Friday, December 9, 2011

ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന്‍ ദിനം... (ഭാഗം-1)

അങ്ങിനെ ഒരു വെക്കേഷന്‍ കൂടി കഴിഞ്ഞു...തിരിച്ചെത്തിയിട്ട്‌ നാളു കുറച്ചായി.ഒരു പോസ്റ്റിനായി എന്തെങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങാം എന്ന് ചിന്തയോടെ വരമൊഴി തുറന്നു.ഒരുവട്ടമല്ല,..ഒരുപാടുവട്ടം.....എന്തോ ഒന്നും തോന്നുന്നില്ല...ഹാങ്ങ്‌ ഓവര്‍,.അതുതന്നെ..അല്ലാതെന്താ.

ഇന്നെന്തായാലും അക്ഷരദേവതയെ, അറിവിന്റെ ദേവിയെ മനസ്സില്‍ സ്മരിച്ച്‌ രണ്ടും കല്‍പ്പിച്ച്‌ ഒന്നുകൂടി ശ്രമിയ്ക്കട്ടെ ഞാന്‍.

നെറ്റില്‍ കയറണം,ബൂലോക സഞ്ചാരം നടത്തണം..കമന്റു വര്‍ഷവുമായി എല്ലാവരുമായി സൗഹൃദം സ്ഥാപിയ്ക്കണം അങ്ങിനെ ഒരു പാട്‌ മോഹങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍.പക്ഷെ ഒന്നും നടന്നില്ല..നിത്യവും ഞാനുമായി മെയില്‍ ഇടപാടുകള്‍ നടത്തുന്ന കുറച്ചു സുഹൃത്തുക്കളുണ്ടെനിയ്ക്ക്‌.പ്രായംകൊണ്ട്‌ കുഞ്ഞന്‍മാരെങ്കിലും വിദ്യാഭ്യാസംകൊണ്ടും,അറിവുകൊണ്ടും,ജീവിതാനുഭവങ്ങള്‍കൊണ്ടും പക്വതകൊണ്ടും അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും എപ്പോഴും എന്നെ അതിശയിപ്പിയ്ക്കുന്നവര്‍...അവരെപോലും മറന്നു കളയേണ്ടി വന്നു..

2G പിറന്നാലും 3G യായി വളര്‍ന്നാലും തറവാടിയ്ക്ക്‌ എന്നും നെറ്റ്‌ കുമ്പിളില്‍തന്നെ..സ്ലോ ആയിരുന്നു എന്റെ BSNL കണക്ഷന്‍,തുറന്നാല്‍ ഒരു ദിവസത്തെ മൂഡുമുഴുവന്‍ നഷ്ടപ്പെടുത്തുന്ന അത്രയും സ്ലോ. പിന്നെ വെക്കേഷന്‍ നാളുകളിലെ ഒരു പ്രവാസിയുടെ തിരക്ക്‌..അതു പിന്നെ പ്രത്യേകം പറേയേണ്ടതില്ലല്ലൊ..യാത്രകള്‍, ആഘോഷങ്ങള്‍. അങ്ങിനയങ്ങിനെ ഒഴുക്കായിരുന്നു.,എല്ലാം മറന്നുള്ള ഒഴുക്ക്‌.

മാളു ലീവല്ലാത്ത, പ്രത്യേകിച്ചു പ്രോഗ്രാമുകളൊന്നുമില്ലാത്ത ദിവസങ്ങളില്‍ രാവിലെ അപ്പുവിനെ ബൈക്കില്‍ സ്കൂളില്‍ കൊണ്ടു വിടും..സൈക്കിളിലാണ്‌ പതിവായി അവന്‍ പോകുന്നത്‌.പിന്നെ ഒരു മോഹത്തിന്‌.എന്റെ മാത്രമല്ല. അവന്റേയും..അതങ്ങിനെയല്ലെ അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ അവന്‌ അവസരം കിട്ടുന്നത്‌.മോഹം തോന്നുക തികച്ചും സ്വാഭാവികമല്ലെ..

രസകരമാണ്‌ ആ പ്രഭാതയാത്ര...കുളിര്‍മ്മ നിറഞ്ഞ അന്തരീക്ഷത്തില്‍ ബല്യകൗമാരയൗവനത്തിന്റെ കുപ്പായങ്ങളോരോന്നായി എടുത്തണിഞ്ഞ വഴികളിലൂടെ ഓര്‍മ്മകളുടെ മഞ്ചലും പേറിയുള്ള യാത്ര.അതു നല്‍കുന്ന സുഖം അവര്‍ണ്ണനീയമാണ്‌. ഒരു കണ്ണാടിയിലെന്നപോലെ മകനിലൂടെ പഴയ ബാല്യവും കൗമാരവും നോക്കിക്കാണാന്‍ കഴിയുക.വല്ലാത്തൊരനുഭവം തന്നെയാണത്‌.

അപ്പുവിനെ വിട്ട്‌ പള്ളിയങ്കണത്തില്‍ കൂട്ടംതെറ്റിയലയുന്ന വെള്ളരിപ്രാവുകളെ കൗതുകത്തോടെ വീക്ഷിച്ച്‌ വീണ്ടും വീടണയുമ്പോള്‍ സമയം ഒമ്പതേകാലയിട്ടുണ്ടാകും. ഇഡ്ഡലി,ദോശ സാമ്പാര്‍,പഴം പുഴുങ്ങിയത്‌ അങ്ങിനെ കുട്ടേട്ടന്റെ ഇഷ്ടവിഭവങ്ങള്‍ ഓരോദിവസം ഓരൊന്നോരോന്നായി മാറി മാറിയൊരുക്കി കുളിയും കഴിഞ്ഞു മുടിയുണക്കി,ചുരിദാറണിഞ്ഞ്‌ ജോലിയ്ക്കു പോകാനുള്ള ഒരുക്കങ്ങളിലായിരിയ്ക്കും മാളുവപ്പോള്‍...പിന്നെ ശേഷിയ്ക്കുന്ന മിനിറ്റുകളില്‍ ഒരു 20-20 മാച്ചിന്റെ വേഗതയിലായിരിയ്ക്കും കാര്യങ്ങള്‍.അവളുടെ ചോറ്റുപാത്രം ഒരുക്കിയും, കുപ്പിയില്‍ വെള്ളം നിറച്ചും, ചാര്‍ജു ചെയ്യാന്‍ വെച്ച്‌ മൊബയില്‍ മറക്കാതെയെടുത്ത്‌ ബാഗില്‍ വെച്ചും ഒപ്പം ഡൈനിംഗ്‌ ടേബിളില്‍ അവളൊരുക്കിയ വിഭവങ്ങള്‍ നിരത്തിയും അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നമട്ടില്‍ കൊച്ചുകൊച്ചു സഹായങ്ങളുമായി ഞാനുമുണ്ടാകും അവളുടെ ചുറ്റും..പിന്നെ ഒരു പ്ലെയിറ്റില്‍ നിന്നും ഒന്നിച്ചു ബ്രൈക്‌ഫാസ്റ്റ്‌ കഴിയ്ക്കും(തെറ്റിദ്ധരിയ്ക്കേണ്ട...സ്നേഹക്കൂടുതല്‍ കൊണ്ടൊന്നുമല്ല കേട്ടോ, സമയക്കുറവ്‌ പിന്നെ അത്രയും കുറച്ചു പാത്രം കഴികിയാല്‍ മതിയല്ലൊ എന്നോര്‍ത്തിട്ടു മാത്രം..!!.).കഴിച്ചും കഴിപ്പിച്ചും അങ്ങിനെ വിസ്തരിച്ചുള്ള ബ്രൈക്‍ഫാസ്റ്റു കഴിയുമ്പോള്‍ത്തന്നെ നേരം പോയിട്ടുണ്ടാകും.പിന്നെ മുടികെട്ടല്‍,ചന്ദനം ചാലിച്ചു ചാര്‍ത്തല്‍...ഇങ്ങിനെയിങ്ങിനെ പുതുമണവാളനും മണവാട്ടിയ്ക്കുമിടയിലെന്നപോലെ ഒരുപാടു രംഗങ്ങള്‍ക്ക്‌ ആ തിരക്കിനിടയിലും അരങ്ങൊരുങ്ങും ഞങ്ങളുടെ ലോകത്ത്‌. ഇതിനൊക്കെ സാക്ഷ്യം വഹിയ്ക്കാന്‍ മടിച്ചിട്ടെന്നവണ്ണം സിറ്റൗട്ടില്‍ പോയിരുന്നു പത്രംവായിയ്ക്കുകയായിരിയ്ക്കും അമ്മയപ്പോള്‍.

"കുട്ടേട്ടാ, ഈ ചുരിദാറിന്റെ ഷാളില്‍ പിന്നൊന്നു കുത്തി തരു...വേഗമാകട്ടെ നേരം പോയിട്ടോ."കണ്ണാടിയ്ക്കു നേരെ തിരിഞ്ഞു നിന്ന്‌ ഡ്രെസ്സിങ്ങിന്റെ അവസാനഘട്ടത്തിലായിരിയ്ക്കും മാളുവപ്പോള്‍.തിരക്കു വെച്ചു ചെയ്യേണ്ടി വരുന്നതുകൊണ്ടാണോ അതോ നാട്ടിലെ സെയിഫ്റ്റി പിന്നിന്റെ ഗുണനിലവാരം മോശമായതുകൊണ്ടാണോ എന്താണെന്നറിയല്ല ആ കൃത്യം വൃത്തിയായി ചെയ്യാന്‍ ഇന്നേവരെ എനിയ്ക്കു കഴിഞ്ഞിട്ടില്ല." സൂചി കുത്താനുള്ള തത്രപ്പാടില്‍ എന്റെ മുഖചലനങ്ങളില്‍ വരുന്ന വക്രത കണ്ണാടിയിലൂടെ കണ്ട്‌ മാളു ചിരിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ പറയുകയും വേണ്ട..! അബദ്ധത്തില്‍ പലപ്പോഴും ബ്രേസിയറിന്റെ വള്ളിയടക്കം കൂട്ടി കുത്തികൊടുത്തിട്ടുണ്ട്‌ ഞാന്‍!.

"എന്തിനാ മാളു വെറുതെ സൂചി കുത്തുന്നത്‌...ഷാള്‌ ചുമ്മാ അങ്ങീട്ടാല്‍ പോരേ...."

"നല്ല കാര്യായി..എന്റെ കുട്ടേട്ടാ,..ഇതൊക്കെ എന്നും ഞാന്‍ ഒറ്റയ്ക്കു ചെയ്യുന്നതല്ലെ,.പിന്നെ കുട്ടേട്ടനുള്ളപ്പോള്‍,..കുട്ടേട്ടനും മോഹം കാണില്ലെ എന്നോര്‍ത്തിട്ടല്ലെ..പിന്നെ പിന്നു കുത്തി ഭദ്രമാക്കിയില്ലെങ്കില്‍ കൗണ്ടറിലെ തിരക്കിനിടയില്‍ ഷാളിന്റെ സ്ഥാനം മാറിപോകുന്നതറിയില്ലല്ലോ,.ബാങ്കില്‍ വരുന്ന കസ്റ്റമേര്‍സിനും മറ്റുള്ളവര്‍ക്കും വെറുതെ എന്തിനാ ഒരു കാഴ്ച ഒരുക്കുന്നെ..കുട്ടേട്ടനു വിരോധമില്ലെങ്കില്‍ സാരമില്ല,. ഇനി മുതല്‍ പിന്നു കുത്തിയുറപ്പിയ്ക്കുന്നില്ല.."

സത്യം പറഞ്ഞാല്‍ എനിയ്ക്കു വിരോധമില്ലായിരുന്നു..! സുന്ദരികളായ സ്ത്രീകളുടെ വസ്ത്രങ്ങളക്കിടയിലൂടെ, അവരറിയാതെ, അബദ്ധത്തില്‍ അനാവൃതമായി മിന്നി മറയുന്ന ശരീരഭാഗങ്ങള്‍ക്ക്‌ കൊതിപ്പിയ്ക്കുന്ന എന്തോ ആകര്‍ഷണിയതയുണ്ടെന്നു തോന്നാറുണ്ടെനിയ്ക്ക്‌, പ്രത്യേകിച്ചും സാരിയില്‍.!!. അത്യപൂര്‍വ്വമായി വീണുകിട്ടുന്ന അത്തരം നയനമനോഹര നിമിഷങ്ങളുടേ മാസ്മരികത മറ്റേതു പുരുഷനെപോലേയും കണ്ണിമച്ചിമ്മാതെ ആസ്വദിയ്ക്കാന്‍ ഒട്ടും ചമ്മലില്ലാത്ത കൂട്ടത്തിലാണ്‌ ഈ ഞാനും.ചാനലുകളിലെ പാചകലക്ഷ്മിമാരുടെ സാരിയുടെ ചന്തത്തിലുള്ള ചലനങ്ങളില്‍ മയങ്ങി ഒരെപ്പിസോഡുപോലും മിസ്സാക്കാതെ ശ്രദ്ധയോടെ പാചകരീതികള്‍ സ്വായത്തമാക്കി വെക്കേഷന്‍ നാളുകളില്‍ കിച്ചണില്‍ ഭാര്യമാരെ അമ്പരിപ്പിയ്ക്കുന്ന ഒന്നുരണ്ടു സുഹൃത്തുക്കളുണ്ടെനിയ്ക്ക്‌..ശുദ്ധഗതിക്കാരനയതുകൊണ്ട്‌ ഞാനിതൊക്കെ ഫ്രാങ്കായി എഴുതുന്നു എന്നു മാത്രം...! പുരുഷന്മാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല,. അല്ലെങ്കില്‍പിന്നെ ദൈവമെന്തിനാണ്‌ സ്ത്രീകള്‍ക്ക്‌ ഇത്രയും ചന്തം കൊടുത്തത്ത്‌, ഉള്ള ചന്തം പിന്നേയും പിന്നേയും പൊലിപ്പിച്ചുകാട്ടാന്‍ എന്തിനാണവര്‍ കണ്ണാടിയ്ക്കും മുന്നില്‍ ഇത്രയേറെ നേരം ചിലവഴിയ്ക്കുന്നത്‌..പുരുഷനു കാണാന്‍ വേണ്ടി..അവനെ കാണിയ്ക്കാന്‍ വേണ്ടി മാത്രം.പിന്നെ, എല്ലാം കാഴ്ചയില്‍ മാത്രമൊതുക്കാനുള്ള വിവേകം വേണം പുരുഷന്‌..കാണുന്നതിലെല്ലാം കൈവെയ്ക്കാന്‍ ,അനുഭവിച്ചറിയാന്‍, സ്വന്തമാക്കാന്‍ മോഹം തോന്നുമ്പോഴാണ്‌ സംഗതി വഷളാവുന്നത്‌, പ്രശ്നം സങ്കീര്‍ണമാകുന്നത്‌.

ചിന്തകളെല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ പത്തുമണിയാകാന്‍ അഞ്ചു മിനിറ്റു മാത്രം ബാക്കി.മുറ്റത്തെ തുളസിയില്‍നിന്നും ഒരു കതിരെടുത്ത്‌ മുടിയില്‍ ചൂടി അവളും തിടുക്കത്തില്‍ പുറകില്‍ സ്ഥാനം പിടിച്ചു.റോഡെന്നു പേരു മാത്രമുള്ള ഗട്ടറുകളിലൂടെ രണ്ടുകിലോമീറ്റര്‍ ദൂരമുള്ള ബാങ്കില്‍ പത്തുമണിയ്ക്കുമുമ്പുത്തന്നെ അവളെ എത്തിയ്ക്കുക എന്ന ദുഷ്ക്കരമായ ദൗത്യം എറ്റെടുത്ത്‌ അനുസരണശീലമുള്ള ഞങ്ങളുടെ പ്രിയ ബൈക്ക്‌ പതിവുപോലെ മുന്നോട്ടു കുതിച്ചു.

മാളുവിനെ ബാങ്കില്‍ വിട്ടശേഷം ബൈക്കിന്റെ വേഗതകുറച്ചു പ്രത്യേകിച്ചു യാതൊരു ലക്ഷ്യവുമില്ലാതെ കുറെനേരം വെറുതെ അലയുക..വെക്കേഷന്‍ നാളുകളില്‍ എനിയ്ക്കേറ്റവും പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണത്‌.കാഴ്ചകള്‍ക്കു തടസ്സം വരാതിരിയ്ക്കാന്‍ ഹെല്‍മെറ്റുപോലും മാറ്റിവെച്ചുകൊണ്ടായിരിയ്ക്കും ആ യാത്ര. അതിന്റെ പേരില്‍ ഒന്നു രണ്ടു തവണ ഫൈന്‍ അടയ്ക്കേണ്ടിയും വന്നു.പാവം പോലീസുകാര്‍..! എന്തു പറഞ്ഞു മനസ്സിലാക്കാനാണവരെ..! ഊണിലും ഉറക്കത്തിലും ഒരു പ്രവാസി തന്റെ നെഞ്ചോടുചേര്‍ത്തുവെച്ച്‌ താലോലിയ്ക്കുന്ന നൊസ്റ്റാള്‍ജിയായുടെ അര്‍ത്ഥവ്യാപ്തിയും ആഴവും അവര്‍ക്കെങ്ങിനെ മനസ്സിലാവാനാണ്‌.!

പരിചിതമായ വഴികളിലൂടെ നാടിനു വന്ന മാറ്റങ്ങള്‍ നോക്കിക്കണ്ട്‌ അങ്ങിനെ ഒഴുകും.പത്തുപതിനൊന്നു കിലോമീറ്ററുകള്‍ താണ്ടി അതു പലപ്പോഴും ചെന്നെത്തുക നഗരത്തിലായിരിയ്ക്കും.അനുദിനം ഗതിവേഗങ്ങള്‍ മാറുന്ന കാറ്റിന്റെ താളത്തിനൊപ്പം മല്‍സരിച്ച്‌ പാഞ്ചവാദ്യവും പാണ്ടിമേളവും മാറിമാറി പെരുക്കുന്ന എണ്ണിയാലൊടുങ്ങാത്ത തണല്‍മരങ്ങളില്‍ ഋതുഭേദങ്ങള്‍ ചമയ്ക്കുന്ന കുടമാറ്റത്തില്‍ ലയിച്ച്‌ മുറുക്കിചുവപ്പിച്ച്‌ രസിച്ചുനില്‍ക്കുന്ന രാജയോഗമുള്ള തേക്കിന്‍ക്കാട്‌, അയ്യന്തോള്‍ചുങ്കം,പടിഞ്ഞാറെകോട്ട, എം.ജി റോഡ്‌,വിജയശ്രീ കണ്ണാശുപത്രിപരിസരം,.കാനാട്ടുകര, സ്വപ്ന, പാറേമേക്കാവങ്കണം പാലസ്‌ റോഡ്‌ അങ്ങിനെയങ്ങിനെ ഇരുപതാംനൂറ്റാണ്ടില്‍ എന്നോ വ്യത്യസ്ഥമായ മനോവ്യാപരങ്ങളുമായി നടന്നുതീര്‍ത്ത വഴിയോരങ്ങളില്‍ ഇന്ന്‌ തീര്‍ത്തും അപരിചിതനായി,കാലോചിതമായി പൂര്‍ണ്ണമായും മാറാന്‍ കഴിയാത്ത മനസ്സുമായി,അന്യഗ്രഹത്തില്‍ നിന്നും വിരുന്നെത്തിയ ഏതോ അപരിഷ്കൃത ജീവിയ്ക്ക്‌ സമാനം വെറുതെ കുറെനേരം അലയും,.നിയോഗംപോലെ,.നേര്‍ച്ചപോലെ.! അപ്പോഴും എന്തോ പഠിച്ചിറങ്ങിയ കലാലയങ്ങളിലേയ്ക്ക്‌ വീണ്ടും കാലെടുത്തുവെയ്ക്കാന്‍ ഒരിയ്ക്കലും തോന്നാറില്ലെനിയ്ക്ക്‌,.ആരോ പുറകിലോട്ടു പിടിച്ചു വലിയ്ക്കുന്നതുപോലെ.!.ആരുമാകാന്‍ കഴിഞ്ഞില്ല,.എടുത്ത പറയാന്‍ നേട്ടങ്ങളുമില്ല, പഠിച്ചതെല്ലാം പാഴായി എന്നൊക്കെയുള്ള തോന്നന്നലുകളില്‍ നിന്നുമുണരുന്ന അപകര്‍ഷതാബോധമാകാം ഒരു പക്ഷെ അതിനു കാരണം,.അല്ലെങ്കില്‍..? അതുപോട്ടെ,എന്നോ വിട്ടു കളഞ്ഞ കാര്യങ്ങള്‍...എന്തായാലും ഒന്നുറപ്പിയ്ക്കാം എന്റെ മാളുവിന്‌ യാത്രകള്‍ക്കിടയില്‍ എതെങ്കിലും ബാറിന്റെ പടിവാതില്‍ ലക്ഷ്യമാക്കിയോ, ബീവറേജസിന്റെ നീണ്ട നിരകളിലുടെ പരിസരം തേടിയോ, ഇരുണ്ടുചുവന്ന തെരുവോരങ്ങളിലെ അഴുക്കുചാലുകളില്‍ തുള്ളിതുളുമ്പുന്ന മദജലത്തിന്റെ ഗന്ധം തേടിയോ ഒരിയ്ക്കലും ഉരുളില്ല അവളുടെ കുട്ടേട്ടന്റെ രഥചക്രങ്ങള്‍.

"എന്നെ ബാങ്കിനകത്തേക്കാക്കി സ്വതന്ത്രനായി ഇന്നിനി എങ്ങോട്ടാ കുട്ടേട്ടന്റെ ഒറ്റയാന്‍ യാത്ര"...ബൈക്കിന്റെ പുറകിലിരിയ്ക്കുമ്പോള്‍ എന്നും പതിവുള്ളതാണവളുടെ ഇത്തിരി അസൂയയോടെ, അതിലുപരി ഒരു ഭാര്യയുടെ സഹജമായ ഉത്‌കണ്ഠയോടെയുള്ള ഈ ചോദ്യം.

"തലോര്‍ക്ക്‌...! അനാശ്യാസ കേന്ദ്രം കാണാന്‍, പറ്റുകയാണെങ്കില്‍ ആ പെണ്ണുങ്ങളേയും കാണണം..സത്യം മാളു,..ഇത്രയും പ്രായമായിട്ടും ജീവിതത്തില്‍ ഇന്നേവരെ അനാശ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പെണ്ണിനേയും നേരിട്ടു കണ്ടിട്ടില്ല ഞാന്‍.അവളുമാരുടെയൊക്കെ ഷെയ്പ്‌ എന്തായിരിയ്ക്കുമെന്നുപോലുമറിയില്ല,..ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസ്സിയ്ക്കുമോ, നാണക്കേടുണ്ട്‌ അല്ലെ..!!..രാവിലെതന്നെ മാളുവിനെ ചൊടിപ്പിയ്ക്കാന്‍ അങ്ങിനെ പറയനാണ്‌ അപ്പോള്‍ തോന്നിയത്‌..

വീട്ടില്‍നിന്നും അധികം ദൂരെയല്ലാത്ത തലോര്‍ എന്ന സ്ഥലത്ത്‌ ലോഡ്ജിന്റെ പേരില്‍ നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രം റൈഡ്‌ ചെയ്ത്‌ നടത്തിപ്പുകാരായ രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്ത വാര്‍ത്ത പത്രത്താളുകളില്‍ നിറഞ്ഞു നിന്ന ദിവസമായിരുന്നു അത്‌...

"പൊയ്ക്കൊള്ളു എവിടെ വേണമെങ്കിലും പൊയ്ക്കൊള്ളു, ആരെ വേണമെങ്കിലും കണ്ടോളു, എന്തു വേണമെങ്കിലും ആയ്ക്കൊള്ളു..പിന്നെ ഒരിയ്ക്കലും എന്റെ അടുത്തു വരരുതെന്നു മാത്രം."..

അവള്‍ ചൊടിച്ചു, ശക്തമായിത്തന്നെ, തുടയില്‍ നുള്ളി.ശരിയ്ക്കും വേദനിച്ചു..നല്ല നീളവും മൂര്‍ച്ചയുമാണണവളുടെ നഖങ്ങള്‍ക്ക്‌, എത്രയെത്രവട്ടം  അതിന്റെ രുചിയറിയാന്‍ ഇതുപോലെ അവസരങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നു...

"എന്താ മാളു ഇത്‌,.ശരിയ്ക്കും വേദനിച്ചൂട്ടോ, അനങ്ങാതിരി നീ, അല്ലെങ്കിലെ ഓവര്‍ സ്പീഡാ..കണ്ട്രോള്‍ പോയി വല്ലയിടത്തും ഇടിയ്ക്കും."

"ഇടിച്ചോട്ടെ,.. ചത്തുപൊക്കോട്ടെ രണ്ടാളും,..വേണ്ടാതീനം പറഞ്ഞിട്ടല്ലെ..വേദനിച്ചെങ്കില്‍ കണക്കായിപോയി, ഇങ്ങിന്യാണോ തമാശ പറയുന്നത്‌.."

മാളുവിനെ പറഞ്ഞിട്ടു കാര്യമില്ല, ഒരു ഭാര്യയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തമാശ തന്നെയല്ലെ അത്‌...പിന്നെ വല്ലാതെ പൊസ്സസ്സിവ്‌ ആയ അവളുടെ കാര്യം പറയാനുണ്ടോ..ബ്ലോഗില്‍ എന്റെ എതെങ്കിലുമൊരു പോസ്റ്റിലെ കമന്റ്‌ ബോക്സില്‍ നാലു പെണ്‍മുഖങ്ങള്‍ തികച്ചു കണ്ടാല്‍ അവളുടെ മുഖം ചുളിയും.."അതു ശരി,.ഇവരുടെയൊക്കെ നാലു നല്ല വാക്കുകള്‍ കേക്കാന്‍ വേണ്ടിയാണല്ലെ ഓഫീസിലെ തിരക്കിനടിയിലും എന്തെങ്കിലുമൊക്കെ കുത്തിക്കുറിയ്ക്കാന്‍ കുട്ടേട്ടന്‍ ഇത്രയും ശുഷ്കാന്തി കാണിയ്ക്കുന്നത്‌." ഉടന്‍ ചോദ്യം വരും.

ഇതു വായിച്ചു ബൂലോകവാസികള്‍ ആരും തെറ്റിദ്ധരിയ്ക്കരുത്‌.ഇതിന്റെ പേരില്‍ കമന്റ്‌സ്‌ ഇടാതെയുമിരിയ്ക്കരുത്‌.പാവമാണ്‌ എന്റെ മാളു, ശുദ്ധഗതിക്കാരിയായ വെറുമൊരു നാട്ടിന്‍പുറത്തുക്കാരി.ബാങ്കും,വീടും, പിന്നെ ബന്ധുക്കളുമടങ്ങുന്ന ലോകത്തിനപ്പുറം ബൂലോകമെന്നല്ല കാര്യമായി മറ്റൊരു ലോകവും അവള്‍ കണ്ടിട്ടില്ല.

ഒന്നിച്ചെത്തുന്ന മഴയും വെയിലുമെന്നപോലെ പിണക്കവും സോറിയും ഇണക്കവുമെല്ലാം ഞൊടിയിടയില്‍ പെയ്തിറങ്ങി മഴവില്ലു വിരിയിച്ച നിമിഷങ്ങള്‍ക്കൊടുവില്‍ ബാങ്കിലെത്തിയപ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു.

"ഈശ്വരാ, എല്ലാരും എത്തി.കൗണ്ടറിനു മുമ്പിലും ആളുകളുണ്ട്‌`...ലോക്കറിന്റെ താക്കോലാണെങ്കില്‍ എന്റെ കയ്യിലും..ഇന്നാണെങ്കില്‍ ഓഡിറ്റര്‍ വരുന്ന ദിവസവു..ചീത്ത കേട്ടതു തന്നെ.."

യാത്രപറയാന്‍ നില്‍ക്കാതെ, ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ വെപ്രാളത്തോടെ അവള്‍ ബാങ്കിന്റെ പടികള്‍ കയറി.

ഇല്ല ആരും ചൂടാവില്ല, വഴക്കും പറയില്ല, നാട്ടിന്‍പുറത്തെ ബാങ്ക്‌, ചിരപരിചിതരായ കസ്റ്റമേര്‍സ്‌.സ്നേഹസമ്പന്നരായ നല്ല സഹപ്രവര്‍ത്തകര്‍.. ഗള്‍ഫിലുള്ള അവളുടെ ഹസ്‌ബന്‍ഡ്‌ അവധിയ്ക്കു വന്ന കാര്യവും എല്ലാവര്‍ക്കുമറിയാം..ഒരു കൊല്ലത്തോളം മരുഭൂമിയില്‍ പട്ടിണിക്കിടന്ന്‌ വിശന്നുപൊരിഞ്ഞോടിയെത്തി ആര്‍ത്തിപൂണ്ടു മദിച്ചുനില്‍ക്കുന്ന ഗള്‍ഫുകാരന്‍ ഭര്‍ത്താവിന്റെ താളത്തിനുത്തുള്ളിതളര്‍ന്ന്‌ ഒരു മാന്‍പേട കണക്കെ രക്ഷപ്പെട്ടോടി വരുന്ന അവളെ ആരു വഴക്കു പറയാന്‍,.അനുകമ്പയല്ലെ തോന്നു എല്ലാവര്‍ക്കും.!

,ടെന്‍ഷനടിച്ച്‌ തിരക്കിട്ടു നടന്നുപോകുന്ന മാളുവിനെ നോക്കി ബൈക്കു തിരിയ്ക്കുമ്പൊള്‍ മനസ്സില്‍ തോന്നിയ ആ കുസൃതി മെല്ലെ എന്റെ ചുണ്ടില്‍ പുഞ്ചിരിയായി പടര്‍ന്നു..തമാശതന്നെയാണത്‌...പക്ഷെ ഗള്‍ഫുകാരായ ഭര്‍ത്താക്കന്മാരെ കുറിച്ചു അങ്ങിനെ ചിന്തിയ്ക്കുന്ന കുറെ ആളുകള്‍ ഉണ്ട്‌ നമ്മുടെ നാട്ടില്‍..അല്ല,അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമുള്ള വെക്കേഷന്‍ ഒരുക്കത്തിന്റെ ഭാഗമായി മൂന്നോ നാലോ മാസം മുമ്പുതന്നെ നിത്യേന വിസ്തരിച്ചുള്ള തേച്ചുകുളിയും, ബദാം,ഈന്തപ്പഴം,പിസ്ത,ചീസ്‌ പാല്‌, മുട്ട ഇത്യാദി പോഷകാഹാരസേവയുമൊക്കെയായി മസിലുംപെരുപ്പിച്ച്‌ ഒളിമ്പിക്സിനുപോകുന്ന മല്‍പ്പിടുത്തക്കാരെന്നപോലെ നാട്ടിലേയ്ക്കു വിമാനം കയറുന്ന രണ്ടുമൂന്നു സീനിയേര്‍സിനെ കൗതുകത്തോടെ ഞാനും നിരീക്ഷിച്ചിട്ടുണ്ട്‌,കാണുന്നതിലെല്ലാം പുതുമ തോന്നുന്ന പ്രവാസത്തിന്റെ ആദ്യനാളുകളില്‍ ആയിരുന്നു അത്‌ "മരുന്നടിക്കാര്‍" വരെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍..ഈശ്വരാ,.അവിടെ അങ്ങു നാട്ടില്‍ ഇവരുടെയൊക്കെ വാമഭാഗങ്ങള്‍ ഇപ്പോള്‍ ഇതുപോലെ എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവുമോ ആവോ..?,ഇതൊക്കെ താങ്ങാന്‍ തക്കവണ്ണം കെല്‍പ്പുള്ളതാവുമോ അവരുടെയൊക്കെ മാനസികാവസ്ഥ ,ശാരീരികസ്ഥിതിഗതികള്‍ എന്നൊക്കെ കുസൃതി നിറഞ്ഞ മനസ്സോടെ ചിന്തിയ്ക്കാറുണ്ട്‌.അന്നു ഞാന്‍ പാവമൊരു "ബാച്ചിലാറായിരുന്നു കേട്ടോ!

ചീറിപാഞ്ഞു വന്നു മുന്നില്‍ സഡന്‍ ബ്രെയിക്കിട്ടുനിന്ന ഒരു ടിപ്പര്‍ലോറിയുടെ ഉച്ചത്തിലുള്ള ഹോണിന്റെ ശബ്ദം കേട്ട്‌ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്ന എന്റെ കാലുകള്‍ ബ്രൈക്കിലമര്‍ന്നു.

"ചാവാനായിട്ട്‌ ഇറങ്ങും ഓരോരുത്തര്‌ രാവിലെ തന്നെ,.എന്നിട്ട്‌ ഒടുക്കം എല്ലാ കുറ്റവും ടിപ്പര്‍ ഡ്രൈവര്‍മാരുടെ തലയിലും.."

ഈശ്വരാ,.എന്റെ അനുവാദമില്ലാതെ,ഞാനറിയാതെ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച്‌ എന്റെ ബൈക്കെങ്ങിനെ തൃക്കൂര്‍ പാലത്തിനുമുകളിലെത്തി എന്ന ചിന്തയാണ്‌ ഡ്രൈവറുടെ ശകാരവാക്കുകളേക്കാള്‍ ആ സമയത്ത്‌ എന്നെ അമ്പരിപ്പിച്ചത്‌..ബൈക്കിനു നിര്‍ദ്ദേശം നല്‍കാന്‍പോയിട്ട്‌ എങ്ങോട്ടാണ്‌ ആ യാത്രയെന്ന് എനിയ്ക്കുതന്നെ നിശ്ചയമില്ലായിരുന്നു.! ഭാഗ്യം,.എന്തായാലും പരലോകത്തേയ്ക്കായില്ലല്ലോ..!

(യാത്ര തുടരും)

കൊല്ലേരി തറവടി
09/12/2011

24 comments:

 1. ഒരു കാര്യം കൂടി പറഞ്ഞോട്ടെ,.വെക്കേഷന്‍ നാളുകളുടെ തുടക്കത്തില്‍ ഒരു മഹാസംഭവമുണ്ടായി ഒരു ദിവസം എന്നെത്തെടി ഒരാളെത്തി..മറ്റാരുമല്ല മൂന്നു വര്‍ഷം കൊണ്ട്‌ മുപ്പതു വര്‍ഷത്തിന്റെ തിളക്കവുമായി നില്‍ക്കുന്ന ബൂലോകത്തെ അറിയപ്പെടുന്ന ബ്ലോഗര്‍...മഹാമാന്ത്രികന്‍ സാക്ഷാല്‍ ശ്രീമാന്‍ ബിലാത്തി. ചാറ്റല്‍ മഴയുള്ള ഒരു സന്ധ്യയില്‍ എന്റെ തറവാട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ തെരുവില്‍ വഴിവിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഒരഞ്ചുനിമിഷത്തെ കൂടിക്കാഴ്ച.ഒരു ബൂലൊകമീറ്റെന്നൊന്നും വിളിയ്ക്കാന്‍ പറ്റില്ല കേട്ടൊ അതിനെ..തിരക്കായിരുന്നു ബിലാത്തിയ്ക്ക്‌, പിന്നെ അജ്ഞാതനായ എന്റെ തറവാടും ലൊകത്തിന്റെ അജ്ഞാതമായ ഒരു കോണില്‍തന്നെയാണ്‌...ഏത്ര വലിയ മാന്ത്രികനാണെങ്കിലും അത്ര എളുപ്പം അവിടെയ്ക്കു കടന്നു വരാന്‍ കടന്നു വരാന്‍ കഴിയില്ല..ആ അഞ്ചുനിമിഷത്തിനുള്ളില്‍ മാജിക്കിന്റെ പേരും പറഞ്ഞ്‌ എന്റെ പോക്കറ്റിലുള്ള അഞ്ചു രൂപ അടിച്ചു മാറ്റാന്‍ മറന്നില്ല വിദ്വാന്‍..വീട്ടിലെയ്ക്കു മടങ്ങുമ്പോഴാണ്‌ അതെന്റെ ശ്രദ്ധയില്‍പ്പെട്ടത്‌..ആളു പോയില്ലെ,പറഞ്ഞിട്ടെന്തു കാര്യം..! വീട്ടിലെത്തി വീണ്ടും പോക്കറ്റു തപ്പിനോക്കിയപ്പോള്‍....! അത്ഭുതം....പോക്കറ്റില്‍ അഞ്ച്‌ ഡോളര്‍.! അമ്പമ്പടാ മാന്ത്രികാ..! സന്തോഷമായി,..ഡോളറിനൊക്കെ ഇപ്പോ എന്താ വില.!

  "അത്രിടംവരെ വന്നിട്ട്‌ എന്തെ ബിലാത്തി വീട്ടില്‍ കയറാതെ പോയി.."തിരിച്ചു വന്നപ്പോള്‍ മാളുവിന്റെ ശബ്ദത്തില്‍ ഇത്തിരി പരിഭവം..

  തിരക്കായതുകൊണ്ടാവും മാളു നാളയൊ മറ്റന്നാളോ തിരിച്ചു പോകാനുള്ളതല്ലെ മൂപ്പര്‍ക്ക്‌..."

  "എടാ അപ്പു,. അച്ഛന്‍ എഴുതിയതൊക്കെ വായിച്ച്‌ ഒരാള്‌ കാണാന്‍ വന്നിരുന്നു,. അതും ശീമയിലൊക്കെ ജോലിയുള്ള "വലിയൊരാള്‌"...!!!

  "..അപ്പോ അങ്ങേര്‍ക്കു വട്ടുണ്ടാകും അമ്മെ,.. പാവം"`.പെട്ടന്നായിരുന്നു അപ്പുവിന്റെ പ്രതികരണം.

  "കേട്ടോ മാളു നീ,മോന്റെ കമന്റ്‌.. .....മൊട്ടേന്നു വിരിഞ്ഞിട്ടില്ല അവന്‍"

  "അതു പിന്നെ അങ്ങിനെയല്ലെ വരു എന്റെ കുട്ടേട്ടാ, അച്ഛന്റെയല്ലേ മോന്‍, മത്ത കുത്തിയാല്‍ പിന്നെ കുമ്പളം മുളയ്ക്കുമോ.."

  നന്ദിയുണ്ട്‌ ബിലാത്തി, തിരക്കിനിടയിലും ഓടിയെത്തിയല്ലോ, ഒരു ബ്ലോഗര്‍ എന്നനിലയ്ക്ക്‌ എനിയ്ക്കു കിട്ടിയ വലിയ അംഗീകാരം തന്നെയായിരുന്നു അത്‌.,പ്രത്യേകിച്ചും മാളുവിന്റേയും അപ്പുവിന്റേയും മുമ്പില്‍..

  (പിന്നെ ആ ഡോളര്‍ സംഭവം എനിയ്ക്കു സ്വയം ആശ്വസ്സിയ്ക്കാനും, മുതുകാടിനെ പോലെയുള്ള വലിയ പ്രൊഫെഷണല്‍ മാന്ത്രികരെ അമ്പരിപ്പിയ്ക്കാനും എഴുതിയതാണു കെട്ടോ .) ..

  ReplyDelete
 2. ഞാന്‍ വന്നു. ആദ്യമേ കമന്‍റിയേക്കാം.കൊള്ളാം. ലോറീടെ അടിയില്‍ പോകാഞ്ഞത് കാര്യമായി. നല്ല എഴുത്ത് . അഭിനന്ദനങ്ങള്‍

  ReplyDelete
 3. @@
  പ്രവാസിയുടെ നൊമ്പരം
  ഗൃഹാതുരത്വം
  കുടുംബം
  കുടുംബിനി
  പ്രണയം
  കാമം

  കൊല്ലേരി എവിടെപ്പോയെന്ന് ആലോചിക്കുകയായിരുന്നു. ഒരുപക്ഷെ വായിക്കാന്‍ ഏറ്റവുംകൂടുതല്‍ ഇഷ്ട്ടപ്പെടുന്ന ബ്ലോഗുകളില്‍ ഒരെണ്ണം നിങ്ങളുടേതാണ്. എത്ര അനയാസമായിട്ടാണ് വാക്കുകള്‍ തിമിര്‍ത്തു പെയ്യുന്നത്!
  ഈ പോസ്റ്റും വല്ലാതെ നൊമ്പരപ്പെടുത്തി.
  ഓരോ വരികളിലും വായനക്കാരനെ കൂടെക്കൂട്ടിയത് പോലെ തോന്നിപ്പിച്ചു.
  യാത്ര തുടരട്ടെ.
  എന്നത്തേയും പോലെ മെയില്‍കിട്ടിയാല്‍ വരാം.

  **

  ReplyDelete
 4. കൊല്ലേരീ... വെൽക്കം ബാക്ക്...

  കണ്ണൂരാൻ പറഞ്ഞതിന് താഴെ ഞാനും ഒപ്പ് വയ്ക്കുന്നു...

  രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമുള്ള വെക്കേഷന്‍ ഒരുക്കത്തിന്റെ ഭാഗമായി മൂന്നോ നാലോ മാസം മുമ്പുതന്നെ നിത്യേന വിസ്തരിച്ചുള്ള തേച്ചുകുളിയും, ബദാം,ഈന്തപ്പഴം,പിസ്ത,ചീസ്‌ പാല്‌, മുട്ട ഇത്യാദി പോഷകാഹാരസേവയുമൊക്കെയായി മസിലുംപെരുപ്പിച്ച്‌ ഒളിമ്പിക്സിനുപോകുന്ന മല്‍പ്പിടുത്തക്കാരെന്നപോലെ നാട്ടിലേയ്ക്കു വിമാനം കയറുന്ന രണ്ടുമൂന്നു സീനിയേര്‍സിനെ കൗതുകത്തോടെ ഞാനും നിരീക്ഷിച്ചിട്ടുണ്ട്‌... കക്ഷികൾ ഒക്കെ ഇപ്പോഴും അവിടെ തന്നെ കാണുമല്ലേ?

  എന്നാലും ബിലാത്തിയെ തറവാട്ടിൽ കയറ്റാഞ്ഞതിൽ ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു... ഞാൻ നാട്ടിൽ വന്ന് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതിലും...

  ReplyDelete
 5. പോയിട്ട് പിന്നെ വരാം

  ReplyDelete
 6. നന്നായി വിവരിച്ചു
  ആശംസകള്‍

  ReplyDelete
 7. രസം രസകരം ! മാളുവേട്ടത്തിക്ക് എത്ര വയസ്സായി? ചുമ്മാ അറിയാന്‍ ഒരു കൊതി... ഭാര്യയെ കുറിച്ച് റോമാന്റിക്കാവുന്ന ചില വാചകങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത കൊതി ..വേഗം ഒരു കല്ല്യാണം കഴിക്കണം എന്ന്..! ആശംസകള്‍ !!

  ReplyDelete
 8. ചാനലുകളിലെ പാചകലക്ഷ്മിമാരുടെ സാരിയുടെ ചന്തത്തിലുള്ള ചലനങ്ങളില്‍ മയങ്ങി ഒരെപ്പിസോഡുപോലും മിസ്സാക്കാതെ ശ്രദ്ധയോടെ പാചകരീതികള്‍ സ്വായത്തമാക്കി വെക്കേഷന്‍ നാളുകളില്‍ കിച്ചണില്‍ ഭാര്യമാരെ അമ്പരിപ്പിയ്ക്കുന്ന ഒന്നുരണ്ടു സുഹൃത്തുക്കളുണ്ടെനിയ്ക്ക്‌..ശുദ്ധഗതിക്കാരനയതുകൊണ്ട്‌ ഞാനിതൊക്കെ ഫ്രാങ്കായി എഴുതുന്നു എന്നു മാത്രം...! പാവം ഒരു ശുദ്ധ ഗതിക്കാരന്‍!. ഇപ്പോള്‍ പുതിയ ചാനല്‍ പരിപാടിയുണ്ട്,ഭാര്യമാരുടെ പണികളെല്ലാം ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ. മാര്‍ക്കിടാന്‍ ഭാര്യമാരും!. ഒന്നു പങ്കെടുക്കാമായിരുന്നില്ലെ?

  ReplyDelete
 9. “..അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ അവന്‌ അവസരം കിട്ടുന്നത്‌.മോഹം തോന്നുക തികച്ചും സ്വാഭാവികമല്ലെ..!!“

  ഇവ്ടെ ആദ്യായിട്ടാണ്..!
  ഈ എഴുത്ത്,ശൈലി ഒക്കെ നന്നായി ഇഷ്ടായി..!
  വെക്കേഷന്‍ നാളുകളിലെ കുറെ നല്ല നിമിഷങ്ങള്‍ പങ്കുവച്ചതിലൂടെ, കുറച്ചു നേരത്തേക്കെങ്കിലും ശരിക്കും ഞാനും നാട്ടിലെത്തി..!
  നല്ല വായനാസുഖം. വൈകേണ്ട, ബാക്കികൂടെ പോരട്ടെ..!
  ആശംസകളോടെ...പുലരി

  ReplyDelete
 10. നാട്ടിൽ പോയിട്ട്, കൊല്ലേരിയുടെ തറവാട്ടുവിശേഷങ്ങളൊന്നും കാണുന്നില്ലല്ലോ എന്ന് ആലോചിക്കുകയായിരുന്നു.. തറവാടിയായി തിരികെയെത്തിയതിൽ സന്തോഷം.. യാത്ര തുടരട്ടെ…

  ReplyDelete
 11. നല്ല അവതരണം ഇഷ്ടമായി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 12. "(യാത്ര തുടരും)"

  തുടരണം,തുടര്‍ന്നേ മതിയാവൂ കൊല്ലേരി.ആശംസകള്‍

  ReplyDelete
 13. നാട്ടില്‍ വെച്ച് മുരളിയേട്ടന്‍ കൊല്ലെരിയെ കണ്ടെത്തിപ്പിടിച്ച വിവരം പറഞ്ഞിരുന്നു.

  അപ്പോള്‍ തറവാട്ടില്‍ നിന്ന് പതിനൊന്നു കിലോമീറ്റര്‍ ആണ് തൃശൂര്‍ക്ക് അല്ലെ. കുറച്ചു വിവരങ്ങളെ ആയിട്ടുള്ളുവല്ലോ. ഇനിയും കാര്യങ്ങള്‍ വരാന്‍ കിടക്കുന്നതെ ഉള്ളു അല്ലെ? വളരെ രസമായി തന്നെ മന്ദമാരുതന്റെ തലോടല്‍ പോലെ എഴുതി.

  ReplyDelete
 14. വീണ്ടും സ്വാഗതം. എഴുത്തു തുടരട്ടെ....

  ReplyDelete
 15. കൊല്ലേരീ... ഞാന്‍ കമന്റിട്ടാല്‍ മാളു പരിഭവിയ്ക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു.
  കൊല്ലേരി എന്താ പുതിയ പോസ്റ്റ് ഇടാത്തത് എന്ന് കഴിഞ്ഞ ദിവസവും കൂടി ആലോചിച്ചേയുള്ളു. നല്ലൊരു അവധിക്കാലം ആസ്വദിക്കുകയും അത് പങ്കുവയ്ക്കുകയും ചെയ്തതിന് പെരുത്ത് സന്തോഷം.

  "രാവിലെ അപ്പുവിനെ ബൈക്കില്‍ സ്കൂളില്‍ കൊണ്ടു വിടും..സൈക്കിളിലാണ്‌ പതിവായി അവന്‍ പോകുന്നത്‌.പിന്നെ ഒരു മോഹത്തിന്‌.എന്റെ മാത്രമല്ല. അവന്റേയും..അതങ്ങിനെയല്ലെ അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ അവന്‌ അവസരം കിട്ടുന്നത്‌.മോഹം തോന്നുക തികച്ചും സ്വാഭാവികമല്ലെ.."

  ഈ ഭാഗം വളരെ അധികം മനസ്സില്‍ തട്ടി, മക്കളുടെ വളര്‍ച്ചയുടെ കാലത്ത് അവരില്‍ നിന്ന് അകന്നു കഴിയേണ്ടി വരുന്നത് ഒരു വല്ലാത്ത നൊമ്പരം തന്നെ.

  ReplyDelete
 16. എഴുത്ത് ആരംഭിച്ചതില്‍ സന്തോഷം 

  ReplyDelete
 17. കുറെ നാള്‍ ആയി ബൂലോകത്തേക്ക് കയറിയിട്ട്.. ഇന്ന് ഒന്ന് രണ്ട് സ്ഥിരബ്ലോഗുകള്‍ തുറക്കാന്‍ നോക്കിയപ്പോള്‍ ഒന്നും ഓപ്പണ്‍ ആവുന്നില്ല തറവാടിയുടെതാണ് ആദ്യം തുറന്നത്.എല്ലാം ഈശ്വര നിയോഗം :) .അവധിക്കാല ചരിതം ഒന്നാം ഭാഗം അസ്സലായി.ഒരു നോവലിസ്റ്റിന്റെ എല്ലാ കഴിവും ഒത്തിണങ്ങിയ കലാകാരാ ഭാര്യയെ സ്നേഹിക്കുന്ന കാര്യങ്ങളൊക്കെ എഴുതി ഞങ്ങളെ ഇത്തിരി അസൂയക്കാരാക്കാന്‍ നോക്കിയല്ലേ.. :) സന്തോഷം തോന്നി വായിച്ചപ്പോള്‍..ഇനിയും ഒരു നല്ല അവധിക്കാലം പെട്ടെന്ന് വന്നണിയട്ടെ എന്നാശംസിക്കുന്നു.ബിലാതിയണ്ണന്‍ സകലമാന ബ്ലോഗ്ഗെര്സിനേം കണ്ടു ഗിന്നസ് ബുക്കില്‍ കയറാനുള്ള ഒരുക്കതിലാണെന്ന് തോന്നുന്നു.ഡോളര്‍ കഥ..അമ്പട പുളുസേ!!

  ReplyDelete
 18. കൊല്ലേരി, അവധി അനുഭവങ്ങള്‍ മനസ്സ്
  സമ്പന്നം ആക്കി...ഫൈന്‍ അടിക്കാന്‍ വന്ന
  പോലീസ് കാരനോട് ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കും
  പ്രവാസിയുടെ മനസ്സ്...സത്യം...എത്ര നിഷ്കളന്കമായ തുറന്ന
  എഴുത്ത്..ഞാന്‍ കൊതിക്കുന്ന ഗ്രാമ വീഥികളിലൂടെ കൊല്ലെരിക്ക് ഒപ്പം നടന്ന പ്രതീതി...ബൈക്കില്‍ ഞാന്‍ ഇല്ല കേട്ടോ..എന്നിട്ട് ടിപ്പെരിനു
  കുറ്റം..!!!

  ReplyDelete
 19. എന്ത് കൊണ്ടോ ഭയങ്കരമായി ബോറടിച്ചു ,ഖടാഖടിയന്മാരായ പല ബ്ലോഗര്‍മാരും നല്ല വാക്ക് പറഞ്ഞിരിക്കുന്നതും ഇരിപ്പിടത്തില്‍ നല്ല കസേര കിട്ടിയതും കാണാതെയല്ല ,എങ്കിലും,,,,വിരസമായ പോസ്റ്റ്‌ എന്ന് പറയാതെ വയ്യ . ക്ഷമിക്കുക, ,അവധിക്കാല പുരാണങ്ങള്‍ കേട്ട് മടുത്ത മനസ്സു പുതിയതൊന്നും കാണാത്തത്കൊണ്ടാവാം "

  ReplyDelete
 20. തുടരുമല്ലൊ. അവിടെ കാണാം..
  നാട്ടിലെത്തിയാൽ ഗൾഫുകാരൻ ഒരു മാതിരി കഥാപാത്രമാണെല്ലാവർക്കും..:)

  ReplyDelete
 21. പ്രിയപ്പെട്ട കൊല്ലേരി...
  ആദ്യമായാണ് നിങ്ങളിലെക്കെത്തുന്നത്...
  കുറച്ചു വൈകി...നല്ല...എഴുത്ത്..ട്ടോ...
  ഞാന്‍ ഇനി മുതല്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട്‌..

  ReplyDelete
 22. തനി ഒരു ഫേമിലി ഒറിയന്റായ പ്രവാസിയുടെ; വെക്കേഷൻ യാത്രകൾ ഒരു ഒറിജിനൽ അണുകുടുംബത്തിന്റെ പാ‍ശ്ചാത്തലത്തിൽ, നൊസ്റ്റാൾജിയ കലർന്ന നാട്ടൂക്കാഴ്ച്ചകളിലൂടെ,...,... ഇത്ര തന്മയത്വത്തോടുകൂടി വർണ്ണിച്ച ഒരു ബൂലോകരും ഇല്ലാ എന്നത് നിശ്ചയം...!

  ഈ പ്രായത്തിലും ; യുവമിഥുനങ്ങളായ ദമ്പതിമാരെ പോലും തോല്പിക്കുന്ന രീതിയിലുള്ള അതിമനോഹരമായ പ്രണയലീലകളെല്ലാം കണ്ടപ്പോളെനിക്ക് ഒരു കുഞ്ഞികുശുമ്പ് വന്നൂ..എന്നുള്ളത് വാസ്തവം...!


  പിന്നെ 5 രൂപക്ക് പകരം,ഡോളറിന്റെ രണ്ടിരട്ടിവിലയുള്ള 5 പൌണ്ട് നഷ്ട്ടപ്പെട്ട ദു:ഖം ...
  ഈ എളിയവനായാഭസനെ വാനോളം പുകഴ്ത്തിയപ്പോൾ മാറി കിട്ടി കേട്ടൊ... മാളുവിന്റെ പ്രിയപ്പെട്ട കുട്ടേട്ടാ...

  ReplyDelete
 23. വായിക്കാന്‍ ഒരു ഇത് ഉണ്ട്

  ReplyDelete
 24. "എന്നാലും അങ്ങിനെ എഴുതേണ്ടായിരുന്നു കുട്ടേട്ടാ,കുട്ടേട്ടന്റെ കമന്റ്‌ബോക്സില്‍ പെണ്മു്ഖങ്ങള്‍ കാണുമ്പോള്‍ എനിയ്ക്കു ദ്യേഷ്യം വരും അല്ലെ..?..എന്തിനാ അങ്ങിനെ വെറുതെ എഴുതിപ്പിടിപ്പിച്ചേ,.ബൂലോകത്തുള്ളവര്‍ എന്നെക്കുറിച്ച്‌ എന്താ വിചാരിയ്ക്കാ എന്റെ കൃഷ്ണാ.!.തോറ്റു... തോറ്റു ഈ കുട്ടേട്ടനേക്കൊണ്ടു തോറ്റു." ഇതായിരുന്നു ഈ പോസ്റ്റിനേക്കുറിച്ചുള്ള മാളുവിന്റെ പ്രതികരണം....

  ശരിയല്ലെ അവള്‍ പറഞ്ഞതിലും കാര്യമില്ലെ...ഒരു രസത്തിനുവേണ്ടിയാണെങ്കില്പോഞലും അങ്ങിനെ എഴുതാണ്ടായിരുന്നു അല്ലെ.

  വെക്കേഷന്‍ മൂഡില്‍ അതിഭാവുകത്വവും വൈകാരികതയും കുത്തിനിറച്ചെഴുതിയ പോസ്റ്റായിരുന്നിട്ടും ഒരു പാട്‌ പേര്ക്കി ഷടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം .ഒരേ ശൈലിയില്‍,താളത്തില്‍ ഒരേ കഥാപാത്രങ്ങളെമാത്രം ചുറ്റിപ്പറ്റി നിരന്തരമുള്ള എന്റെ എഴുത്തിനോടു മടുപ്പു തോന്നിയതുകൊണ്ടാകാം പതിവായി വരുന്ന പലരേയും കമന്റ്‌ബോക്സില്‍ കണ്ടില്ല..അപ്പോഴും ഏറെ പ്രമുഖര്‍ അടക്കം കുറെ ബൂലോകവാസികള്‍ കന്നി സന്ദരശനം നടത്തി എന്റെ തറവാടിന്റെ മുറ്റം സജീവമാക്കി,നല്ല വാക്കുകളെക്കൊണ്ടു എന്റെ മനസ്സ്‌ സമ്പന്നമാക്കി.നന്ദി...ഒപ്പം സ്വാഗതവും...

  പേരെടുത്തുപറഞ്ഞ്‌ നന്ദി പ്രകടിപ്പിയ്ക്കാന്‍ മോഹമില്ലാതല്ല...ഒട്ടും സുരക്ഷിതമല്ലാത്ത ഓഫീസിലെ അന്തരീക്ഷത്തിലിരുന്നു മലയാളം ടൈപ്പ്‌ ചെയ്യുക ഏറെ സാഹസികമായ കാര്യമാണ്‌..മലയാളം ടൈപ്പ്‌ ചെയ്ത്‌ രസിയ്ക്കാനൊ, കഥയെഴുതി വലിയ ആളാവാനോ ഒന്നുമല്ലല്ലോ അവര്‍ നമുക്കു വിസ തന്ന്‌, വിമാനക്കൂലി തന്ന്‌,തെറ്റില്ലാത്ത ശമ്പളവും തന്ന്‌ ഇവിടെ ഈ അറബി നാട്ടില്‍ തീറ്റിപോറ്റുന്നത്‌.എന്നിട്ടും എല്ലാമറിഞ്ഞിട്ടും ഈ സാഹസികതയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു...വന്നുവന്ന്‌ ഇങ്ങിനെ ഒരു അന്തരീക്ഷത്തിലിരുന്നാലെ എന്തെങ്കിലും എഴുതാന്‍ കഴിയൂ എന്നായിരിയ്ക്കുന്നു...

  അടുത്ത പോസ്റ്റുമായി അധികം വൈകാതെ വീണ്ടും സന്ധിയ്ക്കാമെന്ന പ്രതീക്ഷയോടെ എല്ലാവര്ക്കും നന്ദി.....നമസ്കാരം.

  ReplyDelete