Friday, December 23, 2011

മുല്ലപ്പെരിയാര്‍... കുഞ്ഞു അറിയാന്‍...

കുഞ്ഞൂ, മോളാരാണെന്ന്‌ ഇതു കുറിയ്ക്കുന്ന ഈ നേരത്തും അങ്കിളിനു കൃത്യമായി അറിയില്ല. സുകന്യ മേഡത്തിന്റെ പവിഴമല്ലിയിലൂടെ മാത്രമുള്ള പരിചയം.മുല്ലപ്പെരിയാര്‍ ഒരു ദുരന്തമായി മാറുമോ എന്നു വേവലാതിപ്പെടുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ്‌ മോളെന്ന്‌ മനസ്സിലാക്കുന്നു അങ്കിള്‍.

പക്ഷപാതപരമായ വാര്‍ത്തകളുടെ അതിപ്രസരത്താല്‍ മിഴികളുടെ തിളക്കം കെടുത്തുന്ന പത്രപ്രഭാതങ്ങള്‍ക്കും,വിവാദങ്ങള്‍ക്കു തിരി കൊളുത്തി,കഴമ്പില്ലാത്ത തര്‍ക്കങ്ങളും എവിടേയുമെത്താത്ത ചര്‍ച്ചകളുമായി ഒരു പിടി നിവേദ്യച്ചോറിനും,നല്ലൊരു തുക ദക്ഷിണയ്ക്കുമായി അരയില്‍ മുണ്ടുകെട്ടി ഓച്ഛാനിച്ചു നിന്ന്‌ ചാനല്‍ സന്ധ്യകളിലെ ദീപാരാധനയ്ക്ക്‌ മേലാളന്‍മ്മാരുടെ ഇച്ഛാനുസരണം മേളക്കൊഴുപ്പേകുന്ന ന്യൂസ്‌ ഔര്‍ വാദ്യ വിദഗ്ദരുടെ പ്രകടനങ്ങള്‍ക്കും അവധികൊടുത്ത്‌ മറ്റൊരു ലോകത്തായിരുന്നു അങ്കിള്‍ കുറെ ദിവസം.ദൈവത്തിന്റെ നാട്ടില്‍ ഒരൊറ്റപ്പെട്ട കോണില്‍ ഇലക്ട്രോണിക്സ്‌ ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കി എല്ലാം മറന്ന്‌ വെക്കേഷന്‍ ആഘോഷിയ്ക്കുകയായിരുന്നു.അല്ലെങ്കിലെ കുറെ നാളുകളായി ന്യൂസ്‌ ചാനലുകളോട്‌ മാനസികമായി അല്‍പ്പം അകല്‍ച്ചയുണ്ട്‌ അങ്കിളിന്‌..ഏതൊരു വിഷയത്തേയും പര്‍വ്വതീകരീച്ചും,രാഷ്ട്രീയവല്‍ക്കരിച്ചും ജനമനസ്സുകളില്‍ ആധിയും ഭീതിയും ആശയക്കുഴപ്പവും വളര്‍ത്തുക ഒരു ശീലമായ്ക്കിയ നമ്മുടെ മാധ്യമങ്ങളോട്‌ ഒരു ശരാശരി പ്രേക്ഷകന്‌ ഉണ്ടാകാവുന്ന അലര്‍ജി.

136 അടി,...137 അടി...ഇപ്പം പൊട്ടും..ഇതാ പൊട്ടി..! ഇതൊന്നു പൊട്ടിയിട്ടു വേണം വൃത്തിയായൊന്നു റ്റോയ്‌ലെറ്റില്‍ പോകാനെന്ന മട്ടില്‍ ഒരു മൂലക്കുരുകാരന്റെ ആധിയും വ്യാധിയും നിറഞ്ഞ മുഖഭാവങ്ങളുമായി രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള റിപ്പോര്‍ട്ടറുമാരുടെ പ്രകടനം അറപ്പും വെറുപ്പും ഉളവാക്കുന്ന തലം വരെ എത്തി പലപ്പോഴും..ടിവി സ്ക്രീനില്‍ തുള്ളിത്തുളുമ്പി ഏതുനിമഷവും പൊട്ടിത്തകരാവുന്ന ഡാമിന്റെ ചിത്രം എത്ര ക്രൂരമായാണ്‌ പാവം മലയാളി ഹൃദയങ്ങളിലേയ്ക്ക്‌ അവര്‍ പരസ്പരം മല്‍സരിച്ചൊഴുക്കിവിട്ടത്‌..ഡാം തകര്‍ന്നാല്‍ കുറച്ചു മിനുറ്റുകള്‍,അല്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി തീര്‍ക്കേണ്ട മരണനിമിഷങ്ങള്‍ എത്ര ദിവസങ്ങള്‍ തുടര്‍ച്ചയായി അനുഭവിച്ചുതീര്‍ക്കേണ്ടി വന്നു പാവം,പെരിയാറിന്റെ തീരവാസികള്‍ക്ക്‌.! ഇത്തിരി പൊങ്ങച്ചത്തിന്റെ പേരില്‍ വാങ്ങിയ,കൊച്ചു സ്വീകരണമുറിയ്ക്ക്‌ ഒട്ടും ചേരാത്ത 32" ഇഞ്ച്‌ LCD TV ശാപമായി മാറി പലര്‍ക്കും..ആ സ്ക്രീനില്‍ തികഞ്ഞ ക്ലാരിറ്റിയോടെ നിറഞ്ഞു തുളുമ്പി പൊട്ടിത്തകര്‍ന്നു ചിതറിക്കുതിച്ചൊഴുകാന്‍ വെമ്പി നില്‍ക്കുന്ന ജലലകണങ്ങള്‍ താളം തെറ്റിച്ച മനസ്സുകള്‍.ഉറക്കം കെടുത്തിയ രാവുകള്‍..

തൊടുപുഴയാറിന്റെ തീരത്ത്‌ താമസ്സിയ്ക്കുന്ന എന്റെ ഇളയ ചേച്ചി ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും,ആധാരം പോലുള്ള പ്രധാന രേഖകളും ഭദ്രമായി പൊതിഞ്ഞെടുത്ത്‌, അവ പൊതിയാനുപയോഗിച്ച വെള്ളക്കടലാസ്സിനേക്കാള്‍ വിളറിവെളുത്ത മുഖവുമായി ഒരു ദിവസം വീട്ടില്‍ കയറിവന്നു.."കഥയല്ലിതു ജീവിതത്തിലെ എന്നതുപോലെ കെട്ടിയവനോടു പിണങ്ങിയിട്ടൊന്നുമല്ല കേട്ടോ, പിന്നെ എന്തിനാണെന്നല്ലെ. എല്ലാം സെയിഫായി തൃശ്ശൂരില്‍ ഞങ്ങളുടെ ആരുടെയെങ്കിലും ലോക്കറില്‍ സൂക്ഷിയ്ക്കാന്‍.!.തൊടുപുഴ മുഴുവന്‍ വെള്ളം കയറി ബാങ്കുതന്നെ ഒഴുകിപോയി,റബ്ബറും,വീടും അങ്ങിനെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം നശിച്ച്‌,അവര്‍തന്നെ മരിച്ചു പോയാലും അങ്ങു ദൂരെ ഗോവയിലുള്ള ഏക മകള്‍ക്ക്‌ കഴിയാവുന്നതെല്ലാം കരുതിവെയ്ക്കാനുള്ള ഒരമ്മയുടെ സ്വാഭാവികമായ വ്യഗ്രത, ജാഗ്രത..!.നാളത്തെ പ്രഭാതത്തില്‍ അറബിക്കടലിലെവിടെയെങ്കിലും ഒഴുകിനടക്കുന്ന ഒരു ജഡമായി മാറുമോ എന്ന ആധിയോടെ ഉറങ്ങാന്‍ കിടന്ന്‌ ദുഃസ്വപ്നങ്ങള്‍ കണ്ട്‌ മരിയ്ക്കാതെ മരിച്ച ഇതുപോലെ എത്രയോ ഹതഭാഗ്യന്മാര്‍ ഉണ്ടായിരുന്നിരിയ്ക്കാം മുല്ലപ്പെരിയാര്‍ ശരിയ്ക്കും തകരാന്‍ പോകുന്നുവെന്ന്‌ "മാധ്യമ പ്രവാചകര്‍" ഉറപ്പിച്ചുപറഞ്ഞ ആ ദിനങ്ങളില്‍ പെരിയാറിന്റെ തീരദേശങ്ങളില്‍..

മര്യാദയുടെ സീമകളെല്ലാം ലംഘിച്ച്‌ ഒരു സീരിയിലെന്നപോലെ കഥകള്‍ ചമച്ച്‌ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മല്‍സരിയ്ക്കുകയായിരുന്നു ഇട്ടാവട്ടം സ്ഥലം മാത്രമുള്ള ഒരു കൊച്ചു സംസ്ഥാനത്തിന്റെ കൊക്കിലൊതുങ്ങാത്ത ചാനലുകള്‍ പരസ്പരം..നിലനില്‍പ്പിന്റെ പ്രശ്നമായിരിയ്ക്കാം,വിപണനതന്ത്രങ്ങളുടെ ഭാഗവുമായിരിയ്ക്കാം .എന്നാലും എല്ലാറ്റിനും ഒരു നിയന്ത്രണം വേണ്ടെ..കാക്കയുടെ റോളായിരുന്നു പണ്ട്‌ സമൂഹത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‌...സമൂഹത്തിലെ മാലിന്യങ്ങള്‍ തുടച്ചു നീക്കുന്നതില്‍ അവന്‍ വഹിച്ചിരുന്ന പങ്ക്‌ അത്രയും വലുതായിരുന്നു...ഇന്ന്‌.! കുപ്പത്തൊട്ടിയിലെ ദുര്‍ഗന്ധം വമിയ്ക്കുന്ന ചവറുകള്‍ വലിച്ചുപുറത്തിട്ട്‌ താല്‍പ്പര്യമുള്ളതുമാത്രം ചികഞ്ഞെടുത്ത്‌ ബാക്കി ഒരു മടിയുംകൂടാതെ നടുറോഡില്‍ത്തന്നെ ഉപേക്ഷിച്ച്‌ സമൂഹത്തെ മൊത്തം മലീമസമാക്കുന്ന പെരുച്ചാഴികളായി മാറിയിരിയ്ക്കുന്നു പലരും.!
മാധ്യമ സുഹൃത്തുക്കള്‍ പൊറുക്കുക, പൊതുവായി പറഞ്ഞതല്ല...ശുദ്ധഗതിക്കൊണ്ടു പറഞ്ഞുപോകുന്നുവെന്നു മാത്രം.ചുറ്റുവട്ടത്തെ പല കാഴ്ചകളും കാണുമ്പോള്‍ പറയാതിരിയ്ക്കാന്‍ കഴിയുന്നില്ല..

അതിഭാവുകത്വവും അതിശയോക്തിയും കലര്‍ന്ന റിപ്പോര്‍ട്ടുകളാല്‍ ജനമനസ്സുകളില്‍ അശാന്തിയും ആശങ്കയും വളര്‍ത്തി ന്യൂസ്‌ വിതച്ച്‌ ന്യൂസ്‌ കൊയ്യുന്ന പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളെ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു കാര്യം മറന്നുപോയി നിങ്ങള്‍.മരണഭയത്താല്‍ ഉന്മാദാവസ്ഥയിലായ മനസ്സുകളില്‍ പ്രാദേശികവാദത്തിന്റെ വിഷധൂളികള്‍ കൂടിയാണ്‌ വാരി വിതറുക കൂടിയാണ്‌ ചെയ്തതെന്ന ഞെട്ടിപ്പിയ്ക്കുന്ന ആ സത്യം.! ഓര്‍ക്കണമായിരുന്നു കരുതല്‍ വേണമായിരുന്നു! പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും ഒരേ മനസ്സുമായി കഴിഞ്ഞിരുന്ന രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ത്തല്ലിച്ചു ഇന്ത്യയും പാകിസ്താനുമാക്കിയപ്പോള്‍ സമാധാനമായി എല്ലാവര്‍ക്കും.പുതിയ വാര്‍ത്തകള്‍ക്കും ഉറവിടമായി..ഒരുപാടു സാധ്യതകളുള്ള വിഷയംത്തന്നെ കിട്ടി. മറുനാട്ടില്‍ പീഡിപ്പിയ്ക്കപ്പെടുന്ന മലയാളികള്‍.! അസ്സലായി ന്യൂസ്‌ വിതച്ചു ന്യൂസു കൊയ്യുന്ന ആധുനിക മാധ്യമ തന്ത്രം ശരിയ്ക്കും ഫലിച്ചു .

ടോള്‍പിരിവെന്ന പകല്‍ക്കൊള്ളയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഇന്ന്‌ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്ടിലെ മണലിപുഴയോരത്തു തമ്പടിച്ചു കിടക്കുന്ന തമിഴന്‍ ലോറികള്‍ ഇന്നും ബാല്യത്തിലെ ഓര്‍മ്മയായി മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഐശ്വര്യത്തിന്റെ ലക്ഷണമായിട്ടാണ്‌ എന്നും പാണ്ടിലോറികളെ മലയാളികള്‍ കണ്ടിട്ടുള്ളു..മണിയറയൊരുക്കാനുള്ള മുല്ലപ്പൂ മുതല്‍ ഗര്‍ഭച്ചാക്കൂളിനുള്ള പുളിമാങ്ങ വരെ അങ്ങിനെ മലയാളിയ്ക്കാവശ്യമായ എന്തും കാലാകാലങ്ങളില്‍ എത്ര കൃത്യമായിട്ടാണ്‌ സ്നേഹനിധികളായ ആ അണ്ണന്‍തമ്പിമാര്‍ എത്തിച്ചു തരുന്നത്‌.. മലയാളി മാമന്മാരുടെ "ഫീലിങ്ങ്‌സ്‌" മനസ്സിലാക്കി ആമ്പുലന്‍സിന്റെ വേഗതയില്‍ പാഞ്ഞു വരുന്ന കള്ളു കയറ്റിയ വാഹനങ്ങള്‍ എന്നും രാവിലെ കേരളത്തിലെ ഹൈവേകള്‍ കണികണ്ടുണരുന്ന നന്മയായി മാറിയിരിയ്ക്കുന്നു ഇന്ന്‌. ലോറികളില്‍ അടക്കിവെച്ച കൂടകളിലെ ദീര്‍ഘയാത്രകളിലെ ക്ഷീണത്തിനിടയിലും കൃത്യമായുണരുന്ന പൂവ്വന്‍കോഴികളുടെ തമിഴു ഭാഷയിലുള്ള കൂവല്‍ കേട്ടാണ്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും സൂര്യന്‍ പോലും ഇന്നുണരുന്നത്‌.നല്ലൊരു സിനിമ കാണണമെങ്കില്‍,നല്ലൊരു പാട്ടു കേള്‍ക്കണമെങ്കില്‍, റിയാലിറ്റി ഷോയില്‍ നല്ലൊരു ഡാന്‍സു നമ്പര്‍ വേണമെങ്കില്‍പോലും തമിഴനെ ആശ്രയിയ്ക്കണം എന്ന അവസ്ഥയിലായിരിയ്ക്കുന്നു നമ്മള്‍..എന്തിനേറെ, ശരാശരി സൗന്ദര്യവും,ശരാശരിയ്ക്കു താഴെ തൊലിമിനുപ്പും മാത്രമുള്ള നമ്മുടെ പെണ്‍കുട്ടികളെപോലു, കലാവാസനയുടെ മികവു നോക്കി ദത്തെടുത്ത്‌,സ്വന്തം തങ്കച്ചികളായി കരുതി, ഒരുപക്ഷെ മുല്ലപ്പെരിയാറിലെ പോലും വെള്ളം ഉപയോഗിച്ചാകാം കുമ്മായം കലക്കി വെള്ളപൂശി വെളുപ്പിയ്ക്കുന്നു,മഴയില്ലാത്ത ആ നാട്ടില്‍ കൃത്രിമ മഴ പെയ്യിച്ച്‌ കുളിപ്പിയ്ക്കുന്നു അങ്ങിനെ അവരെ അപ്സരസ്സുകള്‍ക്കു സമാനം വെള്ളിത്തിരയിലൂടെ നമുക്കു തിരിച്ചു തരുന്നു.അവര്‍ നമ്മുടെയൊക്കെ ഭാവനകള്‍ക്കപ്പുറം,നയനയങ്ങള്‍ക്കു താരകങ്ങളാക്കി മാറുന്നു..നവ്യാനുഭവത്തിന്റെ അനന്യ വിസ്മയ കാഴ്ചകളൊരുക്കുന്നു..എല്ലാം പുഴയില്ലാത്ത രാജ്യത്ത്‌ പൂക്കളമൊരുക്കുന്ന തമിഴന്റെ മായജാലം.!

ഇനിയിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം അല്ലെ.,.എന്തിനായിരുന്നു ഈ കാടിളക്കം..ഇന്നോ ഇന്നലയോ മുതലല്ലല്ലൊ മുല്ലപ്പെരിയാര്‍ഡാം ഒരു മഹാ സമസ്യയായി നമ്മുടെ മുന്നി നീണ്ടു നിവര്‍ന്നു കിടക്കാന്‍ തുടങ്ങിയത്‌..ഇനിയും അതങ്ങിനെത്തന്നെ കിടക്കും.അടുത്ത ഒക്ടോബറില്‍ വൈഗാ നദിയില്‍ വെള്ളം നിറയും.ഒപ്പം മുല്ലാപ്പെരിയാറിലും..വീണ്ടും നമ്മള്‍ ആര്‍ത്തു വിളിയ്ക്കും.ആക്രോശിയ്ക്കും.പൊട്ടിക്കരയും. മാധ്യമങ്ങള്‍ അതൊരാഘോഷമാക്കി മാറ്റും.

ആര്‍ജവമുള്ള ഒരു കേന്ദ്ര ഭരണാധികാരി രണ്ടു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ചുവരുത്തി ഒന്നിച്ചിരുത്തി അരമണിക്കൂര്‍ കൊണ്ടു തീര്‍ക്കേണ്ട പ്രശ്നം മാത്രമല്ലെ സത്യത്തില്‍ ഇത്‌.നട്ടെല്ലിന്റെ സ്ഥാനത്ത്‌ ആലു മുളച്ചിട്ട്‌ ഏറേ നാളായിട്ടും അതും തണലെന്നു പറഞ്ഞ്‌ കസേരയില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന അദ്ദേഹത്തില്‍ നിന്നും എന്തു പ്രതീക്ഷിയ്ക്കാനാണ്‌,.തലപ്പാവിനുള്ളില്‍ ദുരൂഹതകളും ജനദ്രോഹനടപടികളും മാത്രം സൂക്ഷിയ്ക്കുന്ന, എല്ലാ ജനകീയ പ്രശ്നങ്ങള്‍ക്കു മുന്നിലും ഒരു മഹാമുനിയെക്കാള്‍ മൗനിയായി മാറുന്ന ആ മനുഷ്യന്‍ വായ്‌ തുറക്കുന്നത്‌ സ്വകാര്യക്കുത്തകകള്‍ക്കും വിദേശവ്യാപാരികള്‍ക്കും വക്കാലത്തു പറയാന്‍ വേണ്ടി മാത്രമാണ്‌.എന്നൊക്കെ എക്‍ണോമിക്സ്‌ പഠിയ്ക്കാത്ത, രാജ്യപുരോഗതിയെക്കുറിച്ചു വലിയ ഗ്രാഹ്യമില്ലാത്ത,എന്നെപോലെ വിവരദോഷിയായ ഏതെങ്കിലും ശുദ്ധഗതിക്കാരന്‍ നാട്ടിന്‍പുറത്തുക്കാരന്‍ പച്ചയ്ക്കു വിളിച്ചു പറഞ്ഞാല്‍ പൂര്‍ണ്ണമായും അതു നിഷേധിയ്ക്കാന്‍ കഴിയുമോ ഏതെങ്കിലും ഭാരതീയന്‌.

ചോര്‍ന്നൊലിയ്ക്കുന്ന മോന്തായവുമായി തകരാറായ മേല്‍കൂരയ്ക്കു താഴെ സ്വീകരണമുറി അലങ്കരിയ്ക്കാനൊരുങ്ങുന്ന ഗൃഹനാഥനെ അനുസ്മരിപ്പിയ്ക്കുന്നു നമ്മുടെ മുഖ്യമന്ത്രി.മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ രണ്ടുമണിക്കൂര്‍കൊണ്ട്‌ മുങ്ങിയൊലിച്ചുപോകാവുന്ന മഹാനഗരത്തില്‍ സ്മാര്‍ട്‌ സിറ്റി,മെട്രൊ അങ്ങിനെ എല്ലാറ്റിലും അതിവേഗം ബഹുദൂരം മുന്നേറുന്ന അദ്ദേഹത്തിന്റെ വാഹനത്തിന്റെ വേഗത മുല്ലപ്പെരിയാര്‍ ദിശയിലേയ്ക്കു തിരിഞ്ഞാല്‍ പെട്ടന്നു കുറയും...ചിലപ്പോള്‍ ടയറുകളെല്ലാം ഒന്നിച്ചു പഞ്ചറാകും, മനസ്സ്‌ പരിധികള്‍ വിട്ട്‌ സഞ്ചരിയ്ക്കുന്നതുകൊണ്ടായിരിയ്ക്കും ഒട്ടു വൈകാതെ പേനയും കടലാസ്സുമെടുത്തു നല്ല സൗമ്യമായ ഭാഷയില്‍ തലൈവിയ്ക്ക്‌ കത്തെഴുതാന്‍ തുടങ്ങും...പണ്ട്‌ അദേഹത്തിന്റെ നല്ല പ്രായത്തില്‍ അങ്ങ്‌ വെള്ളിത്തിരയില്‍ ഇദയകനിയുമൊത്ത്‌ വിലസുകയായിരുന്നല്ലൊ അവര്‍. .കോരിത്തരിപ്പിയ്ക്കുന്ന പ്രണയരംഗങ്ങള്‍. തറടിക്കറ്റിലെ രോമാഞ്ച നിമിഷങ്ങള്‍.. എല്ലാം ഒര്‍മ്മയില്‍ ഓടിയെത്തുന്നുണ്ടാവും.."ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന പോലെ ഒരാരധകന്റെ ഈ കത്തുകളും നാളെ ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിയ്ക്കുമായിരിയ്ക്കും.

ജീവനോ അതോ ജലമോ ഏതാണ്‌ വലുത്‌ എന്ന ചോദ്യത്തിനു മുമ്പില്‍ ദേശീയ വികാരവുമായി പതറി നിന്നു അവയിലിബിള്‍ പോളിറ്റ്‌ ബ്യൂറൊ.പത്തു വോട്ടുപോലും തികച്ചില്ലാത്ത തമിഴ്‌നാടിലെ ജലത്തേക്കാള്‍ വലുതാണ്‌ ഇന്നും ആവേശം കൈവിടാത്ത അണികള്‍ ബാക്കിയുള്ള കേരളത്തിന്റെ ജീവനെന്ന്‌ തിരിച്ചറിയാനുള്ള പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഇല്ലാതെപോയി അവര്‍ക്ക്‌.അതൊരു വലിയ തെറ്റായി ആഘോഷിച്ചു മാധ്യമവിചാരണക്കാര്‍.പ്രധാനമന്ത്രിയുടെ മൗനത്തേക്കാള്‍,.മുഖ്യമന്ത്രിയുടെ നിസ്സംഗതയെക്കാള്‍ വലിയ തെറ്റ്‌!

നപുംസംക പേക്കോലങ്ങളുടെ കൂത്തരങ്ങായി മാറിയ കേന്ദ്രത്തിനോടു പൊരുതി ജയിയ്ക്കാന്‍ മമതയെപോലെ, തലൈവിയെപോലെ തന്റേടിയായ ഒരു വനിതാ പ്രാദേശിക നേതാവ്‌ നമുക്കുണ്ടായിരുന്നെങ്കില്‍,അവര്‍ക്ക്‌ സ്വന്തമായി പത്തു എം.പി മാരുണ്ടായിരുന്നെങ്കില്‍..നമ്മളിങ്ങിനെ തോറ്റുപോകുമായിരുന്നോ.!! .കക്ഷിരാഷ്ട്രീയ വര്‍ഗ്ഗഭേദമില്ലാതെ ദേശീയവികാരം മറന്ന്‌ ദേശാഭിമാനികളായ മലയാളികള്‍ വിലപിച്ചുപോയ നാളുകളായിരുന്നില്ലെ അത്‌.നമുക്കുമുണ്ടൊരു പ്രദേശിക പാര്‍ട്ടി.കരുത്തനായ നേതാവും.മുല്ലപ്പെരിയാര്‍ ഡാമിനെന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ തട്ടകങ്ങളായിരിയ്ക്കും പൂര്‍ണ്ണമായും നാമവിശേഷമാകുക.അറിയാം,എല്ലാം അറിയാം അദ്ദേഹത്തിന്‌! പക്ഷെ എന്തു ചെയ്യാം.! എന്തെങ്കിലും ഉരിയാടാനും ശക്തമായൊന്ന്‌ ഉറഞ്ഞുത്തുള്ളാനും വയ്യാത്ത അവസ്ഥ.പാവം ആണ്‍ജന്മങ്ങള്‍.!.ദുര്‍ബ്ബലചിത്തരാണവര്‍..കുടുംബസ്നേഹം കൂടിയവര്‍..അന്ധമായ പുത്രവാല്‍സല്യം പലപ്പോഴും പ്രതിബന്ധമാകും അവര്‍ക്ക്‌.അതിന്റെ പേരില്‍ വിട്ടുവീഴ്ചകള്‍ക്ക്‌ തയ്യാറാകേണ്ടി വരും.ശാപമാണത്‌..തലമുറകളായി കിട്ടിയ ശാപം.അങ്ങ്‌ പുരാണത്തിലെ നൂറ്റൊന്നുപേരുടെ പിതാവിന്റെ കാലം മുതല്‍ നമ്മളുടെ പ്രിയപ്പെട്ട ലീഡര്‍ വരെ.. ഭാരതത്തിലെ കരുത്തരായ ഭരണാധികളുടെ വാര്‍ദ്ധക്യകാല നിയോഗമാണത്‌.

ഒരു കൊച്ചുപാര്‍ട്ടിയും വെച്ച്‌ ശരാശരി മിടുക്കു മാത്രമുള്ള മകന്‌ ദെല്‍ഹിയിലെ ജനാധിപത്യ കല്‍പ്പിത കലാശാലയില്‍ ഒരു സീറ്റു വാങ്ങി കൊടുക്കാന്‍ പെട്ടപാട്‌ അദ്ദേഹത്തിനെ അറിയു,അതിനായി സമര്‍ത്ഥനായ വളര്‍ത്തുപുത്രനെ വെറുപ്പിയ്ക്കേണ്ടി വരെ വന്നു..ഇനി അവന്‌ അവിടെ ഗവഷണത്തിനായി ആരുടെയെങ്കിലും കീഴില്‍ നല്ലൊരു വകുപ്പ്‌ ഒപ്പിച്ചെടുക്കാന്‍ ദേശീയ പാര്‍ട്ടിയുടെയും മാഡത്തിന്റെയൊക്കെ സഹായം ആവശ്യമുള്ള സമയമാണ്‌.കേന്ദ്രത്തിനെതിരെ ഒരോ വാക്കു പ്രയോഗിയ്ക്കമ്പോഴും കരുതല്‍ വേണ്ട സമയം..അതിനിടയിലാണ്‌ ഈ കുരിശ്‌, ഒപ്പം കിട്ടിയ അവസരം മുതലാക്കി ആളാകാനുള്ള രണ്ടാമന്റെ ശ്രമവും..വെറുതെ ഒരു സിമ്പതിയുടെ പുറത്ത്‌ വഴിയില്‍ കിടന്നിരുന്ന ആ വയ്യാവേലിയെ എടുത്തു മടിയില്‍ വെച്ചതു പുലിവാലായി.എന്തെങ്കിലും മിണ്ടാതിരിയ്ക്കാന്‍ പറ്റുമോ.രണ്ടാമന്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഒന്നാമനായ താന്‍ എന്തെങ്കിലും പറഞ്ഞല്ലെ പറ്റു.പത്തു ദിവസം കാത്തിരിയ്ക്കും,പത്തു ദിവസം കാത്തിരിയ്ക്കും,..പറഞ്ഞുപറഞ്ഞു എത്ര പത്തു ദിവസങ്ങള്‍ കഴിഞ്ഞു. മടുത്തു, കര്‍ത്താവെ ശരിയ്ക്കും മടുത്തു. ഒരു പിതാവു മാത്രമല്ലല്ലോ നേതാവു കൂടിയല്ലെ താന്‍..എന്തിനീ പരീക്ഷണം..! നമ്മുടെ ഒരു പ്രാദേശിക നേതാവിന്റെ ദയനീയ അവസ്ഥയാണിത്‌.ദേശീയമായാലും,പ്രാദേശികമായാലും മലപ്പുറത്തിനും,കുഞ്ഞാലി സാഹിബിന്റെയും അഹമ്മദ്‌ സാഹിബിന്റേയും കസേരകള്‍ക്കും ഇളക്കം തട്ടാത്തിടത്തോളം കാലം ലോകത്തില്‍ ഒരു പ്രശ്നവുമില്ലെന്നു വിശ്വസിയ്ക്കുന്നു മറ്റൊരു കൂട്ടര്‍...പിന്നെ എങ്ങിനെ തലൈവി ജയിയ്ക്കാതിരിയ്ക്കും..! ചിരിയ്ക്കാതിരിയ്ക്കും.!.

മഴ കുറഞ്ഞു, ഭൂപരിശോധനയും കഴിഞ്ഞ്‌ ഇഷ്ട മൃദുഭൂപാളികളും തേടി ഭൂകമ്പവും യാത്രയായി.എല്ലാവരിലും ആശ്വാസത്തിന്റെ ചുടുനിശ്വാസമുതിരുന്ന ആ സമയത്താണ്‌ അപ്രതീക്ഷിതമായി വീണ്ടും ഭൂകമ്പം.!.ബുദ്ധിരാക്ഷസിയായ തലൈവിയുടെ മസ്തിഷ്കമായിരുന്നു അതിന്റെ പ്രഭവ കേന്ദ്രം..ഇത്തവണ കുലുങ്ങിയത്‌ മുല്ലപ്പെരിയാര്‍ ഡാമല്ല..അതിന്റെ  
താഴ്‌വാരങ്ങളില്‍ രഹസ്യമായി ഭൂമി കയ്യടക്കിവെച്ച ശുഭ്രവസ്ത്രധാരിയകള്‍ അടക്കമുള്ളവരുടെ നെഞ്ചകങ്ങള്‍ ആയിരുന്നു..പൂടയുണ്ടോ എന്നറിയാന്‍ പലരും തല തപ്പി നോക്കി..തലയുടെ ചെന്നിഭാഗം വരെ തപ്പിയവരുമുണ്ടായിരുന്നുവത്രെ ആ കൂട്ടത്തില്‍, ജീവിതത്തില്‍ അന്നേവരെ ചീപ്പുപയോഗിയ്ക്കാത്തവര്‍ പോലും പുതിയ ചീപ്പു വാങ്ങി മുടി ചീകിമിനുക്കി പൂടയൊന്നുമവശേഷിയ്ക്കുന്നില്ലെന്നുറപ്പു വരുത്തി. എന്തായാലും ഭരണസിരാകേന്ദ്രം ഞെട്ടിയുണര്‍ന്നു. സര്‍ക്കാര്‍ അറിയാതെ, സര്‍ക്കാറിനുവേണ്ടി സര്‍ക്കാര്‍ പ്രതിനിധി ന്യായാസനത്തിനു മുമ്പില്‍ തലൈവിയെ മയപ്പെടുത്താന്‍ വൃഥാ ഒരു ശ്രമം നടത്തി..ഭീരുക്കളായ കോഴിക്കള്ളന്മാരുടെ വെപ്രാളം കണ്ട്‌ ഡാമിന്റെ മട്ടുപ്പാവിലിരുന്ന്‌ കേരളത്തിലേയ്ക്കു നോക്കി, ഒരു യക്ഷിയെപോലെ മുടിയഴിച്ചിട്ട്‌ തലയുറഞ്ഞാര്‍ത്തുല്ലസിച്ചട്ടഹസ്സിയ്ക്കുകയായിരുന്നു തലൈവിയപ്പോള്‍.അഴിച്ചിട്ട നീണ്ട മുടിചുരുകള്‍ക്കിടയില്‍ നിന്നും ഒരുപാടു പൂടകള്‍ അന്തരീക്ഷത്തിലേയ്ക്കുതിര്‍ന്നുവീണു പാറിപ്പറക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ലായിരുന്നു അവര്‍ക്ക്‌.പൊട്ടനും ഷണ്ഠനും കൂട്ടികൊടുപ്പുക്കാരും,ഏറാന്‍മൂളികളുമൊക്കെ നിറഞ്ഞുനിന്ന്‌ നിറംകെട്ട്‌ പ്രകാശിയ്ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നഭസ്സില്‍ ഫെഡറല്‍ സംവിധാനത്തിന്റെയും,ന്യായാന്യായങ്ങളുടേയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചട്ടാണെങ്കില്‍പോലും വേറിട്ടുനിന്ന്‌ ശക്തിയോടെ കത്തിജ്വലിയ്ക്കുക തന്നെയായിരുന്നു ആ ദ്രാവിഡ നക്ഷത്രം.!

ഈ പെണ്ണൊരുമ്പെട്ടാല്‍ തകരുന്നത്‌ ഡാമ്മല്ല തങ്ങളുടെ ഇമേജായിരിയ്ക്കും എന്ന തിരിച്ചറവില്‍ പലരും വിരണ്ടു, വിയര്‍ത്തു. ഒട്ടു വൈകാതെ കൂട്ടത്തോടെ വടക്കോട്ടു വിമാനം കയറി, ഒരു ബലത്തിനായി ശത്രുക്കളെ വരെ കൂട്ടുപിടിച്ചു,കൂടെകൂട്ടി.സത്യത്തില്‍ ഒരു ചര്‍ച്ചയായിരുന്നില്ല അത്‌,മാനം രക്ഷിയ്ക്കാനായുള്ള ഏകപക്ഷികമായ ഒരു സങ്കടം പറച്ചില്‍ മാത്രം.തലൈവി വന്നില്ല, ഒരു വളര്‍ത്തു നായയെപോലും അയച്ചില്ല..ജലനിരപ്പിന്റെ ഉയരം 120 അടിയും ആക്കിയില്ല..പക്ഷെ ചര്‍ച്ചക്കിടയില്‍ മുഖത്ത്‌ ഈച്ചയോ കൊതുകോ വന്നിരുന്ന അസ്വസ്ഥതയില്‍ പ്രധാനമന്ത്രിയൊന്നു തലകുലുക്കി.!!!.എല്ലാവരും കാത്തിരുന്നതും ആ നിമിഷത്തിനായിരുന്നു..ക്യാമറകള്‍ മിന്നി..TV സ്ക്രീനുകളില്‍ ദെല്‍ഹിയില്‍ നിന്നും ഫ്ലാസ്‌ ന്യൂസ്‌ ഒഴുകിയെത്തി.." മുല്ലപ്പെരിയാര്‍ വിഷയത്തിന്‌ പരിഹാരം.. പ്രധാനമന്ത്രി തലകുലുക്കി." ജനകീയവിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി തലകുലുക്കുക..!ഒന്നു ചിരിയ്ക്കുക..! വായ തുറന്നെന്തെങ്കിലുമൊന്നു ഉരിയാടുക..! അറിയാതെ ഒന്നു കോട്ടുവാ ഇടുക പോലും ചെയ്താല്‍ അതൊക്കെ വലിയ വാര്‍ത്തകളും സംഭവങ്ങളുമായിരിയ്ക്കുന്നു ഇന്ന്‌ ഇന്ത്യാ മഹാരാജ്യത്ത്‌.!!

മാധ്യമപ്രമാണികള്‍ അപകടം മുന്‍കൂട്ടി മണത്തറിഞ്ഞ്‌ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു..അന്നദാതാക്കളായ മേലാളന്മാരുടെയും ഒപ്പം തങ്ങളുടെ തന്നെ മാനം രക്ഷിയ്ക്കേണ്ടത്‌ അവരുടെ കൂടെ ആവശ്യമായിരുന്നല്ലൊ ..മുല്ലപ്പെരിയാരില്‍ നിന്നുള്ള ന്യൂസൊഴുക്കിന്റെ വേഗത കുറഞ്ഞു..പ്രേക്ഷകരുടെ മനസ്സിന്റെ ഒഴുക്കു തിരിച്ചുവിടാനായി പുതിയ വിഷയമന്വേഷിച്ച്‌ മുല്ലപ്പെരിയാറിലും പരിസരങ്ങളിലും തമ്പടിച്ചിരുന്ന ലേഖകന്മാര്‍ നാടിന്റെ നാനഭാഗത്തേയ്ക്കും പാഞ്ഞു..വൃശ്ചികക്കാറ്റില്‍ ആടിയുലയുന്ന ചെങ്കൊടികളുടെ ചാരുതായാല്‍ TV സ്ക്രീനുകളുടെ മനസ്സു നിറഞ്ഞു. ഉപ്പള മുതല്‍ തെക്ക്‌ പാറശ്ശാല വരെയുള്ള ഒരോ പഞ്ചായത്തു വാര്‍ഡിലെയും ജനങ്ങളുടെ തലയെണ്ണി ചെങ്കൊടിയിലെ വിഭാഗീതയുടെ അംശബന്ധവും അനുപാതവും അക്കമിട്ടു നിരത്താന്‍ മല്‍സരിച്ചു റിപ്പോര്‍ട്ടര്‍മാര്‍..ചെങ്കോടിയിലെ വിള്ളലിന്റെ ആഴവും പരപ്പും വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡാമിന്റെ വിള്ളല്‍ എത്രയോ നിസ്സാരം..രണ്ടു ചാക്കു സിമന്റ്‌,കുറച്ചു മണല്‌,ഇത്തിരി കുമ്മായം പിന്നെ രണ്ടുപണിക്കാരും..രണ്ടു ദിവസം കൊണ്ടു തലൈവിയ്ക്കു തന്നെ തീര്‍ക്കാവുന്ന നിസ്സാര പ്രശ്നം.! ഏതൊരു സാക്ഷരനേയും നിരക്ഷരനാക്കുന്ന വാചലതയുടെ മാന്ത്രിക നിമിഷങ്ങളൊരുക്കുന്ന ന്യൂസ്‌ഔര്‍ വിദഗ്ദര്‍,എല്ലാറ്റിന്റേയും ഉത്തരവാദിത്വവും രാഷ്ട്രീയക്കാരില്‍ അടിച്ചേല്‍പ്പിച്ചു..അന്നദാതാക്കളായ സ്വന്തക്കാരെ മൃദുവായി സ്പര്‍ശിച്ചും തമിഴു രാഷ്ട്രീയ നേതാക്കളെ നിശതമായി വിമര്‍ശിച്ചും കുറ്റപത്രവും കവര്‍സ്റ്റോറിയും ഒരുക്കി കൈ കഴുകിയതോടെ എല്ലാം ഭദ്രം..ശാന്തം..ശുഭം.! കേരളമാകെ ഒഴുകിനീങ്ങുന്ന ചാനല്‍ കരോള്‍ സംഘങ്ങള്‍ക്ക്‌ ഷോപ്പിങ്‌ നഗരിയിലെ ഗ്രാന്‍ഡ്‌ സ്വര്‍ണ്ണത്തിടമ്പുകളും, മാദക വസ്ത്ര സുന്ദരികളും അകമ്പടിയേകുന്നു..ക്രിസ്മസ്‌ ന്യൂ ഇയര്‍ റിക്കാഡുകളുടെ കണക്കെടുപ്പിനായി മദ്യശാലകള്‍ നിറയുന്നു..കേരളം വീണ്ടും ഉത്സവലഹരിയിലാഴ്‌ന്നിറങ്ങുന്നു....


പശുവും ചത്തു...മോരിലെ പുളിയും പോയി...എന്നിട്ടും മുല്ലപ്പെരിയാറിന്റെ ചുവട്ടില്‍ ഒട്ടും കുറയാത്ത പോരാട്ടവീര്യവുമായി ആവേശം അസ്തമിയ്ക്കാത്ത ആ സത്യഗ്രഹപ്പന്തലില്‍ ഇപ്പോഴുമിരിയ്ക്കുന്ന ആ പാവങ്ങളുടെ നിറംകെട്ട മുഖങ്ങളിലേയ്ക്ക്‌ ഇനി ആരു ക്യാമറ ഫോകസ്‌ ചെയ്യാന്‍ അല്ലെ..ഇനിയെന്തു ന്യൂസ്‌ വാല്യു..!

എഴുതിയെഴുതി അങ്കിള്‍ ബോറാക്കി അല്ലെ മോളെ.എങ്ങിനെ ബോറാക്കാതിരിയ്ക്കും. കൂണു പോലെ മുളച്ചു പൊങ്ങുന്ന ന്യൂസ്‌ചാനലുകള്‍..മൈക്കു കിട്ടിയാല്‍ ഷൈന്‍ ചെയ്യാന്‍ എന്താഭാസത്തരവും വിളിച്ചു പറയാന്‍ മടിയില്ലാത്ത കുറച്ചു രാഷ്ട്രീയ നേതാക്കള്‍..നിരക്ഷരരെന്നപോലെ വായ്‌ പൊളിച്ചിരുന്നു ഇതെല്ലാം ഗ്രഹിയ്ക്കാനൊരുങ്ങുന്ന സാക്ഷരരായ കുറെ വയോജനങ്ങള്‍..
ഈ ഒരു കാലഘട്ടം ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ടുതന്നെയാകാം സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച്‌ അന്ന്‌ അങ്ങിനെ പറഞ്ഞിട്ടുണ്ടാകുക,.അല്ലെ കുഞ്ഞു...? .

കൊല്ലേരി തറവാടി
23/11/2011

16 comments:

  1. മുല്ലപ്പെരിയാറിനെക്കുറിച്ച്‌ ഇനി ഒന്നു എഴുതാന്‍ ബാക്കിയില്ല എന്നറിയമായിരുന്നു...വെക്കേഷനില്‍ ആയിരുന്നതുകൊണ്ട്‌ എനിയ്ക്കു മാത്രം പ്രതികരിയ്ക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്ന വിഷമം മനസ്സില്‍ അപ്പോഴും ബാക്കി നിന്നു...സത്യത്തില്‍ പവിഴമല്ലിയിലെ പോസ്റ്റിനു കമെന്റെഴുതി തുടങ്ങിയതാണ്‌.. അങ്ങിനെ ഇതെന്റെ അമ്പതാമത്തെ പോസ്റ്റായി മാറി..!

    എഴുതാനുള്ള മോഹം മാത്രമെ ഉള്ളു,..ഒരു വിഷയത്തെക്കുറിച്ചും ആധികാരികമായോ സാങ്കേതികമായോ എഴുതാനുള്ള അറിവും പരിചയവും എനിയ്ക്കില്ല..അതുകൊണ്ടുതന്നെ ഈ പോസ്റ്റിനേ ആ ഒരു ഗൗരവത്തോടെ മാത്രം കണക്കാക്കാവു...

    കാലികമായ മാറ്റങ്ങളെക്കുറിച്ച്‌,വികസിത രാഷ്ട്രവും, വികസ്വര രാഷ്ട്രവും, മൂന്നം ലോകവും ഇവയൊന്നും തമ്മിലുള്ള വ്യതാസങ്ങള്‍ എനിയ്ക്കറിഞ്ഞുകൂട..ഷെയര്‍ മാര്‍ക്കറ്റ്‌ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സെന്‍സെക്‍സ്‌....! ഇതെന്തു സെക്സ്‌.?. നിഫ്റ്റി..? ആരടി ഇവള്‌..! എന്നൊക്കെ തമാശയ്ക്കു ചിന്തിയ്ക്കാനുള്ള ബോധമേ എനിയ്ക്കുള്ളു..നല്ല പ്രായത്തില്‍ എക്‍ണോമിക്സ്‌ പഠിയ്ക്കാതിരുന്നതിന്റെ ദോഷം...!

    എന്നാലും ഒന്നറിയാം നമ്മുടെ രാജ്യം അതിവേഗം പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്‌..പണ്ടൊക്കെ ഈ പ്രവാസലോകത്തിലെ ഒരു റുപ്പിക കൊടുത്താല്‍ പത്തും പതിനൊന്നും ഇന്ത്യന്‍ റുപ്പീസ്‌ മാത്രമെ കിട്ടുമായിരുന്നുള്ളു....ഇപ്പോള്‍ പതിനാലും ചില്ലറയും കിട്ടും..ഇതൊക്കെ ഓര്‍ത്തു സന്തോഷിയ്ക്കുന്നതിനു പകരം ഞാന്‍ വെറുതെ ഓരോന്നെഴുതിപ്പിടിപ്പിച്ച്‌ എല്ലാരേയും വെറുപ്പിയ്ക്കാനൊരുങ്ങുന്നു...വേണ്ടായിരുന്നു അല്ലെ..

    ഇനി കമെന്റ്‌സ്‌... ആര്‍ക്കും കൊടുക്കാതെ തിരിച്ചു കിട്ടാനുള്ള മോഹം സ്വാര്‍ത്ഥയാണെന്നറിയാം..ശുദ്ധഗതിക്കാരനായ ഗ്രാമീണനായതുകൊണ്ട്‌ കിട്ടിയതുകൊണ്ട്‌ തൃപ്തിപ്പെടാനുമറിയാം..എന്നാലും കമന്റ്‌സുകള്‍കള്‍ മൊത്തമായി ചില്ലറയായും വില്‍ക്കപ്പെടും എന്ന അനാമികയുടെ ബ്ലോഗിലെ പരസ്യം കണ്ടപ്പോള്‍ ആ കുട്ടിയ്ക്കൊരു ക്വൊട്ടെഷന്‍ കൊടുത്താലൊ എന്നൊരു ചിന്ത മനസ്സില്‍..തൊഴിലൊന്നുമില്ലാതിരിയ്ക്കുകയല്ലെ..ഇതാണെങ്കില്‍ ഐശ്വര്യമുള്ളൊരു തറവാടി ബ്ലോഗും...നല്ലൊരു തുടക്കമാകും ..
    കൂടുതല്‍ കത്തി വെയ്ക്കുന്നില്ല..ബൂലോകത്തെ എല്ലാവര്‍ക്കും കുട്ടേട്ടന്റേയും മാളു ചേച്ചിയുടേയും ഒപ്പം അപ്പുവിന്റേയും കൃസ്തുമസ്‌-നവവല്‍സരശംസകള്‍..

    ReplyDelete
  2. മുല്ലപ്പെരിയാര്‍ ഡാമിന് എന്തു സംഭവിക്കും ? അറിയില്ല. മനസ്സില്‍ എവിടെയോ ഒരു പ്രാര്‍ത്ഥനയുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ ജനങ്ങള്‍ ഇന്ന് വരെ ഒരു അനിഷ്ഠസംഭവത്തിനും പ്രകൃതിക്ഷോപത്തിനും യുദ്ധത്തിനും ഒന്നും നേരിട്ട് ഒരു ദുരിതവും അനുഭവിച്ചറിഞ്ഞവരല്ല.അതുകൊണ്ട് തന്നെയാണ് വാര്‍ത്താമാദ്ധ്യമങ്ങള്‍ രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ കൊല്ലേരി പറഞ്ഞ രീതിയില്‍ ഉള്ള വാര്‍ത്തകളും പ്രഹസനങ്ങളും നടത്തിയത്.. സാക്ഷരതയില്‍ മുന്നിട്ട് നില്ക്കുന്നു എന്ന് പറയുന്ന മലയാളിയെ നോക്കി ചിരിക്കണൊ കരയണൊ?
    ഈ വിഷയത്തില്‍ പല പോസ്റ്റും വന്നു എങ്കിലും "മുല്ലപ്പെരിയാര്‍... കുഞ്ഞു അറിയാന്‍... " വായിച്ചപ്പോള്‍ ഒരു വല്ലത്ത വിഷമം പ്രതികരണശേഷിയില്ലാത്ത ജനത! അര്‍ഹതയില്ലാത്തവന്റെ കയ്യില്‍ രാജ്യഭരണം !!
    ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയേയും അണക്കെട്ടിനേയും ദൈവം തന്നെ തുണയ്ക്കട്ടെ.
    ക്രിസ്തുമസ്സ് ആശംസകള്‍.......

    ReplyDelete
  3. ആഹ ഞാന്‍ ഇവിടെയും എത്തിയോ??
    സന്തോഷമുണ്ട്.. പിന്നെ മുല്ലപെരിയാര്‍... ഞാനും കൂടാം ഡാം പണിയാന്‍ ... തൊഴില്ലില്ലായ്മ നേരിടുന്ന എല്ലാര്ക്കും ഒരു പണിയായി

    ReplyDelete
  4. ഡാം പൊട്ടുകയില്ലെന്ന് കരുതി ജീവിയ്ക്കുക മാത്രമേ വഴിയുള്ളൂ എന്നാണോ?
    വായിച്ചിട്ട് വിഷമം തോന്നുന്നു.

    ReplyDelete
  5. മുല്ലപ്പെരിയാര്‍- സമരങ്ങള്‍ ക്കു അവധിയരുത്‌....



    കഷ്ടം..! മുല്ലപ്പെരിയാറിലെ ആരവങ്ങള്‍ പിറവത്തിനു വേണ്ടിയാണത്രേ.. എണ്ണത്തില്‍ കുറവെങ്കിലും ചില മലയാളികളും ഇതേറ്റുപറയുന്നതാണു കൂടുതല്‍ സങ്കടകരം..
    പരമാവധി 50 കൊല്ലം മാത്രം നിലനില്‍ക്കുന്നതിനായി പണിത ഒരു ഡാം. 45 കൊല്ലമായപ്പോഴേ അടുത്തതിനുള്ള നടപടികളാരംഭിക്കേണ്ടതായിരുന്നു.അതുണ്ടായില്ലെന്നു മാത്രമല്ല, 116 കൊല്ലമായിട്ടും ദുരന്തഭീതി വിതച്ച്‌ 30 ലക്ഷം ജനങ്ങളുടെ തലക്കുമുകളില്‍ അതിപ്പോഴും തൂങ്ങിനില്‍ക്കുന്നു. ഈ അവസ്തക്ക്‌ ഞാനും നിങ്ങളും നമ്മെ മാറി മാറി ഭരിച്ചവരും ഒരുപോലെ ഉത്തരവാദികളാണു.ഇപ്പോള്‍ വിഷയം മുമ്പെന്നത്തേക്കാള്‍ സജീവമായിരിക്കുന്നു.അതിനുകാരണം പിറവമാണെന്നു പറയുന്നത്‌ ഒരു സമൂഹത്തിന്റെ സാമന്യബോധത്തെപോലും അവഹേളിക്കുന്നതിനു തുല്യമാണു.
    ഡാം പരിസരത്തു തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളും ഡാമിന്റെ വിള്ളലുകള്‍ വികസിച്ചതും ചോര്‍ച്ച വര്‍ദ്ധിച്ചതും അനുവദനീയമായ 136 അടിയില്‍ നിന്നു ജലനിരപ്പുയര്‍ന്നതും സുര്‍ക്കി മിശ്രിതം ഒലിച്ച്‌ ഡാം അസ്തികൂടമായതും പിറവം കാരണമാണെന്നു പറയുന്നവര്‍, ആരായാലും അസാമാന്യ തൊലിക്കട്ടിയുള്ളവര്‍ തന്നെ. വളരെ വൈകിയാണെങ്കിലും, ജീവിച്ചിരിക്കാന്‍ വേണ്ടി മാത്രം ഉണര്‍ന്നെണീക്കുന്ന ഒരു ജനതയെ വീണ്ടും ഉറക്കി കിടത്തിയാലേ കാലങ്ങളായി തുടര്ര്‍ന്നുപോരുന്ന ചൂഷണം നിര്‍വിഘ്നം തുടരാന്‍ കഴിയൂ എന്നു ഈ ദുരന്തസേതു കൊണ്ടുള്ള പ്രയോജനം കാല്ക്കാശിന്റെ ചിലവില്ലാതെ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ നന്നായറിയാം.അതിനവര്‍ എന്തും പറയും.ഏതു കളിയും കളിക്കും.ഏതറ്റം വരെയും പോകും.പക്ഷേ ഈ കളിയില്‍ വിജയം നമുക്കു വേണം.കാരണം നമ്മള്‍ കളിക്കുന്നത്‌ ജീവിതം കൊണ്ടുതന്നെയാണു.
    രണ്ടു കാരണങ്ങളാല്‍ നമ്മള്‍ രണ്ടുകാര്യങ്ങള്‍ ആവശ്യപ്പെടുന്നു.ഡാമിന്റെ കാലപ്പഴക്കംകൊണ്ടുള്ള അതീവ ദുര്‍ബ്ബലാവസ്തയും തുടര്‍ച്ചയായുണ്ടാകുന്ന ഭൂ ചലനങ്ങളുമാണു കാരണങ്ങള്‍.അടിയന്തിരമായി ജലനിരപ്പ്‌ കുറക്കുകയും പുതിയ ഡാം/ഡാമുകള്‍ പണിയുകയുമാണു കാര്യങ്ങള്‍.ഈ രണ്ടു കാര്യങ്ങളും അനുവദിച്ചു കിട്ടുംവരെ ഇപ്പോള്‍ തുടര്‍ ന്നുവരുന്ന ജനകീയ സമരങ്ങള്‍ ആരോക്കെ പിന്മാറിയാലും തുടര്ര്‍ന്നുകൊണ്ടു പോകണം. ഇനിയും നമ്മള്‍ അവധിപ്രഖ്യാപിച്ച്‌ ഉറങ്ങാന്‍ തുടങ്ങിയാല്‍,മാനവ ചരിത്രത്തിലെ ഏറ്റവുംവലിയ ദുരന്തത്തിനുത്തരവാദികള്‍ നമ്മള്‍ തന്നെയായിരിക്കും.

    ReplyDelete
  6. നമ്മിൽ ഓരോരുത്തരിലും അണപൊട്ടിയ ആശങ്കകളുയർത്തിയ മുല്ലപ്പെരിയാറിന്റെ ഇപ്പോൾ നടമാടി കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷങ്ങളെ പറ്റി...
    ഒന്നും തന്നെ ബാക്കിവെക്കാതെ ശരിക്ക് ഉള്ള് തുറന്ന് ; കുഞ്ഞുവിനോട് പറഞ്ഞിരിക്കുന്ന ഈ സംഗതികൾക്ക്...
    ഒരു വലിയ ‘ഹാറ്റ്സ് ഓഫ്‘ കേട്ടൊ തറവാടി

    ReplyDelete
  7. മുഖത്ത്‌ ഈച്ചയോ കൊതുകോ വന്നിരുന്ന അസ്വസ്ഥതയില്‍ പ്രധാനമന്ത്രിയൊന്നു തലകുലുക്കി.!!!.എല്ലാവരും കാത്തിരുന്നതും ആ നിമിഷത്തിനായിരുന്നു..ക്യാമറകള്‍ മിന്നി..TV സ്ക്രീനുകളില്‍ ദെല്‍ഹിയില്‍ നിന്നും ഫ്ലാസ്‌ ന്യൂസ്‌ ഒഴുകിയെത്തി.." മുല്ലപ്പെരിയാര്‍ വിഷയത്തിന്‌ പരിഹാരം.. പ്രധാനമന്ത്രി തലകുലുക്കി." ജനകീയവിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി തലകുലുക്കുക..!ഒന്നു ചിരിയ്ക്കുക..! വായ തുറന്നെന്തെങ്കിലുമൊന്നു ഉരിയാടുക..! അറിയാതെ ഒന്നു കോട്ടുവാ ഇടുക പോലും ചെയ്താല്‍ അതൊക്കെ വലിയ വാര്‍ത്തകളും സംഭവങ്ങളുമായിരിയ്ക്കുന്നു ഇന്ന്‌ ഇന്ത്യാ മഹാരാജ്യത്ത്‌.!!..ഇതൊക്കെ തന്നെയാണ് രത്ന ചുരുക്കം. തന്റെ പോസ്റ്റില്‍ പല വിധ സമകാലിക വിഷയങ്ങള്‍ കുത്തി നിറക്കുന്നതില്‍ കൊല്ലേരിയുടെ കഴിവിനെ പ്രശംസിക്കാതെ വയ്യ.അവധിയില്‍ നാട്ടിന്‍ പുറത്തു ഇലക്ക്ട്രോണിക്ക് സൌകര്യങ്ങളില്‍ നിന്നകലെയായിരുന്നിട്ടും വള്ളി പുള്ളി വിടാതെ സംഭവങ്ങള്‍ നിരത്തിയിട്ടുണ്ടല്ലോ? .ചുളുവില്‍ ഒരു പോസ്റ്റും തരപ്പെടുത്തി,മിടുക്കന്‍!.

    ReplyDelete
  8. കൊടു കൈ! ഇതുതന്നെയാണ് എനിക്കും പറയാനുള്ളത്. ക്ലാസ്സില്‍ ടീച്ചറില്ലാത്തപ്പോള്‍ താണ്ഡവമാടുന്ന തെമ്മാടിപ്പിള്ളേരുടെ പോലെയായി ജനങ്ങളും 'പ്രാദേശിക നേതാക്കളും'. അണക്കെട്ട് ദുര്‍ബലമാണോ അല്ലയോ എന്ന കാര്യത്തിന് ന്യായമായ ഒരു ഉത്തരമുണ്ടാകണം അതിന്റെ അടിസ്ഥാനത്തിലുള്ള അനന്തരനടപടികളുണ്ടാകണം. ഇത്രയേയുള്ളൂ പ്രശ്നം.

    ഇതേ തരത്തിലുള്ള പല ബഹളങ്ങളുമുണ്ടായി സൈലന്റ് വാലിയുടെ കാര്യത്തില്‍. ഇന്ദിരമ്മ പറഞ്ഞു 'നടപ്പില്ല' എന്ന്. അതിനു ശേഷം ആ വാലിയേക്കുറിച്ച് ഒരാളും ഒരക്ഷരം മിണ്ടിയിട്ടില്ല. തറവാടി പറഞ്ഞത് ശരിയാണ്. തന്റേടത്തോടെ ഒരു തീരുമാനമെടുക്കാനും അതു നടപ്പാക്കാനുമുള്ള ചങ്കുറപ്പ് പെണ്ണിനേയുള്ളൂ. ഇങ്ങേര് മനോമോഹനനാണോ സിംഹമാണോ എന്ന് ഇനിയും തീരുമാനമായിട്ടില്ല....

    ReplyDelete
  9. പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും ഒരേ മനസ്സുമായി കഴിഞ്ഞിരുന്ന രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ത്തല്ലിച്ചു ഇന്ത്യയും പാകിസ്താനുമാക്കിയപ്പോള്‍ സമാധാനമായി എല്ലാവര്‍ക്കും

    ReplyDelete
  10. നമ്മള്‍ ഒരു മുന്‍വിധിയോടെ ഈ കുഞ്ഞെന്തു പറയാന്‍ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കുഞ്ഞു അങ്ങനെ പ്രതികരിച്ചത്‌. ശരിക്കും വിഷമമായി. കുഞ്ഞുവിനെ ചേര്‍ത്തുപിടിച്ചെഴുതിയ ഈ ലേഖനം പലരുടെയും കുറിക്കുകൊള്ളും. മനസ്സുതുറന്ന് എല്ലാവരുടെയും 'ഉള്ള്' തുറന്നെഴുതി. ലക്ഷ്യം കാണുകയല്ല പലരുടെയും ലക്ഷ്യം. കഷ്ടം. കൊല്ലേരി തറവാടി, പക്ഷെ പറയാതെ വയ്യ, ഈ പ്രശ്നം ശക്തമായി അവതരിപ്പിച്ചു.

    ReplyDelete
  11. നന്നായിരിക്കുന്നു.. മുല്ലപ്പെരിയാർ വെറുതെ എഴുതിതള്ളാൻ എനിക്കൊരു മടി അതു കൊണ്ട് ഞാൻ ഇത്തിരി ക്രൂരനാവുകയാണ്‌.. ഞാനും മുല്ലപ്പെരിയാർ വിഷയം എഴുതുന്നുണ്ട്.. അതിലൂടെ ഞാൻ ഡാം പൊട്ടിക്കുന്നു
    വൈകാതെ പോസ്റ്റ് ചെയ്യും
    ഇടക്ക്‌ എന്റെ ബ്ലോഗിലേക്കും വരൂട്ടൊ...
    പകല്‍ നക്ഷത്രം..

    ReplyDelete
  12. ഇന്ന്‌.! കുപ്പത്തൊട്ടിയിലെ ദുര്‍ഗന്ധം വമിയ്ക്കുന്ന ചവറുകള്‍ വലിച്ചുപുറത്തിട്ട്‌ താല്‍പ്പര്യമുള്ളതുമാത്രം ചികഞ്ഞെടുത്ത്‌ ബാക്കി ഒരു മടിയുംകൂടാതെ നടുറോഡില്‍ത്തന്നെ ഉപേക്ഷിച്ച്‌ സമൂഹത്തെ മൊത്തം മലീമസമാക്കുന്ന പെരുച്ചാഴികളായി മാറിയിരിയ്ക്കുന്നു പലരും.! = നമ്മുടെ വാർത്താചാനലുകളെക്കുറിച്ചുള്ള, കൃത്യതയാർന്ന ഒരു വിലയിരുത്തൽ..

    സുകന്യേച്ചിയുടെ ‘കുഞ്ഞു’വിനെ കൊല്ലേരി പുതിയൊരു തലത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയിരിക്കുന്നു..

    (ഇന്ന് ജയലളിതയെ കാണാൻ ‘മനമോഹനൻ’ ചെല്ലുന്നതായി വാർത്ത കണ്ടു.. ഒരു വാർത്ത എന്നതിലപ്പുറം, കൂടുതൽ പ്രാധാന്യമൊന്നും ആ കൂടിക്കാഴ്ചയ്ക്ക് കൊടുക്കേണ്ടി വരില്ല.)

    ReplyDelete
  13. ജനങ്ങളെ പേടിപ്പിച്ചു എന്നല്ലാതെ ഇത്രയും നാളത്തെ മുല്ലപ്പെരിയാർ ബഹളം കൊണ്ട് എന്തുണ്ടായി. ഒന്നും സംഭവിച്ചില്ല. ഇത്ര ലക്ഷം ജനങ്ങളുടെ പ്രശ്നമായിട്ടും എന്താ ഒന്നും നടക്കാത്തതു്. എല്ലാം കണ്ടും കേട്ടും സങ്കടപ്പെടാമെന്നല്ലാതെ നമുക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല അല്ലേ?

    ReplyDelete
  14. The main reason for retreat of our politicians is attributed to the threat of Tamil Nadu that they will announce the details of Keralites who have property in the nearby Districts such as Theni.

    ReplyDelete
  15. വായാടിത്തവും വേദനിപ്പിക്കലും മാത്രമെ നടക്കുന്നുള്ളു. കാര്യത്തെ ഗൌരവമായി ആരും കാണുന്നില്ല...

    ReplyDelete