Monday, January 10, 2011

കുട്ടേട്ടനും മാളുവും വീണ്ടും ...

സന്ധ്യയാവാന്‍ തുടങ്ങിയപ്പോഴാണ്‌ മഴയ്ക്കല്‍പ്പം ശമനം വന്നത്‌... കാലങ്ങളായി തന്നെ പിച്ചിചീന്തി നശപ്പിച്ചുകൊണ്ടിരിയ്ക്കുന്ന ആരോടൊക്കയൊ പക തീര്‍ക്കാനെന്നവണ്ണം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ.. ഇക്കരെനില്‍ക്കുന്ന കാക്കയെ അക്കരയ്ക്കു പറക്കാന്‍ അനുവദിയ്ക്കാത്ത തിരുവാതിര ഞാറ്റുവേലയെപോലും അമ്പരപ്പിയ്ക്കുന്ന വിധത്തില്‍ ഉറഞ്ഞുതുള്ളി പകല്‍ മുഴുവനും തിമര്‍ത്തുപെയ്യുകയായിരുന്നു പ്രകൃതി.

ഇത്തവണത്തെ വെക്കേഷന്റെ ഒരു പ്രത്യേകതയാണ്‌ കാലം തെറ്റിയുള്ള ഈ മഴ. പ്ലാന്‍ ചെയ്ത തന്റെ യാത്രകള്‍ പലതും മുടങ്ങിയിരിയ്ക്കുന്നു. ഇന്നൊരിടത്തും പോകാന്‍ കഴിഞ്ഞില്ല,.. ഓഫീസില്‍ ഒന്നുരണ്ടുപേര്‍ അവധിയായതിനാല്‍ മാളുവിനാണെങ്കില്‍ പോകാതിരിയ്ക്കാനും.

അമ്മയും അപ്പുവും വല്യേട്ടന്റെ വീട്ടില്‍ പോയിരിയ്ക്കുന്നു.. മാളുവാണെങ്കില്‍ ബാത്ത്‌റൂമിലും... ഈ തണുപ്പിലും പച്ചവെള്ളത്തില്‍ കുളിയ്ക്കാണവള്‍ക്കിഷ്ടം..

ചാനലുകളില്‍ നിന്നും ചാനലുകളിലേയ്ക്കു സഞ്ചരിച്ച്‌ മടുപ്പോടെ മ്യൂട്ട്‌ ചെയ്തു നിശ്ശബ്ദമാക്കിയ ടി.വിയില്‍ പതിവു വിദഗ്ദരുടെയെല്ലാം നേതൃത്വത്തില്‍ ചര്‍ച്ച പൊടിപൊടിയ്ക്കുകയാണ്‌...... ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ അഴിമതികഥകള്‍ പൂര്‍ണ്ണവ്യാപ്തിയോടെ പുറത്തു വന്ന ദിവസം.. പക്ഷെ എന്താണെന്നറിയില്ല അന്ന്‌ ആ ജനപ്രിയചാനലിനു അതിലും ഉത്‌കണ്ഠ വരാന്‍ പോകുന്ന മണ്ഡലക്കാലത്തെ ശബരിമലയിലെ അപ്പത്തിന്റെ അരവണയുടെയും വിതരണത്തിലെ കാര്യക്ഷമതയെക്കുറിച്ചായിരുന്നു..!

സായന്തനങ്ങളിലെ ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ ഉപജീവനം നടത്തുന്ന ഒരു പുതിയ തൊഴില്‍വിഭാഗം തന്നെ രൂപപ്പെട്ടിരിയ്ക്കുന്നു കേരളത്തില്‍. മുനികളും ഭക്തരും ഉപദേശികളുമായി മാറിയ മുന്‍വിപ്ലവകാരികള്‍, കേസില്ലാ വക്കീലന്മാര്‍, പല്ലുകൊഴിഞ്ഞ പഴയ കാല പത്രവര്‍ത്തകര്‍, സര്‍വീസ്‌സ്റ്റോറി വിദ്വാന്മാര്‍, അമ്പതുകള്‍ പിന്നിട്ടിട്ടും ഇന്നും യൂത്തുകളായിതന്നെ തിളങ്ങിനില്‍ക്കുന്ന ശുഭ്രവസ്ത്രധാരികളായ ജനസേവകര്‍ ഇങ്ങിനെ പോകുന്നു ഇവരുടെ നിര.

"താനില്ലെങ്കില്‍....." എന്ന ഉത്തരം താങ്ങുന്ന പല്ലിയുടെ ഭാവമായിരിയ്ക്കും ഈ സമയത്ത്‌ ഇവരില്‍ പലരുടെയും മുഖങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌.. ഇവരെല്ലാം ചേര്‍ന്ന്‌ ഒരസോസിയഷന്‍ രൂപികരിച്ചിരുന്നെങ്കില്‍ അതിനെക്കുറിച്ചും വിവാദങ്ങളൊരുക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ച്‌ അതും വിറ്റു കാശാക്കുമായിരുന്നു ചാനലുകള്‍ .

ഇങ്ങിനെ ഓരോന്നോര്‍ത്തും മഴയുടെ താരാട്ടുപാട്ടില്‍ ലയിച്ചും സ്വീകരണമുറിയിലെ ആട്ടുകസേരയില്‍ അലസമായി ചാഞ്ചാടുകയായിരുന്നു കുട്ടന്റെ മനസ്സപ്പോള്‍ .....

വികസനത്തില്‍ നിന്നും വികസനത്തിലേയ്ക്കുള്ള പടവുകള്‍ താണ്ടി മുന്നോട്ടുകുതിയ്ക്കുന്നതിനിടയില്‍ നഷ്ടപ്പെടുന്ന ലാളിത്യം, പാരമ്പര്യം, ബലികൊടുക്കപ്പെടേണ്ടിവരുന്ന സാംസ്കാരികമൂല്യങ്ങള്‍ അങ്ങിനെയങ്ങിനെ മുന്നിലുയര്‍ന്നുവരുന്ന അന്തമില്ലാത്ത സമസ്യകള്‍ക്ക്‌ ഉത്തരം തേടി അസ്വസ്ഥമാകുന്ന ആധുനികമനുഷ്യമനസ്സുകളുടെ പ്രതീകം പോലെ മുകളില്‍ കോണ്‍ക്രീറ്റുമേല്‍ക്കൂരയില്‍, ഇനി ഒരിയ്ക്കലും തിരിച്ചു കിട്ടിലെന്നറിഞ്ഞിട്ടും, പഴമയുടെ പ്രൗഢിയും സുഗന്ധവും പേറുന്ന ഉത്തരങ്ങളും തേടി ഒരു പല്ലി കുറെനേരമായി വൃഥാ കറങ്ങിനടക്കുന്നു.

പാവം പല്ലി.! വ്യര്‍ത്ഥമോഹങ്ങളുടെ വാലു മുറിച്ച്‌ സ്വയം ശിക്ഷിച്ച്‌, സഫലമാകാത്ത ജീവിതലക്ഷ്യവുംപേറി ഇഴഞ്ഞുതീര്‍ക്കാന്‍ വിധിയ്ക്കപ്പെട്ട അതിന്റെ ജന്മം... താങ്ങിനിര്‍ത്താനായി ഉത്തരങ്ങളില്ലെങ്കില്‍ പിന്നെ ജീവിതത്തിനെന്തര്‍ത്ഥം ! അസ്തിത്വത്തിനെന്തു പ്രസക്തി..

പഴയ തറവാടിന്റെ അടിത്തറയിളക്കി ഉത്തരങ്ങളില്ലാത്ത കോണ്‍ക്രീറ്റുമാളിക പണിത മകനെക്കുറിച്ചു പരാതിപറയാനാണോ എന്നറിയില്ല ഇഴഞ്ഞിഴഞ്ഞ്‌ ആ പല്ലി മെല്ലെ ചുവരിലെ ഫ്രെയിമിലെ നാലതിരുകള്‍ക്കുള്ളിലൊതുങ്ങിപോയ അച്ഛന്റെ ചിത്രത്തിനരികിലെത്തി..

ചുണ്ടുകളില്‍ കള്ളച്ചിരിയുമായിനില്‍ക്കുന്ന അച്ഛന്‍ അല്ലെങ്കിലും അച്ഛന്‌ എന്നും ചിരിയ്ക്കാനെ കഴിഞ്ഞിട്ടുള്ളു....ഒരിയ്ക്കലും ശാസിച്ചിട്ടില്ല തന്നെ മാത്രമല്ല, ആരെയും...

മരണാനന്തരം പ്രിയപ്പെട്ടവരുടെ ഫോട്ടോ ഗൃഹാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിയ്ക്കുന്നതിനോട്‌ മാനസ്സികമായി പൊരുത്തപ്പെടാന്‍ ഒരിയ്ക്കലും കഴിയാറില്ല കുട്ടന്‌.... അതുണര്‍ത്തുന്ന സ്മരണകള്‍ വേര്‍പാടിന്റെ തീവ്രതയും നഷ്ടബോധത്തിന്റെ വ്യാപ്തിയും വര്‍ദ്ധിപ്പിയ്ക്കാനേ സഹായിയ്ക്കൂ.

"അമൂല്യമായിമാത്രം കിട്ടുന്ന മനുഷ്യജന്മം പിറന്നമണ്ണില്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിച്ചുതീര്‍ക്കാതെ ഒറ്റയ്ക്കുള്ള പ്രവാസത്തിനായി ഉഴിഞ്ഞുവെച്ചില്ലെ നീ.. എന്നിട്ട്‌ അവസാനം എന്തുനേടും... അല്ലെങ്കില്‍ ഇതുവരെ എന്തുനേടി.. ഈ വലിയ കോണ്‍ക്രീറ്റുമന്ദിരമോ... കുറേ ബാങ്ക്‌ ബാലന്‍സോ.. ചിറകുകള്‍ക്കു കരുത്തു നേടുമ്പോള്‍ നിന്റെ മകനും പറന്നുപോകില്ലെ പ്രവാസത്തിന്റെ രുചിഭേദങ്ങളും തേടി ഭൂലോകത്തിന്റെ ഏതെങ്കിലും കോണിലേയ്ക്ക്‌.. പിന്നെ ആര്‍ക്കുവേണ്ടിയണ്‌,.. എന്തിനുവേണ്ടിയാണീ കരുതലെല്ലാം... അല്ലെങ്കില്‍ത്തന്നെ അടുത്തനിമിഷം,.. അതിനടുത്ത നിമിഷം എന്താണന്നറിയാത്ത പ്രവചനാതീതമായ ജീവിതത്തില്‍ കരുതലെന്ന വാക്കിന്‌ എന്തു വിലയാണുള്ളത്‌..

അച്ഛന്റെ ചിരിയില്‍നിന്നുമുതിര്‍ന്നുവീണ ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ക്കിടയില്‍കിടന്ന്‌ വീര്‍പ്പുമുട്ടുകയായിരുന്നു കുട്ടനപ്പോള്‍ ‍.

ചോദിയ്ക്കാനുള്ള അര്‍ഹതയുണ്ട്‌ അച്ഛന്‌.. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ നിരോധനമുണ്ടായിരുന്ന നാളുകളില്‍ പാര്‍ട്ടിപ്രവര്‍ത്തനവും സര്‍ക്കാരുദ്യോഗവും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ കേരളത്തിലങ്ങോളമിങ്ങോളം നിരന്തരമായുള്ള പണിഷമന്റ്‌ ട്രാന്‍സ്ഫറുകളുമായി നെട്ടോട്ടം ഓടുകയായിരുന്നു അച്ഛന്‍.പക്ഷെ ആ പ്രതിസന്ധിഘട്ടത്തിലും ഒരിടത്തേയ്ക്കും അച്ഛന്‍ ഒറ്റയ്ക്ക്‌ പോയില്ല....എല്ലായിടത്തേയ്ക്കും കുടുംബത്തേയും ഒപ്പംകൂട്ടി..അച്ഛനോടൊപ്പം താമസിച്ചിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഇന്നും ആയിരം നാക്കാണമ്മയ്ക്ക്‌.ആ നിമിഷങ്ങളില്‍ അമ്മയുടെ വാക്കുകളില്‍നിന്ന്‌ തേന്‍ത്തുള്ളികള്‍ ഉതിര്‍ന്നുവീഴും..

പക്ഷെ തന്റെ കാര്യം,.. തനിയ്ക്ക് ..... പാവം മാളു.. ഒരിക്കലെങ്കിലും തനിയ്ക്കവവളെ..!

"എന്താ കുട്ടേട്ടാ,.. സ്വപ്നം കാണ്വാണോ. എന്തയാലും നല്ല സ്വപ്നമല്ല കണ്ടത്‌,.. മുഖം വല്ലാണ്ടിരിയ്ക്കുണു.. ഈ കുട്ടേട്ടന്റെ ഒരു കാര്യം കുറച്ചു നേരം ഒറ്റയ്ക്കിരുന്നാല്‍ മതി വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടും... ഇത്രയും വര്‍ഷം അവിടെ ഒറ്റയ്ക്കു ജീവിച്ചതിന്റെ കുഴപ്പമാ..."

കുളിച്ചു ഫ്രഷായിരുന്നു മാളു....അവള്‍ അടുത്തു വന്നിരുന്നു...മെഡിമിക്സിന്റെ ചിരപരിചിതഗന്ധം....കുട്ടനവളെ ചേര്‍ത്തു പിടിച്ചു..ആ കണ്ണുകളിലേയ്ക്കു സൂക്ഷിച്ചു നോക്കി...

"മാളു സത്യം പറയണം നീ.....ഈ കുട്ടേട്ടനോടു നിനക്ക്‌ ദേഷ്യമുണ്ടൊ..കേവലം ഒരു മാസം മാത്രം നീണ്ടുനില്‍ക്കുന്ന നമ്മുടെ ദാമ്പത്യം..പിന്നെ കാത്തിരിപ്പിന്റെ നീണ്ട മാസങ്ങള്‍....എത്രയൊ വര്‍ഷങ്ങളായി ഈ തനിയാവര്‍ത്തനം തുടങ്ങിയിട്ട്‌ മടുപ്പു തോന്നാറില്ലെ നിനക്ക്‌. ഈ കുട്ടേട്ടനോട്‌ വെറുപ്പു തോന്നാറില്ലെ"

"ഇല്ല കുട്ടേട്ടാ സത്യമായും ഇല്ല".... അവള്‍ അമ്പരന്നു... ആ മിഴികള്‍ സജലങ്ങളായി..

"ദേഷ്യമൊന്നും തോന്നാറില്ല കുട്ടേട്ടാ പക്ഷെ ആദ്യമൊക്കെ ഒരുപാടുസങ്കടം തോന്നുമായിരുന്നു... പിന്നെ കുട്ടേട്ടനയയ്ക്കുന്ന കത്തുകള്‍.. വാക്കുകളിലും, വരികളിലും നിറച്ചുവെച്ചിരിക്കുന്ന സ്നേഹത്തിന്റെ, വാല്‍സല്യത്തിന്റെ, സാന്ത്വനത്തിന്റെ തേന്‍ത്തുള്ളികളുടെ മാധുര്യം,. അതു പകര്‍ന്നു നല്‍കുന്ന ആനന്ദം, കരുത്ത്‌ ഇതൊക്കെ മനസ്സിനു ധൈര്യം നല്‍കാന്‍ തുടങ്ങി.

കാത്തിരിപ്പിന്റെ തീക്ഷ്ണത.. വിരഹത്തിന്റെ തീവ്രത ഇവയിലൊക്കെ ഒരു പ്രത്യേകസുഖം കണ്ടെത്തി ദാമ്പത്യജീവിതത്തിന്റെ കലണ്ടര്‍ ഒരുമാസത്തിലേയ്ക്കു ചുരുക്കാന്‍ പഠിയ്ക്കുകയായിരുന്നു ഞാന്‍... കുട്ടേട്ടനെന്നെ പഠിപ്പിയ്ക്കുകയായിരുന്നു.

ഒരേ കൂരയിലെ നാലുചുവരുകള്‍ക്കുള്ളില്‍ ഒരേ കട്ടിലില്‍ എന്നും ഒന്നിച്ചുറങ്ങിയിട്ടും മനസ്സുകൊണ്ട്‌ യുഗാന്തരങ്ങളോളം അകലം പാലിയ്ക്കുന്ന എത്രയൊ പേരുണ്ട്‌ കുട്ടേട്ട നമുക്കു ചുറ്റും..... അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭാഗ്യം ചെയ്തവരല്ലെ നമ്മള്‍... മുവ്വായിരത്തിലധികം കിലോമീറ്ററുകള്‍ അകലത്തിലാകുമ്പോഴും ഞാനെന്റെ കുട്ടേട്ടന്റെ നെഞ്ചില്‍ തല ചായ്ച്ചല്ലെ എന്നും ഉറങ്ങാറുള്ളൂ...

ഭാര്യക്ക്‌ ഇത്രയേറെ പ്രേമലേഘനങ്ങള്‍ അയച്ച വേറെ ഏതെങ്കിലും ഭര്‍ത്താവുണ്ടാവുമൊ ഈ ലോകത്ത്‌,കുട്ടേട്ടനല്ലാതെ..." എല്ലാം ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌. വേണമെങ്കില്‍ അതിനായി ഒരു ബ്ലോഗു തുടങ്ങിക്കൊള്ളൂ, നല്ല വായനക്കാരുണ്ടാവും.."

മാളു ചിരിച്ചു.. അവന്റെ നെഞ്ചിലേയ്ക്ക്‌ തല ചായ്ച്ചു... വല്ലാത്ത ശോഭയായിരുന്നു അവളുടെ ചിരിയ്ക്കപ്പോള്‍.. ആ ചിരിയില്‍ കണ്ണുനീര്‍ത്തുള്ളികള്‍ സ്ഫടികംപോലെ തിളങ്ങി.. മൂക്കുത്തി ചുവന്നുതുടുത്തു.. മുടിചുരുളുകളില്‍നിന്നും ജലകണങ്ങള്‍ ഹൃദയത്തിന്റെ അടിത്തട്ടോളം ആഴ്‌ന്നിറങ്ങി കുളിരു പകര്‍ന്നു.

"ഈശ്വരാ,.. ഇവളൊന്നു പിണങ്ങിയിരുന്നെങ്കില്‍,.. തന്നോടൊന്നു കലമ്പിയിരുന്നെങ്കില്‍"

"മാളുവിന്റെ തട്ടുകട" എന്നവന്‍ വിശേഷിപ്പിയ്ക്കാറുള്ള കിച്ചണില്‍ ഗ്യാസ്സടുപ്പിനരികില്‍തന്നെ സ്റ്റൂളിട്ടിരുന്ന്‌, ദോശക്കല്ലില്‍നിന്നൂ നേരിട്ടു പ്ലെയിറ്റിലേയ്ക്കു മാളു പകര്‍ന്നുനല്‍കുന്ന "ഷോര്‍ട്ട്‌കട്ട്‌ ദോശ" ഉള്ളിചമന്തിയുകൂട്ടി തിന്നുകൊണ്ടിരിയ്ക്കുമ്പോള്‍ കുട്ടനോര്‍ത്തു....

"ഷോര്‍ട്ട്‌കട്ട്‌ ദോശ... കാബേജും കാരറ്റും സബോളയും അങ്ങിനെ കയ്യില്‍ കിട്ടുന്ന പച്ചക്കറികളൊക്കെ ഗോതമ്പുമാവില്‍ അരിഞ്ഞിട്ട്‌ അവളു പെട്ടന്നുതട്ടികൂട്ടിയൊരുക്കുന്ന ആ ദോശയ്ക്കു വല്ലാത്തൊരു രുചിയാണ്‌.

അപ്പുവുംകൂടെയുള്ള ദിവസങ്ങളില്‍ ഒരങ്കംതന്നെ നടക്കുമവിടെ.ദോശയുടെ കാര്യത്തില്‍ മാത്രമല്ല മാളുവിന്റെ കാര്യത്തിലും അച്ഛനും മകനും വളരെ പൊസ്സസ്സിവ്‌ ആണ്‌.

"അച്ഛനാണോ കുട്ടി .... മകനാണോ കുട്ടി...!" എന്ന ചോദ്യവുമായിചട്ടുകവും ഉയര്‍ത്തിപ്പിടിച്ച്‌ തലയില്‍ കയ്യുവെച്ച്‌ അന്തം വിട്ടു നില്‍ക്കാനേ മാളുവിനപ്പോള്‍ കഴിയാറുള്ളു.

"കുട്ടേട്ടാ നമുക്ക്‌ അമ്മയെ പഴയന്നൂരു കൊണ്ടുപോകേണ്ടേ,.. അടുത്ത ഞയാറാഴ്ച ആയാലോ... ഏട്ടനും വരാമെന്നു പറഞ്ഞിട്ടില്ലെ, എല്ലാര്‍ക്കും കൂടി പോകാം.." ഉറങ്ങാനൊരുങ്ങുന്നതിനുമുമ്പ്‌ ബെഡ്‌റൂമിലെ ജനലുകള്‍ അടയ്ക്കുന്നതിനിടയില്‍ മാളു ഓര്‍മ്മിപ്പിച്ചു.

വയസ്സായിരിയ്ക്കുന്നു അമ്മയ്ക്ക്‌,.. വയ്യാതാവാന്‍ തുടങ്ങിയിരിയ്ക്കുന്നു, അമ്മയുടെ ഇനിയും ബാക്കി നില്‍ക്കുന്ന അപൂര്‍വ്വം മോഹങ്ങളിലൊന്നാണീ പഴയന്നൂര്‍ യാത്ര.. അത്രയ്ക്കേറെ ആത്മബന്ധമാണ്‌ ആ ദേശവുമായി അമ്മയ്ക്കുള്ളത്‌.. കല്യാണം കഴിയുമ്പോള്‍ പഴയന്നൂരായിരുന്നു അച്ഛനു ജോലി.. അവിടെയാണ്‌ അമ്മ അച്ഛനോടൊത്തു ജീവിതം തുടങ്ങിയത്‌. പതിമൂന്നു വയസ്സായിരുന്നു അമ്മയ്ക്കന്ന്‌... വിവാഹശേഷം അവിടെ വെച്ചാണ്‌ അമ്മ ആദ്യമായി ഋതുമതിയായത്‌.!..അടുത്ത മാസം അമ്മ വീണ്ടും ഋതുമതിയായില്ല,.. പത്താംമാസം വല്ലേട്ടനെ പ്രസവിച്ചു.. അങ്ങിനെ പതിനഞ്ചു വയസ്സു തികയുന്നതിനു മുമ്പ്‌ അമ്മയായി...!

അറുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇന്നും അതൊക്കെ വിവരിയ്ക്കുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ ആ പഴയ കൗമാരക്കാരി സുന്ദരിയുടെ തിളക്കംതിരിച്ചുവരും.

പോകണം മാളു,.. അതൊരു തീര്‍ത്ഥയാത്രയാണ്‌.. മനസ്സുകൊണ്ടുള്ള അമ്മയുടെ മടക്കയാത്ര.. പഴയന്നൂരമ്പലത്തില്‍, അച്ഛനുമ്മയും താമസിച്ചിരുന്ന പട്ടന്‍മാരുടെ കോളനിയില്‍ അങ്ങിനെ കൗമാരയൗവനസ്വപ്നങ്ങള്‍ മൊട്ടിട്ടുപൂത്തുവിടര്‍ന്നു നൊടിയിടയില്‍ ചൊട്ടയിട്ട ആ ദേശത്തുകൂടിയുള്ള സഞ്ചാരത്തിനിടയില്‍ അമ്മയുടെ മുഖത്തു തെളിയുന്ന ദീപ്തചൈതന്യം,.. ചലനങ്ങളിലെ പ്രസരിപ്പ്‌.. ആ നിമിഷങ്ങളില്‍ അമ്മയനുഭവിയ്ക്കുന്ന ആത്മനിര്‍വൃതി ... എല്ലാറ്റിനും സാക്ഷ്യം വഹിയ്ക്കണം നമുക്ക്‌... ആ അനുഗ്രഹം, പുണ്യം.. ഒരായിരം അമ്പലങ്ങളില്‍ ദര്‍ശനം നടത്തിയാലും നേടാന്‍ കഴിയുന്നതല്ല അതൊന്നും..

നോക്കു മാളു, ഓരോ മനുഷ്യനും താലോലിയ്ക്കാനുണ്ടാകും ഇതുപോലെ മനസ്സിന്റെ മണിചെപ്പിലൊളിച്ചുവെച്ചിരിയ്ക്കുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന സുഖമുള്ള ഓര്‍മ്മകളുടെ ഒരിയ്ക്കലും പുതുമ മാറാത്ത കുറെ മയില്‍പീലിതുണ്ടുകള്‍ .

"ഓര്‍മ്മയിലെ കുട്ടേട്ടന്‌ നമ്മുടെ കല്യാണദിവസം.... വര്‍ഷങ്ങളെത്രയായി എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു അല്ലെ..." സന്ധ്യാംബരം പോലെ തുടുത്ത മാളുവിന്റെമുഖത്ത്‌ ഓര്‍മ്മകളുടെ മരിവില്ല്‌ ഏഴുവര്‍ണ്ണങ്ങളും വിരിയിച്ചു...

ഓര്‍ക്കുന്നു മാളു,... എല്ലാം ഓര്‍ക്കുന്നു,.. അഷ്ടമിരോഹിണിയായിരുന്നില്ലെ അന്ന്‌... പകല്‍ മുഴുവന്‍ പ്രസന്നമായിരുന്നു അന്തരീക്ഷം .പക്ഷെ രാത്രിമഴ സ്വയം മറന്ന്‌ പെയ്തുതിമര്‍ക്കുകയായിരുന്നു.. കുറുമാലിപുഴ കരകവിഞ്ഞൊഴുകി കുണ്ടുകടവുംകടന്ന്‌ നിന്റെ വീടിന്റെ പടിവാതില്‍ക്കലോളം ഒഴുകിയെത്തിയില്ലെ ആ രാത്രിയില്‍ ..!

പത്തുമണിയ്ക്കുമുമ്പെ നമ്മളെ മണിയറയിലേയ്ക്കു കയറ്റി കതകടച്ചില്ലെ അവര്‍..കല്യാണഒരുക്കങ്ങളുടെ അലച്ചലില്‍ ക്ഷീണിച്ച അവര്‍ക്കൊക്കെ ഉറങ്ങാനുള്ള തിരക്കായിരുന്നു...

പക്ഷെ നമ്മള്‍ ഉറങ്ങിയതെപ്പോഴാണ്‌...! നമുക്കാത്മവിശ്വസംപകരാനെന്നപോലെ, നമ്മളുടെ ഇടയിലുണ്ടായിരുന്ന അപരിചിത്വത്തിന്റെ നേര്‍ത്ത മൂടുപടം അലിയിച്ചനാവരണം ചെയ്യാനെന്നപോലെ,... ഒട്ടും ആവേശം ചോരാതെ തിമിര്‍ത്തുപെയ്യുകയായിരുന്നു മഴ... അങ്ങിനെയങ്ങിനെ കുറുമാലിപുഴ നിറഞ്ഞുതുളുമ്പാന്‍ തുടുങ്ങുകയായിരുന്നു...!

എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.!.. ആ മഴയുടെ ചൂടും കുളിരും ഇന്നും മനസ്സിലും ശരീരത്തിലും തങ്ങിനില്‍ക്കുന്നു..!

കുട്ടേട്ടാ പുറത്തു മഴയ്ക്ക്‌ വീണ്ടും ശക്തികൂടുന്നു..." അവന്റെ ഇടതുകൈ തലയിണയാക്കി ആ ഹൃദയത്തിലേയ്ക്കൊട്ടി ചേര്‍ന്നുകിടന്നു കുസൃതിയോടെ മാളു മൊഴിഞ്ഞു..

ഗൃഹാതുരത്വത്തിന്റെ പുല്‍മേടുകളില്‍ ഇപ്പോഴും തഴച്ചുതളിര്‍ത്തു നില്‍ക്കുന്ന ഓര്‍മ്മകളുടെ നനുത്ത പുല്‍നാമ്പുകളെ തൊട്ടുണര്‍ത്തി പുതുജീവന്‍ നല്‍കാന്‍ ഒരുങ്ങുകയായിരുന്നു അവന്റെ മനസ്സും.

കാലവര്‍ഷ-തുലാവര്‍ഷഭേദങ്ങളില്ലാതെ, കാലാന്തരങ്ങളുടെ,.. ഋതുഭേദങ്ങളുടെ നിര്‍വചനങ്ങള്‍ക്കെല്ലാം അതീതമായി കൂടുതല്‍ കരുത്താര്‍ജിയ്ക്കുകയായിരുന്നു മഴയുടെ കരങ്ങളപ്പോള്‍ .. പെയ്തിറങ്ങുന്ന വെള്ളത്തുള്ളികളുടെ ശക്തിയില്‍, ഗതിവേഗത്തില്‍ കുതിര്‍ന്നലിഞ്ഞലഞ്ഞില്ലതാകുകയായിരുന്നു അവര് ‍.

ഓര്‍മ്മകളുടെ മണിച്ചെപ്പില്‍ സൂക്ഷിയ്ക്കാന്‍ ഒരു മയില്‍പ്പീലിതുണ്ടു സമ്മാനിച്ച്‌ ഒക്ടോബറിലെ ഒരു ദിനംകൂടി ഒലിച്ചുപോകുകയായിരുന്നു...

10 comments:

  1. ഒരേ വിഷയം വിരസമാകാതെ, ഒരിയ്ക്കല്‍കൂടി എഴുതി ഫലിപ്പിയ്ക്കണമെങ്കില്‍ അപാരസിദ്ധി വേണമെന്നറിയാതെയല്ല ഞാനീ സാഹസത്തിനു മുതിര്‍ന്നത്‌... എത്ര ശ്രമിച്ചിട്ടും എഴുതാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.! പൊറുക്കുക..

    പാസ്പോര്‍ട്ടില്‍ exit എന്നു ചുവന്ന മഷിയില്‍ മുദ്രണം ചെയ്ത്‌ ഈ മരുഭൂമിയോട്‌ വിട പറയുന്നതുവരെ പാഴായാലും പതിരായാലും, ആവര്‍ത്തനമായാല്‍പോലും സമയം കിട്ടുമ്പോഴൊക്കെ ഇതുപോലെ എന്തെങ്കിലും ടൈപ്പ്‌ ചെയ്തുകൊണ്ടിരിയ്ക്കണം... അതാണെന്റെ മോഹം...

    ReplyDelete
  2. ഗൃഹാതുരത്വവും മഴയും..കൊല്ലേരി എഴുതുമ്പോള്‍ ശരിക്കും അറിയുന്നുണ്ടത്..മനോഹരം

    ReplyDelete
  3. കൊല്ലേരി ...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന് എന്തോ ഒരു സുഖം ...കൊല്ലേരിയുടെ സ്ഥാനത് ഞാനായിരുന്ണേല്‍ എന്ന് ഒര്രോ നിമിഷവും കൊതിച്ചു പോയി ...അത്രക്കും നന്നായി എഴുതി ...ഞാന്‍ ആദ്യമായിട്ട ഇവിടെ വരുന്നത് ....

    മാളുവും അപ്പുവും അച്ഛനും അമ്മയും ഒക്കെ കുറെ കാലം എന്‍റെ മനസ്സില്‍ ഉണ്ടാവും ....ഇനിയും വരാം ....ഇഷ്ട്ടപ്പെട്ടു ....

    ReplyDelete
  4. "പഴയ തറവാടിന്റെ അടിത്തറയിളക്കി ഉത്തരങ്ങളില്ലാത്ത കോണ്‍ക്രീറ്റുമാളിക പണിത മകനെക്കുറിച്ചു പരാതിപറയാനാണോ എന്നറിയില്ല ഇഴഞ്ഞിഴഞ്ഞ്‌ ആ പല്ലി മെല്ലെ ചുവരിലെ ഫ്രെയിമിലെ നാലതിരുകള്‍ക്കുള്ളിലൊതുങ്ങിപോയ അച്ഛന്റെ ചിത്രത്തിനരികിലെത്തി.."

    ഒത്തിരി കാര്യങ്ങള് ഒളിപ്പിച്ചുവച്ച വരികള്..

    കുട്ടേട്ടനും മാളുവും വീണ്ടും കൊതിപ്പിക്കുന്നു… ഒപ്പം മഴയുടെ അകമ്പടിയും…

    ആശംസകളോടെ…

    (അല്ല, അമ്മയെ പഴയന്നൂര്ക്ക് കൊണ്ടുപോയോ?)

    ReplyDelete
  5. എന്തിനുവേണ്ടിയാണീ കരുതലെല്ലാം... അല്ലെങ്കില്‍ത്തന്നെ അടുത്തനിമിഷം,.. അതിനടുത്ത നിമിഷം എന്താണന്നറിയാത്ത പ്രവചനാതീതമായ ജീവിതത്തില്‍ കരുതലെന്ന വാക്കിന്‌ എന്തു വിലയാണുള്ളത്‌..

    ശരിയാണ്‌... അതാണ്‌ സത്യം... കഥ.. അല്ല, അനുഭവം നന്നായി എഴുതിയിരിക്കുന്നു...

    ReplyDelete
  6. ഒരു വിരസതയുണ്ടാക്കാതെ എഴുതാനും കഴിഞ്ഞിരിക്കുന്നു..
    ആശംസകള്‍!!

    ReplyDelete
  7. ഒരേ കൂരയിലെ നാലുചുവരുകള്‍ക്കുള്ളില്‍ ഒരേ കട്ടിലില്‍ എന്നും ഒന്നിച്ചുറങ്ങിയിട്ടും മനസ്സുകൊണ്ട്‌ യുഗാന്തരങ്ങളോളം അകലം പാലിയ്ക്കുന്ന എത്രയൊ പേരുണ്ട്‌ കുട്ടേട്ട നമുക്കു ചുറ്റും..... അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭാഗ്യം ചെയ്തവരല്ലെ നമ്മള്‍... മുവ്വായിരത്തിലധികം കിലോമീറ്ററുകള്‍ അകലത്തിലാകുമ്പോഴും ഞാനെന്റെ കുട്ടേട്ടന്റെ നെഞ്ചില്‍ തല ചായ്ച്ചല്ലെ എന്നും ഉറങ്ങാറുള്ളൂ...

    nannaayittund.

    ReplyDelete
  8. മനോഹരമായ ഈ എഴുത്തിന്റെ വായനാസുഖം ഒന്ന് വേറെ തന്നെയാണ് കേട്ടൊ തറവാടി.
    തനി തല്ലിപ്പൊളിയാണേങ്കിലും ഞാനും ഇതാ ,
    ഈ തറവാട്ടിലേക്ക് കാലെടുത്ത് വെക്കുന്നു...

    ReplyDelete
  9. "ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍." വായിച്ചുകഴിഞ്ഞ് ഒന്നു പിന്നോട്ട് വന്നതാണ്. "കുട്ടേട്ടനും മാളുവും വീണ്ടും ... " വായിച്ച് ഒരു കമന്റ് എഴുതി അതിന്റെ സുഖം കളയുന്നില്ല. മനോഹരമായ അവതരണം ഒരു മഴയുടെ സുഖമുണ്ട് ഇത് വായിക്കാന്‍ .....ആശംസകള്‍

    ReplyDelete