Wednesday, February 23, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (രണ്ടാം ഭാഗം തുടര്ച്ച ..)


രും വായിക്കാനില്ലെന്ന വിലാപം കേട്ട്‌ " ഞങ്ങളുണ്ട്‌ കൂടെ... ധൈര്യമായെഴുതിക്കൊള്ളു " എന്നൊക്കയുള്ള ആശ്വാസ്സവാക്കുകളുമായി എവിടെയൊക്കെയോ ആരൊക്കയോ ഉണ്ടെന്നുള്ള തിരിച്ചറിവു നല്‍കുന്ന ആത്മവിശ്വാസവുമായി, ആ സന്മനസ്സുകളേയും ഒപ്പം ഈ യാത്രയില്‍ നിശബ്ദം പങ്കുചേരുന്ന എല്ലാവരേയും നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ട്‌ ഞാന്‍ ഈ യാത്ര തുടരുന്നു.. 

"ഇരിയ്ക്കട്ടെ രമേശാ ഒരു തറക്കഥകൂടി" എന്ന പ്രൊഫയിലിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുനുബന്ധമാണ്‌ ഈ പോസ്റ്റ്... പ്രൊഫയിലിന്റെ പരിധികള്‍ക്കപ്പുറമാണ്‌ ഇതില്‍ പരാമര്‍ശിയ്ക്കുന്ന കാര്യങ്ങള്‍ എന്ന സംശയം തോന്നിയതിനാലാണ് ഇതൊരുനുബന്ധമായി അവതരിപ്പിയ്ക്കുന്നത്‌.. ഇനി വായിയ്ക്കുക...
-------------------------------------------------------------------------------------------------------

ഇന്നും വര്‍ഷങ്ങള്‍ എത്രയൊ കഴിഞ്ഞിട്ടും ഭാരതപ്പുഴ മുറിച്ചു കടന്ന്‌ ഇനിയും ഗ്രാമീണത കൈമോശം വരാത്ത പാലക്കാടിന്റെ തീരങ്ങളിലൂടെ യാത്രചെയ്യേണ്ടിവരുമ്പോള്‍ ഞാനറിയതെ മനസ്സൊന്നിടറും,.കണ്ണുകള്‍ കലങ്ങും..

ഇക്കഴിഞ്ഞ വെക്കേഷനിലെ ഒരു യാത്രക്കിടയില്‍ കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹം കണ്ട്‌ ലക്കിടി വഴി മടങ്ങുമ്പോള്‍ കൃത്യം പാമ്പാടിപാലത്തില്‍വെച്ച്‌ റോഡു ബ്ലോക്കായി... കണ്‍മുമ്പില്‍ ഒക്ടോബര്‍മഴയോടു കലഹിച്ചും കലമ്പിയും ഇനിയും പിണക്കം മാറാതെ കലങ്ങിയൊഴുകുന്ന നിളയിലൂടെ സെക്കന്‍ഡുകളായും മിനിറ്റുകളായും കാലം ഒഴുകിപോകുന്നത്‌ ആത്മനൊമ്പരത്തോടെ നോക്കികാണുകയായിരുന്നു ഞാനപ്പോള്‍.

പാലത്തിനുതാഴെ, അധികം അകലെയല്ലാതെ ഐവര്‍ മഠത്തില്‍ കത്തിയെരിയുന്ന ചിതകളുടെ ആകാശത്തോളമുയരുന്ന പുകച്ചുരുകള്‍. താഴെ പുഴയില്‍ ബലികര്‍മങ്ങള്‍ ചെയ്യുന്ന പിന്‍തലമുറക്കാര്‍... നൈമിഷികമായ ജീവിതത്തിന്റെ നശ്വരതയും പൊരുളും തിരിച്ചറിയുന്ന നിമിഷങ്ങളുടെ ഭാരം താങ്ങാനാകാതെ,. കത്തിയെരിയുന്ന ചിതയുടെ ഗന്ധം പേറി ഉയര്‍ന്നുപൊങ്ങുന്ന കറുപ്പും വെളുപ്പും ഇടകലര്‍ന്ന പുകച്ചുരുളുകളുടെ അനാര്‍ഭാടാന്തരീക്ഷത്തില്‍ നിന്നും ഓടിരക്ഷപ്പെട്ടു വീണ്ടും ഭൗതികതയുടെ വര്‍ണ്ണാരവങ്ങളിലേയ്ക്കും, ആഘോഷങ്ങളിലേയ്ക്കും ആണ്ടിറങ്ങാന്‍ തിരക്കുകൂട്ടുകയാവും അവരില്‍ പലരും. അതിനിടയില്‍ "ഇന്നു ഞാന്‍ നാളെ നീ" എന്ന സത്യം ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും നേരമുണ്ടാവുമോ.. 

കത്തിപടര്‍ന്നുയര്‍ന്നുപൊങ്ങുന്ന മോഹങ്ങളുടെ തീജ്വാലകളുണര്‍ത്തുന്ന ഉള്‍പ്രേരണകളുടെ കുത്തൊഴുക്കില്‍ മോഹിയ്ക്കുന്നതെല്ലാം സ്വന്തമാക്കാനുള്ള തത്രപ്പാടില്‍, അതിനായി ബലികൊടുക്കപ്പെടുന്ന ജീവിതങ്ങളെ അവഗണിച്ചു ചെയ്തുകൂട്ടുന്ന പാപകര്‍മങ്ങള്‍.. ! ഒടുവില്‍ സ്വന്തമാക്കിയതുപോലും ഉപേക്ഷിച്ച്‌, വീണ്ടും മോഹിയ്ക്കാനുള്ള മോഹംപോലും ഉപേക്ഷിച്ചു വെറുംകയ്യോടെ മടങ്ങേണ്ടിവരുന്ന മുഹൂര്‍ത്തത്തിനു തൊട്ടുമുമ്പ്‌ മാത്രം കണ്ണോടിയ്ക്കുന്ന പാപപുണ്യങ്ങളുടെ കണക്കുപുസ്തകം.! വൈകിപോയെന്ന തിരിച്ചറവിലും ആത്മാവിന്റെ മോചനത്തിനായി ദേഹിവെടിഞ്ഞ ദേഹത്തില്‍ അഗ്നിശുദ്ധി വരുത്തി ഒരു പിടി ചാരമായി നിളയുടെ പുണ്യജലത്തില്‍ അലിഞ്ഞുചേര്‍ന്ന്‌ മോക്ഷപ്രാപ്തിയ്ക്കായി അവസാനശ്രമം നടത്തുന്നു പാവം മനുഷ്യജന്മങ്ങള്‍..

വെറും വിശ്വാസങ്ങള്‍ മാത്രമായിരിയ്ക്കാം അതെല്ലാം.. ഒരര്‍ത്ഥത്തില്‍ എന്റെ ചിതയും കത്തിയെരിയേണ്ടത്‌ ഈ നിളാതീരത്തു തന്നെയാണ്‌.

"ഒരു പ്രായശ്ചിത്തം പോലെ പരിഹാരകര്‍മംപോലെ. അവസാനം നിളയുടെ നെഞ്ചില്‍, അമ്മയുടെ അമ്മിഞ്ഞപാലിന്റെ ചൂടില്‍ ഒരുപിടി ചാരമായി അലിഞ്ഞുചേരണം അല്ലെ,.. അതെ, അതാണ്‌ ശരി, അതുതന്നെയാണ്‌ വേണ്ടത്‌.." മനസ്സിലെ മണ്‍കൂനയില്‍ കാറ്റടിച്ചതുപോലെ ഒരു ചെറുമര്‍മ്മരം,. മൃദുമന്ത്രണം..!

ആരോടെങ്കിലും പറയാനായി മനസ്സു വെമ്പി... അപ്പുവിനോടു പറഞ്ഞാലോ,. കാറിന്റെ മുന്‍സീറ്റിലിരുന്ന്‌ പുഴയില്‍ കളിച്ചുമദിയ്ക്കുന്ന സമപ്രായക്കാരായ കുട്ടികളെ കൗതുകത്തോടെ നോക്കികാണുകയായിരുന്നു.അവന്‍.. എത്രയും പെട്ടന്ന്‌ തൃശ്ശൂരെത്തി "മെസി"യുടെ പേരെഴുതിയ, നീലയും വെള്ളയും ഇടകലര്‍ന്ന അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേര്‍സി സ്വന്തമാക്കാനുള്ള ആവേശത്തിലായിരുന്നു രാവിലെ മുതലെ അവന്‍.. അല്ലെങ്കിലും ഇതൊക്കെ പറഞ്ഞാല്‍ മനസ്സിലാവേണ്ട പ്രായമാണോ അവന്‌..!

തൊട്ടടുത്തിരുന്ന്‌ മാളു കുഞ്ചന്‍സ്മാരകത്തില്‍ നിന്നും റെക്കോഡ്‌ ചെയ്ത ഓട്ടന്‍തുള്ളലിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിയ്ക്കുകയായിരുന്നു..

സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്ന ഇവളുടെ മുഖത്തു നോക്കി മരണത്തെക്കുറിച്ച്‌ എങ്ങിനെ സംസാരിയ്ക്കാന്‍ കഴിയും എനിയ്ക്ക്‌.... പെട്ടന്ന്‌ അവളെ വല്ലാതെ ചേര്‍ത്തു പിടിച്ചു...

"എന്തുപറ്റി കുട്ടേട്ടാ. പെട്ടന്ന്‌.." " 

"ഒന്നുമില്ല മാളു എന്തോ വല്ലാത്ത തണുപ്പു തോന്നുന്നു...."

"ആ വിന്‍ഡൊ ഗ്ലാസ്സു കയറ്റിയിടാന്‍ ഞാനപ്പഴേപറഞ്ഞതല്ലെ കുട്ടേട്ടനോട്‌, പുറത്തു നല്ല തണുത്ത കാറ്റുണ്ട്‌.. മഴക്കോളുമുണ്ട്‌.. ആദ്യമായിട്ടല്ലല്ലൊ ഈ പുഴ കാണുന്നത്‌.! അല്ലെങ്കിലും കാണുന്നതിലെല്ലാം ആദ്യമായി കാണുന്നതുപോലെയുള്ള പുതുമയും വിസ്മയവും.! കുട്ടേട്ടന്റെ ഈ ശീലമെന്നാ ഇനി മാറാന്‍പോണത്‌. ഈശ്വരാ തോറ്റു ഞാന്‍..! 

അവള്‍ ചേര്‍ന്നിരുന്നു , നെറ്റിയിലും കഴുത്തിലും കൈവെച്ചുനോക്കി.

"കണ്ണു ചുവന്നിരിയ്ക്കുന്നു. പനിക്കോളുണ്ട്‌.... വീട്ടില്‍ ചെല്ലട്ടെ, പാടത്തുനിന്നും പഞ്ചോത്തിന്റെ ഇല പൊട്ടിച്ചോണ്ടുവന്ന്‌ രസം വെച്ചു തരാം... പിന്നെ അമ്മയോടു പറഞ്ഞു കടുകും മുളകും ഉഴിഞ്ഞിടാം.. കണ്ണു പറ്റിയുണ്ടാവും.. എന്തായിരുന്നു കുഞ്ചന്‍സ്മാരകത്തില്‍ വെച്ചുള്ള ഉത്സാഹം.. ആ ഓട്ടന്‍തുള്ളല്‍ പഠിപ്പിയ്ക്കുന്ന ടീച്ചറോടുള്ള സംസാരവും, തുള്ളലിന്റെ വീഡിയോപിടുത്തവും... അപ്പോളെ വിചാരിച്ചിതാ ഞാനിത്‌,.. ഇപ്പോഴും കൊച്ചുപയ്യനാണെന്നാ വിചാരം ".... 

"എന്റെ മാളു അതൊരു കൊച്ചുകുട്ടിയാ,.. പാവം, ഒറ്റപ്പാലത്തെ ഏതോ നാട്ടിന്‍പുറത്തുക്കാരി..... ഇപ്പോഴും കലാമണ്ഡലത്തിലെ സ്റ്റുഡന്റ്‌.. ഒരു നാലഞ്ചുകൊല്ലംകൂടിമുമ്പ്‌ നമ്മുടെ കല്യാണം കഴിഞ്ഞിരുന്നെങ്കില്‍, കൃത്യം പത്താംമാസം നീ ഒരു പെണ്‍കുഞ്ഞിനെ പെറ്റിരുന്നെങ്കില്‍ നമുക്കുമുണ്ടായേനെ ഈ പ്രായത്തില്‍ ഒരുമോള്‌.. അപ്പു വലുതാവുമ്പോള്‍ അവനെ നമുക്ക്‌ ഭാരതപുഴയുടെ തീരത്തുള്ള ഏതെങ്കിലുമൊരു ദേശത്തുനിന്നും കല്യാണം കഴിപ്പിയ്ക്കണം.."

"ഈ പിതൃസ്നേഹവും പുത്രീവാല്‍സല്യവുമൊന്നുമല്ലല്ലോ അവിടെവെച്ചു കണ്ടത്‌.... എല്ലാം എനിയ്ക്കു മനസ്സിലാവുന്നുണ്ട്‌.. കലാമണ്ഡലം, ഭാരതപുഴ,.. പിന്നെ തുള്ളല്‍ക്ലാസും.. ഇവിടയങ്ങു വല്ലാതെ പിടിച്ചു അല്ലെ കുട്ടേട്ടന്‌`."!

മാളുവിന്റെ കൊച്ചുകൊച്ചുപരിഭവങ്ങളുടെ ഈണത്തില്‍, അതുപകരുന്ന ഊര്‍ജ്ജത്തില്‍ ഞാന്‍ എല്ലാം മറന്നു.... ഐവര്‍മഠത്തിലെ പുകചുരുളുകള്‍ എങ്ങോ പോയ്‌മറഞ്ഞു..

അല്ലെങ്കിലും അതങ്ങിനെയാണ്‌.. അവളുടെ പരിചരണത്തില്‍, കരുതലില്‍ എല്ലാ വിമ്മിഷ്ടങ്ങളും അലിഞ്ഞുതീരും... ഇടതുകയ്യില്‍ തരിപ്പ്‌ , ക്ഷീണം.. പ്രായം കൂടി വരികയല്ലെ, .ഇത്തവണ നാട്ടില്‍ചെന്നല്‍ വിശദമായി മെഡിക്കല്‍ ചെക്കപ്പ്‌.. .ഓരോ വെക്കേഷനൊരുങ്ങുമ്പോഴും മനസ്സില്‍ പ്ലാന്‍ ചെയ്യും.. പക്ഷെ നാട്ടിലിറങ്ങി മാളുവിന്റെ സാമിപ്യത്തില്‍, മാന്ത്രികസ്പര്‍ശത്തില്‍ എല്ലാ രോഗങ്ങളും ശമിയ്ക്കും. ഇടതുകയ്യിനായിരുന്നോ വലതുകയ്യിനായിരുന്നൊ തരിപ്പുണ്ടായിരുന്നത്‌ ഓര്‍ത്തെടുക്കാനാവാതെ ഇതെന്തൊരു മായജാലം എന്നോര്‍ത്ത്‌ അത്ഭുതംകൂറും. 

തിരുവില്വാമലയും കഴിഞ്ഞ്‌ തൃശ്ശൂരും ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടര്‍ന്നു.

ടൗണില്‍ ചെന്ന്‌ അപ്പുവിന്‌ അര്‍ജന്റീനയുടെ ജേര്‍സി വാങ്ങികൊടുക്കണം... അതു കഴിഞ്ഞിട്ടെ ഇനി ബാക്കിയെന്തും.. പാവം ഒരു പാടു നാളായി മോഹിയ്ക്കുന്നു.. 

"സോറി സര്‍,.. സ്റ്റോക്കുണ്ടായിരുന്നു തീര്‍ന്നുപോയി, വേള്‍ഡ്‌ കപ്പ്‌ കഴിഞ്ഞിട്ട്‌ മൂന്നാലുമാസമായില്ലെ,.. ഇനി ക്രിക്കറ്റിന്റെ സീസണല്ലെ.. ധോണിയുടെ ടീഷര്‍ട്ടു തരട്ടെ"

കടക്കാരന്റെ വാക്കുകളിലെ നിസ്സംഗത അപ്പുവിന്റെ കണ്ണുകളില്‍ നിരാശയായിപടര്‍ന്നു.. അതെന്റെ ഹൃദയത്തില്‍ കൊണ്ടു.... പണ്ട്‌ അമ്പലപ്പറമ്പില്‍ കളിപ്പാട്ടക്കടയുടെ മുമ്പില്‍ ഒരു കളിതോക്കിനായി മോഹിച്ചുനിന്നിട്ടുണ്ട്‌ , ആ പ്രായത്തില്‍തന്നെ അച്ഛന്റെ പേര്‍സിന്റെ കനവും ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടു തിരിച്ചറിയാനുള്ള വകതിരിവ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ ആരോടും പറയാതെ കണ്ണീരോടെ ആ മോഹം മറന്നുകളഞ്ഞിട്ടുണ്ട്‌.. ഇന്ന്‌ പേര്‍സ്‌ നിറയെ കാശുണ്ട്‌..! എന്നിട്ടും.

ഒരു പ്രവാസിയുടെ നാട്ടിലുള്ള കുടുംബത്തിന്റെ മാത്രം ദൗര്‍ഭാഗ്യമാണിത്‌.. മോഹങ്ങള്‍ പലതും പൂവണിയാതെപോകുന്നു.. അവസാനം പൂവണിയാന്‍ തുടങ്ങിയാല്‍തന്നെ വല്ലാതെ വൈകിയിരിയ്ക്കും, അപ്പോഴേയ്ക്കും സീസണ്‍ തീരാറായിട്ടുണ്ടാകും... കമ്പം കുറഞ്ഞിട്ടുണ്ടാകും.. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ..!

വെക്കേഷന്‍നാളുകളിലെ ഒന്നോ രണ്ടോ മാസങ്ങളിലെ അടിച്ചുപൊളികളില്‍ ആഘോഷങ്ങളില്‍ ഒതുങ്ങിപോകുന്നു അവരുടെ ആവശ്യങ്ങള്‍.. ജീവിതംതന്നെ.. പിന്നെ കാത്തിരിപ്പിന്റെ നീണ്ട മഞ്ഞുകാലം... അതിനിടയില്‍ കടന്നുപോകുന്ന ഉത്സവങ്ങള്‍.. ആഘോഷങ്ങള്‍ എല്ലാം അവര്‍ക്കന്യമായി കടന്നുപോകുന്നു.ഒരമ്മക്ക്‌ മകനില്‍ നിന്നും ലഭിയ്ക്കുന്ന കാരുണ്യം,. സ്പര്‍ശം.... മകന്‌ അച്ഛനില്‍ നിന്നു ലഭിയ്ക്കേണ്ട വാല്‍സല്യം... ഒരു ഭാര്യയ്ക്ക്‌ ഭര്‍ത്താവിനോടു മാത്രം പറയേണ്ട ഒരുപാടു കാര്യങ്ങള്‍.... ഭര്‍ത്താവില്‍ നിന്നും മാത്രം ലഭിയ്ക്കേണ്ട ഒരുപാടൊരുപാട്‌ അവകാശങ്ങള്‍.!.. ആരോടു ചോദിയ്ക്കും അവര്‍, ആരോടുപറയും ഈ സങ്കടങ്ങള്‍..!

20/20 കളിക്കാരന്റെ മാനസ്സികാവസ്ഥയിലൂടെയായിരിയ്ക്കും വെക്കേഷന്‍ നാളുകളില്‍ ഓരോ പ്രവാസിയും കടന്നുപോകുന്നത്‌.... തകര്‍പ്പന്‍ ബറ്റിങ്ങും, പ്രതിരോധിയ്ക്കാന്‍ കൃത്യതയാര്‍ന്ന ബൗളിങ്ങും, ചടുലതയാര്‍ന്ന ഉശിരന്‍ ഫീല്‍ഡിങ്ങുമായി ഇത്തിരിനേരംകൊണ്ട്‌ ഓടിനടന്നുചെയ്തുതീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍... ഈ നാളുകളിലെ നല്ല അനുഭവങ്ങളില്‍ സ്വപ്നത്തിന്റേയും സങ്കല്‍പ്പത്തിന്റേയും നിറങ്ങള്‍ ചേര്‍ത്ത്‌ അയവിറക്കി വേണം മുന്നില്‍ കാത്തിരിയ്ക്കുന്ന മരുഭൂമിയിലെ ഏകാന്ത വിരസ രാവുകള്‍ തള്ളിനീക്കാനെന്ന തിരിച്ചറിവ്‌ വെക്കേഷന്റെ അവസാന നിമിഷം വരെയും അവന്‌ കരുത്തു നല്‍കുന്നു. 

ഒരേ റൂമില്‍,.. ഒരേ കട്ടിലില്‍, ഒരു വ്യാഴവട്ടക്കാലത്തിനുമപ്പുറം.! കൂട്ടിനായി, വര്‍ഷങ്ങളായി റിമോട്ടില്‍ എന്റെ വിരല്‍ത്തുമ്പുകളുടെ ചലനങ്ങള്‍ക്കനുസരിച്ച്‌ പാട്ടുപാടുന്ന,. നൃത്തംചെയ്യുന്ന ,എന്റെ മൂഡനുസരിച്ച്‌ ചൂടും തണുപ്പുമുള്ള ഒളിമങ്ങാത്ത വിഭവക്കാഴ്ചകളൊരുക്കി വിളമ്പിതരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി "സോണിയും"...!

മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.. തളരാന്‍ തുടങ്ങിയിരിയ്ക്കുന്നു... വനവാവാസത്തിനുമപ്പുറം അജ്ഞാതവാസത്തിലെത്തിനില്‍ക്കുന്ന എന്റെ പ്രവാസം അതിരുകള്‍ വിടാന്‍ തുടങ്ങിയിരിയ്ക്കുന്നു.. "ഒന്നു വിളിയ്ക്കു" എന്നു പറഞ്ഞ്‌ പരിചയപ്പെടാന്‍ ശ്രമിയ്ക്കുന്ന അപരിചിതനായ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടില്ലെന്നു നടിച്ച്‌ മര്യാദയുടെ എല്ല സീമകളും ലംഘിയ്ക്കുന്നു ഞാന്‍.

"പണ്ടൊക്കെ ഒന്നുരണ്ടുമാസം കൂടുമ്പോഴെങ്കിലും നീ വിളിയ്ക്കുമായിരുന്നു.. ഇതിപ്പോള്‍ വന്ന്‌ വന്ന്‌ വര്‍ഷത്തിലൊരിയ്ക്കലായി... മാളുവിന്‌ ദിവസവും അഞ്ചും ആറും തവണ വിളിയ്ക്കുന്നതു ഞാനറിയുന്നുണ്ട്‌.." ന്യൂഇയറിനു വിളിച്ചപ്പോള്‍ തൊടുപുഴയില്‍നിന്നും ചേച്ചിയുടെ പരാതി.

"അതുപിന്നെ ചേച്ചി,. അവളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടൊന്നുമല്ല... ഭാര്യയായി പോയില്ലെ അവള്‌,.. വയസ്സായി വയ്യാണ്ടാവുമ്പോള്‍ നാഴിവെള്ളം ചൂടാക്കിതരാനും നാലു നല്ല വാക്കുകള്‍ പറയാനും അവളല്ലെ ഉണ്ടാകു.. അതിനുവേണ്ടിയല്ലെ ഇപ്പോഴത്തെ ഈ സോപ്പിടലെല്ലാം.." ചേച്ചിയുടെ പരിഭവം ഒരു തമാശയില്‍ അലിയിച്ചുകളയാന്‍ ശ്രമിയ്ക്കുമ്പോഴും മനസ്സില്‍ വിഷമം തോന്നി.. 

സത്യമാണ്‌ ചേച്ചി പറഞ്ഞത്‌,. ദിവസവും ഒരുപാടുതവണ മാളുവിനെ വിളിയ്ക്കും,.. അതില്‍ അമ്മയും അപ്പുവും കൂടി കവര്‍ ചെയ്തുപോകും.. .രാവിലെ, ഉച്ചയ്ക്ക്‌, സന്ധ്യക്ക്‌, വീണ്ടും ഉറങ്ങുന്നതിനുമുമ്പ്‌ ഇങ്ങിനെയിങ്ങിനെ കുറെ കൊച്ചുകൊച്ചു വിളികള്‍.. ഒരു ചാറ്റല്‍മഴപോലെ, ഒരു മൂളിപ്പാട്ടുപോലെ,.. ഒരു കുളിര്‍തെന്നലിന്റെ മൃദുസ്പരശംപോലെ കരുതലായി, കരുത്തായി.. അകലത്താണെങ്കില്‍ വോഡാഫോണിലൂടെ,.. അരികിലുള്ളപ്പോള്‍ നിറസാന്നിധ്യമായി, അവളുടെകൂടെ എപ്പോഴും ഞാനുണ്ടാകും അവസാനം വരെ..... 

അതെ, അവസാനം വരെ..! എന്നേക്കാള്‍ മുമ്പ്‌ മാളു മരിയ്ക്കണം.. പാവം അവളെ ഈ ഭൂമിയില്‍ അനാഥയാക്കി മൊബെയിലിനു റെയിഞ്ചില്ലാത്ത, ഇന്റര്‍നെറ്റ്‌ആക്സെസ്സില്ലാത്ത ആ അജ്ഞാതലോകത്തേയ്ക്ക്‌ അവസാന പ്രവാസത്തിനുപോകുന്ന കാര്യം ഓര്‍ക്കാന്‍പോലും കഴിയുന്നില്ലെനിയ്ക്ക്‌.!.. എന്നോടു കിണുങ്ങാതെ,കലമ്പാതെ, പിണങ്ങാതെ "ഈ കുട്ടേട്ടന്റെ ഒരു കാര്യം" എന്നു പറഞ്ഞു ഒരു കുട്ടിയെ എന്നപോലെ ഉപദേശിച്ചും ശാസിച്ചും അവസാനം "വിഷമമായോ കുട്ടേട്ടാ" എന്നാര്‍ദ്രസ്വരത്തില്‍ ചോദിച്ച്‌, ആനമുട്ട തന്ന്‌ കൊഞ്ചിച്ച്‌ പിണക്കം മാറ്റി, ഗുഡ്‌ നൈറ്റ്‌ പറഞ്ഞ്‌, എന്റെ നെഞ്ചില്‍ തലചായ്ച്ച്‌, വിയര്‍പ്പിന്റെ ഗന്ധമേല്‍ക്കാതെ പിന്നെ അവള്‍ക്കെങ്ങിനെ ഉറങ്ങാന്‍ കഴിയും.!.

എന്റെ കാര്യം,.! .ഏകാന്തത ശീലമായിരിയ്ക്കുന്നു എനിയ്ക്ക്‌.. മനുഷ്യവാസമില്ലാത്ത ദ്വീപില്‍ ഒറ്റപ്പെട്ടുപോയാലും മനസ്സിലെ നക്ഷത്രദ്യുതിയാര്‍ന്ന ഓര്‍മ്മകളോട്‌ കളിപറഞ്ഞും കഥ പറഞ്ഞും എത്രക്കാലം വേണമെങ്കിലും ജീവിയ്ക്കാന്‍ പ്രവാസം എന്നെ പഠിപ്പിച്ചിരിയ്ക്കുന്നു.

ഓര്‍മ്മകള്‍ ഓരോ കാലഘട്ടത്തിലേയും അനുഭവങ്ങളുടെ അവശേഷിയ്ക്കുന്ന സ്മാരകങ്ങളാണ്‌... നെഞ്ചില്‍ കത്തിപടര്‍ന്ന്‌ കനലായെരിഞ്ഞുകടന്നുപോയ മുഖങ്ങള്‍പോലും കാലക്രമേണ മനസ്സിലെ രക്തസാക്ഷിമണ്ഡപത്തില്‍ ചില്ലിട്ടുവെച്ച വെറും ചിത്രങ്ങളായി മാറുന്നു, .ഓര്‍ക്കുന്ന ആ ഒരു നിമിഷത്തെ നെടുവീര്‍പ്പില്‍, ഒരുകണ്ണുനീര്‍ത്തുള്ളിയില്‍ ഒതുങ്ങുന്നു സങ്കടങ്ങള്‍.!

ജീവിതം ഒരു തമാശയാണ്‌. ഹിതമല്ലാത്തതു സംഭവിച്ചാല്‍ വിധിയെ പഴിയ്ക്കുന്ന നമ്മള്‍ നേട്ടങ്ങളെ സ്വന്തം കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും തെളിവുകളായി വലുതാക്കി ഫ്രെയിംചെയ്ത്‌ ഹൃദയത്തിന്റെ സ്വീകരണമുറിയുടെമുമ്പില്‍തന്നെ നിറഞ്ഞ പുഞ്ചിരിയായി പ്രദര്‍ശിപ്പിയ്ക്കുന്നു... 

ഓര്‍ത്തുനോക്കിയാല്‍.. അദൃശ്യനായ ആരോ എഴുതി സംവിധാനം ചെയ്യുന്ന അജ്ഞാതമായ ഏതോ ഒരു ലോകത്ത്‌ പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തമായി നീണ്ടുപോകുന്ന ഒരു മെഗാസീരിയലിലെ കോടാനുകോടി ഉപകഥകളിലെ ഏതോ ഒരു കഥയിലെ ചെറിയ ചെറിയ കഥാപാത്രങ്ങള്‍ മാത്രമല്ലെ നമ്മളൊക്കെ...

റോളെന്താണെന്നറിയാതെ,. അടുത്ത സീനെന്താണന്നറിയാതെ, .എത്ര സീനുകള്‍ ബാക്കിയുണ്ടെന്നു പോലും അറിയാതെ വേഷംകെട്ടിയാടാന്‍ വിധിയ്ക്കപ്പെട്ടവര്‍.. എന്നിട്ടും സ്വയം ആരൊക്കയോ ആണെന്നു ധരിയ്ക്കുന്നു നാം,.. എന്തിനൊക്കയോ വേണ്ടി മോഹിയ്ക്കുന്നു.. ഉയരങ്ങളിലേയ്ക്കു പറക്കാന്‍ ശ്രമിയ്ക്കുന്നു.. കെട്ടുപൊട്ടിയ പട്ടം പോലെ അലഞ്ഞുതിരിഞ്ഞ്‌ എവിടെയോ ചെന്നുകുരുങ്ങുന്നു.. വൃഥാ വിലപിയ്ക്കുന്നു..

അല്ലെങ്കില്‍ എന്റെ കാര്യം തന്നെ നോക്കു.. ഒരു മാറ്റത്തിനുപോകാതെ പെണ്‍പ്പിള്ളേര്‍ക്കൊന്നും കയറാന്‍ കഴിയാത്ത വലിയ മതിലുകളുണ്ടായിരുന്ന സെന്തോമാസ്സില്‍തന്നെ ഋശ്യശൃംഗന്റെ മനസ്സോടെ, ആത്മാര്‍ത്ഥതയോടെ,. ശ്രദ്ധയോടെ രണ്ടുകൊല്ലംകൂടി പഠിച്ചിരുന്നെങ്കില്‍... UGC അനുശാസിയ്ക്കുന്ന ചട്ടങ്ങളൊന്നും പാലിയ്ക്കാതെ UGC സ്കെയിലില്‍ ശമ്പളം വാങ്ങിയ്ക്കുന്ന അലസനായ ഒരധ്യാപകനായി സുഖലോലുപതയോടെ അടിച്ചുപൊളിച്ചു ജീവിയ്ക്കാമായിരുന്നു...

ജീവിതം തന്നെ മാറിപോയേനെ...!

(പ്രൊഫയിലിന്റെ എല്ലാ പരിധികളും ലംഘിച്ചുള്ള ഈ പ്രൊഫെയില്‍ യാത്ര തുടരും....)

കൊല്ലേരി തറവാടി
23/02/2011

7 comments:

 1. "മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.. തളരാന്‍ തുടങ്ങിയിരിയ്ക്കുന്നു... വനവാവാസത്തിനുമപ്പുറം അജ്ഞാതവാസത്തിലെത്തിനില്ക്കുങന്ന എന്റെ പ്രവാസം അതിരുകള്‍ വിടാന്‍ തുടങ്ങിയിരിയ്ക്കുന്നു.. "ഒന്നു വിളിയ്ക്കു" എന്നു പറഞ്ഞ്‌ പരിചയപ്പെടാന്‍ ശ്രമിയ്ക്കുന്ന അപരിചിതനായ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടില്ലെന്നു നടിച്ച്‌ മര്യാദയുടെ എല്ല സീമകളും ലംഘിയ്ക്കുന്നു ഞാന്‍.".

  ആ സുഹൃത്ത്‌ ഈ വരികള്‍ വായിച്ചിരുന്നെങ്കില്‍, എന്നെ മനസ്സിലാക്കി എന്നോട്‌ ക്ഷമിച്ചിരുന്നെങ്കില്‍...........

  ReplyDelete
 2. ഓര്‍മ്മകള്‍ ഓരോ കാലഘട്ടത്തിലേയും അനുഭവങ്ങളുടെ അവശേഷിയ്ക്കുന്ന സ്മാരകങ്ങളാണ്‌... നെഞ്ചില്‍ കത്തിപടര്‍ന്ന്‌ കനലായെരിഞ്ഞുകടന്നുപോയ മുഖങ്ങള്‍പോലും കാലക്രമേണ മനസ്സിലെ രക്തസാക്ഷിമണ്ഡപത്തില്‍ ചില്ലിട്ടുവെച്ച വെറും ചിത്രങ്ങളായി മാറുന്നു, .ഓര്‍ക്കുന്ന ആ ഒരു നിമിഷത്തെ നെടുവീര്‍പ്പില്‍, ഒരുകണ്ണുനീര്‍ത്തുള്ളിയില്‍ ഒതുങ്ങുന്നു സങ്കടങ്ങള്‍

  തളരരുത്..അകല്‍ച്ച അതായത് പ്രവാസം അതാണ്‌ സ്നേഹത്തെ ഇത്രയേറെ ഊഷ്മളമാക്കുന്നത്..ഒന്നിച്ച കഴിയുന്ന ഓരോ നിമിഷവും അകലുന്നതിനേക്കാള്‍ എത്രയോ നല്ലത് കൃത്യമായ അളവിലുള്ള ഈ അകല്‍ച്ച തന്നെയാണ് കൊല്ലേരീ.......

  ReplyDelete
 3. ‘കത്തിപടര്‍ന്നുയര്‍ന്നുപൊങ്ങുന്ന മോഹങ്ങളുടെ തീജ്വാലകളുണര്‍ത്തുന്ന ഉള്‍പ്രേരണകളുടെ കുത്തൊഴുക്കില്‍ മോഹിയ്ക്കുന്നതെല്ലാം സ്വന്തമാക്കാനുള്ള തത്രപ്പാടില്‍, അതിനായി ബലികൊടുക്കപ്പെടുന്ന ജീവിതങ്ങളെ അവഗണിച്ചു ചെയ്തുകൂട്ടുന്ന പാപകര്‍മങ്ങള്‍.. !
  ഒടുവില്‍ സ്വന്തമാക്കിയതുപോലും ഉപേക്ഷിച്ച്‌, വീണ്ടും മോഹിയ്ക്കാനുള്ള മോഹംപോലും ഉപേക്ഷിച്ചു വെറുംകയ്യോടെ മടങ്ങേണ്ടിവരുന്ന മുഹൂര്‍ത്തത്തിനു തൊട്ടുമുമ്പ്‌ മാത്രം കണ്ണോടിയ്ക്കുന്ന പാപപുണ്യങ്ങളുടെ കണക്കുപുസ്തകം.!‘

  ഇതിലെ ഓരോ വാചകങ്ങളും ചില്ലിട്ടുവെക്കേണ്ടത് തന്നെയാണ് ഭായ്...
  ബൂലോഗത്തീൽ തപ്പസ്സിരുന്നാൽ പോലും ആ‍ർക്കും എഴുതാൻ പറ്റില്ല കേട്ടൊ ഇത്തരം ഒന്ന്..

  മാളൂ‍ന്റെ ഭാഗ്യം...
  എല്ലാം കൊണ്ടും ഇത്ര സുന്ദരനായ ഒരു കുട്ടേട്ടനെ ലഭിച്ചത് !

  ReplyDelete
 4. മാഷേ, വളരെ നന്നായിരിക്കിന്നു..ഒരു പ്രവാസിയുടെ ആത്മവ്യഥകളെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
  ആശംസകൾ.

  ReplyDelete
 5. "ഏകാന്തത ശീലമായിരിയ്ക്കുന്നു എനിയ്ക്ക്‌.. മനുഷ്യവാസമില്ലാത്ത ദ്വീപില്‍ ഒറ്റപ്പെട്ടുപോയാലും മനസ്സിലെ നക്ഷത്രദ്യുതിയാര്‍ന്ന ഓര്‍മ്മകളോട്‌ കളിപറഞ്ഞും കഥ പറഞ്ഞും എത്രക്കാലം വേണമെങ്കിലും ജീവിയ്ക്കാന്‍ പ്രവാസം എന്നെ പഠിപ്പിച്ചിരിയ്ക്കുന്നു.."

  മനസ്സുവായിച്ച് എഴുതിയതുപോലെ... പ്രവാസജീവിതം നമ്മളില്‍ വരുത്തുന്ന മാറ്റങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്..

  എഴുത്ത് തുടരട്ടെ..

  ReplyDelete
 6. ജീവിതം ഒരു തമാശയാണ്‌. ഹിതമല്ലാത്തതു സംഭവിച്ചാല്‍ വിധിയെ പഴിയ്ക്കുന്ന നമ്മള്‍ നേട്ടങ്ങളെ സ്വന്തം കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും തെളിവുകളായി വലുതാക്കി ഫ്രെയിംചെയ്ത്‌ ഹൃദയത്തിന്റെ സ്വീകരണമുറിയുടെമുമ്പില്‍തന്നെ നിറഞ്ഞ പുഞ്ചിരിയായി പ്രദര്‍ശിപ്പിയ്ക്കുന്നു..

  നല്ല എഴുത്ത് മാളു ഭാഗ്യം ചെയ്തവള്‍.

  ReplyDelete
 7. കൊല്ലേരീ... പറഞ്ഞ്‌ പറഞ്ഞ്‌ സെന്റിമെന്റലായി അല്ലേ?

  അടുത്ത ഭാഗം എപ്പോഴാണ്‌?

  ReplyDelete