Monday, November 22, 2010

ഒരു "കുലംകുത്തിയുടെ" കുറെ ജല്‍പ്പനങ്ങള്‍

പഞ്ചായത്തു തെരെഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്ന സമയത്തായിരുന്നല്ലൊ ഇത്തവണത്തെ എന്റെ നാടുചുറ്റല്‍...കേരകേദാര ഭൂമിയിലെ തെരുവോരങ്ങളില്‍ വശ്യമായ പാല്‍പുഞ്ചിരിയുമായി നില്‍ക്കുന്ന വനിതാസ്ഥാനാര്‍ത്ഥികളുടെ ചാരുമനോഹരമായ പോസ്റ്ററുകള്‍....

നയനാന്ദകരമായ ഈ പ്രലോഭനനകാഴ്ചകള്‍ക്കിടയിലൂടെ അപകടത്തിലൊന്നുംപെടാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിയ്ക്കുകയെന്നത്‌ ദുഷ്ക്കരമായൊരു കാര്യം തന്നെയായിരുന്നു..എന്തായാലും കര്‍ത്താവ്‌ കാത്തു..യൂഡിഫിനെ മാത്രമല്ല എന്നെയും..

ആത്മീയത നഷ്ടപ്പെട്ട വിശ്വാസ്സികള്‍... അവരുടെ പ്രസ്ഥാനങ്ങളുടെ വഴിവിട്ടുള്ള പ്രവര്‍ത്തനങ്ങള്‍...

പ്രത്യയശാസ്ത്രത്തില്‍ നിന്നും അകന്നുപോയ കമ്യുണിസ്റ്റുകാര്‍.........

ഗാന്ധിപടത്തിന്റെ കെട്ടുകളില്‍ ജീവിതസായുജ്യം തേടുന്ന കോണ്‍ഗ്രസ്സുകാര്‍.....

സ്മാര്‍ട്ടായി എന്തെങ്കിലൊമൊക്കെ ചെയ്യാനായി ഒരു ഭരണമാറ്റത്തിനു വെമ്പി നില്‍ക്കുന്ന വ്യത്യസ്ഥ മാഫിയ സംഘങ്ങള്‍...

പണത്തിനപ്പുറം മറ്റൊരു ധാര്‍മ്മികതയ്ക്കും മൂല്യം കല്‍പ്പിയ്ക്കാതെ അന്നദാതാക്കളുടെ രുചിഭേദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കമനുസരിച്ച്‌നിറംചേര്‍ത്തു കഥകള്‍ മെനഞ്ഞ്‌ ജനമനസ്സുകളിലേയ്ക്ക്‌ വിതരണംചെയ്യാന്‍ മല്‍സരബുദ്ധിയൊടേ തയ്യാറായി നില്‍ക്കുന്ന് മാധ്യമങ്ങള്‍ .

ഇടതുപക്ഷത്തിന്റെ മൂല്യച്ച്യുതിയില്‍ മനനൊന്ത്‌ പ്രസ്ഥാനം തന്നെ ഉപേക്ഷിച്ച മഹാന്മാര്‍ അപ്പുറത്ത്‌ 'ധര്‍മ്മപുത്രരുടെ" നേതൃത്വത്തിലുള്ള UDF ക്യാമ്പുകളില്‍ ചേക്കേറി "കുലംകുത്തികള്‍" എന്ന വാക്ക്‌ അന്വര്‍ഥമാക്കുന്ന ഒരു കൂട്ടം ആദര്‍ശവീരന്മാര്‍..

ഇങ്ങിനെ ഒരുപാടുമുഖങ്ങള്‍...ആടിത്തമര്‍ത്ത തെരെഞ്ഞെടുപ്പുകാലം..

ആത്മീയ ലേഖനങ്ങളിലൂടെ തെരെഞ്ഞെടുപ്പുകളില്‍ പിന്‍വാതിലുകളിലൂടെ മാത്രം സ്വാധീനം ചെലുത്തിയിരുന്ന 'ദേവദൂതന്മാര്‍" ഇപ്പോളെല്ല മറയും നീക്കി നേരിട്ടു ഭരണാധിപന്മാരെ തീരുമാനിയ്ക്കുന്ന അവസ്ഥയിലേയ്ക്കുവരെ നീങ്ങാന്‍ തുടങ്ങിയിരിയ്ക്കുന്നു കാര്യങ്ങള്‍...."ദൈവകൃപയാല്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ സ്ഥാനാരോഹണ നിമിഷത്തില്‍ പരിസരം മറന്ന്‌ കുരിശു വരച്ച്‌ ജപമാല മുത്തി ദൈവസ്നേഹവും ഒപ്പം വര്‍ഗ്ഗസ്നേഹവും പ്രകടിപ്പിയ്ക്കുന്ന ദൃശ്യം വല്ലാത്ത കൗതുകത്തോടെ,അതിലേറെ അമ്പരപ്പോടെ മാത്രമെ കാണന്‍ കഴിഞ്ഞുള്ളു,.....

ഇനി ഭാവിയില്‍ നടക്കുവാന്‍ പോകുന്ന പല സത്യപ്രതിജ്ഞ ചടങ്ങുകളും "ശരണം വിളികളും"....വാങ്കു വിളികളും" നിറഞ്ഞ്‌ ഭക്തിസാന്ദ്രമായിരിയ്ക്കും..

ദൈവത്തിന്റെ സ്വന്തം പാര്‍ട്ടികള്‍ ഭരണസാരഥ്യം വഹിയ്ക്കുന്ന നാളുകള്‍ വിദൂരമല്ല..അങ്ങിനെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പ്രയോഗം എല്ലാ തലത്തിലും അര്‍ത്ഥവത്താകാന്‍ പോകുന്നു.

കാറല്‍മാക്സ്‌, മാഹാത്മഗാന്ധി തുടങ്ങിയവരെപോലെ യേശുദേവനും,ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ശ്രീനാരായണഗുരുവുമൊക്കെപുതിയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാക്കളായിട്ടായിരിയ്ക്കും ഭാവിയില്‍ കേരളത്തിലറിയപ്പെടാന്‍ പോകുന്നത്‌.

അത്രയും ശക്തമാണ്‌ കേരളത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ജാതിരാക്ഷ്ടീയം.. ....ഇക്കഴിഞ്ഞ പഞ്ചായത്തുതെരെഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാല്‍ ഇതു വളരെ വ്യക്തമായി മനസ്സിലാകും....അടുത്ത നിയമസഭതെരെഞ്ഞെടുപ്പില്‍ വളരെ എളുപ്പത്തില്‍ 120 സീറ്റുകള്‍ വരെ നേടിയെടുക്കാമ്മെന്ന വലതുമോഹങ്ങള്‍ക്കു വല്ലാതെ മങ്ങലേറ്റിരിയ്ക്കുന്നു....അഞ്ചു കോര്‍പ്പേര്‍ഷനുകളും ഈസിയായി ജയിച്ചു കയറമെന്നയിരുന്നല്ലൊ അവരുടെ കണക്കുകൂട്ടല്‍...ഇതില്‍തന്നെ തിരുവനതപുരത്തെയും കൊല്ലത്തേയും പരാജയം അവര്‍ക്കൊരു ചൂണ്ടുപലകതന്നെയാണ്‌.

വേണുഗോപാലിനെ കേന്ത്രമന്ത്രിയാക്കികൊണ്ടു മാത്രം തീര്‍ക്കാവുന്ന പ്രശ്നത്തില്‍ നിന്നു അതു ഒരു പാടു വളര്‍ന്നിരിയ്ക്കുന്നു.മാണി ജോസഫ്‌ ലയനവും നേതാക്കളുടെ അതിരുവിട്ടുള്ള "അരമന സന്ദര്‍ശനങ്ങളും" മറ്റു മതവിഭാഗങ്ങളില്‍ പ്രത്യേകിച്ചും ഹിന്ദുമതവിഭാഗങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നു...ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്റെ ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള"ഇടവക രഹസ്യ സന്ദര്‍ശനങ്ങള്‍" നാട്ടിലെ പല UDF അനുഭാവികളേയും വല്ലാതെ പ്രകോപിപ്പിച്ചു.

" നിങ്ങളെപോലുള്ള ഇങ്ങിനെ ഇരുന്നാല്‍ മതിയൊ.........നമ്മള്‍ നായന്മാരുടെ പ്രസ്ഥാനത്തെ ഒന്ന്‌ ഉഷാറാക്കാന്‍ ഇറങ്ങി തിരിക്കേണ്ടേ....ആ KCBC യെ നോക്കു അവരു പറയുന്നതു പോലെയല്ലെ കാര്യങ്ങള്‍ നടക്കുന്നത്‌" സ്വതവെ ശാന്തപ്രകൃതക്കാരനായ ഞങ്ങളുടെ നാട്ടിലെ NSS ലീഡര്‍ ഒരിയ്ക്കല്‍ എന്നെ വഴിയില്‍ പിടിച്ചു നിര്‍ത്തി വല്ലാതെ വാചാലാനായി........

ഞാനൊരു തികഞ്ഞ LDFഅനുഭാവിയാണെന്ന തിരിച്ചറിവില്‍ ആ പരിസരത്തുപോലും വരാത്ത ഞങ്ങളുടെ നാട്ടിലെ NSS നേതാക്കള്‍ ഇത്തവണ ഈ ആവശ്യവുമുന്നയിച്ച്‌ രണ്ടുമൂന്നു തവണ എന്റെവീട്ടില്‍ കയറിയിറങ്ങി......."

അത്രയ്ക്കു ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ്‌ നാട്ടിലിപ്പോള്‍ നടക്കുന്നത്‌..."ഭ്രാന്താലയം എന്ന് പ്രസിദ്ധമായ ആ പ്രയോഗം അനുസ്മരിപ്പിയ്ക്കുന്ന വിധം അപകടകരമായ ഒരവസ്ഥയിലേയ്ക്കു തന്നെയാണ്‌ കാര്യങ്ങളുടെ പോക്ക്‌.....

ഒരു കാലത്ത്‌ കൊട്ടാരം പോലെ പണിതുയര്‍ത്തുന്ന കൃസ്തീയദേവാലയങ്ങളേ അനുകരിച്ച്‌ " ആ കൃസ്ത്യാനികളെ കണ്ടു പഠിയ്ക്ക്‌" എന്ന പല്ലവിയുമായി ക്ഷേത്രപുനരുദ്ധാരണത്തിലായിരുന്നു ഹിന്ദു സംഘടങ്ങളുടെ ശ്രദ്ധ....ഇന്നതു കാലികമായി മാറിയിരിയ്ക്കുന്നു.....നായര്‍ക്ക്‌ നായരുടെ വോട്ട്‌....ഈഴവന്റെ ഈഴവന്റെ വോട്ട്‌...ഈ വോട്ടിന്റെ അഹങ്കാരത്തില്‍ വേണം നാളേ എണ്ണിയെണ്ണി കണക്കുകള്‍ പറഞ്ഞ്‌ കാര്യം നേടേണ്ടത്‌`.....അവിടെയും പല്ലവി പഴയതുതന്നെ ' ആ കൃസ്ത്യാനികളെ കണ്ട്‌` പഠിയ്ക്ക്‌" .

കൃസ്തീയ സമൂഹം അവകാശപ്പെടുന്നതു പോലെ കേരളത്തില്‍ എല്ലാറ്റിനും പ്രത്യേകിച്ചും "പഠിപ്പിയ്ക്കുന്ന" കാര്യങ്ങളില്‍ അവരാണ്‌ എന്നു മാതൃകായിട്ടുള്ളത്‌....ഇപ്പോഴിതാ വോട്ടുബാങ്ക്‌ രൂപികരണത്തിലും അവര്‍ മറ്റുവിഭാഗങ്ങള്‍ക്കു മാതൃകയാകുന്നു.

ഇനി വരാന്‍ പോകുന്ന അഞ്ചു വര്‍ഷങ്ങള്‍ എല്ലാവര്‍ക്കും നിര്‍ണ്ണയകമാണ്‌.....കണക്കു പറഞ്ഞ്‌ കാര്യങ്ങള്‍ നേടേണ്ട കാലം.. .വികസനത്തിന്റെ കാലം....ഇത്രയും നാള്‍ കെട്ടിക്കിടന്ന വികസനങ്ങളെല്ലാം ഒന്നിച്ചു കുലംകുത്തിയൊഴുകാന്‍പോകുന്നു... കേരളം സ്മാര്‍ട്ടാകാന്‍ പോകുന്നു....!

കോമണ്‍വെല്‍ത്തു ഗെയിംസിനൊന്നു യോഗമില്ലെങ്കിലും ഒരു നാഷണല്‍ ഗെയിംസെങ്കിലും....!

പിന്നെ രണ്ട്‌ മൂന്ന്‌ എന്നൊക്കെ പറഞ്ഞു വീണു കിട്ടുന്ന സ്പെക്ട്രങ്ങള്‍....അതെന്താണെന്നറിയില്ലെങ്കിലും അതൊക്കെ കിട്ടണമെങ്കില്‍ വലിയ രാജയോഗം തന്നെ വേണമെന്നറിയാം......

"ആ കല്‍മാഡിയുടെ തലയില്‍ വരച്ചത്‌ നമ്മുടെ....." !!!! ...പലരും പലതും ആശിയ്ക്കാന്‍,.. സ്വപ്നം കാണാന്‍,...കുപ്പായം തുന്നാന്‍ വരെ തുടങ്ങിയിരിയ്ക്കുന്നു....

പിന്നെ സ്മാര്‍ട്ട്‌സിറ്റി.....ഒന്നില്‍ ഒതുക്കേണ്ട.. ഓരോ ജില്ലയിലും ഓരോന്നായിക്കൊട്ടെ....എന്നാല്‍തന്നെ പങ്കുവെച്ചു തീരില്ല...അത്രയ്ക്കില്ലെ സംഖ്യാബലം..

എന്നാലും എല്ലാര്‍ക്കും കിട്ടും വികസനങ്ങളുടെ അപ്പക്കഷ്ണങ്ങള്‍...

ഗ്രഹണം സമയത്തെ ഞാഞ്ഞൂലകളായ "കുലംകുത്തികള്‍ക്കും കിട്ടും ഒരെല്ലിന്‍കഷ്ണമെങ്കിലും.....

ഇനിയുള്ള ചുരുങ്ങിയ കാലം മാധ്യമങ്ങള്‍ക്കും വിശ്രമമില്ലാത്ത കാലം തന്നെ......

ഇത്രയും പേര്‍ എത്ര ഒത്തു പിടിച്ചിട്ടും മല പൂര്‍ണ്ണമായും മറയുന്നില്ല....!!

അപ്പത്തില്‍ കല്ല്‌,..` അരവണയിലെ പല്ലി....KSRTC ബസ്സിന്റെ പുറത്തെ അയ്യപ്പന്റെ സ്റ്റിക്കര്‍നിരോധനം....ഇതൊക്കെ മുനയൊടിഞ്ഞ വിഷയങ്ങളായിരിയ്ക്കുന്നു. ഹൈന്ദവവികാരമിളക്കിവിടാന്‍ അതു ഇടതുപക്ഷങ്ങള്‍ക്കെതിരെ ഊതിവീര്‍പ്പിയ്ക്കാന്‍ പുതിയ വിഷയങ്ങള്‍ക്കായുള്ള ഗവേഷണങ്ങള്‍ തുടങ്ങേണ്ട സമയമായിരിയ്ക്കുന്നു...

നിര്‍ണ്ണായക നിമിഷങ്ങളില്‍ അച്ചുതാനന്ദന്‍, വെളിയം,...ഇസ്മെയില്‍ തുടങ്ങിയവരുടെ വായില്‍ നിന്നും വീഴുന്ന പാഴ്‌വാക്കുകള്‍ക്ക്‌ പുതിയ അര്‍ഥവും മാനവും നല്‍കി തങ്ങള്‍ക്കുവേണ്ടപ്പെട്ടരീതിയില്‍ ഫലപ്രദമായ ഉപയോഗം....

പാവം മാധ്യമങ്ങള്‍ കുറഞ്ഞസമയംകൊണ്ടു ഇങ്ങിനെ ചെയ്തുതീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങള്‍..

കള്ളിലെ വിഷം, ലോട്ടറിമാഫിയ ഇങ്ങിനെ ഭംഗിയായി ഒരുക്കിയെടുത്ത എത്രെയെത്ര വിഷയങ്ങള്‍...പഞ്ചായത്തുതെരെഞ്ഞെടുപ്പില്‍ മാധ്യമരംഗത്തെ "ഇവെന്റ്‌ മാനേജുമന്റ്‌" സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി എന്നിട്ടും..!

അതിനിടയിലാണ്‌ എത്രയൊക്കെ മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും ഉയര്‍ന്നു വരുന്ന കേന്ദ്രത്തിലെ "കുഭകോണങ്ങള്‍...കോമണ്‍വെല്‍ത്ത്‌-അഴിമതി..പേരില്‍തന്നെ ആദര്‍ശവും ദേശഭക്തിയും നിറഞ്ഞുതുളുമ്പുന്ന, വീരജാവാന്മാര്‍ക്ക്‌ ആദാരാഞ്ചലികളര്‍പ്പിച്ചുകൊണ്ടു നടത്തിയ ഫ്ലാറ്റായ കുറെ അഴിമതികളും ഒപ്പം "അല്ലറചില്ലറ" ഇടപാടിന്റെ സ്പെക്റ്റ്രങ്ങളും...

ഇങ്ങിനെ എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്‌.....പക്ഷെ എങ്ങിനെ പറയാന്‍..!ആരു പറയാന്‍..!!.....

രാജാവു നഗ്നനാണെന്നു പറഞ്ഞാല്‍..!

കുടുംബംതന്നെ കുളം കോരും....ഓര്‍മയില്ലെ ലീഡറുടെ ഗതി.....!!

എന്നലും ലാവിലിനെ വന്‍അഴിമതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതൊക്കെ എത്ര നിസ്സാരം.....!

ഇതിനൊക്കെ ശിക്ഷ വിധിയ്ക്കാന്‍ മാഡത്തിന്റെ കോടതി മതി...ഒരു സസ്പെന്‍ഷന്‍,..സ്ഥാനചലനം...പിന്നെ ജനാധിപത്യരാജ്യമായിപോയില്ലെ അതിനാല്‍ മാലോകരെ ബോധിപ്പിയ്ക്കാന്‍ ഒരന്വോഷണപ്രഹസനവും....അതോടെ എല്ലാം തീരും....പാര്‍ട്ടിയ്ക്ക്‌ നഷ്ടപ്പെട്ട ഇമേജ്‌ തിരിച്ചു കിട്ടും..മാഡത്തിന്റെ മഹത്വം ഒരിയ്ക്കല്‍കൂടി വാഴ്ത്തപ്പെടും...

എങ്കിലും ഇത്തരം വിഷയങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ കേരളത്തിലെ അതിന്റെ വ്യാപ്തിയ്ക്കു തടയിടാന്‍ തുരുമ്പിച്ചെതെങ്കിലും പഴയ ലാവിലില്‍ പൊടിതട്ടിയെത്തു പ്രയോഗിയ്ക്കാന്‍ അതിനോടനുബന്ധിച്ച്‌` ഒരുപാടു പുതിയ തിരക്കഥകള്‍ ഒരുക്കിവെച്ചു കാത്തിരിയ്ക്കുകായാണ്‌ മാധ്യമരംഗത്തെ "ഇവെന്റ്‌ മനേജുമെന്റുകള്‍" .

കോമണ്‍വെല്‍ത്തു ഗെയിംസില്‍ ബാത്ത്‌റൂം മുതല്‍ സമസ്തമേഖലകളും അഴിമതിയുടെ നാറ്റക്കഥകളെക്കൊണ്ടു സുഗന്ധപൂരിതമാക്കി ലോകത്തെ വിസ്മയിപ്പിച്ച നമ്മുടെ പ്രകടനത്തിനുമുന്നില്‍ ചൈനയുടെ ഏഷ്യന്‍ ഗെയിംസ്‌ ഉത്ഘാടനചടങ്ങുകള്‍ തീര്‍ത്തും നിഷ്‌പ്രഭമായിപോയി...

ഒബാമയെ ആവേശപൂര്‍വ്വം വരവേറ്റ,...G-20 ഉച്ചകോടിയില്‍ വാചലാനായി തിളങ്ങിയ നമ്മുടേ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ G-2 ഉച്ചവെയിലില്‍ എന്തെ ഇത്രമാത്രം വിയര്‍ത്തത്‌..

"രാജ" എന്ന വാക്കിന്റെ അറ്റത്ത്‌ ഒരു "വള്ളിയിട്ട്‌" അവസാനിപ്പിയ്ക്കേണ്ട ഒരു പ്രശ്നത്തില്‍ ഒരു നെടുവീര്‍പ്പുപോലും വിടാന്‍ കഴിയാതെ തലപ്പാവിനുള്ളില്‍ മുഖമൊളിപ്പിച്ച്‌ കരുണാനിധിയുടെ കനിമൊഴിയ്ക്കായി നിശബ്ദനായി കാത്തിരിയ്ക്കേണ്ടിവന്നു പാവം പ്രധാനമന്ത്രിയ്ക്ക്‌....

യഥാര്‍ത്ഥത്തി ആരാണീ പ്രധാനമന്ത്രി..വെറുമൊരു പാവം മനുഷ്യന്‍,....അല്ലെങ്കില്‍ ആരുടെയൊക്കെ ചരടുവലിയുടെ താളത്തില്‍ തുള്ളുന്ന കളിപാവ...അതോ എല്ലാരേയു വിഡ്ഡിയാക്കി നന്നായികളിയ്ക്കാനറിയുന്ന നിശബ്ദനായ വില്ലന്‍....

എന്തായാലും കൂട്ടുകക്ഷി ഭരണത്തില്‍ "വല്യേട്ടന്‍"ആകാന്‍ കഴിഞ്ഞില്ലെങ്കിലും വെറുതെ "വാല്‍സല്യ"ത്തിലെ "കുഞ്ഞമ്മാന്റെ"വേഷം കെട്ടിയാടേണ്ടി വരുന്നത്‌ ഗതികേടു തന്നെയാണ്‌ .....

ഈ ഗതിതന്നെയാണ്‌ കേരളത്തിലെ മുന്നണിയിലും കോണ്‍ഗ്രസ്സ്‌ അടുത്ത അഞ്ചു വര്‍ഷവും അനുഭവിയ്ക്കാന്‍ പോകുന്നത്‌.

അങ്ങിനെ കേരളത്തിലെ ഒരു തെരെഞ്ഞെടുപ്പുമാമങ്കത്തിനുകൂടി കൊടിയിറങ്ങി....ഒരു ജനാധിപത്യരാജ്യത്തില്‍ തങ്ങളുടെ ഭരണാധികരകളെ നിശ്ചയിയ്ക്കാനുള്ള അവകാശം പൂര്‍ണ്മായും ജനങ്ങളില്‍ നിക്ഷിബ്ദമാണ്‌...അതവരെ എങ്ങിനെ വിനിയോഗിച്ചു.... കാലം ഉത്തരം നല്‍കേണ്ട ചോദ്യമാണത്‌...അല്ലെങ്കിലും ഏതൊരു ജനതയ്ക്കും അവരര്‍ഹിയ്ക്കുന്ന ഭരണകര്‍ത്താക്കളെയല്ലെ കിട്ടു.

ഇടതുപക്ഷത്തിനു ഇതില്‍നിന്നു പഠിയ്ക്കാനൊരുപാടു പാഠങ്ങള്‍...

കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതായിരിക്കുന്നു.സ്ഥിരമായ വോട്ടുബാങ്കുകളും..സംഘടനശേഷികൊണ്ടോ,ഭരണനേട്ടംകൊണ്ടോ മാത്രം ഇനിയുള്ള തെരെഞ്ഞെടുപ്പുകള്‍ വിജയിയ്ക്കാന്‍ സാധ്യമല്ല...

എന്തുചെയ്തു എന്നതിലുപരി അതെത്രമാത്രം ഭഗിയായി പോളിഷു ചെയ്തു ജനങ്ങളുടെ മുമ്പില്‍ അവതരപ്പിയ്ക്കന്‍ കഴിയുന്നു എന്നതിലാണ്‌ കാര്യം...

ട്രഷറി അടച്ചുപൂട്ടല്‍,.വയനാട്ടിലെ കാര്‍ഷിക ആത്മഹത്യ....സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഇത്തരം വാക്കുകളൊല്ലെ കഴിഞ്ഞ നാലരവര്‍ഷമായി നാം കേള്‍ക്കാറില്ല എന്നപോലും കാര്യം പോളിങ്ങ്ബൂത്തിചെന്നപ്പോള്‍ ഭൂരിപക്ഷം മലയാളികളും മറന്നു പോയി..വയനാട്ടുകാര്‍ പോലും..!.....

വിദ്യഭ്യാസരംഗത്ത്‌ അത്ഭുതകരമായ വികസനങ്ങള്‍ സംഭവിയ്ക്കുന്ന സംസ്ഥാനമാണ്‌ കേരളം...പക്ഷെ സാമാന്യബുദ്ധിയും വിവേകവും തിരിച്ചറിവും നഷ്ടപ്പെട്ട ഒരു സമൂഹമായി മാറിയിരിയ്ക്കുന്നു...സ്വയം വിശ്വാസം നഷ്ടപ്പെട്ട ജനത എല്ലാറ്റിനെയും സംശയത്തോടെ മാത്രം വീക്ഷിയ്ക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്കുപൊലുംവിദഗ്ദാഭിപ്രയങ്ങളെ ആശ്രയിക്കുന്നു

അന്ധമായി വിശ്വസ്സിയ്ക്കുന്നു...

മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളാല്‍ എത്ര ഭംഗിയായാണ്‌, എത്ര എളുപ്പത്തിലാണ്‌ നാം വഞ്ചിയ്ക്കപ്പെടുന്നത്‌.

"ഈശ്വരാ എന്റെ വായില്‍ ഇത്രയും ബാക്ടീരിയ!...."എന്റെ ടോയ്‌ലെറ്റില്‍ ഇത്രയും കീടാണു.!"...

ഓരോ പരസ്യങ്ങളും നമ്മെ അമ്പരപ്പിയ്ക്കുന്നു...

സത്യത്തില്‍ ഈ പരസ്യങ്ങള്‍ നമ്മുടെ നമ്മുടെ മനസ്സിലാണ്‌ ബാക്ടീരിയായും കീടാണുക്കളും നിറയ്ക്കുന്നത്‌ എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയാതെ പോകുന്നു....

പരസ്യത്തില്‍ മയങ്ങി, വ്യായാമം ചെയ്യാതെ,..എല്ലുമുറിയെ പണിയെടുക്കാതെ മൂക്കുമുട്ടെ തിന്ന്‌ "ലവണതൈലം" പുരട്ടി വയറു കുറയ്ക്കാനും ....അതിനു താഴെ "വാജിതൈലം" പുരട്ടി സംതൃപ്തമായ ദാമ്പത്യജീവിതം നയിയ്ക്കാനും ആധുനികയുഗത്തിലെ വിദ്യാസമ്പന്നന്നായ മലയാളി തയ്യാറാവുന്നു ...

."കുബേര്‍കുഞ്ചിയെ" സ്വന്തമാക്കി പൂജിച്ച്‌` പണക്കാരാകാന്‍ വേണ്ടി കാത്തിരിക്കുന്ന അലസന്മാരായ ഭാഗ്യന്വോഷികളായി മാറിയിരിയ്ക്കുന്നു നല്ലൊരു വിഭാഗം ജനങ്ങള്‍..

സമൂഹത്തിലെ ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയി ഇടതുപക്ഷത്തിന്‌...

മാര്‍ക്കറ്റിങ്ങിന്റെ മഹത്വവും മാസ്മരികതയും തിരിച്ചറിയാതെപോയി.

തങ്ങളുടെ ഭരണനേട്ടങ്ങള്‍ വേണ്ടത്ര രീതിയില്‍ മാര്‍ക്കറ്റു ചെയ്യാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല മാധ്യമശക്തികളുമായുള്ള അസ്വാരസ്യങ്ങളും കൊമ്പുകോര്‍ക്കലും കൂടിയായപ്പോള്‍ ഫലം തീര്‍ത്തും വിപരീതമായി..

ബാര്‍ബര്‍ഷോപ്പിലെ കസേരയില്‍ കയറിയിരുന്നശേഷം ബാര്‍ബറുമായി ഉടക്കിയാലുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കു...!.തിരിച്ചിറങ്ങുമ്പോള്‍ മുഖത്തിന്റെ ഷെയിപ്പു തന്നെ മാറിയിട്ടുണ്ടാകില്ലെ...!അതല്ലെ ഇപ്പോള്‍ സംഭവിച്ചത്‌...!

സ്വന്തമാണെന്നു അവകാശപ്പെടുന്ന ചാനലിനെപോലും വേണ്ട രീതിയില്‍ ഉപയോഗിയ്ക്കാനോ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനോ കഴിയാതെ പോയി.....

സത്യത്തില്‍ ഈ ചാനല്‍ പലപ്പോഴും പാര്‍ട്ടിയ്ക്കൊരു ഭാരവും ബാധ്യതയുമായി മാറുകയ്‌ല്ലെ ചെയ്യുന്നത്‌?.

കൈരളി ചാനല്‍ ഒരു ജനതയുടെ ആത്മാവിഷ്ക്കാരം...പക്ഷെ സത്യത്തില്‍ ആരുടെ സ്വപ്നങ്ങളെയാണ്‌ ആവിഷ്ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്‌.....റോയല്‍ ഭൂട്ടാന്‍ ലോട്ടറിയും,...ഭാഗ്യാന്വേഷണ രത്നവ്യാപരവും മറ്റും കേവലം പരസ്യത്തിനുവേണ്ടി മാത്രമാണെങ്കില്‍പോലും പ്രമോട്ടു ചെയ്യുന്നത്‌ കാണുമ്പോള്‍ സത്യത്തില്‍ ഓരോ ഇടതുപക്ഷ പ്രവര്‍ത്തകനും ഉള്ളിന്റെയുള്ളില്‍ വേദനിയ്ക്കുകയായിരിയ്ക്കും...

ഇങ്ങിനെ തിരുത്താന്‍ ഒരുപിടി കാര്യങ്ങള്‍...പുതിയ കുലംകുത്തികളെ സൃഷ്ടിക്കാതിരിയ്ക്കാന്‍ ഒരുപാടു മുന്‍കരുതലുകള്‍...മുന്നോട്ടുപോകാന്‍ ഒത്തിരി ദൂരവും... ഇത്തിരിസമയവും....

ഭരണത്തിന്റെ പുതുലോകത്തേയ്ക്ക്‌ വലതുകാല്‍ വെച്ചു കയറുന്ന വനിതാമെമ്പര്‍മാരോടൊരു വാക്ക്‌.....മണിയറയിലേയ്ക്കു കയറുന്ന മണവാട്ടിയുടെ മനസ്സായിരിയ്ക്കരുത്‌ നിങ്ങള്‍ക്ക്‌...പരിചയമില്ലാത്ത മേഖലയല്ലെ എല്ലാറ്റിനും പുരുഷന്മാര്‍ തുടക്കം കുറിയ്ക്കട്ടെ, നേതൃത്വം നല്‍കട്ടെ എന്ന ചിന്തയൊ സങ്കോചമൊ അരുത്‌.

"ചക്കരകുടത്തില്‍ കയ്യിട്ടാല്‍ നക്കാതിരിയ്ക്കാന്‍ കഴിയില്ല" ഇങ്ങിനെ ഒരുപാടുപദേശങ്ങളും സഹായഹസ്തങ്ങളുമായെത്തുന്ന "പരിചയസമ്പന്നരായ"പുരുഷന്മാരുടെ നീരാളിപ്പിടുത്തത്തില്‍കുരുങ്ങി റോഡിലുരുക്കിയൊഴുക്കുന്ന ടാറിന്‍തുള്ളികള്‍ തെറിച്ചുവീണ്‌ മുഖം കറുത്ത്‌ വികൃതമാകാന്‍,..ആറ്റിലെ മണല്‍തരികള്‍ റോഡിലൂടെ ചീറിപാഞ്ഞുവന്നു കണ്ണുകളില്‍ വീണു ചുവന്നുതുടുക്കാന്‍ അവസരമൊരുക്കരുത്‌..

സ്വതന്ത്രമായി ചിന്തിച്ച്‌ ഒരു ഗ്രാമം കണികണ്ടുണരുന്ന നന്മായി. പ്രകാശംപരത്തുന്ന ദീപമായി,.. സ്ത്രീശാസ്തീകരണത്തിന്റെ പ്രതീകമായി "ഗ്രാമശ്രീയായി" ഇതിലും തിളക്കമുള്ള മുഖവും, വിടര്‍ന്ന പുഞ്ചിരിയുമായി അടുത്തതവണയും വോട്ടര്‍മാരെ നേരിടാന്‍ നിങ്ങള്‍ക്കു കഴിയണം...

സ്പെക്ട്രങ്ങളുടെ തിളക്കത്തിലും കോടികളുടെ കിലുക്കത്തിലും ആടിത്തിമിര്‍ത്തു നില്‍ക്കുന്നൊരു പ്രസ്ഥാനത്തിന്റെ വക്താക്കളായിട്ടാണ്‌ നിങ്ങളില്‍ ഭൂരിപക്ഷവും ഈ സ്ഥാനത്തെത്തിയിരുക്കുന്നതെന്ന സത്യം മറക്കാതിരിയ്ക്കുക....

കയറികിടക്കാന്‍ ഒരു കൂരപോലുമില്ലാത്ത ജനലക്ഷങ്ങള്‍ക്കിടയിലൂടെ സബര്‍മതിയുടെ ശാന്തിതീരത്തുനിന്നും "ആന്റ്‌ലിയാ"യുടെ അത്ഭുതലോകത്തെത്തി നില്‍ക്കുന്നു നമ്മള്‍..

അംബാനിമാര്‍ക്ക്‌ അംബരചുംബികളായ മാളികള്‍ പണിയിച്ചുകൊടുത്തും അതിന്റെ മട്ടുപ്പാവില്‍ ഒരു IPL സ്റ്റേഡിയം തന്നെ നിര്‍മ്മിച്ചൊരുക്കിയും രാജ്യത്തിന്റെ "വളര്‍ച്ചയ്ക്കാക്കം" കൂട്ടാന്‍ വളരെ എളുപ്പമാണ്‌...പക്ഷെ അരച്ചാണ്‍ വയറിനുവേണ്ടി ഇന്നും മടിക്കുത്തഴിയ്ക്കേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരൊപ്പുക, അവര്‍ക്കാശ്വാസമരുളുക ഒട്ടും എളുപ്പുമുള്ള കാര്യമല്ല.അതിലൊട്ടാര്‍ക്കും താല്‍പര്യവുമില്ല...

വികസനത്തിന്റെ പേരില്‍ മുമ്പില്ലാത്തവിധം പേക്കൂത്തുകള്‍ അരേങ്ങേറുന്ന വല്ലാത്തൊരു സ്ഥിതിയിലാണ്‌ രാജ്യം എത്തി നില്‍ക്കുന്നത്‌... ഇതിനെതെരെ പ്രതികരിയ്ക്കാന്‍ തയ്യാറായി, അങ്ങിനെ ഭാവിയില്‍ സംഭവിയ്ക്കാന്‍ സാധ്യതയുള്ള വലിയ വിസ്ഫോടനങ്ങള്‍ക്കും രക്തചൊരിച്ചലുകള്‍ക്കും സമാധാനത്തിന്റേയും,ശാന്തിയുടെയും മാര്‍ഗത്തിലൂടേ തടയിടാന്‍ മുലപ്പാലിന്റെ മൂല്യമറിയുന്ന ഭാരതത്തിലെ സ്ത്രീശക്തിയ്ക്കു കഴിയും.....അതിനൊരു തുടക്കംകുറിയ്ക്കാന്‍,... ചെറുകൈത്തിരി കൊളുത്താന്‍, ഈ തെരെഞ്ഞെടുപ്പ്‌ നിങ്ങള്‍ക്ക്‌ അവസരമൊരുക്കിയിരിയ്ക്കുന്നു....

നന്നായി വിനിയോഗിയ്ക്കുക

സദാ ജാഗരുകരായിരിയ്ക്കുക..

ഒരു മഹായാത്രയ്ക്കു ഒരുങ്ങുകയല്ലെ.....അല്‍പ്പം മധുരം കഴിച്ചിട്ടാകാം തുടക്കം.......

എല്ലാം ശരിയാകുമ്മെന്നെ ..

ശുഭാരംഭം..അല്‍പ്പം മധുരത്തിനൊപ്പം...

7 comments:

  1. ഭരണത്തിന്റെ പുതുലോകത്തേയ്ക്ക്‌ വലതുകാല്‍ വെച്ചു കയറുന്ന വനിതാമെമ്പര്‍മാരോടൊരു വാക്ക്‌.....മണിയറയിലേയ്ക്കു കയറുന്ന മണവാട്ടിയുടെ മനസ്സായിരിയ്ക്കരുത്‌ നിങ്ങള്‍ക്ക്‌...പരിചയമില്ലാത്ത മേഖലയല്ലെ എല്ലാറ്റിനും പുരുഷന്മാര്‍ തുടക്കം കുറിയ്ക്കട്ടെ, നേതൃത്വം നല്‍കട്ടെ എന്ന ചിന്തയൊ സങ്കോചമൊ അരുത്‌.

    ReplyDelete
  2. കമ്യൂണിസ്റ്റുകളുടെ മൂല്യച്ഛ്യുതിയില്‍ മനം നൊന്ത്‌ UDFല്‍ ചേക്കേറുന്നവരുടെ ലക്ഷ്യം അധികാരം മാത്രമാണ്‌.

    ത്യാഗസന്നദ്ധരായ കമ്യൂണിസ്റ്റുകള്‍ ഇന്ന് എത്ര പേരുണ്ട്‌...? മതം എന്ന, മനുഷ്യനെ മയക്കുന്ന കറുപ്പിന്റെ തണലില്‍ സസുഖം വാഴുന്ന കമ്യൂണിസ്റ്റുകളല്ലേ ഇന്ന് ഭൂരിഭാഗവും...?

    പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഉടന്‍ എതിര്‍പാളയത്തിലേക്ക്‌ സൗകര്യപൂര്‍വ്വം നുഴഞ്ഞുകയറാതെ നെഞ്ച്‌ വിരിച്ച്‌ നില്‍ക്കുന്ന കുലംകുത്തികളോട്‌ എനിക്ക്‌ ബഹുമാനമാണുള്ളത്‌... അവര്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും...

    ReplyDelete
  3. കാറല്‍മാക്സ്‌, മാഹാത്മഗാന്ധി തുടങ്ങിയവരെപോലെ യേശുദേവനും,ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ശ്രീനാരായണഗുരുവുമൊക്കെപുതിയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാക്കളായിട്ടായിരിയ്ക്കും ഭാവിയില്‍ കേരളത്തിലറിയപ്പെടാന്‍ പോകുന്നത്‌.

    ;)

    നന്നായി ലേഖനം.

    ReplyDelete
  4. ഈ വെളിപാട് .അത്യുഗ്രന്‍..!!ഒരു ജേര്‍ണലിസ്റ്റ് ഭാഷ..നല്ലൊരു ലേഖനം..ആശംസകള്‍......

    ReplyDelete
  5. സകലകുലാവിയുമായി നല്ല ഒരു ലേഖനം ........ ഈ അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും ഇഷ്ടമായത്...

    ReplyDelete
  6. പരസ്യത്തില്‍ മയങ്ങി, വ്യായാമം ചെയ്യാതെ,..എല്ലുമുറിയെ പണിയെടുക്കാതെ മൂക്കുമുട്ടെ തിന്ന്‌ "ലവണതൈലം" പുരട്ടി വയറു കുറയ്ക്കാനും ....അതിനു താഴെ "വാജിതൈലം" പുരട്ടി സംതൃപ്തമായ ദാമ്പത്യജീവിതം നയിയ്ക്കാനും ആധുനികയുഗത്തിലെ വിദ്യാസമ്പന്നന്നായ മലയാളി തയ്യാറാവുന്നു ...

    കൊല്ലേരീ... നമോ സ്തുതേ..!!

    ReplyDelete