Monday, September 3, 2012

തികച്ചും വ്യക്തിപരം


-നിന്നേക്കാള്‍ എത്ര ഓണം കൂടുതല്‍ ഉണ്ടതാ ഞാന്‍. - അങ്ങിനെ പൊങ്ങച്ചം പറഞ്ഞ്‌ കാരണവരു ചമയാന്‍ ഒരക്കംകൂടി എഴുതിചേര്‍ത്ത്‌ ഏറേ ആഘോഷങ്ങളൊന്നുമില്ലാതെ ബാലുവിന്റെ ഓരോണം കടന്നുപോയി. അല്ലെങ്കിലും വരമൊഴിയിലൂടെ അക്ഷരങ്ങളെ വട്ടുരുട്ടികളിച്ചുരസിയ്ക്കുന്നതില്‍ ഒതുങ്ങുന്നു ഇപ്പോള്‍ ഈ മരുഭൂമിയില്‍ അവന്റെ ആഘോഷങ്ങളെല്ലാം. ആ നിമിഷങ്ങള്‍ നല്‍കുന്ന സുഖലഹരിയില്‍ ചുറ്റുപാടുകള്‍ മറക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു അവന്‍, ഒരു പോറലുപോലുമേല്‍ക്കാതെ വര്‍ഷങ്ങളോളം കാത്തുസൂക്ഷിച്ചുപോന്നിരുന്ന ചില നല്ല സൗഹൃദങ്ങളില്‍ വിള്ളല്‍ വീഴുന്നു എന്ന സത്യംപോലും തിരിച്ചറിയാന്‍ കഴിയാതെപോകുന്നു ബാലുവിന്‌.  ആഘോഷങ്ങളൊടെന്നും മുഖം തിരിച്ചെ ശീലമുള്ളു.  തികച്ചും ഔപചാരികമായ ആശംസവചനങ്ങളെല്ലാം ബാലുവിനെന്നും അന്യമായിരുന്നു. ഇത്തരം ശീലുക്കേടുകള്‍കൊണ്ടാകാം കൂട്ടത്തില്‍ എന്നും, എപ്പോഴും അവന്‍ ഒറ്റപ്പെട്ടുപോകുന്നത്‌.

അല്ലെങ്കിലും ഉത്രാടനിലാവെട്ടത്തില്‍
, അമ്മയുടെ വഴക്കിനെ അവഗണിച്ച്‌ മിന്നാമിനുങ്ങിന്റെ കയ്യുംപിടിച്ച്‌ വിശാലമായ മുറ്റത്തോടിക്കളിയ്ക്കുന്ന നിഷ്കളങ്കബാല്യം പടിയിറങ്ങുന്നതോടെ കത്തി തീരില്ലെ മനസ്സില്‍ ആഘോഷങ്ങളുടെ പൂത്തിരിത്തിളക്കങ്ങളില്‍ പാതിയും..ഹൃദയത്തിലെ തൊടിയില്‍ വിടര്‍ന്നുനില്‍ക്കുന്ന കാട്ടുപൂക്കളുടെ ചന്തത്തില്‍ മയങ്ങി താളംതുള്ളിയും നൃത്തം ചെയ്തും സ്വയം മറക്കുന്ന നിമിഷങ്ങളിലെപ്പോഴോ തൊട്ടാവാടിമുള്‍പ്പടര്‍പ്പുകളില്‍ കുടുങ്ങി വേദനയോടെ പിണങ്ങി വേര്‍പ്പിരിയുന്ന പ്രിയപ്പെട്ട ഓണത്തുമ്പിയും ആ പൂക്കള്‍ക്കൊപ്പം വാടിക്കരിഞ്ഞ ഒരോര്‍മ്മമാത്രമാകുന്ന കൗമാരാന്ത്യത്തോടെ ബാക്കി പാതിയും തീരും.

പിന്നെ അനുഭവങ്ങള്‍ വിളപ്പിന്‍ശാലയാക്കി മാറ്റാന്‍ തുടങ്ങുന്ന മനസ്സില്‍ ആഘോഷങ്ങളെല്ലാം പ്രഹസനങ്ങളായിമാറുന്നു.! ലഹരി തേടിയുള്ള
, സുഖം തേടിയുള്ള നെട്ടോട്ടങ്ങളുടെ ഭാഗമായുള്ള പ്രകടനങ്ങള്‍.!
 ബീവറേജസിനുമുമ്പിലേക്ക്‌,  സ്വര്‍ണ്ണ-തുണിക്കടകളിലേയ്ക്ക്‌,  ഇലക്ട്രോണിക്‌സ്‌ ഷോപ്പിലേയ്ക്ക്‌.അങ്ങിനെയങ്ങിനെ കാമനകളുടെ പൂര്‍ത്തികരണത്തിനായി മായക്കാഴ്ചകളൊരുക്കുന്ന വര്‍ണ്ണലോകങ്ങളിലേയ്ക്കുള്ള ആസക്തി നിറഞ്ഞ മനസ്സുകളുടെ കുതിപ്പുകള്‍ മാത്രമായി ചുരുങ്ങുന്നു ആഘോഷങ്ങളെല്ലാം. ശേഷികുറഞ്ഞവനെ ചവട്ടിമെതിച്ച്‌ നിറയ്ക്കുന്ന കരുത്തന്റെ പത്തായപ്പുരകളിലെ സമ്പത്തിന്റെ വിപണിയിലേയ്ക്കുള്ള കുത്തൊഴിക്കില്‍ മുങ്ങിയൊലിച്ചുപോകുന്നു ഇത്തരം പരമ്പാരഗത ആഘോഷങ്ങളുടെ അന്തസത്തയും മൂല്യങ്ങളും.

അസമത്വത്തിലും സ്വജനപക്ഷപാതത്തിലും ആറാടി നില്‍ക്കുന്ന ഒരു സമൂഹത്തില്‍
, കൊച്ചുകൊച്ചുമോഹങ്ങള്‍, ലളിതമായ ജീവിതരീതികള്‍ ഇതൊക്കെ കൈമോശംവന്നുപോയ ഒരു ജനതയ്ക്ക്‌ സമഭാവനയുടെ ഉത്സവമായ ഓണം ആഘോഷിയ്ക്കാന്‍ ഒരര്‍ത്ഥത്തില്‍ എന്തര്‍ഹതയാണുള്ളത്‌. ചിങ്ങത്തില്‍നിന്നും കന്നിയിലേയ്ക്കും പിന്നെ തുലാത്തിലേയ്ക്കും നീളുന്ന, പൊങ്ങച്ചത്തിന്റേയും ആര്‍ഭാടത്തിന്റേയും സ്വയം പ്രദര്‍ശനത്തിന്റേയുമൊക്കെ വേദികളായി മാറുന്ന ഗള്‍ഫ്‌ നാടുകളിലെ വാരാന്ത്യ ഓണാഘോഷങ്ങളില്‍ പലതും ഓണസങ്കല്‍പ്പങ്ങള്‍ക്കുതന്നെ കളങ്കം ചാര്‍ത്തുന്നു. കൂട്ടത്തില്‍ ഏറ്റവും വലിയ കുടവയറന്റെ ഓലക്കുട ചൂടിയുള്ള കോമാളി വേഷവും കൂടിയാവുമ്പോള്‍ പാവം മാവേലി ഗള്‍ഫുനാടുകളിലും പൂര്‍ണ്ണമായും അവഹേളിയ്ക്കപ്പെടുന്നു.

മറ്റേതൊരു സംസ്ഥാനത്തേയും ജനങ്ങളില്‍ അസൂയയുണര്‍ത്തുംവിധം ജാതിമത-രാഷ്ട്രീയ-ഗ്രൂപ്പുവൈര്യങ്ങളെല്ലാം മറന്ന്‌ ഒരേ മനസ്സോടെ
,
 ഒരേ വികാരത്തോടെ ഭൂമിമലയാളം മുഴുവന്‍ മതിമറന്നാഘോഷിയ്ക്കുന്ന ഈ ദേശീയോല്‍സവവേളയില്‍ നീ മാത്രം എന്തിങ്ങിനെ നെഗറ്റീവാകുന്നു ബാലു എന്നു തിരിച്ചു ചോദിയ്ക്കാതെ അവന്‍ പറയുന്നതെല്ലാം നിശ്ശബ്ദം കേട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാന്‍.  എനിയ്ക്കറിയം അവനെ,  ഓര്‍മ്മവെയ്ക്കാന്‍ തുടങ്ങിയ നാളുമുതല്‍ വേര്‍പിരിയാതെ എപ്പോഴും കൂടെയുള്ള ആത്മമിത്രത്തിനെ. നാട്ടില്‍ ഓണംകൂടാന്‍ കഴിയാതെ അസ്വസ്ഥതയാണ്‌ അവന്റെ ഈ ജല്‍പ്പനങ്ങള്‍ക്കെല്ലാം നിദാനം.  ഈ നൂറ്റാണ്ടില്‍ നാട്ടില്‍ ഓണംകൂടാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല അവന്‌. ഇത്തവണ ഓണം തീര്‍ച്ചയായും നാട്ടില്‍തന്നെ എന്നു കരുതിയതാണ്‌ ആ പാവം.

"ബാലുവേട്ടാ
, കല്യാണം കഴിഞ്ഞ്‌ ഇത്രയും വര്‍ഷമായി..ഒരു വെഡ്ഡിങ്‌ ആനിവേര്‍സറിപോലും നമ്മളൊന്നിച്ച്‌..കഷ്ടമുണ്ടുട്ടോ...ഇത്തവണയെങ്കിലും ,പ്ലീസ്‌..".. ദിവസങ്ങള്‍ക്കുമുമ്പ്‌ ഒരുനാള്‍ ഫോണില്‍ അവന്റെ അമ്മുവിന്റെ പരിഭവം.

"ഇത്തവണ ഉറപ്പായിട്ടും ബാലുവേട്ടന്‍ വരും...വെഡ്ഡിംഗ്‌ ആനിവേര്‍സറി
, ഓണം, സുഭിയുടെ കല്യാണം എല്ലാം നമുക്കൊന്നിച്ചടിച്ചു പൊളിയ്ക്കണം. അന്നു രാത്രി അവരുടെ ഫസ്റ്റ്‌ നൈറ്റ്‌ ഭാവനയില്‍ കണ്ട്‌ നമുക്ക്‌......! പച്ചക്കരസെറ്റുമുണ്ടൊക്കെ ഉടുത്ത്‌, മുല്ലപ്പൂവൊക്കെ ചൂടി നാണം നടിച്ച്‌ ഒരു ഗ്ലാസു നിറയെ പാലുമൊക്കെയായി നീ....!!

"സത്യം"..!! ആ ശബ്ദത്തിലെ ഉത്സാഹത്തിളക്കം അവന്റെ ഫോണിന്‍തുമ്പിനെ ഇക്കിളിയൂട്ടിയുണര്‍ത്തി.

ഒരുപാടു പ്രതീക്ഷകള്‍ ആയിരുന്നു പിന്നെ അമ്മുവിന്‌..ഓരോ തവണ ഫോണിലും ഓരോരോ പുതിയ പദ്ധതികള്‍...പോകേണ്ട സ്ഥലങ്ങള്‍. പാവം
, അവസാനം എല്ലാം വെറും മനക്കോട്ടകളായി..ഗള്‍ഫിലെ സ്കൂള്‍ അവധി, ഫാമിലിക്കാരുടെ വെക്കേഷന്‍, ഇതൊക്കെ ജൂലായ്‌-ആഗസ്റ്റിലാണെന്നറിഞ്ഞിരുന്നെങ്കില്‍ വല്ല ഒക്ടോബറിലോ നവംബറിലോ കല്യാണം കഴിയ്ക്കുമായിരുന്നുള്ളു അവന്‍. അല്ലെങ്കിലും എന്നും എപ്പോഴും കുരിശുചുമക്കാന്‍ വിധിയ്ക്കപ്പെട്ടവരാണല്ലോ ഗള്‍ഫിലെ ബാച്ചികള്‍..വിഷുവിനോ പോകാന്‍ പറ്റിയില്ല, പുതിയ പ്രോഗ്രാമിന്റെ ഇമ്പ്ലിമെന്റേഷന്‍ തിരക്കായിരുന്നു അന്ന്‌. പോരാത്തതിന്‌ നാട്ടില്‍പോയി വന്നിട്ട്‌ അധികനാളുമായിട്ടുണ്ടായിരുന്നില്ല.

എന്തായാലും ഓണം വെക്കേഷന്റെ മുന്നോടിയായി പേര്‍സണല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പോയി തിരക്കിയപ്പോഴാണ്‌ ഞെട്ടിപ്പിയ്ക്കുന്ന ആ സത്യം അവന്‍ ന്‍ മനസ്സിലാക്കിയത്‌.! വെക്കേഷന്‍ ബാലന്‍സ്‌ നെഗറ്റീവ്‌ 15...അതായത്‌വെക്കേഷന്‍ കുടിശിക ഇനത്തില്‍ അവന്‍ കമ്പനിയ്ക്ക്‌ 15 ദിവസം അങ്ങോട്ടു കൊടുക്കണം..ഭാഗ്യം ഒരു ടിക്കറ്റ്‌ ബാലന്‍സുണ്ട്‌...കഴിഞ്ഞ തവണ ഗള്‍ഫ്‌ എയറിന്റെ ഡിസ്കൗണ്ട്‌ മുതലാക്കി പോയതു നന്നായി
,. പറഞ്ഞുനില്‍ക്കാന്‍ ഒരു കച്ചിതുമ്പെങ്കിലുമായി..

അങ്ങിനെ ആഗസ്റ്റ്‌ ആദ്യവാരം ബോസ്സ്‌ വേക്കേഷന്‍ കഴിഞ്ഞു വന്നു..സംഗതി അവതരിപ്പിച്ചു. നല്ലവനായ അദ്ദേഹത്തിനെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിയ്ക്കാന്‍ എളുപ്പമാണ്‌..എല്ലാം സമ്മതിപ്പിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പേര്‍സണല്‍ റിക്വെസ്റ്റ്‌...--"നോയ്‌മ്പുകാലമല്ലെ
, ഈ ചൂടിലും ഹ്യുമിഡിറ്റിയിലും നോയ്‌മ്പിനൊപ്പം ജോലിഭാരം കൂടിയാവുമ്പോള്‍ തളര്‍ന്നുപോകും.വയസ്സാവാന്‍ തുടങ്ങിയിരിയ്ക്കുന്നു..പഴയപോലെ ഓടിനടന്നു വര്‍ക്കു ചെയ്യാന്‍ വയ്യാ...പെരുന്നാള്‍ അവധി കഴിഞ്ഞ്‌ സെപ്തംബറില്‍ പോയാല്‍ പോരെ."

ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായി അവന്‍..ഡ്യൂ അല്ലാത്ത വെക്കേഷന്‍ ഒപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ സഹായം അത്യാവശ്യമായിരുന്നതിനാല്‍ ഒരു പരിധിവിട്ട്‌ പ്രതിരോധിയ്ക്കാന്‍ കഴിയില്ല. അതിലുമുപരി ബ്ലോഗെഴുത്തടക്കമുള്ള ഓഫീസിലെ അവന്റെ എല്ലാ കളികള്‍ക്കും മൗനാനുവാദം നല്‍കുന്ന ആ മനുഷ്യനെ അത്രപെട്ടന്ന്‌ നിഷേധിയ്ക്കാനും പറ്റില്ല . അങ്ങിനെ
, അവസാനം നോയ്‌മ്പുനോല്‍ക്കുന്ന വിശ്വാസിയ്ക്ക്‌ തുണയേകി കാരുണ്യവാനായ അള്ളാഹുവിന്റെ കൃപയ്ക്ക്‌ പാത്രിഭൂതനാവാന്‍ തീരുമാനിച്ചു. ഇതെല്ലാം എങ്ങിനെ അമ്മുവിനെ പറഞ്ഞുമനസ്സിലാക്കുമെന്നോര്‍ത്ത്‌ വിഷമിയ്ക്കുകയായിരുന്നു അവന്‍..ദിവസങ്ങള്‍ കടന്നുപോകും തോറും അമ്മുവിന്റെ ഉത്സാഹംകൂടി വന്നു....

"ബാലുവേട്ടാ
, ബാലുവേട്ടന്‍ വന്നുവെന്ന്‌ ഇന്നലെ ഞാന്‍ സ്വപ്നം കണ്ടു, ആരേയും അറിയ്ക്കാതെ പെട്ടന്ന്‌ കയറി വന്നു,..സന്ധ്യയ്ക്ക്‌ ഭഗവതിത്തറയില്‍ കാണിയ്ക്കാനായി നിലവിളക്കുമായി ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ തൊട്ടുമുമ്പില്‍.! നിലവിളക്കിന്റെ പ്രഭയില്‍ എന്തു ശോഭയായിരുന്നു ആ മുഖത്ത്‌, പെട്ടെന്നെന്റെ ദേഹത്താകെ കുളിരു പൊട്ടി.! ഇത്തവണ ആരേയും അറിയിയ്ക്കാതെ സര്‍പ്രൈസ്‌ ആയിട്ടാ വരിക എന്നു പറഞ്ഞിരുന്നില്ലെ.അതോണ്ടാവും അങ്ങിനെ സ്വപനം കണ്ടത്‌ അല്ലെ.,...അല്ലാ, ബാലുവേട്ടന്റെ ബോസ്‌ ഇതുവരെ വെക്കേഷന്‍ കഴിഞ്ഞു വന്നില്ലെ. അങ്ങേരു വന്നിട്ടു വേണ്ടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍.
."
കുറച്ചുദിവസം പാവം അവളോട്‌ ഓരോന്നുപറഞ്ഞ്‌ ഉരുണ്ടുകളിച്ചു അവന്‍. പിന്നെ അവളില്‍ പ്രതീക്ഷകള്‍ വളര്‍ത്തി പറ്റിയ്ക്കുന്നത്‌ കഷ്ടമാണെന്നു തോന്നി കരുതലോടെ കാര്യം പറഞ്ഞു മനസ്സിലാക്കി.

- കണ്ണാ സങ്കടപ്പെടാതെ
, പിണങ്ങാതെ ബാലുവേട്ടന്‍ പറയുന്നത്‌ മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കണം നീ.. ബോസ്‌ ഇതുവരെ തിരിച്ചു വന്നില്ല,.വരുന്നതിന്റെ രണ്ടുദിവസം മുമ്പ്‌ മൂപ്പര്‍ക്ക്‌ പനിയായി, സീരിയസ്സായി..ഹോസ്പിറ്റലില്‍ അഡ്‌മിറ്റായി..എലിപ്പനിയാണൊ, പന്നിപ്പനിയാണോ, അതോ ഡെങ്കിപനിയാണോ ഒരു നിശ്ചയവുമില്ല, രക്തത്തിന്റെ സാമ്പിളെടുത്തു ദെല്‍ഹിയിലേയ്ക്ക്‌ അയച്ചിരിയ്ക്കുകയാണ്‌ ടെസ്റ്റ്‌ ചെയ്യാന്‍.റിസള്‍റ്റു വന്ന്‌ അസുഖമൊക്കെ മാറി തിരിച്ചുവരാന്‍ ചുരുങ്ങിയത്‌ ഒരുമാസമെങ്കിലും എടുക്കും.."

"അപ്പോഴേയ്ക്കും വെഡ്ഡിങ്‌ ആനിവേര്‍സറിയും ഓണവുമൊക്കെ കഴിയില്ലെ
,.." അമ്മുവിന്റെ സ്വരം വല്ലാതെ പതിഞ്ഞുപോയി..

--അമ്മു
, കണ്ണാ.. നാളെ നീ തേവരുടെ അമ്പലത്തില്‍ പോകുമ്പോള്‍ ഒരു പുഷ്പാഞ്ജലി കഴിയ്ക്കണം.ബോസ്സിന്റെ പേരില്‍..പേര്‌ അഹമ്മദ്‌ , വയസ്സ്‌ നാല്‍പ്പത്തിയെട്ട്‌..നാളറിയില്ല--

"അതെന്തിനാ നമ്മള്‌ വഴിപാടു കഴിയ്ക്കുന്നെ
, അങ്ങേര്‍ക്ക്‌ വീട്ടുകാരൊന്നുമില്ലെ..."

-അതോണ്ടല്ലടി മണ്ടൂസ്സെ
,...അങ്ങേരു സുഖപ്പെട്ടു വന്നാലല്ലെ ബാലുവേട്ടന്‌ വരാന്‍ പറ്റു.--

നാളറിയില്ലെങ്കില്‍ പുഷ്പാഞ്ജലി കഴിച്ചിട്ടു കാര്യമില്ല
, ശിവന്റെ അമ്പലത്തില്‍ കൂവളമാല കെട്ടിയ്ക്കാം , സൂക്കേട്‌ മാറാന്‍ അതാ നല്ലത്‌.

പാവം അമ്മു
, എത്ര പെട്ടന്നാ അവന്‌ അവളെ വിശ്വസ്സിപ്പിയ്ക്കാന്‍ കഴിഞ്ഞത്‌.. എന്നിട്ടും ഇന്നലെ വിവാഹവാഷിക തലേദിനത്തില്‍ ടെലിഫോണില്‍ അമ്മുവിന്റെ മനസ്സിന്റെ നിയന്ത്രണം പോയി,.

"ബാലുവേട്ടന്‍ ഒരു ക്രൂരനാണ്‌
, പാവം ക്രൂരന്‍.".വിതുമ്പുകയായിരുന്നു അമ്മുവപ്പോള്‍. ആ കണ്ണുനീര്‍ത്തുള്ളികള്‍ വീണ്‌ അവന്റെ ഓണപ്പൂക്കളത്തിലെ അവസാന പൂവും കരിഞ്ഞുപോയി..

--ഇനിയൊരിയ്ക്കലും നമ്മളൊന്നിച്ചല്ലാതെ ഒരു വിവാഹവാര്‍ഷികമുണ്ടാവില്ല..ഓണമുണ്ടാവില്ല..വിഷുവും തിരുവാതിരയുമുണ്ടാവില്ല..ഋതുഭേദങ്ങളൊന്നുമുണ്ടാവില്ല..സുഖത്തിലും ദുഃഖത്തിലും
, സമ്പത്തിലും, ദാരിദ്ര്യത്തിലും എല്ലാം ഇനിമുതല്‍ നമ്മളൊന്നിച്ച്‌..പരമാവധി ഇവിടുത്തെ വലിയപെരുന്നാള്‍ അതിനുമപ്പുറം വൈകില്ല. ബാലുവേട്ടന്‍ അവിടെ എത്തിയിരിയ്ക്കും... ഒരു മാസത്തെ വെക്കേഷന്‍ ആഘോഷിയ്ക്കാനല്ല.. ഇനി എന്നെന്നും ഒന്നിച്ച്‌ ജീവിയ്ക്കാന്‍. എന്നത്തെയുംപോലെയുള്ള വെറും മദര്‍ പ്രോമിസുകളിലൊന്നല്ലിത്‌ കണ്ണാ, ബാലുവേട്ടനും വല്ലാതെ മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു---. മൊബയില്‍ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച്‌ ആവേശത്തോടെ അങ്ങിനെ പ്രോമീസ്‌ ചെയ്യാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവനപ്പോള്‍.!

"എന്റെ കൃഷ്ണാ
,..വന്ന്‌ വന്ന്‌ ഫോണിലൂടെ സംസാരിയ്ക്കുമ്പോളും സാഹിത്യഭാഷ,..ബ്ലോഗെഴുത്ത്‌ തകൃതിയായി നടക്കുന്നണ്ടല്ലെ.." അമ്മുവിന്റെ വാക്കുകളില്‍ വീണ്ടും പ്രതീക്ഷയുടെ പുഞ്ചിരിത്തിളക്കം..

ഉള്ളിലൊന്നും വെയ്ക്കാതെ തീര്‍ത്തും നിഷ്കളങ്കമായ അവളുടെ ആ ചോദ്യം അവന്റെ മനസ്സില്‍ നീറ്റലായി പടര്‍ന്നു കുറ്റബോധത്തിന്റെ അലകളുയര്‍ത്തി...മാസത്തില്‍ രണ്ടുപോസ്റ്റുകള്‍...അതിനായുള്ള വിഷയങ്ങള്‍..കഥാപാത്രങ്ങള്‍..വായനക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകള്‍..കമന്റ്ബോക്സില്‍ പുതിയ ആളുകള്‍..പതിവുകാരുടെ അഭാവം...കമ്പനിയിലെ ജോലിയ്ക്കപ്പുറം ഉത്‌കണ്ഠപ്പെടാനും സന്തോഷിയ്ക്കാനുമുള്ള ഇത്തരം കൊച്ചുകൊച്ചു വിഷയങ്ങളുമായി എത്ര വേഗത്തിലാണ്‌ എത്ര അനായസമായാണ്‌ ഈ മണലാരണ്യത്തില്‍ അവന്റെ ദിനങ്ങള്‍ കടന്നുപോകുന്നത്‌. അതിനിടയില്‍ നിത്യവും പലതവണയായി ടെലിഫോണിലൂടെ പഞ്ചാര പുരട്ടിയ കുറെ വാക്കുകള്‍ അവിടെ തീരുന്നു ഗള്‍ഫിലിരുന്നുകൊണ്ടുള്ള ഒരു കുടുംബനാഥന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍..മകന്റെ പഠനം
, കൗമാരപ്രായത്തിലേയ്ക്കു കാലെടുത്തുവെയ്ക്കാനൊരുങ്ങുന്ന അവന്റെ കുസൃതികള്‍,.പ്രായമായ അമ്മ.. അങ്ങിനെ ഒരു വീട്ടില്‍ തലവേദനയുണ്ടാക്കുന്ന എന്തെല്ലാം കാര്യങ്ങള്‍..ബാങ്കിലെ ജോലിയ്ക്കൊപ്പം എല്ലാ ഭാരവും പാവം അമ്മുവിന്റെ ചുമലില്‍ ഒറ്റയ്ക്ക്‌. ആത്മനിന്ദയാല്‍ ഒരു നിമിഷം അവനൊന്നുലഞ്ഞു.

സ്വാര്‍ത്ഥരാണ്‌ ഗള്‍ഫിലെ ബാച്ചിലര്‍ പുരുഷന്മാരില്‍ ഒരു വിഭാഗമെങ്കിലും. ഒരിയ്ക്കലും തീരാത്ത പ്രശ്നങ്ങളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ കഴിയാതെ ജീവിതം ഹോമിയ്ക്കുന്ന പാവം പ്രവാസികളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌. അത്യാവശ്യം ജീവിതചുറ്റുപാടുകളൊക്കെ നേടിയെടുത്താലും വര്‍ഷങ്ങളായുള്ള ഒറ്റയാന്‍വാസം സമ്മാനിച്ച ശീലങ്ങളും സ്വാതന്ത്ര്യവും
, സുഖസൗകര്യങ്ങളും കുടുംബാന്തരീക്ഷത്തില്‍ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ മാത്രം ഗള്‍ഫില്‍തന്നെ തുടരുന്ന ചിലരുണ്ട്‌,
 പ്രത്യേകിച്ചും മധ്യവയസ്‌ പിന്നിട്ടവര്‍.. സംഘടനകളിലെ സജീവസാന്നിധ്യം,..പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍..വ്യാഴാഴ്ച സായാഹ്നങ്ങളിലെ ആഘോഷങ്ങള്‍..മാന്യതയുടെ കുപ്പമണിയേണ്ടിവരുന്ന നാട്ടിലെ ജീവിതത്തില്‍ സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സുഖസഞ്ചാരങ്ങള്‍.. അതിനുമപ്പുറം വൈകിവന്ന വസന്തംപോലെ അനന്തസാധ്യതകളുമായി വീണുകിട്ടിയ ഇന്റര്‍നെറ്റിലെ ചാറ്റല്‍മഴയില്‍ കുളിച്ചും, മുഖപുസ്തകത്തിലെ താളുകള്‍ മറിച്ചും പ്രായവും ആരോഗ്യവും മറന്ന്‌ ഉറക്കംകളഞ്ഞ്‌ പാതിരാവോളം മരുപ്പച്ചയെന്നുകരുതി മരീചകയുടെ പുറകെ അലയുന്നു ചിലര്‍..എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടപ്പിലായ അമ്മയേയും രണ്ടുമുട്ടിലും നീരുവീണ്‌ വേദനകൊണ്ട്‌ വലയുമ്പോഴും ഒറ്റയ്ക്കവരെ ശുശ്രൂഷിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ഭാര്യയേയും മറന്ന്‌ ഇവിടത്തെ 'ഇടവകയിലെ' പെണ്‍കുഞ്ഞാടുകള്‍ക്ക്‌ കര്‍ത്താവിന്റെ വചനങ്ങള്‍ ചൊല്ലികൊടുത്ത്‌ ആ സുന്ദരമുഖങ്ങളിലെ പുഞ്ചിരിയും സ്നേഹവും ആരാധനയും ഏറ്റുവാങ്ങുന്നതില്‍ ആത്മനിര്‍വൃതി കണ്ടെത്തുന്നു ഒരമ്പത്തിയാറുകാരന്‍. കോടീശ്വരനാണദ്ദേഹം,മക്കള്‍ രണ്ടുപേരും സ്റ്റേറ്റ്‌സില്‍.

നരകവും സ്വര്‍ഗ്ഗവും ഈ ഭൂമിയില്‍തന്നെയാണെന്ന സത്യം നല്ല പ്രായത്തില്‍ കളിയരങ്ങുകളിലെ വേഷപ്പകര്‍ച്ചകള്‍ക്കിടയില്‍ പലപ്പോഴും ഓര്‍ക്കാതെപോകുന്നു നമ്മള്‍ .ഒടുവില്‍ തളരാന്‍ തുടുങ്ങുമ്പോള്‍ കത്തിവേഷങ്ങള്‍ എല്ലാം അഴിച്ചുവെച്ച്‌ ജീവച്ഛവമായി എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ മോഹങ്ങള്‍ വറ്റി വിളറിയ ചിരിയും ഒരിയ്ക്കലും തീര്‍ത്തും വറ്റിപോകാത്ത സ്നേഹത്തിന്റെ ഉറവുമായി സ്വീകരിയ്ക്കാനും
, മുറുമുറുപ്പുകളെല്ലാം ഉള്ളിലൊതുക്കി നാലു നല്ലവാക്കുകള്‍ പറയാനും ശിഷ്ടകാലം മുഴുവന്‍ നാഴി വെള്ളം തരാനും അവളെ ഉണ്ടാവു. ജീവിതത്തിലേയ്ക്കു വലതുകാലുവെച്ചു കയറിവന്ന പെണ്ണ്‌.

ദേശാന്തരഗമനം നടത്തുന്ന പക്ഷികള്‍ പോലും കൂട്ടത്തോടെ മാത്രമെ സഞ്ചരിയ്ക്കാറുള്ളു. കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങള്‍പോലും അവയെ അലസോരപ്പെടുത്തും. അടുത്തദിവസം അല്ലെങ്കില്‍ അതിനടുത്തദിവസം മടക്കയാത്രയ്ക്കൊരുങ്ങും അവ. പക്ഷെ
, അല്‍പ്പം വേതനം കൂടുതല്‍ ലഭിയ്ക്കുമെന്നറിഞ്ഞാല്‍ സുരക്ഷിതമായ ജോലിയും വലിച്ചെറിഞ്ഞ്‌ എത്ര അശാന്തി നിറഞ്ഞുനില്‍ക്കുന്ന രാജ്യത്തേക്കും ഒരു മടിയുംകൂടാതെ രണ്ടാമതൊന്നാലോചിയ്ക്കുകപോലും ചെയ്യാതെ ഞാനാദ്യം ഞാനാദ്യമെന്നമട്ടില്‍ പറക്കാന്‍ തയ്യാറാകും മനുഷ്യര്‍. പ്രത്യേകിച്ചും പ്രവാസം ഹരമായി മാറിയ മലയാളികള്‍..!

ഇന്നലെകളെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ട്‌ നാളേയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ ഇന്നിനെ സൗകര്യപൂര്‍വ്വം മറക്കുന്നു ആധുനികമനുഷ്യന്‍...നാളെ ഇന്നാവുന്നതും
, ഇന്ന്‌ ഇന്നലെയാവുന്നതും തിരിച്ചറിയാതെ കാലബോധങ്ങള്‍ക്കപ്പുറം അതിരുകളില്ലാത്ത ആകാശവും ഭൂമിയും അളക്കാന്‍ വൃഥാ ഒരുങ്ങുന്നു. പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച്‌ കീറിപൊളിയാന്‍ തുടങ്ങുന്ന ഒരു തോള്‍സഞ്ചിയില്‍ ആരംഭിയ്ക്കുന്ന പ്രവാസം പിന്നെ പൊങ്ങച്ചവും ആര്‍ഭാടവും പേറുന്ന പെട്ടികളില്‍നിന്നും പെട്ടികളിലേയ്ക്ക്‌ വളരുന്നു,.എത്രയൊക്കെ ഒരുക്കിവെച്ചാലും, എന്തൊക്കെ, എങ്ങിനെയൊക്കെ ഒരുക്കിവെച്ചാലും അവസാനം ആറടിമണ്ണില്‍ ഒരു കൊച്ചുപെട്ടിയില്‍ ഏതുനിമിഷവും എന്നെയ്ക്കുമായി ഒതുങ്ങുന്നതുവരേയുള്ള മറ്റൊരു പ്രവാസം മാത്രമാണ്‌ ഈ ജീവിതം എന്ന സത്യം ഏറേ വൈകിമാത്രം തിരിച്ചറിയുന്നു..

"ന്തിനാ ഇപ്പോ നാട്ടി പോകുന്നെ - ത്രയ്ക്കൊന്നും ആയില്ലല്ല്ലോ...ഇനിയും കുറെനാള്‍ സുഖായിട്ട്‌ ഇവിടെന്നെ നിക്കാലോ. -അല്ലെങ്ക്യന്നെ അവിടെ പോയിട്ട്‌ എന്തുട്ട്‌ ചെയ്യാനാ
, ആരെങ്കിലും തിരിച്ചറിയോ മ്മളെ. എന്നും ഹര്‍ത്താലാല്ലെ . ശരിയ്ക്കും കറണ്ടുപോലൂണ്ടാവില്ല..മര്യാദയ്ക്കൊന്നുറങ്ങാന്‍ പോലും പറ്റില്ല പിന്നല്ലെ ജീവിയ്ക്കാന്‍.!..നാട്ടിലേയ്ക്കു മടങ്ങാനൊരുങ്ങുന്ന ഏതൊരു പ്രവാസിയും നേരിടേണ്ടിവരുന്ന ചോദ്യങ്ങളും ഉപദേശങ്ങളുമാണിതെല്ലാം. പ്രവാസിമലയാളികളില്‍ പലര്‍ക്കും നാട്‌ ഒരുമാസത്തെ വിനോദസഞ്ചാരകേന്ദ്രം മാത്രമാണ്‌. അതിനുമപ്പുറം അവിടെ നില്‍ക്കുന്ന കാര്യം ഓര്‍ക്കാനെ വയ്യ.!

അത്രയ്ക്കൊന്നും ആയിട്ടില്ല..! അറിയാം
, പക്ഷെ, ആ തിരിച്ചറിവുതന്നെയാണ്‌ ഒരു മടക്കയാത്രയ്ക്കു അവന്‌ പ്രചോദനമാകുന്നത്‌. പൗര്‍ണ്ണമിനാളുകള്‍ ഇനിയൊരിയ്ക്കലും തിരിച്ചുവരികയില്ല എന്നറിയുമ്പോഴും അമാവാസിയ്ക്ക്‌ ഇനിയും നാളുകളേറേ ബാക്കിയുണ്ടെന്ന തിരിച്ചറിവ്‌ അവന്‌ ആശ്വാസമേകുന്നു. ഇപ്പോഴും മുന്തിരിവള്ളികള്‍ തളിര്‍ത്തുനില്‍ക്കുന്ന സ്വര്‍ഗ്ഗതുല്യമായ തന്റെ മണ്ണിന്റെ അനിര്‍വചിനീയമായ സൗന്ദര്യാനുഭൂതിയില്‍ ലയിച്ച്‌, പരിചിതവും പ്രിയങ്കരവുമായ വഴിത്താരകളിലൂടെ അമ്മുവിനേയും ചേര്‍ത്തുപിടിച്ച്‌ ചെറുനിലാമഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌ രാവുമുഴുവന്‍ അലയണം അവന്‌..ഒരു രാവല്ല, ഒരുപാടൊരുപാട്‌ രാവുകള്‍.. വര്‍ഷങ്ങളായി ഹൃദയത്തില്‍ ഘനീഭവിച്ചു നില്‍ക്കുന്ന വിരഹം പെയ്തിറങ്ങുന്ന ആ നിമിഷങ്ങളില്‍ അവളുടെ പ്രണയം വഴിഞ്ഞൊഴുകുന്ന പാല്‍നിലാപ്പുഴയില്‍ എല്ലാം മറന്ന്‌ നീന്തിത്തുടിയ്ക്കണം, മതിവരുവോളം..കൊതിതീരുവോളം.

പിന്നെ അമ്മ.-- " എന്നാ നീ വരണത്‌
, മരിയ്ക്കുന്നതിനുമുമ്പ്‌ മോന്റെ കൂടെ അമ്മയ്ക്ക്‌ കുറച്ചുനാള്‍ ഒന്നിച്ചു താമസ്സിയ്ക്കാന്‍ പറ്റ്വോ, ഒരു ജീവിതമേയുള്ളു മോനെ നമുക്കൊക്കെ. അതു മറക്കേണ്ട,..ഒറ്റ മോനല്ലെ ഉള്ളു നിനക്ക്‌..നിങ്ങളെ ഏഴുപേരെ വളര്‍ത്തിവലുതാക്കാന്‍ അച്ഛനുമമ്മയും അനുഭവിച്ച പാടൊന്നുമുണ്ടാവില്ലല്ലൊ അവനെ വളര്‍ത്താന്‍". കുറെ നാളുകളായി ഫോണെടുത്താല്‍ ഈ ഒരു വിഷയം മാത്രമെ അമ്മയ്ക്ക്‌ പറയാനും പരിഭവിയ്ക്കാനുമുള്ളു. ശരിയ്ക്കും വയ്യാതായിരിയ്ക്കുന്നു അമ്മയ്ക്ക്‌. ചുക്കിച്ചുളിയാന്‍ തുടങ്ങിയ ദേഹത്തോട്‌ ഒട്ടിച്ചേര്‍ന്നിരുന്ന്‌, ആ മനസ്സ്‌ അയവിറക്കുന്ന പഴയക്കാല സ്മരണകള്‍ക്ക്‌ കൗതുകത്തോടെ കാതര്‍പ്പിയ്ക്കുന്ന ആ നിമിഷങ്ങളില്‍ കൊച്ചുകുട്ടിയായി മാറണം, വിറയ്ക്കാന്‍ തുടങ്ങിയ ആ കരലാളനങ്ങളില്‍ സ്വയം മറന്നിരിയ്ക്കണം. തൃപ്തിയാവുവോളം...പരിഭവം തീരുവോളം..

അപ്പുവിന്‌ ഒരച്ഛന്റെ വാല്‍സല്യത്തോടൊപ്പം വിദ്യയും പകര്‍ന്നുനല്‍കികൊണ്ട്‌ അക്ഷരദേവതയെ മനസ്സില്‍ ധ്യാനിച്ച്‌ പഴയ മാഷുജീവിതത്തിലേയ്ക്ക്‌ മെല്ലെ മടങ്ങിപോകണം. ഇത്രയൊക്കെയുള്ളു തല്‍ക്കാലം ബാലുവിന്റെ മോഹങ്ങള്‍. അതിനുമപ്പുറം ആഴത്തില്‍ ചിന്തിച്ചാല്‍ ഭീരുത്വത്തിന്റെ പുറംതോടിലേയ്ക്ക്‌ തല വലിച്ച്‌ പ്രവാസജീവതം വീണ്ടും തുടരുമോ താനെന്ന്‌ ഭയക്കുന്നു അവന്‍.

---മുത്തുച്ചിപ്പിപോലൊരു മൊബയിലില്‍ വന്നൊരു കിന്നാരം
, കിന്നരിച്ചുപാടുവാന്‍ ഉള്ളിനുള്ളില്‍നിന്നൊരു.!--
'ഗാലക്സി' പാടുന്നു..മൊബയിലിന്‍ മറയത്ത്‌ അമ്മു.

"ബാലുവേട്ടാ..കേക്കണൊ ഇന്നു മോന്‍ കാണിച്ച കുറുമ്പ്‌..ആരും കാണാതെ ബ്ലേഡെടുത്ത്‌ ഷേവ്‌ ചെയ്തിരിയ്ക്കുന്നു..! ഭാഗ്യം മുഖം മുറിഞ്ഞില്ല..മീശയ്ക്കും താടിയ്ക്കും പെട്ടന്നു കനം വെയ്ക്കാനാണത്രെ..സ്കൂളില്‍ കൂട്ടുകാരാരോ പറഞ്ഞു കൊടുത്താണ്‌
, എട്ടിലെ ആയുള്ളു അപ്പോഴേയ്ക്കും.!.പെട്ടന്നിങ്ങു പോന്നോളു..എന്നെക്കൊണ്ടുവയ്യ ഒറ്റയ്ക്കവനെ മേയ്ക്കാന്‍.! അതിനെങ്ങിനെയാ..മോനെക്കാള്‍ കുട്ടിയല്ലെ ഇപ്പോഴും അച്ഛന്‍..ഇപ്പോളൊരാളുടെ കുറുമ്പു സഹിച്ചാല്‍ മതി..ഇനിയിപ്പൊ രണ്ടുപേരുടെ കുറുമ്പും സഹിയ്ക്കേണ്ടി വരുമല്ലൊ എന്റെ കൃഷ്ണാ."-.
--ഫോണിന്‍തുമ്പില്‍ ഉതിര്‍ന്നുവീഴുന്ന പ്രതീക്ഷകളുടെ ചിരിമണികള്‍.....
 അവന്റെ അമ്മു, അവള്‍ ഒരുങ്ങിക്കഴിഞ്ഞിയ്ക്കുന്നു..ഇനി ബാലുവിന്റെ ഊഴം..ഗള്‍ഫിലേയ്ക്ക്‌ ഒരു വിസ ഒപ്പിച്ചെടുക്കുന്നതിലും പാടാണ്‌ ജോലിചെയ്യുന്ന കമ്പനിയെ പിണക്കാതെ വിസ ക്യാന്‍സലാക്കി മടങ്ങുക എന്നത്‌..! അതിന്റെ തത്രപ്പാടിലയിരിയ്ക്കും ഇനിയുള്ള ദിനങ്ങളില്‍ അവന്‍.

ബാലുവിന്റെ മോഹങ്ങള്‍
, മോഹഭംഗങ്ങള്‍ എന്തിന്‌ അവന്റെ ചെറുചലനങ്ങള്‍ വരെ ഇങ്ങിനെ കൃത്യമായി ഗണിച്ചെടുക്കാനും ഗ്രഹിയ്ക്കാനും കൊല്ലേരിയാര്‌ വല്ല കണിയാനോ മറ്റുമാണോ എന്നല്ലെ ചിന്തിയ്ക്കുന്നത്‌. കഥയില്‍ ചോദ്യമില്ല..എന്നാലും പറയാം,  ഈ ബാലു മറ്റാരുമല്ല
....എന്റെ മനസ്സാണ്‌,  എന്റെ മാത്രമല്ല,  എല്ലാം ഇട്ടെറിഞ്ഞ്‌ തിരിച്ചുപോകാന്‍ മോഹിയ്ക്കുമ്പോഴും പല പല കാരണങ്ങളാല്‍ കുടുംബത്തില്‍നിന്നുമകന്ന്‌ അന്യനാടുകളില്‍ ജീവിതം തുടരേണ്ടി വരുന്ന ഒരുപാടൊരുപാടുപേരുടെ മനസ്സ്‌...... ഗ്രീഷ്മവും ശിശിരവുമൊഴികെ മറ്റു ഋതുഭേദങ്ങളെല്ലാം അന്യമായിപോകുന്നുവല്ലൊ എന്നോര്‍ത്ത്‌ ഒരിയ്ക്കലും സ്വസ്ഥത കിട്ടാതെ അലയുന്ന മരുക്കാറ്റിനു സമാനം സ്വയം ശപിച്ചും നിന്ദിച്ചും പീഡിപ്പിച്ചും പഴിപറഞ്ഞും വെറുതെ പിറുപിറുത്തും വിശ്രമമില്ലാതെ കാലത്തിനൊപ്പമൊഴുകാന്‍ വിധിയ്ക്കപ്പെട്ട പാവം പ്രവാസിമനസ്സ്‌.

കൊല്ലേരി തറവാടി
03/09/2012

22 comments:

 1. "തുമ്പി, തുമ്പി വാ..വാ ഈ തുമ്പത്തണലില്‍ വാ..വാ..

  കൊച്ചിക്കോട്ടകള്‍ കണ്ടോ, ഒരു കൊച്ചിറണാകുളമുണ്ടോ.

  കാഴ്ചകള്‍ കണ്ടുനടക്കുംനേരം എന്നച്ഛനെയവിടെ കണ്ടോ..

  കരളുപുകഞ്ഞിട്ടമ്മ എന്‍ കവിളില്‍ നല്കികയൊരുമ്മ കരുവാളിച്ചൊരു മറുകുണ്ടാക്കിയ കാരിയമച്ഛനറിഞ്ഞോ....”

  എന്റെ അമ്മ ഞങ്ങളുടെ മക്കളെ ഉറക്കാനായി നല്ല ഈണത്തില്‍ പാടാറുള്ള ഒരു പദ്യത്തിന്റെ ഓര്മ്മ യിലുള്ള ചില വരികളാണിത്‌...കൊച്ചിയിലേയ്ക്കു ഉദ്യോഗത്തിനു പോയ അച്ഛനെ കാത്തിരിയ്ക്കുന്ന തന്റെ അമ്മയുടെ വിരഹദുഃഖം തുമ്പിയുമായി പങ്കുവെയ്ക്കുകയാണ്‌ ഒരു കൊച്ചു ബാലന്‍..വാര്ത്താ വിനിമയ സംവിധാനങ്ങളും ഗതാഗതസൗകര്യങ്ങളും ഒന്നും കാര്യമായി വികാസം പ്രാപിയ്ക്കാത്ത കാലത്ത്‌ ചുറ്റുവട്ടത്തുനിന്നും തുടങ്ങിയ മലയാളിയുടെ പ്രവാസം ഇനി എത്തിചേരാന്‍ സ്ഥലങ്ങള്‍ വല്ലതും ബാക്കിയുണ്ടോ, ചന്ദ്രമണ്ഡലത്തില്വഎരെ സ്ഥലം ബുക്ക്‌ ചെയ്ത്‌ കാത്തിരിയ്ക്കുകയല്ലെ നമ്മള്‍....

  ReplyDelete
 2. ഇന്നലെകളെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ട്‌ നാളേയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ ഇന്നിനെ സൗകര്യപൂര്‍വ്വം മറക്കുന്നു ആധുനികമനുഷ്യന്‍,, അതിനിടയിൽ എന്തെല്ലാം ഓർമ്മകളാണ്! നന്നായി എഴുതി,,

  ReplyDelete
 3. ബ്ലോഗില്‍ പതിവു കാരും വരാതായി എന്നൊക്കെ പരിതപിക്കുന്നതു കണ്ടല്ലോ?.പിന്നെ തികച്ചും വ്യക്തിപരം എന്നൊക്കെ തല വാചകം ഇടണോ? എപ്പോഴും വെളിപാടുകള്‍ അങ്ങിനെ തന്നെയായിരുന്നില്ലെ? പ്രവാസിയുടെ പ്രയാസങ്ങള്‍ തന്നെയാണ് മിക്ക ബ്ലോഗര്‍മാരുടെയും പോസ്റ്റുകളില്‍ അധികവും കാണാറ്.ഏതായാലും കുട്ടനു മീശ വന്ന നിലക്ക് ഇനി അധികം അവിടെ തുടരേണ്ട.അമ്മുവിനും അതാവുമിഷ്ടം.

  ReplyDelete
 4. "അത്യാവശ്യം ജീവിതചുറ്റുപാടുകളൊക്കെ നേടിയെടുത്താലും വര്‍ഷങ്ങളായുള്ള ഒറ്റയാന്‍വാസം സമ്മാനിച്ച ശീലങ്ങളും സ്വാതന്ത്ര്യവും, സുഖസൗകര്യങ്ങളും കുടുംബാന്തരീക്ഷത്തില്‍ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ മാത്രം ഗള്‍ഫില്‍തന്നെ തുടരുന്ന ചിലരുണ്ട്‌, പ്രത്യേകിച്ചും മധ്യവയസ്‌ പിന്നിട്ടവര്‍...."
  ഇതിലൊരു ചെറിയ സത്യമുണ്ടെങ്കിലും ‘സുഖസൌകര്യങ്ങൾ കുടുംബാന്തരീക്ഷത്തിൽ നഷ്ടപ്പെടുമെന്ന് ഭയന്നിട്ടായിരിക്കില്ല.’മറിച്ച് വീട്ടുകാരോടൊപ്പം ഒരു ജീവിതക്രമം ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടായതു കൊണ്ടാകുമെന്ന് പലരും പറയുന്നുണ്ട്.
  ആശംസകൾ....

  ReplyDelete
 5. ഓണ ഷവര്‍മ .തികച്ചും വ്യക്തിപരം...കൊള്ളാം..

  പ്രവാസികളുടെ കഥകള്‍ ഒരു പൊതു സ്വരത്തില്‍

  കേള്‍ക്കുമ്പോള്‍ സമൂഹത്തിന്റെ കഥ..അല്ലെങ്കില്‍

  എല്ലാം വ്യക്തി പരം തന്നെ കൊല്ലേരി...ഈ ഓര്‍മ്മകള്‍ ഒക്കെ

  തന്നെ നമ്മെ മുന്നോട്ടു നയിക്കുന്നത്...ഇത് പങ്ക് വെയ്ക്കുമ്പോള്‍

  ആണ്‌ നാം നമ്മെത്തന്നെ ആശ്വസിപ്പിക്കുന്നത്...

  പെട്ടിയും തൂക്കി നാട്ടില്‍ എത്തിയാല്‍ ആദ്യം എന്ന് തിരികെപ്പോവും എന്ന്

  ചോദിക്കുന്ന നാട്ടുകാരന്റെ ചോദ്യത്തിന്റെ മുള്‍മുന കുത്തി

  കയറുന്നത് പ്രവാസിയുടെ മാത്രം നെഞ്ചില്‍...


  ഇപ്പൊ നാട്ടില്‍പ്പോയി വന്നതേ ഉള്ളൂ...അത് കൊണ്ടു തന്നെ

  ഇത് വായിച്ചപ്പോള്‍ നൊമ്പരം വീണ്ടും 'വിമാനം കയറി'

  വരുന്നു...ആശംസകള്‍ കൊല്ലേരി...

  ReplyDelete
 6. പ്രിയപ്പെട്ട ബാബു,

  സുപ്രഭാതം !

  ഒരു പ്രവാസിയുടെ വിങ്ങലുകള്‍, വേവലാതികള്‍, സങ്കടങ്ങള്‍ എല്ലാം ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു. കുടുംബത്തോടുള്ള സ്നേഹം,കടപ്പാട്, ശോഭനമായ ഭാവിക്ക് വേണ്ടിയുള്ള ത്യാഗം,കഷ്ട്ടപ്പാടുകള്‍ എല്ലാം തിരിച്ചറിയുന്നു. പ്രത്യാശയുടെ പൊന്‍തിളക്കം ജീവിതയാത്രയില്‍ തുണയാകട്ടെ.

  മനോഹരമായ എഴുത്തിനു അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 7. ഇന്നലെ വായിച്ചു തുടങ്ങി,ഇലക്ട്രിസിറ്റി ഭഗവാന്‍ കോപിച്ചു കണ്ണടച്ചിരുന്നതുകൊണ്ട് മുഴുവനാക്കാന്‍ പറ്റിയില്ല....
  തികച്ചും വ്യക്തിപരം എന്നെഴുതിയെങ്കിലും അങ്ങനെയല്ലല്ലോ. ഒത്തിരിപ്പേരുടെ ജീവിതചിത്രമാണല്ലോ ഇത്....
  അഭിനന്ദനങ്ങള്‍

  ReplyDelete
 8. നെടുവീര്‍പ്പുകള്‍, പ്രതീക്ഷകള്‍,ക്ഷോഭം.. എല്ലാം "തികച്ചു വ്യക്തിപരമായി" പറഞ്ഞിരിക്കുന്നു.. :)

  ReplyDelete
 9. പ്രവാസിയുടെ നൊമ്പരങ്ങള്‍ നന്നായി അവതരിപ്പിച്ചു, മാഷേ...

  ReplyDelete
 10. വളരെ ഹൃദ്യമായ അവതരണം. എന്നും നാളെയുടെ പ്രതീക്ഷകളില്‍ ഇന്നിന്റെ ജീവിതം മാറ്റി വെക്കുന്നവരാണ് പ്രവാസികള്‍., പ്രവാസ നൊമ്പരങ്ങള്‍ അവസാനിക്കുന്നില്ല.

  ReplyDelete
 11. അത്യാവശ്യം ജീവിതചുറ്റുപാടുകളൊക്കെ നേടിയെടുത്താലും വര്‍ഷങ്ങളായുള്ള ഒറ്റയാന്‍വാസം സമ്മാനിച്ച ശീലങ്ങളും സ്വാതന്ത്ര്യവും, സുഖസൗകര്യങ്ങളും കുടുംബാന്തരീക്ഷത്തില്‍ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ മാത്രം ഗള്‍ഫില്‍തന്നെ തുടരുന്ന ചിലരുണ്ട്‌, പ്രത്യേകിച്ചും മധ്യവയസ്‌ പിന്നിട്ടവര്‍.. സംഘടനകളിലെ സജീവസാന്നിധ്യം,..പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍..വ്യാഴാഴ്ച സായാഹ്നങ്ങളിലെ ആഘോഷങ്ങള്‍..മാന്യതയുടെ കുപ്പമണിയേണ്ടിവരുന്ന നാട്ടിലെ ജീവിതത്തില്‍ സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സുഖസഞ്ചാരങ്ങള്‍..

  സത്യം.

  ReplyDelete
 12. കഥയില്‍ നിന്നുള്ള തുടക്കം. പിന്നീട് അതൊരു ലേഖനത്തിലെ ശൈലിയിലൂടെ പ്രവാസത്തിന്റെ നൊമ്പരങ്ങളിലേക്ക് .. നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍..

  ReplyDelete
 13. “..നാളറിയില്ലെങ്കില്‍ പുഷ്പാഞ്ജലി കഴിച്ചിട്ടു കാര്യമില്ല, ശിവന്റെ അമ്പലത്തില്‍ കൂവളമാല കെട്ടിയ്ക്കാം , സൂക്കേട്‌ മാറാന്‍ അതാ നല്ലത്‌...”

  കണ്ണു നനച്ചല്ലോ മാഷേ..!
  ഒന്നും പറയാനില്ല! പതിവുപോലെ മനസ്സില്‍ തൊട്ട എഴുത്ത്..!
  ആശംസകള്‍ നേരുന്നു..പുലരി

  ReplyDelete
 14. നൊമ്പരപ്പെടുത്തുന്ന രചന
  ആശംസകള്‍

  ReplyDelete
 15. വായിച്ചു. പ്രവാസികളുടെ വേദനകള്‍ തീവ്രമായി പകര്‍ത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 16. ഒറ്റ ശ്വാസത്തില്‍ ആണ് വായിച്ചു തീര്‍ത്തത്.അതിശയം ആണ് എങ്ങനെ ഇങ്ങനെ 'വാതോരാതെ' എഴുതാന്‍ കഴിയുന്നു! ഈ ബാലു കൊല്ലേരിയാണ് എന്ന് വിവരമുള്ളവര്‍ എപ്പോഴേ മനസ്സിലാക്കി കാണും..(ഇടയില്‍ അമ്മൂന്റെ ബാങ്ക് ഉദ്യോഗവും,കൊല്ലേരിയുടെ ബ്ലോഗ്‌ എഴുത്തും വന്നല്ലോ... :) ) ഉപസംഹാരത്തില്‍ സൂചിപ്പിച്ചത് നന്നായി.ഓരോ പ്രവാസിയുടെയും തിരിച്ചു പോക്കിനും ഒരു സ്ഥിരത കുറവാണ്...എന്നാലും എന്‍റെ എല്ലാവിധ ആശംസകളും....അപ്പൂനേം,,അമ്മുനേം,അമ്മയേം കൂട്ടി കണ്നുര്‍ക്ക് വരണം ട്ടോ...

  ReplyDelete
 17. എല്ലാവരുടേയും നൊമ്പരങ്ങള്‍ മനോഹരമായി
  അവതരിപ്പിച്ചു.
  ഒരായിരം അഭിനന്ദനങ്ങള്‍.

  ReplyDelete
 18. നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍..

  ReplyDelete
 19. "പിന്നെ അനുഭവങ്ങള്‍ വിളപ്പില്‍ശാലയാക്കി മാറ്റാന്‍ തുടങ്ങുന്ന മനസ്സില്‍ ആഘോഷങ്ങളെല്ലാം പ്രഹസനങ്ങളായിമാറുന്നു." ശരിയാണ്. അതുവരെയുള്ളൂ ഓണം. അതുകഴിഞ്ഞുള്ളതൊക്കെ
  വെറും "ആഘോഷം". പ്രവാസിയുടെ വിങ്ങലുകള്‍ മനസ്സില്‍ നൊമ്പരമുണ്ടാക്കി.

  ReplyDelete
 20. ശോഭനമായ ഭാവിക്ക് വേണ്ടി ഇന്നിന്‍റെ സുഖങ്ങളെ ത്യജിക്കുന്ന വെറും ഈയാംപാറ്റകള്‍ ആണ് നമ്മള്‍.ആഘോഷങ്ങള്‍ക്ക് അവധി കൊടുത്ത് ജീവിതം ഹോമിക്കുന്നു നമ്മള്‍. തിരിച്ചു പിടിക്കാനാകാത്ത സന്തോഷങ്ങള്‍, അനുഭൂതികള്‍, സ്വപ്നങ്ങള്‍ അങ്ങനെ എന്ത് മാത്രം നഷ്ടങ്ങള്‍ നമ്മള്‍ സഹിക്കുന്നു. ആറടി മണ്ണില്‍ അവസാനിക്കുന്ന ഈ ജീവിതത്തില്‍ നമ്മള്‍ ഒന്നും തന്നെ കൂടെക്കൊണ്ട് പോകുന്നില്ല.ഈ ചിന്തകള്‍ വീഥികളില്‍ പ്രകാശം ചൊരിഞ്ഞിരുന്നെങ്കില്‍......!!!!!!!

  ReplyDelete
 21. പ്രവാസികളുടെ ജീവിതം അടുത്ത ബന്ധുക്കളുടെയും ,കൂട്ടുകാരുടെയും സംസാരത്തിലും , അവരുടെ അനുഭവത്തിലും ,എഴുത്തിലും കൂടി മാത്രമേ എനിക്ക് അറിയുള്ളൂ ...അനുഭവം ഇല്ലാത്തത് തന്നെ കാരണം ...നൊമ്പരപ്പെടുത്തുന്ന കഥകളാണ് എല്ലാ
  പ്രവാസികളുടെയും ...
  ബാലു ഈ കൊല്ലേരി തന്നല്ലേന്നു ചോദിക്കണമെന്ന് കരുതിയതാ അപ്പോള്‍ ദേ അവസാനം സ്വയം പറഞ്ഞു കൊല്ലേരിടെ മനസ്സാണെന്നു ..

  ReplyDelete

 22. ‘ഇന്നലെകളെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ട്‌ നാളേയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ ഇന്നിനെ സൗകര്യപൂര്‍വ്വം മറക്കുന്നു ആധുനികമനുഷ്യന്‍...നാളെ ഇന്നാവുന്നതും, ഇന്ന്‌ ഇന്നലെയാവുന്നതും തിരിച്ചറിയാതെ കാലബോധങ്ങള്‍ക്കപ്പുറം അതിരുകളില്ലാത്ത ആകാശവും ഭൂമിയും അളക്കാന്‍ വൃഥാ ഒരുങ്ങുന്നു. പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച്‌ കീറിപൊളിയാന്‍ തുടങ്ങുന്ന ഒരു തോള്‍സഞ്ചിയില്‍ ആരംഭിയ്ക്കുന്ന പ്രവാസം പിന്നെ പൊങ്ങച്ചവും ആര്‍ഭാടവും പേറുന്ന പെട്ടികളില്‍നിന്നും പെട്ടികളിലേയ്ക്ക്‌ വളരുന്നു,.എത്രയൊക്കെ ഒരുക്കിവെച്ചാലും, എന്തൊക്കെ, എങ്ങിനെയൊക്കെ ഒരുക്കിവെച്ചാലും അവസാനം ആറടിമണ്ണില്‍ ഒരു കൊച്ചുപെട്ടിയില്‍ ഏതുനിമിഷവും എന്നെയ്ക്കുമായി ഒതുങ്ങുന്നതുവരേയുള്ള മറ്റൊരു പ്രവാസം മാത്രമാണ്‌ ഈ ജീവിതം എന്ന സത്യം ഏറേ വൈകിമാത്രം തിരിച്ചറിയുന്നു.‘

  വളരേ പ്രസക്തമായ വരികൾ...!

  ReplyDelete