Monday, August 13, 2012

ഒരു പൈങ്കിളികൂടി..


പെരുന്നാള്‍ അവധിയുടെ അവസാനദിവസം വിശ്വേട്ടനും കുടുംബത്തിനുമൊപ്പം ഒരൗട്ടിംഗ്‌..അവരുടെ സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പാവാതെ ബീച്ചിലെ പാര്‍ക്കിലെ ആളൊഴിഞ്ഞകോണിലെ പ്രിയപ്പെട്ട മരത്തണലിലേയ്ക്ക്‌ ചേക്കേറി കണ്ണന്‍. വര്‍ഷങ്ങളുടെ സൗഹൃദമാണ്‌ ഈ മരവുമായി. രാധയോടും നന്ദനമോളൊടുമൊപ്പം എത്ര മധ്യാഹ്നങ്ങള്‍ ചിലവഴിച്ചിരിയ്ക്കുന്നു ഈ തണലില്‍. തീരെ ചെറുതായിരുന്നു അന്ന്‌ ഈ മരം..മല്ലിയാണോ..അല്ല..നെല്ലിയുമല്ല...പിന്നെ വാക..? അല്ല അതുമല്ല..ആ ചെറിയ ഇലകളുടെ, ചില്ലകളുടെ ഒതുക്കം, അടക്കം, ചന്തം എല്ലാം ചിരപരിതമായിരുന്നു. ഓര്‍മ്മകളുടെ കലവറയ്ക്കുചുറ്റും പ്രതിരോധത്തിന്റെ പുകമറപോലും തീര്‍ക്കാനാവാത്ത നിസ്സഹായതയില്‍ മനസ്സിനെ അതിന്റെ പാട്ടിന്‌ മേയാന്‍വിട്ട്‌ ഉള്‍ക്കടലില്‍ പൊന്‍വെയിനൊടൊപ്പം ഓളങ്ങളില്‍ ചാഞ്ചാടുന്ന ഇളംകാറ്റിന്റെ കുസൃതിയും കണ്ട്‌ അലസമായി ഇരുന്നു അവന്‍.
കുറച്ചുദൂരെ വിശ്വേട്ടനും കുടുംബവും ക്രിക്കറ്റുകളിയില്‍ മുഴുകിയിരിയ്ക്കുന്നു..സുധചേച്ചിയാണ്‌ വിക്കറ്റ്‌കീപ്പര്‍. ! ഭാഗ്യവാനാണ്‌ വിശ്വേട്ടന്‍..മിടുക്കന്മാരായ രണ്ടാണ്‍കുട്ടികള്‍ പിന്നെ ഇളയത്‌ ഒരു മോളും. സജീവമാകാറുള്ളതാണ്‌ അവരോടൊപ്പം..ഈ മരുഭൂമിലെ ഏക മരുപ്പച്ചയാണ്‌ ആ കുടുംബം. അവധിദിനമധ്യാഹ്നത്തിന്റെ തിരക്കിലേയ്ക്ക്‌ അലിഞ്ഞിറങ്ങാന്‍ തുടങ്ങിയിരുന്നു പാര്‍ക്ക്‌..തൊട്ടടുത്ത അമ്യൂസ്‌മെന്റ്‌ കഴിഞ്ഞ പാര്‍ക്കിലെ വിവിധതരം റൈഡുകളില്‍നിന്നും ആഹ്ലാദവും ഒപ്പവും ഭയവും ഇടകലര്‍ന്ന ശബ്ദവീചികള്‍ അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്നു..മാതാപിതാക്കള്‍ക്കൊപ്പം.പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന കുട്ടികള്‍ ചുറ്റിലും..ആ കുടുംബചിത്രങ്ങള്‍ മനസ്സില്‍ വീണ്ടും വിഷാദത്തിന്റെ മേഘങ്ങള്‍ നിറയ്ക്കുന്നു. അവ മെല്ലെ നിസ്സംഗതയായി, നിസ്സഹായതയായി പെയ്തിറങ്ങാന്‍ തുടങ്ങുന്നു. ഒരുനിമിഷത്തെ അശ്രദ്ധകൊണ്ട്‌ പൊട്ടിച്ചിതറിപോയ സ്വപ്നതുല്യമായ ജീവിതത്തിന്റെ മുത്തുമണികള്‍ ശേഖരിച്ചെടുത്ത്‌ വീണ്ടും കോര്‍ത്തിണക്കുവാന്‍ കഴിയില്ല എന്ന്‌ വ്യക്തമായ അറിവുണ്ട്‌, എന്നിട്ടും എന്നിട്ടും മനസ്സു വെറുതെ..വെറുതെ. 
തനിയ്ക്കുമുണ്ടായിരുന്നു ഇതുപോലൊരു കാലം..ആര്‍മാദത്തിന്റെ കാലം,.രാധയും താനും പിന്നെ നന്ദനമോളും അവളുടെ കിളിക്കൊഞ്ചലുകളും കുഞ്ഞിക്കുറുമ്പുകളും ഒപ്പം ഇണക്കവും പിണക്കവും നിറഞ്ഞ തങ്ങളുടേതു മാത്രമായ പ്രവാസലോകത്തിനകത്തെ ഒരു കൊച്ചുസ്വര്‍ഗം. ദൈവങ്ങള്‍ക്കുപോലും അസൂയ തോന്നിയതുകൊണ്ടായിരിയ്ക്കാം അധികം നീണ്ടുനിന്നില്ല സന്തോഷത്തിന്റെ ആ ദിനങ്ങള്‍.
മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വെക്കേഷന്‍ ദിനങ്ങള്‍ക്കൊടുവില്‍ നാട്ടില്‍നിന്നും മടങ്ങുന്നതിന്റെ തലേന്ന്‌ രാവിലെ ഉറക്കത്തില്‍നിന്നുമുണര്‍ന്ന രാധയ്ക്ക്‌ പെട്ടന്നാണ്‌ ഉള്‍വിളി തോന്നിയത്‌.--"നമുക്കിന്ന്‌ ഗുരുവായൂര്‍ക്കൊന്നു പോയാലോ. കഴിഞ്ഞ ശനിയാഴ്ച പോയിട്ട്‌ തിരക്കുമൂലം ശരിയ്ക്കും തൊഴാനെ കഴിഞ്ഞില്ല. ഇനി ഒരുവര്‍ഷം കഴിഞ്ഞല്ലെ ആ നടയിലൊന്നെത്താന്‍ കഴിയു."--- കൃഷ്ണഭക്തയായിരുന്നു അവള്‍. ഗുരുവായൂരപ്പനെ എത്രതൊഴുതാലും മതിവരില്ലവള്‍ക്ക്‌.--അങ്ങിനെയാണെങ്കില്‍ വൈകീട്ട്‌ നാലു മണിയ്ക്കു നടതുറക്കുമ്പോള്‍തന്നെ തൊഴാന്‍ പാകത്തിനു പോകാം നമുക്ക്‌, അപ്പോ വലിയ തിരക്കുണ്ടാവില്ല, മോളെ കൊണ്ടുപോകേണ്ട..നാല്‍പ്പതു കിലോമീറ്ററല്ലെ ഉള്ളു ബൈക്കെടുത്താല്‍ പെട്ടന്നു പോയിവരാം.--രാധയേയും പുറകിലിരുത്തി ബൈക്ക്‌ ഓടിയ്ക്കുക ഹരമായിരുന്നു തനിയ്ക്ക്‌..കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. അവള്‍ക്കുമറിയാമായിരുന്നു അത്‌.-- "നല്ലപ്രായം തീരുന്നതിനുമുമ്പെ നാടു വിട്ടതല്ലെ, സ്നേഹിച്ച പെണ്ണിനെ പുറകിലിരുത്തി ബൈക്ക്‌ ഓടിച്ചു കൊതി തീര്‍ന്നീട്ടുണ്ടാവില്ല, അതുമാത്രമല്ല എന്നോടു പറയാത്ത ഒരുപാട്‌ മോഹങ്ങള്‍ ഇപ്പോഴും ശേഷിയ്ക്കുന്നുണ്ടാവും കണ്ണേട്ടന്റെ മനസ്സില്‌."--- തൊഴുതുമടങ്ങുമ്പോള്‍ പുറകിലിരുന്നു കളിപറഞ്ഞു അവള്‍.--എന്താ ഇത്ര പ്രാര്‍ത്ഥിയ്ക്കാനുള്ളത്‌, കണ്ണുമടച്ച്‌ പ്രാര്‍ത്ഥിച്ചുനില്‍ക്കുമ്പോള്‍ നിന്റെ മുഖത്തിന്റെ തിളക്കമൊന്നുകാണണമായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങളുടെ ഈ ക്രേസ്‌ കാണുമ്പോള്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക്‌ ശ്രീകൃഷ്ണനോട്‌ വല്ലാത്ത അസൂയ തോന്നുന്നു രാധെ..സത്യ പറയു കൃഷ്ണനെയാണോ, അതോ കണ്ണേട്ടനെയാണോ നിനക്ക്‌ കൂടുതിലിഷ്ടം.-- മറുപടി ഒരു മറുചോദ്യത്തിലൊതുക്കി.--"അങ്ങിനെയല്ല കണ്ണേട്ടാ, ഏതൊരു സ്ത്രീയ്ക്കും അവളുടെ പുരുഷന്‍ ശ്രീകൃഷ്ണനു സമം തന്നെയായിരിയ്ക്കും. അതുകൊണ്ടല്ലെ സ്വന്തം പുരുഷന്റെ ഓടക്കുഴലിന്റെ മാന്ത്രികതയ്ക്കുമുമ്പില്‍ അവള്‍ സ്വയം മറക്കുന്നത്‌, മുട്ടുമടക്കി കീഴടങ്ങുന്നത്‌."
"ഈ തണുത്ത കാറ്റും
, ചാറ്റല്‍മഴയും എന്തു രസാ അല്ലെ,..ഈ യാത്ര ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കില്‍.."വല്ലാത്ത ത്രില്ലിലായിരുന്നു ആ നിമിഷങ്ങളില്‍ അവള്‍. മഴക്കോളുള്ള സന്ധ്യയായിരുന്നു അത്‌. ഇരുട്ടുന്നതിനുമുമ്പ്‌, ചാറ്റല്‍മഴ മുറുകുന്നതിനുമുമ്പ്‌ തിരിച്ച്‌ വീടണയാന്‍ കുതിച്ചു പായുകയായിരുന്നു ബൈക്ക്‌.--"കണ്ണേട്ടാ, ഒന്നു പതുക്കെ, സൂക്ഷിച്ച്‌. ഗള്‍ഫിലെ റോഡല്ല ഇത്‌, വണ്‍വേയുമല്ല." ഇടയ്ക്കിടയ്ക്ക്‌ അവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പുഴക്കല്‍ പാടത്തുനിന്നും കുളിരുംകോരികൊണ്ടുവന്ന കാറ്റിന്‌ മരണത്തിന്റെ ഗന്ധമായിരുന്നുവെന്നറിഞ്ഞില്ല, വേഗത കുറയ്ക്കാന്‍ തോന്നിയില്ല. ആരാദ്യം, ആരാദ്യം എന്നമട്ടില്‍ തൃശ്ശൂരില്‍നിന്നും ഗുരുവായൂര്‍ക്ക്‌ പരസ്പരം മല്‍സരിച്ചോടുന്ന രണ്ടു ബസ്സുകളൊന്നിന്റെ മുമ്പില്‍.ഒറ്റ നിമിഷംകൊണ്ട്‌ എല്ലാം തീര്‍ന്നു. പാസ്പോര്‍ട്ടും ടിക്കറ്റൊന്നും ആവശ്യമില്ലാത്ത, കണ്ണേട്ടന്‍ ഓഫീസില്‍ പോയാല്‍, നന്ദനമോള്‍ സ്ക്കൂളില്‍ പോയാല്‍ വിരസമാകുന്ന പ്രവാസലോകത്തെ ഏകാന്ത പകലുകള്‍ക്കറുതിവരുത്തി അവള്‍ പോയി, അവള്‍ക്കേറ്റവും പ്രിയപ്പെട്ട കണ്ണന്റെ സവിധത്തിലേയ്ക്ക്‌, വൈകുണ്ഠത്തിലേയ്ക്ക്‌ പറന്നുപോയി. പുഴയ്ക്കല്‍ പാടത്തിന്റെ പടിഞ്ഞാറെ ചക്രവാളത്തില്‍ സുര്യനും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അപ്പോള്‍. ഹൃദയത്തിലെ പളുങ്കുപാത്രം വീണുടഞ്ഞുതകര്‍ന്ന പകലിന്റെ അന്ത്യം........
പിന്നെ ജീവിതത്തില്‍ എപ്പോഴും സന്ധ്യയായിരുന്നു. ഒരിയ്ക്കലും കെടാതെ കത്തിയെരിയുന്ന ചിതയിലെ കനലിന്റെ ചുവപ്പില്‍ പൂര്‍ണ്ണമായും ഇരുട്ടുപടരാത്ത മനസ്സില്‍ വീശിയടിയ്ക്കുന്ന നൊമ്പരക്കാറ്റിന്‌ മൂന്നുവര്‍ഷങ്ങള്‍ക്കുമിപ്പുറം ഇന്നും രക്തത്തിന്റെ മണം. ഓര്‍മ്മകളുടെ വേലിയേറ്റം കണ്ണുകളില്‍ ഉപ്പുരസം നിറയ്ക്കുന്നു..വല്ലാതെ വീര്‍പ്പുമുട്ടുന്നു..ചിന്തകളെ വഴിതിരിച്ചുവിടാനായി തുറന്നുനോക്കാന്‍ ഒരുപാടു നിലവറകളില്ല മനസ്സില്‍, വ്യത്യസ്ഥാനുഭവങ്ങളുടെ അമുല്യശേഖരങ്ങളുമില്ല. കണ്ണു തുറന്നു. തടാകത്തിലെ ഓളങ്ങള്‍ക്കും ശക്തിയേറിയിരിയ്ക്കുന്നു..കടല്‍ക്കാറ്റിനാവേശംകൂടിയിരിയ്ക്കുന്നു. ഇലകളോടും ചില്ലകളോടും എത്രയെത്ര എണ്ണിപ്പെറുക്കിയിട്ടും ഒരിയ്ക്കലുമൊരിയ്ക്കിലും പറഞ്ഞുതീരാത്ത സങ്കടങ്ങള്‍...തീരാമോഹങ്ങളുടെ ശീല്‍ക്കാരങ്ങള്‍. ബോട്ടിങ്ങിന്നായി ദൂരെ ജെട്ടിയില്‍ ആളുകളുടെ നീണ്ട നിര. അവിടെയും കുറ്റിമുല്ലകളും പൂമ്പാറ്റക്കുരുന്നുകളും തന്നെ ഉത്സാഹത്തോടെ മുന്നില്‍. വിലപ്പിടിച്ച വസ്ത്രങ്ങളുടെ വര്‍ണ്ണത്തിളക്കത്തിന്റെ വിദൂരക്കാഴ്ചകള്‍. കണ്ണുകള്‍ പിന്‍വലിച്ച്‌ വീണ്ടും മരച്ചില്ലകളില്‍ മിഴിയര്‍പ്പിച്ചു മലര്‍ന്നു കിടന്നു. അപ്പോഴാണതു കണ്ടത്‌ മരത്തിന്റെ തുഞ്ചത്തൊരു ചില്ലയില്‍ ചാഞ്ചാടി കളിയ്ക്കുന്ന മഞ്ഞക്കിളി.! കൗതുകം തോന്നി..മഞ്ഞനിറം..കഴുത്തിനുചുറ്റും കറുപ്പുവലയം...മഞ്ഞയും കറുപ്പും മെറൂണും..ആ കോമ്പിനേഷനുകള്‍ ഒരു കാലഘട്ടത്തിന്റെ സുഖമുള്ള ഓര്‍മ്മകളുടെ നിറങ്ങള്‍ മനസ്സില്‍ കോരിയൊഴിയ്ക്കാന്‍ തുടങ്ങി..മഞ്ഞചുരിദാറിനു ചേര്‍ന്ന വെളുത്ത ബോഡറുള്ള കറുത്ത ഷാള്‍ കഴുത്തില്‍ ചുറ്റിയ ആ സുന്ദരിക്കിളിയില്‍ മിഴിയര്‍പ്പിച്ച്‌ കടല്‍ക്കാറ്റിന്റെ കരലാളനമേറ്റുകിടക്കുമ്പോള്‍ മയക്കത്തിന്റേയും ഉണര്‍വിന്റേയും ഇടയിലെ നൂല്‍പാലത്തിലൂടെ വര്‍ണ്ണശഭളമായിരുന്ന മറ്റൊരു ലോകത്തേയ്ക്ക്‌ ഓടിയൊളിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവന്റെ മനസ്സിന്‌.

കാമ്പസ്സുകളില്‍ ദാവിണിയും പാവടയും ചുരിദാറിനു വഴിമാറിയിട്ട്‌ വര്‍ഷങ്ങള്‍കഴിഞ്ഞിരുന്നു.. മഞ്ഞച്ചുരിദാറും കറുത്ത ഷോളും
, കടുംനീലയില്‍ നിറയെ വെളുത്ത കൊച്ചുപൂക്കള്‍ക്കു ചേരുന്ന വെളുത്ത ഷോള്‍..പിന്നെ കടുംപച്ചയും മജന്തയും ഇടകലര്‍ന്ന മറ്റൊന്ന്‌. എന്നിട്ടും അങ്ങിനെ മൂന്നോ നാലോ ചുരിദാറുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു ഇന്ദുവിന്‌, ധരിയ്ക്കുന്നതും അപൂര്‍വ്വമായിമാത്രം. കടുംനിറത്തിലുള്ള സാരി..നെറ്റിയിലെ ചെറിയ ചന്ദനക്കുറിയ്ക്കുതാഴെ വലിയ വട്ടത്തിലുള്ള മെറൂണ്‍പൊട്ട്‌..അധികം നീളമില്ലാത്ത ചുരുണ്ട മുടിത്തുമ്പില്‍ സ്ഥിരമായിരുന്ന തുളസിക്കതിര്‌.. ഇന്നും ഓര്‍ക്കുന്നു അവളുടെ ഇഷ്ടങ്ങള്‍...ആ തുളസിക്കതിരിന്റെ ഗന്ധം..വെളുത്തുതുടുത്ത മുഖത്തിനിണങ്ങുന്ന ചെറിയ കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകള്‍. മനസ്സില്‍ ഇന്നും നിറം മങ്ങാതെ പുഞ്ചിരിച്ചു നില്‍ക്കുന്നു ഇന്ദുവിന്റെ മുഖം...ചുരിദാറണിയുന്ന ദിവസങ്ങളില്‍ അവളെ കാണാന്‍ കൗതുകമേറുമായിരുന്നു..വല്ലാത്തൊരു പരിഭ്രമം..അരുതാത്തതെന്തോ ചെയ്യുന്ന ഭാവം..എത്രെയൊക്കെയായിട്ടും ആ വേഷവുമായി ഇണങ്ങിചേരാന്‍ കഴിയില്ലായിരുന്നു അവള്‍ക്ക്‌...ഹോസ്റ്റലില്‍നിന്നും അര ഫര്‍ലോങ്ങ്‌ മാത്രം ദൂരമുള്ള കോളേജിലെത്തുമ്പോഴേയ്ക്കും ആകെ വിയര്‍ത്തിട്ടുണ്ടാകും..വെളുത്ത നെറ്റിയിലെ ചന്ദനം കുതിര്‍ന്നലിയാന്‍ തുടങ്ങിയിട്ടുണ്ടാകും..മേല്‍ചുണ്ടിലെ മനോഹരമായ നനുത്ത രോമരാജികളില്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടി വെട്ടിത്തിളങ്ങുന്നുണ്ടാകും.
--എന്റെ ഒറ്റപ്പാലം മേനോത്തിക്കുട്ടിയ്ക്ക്‌ ഈ ചുരിദാറോ
, സാരിയോ ഒന്നുമല്ലാട്ടോ ചേര്‍ച്ച...പച്ച നിറത്തിലുള്ള ബ്ലൗസ്‌..പച്ചക്കറയുള്ള സെറ്റുമുണ്ട്‌...പച്ചയും കറുപ്പും ചുവപ്പും ഇടകലര്‍ന്ന കുപ്പിവളകളുടെ ചന്തം..പുഴയ്ക്കരെയുള്ള തേവരുടെ അമ്പലത്തിലെ പ്രാര്‍ത്ഥനയ്ക്കുശേഷം നെറ്റിയിലണിയുന്ന ചാലിച്ച ചന്ദനത്തിന്റെ ഐശ്വ്യര്യം..മുടിത്തുമ്പിലെ തുളസിക്കതിരിന്റെ നൈര്‍മ്മല്യം...അങ്ങിനെ ഭക്തിയുടെ നിറവില്‍ തിളങ്ങുന്ന മുഖവുമായി നാലമ്പലം പ്രദക്ഷിണം വെയ്ക്കുന്ന ലാളിത്യവും തറവാടിത്വവും തുളുമ്പുന്ന നാട്ടിന്‍പുറത്തുക്കാരിയുടെ കെട്ടിലും മട്ടിലുമുള്ള വേഷം.അതായിരിയ്ക്കും എന്റെ കുട്ടിയ്ക്ക്‌ അനുയോജ്യം. കൊതിയാവുന്നു ആ വേഷത്തിലൊന്നു കാണാന്‍.--
നാണം പൂത്തിരി കത്തിയ്ക്കുന്ന ആ കണ്ണുകളില്‍ നോക്കി
, ചെന്താമരപ്പൂ പോലെ തുടുക്കുന്ന മുഖകാന്തിയില്‍ ലയിച്ച്‌ എല്ലാം മറന്നിരുന്ന പ്രണയത്തിന്റെ അപൂര്‍വ്വനിമിഷങ്ങളിലെ കൊഞ്ചലുകള്‍, കളിവാക്കുകള്‍................
പച്ച ബ്ലൗസ്‌..പച്ചക്കരയുള്ള സെറ്റുമുണ്ട്‌. കുപ്പിവളകള്‍..നെറ്റിയില്‍ ചന്ദനക്കുറി...കാണാന്‍ കൊതിച്ച വേഷത്തില്‍ ഒരുനാള്‍ പച്ചപ്പനംതത്തയായി ഒരുനാള്‍ മുന്നില്‍ കുറുകിനിന്നു അവള്‍.! സ്വപ്നമോ യാഥാര്‍ത്ഥ്യമോ..വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല.! "ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയോ കണ്ണന്‌
,..ഇന്ന് തിരുവാതിരയാണ്‌,.ധനുമാസത്തിലെ തിരുവാതിര."..പുസ്തകക്കെട്ടിനിടയില്‍ കരുതലോടെ വെച്ചിരുന്ന വടക്കുംനാഥന്റെ പ്രസാദം വെച്ചു നീട്ടുമ്പോള്‍ അവള്‍ മൊഴിഞ്ഞു.
-അറിയാം അറിയാം..കാമദേവന്റ ജീവന്‍ തിരിച്ചു കിട്ടാന്‍ നിങ്ങള്‌ പെണ്ണുങ്ങള്‌ ഒരു രാത്രിമുഴുവന്‍ കൂട്ടത്തോടേ ഉറക്കമൊഴിച്ച്‌ ശിവന്റെ മുമ്പില്‌ സത്യാഗ്രഹമിരുന്ന്‌ വിജയിച്ച ദിവസമല്ലെ..ഒന്നോര്‍ത്തുനോക്കു ഇന്ദു
, അന്ന്‌ കാമദേവന്‌ ജന്മം തിരിച്ചുകിട്ടിയില്ലായിരുന്നുവെങ്കില്‍ എന്തു ബോറാകുമായിരുന്നേനെ ജീവിതം അല്ലെ. അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ആണുങ്ങളേക്കാള്‍ ജാഗ്രത നിങ്ങള്‍ പെണ്ണുങ്ങള്‍ക്കു തന്നെയാ ---
"ഒന്നു പോ കണ്ണാ വെറുതെ കഥകള്‍ ചമയ്ക്കാതെ
, ഇന്നു ഭഗവാന്റെ തിരുന്നാളാ."--നാണം കൊണ്ടുതുടുത്ത പച്ചപ്പനംതത്ത പരിഭവിച്ചു. കളിയും ചിരിയും കുറുകലും കൊഞ്ചലുമെല്ലാമായി ഒരുപാടു സമയം കൂടെ ചിലവഴിച്ച ശേഷമാണ്‌ അന്നവള്‍ പറന്നുപോയത്‌..ക്രിസ്മസ്‌വെക്കേഷന്റെ തലേദിവസമായിരുന്നു അത്‌. വെക്കേഷന്‍ കഴിഞ്ഞ്‌ കലങ്ങിയ കണ്ണുകളും വാടിയ മുഖവുമായി തളര്‍ന്ന ചിറകുകളുമായി അവള്‍ തിരിച്ചുപറന്നിറങ്ങിയത്‌ ബന്ധുരകാഞ്ചനക്കൂട്ടിലെ ബന്ധനത്തിനുള്ള മുഹൂര്‍ത്തം കുറിച്ച കുറിമാനവുമായിട്ടായിരുന്നു..എല്ലാം പെട്ടന്നായിരുന്നു..ദുബായില്‍ എണ്ണകമ്പനിയില്‍ എഞ്ചിനിയറായ അവളുടെ ഭാവിവരന്‌ അധികം ലീവില്ലായിരുന്നു. ക്ലാസിലെ എല്ലാവരും പോയിരുന്നു കല്യാണത്തിന്‌. താന്‍മാത്രം പോയില്ല.
"എല്ലാം മറന്നുകള കണ്ണാ..നിനക്കുള്ള പെണ്ണ്‌ ഏതെങ്കിലും സ്കൂളില്‍ പത്താക്ലാസ്‌ പരീക്ഷയ്ക്കൊരുങ്ങുകയായിരിയ്ക്കും ഇപ്പോള്‍. അല്ലപിന്നെ..ഒരേ പ്രായത്തിലുള്ള ആണും പെണ്ണും പ്രേമിച്ചാല്‍ ഇതൊക്കെതന്നെയല്ലെ വരു..ഇരുപത്തിയഞ്ച്‌ കൊല്ലമായി ഞാനീ ലൈബ്രറിയില്‍ അറ്റന്‍ഡറായിട്ട്‌..ഇതുപോലെ എത്ര കണ്ണീരു കണ്ടിരിയ്ക്കുണു." തന്നെ ഒരനിയനെപോലെ കണ്ടിരുന്ന വേലായുധേട്ടന്റെ ആശ്വാസവാക്കുകള്‍...വര്‍ഷങ്ങളെത്ര കഴിഞ്ഞിരിയ്ക്കുന്നു.
 പിന്നേയും എത്രയെത്ര മാമ്പൂക്കാലത്തിനു സാക്ഷ്യം വഹിച്ചിരിയ്ക്കും 'ഊട്ടി'
.  .ചുരം കടന്നുവരുന്ന പാലക്കാടന്‍കാറ്റ്‌ കുസൃതികാട്ടി ആ മാമ്പൂക്കളെ തഴുകിയുണര്‍ത്തി മോഹം നല്‍കി പ്രണയത്തിന്റെ ഉണ്ണികള്‍ വിരിയിച്ചിരിയ്ക്കും,  ഒടുവില്‍ വന്യമായ ആവേശത്തോടെ ആഞ്ഞടിച്ച്‌ തല്ലികൊഴിച്ചുരസിച്ചിരിയ്ക്കും. വിരഹത്തിന്റെ വേര്‍പ്പാടിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കിയിരിയ്ക്കും.
എവിടെയായിരിയ്ക്കും ഇന്ദുവിപ്പോള്‍..എത്ര മക്കളുണ്ടാവും അവള്‍ക്ക്‌.! എവിടെയെങ്കിലുംവെച്ച്‌ യാദൃശ്ചികമായി അവളെയൊന്നു കണ്ടുമുട്ടിയിരുന്നെങ്കില്‍.! നെറ്റിന്റെ തീരങ്ങളിലൂടെ അലയുമ്പോള്‍ ചിലപ്പോഴെങ്കിലും അങ്ങിനെ മോഹിയ്ക്കാറുണ്ട്‌ മനസ്സ്‌.
എന്തുപറ്റിയടാ നിനയ്ക്കിന്ന്‌..മുഖത്തെ വേണുനാഗവള്ളിഭാവത്തിന്‌ പതിവിലേറെ കടുപ്പം"..മടങ്ങുമ്പോള്‍ സ്വതസിദ്ധശൈലിയിലുള്ള വിശ്വേട്ടന്റെ നര്‍മ്മം കേട്ടില്ലെന്നു നടിച്ചു..
"എന്തു ഭാവിച്ച കണ്ണാ നീ ഇത്‌. വര്‍ഷമെത്രയായി..ഓര്‍മ്മകളെ താലോലിച്ച്‌ ജീവിയ്ക്കുന്നത്‌ വലിയ ത്യാഗമൊന്നുമല്ല
, ഭീരുത്വമാണ്‌, വര്‍ത്തമാനക്കാലത്തില്‍ നിന്നുള്ള ഒളിച്ചോട്ടം..ഇപ്പോഴെ വൈകിയിരിയ്ക്കുന്നു..ഒരു തീരുമാനമെടുക്കാന്‍ ഇനി ഒട്ടും വൈകരുത്‌ കണ്ണാ..നിന്റെ മോളെക്കുറിച്ചെങ്കിലും ഓര്‍ത്തൂടെ നിനക്ക്‌."--കാറിന്റെ ബാക്ക്‌സീറ്റില്‍നിന്നും സുധചേച്ചി.
ഫ്ലാറ്റിന്റെ പരിസരത്തുള്ള നഗരവീഥിയിലൂടെ ഒഴുകുകയായിരുന്നു കാറപ്പോള്‍. വിശ്വേട്ടനോടും കുടുംബത്തോടും യാത്ര പറഞ്ഞ്‌ അവിടെയിറങ്ങി..വീര്‍പ്പുമുട്ടുന്നു... ഒറ്റയ്ക്കലയണം കുറേ നേരം. ..മനസ്സിനെ വീണ്ടും മേയാന്‍ വിടണം.
"ഇരിയ്ക്കടാ അവിടെ. ഇന്നു നിനക്കിനി മറ്റു പ്രോഗ്രാമുകളൊന്നുമില്ലല്ലൊ. നമുക്കിനി ലുലുവിലൊന്നു കറങ്ങി പാരഗണില്‍ ഭക്ഷണവും കഴിച്ച്‌ മടങ്ങാം..സുധീ നീ വെറുതെ എന്തിനാ അവനെ സങ്കടപ്പെടുത്തിയത്‌" വിശ്വേട്ടന്റെ സാന്ത്വനം. -- "നീ പിണങ്ങി പോവാണൊ കണ്ണാ, നിന്നെ വിഷമിപ്പിയ്ക്കാന്‍ പറഞ്ഞതല്ല ചേച്ചി." സുധചേച്ചിയുടെ ക്ഷമാപണം.
ആരോടും പിണങ്ങിയിട്ടല്ല. സ്നേഹക്കൂടുതല്‍കൊണ്ടാണ്‌ അങ്ങിനെപറയുന്നതെന്നുമറിയാം.അടുപ്പമുള്ള എല്ലാവര്‍ക്കും കാണുമ്പോഴൊക്കെ ഇതു തന്നെയെ പറയാനുള്ളു.
"ആദ്യമായിട്ടല്ലല്ലൊ മോനെ ലോകത്തില്‌ ഒരാളുടെ ഭാര്യ മരിയ്ക്കുന്നത്‌. അമ്മയ്ക്ക്‌ വയ്യാണ്ടായി, വളര്‍ന്നുവരുന്ന ഒരുപെണ്‍കുട്ടിയുടെ അച്ഛനാണ്‌ നീ.അതു മറക്കേണ്ട,.അച്ഛമ്മയുടെ സാന്നിധ്യമല്ല ഒരമ്മയുടെ സാമീപ്യമാണവള്‍ക്കിനിയാവശ്യം. കാലം വല്ലാണ്ട്‌ മോശമാണാന്നറിയാലൊ നിനക്ക്‌ ".---പറഞ്ഞുപറഞ്ഞും ആലോചനകള്‍ നടത്തിയും അമ്മയ്ക്കും മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
കൂടപ്പിറപ്പുകളില്ലാത്ത ഒറ്റയാനാണ്‌ താന്‍..കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ അമ്മയും ഈ ലോകം വിട്ടുപോകും. വളരുമ്പോള്‍ നിറമുള്ള പുതിയ ആകാശംതേടി നന്ദുമോള്‍ പറന്നുപോകും...ഒറ്റപ്പെടും താന്‍
, വാര്‍ധക്യത്തില്‍ ചിറകറ്റുവീഴുമ്പോള്‍ ആരുമുണ്ടാവില്ല തുണയായി. എല്ലാം അറിയാം എന്നിട്ടും, എന്നിട്ടും.!
നഗരത്തിലെ ആള്‍ക്കൂട്ടത്തിലിഞ്ഞ്‌ എങ്ങോട്ടെന്നില്ലാതെ ഒഴുകുകയായിരുന്നു അവനപ്പോള്‍. ആകാശത്തിനു ചാരനിറമായിരുന്നു. ഒരു പകല്‍കൂടി വിടപറയുന്നു. തിരിച്ചുപോക്ക്‌ അനിവാര്യമാണെന്നറിഞ്ഞിട്ടും വെറുതെ മടിച്ചു നില്‍ക്കുന്ന സൂര്യന്റെ കണ്ണുകളിലും ആകുലത, ആശയക്കുഴപ്പം..കാറ്റു മാത്രം ആവേശം കുറയാതെ വീശികൊണ്ടിരുന്നു..അതിന്റെ താളത്തില്‍ പാതയോരത്തെ ഈന്തപ്പനകളുടെ ഇലച്ചില്ലകള്‍ താളംതുള്ളികൊണ്ടിരുന്നു. കാറ്റൊന്നടങ്ങിയാല്‍ ചിന്തകളുടെ ഒഴുക്കു നിശ്ചലമായാല്‍, ഓര്‍മ്മകളുടെ മര്‍മ്മരം നിലച്ചാല്‍..പിന്നെ എല്ലാം യാന്ത്രികം..എളുപ്പം..മരവിപ്പില്‍നിന്നും മോചനം നേടുന്ന മനസ്സിന്‌ എല്ലാ വേദനകളും മറന്ന്‌ മുന്നോട്ടു കുതിയ്ക്കാം. നിറപറയും നിലവിളക്കുമൊരുക്കി ആരതിയുഴിഞ്ഞു സ്വീകരിയ്ക്കുന്ന അലങ്കരിച്ച അങ്കണത്തിലൂടെ പുതിയ പൂമുഖവാതിലേയ്ക്ക്‌ അനായാസം പ്രവേശിയ്ക്കാം, പുതുജീവിതം തുടങ്ങാം..പറയാന്‍ എന്തെളുപ്പം.!
പെട്ടന്ന്‌ കാറ്റിന്റെ രൂപംമാറി ആരോടൊക്കയോ വാശിതീര്‍ക്കാനെന്ന മട്ടില്‍ മണല്‍ത്തരികള്‍ വാരിയെറിയാന്‍ തുടങ്ങി.മരുക്കാറ്റിന്റെ മനസ്സങ്ങിനെയാണ്‌...ഒരിയ്ക്കലും സ്വസ്ഥത കിട്ടാതെ അലയുന്ന ആ മനസ്സ്‌ എപ്പോള്‍ എങ്ങിനെയൊക്കെ പ്രതികരിയ്ക്കുമെന്നു ആര്‍ക്കും പ്രവചിയ്ക്കാനാവില്ല..ഫ്ലാറ്റിലേയ്ക്ക്‌ മടങ്ങി..വിളക്കു തെളിയിയ്ക്കാതെ ഇരുട്ടിന്റെ സൗന്ദര്യത്തില്‍ മിഴിനട്ട്‌ നിശ്ശബ്ദതയുടെ വാചാലതയില്‍ കാതര്‍പ്പിച്ച്‌ സ്വസ്ഥമായി കുറേനേരം വെറുതെയങ്ങിനെയിരുന്നു....ശാസിയ്ക്കാനറിയാത്ത
, ഉപദേശിയ്ക്കാനൊരുങ്ങാത്ത ഇരുട്ടും നിശ്ശബ്ദതയുമാണ്‌ വിവേകവും തിരിച്ചറിവുമുള്ള നല്ല കൂട്ടുകാര്‍ എന്ന്‌ തോന്നാറുണ്ട്‌ ചിലപ്പോഴെങ്കിലും..
മൊബെയില്‍ ചിലച്ചു. നന്ദുമോള്‍.---"അച്ഛാ അച്ഛാ, അച്ഛമ്മയ്ക്കൊരു കാര്യം പറയാനുണ്ടെന്ന്‌, നന്ദുമോളുടെകൂടി ആശയാ അത്‌, പറ്റില്ലാന്ന്‌ പറയരുത്‌ അച്ഛന്‍, ഫോണ്‍ ഞാന്‍ അച്ഛമ്മയ്ക്കു കൊടുക്കാം."പത്തു വയസ്സായിട്ടും അഞ്ചുവയസ്സുകാരിയുടെ കൊഞ്ചലാണ്‌ മോള്‍ക്കിപ്പോഴും ഫോണില്‍.---"മോനെ ഇന്നലെ വിളിച്ചപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി അമ്മ, നമ്മുടെ തെക്കേകരേല്‌ അമ്പലത്തിനടുത്തുള്ള ശങ്കരന്‍നായര്‌ ഇതുവഴി വന്നിരുന്നു...നിനക്കോര്‍മ്മയുണ്ടോ ശങ്കരന്‍നായരുടെ മകള്‍ മീരയെ, നല്ല കുട്ടിയാ..ആ കുട്ടിയുടെ ഭര്‍ത്താവ്‌ ഒന്നൊന്നരവര്‍ഷം വര്‍ഷം മുമ്പ്‌ മരിച്ചുപോയി. മക്കളൊന്നുമില്ല ആ ബന്ധത്തില്‌, അതെങ്ങിനെയാ കല്യണംകഴിഞ്ഞ ഉടനെത്തന്നെ ആ കുട്ടീടെ നായര്‌ ഒരു സൂക്കേടുകാരനായി മാറിയില്ലെ,. കൊതിതീര്‍ന്ന്‌ ശരിയ്ക്കൊന്നു ജീവിച്ചിട്ടുപോലുമുണ്ടാവില്ല ആ പാവം.. നമുക്കൊന്നാലോചിച്ചാലോ.. ശങ്കരന്‍നായര്‍ക്ക്‌ നല്ല ആശയുണ്ട്‌.. അതു സൂചിപ്പിയ്ക്കാന്‍കൂടിയാ അങ്ങേര്‌ ഈ വഴി വന്നത്‌..നിന്നേക്കാള്‌ മൂന്ന്‌വയസ്സിനു താഴേയാണാ കുട്ടി. ജാതകോം ചേരും..ഒറ്റവാക്കില്‌ വേണ്ട എന്നു പറയരുത്‌. നല്ലോണം ആലോചിയ്ക്ക്‌, നിന്റെ മോളുടെകൂടി മോഹമാണത്‌. അവളുടെ ട്യുഷ്യന്‍ ടീച്ചര്‍ കൂടിയാണ്‌ മീര."--മറുപടിയ്ക്ക്‌ കാത്തു നില്‍ക്കാതെ അമ്മ ഫോണ്‍കട്ട്‌ ചെയ്തു.

മീര...! ഓര്‍ക്കുന്നു ആ കുട്ടിയെ.അന്നത്തെ അമ്പലക്കുളംബ്യൂട്ടിയെ..അമ്പലക്കുളത്തിന്റെ ഐശ്വര്യമായിരുന്നു അന്നവള്‍..പെണ്ണുങ്ങളുടെ കടവില്‍ അവള്‍ കുളിയ്ക്കാനിറങ്ങിയെന്നറിഞ്ഞാല്‍ നേവിയിലെ റിക്രൂട്ടുമെന്റിനൊരുങ്ങുന്നതിന്റെ ഭാഗമായിട്ടെന്നമട്ടില്‍ നീന്തല്‍പരിശീലിത്തിനെത്തുന്ന ആണ്‍കുട്ടികളെകൊണ്ടു നിറയുമായിരുന്നു അമ്പലക്കുളം.! അക്കരയുള്ള ഉഴുന്നുവണ്ടിമരത്തില്‍നിന്ന്‌ സമ്മര്‍സാള്‍ട്ടടിച്ച്‌ ഫ്രീസ്റ്റയിലില്‍ മല്‍സരിച്ചു ഇക്കരയ്ക്കു നീന്തുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം മടിയോടെയാണെങ്കിലും എത്രയോവട്ടം ആ കടവിലേയ്ക്ക്‌ കൗതുകത്തോടെ ഒളികണ്ണിട്ടു നോക്കിയിരിയ്ക്കുന്നു താന്‍. ആ മീരയാണ്‌ ഇപ്പോള്‍ ഒരേ തൂവ്വല്‍പക്ഷിയായി
, ഒരേ തോണിയിലെ യാത്രക്കാരിയാവാന്‍ തന്റെ മുമ്പില്‍ ഒരുങ്ങിനില്‍ക്കുന്നത്‌..! 
പക്ഷെ,...! ഒരിയ്ക്കലും പിഴുതുമാറ്റാന്‍ കഴിയാത്തവിധം മനസ്സില്‍ ഒട്ടിച്ചേര്‍ന്നുപോയ രാധയുടെ ചിത്രം പറിച്ചുമാറ്റി അവിടെ മറ്റൊരു പെണ്ണിന്റെ ചലിയ്ക്കുന്നരൂപം പ്രതിഷ്ഠിയ്ക്കാന്‍ എങ്ങിനെ കഴിയും തനിയ്ക്ക്‌..! രാധയ്ക്കായിമാത്രം വിരിച്ചിട്ട ബെഡ്‌ഷീറ്റില്‍ ചുളിവുകള്‍ തീര്‍ക്കുന്ന മറ്റൊരു പെണ്ണുടല്‍..രാധ ചമച്ചുരസിച്ച കിച്ചണില്‍ മറ്റൊരുവളുടെ കാലടിപ്പാടുകള്‍, തീനാളങ്ങള്‍ ജ്വലിപ്പിയ്ക്കാന്‍ ആവേശത്തോടെ നീളുന്ന പുത്തന്‍ വിരലുകള്‍.! വയ്യ..ഓര്‍ക്കാന്‍പോലും കഴിയുന്നില്ല. അല്ലെങ്കില്‍ത്തന്നെ പഴയ ബാലുവല്ല താനിപ്പോള്‍. നിറങ്ങള്‍ നഷ്ടപ്പെട്ട വെറും നിഴല്‍ മാത്രം!

ഒരിയ്ക്കല്‍ പ്രണയത്തിന്റെ മഹാസമുദ്രംതന്നെ ഇരമ്പിയിരുന്നു മനസ്സില്‍..ആ തിരയിളക്കത്തിന്റെ സംഗീതം രാവുമുഴുവന്‍ ആസ്വദിയ്ക്കാനായി തന്റെ ഇടതുനെഞ്ച്‌ തലയിണയാക്കിയെ എന്നും രാധ ഉറങ്ങാറുള്ളു
, പരിധികള്‍ ലംഘിയ്ക്കില്ലെന്ന്‌ ഉറപ്പിയ്ക്കുന്ന നിമിഷങ്ങളിലും അരികില്‍ ചേര്‍ന്നിരുന്ന്‌ ഒരു ശംഖിലൂടെയെന്നവണ്ണം പ്രണയസാഗരത്തിലെ തിരമാലകളുടെ മുഴക്കം ഇന്ദുവും അറിഞ്ഞാസ്വദിച്ചിട്ടുണ്ട്‌. പക്ഷെ, മനസ്സിന്റെ തീരങ്ങളില്‍ മണല്‍ത്തരികളും ചെളിക്കെട്ടുകളും ബാക്കിവെച്ച്‌ ഇന്നാ സമുദ്രം അത്ഭുതകരമാംവിധം ഉള്‍വലിഞ്ഞുപോയിരിയ്ക്കുന്നു. ഒരു മീരയ്ക്കും ആവാഹിച്ചു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തവിധം കാതങ്ങളോളം.! അല്ലെങ്കില്‍തന്നെ നിഴലില്‍ എങ്ങിനെയൊക്കെ നിറക്കൂട്ടൊരുക്കാന്‍ ശ്രമിച്ചാലും മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ വിരിയിച്ചെടുക്കുവാന്‍ കഴിയില്ലല്ലൊ, മയിലപ്പീലിയുടെ മനോഹാരിത ചമച്ചെടുക്കാനും കഴിയില്ല.!
 "കഴിയും കണ്ണേട്ടാ, മീര വിചാരിച്ചാല്‍ കഴിയും.!-..രാധയുടെ ശബ്ദം. ബെഡ്ഡിനുപുറകിലെ കൊച്ചുടേബിളില്‍ ലാമിനേറ്റഡ്‌ ഫ്രെയിമിനകത്ത്‌ കള്ളച്ചിരിയുമായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഹൃദയത്തില്‍ ചേക്കേറിയ മണവാട്ടിവേഷത്തില്‍ അവള്‍. അമ്പരന്നില്ല..ആദ്യമായല്ല. ഹൃദയം വലിഞ്ഞുമുറുകി വല്ലാതെ വീര്‍പ്പുമുട്ടി പൊട്ടിത്തെറിയ്ക്കുമെന്ന അവസ്ഥയിലെത്തുന്ന സന്ദര്‍ഭങ്ങളില്‍ ആ ഫോട്ടോയ്ക്കകത്തിരുന്ന്‌ ആശ്വാസവചനങ്ങള്‍ ചൊരിഞ്ഞ്‌ രക്ഷാകവചമൊരുക്കാറുണ്ട്‌ അവള്‍.
"ഞാനെപ്പോഴും പറയാറില്ലെ ഒരു പെണ്ണിന്റെ സാമീപ്യവും ലാളനയുമേല്‍ക്കാതെ ബാലുവേട്ടന്‌ ഒരിയ്ക്കലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയില്ലെന്ന്‌."-----"ഒരു ദിവസമോ രണ്ടുദിവസമോ അല്ലല്ലോ രാധെ കടന്നുപോയത്‌. മൂന്നു വര്‍ഷം..! നിന്റെ അദൃശ്യസാന്നിധ്യത്തിന്റെ കരുത്തില്‍ ഓര്‍മ്മകളെ താലോലിച്ച്‌ ഒരായുഷ്കാലം മുഴുവന്‍ ജീവിയ്ക്കാന്‍ കഴിയും ഈ കണ്ണേട്ടന്‌ എന്നിട്ടും നീ.--കണ്ണുകള്‍ നിറഞ്ഞു.
--"എനിയ്ക്കറിയില്ലേ കണ്ണേട്ടാ ആ മനസ്സ്‌. പക്ഷെ നന്ദുമോള്‍, അമ്മയെ മറന്നു അവള്‍.! അങ്ങിനെയല്ലെ വരു കൊച്ചു കുട്ടിയല്ലെ അവള്‌,.ഒരു കളിപ്പാട്ടം ചോദിയ്ക്കുന്ന ലാഘവത്തോടെയല്ലേ അച്ഛനോട്‌ പുതിയൊരമ്മയെ വേണമെന്നവള്‍ ആവശ്യപ്പെട്ടത്‌. ഒരമ്മയുടെ സാന്നിധ്യത്തിനായി അത്രമാത്രം മോഹിയ്ക്കുന്നു നമ്മുടെ മോള്‌. കുപ്പൂസും ദാളുകറിയും ഷവര്‍മ്മയും സാന്‍ഡ്‌വിച്ചുമൊക്കെ കഴിച്ച്‌ കണ്ണേട്ടനും മടുക്കാന്‍ തുടങ്ങിയില്ലെ, വളയിട്ട കൈകള്‍ ചമച്ചൊരുക്കുന്ന വിഭവങ്ങള്‍ രുചിയ്ക്കാന്‍ കൊതിതോന്നുന്നില്ലെ...നാളെ രാവിലെ അമ്മയെ വിളിയ്ക്കണം.സമ്മതം അറിയിയ്ക്കണം..എന്നിട്ട്‌ ഈ മുറിയില്‍നിന്നും എന്റെ ഫോട്ടോ എടുത്തുമാറ്റണം."----രാധെ നീ.....?-----"പേടിയ്ക്കണ്ട..കണ്ണേട്ടനെവിട്ട്‌ എവിടേയ്ക്കും പോകില്ല ഞാന്‍. എങ്ങിനെ കഴിയും എനിയ്ക്കതിന്‌..എന്നെന്നും ഞാനുണ്ടാവും കൂടെ ഇനിമുതല്‍ രാധയായല്ല മീരയായി.! സ്നേഹം വാരിക്കോരിച്ചൊരിയാന്‍ അറിയാവുന്ന പുരുഷന്റെ മുമ്പില്‍, അവന്റെ കരുത്തിന്റെ കുളിരില്‍, കരുതലിന്റെ തണലില്‍ രാധയ്ക്കും മീരയ്ക്കും എല്ലാം ഒരേ രൂപമായിരിയ്ക്കും, ഒരേ മനസ്സായിരിയ്ക്കും, ഒരേ വിചാരവികാരങ്ങളായിരിയ്ക്കും.
ചിത്രത്തില്‍ അവള്‍ക്കു ജീവന്‍ വെയ്ക്കുന്നതുപോലെ തോന്നി അവന്‌...അടുത്തടുത്തു വരുന്നതുപോലെ,..അവളുടെ ചിരിയുടെ തിളക്കത്തില്‍നിന്നുമുതിര്‍ന്നുവീണ മിന്നാമിനുങ്ങുകള്‍ അന്തരീക്ഷത്തിലാകെ പാറിനടന്നു..പച്ചകൊപ്രയില്‍നിന്നും ആട്ടിയെടുത്ത വെളിച്ചെണ്ണയുടെ ഗന്ധം ചുറ്റിലും പരന്നു, അവളുടെ മുടിച്ചുരുളുകളുടെ ഗന്ധം..അവനേറ്റവും പ്രിയപ്പെട്ട ആ ഗന്ധം നാസാരന്ധ്രങ്ങളിലൂടെ ഹൃദയത്തിലേയ്ക്കരിച്ചിറങ്ങി. സ്ഥലകാലബോധങ്ങള്‍ക്കതീതമായി യാഥാര്‍ത്ഥ്യങ്ങളുടെയും കാല്‍പ്പനികതയുടേയും ഇടയില്‍കിടന്ന്‌ ചാഞ്ചാടുന്ന മനസ്സ്‌ ഉണര്‍വിന്റേയും ഉന്മാദത്തിന്റേയും ഉച്ചസ്ഥായിയില്‍ സ്നേഹലാളങ്ങളുടെ അസംഖ്യം ഉറവകള്‍ അനസ്യൂതം ബഹിര്‍ഗമിയ്കുന്ന തണ്ണീര്‍ത്തടത്തിന്റെ തീരങ്ങളിലേയ്ക്ക്‌,     അവളുടെ മടിത്തട്ടിലേയ്ക്ക്‌ തളര്‍ച്ചയോടെ തലചായ്ച്ചു അവന്‍.. കാതിലേയ്ക്ക്‌ അരിച്ചിറങ്ങിയ പരിചിതമായ ഉറക്കുപാട്ടിന്റെ ഈണത്തില്‍ എല്ലാം മറന്ന്‌ ശാന്തമായി ഉറങ്ങി, പുതിയ പ്രഭാതത്തില്‍ നവരൂപഭാവങ്ങളോടെ പുനര്‍ജ്ജനിയ്ക്കുന്ന തന്റെ പെണ്ണിനോടൊപ്പം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍,.പുതിയ ജീവിതത്തിലേയ്ക്കു വലതു കാലെടുത്തുവെയ്ക്കാന്‍.

കൊല്ലേരി തറവാടി
13/08/2012

24 comments:

 1. ചെറിയ പെരുന്നാള്‍ ആശംസകള്‍, ഒപ്പം ചിങ്ങപ്പുലരിയ്ക്ക്‌ സ്വാഗതവും.

  ReplyDelete
 2. അവളുടെ മടിത്തട്ടിലേയ്ക്ക്‌ തളര്‍ച്ചയോടെ തലചായ്ച്ചു അവന്‍.. കാതിലേയ്ക്ക്‌ അരിച്ചിറങ്ങിയ പരിചിതമായ ഉറക്കുപാട്ടിന്റെ ഈണത്തില്‍ എല്ലാം മറന്ന്‌ ശാന്തമായി ഉറങ്ങി, പുതിയ പ്രഭാതത്തില്‍ നവരൂപഭാവങ്ങളോടെ പുനര്‍ജ്ജനിയ്ക്കുന്ന തന്റെ പെണ്ണിനോടൊപ്പം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍,.പുതിയ ജീവിതത്തിലേയ്ക്കു വലതു കാലെടുത്തുവെയ്ക്കാന്‍......രചനാവൈഭവത്തിനു എല്ലാവിധ ആശംസകളും ...
  കൂടെ ഓണാശംസകളും.......

  ReplyDelete
 3. സാധരണക്കാരുടെ കുടുംബബന്ധങ്ങളുടെ
  ഊഷ്മളതയുടെ അളവുകോലുകളൂമയി വന്ന് ,
  താങ്കൾ എത്ര മനോഹരമായാണ് അവയെല്ലാം
  വളരെ ക്ലിപ്തമായി അളന്ന് തിട്ടപ്പെടുത്തികൊണ്ടിരിക്കുന്നത്...!

  സമ്മതിച്ചു കേട്ടൊ ഗെഡീ

  ReplyDelete
 4. നല്ല വിലയിരുത്തലുകള്‍ . ഉത്സവാശമ്സകള്‍

  ReplyDelete
 5. പൈങ്കിളി മലര്‍ത്തേന്‍കിളി

  ReplyDelete
 6. നന്നായി,, ഉത്സവമേളം ഉയരട്ടെ,,,ആശംസകൾ

  ReplyDelete
 7. ആദ്യ ഭാഗം വായിച്ചപ്പോള്‍ ഒരു പതിവ് കഥ എന്നെ തോന്നിയുള്ളൂ. പക്ഷെ അവസാന വരികള്‍ അതീവ മനോഹരമായി. ആശംസകള്‍

  ReplyDelete
 8. കൊല്ലേരീ.... റോസാപ്പൂക്കൾ പറഞ്ഞത് പോലെ ഒരു പൈങ്കിളി എന്ന മട്ടിൽ വായിച്ചു തുടങ്ങിയെങ്കിലും ബാലുവിനോടൊപ്പം അവസാനം വരെയും സഞ്ചരിച്ചു... പ്രണയത്തിന്റെ തീവ്രത മനോഹരമായി പകർത്തിയിരിക്കുന്നു... ഏകാന്തത ... എല്ലാം നഷ്ടപ്പെട്ടവന്റെ ഏകാന്തത... അതനുഭവിച്ചറിയുന്നത് പോലെ തോന്നി... മനോഹരം...

  ReplyDelete
 9. നന്നായിരിക്കുന്നു രചന. പുഴയ്ക്കല്‍ പാടത്ത് വെച്ചുണ്ടായ ദുരന്തം ഉള്ളില്‍ നൊമ്പരം സൃഷ്ടിച്ചു......
  ആശംസകള്‍

  ReplyDelete
 10. ഒഴുക്കുണ്ട് എഴുത്തിനു. നന്നായി.
  ഓണാശംസകള്‍.

  ReplyDelete
 11. പൈങ്കിളി ആണെന്ന് തോന്നിയില്ല .............കഥ നന്നായി അവതരിപ്പിച്ചു , എവിടെയോകെയോ ചില യഥാര്‍ത്ഥ മനുഷ്യന്റെ വികാരങ്ങള്‍ ചിറകടിച്ചു , ആശംസകള്‍ !!!

  ReplyDelete
 12. കണ്ണനും രാധയും അനശ്വരപ്രേമത്തിന്റെ മൂര്‍ത്തീഭാവങ്ങള്‍.
  പ്രണയം എങ്ങനെ പൈങ്കിളി ആകും? നല്ല കഥ!

  ReplyDelete
 13. ആദ്യം കുറച്ചു വേദനിപ്പിച്ചു..

  ReplyDelete
 14. നന്നായിട്ടുണ്ട്.ആദ്യ ഭാഗത്തിലെ ദാമ്പത്യത്തിന്റെ അവതരണവും പിന്നീടുള്ള ട്വിസ്റ്റും...ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 15. അവസാന പാരഗ്രാഫിനു വല്ലത്ത് ഒരു ഫീല്‍. വളരെ മനോഹരമായ ഒഴുക്കുള്ള എഴ്ത്ത്. മുഖ പരിചയമുള്ള കഥാപാത്രം.. അഭിനന്ദനങ്ങള്‍..

  ReplyDelete
 16. നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്. ആശംസകള്‍

  ReplyDelete
 17. നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..

  ReplyDelete
 18. കൊല്ലേരി തറവാടിയിലെ കഥാപാത്രങ്ങള്‍ക്ക് ഒക്കെ പരിചയം ഉള്ളവരുടെ ഛായയാണ്..!
  ജീവിതത്തില്‍ തനിച്ചായിപ്പോയ ഒരാളുടെ മനസ്സു അതനുഭവിച്ചറിഞ്ഞ എഴുത്ത് ....
  നന്നായിട്ടുണ്ട് ട്ടോ ..!!

  ReplyDelete
 19. നന്നായിരിക്കുന്നു, കൊല്ലേരി. പൈങ്കിളിയാണെങ്കിലും അല്ലെങ്കിലും, അവസാനം വരെ രസകരമായി വായിച്ചുപോകാം. ഇന്ദുവിനു കണ്ണട വേണ്ടായിരുന്നു. അതു ചേരില്ല അവള്‍ക്കു്.

  ReplyDelete
 20. നന്നായിരിക്കുന്നു. പ്രണയത്തിന്റെ ഭാവങ്ങള്‍ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങള്‍.......

  ReplyDelete
 21. ഞാന്‍ നേരത്തെ വായിച്ചിരുന്നു. അന്ന് ഒരു കമന്‍റെഴുതാന്‍ കഴിഞ്ഞില്ല.

  ഒറ്റയ്ക്കായിപ്പോകുന്ന മനുഷ്യ മനസ്സിനെ വളരെ ഭംഗിയായി വരച്ചു കാണിച്ചിട്ടുണ്ട്. അതിനു അഭിനന്ദനങ്ങള്‍ കേട്ടോ.

  ReplyDelete
 22. പൈങ്കിളിയായി തോന്നിയില്ല...
  നന്നായിരിക്കുന്നു..
  ആശംസകൾ...

  ReplyDelete