വെളിപാടുകള്‍ ഇനിയും തുടരുക ..ആശംസകള്‍

  ReplyDelete
 14. ഓരോരോ കാലത്ത്‌ ഒരോന്നിന്റിന്റെ പുറകെ എല്ലാം മറന്ന്‌ വ്യര്‍ത്ഥമായി അലയുക..മനുഷ്യജന്മത്തിന്റെ നിയോഗമാണത്‌..

  ReplyDelete
 15. ആദ്യമാ ഇവിടെ...മുന്‍പുള്ളത് ഒന്നു വായിക്കട്ടേ..
  വെളിപാടുകള്‍.. നന്നായി..ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു..

  ReplyDelete
 16. കൊല്ലേരീ... എഴുത്ത്‌ വളരെ ഹൃദ്യമായി വരുന്നു. വണ്ടി ഈ വഴിക്ക്‌ യാത്ര തുടരട്ടെ...

  ReplyDelete