Monday, December 27, 2010

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ...

ഈ കുറിപ്പൊരു നന്ദിപ്രകടനം മാത്രമാണ്‌.... ബൂലോകത്തെ എന്റെ തറവാട്ടിലേയ്ക്ക്‌ സന്ദര്‍ശനം നടത്തിയ എല്ലാരോടും നന്ദി അറിയിക്കാന്‍ മാത്രമായി കുറിയ്ക്കപ്പെടുന്നതാണ്‌ ഈ വരികള്‍..

ഒരു വര്‍ഷം കൂടി കടന്നുപോകുന്നു.. ഇതു തിരിഞ്ഞുനോട്ടത്തിന്റെ സമയം പുതിയ തീരുമാനങ്ങളെടുക്കാനുള്ള അവസരം.

"നിര്‍ത്തി എല്ലാം നിര്‍ത്തി.. ഒന്നാം തിയ്യതി വരെ മാത്രം.. പിന്നെ ഇനി ജീവിതത്തിലൊരിയ്ക്കലുമില്ല..." മൂന്നാലു ദിവസം മാത്രം ബാക്കി എന്ന എക്സ്‌ക്യൂസുമായി തങ്ങളുടെ പ്രിയപ്പെട്ട ശീലക്കേടുകള്‍ ആസക്തിയോടെ ആസ്വദിച്ചു തീര്‍ക്കുന്ന തിരക്കില്‍"പട്ടിയുടെ വാല്‌ പന്തിരാണ്ടുകാലം കുഴലിലിട്ടാലും..." എന്ന പഴമൊഴി താല്‍ക്കാലികമായിട്ടെങ്കിലും നമുക്കു മറക്കാം..

2010 വ്യക്തിപരമായി എനിയ്ക്ക്‌ വിസ്മയത്തിന്റെ വര്‍ഷമാണ്‌..

മണ്‍കുടിലിന്റെ ഇത്തിരിവട്ടത്തില്‍ പുകപരത്തി മുനിഞ്ഞുകത്തി ഇത്തിരിവെട്ടം പരത്തുന്ന മണ്ണെണ്ണവിളക്ക്‌ ജനലിലൂടെ വിശാലമായ ആകാശത്തില്‍ പ്രഭപരത്തി നില്‍ക്കുന്ന പൂര്‍ണചന്ദ്രനെ നോക്കികാണുന്ന അതേ അത്ഭുതത്തോടെ, ഇത്തിരി അസൂയയോടെ ആണ്‌ ഞാനും ഈ 'ബൂലോകത്തെ" നോക്കികണ്ടിരുന്നത്‌..

ആ "ബൂലോകത്ത്‌" തോന്നുന്നതെല്ലാം കുറിച്ചിടാന്‍ എനിയ്ക്കും കുറച്ചു സ്ഥലം പതിച്ചുകിട്ടുക..!

അവിടെ ഞാന്‍ കുറിച്ചിട്ട വരികളിലൂടെ ആയിരത്തിനു താഴെ മാന്യജനങ്ങള്‍ കണ്ണോടിയ്ക്കുക,..അതില്‍തന്നെ നൂറില്‍പ്പരമാളുകള്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക...!

ഇതെല്ലാം മഹാത്ഭുതമായി മാത്രമേ ഇപ്പോഴുമെന്റെ മനസ്സിനുള്‍ക്കൊള്ളാന്‍കഴിയുന്നുള്ളു..

വാരന്ത്യവും വാരാദ്യവും തമ്മിലുള്ള അന്തരമെന്തെന്നറിയാത്ത, ആഘോഷങ്ങള്‍ക്കെല്ലാം അവധി കൊടുത്ത്‌... മരുഭൂമിയുടെ നടുവില്‍... കാതടപ്പിയ്ക്കുന്ന ശബ്ദത്തില്‍ ഇരമ്പുന്ന യന്ത്രങ്ങള്‍ക്കിടയിലൂടെ ഉരുകിയൊഴുകുന്ന നിര്‍ജ്ജീവമായ പ്ലാസ്റ്റിക്കിനെ പോലെ വിചാരവികാരങ്ങള്‍ നഷ്ടപ്പെട്ട തീര്‍ത്തും നിസ്സംഗരായി ജോലിചെയ്യുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയില്‍, അവരില്‍ ഒരാളായി നിത്യവും പന്ത്രണ്ടുമണിക്കൂര്‍ ചിലവഴിയ്ക്കുന്ന ഒരു സാധാരണ പ്രവാസിയാണ്‌ ഞാന്‍.

യാത്രയ്ക്കായി പിന്നേയും രണ്ടുമണിക്കൂര്‍... ഉറക്കത്തിനായി ആറുമണിക്കൂര്‍... പിന്നെ എന്തെങ്കിലും ചെയ്യാനായി ബാക്കി കിട്ടുന്നത്‌ നാലുമണിക്കൂര്‍ മാത്രം.. എത്രയൊക്കെ ചുരുക്കിയാലും പ്രാഥമികകാര്യങ്ങള്‍ക്കും ചിലവഴിയ്ക്കേണ്ടേ കുറച്ചു സമയം...! അതിനിടയില്‍ നിത്യവും നെറ്റിലും മറ്റും കയറാന്‍ എങ്ങിനെ കഴിയാനാണ്‌... പല.ബ്ലോഗുകളും തുറക്കാനോ വായിയ്ക്കാനോ,... എന്തിന്‌ എന്റെ ബ്ലോഗിലൂടെ കയറിയിറങ്ങുന്നവര്‍ക്ക്‌, അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്ക്‌ ഒരു മറുപടി നല്‍കാന്‍... ഒരു നന്ദിവാക്കു പോലും എഴുതാന്‍ പറ്റാറില്ല.

ഇത്‌ ഒരഹങ്കാരമായി, അവഗണനയായി,. നന്ദികേടായി,.. ജാടയായിവരെ കരുതിയിരിയ്ക്കാം പലരും.... അങ്ങിനെ എന്നെ തെറ്റിദ്ധരിച്ചിരിയ്ക്കാം.....ആ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിതന്നെയാണ്‌ ഇത്രയും നീണ്ട ഒരു വിശദീകരണത്തിനു ഞാന്‍ മുതിര്‍ന്നത്‌ ഒപ്പം ഈ വര്‍ഷം എന്റെ ബ്ലോഗിലൂടെ കയറിയിറങ്ങിയ എല്ലാവര്‍ക്കും നന്ദിപറയാനും.

ഇനിയും വീണുകിട്ടുന്ന ഇടവേളകളില്‍ വീണ്ടും ഞാന്‍ വരും, പഴാണെന്നൊ പതിരാണെന്നൊ നോക്കാതെ പലതും കുത്തിക്കുറിയ്ക്കും...ഒഴിവാക്കാന്‍ പറ്റാതായിരിയ്ക്കുന്നു എനിയ്ക്കീ ശീലം....

അതും ഈ ഗള്‍ഫ്‌ ബാച്ചിലര്‍ ജീവിതത്തിന്റെ ഒരു പ്രത്യേകതയാണ്‌.. പ്രാര്‍ത്ഥന, മദ്യം, സീരിയലുകള്‍ അടക്കമുള്ള TV പ്രോഗ്രാമുകള്‍. ഇന്റര്‍നെറ്റിന്റെ ലോകത്തുകൂടിയുള്ള സ്വയം മറന്നുള്ള യാത്രകള്‍. ഇന്റര്‍നെറ്റ്‌ വന്നതോടെ നീലചിത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയി. ഇങ്ങിനെ നല്ലതും ചീത്തയുമായ എന്തെക്കിലുമൊന്നിന്റെ പുറകെ ആസക്തിയോടെ അലയാന്‍ വിട്ടാലെ ഒരുപാടുവര്‍ഷം ഗള്‍ഫില്‍ താമസ്സിയ്ക്കേണ്ടി വരുന്ന ഒരു സാധാരണമനുഷ്യന്‌ അവന്റെ മനസ്സിനെ ബാലന്‍സ്‌ചെയ്തുനിര്‍ത്താന്‍ കഴിയു... അത്രയ്ക്കും വിരസവും അരോചകവുമാണ്‌ ഇവിടത്തെ ജീവിതം. നൂറ്റാണ്ടുകളായി ഈ അന്തരീക്ഷത്തില്‍ പാറിപറന്നുനടക്കേണ്ടിവന്നതിനാലാകാം പാവം മണല്‍ത്തരികള്‍ ഇത്രയും നിറംകെട്ടു അനാകര്‍ഷകമായിപോയത്‌....

സത്യത്തില്‍ വരമൊഴിയിലേയ്ക്കുള്ള എന്റെ യാത്രയും ഒരു തരം രക്ഷപ്പെടലായിരുന്നു.. പരിധികളും പരിമിതികളും അറിയമായിരുന്നു,.. എന്നിട്ടും രണ്ടുകല്‍പ്പിച്ച്‌ ഞാനിറങ്ങിപുറപ്പെടുകയായിരുന്നു... അതിനെന്നെ പ്രേരിപ്പിച്ചതും സഹായിച്ചതും വിനുവേട്ടന്‍, ജിമ്മി, ആന്റണി, അനില്‍, അരുണ്‍, പപ്പന്‍, റിജു തുടങ്ങി ഒരുപാട്‌ നല്ല സുഹൃത്തുക്കളാണ്‌....

ബൂലോകത്തു സജീവമല്ലെങ്കിലും ബൂലോകവാസികളുടെ വിശേഷങ്ങള്‍ എന്റെ ചെവിയിലുമെത്താറുണ്ട്‌. ഈ വര്‍ഷം സാഹിത്യരംഗത്ത്‌ ബൂലോകവാസികള്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍.. ഇങ്ങിനെ ഉയര്‍ച്ചയുടെ കഥകള്‍.. ഒപ്പം ഹൃദയത്തില്‍ നൊമ്പരം പടര്‍ത്തിയ ചില ദുരന്തവാര്‍ത്തകളും.... ജീവിതം അങ്ങിനെയല്ലെ ഒരിടത്തു ജനനം. ഒരിടത്തു മരണം.. ഇതിനിടയില്‍ ചുമലില്‍ ജീവിതഭാരവും താങ്ങിയുള്ള യാത്ര.

കാലത്തിനെ മനക്കണക്കുകളിലൊതുക്കി പന്ത്രണ്ടു മാസങ്ങളുള്ള വര്‍ഷങ്ങളുടെ കലണ്ടറൊരുക്കി ബുദ്ധിയും വിവേചനശേഷിയുമുള്ള മനുഷ്യന്‍.!.."ഈ വര്‍ഷം മോശമായാലെന്താ, അടുത്ത വര്‍ഷം ഗംഭീരമായിരിയ്ക്കും"..ഒരിയ്ക്കലും മങ്ങാത്ത ശുഭപ്രതീക്ഷകളും സ്വയം സൃഷ്ടിച്ചെടുത്ത കാലനിര്‍ണ്ണയകണക്കുകളുമായി ഇത്രയും കരുതലോടെ,.ഉത്‌കണ്ഠയോടെ ജീവിതാന്ത്യംവരെ ചുവടുകള്‍ വെയ്ക്കുന്ന മറ്റേതെങ്കിലും ജീവജാലമുണ്ടാകുമോ ഈ ഭൂമിയില്‍!...എന്നിട്ടും പലപ്പോഴും ചുവടുകള്‍ പിഴയ്ക്കുന്നു.കാലിടറിവീഴുന്നു..!.പക്ഷെ ഒരു നിമിഷത്തെ പതറിച്ചയ്ക്കുശേഷം പിടഞ്ഞെഴുന്നേറ്റ്‌ വീണ്ടും ഒരു ചെറുപുഞ്ചിരിയുമായി യാത്ര തുടരുന്നു.! ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ ഈ ജീവിതനാടകം.!

ഈ കുറിപ്പ്‌ വേണമെങ്കില്‍ എനിയ്ക്ക്‌ ഇവിടെ വെച്ചവസാനിപ്പിയ്ക്കാമായിരുന്നു...

വിഷയത്തില്‍ നിന്നും വിഷയത്തിലിലേയ്ക്കു തെന്നിമാറി കാടുകയറി വിരസവും അരോചകവുമാക്കി വായനാസുഖം നശിപ്പിയ്ക്കുന്ന എന്റെ രീതി മാറ്റണമെന്ന്‌ ഉഷയ്ക്ക്‌ നമ്പ്യാരെന്നപോലെ, ടിന്റുവിന്‌ ഉഷയെന്നപോലെ, ബ്ലോഗെഴുത്തില്‍ എന്റെ ഗുരുവായ വിനുവേട്ടന്‍ എപ്പോഴും എന്നെ ഉപദേശിയ്ക്കാറുണ്ട്‌... പക്ഷെ പറഞ്ഞിട്ടെന്തുഫലം..! ശീലിച്ചതല്ലെ പാലിയ്ക്കാന്‍ കഴിയൂ..! കാടുകയറി ശീലമുള്ളവന്‍ കാടുകയറിയല്ലേ അടങ്ങൂ...!

2010 ഭാരതത്തിനും വിസ്മയകരമായ വര്‍ഷം തന്നെയായിരുന്നു.... കോടാനുകോടി ഭാരതിയരെ ഒറ്റയടിയ്ക്കു സമ്പന്നരാക്കിയ വര്‍ഷം.... പണ്ടൊക്കെ അമ്പതിനായിരംരൂപയുടെ ചെക്കെഴുതേണ്ടിവരുമ്പോള്‍ ഒരു നാലുതവണയെങ്കിലും അതിലെ അക്കങ്ങള്‍ എണ്ണിനോക്കുമായിരുന്നു ഞാന്‍.. ഇന്ന്‌ 176 ആയിരംകോടി രൂപ(1760000000000) എന്ന്‌ എത്ര ലാഘവത്തോടെ എഴുതാന്‍ കഴിയുന്നു.. ഇതെന്റെ മാത്രം അവസ്ഥയല്ല... ഓരോ ഭാരതീയന്റെയും അവസ്ഥയാണ്‌...

ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെ അതിലേറെ അമ്പരപ്പോടെയാണ്‌ നമ്മെ നോക്കികാണുന്നത്‌....

ഇത്രയും വലിയൊരിടപാടിനെ തികഞ്ഞ നിസ്സംഗതയോടെ, ലാഘവത്തോടെ സമീപിയ്ക്കുന്ന ഒരു ജനത...! വലതുകയ്യുകൊണ്ട്‌ ചെയ്യുന്ന അഴമതിയെ ഇടതുകയ്യുകൊണ്ടു പരസ്യമായി മറയ്ക്കുന്നതു നിഷ്ക്രിയരായി നോക്കിക്കാണാനും ക്ഷമിയ്ക്കാനും സഹിയ്ക്കാനും ശീലിച്ചുപോയ ജനത...!

ഇത്തരമൊരു ജനതയെ ഇന്ത്യയില്ലതെ ലോകത്ത്‌ മറ്റെവിടെയാണ്‌ കാണാന്‍ കഴിയുക. താന്‍ മഹാത്മഗാന്ധിയെ വല്ലാതെ ആരാധിയ്ക്കുന്നു എന്ന്‌ ഒബാമ പറഞ്ഞതിന്റെ പൊരുളും മറ്റൊന്നയിരിയ്ക്കില്ല.......

ആദ്യം അമേരിക്ക, പുറകെ ചൈന, ഫ്രാന്‍സ്‌, റഷ്യ..... ഇങ്ങിനെ രാഷ്ട്രതലവന്മാര്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിയ്ക്കുന്നു.. തികച്ചുംസ്വാഭാവികം...നിറയെ ഫലങ്ങളുള്ള വൃക്ഷത്തിന്റെ ശിഖരിങ്ങള്‍ ലക്ഷ്യമാക്കിയല്ലേ പക്ഷികള്‍ പറന്നു വരൂ.

ഇനിയും ഒരുപാടു പേര്‍ വരും ഒരുപാടു ഫലങ്ങള്‍ ഭക്ഷിയ്ക്കും.. അതിനിടെ നമ്മുടെ തലയിലേയ്ക്ക്‌ കാഷ്ടിച്ചെന്നും വരും. കരുതിയിരിയ്ക്കുക. എല്ലാവര്‍ക്കും എപ്പോഴും തലപ്പാവും ധരിച്ച്‌, തലയും കുനിച്ചു മൂകരായി നടക്കാന്‍ കഴിയില്ലല്ലോ.

ഒരുപാട്‌ ഇടപാടുകള്‍ ഇനിയും നടക്കും... ക്ഷമയുടെയും സഹിഷ്ണുതയുടെയും മാതൃകകളായി മാറി ലോകത്തെ വിസ്മയിപ്പിയ്ക്കാന്‍ ഒരുപാട്‌ അവസരങ്ങള്‍ നമുക്കു കൈവരും.. അങ്ങിനെ 2011 ഒരു നല്ല വര്‍ഷമായിരിയ്ക്കും.. ഭാരതത്തിന്റെ യശസ്സ്‌ വീണ്ടുമുയരും......

ആരോടാണ്‌ നന്ദി പറയേണ്ടത്‌...!

നന്ദിപറയേണ്ടത്‌... എല്ലാറ്റിനും നന്ദി പറയേണ്ടത്‌..... നമ്മുടെ പ്രധാനമന്ത്രിയോടുതന്നെ....

എല്ലാവര്‍ക്കും ശുഭവര്‍ഷം നേര്‍ന്നുകൊണ്ട്‌...


നന്ദിപൂര്‍വ്വം

കൊല്ലേരി തറവാടി

14 comments:

 1. ഇനിയും വീണുകിട്ടുന്ന ഇടവേളകളില്‍ വീണ്ടും ഞാന്‍ വരും, പഴാണെന്നൊ പതിരാണെന്നൊ നോക്കാതെ പലതും കുത്തിക്കുറിയ്ക്കും...ഒഴിവാക്കാന്‍ പറ്റാതായിരിയ്ക്കുന്നു എനിയ്ക്കീ ശീലം....

  ReplyDelete
 2. പുതുവത്സരാശംസകള്‍ ....

  ReplyDelete
 3. പുതുവത്സരാശംസകള്‍ ....

  ReplyDelete
 4. കാടു കയറിയാലും തിരിച്ചി റ ങ്ങു ന്നത് സമ്പന്നനായി തന്നെ യാണല്ലോ.
  അതുകൊണ്ട് ശീലങ്ങള്‍ മാറ്റിയില്ലെങ്കിലും സാരമില്ല.
  തുടരുക ...
  പുതുവത്സരാശംസകള്‍

  ReplyDelete
 5. "കാടുകയറി ശീലമുള്ളവന്‍ കാടുകയറിയല്ലേ അടങ്ങൂ...!"

  കൊല്ലെരീ, കാട്ടിലേക്ക് വാ. കാണിച്ചു തരാം!

  എലാവര്‍ക്കും Happy 2011!

  ReplyDelete
 6. പുതുവത്സരാശംസകള്‍ :)

  ReplyDelete
 7. പുതുവത്സരാശംസകള്‍..

  ReplyDelete
 8. പുതു വത്സരാസംസകള്‍

  ReplyDelete
 9. പുതുവത്സരാശംസകള്‍!!

  ReplyDelete
 10. കൊല്ലേരീ... ഇനിയും എഴുതുക... പുതുവത്സരാശംസകള്‍...

  ReplyDelete
 11. "ഇനിയും ഒരുപാടു പേര്‍ വരും ഒരുപാടു ഫലങ്ങള്‍ ഭക്ഷിയ്ക്കും.. അതിനിടെ നമ്മുടെ തലയിലേയ്ക്ക്‌ കാഷ്ടിച്ചെന്നും വരും. കരുതിയിരിയ്ക്കുക. എല്ലാവര്‍ക്കും എപ്പോഴും തലപ്പാവും ധരിച്ച്‌, തലയും കുനിച്ചു മൂകരായി നടക്കാന്‍ കഴിയില്ലല്ലോ."

  ഇതുതാന്‍ കൊല്ലേരി... ഇവിടെ കാലുകുത്താന്‍ വൈകിയതില്‍ ക്ഷമാപണം.. സമ്പന്നനായി തുടരുക.. :)

  ReplyDelete
 12. ബൂലോഗത്തെ ഒന്ന് തിരിഞ്ഞൂനോക്കി,സ്വയം ഒന്ന് പിന്തിരിഞു നോക്കി..
  ഭൂലോകാം മുഴുവൻ ഭാരതത്തെ കൊതിയോടെ നോക്കി കാണുന്നത് കണ്ടുള്ള ഈ അനുഭവ സാക്ഷ്യങ്ങൾ എനിക്കങ്ങ് വല്ലതെ ബോധിച്ചു..കേട്ടോ ഭായ്
  ഒപ്പം എല്ലാ പുതുവത്സര നന്മകളും നേർന്നുകൊള്ളുന്നൂ...

  ReplyDelete