Thursday, September 2, 2010

ഞങ്ങൾ ചില പാവം ഓലക്കുടിക്കാർ - പതിനഞ്ചാമത്തെ പെഗ്‌!

ദൈവത്തിന്റെ സ്വന്തം പാനീയം...

അങ്ങിനെ ഓണമഹോൽസവം കൊടിയിറങ്ങി... ഇത്തവണ വിജയലഹരിയിൽ കരുനാഗപ്പള്ളി ഒന്നാമതെത്തി.... ഇന്നലെ ഞങ്ങൾ ഓലക്കുടിക്കാർക്കു കരിദിനമായിരുന്നു.. ചാറ്റൽമഴയ്ക്കൊപ്പം കണ്ണീരിൽകുതിർന്ന മദ്യത്തുള്ളികൾക്കൊണ്ടു നനഞ്ഞുകുതിരുകയായിരുന്നു ഓലക്കുടിപ്പട്ടണം..

അമിതമായ ആത്മവിശ്വാസം സമ്മാനിച്ച ഈ പരാജയം തീർത്തും അപ്രതീക്ഷിതമായിരുന്നു.. ഈശ്വരാ, ഇതൊക്കെ വിവരിയ്ക്കുവാൻ സാബു വേണമായിരുന്നു ഇവിടെ... കണ്ണീരിൽകുതിർന്ന വാക്കുകളാൽ നല്ലൊരു വാർത്താചിത്രം തന്നെ രചിയ്ക്കാൻ കഴിയുമായിരുന്നു അവന്‌...

പക്ഷെ ഇതിനൊക്കെ ഇപ്പോൾ അവനെവിടെയാണ്‌ നേരം.. ഈ വാർത്തപോലും കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ടാകില്ല...

ശോശാമ്മയുടെ വീർത്തുവീർത്തു വരുന്ന വയറിനുചുറ്റും ഒതുങ്ങുന്നു ഇപ്പോഴത്തെ അവന്റെ ലോകം...

ഗൾഫിൽവെച്ചുണ്ടായ ഗർഭമായതുകൊണ്ട്‌ സ്കാനിങ്ങിലൂടെ കുട്ടി ആണാണെന്ന്‌ നേരത്തെതന്നെ അറിയാൻകഴിഞ്ഞു... എന്നിട്ടും കുട്ടിയുടെ രൂപം, പ്രത്യേകിച്ചും നിറം ഇതൊക്കെ വ്യക്തമായി ദൃശ്യമാക്കാൻ കഴിയത്തക്കവിധം ശാസ്ത്രം ഇനിയും വളർച്ച പ്രാപിയ്ക്കാത്തതിൽ അരിശം കൊള്ളുകയാണ്‌ സാബു..

എന്തായാലും കുഞ്ഞിന്റെ സൗന്ദര്യത്തിന്റേയും നിറത്തിന്റേയും കാര്യത്തിൽ ഒരു രീതിയിലും ചാൻസെടുക്കാൻ തയ്യാറാകാതെ കിലോക്കണക്കിനു കുങ്കുമപ‍ൂവ്‌ ശോശാമ്മയെകൊണ്ട്‌ നിർബന്ധിച്ചു കഴിപ്പിച്ചു അവൻ..

"ശോശാമ്മായുടെ കന്നിഗർഭക്കാലത്തു തന്നെ ലുലുവും നെസ്റ്റോയുമൊക്കെ വന്നത്‌ എത്ര നന്നായി ...അല്ലെങ്കിൽ പച്ചമാങ്ങയും ഉണ്ണിയപ്പവും തേടി ഞാനീ ഈസ്റ്റേൺ പ്രോവിൻസു മുഴുവൻ അലയേണ്ടി വന്നേനെ, അല്ലേ കുട്ടേട്ടാ...." ഫോൺവിളിയ്ക്കുമ്പോഴെല്ലാം ശോശാമ്മയുടെ ഗർഭവിശേഷങ്ങൾ പറയാനേ അവനു സമയമുള്ളു.

ഏഴാംമാസം ശോശാമ്മയെ നാട്ടിലേയ്ക്ക്‌ അയയ്ക്കുന്നതു വരെയുള്ള സാബുവിന്റെ നെട്ടോട്ടം ഒന്നു കാണേണ്ടതുതന്നെയായിരുന്നു... ഒരു മാതിരി ചുമ്മാ നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാനായിട്ട്‌... മറ്റാരുടെയും ഭാര്യമാർക്കൊന്നും കന്നിഗർഭം ഉണ്ടാകാത്തതുപോലെ...

ശോശാമ്മ നാട്ടിൽ പോയിട്ടും തീർന്നില്ല അവന്റെ വെപ്രാളവും സംശയങ്ങളും...

ഒരുദിവസം രാത്രി ഉറക്കം പിടിച്ചു തുടങ്ങിയ സമയത്താണ്‌ മൊബൈലിൽ അവന്റെ നമ്പർ...

"കുട്ടേട്ടാ, ഒരു സംശയം.... എട്ടാം മാസം കോലിട്ടിളക്കിയില്ലെങ്കിൽ കുട്ടി പൊട്ടനായിപ്പോകും എന്നു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടൊ.."

ഓർക്കാപ്പുറത്ത്‌ ആ ചോദ്യംകേട്ട്‌ അമ്പരന്നു.. ഈശ്വരാ എത്ര നിഷ്ക്കളങ്കനാണ്‌ സാബു... അല്ലെങ്കിൽ ഇത്ര ഓപ്പൺ ആയി ഇങ്ങിനെ ഓരോന്നു ചോദിയ്ക്കാൻ കഴിയുമോ.. പാവം ആരെങ്കിലും അവനെ പറഞ്ഞുപറ്റിച്ചിട്ടുണ്ടാകും... കിടന്നിട്ടു ഉറക്കം വരുന്നുണ്ടാകില്ല..

"എടാ സാബു,...അങ്ങിനെയാണെങ്കിൽ പ്രവാസികളിൽ നല്ലൊരു ശതമാനത്തിന്റേയും കുട്ടികൾ പൊട്ടൻമാരായിത്തീരുമായിരുന്നില്ലേ. മറിച്ചാണെങ്കിൽ അവരുടെയൊക്കെ ഭാര്യമാരുടെ ചാരിത്ര്യംതന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നില്ലേ... വെറുതെ ഓരോ മണ്ടൻ ചോദ്യങ്ങളുമായി വരും മനുഷ്യന്റെ ഉറക്കം കളയാനായി... മിണ്ടാതെ കുരിശുവരച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങാൻ നോക്ക്‌... ഇനി അഥവാ അത്രയ്ക്കു പേടിയുണ്ടെങ്കിൽ നീ ഒരു എമർജൻസി അടിച്ചു നാട്ടിൽപോയി കോലിട്ടിളക്കി വാ.. അല്ലെങ്കിൽ നാട്ടിൽ ഏതെങ്കിലുമൊരു "ഇവെന്റ്‌ മാനേജുമന്റുകാരെ" ഈ ദൗത്യമങ്ങേൽപ്പിയ്ക്ക്‌.. അഞ്ചു പൈസപോലും വസൂലാക്കാതെ സന്തോഷത്തോടെ അവരിക്കാര്യം നടത്തിത്തരും..

ശരിയ്ക്കു ദേഷ്യം വന്നു എനിയ്ക്ക്‌... പാവം ചമ്മിപ്പോയി...

"പേടികൊണ്ടല്ലേ കുട്ടേട്ടാ... കുട്ടേട്ടനോടല്ലാതെ ആരോടാ എനിയ്ക്കിത്ര ഫ്രീ ആയി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ കഴിയുക...." അവന്റെ ശബ്ദമിടറി...

അത്രയ്ക്കു പാവമാണ്‌ സാബു... ഇനി ശോശാമ്മയുടെ പ്രസവം കഴിഞ്ഞാലും കുഞ്ഞിന്റെ കയ്യും വായും തിരിയുന്നതുവരെ അവന്റെ അവസ്ഥ ഇതൊക്കെ തന്നെയായിരിയ്ക്കും. അതുകൊണ്ട്‌ തൽക്കാലം അവൻ ഓലക്കുടിക്കാരെക്കുറിച്ച്‌ എന്തെങ്കിലും എഴുതുമെന്ന്‌ കരുതി കാത്തിരുന്നിട്ടു കാര്യമില്ല...

എന്തായാലും ആദ്യഷോക്കിൽനിന്നും ഞങ്ങൾ ഓലക്കുടിക്കാർ ഉണർന്നു കഴിഞ്ഞു.. പരാജയകാരണങ്ങൾ കണ്ടുപിടിച്ചു പരിഹരിച്ച്‌ ക്രിസ്മസ്‌-ന്യൂ ഇയർ ഉത്സവമൽസരത്തിൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ ലോനപ്പൻ മാഷുടെ നേതൃത്തത്തിൽ ഓലക്കുടിക്കാർ ഒരുങ്ങിക്കഴിഞ്ഞു...

തികഞ്ഞ മദ്യവിരോധിയും ഗാന്ധിയനുമായ ലോനപ്പൻ മാഷെക്കുറിച്ചാണോ ഈ പറയുന്നത്‌..?? മാഷെ അറിയുന്നവർ, ഓർക്കുന്നവർ അത്ഭുതപ്പെട്ടേയ്ക്കാം...!!

അതൊരു സംഭവമാണ്‌... ഓലക്കുടിയുടെ മദ്യചരിത്രത്തിലെ മഹാസംഭവം.

ലോനപ്പൻ മാഷുടെ അറുപതാംപിറന്നാൾ ഗംഭീരമഅയി ആഘോഷിയ്ക്കാൻ തീരുമാനിച്ച സമയം.. പ്രസവത്തിനായി സൂസിമോളും നാട്ടിലെത്തിയിരുന്നു അപ്പോൾ....

അന്നൊരു ഞായാറഴ്ചയായിരുന്നു... എല്ലാവരും വീട്ടിലൊത്തുകൂടിയ ദിനം..... ആഘോഷത്തോടൊപ്പം എങ്ങിനെയെങ്കിലും അപ്പന്റെ മദ്യവിരുദ്ധനിലപാടുകൾ മാറ്റിയെടുക്കണം എന്ന ഒരു ഉദ്ദേശം കൂടിയുണ്ടായിരുന്നു ആ ഒത്തുചേരലിന്‌...... നാട്ടുകാരിൽ നിന്നും അത്രമേൽ സമ്മർദ്ദമുണ്ടായിരുന്നു... ഒഴിഞ്ഞുമാറാൻ കഴിയില്ലായിരുന്നു....

'അപ്പനെകൊണ്ട്‌ എങ്ങിനെയെങ്കിലും ഒരു പെഗ്‌ കഴിപ്പിയ്ക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു......." ദുബായിലെ ജീവിതം സൂസിമോളെ കൂടുതൽ അനുഭവസമ്പന്നയും ബുദ്ധിമതിയുമാക്കിയിരിയ്ക്കുന്നു....

"സൂസിമോള്‌ പറഞ്ഞതു കറക്റ്റാ.... സണ്ണിക്കുട്ടി നീയല്ലേടാ അപ്പന്റെ ഇളയപുത്രനും പുന്നാരമോനും.. നീ നിർബന്ധിച്ചാൽ അപ്പൻ അനുസരിയ്ക്കും..." ജോണിക്കുട്ടിയ്ക്കും അതുതന്നെയായിരുന്നു അഭിപായം...

അങ്ങിനെ എല്ലാവരും ഒത്തുച്ചേർന്ന അന്ന്‌ അത്താഴസമയത്ത്‌ ജയറാമിന്റെ നിറവും മോഹൻലാലിന്റെ ഫ്ലെക്സിബിളിറ്റിയും, ദിലീപിന്റെ സെൻസ്‌ ഓഫ്‌ ഹ്യൂമറും സുരേഷ്‌ഗോപിയുടെ ആകാരഭംഗിയുമുള്ള സണ്ണിക്കുട്ടി ലാലേട്ടൻ സ്റ്റൈലിൽ ഒരു കറക്കമൊക്കെ കറങ്ങി... സൂസിമോൾ ദുബായിൽനിന്നുംകൊണ്ടുവന്ന ജോണിവാക്കർ-ബ്ലാക്ക്‌ ലേബലിനെ ഒന്നു വണങ്ങി... മെല്ലെ അപ്പന്റെ മുമ്പിൽ വെച്ചു തുറന്നു.... പിന്നെ കർത്താവിനെ മനസ്സിൽ ധ്യാനിച്ച്‌ എവിടെനിന്നൊക്കയോ ധൈര്യം സംഭരിച്ചു ഒരു പെഗ്ഗോഴിച്ചു... ഐസ്‌ വാട്ടർ ഇത്തിരികൂടുതലൊഴിച്ചു.... അപ്പന്റെ മുന്നിൽ വെച്ചു.

"അപ്പാ,... അപ്പൻ എന്തുപറഞ്ഞാലും ഈ സണ്ണിക്കുട്ടി കേൾക്കും.... നാളെ ഈ ഭൂമിമലയാളത്തിലെ ഏതുപെണ്ണിനെ കെട്ടാൻപറഞ്ഞാലും, ആ പെണ്ണിന്റെ സൗന്ദര്യം നോക്കാതെ, മുഖംപോലും കാണാതെ ഈ സണ്ണിക്കുട്ടി മിന്നുകെട്ടും.... അതാണപ്പാ ഈ സ്നേഹം, സ്നേഹം എന്നൊക്കെ പറയുന്നത്‌...

ഇനി അപ്പൻ സണ്ണിക്കുട്ടിയ്ക്കുവേണ്ടി, ഞങ്ങളീ മക്കളുടെ, അപ്പന്റെ കൊച്ചുമക്കളുടെ സന്തോഷത്തിനുവേണ്ടി, മൊത്തം ഓലക്കുടികാരുടെ നന്മയ്ക്കുവേണ്ടി ഈ ഒരു പെഗ്‌ ഒന്നു രുചിച്ചു നോക്കിയേ...... അതിന്റെ പേരിൽ ഒരു കർത്താവും നമ്മെ ശിക്ഷിയ്ക്കാൻ പോകുന്നില്ല........"

"എന്റെ ഈശോയെ..... ഇവന്മാരിതെന്തു കുരുത്വക്കേടാ കാട്ടാൻ പോണെ.... അതിയാനെകൊണ്ട്‌... ഈ വയസ്സുക്കാലത്ത്‌...!!"

എല്ലാംകണ്ട്‌ തരിച്ചു നിൽക്കുകയായിരുന്നു ലോനപ്പൻ മാഷുടെ പ്രിയപത്നി ത്രേസ്യകൊച്ച്‌...

"അല്ലെങ്കിൽതന്നെ ഈ ഒരു കാര്യത്തിൽ മാത്രമെന്തിനാ ഇതിയാനിത്ര പിടിവാശിയും ദൈവഭയവും... കിടക്കപായിൽ ഒറ്റയ്ക്കാവുന്ന നിമിഷങ്ങളിൽ കർത്താവിനു നിരക്കുന്ന കാര്യങ്ങളാണോ കാണിച്ചു കൂട്ടാറുള്ളത്‌...!"

"ഏഴാംപ്രമാണം ലംഘിച്ചു ഞാനൊന്നും ചെയ്യുന്നില്ലാല്ലോ... കർത്താവിന്റെ മുന്നിൽ വെച്ചു മിന്നുകെട്ടിയ എന്റെ സ്വന്തം പെണ്ണല്ലേ നീ,.. പിന്നെയെന്തിനാ പേടിയ്ക്കുന്നേ...."

മാഷായതുകൊണ്ടാകാം എന്തു ചോദിച്ചാലും അതിനോക്കെ കൃത്യമായ മറുപടിയുമുണ്ടാകും... കെട്ടിയനാളുമുതൽ ആഞ്ഞടിയ്ക്കാൻ തുടങ്ങിയ കൊടുങ്കാറ്റിന്റെ കരുത്ത്‌ ഇപ്പോഴും പൂർണ്ണമായും കെട്ടടങ്ങിയിട്ടില്ല... അതിനെക്കുറിച്ചൊക്കെയോർക്കുമ്പോഴേ ത്രേസ്യാക്കൊച്ചിന്റെ ചുളിവു വീണ മേനിയിൽ ഇപ്പോഴും കുളിരു കോരും..

ത്രേസ്യാക്കൊച്ചങ്ങിനെയോരോന്നു ചിന്തിച്ചുനിൽക്കുന്നതിനിടയിൽ സണ്ണിക്കുട്ടി ഗ്ലാസ്സെടുത്ത്‌ അപ്പന്റെ ചുണ്ടോടടുപ്പിച്ചു...

പെട്ടെന്ന്‌ മാഷൊന്നു പതറി...

സണ്ണിക്കുട്ടി വിഷമൊഴിച്ചുകൊടുത്താലും അമൃതുപോലേകരുതി കുടിയ്ക്കാൻ തയ്യാറായിരുന്നു മാഷ്‌..... തന്റെ രൂപഭംഗിയും ത്രേസ്യാകൊച്ചിന്റെ നിറവുമുള്ള അവനെ അത്രയ്ക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തിന്‌..

ഒരു നിമിഷം മാഷ്‌ ത്രേസ്യക്കൊച്ചിനു നേരെനോക്കി..... "ഒരുവട്ടം ഒന്നു കഴിച്ചുനോക്കു മനുഷ്യാ.. പിള്ളേരുടെ ഒരാശയല്ലേ" എന്ന മട്ടിൽ വാതിൽപ്പടിയ്ക്കൽ കുസൃതിച്ചിരിയുമായി നിൽക്കുന്നു അവൾ...

പിന്നെ ഒന്നുമോർത്തില്ല, കണ്ണുമടച്ച്‌ കർത്താവിനെ മനസ്സിൽ നിനച്ച്‌ ഒറ്റവലിയ്ക്കു കുടിച്ചു തീർത്തു മാഷ്‌. ആസിഡു കുടിയ്ക്കുന്ന അനുഭവമായിരുന്നു. പകർന്നുതന്നത്‌ സണ്ണിക്കുട്ടിയാണെന്ന ആശ്വാസം മാത്രമെ മനസ്സിലുണ്ടായിരുന്നുള്ളു...

അപ്പന്റെ റിയാക്ഷൻ അറിയാൻ മക്കൾ അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു... ആ ടെൻഷനിലിൽ ഒന്നുരണ്ടു പെഗ്‌ അവരും അകത്താക്കി...

ഒന്ന്‌... രണ്ട്‌... മൂന്ന്‌... നാല്‌... അഞ്ചു മിനിറ്റു കഴിഞ്ഞില്ല മാഷൊന്നു പുഞ്ചിരിച്ചു... പിന്നെ.ആ മിഴികളിൽനിന്നും കണ്ണീർ കുടുകുടെ ഒഴുകാൻ തുടങ്ങി...

അതുകണ്ട്‌ ത്രേസ്യാകൊച്ചിന്റെ മനം തകർന്നു... ഇരുമെയ്യാണെങ്കിലും അവരൊറ്റ കരളായിരുന്നു... ജീവന്റെ ജീവനായിരുന്നു... അവരും കരയാൻ തുടങ്ങി....

"കർത്താവെ ഇതിലും വലിയ പ്രതിസന്ധികളിൽപ്പോലും തളരാത്ത, കരയാത്ത മനുഷ്യനാ.. എന്നിട്ടിപ്പോ"...

അവർ സണ്ണിക്കുട്ടിയെ ശപ്‌ഇച്ചു.... ജോണിക്കുട്ടിയെ ശപിച്ചു......

"ഛേ,.... വേണ്ടായിരുന്നു...... വിളറിവെളുത്തു ശവംപോലെ തരിച്ചുനിൽക്കുകയായിരുന്നു സണ്ണികുട്ടി...

"ഒഴിയ്ക്കടാ മോനെ ഒരു പെഗ്‌ കൂടി...." കരച്ചലിനിടയിലെ അപ്പന്റെ അവ്യക്തമായ സ്വരത്തിന്റെ അർത്ഥം അവർക്കാദ്യം മനസ്സിലായില്ല.....

"സോറി അപ്പാ....... കർത്താവാണേ ഇനിയിതു ആവർത്തിക്കില്ല....... ഇനി തെറ്റു പറ്റില്ല........" സണ്ണിക്കുട്ടി വിതുമ്പി....

"നിന്നോട്‌ ഒഴിയ്ക്കാനല്ലേ പറഞ്ഞെ... വെള്ളം അധികം ഒഴിയ്ക്കേണ്ടാ......"

മാഷുടെ ശബ്ദം ഉയർന്നു.... അതുകേട്ട്‌ വിശ്വസ്സിയ്ക്കാനാകത്തെ അവർ അമ്പരന്നു... സണ്ണിക്കുട്ടി അറിയാതെ ഒഴിച്ചു പോയി.... ഒന്നല്ല ഒരൊന്നര പെഗ്‌......

അതിൽ പാതിയും ഒറ്റവലിയ്ക്കു തീർത്ത്‌ ഗ്ലാസുമായി മാഷ്‌ പതുക്കെ എഴുന്നേറ്റു നടന്നു...

അപ്പനിതു എന്തു ഭാവിച്ചാ.. മാഷുടെ അടുത്ത നീക്കം എന്തെന്നറിയാതെ ഒരുപാടു കൺഫൂഷ്യനുകളുമായി പുറകെ അമ്മയും മക്കളും....

നടന്നുനടന്ന്‌ മാഷ്‌ നേരെ ചെന്നെത്തിയത്‌ പ്രാർത്ഥനമുറിയിലെ കർത്താവിന്റെ ക്രൂശിതരൂപത്തിന്റെ മുന്നിലായിരുന്നു.... അവിടെനിന്ന്‌ ഒരു കൊച്ചുകുഞ്ഞിനെപോലെ എണ്ണിപ്പെറുക്കി വിതുമ്പികരയാൻ തുടങ്ങി അദ്ദേഹം..

'എന്നാലും എന്നോടിതു വേണ്ടായിരുന്നു...കർത്താവെ.... എന്തീനു നീ ഇത്രയും വർഷം എന്നിൽ നിന്നും ഇത്രയും നല്ല ഈ മധുപാത്രം മറച്ചുവെച്ചു... അതിനുതക്കവണ്ണം എന്തു തെറ്റ ഞാൻ ചെയ്തത്‌....

എത്രയെത്ര പ്രാർത്ഥനകൾ, ധ്യാനം... എന്തിലൊക്കെ പങ്കെടുത്തിരിയ്ക്കുന്നു.. അന്നൊന്നും അവിടെയെങ്ങും കിട്ടാത്ത സമാധാനം.. ശാന്തി എല്ലാം എനിയ്ക്കു ഞൊടിയിടയിൽ കൈവന്നതു തിരിച്ചറിയുന്നില്ലേ നീ.. ഒരു നിമിഷം കൊണ്ട്‌ ഞാൻ സ്വർഗ്ഗലോകത്തിലെത്തിച്ചേർന്നതുപോലെ...

എല്ലാം .എല്ലാം ഈ ഒരു പെഗ്‌ മാന്ത്രികവെള്ളത്തിന്റെ ശക്തി...!!..

വൈകിപോയി ഒരുപാടു വൈകിപോയി.. ഇനി ബാക്കിയുള്ള കാലമെങ്കിലും ഈ പാനപാത്രം എപ്പോഴുമെപ്പോഴും മധു പകർന്നുകൊണ്ടെന്റെ ചുണ്ടിൽ ചേർന്നിരിയ്ക്കാൻ കരുണ കാട്ടണേ.. എന്നെ അനുഗ്രഹിയ്ക്കണേ...

ഗ്ലാസ്സിൽ ഒന്നു മുത്തി... അതിലുണ്ടായിരുന്ന ശേഷിയ്ക്കുന്നതു മുഴുവൻ കർത്താവിന്റെ മുമ്പിൽ വെച്ചു ഒറ്റവലിയ്ക്കു കുടിച്ചുതീർത്തു കുരിശു വരച്ചു മാഷ്‌.....

ആ അത്ഭുതം കണ്ട്‌ ഒരു നിമിഷം അമ്പരന്ന സണ്ണിക്കുട്ടിയും ജോണിക്കുട്ടിയും സന്തോഷംകൊണ്ടു പരസ്പരം പുണർന്നു... നൃത്തം വെച്ചു.....

തന്റെ വലിയ വയറിനേയും അതിനകത്തെ കുഞ്ഞുവാവയെയും മറന്ന്‌ സൂസിമോൾ തുള്ളിച്ചാടി....

സൂസിമോളുടെ ചന്തത്തിൽ മയങ്ങി പുറത്തു ജനവാതിൽക്കലിൽ മണം പിടിച്ചു തരിച്ചുനിന്നിരുന്ന കള്ളക്കാറ്റ്‌ ഈ സന്തോഷവാർത്തയുമായി ഓലക്കുടിയിലാകെ പാറി നടന്നു... കേട്ടവർ കേട്ടവർ ലോനപ്പൻമാഷുടെ തറവാട്ടുമുറ്റത്തേയ്ക്കു കുതിച്ചു....

"ദുന്ദും ദുന്ദും ദുന്ദുഭി നാദം നാദം നാദം... ദേവദുന്ദുഭിതൻ വർഷമംഗളഘോഷം." ഓലക്കുടിയ്ക്കന്ന്‌ ഉത്സവരാവായിരുന്നു.... മദ്യമഴയിൽ ഓലക്കുടിപുഴ നിറഞ്ഞുകവിഞ്ഞൊഴുകി...

ആ ഒറ്റരാവുകൊണ്ട്‌ മാഷ്‌ ഞങ്ങൾക്കു പ്രിയങ്കരനായി മാറി... ക്രമേണ ഓലക്കുടിയിലെ സമ്പൂർണ്ണ മദ്യസാക്ഷരതായജ്ഞത്തിന്റെ നേതൃത്വം അദ്ദേഹം സ്വയം ഏറ്റെടുത്തു....

പച്ചവെള്ളം വീഞ്ഞാക്കി മാറ്റി മാലോകരെ വിസ്മയിപ്പിച്ച യേശുദേവനാണ്‌ ലോകത്തിന്‌ ആദ്യമായി മദ്യത്തിന്റെ മഹത്വം മനസ്സിലാക്കികൊടുത്തതെന്ന സത്യം തിരിച്ചറിയാൻ എന്തെ ഇത്ര വൈകിപോയി എന്ന കുറ്റബോധത്താൽ കുമ്പസാരസമയത്തു പൊട്ടിക്കരഞ്ഞുപോയി മാഷ്‌.

"ആരാധനാലയങ്ങളിൽ പലതും വിഭാഗീയതയുടെയും ഭൗതികവ്യഗ്രതയുടേയും ആയുധപുരകളായി മാറുമ്പോഴും ഒരിയ്ക്കൽ വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും തെരുവുകളിൽ "ഐക്യമദ്യം മഹാബലം " എന്ന സന്ദേശവുമായി ഒരേ ചരടിൽ ഇണക്കികോർത്ത പുഷ്പങ്ങളായി മതമൈത്രിയോടെ ഉത്സവലഹരിയിൽ മുഴുകുന്നു....

ആരോടാണ്‌ നന്ദി പറയേണ്ടത്‌..!!..എല്ലാറ്റിനും നന്ദിപറയേണ്ടത്‌ മദ്യം എന്ന ആ മാന്ത്രികശക്തിയോടു തന്നെ....!!.

രാമനും കൃഷ്ണനും ജോസഫും റിയാസും റഹീമും അങ്ങിനെ ഓരോ മലയാളിയും വരഗ്ഗീയ, വിഭാഗിയ ചിന്തകളെല്ലാം മറന്ന്‌ ഒരേ മനസ്സോടേ ബീവറേജസ്‌ കോർപ്പറേഷനു മുമ്പിൽ എത്ര ആമോദത്തോടെയാണ്‌ ഒത്തു ചേരുന്നത്‌..... അവിടെ കള്ളവുമില്ല ചതിയുമില്ല.... പൊളിവചനങ്ങളുമില്ല... പണ്ഡിതിനില്ല... പാമരനില്ല.... ഒരു പയിന്റെങ്കിലും നുണയാതെ ആരും നിരാശരായി മടങ്ങുന്നുമില്ല.... എല്ലാവരും പരസ്പരം മനസ്സിലാക്കുന്നു..സഹായിയ്ക്കുന്നു......"

ഇങ്ങിനെ ഇങ്ങിനെ മദ്യത്തിന്റെ, എത്ര പറഞ്ഞാലും തീരാത്ത മഹത്വവും പാടി ഒരു സുവിശേഷകന്റെ ശുഷ്ക്കാന്തിയോടെ ഓലക്കുടിയിലും പരിസപ്രദേശങ്ങളിലും ഇന്നും ഓടിനടക്കുന്നു അദ്ദേഹം.... ഓലക്കുടിയുടെ ഇത്തവണത്തെ പരാജയത്തിൽ മാഷക്കോ ഞങ്ങൾ മറ്റു ഓലക്കുടിക്കാർക്കോ വിഷമമില്ല. ഓലക്കുടിയെ മാതൃകയാക്കി മറ്റു പട്ടണങ്ങളും മദ്യസാക്ഷരത നേടുന്നതിൽ ഞങ്ങൾ അഭിമാനിയ്ക്കുന്നു....

മദ്യകേരളം സുന്ദരകേരളം.....അതാണ്‌ ഞങ്ങൾ ഓരോ ഓലക്കുടിക്കാരന്റേയും സ്വപ്നം...

"മതമേതായാലും മദ്യം നന്നായാൽ മതി...." അതാകട്ടെ ഓരോ മലയാളിയുടെയും മുദ്രാവാക്യം.. കേരളത്തിന്റെ വികസനത്തിന്റെ മുദ്രാവാക്യം..


കൊല്ലേരി തറവാടി
02/09/2010

1 comment:

  1. ഓണാഘോഷങ്ങള്‍ അവസാനിച്ചു... പതിവുപോലെ ഗ്ലാസ്സുകള്‍ നിറഞ്ഞൊഴുകി... പക്ഷെ, ഇത്തവണ, ഞങ്ങള്‍ ഓലക്കുടിക്കാര്‍ രണ്ടാം സ്ഥാനക്കാരായി...

    ReplyDelete