ആരും വായിയ്ക്കാനില്ല,..ആരും കമെന്റ് ഇടാനുമില്ല... ഇതൊക്കെ അറിഞ്ഞിട്ടും ഞാനെന്തിനാണ് ഇത്രയും ആവേശത്തോടെ. അതും ഈ അതിരാവിലെ ഈ ഓഫീസിലെ ഒട്ടും സ്വസ്ഥമല്ലാത്ത അന്തരീക്ഷത്തില്‍ അത്യാവശ്യമുള്ള പണികളൊക്കെ മാറ്റിവെച്ച് ഈതൊക്കെ ടൈപ്പ് ചെയ്തുകൂട്ടുന്നതെന്ന് എനിയ്ക്കുതന്നെ മനസ്സിലാകാറില്ല പലപ്പോഴും..! ഫോണ്‍ ചെയ്യുമ്പോളൊക്കെ അമ്മ ഓര്‍മ്മിപ്പിയ്ക്കാറുണ്ട് " ഏഴരശനിയാണു മോനെ നിനക്ക്... ഒപ്പം വ്യാഴം എട്ടിലും ...ആവശ്യമില്ലാത്ത കാര്യങ്ങളിലേയ്ക്ക് മനസ്സു തിരിയും.. ഒപ്പം ജോലിയില്‍ അലസതയും..".
പലപ്പോഴും ഇത്തരം വിശ്വാസങ്ങളില്‍ സത്യമുണ്ടെന്നു തോന്നിപോകും.... അല്ലെങ്കില്‍ ഇതെല്ലാം മാറ്റിവെച്ച് ബോസ്സിന്റെ വിശ്വസ്ഥനായി ജോലിയില്‍മാത്രം ഫോക്കസ് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്നതിലും എത്രയൊ കൂടുതല്‍ ബോണസു കിട്ടുമായിരുന്നു.!... തോന്നില്ല...! കാലക്കേടുസമയത്ത് നല്ലതൊന്നും തോന്നില്ല.!.
ഇത്രയും ദൂരെയിരുന്നിട്ടും ഇവിടെ ഞാനെന്തൊക്കയോ കുരുത്വക്കേടുകള്‍ ഒപ്പിയ്ക്കുന്നുവെന്ന് എത്ര കൃത്യമായി ഊഹിച്ചെടുക്കുന്നു അമ്മ.. അതാണ് ഒരമ്മയുടെ മനസ്., മക്കള്‍ എത്ര വലുതായാലും അവര്‍ക്കു നേരെ എപ്പോഴും നീളുന്നു ശ്രദ്ധയുടെ,കരുതലിന്റെ ആ നനുത്ത കരങ്ങള്‍.. അമ്മയ്ക്ക് ഞാനിപ്പോഴും കൊച്ചുകുട്ടിയാണ്..എല്ലാ അമ്മമാരും ഇങ്ങിനെയൊക്കെത്തന്നെയായിരിയ്ക്കും.. എത്ര ദൂരത്തായിരുന്നാലും മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആ ഹൃദയങ്ങളില്‍ നിന്നും അവരറിയാതെതന്നെ അമ്മിഞ്ഞപ്പാലു ചുരന്നൊഴുകും.
"ഈശ്വരാ,.. പാവം എന്റെ ഉണ്ണി,.. ഒരു മുന്‍പരിചയവുമില്ലാത്ത ലോകത്തേയ്ക്കാണല്ലോ അവന്‍ പോകുന്നത്.. വെപ്രാളം മൂത്ത് എന്തൊക്കെ കാട്ടികൂട്ടുമോ ആവോ. കാത്തോളനേ ഭഗവാനെ.!" ആദ്യരാത്രിയില്‍ മണിയറയിലേയ്ക്കു പോകുന്ന മകനെനോക്കി ഉത്‌കണ്ഠപ്പെടുന്ന അമ്മ പാലിന്റെ ഗ്ലാസ്സെടുത്തു മരുമകളുടെ കൈകളില്‍കൊടുക്കുമ്പോള്‍ അറിയാതെ മനസ്സുകൊണ്ടെങ്കിലും മന്ത്രിച്ചുപോകും... "ഒരു ഈടുംമൂടുമില്ലാത്തവനാ അവന്‍,. എന്റെ ഉണ്ണി,.. ശുദ്ധന്‍,. എടുത്തുചാട്ടക്കാരന്‍.. നിനെക്കെങ്കിലും വേണം മോളെ ഒരു കരുതലും ഒപ്പം ഒതുക്കവും ".
അതാണ് അമ്മ...., ആദ്യ കാലടി മുതല്‍ മക്കളുടെ ജീവിതയാത്രയിലെ ഓരോ ചുവടുവെപ്പിലും അമ്മയുടെ പ്രാര്‍ത്ഥനയും അനുഗൃഹവും എപ്പോഴും കൂടെയുണ്ടാകും, താങ്ങും തണലുമേകി വാല്‍സല്യത്തോടെ, കരുത്തോടെ കാത്തു രക്ഷിയ്ക്കും..
ജോലിയും രാഷ്ട്രീയവുമായി അച്ഛന്‍ കറങ്ങി നടക്കാറുള്ള നാളുകളില്‍ കുടുംബഭാരം പലപ്പോഴും അമ്മയുടെ ചുമലില്‍ മാത്രമാകുമായിരുന്നു.. അന്ന് ആ കൊച്ചുപ്രായത്തിലും കൃഷി, മരാമത്ത് തുടങ്ങി ഒരു കുടുംബത്തിനുവേണ്ട അല്ലറ ചില്ലറ കാര്യങ്ങളില്‍ അമ്മയ്ക്കൊരു താങ്ങായിരുന്നു ഞാന്‍.. സോണിയഗാന്ധിയ്ക്കു മന്‍മോഹന്‍ എന്നപോലെ അമ്മയുടെ വിശ്വസ്ഥന്‍.. ഇന്നും ഇത്രയും വര്‍ഷം ഇത്രയും ദൂരത്തിരുന്നിട്ടും ഞാന്‍ തന്നെയാണ് അമ്മയുടെ പ്രിയപുത്രന്‍.
"ഞാന്‍ മരിച്ചാലും എവിടേയും പോകില്ല,.. നിങ്ങളേനോക്കി, കാത്തുരക്ഷിച്ച് അമ്മ, അമ്മയുടെ ആത്മാവ് ഇവിടെത്തന്നെയുണ്ടാകും..".വയസ്സായി,..വയ്യാണ്ടായി എന്ന തോന്നല്‍ മനസ്സിലുണ്ടാവാന്‍ തുടങ്ങിയ കാലം മുതലെ എന്റെ അമ്മ കൂടെകൂടെ പറയുന്നതാണ് ഈ വാചകം..അതു കേള്‍ക്കുമ്പോള്‍ സങ്കടംതോന്നും,.ഒരു കൊച്ചുകുട്ടിയായി മാറും ഞാനപ്പോള്‍.. "ശരിയല്ലെ അമ്മ പറയുന്നത് എന്തൊക്കെയുണ്ടായാലും, ആരൊക്കെയുണ്ടായാലും അമ്മ പോയാല്‍ പിന്നെ മക്കള്‍ ശരിയ്ക്കും അനാഥരാവില്ലെ...! അല്ലെങ്കില്‍തന്നെ പെറ്റവയറിനു മക്കളെ ഉപേക്ഷിച്ച് അങ്ങിനെ പോകാന്‍ കഴിയുമോ.
എട്ടു മണിയാകാറായി..! ബോസ്സിപ്പോള്‍ കയറിവരും, ഓഫീസ് സമയം കവര്‍ന്ന്, പരിസരം മറന്ന് വരമൊഴിയില്‍ ഞാനിരുന്നു കളിയ്ക്കുന്നത് എത്രയോ തവണ അദ്ദേഹം കണ്ടിരിയ്ക്കുന്നു.. ഒരുപാടു വര്‍ഷം സെര്‍വീസുള്ളതല്ലെ,.. ഇവിടെ വീടുംകുടിയും ഒന്നുമില്ലാത്തതല്ലെ എന്നൊക്കെ ഓര്‍ത്തു ക്ഷമിയ്ക്കുന്നു നല്ലവനായ ആ മനുഷ്യന്‍. എന്നാലും എല്ലാറ്റിനും ഒരു പരിധിയില്ലെ...! കട്ടുതിന്നുന്നതു പോലെ കട്ടെഴുതുന്നതും ഒരു സുഖമാണ്.. ഒരിയ്ക്കല്‍ ആ സുഖമറിഞ്ഞാല്‍ പിന്നെ എത്ര നിയന്ത്രിച്ചാലും, ഏതു പ്രതികൂല സാഹചര്യത്തിലും ചെയ്യാതിരിയ്ക്കാന്‍ കഴിയില്ല..
"ഇനി എന്നാ നീ വരിക,.. അമ്മയ്ക്കു തീരെ വയ്യാണ്ടായിരിയ്ക്കുണു... ഇനിയും മതിയായില്ലെ നിനക്ക് അവിടത്തെ ജീവിതം.." രാവിലെ ഫോണില്‍ അമ്മയുടെ സ്വരമിടറി..
പ്രൊഫെയില്‍ യാത്ര തുടരണമെന്നു വിചാരിച്ചാണ് വരമൊഴി തുറന്നത്,. പക്ഷെ അമ്മയുടെ വാക്കുകള്‍ നെഞ്ചില്‍ ഉടക്കിനില്‍ക്കുന്നു. "അമ്മമഴക്കാറിനു കണ്‍നിറഞ്ഞു.. ആ കണ്ണീരില്‍ ഞാനലിഞ്ഞു." ഒപ്പം സങ്കടം കൂട്ടാനായി ഓഫീസിലെ എന്റെ പാട്ടുപെട്ടിയും..
അമ്മയെക്കുറിച്ചല്ലാതെ,.അമ്മമാരെക്കുറിച്ചല്ലാതെ ഇന്ന് എനിയ്ക്കിനി മറ്റെന്തെഴുതുവാന്‍ കഴിയും..!
ഇതു പൊങ്കാലനാളുകള്‍ ...അമ്മമാരുടെ കൂട്ടായ്മയൊരുക്കുന്ന പൊങ്കാല അടുപ്പുകളില്‍ ഐശ്വര്യത്തിന്റെ തീനാളങ്ങള്‍ കത്തിജ്വലിയ്ക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തത്തിന്റെ നാളുകള്‍....അതിനുപുറകിലെ വിശ്വാസങ്ങള്‍,.അവിശ്വാസങ്ങള്‍, അന്ധവിശ്വാസങ്ങള്‍, എല്ലാം തല്‍ക്കാലം മറക്കാം.. തര്‍ക്കങ്ങളും മാറ്റിവെയ്ക്കാം..
അഴിമതി, കള്ളപ്പണം, നിയമലഘനം.. വാണിഭങ്ങള്‍... വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു ഇത്തരം മടുപ്പിയ്ക്കുന്ന കാഴ്ചകള്‍ക്കു വിശ്രമം നല്‍കി നിറവിന്റെ ആ വിസ്മയദൃശ്യങ്ങളില്‍ കണ്ണും മനസ്സും അര്‍പ്പിയ്ക്കാം.. !
വളയിട്ട ലക്ഷക്കണക്കിനു കൈകള്‍ ഒത്തൊരുമിച്ച് കത്തിച്ചൊരുക്കുന്ന അടുപ്പുകളിലെ കലങ്ങളില്‍ തിളച്ചു മറിയുന്ന പൊങ്കാലനേര്‍ച്ചയുടെ കാഴ്ചയില്‍, ഐശ്വര്യത്തിന്റെ സമൃദ്ധിയുടെ പ്രതീകമായ അന്നത്തിന്റെ നിറക്കാഴ്ചയില്‍ ലയിയ്ക്കാം..... ലാളിത്യത്തിന്റെ, നന്മയുടെ ഭൂതകാലത്തിലേയ്ക്ക് ഒരല്‍പ്പനേരത്തേക്കെങ്കിലും തിരിച്ചുപോകാം...
നമുക്കു നാട്ടിന്‍പുറങ്ങളില്‍ പോയി താമസിയ്ക്കാം...സ്മാര്‍ട്ടായ സിറ്റികളുടെ, ടെക്‍നോപാര്‍ക്കുകളുടെ തിരക്കുകളില്‍നിന്നുമകന്ന്,..കുടുംബകോടതികളുടെ,ഡിവോര്‍സ് പെറ്റീഷനുകളുടെ നൂലാമാലകളൊന്നുമില്ലാത്ത നാട്ടിന്‍പുറത്തെ നാലരയടിപോലും വീതിയില്ലത്ത ഒറ്റയടിപാതകളിലൂടെ നടക്കാം....നഗ്നപാദരായി തൊടിയിലിറങ്ങാം.എന്‍ഡോസള്‍ഫാന്‍ത്തുള്ളികള്‍ വീഴാത്ത കന്നിമണ്ണില്‍ കനകം വിളയിയ്ക്കാം...വിറകടുപ്പില്‍ മണ്‍കലത്തില്‍ പാചകംചെയ്തുടുത്ത കുത്തരിക്കഞ്ഞി അമ്മിയിലരച്ച ചമന്തിയുംകൂട്ടി കഴിയ്ക്കാം.. ചാറ്റിങ്ങും,ചീറ്റിംഗ് കഥകളുടെ സീരിയലുകളുമൊഴിവാക്കി സായാഹ്നങ്ങളില്‍ വയലിനു നടുവിലെ ചിറവരമ്പിലൂടെ നടക്കാം... സന്ധ്യാനാമം ജപിയ്ക്കുന്നതിനിടയില്‍ ഉറക്കംതൂങ്ങുന്ന കളകളെ തൊട്ടുണര്‍ത്തിയും,. ചേക്കേറാന്‍ വൈകിപറക്കുന്ന കിളികളെ കളിയാക്കിയും,..വിടപറയാന്‍ മടിച്ചു ചുവന്നുതുടുത്തു കരഞ്ഞുനില്‍ക്കുന്ന സൂര്യനെ ആശ്വസ്സിപ്പിച്ചും അലയാം.. ഏ.സിയുടെ ഇരമ്പിലില്ലാത്ത നടുമുറ്റത്ത് ഇളംകാറ്റേറ്റ്,.ആകാശത്ത് തുള്ളിത്തുളുമ്പി മെല്ലെ ചലിയ്ക്കുന്ന നക്ഷത്രങ്ങളോട് കളിപറഞ്ഞു വെറുതെ കിടക്കാം.. കൊളസ്ട്രോളിന്റെ, ഷുഗറിന്റെ,ഡിപ്രഷന്റെ, റ്റാബ്‌ലറ്റുകളുടെ സമ്മര്‍ദ്ദമില്ലാതെ,. രവിശങ്കറിന്റെ ബ്രീത്തിംഗ് എക്സെര്‍സൈസും മറ്റെല്ലാവിധ ലഹരികളും ഒഴിവാക്കി എല്ലാം മറന്നുങ്ങാറുള്ള യാമങ്ങള്‍ തിരിച്ചുപിടിയ്ക്കാം..സുന്ദരസ്വപ്നങ്ങള്‍ പങ്കുവെച്ചുണരാം...!
ഈ പുതിയയുഗത്തില്‍, .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടില്‍,. .ഇതെല്ലാം നമുക്ക് വെറുതെ മനസ്സില്‍ താലോലിയ്ക്കുന്ന സ്വപ്നങ്ങള്‍ മാത്രമാകുന്നു... എങ്കിലും ഒരിയ്ക്കലും കൈമോശം വരാതെ ഈ ഗൃഹാതുരസ്മരണകള്‍ സമ്പാദ്യമായി കാത്തുസൂക്ഷിയ്ക്കുന്നു ഇന്നും നമ്മളില്‍ ഭൂരിഭാഗവും..
പക്ഷെ,. ഭൗതികഭ്രമത്തിന്റെയും സമ്പത്തിന്റേയും അതിപ്രസരത്തില്‍ ധാര്‍മ്മികതയും സദാചാരബോധവും ഭയാനകാമാംവിധം മലീമസമാക്കപ്പെടുന്നു ആധുനികസമൂഹത്തില്‍... ആഗോളവല്‍ക്കരണം സമ്മാനിച്ച അന്യസംസ്ക്കാരങ്ങളുടെ അരുതാപ്പുറങ്ങളിലേയ്ക്ക് നിര്‍ലജ്ജം കാലെടുത്തുവെയ്ക്കുന്നു ചിലര്‍.. കാണാപ്പുറങ്ങള്‍ കാണുന്നു.. എഴുതാപ്പുറങ്ങള്‍ വായിയ്ക്കുന്നു.. മാതൃഭാഷ മറക്കുന്നു... അമ്മിഞ്ഞപാലിന്റെ രുചിയും ഗന്ധവും മറന്ന് ഇംഗ്ലീഷ് അറിയാത്ത അമ്മയെ പരിഹസിയ്ക്കുന്നു.. വേരുകള്‍ മുറിച്ചെറിയുന്നു.
സ്ത്രീശക്തി...! അതിന്റെ മഹത്വം.. വാക്കുകള്‍ക്കതീതമാണ്..! ഓരോ വീടുകളിലും അവര്‍ തെളിയിക്കുന്ന വിളക്കുകള്‍ ഒന്നിച്ച് ലക്ഷാര്‍ച്ചനായി സമൂഹത്തെ പ്രകാശമാനമാക്കും. അവളുടെ സന്ധ്യാദീപത്തിനു മുമ്പില്‍ എത്ര ഉഗ്രപ്രതാപിയായ പുരുഷനും തൊഴുകയ്യുമായി നില്‍ക്കും..! ആ നാളങ്ങളുടെ ചെറുചലനങ്ങളില്‍ ഒതുങ്ങും അവന്റെ സ്വപ്നങ്ങളും,സാമ്രാജ്യമോഹങ്ങളും..! അവളൊരുക്കുന്ന അത്താഴം, അതെത്ര ലളിതമായാലും വിഭവരഹിതമായാലും അതിനായി അവന്‍ കൊതിയോടെ കാത്തിരിയ്ക്കും.. അവിടെ ഉത്തമ ദാമ്പത്യബന്ധങ്ങള്‍ പൂത്തുലയും...! എല്ലാം ശരിയാണ്, എല്ലാവര്‍ക്കും എല്ലാം അറിയുകയും ചെയ്യാം...! എന്നിട്ടും സമൂഹത്തില്‍.....!
അത് നിയോഗമാണ്.. പറഞ്ഞുമടുത്ത കഥകളുടെ തനിയാവര്‍ത്തനമാണ്.. ആദിമമനുഷ്യന്‍ പിറക്കുമ്പോള്‍ ഈ ഭൂമി സ്വര്‍ഗ്ഗരാജ്യത്തിനു സമാനമായിരുന്നു... പാമ്പും ആപ്പിളുമായി പരീക്ഷണത്തിനിറങ്ങിയ ആദ്യദിനം തന്നെ ദൈവത്തിനു മനസ്സിലായി തന്റെ സൃഷ്ടിയുടെ മഹത്വം..! ഇനി അവരായി.. അവരുടെ പാടായി.. ദൈവം കൈവിട്ടു.!. പാമ്പുകള്‍ പെരുകി.. ആപ്പിള്‍തോട്ടങ്ങള്‍ പൂത്തുലഞ്ഞു.. അവ കാലികമായി ഐസ് ക്രീം പാര്‍ലറുകളും മറ്റുപലതുമായും രൂപാന്തരം പ്രാപിച്ചു..
ഒരു കൈകുമ്പിളില്‍ ഒതുങ്ങുന്ന ആപ്പിളില്‍ തുടങ്ങിയ നമ്മുടെ മോഹങ്ങള്‍ മെല്ലെ കാളവണ്ടി കയറി കമ്പോളത്തിലെത്തി... പിന്നെ അതു ലോറികള്‍ക്കു വഴി മാറി.... ഇപ്പോള്‍ കണ്ടയിനറിനുമപ്പുറത്തേയ്ക്കു വളര്‍ന്നിരിയ്ക്കുന്നു അത്.! എല്ലാ ലക്ഷ്മണരേഖകളും ലംഘിച്ച് മാരീചനു പുറകെ കാണാത്തീരങ്ങളും തേടിയുള്ള നമ്മുടെ മോഹങ്ങളുടെ യാത്രയ്ക്ക്, മുന്നില്‍ വാപിളര്‍ന്നുനില്‍ക്കുന്ന ചതിക്കുഴികള്‍ക്കു മുമ്പില്‍ മുമ്പില്‍ പെട്ടന്നു നിര്‍ത്താന്‍ പോലും കഴിയാത്ത അത്രയും വേഗത കൈവരിച്ചിരിയ്ക്കുന്നു ഇപ്പോള്... വികസനം ലക്ഷ്യമാക്കി അനുനിമിഷം അതിവേഗതയാര്‍ജിച്ചുകൊണ്ടിരിയ്ക്കുന്ന ഈ യാത്ര ഒരിയ്ക്കലും അവസാനിപ്പിയ്ക്കാന്‍ കഴിയില്ല നമുക്ക്.. കാരണം ആധുനികമനുഷ്യരാണ് നമ്മള്‍..! പുരോഗമനവാദികള്‍.!
ഭക്തിയും വിശ്വാസവും ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും നിമിഷങ്ങളില്‍ മാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന വികാരങ്ങളായി മാറിയിരിയ്ക്കുന്നു... ആചാരങ്ങള്‍ ആഘോഷങ്ങള്‍ക്കു വഴിമാറുന്നു... ആഘോഷങ്ങള്‍ ആര്‍ഭാടത്തിന്റെ, വിപണനത്തിന്റെ അരങ്ങുകളിലൊരുങ്ങുന്ന വെറും കെട്ടുകാഴ്ചകള്‍ മാത്രമായി ചുരുങ്ങുന്നു...
"രണ്ടുദിവസത്തെ വെയിലും, .അടുപ്പിലെ ചൂടും.. എല്ലാംകൂടി കറുത്ത് ആകെ കോലം കെട്ടുപോയി. മടുത്തു ,.. ഇതൊക്കെ ഒന്നഴിച്ചുവെച്ചിട്ട്,. ആദ്യം തന്നെ ബ്യൂട്ടിപാര്‍ലറില്‍ പോകണം.".. ആചാരങ്ങള്‍ തീരുന്ന ആ നിമിഷം, .പൊങ്കാല അടുപ്പിലെ തീക്കനലിന്റെ ചൂടുതെല്ലുകുറയുംമുമ്പെ മടങ്ങുവാന്‍ തിടുക്കം കൂട്ടുന്നു ചിലര്‍.!. "തങ്ങളുടെ കടമ ഭംഗിയായി നിറവേറ്റി.. ഇനി അടുത്ത പൊങ്കാലനാള്‍ വരെ എല്ലാം കണ്ടും കേട്ടും കണ്ണടച്ചും ക്ഷമിച്ചും,പൊറുത്തും കാത്തുരക്ഷിയ്ക്കേണ്ടത് ദേവിയുടെ ചുമതലയാണ്.." ആ വിശ്വാസത്തോടെ നിറഞ്ഞ മനസ്സുമായി മടങ്ങുന്നു അവര്‍..!
"അമ്മേ,.. ഭഗവതി..!...ദേവി..ഭഗവതി...!" നടതുറക്കുന്ന സമയത്ത് ശ്രീകോവിലിനുമുമ്പില്‍ അലറിക്കരഞ്ഞു പ്രാര്‍ത്ഥിയ്ക്കുമ്പോളുതിരുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അടുത്ത നിമിഷം അമ്പലപ്പറമ്പില്‍ പാര്‍ക്കു ചെയ്ത കാറിനു മുമ്പിലെത്തുമ്പോഴേയ്ക്കും വറ്റിപോകുന്നു..! ആ കണ്ണുനീര്‍ വറ്റാതെ ഹൃയത്തിലേയ്ക്കുതന്നെ തിരിച്ചൊന്നൊഴുകിയിരുന്നെങ്കില്‍...! ദേവിയുടെ വിഗ്രഹത്തില്‍നിന്നും എറ്റു വാങ്ങിയ ചൈതന്യം ഒളിമങ്ങാതെ എപ്പോഴും മുഖത്തു തങ്ങിനിന്നിരുന്നുവെങ്കില്‍.!. ആ തിരുനടയില്‍നിന്നും ആവാഹിച്ചെടുത്ത നന്മയുടെ ഊര്‍ജം ഓരോ വാക്കിലും, നോക്കിലും, കര്‍മ്മത്തിലും പ്രസരിച്ചിരുന്നെങ്കില്‍..!
പ്രാര്‍ത്ഥിയ്ക്കുന്നു.. നേരുന്നു നന്മകള്‍....
കൊല്ലേരി തറവാടി
19/02/2011
അതാണ് അമ്മ....,ആദ്യ കാലടി മുതല്‍ മക്കളുടെ ജീവിതയാത്രയിലെ ഓരോ ചുവടുവെപ്പിലും അമ്മയുടെ പ്രാര്‍ത്ഥനയും അനുഗൃഹവും എപ്പോഴും കൂടെയുണ്ടാകും, താങ്ങും തണലുമേകി വാല്‍സല്യത്തോടെ കരുത്തോടെ,.കാത്തു രക്ഷിയ്ക്കും..
ReplyDeleteആര് പറഞ്ഞു കൊല്ലെരീ ആരും വായിക്കുന്നില്ലെന്നു..നിലവാരമുള്ള നല്ല ബ്ലോഗുകളില്‍ ഒന്ന് കൊല്ലെരിയുടെതാനെന്നു നിസ്സംശയം പറയാം...ഇനിയും എഴുതണേ...ആശംസകള്‍...
ReplyDeleteസ്ത്രീശക്തി...! അതിന്റെ മഹത്വം.. വാക്കുകള്‍ക്കതീതമാണ്..! ഓരോ വീടുകളിലും അവര്‍ തെളിയിക്കുന്ന വിളക്കുകള്‍ ഒന്നിച്ച് ലക്ഷാര്‍ച്ചനായി സമൂഹത്തെ പ്രകാശമാനമാക്കും. അവളുടെ സന്ധ്യാദീപത്തിനു മുമ്പില്‍ എത്ര ഉഗ്രപ്രതാപിയായ പുരുഷനും തൊഴുകയ്യുമായി നില്‍ക്കും..! ആ നാളങ്ങളുടെ ചെറുചലനങ്ങളില്‍ ഒതുങ്ങും അവന്റെ സ്വപ്നങ്ങളും,സാമ്രാജ്യമോഹങ്ങളും..! അവളൊരുക്കുന്ന അത്താഴം, അതെത്ര ലളിതമായാലും വിഭവരഹിതമായാലും അതിനായി അവന്‍ കൊതിയോടെ കാത്തിരിയ്ക്കും.. അവിടെ ഉത്തമ ദാമ്പത്യബന്ധങ്ങള്‍ പൂത്തുലയും...! എല്ലാം ശരിയാണ്, എല്ലാവര്‍ക്കും എല്ലാം അറിയുകയും ചെയ്യാം...! എന്നിട്ടും സമൂഹത്തില്‍.....!
ReplyDeleteThis comment has been removed by the author.
ReplyDeleteഞാനും സ്ഥിരമായി ഇവിടെ വരാറുണ്ട്
ReplyDeleteഇനി മുതല്‍ പോസ്റ്റിടുമ്പോള്‍ ഒരു മെയില്‍ കൂടി അയക്കുക..
mizhineerthully@gmail.com
കൊല്ലേരീ... സന്ദേശത്തിലെ ശങ്കരാടിയെ ആണ് എനിക്കോര്‍മ്മ വരുന്നത് കേട്ടോ... ആരും കാണാതെ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോകുന്ന കമ്യൂണിസ്റ്റ് ആചാര്യനെ...
ReplyDeleteനടക്കട്ടെ നടക്കട്ടെ...
അമ്മ! അമ്മയ്ക്ക് പകരം ഒന്നുമില്ല !!
ReplyDelete