Sunday, March 6, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (മൂന്നാം ഭാഗം)

സമാന്തരലോകത്തിലൂടെ......
അമ്മ പറഞ്ഞതുപോലെ, ശുക്രദശ കഴിഞ്ഞ്‌ ആദിത്യന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു... പ്രയോജനമില്ലാതെ അലഞ്ഞുതിരിയേണ്ട കാലം. 

വ്യര്‍ത്ഥമായ കലാലയജീവിതത്തില്‍നിന്നും നേരേ ചേക്കേറിയത്‌ ജീവിതത്തിലെ മറ്റൊരു മായാലോകത്തേയ്ക്കായിരുന്നു.. പാരലല്‍കോളേജിന്റെ മാസ്മരികതയിലേയ്ക്ക്... വിരസമായ കണക്കിനെ എങ്ങിനെ ജനകിയവിഷയമാക്കി മാറ്റാമെന്ന്‌ തെളിയുക്കുകയായിരുന്നു ഞാന്.. നികേഷ്‌കുമാറും, ബ്രിട്ടാസും ടി വി ചാനലുകളൊന്നുമില്ലാത്ത അക്കാലത്ത്‌ സമകാലീന രാഷ്ട്രീയ,  സിനിമ, സാഹിത്യവിഷയങ്ങളെ മാത്‌സുമായി കൂട്ടിയിണക്കി വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായി. മലയാളം ക്ലാസുകളെ പിന്തള്ളി കണക്കുക്ലാസുകള്‍ നിറഞ്ഞു കവിഞ്ഞു.. രസിയ്ക്കുകയായിരുന്നു ഞാന്‍ രസിപ്പിച്ചു സ്വയം മറക്കുകയായിരുന്നു.!

പലപ്പോഴും കോമാളിവേഷത്തിന്റെ തലങ്ങളോളം വരെ എത്തി എന്റെ പ്രകടനങ്ങള്‍..! അല്ലാതെ എന്തു ചെയ്യാന്‍ കഴിയുമായിരുന്നു അന്നെനിയ്ക്ക്.. ഉള്ളിലെ കത്തുന്ന കനലില്‍ ഇത്തിരി വെള്ളം കോരിയൊഴിയ്ക്കാന്‍ ആരുമില്ലായിരുന്നു.മനസ്സൊന്നുതുറക്കാന്‍ നല്ലൊരു സുഹൃത്തുപോലുമില്ലായിരുന്നു ഒറ്റയാനായ എനിയ്ക്ക്‌.!

പിന്നെ ലഹരിപദാര്‍ത്ഥങ്ങള്‍.! ജീവനുള്ള ലഹരിയോടല്ലാതെ മറ്റൊരു ലഹരിയോടും ജീവിതത്തില്‍ ഇതുവരെ അഭിനിവേശം തോന്നിയിട്ടില്ല.ഒരിയ്ക്കലെങ്കിലും,അനുഭൂതി എന്തെന്നറിയാന്‍ വേണ്ടിയിട്ടെങ്കിലും ഒന്നു രുചിച്ചുനോക്കാന്‍ മോഹം തോന്നിയിട്ടില്ല.. മദ്യത്തിന്റെ മണമേല്‍ക്കാതെ,സിഗരറ്റിന്റെ പുകയേല്‍ക്കാതെ,പാന്‍മസാലയുടെ രുചിയറിയാതെ ജന്മലക്ഷ്യത്തിന്റെ പാതിയും വ്യര്‍ത്ഥമായ പാവം എന്റെ ചുണ്ടുകള്... പ്രവാസലോകത്തിലെ വാരന്ത്യ അപ്പാര്‍ട്ടുമെന്റ്‌ ആഘോഷങ്ങളില്‍ വല്ലാതെ ഒറ്റപ്പെടും ഇന്നും ഞാന്‍... പലരും പലകുറി നിര്‍ബന്ധിച്ചു... തോന്നിയില്ല.. ശീലങ്ങളും,ശീലക്കേടുകളും ശീലിയ്ക്കേണ്ട പ്രായത്തില്‍ ശീലിയ്ക്കണം.. ഈ ശീലക്കുറവുകള്‍കൊണ്ടുതന്നെയാകാം വിപുലമായൊരു സുഹൃത്‌വലയം ഉണ്ടാക്കാന്‍ എനിയ്ക്കു കഴിയാതെ പോയത്... ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കുമിടയിലും വെറുമൊരജ്ഞാതനായി ഒതുങ്ങാനുള്ള ത്വര എന്നില്‍ വളരാനും അത്‌ ഒരു കാരണമായിട്ടുണ്ടാകം.. 

ഏഴാംക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അച്ഛനോടൊത്തായിരുന്നു മദ്യശാലയിലേയ്ക്കുള്ള എന്റെ കന്നിയാത്ര. അതുകൊണ്ടുതന്നെയായിരിയ്ക്കാം അത്‌ ഒട്ടും രാശിയാവാതെ പോയത്.. തൃശ്ശൂര്‍ റീജിനല്‍ തിയറ്ററില്‍ നാടകം കാണാന്‍ പോയതായിരുന്നു ഞങ്ങള്... ഇന്റര്‍വെല്‍ സമയത്ത്‌ അവിടെവെച്ച്‌ അച്ഛന്‍ ഒരു പഴയകാല സുഹൃത്തിനെ കണ്ടുമുട്ടി.. നാടകം ആഘോഷത്തിനു വഴിമാറി.. നിമിഷങ്ങള്‍ക്കകം ഓട്ടോയില്‍ പാരഗണ്‍ റെസ്റ്റോറന്റിലെത്തി. ബാറിലെ ഇരുണ്ടുചുവന്ന വെളിച്ചം, പോട്ടാറ്റോ ചിപ്‌സ്‌.. ലൈംജൂസ്‌, അതുവരെ അറിയാത്ത രുചിയും മണവുമുള്ള ചുവന്ന ചിക്കന്‍കാലുകള്.. എല്ലാം ആ ഏഴാംക്ലാസുകാരന്‌ പുതുമയുള്ള അനുഭവങ്ങളായിരുന്നു.. പക്ഷെ, എന്തോ ആ പുതുമ എന്റെ മനസ്സില്‍ തികച്ചും വിപരീതഫലമാണുണ്ടാക്കിയത്.. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ കൂട്ടുകാരുമൊത്ത്‌ പിന്നേയും പലതവണ ബാറില്‍ പോകേണ്ടിവന്നിട്ടുണ്ട്‌.. നുരയും പതയും ചുരത്തി വശീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കൂട്ടത്തില്‍ പാവമായ ബിയറിനെപോലും അവഗണിച്ച്‌ ബാല്യത്തില്‍ രുചിയറിഞ്ഞ ബാറിലെ ലൈംജൂസിന്റെ മാധുര്യത്തില്‍ ഒതുങ്ങിപോകും അപ്പോഴൊക്കെ എന്റെ മധുപാന മോഹങ്ങള്‍...

"കണ്ടോ, കണ്ടോ... രാവിലെതന്നെ കൈ വിറക്കണ കണ്ടോ.!" ചുണ്ടില്‍ കള്ളച്ചിരിയുമായി നടനവൈഭവത്തിന്റെ അഭൗമനിമിഷങ്ങള്‍ അനായാസം സമ്മാനിയ്ക്കുന്ന വെള്ളിത്തിരയിലെ വിസ്മയമായ ലാലേട്ടന്റെ മാസ്മരിക വെള്ളമടിസീനുകള്‍ ഒഴികെ യഥാര്‍ത്ഥ ജീവിതത്തില്‍ നാലുപേര്‍ ഒന്നിച്ചിരുന്നു മദ്യപിയ്ക്കുന്നതും സ്വബോധം നഷ്ടപ്പെട്ടവരെ പോലെ വെറുതെ കരയുന്നതും ചിരിയ്ക്കുന്നതുമൊക്കെ കാണുമ്പോള്‍ വീര്‍പ്പുമുട്ടും.. വെറുപ്പു തോന്നും. കോണ്‍വെന്റുമുറ്റത്തെ വെയിലത്ത്‌ വിയര്‍ത്തൊലിച്ച്‌ ശ്വാസമടക്കി അസംബ്ലിയില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെപോലും വെല്ലുന്ന അച്ചടക്കത്തോടെ ബീവറേജസിനുമുമ്പില്‍ വരിവരിയായി നില്‍ക്കുന്ന ജനങ്ങളെ കാണുമ്പോള്‍ സഹതാപം തോന്നും.

ആ കുഞ്ഞുപ്രായത്തിലുള്ള എന്നേയുംകൂട്ടി ബാറില്‍ പോയത്‌ അച്ചന്റെ കുറ്റമല്ലായിരുന്നു. അങ്ങിനെയായിരുന്നു അച്ഛന്റെ രീതികള്. പാവമായിരുന്നു അച്ഛന്‍... മക്കളെ സുഹൃത്തുക്കളെപോലെ കരുതി ഇത്രയും ഫ്രീഡം നല്‍കിയ മറ്റൊരാളും ഉണ്ടായിരുന്നിരിക്കില്ല അക്കാലത്ത്. ഫിലിം സൊസൈറ്റികളുടെ വസന്തകാലമായിരുന്ന അന്ന്‌ അച്ഛനൊടോത്ത്‌ ഭാഷയും അര്‍ത്ഥവുമറിയാതെ എത്രയോ അവാര്‍ഡുസിനിമകള്‍ കണ്ടിരിയ്ക്കുന്നു.മമ്മുട്ടിയ്ക്കും ലാലേട്ടനുമപ്പുറം സ്കൂള്‍നാളുകളില്‍ കണ്ടുശീലിച്ച മുഖങ്ങളായ നസറുദ്ദീന്‍ ഷായും ഓംപുരിയും ശബാനാആസ്മിയും സ്മിതാപാട്ടിലും ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു..

അച്ഛന്‍ മരിച്ചിട്ട്‌ ഈ വരുന്ന മീനമാസത്തിലെ അശ്വതി നാളില്‍ പത്തു വര്‍ഷം തികയും... നേതൃപാടവം, വലിയൊരു സുഹൃദവലയം ഇതൊക്കെ അച്ഛന്റെ എടുത്തുപറയത്തക്ക പ്രത്യേകതകളായിരുന്നു.. ഒരുകാലത്ത്‌ നാട്ടിലെ എല്ലാവിധ കലാസാഹിത്യ സാംസ്കാരിക പരിപാടികളിലേയും മറ്റു ചടങ്ങുകളിലേയും നിറസാന്നിധ്യമായിരുന്നു അച്ഛന്.... അച്ഛന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള ഒരു മകനായി ഒരിയ്ക്കലും വളരാന്‍ കഴിഞ്ഞില്ല എനിയ്ക്ക്.. ആ രൂപഭാവങ്ങളൊഴിച്ച്‌ ശീലങ്ങളൊന്നും സ്വായത്തമാക്കാന്‍ കഴിഞ്ഞില്ല... പാവങ്ങളുടെ കണ്ണീരിനുമുമ്പില്‍ സ്വന്തം ആവശ്യങ്ങള്‍ മറന്ന്‌ പോക്കറ്റിലുള്ളതെല്ലാം എടുത്തുകൊടുക്കുന്ന ആ ദാനശീലമുള്‍പ്പടെ നല്ല ശീലങ്ങളൊന്നും കിട്ടിയില്ല... താന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ എന്റെ സജീവസാന്നിധ്യം മോഹിച്ചിരുന്നു അച്ഛന്.. പക്ഷെ അധികാരത്തിന്റെ ബലത്തില്‍ അടിയന്തരാവസ്ഥയെ കണ്ണടച്ചു പിന്താങ്ങിയ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചുപോകാന്‍ എനിയ്ക്കു കഴിഞ്ഞില്ല.. പാവം അച്ഛന്റെ മനസ്സു വേദനിപ്പിച്ച്‌ എതിര്‍ചേരിയില്‍ പ്രവര്‍ത്തിയ്ക്കാനും കഴിയില്ലായിരുന്നു.. ഹൈസ്കൂള്‍ പ്രായത്തില്‍തന്നെ സ്വന്തം ചിന്തകളും രീതികളും വളരാന്‍ തുടങ്ങിയിരുന്നു,.. പിന്നെ എല്ലാറ്റിനുമുപരിയായി രമചേച്ചിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്ന ശിങ്കിടയായി കറങ്ങിനടക്കാനായിരുന്നല്ലൊ അന്നെനിയ്ക്കു കൂടുതല്‍ താല്‍പ്പര്യം.. 

പതിനേഴുവര്‍ഷം കെട്ടിയാടിയ വിദ്യാര്‍ത്ഥിവേഷം അഴിച്ചുവെച്ച്‌ അവസാന കലാലയത്തില്‍ നിന്നും പുറത്തുകടന്നപ്പോള്‍ മേല്‍വിലാസം നഷ്ടപ്പെട്ട്‌ പെട്ടന്നൊരനാഥനായിമാറിയതുപോലെ തോന്നി... കോളേജു വിദ്യാഭ്യാസത്തിന്റെ അന്ത്യനാളുകള്‍ സമ്മാനിച്ച ആത്മവ്യഥയുമായി ഒന്നും ചെയ്യാനില്ലാതെ ചിറവരമ്പത്തും അമ്പലപറമ്പിലും വായനശാലപ്പടിയ്ക്കലും അലഞ്ഞു തിരിഞ്ഞ നാളുകള്‍ ഭയാനകമായിരുന്നു.. മരണം വരിയ്ക്കാന്‍ മോഹിച്ച ചില നിമിഷങ്ങളില്‍ തികഞ്ഞ ശൂന്യതയായിരുന്നു മുന്നില്‍..

കാലവര്‍ഷപ്പെരുമഴയില്‍ നിറഞ്ഞുമദിച്ചഹങ്കരിച്ചൊഴുകിയിരുന്ന വടക്കെച്ചിറയിലേയ്ക്കെടുത്തു ചാടി കരുവന്നൂര്‍പുഴയിലൂടെ ഒലിച്ചുപോയി അറബിക്കടലിലെത്തി അപ്രത്യക്ഷമാകാന്‍ മനസ്സ്‌ തുടിച്ചിട്ടുണ്ട്‌.

കലാലായത്തിന്റെ മുകള്‍ത്തട്ടില്‍ നിന്നും താഴോട്ടു പതിച്ച്‌ തകര്‍ന്നടിയുന്ന എന്റെ രക്തത്തുള്ളികള്‍ തെറിച്ചുവീണു അങ്കണത്തില്‍ കെട്ടികിടക്കുന്ന മഴത്തുള്ളികളില്‍ ചുവപ്പുരാശി പടരുന്നത്‌ സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നിട്ടുണ്ട്‌.

ഉറക്കം പിണങ്ങിനില്‍ക്കുന്ന ആ രാവുകളില്‍ ജനലിലൂടെ വടക്കെപാടത്ത്‌ കാറ്റിലാടുന്ന നെല്ലോലകളുടെ നിഴലുമായി ഒളിച്ചുകളിച്ചും നൃത്തംചെയ്തും രസിയ്ക്കുന്ന നിലാവിന്റെ നിഷ്കളങ്കതയെ അസൂയയോടെ നോക്കിനിന്ന്‌ കണ്ണുനീര്‍ വാര്‍ത്തിട്ടുണ്ട്‌.. മുറിയിലെ വെളിച്ചം കണ്ട്‌ പലപ്പോഴും അമ്മ ഉണര്‍ന്നുവരുമായിരുന്നു. തന്റെ മകനെന്തുപറ്റി എന്നോര്‍ത്തു അമ്പരക്കുമായിരുന്നു... വരാന്‍പോകുന്ന റിസള്‍ട്ടിനെകുറിച്ചുള്ള ആകുലതയാണ്‌ കാരണമെന്ന്‌ കരുതി സ്വയം ആശ്വസ്സിയ്ക്കുമായിരുന്നു, ആശ്വസ്സിപ്പിയ്ക്കുമായിരുന്നു... ബെഡ്ഡില്‍ക്കിടത്തി പുതപ്പിച്ച്‌ ഒരു കൊച്ചുകുട്ടിയെ എന്നപോലെ മൃദുവായി നെറ്റിയില്‍ തലോടി ഉറക്കുമായിരുന്നു..

എന്റെ അമ്മ.. മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വായിച്ചറിഞ്ഞ്‌ രക്ഷാവലയമൊരുക്കി ഒരു നിഴല്‍ പോലെ അന്നും ഇന്നും എന്റെ കൂടെയുണ്ട്‌.! 

സമാന്തരമായ ഏതെങ്കിലുമൊരു ലോകത്തേയ്ക്കുള്ള യാത്ര തീര്‍ത്തും അനിവാര്യമായിരുന്നു അന്ന്‌.. ഒരുതരത്തില്‍ ഒരൊളിച്ചോട്ടം... അതുവഴി ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ്‌.. നാലോ അഞ്ചോ വയസ്സുമാത്രം കുറവുള്ള നിഷ്ക്കളങ്കരായ ആ കൗമാരക്കുരുന്നുകള്‍ക്കിടയില്‍ അതിലും ചെറിയ കുട്ടിയാകാന്‍ കൊതിയ്ക്കുകയായിരുന്നു എന്റെ മനസ്സ്‌... എല്ലാം മറന്ന്‌ അവരില്‍ ഒരാളായെങ്കിലും മാറാന്‍ ശ്രമിയ്ക്കുകയായിരുന്നു ഞാന്‍.

ജയനും നസീറും നെടുമുടിയും ലാലും മമ്മുട്ടിയും ഉള്‍പ്പെടുന്ന ഗണവും അവര്‍ നായകന്മാരായി അഭിനിയച്ച സിനിമകളുടെ ഗണവും കൂട്ടിചേര്‍ത്ത്‌ ബന്ധങ്ങളും ഏകദങ്ങളും പഠിപ്പിയ്ക്കുന്ന അധ്യാപകന്‍ കുട്ടികള്‍ക്ക്‌ തീര്‍ത്തും പുതുമയായിരുന്നു.

"ഒട്ടകത്തിലെ പാട്ട്‌" കേള്‍ക്കാത്ത കുട്ടികള്‍ ഒട്ടകത്തിന്റെ ഓഡിയോകാസറ്റ്‌ തേടിനടന്നു..

കുലീനവും,.തറവാടിത്വവും നിറഞ്ഞ മയത്തിലുള്ള അശ്ലീലവും മാന്യമായ ദ്വയാര്‍ത്ഥപ്രയോഗങ്ങളും ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളെയാണ്‌കൂടുതല്‍ രസിപ്പിയ്ക്കുക എന്ന സത്യം തിരിച്ചറിഞ്ഞ കാലം. 

നര്‍മ്മബോധത്തിന്റെ പ്രസരിപ്പും കാല്‍പനികതയുടെ നിറക്കാഴ്ചകളുമായി ക്ലാസ്‌റൂമിനെ മാന്ത്രികലോകമാക്കി മാറ്റുന്ന യുവ അദ്ധ്യാപകന്‍ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ശ്രദ്ധയും ആരാധനയും പെട്ടന്നുതന്നെ പിടിച്ചുപറ്റി..

കാച്ചെണ്ണയുടെ ഗന്ധം ഇറ്റിറ്റു വീഴുന്ന ചുരുണ്ടമുടിതുമ്പിലെ തുളസിക്കതിര്, കടക്കണ്ണുകളിലെ തിരയിളക്കം,പാതിവിടര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍ തിളങ്ങിനില്‍ക്കുന്ന മുല്ലമൊട്ടുകള്,അടുത്തുവരുമ്പോള്‍ നാണംകൊണ്ടും സംഭ്രമംകൊണ്ടും ചുവന്നുതുടുക്കുന്ന നീണ്ടുവെളുത്ത മൂക്കിന്‍തുമ്പിലെ ഉയരുന്ന ഊഷ്മാവിനൊപ്പം ചുവക്കാന്‍ തുടങ്ങുന്ന വെള്ളക്കല്ലുമൂക്കുത്തി... അടുക്കാന്‍ ശ്രമിച്ച ചിലമുഖങ്ങളില്‍ ഒരു മുഖം ഇന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നു എനിയ്ക്ക്‌... ആരാധനയ്ക്കപ്പുറം ആ വെളുത്ത മുഖത്തു വിരിഞ്ഞിരുന്ന ചുവന്നുതുടുത്ത മോഹപ്പൂക്കളും പ്രണയഭാവങ്ങളും മനപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു.. അന്നത്തെ മാനസ്സികാവസ്ഥയില്‍ അതിനപ്പുറം മറ്റൊന്നിനും കഴിയില്ലായിരുന്നു എനിയ്ക്ക്.. അത്രയ്ക്കും നിസ്സംഗമായിരിന്നു എന്റെ മനസ്സ്‌.

സമപ്രായക്കാരനായ അദ്ധ്യാപകന്‍ തങ്ങളെ വെല്ലുന്ന രീതിയില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ഷൈന്‍ ചെയ്യുന്നു എന്ന തോന്നല്‍ കോളേജിലെ സീനിയര്‍ ചെത്തുപിള്ളേരില്‍ അസൂയയായി വളരാന്‍ തുടങ്ങിയിരുന്നു.

"കണക്കുക്കുക്ലാസിലെന്തിനാ ഇത്രയും തമാശയും പൊട്ടിച്ചിരിയും... നല്ല രീതിയില്‍ നടക്കുന്ന ഒരു സ്ഥാപനമാണിത്‌, അതു മറക്കേണ്ട.." ഒരുദിവസം പ്രിന്‍സി വിളിച്ചുപദേശിച്ചു.

പക്ഷെ ആ വര്‍ഷത്തിലെ പത്താംക്ലസ്സ്‌ ഫെയില്‍ഡ്‌ ബാച്ചിന്റെ റിസള്‍ട്ടു കണ്ട്‌ പ്രിന്‍സിയുടെ കണ്ണുതള്ളി.. മാത്‌സില്‍ എല്ലാവരും പാസായിരിയ്ക്കുന്നു. അതും ഫെയില്‍ഡ്‌ ബാച്ചുകളിലെ കുട്ടികള്‍ക്കു കിട്ടാവുന്നതില്‍വെച്ച്‌ പരമാവധി മാര്‍ക്കോടെ.. അതോടെ ഞാന്‍ പ്രിന്‍സിയുടെ വിശ്വസ്ഥനായിമാറി. 

"ഈശ്വരാ, ശമ്പളം കുറവായാലും സ്ഥിരവരുമാനമുള്ള ഒരു ജോലികിട്ടിയിരുന്നെങ്കില്‍ ഉടനെ ഇവനെ പിടിച്ചു പെണ്ണുകെട്ടിയ്ക്കാമായിരുന്നു."

അണിഞ്ഞൊരുങ്ങി "നളന്ദയേയും", "തക്ഷശിലയേയും" വെല്ലുന്ന കലാലയത്തിലേയ്ക്ക്‌ പോകാന്‍ "റഹ്‌മാന്റെ ചുവന്ന BSA സൈക്കിള്‍" സ്റ്റാര്‍ട്ടാക്കുന്ന എന്നെനോക്കി അമ്മ അമ്മായിയോടു കുശുകുശുക്കുന്നത്‌ കേട്ട്‌ ഒരു ദിവസം ഞാന്‍ ഞെട്ടി.!

പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍മക്കളെപറ്റി വ്യാകുലപ്പെടുന്ന അമ്മമാരെക്കുറിച്ചുകേട്ടിട്ടുണ്ട്... ഇതിപ്പോ ആണ്‍കുട്ടിയായ, അതും യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത സല്‍സ്വഭാവിയായ, നൂറുക്കണക്കിനു വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ, നാട്ടുകാരുടെ വിശ്വസ്ഥസ്ഥാപനത്തിലെ അധ്യാപകനായ എന്നെക്കുറിച്ചെന്തിനാണവോ അമ്മയ്ക്കിത്ര ഉത്‌കണ്ഠ.!ഒരുപക്ഷെ, കുശുമ്പായിരിക്കും.. ഞാനിങ്ങിനെ എല്ലാവരുടേയും പ്രിയങ്കരനായി ചെത്തിനടക്കുന്നതിലുള്ള അസൂയ.!. സുന്ദരിമാരായ പെമ്പിള്ളേരോട്‌ പ്രായമാകാന്‍ തുടങ്ങുന്ന പ്രായത്തിലും ആനചന്തം നിലനിര്‍ത്താന്‍ പാടുപെടുന്ന സുന്ദരിയമ്മമാര്‍ക്ക്‌ അസൂയ തോന്നുന്നത്‌ സ്വാഭാവികം., ഇത്‌ മകനോട്‌ അതും പ്രിയപുത്രനായ എന്നോട്! വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല... ഒരു പക്ഷെ ആരെങ്കിലും അമ്മയോട്‌ പരഃദൂഷണം പറഞ്ഞിരിയ്ക്കാം..അമ്മയതൊക്കെ കണ്ണടച്ചു വിശ്വസ്സിച്ചിരിയ്ക്കാം..

(തുടരും)

കൊല്ലേരിതറവാടി
06/03/11

11 comments:

  1. ഈ യാത്രയെ നിശബ്ദമായി നോക്കികാണുന്ന എല്ലാ ബൂലോകവാസികള്ക്കും നന്ദി.. വിസ്മയിപ്പിയ്ക്കുന്ന നല്ലവാക്കുകളുമായി എന്നെ അമ്പരിപ്പിച്ച മൂന്നോ നാലോ സുമനസ്സുകളെ ഞാന്‍ പ്രത്യേകം സ്മരിയ്ക്കുന്നു,.

    അര്ഹി്യ്ക്കാത്തതാണെങ്കിലും സത്യത്തില്‍ ആ കമന്റ്‌സുകള്‍ നല്കുിന്ന ഉത്തേജനം ഒന്നുകൊണ്ടുമാത്രമാണ്‌ ഈയാത്ര എനിയ്ക്കു തുടരാന്‍ കഴിയുന്നത്‌..

    സോറി ഫോര്‍ ദി ഇന്ററപ്‌ഷന്‍, യാത്ര ഇനി പിന്നെ തുടരാട്ടൊ,. നല്ല തിരക്കാ കമ്പനീല്‌.. മിക്കവാറും അധികം വൈകാതെ എന്റെ പണി പോവും.. ഈ തിരക്കിനിടയില്‍ എനിയ്ക്കിതിന്റെ വല്ല ആവശ്യോണ്ടോ.! മനസ്സിലാവില്ല്യാ,. എത്ര പറഞ്ഞാലും മനസ്സിലാവില്ല്യാ....! അല്ലെങ്കിതന്നെ കാലം കുറേയായില്ലെ പണി പോണെങ്കി പോട്ടെ..!

    ReplyDelete
  2. എല്ലാ ആശംസകളും.
    എഴുത്ത് നന്നാവുന്നുണ്ട്. എന്നാലും ഇത്ര നീളം വേണ്ട.

    ReplyDelete
  3. ആഹാ അപ്പം പുതിയ കഥയൊക്കെ വരികയാണല്ലേ...നന്നായി പ്രവാസത്തിനിടയില്‍ ഇങ്ങനെ ഒരു തിരിച്ചുപോക്ക് അത് മനസ്സിനെ റിജുവനെറ്റ് ചെയ്യും..കൂട്ടത്തില്‍ ഞങ്ങള്‍ക്ക് നല്ല പോസ്റ്റും...:) പിന്നെ പണി പോകാതെ സൂക്ഷിച്ചോ അവസാനം ഞങ്ങളെ പറയരുത്...ഇത് വായിക്കുന്ന തെറ്റേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ...:)

    ReplyDelete
  4. "ഈശ്വരാ, ശമ്പളം കുറവായാലും സ്ഥിരവരുമാനമുള്ള ഒരു ജോലികിട്ടിയിരുന്നെങ്കില്‍ ഉടനെ ഇവനെ പിടിച്ചു പെണ്ണുകെട്ടിയ്ക്കാമായിരുന്നു."

    ഇതല്ലേ കയ്യിലിരിപ്പ്... ആ അമ്മ അങ്ങനെ അന്ന് ചിന്തിച്ചതില്‍ യാതൊരു തെറ്റും പറയാനില്ല.. :)

    പിന്നെ, പണിയുടെ കാര്യത്തില്‍ ഞാനും Jazmikkutty-യുടെ കൂടെ കൂടുന്നു... ഇത് വായിക്കുന്ന തെറ്റേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ... :)

    ReplyDelete
  5. >>പിന്നെ ലഹരിപദാര്‍ത്ഥങ്ങള്‍.! ജീവനുള്ള ലഹരിയോടല്ലാതെ മറ്റൊരു ലഹരിയോടും ജീവിതത്തില്‍ ഇതുവരെ അഭിനിവേശം തോന്നിയിട്ടില്ല.<<

    >>പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍മക്കളെപറ്റി വ്യാകുലപ്പെടുന്ന അമ്മമാരെക്കുറിച്ചുകേട്ടിട്ടുണ്ട്... ഇതിപ്പോ ആണ്‍കുട്ടിയായ,<<

    ഈശ്വരാ..ഈ മാഷ് പേരുദോഷം ഒന്നും വരുത്തല്ലേ.....

    ReplyDelete
  6. പുര നിറഞ്ഞ് നിൽക്കുന്ന ഒരു പുരുഷനോ..?
    എന്റമ്മയൊന്നും പണ്ടെന്തേ ഇത് പോലെ ചിന്തിക്കാതിരുന്നത്..!


    മറ്റെല്ലാ ലഹരികളെക്കാളും ശരീര ലഹരിയിൽ അടിമപ്പെട്ട അതിസൂന്ദരനായ കണക്ക് മാഷ്.....
    അന്നത്തെ ക്ലാസ്മുറികളിലെ സകലമാന പെൺപീള്ളേരുടേയും കൊതികിട്ടി കാണൂം!

    ഒപ്പം ഒരു നല്ല അച്ഛന്റെയും,അതിലും നല്ല അമ്മയുടേയും ചിത്രങ്ങൾ തിരുകി കയറ്റിയ പ്രൊഫൈയിൽ ഭാ‍ഗങ്ങൾ...
    ഹും..ഇനിയിങ്ങനെ പോയാ‍ൽ വായനക്കരുടെയും കൊതികിട്ടും കേട്ടൊ മാഷെ!

    ReplyDelete
  7. എനിക്ക് മെയില്‍ വഴി കിട്ടുന്നതെ വായിക്കാന്‍
    നോക്കാറുള്ളൂ . കൊല്ലെരിയെപ്പോലെ ചുമ്മാ
    പണി കളയാന്‍ ഞാന്‍ ഇല്ല.comment idunnathu തന്നെ office timil ആന്നു കേട്ടോ .
    ഇപ്പൊ എല്ലാം ഒന്ന് ഓടിച്ചു വായിച്ചു .
    നല്ല നാടന്‍ മാങ്ങാ തിന്നത് പോലെ ഒരു
    സുഖം ഈ നാടന്‍ എഴുത്തിനു .ആശംസകള്‍ .

    ReplyDelete
  8. നന്നായിട്ടുണ്ട്
    ആശംസകള്‍!!!

    ReplyDelete
  9. ആഹാ ആള് ഇങ്ങനെയൊക്കെയാണല്ലേ? എഴുത്ത് ജോറാവുന്നുണ്ട്, നിറുത്തണ്ട, ഉഷാറായി വരട്ടെ.

    ReplyDelete
  10. എഴുത്ത് അസ്സലായി..പണികളയാതെ ബാക്കി കൂടി എഴുതുക..വായിക്കാന്‍ ഞങ്ങളുണ്ടാവും കണക്ക് മാഷേ

    ReplyDelete
  11. ഇത്രയും വലിയൊരു പ്രൊഫൈലുണ്ടാക്കിയിട്ട് പെണ്ണന്വേഷിക്കാനാണോ പരിപാടി!.പെണ്‍ കുട്ടികള്‍ ജാഗ്രദൈ!

    ReplyDelete