Friday, September 16, 2011

ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛന്‍


മോഹനന്റെ ഫ്ലാറ്റില്‍ നിന്നുമിറങ്ങുമ്പോള്‍ അമ്പരപ്പായിരുന്നു ബാലുവിന്റെ മനസ്സില്‍. സുന്ദരമായ ഒരു സ്വപ്നമെന്നപോലെ കടന്നുപോയ സുഖനിമിഷങ്ങളുടെ ബാക്കിയെന്നപോലെ ഇനിയും പൂര്‍ണ്ണമായും വറ്റാത്ത വിയര്‍പ്പുത്തുള്ളികള്‍...വേണ്ടായിരുന്നു അതും ഈ പ്രായത്തില്‍.. കൗമാരത്തില്‍, എന്തിന്‌ തീക്ഷ്ണയൗവനത്തിന്റെ ഉച്ചഘട്ടങ്ങളില്‍പോലും കൈവിടാതെ കാത്തു സൂക്ഷിച്ച തന്റെ ചാരിത്രശുദ്ധി..കുറച്ചു നിമിഷങ്ങള്‍ക്കുമുമ്പ്‌.! ഈശ്വരാ. !.ഇനി രാധികയുടെ മുഖത്ത്‌ ആ പഴയ നിഷ്കളങ്കതയോടെ എങ്ങിനെ നോക്കാന്‍ കഴിയും തനിയ്ക്ക്‌.

അലീന....! രാധികയെപോലെ ശാന്തമായി തഴുകിയൊഴുകി മെല്ലെമെല്ലെ ചൂടുപിടിച്ച്‌ ഒടുവില്‍ ശക്തിയോടെ ആര്‍ത്തിരമ്പുന്ന ഒരു സാധാരണ കടലായിരുന്നില്ല അവള്‍! അടിയില്‍ അഗ്നിപര്‍വ്വതം പുകയുന്ന, തൊട്ടാല്‍ പൊള്ളുന്ന മഹാസമുദ്രമായിരുന്നു.! സുനാമിത്തിരയിളക്കത്തിന്റെ കരുത്തുമായി ചുറ്റിവരിഞ്ഞു ഒപ്പത്തിനൊപ്പം നിന്ന്‌ ആദ്യവസാനം ആടിത്തിമിര്‍ക്കുകയായിരുന്നു അവള്‍.നിശ്ചിതസമയത്തിനപ്പുറം ഇഞ്ചുറിടൈമും എക്സ്ട്രാ ടൈമും കഴിഞ്ഞ്‌ ഷൂട്ട്‌ ഔട്ടിനൊടുവില്‍ വിജയകാഹളംമുഴക്കി ഗ്രൗണ്ടിലില്‍ വീണുപോകുന്ന കളിക്കാരന്റെ മാനസികാവസ്ഥയായിരുന്നു തനിയ്ക്ക്‌..ഹാ.!.ശരിയ്ക്കും തളര്‍ന്നുപോയി..!എങ്ങിനെ തളരാതിരിയ്ക്കും.പ്രായം കൊണ്ട്‌ തന്നെക്കാള്‍ എത്രയോ ഇളയതാണവള്‍.ഓരോ നിമിഷവും അവളും നന്നായിത്തന്നെ ആസ്വദിയ്ക്കുകയായിരുന്നുവെന്ന്‌ ആ ചലനങ്ങള്‍, ചേഷ്ടകള്‍, ശബ്ദവിന്യാസങ്ങള്‍ എല്ലാം വ്യക്തമാക്കിയിരുന്നു. കുറയൊക്കെ നാട്യമായിരുന്നിരിയ്ക്കാം,..സ്വയം രസിയ്ക്കുന്നതിനോടൊപ്പം പങ്കാളികൂടി രസിച്ചു എന്നറിഞ്ഞാലെ ഒരു പുരുഷന്‍ പൂര്‍ണ്ണ തൃപ്തനാകു എന്ന തിരിച്ചറിവ്‌ ഒരു പ്രൊഫഷണലായ അവള്‍ക്കുണ്ടാവുമല്ലോ..!.

ഒന്നോര്‍ത്താല്‍ വെറുമൊരഭിസാരികയല്ല അലീന..ഈ മണല്‍നഗരത്തില്‍ ഒരു വലിയ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു..വാരന്ത്യങ്ങളില്‍ ഒന്നോ രണ്ടോ പേരുമായി അല്‍പ്പം ആനന്ദം,അതിലുപരി വരുമാനം. ഒരര്‍ത്ഥത്തില്‍ സുഖം പകരുന്ന ഒരു ഓവര്‍ ടൈം വര്‍ക്ക്‌ !.അങ്ങിനെ പരസ്യമായിട്ടൊന്നുമല്ല, മനസ്സിനിണങ്ങി എന്നു തോന്നുന്ന കുറച്ചു കസ്റ്റമേര്‍സില്‍ മാത്രം ഒതുങ്ങുന്നു ഇടപാടുകള്‍. ഒറ്റനോട്ടത്തില്‍ അത്തരമൊരു പെണ്ണാണ്‌ അവളെന്നു തോന്നുകയേ ഇല്ല. ആരേയും ആകര്‍ഷിയ്ക്കുന്ന പെരുമാറ്റം,ഏവിടെയോ കണ്ടുമറന്ന വെളുത്തുമെലിഞ്ഞ നാട്ടിന്‍പുറത്തുകാരി ഒരമ്പലവാസി പെണ്‍കുട്ടിയുടെ നിഷ്കളങ്ക മുഖഭാവം.ഒരു പക്ഷെ ജീവിത സാഹചര്യങ്ങളായിരിയ്ക്കാം അവളെ ഇങ്ങിനെയൊക്കെ ആക്കിതീര്‍ത്തത്‌.! നാട്ടില്‍ ഗോവയില്‍ ആര്‍ത്തിയോടെ, അവളുടെ ടെലിമണിയും കാത്തിരിയ്ക്കുന്ന ഡാഡി, മമ്മി, അനിയന്‍, അനിയത്തിമാര്‍, എത്ര കൊടുത്താലും ഒരിയ്ക്കലും തീരാത്ത അവരുടെ ആവശ്യങ്ങള്‍. കേട്ടു മടുത്ത പഴയ കഥകളിലെ കറവപ്പശുവിന്റെ വേഷം..ഒന്നും ചോദിച്ചില്ല,..പറഞ്ഞതുമില്ല,...മോഹനന്‍ പറഞ്ഞുള്ള അറിവാണിതെല്ലാം,. അവളുടെ ഏറ്റവും അടുപ്പമുള്ള സ്ഥിരം കസ്റ്റമറല്ലെ അവന്‍.

മോഹനന്‍ മോഹിപ്പിച്ച്‌,പ്രലോഭിപ്പിച്ച്‌ നിര്‍ബന്ധപൂര്‍വ്വം ഒരു തളികയിലെന്നവണ്ണം ഒരുക്കിത്തരുകയായിരുന്നു ഈ അവസരം...അങ്ങിനെ അവന്റെ വര്‍ണ്ണനകളില്‍ മയങ്ങി ഒരു പെണ്ണിന്റെ കൂടി ചൂടും ചൂരും എങ്ങിനെയുണ്ടാകുമെന്നറിയാന്‍,, സ്വാദു നോക്കാന്‍,ഒരു ദുര്‍ബല നിമിഷത്തില്‍ തോന്നിയ മനുഷ്യസഹജമായ പൂതിയുടെ പരിണിതഫലം മാത്രമായിരുന്നു ഈ സമാഗമം...സ്ഥിരമായി സമ്പാറും അവിയലും രസവും പപ്പടവും കൂട്ടി നാടന്‍ രീതിയിലുള്ള വീട്ടുചോറുണ്ട്‌ ശീലിച്ചവന്‌ ആദ്യമായി കിട്ടുന്ന ഫൈവ്‌സ്റ്റാര്‍ ഫുഡിന്റെ നിറവും മണവും രുചിയും നല്‍കുന്ന അനുഭൂതി ശരിയ്ക്കും അറിഞ്ഞാസ്വദിച്ചു. സത്യമാണത്‌,നിഷേധിയ്ക്കാന്‍ കഴിയില്ല, എന്നാലും വേണ്ടായിരുന്നു, ഒഴിവാക്കണമായിരുന്നു. സ്വയം മാനിയ്ക്കണമായിരുന്നു.സദാചാരവാദവും, ഏകപത്നിവ്രതത്തിന്റെ മഹത്വവുമൊക്കെ പറഞ്ഞു ഞെളിഞ്ഞുനടന്നിരുന്ന തന്നെ പിടിച്ചു കുടുക്കിയപ്പോള്‍ അവനു സന്തോഷമായിട്ടുണ്ടാകും.ഇനി ഉപദേശിയ്ക്കാനും നേര്‍വഴിയ്ക്കു നടത്താനും ചെല്ലില്ലോ ബാലുവേട്ടന്‍..!എന്തിന്‌ അവനെ പറയണം. അവനെ പോലെയല്ല താന്‍, അവന്‍ കുറെകൂടി ചെറുപ്പമാണ്‌,.ജീവിതത്തിനു ഒരു മൂല്യവും കല്‍പ്പിയ്ക്കാതെ ഓരോ നിമിഷവും സുഖിയ്ക്കാന്‍ മാത്രമാണെന്നു വിശ്വസ്സിയ്ക്കുന്നവനാണവന്‍.! സ്വന്തം ദാമ്പത്യം ഡിവോഴ്സിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും തെല്ലും കൂസലില്ലാത്തവന്‍..!

ചാരിത്ര്യം പരിശുദ്ധി ഇതൊക്കെ സ്ത്രീകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ., തന്റെ സ്ഥാനത്ത്‌ രാധികയാണ്‌ ഇതുപോലെ പെരുമാറിയതെങ്കില്‍..!ഇന്നു വ്യാഴാഴ്ചയാണെന്നുപോലും ഓര്‍ക്കാന്‍ തോന്നിയില്ലല്ലോ ബാലു നിനക്ക്‌.!സ്വയം കുറ്റപ്പെടുത്തി..വ്യാഴാഴ്ച വൈകുന്നേരമാണ്‌ രാധികയോടും അമ്മുവിനോടും നെറ്റില്‍ നേരിട്ടുകണ്ടു സംസാരിയ്ക്കാന്‍ സമയം കണ്ടെത്തുന്നത്‌...അച്ഛനും അമ്മയും മോളും പരസ്പരം കളിപറഞ്ഞും കളിയാക്കിയും പങ്കുവെച്ചു രസിയ്ക്കുന്ന സ്വര്‍ഗ്ഗീയനിമിഷങ്ങള്‍.

ഇന്നിനി എങ്ങിനെ അവളെ ഫെയിസു ചെയ്യാന്‍ കഴിയും തനിയ്ക്ക്‌!. രാധികയോട്‌ ഒന്നും മറച്ചുവെച്ചിട്ടില്ല..ഒരിയ്ക്കലും തനിയ്ക്കതിനു കഴിയുകയുമില്ല..അതിന്റെ ആവശ്യവും വന്നിട്ടില്ല ഇതുവരെ."നല്ല ക്ഷീണമുണ്ടല്ലൊ,.ഇന്നലെ രാത്രി ഇന്റര്‍നെറ്റിനുമുമ്പില്‍ ഒരു പാടുനേരം ഇരുന്നു അല്ലെ"...അങ്ങിനെയങ്ങിനെ തന്റെ മുഖത്തെ,ശബ്ദത്തിലെ കൊച്ചു കൊച്ചു വ്യതിയാനങ്ങള്‍പോലും വായിച്ചെടുക്കാന്‍ കഴിയും രാധികയ്ക്ക്‌.ടെലിഫോണില്‍ സ്വരമൊന്നിടറിയാല്‍ "പൊടിക്കാറ്റുണ്ടല്ലെ ബാലുവേട്ടാ,.സൂക്ഷിയ്ക്കണം..പുറത്തധികം ഇറങ്ങി നടയ്ക്കേണ്ട.." എന്നു ഉപദേശിയ്ക്കാനുള്ള അറിവും പരിചയവും ഈ മണല്‍നഗരവുമായി അവള്‍ക്കുണ്ട്‌..വിവാഹം കഴിഞ്ഞ്‌ ആദ്യ ആറു വര്‍ഷങ്ങള്‍...അവളുടെ കാലടിപാടുകള്‍ പതിയാത്ത ഒരു ഷോപ്പിംഗ്‌ മാളോ, കടല്‍ത്തീരമോ, പൂന്തോട്ടമോ ഉണ്ടായിരുന്നില്ല ഈ എമിറേറ്റ്‌സില്‍.ഉദ്യാനഗരിയില്‍, ഉത്സവനഗരയില്‍ തലസ്ഥാനനഗരയില്‍ അങ്ങിനെ എല്ലായിടത്തും എല്ലാം മറന്ന്‌ കറങ്ങി നടക്കുകയായിരുന്നു. അതിനിടയില്‍ ഒട്ടും വൈകാതെ സ്നേഹനിമിഷങ്ങളുടെ സാക്ഷിപത്രമായി അമ്മുക്കുട്ടിയും കടന്നു വന്നു...

അച്ചന്റെ മരണം അതേതുടര്‍ന്ന്‌ അമ്മയ്ക്കുണ്ടായ മാനസികതളര്‍ച്ച,.അധികം വൈകാതെ അവളുടെ അമ്മയുടെ മരണം..ഒന്നിനുപുറകെ ഒന്നായി അശനിപാതങ്ങള്‍..താനാണെങ്കില്‍ വീട്ടിലെ ഏക സന്താനം.രാധികയുടെ വീട്ടിലെ സ്ഥിതിയും അതുതന്നെയായിരുന്നു .അങ്ങിനെ അവളുടെ തിരിച്ചുപോക്ക്‌ അനിവാര്യമായി.എന്നിട്ടും അമ്മുവിന്റെ വേനലവധിയ്ക്ക്‌ ഓടിയെത്തും അവള്‍.കിട്ടുന്ന കൊച്ചുകൊച്ചു അവധികള്‍ക്ക്‌ താനും അങ്ങോട്ടു പറന്നു പോകും.അങ്ങിനെ സ്നേഹത്തിന്റെ മഞ്ചലിലേറി അല്ലലുമലട്ടുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പറന്നു നടന്നു ഇത്രയും വര്‍ഷങ്ങള്‍..എന്നിട്ടിപ്പോള്‍ ആദ്യമായി..എന്തിനായിരുന്നു.. വെറുതെ.! ചീത്ത കൂട്ടുകെട്ട്‌. പരസ്ത്രീഗമനം.ഏഷ്യാനെറ്റില്‍ ആറ്റുകാല്‍ പറയുന്നതൊക്കെ എത്ര കിറുകൃത്യം..ഏഴരശ്ശനി ശരിയ്ക്കും കളിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

മോഹനന്റെ ഫ്ലാറ്റിനുമുമ്പില്‍ കാറ്‌ സ്റ്റാര്‍റ്റ്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കുറ്റബോധം പൊടിക്കാറ്റായി അസ്വസ്ഥതകളുടെ മണ്‍ല്‍ത്തരികള്‍ വാരിയെറിഞ്ഞ്‌ നൊമ്പരപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു ബാലുവിന്റെ മനസ്സിനെ. സ്റ്റിയറിങ്‌ വീലില്‍ അലസതയോടെ വിരലുകള്‍ പിടിമുറുക്കാന്‍ ഒരുങ്ങുന്ന ആ നിമിഷം ഡാഷ്‌ബോഡില്‍ കിടന്ന ബ്ലാക്ക്‌ബെറിയില്‍ കിളി ചിലച്ചു...! രാധികയുടെ കോള്‍..! അനങ്ങന്‍ കഴിഞ്ഞില്ല....ഹൃദയമിഡിപ്പു നിലയ്ക്കാന്‍ പോകുന്നതുപോലെ തോന്നി ബാലുവിനപ്പോള്‍. ഇന്നു ഗുഡ്‌മോണിംഗ്‌ കോളിനുശേഷം അവളെ ഇതുവരെ വിളിച്ചില്ലല്ലോ താന്‍.അത്ഭുതത്തോടെ അവനോര്‍ത്തു.! വീണ്ടും കിളി ചിലയ്ക്കാന്‍ തുടങ്ങി.!.ജീവിതത്തില്‍ ആദ്യമായി ആ കിളിനാദത്തോട്‌ അവനു ഭയം തോന്നി.

"എന്താ ബാലുവേട്ടാ, എന്തുപറ്റി, ഇന്ന്‌ ഹാഫ്‌ഡേ അല്ലെ, ഓഫീസില്‍ നിന്നും ഇറങ്ങിയില്ലെ ഇതുവരെ..എന്തെ വിളിച്ചില്ല,.?."

"സോറി രാധികെ, തിരക്കായിരുന്നു ഇന്ന്‌, വല്ലാത്ത തിരക്ക്‌.ഇന്നുതന്നെ തീര്‍ക്കേണ്ട ഒരു അസൈന്‍മന്റ്‌..നിനക്കറിയാലോ, എല്ലാരും വെക്കേഷനിലല്ലെ ഇപ്പോള്‍, ക്ലെരിക്കല്‍ ജോബ്‌ വരെ സ്വയം ചെയ്യേണ്ടി വരുന്നു.ഓഫീസില്‍ നിന്നും ഇറങ്ങി വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ പോകുന്നതെ ഉള്ളു..."

"ബാലുവേട്ടാ പിന്നെ ഇപ്പോ എന്തിനാ വിളിച്ചേന്നു ഗെസ്സു ചെയ്യാന്‍ പറ്റ്വോ.. ഒരു വിശേഷമുണ്ട്‌ "നമ്മുടെ അമ്മു.!രാധികയുടെ ശബ്ദത്തില്‍ ഉത്സാഹം തുളുമ്പിനിന്നു."നമ്മുടെ അമ്മു...അവള്‌ വലിയ കുട്ടിയായി..അല്‍പ്പം മുമ്പ്‌..! അതിന്റെ തിരക്കിലായിരുന്നു ഞങ്ങളിവിടെ..ഭാഗ്യം,സ്കൂളില്‍ വെച്ചാവാഞ്ഞത്‌..മനസ്സിലായില്ലെ,ഞാനൊരൂസം പറഞ്ഞിരുന്നില്ലെ,.അവളുടെ നെഞ്ചിന്‌ വലിപ്പം വെച്ചു,കവിള്‌ തുടുത്ത്‌ മാംസളമാകാന്‍ തുടങ്ങി എന്നൊക്കെ..ഒന്നും പറയേണ്ടെന്റെ ബാലുവേട്ടാ, അവളുടെ ഒരു നാണം കാണണമായിരുന്നു..!പാഡു വെച്ചു കൊടുക്കാനൊന്നും സമ്മതച്ചില്ല പെണ്ണ്‌...ബാത്ത്‌റൂമില്‍ കയറി കതകടച്ചു കളഞ്ഞു.!അവള്‍ക്കു പേടിയൊന്നുമുണ്ടായില്ല കെട്ടോ, എല്ലാം ഞാന്‍ മുമ്പെ പറഞ്ഞുമനസ്സിലാക്കിയിരുന്നു.അങ്ങിനെ പറഞ്ഞു പറഞ്ഞ്‌ നമ്മള്‌ ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനുമമ്മയുമായി..! എത്ര പെട്ടന്നാ കാലം കടന്നു പോകുന്നത്‌ അല്ലെ .കുട്ടികളിയൊക്കെ മാറ്റി ഇനി കുറെകൂടി സീരിയസ്സാവണം ബാലുവേട്ടന്‍..ആവേശത്തള്ളലില്‍ ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞുതീര്‍ക്കുമ്പോള്‍ ഉത്സാഹത്തിമിര്‍പ്പില്‍ വീര്‍പ്പുമുട്ടുകയായിരുന്നു രാധിക.

അവളുടെ ആവേശം അതേ അളവിലേറ്റുവാങ്ങാന്‍ ആ മാനസികാവസ്ഥയില്‍ പെട്ടന്നു കഴിഞ്ഞില്ല..സ്തബ്‌ധനായി പോയി. ഒരു നിമിഷം മനസ്സ്‌ പൂര്‍ണ്ണമായും നിശ്ചലമായി.

"അവളിപ്പോഴും കൊച്ചു കുട്ടിയല്ലെ രാധികെ,.വിശ്വസിയ്ക്കാനെ കഴിയുന്നില്ല !..എത്ര മണിയ്ക്കായിരുന്നു" അങ്ങിനെ ചോദിയ്ക്കാനാണ്‌ ബാലുവിനപ്പോള്‍ തോന്നിയത്‌.

"ഓ..! ഈ ബാലുവേട്ടന്റെ ഒരു കാര്യം..!ഇതിനങ്ങിനെ മുഹൂര്‍ത്തം വല്ലതുമുണ്ടോ. സമയമാകുമ്പോള്‍ അതങ്ങു താനെ വരില്ലെ, തടുക്കാന്‍ പറ്റുമൊ...എന്തായാലും വ്യാഴാഴ്ചയല്ലെ, നല്ല ദിവസമാണ്‌,..പിന്നെ അഞ്ചുമണിയ്ക്കു തൊട്ടുമുമ്പായതു നന്നായി, പാട്ടുരാശിയും ഒഴിവായി.സമാധനമായില്ലെ ആറ്റുകാല്‍ രാധാകൃഷ്ണന്റെ ശിഷ്യന്‌.."

ഓ മൈ ഗോഡ്‌..! അമ്മു ആദ്യമായി പുഷ്പിണിയായ ആ നിമിഷങ്ങളില്‍ ഇവിടെ ഒരഭിസാരികയുടെ അടിവയറ്റില്‍ താന്‍..!അതും ജീവിതത്തില്‍ ആദ്യമായി.! ഭൂമിയോളം താണുപോകുന്നതുപോലെ തോന്നി ബാലുവിന്‌.ലോകത്തില്‍ ഒരച്ഛനും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ടാവില്ല.! ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ഒരു നിമിഷം.."എവിടെ നമ്മുടെ അമ്മുക്കുട്ടി..ക്ഷീണമൊന്നുമില്ലല്ല്ലോ അവള്‍ക്ക്‌" അങ്ങിനെ ചോദിച്ചൊപ്പിയ്ക്കുമ്പോള്‍ പാതാളത്തില്‍ നിന്നും വരുന്നതുപോലെ നേര്‍ത്തുപോയിരുന്നു ബാലുവിന്റെ ശബ്ദം.

"എന്തൊക്കെ പറഞ്ഞാലും ശാരീരികവും മാനസികവുമായി പെട്ടന്നുണ്ടാകുന്ന മാറ്റമല്ലെ ബാലുവേട്ടാ,..ചെറിയ വാട്ടം കാണതിരിയ്ക്കുമോ അവള്‍ക്ക്‌..,അതിരിയ്ക്കട്ടെ. ബാലുവേട്ടനെന്തുപറ്റി.സുഖോല്ല്ല്യെ ശബ്ദം വല്ലാതിരിയ്ക്കുന്നു.." തന്റെ പ്രതികരണത്തിലെ ശൈത്യം അവള്‍ വായിച്ചെടുത്തിരിക്കുന്നു..പൊടിക്കാറ്റ്‌, തലവേദന..ആ പഴയ മൈഗ്രയിന്‍ വീണ്ടും തലപൊക്കുന്നുവോ എന്ന സംശയം, നുണകളുടെ ഒരു കൂമ്പാരം നിരത്തി വൈകുന്നേരം നെറ്റില്‍ കാണുമ്പോള്‍ മോളോട്‌ നേരിട്ടു സംസാരിയ്ക്കാം എന്നു പറഞ്ഞു രക്ഷപ്പെടുമ്പോള്‍ ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ഹൃദയം നിലച്ചു പോകുമായിരുന്നുവെന്നു തോന്നി ബാലുവിന്‌.

രണ്ടുമൂന്നു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു രാധികയുടെ ടെലിഫോണ്‍ കോള്‍ വന്നിരുന്നതെങ്കില്‍.! എത്ര ആനന്ദിയ്ക്കേണ്ട നിമിഷങ്ങളായിരുന്നു ജീവിതത്തില്‍ ഇത്‌.. എന്നിട്ട്‌ ഇന്ന്‌, അതും കൃത്യം ഈ മുഹൂര്‍ത്തത്തില്‍.!.എന്തിനായിരുന്നു കൃഷ്ണാ ഈ കളി, ഇങ്ങിനെ പരീക്ഷിയ്ക്കാന്‍ ജീവിതത്തില്‍ അങ്ങിനെ വലിയ പാപമൊന്നും ചെയ്തിട്ടില്ലല്ലോ പാവം ഈ ബാലു.

അതങ്ങിനെയല്ലെ, ക്ഷണികമായ സുഖനിമിഷങ്ങള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ബന്ധങ്ങള്‍ മിക്കതും അവസാനം ദുഖഹേതുകങ്ങളായി മാറും.പലതും വന്‍ ദുരന്തങ്ങളില്‍ ചെന്നു പതിയ്ക്കും..എന്തൊക്കെ വാര്‍ത്തകളാണ്‌ ഇന്നത്തെ കാലത്ത്‌ ചുറ്റുവട്ടത്തും.സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ പോലും മൃഗതൃഷ്ണയില്‍ സ്വയം മറക്കുന്നു..പ്രായപൂര്‍ത്തിയാകാത്ത കുരുന്നു പുഷ്പങ്ങള്‍ പോലും നിര്‍ദ്ദയം പിച്ചിചീന്തപ്പെടുന്നു.മനപൂര്‍വ്വമായിരിയ്ക്കില്ല പലതും സംഭവിച്ചിട്ടുണ്ടാകുക.ഉല്ലാസയാത്രകളുടെ ഇടവേളകളില്‍ മദ്യലഹരിയില്‍, കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, അവരുടെയിടയില്‍ ഭീരുവെന്ന പേരുകേള്‍ക്കാന്‍ മടിച്ച്‌ ഒരാവേശത്തില്‍ സ്വയംമറന്ന്‌ ചെയ്തുപോകുന്നതയായിരിയ്ക്കും പലരും,.ആദ്യാനുഭവം പോലുമായിരിയ്ക്കും ചിലര്‍ക്കെങ്കിലും. തൊട്ടുമുന്നില്‍ വീണുകിടന്നുപിടഞ്ഞു ഞെരിഞ്ഞമര്‍ന്ന ഇര വൃദ്ധയോ, യുവതിയോ, കൗമാരക്കാരിയോ എന്നറിയാനുള്ള സാവകാശം പോലും ലഭിച്ചിട്ടുണ്ടാവില്ല. അമ്യൂസ്‌മെന്റെ പാര്‍ക്കിലെ വളഞ്ഞുപുളഞ്ഞു നീണ്ടുകിടക്കുന്ന ടണലിലൂടെ നനഞ്ഞുകുതിര്‍ന്നൊഴുകിയെത്തുന്ന സാഹസികനിമിഷങ്ങളിലെ ത്രില്ലുപോലും അനുഭവിയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ടാകില്ല...പക്ഷെ,എല്ലാം കഴിഞ്ഞു ചെയ്തുപോയ തെറ്റിന്റെ ആഴത്തെക്കുറിച്ച്‌ തിരച്ചറിവുണ്ടാകുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും. പിന്നെ, ഒരു തിരിച്ചുപോക്ക്‌ തീര്‍ത്തും അസാധ്യമായിരിയ്ക്കും...ആത്മഹത്യ മുനമ്പില്‍, അല്ലെങ്കില്‍ ഏതെങ്കിലും കടല്‍ത്തിരകളില്‍ അലിഞ്ഞുചേരാനിയിരിയ്ക്കും ചിലരുടേയെങ്കിലും നിയോഗം.! ഇത്രയും നല്ല ആ അധ്യാപകനോ,?...കൈപ്പുണ്യമുള്ള ആ ഡോക്ടറോ..? വിശ്വസ്സിയ്ക്കാനാവാതെ അന്തം വിട്ടു നില്‍ക്കാനെ കഴിയു നേരിട്ടറിയാവുന്നവര്‍ക്ക്‌.

അപ്രിയങ്ങളായ സംഭവങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ ആകസ്മികമായാണ്‌ വന്നു ചേരുന്നു.ചിലര്‍ തളരുന്നു,മറ്റു ചിലരതിനെ ഭംഗിയായി തരണം ചെയ്യുന്നു...പ്രപഞ്ചത്തിനുപോലും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നില്ലെ..മാറ്റങ്ങള്‍ക്കു വിധേയമാകാത്തായി ഒന്നേയുള്ളു കാലം.ഒരിയ്ക്കലും തളരാതെ തീര്‍ത്തും നിസ്സംഗമായി കാലം അതിന്റെ യാത്ര തുടരുന്നു..ഉദിച്ചും അസ്തമിച്ചും ഉഷ്ണിച്ചും ഒപ്പമോടിയോടി തളര്‍ന്നുപോകുന്നു ശക്തിമാനെന്നു സ്വയം അഹങ്കരിയ്ക്കുന്ന സൂര്യന്‍ പോലും.

കഴിഞ്ഞുപോയ നിമിഷം അതൊരു നഷ്ടയാഥാര്‍ത്ഥ്യം മാത്രം..വരാനുള്ള നിമിഷമോ കേവലം സങ്കല്‍പ്പവും...അതിനിടയിലുള്ള നിമിഷം അതാണ്‌ നിര്‍ണ്ണായകം,.അതു മാത്രമെ ശാശ്വതമായുള്ളു.ആ നിമിഷത്തിലെ കരുതലും ശ്രദ്ധയുമാണ്‌ വരാനിരിയ്ക്കുന്ന ഓരോ നിമിഷങ്ങളിലെ ശാന്തിയ്ക്കും സമാധാനത്തിനും നിദാനം,.ഇത്രയും ലളിതമായ യാഥാര്‍ത്ഥ്യം,ആത്യന്തികമായി ജീവിത വിജയത്തിന്റെ രഹസ്യം തിരിച്ചറിയാതെ വെറുതെ ദുഃഖങ്ങള്‍ വിലയ്ക്കു വാങ്ങുന്നു മനുഷ്യന്‍.

ട്രാഫിക്ക്‌ ജാമും സിഗ്നലുകളും ശ്വാസം മുട്ടിയ്ക്കുന്ന നഗരത്തിലെ തിരക്കുകളില്‍ നിന്നുമകന്ന്‌ മരുഭൂമിയിലെ വിശാലമായ വീഥീകളിലൂടെ അലസമായി കാറോടിച്ചു നടക്കുമ്പോള്‍ ചിന്തകളുടെ നെരിപ്പോടില്‍ വെന്തെരിയുകയായിരുന്നു ബാലുവിന്റെ മനസ്സ്‌.മനസ്സ്‌ വല്ലാതെ അസ്വസ്ഥമാകുമ്പോള്‍ തന്റെ പ്രിയപ്പെട്ട ഇളം നീല ഹുന്‍ഡായ്‌ ടക്സണില്‍ പഴയക്കാല മെലഡികളും,ഗസലുകളും കേട്ട്‌ എങ്ങോട്ടിന്നില്ലാതെ മരുഭൂമിയിലൂടെ വെറുതെ കുറേനേരം അലയുക,.ബാലുവിന്റെ ശീലമാണത്‌.. പക്ഷെ ഇന്ന്‌ മ്യൂസിക്‌ സിസ്റ്റം നിശ്ശബ്ദമാണ്‌,..വയ്യ ഒന്നിനും വയ്യ.പാപക്കറയില്‍ കുതിര്‍ന്ന മനസ്സും തളര്‍ന്നു നിറംകെട്ട മുഖവുമായി ഇന്നിനി നെറ്റില്‍ രാധികയെ നേരിടുന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല..പിന്നെ അമ്മുക്കുട്ടി..കാമാഗ്നിയില്‍ കത്തിജ്വലിച്ചു തളര്‍ന്ന കണ്ണുകള്‍കൊണ്ട്‌,കളങ്കമില്ലാത്ത മനസ്സോടെ,സ്നേഹവാല്‍സ്യങ്ങളോടെ, പൂര്‍ണ്ണമായും ഒരച്ഛന്റെ വികാരവായ്പ്പോടെ പ്രായപൂര്‍ത്തിയായ മകളെ ആദ്യമായി ദര്‍ശിയ്ക്കാന്‍ ഇന്നത്തെ ദിവസം തനിയ്ക്കു കഴിഞ്ഞില്ലെങ്കിലോ..? ആ ആത്മവിശ്വാസക്കുറവ്‌ ബാലുവിനെ കൂടുതല്‍ വിവശനാക്കി.

"നെറ്റു കണക്റ്റാവുന്നില്ല" ഒരു നുണകൂടി പറഞ്ഞു രാധികയോട്‌,..അതിനെ സാധൂകരികാന്‍ പിന്നെയും, പിന്നെയും..!.ഇന്നത്തെ ദിവസം ഇതെത്രാമത്തെ നുണയാണ്‌..!ഇനി ജീവിതത്തിലൊരിക്കലും രാധികയോടു നുണ പറയേണ്ടിവരുന്ന അവസങ്ങള്‍ ഒരുക്കില്ല എന്നുമനസ്സിലുറപ്പിയ്ക്കുകയായിരുന്നു അപ്പോളവന്‍. ഇനി നേരത്തെ ഉറങ്ങാന്‍ കിടക്കണം,.മയക്കത്തിനും ഉണര്‍വിനും ഇടയില്‍ കിടന്ന്‌ ഉമിത്തീയ്യില്‍ നീറി നീറി സ്ഫുടം ചെയ്തെടുത്ത മനസ്സുമായി രാവിലെ ഉണരുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നമായി മാറും.താന്‍ വീണ്ടും പഴയ ബാലുവാകും..പഴയ ബാലുവല്ല, കുറെകൂടി പക്വതയുള്ള, ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനായ ബാലു..അസ്വസ്ഥതകളുടെ കൊടുമുടികള്‍ താണ്ടി തളര്‍ന്ന്‌ തളര്‍ന്ന്‌ തളര്‍ന്ന്‌ അവസാനം അനിവാര്യമായ ശാന്തിയുടെ താഴ്‌വാരങ്ങളിലേയ്ക്കു തിരിച്ചു പറന്നിറങ്ങാന്‍ വെമ്പുകയായിരുന്നു പാവം അവന്റെ മനസ്സ്‌.

തിരിച്ച്‌ റൂമിലേയ്ക്കു ഡ്രൈവ്‌ ചെയ്യുമ്പോള്‍,അങ്ങു ദൂരെ വിശാലമായ മരുക്കടലിന്റെ പടിഞ്ഞാറെ ചക്രവാളസീമയില്‍ കാലത്തിന്റെ കയ്യും പിടിച്ച്‌,നഗരത്തിലുള്ള സ്കൂളിലേയ്ക്കു മടിയോടെ പോകാനൊരുങ്ങുന്ന ഗ്രാമീണബാലനുസമാനം സങ്കടംകൊണ്ടു ചുവന്നുതുടുത്ത മുഖവുമായി തീര്‍ത്തും വ്യത്യസ്തമായ ആചാരങ്ങളും ഉപചാരങ്ങളും സംസ്കാരവുമുള്ള മറ്റൊരു ലോകത്തേയ്ക്ക്‌ യാത്രയാവുന്ന സൂര്യനോട്‌ വല്ലാത്ത സഹതാപം തോന്നി ബാലുവിന്‌.

കണക്കുപുസ്തകത്തില്‍ നേട്ടങ്ങളുടെ കോളത്തില്‍ ഒരു പകല്‍കൂടി കുറിച്ചിടുമ്പോള്‍ ഒരു കൊള്ളപ്പലിശക്കാരന്റേതെന്നപോലെ ക്രൂരതയില്‍ പൊതിഞ്ഞ നിസ്സംഗത നിറഞ്ഞ പുഞ്ചിരി വിടരുകയായിരുന്നു കാലത്തിന്റെ കറുത്തുതടിച്ചിരുണ്ട ചുണ്ടില്‍...........

കൊല്ലേരി തറവാടി
16/09/2011

25 comments:

  1. കഴിഞ്ഞുപോയ നിമിഷം അതൊരു നഷ്ടയാഥാര്‍ത്ഥ്യം മാത്രം..വരാനുള്ള നിമിഷമോ കേവലം സങ്കല്‍പ്പവും...അതിനിടയിലുള്ള നിമിഷം അതാണ്‌ നിര്‍ണ്ണായകം,.അതു മാത്രമെ ശാശ്വതമായുള്ളു.ആ നിമിഷത്തിലെ കരുതലും ശ്രദ്ധയുമാണ്‌ വരാനിരിയ്ക്കുന്ന ഓരോ നിമിഷങ്ങളിലെ ശാന്തിയ്ക്കും സമാധാനത്തിനും നിദാനം,.ഇത്രയും ലളിതമായ യാഥാര്‍ത്ഥ്യം,ആത്യന്തികമായി ജീവിത വിജയത്തിന്റെ രഹസ്യം തിരിച്ചറിയാതെ വെറുതെ ദുഃഖങ്ങള്‍ വിലയ്ക്കു വാങ്ങുന്നു മനുഷ്യന്‍.

    ReplyDelete
  2. പൊരിച്ചു... വായനക്കാരെ പിടിച്ചിരുത്തും ശൈലി!!

    ReplyDelete
  3. ഒറ്റ ഇരുപ്പില്‍ വായിച്ചു, ശെരിക്കും ടെച്ചിംഗ്..

    ReplyDelete
  4. "സ്ഥിരമായി സമ്പാറും അവിയലും രസവും പപ്പടവും കൂട്ടി നാടന്‍ രീതിയിലുള്ള വീട്ടുചോറുണ്ട്‌ ശീലിച്ചവന്‌ ആദ്യമായി കിട്ടുന്ന ഫൈവ്‌സ്റ്റാര്‍ ഫുഡിന്റെ നിറവും മണവും രുചിയും നല്‍കുന്ന അനുഭൂതി ശരിയ്ക്കും അറിഞ്ഞാസ്വദിച്ചു."
    രാധികയാണ്‌ ഇതുപോലെ പെരുമാറിയതെങ്കിൽ..?

    കഥ ഇഷ്ടമായി,അവതരണ ശൈലിയും!

    ReplyDelete
  5. കൊല്ലേരി തറവാടിയുടെ കീബോര്‍ഡില്‍ നിന്ന് ഉയര്‍ന്ന ശക്തമായ കഥ:
    "ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛന്‍"ദുര്‍ബലമായ ഒരു നിമിഷത്തിന്റെ ചാപല്യം
    വളരെ നന്നായി വരച്ചിട്ടു. ബാലുവും രാധികയും വായനക്കാരുടെ മനസ്സില്‍ പതിഞ്ഞു നില്ക്കും. ഒരു കൈപ്പിഴ,അറിയാതെ പറ്റിയ പിശക്, എന്നോക്കെ ബാലുവായതു കൊണ്ട് പറയാം ഇതു പോലെ ഒന്ന് രാധികയ്ക്കാണ് സംഭവിക്കുന്നതെങ്കില്‍...ഒരു എങ്കിലുമില്ല!‌ അത് സംഭവിക്കാന്‍ പാടില്ലന്ന് എഴുത്തുകാരനും വായനക്കാരും ഒന്നിച്ച് പറയും...

    "മയക്കത്തിനും ഉണര്‍വിനും ഇടയില്‍ കിടന്ന്‌ ഉമിത്തീയ്യില്‍ നീറി നീറി സ്ഫുടം ചെയ്തെടുത്ത മനസ്സുമായി രാവിലെ ഉണരുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നമായി മാറും.താന്‍ വീണ്ടും പഴയ ബാലുവാകും..പഴയ ബാലുവല്ല, കുറെകൂടി പക്വതയുള്ള, ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനായ ബാലു.."

    ഇതാ കൂടുതല്‍ തിളക്കത്തോടെ ബാലു!!:)
    കൊള്ളാം കൊല്ലേരി തറവാടി ഇഷ്ടമായി ഈ അവതരണം. :)

    ReplyDelete
  6. ഒരു നിമിഷത്തില്‍ പറ്റിയ തെറ്റ് എന്ന്‌ ബാലുവിന് എങ്ങിനെ ചിന്തിക്കാന്‍ കഴിഞ്ഞു, രാധികയായിരുന്നു അങ്ങിനെയൊരു നിമിഷത്തിലെ തെറ്റില്‍ പെടുന്നതെങ്കില്‍...! അവിടെ മാണിക്യം ചേച്ചി പറഞ്ഞത് പോലെ 'എങ്കില്‍' എന്ന ചോദ്യം ഇല്ല ല്ലേ...? ഒരു രാവുണരുമ്പോള്‍ പഴയ ബാലുവാകാന്‍ കഴിയുമോ...? ഇതറിയുന്ന രാധിക, പിന്നീടുള്ള കാലം ജീവിത നാടകത്തിലെ ഒരു അഭിനേത്രിയായി മാറിയേക്കാം.

    കൊല്ലേരി, മനസ്സിനെ കുത്തി നോവിക്കുന്ന രചന...!

    ReplyDelete
  7. വെളിപാട് നന്നായിട്ടുണ്ട്, മനസ്സിനെ കുത്തിനോവിക്കുന്ന കഥ,

    ഒരു അമ്മയുടെ ടെൻഷൻ നിറഞ്ഞ കഥയുണ്ട്,
    ‘ചിക്കു ഷെയ്ക്ക്’
    http://mini-kathakal.blogspot.com/2011/03/blog-post.html

    ReplyDelete
  8. വയ്യ ഒന്നിനും വയ്യ.പാപക്കറയില്‍ കുതിര്‍ന്ന മനസ്സും തളര്‍ന്നു നിറംകെട്ട മുഖവുമായി ഇന്നിനി നെറ്റില്‍ രാധികയെ നേരിടുന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല..പിന്നെ അമ്മുക്കുട്ടി..കാമാഗ്നിയില്‍ കത്തിജ്വലിച്ചു തളര്‍ന്ന കണ്ണുകള്‍കൊണ്ട്‌,കളങ്കമില്ലാത്ത മനസ്സോടെ,സ്നേഹവാല്‍സ്യങ്ങളോടെ, പൂര്‍ണ്ണമായും ഒരച്ഛന്റെ വികാരവായ്പ്പോടെ പ്രായപൂര്‍ത്തിയായ മകളെ ആദ്യമായി ദര്‍ശിയ്ക്കാന്‍ ഇന്നത്തെ ദിവസം തനിയ്ക്കു കഴിഞ്ഞില്ലെങ്കിലോ..? ആ ആത്മവിശ്വാസക്കുറവ്‌ ബാലുവിനെ കൂടുതല്‍ വിവശനാക്കി.

    തെറ്റുകള്‍ സംഭവിക്കുന്നത് മനുഷ്യ സഹജം.. അത് തിരുത്താനുള്ള മനസ്സ്; അത് ബാലുമാര്‍ക്ക് ഉണ്ടെങ്കില്‍, രാധികമാര്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇല്ലേ കൊല്ലേരീ..?

    ReplyDelete
  9. കൊള്ളാം കൊല്ലേരി നന്നായി ഇഷ്ടപ്പെട്ടു.
    ഈ മൂര്‍ച്ച നിലനിര്‍ത്തുക.
    ആശംസകള്‍ ...

    ReplyDelete
  10. കഥയുടെ തന്മയത്തത്തോട് കൂടി തന്നെ അവതരിപ്പിച്ചു നല്ല വായന സുഖവും കൊല്ലെരീ നീയാ തറവാടീ

    ReplyDelete
  11. കൊള്ളാം. നല്ല ക്രാഫ്റ്റ്. മകള്‍ക്ക് പ്രായമായതും അച്ഛന്റെ അപഥസഞ്ചാരവും ഒരേ ദിവസത്തിലേയ്ക്ക് ഇഴചേര്‍ത്തു വെച്ചത് നല്ലൊരു ഭാവനയായി. മിടുക്കന്‍!

    ReplyDelete
  12. ആദ്യായിട്ടാണ് ഇവിടെ വരുന്നത്...

    കഥവായിച്ചു.. ചില കഥയോ കവിതയോ വായിച്ചുകഴിഞ്ഞാൽ ഒരു
    ദീർഘനിശ്വാസം മാത്രം വായനക്കാരനിൽ ബാക്കിയാകും.. കഥാപാത്രമോ സാഹചര്യമോ അക്ഷരങ്ങളിൽ നിന്നിറങ്ങി അവന്റെ മനസ്സിനുള്ളിലേക്ക് കടന്നു ചെല്ലുന്നതിന്റെ പരിണതഫലം...

    ഇവിടെ ബാലു ഈ അക്ഷരങ്ങളിൽ നിന്നിറങ്ങി എന്റെ മനസ്സിലേക്കെത്തിയതാകാം ആ ദീർഘനിശ്വാസം...

    ഇവിടെ കഥാകാരൻ വിജയിച്ചു..
    അഭിനന്ദനങ്ങൾ

    ReplyDelete
  13. കഥ നന്നായിട്ടുണ്ട്.
    കൂടുതല്‍ ഒന്നും പറയുന്നില്ല.

    ReplyDelete
  14. കഥ ഇഷ്ടമായി

    ആശംസകള്‍

    ReplyDelete
  15. ഈ പോസ്റ്റ്‌ നല്ല പ്രതികരണം നേടുമെന്ന്‌ എഴുതി പാതി വഴി പിന്നിട്ടപ്പോഴെ എനിയ്ക്കു മനസ്സിലായിരുന്നു...സത്യത്തില്‍ ഇതിന്റെ ക്രെഡിറ്റ്‌ മാളുവിനാണ്‌ കൊടുക്കേണ്ടത്‌.നാളെത്തന്നെ അതു ഞാന്‍ നേരിട്ടവള്ക്കുപ കൊടുത്തോളാം..ഞാന്‍ വെക്കേഷന്‍ പോകുന്നു ഇന്നു വൈകിട്ട്‌....കൊടകര എഴുതിക്കഴിഞ്ഞ്‌ വെക്കേഷനു മുമ്പ്‌ ഒരു പോസ്റ്റു കൂടി വേണമല്ലൊ എന്ന ചിന്തയുമായി ഒരു വിഷയമില്ലാതെ അലയുമ്പോഴാണ്‌ഫോണിലൂടെ മാളു ഒരു വിശേഷം പറയുന്നത്‌.."അനിയന്റെ മോള്‌ വലിയ കുട്ടിയായി" .....................

    അതു വിവരിയ്ക്കുമ്പോള്‍ മാളുവിന്റെ ഉത്സാഹം ഒന്നു കാണണമായിരുന്നു..ആ വാചകങ്ങള്‍ അപ്പാടെ പകര്ത്തി വെയ്ക്കുക മാത്രമായായിരുന്നു ഞാന്‍..അത്രയ്ക്കും കൗതുകം തോന്നി എനിയ്ക്ക്‌..ഒരു പക്ഷെ ഞങ്ങള്ക്കൊ രു പെണ്കുാട്ടി ഇല്ലാത്തതു കൊണ്ടാകാം..അല്ലെങ്കില്‍ ഇത്തരം മുഹൂര്ത്ത ങ്ങളില്‍ എല്ലാ സ്ത്രീകളും ഇതുപോലെ ആവേശത്തോടെ ആയിരിയ്ക്കും പ്രതികരിയ്ക്കുക .,.അവരുടെ "ആ നാളുകളിലെ" ഓര്മ്മികളില്‍ മുഴുകുന്നതിന്റെ ത്രില്ലാകാം എന്നൊക്കെ കരുതി..അങ്ങിനെ ആ ഒറ്റ ഫോണ്കോ ളില്‍ നിന്നുമാണ്‌ ഈ പോസ്റ്റു പിറന്നത്‌....

    വെക്കേഷന്‍ മൂഡില്‍ ഒരു പാടെഴുതണമെന്നുണ്ട്‌..അങ്ങിനെ ഒരു മൂഡിലാണ്‌ ഞാന്‍..ചിരി വരുന്നല്ലെ.ഇതെന്തപ്പോ ഇത്ര വലിയ മൂഡ്‌.?`.....അതങ്ങിനെയാണ്‌ ജീവിതത്തിലെ ഓരോ അവസ്ഥയും അതനുഭവിയ്ക്കുമ്പോള്‍ മാത്രമെ നമുക്കു പൂര്ണ്ണുമായും മനസ്സിലാകു..അതു മറ്റൊരാള്ക്കു പറഞ്ഞു മനസ്സിലാക്കണമെങ്കില്‍ അത്രയ്ക്കും വാഗ്‌ചാതുരി വേണം...രചന പാടവവും...കൂടുതല്‍ എഴുതുന്നില്ല...ഒരു പാടു പണി ഇനിയും ബാക്കി ഓഫീസില്‍...വൈകീട്ടാണ്‌ ഫ്ലൈറ്റ്‌....ഒരു മാസം മുമ്പ്‌ നെടുമ്പാശ്ശേരിയില്‍ മൂക്കു കുത്തിയില്ലെ അതു തന്നെ..

    ..അപ്പോ എല്ലാം പറഞ്ഞപോലെ..പഴയ തറവാടല്ലെ, നെറ്റും വെബും ഒക്കെ സുഭിക്ഷം..പോസ്റ്റൊന്നും ഇല്ലെങ്കിലും ഞാനുണ്ടാകും ഈ ബൂലോകത്ത്‌ നിശ്ശബ്ദനായി..

    എല്ലാര്ക്കും നന്ദി....

    ReplyDelete
  16. നന്നായി എഴുതിയല്ലോ, അഭിനന്ദനങ്ങൾ. ഇനിയും നല്ല രചനകൾ ഉണ്ടാവട്ടെ...
    മനോഹരമായ അവധിക്കാലം ആശംസിയ്ക്കുന്നു.

    ReplyDelete
  17. നല്ല ശൈലി..നല്ല രചന..പക്ഷെ മാണിക്യം ചോദിച്ചത് ഞാനും ആവര്‍ത്തിക്കുന്നു.

    ReplyDelete
  18. നല്ല അവതരണം... കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല കഥയില്‍ ചോദ്യമില്ലല്ലോ :)
    അവധിക്കാലം ആഘോഷിച്ചിട്ട് വരൂ , ആശംസകള്‍ ....

    ReplyDelete
  19. ഇന്നത്തെ നമ്മുടെ രീതി അനുസരിച്ച് പലയിടത്തും ചില പോളിച്ചെഴുത്തുകള്‍ അനിവാര്യമാണ്, പ്രത്യേകിച്ചും ലൈംഗീകബന്ധത്തിന്റെ കാര്യത്തില്‍ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്‌.
    ഇവിടെ ഈ കഥയിലെ ബാലു അതിന് ഒന്നാന്തരമൊരു ഉദാഹരണവും കൂടിയാണ് എന്ന് തോന്നുന്നു. പുതിയത് എല്ലാം ആരും കാണാതെ ആരും അറിയാതെ അവനു വേണം, എന്നാല്‍ പഴയത് അതെ പടി സൂക്ഷിക്കുകയും വേണം. അതെങ്ങിനെ നടക്കും? ഇവിടെയാണ്‌ പഴമയും പുതുമയും തമ്മിലുള്ള മത്സരം. സ്വന്തം കാര്യത്തില്‍ വേണം എന്ന് തോന്നുന്നത് അന്യന്റെ കാര്യത്തില്‍ വേണ്ട എന്ന് വരുന്നത്. ഈ മനോഭാവത്തിന് ഒരു മാറ്റം വരണമെങ്കില്‍ നാം കല്പിച്ചു വെച്ചിരിക്കുന്ന ലൈംഗീകതയുടെ പൊള്ളയായ സങ്കല്‍പ്പങ്ങള്‍ മാറ്റുക തന്നെ വേണം, അത് ആണിനായാലും പെണ്നിനായാലും. ഇവിടെ ബാലു ഒരു ചാന്‍സ്‌ കിട്ടിയപ്പോള്‍ അത് ഉപയോഗപ്പെടുത്തി എന്നത് പോലെ ഞാന്‍ കാണുന്നത് അലീന സൌകര്യപ്രദമായ ജോലിയും സാഹചര്യവും മുതലാക്കി സുഖിച്ച് കാശുണ്ടാക്കാന്‍ തീരുമാനിക്കുന്നത് (വീടിന്റെ അവസ്ഥ കാരണം പറയാമെങ്കിലും)ഒരേ മനസ്സ്‌ തന്നെ എന്നാണ്. വലിയൊരു ചര്‍ച്ച തന്നെ ഇക്കാര്യത്തില്‍ നടക്കണം എന്നാണ് തോന്നുന്നത്.

    നമ്മുടെ വിശ്വാസങ്ങള്‍നുസരിച്ച് ജീവിക്കുന്ന ബാലു പലതും മനസ്സില്‍ കെട്ടി നിര്‍ത്തി പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ നീങ്ങുന്നത് വളരെ മനോഹരമായി തന്നെ കൊല്ലേരി പകര്‍ത്തിയിരിക്കുന്നു.

    ReplyDelete
  20. ബാലുവിന്റെ ആത്മസംഘർഷങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ കൊല്ലേരീ...

    അവധിക്കാലം ആഘോഷിച്ച് തിരിച്ച് വരൂ... എന്നിട്ട് പുതിയ പുതിയ കഥകളുമായി സജീവമാകൂ...

    ReplyDelete
  21. നല്ല സന്ദേശവും എഴുത്തും...അഭിനന്ദനങ്ങള്‍, മാളുവിനും കുട്ടേട്ടനും.

    ReplyDelete
  22. പണ്ടക്കൊ നമ്മുടെ കാരണവന്മാരുടെ കാലത്തൊക്കെ ഇന്ന് കാണുന്നപോലെ വീർപ്പുമുട്ടി കാത്തിരുന്ന് സ്വന്തം ഇണയോട് മാത്രം സെക്സ് നടത്തുന്ന പരിപാടിയേ ഇല്ലായിരുന്നൂ...!
    {ചരിത്രം സാക്ഷി )

    രണ്ട്മൂന്നുതലമുറയായി ലൈംഗികതയെ ഒരു പ്രത്യ്യേക ചട്ടക്കൂടിൽ നമ്മൊളൊക്കെ കൂടി , ഒതുക്കിയ , ആ കാഴ്ച്ചപ്പാടിൽ നോക്കുക്കുന്നവർക്കൊക്കെ , ഒരനുഭവം പോലെ സൂപ്പറായി വിവരിച്ചിരിക്കുന്ന ഈ കഥയിൽ കഥനം തോന്നിയേക്കാം...


    പക്ഷെ ഇമ്മ്ടെ നായനാര് പറഞ്ഞപോലെ ചായേം,കാപ്പീം പോലെ / ഭക്ഷണം പോലെ ഒരു ശാരീരിക ആവശ്യമാണ് സെക്സ് എന്ന് ചിന്തിക്കുന്നവരുടെ നാട്ടിൽ കിടക്കുന്നത് കൊണ്ട് ഈ മാറ്റർ ഞങ്ങളെപ്പോലെയുള്ള പ്രവാസികൾക്ക് ഒട്ടും ഗുമ്മില്ലാത്ത സംഗതിയാണ് കേട്ടൊ ഭായ്.

    ReplyDelete
  23. നല്ല കഥ,നന്നായി എഴുതി കൊല്ലേരി...

    ReplyDelete
  24. നന്നായി എഴുതി കൊല്ലേരി..

    അപ്പൊ നാട്ടില്‍ പോയി വാ...

    ഞാന്‍ പോയി വന്നു.അതാ പോസ്റ്റ്‌ വായിക്കാന്‍

    താമസിച്ചത്...

    ReplyDelete
  25. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. സത്യം പറഞ്ഞാല്‍ കഥ തീര്‍ന്നത് അറിഞ്ഞില്ല. പുതുമ തേടിപ്പോയി പശ്ചാത്താപത്തിന്റെ നെരിപ്പോടില്‍ വെന്തുരുകുന്ന നായകനെ ഭംഗിയായി അവതരിപ്പിച്ചു.

    ആശംസകള്‍....

    ReplyDelete