Saturday, February 12, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (രണ്ടാം ഭാഗം)


ഇരിയ്ക്കട്ടെ രമേശാ ഒരു തറക്കഥ കൂടി....

സീന്‍- രണ്ട്‌

മരുഭൂമിയിലെ ഒന്നര വ്യാഴവട്ടക്കാലത്തെ ബാച്ചിലര്‍ പ്രവാസജീവിതത്തേക്കാള്‍ ഏകാന്തവും വിരസവുമായിരുന്നു ഡിഗ്രിയ്ക്കായി സെന്തോമാസ്സില്‍തന്നെ ചിലവഴിച്ച മൂന്നു വര്‍ഷങ്ങള്‍..

പക്ഷെ ആ വിരസത സമ്മാനിച്ച മാര്‍ക്‌ക്‍ലിസ്റ്റിന്റെ കനത്തില്‍ തൊട്ടടുത്ത്‌ ഊട്ടിയിലെ താഴ്‌വരകളും കൊടൈക്കനാലിന്റെ ചാരുതയും സ്വന്തമായുള്ള
, "സ്വര്‍ഗം താണിറങ്ങി വന്നതോ..."! എന്നാരും പറഞ്ഞുപോകുന്ന കലാലയത്തില്‍ പോസ്റ്റുഗ്രാഡുവേഷനു ചുളുവില്‍ സീറ്റു തരപ്പെട്ടു..

"സോണിയ
,..ഷീബ,.. ജയ,..വലിയ മിനി,..ചെറിയ മിനി,.പ്രേമ. ലത,..മേഴ്‌സി... ശുഭ,..കാന്താരി എന്നു ഞങ്ങള്‍ ഓമനപ്പേരിട്ടുവിളിച്ചിരുന്നകൂട്ടത്തില്‍ പാവവും തടിച്ചിയുമായിരുന്ന ബിന്ദു..പിന്നെ എല്ലാവരുടെയും കാരണവത്തിയായി ഏക വിവാഹിത,ഗള്‍ഫുകാരന്റെ ഭാര്യ പുഷ്പ..

ഇങ്ങിനെ ഒരു ഡസന്‍ പെണ്‍പുലികളുടെ ഇടയില്‍ ഞങ്ങള്‍ പാവം അഞ്ചു മാന്‍കിടാങ്ങള്‍..നെല്ലായിക്കാരന്‍ പ്രകാശ്‌
,..വില്ലടത്തുനിന്നും മുരളി,.. കറുകുറ്റിയില്‍നിന്നും തോമസ്‌,..കണ്ണൂരിലെ ഇരിട്ടിയില്‍നിന്നും പ്രേംരാജ്‌,. പിന്നെ ഈ പാവം ഞാനും.

പ്രീഡിഗ്രിപൈതങ്ങളെ തോല്‍പ്പിയ്ക്കുന്നവിധം എല്ലാം മറന്ന്‌ ആര്‍മാദിയ്ക്കുകയായിരുന്നു ഞങ്ങള്‍..ആദ്യമായി മിക്സെഡ്‌ കോളേജിന്റെ സുഖമറിയുകയായിരുന്നു പലരും...ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടുവര്‍ഷങ്ങള്‍ കണ്ണടച്ചുതുറക്കുന്നതിന്ന വേഗത്തിലണ്‌ കടന്നുപോയത്‌.

ഇങ്ങിനെ വളരെ എളുപ്പത്തില്‍ അഞ്ചോ പത്തോ വരികളില്‍ ഈ വിവരണം ഒതുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..!

പക്ഷെ
, അതൊരു വലിയ പക്ഷെ..തന്നെ ആയിരുന്നു. അമ്മ പറഞ്ഞതുപോലെ ശുക്രദശയുടെ അവസാനകാലം..ആദിത്യന്റെ തുടക്കം..മനസ്സിടറി അലഞ്ഞുതിരിയുന്ന സമയം.

സത്യമായിരുന്നു അത്‌..അല്ലെങ്കില്‍ സ്വന്തം മുറ്റത്ത്‌ ഒരുപാട്‌ പൂക്കളും കുഞ്ഞികിളികളും നിറഞ്ഞ വലിയൊരു പൂന്തോട്ടമുണ്ടയിരുന്നിട്ടും.ജനലിനപ്പുറം നിലാമഴയില്‍ കുളിച്ചുനില്‍ക്കുന്ന നിളയുടെ ചന്തത്തില്‍ ആകര്‍ഷണം തോന്നണമായിരുന്നോ
,..മയങ്ങിപോകണമായിരുന്നോ..ഗണിതശാസ്ത്രവുമായി പുലബന്ധംപോലുമില്ലാതിരുന്ന,.അതുവരെ എനിയ്ക്കത്ര പരിചിതമല്ലായിരുന്ന മലയാളസാഹിത്യത്തിനോട്‌ ജീവിതത്തിലാദ്യമായി ഇഷ്ടം തോന്നണമായിരുന്നോ..

പാവമായിരുന്നു അവള്‍...വേനല്‍ച്ചൂടില്‍ തപിച്ചും
,തളര്‍ന്നും കേഴുന്ന ഭൂമിയ്ക്കു കുളിരുപകര്‍ന്നുമെലിഞ്ഞൊഴുകുന്നു നിളപോലെ ശാന്തമായിരുന്നു അവളുടെ ഓരോ ചലനങ്ങളും.ഒരിയ്ക്കല്‍പോലും അവള്‍ നിറഞ്ഞൊഴുകുന്നതുകണ്ടിട്ടില്ല,.. ഒന്നുറക്കെപൊട്ടിച്ചിരിച്ചു കണ്ടിട്ടില്ല...ഒരുപാടുകൂട്ടുകാരികളുമില്ലായിരുന്നു അവള്‍ക്ക്‌ ..ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച്‌ ആരുടെയും ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കാതെ ഹോസ്റ്റലിനും ക്ലാസുറൂമിനും ലൈബ്രറിയ്ക്കും ചുറ്റും ഒതുക്കത്തോടെ ഒഴുകിനടക്കുകയായിരുന്നു അവള്‍.

എപ്പോഴും സ്വപ്നങ്ങള്‍ വിടര്‍ന്നുപൂത്തുനില്‍ക്കുമായിരുന്ന ആ മിഴികള്‍ക്കുചുറ്റും അലകളുണര്‍ത്തിയും
,..മുല്ലപ്പൂവിന്റെ ഗന്ധമുതിരുന്ന ചുരുണ്ട മുടിച്ചുരുകള്‍ മറയ്ക്കുന്ന വിടര്‍ന്ന കാതിണകളില്‍ മന്ത്രിച്ചും,..നാണത്താല്‍ ചുവക്കുന്ന അവളുടെ കുറുകിയ ചുണ്ടുകളില്‍ കുസൃതിച്ചിരി പടര്‍ത്തിയും നര്‍മ്മത്തില്‍ പൊതിഞ്ഞ കളിവാക്കുകളുമായി ഒപ്പം ഒഴുകുന്ന ഒരു കുളിര്‍തെന്നലായിമാറാന്‍ തുടങ്ങിയ എന്റെ മനസ്സിലെ പ്രണയം എപ്പോഴോ അവളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു..

പിന്നെ ഒരൊഴുക്കായിരുന്നു.!.സൗഹൃദത്തിന്റെ തീരങ്ങളില്‍ നിന്നും തീരങ്ങളിലേയ്ക്ക്‌ എല്ലാം മറന്നുള്ള യാത്ര...ഇണക്കവും പിണക്കവും വേനലും വര്‍ഷവുമായി മാറി. അങ്ങിനെ ഋതുക്കള്‍ ഓരോന്നായി കടന്നുപോയി..ഒന്നരവര്‍ഷംകൊണ്ടു ഒരു യുഗാന്തരത്തിന്റെ ബന്ധം ഊട്ടിയുറപ്പിച്ച്‌ വെറുതെ പാവം രണ്ടുശുദ്ധാത്മാക്കള്‍ പുഴയും കാറ്റുംപോലെ ഒന്നിച്ചും പരസ്പരം കളിപറഞ്ഞും ഓളങ്ങളുയര്‍ത്തിയും ഒഴുകിനടന്നു.

എന്നെ മറക്കുമോ..-- മറക്കാനോ
,..ഒരിയ്ക്കലുമില്ല..-- എത്രവേഗത്തിലാണ്‌ കാലം കടന്നുപോയത്‌,.ഇത്രപെട്ടന്നു പിരിയേണ്ടിവരുമെന്നു കരുതിയില്ല അല്ലെ. -- ആരുപറഞ്ഞു പിരിയുകയാണെന്ന്‌ നീ എന്നും എന്റെ മനസ്സിലുണ്ടാകും..-- അതുമതി അതുമാത്രം മതിയെനിയ്ക്ക്‌...!...ആ വാക്കുകളുടെകൂടെയുതിര്‍ന്നുവീഴുന്ന ചുടുനിശ്വാസത്തിന്റെ ചൂടാറുംമുമ്പേ,..കവിളിലെ കണ്ണുനീര്‍പൂക്കളുടെ പാട്‌ മായുംമുമ്പെ,.ഉത്തരക്കടലാസിലെ മഷിയുണങ്ങുംമുമ്പെ എതെങ്കിലും ഗള്‍ഫുകാരന്റെ കുടയുടെ തണലിലേയ്ക്ക്‌, അവന്റെ പാസ്പോര്‍ട്ടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക്‌ കൂടുമാറ്റം നടത്തേണ്ടിവരുന്ന പാവം പൂത്തുമ്പിയെ നോക്കി അമ്പരന്നുനില്‍ക്കുന്ന ആണ്‍തുമ്പി.. ഇങ്ങിനെയായിരുന്നു അക്കാലത്തെ മിക്കവാറും നിര്‍ദോഷ കാമ്പസ്‌പ്രണയങ്ങളുടെ ശുഭാന്ത്യം..!

അറിയാമായിരുന്നു
,..യാഥര്‍ത്ഥ്യങ്ങള്‍ രണ്ടുപേര്‍ക്കും നന്നായിട്ടറിയാമായിരുന്നു..കാമ്പസ്സിനപുറം ഒന്നും മോഹിയ്ക്കാന്‍ പാടില്ല എന്നുതീരുമാനിച്ചുറപ്പിച്ചിരുന്നു..അതിനപ്പുറം സ്വപ്നങ്ങള്‍ നെയ്തുക്കൂട്ടി സാങ്കല്‍പ്പികലോകങ്ങളിലേയ്ക്കു പറന്നുപോകാന്‍ പ്രീഡിഗ്രികുഞ്ഞുങ്ങളുമായിരുന്നില്ലല്ലോ ഞങ്ങള്‍...അതിന്റെ കരുതലും മാന്യതയും പാലിയ്ക്കാനുള്ള പക്വതയും വിവേകവും ഉണ്ടായിരുന്നു ഇരുവര്‍ക്കും.

എന്നിട്ടും.
? അതൊരു നിയോഗമായിരിന്നിരിയ്ക്കാം.വിധി എനിയ്ക്കായി ഒരുക്കിയതാവാം.!

ചെയ്ത തെറ്റുകളെ ന്യായികരിയ്ക്കാന്‍ പലപ്പോഴും നാം വിധിയെ കൂട്ടുപിടിയ്ക്കാറില്ലെ..
,ഫിലോസഫി തേടിപോകാറില്ലെ..ഇല്ല,.! ഇനിയങ്ങോട്ടു കുറിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കുറെ വരികള്‍., ഹൃദയത്തില്‍ ഞാന്‍ കല്‍മതില്‍ കെട്ടി മറച്ചുവെച്ച എന്റെമാത്രം സ്വകാര്യങ്ങള്‍. എഴുതേണ്ടെന്നു കരുതിയതാണ്‌, ഒഴിവാക്കണമെന്ന്‌ തുടക്കത്തിലെ തീരുമാനിച്ചതാണ്‌....പക്ഷെ,..അപ്രശസ്തനായ,അധികം വായനക്കാരില്ലാത്ത അജ്ഞാതനായ ബ്ലോഗറാണെന്ന ധൈര്യം,.. ഇലക്ട്രോണിക്‍സ്‌ലിപികളില്‍ ആലേഖനംചെയ്ത്‌ ബൂലോകത്തിന്റെ സുരക്ഷിതമായ കരങ്ങളിലേല്‍പ്പിച്ചാല്‍ അതവിടെ അനശ്വരമായി സംരംക്ഷിക്കപ്പെടുമെന്നുള്ള തിരിച്ചറിവ്‌,..എല്ലാറ്റിനുമുപരി എന്റെ പ്രൊഫെയിലിന്റെ പൂര്‍ണ്ണത....ഈ ചിന്തകള്‍ കരുത്തേകുമ്പോഴും ഹൃദയത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ ഏറ്റുവാങ്ങാനാവാതെ വിറയ്ക്കുന്നു എന്റെ വിരല്‍ത്തുമ്പുകള്‍..അധികംവിസ്തരിയ്ക്കാതെ,.. ചുരുക്കം ചിലവാക്കുകളില്‍ അപൂര്‍ണ്ണമായിട്ടെങ്കിലും ഞാനതിവിടെ കുറിയ്ക്കട്ടെ.

എവിടെനിന്നാണ്‌ കാലംതെറ്റി ആ മഴ വന്നതെന്നറിയില്ല
,..എങ്ങിനെയാണ്‌ അപ്പോള്‍ അത്രയും ശക്തമായി കാറ്റുവീശിയതെന്നറിയില്ല. നനഞ്ഞുകുതിര്‍ന്ന്‌ തുള്ളിത്തുളുമ്പി ഒടിവും വളവും ചുഴികളുമായി ഒരു വിസ്മയശില്‍പ്പംപോലെ നിറഞ്ഞുനില്‍ക്കുകയായിരുന്നു എന്റെ മുമ്പില്‍ അവളപ്പോള്‍...ആ കാഴചയില്‍ ഞാനുണര്‍ന്നു,..സ്വയം മറന്നു. ആ പുഴയുടെ കയങ്ങളിലേയ്ക്കെടുത്തുചാടി,അഗാധഗര്‍ത്തങ്ങള്‍തേടി നീന്തിത്തുടിച്ചു..

അവിചാരിതമായി അഭിനിയിക്കാനിറങ്ങിയ രണ്ടുപേരുടെ ആദ്യറിഹേഴ്‌സല്‍ പോലെ കടന്നുപോയ ആ നിമിഷങ്ങളില്‍ പരസ്പരം പങ്കുവെച്ചും
,പകുത്തുനല്‍കിയും സമര്‍പ്പണത്തിന്റെ സുഖം ശരിയ്ക്കും അനുഭവച്ചറിയുകയായിരുന്നു ഞങ്ങള്‍.

അരുതാത്തതായിരുന്നു
,.ഒരിയ്ക്കലും സംഭവിയ്ക്കാന്‍ പാടില്ലെന്നുറപ്പിച്ചതുമായിരുന്നു...എന്നാലും ഉള്ളിന്റെയുള്ളില്‍ ഒരിക്കെലെങ്കിലും സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ ഈ നിമിഷങ്ങള്‍ അവളും മോഹിച്ചിരുന്നില്ലെ,.സ്വപ്നം കണ്ടിരുന്നില്ലെ..! അല്ലെങ്കില്‍ എല്ലാം കഴിഞ്ഞനിമിഷങ്ങളില്‍ അവളുടെ പാതികൂമ്പിയടഞ്ഞ മിഴികളില്‍ ഇത്രയേറെ നിര്‍വൃതി നിറഞ്ഞുതുളുമ്പിതിളങ്ങുമായിരുന്നോ.!

പക്ഷെ തൊട്ടടുത്ത നിമിഷം
,.തിരിച്ചറിവിന്റെ ആ നിമിഷത്തില്‍ അതു കണ്ണുനീര്‍ത്തുള്ളികളായിമാറുകയായിരുന്നു...സ്വയം ശപിച്ച്‌ വറ്റിവരളുകയായിരുന്നു നിളാപുത്രി... ചുട്ടുപൊള്ളുന്ന വേനലിന്റെ തപ്തനിശ്വാസം മുഴവന്‍ ആവഹിച്ചെടുത്ത ഒരുകൂന മണല്‍ത്തരികള്‍ എന്റെ ഹൃദയത്തില്‍ അവശേഷിപ്പിച്ചുകൊണ്ട്‌ ഒരു യാത്രമൊഴിയ്ക്കുപോലും നില്‍ക്കാതെ, വീണ്ടുമൊരുകൂടിക്കാഴ്‌ചക്കവസരം നല്‍കാതെ ഒരു നാള്‍ അവള്‍ എങ്ങോ പോയ്‌മറഞ്ഞു.

കലാലയജീവിതത്തിന്റെ അന്ത്യഘട്ടത്തിലെ ആ ദിവസം നിഷകളങ്കമായി പുഞ്ചിരിയ്ക്കാന്‍ മാത്രമറിയാമായിരുന്ന എന്നിലെ "കുട്ടന്‍" മരിച്ചു.പെട്ടന്ന്‌ ഞാനൊരു മുതിര്‍ന്ന ഒരു പുരുഷനായി മാറി.

ശോകാന്ത്യനാടകത്തിനൊടുവില്‍ കണ്ണുതുറക്കുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരുന്നു.എല്ലാം കഴിഞ്ഞ്‌ ഒന്നിനുകൊള്ളാത്ത സര്‍ട്ടിഫിക്കറ്റുമായി മടങ്ങുമ്പോളും ദുഃഖം തോന്നിയത്‌ അതിനായിരുന്നില്ല..പരസ്പരം പിരിയുന്നതിനോ
,.ഇത്രയും മനോഹരമായ കലാലയത്തിനോട്‌ വിടപറയുന്നതിനുമായിരുന്നില്ല..മരവിച്ച മനസ്സില്‍ ഒരു മുഖം മാത്രമെ ഉണ്ടായിരുന്നു.ജീവിതത്തില്‍ നിന്നും ആ ശപിയ്ക്കപ്പെട്ട ആ നിമിഷങ്ങള്‍ മായ്ച്ചുകളയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.ആ ആശ മാത്രമെ ബാക്കിയുണ്ടായിരിന്നുള്ളു... .!

ഇന്നും വര്‍ഷങ്ങള്‍ എത്രയൊ കഴിഞ്ഞിട്ടും ഭാരതപ്പുഴ മുറിച്ചു കടന്ന്‌ ഇനിയും ഗ്രാമീണത കൈമോശം വരാത്ത പാലക്കാടിന്റെ തീരങ്ങളിലൂടെ യാത്രചെയ്യേണ്ടിവരുമ്പോള്‍ ഞാനറിയാതെ മനസ്സൊന്നിടറും,.കണ്ണുകള്‍ കലങ്ങും..
(തുടരും....)

5 comments:

  1. പ്രൊഫയിലിന്റെ ഒന്നാം ഭാഗത്തില്‍ നിര്‍ദോഷമെന്നു കരുതി നര്‍മ്മത്തിനുവേണ്ടി ഞാനെഴുതിയ ചില വരികള്‍ ആരെയൊക്കയൊ നൊമ്പരപ്പെടുത്തിയോ എന്ന ചിന്ത എന്നെ അലസോരപ്പെടുത്തുന്നു.... അങ്ങിനെ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടു ഞാന്‍ ഉള്ളുതുറന്നു സോറി പറയുന്നു..

    ഈ പ്രണയമാസത്തില്‍, എന്റെ പിറന്നാള്‍ മാസത്തില്‍ എല്ലാവര്‍ക്കും നേരുന്നു നല്ലൊരു വാലന്റിയന്‍ ദിനം.

    ReplyDelete
  2. ഹൌ...
    ആ നീന്തലും,മുങ്ങിതുടിക്കലുമൊക്കെ പരിശീലിച്ച ഭാഗം കൂടി വിവരിച്ചെങ്കിൽ...

    ReplyDelete
  3. കൊല്ലേരിച്ചേട്ടാ... ഈ പ്രൊഫൈല്‍ ‘തുടര‘നായി തുടരുകയാണല്ലോ.. നല്ല നാടന്‍ എഴുത്ത്...

    ReplyDelete
  4. kollaam.since it is continuing
    try to reduce the lenth a bit...
    so that reading will be more
    interesting.

    ReplyDelete