Monday, August 23, 2010

ചിയേര്‍സ്‌ മാവേലി....

രംഗം-1

ഒരോണംകൂടി കടന്നുവരുന്നു...... നിഷ്ക്കളങ്കതയോടെ ഓണതുമ്പിയുടെ കയ്യുംപിടിച്ച്‌ പാറിക്കളിച്ചു നടന്ന ബാല്യം പടിയിറങ്ങിയിട്ട്‌ നാളേറെയായി...

ഹൃദയത്തില്‍ വിരിഞ്ഞുനിന്നുപുഞ്ചിരിച്ച തൊട്ടവാടിപൂക്കളുടെ ചന്തത്തില്‍ മയങ്ങി മുള്‍പ്പടര്‍പ്പുകളില്‍ കുടുങ്ങി തളര്‍ന്നു വിടപറഞ്ഞ പാവം ആ ഓണതുമ്പിയും വാടിക്കരിഞ്ഞ നൊമ്പരസ്മരണയായി...

ആവണിത്തെന്നലിനുപോലും ഗ്രീഷ്മത്തിലെ വരണ്ടപാലക്കാടന്‍ കാറ്റിന്റെ ചൂടും ചൂരും സമ്മാനിച്ചു ഈ യാന്ത്രിക യുഗത്തിന്റെ വികസനമോഹങ്ങള്‍..കാവും കുളവും നെല്‍വയലുകളും കൊയ്ത്തും മെതിയും എല്ലാം അന്യമായി എന്നിട്ടും ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ നിസ്സംഗതയോടെ വിളവെടുപ്പുത്സവത്തിന്റെ മഹത്വം ഉത്ഘോഷിയ്ക്കുന്നു.. ആര്‍പ്പു വിളിയ്ക്കുന്നു .അഹങ്കാരത്തിന്റെ അകമ്പടിയോടെ അതിലേറെ മല്‍സരബുദ്ധിയുടെ താളമേളങ്ങളോടേ എളിമയുടെ തമ്പുരാനെ വരവേല്‍ക്കാനൊരുങ്ങുന്നു..

ആധുനികയുഗത്തില്‍ പണക്കൊഴുപ്പില്‍ മുങ്ങിനീരടുന്ന ഉന്ന അതിരുവിട്ട ലൗകികമോഹങ്ങള്‍ ഒരുക്കുന്ന ഉത്സവക്കാലകെട്ടുക്കാഴ്ചകള്‍ കണ്ടു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു... .

ഒരിയ്ക്കലും മടുക്കാതെ എന്നും ഹൃദയത്തില്‍ ശേഷിയ്ക്കുന്നത്‌ ഒരേയൊരു പൂമരം മാത്രം.... വാടാത്ത സ്നേഹത്തിന്റെ പൂക്കള്‍ വിടര്‍ത്തി സുഗന്ധം പരത്തി എന്റെ പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന പൂമരം..

ഇത്തവണ ഓണം നാട്ടില്‍തന്നെ എന്നുറപ്പിച്ചതായിരുന്നു...

"കുട്ടേട്ടാ കല്യാണം കഴിഞ്ഞ്‌ ഇത്രയും വര്‍ഷമായി എന്നിട്ടും ഇതുവരെയും ഒരു വെഡ്ഡിംഗ്‌ ആനിവേര്‍സറി പോലും നമ്മളൊന്നിച്ച്‌`......കഷ്ടമുണ്ടുട്ടൊ... .. ഇത്തവണയെങ്കിലുംകുട്ടേട്ടാ......പ്ലീസ്‌......"

"ഇത്തവണ ഉറപ്പായിട്ടും കുട്ടേട്ടന്‍ വരും കണ്ണാ . വെഡ്ഡിംഗ്‌ ആനിവേര്‍സറി ഓണം എല്ലാം നമുക്കടിച്ചുപൊളിയ്ക്കണം....."

"സത്യം.......!!!" ആ ശബ്ദത്തിലെ ഉത്സാഹത്തിലെ തിളക്കം എന്റെ ഫോണില്‍തുമ്പില്‍ പ്രതിഫലിച്ചു....

അവള്‍ക്ക്‌ ഒരുപാടു പ്രതീക്ഷകളായിരുന്നു....ഓരോ തവണ ഫോണിലും ഓരോ പുതിയ പദ്ധതികള്‍...പോകേണ്ട സ്ഥലങ്ങള്‍.

പാവം മാളു...അവസാനം എല്ലം വെറും മനകോട്ടകളയി മാറി...

സൗദിയില്‍ സ്കൂള്‍ അവധി, ഫമിലിക്കാരുടെ കൂട്ടത്തോടെയുള്ള നാട്ടിലേയ്ക്കുള്ള യാത്ര ഇതൊക്കെ ആഗസ്റ്റിലാണെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വല്ല ഒക്റ്റോബറിലൊ മറ്റൊ കല്യാണം കഴിയ്ക്കുമായിരുന്നുള്ളു.......

എന്നും എപ്പോഴും കുരിശുചുമക്കാന്‍ വിധിയ്ക്കപ്പെട്ടവരാണല്ല്ലൊ സൗദി ഓഫിസുകളിലെ പാവം പ്രവാസിബാച്ചികള്‍......

വിഷുവിനോ പോകാന്‍ പറ്റിയില്ല...ERP ഇമ്പ്ലിമെന്റേഷന്‍ തിരക്കായിരുന്നു അന്ന്‌....പോരാത്തതിനു ഞാന്‍ നാട്ടില്‍ പോയിവന്നിട്ട്‌ അധികനാളായിട്ടുമുണ്ടായിരുന്നില്ല....

സ്മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം...അതുപോലെ ഒരിയ്ക്കലും ഫലപ്രാപ്തിയെല്ലെത്താത്ത ERP പ്രോഗ്രാം...!! അതു തീര്‍ന്നിട്ടു പോകാമെന്നു കരുതിയാല്‍!!.....

ഓണവെക്കേഷന്‍ ഒരുക്കത്തിനു മുന്നോടിയായി ഒരു ദിവസം പേര്‍സനല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പോയി തിരക്കിയപ്പോഴാണ്‌ ഞെട്ടിയ്ക്കുന്ന ആ സത്യം മനസ്സിലാക്കിയത്‌,....

എന്റെ വെക്കേഷന്‍ ബാലന്‍സ്‌ നെഗറ്റീവ്‌ 15.....!...അതായത്‌ വെക്കേഷന്‍ കുടിശിക ഇനത്തില്‍ ഞാന്‍ പതിനഞ്ചു ദിവസം കമ്പനിയ്ക്കു കൊടുക്കണം.....

ഭാഗ്യം ഒരു ടിക്കറ്റ്‌ ബാലന്‍സുണ്ട്‌...കഴിഞ്ഞ തവണ ജെറ്റ്‌ എയര്‍-വേയ്‌സിന്റെ ഡിസ്കൗണ്ട്‌ മുതലാക്കി സ്വന്തം ടിക്കറ്റില്‍ പോകാന്‍ തോന്നിയത്‌ ഭാഗ്യമായി...പറഞ്ഞു നില്‍ക്കാന്‍ ഒരു കച്ചിതുമ്പെങ്കിലുമായി.

അങ്ങിനെ ബോസ്സ്‌ അവധികഴിഞ്ഞെത്തിയ ആഗസ്റ്റ്‌ ആദ്യവാരം തന്നെ സംഗതി അവതരിപ്പിച്ചു.....

ഇനിയും തീരാത്ത ERP,.....എന്റെ തുടര്‍ച്ചയായ വെക്കേഷനുകള്‍...അങ്ങിനെ ഒരുപാടു തടസ്സവാദങ്ങള്‍...

എല്ലാത്തിനേയും അതിജീവിച്ചു വന്നപ്പോഴാണ്‌ അപ്രതീക്ഷിതമായി ബോസിന്റെ പേര്‍സണല്‍ റിക്വസ്റ്റ്‌.....

നോയ്‌മ്പുകാലമല്ലെ ഇത്‌.....ഈ ചൂടിലും ഹുമിഡിറ്റിയിലും നോയ്മ്പിനൊപ്പം ജോലിഭാരം കൂടിയാകുമ്പോള്‍ തളര്‍ന്നുപോകും....അദ്ദേഹത്തിനു വയസ്സാവാന്‍ തൂടങ്ങിയിരിയ്ക്കുന്നു...പണ്ടത്തെകൂട്ട്‌ ഓടിനടന്നു വര്‍ക്ക്‌ ചെയ്യാന്‍ വയ്യാ...പെരുന്നാള്‍ കഴിഞ്ഞിട്ടു പോയാല്‍ പോരെ....! .

ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായി ഞാന്‍..വെക്കേഷന്‍ ഡ്യൂ അല്ലാതിരുന്നതിനാലും, അതൊന്നൊപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ സഹായം ആവശ്യമായതിന്നാലും ഒരുപരിധിവിട്ടു പ്രതിരോധിയ്ക്കാനും കഴിയില്ലായിരുന്നു.....

അവസാനം നോയ്‌മ്പു നോക്കാനൊരുങ്ങുന്ന വിശ്വാസിയ്ക്ക്‌ തുണയാകാനൊരുങ്ങി ഞാന്‍ കാരുണ്യവാനായ അള്ളാഹുവിന്റെ കൃപയ്ക്ക്‌ പാത്രിഭൂതനാവാന്‍ തീരുമാനിച്ചു.....

പക്ഷെ, ഇതെല്ലാം എങ്ങിനെ മാളുവിനെ പറഞ്ഞുമനസ്സിലാക്കും എന്നറിയാതെ ശരിയ്ക്കും വിഷമിയ്ക്കുകയായിരുന്നു ഞാനപ്പോള്‍.....

ദിവസം ചെല്ലുംതോറും അവളുടെ ഉത്സാഹവും കൂടിവന്നു.....

"കുട്ടേട്ടാ.....ഇന്നലെ ഞാന്‍ കുട്ടേട്ടന്‍ വന്നുവെന്നു സ്വപ്നം കണ്ടു .....ആരോടും പറയാതെ,ആരേയും അറിയിയ്ക്കാതെ പെട്ടന്നു കയറി വന്നു......ഇത്തവണ അങ്ങിനെ സര്‍പ്രൈസ്‌ ആയിട്ടാ വരിക എന്നു പറഞ്ഞിരുന്നില്ലെ കുട്ടേട്ടന്‍........"

അല്ലാ.... കുട്ടേട്ടന്റെ ബോസ്സ്‌ ഇതുവരെ വെക്കേഷന്‍ കഴിഞ്ഞു വന്നില്ലെ,...അങ്ങേരു വന്നിട്ടു വേണ്ടെ ടിക്കറ്റു ബുക്കു ചെയ്യാന്‍....."

കുറച്ചു ദിവസം പാവം അവളോട്‌ ഓരോന്നുപറഞ്ഞു ഉരുണ്ടുകളിച്ചു....

പിന്നെ അവളില്‍ പ്രതീക്ഷകള്‍ വളര്‍ത്തി പറ്റിയ്ക്കുന്നതു പാപമാണെന്നു തിരിച്ചരിഞ്ഞു......ഞാന്‍ വല്ലാത്തൊരു ക്രൂരനാണെന്നു തോന്നി..

അവളെ കരുതലോടെ കാര്യം പറഞ്ഞു മനസ്സിലാക്കി....

"കണ്ണാ....സങ്കടപ്പെടരുത്‌ നീ....പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം......

കുട്ടേട്ടന്റെ ബോസ്സ്‌ ഇതുവരെയും വെക്കേഷന്‍ കഴിഞ്ഞെത്തിയില്ല.....

നാട്ടിലില്‍നിന്നും തിരിച്ചു പുറപ്പെടുന്നതിന്റെ രണ്ടുദിവസം മുമ്പ്‌ അദ്ദേഹത്തിനൊരു പനി വന്നു....അതുപിന്നെ സീരിയസ്സായി, പന്നിപനിയാണൊ എന്നു സംശയമായി.....രക്തത്തിന്റെ സാമ്പിളെടുത്തു ഡെല്‍ഹിയ്ക്കയച്ചിരിയ്ക്കുകയാണിപ്പോള്‍...

ഇനിയിപ്പൊ എല്ലാം സ്ഥിരികരിച്ച്‌ അതിന്റെ ട്രീറ്റ്‌മെന്റും കഴിഞ്ഞു വരുമ്പോള്‍ എറ്റവും ചുരുങ്ങിയത്‌ രണ്ടാഴ്ചയെങ്കിലും കഴിയും....അപ്പോഴേയ്ക്കും ആഗസ്റ്റ്‌ 29ഉം.....ഓണവും കടന്നുപോകും......

കണ്ണാ....നാളെ നീ അമ്പലത്തില്‍പോകുമ്പോള്‍ ബോസ്സിന്റെപേരില്‍കൂടി ഒരു പുഷ്പാഞ്ചലി കഴിക്കണം.....പേര്‌ അഹമ്മദ്‌.....വയസ്സ്‌ നാല്‍പ്പത്തിയെട്ട്‌......നാളറിയില്ല....."

" അതെന്തിനാ കുട്ടേട്ട,....നമ്മള്‌ വഴിപാട്‌` കഴിയ്ക്കുന്നത്‌..അങ്ങേര്‍ക്ക്‌ വീട്ടുകാരൊക്കയില്ലെ വഴിപാട്‌.കഴിയ്ക്കാന്‍......".

" മണ്ടൂസ്സെ......ബോസ്സ്‌ പെട്ടന്നു സുഖപ്പെട്ടു വന്നാലല്ലെ കുട്ടേട്ടനു നാട്ടില്‍ വരാന്‍ പറ്റു...അപ്പോപിന്നെ ഈ വഴിപാടു സത്യത്തില്‍ നമുക്കു വേണ്ടിതന്നെയല്ലെ.......മനസ്സിലായൊ നിനക്ക്‌`.....

"നാളയറിയില്ലെങ്കില്‍ പുഷ്പാഞ്ചലി കഴിച്ചിട്ടു കാര്യമില്ല കുട്ടേട്ടാ.....ശിവന്റെ അമ്പലത്തില്‍ കുവളമാല കെട്ടിയ്ക്കാം.. അസുഖം മാറാന്‍ അതാ നല്ലത്‌.........

പാവം മാളു എത്ര പെട്ടന്നാ അവളെ വിശ്വസ്സിപ്പിയ്ക്കാന്‍ കഴിഞ്ഞത്‌`......

എത്രപെട്ടന്നാണവള്‍ സങ്കടമെല്ലാം ഒതുക്കിയത്‌......കുട്ടേട്ടന്റെ വെക്കേഷന്‍ ശരിയാവാന്‍ വേണ്ടി വഴിപാടുകള്‍ കഴിയ്ക്കാന്‍ ഒരുങ്ങിയത്‌`........

എന്നിട്ടും വിവാഹവാര്‍ഷികത്തലേന്ന്‌ രാത്രി സങ്കടം കൊണ്ടു നിയന്ത്രണം വിട്ട ഒരു നിമിഷം അവളറിയാതെ പറഞ്ഞുപോയി.....

"കുട്ടേട്ടാ...കുട്ടേട്ടന്‍ ഒരു ക്രൂരനാണ്‌.....പാവം ക്രൂരന്‍...."

ഇന്നു തിരുവോണം.....മാളുവിന്റെ ശാപം ശരിയ്ക്കും ഫലിച്ചു.മറ്റൊന്നൊന്നിനും സമയം കിട്ടിയില്ല.....വല്ലാത്ത തിരക്കായിരുന്നു രാവിലെമുതല്‍......ഇന്‍വെന്ററി റിപ്പോര്‍ട്ടുകളില്‍ പതിവില്ലാത്ത വിധം കോമ്പ്ലിക്കേഷനുകള്‍..

ഇന്‍ ബോക്സില്‍ നിറഞ്ഞുതുളുമ്പുന്ന ഒരു കെട്ടു മെയിലുകള്‍.... വെറുതെ തുറന്നൊന്നോടിച്ചു നോക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു..........

മിക്കവാറും എല്ലാം ഓണാശംശകള്‍....

"കള്ളകര്‍ക്കിടകം ഇത്തിരിനാണത്തോടെ,...ഒത്തിരി പ്രതീക്ഷയോടെ, കരിംചേല അഴിച്ചു മാറ്റി......പൊന്നിന്‍ചിങ്ങം ചൂട്ടുംതെളിച്ചു പുഞ്ചപാടവരമ്പിലൂടെ ഒരു കള്ളനെപോലെ പതുങ്ങി വന്നു..

ചൂട്ടിന്‍വെട്ടം ഓണനിലാവായി അന്തരീക്ഷത്തില്‍ പെയ്തിറങ്ങി....

ആ നിലാമഴയില്‍ കര്‍ക്കിടകപ്പെണ്ണിന്റെ നിറം മാറി, രൂപം മാറി, ഭാവം മാറി.....അവള്‍ വശ്യചാരുതായാര്‍ന്ന മലയാളിമങ്കയായി,.....

ഓണതുമ്പികള്‍ തേന്‍നുകര്‍ന്നുണര്‍ത്തിയ അവളുടെ തളിര്‍മേനിയില്‍ നിന്നും പാലടപ്രഥമന്‍ വഴിഞ്ഞൊഴുകി.....

ആ മാധുര്യം കോരിത്തരിപ്പോടെ ഏറ്റുവാങ്ങി മലയാളമണ്ണ്‌ സമ്പത്‌സമൃദ്ധിയിലാറാടി....

ഇങ്ങിനെ കേട്ടുമടുത്ത കുറെ പതിവുവാചകങ്ങള്‍.....

വര്‍ഷങ്ങളായി കാണുന്ന ഓണാശംസകള്‍.....

തമിഴ്‌നാട്ടില്‍നിന്നും കടംകൊണ്ട പൂക്കള്‍ക്കു നടുവില്‍.....കുടവയറും പെരുപ്പിച്ചുകാണിച്ച്‌ അപഹാസ്യനാക്കപ്പെട്ട മാവേലിയുടെ വിവിധരൂപങ്ങള്‍..

പാവം ഇത്രയും കൊട്ടിഘോഷിച്ച്‌ അപഹാസ്യനാകപ്പെട്ട മറ്റൊരു കഥാപാത്രവും ലോകത്തിതുവരെ ഉണ്ടായിട്ടുണ്ടാകില്ല....

ഒരു പക്ഷെ ഇത്തരം അപഹാസ്യരക്കപ്പെട്ട ആത്മാക്കളുടെ ശാപംകൊണ്ടാകാം ചാനലുകളിലെ കോമഡി പ്രോഗ്രാമുകള്‍ കാണാനാളില്ലാതെ മുടിഞ്ഞുപോയത്‌.

മ-ദ-നി എന്ന മൂന്നക്ഷരം ശ്രുതിതെറ്റാതെ, ടെമ്പോ പോകാതെ ഒരു മന്ത്രംപോലെ ഉരുവിട്ടും പെരുപ്പിച്ചുകാണിച്ചും മനുഷ്യരെ മടുപ്പിയ്ക്കാന്‍ പരസ്പരം പരസ്പരം മല്‍സരിയ്ക്കുകയായിരുന്നു മഹാബലിയുടെ സ്വന്തം നാട്ടിലെ ചാനലുകള്‍.

"മദനി പദസ..സരിഗ...പ്രതിഷേധം കടലില്‍നിന്നുയരുന്നുവോ.." ..."മദനി" എന്ന വാക്ക്‌ ഉള്‍പ്പെടുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി "മ്യൂസിക്‌ മിക്സ്‌"പോലും അവതരിപ്പിച്ചുകളഞ്ഞു ചിലര്‍..

മദനിയുടെ വീരഗാഥകള്‍ക്കു മുമ്പില്‍ തന്റെ സന്ദര്‍ശനത്തിന്റെ പ്രസക്തിയും തിളക്കവും പ്രജകള്‍ കാണാതെ പോകുമോ".... യാത്രയ്ക്കുപുറപ്പെടും മുമ്പെ ഒരു നിമിഷം തിരുമനസ്‌ അമ്പരന്നു.....

"തിരുമനസ്സെ ഇത്തവണ പോകാതിരിയ്ക്കുകയാകും നല്ലത്‌...പോകുകയാണെങ്കില്‍തന്നെ സൂക്ഷിയ്ക്കണം,.. നാട്ടില്‍ എന്തു കണ്ടാലും ഒന്നും മിണ്ടാതെ,..ഉരിയാടാതെ സംയമനം പാലിയ്ക്കണം.എന്തു സംഭവിച്ചാലും കയ്യും തലയും കാത്തു രക്ഷിയ്ക്കുവാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം...

എത്ര മഹത്വം പറഞ്ഞാലും പറഞ്ഞാലും ഒരസുരചക്രവര്‍ത്തിയല്ലെ അങ്ങ്‌..വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രമാണെങ്കില്‍പോലും നാട്ടില്‍ പോയി ചെത്തി നടക്കുന്ന അങ്ങയുടെ ജനപ്രീതി സവര്‍ണ്ണവാമനമാര്‍ക്ക്‌ തീരെ സുഖിയ്ക്കുന്നില്ല. ഇയ്യിടെ വാമനപുരിയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ അങ്ങയെകൂടി പ്രതി ചേര്‍ത്ത്‌ എന്നന്നേയ്ക്കുമായി നാടു കടത്തി പ്രജകളില്‍നിന്നുമകറ്റാന്‍ പരിപാടിയുണ്ടെന്ന്‌ ഇന്റെലിജെന്‍സൈറ്റ്‌ റിപ്പോര്‍ട്ട്‌ അങ്ങും കണ്ടതല്ലെ .ഈശ്വരാ.. തിരുമനസ്സ്‌ തടി കേടാകാതെ തിരിച്ചു വരുന്നതുവരെ ഒരു സമാധാനവും ഉണ്ടാകില്ല."

ഗുരുശ്രേഷ്ഠന്റെ ശബ്ദത്തില്‍ വല്ലാത്ത ഉത്‌കണ്ഠ നിറഞ്ഞു നിന്നു......

എല്ലാം അറിയുന്നു... നാട്ടില്‍ നടക്കുന്ന ഓരോരോ കാര്യവും വ്യക്തമായും അറിയാനുള്ള സംവിധാനമുണ്ട്‌ പാതളത്തിലിപ്പോള്‍...കാമ്പസ്സുകളേ അരാഷ്ട്രീയവല്‍ക്കരിയ്ക്കാന്‍ ശ്രമിച്ചു പരജായമടഞ്ഞവര്‍ തെരുവകളില്‍നിന്നും,..അതുവഴി ജനമനസ്സുകളില്‍ നിന്നും രാഷ്ട്രീയം തുടച്ചുനീക്കി ജനാധിപത്യബോധം തകര്‍ക്കാന്‍ വൃഥാ ശ്രമിയ്ക്കുന്നു....മലയാളമനസ്സിന്റെ ജീവിതം സ്പന്ദിയ്ക്കുന്നത്‌ തെരുവകളിലാണെന്ന സത്യം കറുത്ത കോട്ടിനും ഗൗണിനും ഉള്ളില്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ ഒരുങ്ങുന്നു ചില ഏഭ്യന്മാര്‍..

ആളൊഴിഞ്ഞ 45 മീറ്റര്‍ വിശാലമായ തെരുവീഥികളുടെ ചീറിപാഞ്ഞുപോകുന്ന വാഹനങ്ങള്‍...വഴികാട്ടാന്‍ ഭംഗിയുള്ള വലിയ സിഗനല്‍ ബോഡുകള്‍ മരുഭൂമികളിലെ റോഡുകള്‍ക്കു സമാനമായ സ്വന്തം നാടിന്റെ ഭാവിചിത്രം സങ്കല്‍പ്പിയ്ക്കാനെ കഴിയുന്നില്ല ..ഓരോ വര്‍ഷം കഴിയുംതോറും വികസനത്തിന്റെ പേരില്‍ നാടിനു വരുന്ന മാറ്റങ്ങള്‍ അമ്പരപ്പിയ്ക്കുന്നു.....

ശക്തമായൊരു കാറ്റടിച്ചാല്‍ തുമ്മാന്‍ തുടങ്ങുന്ന പ്രജകള്‍..മഴയൊന്നു കനക്കാന്‍ തുടങ്ങിയാല്‍ പനിച്ചു വിറച്ചു കോമരം തുള്ളുന്നു...അഭയാര്‍ത്ഥിക്യാമ്പിന്റെ അവസ്ഥയിലാകുന്ന ആശുപത്രി വരാന്തകള്‍.. ഡോക്ടര്‍ക്കും നേര്‍സിനും പകരം ക്യാമറയും തൂക്കി കഴുകന്‍കണ്ണുകളുമായി അവശമുഖങ്ങളുടെ ദയനീയ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റു കാശാക്കാനൊരുങ്ങുന്നവരുടെ തിക്കും തിരക്കും....

ആഘോഷമാണ്‌ എന്തു കിട്ടിയാലും ആഘോഷം...ജനനവും മരണവും ഹര്‍ത്താലും ദുരന്തങ്ങളും എല്ലാം,എല്ലാം..പരസ്യാഘോഷമാക്കി മാറ്റി ചാടികളിയ്ക്കെടാ കുഞ്ചിരാമ" എന്ന മട്ടില്‍ രസിപ്പിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു മാധ്യമങ്ങള്‍ ഒപ്പം ചാടിക്കളിച്ചുരസിയ്ക്കാന്‍ സമൂഹവും....

അരി ഭക്ഷണം മറന്ന്‌ പൊറോട്ടയും ചിക്കന്‍ കറിയും ജനപ്രിയമായ നാട്ടില്‍ മൈദ്യക്കു പകരം ഇന്നും അരിയുടെ സബ്‌സിഡിയ്ക്കുവേണ്ടി മുറവിളി കൂട്ടുന്നു..

നാട്ടില്‍ നടക്കുന്ന പലകാര്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാതായിരിയ്ക്കുന്നു....എങ്കിലും പോകാതിരിയ്ക്കാന്‍ കഴിയുന്നില്ല..ചിങ്ങത്തിലും വേനലിന്റെ ചൂടാണ്‌ നാട്ടിലിപ്പോള്‍..ഒരുപാട്‌ അലഞ്ഞുതിരിയാനുള്ളതല്ലെ..ഓലക്കുടകളുടെ കൂട്ടത്തില്‍ നിന്നും ഏറ്റവും വലിയ കുട തന്നെ തെരെഞ്ഞെടുത്തു തമ്പുരാന്‍...

"വേണ്ട തിരുമനസ്സെ, ചെറിയ കുട മതി,.. ഈ വലിയ കുടയും കുടവയറും കൂടിയാവുമ്പോള്‍ ഗതാഗതതടസ്സത്തിന്റെ പേരില്‍ ന്യായാസനങ്ങളില്‍ ഇരിയ്ക്കുന്ന ഏതെങ്കിലുമൊരു ശുംഭന്‍ അങ്ങയുടെ യാത്രയ്ക്കു വിഘ്നം വരുത്തിയേക്കാം,..കലികാലമാണിത്‌...ഏതായാലും ഇത്തവണ തിരിച്ചു പോരുമ്പോള്‍ കുറെ ലവണതൈലവും സ്മാര്‍ട്‌ സ്ലിം ഓയിലും വാങ്ങികൊണ്ടു വന്നോളു.കൊട്ടാരം വൈദ്യന്റെ മേല്‍നോട്ടത്തില്‍ നമുക്കൊന്നു പരീക്ഷിച്ചു നോക്കാം..."

സമയാസമയങ്ങളില്‍ കൃത്യമായി ഉപദേശങ്ങളുമായെത്തുന്ന ഗുരുശ്രേഷ്ടനോടു വല്ലാത്ത ബഹുമാനമാണ്‌ തമ്പുരാന്‌...

കഴിഞ്ഞതവണ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം വാങ്ങിയ "മുസലിപവ്വര്‍" ശരിയ്ക്കും ഫലം ചെയ്തു...വാര്‍ദ്ധക്യക്കാലക്ഷീണമൊക്കെ എവിടെയൊ പോയിമറഞ്ഞു..മര്‍വിപ്പ്‌ തീര്‍ത്തും മാറി.സെറ്റുമുണ്ടുമുടുത്ത്‌ ആടിയുലഞ്ഞുതിമിര്‍ക്കുന്ന മലയാളിമങ്കമാരെക്കുറിച്ചോര്‍ക്കുമ്പോഴെ അടിവയറ്റിലുണരുന്ന തരിപ്പ്‌ എത്രപ്പെട്ടന്നാണ്‌ മേലാസകലം രോമാഞ്ചമായി പടരുന്നത്‌.

തരിപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണോര്‍ത്തത്‌ ഇന്നലെയല്ലായിരുന്നോ മലയാളത്തിന്റെ സ്വന്തം മണിമുത്തായ വിശ്വപൗരന്റെ നെടുമാംഗല്യം...ഒരു ദിവസം നേരത്തെ പുറപ്പെട്ടിരുന്നെങ്കില്‍ അതിലും പങ്കുകൊള്ളാമായിരുന്നു...എന്തായാലും അവരെ പാതളത്തിലേയ്ക്കു ഹണിമൂണിനു ക്ഷണിയ്ക്കണം....ആവിദ്വാനോടു രഹസ്യമായി ഇതിന്റെ ഗുട്ടന്‍സ്സൊക്കെ ചോദിച്ചു മനസ്സിലാക്കണം..ലവണതൈലം പുരട്ടി വയറൊക്കെ ഒതുക്കി അടുത്ത്‌ ഓണത്തിനു നാട്ടില്‍ നിന്നും ഒരു മാംഗല്യം കൂടി ഒപ്പിച്ചെടുക്കാന്‍ നോക്കണം..ഒക്കുകയാണെങ്കില്‍ പാതാളത്തിനു സ്വന്തമായി ഒരു ക്രിക്കറ്റ്‌ ടീമും ഒപ്പം അതിന്റെ വിയര്‍പ്പോഹരിയും സ്വന്തമാക്കണം...!! എല്ലാറ്റിനും മാന്ത്രികനായ ആ മഹാനുഭവാന്റെ ഉപദേശവും സഹായവും കൂടിയെ തീരു...!

പെട്ടന്നു തമ്പുരാന്‍ ഞെട്ടിയുണര്‍ന്നു...!! ഈശ്വരാ,ആധുനികനേതാക്കന്മാരുടെ ലൗകികമോഹങ്ങള്‍ കണ്ട്‌ ഒരു സമൂഹം മുഴുവന്‍ ആരാധിയ്ക്കുന്ന മഹാബലിയാണെന്ന കാര്യം മറന്ന്‌ എന്തൊക്കെയാണ്‌ താന്‍ ചിന്തിച്ചുകൂട്ടിയത്‌...പടിവാതില്‍ക്കല്‍ യാത്രയാക്കാന്‍ നില്‍ക്കുന്ന പ്രിയപത്നിയെ നോക്കുമ്പോള്‍ കുറ്റബോധംകൊണ്ട്‌ മഹാബലിയുടെ മിഴികള്‍നിറഞ്ഞു.മുഖം കുനിഞ്ഞു.....

"യോഗമുണ്ടെങ്കില്‍ വീണ്ടും കാണാം" എന്ന മൗനത്തില്‍ പൊതിഞ്ഞ യാത്രമൊഴിയുമായി പുറപ്പെട്ട തമ്പുരാന്റെ മനസ്സ്‌ എല്ലാം മറന്നു..ആര്‍പ്പും ആരവവും നിറഞ്ഞ പൂവിളികള്‍ക്കായി തുടിച്ചു...കൊതിയോടെ അതിലേറെ ആവേശത്തൊടെ അദ്ദേഹം ഭൂമിയിലേയ്ക്കു കുതിച്ചു....പൊന്നോണനാളുകളിൂലെ രാജകുമാരനാകാന്‍....മതിവരുവോളം കൊതിതീരുവോളം തന്റെ പ്രിയപ്പെട്ട മണ്ണിലൊന്നു കാലടിവെച്ചു നടക്കാന്‍...


കൊല്ലേരി തറവാടി
23/08/2010

4 comments:

  1. ആഘോഷമാണ്‌ എന്തു കിട്ടിയാലും ആഘോഷം...ജനനവും മരണവും ഹര്‍ത്താലും ദുരന്തങ്ങളും എല്ലാം,എല്ലാം..പരസ്യാഘോഷമാക്കി മാറ്റി ചാടികളിയ്ക്കെടാ കുഞ്ചിരാമ" എന്ന മട്ടില്‍ രസിപ്പിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു മാധ്യമങ്ങള്‍ ഒപ്പം ചാടിക്കളിച്ചുരസിയ്ക്കാന്‍ സമൂഹവും....

    ReplyDelete
  2. കൊള്ളാം കൊല്ലേരീ... പതിവില്ലാതെ വന്നെത്തിയ കുറെ 'അച്ചര പിശാചുക്കള്‍' കല്ലുകടി ആയെങ്കിലും ഓണം സ്പെഷ്യല്‍ ഗംഭീരമായി...

    ലവണ തൈലമൊക്കെ പുരട്ടി സുന്ദരനായ മാവേലി തമ്പുരാന്റെ വരവും കാത്ത് അടുത്ത ഓണക്കാലം വരെ പ്രതീക്ഷയോടെ..

    ReplyDelete
  3. കൊള്ളാം കൊല്ലേരീ നന്നായിരിക്കുന്നു...

    ReplyDelete
  4. എല്ലാവര്‍ക്കും കണക്കിന്‌ കൊട്ട്‌ കൊടുത്തിട്ടുണ്ട്‌ അല്ലേ കൊല്ലേരീ...

    ReplyDelete