Saturday, March 3, 2012

ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന്‍ ദിനം (ഭാഗം--3)

അമ്മ, മാളു, പിന്നെ ...

എന്തെങ്കിലും പ്രത്യേക പരിപാടികള്‍ ,ദൂരയാത്രകള്‍ ഇതൊന്നുമില്ലാത്ത ദിവസങ്ങളില്‍ മാളുവിനെ ബാങ്കില്‍വിട്ടശേഷമുള്ള കറക്കങ്ങള്‍ക്കൊടുവില്‍ ഉച്ചയൂണിനു മുമ്പായി അമ്മയുടെ അടുത്ത്‌ ഓടിയെത്താറുണ്ട്‌ ഞാന്‍,അതിനായി എല്ലാം മറന്ന്‌ അതിവേഗം വണ്ടിയോടിയ്ക്കേണ്ടി വരാറുണ്ട്‌ പലപ്പോഴും.പരോള്‍പോലെ വീണു കിട്ടുന്ന വെക്കേഷന്‍ നാളുകളിലെ ഓരോ നിമിഷവും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി മാത്രം പങ്കുവെച്ചു നല്‍കുക അങ്ങിനെ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ സ്വയം മറയ്ക്കുക മറ്റേതോരു ഗള്‍ഫുപ്രവാസിയുടെയുമെന്നപോലെ ഇതൊക്കെത്തന്നെയായിരുന്നു എന്റേയും രീതികള്‍..മാളു , അപ്പു, അമ്മ പലപ്പോഴും ഇവക്കുചുറ്റും മാത്രമൊതുങ്ങുന്നു എന്റെ ലോകം.എണ്ണിചുട്ട അപ്പം പോലെ കിട്ടുന്ന ആ ദിനങ്ങളില്‍ നാട്ടില്‍ ഇപ്പൊഴും ശേഷിയ്ക്കുന്ന കൂട്ടുകാര്‍,എന്തിന്‌ ചേച്ചിമാരെ വരെ കാര്യമായി പരിഗണിയ്ക്കാന്‍ പറ്റാറില്ല പലപ്പോഴും.

"മാളുവിനെ കണ്ടാല്‍ എല്ലാം മറക്കും, പിന്നെ ആരും വേണ്ടാ അവന്‌ "  പരാതി പറയുമ്പോഴും ചേച്ചിമാരുടെ വാക്കുകളില്‍ വാല്‍സല്യം തുളുമ്പും,.അതങ്ങിനെയല്ലെ വരു ഇന്നും അവരുടെ പുന്നാര അനിയന്‍ തന്നെയല്ലെ ഈ കുട്ടന്‍.

ചേച്ചിമാരുടെ പരാതിയില്‍ കാര്യമില്ലാതില്ല..വിവാഹത്തിനുശേഷം എന്റെ ചിന്തകളും പ്രവര്‍ത്തികളും പലപ്പോഴും മാളുവില്‍ മാത്രമായി കേന്ദ്രികരിയ്ക്കുന്നു. അവളുടെ പുഞ്ചിരി, കണ്ണുനീര്‍,.ഇണക്കം. പിണക്കം ഇവയൊക്കെയാണ്‌ ഇന്ന്‌ എന്റെ മനസ്സിലെ ഋതുഭേദങ്ങള്‍ക്കു നിദാനം.അപ്പുവിനുപോലും രണ്ടാം സ്ഥാനമെ ഉള്ളു ആ ലോകത്ത്‌.അവനും അതു നന്നായി അറിയാം.വര്‍ഷത്തില്‍ ഒരു മാസം അല്ലെങ്കില്‍ ഒന്നര മാസം ഇതിലൊതൊങ്ങുന്നു ഒന്നിച്ചുള്ള ദാമ്പത്യദിനങ്ങളുടെ എണ്ണം..എന്നിട്ടും ഒരിയ്ക്കലും ഒരു ദിവസംപോലും ഒന്നിച്ചല്ല എന്ന തോന്നല്‍ ഉണ്ടായിട്ടില്ല ഇരുവര്‍ക്കും.നെറ്റും മൊബയിലുമൊക്കെ വരുന്നതിനുമുമ്പുള്ള നാളുകള്‍ ഏറേ രസകരമായിരുന്നു.കത്തെഴുതുന്നതില്‍ പരസ്പരം മല്‍സരിച്ച്‌ പുതിയ റെക്കോഡുകള്‍ സ്ഥാപിയ്ക്കുകയായിരുന്നു ഞങ്ങള്‍.

അപ്പുവൊക്കെ ജനിയ്ക്കുന്നതിനുമുമ്പുള്ള ആ ആദ്യനാളുകളില്‍ ഒരുദിവസം ഒറ്റയടിയ്ക്കു പതിമൂന്നു കത്തുകള്‍ സോര്‍ട്ടു ചെയ്തു കയ്യില്‍ തരുമ്പോള്‍ ഹെഡ്‌ ഓഫീസിലെ റ്റീ ബോയ്‌ സുല്‍ത്താന്‌ അത്ഭുതമായിരുന്നു..

"മാളൂ വന്ത്‌ ഉങ്കളുടെ മനവി താനെ അല്ലാടി കാതലിയാ.."ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവന്‌.
ഓഫീസിലെ ശാന്തമായ സായാഹ്നങ്ങളില്‍ കത്തെഴുതാന്‍ ഉപയോഗിച്ചിരുന്ന സമയമാണ്‌ ഞാനിപ്പോള്‍ ബ്ലോഗെഴുത്തിനായി മാറ്റി വെയ്ക്കുന്നത്‌. ആ ശീലം കൊണ്ടുതന്നെയായിരിയ്ക്കം സാഹിത്യാഭിരുചി ഇല്ലാതിരുന്നിട്ടും, വായാനാനുഭവങ്ങള്‍ തീരെ കുറഞ്ഞിട്ടും കാമ്പും കാതലും ഇല്ലാത്തതാണെങ്കില്‍പോലും ഇങ്ങിനെ എന്തെങ്കിലുമൊക്കെ അനായാസം കുത്തിക്കുറിയ്ക്കുവാന്‍ എനിയ്ക്കു കഴിയുന്നത്‌.

പാവം മാളു,ഒരുപാടു വായനക്കരൊക്കെയുള്ള ഒരു വലിയ ബ്ലോഗര്‍ ആണ്‌ കുട്ടേട്ടന്‍ എന്നാണ്‌ അവള്‍ ധരിച്ചു വെച്ചിരിയ്ക്കുന്നത്‌.ജോലി,വീട്ടുഭരണം ഇതൊക്കെ കഴിഞ്ഞ്‌ ബ്ലോഗില്‍ കയറാന്‍ സമയം കിട്ടാത്ത അവളുടെ വായന ഞാന്‍ മെയിലിലൂടെ അയച്ചുകൊടുക്കുന്ന പോസ്റ്റുകളില്‍ ഒതുങ്ങും എന്നുറപ്പുള്ളതുകൊണ്ട്‌ ആ ധാരണ തിരുത്താനും പോയില്ല ഞാന്‍ ഇതുവരെ,.പാവം അവളുടെ മുമ്പില്‍ മാത്രമല്ലെ വലിയ ഗമയില്‍ ഇത്തിരി പൊങ്ങച്ചം കാണിച്ച്‌ എനിയ്ക്ക്‌ ആളു കളിയ്ക്കാന്‍ കഴിയു.

"കുട്ടേട്ടന്‍ ഇപ്പോള്‍ എനിയ്ക്കു വേണ്ടി മാത്രമായി ഒന്നും എഴുതാറില്ലല്ലോ, ബൂലോകത്തു ഷൈന്‍ ചെയ്യാന്‍ വേണ്ടിയല്ലെ എഴുത്തെല്ലാം..വയസ്സാവുമ്പൊള്‍, വയ്യാണ്ടാവുമ്പൊള്‍ അവരാരും കാണില്ല കൂട്ടിന്‌, ഞാനെ ഉണ്ടാവു സഹായത്തിന്‌ അതു മറക്കേണ്ടാ..". അങ്ങിനെ പരിഭവിയ്ക്കുന്നതില്‍ അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അത്രയ്ക്കും പ്രിയപ്പെട്ടതാണ്‌ അവള്‍ക്കെന്റെ കത്തുകളും അതിലെ ഒരോ വാചകങ്ങളും..ഇന്നും ഒന്നുപോലും നശിപ്പിയ്ക്കാതെ മുകളിലത്തെ നിലയില്‍ വടക്കെ അകത്തെ അലമാരയില്‍ പൊന്നുപോലെ കാത്തുസൂക്ഷിയ്ക്കുന്നു അവളതെല്ലാം.

"കീറിക്കളയാന്‍ മടിയാണെങ്കില്‍ ഇതൊക്കെ ഒന്നു ഭദ്രമായി പൂട്ടിവെച്ചു കൂടെ മാളു, അപ്പു വലുതാവാന്‍ തുടങ്ങിയെന്ന കാര്യം മറക്കേണ്ടട്ടോ,.,ഇനി ഒരു പക്ഷെ, അച്ഛന്‍ അമ്മയ്ക്കയച്ച കത്തുകളിലെ വാചകങ്ങള്‍ അടിച്ചു മാറ്റി ഗേള്‍ ഫ്രണ്ടിനുള്ള പ്രേമലേഖനത്തില്‍ അവന്‍ ഫിറ്റ്‌ ചെയ്തെന്നു വരും...അല്ലെങ്കിലെ അവന്റെ മലയാളം തീരെ മോശമാണെന്നറിയാലോ നിനക്ക്‌" താഴത്തെ ബെഡ്‌റൂമില്‍ നിന്നും ഒരു ചെയിഞ്ചിനായി, വടക്കേപാടത്തുനിന്നും ജനലിലൂടെ നിലാവൊഴുകിയെത്തുന്ന രണ്ടാംനിലയിലെ വടക്കെ അകത്തേയ്ക്കു രാപ്പാര്‍ക്കാന്‍ ചേക്കേറാറുള്ള ദിവസങ്ങളിലൊന്നിലെ സുന്ദരനിമിഷങ്ങളിലെപ്പോഴോ ഞാന്‍ കളി പറഞ്ഞു.

"ഇന്നത്തെ കാലത്ത്‌ ഏതു കുട്ടികളാ കുട്ടേട്ടാ ലൗവ്‌ ലെറ്റര്‍ എഴുതാന്‍ പോകുന്നത്‌ അതും മലയാളത്തില്‍...നെറ്റും ചാറ്റും കാര്‍ഡുമൊക്കെയായി വേറെ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്‌ അവര്‍ക്ക്‌.".എന്റെ ആ കുസൃതിചോദ്യത്തിനോടെന്നല്ല,ഏതുതരം കുസൃതിയോടും,കൊച്ചുകൊച്ചു നിശ്വാസങ്ങളോടുപോലും ആവേശത്തോടെ പ്രതികരിയ്ക്കാനുള്ള മൂഡിലായിരുന്നു അവളപ്പോള്‍..
കാടു കയറി ബോറാക്കുന്നുവല്ലെ..മാളുവിനെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ എന്നും അങ്ങിനെത്തന്നെയല്ലെ ഞാന്‍.

"ഇതെത്രാമത്തെ പോസ്റ്റാ എന്റെ കുട്ടേട്ടാ,അല്ലെങ്കില്‍ത്തന്നെ ഒരു സാധാരണ വെക്കേഷനെക്കുറിച്ച്‌ ഇത്രമാത്രം പറയാന്‍ എന്തിരിയ്ക്കുന്നു , നമുക്കു മാത്രമെ ഇതു രസിയ്ക്കു.പട്ടാളക്കഥകള്‍ പോലെ മറ്റുള്ളവര്‍ക്കു ബോറാകും ഇനി കുട്ടേട്ടന്റെ പോസ്റ്റെന്നു കേക്കുമ്പോള്‍തന്നെ അവരോടിയൊളിയ്ക്കും..അതോര്‍ത്തോളു."... ടെലിഫോണിലൂടെ മാളുവിന്റെ മുന്നറിയിപ്പ്‌....അറിയുന്നു, അവള്‍ പറഞ്ഞതിലെ പരമാര്‍ത്ഥം തിരിച്ചറിയുന്നു ഞാന്‍..ഒരുദിവസത്തിലെ തിരക്കുകള്‍ക്കൊടുവില്‍ ഓഫീസിലെ സായാഹ്നവേളകളില്‍ തളര്‍ന്ന മനസ്സുമായി ഒറ്റയ്ക്കിരുന്ന്‌ ഓര്‍മ്മകളുടെ ഊഞ്ഞാലില്‍ മെല്ലെ ആടിയാടി റിലാക്സ്‌ ചെയ്യുന്ന നിമിഷങ്ങളില്‍ വരമൊഴിയിലൂടെ സ്ക്രീനിലേയ്ക്കു പെയ്തിറങ്ങുന്ന ജല്‍പ്പനങ്ങള്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ബൂലോകരുമായി പങ്കുവെയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ലെനിയ്ക്ക്‌. ബൂലോകത്തിന്‌ എന്തോ പ്രത്യേക ആകര്‍ഷണ ശക്തിയുണ്ടെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌..ഒരിയ്ക്കല്‍ പോസ്റ്റിട്ടു തുടങ്ങിയാല്‍പിന്നെ തുടരാതിരിയ്ക്കാന്‍ കഴിയില്ല , കാര്യമായി ആരും വായിയ്ക്കാനില്ലെന്ന തിരിച്ചറിവുണ്ടായാല്‍പോലും ..!.വീണ്ടും കാടു കയറുന്നു ഞാന്‍ അല്ലെ,.പൊറുക്കുക,അനാവശ്യമായി ചോര്‍ത്തിക്കളയുവാന്‍ കയ്യില്‍ കുറച്ചു സമയത്തുള്ളികള്‍ മിച്ചമുണ്ടെങ്കില്‍ ക്ഷമയോടെ വായന തുടരുക.

ഊണും ഒരുക്കി വഴിക്കണ്ണുമായി സിറ്റൗട്ടില്‍ കാത്തിരിയ്ക്കുകയായിരുന്നു അമ്മ..

"എവിടെ ആയിരുന്നു നീ ഇത്ര നേരം..എന്ത സുഖല്ല്യെ നിനക്ക്‌. കണ്ണു കലങ്ങിയിട്ടുണ്ടല്ലൊ,മുഖം വാടിയിട്ടൂണ്ട്‌. എന്തെങ്കിലും അസുഖം വരുത്തിവെയ്ക്കാന്‍ വെറുതെ എന്തിനാ ഈ തുലാവെയിലിന്റെ ചൂടുംകൊണ്ട്‌ ഒരവാശ്യവുമില്ലാതെ ഇങ്ങിനെ കറങ്ങി നടക്കുന്നെ എന്റെ കുട്ടാ." ഒരു കൊച്ചുകുട്ടിയേയെന്നപോലെ അമ്മ ശാസിച്ചു.

കൂട്ടുകാരുമൊത്തുള്ള കറക്കങ്ങള്‍ക്കൊടുവില്‍ വൈകി വീട്ടിലെത്തി ഉത്തരമില്ലാതെ പരുങ്ങി നില്‍ക്കുന്ന ഒരു കൗമാരക്കാരന്റെ മുഖഭാവങ്ങളാണ്‌ ഇത്തരം അവസരങ്ങളില്‍ അമ്മയുടെ മുമ്പിലെത്തുമ്പോള്‍ ഇന്നും ഈ പ്രായത്തിലും എനിയ്ക്ക്‌..പത്താംക്ലാസില്‍ കണക്കുപരീക്ഷയും കഴിഞ്ഞ്‌,അപ്രതീക്ഷിതമായ പെയ്ത വേനല്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഗ്രൗണ്ടിലെ ചെളിവരിയെറിഞ്ഞും, പേനയിലെ മഷി തീരുവൊളം പരസ്പരം കുടഞ്ഞുരസിച്ചും കൂട്ടുകാരുമൊത്ത്‌ മദിച്ചുതിമിര്‍ത്താഘോഷമാക്കി മാറ്റിയ സ്കൂള്‍ ജീവിതത്തിലെ അവസാനദിനത്തിനൊടുവില്‍ ഏറെ വൈകി ഇരുട്ടി അമ്മയുടെ മുന്നിലെത്തിയ നിമിഷം പെട്ടന്നോര്‍മ്മ വന്നു.

ഇന്നത്തെ അണുകുടുംബം അമ്മമാരെപോലെ "കറ നല്ലതാണ്‌" എന്നുപറഞ്ഞ്‌ മക്കളുടെ കൊച്ചു കൊച്ചു തോന്നിവാസങ്ങള്‍  പുഞ്ചിരിയോടെ അംഗീകരിയ്ക്കാനും,ന്യായീകരിയ്ക്കാനും അന്നത്തെ അമ്മമാര്‍ക്ക്‌ കഴിയുമായിരുന്നില്ല..അരവയര്‍ നിറച്ചും,മുണ്ടു മുറുക്കിയുടത്തും നാലഞ്ച്‌ കുട്ടികളുമായി ഒരധ്യായനവര്‍ഷം തള്ളി നീക്കാന്‍ അവര്‍ പെട്ട പാട്‌ ഇന്നാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകുകയുമില്ല. ഒന്നോ രണ്ടോ മക്കള്‍ അവരെക്കുറിച്ചുള്ള അമിത പ്രതീക്ഷകള്‍,അതിമോഹങ്ങള്‍..ലക്ഷ്യപ്രാപ്തിയ്ക്കായി ഒരു മനഃസാക്ഷിയുമില്ലാതെ എന്തു മാര്‍ഗവും സ്വീകരിയ്ക്കാനുള്ള മാതാപിതാക്കളുടെ മനോഭാവം..അങ്ങിനെ എല്ലാ തലങ്ങളിലും തീര്‍ത്തും കമ്പോളവല്‍ക്കരിയ്ക്കപ്പെട്ട്‌,..ലക്ഷ്മിദേവിയുടെ പ്രഭാവത്തിനുമുമ്പില്‍ പലതും കണ്ടില്ലെന്നു നടിച്ച്‌ സരസ്വതിദേവിയ്ക്ക്‌ നിസ്സഹായായി നില്‍ക്കേണ്ടി വരുന്ന അവസ്ഥയിലെത്തിച്ച വെറും അഭ്യാസം മാത്രമായി മാറി വിദ്യഭ്യാസം ഇന്നത്തെപോലെ അധഃപതിച്ചിരുന്നില്ലല്ലോ അന്ന്‌.

"എന്ത കാട്ട്യെ കുട്ടാ നീ, ഷര്‍ട്ട്‌ ആകെ നശിപ്പിച്ചല്ലൊ.ബട്ടനൊന്നും പൊട്ടാത്തതായി ആ ഒറ്റ ഷര്‍ട്ടെ ആകെ ഉണ്ടായിരുന്നുള്ളു,.ഇനി എന്തിട്ടാ സ്കൂളില്‍ പൂവ്വാ നീ.." അമ്മയ്ക്കു ശരിയ്ക്കും ദേഷ്യം വന്നു.

"അതിനിനി സ്കൂളിലേയ്ക്കല്ലല്ലൊ അമ്മേ പോകുന്നത്‌, കോളേജിലേയ്ക്കല്ലെ..അവിടെ യൂണിഫോമൊന്നുമില്ലല്ലോ.".ഒരു കോളേജുകുമാരന്റെ ഗമയുണ്ടായിരുന്നു എന്റെ ആ വാക്കുകള്‍ക്കപ്പോള്‍ നിഷ്കളങ്കത നിറഞ്ഞതും ചടുലവുമായ എന്റെ ഇത്തരം മറുപടികളില്‍ മുമ്പില്‍ എന്നും തോല്‍ക്കാറേയുള്ളു അമ്മ.അല്ല്ലെങ്കിലും എന്തു കുറുമ്പു കാട്ടിയാലും ഏറെ നേരം എന്നോടു പിണങ്ങിയിരിയ്ക്കാനാവില്ലല്ലോ അമ്മയ്ക്ക്‌!..ഒരുപാടുവര്‍ഷം ദൂരേയിരുന്നിട്ടും ഏഴുമക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ എന്നും ഞാന്‍ തന്നെയാണ്‌.എന്താ കാരണമെന്നറിയോ,.അച്ഛന്റെ തല്‍സ്വരൂപമാണ്‌ ഞാന്‍. അതു തന്നെ! " കാല്‍വിരലുകളിലെ നഖങ്ങള്‍പോലും അതേപോലെത്തന്നെ." ഈ വെക്കേഷന്‍ നാളുകളില്‍ ഒരു ദിവസം നഖം വെട്ടികൊണ്ടിരുന്ന എന്നെ നോക്കി അമ്മയതു പറയുന്നതുകേട്ട്‌ ചുവരിലെ ചിത്രത്തില്‍ അച്ഛന്റെ പുഞ്ചിരിയ്ക്കു തിളക്കം കൂടി.

ഊണു എടുത്തു വെയ്ക്കാന്‍ അമ്മ ഡൈനിംഗ്‌ ടേബിളിലരികിലേയ്ക്കു നടന്നു.മുള്ളന്‍,മാന്തള്‍ അങ്ങിനെ ചെറുപ്പത്തിലെ എന്റെ പ്രിയവിഭവമായ ഉണക്കമീനിലേതെങ്കിലും വറുത്തുവെച്ചിട്ടുണ്ടാവും..അല്ലെങ്കില്‍ പപ്പടം ചുട്ടത്‌...ഉള്ളിയും മുളകും പുളിയുംചാലിച്ച്‌ മീതെ വെളിച്ചെണ്ണയൊഴിച്ചു.മാളു ഒരുക്കിവെച്ചു പോയ വിഭവങ്ങള്‍ക്കുമപ്പുറം അമ്മയുടെ വകയും ഉണ്ടാവും അങ്ങിനെ എന്തെങ്കിലും ഒന്നു രണ്ടു സ്പെഷ്യലുകള്‍.ഇല്ലായ്മയുടെ കാലത്തെ ചിലവു ചുരുക്കലിന്റെ ഭാഗമായി അമ്മ ഒരുക്കാറുള്ള ആ സൂത്രക്കറികള്‍ വയലാര്‍ ഗാനംപോലെ, ഒരു ബ്ലാക്ക്‌ & വൈറ്റ്‌ സിനിമയെന്നപോലെ മനസ്സിനെ മെല്ലെ പഴയ തറവാടിന്റെ അടുക്കളയിലാനയിയ്ക്കും.

" നിനക്ക്‌ തിരിച്ചുപൂവ്വാറായി അല്ലെ.അവിടെ ചെന്നാല്‍ ഇതുപോലെ ആരാ വെച്ചൊരുക്കി തരാനുള്ളത്‌.മതിയായില്ലെ നിനക്ക്‌ ഒറ്റയ്ക്കുള്ള ഈ താമസം..ആര്‍ക്കു വേണ്ടിയാ ഇങ്ങിനെ സമ്പാദിച്ചുകൂട്ടുന്നെ, ഒറ്റ മോനല്ലെയുള്ളു..നിങ്ങള്‍ ഏഴു മക്കളേയും വളര്‍ത്തിവലുതാക്കി ഒരു നിലയിലെത്തിയ്ക്കാന്‍ അച്ഛനുമമ്മയും പെട്ടപാടൊന്നും ഇല്ല്ലല്ലോ അവനെ വളര്‍ത്താന്‍.ഇത്രയും കാലം മാളുവിനേയും അപ്പുവിനെയും ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തു സൂക്ഷിച്ചു അമ്മ, ഇപ്പോ അമ്മയ്ക്ക്‌ വയ്യാണ്ടായി,.. ഒരു പക്ഷെ അടുത്ത തവണ ഓടിപ്പിടഞ്ഞു നീ വരുന്നത്‌ വെള്ളമുണ്ടില്‍ മൂടിപ്പുതപ്പിച്ചു കിടത്തിയ അമ്മയുടെ ശരീരം കാണാനായിട്ടിയായിരിയ്ക്കും."

അമ്മയുടെ ശബ്ദം ഇടറയിരുന്നു.ഇയ്യിടെയായി എന്തോ വല്ലാത്ത ഭയം അമ്മയെ പിടി കൂടിയിരിയ്ക്കുന്നു.ആത്മവിശ്വാസം വല്ലാതെ കുറഞ്ഞിരിയ്ക്കുന്നു.ചുറ്റുവട്ടത്തെവിടെയോ മരണം പതിയിരിയ്ക്കുന്നതായിപോലെ ഒരു തോന്നല്‍,.ഒറ്റയ്ക്കിരിയ്ക്കാന്‍ ഇപ്പോള്‍ മടിയാണമ്മയ്ക്ക്‌.സ്വതവെ വിറയ്ക്കാന്‍ തുടങ്ങിയ ആ കൈകള്‍ ചോറു വിളമ്പുമ്പോള്‍ കൂടുതല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.എന്റെ അടുത്തൊട്ടിനിന്ന്‌ ശരിയ്ക്കും സങ്കടപ്പെടുകയായിരുന്നു അമ്മ..അമ്മയുടെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരമില്ലായിരുന്നു എനിയ്ക്ക്‌, എന്തു പറഞ്ഞ്‌ ആശസ്വിപ്പിയ്ക്കണമെന്നറിയാതെ വാക്കുകള്‍ക്കായി അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു ഞാനും.

" പോയാലും ഞാന്‍ അധികം വൈകാതെ വരും അമ്മെ, പിന്നെ അമ്മയെ വിട്ടെങ്ങും പോവില്ല, കുറെ നാളുകളായി ജോലി ചെയ്യുന്ന സ്ഥാപനമല്ലെ പെട്ടന്നങ്ങിനെ ഇട്ടെറിഞ്ഞു പോരാന്‍ പറ്റില്ലല്ലോ അതോണ്ടാ ഞാന്‍ ഇത്തവണ..."

അമ്മ വിളമ്പികൊണ്ടേയിരുന്നു..എല്ലാം മറന്ന്‌ കഴിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാനും.ചോറും കറികള്‍ക്കുമപ്പുറം സങ്കടനിമിഷങ്ങളില്‍ പൂര്‍ണ്ണമായും കവിഞ്ഞൊഴുകിയ അമ്മയുടെ വാല്‍സല്യത്തിന്റെ രുചിക്കൂട്ടുകള്‍  നേരേ ഹൃദയത്തിലേയ്ക്കിറങ്ങി ചെന്നതു കൊണ്ടാകാം പ്രത്യേക രുചിയായിരുന്നു ആ ഊണിന്‌.

അമ്മമാര്‍ എപ്പോഴും അങ്ങിനയല്ലെ..മക്കള്‍ എത്ര വലുതായാലും,കൊളസ്ട്രോള്‍ പ്രായത്തിലെത്തിയാലും കൊച്ചുകുട്ടികള്‍ തന്നെയായിരിയ്ക്കും അവര്‍ക്ക്‌.! എന്തൊക്കെ ഒരുക്കികൊടുത്താലും എങ്ങിയൊക്കെ ഊട്ടിയാലും മതിയാവില്ല.പ്രായം കൂടുന്നുവെന്നുള്ള തിരിച്ചറവില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം,ലാബ്‌ ടെസ്റ്റ്‌ റിസള്‍റ്റുകള്‍ക്കനുസരിച്ച്‌ മുട്ടയുടെ ഉണ്ണിയും വെള്ളയും വേര്‍തിരിച്ച്‌ ഭര്‍ത്താവിനു ശ്രദ്ധയോടെ ഭക്ഷണമൊരുക്കുന്ന ഭാര്യയും അമ്മയാകുമ്പോള്‍ സ്വന്തം മകനുമുമ്പില്‍ ആ കരുതലുകളെല്ലാം മറക്കും.

രണ്ടുപേരുടെയും മനസ്സിലും നിറഞ്ഞുതുളുമ്പുന്ന കരുതലിനും സ്നേഹത്തിനും വ്യത്യസ്ഥ രൂപങ്ങള്‍, ഭാവങ്ങള്‍.പത്തു മാസം വയറ്റിലിട്ടു താലോലിച്ച്‌ ആറ്റുനോറ്റു പ്രസവിച്ച്‌, ബാല്യകൗമാരങ്ങളുടെ തൊട്ടിലില്‍ താരാട്ടു പാടിയുറക്കി വളര്‍ത്തിയൊരുക്കിയ അമ്മയുടെ സ്നേഹവാല്‍സല്യങ്ങളുടെ സൗമ്യചാരുതയാര്‍ന്ന തെളിനീരൊഴുക്കിന്‌, ആ നെഞ്ചില്‍നിന്നും കിനിയുന്ന അമ്മിഞ്ഞപാലിന്‌,.ഒരിയ്ക്കലും വറ്റാത്ത അത്ഭുതതീര്‍ത്ഥത്തിന്റെ അഭൗമ ദിവ്യസുഗന്ധം.!ജീവിതത്തിന്റെ പാതി വഴിയ്ക്കു തൊട്ടുമുമ്പെപ്പോഴോ കടന്നു വന്ന്‌ അര നല്‍കി അതിന്റെ മാസ്മരികതയില്‍ ആ ഒറ്റരാവുകൊണ്ട്‌ പുരുഷന്റെ മനവും തനുവും സര്‍വ്വസ്വവും കയ്യടക്കി കരുതലോടെ കെടാവിളക്കുപോലെ വ്യഗ്രതയോടേയും ജാഗ്രതയോടേയും കാത്തുസൂക്ഷിയ്ക്കുന്ന ഭാര്യയുടെ മനസ്സിലെ ആഴമളക്കാനാവാത്ത സ്നേഹപ്രവാഹത്തിന്റെ കുത്തൊഴുക്കിന്‌ ഇളം ചൂടിലും കുളിര്‌.,.അനുപമ നിമിഷങ്ങളിലെ പരിലാളനങ്ങളില്‍ തുടുത്തുകൂമ്പി വിടര്‍ന്നുചുരത്താന്‍ വെമ്പുന്ന വശ്യമായ ആ നെഞ്ചകത്തിന്‌ അജ്ഞാത മാദകഗന്ധം..!

ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍, വ്യത്യസ്ഥ പ്രായങ്ങളില്‍ പ്രധാനമായും ഈ ഗ്രഹങ്ങളുടെ സ്നേഹാകര്‍ഷണവലയത്തില്‍ കുരുങ്ങിക്കറങ്ങുന്ന ഉപഗ്രഹങ്ങളായി മാറിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു പുരുഷജന്മത്തിന്റെ അവസ്ഥ....ചുരമാന്തിയുണരുന്ന വന്യമോഹാവേശക്കൊടുങ്കാറ്റിലുലഞ്ഞ്‌ ഭ്രമണപഥത്തില്‍ നിന്നും തെന്നി മാറി ക്ഷീരപഥത്തില്‍ പുതുമണം നുകരാനുള്ള വെമ്പലില്‍ ലക്കും ലഗാനുമില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ പരസ്പരം കൂട്ടിയിടിച്ച്‌ തകര്‍ന്നുതരിപ്പണമായി എന്നെ എരിഞ്ഞുതീര്‍ന്നേനെ അല്ലെ.!
 


(തുടരും)

കൊല്ലേരി തറവാടി
03/03/2012

17 comments:

 1. വെക്കേഷന്‍ കഴിഞ്ഞ്‌ നൂറു നാളുകള്‍ പിന്നിട്ടു എന്നിട്ടും ഇനിയും എഴുതിതീരാത്ത വെക്കേഷന്‍ വിശേഷങ്ങളുമായി ഞാന്‍ വീണ്ടും.!

  ചിക്കന്‍പോക്സു പിടിച്ച്‌ ഏകാന്താവാസത്തിലായിരുന്നതുകൊണ്ട്‌ പുതിയതായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.അതുകൊണ്ടുത്തന്നെ ജനുവരിയിലെപ്പോഴോ എഴുതി പാതിവഴിയിലുപേക്ഷിച്ച ഈ കുറിപ്പ്‌ പൊടി തട്ടിയെടുത്ത്‌ പൂത്തിയാക്കി പോസ്റ്റ്‌ ചെയ്യുന്നു.

  "അങ്ങിനെ കുട്ടേട്ടന്‌ എഴുതാന്‍ ഒരു വിഷയം കൂടി ആയി..ചിക്കന്‍പോക്സ്‌ വിശേഷങ്ങള്‍.!".. ഫോണില്‍കൂടി മാളു കളി പറഞ്ഞപ്പോഴാണ്‌ അങ്ങിനെ ഒരു സാധ്യത മനസ്സില്‍ തെളിഞ്ഞു വന്നത്‌.ഈ മരുഭൂമിയിലെ തണുപ്പില്‍,..ഉറ്റവരും ഉടയവരും ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ടുപോയ പതിനഞ്ചു ദിവസങ്ങള്‍..അതിഭാവുകത്വവും വൈകാരികതയുമൊക്കെ ആവശ്യത്തിലധികം കുത്തിനിറച്ച്‌ ഒരു സെന്റി പോസ്റ്റിനുകൂടി വകുപ്പായി..എഴുതണം..അതിനുമുമ്പ്‌ ബൂലോകത്തു കൂടി വിസ്തരിച്ചൊന്നു കറങ്ങണം..കുറെ പോസ്റ്റുകള്‍ വായിയ്ക്കാന്‍ ബാക്കി കിടക്കുന്നു.സമയക്രമീകരണത്തില്‍ ഒച്ചിനോടു മല്‍സരിച്ചു വിലപിയ്ക്കുന്ന ഭൂരിപക്ഷങ്ങളില്‍ ഒരുവനായ ഞാന്‍ ഇതിനൊക്കെ എങ്ങിനെ സമയം കണ്ടെത്തും...അറിയില്ല.എന്നാലും അക്ഷരദേവതയെ മനസ്സില്‍വിചാരിച്ച്‌ വീണ്ടും തുടങ്ങട്ടെ...

  ReplyDelete
 2. എനിയ്ക്കൽഭുതം തോന്നുന്നു. ഇത്രയും സ്നേഹം ചാലിച്ച് എഴുതാൻ കഴിയുന്നതെങ്ങനെയാണ്? മനുഷ്യർ സ്നേഹിയ്ക്കുന്ന, പരസ്പരം കരുതുന്ന നിമിഷങ്ങൾ എത്ര സുന്ദരം! ഇനിയും ഇതു പോലെയുള്ള സ്നേഹസുന്ദര ജീവിത ചിത്രങ്ങൾ വരയ്ക്കാൻ കഴിയട്ടെ എന്ന് മനസ്സ് തുറന്ന് ആശംസിയ്ക്കുന്നു.

  ഇടയ്ക്ക് ബ്ലോഗ് നോക്കിയിരുന്നു. അസുഖമായിരുന്നുവെന്ന് അറിഞ്ഞില്ല. എല്ലാം ഭേദമായി എന്ന് കരുതുന്നു.

  ReplyDelete
 3. ചിക്കന്‍പോക്സ് ആയിരുന്നല്ലേ? എല്ലാം ഭേദമായോ?

  ReplyDelete
 4. അമ്മയുടെ സ്നേഹത്തില്‍ കവിഞ്ഞ് മറ്റെന്തുണ്ട്. അത് നിറഞ്ഞ് കിടക്കുന്നുണ്ട് ഈ പോസ്റ്റില്‍ 

  ReplyDelete
 5. കൊല്ലേരി ചിക്കന്‍സ് ആഘോഷിച്ചു അല്ലേ? ഗള്‍ഫില്‍ ചിക്കന്‍ പോക്സ് വന്നാല്‍ ഒറ്റയ്ക്ക് അത് ലേശം കഷ്ടമാണ്.
  എനിക്കും മക്കള്‍ക്കും ഒന്നിച്ച് ആണ് പിടിപെട്ടത് അവരന്ന് തീരെ കുഞ്ഞുങ്ങള്‍ അത് കാണാനായിരുന്നു എനിക്ക് വിഷമം...പിന്നെ വീണ്ടും വീട്ട്‌വിശേഷങ്ങള്‍ രസമായി അവതരിപ്പിച്ചു, വല്ലപ്പോഴും നാട്ടില്‍ ചെല്ലുന്നത് ഓര്‍ത്തു.
  ഞാനും എത്തിയാലുടനെ അമ്മയുടെ അടുക്കളയില്‍ കയറി അമ്മ വച്ചത് കഴിക്കും അപ്പോഴൊക്കെ അത്ഭുതത്തോടെ വിചാരിക്കും അമ്മയുടെ ഭക്ഷണത്തിന് എന്താ ഇത്ര സ്വാദ് എന്ന്.. കൊല്ലേരി പറഞ്ഞത് സത്യം.

  ReplyDelete
 6. ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ ഒന്നു നാട്ടില്‍ പോകാന്‍ തോന്നുന്നു. ഒരു എമര്‍ജെന്സി ലീവ് സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

  ReplyDelete
 7. എന്ത് പറയണമെന്നെനിക്കറിയില്ല... വായനയില്‍ എവിടെയൊക്കെയോ പോയി.. എന്തിനെന്നറിയാതെ ഇടയ്ക്കു കണ്ണ് നിറഞ്ഞു... ആരോടൊക്കെയോ അസൂയ തോന്നി... എന്തോ എന്തോ... ഞാനെന്തോ ഇങ്ങനെയൊക്കെ...

  നന്ദി സുഹൃത്തെ...

  ReplyDelete
 8. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍,
  വ്യത്യസ്ഥ പ്രായങ്ങളില്‍ പ്രധാനമായും ഈ
  ഗ്രഹങ്ങളുടെ സ്നേഹാകര്‍ഷണവലയത്തില്‍ കുരുങ്ങിക്കറങ്ങുന്ന
  ഉപഗ്രഹങ്ങളായി മാറിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഒരു
  പുരുഷജന്മത്തിന്റെ അവസ്ഥ....!
  ചുരമാന്തിയുണരുന്ന വന്യമോഹാവേശക്കൊടുങ്കാറ്റിലുലഞ്ഞ്‌
  ഭ്രമണപഥത്തില്‍ നിന്നും തെന്നി മാറി ക്ഷീരപഥത്തില്‍ പുതുമണം
  നുകരാനുള്ള വെമ്പലില്‍ ലക്കും ലഗാനുമില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ പരസ്പരം
  കൂട്ടിയിടിച്ച്‌ അവ വീണ്ടും ഈ സ്നേഹാകര്‍ഷണവലയത്തില്‍ തന്നെ കുരുങ്ങി കിടക്കും..!

  അനുഭവം സാക്ഷി

  ഒരു നല്ല കുടുംബം സാക്ഷി

  എന്ന്

  സസ്നേഹം

  ഒരു വിധേയൻ.

  ReplyDelete
 9. വെക്കേഷൻ വിശേഷം എത്ര എഴുതിയാലും മതിയാകില്ലാല്ലെ...
  ആശംസകൾ...

  ReplyDelete
 10. കൊല്ലേരി, നല്ല എഴുത്ത്. ചിക്കന്‍ അവധിക്കാലം വലിയ വേദനയില്ലാതെ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. (എനിക്ക് ചിക്കന്‍ പോക്സ് വന്നപ്പോള്‍ ഒരു ആഘോഷം തന്നെയായിരുന്നു. പൂഴി വാരിയിട്ടതുപോലെ)

  ReplyDelete
 11. സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 12. വളരെ നന്നായിരിക്കുന്നു.

  ReplyDelete
 13. അമ്മയെയും ഭാര്യയേയും, സ്നേഹവലയത്തില്‍ കുരുങ്ങാന്‍ ഇഷ്ടമുള്ള കൊല്ലേരി ശരിക്കും നിര്‍വചിച്ചു. എത്ര ദിനങ്ങള്‍ പിന്നിട്ടാലും മറക്കാന്‍ കഴിയാത്തൊരു ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം അല്ലെ? അസുഖം നല്ലവണ്ണം ഭേദമായില്ലേ?

  ReplyDelete
 14. എനിക്കേറെ ഇഷ്ടപ്പെട്ടത് അനര്‍ഗളം ഒഴുകുന്ന ലളിതസുന്ദരമായ
  ഭാഷാശൈലിയാണ്.എന്തൊരാകര്‍ഷണീയത!ആ വായനാസുഖത്തില്‍
  ഗൃഹാന്തരീക്ഷത്തിലെ മാസ്മരികസ്പര്‍ശം അനുഭവവേദ്യമായി.
  മനോഹരമായ അവതരണം.
  ആശംസകള്‍

  ReplyDelete
 15. ഫിയൊനിക്സ് പറഞ്ഞത് പോലെ ഇതിലെ ഓരോ വരി വായിക്കുമ്പോഴും നാട്ടില്‍ പോവാന്‍ തോന്നുന്നു മാഷേ.....................നാട്ടില്‍ പോവാന്‍ കഴിയാത്ത വിഷമം ആരോട് പറഞ്ഞത് തീര്‍ക്കും ....:(

  ReplyDelete
 16. കുടുംബബന്ധങ്ങളുടെ ചുരുളഴിച്ച് വായനക്കാരെ കൈപ്പിടിയിലൊതുക്കാൻ കൊല്ലേരിയെ ആരും പഠിപ്പിക്കേണ്ടല്ലോ...

  ചിക്കൻപോക്സിൽ നിന്നും മോചിതനായി തിരികെ പോസ്റ്റുമായി എത്തിയ കൊല്ലേരിക്ക് അഭിവാദ്യങ്ങൾ... ലാൽ സലാം...

  ReplyDelete
 17. ഞാനും ഓര്‍ക്കാറുണ്ട്...എങ്ങനെയാണ് ഇത്രയും അധികം സ്നേഹം,നന്മകള്‍ അവയൊക്കെ എഴുത്തിലൂടെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്നതെന്ന്... വലിയൊരു മനസ്സ് അതില്‍ നിറയെ സ്നേഹം അതാണ്‌ KOLLERI ..MALOONTE KUTTETTAN... HAPPY CHICKENS WISHES... :)

  ReplyDelete