Wednesday, January 19, 2011

വെറുതെ ഒരു ബ്ലോഗറുടെ ഭാര്യ...

"കനകം ഒന്നു പെട്ടന്നിങ്ങു വന്നേ, ഒരുകാര്യം കാണിച്ചു തരാം'..

വൈകുന്നേരം കിച്ചണില്‍ തിരക്കുപിടിച്ച പണികളുടെ നടുവില്‍ കിടന്നു നട്ടംതിരിയുകയായിരുന്നു കനകം.. ഓഫീസിലെ ജോലിയും, അടുക്കളപണിയും, മാളുട്ടിയുടെ കാര്യവും എല്ലാംകൂടി ഒന്നിച്ചു മാനേജു ചെയ്യാന്‍ പെടുന്ന പാട്‌!.. അതിനിടയിലാണ്‌ സുകുവേട്ടന്റെ ഇത്തരം വിളികള്‍...

എല്ലാ ആണുങ്ങളും ഇങ്ങിനെയൊക്കെത്തന്നെയായിരിയ്ക്കും.... ഒന്നുമറിയേണ്ടല്ലൊ. ഡൈനിംഗ്‌ ടേബിളിനുമുമ്പിലിരുന്ന്‌ "സംഗതി കൊള്ളം, പക്ഷെ എരിവിത്തിരി കൂടിപോയി, മസാലയല്‍പ്പം കുറയ്ക്കാമായിരുന്നു"....

മൂക്കുമുട്ടെ തിന്ന്‌ പാത്രം കാലിയാക്കുന്നതിനിടയ്ക്ക്‌ റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കളെപോലെ അവിടേയുമിവിടെയുംതൊടാതെ എന്തെങ്കിലും തട്ടിവിട്ടാല്‍ പോരെ അവര്‍ക്ക്‌.

സുകുവേട്ടന്റെ അമ്മയുള്ളപ്പോള്‍ നല്ല സഹായമായിരുന്നു..പക്ഷെ എന്തു ചെയ്യാം ഇളയമകളുടെ പ്രസവശുശ്രുഷയ്ക്കായി ദുബായിലേയ്ക്കു പോകേണ്ടിവന്നു അമ്മയ്ക്ക്‌,.. ഇനി രണ്ടുമൂന്നുമാസങ്ങള്‍ കഴിഞ്ഞിട്ടു നോക്കിയാല്‍ മതി..നോക്കണെ ഈ വയസ്സുകാലത്ത്‌ അമ്മയുടെ ഒരു ഡിമാന്‍ഡ്‌...!

ചില നേരത്ത്‌ കൊച്ചുകുട്ടികളുടെ സ്വഭാവമാണ്‌ സുകുവേട്ടന്‌...വെറുതെയായിരിയ്ക്കും വിളിയ്ക്കുന്നത്‌.നെറ്റില്‍ എന്തെങ്കിലും കൗതുകമുള്ള കാര്യം വായിച്ചിരിയ്ക്കും..അതിനി താനുമായി ഷെയര്‍ ചെയ്താലെ സമാധാനമാവൂ...

ഒരു ചായ വെയ്ക്കാന്‍ പോലുമറിയില്ല സുകുവേട്ടന്‌ അതുകൊണ്ടുതന്നെ അടുക്കളപ്പണിയുടെ കഷ്ടപ്പാടുകളും.....ഇളയ മോനായിരുന്നല്ലോ..ശരിയ്ക്കും കൊഞ്ചിച്ചുവഷളാക്കിതന്നെയായിരിയ്ക്കും വളര്‍ത്തിയിത്‌..അതിന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും ഉണ്ടായിരുന്നു തന്റെ കയ്യില്‍കിട്ടുന്ന കാലത്ത്‌...

ഒരു പാടു നേരമായി സുകുവേട്ടന്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട്‌..

സിറ്റിയിലെ പുതിയ ഫ്ലാറ്റിലേയ്ക്കു താമസം മാറിയതിനുശേഷം തുടങ്ങിയതാണ്‌ ഈ പുതിയ ശീലം, ഇന്റര്‍നെറ്റിലെ ബ്ലോഗുസല്ലാപം..അല്ലാതെ എന്തു ചെയ്യും പാവം... ഇത്രയും വലിയ സിറ്റിയില്‍ പെട്ടന്നൊരു സുഹൃദ്‌വലയമൊന്നുമുണ്ടാക്കിയെടുക്കാനുള്ള പ്രാപ്തിയൊന്നുമില്ല പൊതുവെ അല്‍പം അന്തര്‍മുഖനായ സുകുവേട്ടന്‌ .എന്തായാലും അതുകൊണ്ടൊരു ഗുണമുണ്ടായി സന്ധ്യക്കുമുമ്പ്‌ കൃത്യമായി കൂടണയാന്‍ പഠിച്ചു...

നാട്ടിലായിരുന്നപ്പോള്‍ എന്തായിരുന്നു മേളം,..വായനശാല, യുവജനവേദി,...മാസത്തില്‍ മൂന്നുനാലുതവണ എന്തിന്റെയെങ്കിലുമൊക്കെ പേരില്‍ കമ്പനിയ്ക്കുവേണ്ടി അല്‍പം കഴിയ്ക്കുന്ന ശീലം വരെയുണ്ടയിരുന്നു..ഇവിടെ വന്നതോടെ എല്ലാം തീര്‍ന്നു..!

ഏഴരമുതല്‍ ഒമ്പതുമണിവരെ അത്രയും നേരമേ കമ്പ്യുട്ടറിനു മുമ്പില്‍ ഇരിയ്ക്കാന്‍ താന്‍ അനുവദിയ്ക്കാറുള്ളു.... പാവമാണ്‌ സുകുവേട്ടന്‍.സ്നേഹിയ്ക്കാനറിയുന്നവന്‍..തന്റെ വികാരങ്ങളേയും വിചാരങ്ങളേയും മാനിയ്ക്കുന്നവന്‍..

തറവാട്ടുപറമ്പില്‍ വീടുപണിയുന്നതിനുപകരം ടൗണില്‍ ഒരു ഫ്ലാറ്റു വാങ്ങമെന്നു താന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആദ്യം വഴങ്ങിയില്ല സുകുവേട്ടന്‍...

ജനിച്ചു വളര്‍ന്ന നാടും അന്തരീക്ഷവും, വായനശാലയും കൂട്ടുകെട്ടും എല്ലാം ഉപേക്ഷിച്ചു പോരാനുള്ള മടി തന്നെയായിരുന്നു പ്രധാനകാരണം...

രണ്ടുപേര്‍ക്കും സിറ്റിയില്‍ത്തന്നെ ജോലി, പിന്നെ മാളുട്ടിയുടെ വിദ്യഭ്യാസം,.ഒരു കുഞ്ഞുകൂടി ജനിച്ചാല്‍ അവന്റെ ഭാവി.എത്ര പറഞ്ഞുമനസ്സിലാക്കേണ്ടി വന്നുവെന്നോ ഒന്നു കണ്‍വിന്‍സു ചെയ്തെടുക്കാന്‍....എന്തായാലും ഭാഗ്യമായി ആ തീരുമാനം..നഗരത്തില്‍ തിരക്കുകളില്‍നിന്നെല്ലമൊഴിഞ്ഞ്‌ ശാന്തമായ സ്ഥലം...തൊട്ടടുത്ത്‌ പൂങ്കുന്നം റെയില്‍വേസ്റ്റേഷന്‍,അതിനുമപ്പുറം തിരുവമ്പാടി അമ്പലം...ഇപ്പുറത്താണെങ്കില്‍ ശിവക്ഷേത്രം..ഒരു കൊല്ലമാവാന്‍ പോകുന്നു ഈ ഫ്ലാറ്റിലേയ്ക്കു താമസം മാറിയിട്ട്‌.

നാളെ തങ്ങളുടെ വിവാഹ വാര്‍ഷികമാണ്‌.എത്രപെട്ടന്നാണ്‌ ആറു വര്‍ഷങ്ങള്‍ കടന്നുപോയത്‌..അന്നു സുകുവേട്ടന്‍ തന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ ശരിയ്ക്കും ഞെട്ടിപോയി, ഒറ്റനോട്ടത്തില്‍ "അരവിന്ദ്‌സ്വാമിയെ"പോലെയുള്ള ഈ മനുഷ്യന്‌ ഇരുനിറമെന്നുപോലും പറയാന്‍ കഴിയാത്തവിധം കറുത്ത്‌ നീര്‍ക്കോലിപോലെയുള്ള തന്നെ ഇഷ്ടപ്പെടുമോ.!

പക്ഷെ എല്ലാം ഒരു യോഗമായിരുന്നു...!

"നിനക്കൊരു സിനിമാതാരത്തിന്റെ ഗ്ലാമറുള്ള ഒരു സുന്ദരനെതന്നെ നായരായി കിട്ടും മോളെ...".

കേരളവര്‍മ്മ ഹോസ്റ്റലിലെ റൂംമെയിറ്റായിരുന്ന കാടുകുറ്റിക്കാരി രാജേശ്വരിയുടെ ഹസ്തരേഖാപ്രവചനം ഫലിച്ചു... കണ്ണടക്കാരന്‍, കഷണ്ടിക്കാരന്‍, അങ്ങിനെ പലരുടെയും ഭാവിവരന്മാരെക്കുറിച്ചുള്ള അവളുടെ പ്രവചനങ്ങള്‍ കൃത്യമായിഫലിയ്ക്കാറുണ്ടായിരുന്നു..

ലീവെടുത്തു സിറ്റിയിലൊരു കറക്കം..കല്യാണില്‍നിന്നൊരു ചെറിയ പര്‍ച്ചേസിങ്ങ്‌...സഫയറിലെ ബിരിയാണി."മേരിയ്ക്കുണ്ടൊരു കുഞ്ഞാട്‌" മാറ്റിനിഷോ...ഇങ്ങിനെ കൊച്ചുകൊച്ചു കാര്യങ്ങളിലൊതുക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നു ഇത്തവണത്തെ തങ്ങളുടെ ആഘോഷങ്ങള്‍.. സിറ്റിയില്‍ ഒരുപാടു പുതിയ ഹോട്ടലുകള്‍ വന്നിട്ടും സഫയറിലെ ബിരിയാണിയുടെ ടെയിസ്റ്റ്‌ ഇന്നും സുകുവേട്ടന്റെ നാവില്‍ത്തുമ്പില്‍ ഒരു നൊസ്റ്റാള്‍ജിയായി നിറഞ്ഞുനില്‍ക്കുന്നു..കല്യാണത്തിനുശേഷം സുകുവേട്ടനൊടൊപ്പം പുറത്തുനിന്നും ആദ്യമായി ഭക്ഷണം കഴിച്ചതും സഫയറില്‍ നിന്നുതന്നയാണ്‌.

"കനകം,... നീ എന്തെടുക്ക്വാ കിച്ചണില്‍, തീര്‍ന്നില്ലെ ഇതുവരെ.."

"ഇതാ എത്തി സുകുവേട്ടാ, സാമ്പാറിന്റെ ക്ലൈമാക്സില്‍ ആയിരുന്നു ഞാന്‍....."

"ഇതു കണ്ടോ നമ്മുടെ വിനുവേട്ടന്റെ വൈഫ്‌ നീലത്താമരയുടെ പുതിയ പോസ്റ്റ്‌ വന്നിരിയ്ക്കുന്നു..."മൊബൈല്‍ ഫോണ്‍". നാലു വരിയെ എഴുതിയിട്ടുള്ളു.പക്ഷെ എത്ര നന്നായിരിയ്ക്കുന്നു.... എത്ര പേര്‍ പ്രതികരിച്ചിരിയ്ക്കുന്നു..

എത്ര നാളായി ഞാന്‍ നിന്നോടും ഇതു പറയാന്‍ തുടങ്ങിയിട്ട്‌ എന്തെങ്കിലും കുത്തിക്കുറിയ്ക്കാന്‍,.. നിനക്കു വേണ്ടി ഒരു ബ്ലോഗു സെറ്റ്‌ ചെയ്തുവെച്ചിട്ട്‌ നാളെത്രയായി എന്നറിയോ..... കേരളവര്‍മ്മയില്‍ മലയാളം എം എ ബാച്ചില്‍ ആ വര്‍ഷത്തെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിനി ആയിരുന്നില്ലെ നീ...കോളേജ്‌മാഗസിനില്‍ നിന്റെ കവിതകള്‍ വരാറില്ലെ... എന്നിട്ടും...?" ഒറ്റശ്വാസത്തിലാണ്‌ സുകുവേട്ടന്‍ അതു പറഞ്ഞു നിര്‍ത്തിയത്‌...

"ഏട്ടന്റെ മോഹം മനസ്സിലാവാഞ്ഞിട്ടല്ല... പക്ഷെ, ആ കാലമൊക്കെ കഴിഞ്ഞില്ലെ സുകുവേട്ടാ, ത്രില്ലൊക്കെ പോയില്ലെ...അല്ലെങ്കില്‍തന്നെ ഇതിനൊക്കെ എനിയ്ക്കെവിടെയാ നേരം...."

സുകുവേട്ടന്റെ മുഖം വാടി..അതുകണ്ട്‌ അവളുടെ മനസ്സലിഞ്ഞു സുകുവേട്ടന്റെ അയല്‍വാസിയാണ്‌ വിനുവേട്ടന്‍, സ്കൂളില്‍ പഠിയ്ക്കുന്ന സമയത്തെ സുകുവേട്ടന്റെ ട്യൂഷ്യന്‍മാഷ്‌.... പ്രായംകൊണ്ടൊരുപാടന്തരമുണ്ടെങ്കിലും ഇപ്പോഴും ആ പഴയസൗഹൃദം നിലനിര്‍ത്തുന്നു.. വിനുവേട്ടന്‍ വെക്കേഷന്‍സമയങ്ങളില്‍ അവര്‍ പരസ്പരം മീറ്റുചെയ്യാറുണ്ട്‌.

ബ്ലോഗിലിപ്പോള്‍ വിനുവേട്ടന്‍ ചെത്തിവിലസുന്ന കാലമാണ്‌..

പാവം സുകുവേട്ടനും ഒരു പാട്‌ പോസ്റ്റുകളിടുന്നുണ്ട്‌,.. വായിച്ചുനോക്കുമ്പോള്‍ പലതും തെറ്റില്ലാത്തനിലവാരം പുലര്‍ത്താറുണ്ടെന്ന്‌ തനിയ്ക്കും തോന്നാറുണ്ട്‌.എന്നിട്ടും അധികം പേരെ ആകര്‍ഷിയ്ക്കാന്‍ കഴിയാറില്ല സുകുവേട്ടന്‌.. ബ്ലോഗിലെ "ബാര്‍ട്ടര്‍" സിസ്റ്റത്തിന്റെ തന്ത്രം മനസ്സിലാക്കി സ്വയം മാര്‍ക്കറ്റ്‌ ചെയ്യാന്‍ ഇനിയും പഠിച്ചിട്ടില്ല സുകുവേട്ടന്‍...

"ശരി സുകുവേട്ടാ ഒരു നാലുവരി ഞാനൊന്നു ടൈപ്പ്‌ ചെയ്തു നോക്കട്ടെ ഇപ്പോള്‍ത്തന്നെ.... ഈ വരമൊഴിയിലെ റ്റൈപ്പിംഗ്‌...അതും എനിയ്ക്കത്ര പിടിയില്ല...എന്നലും ഞാനൊന്നു ശ്രമിയ്ക്കാം."

"ഇനി എന്നെ നിര്‍ബന്ധിയ്ക്കരുത്‌.എനിയ്ക്കു വയ്യ ഈ കുട്ടിക്കളിയ്ക്ക്‌ കൂട്ടു നില്‍ക്കാന്‍,..തന്നത്താന്‍തന്നെ എഴുതുന്നുണ്ടല്ലൊ ഒരുപാട്‌ അതുപോരെ,...നിന്നുതിരിയാന്‍ നേരമില്ലാത്ത എന്നെക്കൊണ്ടും ചെയ്യിക്കണോ ഇതൊക്കെ......ഈശ്വരാ,.. ഇങ്ങിനെയുണ്ടൊ ഒരു ബ്ലോഗ്‌ഭ്രാന്ത്‌.. ഞാന്‍ പോയി അത്താഴം എടുത്തുവെക്കട്ടെ,.. ഇപ്പോഴെ ചൂടാറിയിട്ടുണ്ടാകും എല്ലാറ്റിന്റേയും..

അരമണിക്കൂറോളമിരുന്ന്‌ എന്തൊക്കയോ ടൈപ്പ്‌ ചെയ്ത്‌ മൗസും കീബോഡും മാറ്റിവെച്ച്‌ മുഖം വീര്‍പ്പിച്ച്‌ കുണുങ്ങികുണുങ്ങി അടുക്കളയിലെയ്ക്കുപോകുന്ന കനകത്തെനോക്കി വിസ്മയത്തോടെ,അതിലേറെ ആനന്ദത്തോടെ കാര്യമായി ഒന്നും ചിന്തിയ്ക്കാതെ,.. ഒരു പുനര്‍വായനയ്ക്കുപോലും നില്‍ക്കാതെ എല്ലാം മറന്ന്‌ കയ്യോടെ അതെടുത്ത്‌ പോസ്റ്റ്‌ ചെയ്യുകയായിരുന്നു സുകു.

"അല്ലിയാമ്പല്‍" അതായിരുന്നു.. അവളുടെ ബ്ലോഗിനു താന്‍ നല്‍കിയിരുന്ന പേര്‌,... ഒപ്പം പൊടിപ്പും തൊങ്ങലുംവെച്ചൊരുക്കിയെടുത്ത പ്രൊഫൈയിലില്‍ തന്റെ കെയറോഫുകൊടുക്കാത്തിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..... കൂടാതെ നടനലാസ്യവിലാസവതിയായി നില്‍ക്കുന്ന ഭാനുപ്രിയയുടെ പഴയകാല ചിത്രത്തിലെ വിടര്‍ന്ന കണ്ണുകള്‍ ആര്‍ക്കും മനസ്സിലാവാത്തവിധം അടിച്ചുമാറ്റി ഫിറ്റു ചെയ്ത്‌ ബ്ലോഗിന്റെ കൊഴുപ്പുകൂട്ടാനും മറന്നില്ല താന്‍..

പാവമാണ്‌ കനകം,..പഴയപോലെയല്ല ഇപ്പോഴത്തെ സര്‍ക്കാരുദ്യോഗം..അവിടെതന്നെയുണ്ടാകും അവള്‍ക്കൊരുപാടുത്തരവാദിത്വങ്ങള്‍.പിന്നെ വീട്ടുകാര്യങ്ങള്‍.. അതിനിടയില്‍ ആവശ്യമില്ലാതെ...ഇനി ഒരിയ്ക്കലും എന്തെങ്കിലും എഴുതാന്‍ അവളെ നിര്‍ബന്ധിയ്ക്കില്ല,... അല്ലെങ്കില്‍തന്നെ ഇതെല്ലാം സ്വയംതോന്നി ചെയ്യേണ്ട കാര്യങ്ങളല്ലെ..പാവം തന്റെ നെഞ്ചില്‍ തലചായ്ച്ച്‌ എത്ര ശാന്തമായിട്ടാണവള്‍ ഉറങ്ങുന്നത്‌...

സ്വന്തം നിറത്തെക്കുറിച്ചും,സൗന്ദര്യത്തെക്കുറിച്ചുമുള്ള അപകര്‍ഷതബോധം.. അതവളെ ഇന്നും വല്ലാതെ വേട്ടയാടുന്നു.

"അമ്മയെക്കാണാന്‍ ഒരു ഭംഗിയുമില്ല,....ഞാന്‍ അച്ഛന്റെ മോളാ സുന്ദരിക്കുട്ടി"!..

അമ്മയുമായി പിണങ്ങുന്ന നിമിഷങ്ങളില്‍ അഞ്ചുവയസ്സുകാരി മാളുട്ടിയുടെ നിഷ്ക്കളങ്കമായ കമന്റ്‌സും കൂടിയാകുമ്പോള്‍ എല്ലാം തികയും...കനകത്തിന്റെമുഖത്തെ കാളിമ ഹൃദയത്തിലേയ്ക്കും പരക്കും.

"കേട്ടില്ലെ രാവിലെ മോളു പറഞ്ഞത്‌ അവള്‍ക്കിപ്പോഴെ അമ്മയുടെ ചന്തം പിടിയ്ക്കാതായി...സുകുവേട്ടനും ഉള്ളിലിപ്പോള്‍ അങ്ങിനെതന്നെതോന്നുന്നുണ്ടാവും അല്ലെ...."

അതുകേള്‍ക്കുമ്പോള്‍ പാവം തോന്നും സുകുവിന്‌, ഒപ്പം വല്ലാത്ത ഇഷ്ടവും..

ഹൃദയത്തോളം ചേര്‍ത്തുപിടിച്ച്‌ പ്രണയത്തിന്റെ തേന്‍ത്തുള്ളികള്‍ വാക്കുകളില്‍നിറച്ച്‌, ആര്‍ദ്രമായിതലോടുന്ന പൂനിലാമഴയായി അവളുടെ ഓരോ അണുവിലും പെയ്തിറങ്ങും.. അങ്ങിനെ ആ മനസ്സില്‍ പടര്‍ന്ന വിഷാദത്തിന്റെ കാളിമ അലിയിച്ചുകളയുന്ന യജ്ഞത്തിന്റെ സുഖമുള്ള നിമിഷങ്ങള്‍ക്കൊടുവില്‍ ഒരു കൃഷ്ണസര്‍പ്പം പോലെ അവളുണരും...തന്നിലേയ്ക്കു പടര്‍ന്നുകയറിചുറ്റിപ്പുണരും....ആ വികാരാവേശംമുഴുവനുമേറ്റുവാങ്ങി നുരയുംപതയുമിളക്കി അലറിയൊഴുകിവരുന്ന ഒരു വെള്ളചാട്ടത്തിന്റെ വന്യമായ കരുത്തോടെ താനാ കാളിന്ദിയില്‍ പതിയ്ക്കും...

"ഇന്നു വേണ്ടായിരുന്നു സുകുവേട്ടാ, ഒരു പ്രിക്കോഷനുമില്ലാതെ,.. സേഫ്റ്റി പിരിയഡുപോലുമല്ല..എന്റെ വയറ്റില്‍ ഇപ്പോഴെ എന്തൊക്കയോ"രാസപരിണാമം"നടക്കുന്നതുപോലെ.." എല്ലാം കഴിയമ്പോള്‍ അവള്‍ മൊഴിയും..

മാളുട്ടിയ്ക്ക്‌ അഞ്ചു വയസ്സായില്ലെ ഇനി ഒരു "രാസപരിണാമം" നടന്നാലും വലിയ കുഴപ്പമൊന്നുമില്ല കനകം..എന്നായാലും ഒന്നുകൂടിവേണ്ടേ.."

"സുകുവേട്ടന്‍ പറഞ്ഞതു ശരിയാണ്‌,.. മാളുട്ടി അച്ഛന്‍കുട്ടിയല്ലെ,.. അമ്മയെ സപ്പോര്‍ട്ടു ചെയ്യുന്ന ഒരു മോനെ വേണമെനിയ്ക്ക്‌.

ഒരടുക്കും ചിട്ടയുമില്ലാതെ തോന്നിയപോലെ ഒഴുകിയിരുന്ന തന്റെ ജീവതത്തിലേയ്ക്കു കനകം കടന്നുവന്നതിനുശേഷമുള്ള വിസ്മയകരമായ മാറ്റങ്ങള്‍ ഓരോന്നോരോന്നായി അയവിറക്കി,.. അവളെ ഹൃദയത്തിലേയ്ക്കൊന്നുകൂടിചേര്‍ത്തുപിടിച്ച്‌ ഉറക്കത്തിന്റെ അഗാധതലങ്ങളിലേയ്ക്കു മെല്ലെ ഊളയിടുകയായിരുന്നു സുകു...

ഈശ്വരാ,.. രാവിലെ എഴുനേറ്റപ്പോഴാണ്‌ ഇന്നലെ ഇട്ട പോസ്റ്റിനേക്കുറിച്ച്‌ ബോധോദയമുണ്ടായത്‌... ബ്ലോഗു തുറക്കുമ്പോള്‍ വല്ലാത്ത ഉത്‌കണ്ഠയായിരുന്നു സുകുവിന്‌... കനകത്തിന്റെ ആദ്യപോസ്റ്റ്‌.. ആരെങ്കിലും വായിച്ചിരിയ്ക്കുമോ..എന്തായിരിയ്ക്കും പ്രതികരണം...!

ആകാംഷയോടെ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിപോയി..ശരിയ്ക്കും അന്തം വിട്ടുപോയി.

ഭാനുപ്രിയയുടെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കള്ളപുഞ്ചിരി....!

ഒറ്റരാത്രികൊണ്ട്‌ മുപ്പതോളം കമന്റുകള്‍...! തന്റെ മാര്‍ക്കറ്റിംഗ്‌ തന്ത്രം ശരിയ്ക്കും ഫലിച്ചിരിയ്ക്കുന്നു...!

ഈ നിലയ്ക്കു പോകുകയാണെങ്കില്‍ ഇവള്‍ ആദ്യപോസ്റ്റില്‍ തന്നെ അര്‍ദ്ധസെഞ്ച്വറി തികയ്ക്കും..താനിവിടെ മാസങ്ങളായി അറിയാവുന്ന എല്ലാ തത്വവും ന്യായവും വിളമ്പിയിട്ടും രണ്ടക്കംപോലും തികയ്ക്കാന്‍ കഴിയാതെ.....!

"കനകംജീ... അസ്സലായിട്ടുണ്ട്‌.."

കനകംചേച്ചി,.കനകു, കനു....ഈശ്വര താന്‍ പോലും ഒരു സന്ദര്‍ഭത്തിലും പ്രയോഗിയ്ക്കാത്ത അഭിസംബോധനകള്‍....!

"കുറച്ചു വാക്കുകളില്‍ ചേച്ചി..ഒരു വലിയലോകം തന്നെ തുറന്നിട്ടിരിയ്ക്കുന്നു......! മറ്റൊരു മഹാന്റെ പ്രതികരണം...

ഈശ്വരാ...ഇവളെന്തുലോകം തുറന്നിട്ടെന്നാ ഇവര്‍ ഈ പറയുന്നത്‌..!

കനകം പെട്ടന്നൊന്നു വന്നെ..ഒരു മഹാത്ഭുതം കാത്തിരിയ്ക്കുന്നു......ശരിയ്ക്കും ഒരു വെഡ്ഡിംഗ്‌ ആനിവേര്‍സറി ഗിഫ്റ്റ്‌.!. സന്തോഷംകൊണ്ട്‌ അലറിവിളിയ്ക്കുകയായിരുന്നു താന്‍.....

പതിവിലേറേ ഉച്ചത്തിലുള്ള സുകുവേട്ടന്റെ ശബ്ദംകേട്ട്‌ അവള്‍ അമ്പരന്നുപോയി...

ഇതുകണ്ടോ..! ഇന്നലെ നിന്നോടു പറയാതെ ഞാന്‍ നീ എഴുതിയതെല്ലാം പെറുക്കികൂട്ടി പോസ്റ്റുചെയ്തു......കണ്ടില്ലെ ഒറ്റ രാത്രികൊണ്ട്‌ കമെന്റ്‌സുമായി എത്രപേരാണ്‌ പറന്നെത്തിയതെന്ന്‌...ഇവര്‍ക്കൊന്നും രാത്രി ഉറക്കമില്ലെ..!

"കൊള്ളാല്ലൊ സുകുവേട്ടാ ഈ ഏര്‍പ്പാട്‌.....!"

എല്ലാം കണ്ടും കേട്ടും വിശ്വസ്സിയ്ക്കാനാവാതെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു കനകം.....സന്തോഷംകൊണ്ട്‌ അവളുടെ മുഖം വിടര്‍ന്നു.

സുകുവേട്ടന്‍ പോയി കുളിച്ചുവന്നോളു, ബ്രൈക്‍ഫാസ്റ്റു റെഡിയാവുന്നു... ചൂടാറുന്നതിനുമുമ്പെ കഴിയ്ക്കാം..പിന്നെ നമുക്കൊരു ലാപ്‌ടോപ്പുകൂടി വാങ്ങണം.പറ്റിയാല്‍ ഇന്നുതന്നെ..അപ്പൊപിന്നെ ഒരേസമയം രണ്ടുപേര്‍ക്കും വര്‍ക്കു ചെയ്യാമല്ലോ.."! പിന്നെ പ്രധാനകാര്യം ഇനി കിച്ചണില്‍ എന്നെ കുറച്ചൊക്കെ സുകുവേട്ടനുംകൂടി സഹായിയ്ക്കേണ്ടിവരുമെ..!!....അല്ലെങ്കില്‍ എല്ലാറ്റിനും കൂടി എനിയ്ക്കു സമയം കിട്ടില്ലാട്ടൊ.!"...

അംഗീകാരത്തിന്റെ ആ നിമിഷങ്ങളില്‍ പുതിയപുതിയ ആശയങ്ങളുമായി ആകാശത്തോളം ഉയര്‍ന്നു പറക്കാന്‍ തുടങ്ങിയിരുന്നു അവളുടെ മനസ്സ്‌.

"ഈശ്വരാ...ഒരു ഭൂതത്തിനെയാണല്ലൊ ഞാന്‍ കുടത്തില്‍നിന്നും തുറന്നുവിട്ടത്‌..ഇനി എന്തൊക്കെ കാണേണ്ടിവരും." ബാത്ത്‌റൂമിലേയ്ക്കു നടക്കുമ്പോള്‍ "ചിന്താവിഷ്ടനായ കോമളനായി" മാറുകയായിരുന്നു സുകു...

കിച്ചണില്‍നിന്നും ദോശക്കല്ലു കരിഞ്ഞമണം അന്തരീക്ഷത്തില്‍ നിറയാന്‍ തുടങ്ങിയിരിയ്ക്കുന്നു അപ്പോള്‍....

30 comments:

  1. "ഈശ്വരാ...ഒരു ഭൂതത്തിനെയാണല്ലൊ ഞാന്‍ കുടത്തില്‍നിന്നും തുറന്നുവിട്ടത്‌..ഇനി എന്തൊക്കെ കാണേണ്ടിവരും." ബാത്ത്‌റൂമിലേയ്ക്കു നടക്കുമ്പോള്‍ "ചിന്താവിഷ്ടനായ കോമളനായി" മാറുകയായിരുന്നു സുകു...

    ReplyDelete
  2. 'ചിന്താവിഷ്ടനായ കോമളന്റെ' ഭാവം മാറുന്നത്‌ കണ്ട്‌ കനകം മനസ്സില്‍ പറഞ്ഞു... "പാവം .... കഷണ്ടിയായിരുന്നെങ്കില്‍ വിഗ്ഗ്‌ വയ്ക്കാമായിരുന്നു... ഇതിപ്പം ..."

    ReplyDelete
  3. സംഗതി ആകെ പ്രശ്നമായല്ലോ.
    ഇനിയിപ്പോ അടുക്കലെലും സഹായിക്കാണം പോസ്റ്റിനുള്ള വഴിയും കണ്ടെത്തണം.
    വെറുതെ അനങ്ങാതിരുന്നവരെ വിളിച്ച് ഉണര്ത്തിയതല്ലേ.
    എഴുത്ത്‌ രസായിരുന്നു വായിക്കാന്‍.

    ReplyDelete
  4. ha..ha...നീലത്താമര തന്നെ വന്നു ആദ്യം കമന്ടിയല്ലോ...
    ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവും
    ഇല്ല എന്ന് കൂടി ചെര്കമായിരുന്നു...മൊത്തം ബൂലോകത്തിനെ
    അടച്ചൊന്നു കൊട്ടിയല്ലോ മാഷേ..പ്രണയവും സഹനവും വികാര
    വിദ്വേഷവും മധുരവും ഫലിതവും ഒക്കെ ആയി സംഭവം കലക്കി..ഇനിയിപ്പോ കമന്റിനു ഭാനു പ്രിയയുടെ കണ്ണ് കൂടി ആയാല്‍ ഒക്കെ
    ശരി ആയി അല്ലെ..അടുക്കള പണിയുടെ വിഷമം അറിയണം എങ്കില്‍ എന്‍റെ വെറുതെ ഒരു ഭര്‍ത്താവ് ഒന്ന് വായിച്ചു നോക്കു..ആശംസകള്‍..

    ReplyDelete
  5. ആത്മ കഥാംശം ഉണ്ടല്ലോ ...ബ്ലോഗര്‍മാരുടെ ഭാര്യമാര്‍ എഴുതുന്ന ബ്ലോഗുകള്‍ ഇങ്ങനെയാണോ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്നത് ?

    ReplyDelete
  6. നന്നായിട്ടുണ്ട് തറവാടീ ...ഇഷ്ട്ടപ്പെട്ടു ഈ എഴുത്ത്....വായിക്കാന്‍ നല്ല രസമുണ്ട്...

    ReplyDelete
  7. കൊല്ലേരി ഇതുവരെ വന്ന പോസ്റ്റുകള്‍ ഞാന്‍ വായിച്ചു പോയി
    ഇതിപ്പോള്‍ ഒരു കമന്റ് പറയാതെ പോകുന്നത് ശരിയല്ല എന്ന തോന്നലുണ്ടാക്കാന്‍ മാത്രം പോന്ന പോസ്റ്റ്. മാര്‍ക്കറ്റിങ്ങ് തന്ത്രം വിജയിച്ചു .. കേട്ടോ.
    ""ഈശ്വരാ...ഒരു ഭൂതത്തിനെയാണല്ലൊ ഞാന്‍ കുടത്തില്‍നിന്നും തുറന്നുവിട്ടത്‌..ഇനി എന്തൊക്കെ കാണേണ്ടിവരും." " :) :) മാണിക്യം

    ReplyDelete
  8. "ഈശ്വരാ...ഒരു ഭൂതത്തിനെയാണല്ലൊ ഞാന്‍ കുടത്തില്‍നിന്നും തുറന്നുവിട്ടത്‌..ഇനി എന്തൊക്കെ കാണേണ്ടിവരും."

    "താന്‍ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു;" അല്ലെങ്കില്‍ "അറിയാത്ത കൊല്ലേരിക്ക് ചൊറിയുമ്പോള്‍ അറിയും" എതില്‍ ഇഷ്ടമുള്ളത് എടുത്തോളൂ. :))
    അടിപൊളി പോസ്റ്റ്! കലക്കി.

    ReplyDelete
  9. പോസ്റ്റ് അസ്സലായീട്ടോ,മാര്‍ക്കെറ്റിങ്ങ് തന്ത്രം പ്രയോഗിക്കേണ്ടത് എങ്ങിനെയെന്നു കൊല്ലേരി മനസ്സിലാക്കിയല്ലോ...
    (ഇനി ബ്ലോഗിണിയുടെ ഭര്‍ത്താവ് എന്ന് പ്രൊഫൈലില്‍ വെച്ചാല്‍ മതിയല്ലോ...)

    ReplyDelete
  10. നർമ്മം പുരട്ടിയ വെളിപാടായതുകൊണ്ട് പോട്ടേന്ന് വെയ്ക്കാം.
    എഴുത്ത് നന്നായിട്ടുണ്ട് കേട്ടോ. അഭിനന്ദനങ്ങൾ.

    ReplyDelete
  11. നന്നായി എഴുതി കെട്ടൊ!!
    അഭിനന്ദനങ്ങള്‍

    ReplyDelete
  12. അസ്സലായി
    ഇതാ പറയുന്നത് കന്നിനെ കയം കാണിക്കരുതെന്ന്.
    ഇനി പറഞ്ഞിട്ടെന്ത...?
    അനുഭവിക്ക്....

    ReplyDelete
  13. നന്നായിട്ടുണ്ട് കൊല്ലേരി...

    ReplyDelete
  14. കൊള്ളാം...
    പറയാനുള്ളത് ബ്ലോഗിലൂടെ അങ്ങ് തുറന്ന് പറഞ്ഞല്ലോ ..
    നന്നായിട്ടുണ്ട്...

    ReplyDelete
  15. കൊള്ളാം ഒരു പരസ്യവും ആയി..നടക്കട്ടെ..നടക്കട്ടെ..

    ReplyDelete
  16. തമാശയും,കാര്യവുമൊരുമിച്ച് വിളമ്പിയ പോസ്റ്റ്..രസിച്ചു.:)
    എന്നാലും ഭാനുപ്രിയ കണ്ണ്‌ സ്വയമെടുത്ത് വെച്ച് കൊടുത്തിട്ട് ബ്ലോഗ് പച്ച പിടിച്ച് കാണുമ്പോ അസൂയയും..അത് ശരിയാണോ?.;)

    ReplyDelete
  17. വായിച്ചു. ഇഷ്ടപ്പെട്ടു.

    ReplyDelete
  18. ഇതാണ് തന്ത്രം, മാർക്കറ്റിംഗ് തന്ത്രം. മാഷേ, ഇഷ്ടായി എനിക്കു്.

    ReplyDelete
  19. കൊല്ലേരീ.... ഗ്‌ര്‍ര്‍ര്‍ര് ‍....

    എന്റെയറിവില്‍ ഈ സുകുവേട്ടന്‌ എന്റെ പ്രായം തന്നെയാണല്ലോ... ഓ, കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ? സംഭവം എന്തായാലും കലക്കി. വായാടിതത്തമ്മയുടെ കമന്റ്‌ വായിച്ച്‌ കുറേ ചിരിച്ചു...

    ReplyDelete
  20. ഇനി ഒരു പണിയെ ഒള്ള് സുകുവേട്ടാ എത്രയും പെട്ടന്ന് ദോശ ചുടാന്‍ പഠിച്ചോ

    ReplyDelete
  21. ശൊഹ്!!! ഞാന്‍ പറയാന്‍ വന്നത് വായാടി കയറി പറഞ്ഞു..
    വായാടീ ഡാങ്ക്സ്...
    സംഗതി കലക്കി...

    പിന്നെ സഫയര്‍ ഹോട്ടെല്‍ മാത്രമല്ലാട്ടോ
    വേറെയും ഉണ്ട്... ദേ ഇത് നോക്ക്യേ...

    ReplyDelete
  22. സുകുവേട്ടന്റെ ജീവിതം ഇനി അടുക്കളയിൽ തന്നെ!

    ReplyDelete
  23. അനുഭവിക്ക് അനുഭവിക്ക്..! ചുമ്മാതല്ല കണ്ണൂരാന്‍ കുടത്തില്‍ നിന്നും ബീവിയെ തുറന്നു വിടാത്തത്.

    ReplyDelete
  24. കിച്ചണില്‍നിന്നും ദോശക്കല്ലു കരിഞ്ഞമണം അന്തരീക്ഷത്തില്‍ നിറയാന്‍ തുടങ്ങിയിരിയ്ക്കുന്നു അപ്പോള്‍....

    അങ്ങനെ തന്നെ വേണം, അങ്ങനെ തന്നെ വേണം...
    നന്നായിട്ടുണ്ട്, അവസാനം വരെ ഒരിക്കല്‍പ്പോലും മടുപ്പു തോന്നിയില്ല.
    ആശംസകള്‍!!

    ReplyDelete
  25. ഒറ്റരാത്രികൊണ്ട്‌ മുപ്പതോളം കമന്റുകള്‍...!

    തന്റെ മാര്‍ക്കറ്റിംഗ്‌ തന്ത്രം ശരിയ്ക്കും ഫലിച്ചു ..! !

    ഇതൊറൊക്കൊഴിച്ചിട്ടൊന്നും എഴുതുന്നതൊന്നുമല്ലാട്ടാ,ഇവിടെ സമയം സാന്ധ്യായിട്ടൊള്ളൊ...

    പിന്നെ ഇത്രനല്ല കാച്ച് കാച്ചീട്ട് ഒന്നും മിണ്ടാണ്ട് പോണ് ശരിയല്ലല്ലോ എന്ന് കരുതി അഭിപ്രായിക്കുന്നതാണ് കേട്ടൊ നാട്ടുകാരാ..

    ReplyDelete
  26. ഹഹഹ.. ഇത്തവണ കൊല്ലേരി പണിപറ്റിച്ചു... കമന്റ്സ് ഇല്ലേയെന്ന പരാതി തീര്‍ന്നുകാണുമല്ലോ അല്ലേ.. (അല്ല, ആ ഭാനുപ്രിയയുടെ ‘കണ്ണ്‌‘ ബാക്കിയുണ്ടോ? എനിക്കും ഒന്ന് പരീക്ഷിച്ചുനോക്കാനായിരുന്നു..)

    @വായാടി - “അറിയാത്ത കൊല്ലേരി ചൊറിയുമ്പോള്‍ അറിയും..” ഇതുതന്നെ അനുയോജ്യം, സംശയമില്ല...

    ReplyDelete
  27. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

    ReplyDelete
  28. kollery i tried to send you a mail
    at kollerytharavaadi@gmail.com
    but it bounced back to me.is the
    mail id changed?

    ReplyDelete
  29. @ എന്റെ ലോകം - kollery.tharavaadi@gmail.com എന്നതണ്‌ മെയില്‍ ഐ.ഡി. ഡിസ്‌പ്ലെ ചെയ്തതില്‍ തെറ്റുണ്ടായിരുന്നു. തിരുത്തിയിട്ടുണ്ട്‌. നന്ദി.

    ReplyDelete
  30. അല്ലാ, എല്ലാ വെളിപാടുകളും കാണാറുള്ളാ ഞാനിതെങ്ങിനെ കാണാതെ പോയി? .പുതിയ പോസ്റ്റിലെ ലിങ്കിലൂടെയാണിവിടെയെത്തിയത്. കഥയെന്ന ലേബലാണെങ്കിലും ഇതില്‍ അല്പ സ്വല്പം വാസ്തവമുണ്ടല്ലോ? നീലത്താമരയും വിനുവേട്ടനുമൊക്കെ വന്നു പോയില്ലെ? ഇനി എന്നാണാവോ ഞാനും താങ്കളുടെ ബ്ലോഗില്‍ കഥാപാത്രമാവുക?.പോസ്റ്റിടാന്‍ വിഷയ ദാരിദ്ര്യം കൊല്ലേരിക്കുണ്ടാവില്ല. നെറ്റിലെന്തെങ്കിലും കണ്ടു അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞാല്‍ പിന്നെ അന്നു ചോറ് കിട്ടാന്‍ ഒരു മണിക്കൂറെങ്കിലും വൈകും,അതാണിവിടുത്തെ അനുഭവം.ഭൂതത്തെ കുടത്തില്‍ തന്നെ നിര്‍ത്തുന്നതു തന്നെയാ നല്ലത്. പ്രൊഫൈലിനു പറ്റിയ ഫോട്ടോകള്‍ വെച്ചൊരു പോസ്റ്റിട്ടാലോ കൊല്ലേരി, ഒന്നു ശ്രമിച്ചു നോക്കുക. ഏതായാലും വായാടി പറഞ്ഞ കമന്റുകള്‍ പ്രസക്തമാണ്.

    ReplyDelete