Tuesday, July 24, 2012

അത്തറിന്‍ സുഗന്ധവും പൂശി..


പോയ ജൂണ്‍ മാസത്തിലെ ഒരു വൈകുന്നേരം.
"നമ്മുടെ സതീശന്റ അമ്മ മരിച്ചു., ഇതാ ഇപ്പോ നാട്ടീന്ന്‌ ഫോണ്‍ വന്നതേയുള്ളു.. പാവം ചെക്കന്‌ കരഞ്ഞിട്ട്‌ ബോധമില്ല, ഒറ്റ മോനല്ലെ അവന്‍, വേറെ ആരാ ഉള്ളത്‌ നാട്ടില്‌ ക്രിയകളൊക്കെ ചെയ്യാനായി, എങ്ങിനെയെങ്കിലും എത്രയും പെട്ടന്ന്‌ അവനെ നാട്ടിലെത്തിയ്ക്കേണ്ടെ ബഷീറെ..എന്താ ചെയ്യാ, എന്റെ അവസ്ഥ അറിയാലോ നിനക്ക്‌. അതും ഇപ്പോഴത്തെ ഫ്ലൈറ്റ്‌ചാര്‍ജ്‌. ഓര്‍ക്കാനെ വയ്യ!!"
ഓര്‍ക്കാപ്പുറത്തായിരുന്നു വിശ്വേട്ടന്റെ കോള്‌, സതീശന്റെ അമ്മ, കല്യാണിയമ്മ മരിച്ചു.! എന്തുപറയണമെന്നറിയാതെ അമ്പരന്നുപോയി ഒരുനിമിഷം ബഷീര്‍.
--വിശ്വേട്ടന്‍ അവന്റെ കൂടെത്തന്നെയില്ലെ, ഇത്രയും ദൂരം ഡ്രൈവ്‌ ചെയ്ത്‌ ഞാനിപ്പോ അങ്ങോട്ടു വരണൊ. ഈ നേരമായില്ലെ, ഇന്നിനി ഒന്നും നടക്കില്ല, നേരം വെളുക്കുമ്പോഴേയ്ക്കും ടിക്കറ്റിന്‌ എന്തെങ്കിലും വഴിയുണ്ടാക്കാം.--അങ്ങിനെ പറയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല ബഷീറിന്‌. അത്രയ്ക്ക്‌ വേണ്ടപ്പെട്ടവനാണ്‌ ശങ്കരന്‍മാസ്റ്ററുടെ മകന്‍ സതീശന്‍, ഒരുപാട്‌ കടപ്പാടുണ്ട്‌ അവന്റെ കുടുംബത്തോട്‌. ആ ചുറ്റുവട്ടത്തെ ഏക ഹിന്ദുകുടുംബം. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു ശങ്കരന്‍മാസറ്റര്‍, സര്‍വ്വസമ്മതന്‍, ഗാന്ധിയന്‍,.ഒരു മടിയും കൂടാതെ ആരേയും കയ്യയച്ചു സഹായിയ്ക്കുന്നവന്‍. തനിയ്ക്കു വിസയൊപ്പിയ്ക്കാന്‍ ഇരുപത്തിയ്യായിരം രൂപയുടെ കുറവു വന്നപ്പോള്‍ ഒരു മടിയുംകൂടാതെ, ഒരു രേഖയുമില്ലാതെ ഉപ്പാന്റെ കയ്യില്‍ എണ്ണികൊടുത്തു മാഷ്‌.---" ഇന്ന്‌ ഞാന്‍ ബഷീറിനു താങ്ങാവുന്നു, നാളെ ഒരു പക്ഷെ, ബഷീറായിരിക്കും എന്റെ സതീശനു തുണയാകാന്‍ പോകുന്നത്‌..എല്ലാം മുകളിലിരിയ്ക്കുന്ന ഒരാളുടെ നിശ്ചയിയ്ക്കുന്നതുപോലെയല്ലെ ഉസ്മാനെ നടക്കു, ധൈര്യമായി വാങ്ങിയ്ക്കു,എന്റെ കാശായി കരുതേണ്ട, സര്‍ക്കാരിന്റെ കാശാ ഇത്‌, ഞാന്‍ പ്രോവിഡെന്റ്‌ഫണ്ടീന്ന്‌ ലോണെടുത്തത്‌."--- വിറയ്ക്കുന്ന കരങ്ങളുമായി മടിച്ചുനിന്ന ഉപ്പയുടെ കയ്യില്‍ നിര്‍ബന്ധമായി നോട്ടുകെട്ടുകള്‍ വെച്ചുകൊടുക്കുമ്പോള്‍ മാഷ്‌ പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ മുഴങ്ങുന്നു.
പാവം മാഷ്‌, എല്ലാ നല്ല മനുഷ്യര്‍ക്കുമെന്നപോലെ കാലം അദ്ദേഹത്തിനും ദുരിതദിനങ്ങള്‍ ഒരുക്കിവെച്ച്‌ കാത്തിരിയ്ക്കുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന കാന്‍സര്‍ അദ്ദേഹത്തിന്റെ ആരോഗ്യവും സകലസമ്പത്തും കവര്‍ന്നെടുത്തു. സതീശന്റെ പഠനവും താറുമാറായി.ഒടുവില്‍ റിട്ടയര്‍മെന്റ്‌ കഴിഞ്ഞ്‌ രണ്ടാം ദിവസം അദ്ദേഹം മരിച്ചു.! ഒരു മൂന്നു ദിവസം മുമ്പായിരുന്നെങ്കില്‍, സര്‍വീസിലിരുന്നു മരിച്ചതിന്റെപേരില്‍ സതീശന്‌ ആ സ്കൂളില്‍ തന്നെ ക്ലാര്‍ക്ക്‌, അല്ലെങ്കില്‍ പ്യൂണ്‍ ആയെങ്കിലും ജോലി കിട്ടുമായിരുന്നു.! എല്ലാം ഒരു യോഗം അല്ലാതെന്താ. കഫാലത്തു വിസയില്‍ അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്‌ താനാണ്‌. ശങ്കരന്‍ മാഷുടെ മോനല്ലെ ഒരണപോലു വിടാതെ എല്ലാറ്റിനും കൃത്യമായി കണക്കുവെച്ചിരിയ്ക്കുന്നു അവന്‍. പക്ഷെ ,നാളെ അവനെ കയറ്റിവിടാനായി പെട്ടന്നു പൈസയൊപ്പിയ്ക്കാന്‍ എന്താണു വഴി,. ഓര്‍ത്തിട്ട്‌ ഒരെത്തുംപിടിയും കിട്ടുന്നില്ല. മൊബെയിലെടുത്ത്‌ ട്രാവല്‍സിലെ തോമസ്സുട്ടിയെ വിളിച്ചു.

"ടിക്കറ്റില്ല ബഷീറെ, നിനക്കറിയാലോ എയര്‍ ഇന്ത്യയുടെ കാര്യങ്ങളൊക്കെ, മൊത്തം ടൈറ്റാണ്‌.പിന്നെ ഇങ്ങിനെ ഒരാവശ്യമല്ലെ, എമര്‍ജന്‍സിയില്‍ ഒപ്പിയ്ക്കാം...നെടുമ്പാശേരിയ്ക്ക്‌ വണ്‍വേ 2500 റിയാല്‌, ബോംബേയ്ക്കാണെങ്കില്‍ 1200." തോമസ്സുട്ടിയുടെ മറുപടി വന്നു.
-അതെന്താ ഇത്ര വ്യത്യാസം.- ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.--"കെങ്കേന്മാരായ ആറു കേന്ദ്രമന്ത്രിമാരില്ലെ നമുക്ക്‌, അതിന്റെ സൗജന്യമായിരിയ്ക്കും." തോമസ്സുട്ടീടെ വാക്കുകളില്‍ പരിഹാസം.

ബോംബേയ്ക്ക്‌ 1200 റിയാല്‍, കൊച്ചിയ്ക്ക്‌ 2300 റിയാല്‍ !.ഇന്ത്യാമഹാരാജ്യത്തെ അധികം അകലത്തിലല്ലാത്ത രണ്ടു നഗരങ്ങളിലേയ്ക്കുള്ള ടിക്കറ്റു വിലയിലെ അന്തരം.! വാരാന്ത്യത്തിനുശേഷം പൊതുവെ കടയില്‍ തിരക്കുകുറയുന്ന അന്നത്തെ ഇഷാസലയ്ക്കു ശേഷമുള്ള കച്ചവടമൊക്കെ സഹായിയായ അഷറഫിനെ ഏല്‍പ്പിച്ച്‌ ഫ്ലാറ്റിലേയ്ക്ക്‌ ഡ്രൈവ്‌ ചെയ്തു മടങ്ങുമ്പോള്‍ ടിക്കറ്റുനിരക്കുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച്‌ മനനം ചെയ്യുകയായിരുന്നു ബഷീറിന്റെ മനസ്സ്‌. സിനിമാടാക്കീസുകളുടെ മുമ്പില്‍ നടക്കുന്ന ബ്ലാക്കിലെ ടിക്കറ്റ്‌ കച്ചവടവും ഇതും തമ്മില്‍ ഓര്‍ത്തു നോക്കിയാല്‍ എന്തു വ്യത്യാസമാണുള്ളത്‌.! അംഗീകാരത്തോടുകൂടിയുള്ള കരിഞ്ചന്ത..ചൂഷണത്തിനു നിയമസാധുത നല്‍കുന്ന കാലം. ചൂഷകനും ചൂഷണം ചെയ്യപ്പെടുന്നവനും തമ്മിലുള്ള അന്തരം വര്‍ദ്ധിയ്ക്കുന്നു, അവര്‍ക്കിടയില്‍ പ്രതിരോധവുമായെത്താന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു..അതാണ്‌ എല്ലായിടത്തും നടക്കുന്നത്‌. നന്ദിഗ്രാമില്‍ കണ്ടത്‌ അതല്ലെ, ഇപ്പോള്‍ ഓഞ്ചിയം കരുവാക്കി നടക്കുന്നതും മറ്റൊന്നല്ലല്ലോ, മണിയെപോലൊരു നേതാവ്‌ ഒരുള്‍നാട്ടിലെ അന്തിച്ചന്തയില്‍ തദ്ദേശവാസികളുടെ കയ്യടിനേടാന്‍ വേണ്ടിനടത്തിയ വിടുവായത്വം ബി.ബി.സിയ്ക്കുപോലും മഹാവാര്‍ത്തയായതിന്റെ പൊരുളും മറ്റൊന്നല്ല.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയങ്ങള്‍ സന്ധ്യാനാമത്തിനു സമാനം ആവര്‍ത്തിച്ചു ചൊല്ലുന്ന ചാനലുകള്‍ എന്തുകൊണ്ട്‌ ഒരു സായാഹ്നമെങ്കിലും എയര്‍ ഇന്ത്യ സമരമൂലം ദുരിതത്തിലായ പ്രവാസിയുടെ കണ്ണുനീരിനായി മാറ്റിവച്ചില്ല. ഗള്‍ഫ്‌ പ്രധാന വിപണനമേഖലയാക്കിയ അവര്‍ പ്രവാസിയുടെ ദുരിതങ്ങള്‍ നാട്ടില്‍ പാതിരാവായി എല്ലാരും ഉറങ്ങി എന്നുറപ്പുവരുത്തി അര്‍ദ്ധരാത്രിയിലെ ഗള്‍ഫ്‌ വര്‍ത്തകളില്‍ ഒന്നോരണ്ടോ വാചകങ്ങളില്‍ മാത്രമായി എന്തെ ഒതുക്കുന്നു. അവക്കതിനു മാത്രമെ കഴിയു.!
"വെടക്കാക്കി തനിയ്ക്കാക്കുക" എന്ന ഉദ്ദേശവുമായി ബിനാമികളെ ഒരുക്കിനിര്‍ത്തി ഭരണകൂടത്തിന്റെ അറിവോടെ കെട്ടിച്ചമച്ച ഒരു പൊറാട്ടു നാടകം മാത്രമാണ്‌ ഈ സമരമെന്ന യാഥാര്‍ത്ഥ്യം ഭംഗിയായി മറച്ചുവെയ്ക്കേണ്ടത്‌ ചാനല്‍മുതലാളിമാരുടെ കൂടി ആവശ്യമല്ലെ.
ഭരണകൂടത്തിലെ ശകുനികളുടെയും, അവരുടെ ബിനാമികള്‍ മാത്രമായ ചില വ്യവസായരാക്ഷസന്‍മാരുടേയും ഇച്ഛാനുസരണം ഒരുക്കപ്പെടുന്ന കഥകള്‍ക്കും ഉപകഥകള്‍ക്കും തിരക്കഥകള്‍ക്കുമപ്പുറം എല്ലാ വാര്‍ത്തകളും നിര്‍ദ്ദയം തമസ്കരിയ്ക്കപ്പെടുന്നു. അങ്ങിനെ പൗരന്റേയും അറിയാനുള്ള അധികാരത്തിനുപോലും കൂച്ചുവിലങ്ങിടപ്പെടുന്നു .ഒരു ജനാധിപത്യരാജ്യത്തിലെ അപ്രഖ്യാപിത മാധ്യമ സെന്‍സര്‍ഷിപ്പ്‌.!
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേയും കര്‍ഷകതൊഴിലാളികളുടേയും കടങ്ങള്‍ എഴുതിത്തള്ളാന്‍ ഫണ്ടില്ലെന്നു വിലപിയ്ക്കുന്ന ഭരണകൂടം ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ കടങ്ങള്‍ ഫ്ലാറ്റായി എഴുതിതള്ളാന്‍ ഒരുങ്ങുന്നു.! പിറവം...നെയ്യാറ്റിന്‍കര, ഇനിയും ഉപകരിയ്ക്കാന്‍ പോകുന്ന ഇതുപോലേയുള്ള ഒരുപാട്‌ സന്ദര്‍ഭങ്ങള്‍..എല്ലാ ഉദ്ദിഷ്ടകാര്യങ്ങള്‍ക്കും കൂടിയുള്ള പരസ്യമായുള്ള ഒരു ചെറിയ ഉപകാരസ്മരണ..! ഇനി രഹസ്യമായി..?.ആര്‍ക്കറിയാം..!

ചിന്തകളുടെ മഞ്ചലും ചുമന്ന്‌ വീട്ടിലെത്തിയപ്പോഴേയ്ക്കും വല്ലാതെ തളര്‍ന്നുപോയി ബഷീര്‍." എന്തെ ഇന്നു നേരത്തെ കടയടച്ചോ." മുഖം നിറയെ പുഞ്ചിരിയുമായി ഓടിയെത്തി സൈനു...--മക്കളുറങ്ങിയോ സൈനു.- അവളെ ചേര്‍ത്തുപിടിച്ചു അവന്‍.--"ഉപ്പ ഇന്ന്‌ നേരത്തെ വരുമെന്നവര്‍ക്കറിയില്ലായിരുന്നല്ലോ, അല്ലെങ്കില്‍ കാത്തിരുന്നേനെ രണ്ടും. കളിയും ഗുസ്തിയുമൊക്കെ കഴിഞ്ഞ്‌ ദാ ഇപ്പൊ ഉറങ്ങിയതേയുള്ളു ചേച്ചിയും അനിയനും. എന്തുപറ്റി ഇക്ക മുഖം വല്ലാതിരിയ്ക്കുന്നു"...
--ഒന്നുമില്ല സൈനു, പിന്നെ നമ്മുടെ സതീശന്റ അമ്മ മരിച്ചു..--
"അയ്യോ ആര്‌ നമ്മുടെ കല്യാണിയമ്മയോ എന്നിട്ട്‌ സതിശനെവിടെ, നാട്ടില്‍ പോകുന്നില്ലെ അവന്‍..."
--പോകണമെന്നുണ്ട്‌ അവന്‌, പക്ഷെ എങ്ങിനെ, അഞ്ചുപൈസയില്ല അവന്റെ കയ്യില്‌,വിശ്വേട്ടന്റെ പേര്‍സും കാലിയാണ്‌, ഞാനാണെങ്കില്‍ ഏറ്റുപോയി...ഇത്രയും പെട്ടന്ന്‌ പത്ത്‌ മുവ്വായിരം റിയാല്‌. നിനക്കറിയാലൊ എല്ലാം ഒരു റോളിങ്ങിന്റെ പുറത്തല്ലെ, തന്നെയുമല്ല സ്കൂളവധി വരുന്നു..നിനക്കും പിള്ളേര്‍ക്കുമുള്ള ടിക്കറ്റ്‌, പര്‍ച്ചേസിംഗ്‌, ഒരെത്തും പിടിയും കിട്ടുന്നില്ല. പുറമെനിന്നും നോക്കുന്നവര്‍ക്ക്‌ കച്ചവടക്കാരെല്ലാം സമ്പന്നരാണ്‌, കൂണുപോലെ പൊട്ടിമുളയ്ക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളോടൊപ്പം പിടിച്ചുനില്‍ക്കാന്‍ പെടാപാടുപെടുന്ന ചെറുകിട കച്ചവടക്കാരന്റെ ദുരിതങ്ങള്‍ ആര്‍ക്കും മനസ്സിലാവില്ല, ഇവിടുത്തെ മാത്രമല്ല എല്ലായിടത്തേയും സ്ഥിതി ഇതൊക്കെതന്നെ .അതൊക്കെപോട്ടെ നീ പോയി കുടിയ്ക്കാനെന്തെങ്കിലും കൊണ്ടു വാ..എല്ലാറ്റിനുംവഴിയുണ്ടാവും.--

സോഫയില്‍ തളര്‍ന്നിരുന്നു ബഷീര്‍,റിമോട്ട്‌ കയ്യിലെടുത്തു. ടീവിയില്‍ ടീ പീ വധം ആട്ടക്കഥ അമ്പതാംദിവസം തുടരുന്നു.വെറുപ്പു തോന്നി, ചാനല്‍ മാറ്റി..അപ്പുറത്ത്‌ ടെയിസ്റ്റ്‌ ഓഫ്‌ കേരള. കടക്കണ്ണുകൊണ്ട്‌ കടുകുവറക്കുന്ന സുന്ദരിയായ അവതാരക ഗൃഹനാഥനൊപ്പം പാചകകസര്‍ത്തില്‍ മുഴുകിയിരിക്കുന്നു, സംഗതി കൈവിട്ടുപോകുമോ എന്ന ഭയപ്പാടോടെ തൊട്ടരികില്‍ ഗൃഹനാഥയും. മലയാളിയുടെ രുചിഭേദങ്ങള്‍ എത്രകൃത്യമായി മനനം ചെയ്തിരിയ്ക്കുന്നു ചാനലുകള്‍.!.കണ്ണടച്ചു തുറക്കുന്ന നിമിഷമാത്രയില്‍ നാരങ്ങാവെള്ളവുമായി പറന്നെത്തി തന്റെ പാചകക്കാരി. റിമോട്ടെടുത്ത്‌ ടിവി ഓഫ്‌ ചെയ്ത്‌ അരികിലിരുന്നു അവള്‍..."എന്ത്‌ ഇരുപ്പാണ്‌ ഇക്കാ ഇത്‌ ഷര്‍ട്ട്‌പോലും മാറിയില്ല"-- ഒരു പൂച്ചക്കുഞ്ഞെന്നപോലെ മുട്ടിയുരുമി ഊര്‍ജം പകരാന്‍ ശ്രമിച്ചു അവള്‍, പിന്നെ മെല്ലെ അവന്റെ ഷര്‍ട്ടിന്റെ കുടുക്കളോരോന്നായി അഴിച്ചു.--"അത്തറുകച്ചവടക്കാരനായതുകൊണ്ടാ എന്റെ ഇക്കയുടെ വിയര്‍പ്പിനുപോലും അത്തറിന്റെ സുഗന്ധം."-- വെളുത്തുനീണ്ട മൂക്കിന്‍ത്തുമ്പില്‍നിന്നുമുതിര്‍ന്ന സ്നേഹനിശ്വാസങ്ങള്‍ അവന്റെ നെഞ്ചില്‍ ആശ്വാസത്തിന്റെ കുളിരുകോരിയൊഴിച്ചു, ഒരു ഏസിയ്ക്കും പ്രദാനം ചെയ്യാന്‍ കഴിയാത്ത കുളിര്‌.

"എന്തിനാ എന്റെ ഇക്കാ ഇങ്ങിനെ ബേജാറാവുന്നെ, നമ്മളെക്കാള്‍ കഷ്ടപ്പെടുന്ന എത്രയോപേരുണ്ട്‌ ചുറ്റിലും, ഈ മരുഭൂമിയില്‍തന്നെ. കുടുബജീവിതം നിഷേധിയ്ക്കപ്പെട്ടവര്‍,.ആടുജീവിതവും മാടുജീവിതവും നയിയ്ക്കുന്നവര്‍, നിത്യരോഗികള്‍ ഇങ്ങിനെയിങ്ങിനെ.എപ്പോഴും ഉയരങ്ങളിലേയ്ക്കുമാത്രം കുതിയ്ക്കാന്‍ മോഹിയ്ക്കുന്നതുകൊണ്ടാണ്‌ കിതപ്പനുഭവപ്പെടുന്നത്‌. വല്ലപ്പോഴും താഴോട്ടു നോക്കാനും ശീലിയ്ക്കണം,അപ്പോള്‍ മനസ്സിലാവും പടച്ചോന്റെ കൃപയാല്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണേന്ന്‌. പിന്നെ, ഇക്കാ ഞാനൊരു കാര്യം പറയട്ടെ ഇത്തവണ നാട്ടില്‍ പോകുന്നില്ല ഞങ്ങളാരും, നോയ്‌മ്പല്ലെ വരുന്നത്‌ ഇപ്പോഴാ ഞാനതോര്‍ത്തത്‌, ഒറ്റയ്ക്കായാല്‍ ഇക്കയുടെ ഭക്ഷണവും ശരിയാവില്ല, നോയ്‌മ്പും മുടങ്ങും. ചെറിയ പെരുന്നാളും വലിയ പെരുന്നാളും കഴിഞ്ഞ്‌ കടയിലെ തിരക്കൊഴിയുന്ന ഓഫ്‌ സീസണില്‍ നമുക്കൊന്നിച്ചു പോയിവരാം.ടിക്കറ്റ്‌നിരക്കും കുറയും.അതാ നല്ലത്‌..ഇപ്പോ സതീശനെ അയയ്ക്കാന്‍ ഏര്‍പ്പാടാക്കു. അവന്‍ പോയിവരട്ടെ, ഒരു പുണ്യകര്‍മ്മം തന്നെയല്ലെ അതും."
-എന്നാലും സൈനു, അതു വേണ്ട., ശരിയാവില്ല, നാട്ടില്‌ നമ്മുടെ രണ്ടുവീട്ടിലും ഉപ്പയും ഉമ്മയുംകാത്തിരിയ്ക്കയല്ലെ..-
"അതൊന്നും സാരമില്ല ഒക്കെ ഞാന്‍ പറഞ്ഞോളാം,.പിന്നെ ഇക്കാ, ഇത്തവണ നോമ്പുസമയത്ത്‌ നമുക്ക്‌ ഉംറയ്ക്കു പോകണം, ലൈലത്തുല്‍ ഖദര്‍ അനുഗൃഹവര്‍ഷം ചൊരിയുന്ന പുണ്യരാവുകളിലൊന്നില്‍ ഇഹലോകത്തിലെ എല്ലാ ലൗകികചിന്തകളും മാറ്റിവെച്ച്‌ ആ ആത്മീയാന്തീരക്ഷത്തില്‍ കുറച്ചുനേരമെങ്കിലും എല്ലാം മറന്ന്‌ ലയിച്ചിരിക്കണം.. അയ്യോ വര്‍ത്താനം പറഞ്ഞിരുന്ന്‌ നേരംപോയതറിഞ്ഞില്ല, ചപ്പാത്തിയ്ക്കു പരത്തി വെച്ചിട്ടേയുള്ളു,പോയി ചുട്ടെടുക്കട്ടെ"--

എപ്പോഴും തിരക്കാണവള്‍ക്ക്‌. എത്ര കൃത്യമായി തന്റെ മനോവിചാരങ്ങള്‍, ഹൃദയസ്പന്ദനങ്ങള്‍ മനസ്സിലാക്കുന്നു, സാമ്പത്തിക പ്രശ്നങ്ങള്‍പോലും പറയാതെതന്നെ വായിച്ചെടുക്കുന്നു തന്റെ ടീച്ചറമ്മ, എം എ ലിറ്ററേച്ചറുകാരി. ഇരുപത്തിമൂന്നാംവയസ്സില്‍ കഫാലത്തു വിസയില്‍ വന്നിറങ്ങി മൂന്നുവര്‍ഷംകൊണ്ട്‌ ഒരു പെര്‍ഫൂം കട സ്വന്തമാക്കി മൊഞ്ചുള്ള ചെക്കനായി നാട്ടില്‍ ചെന്നിറങ്ങുമ്പോള്‍ ഏതു കൊമ്പത്തെ വീട്ടില്‍നിന്നും ഒരു പെണ്ണിനെ അനായാസം സ്വന്തമാക്കമെന്ന അഹങ്കാരമായിരുന്നു മനസ്സില്‍..ആ ധാരണയ്ക്ക്‌ വിവാഹമാര്‍ക്കറ്റില്‍ രണ്ടു ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളു..നാട്ടില്‍ കൊള്ളാവുന്ന കുടുംബത്തിലെ പെണ്‍കുട്ടികളെല്ലാം എം.ബി.ഏകാരും. എം,സി.ഏകാരും മിനിമം എം.ഏകാരുമാണെന്ന സത്യം അമ്പരപ്പോടെ തിരിച്ചറിഞ്ഞു. എത്ര മൊഞ്ചുള്ളവനായാലും,അറബുനാട്ടില്‍ അത്തറുകട സ്വന്തമായിട്ടുണ്ടായാലും പ്രീഡിഗ്രി തോറ്റവന്‍ അവരില്‍ പലര്‍ക്കും യോഗ്യനല്ലായിരുന്നു. വിദ്യഭ്യാസത്തിന്റെ വില മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അത്‌..അവസാനം മടുത്തു പിന്മാറാന്‍ തുടങ്ങിയ സമയത്ത്‌ ഒരു നിധിപോലെ പടച്ചോന്‍ കൊണ്ടുവന്നു തന്നതാണ്‌ തന്റ്‌ ഈ വെളുത്തമുത്തിനെ.

മൊബെയില്‍ ചിലച്ചു..വിശ്വേട്ടന്‍.--ടിക്കറ്റ്‌ ഓക്കേ ആക്കാമെന്ന്‌ തോമസ്സുട്ടി ഏറ്റിട്ടുണ്ട്‌ വിശ്വേട്ടാ.വിശ്വേട്ടന്റെ സദീക്കല്ലെ സതീശന്റെ കഫീല്‌, രാവിലെതന്നെ എക്സിറ്റ്‌-റീ എന്റ്രി അടിച്ചു വാങ്ങിച്ചോളു. അപ്പോഴേയ്ക്കും ടിക്കറ്റുമായി ഞാനെത്താം.--
"നിന്നെ സമ്മതിച്ചിരിയ്ക്കുന്നു ബഷീറേ, പിന്നെ നാളെ സന്ധ്യക്ക്‌ നമ്മുടെ കൂട്ടായ്മയുടെ എക്സികൂട്ടിവ്‌ മീറ്റിംഗ്‌ ഉണ്ടെ, പറയാന്‍ വിട്ടുപോയി..അടുത്ത ആഴ്ച നാട്ടീന്ന്‌ മന്ത്രി വരുന്നുണ്ട്‌. നിവേദനം തയാറാക്കേണ്ടേ,, ഒപ്പം സ്വീകരണവും.അതിന്റെ കൂടിയാലോചനായോഗം."

ഏതു ശുംഭനാ വിശ്വേട്ടാ വരുന്നത്‌.എന്തിനാണാവോ ആ മഹാനുഭാവന്‍ ഇപ്പോള്‍ ഇങ്ങോട്ടു കെട്ടിയെഴുന്നള്ളത്‌, പ്രവാസികളുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ, പുതിയതായി ഏര്‍പ്പെടുത്താന്‍ പോകുന്ന ടാക്സുകളെക്കുറിച്ചു ബോധവല്‍ക്കരിയ്ക്കാനോ, അതോ പതിവുപോലെ ഫണ്ടെന്ന പേരില്‍ നമ്മുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാനോ ? ആറു മന്ത്രിമാരുണ്ട്‌ കേന്ദ്രത്തില്‍, ഒന്നിനൊന്നു കേമന്മാര്‍, എന്നിട്ടാണ്‌ മലയാളിയ്ക്ക്‌ ഈ ഗതികേട്‌. സ്വന്തം സ്ഥാനമാനങ്ങള്‍ ഉറപ്പിയ്ക്കാനുള്ള തിരക്കില്‍ സ്വാര്‍ത്ഥരായി മാറുന്നു എല്ലാവരും.ഭാഗ്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം, അതല്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തീര്‍ച്ചയായും ലഭിയ്ക്കാന്‍ സാധ്യതയുള്ള രാഷ്ടപതിസ്ഥാനം..അധികാരമോഹം തലക്കുപിടിച്ച ആദര്‍ശത്തിന്റെ പരിവേഷം സ്വയം എടുത്തണിയുമ്പോളും ഒരൂളുപ്പും കൂടാതെ കള്ളന്മാര്‍ക്ക്‌ കുശിനിപ്പണി ചെയ്യുന്ന കേരളത്തിന്റെ സ്വന്തം ധര്‍മ്മപുത്രര്‍ പോലും പൂര്‍ണ്ണമായും അന്ധനായി മാറിയിരിയ്ക്കുന്നു.--

അടുക്കളയില്‍നിന്ന്‌ എല്ലാം ശ്രദ്ധിയ്ക്കുകയായിരുന്നു സൈനു..ബഷീറിക്കായുടെ ശീലമാണിത്‌, ടെലിഫോണില്‍ കൂട്ടുകാരോട്‌ സംസാരിയ്ക്കാന്‍ തുടങ്ങിയാല്‍ കാടു കയറും, ദേഷ്യം വന്നാല്‍ പ്രത്യേകിച്ചും ..തന്റെ സാന്നിധ്യം, ഒരു ചെറുനോട്ടം അതുമതി ഇത്തരം കോളുകള്‍ക്കന്ത്യം വരുത്താന്‍.! പ്രീഡിഗ്രി ഫെയിലുക്കാരന്‌ എം.ഏ രണ്ടാം റാങ്കുകാരിയോട്‌ ആദ്യദിനങ്ങളില്‍ തോന്നിയ ബഹുമാനത്തിന്റെ ആവരണമണിഞ്ഞ അനാവശ്യ അപകര്‍ഷതാബോധത്തിന്റെ അവശിഷ്ടങ്ങള്‍ ഇക്കയുടെ മനസ്സില്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും പൂര്‍ണ്ണമായും ദഹിയ്ക്കാതെ ശേഷിയ്ക്കുന്നു. വിവാഹ ജീവിതത്തിന്റെ ആദ്യനാളുകളില്‍ എത്ര പാടുപെട്ടു അതൊന്നു മാറ്റിയെടുക്കാന്‍.!

എം.ഏ ഫൈനലിയറിനു പഠിയ്ക്കുന്ന സമയത്താണ്‌ രണ്ടാമത്തെ അറ്റാക്കും കഴിഞ്ഞ്‌ അവശനായ ഉപ്പ ദുബായിലെ തുണിക്കച്ചവടം മതിയാക്കി തിരിച്ചെത്തിയത്‌. പഠിപ്പെന്ന ഒറ്റ ജ്വരം മാത്രമായി നാട്ടുനടപ്പനുസരിച്ചുള്ള കെട്ടുപ്രായവും കഴിഞ്ഞു നില്‍ക്കുന്ന മൂത്തമകളായ താന്‍, തനിക്കുപുറകെ ഒന്നിനുപുറകെ ഒന്നായി കൗമാരത്തില്‍നിന്നും യൗവനത്തിലേയ്ക്കും നടന്നടക്കുന്ന രണ്ടനിയത്തിമാര്‍, ഹൈസ്കൂള്‍ പ്രായം മാത്രമുള്ള ഏക ആണ്‍തരി. അങ്ങിനെ ഒരു കരയിലും എത്താത്ത മക്കളെക്കുറിച്ചുള്ള ചിന്തകള്‍ മരണഭീതി നിറഞ്ഞ ഉപ്പയുടെ മനസ്സില്‍ അസ്വസ്ഥയുടെ തിരമാലകളായി ആഞ്ഞടിയ്ക്കുന്ന സമയത്താണ്‌ ബഷീറിക്കയുടെ ആലോചന വന്നത്‌..റിസള്‍റ്റ്‌ വരാറായ സമയം..റാങ്ക്‌ ഉറപ്പായിരുന്നു..അടുത്തവര്‍ഷം ഗവേഷണം..പിന്നെ പഠിച്ചിരുന്ന കോളേജില്‍തന്നെ അതിനടുത്ത വര്‍ഷം വരുന്ന ഒഴിവില്‍ ഉദ്യോഗം..എന്നിട്ടുമാത്രം കല്യാണം..വ്യക്തമായ മോഹങ്ങളും തീരുമാനങ്ങളുമുണ്ടായിരുന്നു മനസ്സില്‍. പക്ഷെ ആധിയും വ്യാധിയും നിറഞ്ഞ ഉപ്പയുടെ മനസ്സിന്റെ വിങ്ങലുകള്‍ അവഗണിയ്ക്കാന്‍ കഴിഞ്ഞില്ല. കീഴടങ്ങി.അങ്ങിനെ ബഷീറിക്കയുടെ മണവാട്ടിയായി. പ്രൊഫസറാകാന്‍ മോഹിച്ച താന്‍ അങ്ങിനെ ഇവിടെ ഒരു സ്വകാര്യ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയായി.

ആദ്യരാവില്‍തന്നെ അപകര്‍ഷതാബോധത്തിന്റെ അലയൊലികള്‍ നേരിയ തോതിലാണെങ്കിലും ഇക്കയുടെ ചലനങ്ങളില്‍ പ്രകടമായിരുന്നു .ബെഡ്‌റൂമിലെ ആദ്യനിമിഷംതന്നെ തന്റെ മുഖത്തെ വലിയ കണ്ണട ഊരിമാറ്റിവെച്ചു ഇക്ക. ആ കണ്ണട ഇക്കയെ വല്ലാതെ അലസോരപ്പെടുത്തുന്നു എന്ന സത്യം അധികംവൈകാതെ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു അവള്‍..--"എന്താ ഇക്കാ ഈ കണ്ണട എന്റെ മുഖത്തിനൊട്ടും ചേരുന്നില്ലെ.."-- അപരിചിതത്വത്തിന്റെ ഉടയാടകള്‍ ഓരോന്നായി അഴിച്ചുവെച്ച്‌ മനസ്സുതുറന്ന്‌ ഒന്നാകാന്‍ തുടങ്ങിയ ദിനങ്ങളിലൊന്നില്‍ അങ്ങിനെ ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്‌.--ചന്തമില്ലാത്തതല്ല സൈനു കാരണം..കണ്ണടവെച്ചാല്‍ നിന്റെ മുഖത്തിന്‌ ഒരു ബുദ്ധിജീവി ലുക്ക്‌ തോന്നും, അപ്പോള്‍ നീ വലിയ പഠിപ്പുക്കാരിയാണെന്ന കാര്യം എനിക്കോര്‍മ്മ വരും, ഒപ്പം ഞാന്‍ വെറും പ്രീഡിഗ്രിക്കാരന്‍ മാത്രമാണെന്ന സത്യവും.--

"കോളേജ്‌ ലൈബ്രറിയിലെ കുറെ പുസ്തകങ്ങള്‍ കാണാതെ പഠിച്ച്‌ ഡിഗ്രികള്‍ നേടിയ വെറുമൊരു പുസ്തകപ്പുഴു മാത്രമല്ലെ ഇക്ക ഞാന്‍...എന്നാല്‍ ഇക്ക അങ്ങിനെയാണോ..ഇത്ര ചെറുപ്പത്തിലെ അന്യനാട്ടില്‍ ചെറുതെങ്കിലും സ്വന്തമായി ഒരു ബിസിനെസ്സ്‌, ഒരുപാടു ലോകപരിചയം. ഇത്രയും മിടുക്കുള്ള എന്റെ ഇക്കയ്ക്ക്‌ ഒരിയ്ക്കലും യാതൊരു വിധ കോമ്പ്ലക്‍സും പാടില്ല..സ്വയം ജീവിതം കെട്ടിപ്പെടുത്ത ഒരു പുരുഷന്റെ തികഞ്ഞ ഗര്‍വ്വോടെ എല്ലാവരുടെയും മുമ്പില്‍ തലയുയര്‍ത്തി ഇക്ക നില്‍ക്കുന്നതു കാണാനാണ്‌ എനിക്കിഷ്ടം."-- അവളുടെ കണ്ണുകള്‍ നിറഞ്ഞു --"ഈ കണ്ണട എനിയ്ക്കും ഭാരമാണ്‌, ഒരു ദിവസം നമുക്ക്‌ "അഹല്യയില്‍" പോകാം ഇക്കാ.".-ഒന്നും ബാക്കിവെയ്ക്കാതെ വിചാരങ്ങളും വികാരങ്ങളുമെല്ലാം പരസ്പരം പങ്കുവെച്ച്‌ പൂര്‍ണ്ണമായും ലയിച്ചുചേര്‍ന്ന രാവായിരുന്നു അത്‌. അതിനടുത്ത ദിവസങ്ങളൊന്നില്‍ മലമ്പുഴയിലേയ്ക്കുള്ള ഹണിമൂണ്‍ ട്രിപ്പില്‍ 'അഹല്യ ഐ ഹോസ്പിറ്റലിലും' കയറി അവര്‍.. അന്ന്‌ അവിടെ വെച്ചൂരിയ കണ്ണട പിന്നീടിതുവരെ ധരിയ്ക്കേണ്ടി വന്നിട്ടില്ല സൈനുവിന്‌. ഒരിയ്ക്കല്‍പോലും അവളതിനു മോഹിച്ചതുമില്ല.

--പെട്രോള്‍ വിലയായാലും വിമാനകൂലിയായാലും എല്ലാറ്റിന്റേയും രാഷ്ടീയം നോക്കി മാത്രം പ്രതികരിയ്ക്കാനറിയുന്ന ഇത്തരം സംഘടനകളെക്കൊണ്ടു നമുക്കെന്താ വിശ്വേട്ടാ പ്രയോജനം...ഓണാഘോഷവും പെരുന്നാളാഘോഷവും നടത്തി നമ്മുടെ കുട്ടികളുടെ കലാപരിപാടികള്‍ ജീവന്‍ ടീവിയും ജയ്‌ഹിന്ദ്‌ ചാനലുമൊക്കെ സംപ്രേക്ഷണം ചെയ്യുന്നതു കണ്ടു രോമാഞ്ചം കൊള്ളാനോ,നാട്ടുകാരുടെ മുമ്പില്‍ പൊങ്ങച്ചംകാണിയ്ക്കാനോ.--.....
പടച്ചോനെ ഫോണില്‍ ഇക്കയ്ക്കാവേശംകൂടിയിരിയ്ക്കുന്നു ഇന്നിനി നിര്‍ത്തുന്ന ലക്ഷണമില്ല,.! സൈനുവിന്റെ നെറ്റിചുളിഞ്ഞു,..മെല്ലെ സ്വീകരണമുറിയിലേയ്ക്കു ചെന്നു അവള്‍ ക്ലോക്കിലേയ്ക്കു നോക്കി,പിന്നെ ഇക്കയേയും..സ്വിച്ചിട്ടതുപോലെ അവസാനിച്ചു ആ സംഭാഷണം.!

"എന്റെ ഇക്ക നിങ്ങള്‌ കൂട്ടുകാര്‌ ഇങ്ങിനെ പരസ്പരം ഫോണിലൂടെ തര്‍ക്കിച്ചാല്‍ തീരുന്നതാണോ നാട്ടിലെ പ്രശ്നങ്ങള്‍.വെറുതെ നേരംകളയാന്‍.."

അതല്ല സൈനു ഒന്നോര്‍ത്തു നോക്ക്യെ,..ജനങ്ങളുടെ ഇടതുകയ്യിലെ ചൂണ്ടാണിവിരലില്‍ മഷി പുരളുന്ന ആ ഒരു ദിവസംമാത്രമെ ഇന്ത്യയില്‍ ജനാധിപത്യം എന്ന വാക്കിനു മൂല്യമുള്ളു...അതിനുമപ്പുറം അഞ്ചുവര്‍ഷം ഭരണാധിപത്യമാണ്‌...ഭരിയ്ക്കുന്നവന്റെ ആധിപത്യം. അഴിമതിയ്ക്കുള്ള അവസരങ്ങളൊരുക്കാനും, സ്വജനപക്ഷപാതത്തിനും ഭരണാധികാരികള്‍ അവരുടെ ഇച്ഛയ്ക്കനുസരിച്ച്‌ നിയമങ്ങള്‍പോലും മാറ്റിയെഴുതുന്നു..പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തേയും നിയമപാലകരേയും ഒരു മടിയും കൂടാതെ ഉപയോഗിയ്ക്കുന്നു.കാലാകാലങ്ങളില്‍ ജനങ്ങളുടെ നെഞ്ചിലേയ്ക്ക്‌ വിലക്കയറ്റത്തിന്റെ പെട്രോള്‍ ബോംബുകളിട്ടു പൊള്ളിയ്ക്കുന്നു. എന്നിട്ട്‌ അവിടെ പുരോഗതിയുടെ പൊളിവചനതൈലങ്ങള്‍ ലേപനം ചെയ്യുന്നു."വികസനം"..! കേരളത്തില്‍ ഇത്രയേറെ വ്യഭിചരിയ്ക്കപ്പെടുന്ന മറ്റൊരു പദവുമുണ്ടാകില്ല..ഒടുവില്‍ ആര്‍ക്കും വേണ്ടാതെ ശേഷിയ്ക്കുന്ന പാഴ്‌വസ്തുക്കള്‍,മാലിന്യങ്ങള്‍,വിഷപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്കൊപ്പം വികസനത്തിനിടയില്‍ വീടും കൂടും നഷ്ടപ്പെട്ട ഇല്ലാത്തവനും തെരുവിലെയ്ക്കെറിയപ്പെടുന്നു.
അഴിമതിയുടെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിയ്ക്കുന്നവര്‍പോലും ശിക്ഷിയ്ക്കപ്പെടുന്നില്ല എന്നുമാത്രമല്ല വാര്‍ദ്ധക്യകാലത്ത്‌ വലിയ വലിയ പദവികള്‍,പരമോന്നത ബഹുമതികള്‍ മുതലായവ നല്‍കിയാദരിയ്ക്കപ്പെടുകയും ചെയ്യുന്നു.! മനസ്സില്‍ എത്ര നന്മയുള്ളവനായാലും,പണ്ഡിതശ്രേഷ്ഠനായാലും അധികാരിത്തിലെത്തിയാല്‍ ഉപജാപകസംഘത്തിന്റേയും, ഒറ്റയാള്‍ പ്രസ്ഥാനങ്ങളൊരുക്കി വിലപേശുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടേയും നീരാളിപ്പിടുത്തത്തില്‍ കുരുങ്ങി നിഷ്ക്രിയനാകും, നിര്‍ഗുണനാകും, ജനങ്ങളാല്‍ വെറുക്കപ്പെട്ടനാവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപമാണത്‌...!
ഒരു മറയും കൂടാതെ ജനാധിപത്യമൂല്യങ്ങളെ കശാപ്പുചെയ്ത്‌ ജനപ്രതിനിധിസഭയില്‍ എണ്ണം തികച്ച്‌ വിജയശ്രീലാളിതരായി കറുപ്പിച്ച മുടിയും, ഫെയിഷല്‍ ചെയ്ത മുഖവും ചെവി മുതല്‍ ചെവി വരെ വിടരുന്ന ചിരിയുമായി ചാനലുകളില്‍ നേര്‍ക്കുനേരേയുള്ള മുഖാമുഖത്തില്‍ വാചകകസര്‍ത്തിനൊരുങ്ങുന്ന രാഷ്ട്രീയ മൃഗങ്ങളെ കിട്ടിയ അവസരം മുതലെടുത്ത്‌ പരസ്യവിചാരണയ്ക്ക്‌ വിധേയരാക്കി തൊലിയുരിഞ്ഞ്‌ തനിനിറം പുറത്തുകൊണ്ടുവരേണ്ടതിനുപകരം വെറും സ്തുതിപാഠകരായ കഴുതപുലികളായി തരംതാഴുന്നു തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും.!
ഇനിയും ആര്‍ദ്രത വറ്റാത്ത മനുഷ്യമനസ്സുകളിലെ തണ്ണീര്‍ത്തടങ്ങളില്‍ കാമക്രോധമോഹങ്ങളുടേയും ആസുരഭാവങ്ങളുടെയും മാലിന്യങ്ങള്‍ നിറച്ച്‌ നികത്തിയെടുത്ത്‌ ഉപഭോഗസംസ്കാരത്തിന്റെ ഷോപ്പിങ്ങിംഗ്‌ മാളുകള്‍ പടുത്തുയര്‍ത്തുന്നു നവദൃശ്യമാധ്യമങ്ങള്‍. .
ഉച്ചയ്ക്ക്‌ പ്രകൃതി ഭോജനശാലയില്‍നിന്നും കര്‍ക്കിടകക്കഞ്ഞി..വൈകീട്ട്‌ ആധുനിക റെസ്‌റ്റോറണ്ടില്‍നിന്നും വയറു നിറയെ ഷവര്‍മ്മയും ബര്‍ഗറും..! ചാനലുകളുടെ താളത്തിനു തുള്ളി ഭക്ഷണകൃമത്തിനും, ആരോഗ്യപരിപാലനത്തിനും, എന്തിന്‌ ജീവിതശൈലിയ്ക്കുപോലും വിചിത്രമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി പലപ്പോഴും ജീവിതം തന്നെ കുരുതികൊടുക്കുന്നു സ്വത്വം നഷ്ടപ്പെട്ട രോഗാഗ്രസ്തമായ അഭിനവ കേരളസമൂഹം.! അങ്ങിനെ ഒരു ജനതയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരാകേണ്ട മാധ്യമങ്ങള്‍ എല്ല അര്‍ത്ഥത്തിലും നാടിനും സമൂഹത്തിനും ഭാരമാകുന്നു, ശാപമാകുന്നു, ബാധ്യതയാകുന്നു.

--"പ്ലീസ്‌ ഇക്ക..! ഒന്നു നിര്‍ത്തു ഈ പ്രസംഗം... നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന നമ്മുടെ ഈ കൊച്ചുലോകത്ത്‌ വെറുതെ എന്തിനാ ഇത്തരം ചര്‍ച്ചകളും ചിന്തകളും. അതും ഈ രാവില്‍.!... അതെങ്ങിനെയാ, നാളെ സതീശനെ വിമാനം കയറ്റിവിടുന്നതുവരെ ഇനി സ്വസ്ഥയുണ്ടവില്ലല്ലൊ അല്ലെ പരോപകാരിയായ എന്റെ ഇക്കയുടെ മനസ്സില്‍. എണിയ്ക്കുന്നെ, നേരമൊരുപാടായി,പോയി ഫ്രഷായി വരു,. ചപ്പാത്തി, നാടന്‍ ചിക്കന്‍കറി ഒപ്പം അവിയലും സലാഡും ഇക്കയുടെ പ്രിയപ്പെട്ട കോമ്പിനേഷനുകളെല്ലാം ഡൈനിങ്‌ ടേബിളില്‍ റെഡി. വല്ലപ്പോഴുമല്ലെ കടയില്‍നിന്നും ഇതുപോലെ നേരത്തെ വരാന്‍ കഴിയു. ഭക്ഷണം കഴിച്ച്‌ വൈകാതെ ഉറങ്ങാന്‍ നോക്കാം നമുക്ക്‌..... കല്‍ക്കണ്ടമാവിന്റെ പൂങ്കൊമ്പില്‍ പട്ടുനൂലുഞ്ഞാലുകെട്ടിയാടിത്തിമിര്‍ക്കുന്ന രാജകുമാരന്റേയും രാജകുമാരിയുടെയും കഥ പറഞ്ഞ്‌ രസിയ്ക്കാം.........എന്നിട്ട്‌ മെല്ലെ ആ രാജകുമാരനും രാജകുമാരിയുമായി മാറാം, കുടമണികെട്ടിയ വെള്ളക്കുതിരപ്പുറത്തേറി കരുത്തോടെ കാതങ്ങള്‍ താണ്ടാം, തളരുവോളം സവാരി ചെയ്യാം.."-- അവള്‍ ചിരിച്ചു..പത്തരമാറ്റ്‌ പൊന്നിനേക്കാള്‍ തിളക്കമുള്ള ചിരി. അതവന്റെ ചുണ്ടിലേയ്ക്ക്‌ കുസൃതിച്ചിരിയായി പടര്‍ന്നു.... പിന്നെ തേന്‍കണങ്ങളായി ഹൃദയത്തിലേയ്ക്കരിച്ചിറങ്ങി. ക്ഷീണം മാറി, തളര്‍ച്ച മാറി, ......അവന്‍ എഴുന്നേറ്റു."ദാ, ഞാന്‍ റെഡി സൈനു, ഒരഞ്ചു മിനിറ്റ്‌. ഒന്നു മേലുകഴുകി വരാം..."

ഇക്കയ്ക്ക്‌ ദേഷ്യവും സങ്കടവും ടെന്‍ഷനുമൊക്കെ ഒന്നിച്ചുവന്ന രാവാണ്‌. വിശപ്പു കൂടുന്ന രാവ്‌.!.അതറിഞ്ഞുതന്നെ കൂടുതല്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നു സൈനു....
--"മോളെ വൈകുന്നേരങ്ങളില്‍ ബഷീറുട്ടിയ്ക്ക്‌ ദേഷ്യാം സങ്കടോം വരാണ്ട്‌ നോക്കണം..ദേഷ്യം വന്നാല്‍ ഭയങ്കര വെശപ്പാ ഓന്‌..കലത്തിലെ ചോറു മുഴുവന്‍ ഒറ്റയടിയ്ക്ക്‌ വാരിത്തിന്നും.ഒരുവറ്റുപോലും ബാക്കിവെയ്ക്കാതെ" --നിക്കാഹു കഴിഞ്ഞ നാളുകളിലെന്നോ ഇക്കയുടെ ഉമ്മ പറഞ്ഞ വാക്കുകള്‍ ശരിയ്ക്കും സത്യമായിരുന്നു..പക്ഷെ ആ ശൗര്യവും ആര്‍ത്തിയും ഡൈനിംഗ്‌ ടേബിളില്‍ മാത്രം ഒതുങ്ങാതെ ബെഡ്‌ റൂമിലേയ്ക്കും വ്യാപിയ്ക്കുമെന്ന യാഥാര്‍ത്ഥ്യം പാവം ഉമ്മയ്ക്കന്നറിയില്ലായിരുന്നു..! വരാന്‍ പോകുന്ന നിമിഷങ്ങളിലെ രാവിന്റെ ചാരുതയോര്‍ത്ത്‌ ഒരു പുതുമണവാട്ടിയെന്നപോലെ നാണംകൊണ്ടവള്‍ തുളുമ്പി.....'ആ ദിവസങ്ങള്‍' ആഗതമാകുന്നുവെന്ന മുന്നറിയിപ്പുമായി എല്ലാ മാസത്തിലുമെന്നപോലെ ഇത്തവണയും മുറതെറ്റാതെ വിരുന്നുവന്ന കവിള്‍ത്തടത്തിലെ ചുവന്ന മുഖക്കുരു കൂടുതല്‍ ചുവന്നു തുടുത്തു.

അഭൗമസൗന്ദര്യവുമായി അന്യസ്യൂതം വഴിഞ്ഞൊഴുകുന്ന നിലാവിന്റെ നീല ഞെരുമ്പുകള്‍ ത്രസിച്ചുനില്‍ക്കുന്ന കരങ്ങളുടെ പരിലാളനസുഖത്തില്‍ ലയിച്ച്‌, പകല്‍ മുഴുവന്‍ നീണ്ടുനിന്ന പൊടിക്കാറ്റിന്റെ സമ്മര്‍ദ്ദവും, അത്യുഷ്ണത്തിന്റെ കാഠിന്യവും എല്ലാം മറന്ന്‌ മരുഭൂമിയിലെ മണല്‍ത്തരികള്‍പോലും പുളകംകൊള്ളുന്ന രാവിന്റെ അപൂര്‍വ്വയാമം തുടങ്ങുകയായിരുന്നു അപ്പോള്‍..പ്രണയപുഷ്പങ്ങള്‍ പൂത്തു വിടര്‍ന്ന്‌ പരിമളം പരത്തുന്ന അത്ഭുതയാമം.
കൊല്ലേരി തറവാടി
21/07/2012

20 comments:

  1. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ സര്ക്കാ ര്‍ ഒരുങ്ങുന്ന വേളയില്‍ പെട്രോള്‍ വിലയില്‍ അടിയ്ക്കടിയുണ്ടാകുന്ന വ്യതിയാനം ചര്ച്ച ചെയ്യാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഒരു സായാഹ്നത്തില്‍ അവാര്ഡിതനു പരിഗണിയ്ക്കാതെ പോയ ഒരു ഡോക്യുമെന്ററി ഫിലിമിന്റെ ഫോര്മാതറ്റിനെചൊല്ലി രണ്ടു ചലച്ചിത്രപ്രവര്ത്തഫകര്‍ തമ്മിലുള്ള വിഴുപ്പലക്കലിനു ഒരു മടിയും കൂടാതെ അരമണിക്കൂര്‍ ചിലവഴിച്ച ചാനല്ബുലദ്ധി കൗതുകത്തോടെ കണ്ടിരിയ്ക്കുമ്പൊള്‍ മുഖ്യധാര മാധ്യമങ്ങള്ക്കും സമാന്തരമായിസോഷ്യല്‍ നെറ്റു വര്ക്കുതകള്‍ സജീവമായി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു ചിന്തിയ്ക്കുകയായിരുന്നു ഞാന്‍..! ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയങ്ങളെക്കുറിച്ചു വാചാലമാകുന്ന നിമിഷങ്ങളില്‍ പ്രകടിപ്പിയ്ക്കുന്ന അക്ഷരസ്പുടതയും, വ്യക്തതയും, ശുഷ്കാന്തിയും തങ്ങളുടെ അന്നദാതാക്കളുടെ കയ്യാളാന്മാരെക്കുറിച്ചുള്ള അസുഖകരമായ വാര്ത്ത കള്‍ ഒറ്റനോട്ടത്തില്‍ ഓടിച്ചു വായിയ്ക്കുമ്പോള്‍ പല അവതാരകരും പ്രകടിപ്പിയ്ക്കാറില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടൊ...അന്നദാതാക്കളെ വല്ലാതെ നോവിയ്ക്കുന്ന യാഥാര്ത്ഥ്യടങ്ങള്‍ പറയാന്‍ നിര്ബ്ന്ധിതമാകുന്ന സന്ദര്ഭംങ്ങള്ക്കുധ തൊട്ടുപുറകെ അടിവസ്ത്രസുന്ദരിയുടെ പരസ്യം കാണിച്ച്‌ പ്രേക്ഷക മനസ്സുകളില്‍ ഇക്കിളിയൂട്ടി ശ്രദ്ധ തിരിച്ചുവിടുന്ന വിരുതന്മാര്‍ പോലും അക്കൂട്ടത്തിലുണ്ട്‌ എന്നു ആരെങ്കിലു സംശയിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. നമ്മള്‍ പ്രേക്ഷകമനസ്സുകളെ ചാനലുകള്ക്ക ല്ലാതെ മറ്റാര്ക്കാ ണ്‌ കൃത്യമായി തിരിച്ചറിയുവാന്‍ കഴിയുക അല്ലെ.! വിയര്ക്കാ തെ അപ്പം തിന്നാനുള്ള, കോടീശ്വരനാകാനുള്ള മലയാളിമനസ്സിന്റെ മോഹങ്ങള്‍ ചാനലുകള്‍ മാത്രമല്ല സര്ക്കാ രും ചൂഷണംചെയ്യുന്നു..കാരുണ്യത്തിന്റെ പേരില്പോ്ലും..! 'അഞ്ചു കോടിയും ഒരു കിലോ തങ്കവും..ഓണം ബംബര്‍..ആ ഭാഗ്യവാന്‍ ഇത്തവണ ഒരു പക്ഷെ നമ്മളിലൊരാളാകാം..അല്ലെ.!

    നോയ്‌മ്പാശംസകള്‍

    ReplyDelete
  2. അവര്‍ക്കിടയില്‍ പ്രതിരോധവുമായെത്താന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു..അതാണ്‌ എല്ലായിടത്തും നടക്കുന്നത്‌. നന്ദിഗ്രാമില്‍ കണ്ടത്‌ അതല്ലെ, ഇപ്പോള്‍ ഓഞ്ചിയം കരുവാക്കി നടക്കുന്നതും മറ്റൊന്നല്ലല്ലോ, മണിയെപോലൊരു നേതാവ്‌ ഒരുള്‍നാട്ടിലെ അന്തിച്ചന്തയില്‍ തദ്ദേശവാസികളുടെ കയ്യടിനേടാന്‍ വേണ്ടിനടത്തിയ വിടുവായത്വം...



    ക്യൂബാമുകന്ദനാണല്ലേ...ഹഹ

    ReplyDelete
  3. നമ്മുടെ പരിസ്ഥിതി ഇങ്ങനെയൊക്കെ ആയതില്‍ ഖേദമുണ്ട്.

    ReplyDelete
  4. ഇത്തവണത്തെ അവിയല്‍ മറ്റു വെളിപാടുകളേക്കാള്‍ നന്നായി ആസ്വദിച്ചു. എന്നാലും ബാഷീറിലും സൈനുവിലും ആ പഴയ ഉണ്ണിയേയും അമ്മുവിനേയും കാണുന്നുണ്ട്!.പിന്നെ പോസ്റ്റിന്റെ ദൈര്‍ഘ്യം കുറക്കാന്‍ വല്ല വഴിയുമുണ്ടോ? അതു പോലെ സ്വന്തം കമന്റിന്റെ വലിപ്പവും!. അഭിപ്രായം പറഞ്ഞെന്നു മാത്രം.

    ReplyDelete
  5. കഥയും കാര്യവുമായി ഒരു നല്ല പോസ്റ്റ്‌...
    ഒപ്പം എഴുതിയത് പലതും ചിന്തിപ്പിക്കുകയും, വിഷമിപ്പിക്കുകയും, അരിശ്പ്പെടുത്തുകയും ഒക്കെ ചെയ്തു; അതിലേറെ ഒന്നും ചെയ്യാനാവാതെ പോകുന്നതിന്റെ നിസ്സഹായതയും!

    ReplyDelete
  6. ഉച്ചയ്ക്ക്‌ പ്രകൃതി ഭോജനശാലയില്‍നിന്നും കര്‍ക്കിടകക്കഞ്ഞി..വൈകീട്ട്‌ ആധുനിക റെസ്‌റ്റോറണ്ടില്‍നിന്നും വയറു നിറയെ ഷവര്‍മ്മയും ബര്‍ഗറും..! ചാനലുകളുടെ താളത്തിനു തുള്ളി ഭക്ഷണകൃമത്തിനും, ആരോഗ്യപരിപാലനത്തിനും, എന്തിന്‌ ജീവിതശൈലിയ്ക്കുപോലും വിചിത്രമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി പലപ്പോഴും ജീവിതം തന്നെ കുരുതികൊടുക്കുന്നു സ്വത്വം നഷ്ടപ്പെട്ട രോഗാഗ്രസ്തമായ അഭിനവ കേരളസമൂഹം.! അങ്ങിനെ ഒരു ജനതയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരാകേണ്ട മാധ്യമങ്ങള്‍ എല്ല അര്‍ത്ഥത്തിലും നാടിനും സമൂഹത്തിനും ഭാരമാകുന്നു, ശാപമാകുന്നു, ബാധ്യതയാകുന്നു.
    --------------------------------------------------------
    ശരിയാണ് സുഹൃത്തേ. ഇതാണിവിടെ നടക്കുന്നത്. ഈ നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍

    ReplyDelete
  7. നല്ല ഒരു കഥയും അതില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും ഒക്കെ കോര്‍ത്തിണക്കിയ കൊല്ലേരി തറവാടിയുടെ നല്ല ഒരു പോസ്റ്റ്‌ തന്നെ ഇതും ...!
    ഈ ബഷീറിനെയും സൈനുനെയും പോലുള്ള കഥാപാത്രങ്ങള്‍ ഇവിടൊക്കെ
    കറങ്ങുന്നതു പോലെ തോന്നി ...:)

    ReplyDelete
  8. പ്രതിഷേധവും , ഒരു സാധാരണ പ്രവാസിയുടെ ജീവിതവുമൊക്കെ കൂട്ടിക്കുഴച്ച എഴുത്ത് ഇഷ്ടപ്പെട്ടു.

    എയറിന്ത്യ പോലുള്ള വ്യത്തികെട്ട സംവിധാനത്തെ ശുദ്ദീകരിക്കേണ്ട സമയം അതിക്രമിച്ചു. മന്ത്രിമാരെന്നു പറഞ്ഞ് പ്രവാസികളെ കയ്യിട്ട് വാരുന്ന ക്ണാപ്പന്മാരെയും അടിച്ചോടിക്കണം..

    പക്ഷേ കഥയ്ക്ക് ഇടയ്ക്കിടയ്ക്ക് കയറി വന്ന നീണ്ട പ്രധിഷേധകുറിപ്പുകൾ കല്ല്കടിയായി... അത് ചുരുക്കാമായിരുന്നു..

    ReplyDelete
  9. മനസ്സിലേക്കിറങ്ങി വന്നു സംസാരിക്കുന്നതു പോലെ തോന്നി...സത്യസന്ധമായി എഴുതി..ആശംസകള്‍

    ReplyDelete
  10. സമകാലിക മലയാളി ജീവിതത്തെ തൊട്ടറിഞ്ഞു കൊണ്ടുള്ള അതീവ ഗൗരവമുള്ള എഴുത്ത്.. ഈ സത്യസന്ധത എനിക്ക് ഇഷ്ടമായി.. ആശംസകളോടെ,

    ReplyDelete
  11. എഴുതിയതൊക്കെയും നേരു തന്നെ. അനിലിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പു വെച്ച് മടങ്ങുന്നു.....

    ReplyDelete
  12. പരുവപ്പെടുത്തിയെടുത്ത അവിയല്‍ നന്നായിരിക്കുന്നു.
    ചൂടും,എരിവും ഉണ്ടായിരുന്നു.
    ചേരുവകള്‍ കൂടുതലായി പോയെന്നൊരു സംശയം മാത്രം!
    ആശംസകള്‍

    ReplyDelete
  13. നീറുന്ന സത്യങ്ങള്‍. സമകാലിക സംഭവങ്ങള്‍ കൃത്യമായി വിലയിരുത്തിയിരിക്കുന്നു.ഈയിടെ ഏഷ്യാനെറ്റില്‍ ന്യൂസ്‌ അവറില്‍ വന്ന എക്സ്ളൂസിവ്‌ വാര്‍ത്തയായിരുന്നു വി.എസ് രണ്ടു ജോഡി ചെരുപ്പ് നാലായിരത്തില്‍ പരം രൂപയ്ക്കു വാങ്ങിയത്. അത്രക്ക് വാര്‍ത്ത‍ ക്ഷാമം നേരിട്ടിട്ടാണോ അവര്‍ ഇതെല്ലം പ്രധാന വാര്‍ത്തയായി അവതരിപ്പിക്കുന്നത്‌? അതൊന്നുമല്ല കാര്യം. സമൂഹത്തോട് പ്രതിബദ്ധത നഷ്ടപെട്ട കുറെ മാധ്യമപ്രവര്‍ത്തകര്‍, അവര്‍ പടച്ചു വിടുന്ന കാര്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാനും ചിലര്‍.രാഷ്ട്രീയ നേതാക്കളെ അന്ധമായി ആരാധിക്കുന്ന അനുയായി വൃന്ദങ്ങള്‍,ആത്മീയത കണ്ടെത്താന്‍ ആള്ദൈവങ്ങള്‍ക്ക് മുന്നില്‍ പോകുന്ന ചിലര്‍,റോഡില്‍ അപകടം പറ്റി മരിക്കാന്‍ കിടക്കുന്ന ഒരാളെ തിരിഞ്ഞു നോക്കാത്ത ആളുകള്‍ ഒരാണും പെണ്ണും കൂടി നടന്നു പോകുകയാണെങ്കില്‍ സദാചാര പോലീസ് വേഷം കേട്ടും. സമൂഹത്തിനു മൊത്തത്തില്‍ മൂല്യച്ചുതി വന്നിരിക്കുന്നുവോ എന്നൊരു സംശയം? അറിവുണ്ടായിട്ടു കാര്യമില്ല തിരിച്ചറിവുകള്‍ ഇല്ലെങ്കില്‍. എന്തായാലും സമകാലിക സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന എഴുത്ത് തന്നെ. ഭാവുകങ്ങള്‍.

    ReplyDelete
  14. പറഞ്ഞ കാര്യങ്ങളിലെ സത്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നു. എങ്കിലും
    ഏതെങ്കിലും ഒരു ചട്ടക്കൂട്ടിലൊതുക്കാമായിരുന്നു എഴുത്ത്, അവിയല്‍ ആക്കാതെ, എന്നു തോന്നി.

    ReplyDelete
  15. അവിയല്‍ കുറുക്കി എടുക്കുന്നതാണ് കൂടുതല്‍ രുചി.
    അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുക.ആശംസകള്‍...!!
    എന്ത് ബുദ്ധിമുട്ട് ...അതൊക്കെ സന്തോഷമല്ലേ...പോസ്റ്റ്‌ ഇട്ടാല്‍ ധൈര്യമായി വിവരം അറിയിച്ചോളൂ


    http://leelamchandran.blogspot.in/
    http://leelachand.blogspot.in/
    http://leelachandran.blogspot.in/

    ReplyDelete
  16. ഇത് അവിയൽ അല്ല... “രസം” പോലെ നീണ്ട് പോയല്ലോ... ലീല ടീച്ചറുടെ അഭിപ്രായം തന്നെയാണെനിക്കും കൊല്ലേരീ...

    പ്രണയവും രാഷ്ട്രീയവും പ്രതിഷേധവും എല്ലാമായി രംഗം നിറഞ്ഞാടുമ്പോഴും ഒന്ന് പറയട്ടെ... കൊല്ലേരിയുടെ കണ്ണൂർ ലോബിക്കാരനായ ഒറ്റക്കണ്ണൻ സാക്ഷിയുമായി പൊരുത്തപ്പെടാൻ സാധിക്കുന്നില്ല...

    “അടുക്കളയില്‍നിന്ന്‌ എല്ലാം ശ്രദ്ധിയ്ക്കുകയായിരുന്നു സൈനു..ബഷീറിക്കായുടെ ശീലമാണിത്‌, ടെലിഫോണില്‍ കൂട്ടുകാരോട്‌ സംസാരിയ്ക്കാന്‍ തുടങ്ങിയാല്‍ കാടു കയറും, ദേഷ്യം വന്നാല്‍ പ്രത്യേകിച്ചും ..“

    എനിക്ക് ചിരി വന്നിട്ട് വയ്യ.. :)

    ReplyDelete
  17. സത്യങ്ങള്‍.. എങ്കിലും ഒന്ന് ഒതുക്കിപ്പറയാമയിരുന്നു.

    ReplyDelete
  18. സാധാരണക്കാരന്റെ വികാരങ്ങള്‍ , വിചാരങ്ങള്‍, അങ്ങിനെയുള്ള കുറെ കാര്യങ്ങള്‍ ചേര്‍ത്ത് വെച്ച എഴുതി. നന്നായി. ആശംസകള്‍..

    ReplyDelete
  19. കാണുന്ന കേള്‍ക്കുന്ന വാര്‍ത്തകള്‍ അറിയാതെ മനസ്സില്‍ ചെലുത്തുന്ന സ്വാധീനം ഓരോരുത്തരുടെയും ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ഇതിലെ കഥാപാത്രങ്ങളുടെ ചലനങ്ങളില്‍ കൂടിയും കഥയില്‍ കാണിക്കുന്നു. ഒരു പ്രവാസിയുടെ പ്രയാസവും മനസും കടമകളും ഒപ്പം ചിന്തയില്‍ എപ്പോഴും നാടിനെക്കുറിച്ചും നാട്ടിലെ അനീതികള്‍ തഴച്ചു വളരുന്നതിന്റെ കാണായ്മകളെക്കുറിച്ച പരിഭവവും രോഷമായി വളരുന്നതിന്റെ പ്രതിഷേധവും വിശദമായി പറഞ്ഞിരിക്കുന്നു. ടീവികളില്‍ നടക്കുന്ന നാടകങ്ങളെ കൃത്യമായി ഒന്നും ചേര്‍ക്കാതെ തുറന്നു കാണിച്ചതും ഇഷ്ടപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമായിരിക്കുന്നു ഇന്നത്തെ മാധ്യമധര്‍മ്മം! പക്ഷം ചേര്‍ന്ന പരക്കം പാച്ചില്‍ മാത്രം!

    ReplyDelete
  20. അന്നദാതാക്കളെ വല്ലാതെ നോവിയ്ക്കുന്ന യാഥാര്ത്ഥ്യടങ്ങള്‍
    പറയാന്‍ നിര്ബ്ന്ധിതമാകുന്ന സന്ദര്ഭംങ്ങള്ക്കുധ തൊട്ടുപുറകെ
    അടിവസ്ത്രസുന്ദരിയുടെ പരസ്യം കാണിച്ച്‌ പ്രേക്ഷക മനസ്സുകളില്‍
    ഇക്കിളിയൂട്ടി ശ്രദ്ധ തിരിച്ചുവിടുന്ന വിരുതന്മാര്‍ പോലും അക്കൂട്ടത്തിലുണ്ട്‌
    എന്നു ആരെങ്കിലു സംശയിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. നമ്മള്‍ പ്രേക്ഷകമനസ്സുകളെ ചാനലുകള്ക്ക ല്ലാതെ മറ്റാര്ക്കാ ണ്‌ കൃത്യമായി തിരിച്ചറിയുവാന്‍ കഴിയുക അല്ലെ.!
    വിതയ്ക്കാതെ അപ്പം തിന്നാനുള്ള, കോടീശ്വരനാകാനുള്ള മലയാളിമനസ്സിന്റെ മോഹങ്ങള്‍ ചാനലുകള്‍ മാത്രമല്ല സര്ക്കാരും ചൂഷണംചെയ്യുന്നു..കാരുണ്യത്തിന്റെ പേരില്പോ്ലും..! 'അഞ്ചു കോടിയും ഒരു കിലോ തങ്കവും..ഓണം ബംബര്‍..ആ ഭാഗ്യവാന്‍ ഇത്തവണ ഒരു പക്ഷെ നമ്മളിലൊരാളാകാം..അല്ലെ.!

    കാര്യങ്ങൾ ...പരമമായ സത്യങ്ങൾ...!
    ഇതിനൊന്നും എതിരെ പ്രതികരണശേഷി നഷ്ട്ടപ്പെട്ട്
    സ്വന്തം കാര്യം നോക്കുന്ന മലയാളിയും..!!

    ReplyDelete