Tuesday, May 29, 2012

അയാള്‍ പോയി,...ഇനി കഥ തുടരാം...

-നിങ്ങള്‍ സമ്പന്നനായി ജനിച്ചില്ലെങ്കില്‍ അതു നിങ്ങളുടെ കുറ്റമല്ല,പക്ഷെ സമ്പന്നനായി മാറിയില്ലെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്‌.- ഒരു പ്രധാന ചാനല്‍ ഓരോ പത്തുമിനിറ്റിലും ആവര്‍ത്തിയ്ക്കുന്ന ഒരു വാചകമാണിത്‌.! എന്ത്‌ സന്ദേശമാണ്‌ ഇതു നല്‍കുന്നത്‌.ഏതുവിധേനയും പണക്കാരനാവുക..പിന്നെ എങ്ങിനെ നമ്മുടെ കൊട്ടേഷന്‍ സംഘങ്ങള്‍ വളരാതിയ്ക്കും..!സത്യമതാണ്‌ ഇന്നു നമ്മുടെ നാട്ടില്‍ നടമാടുന്ന തിന്മകളില്‍ ഭൂരിഭാഗത്തിനും പ്രത്യകഷമായോ പരോകഷമായോ ഉത്തരവാദികള്‍ ദൃശ്യമാധ്യമങ്ങള്‍ തന്നെയാണ്‌.അടിവരയിട്ടുത്തന്നെ പറയട്ടെ ഇന്ന്‌ കേരളത്തിലെ ഏറ്റവുംവലിയ കൊട്ടേഷന്‍ സംഘങ്ങള്‍ വാര്‍ത്താചാനലുകളാണ്‌..ഒരടിസ്ഥാനുമില്ലാതെ എന്തും റിപ്പോര്‍ട്ടു ചെയ്യാന്‍ മടിയില്ലാത്തവര്‍..ഒരു മനസ്സാക്ഷിയുമില്ലാതെ ഏതറ്റവും പോകാന്‍ തയ്യാറാവുന്നവര്‍..അമ്പത്തിയൊന്നല്ല എണ്ണിയിലൊടുങ്ങാത്ത ആരോപണശരങ്ങളാല്‍ പല സായാഹ്നങ്ങളിലായി ഇരയെ നിര്‍ദ്ദാക്ഷണ്യം ഇഞ്ചിഞ്ചായി വകവരുത്തുന്നവര്‍.അവരാണ്‌ അവര്‍ മാത്രമാണ്‌ ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ കൊട്ടേഷന്‍ സംഘങ്ങള്‍.ആണയിട്ട്‌ എണ്ണിയെണ്ണി പറയുന്ന പല എക്‍സ്‌ക്ലൂസിവ്‌ വാര്‍ത്തകള്‍ക്കും പത്തു ദിവസം കഴിഞ്ഞാല്‍ ഒരു തമാശ കടംകഥയുടെ അര്‍ത്ഥം പോലുമുണ്ടാകില്ല അവരുടെ ചാനലില്‍ പോലും. 

ഫെബ്രുവരിയില്‍ കപ്പല്‍വിശേഷങ്ങള്‍,..മാര്‍ച്ചില്‍ പിറവം.ഏപ്രിലില്‍ അഞ്ചാം മന്ത്രി..മേയില്‍ ചന്ദ്രശേഖരവധം.ഇനി വരാന്‍ പോകുന്ന ജൂണ്‍ ജുയ്‌ മാസങ്ങളില്‍ മഴക്കെടുതി എലിപനി,ഡെങ്കിപനി.ഇടതുഭരണമാണെങ്കില്‍ കൊഴുപ്പേകാന്‍ സ്വയാശ്രയവും ഉണ്ടായേനേ,ഭാഗ്യവാന്മാര്‍ സ്വയാശ്രയക്കാര്‍, സര്‍വ്വതന്ത്ര സ്വതന്ത്രര്‍ അല്ലെ അവരിപ്പോള്‍,.ആഗസ്റ്റ്‌-സെപ്തംബര്‍ മാസങ്ങള്‍ ഓണാഘോഷങ്ങള്‍ക്കും പരസ്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കപ്പെടുന്നു...തമിഴ്‌നാട്ടില്‍ മഴ പെയ്യുന്ന ഒക്ടോബര്‍ നവംബറുകളില്‍ ഏതുനിമിഷവും പൊട്ടാന്‍ തയ്യാറായി നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന നില്‍ക്കുന്ന മുല്ലപ്പെരിയാറിന്റെ ഭീകരദൃശ്യങ്ങള്‍. പിന്നെ ക്രിസ്‌മസും നവവല്‍സരവും പരസ്യങ്ങളുടെ കൊയ്ത്തുക്കാലം.ഇതിനിടയില്‍ പൂട്ടിലെ പീരയെന്നപോലെ അച്ചുതാനന്ദന്റെ മതിലില്‍ പിണറായി വിഭാഗവും തിരിച്ചും ഒട്ടിച്ച പോസ്റ്ററുകളുടെയും ബാനറുകളുടെയും എണ്ണം. പിന്നെ ഭാഗ്യംപോലെ ഒത്തു കിട്ടുന്ന ദുരന്തങ്ങള്‍..ശവശരീരങ്ങളില്‍ പതിയുന്ന കഴുകന്‍ ക്യാമറക്കണ്ണുകള്‍. സ്ക്രീനില്‍നിറയുന്ന ക്ലോസ്‌ അപ്പ്‌ ദൃശ്യങ്ങള്‍..! കൃത്യമായ അജണ്ടയോടെ ഒരുക്കത്തോടെ, ഇത്രയുശുഷ്കാന്തിയോടെ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിയ്ക്കുന്ന മറ്റൊരു സ്ഥാപനങ്ങളും ഉണ്ടാകില്ല ഇന്നു കേരളത്തില്‍..

ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.ആരില്‍നിന്നൊക്കെയോ അച്ചാരാം വാങ്ങിയിട്ടെന്നവണ്ണം ഒരു സീസണില്‍ ഒരു വാര്‍ത്തയില്‍ മാത്രം കേന്ദ്രീകരിച്ച്‌,അതിനെ പര്‍വ്വതീകരിച്ച്‌ രാജ്യത്തിലെ സാധാരണ ജനങ്ങളുടെ ഭാവിയെ വിപരീതമായി ബാധിയ്ക്കന്ന അനേകം വാര്‍ത്തകള്‍ക്ക്‌,ഭരണാധികാരികളുടെ കുതന്ത്രങ്ങള്‍ക്ക്‌ തന്ത്രപൂര്‍വ്വം മറയിടുന്നു..പലപ്പോഴും പൂര്‍ണ്ണമായും തമസ്കരിയ്ക്കുന്നു..പുര കത്തിച്ച്‌ വാഴവെട്ടാന്‍ അവസരമൊരുക്കൊന്നു..KSFEയുടെ എക്കൗണ്ടുകളില്‍ പലതും എങ്ങിനെ AXIS ബാങ്കിലെത്തി എന്നത്‌ മലയാളിയ്ക്കൊരു വാര്‍ത്തയേ അല്ലതാകുന്നു.സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ പലതും അറിയാതെ പോകുന്നു.സ്വര്‍ണ്ണപ്പരസ്യങ്ങളാല്‍ മൂടിയിരിയ്ക്കുന്നു ചാനലിലെ ശാശ്വതസത്യം.. !

ഓര്‍മ്മയില്ലെ പെരുന്തച്ചനേയും മകനേയും..വെറുതെ ഒരു രസത്തിനു പാലത്തിനു മുകളില്‍ പണിത പ്രതിമയെചൊല്ലി തുടങ്ങിയ നിസ്സാര തര്‍ക്കം...പിന്നെ അത്‌ ഈഗോ ക്ലാഷായി.അന്നാദ്യമായി പെരുന്തച്ചന്‍ മകനെ കുലംകുത്തി എന്നു വിളിച്ചു.അസ്വാരസ്യങ്ങള്‍ വളര്‍ന്നു.അസൂയാലുക്കള്‍ക്കായ മറ്റു തച്ചന്‍മാര്‍ അതിന്‌ ആക്കം കൂട്ടി. ഒരു ദിവസം നാട്ടുകാര്‍ കേള്‍ക്കുന്നത്‌ പെരുന്തച്ചന്‍ മകനെ ഉളിയെറിഞ്ഞു കൊന്ന വാര്‍ത്തയാണ്‌..!.ഒരു പക്ഷെ, കൈവഴുതി ഉളി അറിയാതെ താഴേയ്ക്ക്‌ വീണതായിരിയ്ക്കാം,.അല്ലെങ്കില്‍ തന്റെ മകളോട്‌ പെരുന്തച്ചന്റെ മകനുള്ള അടുപ്പം മനസ്സിലാക്കി അധികാരിതന്നെ തൊട്ടടുത്ത്‌ പണിതുകൊണ്ടിരുന്ന മറ്റേതേങ്കിലും തച്ചനെകൊണ്ട്‌ ചെയ്യിച്ചതുമായിരിയ്ക്കാം, സുന്ദരിയും ചെറുപ്പക്കാരിയുമായ തന്റെ ഭാര്യയ്ക്ക്‌ പെരുന്തച്ചന്റെ കരുവിരുതിലുള്ള ആരാധനയില്‍ അസൂയയും ഒപ്പം സംശയവും തോന്നിയിട്ടുണ്ടാവാം അധികാരിയ്ക്ക്‌..അങ്ങിനെ മകനെ നശിപ്പിയ്ക്കുക ആ കേസില്‍ പെരുന്തച്ചനെ കുടുക്കി രണ്ടുപേരേയും ഒരേസമയം ഇല്ലതാക്കുക..ഇത്തരം കേസുകളില്‍ സാധ്യതകളൊരുപാടാണ്‌..കാലം ഒരുപാടു കഴിഞ്ഞു.പക്ഷെ, ഇന്നും ജനമനസ്സുകളില്‍ പെരുന്തച്ചന്‍ തന്നെയാണ്‌ കൊലയാളി, കാരണം അധികാരി ശക്തനായിരുന്നു,.അദ്ദേഹത്തിന്റെ ആളുകളായിരുന്നു നിയമപാലകര്‍..ഒപ്പംകഥ ചമച്ച്‌ ഉടുക്കുകൊട്ടി നാട്ടുകാരുടെ ചെവിയിലോതാന്‍ ശക്തരായ പാണാന്‍മാരുടെ പിന്‍ബലവും ഉണ്ടായിരുന്നു..എന്നും എക്കാലത്തും ചരിത്രം കുറിയ്ക്കപ്പെടുന്നത്‌ മാധ്യമകരങ്ങളിലൂടേയാണ്‌.സത്യം വളച്ചൊടിച്ച്‌ അസുരനെ ദേവനാക്കാനും,.ദേവനെ അസുരനാക്കാനും അനായാസം കഴിയും അവര്‍ക്ക്‌.ജനസമക്ഷം അതുമാത്രമെ സത്യമാകു.അതുമാത്രം...!

ചന്ദ്രശേഖരന്‍ വധം..തീര്‍ത്തും അപലപനീയമായ ഒരു പ്രവൃത്തി തന്നെയാണത്‌..ആരു ചെയ്താലും എത്ര ഉന്നതനായാലും കുറ്റവാളി കണ്ടെത്തപ്പെടണം,ശിക്ഷിയ്ക്കപ്പെടണം.ഇതെല്ലാം മനഃസ്സാക്ഷിയുള്ള ആര്‍ക്കും നിഷേധിയ്ക്കാനാവാത്ത സത്യങ്ങള്‍ മാത്രം.പക്ഷെ, സഖാവിന്റെ മരണത്തെ, ആ രക്തത്തുള്ളികളെ, അദ്ദേഹത്തിന്റെ വിധവയുടെ കണ്ണുനീരിനെ, തോല്‍ക്കുമെന്നുറപ്പുള്ള മല്‍സരം തിരിച്ചുപിടിയ്ക്കാനായി, ഇലക്ഷന്‍ പ്രചരണത്തിനുള്ള ആയുധമാക്കി മാറ്റുന്നവരുടെ മനസ്സ്‌ കൊലയാളികളെക്കാള്‍ നികൃഷ്ടമാണ്‌..ഒപ്പം അതിനു ചൂട്ടു പിടിയ്ക്കുന്ന മാധ്യമങ്ങളുടെയും.ഇന്നലെ വരെ അവര്‍ക്കന്യനായിരുന്ന, അനഭിമതനായിരുന്ന മരിച്ചു പോയ സഖാവ്‌ എത്ര പെട്ടന്നാണ്‌ പ്രിയപ്പെട്ടവനായത്‌..അദ്ദേഹത്തിന്റെ അപദാനങ്ങള്‍ എത്രയെത്ര വാഴ്ത്തിയിട്ടും മതി വരുന്നില്ല പലര്‍ക്കും.ജൂണ്‍ രണ്ടുവരെ നിത്യവും രാവിലേയും വൈകുന്നേരവും ഒന്നുവീതം എതിര്‍ചേരിയിലെ സഖാക്കളെ അറസ്റ്റ്‌ ചെയ്ത്‌ ബ്രൈക്‌ഫാസ്റ്റിനോടൊപ്പവും ഡിന്നറിനോടും ഒപ്പം ജനമനസ്സുകളില്‍ ഫ്ലാഷ്‌ ന്യൂസായി വിളമ്പുക.കുഞ്ഞൂഞ്ഞിന്റെ നെയ്യാറ്റിന്‍കരവാതം മാറാന്‍ പീസി ജോര്‍ജ്ജ്‌വൈദ്യര്‌ കല്‍പ്പിച്ചുകൊടുത്ത മരുന്ന്‌. അതിവേഗം ബഹുദൂരം മുന്നേറുന്ന തിരക്കിനിടയില്‍ ആ മരുന്നു പ്രയോഗിയ്ക്കാന്‍ കുഞ്ഞൂഞ്ഞ്‌ ഓര്‍ത്തില്ലേലും മറക്കാതെ എടുത്തുകൊടുക്കാന്‍ വല്ലാത്ത ജാഗ്രതയാണ്‌ ചില ചാനലുകള്‍ക്ക്‌.

കാണുന്നവര്‍ക്ക്‌ അറപ്പും വെറുപ്പും തോന്നുന്ന വിധം ഇത്രമാത്രം നിറം ചേര്‍ത്തും അതിശയോക്തി കലര്‍ത്തിയും നിറംകലര്‍ത്തി അവതരിപ്പിയ്ക്കപ്പെട്ട ഒരു സംഭവം എന്റെ ചാനല്‍ക്കാഴ്ചകളില്‍ ഉണ്ടായിട്ടില്ല.നോര്‍ത്തിന്ത്യയിലെന്നപോലെ.കേരളത്തിലും ജമീന്താര്‍ ഗ്രാമങ്ങള്‍ അതും പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍! സത്യമോ അസത്യമോ ആവട്ടെ ആ വാര്‍ത്ത..എന്തായാലും ഇന്നോ ഇന്നലയോ പൊട്ടിമുളച്ചാതയിരിയ്ക്കില്ലല്ലൊ അത്‌..എവിടെയായിരുന്നു ഈ ചാനലുകള്‍ ഇതുവരെ.!, എന്തെ അവര്‍ ഇതിനെക്കുറിച്ചിതുവരെ മിണ്ടിയില്ല..!.സഖാവ്‌ ചന്ദ്രശേഖരനെ വധിച്ച കൊട്ടേഷന്‍ സംഘം അവരാരുമാകട്ടെ, ആ കൃത്യം നിര്‍വഹിയ്ക്കാന്‍ മിനുറ്റുകളെ എടുത്തിട്ടുണ്ടാവു...എന്നല്‍ നമ്മുടെ ചാനലുകള്‍ ആ മൃതശരീരം കഷ്ണം കഷ്ണമാക്കി അന്തിചന്തയില്‍ ആര്‍ക്കോവേണ്ടി ലേലം ചെയ്യുന്നതുകാണുമ്പോള്‍ സങ്കടംതോന്നുന്നു.ആ മാംസകഷ്ണങ്ങള്‍ വിവിധ രൂപങ്ങളില്‍, ഭാവങ്ങളില്‍ സ്ക്രീനിലൂടെ ലഞ്ചും ബ്രൈക്ക്‌ഫാസ്റ്റും ഡിന്നറുമായി ജനമനസ്സുകളിലെത്തിയ്ക്കാനുള്ള ശുഷ്കാന്തി കാണുമ്പോള്‍ അറപ്പും,വെറുപ്പും അമര്‍ഷവും തോന്നുന്നു.

ഇനി ജൂണ്‍ രണ്ടു വരെ,ശെല്‍വരാജിന്റെ വിജയമുറപ്പുവരുത്തുന്നതു വരെ നിദ്രാവിഹീനങ്ങളായിരിയ്ക്കും പല ചാനല്‍രാവുകളും.അന്തിമാനം ചുമക്കുമ്പോള്‍ മുറുക്കിചുവപ്പിച്ച്‌,മുല്ലപൂവും ചൂടി, വാതില്‍പ്പടിയില്‍നിന്നും ശൃംഗാരചേഷ്ടകള്‍ കാണിച്ച്‌ പതിവുകാരെ ആകര്‍ഷിയ്ക്കാന്‍ അഭിസാരികകള്‍ തമ്മില്‍തമ്മില്‍ മല്‍സരിയ്ക്കുന്ന ചുവന്നതെരുവിലെ വേശ്യാലയങ്ങള്‍ക്ക്‌ സമാനമാണ്‌ പല വാര്‍ത്താചാനലുകളും സായാഹ്നങ്ങളില്‍. പാവം വാര്‍ത്താവിതരണക്കാര്‍., സ്വന്തം അഭിപ്രായങ്ങളുടേയും,ആദര്‍ശങ്ങളുടെയും, വിശ്വാസപ്രമാണങ്ങളുടെയും ഉടയാടകള്‍ ഓരോന്നോരോന്നായി അഴിച്ചുവെച്ച്‌ പലകോണുകളില്‍ പല രീതികളില്‍ പലരുടേയും താല്‍പ്പര്യങ്ങള്‍ക്കും ഒന്നിച്ചു വഴങ്ങേണ്ടിവരുന്നു അവര്‍ക്ക്‌,അതും പരസ്യമായി.!.എല്ലാം നിലനില്‍പ്പിനുവേണ്ടി,നടത്തിപ്പുക്കാരന്റെ ദുര്‍മുഖം കാണാന്‍ ഭയന്ന്‌.മടിയോടെയായിരിയ്ക്കും പലരുടേയും തുടക്കം,പിന്നെപ്പിന്നെ ചില പതിവുകാരോട്‌ പ്രണയമാകും,വല്ലാത്ത അഭിനിവേശമാകും ചിലര്‍ക്ക്‌..ഒരു കാലത്ത്‌ ആദര്‍ശധീരതയുടെ അവസാന വാക്കുകളായി കാമ്പസുകളില്‍ തിളങ്ങിയവരായിരുന്നു ഇവരില്‍ പലരുമെന്നോര്‍ക്കണം...! മാനം വിറ്റു സമ്പാദിച്ചാലും ധനം ധനം തന്നെയല്ലെ, ആദര്‍ശത്തേക്കാള്‍ വലുതല്ലെ അത്‌..ആദര്‍ശം വിറ്റാല്‍ ആഡംബരം വാങ്ങാന്‍ പറ്റില്ലല്ലോ, കുടുംബിനി പിണങ്ങില്ലെ..! നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന സ്വന്തം അണുകുടുംബം,അതുമാത്രമല്ലെ ലോകം..!അവിടെ മാത്രമല്ലെ മനുഷ്യവാസമുള്ളു..!"

ഒരു ആവാസവ്യവസ്ഥിതിയില്‍ എല്ല സസ്യജാലങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്‌.അതുപോലെ ഒരു ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഓരോ പ്രസ്ഥാനങ്ങള്‍ക്കും അവരുടെതായ പങ്കുണ്ട്‌..പ്രത്യേകിച്ചും, എത്രയൊക്കെ അപചയം സംഭവിച്ചു എന്നു സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചാലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌...സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി കാടും മേടും പുഴകളും നശിപ്പിച്ചു നാം.ഇപ്പോള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേരേയായിരിയ്ക്കുന്നു ആക്രമണം.എളുപ്പമാണ്‌ ആ ദൗത്യം..നല്ല ശരീരഭാഷയില്ലാത്ത,ഒന്നു ഭംഗിയായി ചിരിയ്ക്കാന്‍ പോലുമറിയാത്ത ചാനലുകളുടെ ക്യാമറക്കൊപ്പം ചലിയ്ക്കാനറിയാത്ത, ഒരാംഗിളിലും യാതൊരു സൗമ്യതയും പ്രതിഫലിക്കാത്ത മുഖഭാവങ്ങളോടുകൂടിയ, മനസ്സില്‍ തോന്നുന്നത്‌ ഉടന്‍ വിളിച്ചു പറയുന്ന , മാധ്യമവശീകരണയന്ത്രം ധരിച്ച്‌ കിണുങ്ങാനറിയാത്ത, അങ്ങിനെയങ്ങിനെയങ്ങിനെ കാലികമായി ഒരുപാടുകുറവുകളുള്ള നേതാക്കള്‍ മാത്രമുള്ള ഇടതുപക്ഷത്തെ തൂത്തെറിയാന്‍ മാധ്യമതന്ത്രം പഠിച്ചവര്‍ക്ക്‌ ഏറെ എളുപ്പമാണ്‌.പക്ഷെ ഒന്നോര്‍ക്കുക,കനത്ത വില നല്‍കേണ്ടി വരും അതിന്‌..തിരിച്ചറിയുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും.. പാവപ്പെട്ടവന്റെ കനവും കണ്ണീരും രക്തവും വിയര്‍പ്പും ഊറ്റിയെടുത്ത്‌ കോര്‍പ്പറേറ്റ്‌ ഭീമന്‍മാരുടെ അത്താഴമേശ വിഭവസമ്പന്നമാക്കാന്‍ സദാ ജാഗരൂകരായിരുക്കുന്ന ഭരണാധികാരികളുടെ നാടാണിത്‌.!.സ്വന്തം കാല്‍ച്ചുവട്ടിലെ മണല്‍ മുഴുവന്‍ ഒഴുകിപോയാല്‍ പിന്നെ താഴെ അവശേഷിയ്ക്കുന്ന വര്‍ഗ്ഗീയതയുടെ ചെളിയില്‍ ഒരിയ്ക്കലും തിരിച്ചെടുക്കാനാവത്തില്‍ വിധം കാലുകള്‍ ആണ്ടുപോകും...!

വെള്ളത്തിനു സ്വന്തമായി രൂപമില്ല, നിറവും,.പക്ഷെ ചെന്നു വീഴുന്ന പാത്രം,അതു വെറുമൊരു മണ്‍കൂജയോ, വിലപിടിച്ച സ്ഫടികപാത്രമോ ഏതുമാകട്ടെ ആ പാത്രത്തിന്റെ രൂപവും നിറവും ഊഷ്മാവുപോലും ഒരു മടിയും കൂടാതെ നിമിഷം നേരംകൊണ്ട്‌ സ്വായത്തമാക്കാന്‍ അതിനു കഴിയുന്നു,..അതുപോലെയാണ്‌ മിക്ക UDF നേതാക്കളും.അങ്ങിനെയുള്ളവര്‍ക്ക്‌ ചെന്നെത്തുന്നിടം അതൊരു മതസ്ഥാപനമോ,മാഫിയ സംഘമോ എന്തോ ആകട്ടെ അവിടെ വളരെപെട്ടന്ന്‌ സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ സാധിയ്ക്കും..വീണിടം വിഷ്ണുലോകമാക്കി എളുപ്പത്തില്‍ തന്ത്രങ്ങള്‍ മെനെഞ്ഞെടുക്കും അവര്‍,.മാണിസാറിനെപോലെ...പക്ഷെ,മഷിയിട്ടു നോക്കിയാല്‍പോലും അത്തരമൊരു LDF നേതാവിനെ കേരളത്തില്‍ കാണാന്‍ കഴിയില്ല..എല്ലാറ്റിനും സ്വന്തം കാഴ്ചപ്പാടുകള്‍,ശരിയെന്നു തോന്നുന്നത്‌ മുഖം നോക്കാതെ, സന്ദര്‍ഭം ഓര്‍ക്കാതെ വിളിച്ചു പറയുന്ന ശീലം.ഇതൊക്കെയാണ്‌വരുടെ പൊതുവായ മുഖമുദ്രകള്‍..അതുകൊണ്ടുത്തന്നെ രാഷ്ട്രീയജീവിതത്തില്‍ ഒരു പാടു നഷ്ടങ്ങള്‍ വന്നുചേരുന്നു അവര്‍ക്ക്‌..

ചന്ദ്രശേഖരന്‍ സഖാവ്‌ മരിച്ച വാര്‍ത്ത അറിഞ്ഞ നിമിഷം പത്രക്കാര്‍ക്കു മുമ്പില്‍ വിതുമ്പണമായിരുന്നു പിണറായി സഖാവ്‌...പഴയ സഖാവിന്റെ അപദാനങ്ങള്‍ എണ്ണിയെണ്ണിപറയുമ്പോള്‍ തൊട്ടുമുമ്പിലുള്ള ചാനല്‍ മൈക്കുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ ഉതിര്‍ന്നു വീഴണമായിരുന്നു .അതാണ്‌ നാട്ടുനടപ്പ്‌ ..."പണ്ടാറാക്കാലി,വന്നു കയറിയ കാലം മുതലെ എനിയ്ക്കിട്ടു പണിയാന്‍ തുടങ്ങിയിതാ..ഇപ്പൊഴെങ്കിലും ഒന്നു ചത്തു കിട്ടിയല്ലോ, എന്നു ഉള്ളില്‍ മുറുമുറുക്കുന്ന മരുമകളും "എന്റെ അമ്മ പോയല്ലോ, എനിയ്ക്കിനി ആരാ ഉള്ളത്‌" എന്നു പറഞ്ഞ്‌ കരക്കാരുടെ മുമ്പില്‍ പൊട്ടിക്കരയും അവരെ ബോധ്യപ്പെടുത്താനായിട്ടെങ്കിലും..അവിടെ തീരും പാതി പൊല്ലപ്പുകളും..ഒരു നേതാവ്‌ ഉള്ളിലെത്ര ശുദ്ധനാണ്‌ എന്നൊരാളും അന്വേഷിയ്ക്കാന്‍ പോകുന്നില്ല..പുറമേയുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ മാത്രമെ വിലയിരുത്തപ്പെടുകയുള്ളു..ജീവിതത്തിലെ ഒരോ നിമിഷവും ക്യാമറക്കണ്ണുകള്‍ക്കുള്ളിലാണ്‌ എന്ന തിരിച്ചറിവോടെ നോക്കിലും വാക്കിലും എന്തിന്‌ വസ്ത്രധാരണത്തില്‍ പോലും കരുതല്‍ വേണം ഇന്നത്തെ ഓരോ നേതാവിനും...UDF നേതാക്കളില്‍നിന്നും അതിവേഗം ഒരുപാട്‌ തന്ത്രങ്ങള്‍ സ്വായത്തമാക്കിയാലെ ബഹുദൂരം പുറകിലായ ഇടതുപക്ഷത്തിന്‌ തിരിച്ചു വരവ്‌ സാധ്യമാകു.
ശെല്‍വരാജ്‌ തോല്‍ക്കണം...വോട്ടിംഗ്‌ യന്ത്രത്തിലൂടെ അമ്പത്തിയൊന്നല്ല ആയിരക്കണക്കിന്‌ വോട്ടേര്‍സിന്റെ വിരല്‍ത്തുമ്പുകളുടെ പ്രഹരമേറ്റ്‌, മേലില്‍ മറ്റൊരാളും കേരളത്തില്‍ ഇത്തരമൊരു നെറികേടിന്‌ മുതിരാത്തവിധം വികൃതമാകണം അദ്ദേഹത്തിന്റെ രാഷ്ട്രീയമുഖം..ജനാധിപത്യ രീതിയില്‍,സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്‌ ദയനീയമായ അന്ത്യം കുറിയ്ക്കണം..ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ ആവശ്യകതയാണത്‌. വെറും കഴുതകള്‍ അല്ല തങ്ങളെന്ന്‌ തെളിയിച്ച്‌ ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക്‌ ആത്മാഭിമാനം നിലനിര്‍ത്താന്‍ ശെല്‍വരാജിന്റെ പരാജയം അനിവാര്യമാണ്‌ .ഒരു പാടു കാലുമാറ്റങ്ങള്‍ കണ്ടിട്ടുണ്ട്‌ കേരളം.,പക്ഷെ ഇതുപോലൊന്ന്‌..ഓന്തിനെപോലെ നിറം മാറുന്ന രാഷ്ട്രീയക്കാര്‍ എന്നൊക്കെ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു..!

എന്നിട്ടും ഇത്രയൊക്കെ ആയിട്ടും.അവസാനം ശെല്‍വരാജ്‌ ജയിയ്ക്കുമായിരിയ്ക്കും..!അറിയാം കുതന്ത്രങ്ങള്‍ക്കും,കുപ്രചരണങ്ങള്‍ക്കും എല്ലാറ്റിനുമുപരി മോഹന വാഗ്ദാനങ്ങള്‍ക്കും മുമ്പില്‍ കീഴടങ്ങുന്നതല്ലെ എന്നും മലയാളികളുടെ പാരമ്പര്യം.മൂന്നടിമണ്ണ്‌ ചോദിച്ചുവന്നവന്റെ ദയനീയഭാവത്തിലും വാചകമടിയിലും വീണ്‌ രാജ്യം മുഴുവന്‍ വിട്ടുകൊടുത്ത്‌ പാതാളത്തില്‍ പോയി ഒളിച്ച ഭീരുവും വിഡ്ഡിയുമായ ഒരു മഹാപ്രഭുവിന്റെ പിന്‍ഗാമികളല്ലെ നമ്മള്‍..ഇപ്പോഴും,ആരുടെയൊക്കയോ അനുവാദം വാങ്ങി ഒരഭയാര്‍ത്ഥിയെന്നപോലെ,അപകര്‍ഷതാബോധം പുറത്തു കാണിയ്ക്കാതിരിയ്ക്കാനായി ഓലക്കുടകൊണ്ട്‌ മുഖം മറച്ച്‌ കുടവയറും താങ്ങി ആണ്ടിലൊരിയ്ക്കല്‍ വിരുന്നുവരുന്ന സുഖലോലുപനായ ആ പാവത്തിന്‌ ഇഷ്ടഭക്ഷണവുമൊരുക്കി ആദരപൂര്‍വം, ആഘോഷപൂര്‍വ്വം സ്വീകരിയ്ക്കുന്ന നമ്മള്‍ അനുയായികളും എന്തൊക്കെ പറഞ്ഞാലും, എത്ര വളര്‍ന്നാലും ഒരര്‍ത്ഥത്തില്‍ ഉള്ളിന്റെയുള്ളില്‍ വെറും പാവങ്ങള്‍ തന്നെയല്ലെ..ഒടുവില്‍ തോറ്റു പോകും..സമ്മര്‍ദ്ദങ്ങള്‍ക്കുമുമ്പില്‍ പതറിപോകും..പാതളത്തില്‍ പോയി മുഖം പൂഴ്ത്തും...

കള്ളവും ചതിയും മാത്രമെ ഉള്ളു എല്ലായിടത്തും..എള്ളോളമല്ല കുന്നോളമാണ്‌ പൊളിവചനങ്ങള്‍ പ്രത്യേകിച്ചും ഭരണതലങ്ങളില്‍..ഒറ്റയടിയ്ക്കു എട്ടു രൂപ കൂടിയ പെട്രോള്‍ വിലവര്‍ദ്ധന ഒരാഴ്ച കഴിയുമ്പോള്‍ ആറായി കുറയും...മാഡത്തിന്റെ പ്രത്യേക താല്‍പ്പര്യംകണക്കിലേടുത്ത്‌ പെട്രോളിനു രണ്ടു രൂപ വില കുറഞ്ഞു..അതാവും വാര്‍ത്ത,.പിന്നേയും അതു ലോപിയ്ക്കും.കൂടിയ കാര്യം ചാനല്‍പ്രഭുക്കള്‍ മുക്കും...എണ്ണകമ്പനി കനിഞ്ഞു,പെട്രോളിനു രണ്ടു രൂപ കുറഞ്ഞു അതു മാത്രമാകും വാര്‍ത്ത..! .എവിടെ നോക്കിയാലും കള്ളപ്പറകള്‍..ചെറുനാഴികള്‍..വിജയഭേരി മുഴക്കുന്ന വാമനന്‍മാര്‍...!

കാലമിനിയുമുരുളും..IPL വരും..സച്ചിന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടേയിരിയ്ക്കും..അങ്കണത്തില്‍ ഓഹരിമരം പൂക്കും തളിര്‍ക്കും ഇലപൊഴിയ്ക്കും...ഡോളറും ഇന്ത്യന്‍ റുപ്പീസും ഏകോദര സഹോദരന്മാരായി ആ മരച്ചുവട്ടില്‍ കണ്ണുപൊത്തിക്കളിയ്ക്കും..ആഗോളചന്ദ്രിക നിലാവ്‌ പൊഴിയ്ക്കും...എണ്ണകമ്പനിയുടെ പുഷ്പകവിമാനം ആകാശത്തുനിന്നും പൂക്കള്‍ വാരിവിതറും..ഇതെല്ലാംകണ്ട്‌ മട്ടുപ്പാവിലിരിയ്ക്കുന്ന മനോമോഹിനിയുടെ മനം കുളിര്‍ക്കും..ഏഴാംക്കടലിനക്കരെയുള്ള പങ്കാളിയുമായി സന്തോഷം പങ്കുവെയ്ക്കും..തൊട്ടപ്പുറത്തെ കുടിലില്‍ കോരന്‍ കുമ്പിളിലെ കഞ്ഞിയുടെ അവസാനത്തുള്ളിയും വറ്റി,ഒരു വറ്റുപോലും ശേഷിയ്ക്കുന്നില്ല എന്ന സത്യം ഞെട്ടലോടേ തിരച്ചറിയും..പാതിവെന്ത വയറുമായി തളര്‍ന്നു മയങ്ങുന്ന മക്കളോടും, മയങ്ങാതെ മയങ്ങുന്ന, നെടുവീര്‍പ്പിടാന്‍ മാത്രമറിയാവുന്ന ഭാര്യയോടും യാത്ര പറയാതെ അര്‍ദ്ധരാത്രി പടിയിറങ്ങും..ബോധിവൃക്ഷ തണലിലേയ്ക്കല്ല..ദൂരെ,ദൂരെ എണ്ണപ്പാടങ്ങള്‍ക്കരികെ ചുട്ടുപഴുത്തുകിടക്കുന്ന മണല്‍ക്കാട്ടിലേയ്ക്ക്‌...അടിമപ്പണി ചെയ്യാന്‍, ആടുജീവിതം നയിയ്ക്കാന്‍..!.അല്ലാതെ എന്തു ചെയ്യും അവന്‍.!..ഇന്നത്തെ ചുറ്റുപാടില്‍ ശരാശരിയ്ക്കു താഴെ ജീവിയ്ക്കേണ്ടിവരുന്ന ഒരു ഇന്ത്യ പൗരന്‍.? ..ആരും കേള്‍ക്കില്ല അവന്റെ രോദനങ്ങള്‍..ആരും കാണില്ല ആ കണ്ണുനീര്‍..ആര്‍ക്കൊക്കയോ വേണ്ടി നിഗൂഡ്ഡ ലക്ഷ്യങ്ങളുമായി ഒരേ വാര്‍ത്തയ്ക്ക്‌ കഥയും തിരക്കഥയും ഉപകഥകളും ഒരുക്കി ദിവസങ്ങളോളം നീളുന്ന വെടിക്കീട്ടിനു തീകൊളുത്തി രസിയ്ക്കുന്നവര്‍ കാണാതെ പോകുന്ന,അല്ലെങ്കില്‍ മനപൂര്‍വ്വം കണ്ടില്ലെന്നു നടിയ്ക്കുന്ന,തമസ്കരിയ്ക്കുന്ന ഇങ്ങിനെ എത്രയെത്ര വാര്‍ത്തകള്‍ നമുക്കു ചുറ്റിലും.!.

കേള്‍ക്കുന്നില്ലെ ആരവം..! കല്ലെറിയുകയാണ്‌.കാപാലികരുടെ,കൊലപാതികളുടെ, വികസനവിരോധികളുടെ പ്രസ്ഥാനത്തിന്റെ അനുയായികളുടെ വീടിനു നേരെ കല്ലെറിഞ്ഞുകൊണ്ടേയിരിയ്ക്കുകയാണ്‌ പാപം ചെയ്യാത്ത ചിലര്‍,.കൊലപാതകം എന്ന വാക്കിന്റെ അര്‍ത്ഥംപോലും അറിയാത്ത നിഷ്കളങ്കരാണവര്‍ .ഗാന്ധിതൊപ്പിയണിഞ്ഞ്‌ അഹിംസമന്ത്രം ജപിയ്ക്കുന്നു അക്കൂട്ടത്തില്‍ ചിലര്‍,.മതമേധാവികള്‍,സാമുദായികാചാര്യന്മാര്‍.അങ്ങിനെ പലരുമുണ്ട്‌ അവര്‍ക്കു തുണയേകാന്‍....മുന്‍നിരയില്‍ തന്നെനിന്ന്‌ അമിതാവേശം കൊള്ളുന്ന അവരില്‍ ചിലരെയൊക്കെ നോക്കി പരലോകത്തിന്റെ ഏതോ കോണിലിരുന്ന്‌ കുറെ ആത്മാക്കള്‍ പരിഹസിച്ചു ചിരിയ്ക്കുന്നു, ഊറിയൂറി ചിരിയ്ക്കുന്നു..ഇതൊന്നു കാണാന്‍ കഴിയില്ല എന്ന മട്ടില്‍ കണ്ണുപൊത്തുന്നു, ചില ആത്മാക്കളുടെ കാതുകളില്‍ കത്തിയെരിയുന്ന തീവണ്ടിയുടെ ഇരമ്പല്‍ ഇപ്പോഴും മുഴങ്ങുന്നു.വെള്ളവസ്ത്രത്തിനുള്ളില്‍പോലും അഭയം കണ്ടെത്താനായില്ലല്ലോ എന്നോര്‍ത്ത്‌ തേങ്ങിക്കരയുന്നു അബലകളായ മറ്റു ചില ആത്മാക്കള്‍!പുനരന്വേഷണങ്ങള്‍ക്കായി കൊതിയ്ക്കുന്ന ഇങ്ങിനെ എത്രയെത്ര ആത്മാക്കള്‍ തെളിഞ്ഞു വരുന്നു മുന്നില്‍..!
-വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം.- ...അയള്‍ പറഞ്ഞു നിര്‍ത്തി.

ഒന്നും മറച്ചു വെയ്ക്കാതെ, കേട്ടിരുന്ന എനിയ്ക്കു ബോറടിയ്ക്കുന്നോ എന്നുപോലും ചിന്തിയ്ക്കാതെ, പറയാനുള്ളതെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത്‌ ആ മനുഷ്യന്‍ തറവാടിന്റെ പടിയിറങ്ങി തന്റെ അജ്ഞാതലോകത്തേയ്ക്കു നടന്നു നീങ്ങുന്നത്‌ വിസ്മയത്തോടെ നോക്കി നിന്നു ഞാന്‍."ഇക്കിളി പൈങ്കിളി സാഹിത്യ രചനയ്ക്കിടയില്‍ ഞാന്‍ വന്നത്‌ ശല്യമായി അല്ലെ..ഇനി തുടര്‍ന്നോളു..ഒരു തറവാടിയ്ക്കു പറ്റിയ പണിതന്നെ" പോകുന്നതിനു മുമ്പെ എന്നെ അങ്ങിനെ പരിഹസിയ്ക്കാനും മറന്നില്ല അയാള്‍ .തെറിച്ചു വീണ അയാളുടെ മുറുക്കാന്‍ തുപ്പലുകള്‍ നടുമുറ്റത്തെ തുളസിത്തറയെ മലിനമാക്കി.ആചാരങ്ങളറിയില്ല, ഉപചാരങ്ങളറിയില്ല,ആള്‍ക്കൂട്ടത്തില്‍ ആളാകാന്‍ മോഹമില്ല,ഒരാധുനിക മനുഷന്‍ അനുവര്‍ത്തിയ്ക്കേണ്ട പെരുമാറ്റ രീതികളും അറിയില്ല...എന്നിട്ടും ആ മനുഷ്യനെ നിഷേധിയ്ക്കാന്‍ കഴിയുന്നില്ല എനിയ്ക്ക്‌..പറിച്ചെറിയാന്‍ കഴിയാത്തവിധം എന്റെ ഉള്ളിന്റെയുള്ളില്‍ അത്രയേറെ പിടിമുറുക്കിയിരിയ്ക്കുന്നു അയാള്‍.ഒരു പക്ഷെ എന്നെങ്കിലും അയാളെന്റെ മനസ്സിനെ പൂര്‍ണ്ണമായും കീഴടക്കുമോ എന്നു ഭയപ്പെടുന്നു ഞാന്‍.അയാള്‍ പോയ്‌മറഞ്ഞു എന്നുറപ്പു വരുത്തി വാതിലടച്ചു..പിന്നെ, അച്ഛനും അമ്മയും പുറത്തുപോയ തക്കത്തില്‍ നെറ്റില്‍ അശ്ലീലസൈറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാനൊരുങ്ങുന്ന ഒരണുകുടുബ ഫ്ലാറ്റിലെ ഒറ്റയാനായ കൗമാരക്കാരന്റെ കൗതുകവും ജിജ്ഞാസയും ഒപ്പം ഇത്തിരി ജാള്യതയും നിറഞ്ഞ്‌ ചുവുന്നുതുടുത്ത മനസ്സോടെ എന്റെ മൗസിന്റെ വിദൂരച്ചുണ്ടുകള്‍ മോണിറ്ററിലൂടെ മെല്ലെ ഇഴയാന്‍ തുടങ്ങി.. സതിച്ചേച്ചിയുടെ ഫോള്‍ഡറും തേടി, കഥ തുടരാന്‍..
 
കൊല്ലേരി തറവാടി
29/05/2012

9 comments:

  1. വാര്‍ത്തകള്‍ വന്നു പോയ്‌ക്കോണ്ടിരിയ്ക്കും. ഒന്നും ആരും അധിക കാലമോര്‍ക്കില്ലല്ലോ മാഷേ...

    ReplyDelete
  2. http://anilphil.blogspot.com/2012/05/blog-post_29.html

    ഇന്നലത്തെ നിസാര വാര്‍ത്തകള്‍

    ReplyDelete
  3. അടുത്ത വാര്‍ത്ത വരെയാണ് ഓരോ വാര്‍ത്തയുടെയും ആയുസ്സ്. നാം എന്ത് കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കുന്നതും മീഡിയ ആണ്. മലയാളച്ചാനലുകളൊന്നും കാണാറില്ല ഞാന്‍. മനം പിരട്ടുന്ന പരസ്യങ്ങള്‍ കണ്ട് മടുത്തു. അവര്‍ പാകം ചെയ്ത് തരുന്ന വാര്‍ത്തകള്‍ കണ്ടും മടുത്തു.

    ReplyDelete
  4. കാലമിനിയുമുരുളും......................
    ആശംസകളോടെ

    ReplyDelete
  5. എന്നും ഒരേ പല്ലവി,എന്നിട്ടും റിമോട്ട് കണ്ട്രോള്‍ കയ്യില്‍ തന്നെ. മലയാളിയുടെ ശീലങ്ങള്‍ മാറാന്‍ പോകുന്നില്ല.

    ReplyDelete
  6. വരുമോരോ വാർത്തകൾ, വന്നുതുപോലെ പോകും,,,

    ReplyDelete
  7. നാട്ടില്‍ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നവരൊന്നും ഇതൊന്നും കാണുന്നില്ല. ചാനലുകളിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് അത് ഒരു തൊഴില്‍ പോലെ ആയിട്ടുണ്ട്.
    ഗള്‍ഫ് നാടുകളിലുള്ളവരാണ് പിന്നെയും ഈ കുന്ത്രണ്ടത്തിനു മുന്നില്‍ ചടഞ്ഞുകൂടുന്നത്. കാലക്രമേണ അവര്‍ക്കും മടുക്കും.
    കുറിപ്പ് നന്നായി. അഭിനന്ദനങ്ങള്‍

    ReplyDelete
  8. കൊല്ലേരീ, ചാനലുകൾ വാർത്തകൾ പാർവതീകരിച്ചു കാണിക്കുന്നു, എന്ന് തന്നെയല്ല,വേട്ടപ്പട്ടിയുടെ ക്രൗര്യത്തോടെ ബലാൽസംഘം ചെയ്യുന്നു എന്നു തന്നെ പറയാം. അതിൽ ചതഞ്ഞരഞ്ഞ് പോകുന്ന ശരികൾ എന്തൊക്കെയാണു എന്നത് അവരിലൊരാളും അന്യേഷിക്കാറില്ല.
    പക്ഷേ നേതാക്കൾ പറയുന്ന വികടത്തരങ്ങളോ ശരികളോ അപ്പാടെ ജനങ്ങളിലേക്കെത്തിക്കാനും അതുവഴി അവർക്ക് അവരുടെ രീതിയിൽ വിശകലനം ചെയ്യാനും പത്രങ്ങളെക്കാളുപരി ദ്യശ്യമാധ്യമങ്ങൾ സഹായിക്കുന്നു.

    ടി.പി വധത്തിൽ പാർട്ടി അല്ലെങ്കിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ അണികളിലൊന്നായ എനിക്കും അമർഷമുണ്ട്. അത് ടിപി മഹാനായ ഒരു വ്യക്തി എന്ന നിലയിലല്ല. കമ്മ്യൂണിസത്തിൽ നിന്ന് പൂർണ്ണമായി അകലാത്ത ഒരു നിരായുധനായ ഒരാളെ ക്വട്ടേഷൻ സംഘത്തിലൂടെ വകവരുത്തിയതിനാണു.

    ഒരു തക്കാളി ചീഞ്ഞാൽ കുട്ടയിൽ നിന്ന് അതെടുത്ത് കളയണം അല്ലെങ്കിൽ എല്ലാം ചീയും എന്ന സത്യം പാർട്ടി മനസ്സിലാക്കണം... നിലപാടുകൾ കർശനമാവേണ്ടിയിരിക്കുന്നു. അധികാരവും,പണത്തിനുമുപരി സാധാരണക്കാരന്റെ പ്രശ്നങ്ങളിലേക്കിറങ്ങിചെല്ലട്ടെ. വോട്ടിനു വേണ്ടി പ്രവർത്തിക്കാതിരിക്കട്ടെ,

    ഒരു സാധാരണ കമ്മ്യൂണിസ്റ്റിൻറ്റെ വേദന വരച്ചിടാൻ ഞാൻ എന്റെ പുതിയ ബ്ലോഗ് പോസ്റ്റിലൂടെ ശ്രമിച്ചിട്ടുണ്ട് http://sumeshvasu.blogspot.com/2012/05/blog-post_31.html

    വായിക്കാൻ ശ്രമിക്കുമല്ലോ,

    പിന്നെ ടിവി മാധ്യമങ്ങളുടെ ദുസ്വാധീനത്തിന്റെ മറ്റൊരു കാര്യം.... മുതിർന്നവരെ വിട്ടേക്കൂ, ഒരു കുട്ടി അവന്റെ 15 ഏജ് വരെ എത്ര ബലാൽസംഘങ്ങളും,വെടിവെപ്പുകളും,കത്തിക്കുത്തുകളും,അവിഹിതബന്ധങ്ങളും കാണുന്നുണ്ടാവും, അസംഘ്യം അല്ലേ... പലതുള്ളിപെരുവെള്ളം പോലാണത്... ഇതൊക്കെ കാണുകയും അതേസമയം പാപമെന്ന് മറ്റുള്ളവർ പറയുന്ന കാര്യം ചെയ്യാനുള്ള ത്വര മനുഷ്യസഹജം... അതുകൊണ്ട് ഈ മാധ്യമങ്ങ്ക്കൾക്കൊക്കെ ചെറിയ രീതിയിലെങ്കിലും നിയന്ത്രണം അവശ്യമാണു... സത്യമേവജയതേ പോലുള്ള പ്രോഗ്രാമുകൾ വിജയിക്കട്ടെ.
    പോസ്റ്റ് നന്നായി

    ReplyDelete
  9. ...."-വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം.-"
    അതേ!!

    ReplyDelete