Wednesday, February 15, 2012

വീണ്ടും കുറച്ചു ചാനല്‍ വെളിപാടുകള്‍...

ഒരിയ്ക്കല്‍ പറഞ്ഞുതീര്‍ത്ത വിമര്‍ശനത്തിന്റെ ഭാണ്ഡക്കെട്ടുത്തന്നെ വീണ്ടും എന്തിനു പുറത്തെടുക്കുന്നു കൊല്ലേരി.?. എന്റെ വരികളെ ഇഷ്ടപ്പെടുന്ന ബൂലോകത്തെ ആ അപൂര്‍വ്വം ചിലരുടെ നെറ്റി ചുളിയുന്നത്‌ കാണുന്നു ഞാന്‍..വിമര്‍ശനം,ആവര്‍ത്തനം മാധ്യമങ്ങള്‍ എപ്പോഴും പയറ്റുന്ന രീതി തന്നെയല്ലെ ഇത്‌ എന്ന ചോദ്യവും കേള്‍ക്കാതേയല്ല..മറ്റൊരാള്‍ക്കുനേരേ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകള്‍ എങ്ങോട്ടാണ്‌ ചലിയ്ക്കുന്നതെന്ന തിരിച്ചറിവോടുകൂടി തന്നെയാണ്‌ ഇതു കുറിയ്ക്കുന്നത്‌.

മുമ്പ്‌,സ്വയാശ്രയമോഹങ്ങള്‍ പൂവണിഞ്ഞ്‌ വിദ്യാഭ്യാസം പൂര്‍ണ്ണമായും വാണിജ്യവല്‍ക്കരിയ്ക്കുന്നതിനുമുമ്പ്‌, മതപ്രസ്ഥാനങ്ങള്‍ ഒരു മടിയുംകൂടാതെ മറനീക്കി രാഷ്ട്രീയവിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങുന്നതിനുമുമ്പ്‌.സമൂഹം ഒരു പുരോഹിതിനു കല്‍പ്പിച്ചുകൊടുത്തിരുന്ന സ്ഥാനവും ബഹുമാനവും ഓര്‍ക്കുന്നില്ലെ..നാട്ടിന്‍പുറത്തെ തെരുവുകളിലൂടെ ലാളിത്യത്തിന്റേയും നന്മയുടെയും പ്രതീകമായി സൈക്കിളില്‍ ഒഴുകിനീങ്ങിയിരുന്ന അദ്ദേഹത്തെ ജാതിമതഭേദമന്യെ ജനങ്ങള്‍ ബഹുമാനിച്ചിരുന്നു,ടയറിലെ എയറുകുറഞ്ഞ്‌ വേഗതയിത്തിരി കുറഞ്ഞാല്‍, അറിയാതെ പോലും ആ വെള്ളവസ്ത്രത്തില്‍ അല്‍പ്പം അഴുക്കു പുരണ്ടാല്‍.,നെറ്റിയൊന്നു വിയര്‍ത്ത്‌ മുഖത്തെ തേജസ്സിന്‌ അല്‍പ്പം മങ്ങലേറ്റാല്‍ അസ്വസ്ഥമാകുമായിരുന്നു സമൂഹം ഒന്നടങ്കം. അന്ന്‌ പുരോഹിതന്മാര്‍ക്കുണ്ടായിരുന്ന സാമൂഹികപ്രതിബദ്ധത അല്ലെങ്കില്‍ ഇന്നത്തെ ചുറ്റുപാടില്‍ ഒരര്‍ത്ഥത്തില്‍ അതിലും വലിയ ധാര്‍മ്മിക ഉത്തരവാദിത്വം ഓരോ മാധ്യമപ്രവര്‍ത്തകനും ഉണ്ടായിരിയ്ക്കണം എന്നു തോന്നാറുണ്ടെനിയ്ക്ക്‌...21" സ്ക്രീനിലൂടെ പലപ്പോഴും അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ സമൂഹമദ്ധ്യത്തിലേയ്ക്കു കടന്നു ചെല്ലുന്ന ദൃശ്യമാധ്യമങ്ങള്‍ സാംസ്കാരികമായും ഭൗതികമായും എന്തിന്‌ ആത്മീയമായിപോലും ജനമനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനം അത്രമാത്രം വലുതാണ്‌.സമൂഹമനഃസാക്ഷിയുടെ ചലനങ്ങള്‍,അതിലുപരി അഭിരുചികള്‍ വരെ നിര്‍ണ്ണയിയ്ക്കുന്നത്‌ മാധ്യമങ്ങളാണ്‌ എന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.പക്ഷെ, ഭാരിച്ച്‌ ഈ ഉത്തരവാദിത്വത്തിന്റെ ഗൗരവം, പരസ്പരമുള്ള മല്‍സരത്തിനിടയില്‍ പലപ്പോഴും ഓര്‍ക്കാതെ പോകുന്നു അവര്‍ ..TAM റേറ്റിങ്ങിലെ ഒന്നാംസ്ഥാനത്തിനായി എല്ലാം മറന്ന്‌ മുന്നോട്ടു കുതിയ്ക്കുന്നിതിനടയില്‍ തൊട്ടുമുന്നില്‍ വീണുകിടക്കുന്നവന്‍ പോലും അവര്‍ക്കിരകളാകുന്നു,നിര്‍ദ്ദയം ചവിട്ടിമെതിച്ചു കടന്നുപോകുന്ന നിമിഷവും കഥകള്‍ മെനയുന്നു.ധാര്‍മ്മികത പൂര്‍ണ്ണമായി നഷ്ടപ്പെട്ട്‌, മനഃസാക്ഷി മരവിച്ച്‌ മൂല്യച്ച്യുതിയുടെ വക്താക്കളായി മാറുന്നു ന്യൂനപക്ഷമെങ്കിലും..
ഉന്നതോഷ്മാവില്‍ ഉരുകിയൊലിച്ച്‌ ഉറകളായി മാറുന്ന പ്ലാസ്റ്റിക്‌തരികളുടെ മടുപ്പിയ്ക്കുന്ന ഗന്ധം നിറഞ്ഞ ഫാക്ടറിയന്തരീക്ഷത്തില്‍ ചിലവഴിയ്ക്കേണ്ടിവരുന്ന പന്ത്രണ്ടു മണിക്കൂറുകള്‍ക്കൊടുവില്‍ മകരനിലാവില്‍ മരവിച്ചുനില്‍ക്കുന്ന മരുഭൂമിയിലൂടെയുള്ള അരമണിക്കൂറലധികം നീണ്ട യാത്രയും കഴിഞ്ഞ്‌ റൂമിലെത്തി കമ്പിളിയുടുപ്പുകള്‍ ഊരിമാറ്റി വലിച്ചെറിയുന്നതിനുമുമ്പെ,ജോലിഭാരത്താല്‍ മരവിച്ച മനസ്സിനും ശരീരത്തിനും കുളിര്‍മ പകരാനായി പതിവുപോലെ അവയിലബിള്‍ ചാനല്‍ തുറന്നപ്പോള്‍ കാണാനിടയായ ഒരു പ്രോഗ്രാമിനോടു തോന്നിയ അമര്‍ഷവും അറപ്പുമാണ്‌ വീണ്ടും ഈ നീണ്ട പോസ്റ്റിനു നിദാനം..അത്രമാത്രം സങ്കടം തോന്നി അതു കണ്ടപ്പോള്‍ ഒപ്പം ലജ്ജയും.. 

ആശയസംഘട്ടനങ്ങളില്‍ നിന്നുമുടലെടുക്കുന്ന അസ്വാരസ്യങ്ങളുടേയും,വാദപ്രതിവാദങ്ങളുടേയും, കലഹങ്ങളുടേയുമെല്ലാം ലോകം നശ്വരമാണെന്നും ജീവിതത്തിന്റെ ഡയറിക്കുറിപ്പില്‍ കുറിച്ചുവെയ്ക്കപ്പെടുന്ന സൗഹൃദത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ മാത്രമെ ശാശ്വതമായി നിലനില്‍ക്കു എന്ന സന്ദേശം നല്‍കി, കാലമെത്ര കഴിഞ്ഞാലും,.ഋതുക്കളെത്ര കടന്നുപോയാലും വാടികൊഴിയാത്ത ഒരേ ഒരു പുഷ്പമയുള്ളു, ഒരു പെണ്ണിന്റെ ഹൃദയാരാമത്തില്‍ ഒരിയ്ക്കല്‍ പൊട്ടിവിടര്‍ന്നു കഴിഞ്ഞാല്‍പിന്നെ ജീവിതകാലം മുഴുവന്‍ പുതുമ നശിയ്ക്കാതെ സുഗന്ധം പരത്തുന്ന പ്രണയപുഷ്പം..!.തത്ത്വമസിയുടെ പൊരുളറിഞ്ഞിട്ടും,ഇത്രയും ലളിതവും മനോഹരവുമായ സത്യം എന്തെ താന്‍ ഇതുവരെ അറിയാതെപോയി എന്ന അമ്പരപ്പിനുമപ്പുറം, അന്ത്യനിമിഷങ്ങള്‍ക്ക്‌ തൊട്ടുമുമ്പെങ്കിലും അതിനുള്ള ഭാഗ്യമുണ്ടായല്ലൊ എന്ന നിര്‍വൃതിയില്‍ ലയിച്ച്‌ മരണശയ്യയിലെ വേദനകള്‍ക്കിടയില്‍പോലും അപൂര്‍വ്വാനുഭവങ്ങളുടെ അസംഖ്യം സന്ദര്‍ഭങ്ങളൊരുക്കി കണ്ണുനീര്‍ത്തുള്ളികള്‍ക്കൊപ്പം വിസ്മയത്തിന്റേയും ചിന്തകളുടെയും അഭൗമ നിമിഷങ്ങള്‍ സമ്മാനിച്ച്‌ പിരിഞ്ഞുപോയ അഴിക്കോട്‌ മാഷെ അനുസ്മരിയ്ക്കുന്ന ആ പ്രോഗ്രാമിന്റെ അവസാനഭാഗമാണ്‌ ഞാന്‍ കണ്ടത്‌..അഴിക്കോട്‌മാഷ്‌ മോഹന്‍ലാലിനെ പച്ചയ്ക്കു പച്ചയായി വിമര്‍ശിയ്ക്കുന്നു,!...അതിനു മോഹന്‍ലാലിന്റെ ചുട്ട മറുപടി..!തീര്‍ന്നില്ല.."ആ കാര്‍ന്നോര്‍ക്ക്‌ രാമനാമം ജപിച്ച്‌ മിണ്ടാതിരുന്നു കൂടെ." ഇന്നസെന്റിന്റെ ഇടപെടല്‍.!.അതിന്‌ സ്വതസിദ്ധശൈലിയില്‍ ഉരുളയ്ക്കുപ്പേരിയുമായ മാഷുടെ മറുപടി..!!

പരിഭവങ്ങള്‍, പരാതികള്‍ പിണക്കങ്ങള്‍ എല്ലാം പറഞ്ഞുതീത്ത്‌ ഒരു കടവും ബാക്കിവെയ്ക്കാതെ തെളിഞ്ഞ മനസ്സും,ശൂന്യമായ കൈകളുമായി ഹജ്ജിനുപോകുന്ന ഒരു തീര്‍ത്ഥാടകനുസമാനം സ്വന്തം ഭൂമിയില്‍നിന്നും ഇതിലും വലിയ മറ്റേതോ ലോകത്തേയ്ക്കു യാത്രയായ ആ മഹത്മാവിന്റെ പട്ടടയുടെ ചൂടാറും മുമ്പെ എന്തിനായിരുന്നു വീണ്ടും ഈ വിഴുപ്പലക്കല്‍..ആരെ രസിപ്പിയ്ക്കാനായിരുന്നു.എല്ലാരും എന്നെ മറന്നതല്ലെ അതെല്ലാം ?

ആ പുളിച്ച ട്രിക്സ്സിനൊടുവില്‍ അവതാരകന്റെ മുഖത്തു വിരിഞ്ഞ നികൃഷ്ടമായ ആ പുഞ്ചിരിയുണ്ടല്ലോ അതു കണ്ടപ്പോള്‍ പരദൂഷണത്തിനും നാരദപണിയ്ക്കുമൊടുവില്‍ കേട്ടു നില്‍ക്കുന്നവരുടെ ദേഹത്തേയ്ക്കു തെറിയ്ക്കുമോ എന്നൊന്നും ചിന്തിയ്ക്കാതെ, ഒരൗചിത്യവുമില്ലാതെ വായ്‌ മുഴുവന്‍ തുറന്ന്‌ മുറുക്കാന്‍തുപ്പല്‍ ചുറ്റിലും തെറിപ്പിച്ച്‌ പരിഹാസത്തോടെ ചിരിയ്ക്കുന്ന ആശാരിച്ചി കുറുമ്പയേയാണ്‌ എനിയ്ക്കോര്‍മ്മ വന്നത്‌.എന്റെ കുട്ടിക്കാലത്തു ഞങ്ങളുടെ നാട്ടിലെ പേരുടെത്ത പരദൂഷണക്കാരിയിരുന്നു കുറുമ്പ.എഴുപതു വയസ്സോളം.നല്ല വെളുത്ത നിറം.നീണ്ട മൂക്ക്‌, തോടയിട്ടു നീണ്ടുപോയ കാതുകള്‍ ഒത്ത ഉയരം. പരിഹാസം നിറഞ്ഞുതുളുമ്പുന്ന ചിരി.പോരാത്തതിന്‌ ഒന്നൊന്നരമുഴം നീളമുള്ള നാക്കിന്‌ വല്ലാത്ത മൂര്‍ച്ചയായിരുന്നു.,ഏതു കൊച്ചുകാര്യവും പൊടിപ്പുംതൊങ്ങലും ചേര്‍ത്ത്‌ പെരുപ്പിച്ചുകാട്ടി കേള്‍വിക്കാരെ രസിപ്പിയ്ക്കാനുള്ള കഴിവ്‌ അപാരമായിരുന്നു..ഇന്ന്‌ ഈ നൂറ്റാണ്ടിലാണ്‌ അവര്‍ ജീവിച്ചിരുന്നതെങ്കില്‍ ചാനലുകാര്‍ മല്‍സരിച്ച്‌ ചോദിയ്ക്കുന്ന കാശും കൊടുത്ത്‌ കൊത്തിക്കൊണ്ടുപോയി ഇത്തരം പ്രോഗ്രാമുകളുടെ മുന്‍ നിരക്കാരിയാക്കിയേനെ അവരെ.. 

പ്രണയങ്ങള്‍,വേലിചാട്ടങ്ങള്‍,അവിഹിതഗര്‍ഭങ്ങള്‍,അലസിപ്പിയ്ക്കല്‍, മരണങ്ങള്‍,ഒഴിമുറികേസുകള്‍, ,ഗ്രാമയക്ഷിയെചൊല്ലി പഞ്ചയാത്താപ്പീസില്‍ മെമ്പറുമാരുടെ ഇടയില്‍ നടന്ന കടിപിടികള്‍ .എന്തിന്‌ പേര്‍ഷ്യേന്ന്‌ അവധിയ്ക്കു വന്ന പദ്‌മനാഭേട്ടന്റെ പെട്ടി തുറന്നപ്പോള്‍ അതിന്റെ അറകള്‍ക്കുള്ളില്‍ അടക്കിവെച്ചിരിയ്ക്കുന്ന സ്വര്‍ണ്ണശേഖരത്തിന്റെ കാഴ്ച..ഇങ്ങിനെ നാട്ടിലെ ഒരുപിടി വാര്‍ത്തകളുമായി വടിയും കുത്തിപിടിച്ച്‌ ഓരോ ദിവസം ഓരോരോ വീടുകളില്‍ കയറിയിറങ്ങുമായിരുന്നു അവര്‍..ഭാഗ്യത്തിന്‌ സ്കൂളില്ലാത്ത ശനിയാഴ്ചകളില്‍ രാവിലെ പത്തുമണിയോടേയാണ്‌ എന്റെ വീട്ടില്‍ അവരെത്താറ്‌.."കുട്ടികള്‍ക്കു കേക്കേണ്ട കാര്യങ്ങളല്ലിത്‌,പോയിരുന്ന്‌ പഠിയ്ക്കു..അല്ലെങ്കില്‍ എന്തെങ്കിലും കളിയ്ക്കു." അമ്മ കണ്ടാല്‍ വഴക്കുപറയുമെന്നറിയാമായിരുന്നതുകൊണ്ട്‌ ചെവിയും കൂര്‍പ്പിച്ച്‌ അടുക്കളവാതിലിന്റെ പുറകില്‍ മറഞ്ഞിരുന്ന്‌ വള്ളിപുള്ളിവിടാതെ എല്ലാം കേള്‍ക്കുമായിരുന്നു ഞാനും അപ്പുറത്തെ വീട്ടിലെ രമചേച്ചിയും. ചാനലുകളും സീരിയലുകളും ഇല്ലാത്ത കാലം..മംഗളവും മനോരമയും അത്രയേറെ പ്രചാരം നേടി തുടങ്ങിയിരുന്നുമില്ല അന്ന്‌.സ്വാഭാവികമായും ഇത്തരം കഥകള്‍ ഇഷ്ടപ്പെടുന്ന എല്ലാവീട്ടമ്മമാര്‍ക്കും അവരെ കാര്യമായിരുന്നു.അത്യാര്‍ത്തി ഇല്ലായിരുന്നു അവര്‍ക്ക്‌,വയറു നിറച്ച്‌ കഞ്ഞി,ഒരു നാളികേരം,.ഒരുകഷ്ണം പുകല, നാഴി അരി,തൊടിയില്‍ നിന്നും കിട്ടുന്ന കുറച്ചടയ്ക്ക, വെറ്റില,നാലണ അല്ലെങ്കില്‍ എട്ടണ...അതുകൊണ്ടൊക്കെ തൃപ്തിയടയുമായിരുന്നു അവര്‍. ജേണലിസത്തിന്റെ വലിയ വലിയ പരൂഷകളൊന്നും പാസാകാതെ,ടൈയും കോട്ടും സ്യൂട്ടുമൊന്നുമണിയാതെ, രംഗസജ്ജികരണം,കാമറ ഇത്തരം സന്നാഹങ്ങളൊന്നുമില്ലാതെ ലാളിത്യത്തില്‍ പൊതിഞ്ഞ നിഷ്കളങ്കമായ ആ പരദൂഷണാവതരണ രീതിയ്ക്ക്‌ കൂടുതല്‍ ചന്തമുണ്ടായിരുന്നു എന്നു തോന്നുന്നു ഇപ്പോളത്തെ പലരുമായി ഒരു താരതമ്യത്തിനൊരുങ്ങുന്ന എന്റെ മനസ്സിന്‌.

ഗ്രാമീണതയുടെ അടക്കത്തോടെ,.ഇല്ലായ്മ സമ്മാനിയ്ക്കുന്ന ദൈന്യത നിറഞ്ഞ ഒതുക്കത്തോടെ ഒരു ചാണ്‍ വയറിനു വേണ്ടിയുള്ള അഭ്യാസപ്രകടനം മാത്രമായിരുന്നു പാവം കുറുമ്പ അന്ന്‌ നടത്തിയിരുന്നത്‌.!

ഇന്നോ.?.വല്ലാതെ മാറിയിരിയ്ക്കുന്നു മാധ്യാമാന്തരീക്ഷം തന്നെ. പക്വതയില്ലായ്മ,വിവേകരാഹിത്യം,കാര്യകാരണവിവേചനം കൂടാതെയുള്ള സമീപനങ്ങള്‍,അനുഭവങ്ങളുടെ അപരാപ്ത്യത,ചരിത്രാവബോധത്തിന്റെ അഭാവം സമ്പന്നതയുടെ അതിപ്രസരം,സുഖലോലുപത ഇതൊക്കയല്ലെ ആധുനിക ജേണലിസത്തിന്റെ മുഖമുദ്രകള്‍.കക്ഷത്തില്‍ ഡയറിയും ചുണ്ടില്‍ മുറിബീഡിയും പൊരിയുന്ന വയറുമായി നീതിയ്ക്കുവേണ്ടി പൊരുതി സമൂഹത്തില്‍ അലഞ്ഞിരുന്ന പട്ടിണിക്കാരായ പത്രപ്രവര്‍ത്തകരുണ്ടായിരുന്നു നാട്ടില്‍ എന്ന്‌ ഇന്നത്തെ കുട്ടികളെ എങ്ങിനെ വിശ്വസ്സിപ്പിയ്ക്കാന്‍ കഴിയും നമുക്ക്‌, പഴയകാല സിനിമകളുടെ സീഡി കാണിച്ചു കൊടുക്കേണ്ടി വരും അല്ലെ.

ഞാനോര്‍ക്കുന്നു എന്റെ സ്ക്കൂള്‍ പ്രായത്തില്‍ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ വായിയ്ക്കാതെ ഉറങ്ങാന്‍ പാടില്ല എന്ന്‌ അച്ഛന്‌ നിര്‍ബന്ധമായിരുന്നു..ഇന്ന്‌ ഏതു പത്രത്തിന്റെ എഡിറ്റോറിയല്‍ വായിയ്ക്കാനാണ്‌ ഞാനെന്റെ മകനോടു പറയേണ്ടത്‌.! അടിയന്തരാവസ്ഥയുടെ നാളുകളില്‍ എഡിറ്റോറിയല്‍ കോളം ശ്യൂന്യമാക്കി പത്രസ്വാതന്ത്രധ്വംസനത്തിനെതിരെ എത്ര അര്‍ത്ഥഗര്‍ഭമായാണ്‌ പല പത്രങ്ങള്‍ക്കും പ്രതികരിയ്ക്കാന്‍ കഴിഞ്ഞത്‌ അന്ന്‌..ഇന്നോ..? എഡിറ്റോറിയല്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും മറന്നിരിയ്ക്കുന്നു പലരും,പല പത്രാധിപന്മാര്‍ക്കും അതൊരു അനാവശ്യ കോളമായി മാറിയിരിയ്ക്കുന്നു.

ഹരിശ്രീകുറിയ്ക്കുന്ന നാളുതൊട്ടെ പത്രവായനയിലൂടെ തുടങ്ങുന്ന മലയാളി മനസ്സിന്റെ വാര്‍ത്തമോഹങ്ങളിലേയ്ക്ക്‌ ദൃശ്യവിന്യാസങ്ങളുടെ മാസ്മരികലോകമൊരുക്കുന്ന അനന്തമായ വിപണനസാധ്യതകള്‍ മനസ്സിലാക്കിട്ടാവാം കൂണുപോലെ മുളച്ചുപൊങ്ങുന്ന് ന്യൂസ്‌ചാനലുകള്‍ സമൂഹത്തിന്‌ ഭാരവും ഒപ്പം ശാപവുമായി മാറാന്‍ തുടങ്ങിയിരിയ്ക്കുന്നു.
വേട്ടക്കാരന്റെ മനസ്സില്‍ ഇരയ്ക്കെന്നും ഒരേ മുഖമേയുള്ളു.ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ ചിന്തകളിലും..മുന്നില്‍ വന്നുപെടുന്ന ഇര ഒരു മനുഷ്യനാണെന്നുപോലും ഓര്‍ക്കില്ല പലരും.അവന്റെ അവസ്ഥ,ചുറ്റുപാടുകള്‍, ഇതുമൂലം അവനുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഇതൊന്നും ആഴത്തില്‍ ചിന്തിയ്ക്കാന്‍ മിനക്കെടില്ല..പ്രൊഫഷനിലെ മിടുക്ക്‌,വേഗത.മംസത്തിന്റെ തിളക്കം മങ്ങുമുമ്പെ,രക്തത്തിന്റെ മണം മാറുമുമ്പെ ഏറ്റവും വേഗത്തില്‍,കഴിയുമെങ്കില്‍ എക്‍സ്‌ക്ലൂസ്സിവായിത്തന്നെ സ്ക്രീനില്‍ എത്തിയ്ക്കണം.അതുമാത്രം,അതുമാത്രമാകും ലക്ഷ്യം. ഈ വ്യഗ്രതയില്‍ ക്യാമറയുടെ കഴുകന്‍ കണ്ണുകള്‍ പലപ്പോഴും അമ്മയേയും സഹോദരിയേയും തിരിച്ചറിയാതെ പോകുന്നു..ഇക്കഴിഞ്ഞ നവവല്‍സര സന്ധ്യക്ക്‌ കേരളത്തിലെ ഒരു മെട്രൊ നഗരത്തില്‍ കയ്യില്‍ ബിയര്‍കുപ്പികളും,ചുണ്ടില്‍ ഉത്സവലഹരിയുടെ തരിപ്പുമായി തെരുവിലൊടെ ആര്‍മാദിച്ചലയുന്ന കുറെ കോളേജുകുമാരികള്‍ ചെന്നുപെട്ടത്‌ ഈ കണ്ണുകള്‍ക്കു മുന്നിലായിരുന്നു..എങ്ങിനെയൊക്കെ ആങ്കലേയ സംസ്കാരം അനുകരിയ്ക്കാന്‍ ശ്രമിച്ചാലും ഉള്ളിന്റെയുള്ളില്‍ പൈതൃകമായി കിട്ടിയ മലയാണ്മ ഇനിയും പൂര്‍ണ്ണമായി കൈമോശം വന്നിട്ടില്ലല്ലൊ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌,അതുകൊണ്ടാവം"അരുത്‌ തങ്ങളെ ചിത്രികരിയ്ക്കരുത്‌."ആംഗ്യഭാഷയില്‍ അഭ്യര്‍ത്ഥിച്ചു ചിലര്‍, ബിയര്‍കുപ്പികള്‍കൊണ്ട്‌ മുഖം മറയ്ക്കാന്‍ ശ്രമിച്ചു മറ്റുചിലര്‍...ആരു കേള്‍ക്കാന്‍..!അതും ഭംഗിയായി ഒപ്പിയെടുത്തു സംപ്രേക്ഷണംചെയ്തു.എത്രയൊക്കെ ആധുനികത അവകാശപ്പെട്ടാലും ഉള്ളിന്റെയുള്ളില്‍ യാഥാസ്ഥികരാണ്‌ ഇന്നും പല രക്ഷിതാക്കളും പ്രത്യേകിച്ച്‌ വിവാഹകമ്പോളത്തില്‍, എന്തിന്‌ ചില നവവരന്മാര്‍ പോലും...ഒരു പക്ഷെ ഇത്തരമൊരു ദൃശ്യം കേരളമാട്രിമോണിയലിനുപോലും രക്ഷിയ്ക്കാന്‍ കഴിയാത്തവിധം..ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തു കളയില്ലെന്നാരു കണ്ടു...
ആരോടു ചോദിയ്ക്കാന്‍ .?.
അല്ലെങ്കില്‍ ചാനലുകാരെ മാത്രം എന്തിനു പറയണം..നാട്ടില്‍ പട്ടണങ്ങളിലെ പാതായോരങ്ങളില്‍, ദുബായിലെ പൂരപ്പറമ്പില്‍ മൈക്കും ക്യാമറയുമായി ഇരയെ കാത്തു പതുങ്ങിനില്‍ക്കുന്ന അവതാരകന്റേയും അവതാരകയുടെയും മുന്നില്‍ ചെന്നുപ്പെട്ടാല്‍ സ്വയം മറക്കും നമ്മളില്‍ പലരും..മറ്റേതോ ഗ്രഹത്തില്‍നിന്നും വന്ന ഉപരിവര്‍ഗത്തില്‍പ്പെട്ട ആരുടേയൊ മുന്നിലാണ്‌ നില്‍ക്കുന്നതെന്നവണ്ണം പരിഭ്രമിയ്ക്കും,അവരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ തൊണ്ടയിലെ ഉമിനീരുവറ്റും,ശബ്ദം വല്ലാതെ താണുപോകും.അവരൊരുക്കുന്ന പരിഹാസ തിരക്കഥയുടെ താളത്തിനു ചാഞ്ചാടികളിയ്ക്കുന്ന കഥാപാത്രങ്ങളായി മാറും,.സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ പെട്ടവര്‍പോലും.ചാനല്‍ പ്രോഗ്രാമുകളില്‍ ഭര്‍ത്താവ്‌ ഭാര്യേ അനുകരിയ്ക്കും, ഭാര്യ തിരിച്ച്‌ ഭര്‍ത്താവിനേയും.. നാളെ മുന്നില്‍ വലിയൊരു കലത്തില്‍ ചുടുചോറ്‌ വെച്ചുകൊടുത്താല്‍ രണ്ടുപേരും മല്‍സരിച്ച്‌ കയ്യിട്ടു വാരും, ലക്ഷക്കണക്കിന്നു കണ്ണുകളിലെ പരിഹാസം ഏറ്റുവാങ്ങുകയാണ്‌ തങ്ങളെന്ന സത്യം ഒരു നിമിഷമെങ്കിലും ഓര്‍ക്കാന്‍പോലും നില്‍ക്കാതെ.!

13 comments:

  1. ചാനല്‍ വെളിപാടുകള്‍ എന്ന പേരിലൊരു സെക്കന്‍ഡ്‌ ബ്ലോഗു തുടങ്ങി ആഴ്ചതോറും ഇങ്ങിനെ ഓരോ പോസ്റ്റിട്ടാലൊ എന്നു മോഹം തോന്നി എനിയ്ക്ക്‌ ഇതെഴുതുമ്പോള്‍...സമയക്കുറവ്‌,ആധികാരികമായി എന്തെങ്കിലും കുത്തിക്കുറിയ്ക്കാന്ത്തക്കവണ്ണമുള്ള അറിവിന്റെ അഭാവം.ആറ്റിക്കുറുക്കിയെഴുതി ആളുകളെ ആകര്‍ഷിയ്ക്കാന്‍ ഇനിയും പഠിയ്ക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്ന ചിന്ത.അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും അതൊരു പ്രതികരണം സൃഷ്ടിയ്ക്കാന്‍ കഴിയാത്ത,പ്രയോജനമില്ലാത്ത പ്രയത്നമായി മാറുമെന്ന തിരിച്ചറിവില്‍ ആ മോഹം മുളയിലെ നുള്ളിക്കളഞ്ഞു ഞാന്‍.. നേര്‍സുമാരുടെ സമരം,.കാസിനോവമാരുടെ ക്രിക്കറ്റ്‌ ഭ്രമം, സിനിമ കടിപിടി.ഇങ്ങിനെ ഇനിയും ഒരുപാടു കാഴ്ചകള്‍ ബാക്കി...

    ReplyDelete
  2. വേറെ എന്തെങ്കിലുമൊക്കെ പറയുന്നതായിരുന്നു നല്ലത്.

    ReplyDelete
  3. ചാനല്‍ പരിപാടികള്‍ ഞാന്‍ കാണാറില്ല അതുകൊണ്ട് അതിന്റെതായ ആശ്വാസമുണ്ട്.
    എഴുപതു വയസ്സോളം പ്രയമുള്ള കുറുമ്പയുടെ കഥ ഏറെ രസമായി. എന്തോക്കെ പരദൂഷണം അവര് പറഞ്ഞിട്ടുണ്ടെങ്കിലും അതിന് ഒരു നാട്ടുമ്പുറത്തിന്റെ നൈര്‍മല്യവും വിശുദ്ധിയും ഉള്ളിന്റെ ഉളളിലെ സ്നേഹവാത്സല്യവും ഒരോ കഥയ്ക്ക് ഒപ്പവും ഉണ്ടയിരുന്നിരിയ്ക്കണം, അതുകൊണ്ടണല്ലൊ ഇന്നും "ഒരൗചിത്യവുമില്ലാതെ വായ്‌ മുഴുവന്‍ തുറന്ന്‌ മുറുക്കാന്‍തുപ്പല്‍ ചുറ്റിലും തെറിപ്പിച്ച്‌ പരിഹാസത്തോടെ ചിരിയ്ക്കുന്ന ആശാരിച്ചി കുറുമ്പയെ"കൊല്ലേരി തറവാടി പോലും മറക്കാത്തത്.

    ReplyDelete
  4. ആ കുറുമ്പ എല്ലായിടത്തൂം ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോഴുള്ളത്.... ചാനലിൽ കാണുന്നത്..ചിലപ്പോഴൊക്കെ വല്ലാതെ പേടിയാവാറുണ്ട്.....

    ഇനിയും കുറിപ്പുകൾ എഴുതുക.

    ReplyDelete
  5. ന്യൂ ഡല്‍ഹി സിനിമ പോലെ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍
    പോലും ഉടനെ ഉണ്ടായേക്കും ഈ പോക്ക് പോയാല്‍...

    ReplyDelete
  6. കഥയല്ലിതു ജീവിതം.... കെട്ട കാലത്തിലെ കോലം കെട്ട്... അതില്‍ ഭര്‍ത്താവ് കളിപ്പാവപോലെ ആടി കളിക്കുന്നതും, അഴീകൊടിന്റെ അന്ത്യ നിമിഷങ്ങള്‍ ലൈവായി കാണിച്ചു മത്സരിക്കുന്നതും, ഭര്‍ത്താവിന്റെ അവിഹിതം ഭാര്യയും , ഭാര്യയുടെത് ഭര്‍ത്താവും ചാനലില്‍ വന്നു വിളിച്ചു പറയുന്നതും... എല്ലാം സദാരണം...

    ചാനലിനെ പറഞ്ഞിട്ട് കാര്യമില്ല... ചാടികളിക്കെട കൊച്ചുരാമാ... എന്ന് പറയുമ്പോള്‍ ചാടാന്‍ നില്‍കുന്ന വാനരപടയെ പറഞ്ഞാല്‍ മതിയല്ലോ.....

    ReplyDelete
  7. എരിവും,പുളിയും,ചൂടുമുള്ള വാര്‍ത്തകള്‍ക്കുവേണ്ടി നെട്ടോട്ടമോടുകയല്ലേ
    ചാനലുകളും,മാധ്യമങ്ങളും."ആശാരിച്ചി കുറമ്പമാര്‍" എല്ലാ കാലത്തും എല്ലാ
    നാട്ടിലും ഉണ്ടാകും.മറ്റൊരു രൂപഭാവങ്ങളില്‍ ആകുമെന്നുമാത്രം.
    ഒന്നും പാടെ വിശ്വസിക്കാതിരുന്നാല്‍ മതിയല്ലോ!
    ആശംസകള്‍

    ReplyDelete
  8. പിന്നെയും കൊല്ലേരി തകര്‍ത്തു. മാധ്യമങ്ങളോട് പലപ്പോഴും ഇപ്പോള്‍ എല്ലായ്പ്പോഴും തോന്നുന്ന ഒരു വികാരം അതെങ്ങനെ ഉണ്ടായി എന്നൊക്കെ വിശദമാക്കി.

    ReplyDelete
  9. ഇപ്പോഴത്തെ ചാനല്‍ പരിപാടികളെപ്പറ്റി പറയുന്നതിനേക്കാള്‍ പറയാതിരിക്കലാവും ഭേതം!. സന്തോഷ് പണ്ടിറ്റിന്റെ യൂ ട്യൂബ് വീഡിയോയില്‍ ഹിറ്റ് കിട്ടിയ പോലെ. ചാനലുകള്‍ കാണാത്തവരെങ്കിലും രക്ഷപ്പെട്ടോട്ടെ.ഒന്നു തുറന്നു പറയാം, കൊല്ലേരിക്കു വെളിപാടിനു അത്ര വലിയ വിഷയമൊന്നും ആവശ്യമില്ല. എന്തിനെപ്പറ്റി എഴുതാന്‍ പറഞ്ഞാലും പത്ത് പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ കഴിയും. എനിക്കൊന്നും പറ്റാത്ത കാര്യവും അതു തന്നെ. അഭിനന്ദനങ്ങള്‍!.

    ReplyDelete
  10. അപ്പോൾ എല്ലാചാനലുകളും അരച്ചുകലക്കി കുടിക്കാറൂള്ള ഒരുവനാണെല്ലേ ഭായ്.
    നല്ല വെളിപ്പെടുത്തലുകൾ തന്നെയിത് കേട്ടൊ ഗെഡീ

    ReplyDelete
  11. അടുത്ത് തന്നെ ഇതിന്റെ അപ്പുറത്തെ പോസ്റ്റ് പ്രതീക്ഷിക്കാം മുരളിഭായ്... കൊല്ലേരി ഇപ്പോൾ ചിക്കൻ പോക്സ് പിടിപെട്ട് ഏകാന്ത വാസത്തിലാണെന്ന് വിവരം കിട്ടി. 10 ദിവസം ഓഫീസിൽ വരാതെ ടി.വി യുടെ മുന്നിൽ തന്നെ ആയിരിക്കുമെന്നാണ് കേട്ടത്. ചാനലുകൾക്കിനി കഷ്ടകാലമായിരിക്കും...

    കൊല്ലേരി എത്രയും പെട്ടെന്ന്‌ സുഖം പ്രാപിച്ച് തിരികെ ഓഫിസിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  12. ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ ഒന്നു നാട്ടില്‍ പോകാന്‍ തോന്നുന്നു. ഒരു എമര്ജെ ന്സി ലീവ് സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

    ReplyDelete