Sunday, January 30, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍. (ഒന്നാം ഭാഗം)

സന്തോഷമായി വിനുവേട്ടാ സന്തോഷമായി.

അങ്ങിനെ അതും സംഭവിച്ചു... 'കനു'വിന്റെ കണ്ണുകളോടുതോന്നിയ കൗതുകത്തിന്റെ പേരിലാണെങ്കില്‍പോലും എന്റെ ബ്ലോഗിലും കുറെപേര്‍ കയറി... കമന്റടിച്ചു.. അതില്‍ ഭൂരിഭാഗവും വനിതാരത്നങ്ങളും.! ആനന്ദലബ്ദിയ്ക്കിനിയെന്തുവേണം....സന്തോഷമായി വിനുവേട്ടാ സന്തോഷമായി........


ഇനിവീണ്ടും അങ്ങിനെ രസകരമായൊരു വിഷയത്തിനും, തറവാട്ടുമുറ്റത്തൊരാള്‍ക്കൂട്ടത്തിനുംആരവത്തിനും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവരും പാവം ഈ തറവാടി..
.
ആരേയും കളിയാക്കാനോ, ബൂലോകത്തിലെ രീതികളെ വിമര്‍ശിയ്ക്കാനൊ അല്ല ഞാനിതില്‍ ശ്രമിച്ചത്‌.... ഒരു ദിവസം ജോലികഴിഞ്ഞുമടങ്ങുമ്പോള്‍ തോന്നിയ ഒരു കുസൃതി, അതു ഡെവലപ്പ്‌ ചെയ്താല്‍ രസകരമായിരിയ്ക്കും എന്നുതോന്നി അത്രമാത്രം... ആ വിഷയത്തിനെ അതര്‍ഹിയ്ക്കുന്ന രീതിയില്‍ പോസിറ്റീവായി ഉള്‍ക്കൊണ്ട എല്ലാവര്‍ക്കും നന്ദി പറയുന്നു...



"എന്റെ ലോകം" താങ്കളുടെ "വെറുതെ ഒരു ഭര്‍ത്താവ്‌" ഞാന്‍ വായിച്ചിരുന്നു.. കമന്റടിയ്ക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രം...

താങ്കളുടെതുമാത്രമല്ല മിക്കവാറും ശ്രദ്ധേയങ്ങളായ സൃഷ്ടികളെല്ലാം ജിമ്മിജോണ്‍ വഴി എന്റെ മെയിലില്‍ എത്താറുണ്ട്‌.


സാങ്കേതികമായ, ഔദ്യോഗികമായ കാരണങ്ങളാല്‍ പലപ്പോഴും എല്ലായിടത്തും ഓടിയെത്തി എന്റെ സാന്നിധ്യം ഉറപ്പുവരുത്താനൊ അഭിപ്രായപ്രകടനം നടത്താനൊ, എന്തിന്‌ കമന്റിട്ടവര്‍ക്ക്‌ നന്ദി പ്രകാശിപ്പിയ്ക്കാന്‍പോലും കഴിയാറില്ല എന്നതു തന്നെയാണ്‌ എന്റെ ഏറ്റവും വലിയപരിമിതി എന്നറിയാം എനിയ്ക്ക്‌.. ..

സത്യത്തില്‍ ബൂലോകത്തില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുതന്നെ അവര്‍ രണ്ടുപേരോട്‌, വിനുവേട്ടനോടും ജിമ്മിയോടും ഞാന്‍ വല്ലാതെ കടപ്പെട്ടിരിയ്ക്കുന്നു.

പിന്നെ രമേശ്‌ അരൂര്‍, ആരെന്തെഴുതുമ്പോഴും അതില്‍ അല്‍പ്പസ്വല്‍പ്പം സ്വാനുഭവങ്ങളും ആത്മകഥാംശങ്ങളും ഉണ്ടാവുക സ്വാഭാവികമായ കാര്യമല്ലെ.



ബ്ലോഗെഴുത്തൊന്നും ഇല്ലാതിരുന്ന കാലത്തു ജനിച്ചതുകൊണ്ടാകാം ചെറുപ്പത്തില്‍ യാതൊരുവിധ കലാസാഹിത്യവാസനയും പ്രകടിപ്പിയ്ക്കാത്ത വ്യക്തിയായിരുന്നു ഞാന്‍... ഇപ്പോഴും ഇതൊക്കെ ഞാനാണ്‌ ടൈപ്പ്‌ ചെയ്യുന്നതെന്നുപറഞ്ഞാല്‍ എന്റെ മാളുവൊഴികെ നാട്ടില്‍ അടുത്ത ബന്ധുക്കളോ കൂട്ടുകാര്‍പോലും വിശ്വസ്സിയ്ക്കില്ല.

ഇവിടെ വരുന്നതിനുമുമ്പ്‌ ബൂലോകത്തിന്റെ രീതികളെ എന്നും കൗതുകത്തോടെ മാത്രം വീക്ഷിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍.

ബൂലോകത്തിലെ നിഷ്ക്കളങ്കവുംനിരുപദ്രകരവുമായ കൂട്ടായ്മകള്‍സൗഹൃദങ്ങള്‍.. അണ്ണാറക്കണ്ണനും തന്നാലായത്‌ എന്ന മട്ടില്‍ മാതൃഭാഷയ്ക്കായി ഒരോരുത്തരം നല്‍കുന്ന കൊച്ചുകൊച്ചുസംഭാവനകള്‍.. എല്ലാ അര്‍ത്ഥത്തിലും നന്മയുടെ ഒരു ലോകം മാത്രമാണ്‌ എനിയ്ക്കിവിടെ കാണാന്‍ കഴിഞ്ഞത്‌.

തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിലും ഒരുപാടു സമയമെടുത്ത്‌, കമന്റടിയ്ക്കുന്ന ഓരോരുത്തരേയും പേരെടുത്ത്‌` എണ്ണിയെണ്ണി പറഞ്ഞ്‌ നന്ദിപ്രകടിപ്പിയ്ക്കാന്‍ ബ്ലോഗര്‍മാര്‍ കാണിയ്ക്കുന്ന മാന്യത നിറഞ്ഞ ശുഷ്ക്കാന്തി,..!

പിന്നെ ആത്മപ്രശംസകള്‍ കുത്തിനിറച്ചലങ്കരിച്ചൊരുക്കിയെടുക്കുന്ന ചില പ്രൊഫയിലുകള്‍..! ഇതൊക്കെ എന്നെ ഒരുപാടാകര്‍ഷിച്ചു.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ യൗവനത്തിന്റെ ഉച്ചഘട്ടത്തിലെടുത്ത ഏറ്റവും നല്ല പോസ്സിലുള്ള മനോഹരമായൊരു ഫോട്ടൊയുടെ അകമ്പടിയോടുകൂടിയ വായനക്കാരില്‍, വായനക്കാരികളിലും മതിപ്പുളവാക്കുന്ന രോമാഞ്ചം കൊള്ളിയ്ക്കുന്ന സുന്ദരമായ ആണ്‍-പ്രൊഫയിലുകള്‍....!

അതിനുവേണ്ടി കത്തിയ്ക്കാത്ത സിഗരറ്റുകടിച്ചുപിടിച്ചു ചില പ്രത്യേക ആങ്കിളില്‍ നില്‍ക്കുന്ന വിരുതന്മര്‍ വരെയുണ്ട്‌ ഈ കൂട്ടത്തില്‍.!

"ഈശ്വരാ എനിയ്ക്കും കുറച്ചു ഗ്ലാമറൊക്കെ ഉണ്ടായിരുന്നെങ്കില്‍... ഇതുപോലെ ലാത്തിയടിയ്ക്കാന്‍ ഏതെങ്കിലും പട്ടണങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നെങ്കില്‍."

കണ്ണുകടിയോടെ കണ്ണാടികുത്തിപൊട്ടിയ്ക്കാന്‍ തോന്നുന്ന ആ നിമിഷങ്ങളില്‍ അസൂയകവിഞ്ഞൊഴുകുമായിരുന്നു എന്റെ മനസ്സില്‍.

അങ്ങിനെയാണ്‌ വ്യക്തമായ മേല്‍വിലാസമൊന്നുമില്ലാതെ, അറച്ചറച്ച്‌, മടിയോടെയാണെങ്കിലും ഏതാണ്ട്‌ ഒരു വര്‍ഷം മുമ്പ്‌ ഞാനും ഈ രംഗത്തേയ്ക്കു കടന്നുവന്നത്‌...

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍,..ആയിരക്കണക്കിനു ബ്ലോഗുകള്‍ക്കുള്ളില്‍ കിടക്കുന്ന എന്റെ തറവാട്ടുമുറ്റത്തേയ്ക്കും ആരൊക്കയോ കടന്നുവരാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്ന തിരിച്ചറിവ്‌ സമ്മാനിച്ച ആത്മവിശ്വാസംകൊണ്ടാകാം നല്ലൊരു പ്രൊഫയില്‍ ഒരുക്കാനുള്ള മൂഡിലാണ്‌ എന്റെ മനസ്സ്‌.. ആരെങ്കിലുമൊക്കെ വായിയ്ക്കും എന്തെങ്കിലും നല്ല നാലുവാക്കുകള്‍ പറയും എന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങുന്നു......

സീന്‍ -ഒന്ന്‌

"ബാല്യം ഒരൊഴുക്കായിരുന്നു. നിളയുടെ തീരത്തുനിന്നുംതുടങ്ങി.... ഭവാനിപുഴയും കുന്തിപുഴയുംകടന്ന്‌ ചന്ദ്രഗിരിപുഴയെ തഴുകി പിന്നെ അങ്ങു തെക്കോട്ടൊഴുകി മീനച്ചിലാറും അച്ചന്‍കോവിലാറും, മണീമലയാറും പമ്പയാറും സ്പര്‍ശിച്ച്‌ തിരിച്ചൊഴുകി അവസാനം മണലിപുഴയുടേയും കുറുമാലിപുഴയുടെയും ഇടയിലെ ഏതോ തീരങ്ങളില്‍ അവസാനിച്ചു".. എന്നൊക്കെ അവകാശപ്പെടാന്‍ സമ്പന്നമായ ബാല്യകാലയാത്രകളൊന്നുമുണ്ടായിട്ടില്ല എനിയ്ക്ക്‌,... എന്റെ അച്ഛന്‍ നാടോടിയുമായിരുന്നില്ല..!

വീടിനോടുചേര്‍ന്നുള്ള വടക്കേപാടവും കൈത്തോടും ചിറവവരമ്പും പിന്നെ ഞാന്‍ പഠിച്ച പള്ളിക്കൂടവും അതിനുമുമ്പിലെ വായനശാലയും പിന്നെ നല്ല കുറെ അയല്‍പ്പക്കങ്ങളും ഈ ചുറ്റുവട്ടത്തില്‍ ഒതുങ്ങിപോകുന്നു എന്റെ ബാല്യകാലസ്മരണകള്‍....

തൊടിയിലെ മുക്കുറ്റിപ്പൂക്കളുടെ ചന്തം, ശിവന്റെ അമ്പലത്തിന്റെ അതിരിലെ കൂവളത്തിന്‍ച്ചുവട്ടില്‍ തഴച്ചുവളര്‍ന്ന്‌ ചെഞ്ചായം പൂശി വശ്യമായ പുഞ്ചിരിയുമായി ആളുകളെ വശീകരിയ്ക്കനൊരുങ്ങിനില്‍ക്കുന്ന ചെമ്പരത്തി,. കൂവളത്തിന്റെ ഇലയില്‍ പൊതിഞ്ഞ ചാലിച്ച ചന്ദനത്തിന്റെ ഗന്ധം.. ഇതൊക്കെ ഇന്നും എന്റെ മനസ്സിനെ ഗൃഹാതുരതത്തിന്റ ഊഞ്ഞാലിലേറ്റി ബാല്യകാലത്തിന്റെ തുഞ്ചത്തിലേയ്ക്കുകൊണ്ടുപോകും.. ആ ഉഴുന്നുവണ്ടി മരത്തിന്റെ മേലെകൊമ്പില്‍നിന്നും ഓര്‍മ്മകള്‍ അമ്പലക്കുളത്തിന്റെ അഗാധതയിലേയ്ക്ക്‌ കൂപ്പുകുത്തും... തണുത്ത തെളിനീരില്‍ നീന്തിത്തുടിയ്ക്കും..

പഠിച്ചു പഠിച്ച്‌ ഞാനൊരു വലിയ പാത്തിക്കിരിയാവുമെന്നൊഎഞ്ചിനിയറാവുമെന്നൊ, എന്തിന്‌ നല്ലൊരു കണക്കപ്പിള്ളപോലുമാവുമെന്നോ,.. അങ്ങിനെ പ്രത്യേകിച്ച്‌ യാതൊരുവിധ പ്രതീക്ഷകളും എന്നെക്കുറിച്ച്‌ ഉണ്ടായിരുന്നില്ല എന്റെ മാതാപിതാക്കള്‍ക്ക്‌.

ജൂനിയര്‍ ഹോര്‍ലിക്‍സും,. ധാത്രി ഡേറ്റ്‌സ്‌റിച്ചും,. "അവിയല്‍" ഇന്‍ഷൂറന്‍സുകളുമായി ഞാനും ഒരച്ഛനാണ്‌... അമ്മയാണ്‌,... അമ്മയുടെ നായരാണ്‌ എന്നൊക്കെ പറഞ്ഞ്‌ പിള്ളേരുടെ ഭാവിയെക്കുറിച്ച്‌ ഉത്‌കണ്ഠപ്പെടുന്ന അണുകുടുംബ-മാതാപിതാക്കന്മാരുടെ കാലമല്ലായിരുന്നു അത്‌... "അവരായി അവരുടെ പാടായി" എന്നതായിരുന്നു അന്നത്തെ രീതി..

പത്താംക്ലാസ്‌ ഒറ്റചാന്‍സില്‍ അതും മുന്നൂറുമാര്‍ക്കോടെ പാസായത്‌ അവിശ്വസിനീയമായ ഒരു വലിയ സംഭവമായിരുന്നു അന്ന്‌ വീട്ടില്‍..!

പിന്നെ തൊട്ടടുത്തുള്ള പള്ളിയിലെ വികാരിയച്ചന്റെ ശുപാര്‍ശക്കത്തുകിട്ടിയതുകൊണ്ട്‌ തൃശൂര്‍ സെന്തോമാസ്സില്‍ വലിയ ബുദ്ധിമുട്ടില്ലാതെ, അഞ്ചുപൈസചിലവില്ലാതെ ഫസ്റ്റ്‌ ഗ്രൂപ്പില്‍തന്നെ പ്രീഡിഗ്രിപ്രവേശനം ശരിയായി....

സ്വായശ്രയാദ്ധ്വാനത്തിന്റെ വിയര്‍പ്പുകൊണ്ടുള്ള അപ്പത്തിന്റെ രുചി അത്തരം സ്ഥാപനങ്ങള്‍ അറിഞ്ഞുതുടങ്ങിയിട്ടില്ലായിരുന്ന നന്മയുടെ കാലമായിരുന്നു അത്‌.

തൊട്ടയല്‍പ്പക്കത്തെ, എന്നേക്കാള്‍ മൂന്നോനാലൊ വയസ്സുമാത്രം മൂപ്പുള്ള രമചേച്ചിയ്ക്ക്‌ വായനശാലയില്‍നിന്നും പുസ്തകമെടുത്തുകൊടുത്തുകൊണ്ടായിരുന്നു സാഹിത്യത്തിലേയ്ക്കുള്ള എന്റെ പ്രയാണം..

മുട്ടത്തുവര്‍ക്കികാനം, അയ്യേനത്ത്‌ അവരൊക്കെയായിരുന്നു അന്ന്‌ ചേച്ചിയുടെ പ്രിയനോവലിസ്റ്റുകള്‍.. ചേച്ചിയോടൊപ്പം ഞാനും വായിയ്ക്കാന്‍ തുടങ്ങി ഒരുപാട്‌.. പക്ഷെ പലതും മനസ്സിലാവാറില്ലായിരുന്നു... "കുട്ടനതൊന്നും മനസ്സിലാവേണ്ട പ്രായമായിട്ടില്ല"... എന്റെ സംശയങ്ങളെല്ലാം പൂര്‍ണ്ണമായും തീര്‍ത്തുതരുവാന്‍ ചേച്ചിയും തയ്യാറായിരുന്നില്ല അന്ന്‌.

വളര്‍ന്നുവളര്‍ന്നു ചേച്ചിയൊരു ഒത്തപെണ്ണായി,.. ഡിഗ്രിപാസായി.... ഞാനും വളര്‍ന്നു മുഖത്തെ പൊടിമീശ തെളിഞ്ഞുകാണാന്‍ തുടങ്ങി... ഒപ്പം എന്റെ അഭിരുചികളും മാറാന്‍തുടങ്ങി... വിജയനെയും മുകുന്ദനേയും രാധാകൃഷ്ണനേയും എം ടിയെയും ചേച്ചിയ്ക്കു പരിചയപ്പെടുത്തികൊടുത്തത്‌ ഞാനായിരുന്നു..

ഒരുപാടിഷ്ടമായിരുന്നു ചേച്ചിയ്ക്കെന്നെ.... "വലുതാവുംതോറും കുട്ടനെ കാണാന്‍ നല്ല സ്റ്റെയിലാവുന്നുണ്ട്‌,. ഒരു ഹിന്ദിതാരത്തിന്റെ ലുക്കൊക്കെ വരുന്നുണ്ട്‌"... ചേച്ചിയതുപറയുമ്പോള്‍ നാണംകൊണ്ടു ചുവന്നുതുടുക്കുമായിരുന്ന സ്വതവെ വെളുത്ത എന്റെ മുഖത്ത്‌ നുണക്കുഴികള്‍ വിരിയുമായിരുന്നു...

എന്റെ കൗമാരമനസ്സില്‍ നിറഞ്ഞുവിലസാന്‍ തുടങ്ങിയ ചേച്ചിയ്ക്ക്‌ പലരൂപങ്ങളായിരുന്നു... ഖസാക്കിലെ മൈമൂനയായുംകാലത്തിലെ സുമിത്രയായും മയ്യഴിയിലെ ചന്ദ്രികയായും സ്വപ്നങ്ങളില്‍ കടന്നുവന്നു ചേച്ചി നൃത്തംചെയ്യാന്‍ തുടങ്ങിയകാലത്താണ്‌ അതു സംഭവിച്ചത്‌...

ചേച്ചിയുടെ വിവാഹം...!

ഒരുനിലക്ക്‌ പെട്ടന്നതു സംഭവിച്ചത്‌ നന്നായി... അല്ലെങ്കില്‍ മറ്റുപലതും സംഭവിയ്ക്കുമായിരുന്നു... വലിയ നഷ്ടങ്ങള്‍തന്നെ വന്നു ഭവിയ്ക്കുമായിരുന്നു.. ചേച്ചിയുടെ ചാരിത്ര്യം..!. എന്റെ പവിത്രത..! പരദേവതകള്‍ കാത്തു.. ദുരന്തങ്ങള്‍ ഒഴിവായി.

എങ്കിലും വല്ലാത്ത ശൂന്യതയായിരുന്നു മനസ്സില്‍.. ആ സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഹൃദയം തരിച്ചുപോയി..

ആങ്ങളമാരില്ലാത്ത ചേച്ചിയുടെ അനിയന്റെ സ്ഥാനത്തുനിന്ന്‌ കല്യാണപന്തലില്‍ പ്രവേശനകവാടത്തിലൊരുക്കിവെച്ച ആവണിപലകയില്‍ കിണ്ടിയില്‍നിന്നും വെള്ളമൊഴിച്ചു വരന്റെ കാലുകഴുകിസ്വീകരിയ്ക്കുമ്പോള്‍ വെള്ളത്തുള്ളികളെക്കാള്‍ ശക്തിയില്‍ കണ്ണീര്‍ത്തുള്ളികള്‍ ഹൃദയത്തില്‍നിന്നും പ്രവഹിയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു.. സ്വയം നിയന്ത്രിയ്ക്കുകയായിരുന്നു...

യാത്രപറഞ്ഞുപിരിയുമ്പോള്‍ പരിസരം മറന്നു ചേച്ചിയും കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു.... "കുട്ടന്‍ നന്നായി പഠിയ്ക്കണം.... പഠിച്ചു വലിയ ആളാവുമ്പോള്‍ ചേച്ചിയെ മറക്കരുത്‌..." സഹോദരതുല്യമായ ഞങ്ങളുടെ സ്നേഹം കണ്ടുനിന്ന ബന്ധുജനങ്ങളുടെ കണ്ണുകളും നിറഞ്ഞു.... എന്തിനേറേ വെടിവെപ്പും യുദ്ധവും വേര്‍പ്പാടുകളുമൊന്നും പുത്തരിയല്ലാത്ത നവവരന്‍ പട്ടാളക്കാരന്‍ കേശവന്‍നായര്‍വരെ ബെല്‍ബോട്ടത്തിന്റെ പോക്കറ്റില്‍നിന്നും കര്‍ചീഫെടുത്ത്‌, കൂളിങ്ഗ്ലാസു മാറ്റി കണ്ണുകളൊപ്പി....

ഒറ്റപ്പെടലിന്റെ ദിനങ്ങളായിരുന്നു മുന്നില്‍... കുളക്കടവില്‍,. അമ്പലപറമ്പില്‍,.. ചിറവരമ്പത്ത്‌ അങ്ങിനെ സ്വസ്ഥയില്ലാതെ അലഞ്ഞുതിരിഞ്ഞ നാളുകള്‍. മഞ്ഞിലെ വിമലയെപോലെ കാഷ്മീരിലെ എതോ തടാകകരയില്‍ എന്നേയും കാത്ത്‌ ഏകാകിയായിരിയ്ക്കുന്ന ചേച്ചിയെ സ്വപ്നംകണ്ടു ഞെട്ടിയുണര്‍ന്ന രാവുകള്‍.
.
ജനുവരിമാസമായിരുന്നു അത്‌..പ്രീഡിഗ്രി ഫൈനല്‍ പരീക്ഷയ്ക്കു മാസങ്ങള്‍ മാത്രം...മനസ്സിനെ ഏകാഗ്രമാക്കി പഠിപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച്‌ എല്ലാം മറക്കാന്‍ ശ്രമിച്ചു.. പ്രീഡിഗ്രി റിസള്‍ട്ടു വന്നു ഫസ്റ്റ്‌ ക്ലാസ്സ്‌..

എന്റ്രന്‍സ്സുപരീക്ഷയൊന്നുമില്ലാത്ത കാലം.. കേവലം അഞ്ചുമാര്‍ക്കിനാണ്‌ എഞ്ചിനിയറിങ്ങിനു സീറ്റു നഷ്ടപ്പെട്ടത്‌..!.

ഓര്‍ഗാനിക്‌കെമിസ്ട്രി ചതിച്ചില്ലായിരുന്നെങ്കില്‍,.. ചേച്ചിയുടെ കല്യാണം ഒരഞ്ചാറുമാസങ്ങള്‍ക്കു മുമ്പ്‌ നടന്നിരുന്നുവെങ്കില്‍....

ഒരു പക്ഷെ ജീവിതംതന്നെ മാറിപോയേനെ.....!

സീന്‍- രണ്ട്‌

മരുഭൂമിയിലെ ഒന്നര വ്യാഴവട്ടക്കാലത്തെ ബാച്ചിലര്‍ പ്രവാസജീവിതത്തേക്കാള്‍ ഏകാന്തവും വിരസവുമായിരുന്നു ഡിഗ്രിയ്ക്കായി സെന്തോമാസ്സില്‍തന്നെ ചിലവഴിച്ച മൂന്നു വര്‍ഷങ്ങള്‍..

(അടുത്തഭാഗം ഉടനെ...)

കൊല്ലേരി തറവാടി
30-01-2011

14 comments:

  1. ബൂലോകത്ത്‌ ഒന്നാം വാര്ഷികം പിന്നിട്ടശേഷം പ്രൊഫയില്‍ തയ്യാറക്കുന്ന ആദ്യബ്ലോഗറായിരിയ്ക്കും ഒരു പക്ഷെ ഈ പാവം ഞാന്‍..

    ഈ ഒരു വര്ഷംകൊണ്ട്‌ എത്രപേര്‍ എന്റെ ബ്ലോഗില്കയറി,.. കമന്റിട്ടു..?. അടൂര്‍ ഗോപാലകൃഷ്ണന്റെ, ഷാജി എന്‍ കരുണിന്റെ അറ്റ്‌ലസ്‌ രാമചന്ദ്രന്റെ സിനിമകള്‍ എത്രപേര്‍ കാണുന്നു... എത്രപേര്ക്കിഷ്ടപ്പെടുന്നു എന്നൊക്കെ ചോദിയ്ക്കുന്നതുപോലെ തികച്ചും നിരര്ത്ഥ കമായ ചോദ്യങ്ങള്‍...

    ഈ "പ്രൊഫയിലും" എത്രപേര്‍ വായിയ്ക്കും...? കമന്റിടും...? അറിയില്ലെനിയ്ക്ക്‌..... പക്ഷെ ഒന്നറിയാം.. ഒരാള്‍ വായിയ്ക്കും.. എഴുതിയതും അതിനപ്പുറവും വായിയ്ക്കും അവള്‍,..

    കമന്റും തരും.. നേരിട്ടുതന്നെ തരും... ഈശ്വരാ..! സാധാരണ കമന്റൊന്നുമായിരിയ്ക്കില്ല അവള്‍. തരാന്പോകുന്നത്‌.. ഒരൊന്നന്നര കമന്റയായിരിയ്ക്കും.. അത്‌..!

    അതു മുന്കൂട്ടികണ്ട്‌ ഞാനൊരു മുന്കൂര്ജ്യാമ്യമെടുക്കുന്നു..

    "സത്യസന്ധമായ ഈ പ്രൊഫയിലിലെ ജീവിതപാത്രങ്ങളും, ജീവിതസന്ദര്ഭങ്ങളും എല്ലാം സാങ്കല്പ്പികങ്ങളാണ്‌..
    .സങ്കല്പ്പം, അതല്ലെ എല്ലാം"

    ReplyDelete
  2. ഹൌ...ഒന്നൊന്നര തറവാടിത്വമുള്ള പ്രൊഫൈൽ...!

    ‘രതിനിർവ്വേദത്തിന്റെ’ രണ്ടാം വേർഷനേപ്പോലും കടത്തിവെട്ടും ഒപ്പം ആ മുങ്കൂർ ജാമ്യവും... കേട്ടൊ ഭായ്.

    ഓഫ് പീക് :-
    “ഈശ്വരാ എനിയ്ക്കും കുറച്ചു ഗ്ലാമറൊക്കെ ഉണ്ടായിരുന്നെങ്കില്‍... ഇതുപോലെ ലാത്തിയടിയ്ക്കാന്‍ ഏതെങ്കിലും പട്ടണങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നെങ്കില്‍...”

    ഇതാ..ബി’ലാത്തി’ പട്ടണമൊന്നുമല്ലല്ലോ..അല്ലേ

    ReplyDelete
  3. ജൂനിയര്‍ ഹോര്‍ലിക്‍സും,. ധാത്രി ഡേറ്റ്‌സ്‌റിച്ചും,. "അവിയല്‍" ഇന്‍ഷൂറന്‍സുകളുമായി ഞാനും ഒരച്ഛനാണ്‌... അമ്മയാണ്‌,... അമ്മയുടെ നായരാണ്‌ എന്നൊക്കെ പറഞ്ഞ്‌ പിള്ളേരുടെ ഭാവിയെക്കുറിച്ച്‌ ഉത്‌കണ്ഠപ്പെടുന്ന അണുകുടുംബ-മാതാപിതാക്കന്മാരുടെ കാലമല്ലായിരുന്നു അത്‌... "അവരായി അവരുടെ പാടായി" എന്നതായിരുന്നു അന്നത്തെ രീതി..
    ..........................................

    നല്ല സുന്ദരന്‍ എഴുത്ത്..ദുര്‍ഗ്രഹമല്ലാത്ത, ചളു കലരാത്ത നര്‍മ്മം..

    ആശംസകള്‍സ്..!!

    ReplyDelete
  4. അങ്ങനെ മെല്ലെ മെല്ലെ പോരട്ടെ ...

    ReplyDelete
  5. "തറ"വാടികള്‍ക്ക് ചേര്‍ന്ന പ്രൊഫൈല്‍ ,,,വേഗം എഴുതിക്കൊണ്ടുവാ ഒന്ന് പുളകം കൊള്ളട്ടെ ..:) രാമ ചേച്ചി ഇപ്പോള്‍ എന്ത് ചെയ്യുകയാണോ ആവോ ?!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നല്ല ഒഴുക്കുള്ള രസകരമായ എഴുത്ത്..... വായനക്കാരന് സീനുകള്‍ മനസ്സില്‍ വിഷ്വല്‍ ചെയ്യാന്‍ കഴിയുന്നുണ്ടാവും/ഉണ്ട്..... സൌദി അറേബ്യയിലാണല്ലേ.... വിളിച്ചാല്‍ തരക്കേടില്ല..... 0508118633

    ReplyDelete
  8. അപ്പോള്‍ ഒരു വര്‍ഷമായല്ലേ.. ആശംസാപുഷ്പങ്ങള്‍ മാഷേ..

    ReplyDelete
  9. ആശംസകള്‍.ഒന്നാം വര്‍ഷംആഘോഷം ഗംഭീരമാക്കുക

    ReplyDelete
  10. കൊല്ലേരിച്ചേട്ടാ..
    ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമ്മളും അതിനൊപ്പം യാത്ര ചെയ്യുന്നുണ്ട് എന്ന് തോന്നും.
    ഒരു സിനിമ കാണുന്നത് പോലെ ആ വിഷ്വല്‍സ് നമ്മുടെ മുന്നില്‍ തെളിയും.
    പലപ്പോഴും നിങ്ങളെ വായിക്കുമ്പോള്‍ ആ അനുഭവം ഉണ്ടാകുന്നു.
    മനസ്സിനെ എവിടെയൊക്കെയോ തൊടുന്നു.
    ചിലയിടത്ത്, കണ്ണില്‍ എണ്ണ പടരുന്ന പോലെ ഒരു നീറല്‍ ഉണ്ടാകുന്നു.
    എവിടെയൊക്കെയോ സമാനതകള്‍ കൂട്ടിമുട്ടുന്നു.

    ചില കുറിപ്പുകള്‍ക്ക് മറുപടി ഇടുക പോലും ചെയ്യാത്തത്,
    മനസ്സിലുള്ളത് പകര്‍ത്താന്‍ കഴിയാതെ വരുമ്പോളാണ്.

    ReplyDelete
  11. "പക്ഷെ ഒന്നറിയാം.. ഒരാള്‍ വായിയ്ക്കും.. എഴുതിയതും അതിനപ്പുറവും വായിയ്ക്കും അവള്‍,.. കമന്റും തരും.. നേരിട്ടുതന്നെ തരും... ഈശ്വരാ..! സാധാരണ കമന്റൊന്നുമായിരിയ്ക്കില്ല അവള്‍. തരാന്പോകുന്നത്‌.. ഒരൊന്നന്നര കമന്റയായിരിയ്ക്കും.. അത്‌..!"

    സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട !

    വെറുമൊരു പ്രൊഫൈലിനുമപ്പുറമുള്ള ഈ തുടരന്‍ രസകരമായി... അടുത്ത ഭാഗം വേഗം പോന്നോട്ടെ... ഒന്നാം പിറന്നാള്‍ ആശംസകളോടെ..

    ReplyDelete
  12. കമെന്റ് കിട്ടീല്ലേ നേരിട്ട്, മുൻകൂർ ജാമ്യം കൊണ്ടൊന്നും ഒരു രക്ഷയില്ല മാഷേ.

    ReplyDelete
  13. നല്ല പ്രൊഫൈല് ‍... ഗുരുവിനിട്ടും താങ്ങാന്‍ മറന്നില്ല അല്ലേ?

    ReplyDelete