Sunday, September 4, 2011

കൊടകര... കൊടകര... കൊടകര..... !!!


ഇതൊരു പോസ്റ്റിന്റെ തുടക്കമാണ്‌. എന്താണ്‌ എഴുതേണ്ടതെന്നെനിയ്ക്കറിയില്ല,.. എഴുതിയെഴുതി എവിടെ എത്തുമെന്നും അറിയില്ല, അതുകൊണ്ടുതന്നെയാണ്‌ പോസ്റ്റുകള്‍ക്ക്‌ നീളം കൂടുന്നുവെന്ന പഴി എപ്പോഴും എനിയ്ക്കു കേള്‍ക്കേണ്ടിവരുന്നത്‌. കടലിലേയ്ക്കു തോണി തുഴഞ്ഞു പോയി, ഇരുട്ടാന്‍ തുടങ്ങുമ്പോള്‍, തളരാന്‍ തുടങ്ങുമ്പോള്‍ പയ്യെ മടങ്ങുന്ന ലക്ഷ്യബോധമില്ലാത്ത ഒരു സഞ്ചാരിയുടെ മനസ്സാണ്‌ പോസ്റ്റൊരുക്കുന്ന നിമിഷങ്ങളില്‍ എനിയ്ക്കും..എന്നിട്ടും ചിലപ്പോഴെക്കെ എന്റെ പോസ്റ്റുകളും കമ്മന്റ്‌സുകള്‍ കൊണ്ട്‌ സമ്പന്നമാകാറുണ്ട്‌. 

കമന്റ്ബോക്സിലെ സ്ഥിരാംഗത്വംകൊണ്ട്‌ എന്റെ മനസ്സില്‍ പതിഞ്ഞുപോയ ആ അഞ്ചാറു മുഖങ്ങള്‍ക്കു പുറമെ ബൂലോകത്തെ പേരുകേട്ട കുമാരന്‍മാരും, രാജകുമാരിമാരും, ലീല ടീച്ചർ ‍, മിനി ടീച്ചര്‍ അങ്ങിനെ ഗുരുതുല്യരായ ഒരുപാടു വ്യക്തികളും അപൂര്‍വ്വമായിട്ടെങ്കിലും ഈ തറവാട്ടുമുറ്റത്തും കടന്നു വരാറുണ്ട്‌.. അലസനാണ്‌ ഞാന്‍, ഒരു പക്ഷെ അഹങ്കാരിയും. അല്ലെങ്കില്‍ ഓരോരുത്തരേയും പേരെടുത്ത്‌ നന്ദി പറഞ്ഞ്‌ സൗഹൃദം സ്ഥാപിയ്ക്കാന്‍ വീണുകിട്ടുന്ന അത്തരം സുവര്‍ണ്ണാവസരങ്ങള്‍ ഭംഗിയായി വിനിയോഗിയ്ക്കില്ലായിരുന്നോ ?

നൂറും നൂറ്റമ്പതും കമന്റ്‌സ്‌ ലഭിയ്ക്കുന്ന വലിയ വലിയ ബ്ലോഗേര്‍സു പോലും ആരേയും അവഗണിയ്ക്കാതെ ഇമ്പോസിഷന്‍ എഴുതുന്ന കുട്ടിയുടേ ക്ഷമയോടെ ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞ്‌ മറുപടിയെഴുതാന്‍ കാണിയ്ക്കുന്ന ശുഷ്‌കാന്തി കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌, ഒപ്പം ആദരവും.ജീവിതപ്രാരാബ്‌ധങ്ങളുടെ മാറാപ്പും പേറിയുള്ള നെട്ടോട്ടങ്ങള്‍ക്കിടയിലും സൗഹൃദങ്ങള്‍ക്കു പ്രാധാന്യം നല്‍കാന്‍ കഴിയുക, ഒപ്പം എന്തു വിലകൊടുത്തും അതു നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിയ്ക്കുക മഹത്തായ കാര്യങ്ങളാണ്‌ അതൊക്കെ...ഈ ഒരു കാഴ്ചപ്പാടിലാണ്‌ ബൂലോക മീറ്റുകളെക്കുറിച്ചുള്ള ഓരോ പോസ്റ്റുകളും ഒരു വരിപോലും വിടാതെ ഞാന്‍ വായിയ്ക്കാറുള്ളത്‌.അങ്ങിനെയെങ്കിലും ഞാനൊന്നു നേരെയാക്കട്ടെ എന്ന മോഹത്തോടെ..എവടെ.! ആരു നേരേയാകാന്‍..!

കൂട്ടായ്മയുടെ മഹത്വവും,സൗഹൃദത്തിന്റെ മൂല്യവും ഇനിയും അറിയില്ലെനിയ്ക്ക്‌.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ തലയെടുപ്പോടെ അണിനിരക്കുന്ന ഉത്സവപറമ്പില്‍ വനത്തില്‍ നിന്നും എങ്ങിനെയോ വഴിതെറ്റിവന്ന്‌ തികഞ്ഞ അപരിചിതത്വത്തൊടെ പകച്ചു നില്‍ക്കുന്ന ഒറ്റയാനെപോലെയാണ്‌ ഇന്നും ഞാന്‍ ഈ ബൂലോകത്തില്‍..നിരുപദ്രവകാരിയാണ്‌.പക്ഷെ, ആചാരങ്ങള്‍ പാലിയ്ക്കാത്തവന്‍..,ഉപചാരങ്ങള്‍ അറിയാത്തവന്‍..ചെളിയും മണ്ണും വാരിയണിഞ്ഞ്‌ തറയും തരികടയും ഒരുക്കി സ്വന്തം രൂപഭാവങ്ങള്‍ വികൃതമാക്കാന്‍ മടിയില്ലാത്തവന്‍..

സൗഹൃദത്തിന്റെ ഊഷ്മളാരവങ്ങള്‍ നിറഞ്ഞ ഉത്സവാന്തരീക്ഷത്തേക്കാള്‍, ഉത്സവപ്പിറ്റേന്ന്‌ സന്ധ്യയ്ക്ക്‌ ആള്‍ത്തിരക്കൊഴിഞ്ഞ്‌ വിജനമാകുന്ന അമ്പലപ്പറമ്പില്‍ ഏകാകിയായി നിന്ന്‌ കണ്ണുനീര്‍പൊഴിച്ച്‌ കാറ്റിനോടു കലമ്പുന്ന ആല്‍മരത്തിന്റെ എണ്ണിപ്പെറിക്കിയുള്ള മര്‍മ്മരത്തിനായി കാതോര്‍ക്കാനായിരുന്നു എന്നും എനിയ്ക്കിഷ്ടം.ലാളിത്യത്തിന്റെ പ്രതീകമായി ഒരു പരാതിയും കൂടാതെ, ഒരിറ്റു എണ്ണയില്‍, ഒറ്റത്തിരിയില്‍ ഒരുപാടു നേരം തെളിഞ്ഞുകത്തുന്ന അമ്പലമുറ്റത്തെ കല്‍ച്ചിരാതിലെ ദീപനാളത്തിനെ സാക്ഷിയാക്കി, മേലേമാനത്ത്‌ രാവിനൊപ്പം വിരിയുന്ന കുരുന്നു നക്ഷത്രങ്ങളോടു കണ്ണുറുക്കി ആല്‍ത്തറയില്‍ മലര്‍ന്നുകിടക്കുന്ന ആ നിമിഷങ്ങളില്‍ ലഭിച്ചിരുന്ന മനഃശ്ശാന്തി ഇന്ന്‌ വരമൊഴിയിലൂടെ അക്ഷരങ്ങളൊരുക്കി രസിയ്ക്കുന്ന നിമിഷങ്ങളില്‍ തിരികെ കൈവരുന്നതുപോലെ പലപ്പോഴും തോന്നാറുണ്ട്‌.സത്യത്തില്‍ ആ സുഖനിമിഷങ്ങളുടെ ഒരോര്‍മ്മപ്പുതുക്കലിനുമാത്രമായാണ്‌ തിരക്കുകള്‍ക്കിടയിലും ഈ പാഴ്‌വേലയ്ക്കു ഞാന്‍ മുതിരുന്നത്‌.!

ചുറ്റുവിളയ്ക്കും നിറമാലയും കാഴ്ചശീവേലിയും കാവടിചിന്തുമായി ആടിത്തിമിര്‍ക്കാന്‍ വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങള്‍മാത്രം,.പിന്നെ അടുത്ത ഉത്സവനാളിനായുള്ള കാത്തിരിപ്പിന്റെ നീണ്ട ശൈത്യകാലം..ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുകളെ ഈറനണിയ്ക്കുന്ന,ശോകമൂകമായ ആ ക്ഷേത്രാന്തരീക്ഷത്തിനു വിദൂരതയിലെവിടെയ്ക്കൊ പറന്നുപോയ പ്രിയനെയും കാത്തിരിയ്ക്കുന്ന ഒരു പ്രിയതമയുടെ വിരഹാദ്രഭാവങ്ങളാണെന്ന്‌ അന്നെനിയ്ക്കറിയില്ലായിരുന്നു..! പ്രവാസം എന്ന വാക്കിന്റെ തീക്ഷ്ണതയും തീവൃതയും അതിന്റെ എല്ലാ അര്‍ത്ഥവ്യാപ്തിയോടും ഇത്രയും ആഴത്തില്‍ അനുഭവിച്ചറിയേണ്ടിവരുമെന്നു സ്വപ്നത്തില്‍പോലും നിനച്ചിരുന്നില്ല.!

അതിമോഹത്തിന്റെ അതിപ്രസരത്തില്‍ ജീവിതം ആടിയുലയാത്ത കാലമായിരുന്നു അത്‌..ഇല്ലായ്മയുടെ വല്ലായ്മ നല്‍കുന്ന കൂട്ടായ്മയ്ക്ക്‌ വല്ലാത്ത ശക്തിയായിരുന്നു..കൊച്ചുകൊച്ചു മോഹങ്ങളെ ഉണ്ടായിരുന്നുള്ളു. കൊച്ചുകൊച്ചാഘോഷങ്ങളും..അതിനിടയില്‍ അറിയാതെ ഉതിര്‍ന്നുവീഴുന്ന ഒരു പുഞ്ചിരി,കടാക്ഷം,.ദര്‍ശനം,.ബാല്യകൗമാരങ്ങളുടെ മഞ്ചലിലേറി വിരുന്നുവരുന്ന യൗവ്വനം ഊഞ്ചാലുടുന്ന ഋതുഭേദങ്ങളുടെ മാസ്മരികഭാവങ്ങള്‍,വര്‍ണ്ണവിന്യാസവിലാസങ്ങള്‍.മോഹിയ്ക്കാനും അനുഭവിയ്ക്കാനും അതിലപ്പുറം വേറെ ഒന്നും ഇല്ലായിരുന്നു ആര്‍ക്കും അക്കാലത്ത്‌.എന്നിട്ടും ദാരിദ്ര്യം നിറഞ്ഞതെങ്കിലും സാന്ദ്രസുന്ദരമായ ആ അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന കൂട്ടായ്മകള്‍ക്ക്‌ അഭൗമ ചാരുതയായിരുന്നു.നക്ഷത്രദ്യുതിയാര്‍ന്ന സ്വപ്നങ്ങള്‍ക്ക്‌ വല്ലാത്ത സുഗന്ധമായിരുന്നു.

ചൊല്ലിയും കേട്ടും മടുത്ത ഗൃഹാതുരതയുടെ തേഞ്ഞരഞ്ഞ പദങ്ങള്‍ ചേര്‍ത്തുവെച്ചൊരുക്കുന്ന ഈ പൈങ്കിളിവാചകങ്ങള്‍ വായിയ്ക്കുമ്പോള്‍ ചുണ്ടില്‍ പരിഹാസച്ചിരി പടരുന്നു അല്ലെ. ചൂടും ചൂരുമുള്ള സമകാലിക വിഷയങ്ങള്‍ മാറ്റിവെച്ച്‌ എന്തെ പ്രവാസികള്‍ എപ്പോഴും ഇങ്ങിനെ ഭൂതത്തിനു പുറകെ അലയുന്നതില്‍ ആനന്ദംകണ്ടെത്തുന്നു..?.കുറ്റപ്പെടുത്തുന്നതിനും പരിഹസിയ്ക്കുന്നതിനു മുമ്പ്‌ ഓര്‍ത്തു നോക്കിയിട്ടുണ്ടൊ എപ്പോഴെങ്കിലും.വര്‍ത്തമാനക്കാലത്തെ നവ്യാനുഭവങ്ങള്‍ പാവം അവന്‌ എന്നും അന്യമാണ്‌..കുടുംബം,സമൂഹം ഇതെല്ലാം ഏറെ ദൂരെയാണെന്ന തിരിച്ചറിവ്‌ പലപ്പോഴും അസഹനീയമാകുന്നു .!.ഉത്സവനാളുകളില്‍ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന,ആഘോഷകാഴ്ചകള്‍ പലപ്പോഴും സമ്പന്നരുടെ കെട്ടിയെഴുന്നെള്ളിപ്പുകള്‍ മാത്രമായി മാറുന്നു.ധൂര്‍ത്തിന്റേയും ആഡംബരത്തിന്റേയും നേര്‍ക്കാഴ്ചകളായി മാറുന്ന അത്തരം താരോല്‍സവങ്ങള്‍ അവന്റെ കണ്ണുകളെ മാത്രം കുളിരണിയിച്ചു ഹൃദയത്തില്‍ സ്പര്‍ശിയ്ക്കാതെ കടന്നു പോകുന്നു.തികഞ്ഞ അനിശ്ചിതത്വം മാത്രം സമ്മാനിച്ച്‌ നിരന്തരം വേട്ടയാടുന്ന ഭാവിചിന്തകള്‍ ജീവിതാന്ത്യം വരെ അവനെ പ്രവാസലോകത്തു തന്നെ തളച്ചിടുന്നു..

മരുഭൂമിയിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍പോലെ പ്രവചാനാതീതമായിരിയ്ക്കും ഓരോ പ്രവാസിമനസ്സും. അസ്വസ്ഥതയുടെ പൊടിക്കാറ്റു നിറഞ്ഞ മനസ്സില്‍ പെട്ടന്നായിരിയ്ക്കും നിസ്സംഗതയുടെ, നിസ്സഹായതയുടെ മൂടല്‍മഞ്ഞു നിറയുന്നത്‌.അമ്പരിപ്പിയ്ക്കുന്ന വേഗത്തിലായിരിയ്ക്കും അതുപിന്നെ ആകുലതകളുടെ, വ്യാകുലതകളുടെ, ആശങ്കകളുടെ ഉഷ്ണക്കാറ്റായി മാറുന്നത്‌.തീര്‍ത്തും അപ്രതീക്ഷിതമായി അടുത്ത നിമിഷത്തില്‍ തന്നെയായിരിയ്ക്കും അറബിക്കടലും കടന്നു നാട്ടില്‍ നിന്നും വരുന്ന ഓര്‍മ്മകളുടെ മഴമേഘങ്ങള്‍ ചെറുമഴത്തുള്ളികളായി പെയ്ത്‌ ഹൃദയത്തിന്റെ അടിത്തട്ടോളം ആഴ്‌ന്നിറങ്ങി കുളിരു പകരുന്നത്‌.

എന്താണെന്നറിയില്ല, ഇപ്പോള്‍ ഈ ഓണാന്തരീക്ഷത്തിലും എന്റെ മനസ്സില്‍ വീശിയടിയ്ക്കുന്നത്‌ വൃശ്ചികക്കാറ്റാണ്‌.!.പാലക്കാടു ചുരം കടന്ന്‌ നിളയിലെ കുളിരും കോരിയെടുത്ത്‌ കാതങ്ങള്‍ താണ്ടി കേരളവര്‍മ്മ കാമ്പസ്സിലെ മാമരങ്ങളെയും പൂമരങ്ങളെയും ഗൗരവക്കാരായ ആല്‍മരങ്ങളെപോലും കുസൃതികാട്ടി, കിക്കിളിയൂട്ടി തഴുകിയുണര്‍ത്തുന്ന ആ കള്ളക്കാറ്റിന്‌ കുറുമാലി പുഴ കടക്കുന്നതോടെ ശക്തി കുറയും..ചാലക്കുടി പുഴയെത്തുമ്പോഴേയ്ക്കും നേര്‍ത്തു നേര്‍ത്ത്‌ അതില്ല്ലതാകും..കുറുമാലി പുഴയ്ക്കും ചാലക്കുടി പുഴയ്ക്കും ഇടയില്‍ കൊടകര എന്നൊരു ദേശമുണ്ട്‌. ചരിത്രത്തിന്റെ ഭൂമികയില്‍ ഒരു വിധത്തിലും സ്ഥാനം പിടിയ്ക്കാത്ത ഒരു സാധാരണ ദേശം..എന്നാല്‍ ഇന്ന്‌ ആ ദേശത്തെക്കുറിച്ചു കേള്‍ക്കുന്ന നിമിഷം വായനാശീലമുള്ള എതൊരു മലയാളിയുടെയും ചുണ്ടില്‍ അവരറിയാതെതന്നെ ചെറുപുഞ്ചിരി വിരിയും.

ഇപ്പോള്‍ മനസ്സിലായില്ലെ ലക്ഷ്യമില്ലാതെ ഒഴുകിയൊഴുകി കൊല്ലേരി എവിടെയാണ്‌ എത്തിചേര്‍ന്നതെന്ന്‌..!

സാഹിത്യത്തിന്റെ അകമ്പടിയില്ലാതെ, പദസമ്പത്തിന്റെ വാദ്യഘോഷങ്ങളില്ലാതെ ഉറ്റവരില്‍നിന്നും ഉടയവരില്‍നിന്നും കേട്ടും പറഞ്ഞും ശീലിച്ച ഭാഷയില്‍,നിഷ്കളങ്കനായ ഒരു ഗ്രാമീണന്റെ നര്‍മ്മചാതുരിയോടെ സ്വന്തം നാടിന്റെ ഹൃദയത്തിലേയ്ക്കുള്ള കിളിവാതില്‍ വിശാലമായി തുറന്നു നല്‍കിയ വിശാല ഹൃദയമുള്ള ആ ബൂലോകവാസിയെ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നതുതന്നെ അവിവേകമാണെന്നറിയാം. ബൂലോക മഠാധിപതി,ബൂലോക മുത്തപ്പന്റെ ഉപാസകന്‍ സാക്ഷാല്‍ ശ്രീ വിശാലമനസ്കനെ അറിയാത്തവരും ആദരിയ്ക്കാത്തവരുമായി ആരെങ്കിലും കാണുമോ ഈ ബൂലോകത്ത്‌.

ഒന്നോര്‍ത്താല്‍ എച്ചുമുവിനെക്കുറിച്ചെഴുതുന്നതിനു എത്രയൊ മുമ്പുതന്നെ വിശാല്‍ജിക്കുറിച്ച്‌ ഞാന്‍ എഴുതണമായിരുന്നു. സത്യത്തില്‍ ചെറിയൊരു പേടി തോന്നിയതുകൊണ്ടുമാത്രമാണ്‌ എഴുതാതിരുന്നത്‌.. കാരണം ബ്ലോഗെഴുത്തില്‍ ഗുരുതുല്യനാണ്‌ എനിയ്ക്കു വിശാല്‍ജി.. ഇതെന്റെ മാത്രം കാര്യമായിരിക്കില്ലെന്നറിയാം, ബൂലോകത്ത്‌ ഇന്ന്‌ സജീവമായ ഒരുപാടുപേര്‍ക്ക്‌ കാരണവസ്ഥാനീയനായിരിയ്ക്കും അദ്ദേഹം, ഒപ്പം വരമൊഴിയിലെ വഴികാട്ടിയും. "കൊടകരപുരാണം" വായിച്ചാണ്‌ ബൂലോകത്തേയ്ക്കു എന്റെ കടന്നു വരവ്‌. സാഹിത്യവുമായി പുലബന്ധം പോലുമില്ലാതിരുന്ന എനിയ്ക്ക്‌ വരമൊഴിയില്‍ എന്തെങ്കിലും കുത്തികുറിയ്ക്കണമെന്ന്‌ ആദ്യമായി മോഹവുമുണര്‍ന്നത്‌ അങ്ങിനെയായിരുന്നു.

പണ്ട്‌ ദ്രോണാചാര്യര്‍ക്ക്‌ പറയാന്‍ ഒരു ഏകലവ്യന്റെ കഥയെ ഉണ്ടായിരുന്നുള്ളു. പക്ഷെ ഈ ഗുരുജിയ്ക്ക്‌ അദ്ദേഹത്തിനൂഹിയ്ക്കാന്‍ കഴിയാവുന്നതിനുമപ്പുറം വിശാലമായ ശിഷ്യസമ്പത്തുണ്ട്‌.. നേരിട്ടോ, മെയില്‍ വഴിയോ അങ്ങിനെ യാതൊരുവിധത്തിലും പരിചയമില്ലാത്ത ഒരുപാടുപേര്‍,. എന്നെപോലെ.....ഇതൊക്കെകേട്ട്‌ ഗമ കൂടി ആരോടും കയറി പെരുവിരലൊന്നും ചോദിച്ചു കളയല്ലെ സര്‍ . "പാവറട്ടി പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി" എന്നായിരിയ്ക്കും ഒരു പക്ഷെ, ഞങ്ങള്‍ ശിഷ്യഗണങ്ങളുടെ മറുപടി.. കാലം മാറി, ഗുരുശിഷ്യബന്ധങ്ങളുടെ പവിത്രതയൊക്കെ എങ്ങോ പോയ്‌മറഞ്ഞു.. കല്‍പ്പിത കലാശാലകളിലും, കല്‍പ്പിയ്ക്കാന്‍ മാത്രമറിയാവുന്ന സ്വയാശ്രയകലാശാലകളിലും എല്ലാം കൊള്ളപ്പലിശക്കാരന്റെ മനസ്സുമായി ഗുരുനാഥന്മാര്‍ നിറഞ്ഞാടുന്ന കാലമാണിത്‌.

ഒരു ദേശത്തെക്കുറിച്ചു പറയാന്‍ ഇത്രയേറെ കഥകളോ.! വായിയ്ക്കുമ്പോഴെല്ലാം ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്‌.. വഴിയരികില്‍ വിടര്‍ന്നു നിന്നിരുന്ന മുക്കുറ്റി കാശിത്തുമ്പ, എന്തിന്‌ സ്ലേറ്റു മായ്ക്കാന്‍ ഉപയോഗിച്ച മഷിത്തണ്ടിനെ വരെ ഓര്‍ത്തെടുത്ത്‌ ബാല്യ കൗമാരങ്ങളില്‍ നടന്നുതീര്‍ത്ത നാട്ടുവഴികളിലൂടെ കയ്യും വീശി ഒരാവര്‍ത്തികൂടി നടക്കാന്‍ കഴിയുക, കാല്‍പ്പനികതയുടെ മേമ്പൊടിയില്ലാതെ, തികഞ്ഞ ലാളിത്യത്തോടെ ഹൃദ്യമായി മറ്റുള്ളവര്‍ക്ക്‌ അതെല്ലാമ്പകര്‍ന്നു നല്‍കാന്‍ കഴിയുക. ഒരു സിദ്ധി തന്നെയാണത്‌! താല്‍ക്കാലികമായിട്ടാണെങ്കിലും സ്വന്തം വേരുകള്‍ പിഴുതെറിഞ്ഞ്‌ ജീവിതമാര്‍ഗം തേടി ഭൂലോകത്തിന്റെ ഏതൊക്കയോ കോണില്‍ എത്തപ്പെട്ട്‌ സമ്പന്നതയിലും ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടലില്‍ വേദനിയ്ക്കുന്ന അനേകം പേര്‍ക്ക്‌ പലപ്പോഴും ആശ്വാസത്തിന്റെ തേന്‍തുള്ളികളായി മാറുന്നു വിശാല്‍ജിയുടെ നര്‍മ്മം തുളുമ്പുന്ന വരമൊഴികള്‍ . കൊടകരപുരാണത്തെ മാല്‍ഗുഡിഡേയ്‌സുമായി താരതമ്യം ചെയ്തു ഒരിയ്ക്കല്‍ ആരോ എഴുതിയിരുന്നു. ഒട്ടും തന്നെ അതിശോയക്തിയില്ല ആ പ്രസ്താവനയിൽ‍.

"വീട്‌ കൊടകരേല്‌ .. ജോലി ജെബലലീല്‌.. ഡെയിലി പോയിവരും..“ ഒരു കൊച്ചു ശംഖിനുള്ളില്‍ ഇരമ്പുന്ന മഹാസമുദ്രത്തിനു സമാനം ഒരു പ്രവാസസമൂഹത്തിന്റെ മുഴുവന്‍ മനസ്സിലും അലയടിയ്ക്കുന്ന ഗൃഹാതുരത്വം അപ്പാടെ ആവാഹിച്ച്‌ ഈ ഒരു കൊച്ചു വാചകത്തില്‍ എങ്ങിനെ ഇത്ര മനോഹരമായി ഒതുക്കിവെയ്ക്കാന്‍ കഴിഞ്ഞു വിശാല്‍ജി താങ്കള്‍ക്ക്‌.!

പല വലിയ എഴുത്തുകാരും ഒരായുഷ്‌ക്കാലം മുഴുവെനെടുത്തെഴുതിതീര്‍ക്കുന്നതിനെക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ ചുരുങ്ങിയ നാള്‍കൊണ്ട്‌, ഒറ്റശ്വാസത്തില്‍ എഴുതിതീര്‍ത്തതിന്റെ കിതപ്പുകൊണ്ടാകാം വിശാല്‍ജി ഇന്ന്‌ മൗനത്തിന്റെ വാല്മീകത്തിലാണ്‌. ആ മൗനത്തിലെ വാചാലതയെപോലും മാനിയ്ക്കുന്നു ഞങ്ങള്‍ . എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്നതിനെക്കാള്‍ നല്ലതു തന്നെയാണ്‌ ഒന്നും എഴുതാനില്ല എന്നു തോന്നുമ്പോള്‍ തൂലികയ്ക്കു വിശ്രമം നല്‍കുന്നത്‌. പ്രത്യേകിച്ചും താങ്കളെപോലെ പ്രശസ്തനായ ഒരാൾ‍. ഈ മൗനം താല്‍ക്കാലികം മാത്രമാണെന്നറിയാം. നര്‍മ്മം മാത്രമല്ല എഴുത്തിന്റെ മര്‍മ്മം കൂടി അറിയാവുന്ന വിശാല്‍ജിയ്ക്ക്‌ എത്രകാലം തുടരാന്‍ കഴിയും ഈ അജ്ഞാതവാസം.! ഉപമകളുടെ തമ്പുരാന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഊറികൂടുന്ന ആശയങ്ങള്‍ വായനക്കാരുടെ ആമാശയം വരെ അലയടിയ്ക്കുന്ന ചിരിയുടെ സുനാമിതിരയിളക്കമാക്കമായി മാറ്റുന്ന വാഗ്‌ചാതുരിയുടെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി മാത്രമെ ബൂലോകം ഈ നിശ്ശബ്ദതയെ വിലയിരുത്തുന്നുള്ളു.

"ദശരഥ മഹാരാജാവിന്‌ ഹെര്‍ണിയ ഓപ്പേറേഷന്‍ കഴിഞ്ഞു.! കൊട്ടാരത്തില്‍ ഒന്നരയുടെ മോട്ടോര്‍ വെച്ചു! രാജാവിന്റെ തലോരുള്ള വല്യമ്മ വിരുന്നു വന്നു."!! വലിയ വലിയ ചാനലുകളുടെ പ്രൈം ടൈമില്‍ ശരിയ്ക്കും കാക്ക തൂറിയെന്നു തോന്നിപ്പിയ്ക്കുന്ന മുഖഭാവങ്ങളോടെ, എന്തോ വലിയ സംഗതികളെന്ന മട്ടില്‍ ചില റിട്ടയേഡ്‌ താരങ്ങള്‍ അവതരിപ്പിയ്ക്കുന്ന കോമഡി പ്രോഗ്രാമുകള്‍ക്കു മാത്രം ചേരുന്നതാണ്‌ ഇത്തരം ശൈലിയും കഥാഖ്യാനവും.. താങ്കളെപോലുയുള്ള ഒരു എഴുത്തുകാരന്റെ തൂലികയില്‍ നിന്നും..? പൊറുക്കുക..എന്റെ മാത്രം വിമര്‍ശനമായി ഇതിനെ കരുതുക. എം.ടി അടക്കമുള്ള വലിയ എഴുത്തുകാര്‍ വ്യത്യസ്ത കോണുകളില്‍നിന്നും വിശകലനം ചെയ്ത്‌ അക്ഷരങ്ങളില്‍ ചെത്തിമിനുക്കി അതിമനോഹരമായി വായനക്കാരുടെ മനസ്സില്‍ അരക്കിട്ടുറപ്പിച്ച പുരാണകഥാപാത്രങ്ങള്‍ക്ക്‌ നര്‍മ്മത്തിന്റെ ഭാഷ്യം നല്‍കുക ദുഷ്ക്കരമായ കാര്യമാണ്‌..അടിതെറ്റാനും അതിരു വിടാനും എളുപ്പമാണ്‌.. എന്തിനുവെറുതെ റിസ്ക്‌ എടുക്കണം..തൊട്ടു കണ്‍മുമ്പില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിറഞ്ഞുനിന്നാടുകയല്ലെ ഒരുപാടു കത്തി വേഷങ്ങൾ ‍.!!

ഇന്ത്യന്‍ ജനതയുടെ മനസ്സറിയാന്‍ ശ്രമിയ്ക്കാതെ, അവരുടെ ജീവിതപ്രശ്നങ്ങളില്‍ ആഴത്തില്‍ ഇറങ്ങിചെല്ലാന്‍ മുതിരാതെ പ്രതിസന്ധിഘട്ടങ്ങളില്‍ അഴിമതിയില്‍ ആറാടിനില്‍ക്കുന്ന "കേന്ദ്രത്തെ" പിന്തുണച്ചും, മൂന്നു സംസ്ഥാനങ്ങളിലെ അണികളുടെ എണ്ണവും ഗ്രൂപ്പുസമവാക്യങ്ങളും കൂട്ടിയും കിഴിച്ചും എഴുതാപ്പുറങ്ങള്‍ വായിച്ച്‌ ജന്മനിയോഗം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന അവയലബിള്‍ പോളിറ്റ്ബ്യൂറോ അംഗങ്ങൾ‍. അല്‍പ്പം ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും ഉണ്ടായിരുന്നുവെങ്കില്‍ ഇന്നു ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹസാരയണ്ണന്റെ സ്ഥാനം അലങ്കരിയ്ക്കേണ്ടവരായിരുന്നു തങ്ങളെന്ന തിരിച്ചറിവ്‌ ഇല്ലാതെ പോകുന്നു അവര്‍ക്ക്‌.!

പിന്നെയുമുണ്ട്‌ കഥാപാത്രങ്ങൾ. വടക്കെ ഇല്ലത്തെ സുന്ദരിയായ സുഷമ അന്തര്‍ജനം.. വിഫലമായ രഥയാത്രകൾ‍, ലക്ഷ്യം കാണാത്ത അശ്വമേധങ്ങൾ‍, അങ്ങിനെ എത്ര അദ്ധ്വാനിച്ചിട്ടും ഒരിയ്ക്കല്‍പോലും സ്ഥാനാരോഹണത്തിനു യോഗമില്ലാതെ നൊസ്സു പിടിച്ചലയുന്ന അവരുടെ സഹോദരന്‍ കൃഷ്ണന്‍ നമ്പൂതിരി. നൈഷ്ഠിക ബ്രഹ്മചാരിയും ഒപ്പം ബന്ധുജനപക്ഷപാതം ഇല്ലാത്തവനും ആണെങ്കിലും ആഭിചാരവും ദുര്‍മന്ത്രവാദവുമായി നാട്ടിലെ എല്ലാ ദുര്‍മരണങ്ങളുടേയും പഴി ഏറ്റു വാങ്ങി ഇല്ലത്തിനു ദുഷ്പ്പേരുണ്ടാക്കി ഫലത്തില്‍ ദുഷ്ടനായി മാറുന്ന അനിയന്‍ നമ്പൂതിരി...

തൊട്ടപ്പുറത്ത്‌ ഹൈക്കമാന്റ്‌ മാളികയില്‍ ശീമത്തമ്പുരാട്ടി.. അവരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിത്തമ്പുരാന്‍... പണ്ട്‌ വലിയ ഇല്ലങ്ങളിലും നായര്‍ തറവാടുകളിലും, പീഡിപ്പിയ്ക്കപ്പെടുന്ന കുടിയാന്മാരുടെയും അടിയാത്തിപ്പെണ്ണുങ്ങളുടെയുമൊക്കെ ശാപം കൊണ്ടാകാം ഒന്നു രണ്ടു തലമുറ കൂടുമ്പോള്‍ ഇങ്ങിനെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു ഉണ്ണിത്തമ്പുരാനുണ്ടാകും.. പാവം ഈ ഉണ്ണിത്തമ്പുരാന്‍.! നാല്‍പ്പത്തിയൊന്നു തികഞ്ഞിട്ടും രാജ്യഭാരം ഏല്‍ക്കാന്‍ പ്രാപ്തിയില്ലാതെ , വേളിപോലും കഴിയ്ക്കാന്‍ ത്രാണിയില്ലാതെ നാടു നീളെ സംബന്ധവും യോഗവുമായി പാരമ്പര്യത്തിന്റെ വിത്തു വിതച്ചു നടക്കുന്നു, അങ്ങിനെ ഒരു തറവാടിന്റെ ദുഃഖം നാടിന്റെ മൊത്തം ശാപമായി മാറുന്നു..!

ഉണ്ണിത്തമ്പുരാന്‌ ബുദ്ധിയും വിദ്യയും പകര്‍ന്ന്‌ അമ്മത്തമ്പുരാട്ടിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അടുക്കളമുറ്റത്തും കാര്‍പോര്‍ച്ചിലുംവരെ കാവല്‍ കിടന്ന്‌ പരസ്പരം മല്‍സരിയ്ക്കുന്ന കാര്യസ്ഥന്മാരുടെ ഒരു വലിയ പടതന്നെയുണ്ട്‌ ഹൈക്കമാന്‍ഡു മാളികയുടെ ഇടനാഴികളില്‍ എപ്പോഴും...കുരുത്വംകെട്ടവന്‍, നാടിനും വീടിനും കൊള്ളാത്തവന്‍ എന്നൊക്കെ പറഞ്ഞു നാട്ടുകാരും വീട്ടുകാരും എല്ലാരുംകൂടി വടക്കോട്ടു വണ്ടി കയറ്റിവിടുന്ന പല മലയാളികളും തീവണ്ടി വാളയാര്‍ ചുരം കടക്കുന്നതോടെ ആളാകെ മാറി, കേമനാനായി, ആര്‍ക്കും പാര വെച്ച്‌ സ്വന്തം തൊഴിലില്‍ മിടുക്കുകാണിച്ച്‌ നാട്ടുകാരേയും വീട്ടുകാരേയും ഒരുപോലെ അതിശയിപ്പിയ്ക്കാറില്ലെ,.. കാക്കയുടെ കണ്ണുകളും, കുറുക്കന്റെ കൗശലവുമുള്ള അത്തരം ഒരു മിടുക്കനാണത്രെ കാര്യസ്ഥന്‍മാരുടെ കൂട്ടത്തില്‍ ഇപ്പോള്‍ അമ്മത്തമ്പുരാട്ടിയുടെ വിശ്വസ്ഥന്‍.!

ഇങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ‍.!.. അസാമാന്യ നിരീക്ഷണപാടവവും അതിലേറെ നര്‍മ്മ ഭാവനയുമുള്ള വിശാല്‍ജിയ്ക്ക്‌ "എടുത്തിട്ട്‌ പൂശാന്‍" ഈ അഭിനവ മഹാഭാരതത്തിൽ‍..!

എന്താ കഥ..! കലികാലം, ഗുരുവിനെ വിദ്യ പഠിപ്പിയ്ക്കാന്‍ ഇറങ്ങിപുറപ്പെടുന്ന ഗുരുത്വദോഷികളായ ശിഷ്യന്‍മാരുടെ കാലം.! പൊറുക്കണം സര്‍ പൊറുക്കണം...

ഈ പോസ്റ്റ്‌, ഞാന്‍ കുട്ടന്‍ മേനോനായി ഡെഡിക്കേറ്റു ചെയ്യുന്നു.മമ്മുട്ടി-ലാല്‍ കൂട്ടുകെട്ടിലെന്നപോലെ വിശാല്‍ജിയ്ക്കൊപ്പം,സമാന്തരമായി,തീര്‍ത്തും വ്യത്യസ്തരീതിയില്‍ ഗൃഹതുരത്വമുണര്‍ത്തുന്ന ഒരുപാടു കഥകളെഴുതി ബൂലോകവാസികളെ വിസ്മയിപ്പിച്ച കുട്ടന്‍മേനോന്‍ എനിയ്ക്കു പ്രിയപ്പെട്ട മറ്റൊരു ബ്ലോഗറാണ്‌.അദ്ദേഹത്തെ പരിചയമില്ലാത്ത പുതിയ ബൂലോകവാസികള്‍ക്കായി ആ ബ്ലോഗിലേയ്ക്കുള്ള ലിങ്ക്‌ താഴെ കൊടുക്കുന്നു. ഒപ്പം വിശാല്‍ജിയുടെയും.

http://kuttamenon.blogspot.com/
http://kodakarapuranam.sajeevedathadan.com/

ഇതും പതിവുപോലെ നീണ്ടുപോയി സർ‍...!
കൊല്ലേരി തറവാടി
04/09/11

10 comments:

 1. "വീട്‌ കൊടകരേല്‌ .. ജോലി ജെബലലീല്‌.. ഡെയിലി പോയിവരും..“ ഒരു കൊച്ചു ശംഖിനുള്ളില്‍ ഇരമ്പുന്ന മഹാസമുദ്രത്തിനു സമാനം ഒരു പ്രവാസസമൂഹത്തിന്റെ മുഴുവന്‍ മനസ്സിലും അലയടിയ്ക്കുന്ന ഗൃഹാതുരത്വം അപ്പാടെ ആവാഹിച്ച്‌ ഈ ഒരു കൊച്ചു വാചകത്തില്‍ എങ്ങിനെ ഇത്ര മനോഹരമായി ഒതുക്കിവെയ്ക്കാന്‍ കഴിഞ്ഞു വിശാല്‍ജി താങ്കള്‍ക്ക്‌.!

  ReplyDelete
 2. വിശാൽജി... ബൂലോഗത്തിൽ ഒട്ടുമിക്കവരുടെയും ഗുരു... മനസ്സ് തുറന്നൊന്ന് ചിരിക്കണമെന്ന് തോന്നുന്നുമ്പോൾ ഇപ്പോഴും പോയി വായിച്ച് രസിക്കുന്ന ബ്ലോഗാണത്... തൃശൂർക്കാരുടെ നർമ്മം അതിന്റെ സകലഭാവത്തിലും അവിടെ തലയെടുപ്പോടെ നിൽക്കുന്നത് കാണാൻ തന്നെ എന്താ രസം... പിന്നെ, വിശാലഭാരതം ആസ്വദിച്ച് വായിച്ചുവന്നിരുന്ന ഒരാളാണ് ഞാൻ... എന്തുകൊണ്ടോ വിശാൽജി അത് ഇടയ്ക്ക് വച്ച് നിർത്തിക്കളഞ്ഞു. മതവികാരം വ്രണപ്പെട്ട ആരുടെയെങ്കിലും ഭീഷണി അതിന് പിറകിലുണ്ടോ എന്നാണെന്റെ സംശയം...

  പിന്നെ കുട്ടൻ മേനോൻ... കൊല്ലേരി പറഞ്ഞത് പോലെ ഗൃഹാതുരത്വം നിറഞ്ഞ കഥകളുമായി നമ്മുടെ മുറ്റത്ത് വിരുന്നൊരുക്കിയ നമ്മുടെ മേനോൻ... ഇരുവരും ഇപ്പോൾ അജ്ഞാതവാസത്തിലാണെന്ന് തോന്നുന്നു... അതോ ഇനി രണ്ട് പേരും ‘ബസ്സിന്’ പിറകെയാണോ...?

  എന്തുകൊണ്ടും നന്നായി കൊല്ലേരീ ഈ പോസ്റ്റ്... ഇത് വായിക്കുവാൻ വിശാൽജിയും കുട്ടൻ‌മേനോനും ഇവിടെ വരട്ടെ എന്നാശംസിക്കുന്നു...

  ReplyDelete
 3. എഴുതിയതൊക്കെ നല്ലത്, പക്ഷെ, ഇതെന്താ കൊല്ലേരീ, ഒരു അവിയല്‍ പോസ്റ്റ്‌ പോലെ.
  ഒരു കാര്യം എഴുതാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ ഉറച്ചുനിന്ന് എഴുതുക, കാട് കയറാതെ. അപ്പോള്‍ പോസ്റ്റ്‌ വിചാരിക്കുന്നിടത്ത് നില്‍ക്കും.

  ReplyDelete
 4. വിശാല മനസ്കനേയും ബ്ലോഗുകളേയും കുറിച്ച് മാതൃഭൂമി വാരികയില്‍ വന്ന ലേഖനം വായിച്ചാണ് ഞാന്‍ ബ്ലോഗ് എന്താണെന്ന് മനസ്സിലാക്കുന്നതും ബ്ലോഗില്‍ എഴുതി തുടങ്ങുന്നതും. കൊല്ലേരി അഭിപ്രായപ്പെട്ട മാതിരി പല ബ്ലോഗര്‍മാര്‍ക്കും
  ഗുരുസ്ഥാനീയനാണ് വിശാല മനസ്കന്‍.

  ReplyDelete
 5. കൊടകര പുരാണം പലയാവർത്തി വായിച്ചിട്ടുള്ള ഒരാളാണു ഞാൻ. കമന്റുകൾ ഒന്നും ഇട്ടിട്ടില്ല. അതിനുള്ള കഴിവില്ലാത്തതു മാത്രമാണു കാരണം.
  ഈ പോസ്റ്റ് നേരത്തെ വേണ്ടതായിരുന്നു.
  വളരെ ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.

  ReplyDelete
 6. വിശാലന്‍ മൌനം വെടിയട്ടെ... മൂന്നു മാസം മുന്‍പ് എഴുതു ഡ്രാഫ്റ്റിലിട്ടിരിയ്ക്കുന്ന ‘ആഫ്രിക്കന്‍ സഫാരി‘ യെങ്കിലും ഈ മാസം വെളിച്ചം കാണട്ടെ !! :)

  ReplyDelete
 7. ‘നര്‍മ്മം മാത്രമല്ല എഴുത്തിന്റെ മര്‍മ്മം കൂടി അറിയാവുന്ന വിശാല്‍ജിയ്ക്ക്‌ എത്രകാലം തുടരാന്‍ കഴിയും ഈ അജ്ഞാതവാസം.!
  ഉപമകളുടെ തമ്പുരാന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഊറികൂടുന്ന ആശയങ്ങള്‍ വായനക്കാരുടെ ആമാശയം വരെ അലയടിയ്ക്കുന്ന ചിരിയുടെ സുനാമിതിരയിളക്കമാക്കമായി മാറ്റുന്ന വാഗ്‌ചാതുരിയുടെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി മാത്രമെ ബൂലോകം ഈ നിശ്ശബ്ദതയെ വിലയിരുത്തുന്നുള്ളു...!“


  ബൂലോഗത്തിലെ വമ്പൻ തലതൊട്ടപ്പന്മാർ നമുക്കേകിയ നേട്ടങ്ങൾക്ക് ഉപഹാരമായി ...
  എല്ലാ ബൂലോകർക്കും വേണ്ടിയുമുള്ള കടപ്പടുകളാണല്ലോ ബാബു താങ്കളിവിടെ സമർപ്പിച്ചിരിക്കുന്നത്...
  ഒരുപാട് നന്ദി...

  ReplyDelete
 8. വിശാലമനസ്കനെന്ന ബൂലോകത്തിന്റെ വിശാല്‍ജിയെ നേരില്‍ പരിചയപ്പെടുവാനുള്ള അവസരം തലനാരിഴക്ക് നഷ്ടമായതിന്റെ വിഷമം ഇനിയും തീരാത്ത ഒരാളാണ് ഞാന്‍. എന്തുകൊണ്ടോ വിശാല്‍ജി ഇന്ന് അത്ര സജീവമായി ബ്ലോഗില്‍ ഇടപെടുന്നില്ല. അല്ലെങ്കില്‍ എന്ത് എഴുതിയാലും ഹിറ്റുകള്‍ കിട്ടുന്ന വിശാലമനസ്കന്‍ അത്തരത്തില്‍ ഹിറ്റുകള്‍ക്ക് പിന്നാലെ പായുന്നില്ല എന്ന് പറയാമെന്ന് തോന്നുന്നു. പക്ഷെ, വീണ്ടും വിശാല്‍ജി ഈ പോസ്റ്റ് കണ്ടിട്ടെങ്കിലും ബ്ലോഗില്‍ സജീവമാകുമെന്ന് കരുതട്ടെ.

  ReplyDelete
 9. കൊല്ലേരിയുടെ സാധാരണ വെളിപാടുകള്‍ വായിച്ചു ശീലമുള്ളതിനാല്‍ വായിച്ചു തുടങ്ങി. പിന്നീടാണ് കൊല്ലേരി സീനിയര്‍ ബ്ലോഗര്‍മാരെപ്പറ്റിയാണ് പറയുന്നതെന്നും അവരൊന്നും ഇപ്പോള്‍ രംഗത്തു വരാറില്ലെന്നും മനസ്സിലായത്. ഈയിടെയായി അധികമൊന്നും വെളിപാടുകള്‍ ഉരുവിടാത്ത ഞാനും ഇതൊക്കെ വായിച്ചു,ഇനി എന്തെങ്കിലും കമന്റാതെ പോയാല്‍ ശരിയല്ലല്ലോ?.തല്‍ക്കാലം നൊ കമന്റ്സ് ,ഗുഡ് ബൈ!

  ReplyDelete
 10. കൊല്ലേരി...കൊള്ളാം ഈ ഈഎഴുത്ത്.ഇഷ്ടപ്പെട്ടു.

  ReplyDelete