Monday, April 4, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (ആറാം ഭാഗം)

അച്ഛന്റെ ശ്രാദ്ധദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌..

ഇതൊരു സ്പെഷ്യല്‍ എപ്പിസോഡാണ്‌..

ഞാനൊരിയ്ക്കല്‍ പറഞ്ഞിട്ടില്ലെ മീനമാസത്തിലെ അശ്വതിനക്ഷത്രത്തിലാണ്‌ അച്ഛന്റെ ശ്രാദ്ധം..ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന്‌ ആണ്‌ ആ ദിനം.. .

പത്തു വര്‍ഷമാകുന്നു അച്ഛന്‍ മരിച്ചിട്ട്‌.. എല്ലാ കൊല്ലവും ഞങ്ങള്‍ മക്കള്‍ എല്ലാവരും ഒത്തുകൂടി ഒന്നിച്ച്‌ ചിട്ടയോടെ വൃതശുദ്ധിയോടെ ആചരിയ്ക്കുന്ന ഒരു കര്‍മ്മമാണ്‌ അച്ഛനുള്ള ബലിതര്‍പ്പണം..

കഴിഞ്ഞതിനു തൊട്ടുമുമ്പുള്ള വര്‍ഷം വരെ കൃത്യമായി ഈ സമയത്ത്‌ എനിയ്ക്ക്‌ അവിടെ എത്തിചേരാന്‍ കഴിയാറുണ്ടായിരുന്നു...പക്ഷെ പിന്നെ എങ്ങിനെയൊ എന്റെ വെക്കേഷന്‍ ദിനങ്ങള്‍ മാറിപോയി..എങ്കിലും ഇവിടെയിരുന്നുകൊണ്ടുതന്നെ ഞാന്‍ ആ ചടങ്ങുങ്ങളില്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും അര്‍പ്പിയ്ക്കും..പിന്നെ എന്റെ തല്‍സ്വരൂപമായി അപ്പുവുണ്ടല്ലൊ അവിടെ എല്ലാറ്റിനും എന്നാശ്വസിയ്ക്കും..

പക്ഷെ, എങ്ങിനെയൊക്കെ ന്യായികരിച്ചാലും ഒരു വലിയ നഷ്ടം തന്നെയാണ്‌ എനിയ്ക്കത്‌. അതങ്ങിനെയല്ലെ, ജീവിതത്തിലെ ഒരുപാടു ധന്യമുഹൂര്‍ത്തങ്ങള്‍ അനുഭവിയ്ക്കാന്‍ യോഗമില്ലാതെ മനസ്സില്‍ സങ്കല്‍പ്പിച്ചു നെടുവീര്‍പ്പിടാന്‍ വിധിയ്ക്കപ്പെട്ടവരണാല്ലോ പാവം പ്രവാസികളെന്നും...

വലിയൊരു കുടുംബമാണ്‌ ഞങ്ങളുടേത്‌...ഞങ്ങള്‍ ഏഴു സഹോദരിസഹോദരന്മാരും, അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി അങ്ങിനെ മൂന്നു തലമുറയായി മുപ്പതലധികം പേരുള്ള ഒരു വലിയ കുടുംബം...മക്കളില്‍ എനിയ്ക്കു മാത്രമെ ഒരു കടല്‍ കടന്നു പുറത്തു പോകാനുള്ള "സൗഭാഗ്യം" ലഭിച്ചുള്ളു..പക്ഷെ, ഐ ടി വിപ്ലവം നാട്ടില്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായിട്ടാകാം അടുത്ത തലമുറയില്‍ ചേച്ചിമാരുടെ മക്കളില്‍ ഭൂരിഭാഗവും പുറത്തു തന്നെയാണ്‌,..പലരും ഏഴാംക്കടലിനക്കരെ.

ശ്രാദ്ധ ദിനത്തിന്റെ തലേദിവസം "ഒരിയ്ക്കലാണ്‌". അന്ന്‌ ഒരു നേരം ഉച്ചയ്ക്ക്‌ മാത്രമാണ്‌ അരിഭക്ഷണം.ഒരിയ്ക്കല്‍ നാളില്‍ രാവിലെകുളിച്ചു ശുദ്ധിയോടെ മാത്രമെ പച്ചവെള്ളം പോലും കുടിയ്ക്കാന്‍ പാടുള്ളു. ഉച്ചയാവുമ്പോഴേയ്ക്കും യാത്ര ചെയ്ത്‌ മീനചൂടില്‍ തളര്‍ന്ന്‌ ചേച്ചിമാര്‍ രണ്ടു പേര്‍ എത്തി ചേരും.കൊച്ചിയില്‍ നിന്നും മൂത്ത ചേച്ചി, തൊടുപുഴയില്‍ നിന്നും ഇളയ ചേച്ചി... രണ്ടാമത്തെ ചേച്ചി പിന്നെ വീടിനടുത്തു തന്നെ സെറ്റില്‍ ചെയ്തതതുകൊണ്ട്‌ ആ ചേച്ചിയ്ക്കു മാത്രം എപ്പോഴും എന്താവശ്യത്തിനും എളുപ്പത്തിലോടിവരാന്‍ കഴിയും.

എത്ര വൈകിയാലും ചേച്ചിമാരെല്ലാരും എത്തി ഒന്നിച്ചിരുന്നെ അന്ന് ഉച്ചയൂണൂ കഴിയ്ക്കു,....അമ്മയും മാളുവും അനിയന്റെ ഭാര്യയും ചേര്‍ന്ന്‌ സാമ്പാറും മെഴുക്കുപുരട്ടിയും അച്ചാറും മോരുമൊക്കെ അടങ്ങുന്ന ലളിതമായ വെജിറ്റേറിയന്‍ ശാപ്പാടൊരുക്കും.

ഒരു പക്ഷെ, നാളുകള്‍കൂടി എല്ലാരും ഒന്നിച്ചിരുന്നു കഴിയ്ക്കുന്നതുകൊണ്ടാകാം വര്‍ണ്ണനാതീതമായ രുചിയായിയ്ക്കും ആ ഉച്ചയൂണിന്‌.! ഇപ്പോള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ക്കപ്പുറം ഈ പ്രവാസലോകത്തിരുന്നു ഇതെഴുതുമ്പോള്‍ നാക്കിന്‍തുമ്പില്‍ വെള്ളമൂറുന്നു,അവിടെയെത്തി വടക്കിനിയില്‍ വടക്കെപാടത്തു നിന്നും വീശുന്ന കാറ്റേറ്റ്‌ അമ്മയുടെ മടിത്തട്ടില്‍ മയങ്ങാന്‍ വല്ലാതെ കൊതിയ്ക്കുന്നു എന്റെ മനസ്സ്‌.

വൈകുന്നേരമാവുമ്പോഴേയ്ക്കും ഏട്ടന്‍മാരും ഏട്ടത്തിയമ്മമാരും എത്തുന്നതോടെ അരങ്ങു കൊഴുക്കും..പിന്നെ എന്റെ വീട്ടിലും അനിയന്റെ വീട്ടിലുമായി ഒരു മേളമാണ്‌..വൈകുന്നേരത്തെ "ഒരിയ്ക്കലിനുള്ള" ചപ്പാത്തിയൊരുക്കുന്നതിനൊപ്പം ചുരളഴിയുന്ന വീട്ടു വിശേഷങ്ങളും, നാട്ടു വിശേഷങ്ങളും ഒപ്പം അല്‍പ്പം പരദൂഷണവും..

"ആണുങ്ങള്‍ക്കെന്താ അടുക്കളയില്‍ കാര്യം" എന്ന ചോദ്യമൊന്നും മുഖവിലയ്ക്കെടുക്കാതെ ചേച്ചിമാരുടെ കൂട്ടത്തില്‍ ഒത്ത നടുക്കു തന്നെ ഞാനുമുണ്ടാവും..."പാവം അവനു വല്ലപ്പോഴുമല്ലെ ഇതുപോലെ നാട്ടുവിശേഷങ്ങളൊക്കെ കേല്‍ക്കാന്‍ പറ്റു., നീ ഇവിടെത്തന്നെ ഇരുന്നോടാ..!" അവിടെയും കിട്ടും എനിയ്ക്ക്‌ ഒരു പ്രവാസിയ്ക്കുള്ള പരിഗണനയും സഹതാപവും. അല്ലെങ്കിലും ചേച്ചിമാരുടേ മനസ്സില്‍ ഞാനിന്നും കൊച്ചുകുട്ടിയാണ്‌...എട്ടുപൊട്ടും തിരിയാത്ത നിഷ്കളങ്കനായ അവരുടെ പാവം കുഞ്ഞനിയന്‍.!

"ഗള്‍ഫിലല്ല, അമേരിയ്ക്കയിലല്ല, യൂറോപ്പിലല്ല, എവിടെ പോയാലും നിനക്കൊരു മാറ്റോം വരില്ല നീ എപ്പോഴും ആ പഴയ കുട്ടന്‍ തന്നെയയിരിയ്ക്കും..!."ഇതാണ്‌ ചേച്ചിമാര്‍ക്ക്‌ ഇന്നും എന്നെക്കുറിച്ചുള്ള നിഗമനം..

.മൂത്ത ചേച്ചി കല്യാണം കഴിഞ്ഞു പോകുമ്പോള്‍ രണ്ടാം ക്ലാസില്‍ പഠിയ്ക്കുകയായിരുന്നു ഞാന്‍,.കല്യാണശേഷം വല്ലപ്പോഴും പിള്ളേരുടെ അവധിനാളുകളില്‍ കുറച്ചു ദിവസങ്ങള്‍ മാത്രം വിരുന്നുകാരെ പോലെ വീട്ടില്‍ വരുന്ന ചേച്ചിമാരുടെ മനസ്സില്‍ ഞാനിപ്പോഴും പഴയ സ്കൂള്‍ കുട്ടി തന്നെയാണ്‌, അവര്‍ക്കങ്ങിനെ തോന്നുന്നതില്‍ അത്ഭുതമില്ല,ആ തഞ്ചത്തിലും താളത്തിലുമെ ഞാനവരോടു എപ്പോഴും പെരുമാറാന്‍ ശ്രമിയ്ക്കു.കൊച്ചുകൊച്ചു സംശയങ്ങളുമായി അറിയുന്ന കാര്യങ്ങള്‍ പോലും അറിയില്ലെന്നെന്നു നടിച്ചും കള്ളത്തരംകാണിച്ചും അവരുടെ ഇടയില്‍ കുഞ്ഞനുജനായി കൊഞ്ചി കറങ്ങി നടക്കുമ്പോള്‍ അനിര്‍വചനീയമായ ഒരു സുഖം അനുഭവിയ്ക്കുന്നു ഞാന്‍.!.അല്ലെങ്കില്‍തന്നെ മനസ്സുകൊണ്ടു ബാല്യത്തിലേയ്ക്കു മടങ്ങിപോകാന്‍ കൊതിയ്ക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ മനുഷ്യരായി.!

ചേച്ചിമാരുള്‍പ്പെടുന്ന ഈ സീന്‍ എഴുതുമ്പോള്‍ സത്യത്തില്‍ എന്തെഴുതണം, എങ്ങിനെ എഴുതണമെന്നൊക്കെ അറിയാതെ ആദ്യം മുതലെ ഞാന്‍ വല്ലതെ വീര്‍പ്പുമുട്ടുന്നു..!.ഇങ്ങിനെ ഞാനൊരു അജ്ഞാതബ്ലോഗറായി കുറിപ്പുകള്‍ എഴുതുന്നുവെന്ന കാര്യം എന്നെങ്കിലും അവരെങ്ങാനും അറിഞ്ഞാല്‍, വായിയ്ക്കാനിട വന്നാല്‍..! "എന്റെ കുട്ടാ, എടാ ഭയങ്കര,... എന്നാലും നീയാ ഇതൊക്കെ എഴുത്യത്‌..ഈശ്വരാ...വിശ്വസിയ്ക്കാനെ കഴിയിണില്ല്യാ.!" അതായിരിയ്ക്കും പ്രതികരണം..കഴിയില്ല അവര്‍ക്ക്‌, എത്ര പറഞ്ഞാലും വിശ്വസ്സിയ്ക്കില്ല,.കാരണം അവരുടെ കുട്ടന്‌ ഇത്രയും അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല...!, അതുമല്ല ഇനി പുതിയതായി എന്തെങ്കിലും നിനച്ചെടുക്കാനൊ,ചമച്ചെഴുതാനൊ ഉള്ള മിടുക്കുമില്ല അവന്‌...!

കളിയും ചിരിയും ഒപ്പം ശ്രാദ്ധമൂട്ടലിനുള്ള ഒരുക്കങ്ങളുമായി മക്കള്‍ ഒന്നിയ്ക്കുന്ന ആ നിമിഷങ്ങളില്‍ അമ്മയുടെ കണ്ണുകള്‍ ആനന്ദനിര്‍വൃതിയാല്‍ നിറഞ്ഞുതിളങ്ങും.ചുവരില്‍ അച്ഛന്റെ പുഞ്ചിരിയ്ക്കുന്ന മുഖത്തിനു പുതുജീവന്‍ വെയ്ക്കുന്നതുപോലെ തോന്നും.

ശ്രാദ്ധമൂട്ടും കഴിഞ്ഞ്‌ നാത്തൂന്‍മാരൊരുക്കുന്ന നാടന്‍ സദ്യയുമുണ്ട്‌ ഉച്ചതിരിഞ്ഞപ്പോഴേയ്ക്കും ചേച്ചിമാര്‍ ഒരോരുത്തരായി അവരവരുടെ കൂടുകളിലേയ്ക്കു പറന്നുപോയി.തിരക്കാണ്‌ എല്ലാവര്‍ക്കും തിരക്കാണ്‌,.എത്ര നിര്‍ബന്ധിച്ചാലും ഒരു നാള്‍കൂടി ആരും നില്‍ക്കില്ല,..സങ്കടം തോന്നി!

മുറ്റത്ത്‌ നാലുമണിച്ചെടിയെ തൊട്ടും തലോടിയും കിന്നരിച്ചും സൂത്രത്തില്‍ പൂക്കളരോന്നായി വിടര്‍ത്തി രസിയ്ക്കുന്ന പോക്കുവെയിലിന്റെ മതിലില്‍തട്ടി പ്രതിഫലിയ്ക്കുന്ന പുഞ്ചിരിയുടെ ശോഭയിലേയ്ക്കു മിഴികള്‍ നട്ട്‌ ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പുപോലെ നിശ്ശബ്ദമായ വീടിന്റെ സിറ്റ്‌ ഔട്ടില്‍ ഞാന്‍ തളര്‍ന്നിരുന്നു...

എന്തൊക്കൊ അസൗകര്യങ്ങളും പോരായ്മകളുമുണ്ടെങ്കിലും കൂട്ടായ്മയുടെ പ്രസരിപ്പും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്ന പഴയകാല കൂട്ടുകുടുംബവ്യവസ്ഥിതിയെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സിലപ്പോള്‍..ഇന്ന്‌ അച്ഛന്റെ ബലികര്‍മ്മങ്ങള്‍ക്ക്‌ ഞങ്ങള്‍ ഏഴുപേരുണ്ട്‌,..എനിയ്ക്ക്‌ കൊഞ്ചാനും കളിപറയാനും സഹോദരങ്ങളുണ്ട്‌..പക്ഷെ അപ്പുവിന്‌...? അവനും കടന്നുപോകേണ്ടി വരില്ലെ ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ.! നാളെ, ഞാനും മാളുവും മരിച്ചാല്‍..ആരുണ്ടാവും അവന്‌ കൂട്ടായി ..അല്ലെങ്കില്‍തന്നെ ഇത്തരം മുഹൂര്‍ത്തങ്ങള്‍ ഒക്കെ ഓര്‍ത്തുവെയ്ക്കാന്‍ എവിടെയാണവന്‌ നേരമുണ്ടാവുക..

സാഹോദര്യത്തിന്റെ മാധുര്യം നുണയാതെ,..കുടുംബബന്ധങ്ങളുടെ പൂര്‍ണ്ണതയറിയാതെ വളരുന്ന ഈ ഒറ്റയാന്‍ കുട്ടികള്‍ നാളെ വളര്‍ച്ചയുടെ നാളുകളില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വിദൂരതയിലേയ്ക്കു പറന്നുപോയാല്‍ പിന്നെ മണ്ണിന്റെ മണവും പാരമ്പര്യത്തിന്റെ വേരുകളും മറന്ന്‌ അവര്‍ ഒരിയ്ക്കലും മടങ്ങി വരാതിരുന്നാല്‍ എങ്ങിനെ കുറ്റപ്പെടുത്താന്‍ കഴിയും.

ഞാനില്ലാത്ത ലോകത്ത്‌, എത്ര സൗകര്യമുള്ളതാണെങ്കില്‍ പോലും ഒരു ശരണാലയത്തിന്റെ ഇടനാഴികളില്‍ ഒരു പാടു വൃദ്ധമുഖങ്ങള്‍ക്കൊപ്പം, കൊഞ്ചാനും നൊടിയിടയ്ക്കുള്ളില്‍ ഇണങ്ങാനും പിന്നെ പിണങ്ങാനും മാത്രമറിയാവുന്ന ഒരു കൊച്ചുകുട്ടിയുടെ മനസുള്ള എന്റെ മാളുവിന്റെ നിസ്സംഗത നിറഞ്ഞ മുഖം.! വയ്യ..! ഓര്‍ക്കാനെ കഴിയുന്നില്ലെനിയ്ക്ക്‌. തളര്‍ന്ന മനസ്സിന്റെ ശൂന്യതയിലേയ്ക്ക്‌ അശാന്തിയുടെ ചൂടുകാറ്റു വീശാന്‍ തുടങ്ങുകയായിരുന്നു.

"ചേച്ചിമാരൊക്കെ പോയപ്പോ സങ്കടമായി അല്ലെ കുട്ടേട്ടാ,.." മാളു അടുത്തു വന്നിരുന്നു,.ഒന്നരദിവസം നീണ്ട തിരക്കിനുശേഷം സന്ധ്യയ്ക്കു മുമ്പേ വിസ്തരിച്ചൊന്നു കുളിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍.

"എന്നാലും ചേച്ചിമാരെ കണ്ടപ്പോള്‍ കുട്ടേട്ടന്‍ എന്നെ മറന്നു അല്ലെ,.അല്ലെങ്കില്‍ എപ്പോഴും മാളു...മാളു എന്നു പറഞ്ഞു പുറകെ നടക്കുന്ന ആള്‍ എന്നെ ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല...ഞാന്‍ ഒറ്റയ്ക്കാണ്‌ പായസം വെച്ചത്‌ എന്നറിഞ്ഞിട്ടും "നന്നായിട്ടുണ്ട്‌" എന്നൊരു വാക്കുപോലും പറഞ്ഞില്ല..എന്തായിരുന്നു അവരുടെ അടുത്തുള്ള കൊഞ്ചല്‍, ഗമ,.ഒന്നാംക്ലാസില്‍ പഠിയ്ക്കുന്ന കുട്ടിയല്ലെ കൊഞ്ചാനായിട്ട്‌.!.. ഇനി മിണ്ടാന്‍ വരു എന്നോട്‌, അപ്പോ കാണിച്ചു തരാം ഞാന്‍! " അതു പറഞ്ഞു പരിഭവിയ്ക്കുമ്പോള്‍ അപ്പുവിനേക്കാള്‍ ചെറിയ കുട്ടിയുടെ മുഖഭാവങ്ങളായിരുന്നു മാളുവിന്‌.

അതു പിന്നെ എന്റെ മാളു,...അവരു വല്ലപ്പോഴുമല്ലെ വരുന്നത്‌,അതോണ്ടല്ലെ കുട്ടേട്ടന്‍..നോക്ക്‌ ഞാനിപ്പോഴും ആ കൊച്ചു കുട്ടിയുടെ മൂഡില്‍ തന്നെയാ,.. ഏതായാലും കുളിയ്ക്കാന്‍ പോകുകയല്ലെ നീ,..ഈ "ബാലഗോപാലനെ" കൂടി ഒന്ന്‌ എണ്ണ തേപ്പിച്ചു കുളിപ്പിയ്ക്കെടീ,..എത്ര നാളായി മാളു നമ്മളൊന്നിച്ച്‌ ഷവറിന്റെ ചുവട്ടില്‍ വിസ്തരിച്ചൊന്നു കുളിച്ചിട്ട്‌." .ഞാനവളെ ചേര്‍ത്തു പിടിച്ച്‌ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചു.

എന്താ കുട്ടേട്ടാ ഇത്‌, ഒരു ബോധവുമില്ലാതെ, കണ്ടില്ലെ അപ്പു പുറകില്‍ നില്‍ക്കുന്നു,.അവന്‌ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയിരിയ്ക്കുന്നു.. ഈ കുട്ടേട്ടന്റെ ഒരു കാര്യം..! അവള്‍ മന്ത്രിച്ചു.

ശരിയാണ്‌,.മോന്‍ പുറകില്‍ നിന്നിരുന്ന കാര്യം ശ്രദ്ധിച്ചില്ലായിരുന്നു ഞാന്‍.അവന്‍ വളരാന്‍ തുടങ്ങിയിരിയ്ക്കുന്നു.അമ്മയോളം ഉയരമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു..

"അച്ഛന്‌ അമ്മയെ മാത്രമെ കൊഞ്ചിയ്ക്കാന്‍ അറിയു, എന്നെ കൊഞ്ചിയ്ക്കാന്‍ ഒരിഷ്ടവുമില്ല."...കുഞ്ഞുപ്രായം മുതലെ അച്ഛനെക്കുറിച്ചുള്ള അവന്റെ ഏക പരാതി അതു മാത്രമാണ്‌.അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല...മാന്തിയും പിച്ചിയും ഉപദ്രവിച്ചും മാത്രമെ കൊച്ചുകുഞ്ഞുങ്ങളെ കൊഞ്ചിയ്ക്കാന്‍ എനിയ്ക്കറിയു...മാളുവിനെ കൈകാര്യം ചെയ്യുന്ന നിമിഷങ്ങളില്‍ കാണിയ്ക്കുന്ന ക്ഷമയും കരുതലും ഒതുക്കവും വഴക്കവും എന്തെ അപ്പുവിന്റെ കാര്യത്തില്‍ വരുമ്പോള്‍ ഇല്ലാതെ പോകുന്നു എന്നോര്‍ത്ത്‌ സ്വയം അത്ഭുതപ്പെടാറുണ്ട്‌ ഞാന്‍.

ഞാനവനെ അടുത്തിരുത്തി,വാല്‍സല്യത്തോടെ, ഒരച്ഛന്റെ എല്ലാ ഭാവങ്ങളുമുള്‍ക്കൊണ്ട്‌ ലാളിയ്ക്കാനൊരുങ്ങി..

"നോക്ക്‌ മാളു,.അപ്പുവിന്റെ മേല്‍ചുണ്ടില്‍ മീശ കുരുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു,ഒരു രണ്ടുമൂന്നു കൊല്ലമൊന്നു കഴിഞ്ഞോട്ടെ ചുള്ളനാകും അവന്‍, നിന്നേക്കാള്‍ സുന്ദരിയായ ഒരു പെണ്ണിനെത്തന്നെ ഗേള്‍ഫ്രന്‍ഡായി കിട്ടും അവന്‌,.കണ്ടോ നീ".

അപ്പുവിന്റെ മുഖം നാണംകൊണ്ടു തുടുത്തു.. മേല്‍ചുണ്ടില്‍ കുരുക്കാന്‍ തുടങ്ങിയ മീശയുടെ കരുത്തറിയാന്‍ അവന്‍ കണ്ണാടിയുടെ മുമ്പിലേയ്ക്കോടി..

"നല്ല അച്ഛന്‍..! ഇങ്ങിനെത്തന്നെ വേണം മക്കളെ കൊഞ്ചിയ്ക്കാന്‍..!,.എന്റെ കുട്ടേട്ടാ, ഇത്രയും പ്രായമായില്ലെ, മോന്‍ അച്ഛനോളം വലുതാവാന്‍ തുടങ്ങിയില്ലെ എന്നിട്ടും,.!. കഷ്ടം..! ഇനി എന്നാ ഈ കുട്ടികളിയൊക്കെ മാറാന്‍ പോണത്‌.."

മാളുവിന്റെ മുഖം കനത്തു....ആ നിമിഷം അവള്‍ ശരിയ്ക്കും മുതിരന്ന ഒരമ്മയായി അപ്പുവിന്റെ മാത്രമല്ല എന്റേയും..!"

നീ നോക്കിക്കൊ മാളു, മരണശേഷം നിലവിളക്കിന്റെ തെളിച്ചത്തില്‍ ആറടി നീളത്തില്‍ നീണ്ടുനിവര്‍ന്ന്‌ നടുത്തളത്തില്‍ കിടക്കുമ്പോള്‍ നിന്റെ കുട്ടേട്ടന്‌ കുട്ടിക്കളിയൊക്കെ മാറി നല്ല പക്വതയും ഗൗരവവും ഉണ്ടാകും, അന്നേരം കരയാനും പിഴിയാനുമൊന്നും നില്‍ക്കാതെ മതിയാവോളം ശരിയ്ക്കും നോക്കികണ്ടോണം."

"ഒന്നു മിണ്ടാതിരിയ്ക്കു കുട്ടേട്ടാ, എന്റെ കൃഷ്ണാ,..ഈ കുട്ടേട്ടന്റെ ഒരു കാര്യം."

കളിയും ചിരിയും തമാശയുമായി അണുകുടുംബം ഒരുക്കുന്ന സ്വകാര്യതയുടെ ഊഞ്ഞാലിലാടിയാടി മനസ്സിലെ അസ്വസ്ഥകള്‍ എങ്ങോ പോയ്‌മറഞ്ഞു..പുറത്തു വിഷുപക്ഷിയുടെ പാട്ടില്‍ രാവു തരളിതമായി..ദൂരെയെവിടെയൊ മഴ പെയ്യുന്നുണ്ടായിരുന്നു..പുതുമണ്ണിന്റെ ഗന്ധവും പുതുമഴയുടെ കുളിരുമായി വേനല്‍ക്കാറ്റ്‌ പറമ്പിലെ മൂവാണ്ടന്‍മാവിന്റെ ചില്ലകളെ എന്തിനോവേണ്ടി വെറുതെ തൊട്ടുണര്‍ത്തികൊണ്ടിരുന്നു..

മുടി മുഴുവന്‍ മുകളിലേയ്ക്കൊതുക്കി ഉയര്‍ത്തിക്കെട്ടി ഉറങ്ങാനുള്ള തെയ്യാറെടുപ്പിലായിരുന്നു മാളു. മാളുവിന്റെ മുഖത്തിനു ഏറ്റവും നന്നായി ചേരുന്ന ഹെയര്‍ സ്റ്റെയിലാണത്‌...മുടിചുരുളുകളില്‍നിന്നും മോചനം നേടിയ,സ്പോഞ്ചിനുസമാനം മൃദുവാര്‍ന്ന അവളുടെ വിടര്‍ന്ന ചെവിയിതളുകളുടെ ചന്തം എന്നില്‍ മോഹങ്ങള്‍ നിറച്ചു..ഹൃദയം ത്രസിച്ചു,..പെട്ടന്ന്‌ മനസ്സ്‌ ചഞ്ചലമായി..വിടര്‍ന്നു ചുവന്ന വെളിച്ചം വാരിവിതറാന്‍ തയ്യാറായി നിന്നിരുന്ന ബെഡ്‌റൂം ലാമ്പിലേയ്ക്കു കൈവിരലുകള്‍ അറിയാതെ നീണ്ടു..

"വേണ്ട കുട്ടേട്ടാ വേണ്ട,.കുറമ്പ്‌ കാണിയ്ക്കാന്‍ നില്‍ക്കാതെ കിടന്നുറങ്ങാന്‍ നോക്കു ..കഷ്ടമുണ്ടൂട്ടോ,.. ഇത്രയും വലിയ ദിവസമായിട്ട്‌.!"

ഒരു ടീച്ചറമ്മയുടെ ഗൗരവത്തോടെ ശാസ്സിയ്ക്കാനൊരുങ്ങുന്ന മാളുവിന്റെ മുമ്പില്‍ കള്ളത്തരം കയ്യോടെ പിടിയ്ക്കപ്പെട്ട ഒരു കുട്ടിയുടെ ജാള്യതയോടെ ഞാന്‍ ചുരുങ്ങി..

സ്വന്തം പെണ്‍മക്കളേക്കാള്‍ മരുമക്കളെയായിരുന്നു അച്ഛനിഷ്ടം..പ്രത്യേകിച്ചും മാളുവിനെ..മാളുവിനും തിരിച്ചും.. കുറച്ചു വര്‍ഷങ്ങളുടെ പരിചയം മാത്രമെ ഉള്ളുവെങ്കിലും സ്വന്തം അച്ഛനെക്കാള്‍ ഇഷ്ടമായിരുന്നു അവള്‍ക്കെന്റെ അച്ഛനെ..അതങ്ങിനെയാണ്‌ ഒരിയ്ക്കല്‍ പരിചയപ്പെട്ടാല്‍, അടുത്തിടപഴകിയാല്‍ ആര്‍ക്കാണ്‌ അച്ഛനെ മറക്കാന്‍ കഴിയുക..!

നാളെ എന്റെ മകന്‌ ഇതുപോലെ എന്നെപ്പറ്റി ഓര്‍ക്കാന്‍ എന്താണ്‌ എനിയ്ക്കു ബാക്കി വെയ്ക്കാനുണ്ടാവുക..! നിത്യവും ഞാന്‍ ഡയറിയില്‍ കുത്തിക്കുറിയ്ക്കുന്ന വരികള്‍ വലുതായശേഷം എന്നെങ്കിലും അവന്‍ വായിയ്ക്കാനിടവന്നാല്‍...അമ്മയെ വര്‍ഷങ്ങളോളം ഒറ്റയ്ക്കാക്കി വൃഥാ വിലപിച്ചു ജീവിതം തീര്‍ത്ത അച്ഛനോട്‌ പുച്ഛമല്ലെ തോന്നു. അവന്‌!. .

"ഉറങ്ങിയില്ലെ കുട്ടേട്ടാ,." മാളുവും ഉറങ്ങിയിരുന്നില്ല...

"ഇല്ല മാളു ഉറക്കം വരുന്നില്ല"

അവള്‍ എന്റെ നെറ്റിയില്‍ മെല്ലെ തലോടി, ഉമ്മ വെച്ചു, മാറില്‍ചേര്‍ത്തു കിടത്തി മെല്ലെ ചെവിയില്‍ ഈണത്തില്‍ മൂളി...."കണ്ടു കണ്ണേറരുത്‌,..ചൊല്ലി നാവേറരുത്‌, പിള്ളദോഷം തീരാന്‍ മൂളു പുള്ളോര്‍ക്കുടമെ.."ഞാനുറങ്ങുവോളം അവള്‍ പാടികൊണ്ടിരുന്നു.

അതങ്ങിനെയാണ്‌, പാടാതിരിയ്ക്കാന്‍ കഴിയില്ല അവള്‍ക്ക്‌, ആ പാട്ടു കേള്‍ക്കാതെ ഉറങ്ങാന്‍ അവളുടെ കുട്ടേട്ടനും...........!.

(പ്രൊഫെയില്‍ യാത്ര തുടരും)
 
കൊല്ലേരി തറവാടി
04/04/2011

17 comments:

  1. നീണ്ട അവധിയെടുത്തു പോയ കൊല്ലേരി ദാ ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും തിരിച്ചു വന്നിരിയ്ക്കുന്നു..!

    പല കുട്ടികളുടെയും മുഖത്ത്‌ കളിയാക്കികൊണ്ടുള്ള ചിരി പടരുന്നത്‌ എനിയ്ക്കിവിടെയിരുന്നു കാണാന്‍ കഴിയുന്നു..

    ഞാന്‍ പറഞ്ഞില്ലെ,.തിരക്കു തന്നെയാണ്‌,. എന്നാലും ഇതെനിയ്ക്കെഴുതാതിരിയ്ക്കാന്‍ കഴിഞ്ഞില്ല...കണക്കെടുപ്പിലും,ക്ലോസിങ്ങിലും തെറ്റുകള്‍ വരുത്താതെ മനസ്സിനെ ബാലന്‍സ്‌ ചെയ്ത്‌ വാക്കുകളും വരികളും മെനെഞ്ഞെടുക്കാന്‍ വല്ലാതെ പണിപ്പെട്ടു...അച്ഛന്റെ അനുഗൃഹം, ഗുരുത്വം അതുകൊണ്ടൊക്കെയായിരിയ്ക്കാം ഇത്രയെങ്കിലും ഒപ്പിയ്ക്കാന്‍ കഴിഞ്ഞത്‌..

    പിന്നെ വടക്കോട്ടു വണ്ടി കയറിപോയ ആ പാവം പയ്യനെ മറക്കരുത്‌ കേട്ടോ.. ബാക്കി വൈകാതെ എഴുതാം..

    എന്നോടൊപ്പം യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും,പ്രത്യേകിച്ചും നല്ല വാക്കുകളുമായി കമന്റ്‌ ബോക്സില്‍ വരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും,. അങ്ങിനെ ഓരോരുത്തര്‍ക്കും ഒരിയ്ക്കല്‍കൂടി നന്ദി,നമസ്കാരം..

    ReplyDelete
  2. മനോഹരം ആണീ എഴുത്ത് .ഓരോ മനസ്സിലും
    ഓര്‍മയുടെ പൂത്തിരി കത്തിക്കുന്ന നിഷ്കളങ്കമായ
    ബാല്യത്തിന്റെ ഓര്‍മ്മകള്‍ ...എന്‍റെ മക്കള്‍ ഇന്ന്
    എന്നോളം എത്തി ..ഇപ്പോഴും എന്‍റെ മൂത്ത
    ചേച്ചി എന്നേ 'കൊച്ചെ' എന്ന് വിളിക്കുമ്പോള്‍
    എന്‍റെ 'മാളു' എന്നേ നോക്കി ഒന്ന് കണ്ണ് ഇറുക്കും
    ഒരു 'ആക്കുന്ന' ചിരിയും ......ആശംസകള്‍ മാഷേ ...
    അച്ഛന്റെ ഓര്‍മയ്ക്ക് മുന്നില്‍ പ്രണാമം ..അച്ഛന്മാരെ
    സ്നേഹിക്കുന്ന എല്ലാ മക്കള്‍ക്കും വേണ്ടി ...

    ReplyDelete
  3. സുന്ദരമായ അനുഭവം വായിച്ചു,

    ReplyDelete
  4. അല്ലാ ഇതൊരു സര്‍പ്രൈസ് പോസ്റ്റ് ആണല്ലോ..നന്നായി..അച്ഛന്റെ ശ്രാദ്ധം ആയ സ്ഥിതിക്ക് ഈ ഞങ്ങളെയൊക്കെ കൂടി ഓര്‍ത്തതിന് ഒത്തിരി നന്ദി..എന്‍റെ ഭര്‍ത്താവിന്റെ പിതാവ് ഇത് പോലെ ഉള്ള ഒരു അച്ഛനാണ്..ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സ്നേഹത്തിന്റെ ഒരു മറുവശം..ഞങ്ങളെല്ലാം ഉപ്പാപ എന്നാണു വിളിക്കാറ്..കൊല്ലേരിയുടെ ഈ തറവാട്ടു മുറ്റത്ത്‌ നിന്നു പോകാന്‍ തോന്നുന്നില്ല കേട്ടോ...(അയ്യോ കേട്ടോയുടെ പേറ്റന്റ് ബിലാത്തിക്ക് ആണല്ലോ..)കളിയാക്കാന്‍ ഒരു കുട്ടിയും വരില്ല കേട്ടോ...ഈ ചേച്ചിമാരുടെ അഡ്രസ്‌ ഇങ്ങു തന്നെ...ഞാന്‍ വിവരം അറിയിക്കുന്നുണ്ട്..

    ReplyDelete
  5. ഈ വായന ഒരു സുഖം തന്നെ...

    ReplyDelete
  6. ഒന്ന് വീട്ടില്‍ പോയി വന്നപോലെ....വളരെ നന്നായി എഴുതി..
    "എന്റെ കുട്ടാ, എടാ ഭയങ്കര,... എന്നാലും നീയാ ഇതൊക്കെ എഴുത്യത്‌..ഈശ്വരാ...വിശ്വസിയ്ക്കാനെ കഴിയിണില്ല്യാ.!" ഹ ഹ ഹ

    എന്റെ അച്ഛന്‍ മരിച്ചു എന്ന് ഇവിടെ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറില്ല.
    അച്ഛന്‍ വീട്ടിലുണ്ട് എന്നൊരു തോന്നലാണ് ആറ് വര്‍ഷമായിട്ടും
    ആ തോന്നലിന് മാറ്റം വരുന്നില്ല.വീട്ടിലെത്തുമ്പോഴെ അച്ഛനിവിടില്ലല്ലൊ
    എന്ന് തിരിച്ചറിവുണ്ടാവൂ....
    ഈ എഴുത്ത് വളരെ ഇഷ്ടമായി നല്ല Intimacy അനുഭവപ്പെടുന്നുണ്ട്.....

    ReplyDelete
  7. ഈ എഴുത്ത് ഏറെ ഇഷ്ടായി... പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറവും അച്ഛന്‍ കൂടെയില്ലെന്നു വിശ്വസിക്കാന്‍ തയ്യാറാവാത്ത മനസുമായി കഴിയുന്ന മക്കളാണ് ഞങ്ങളും.... എഴുത്തിലെ സ്നേഹം കണ്ണു നനയിച്ചു....അപ്പുനെയോര്‍ത്തും അപ്പന്റെ തലമുറയെ ഓര്‍ത്തും വിഷമവും തോന്നി...

    ReplyDelete
  8. നല്ലഎഴുത്ത്. ഇങ്ങനെയൊക്കെ ഒരു ദിവസമെങ്കിലും അച്ഛനും അമ്മയ്ക്കും വേണ്ടി മാറ്റി വെയ്ക്കുന്നതെന്തു കൊണ്ടും നല്ലതാണെ.

    ReplyDelete
  9. നല്ല എഴുത്ത്, നല്ല ഓർമ്മകൾ. അഭിനന്ദനങ്ങൾ.

    ReplyDelete
  10. വളരെ നന്നായി ട്ടോ ഈ എഴുത്ത്.
    എല്ലാം പാകത്തിന് ഉണ്ട് ഇതില്‍.
    നഷ്ടപ്പെട്ടുപോയ ഒരു കാലത്തിന്റെ ഓര്‍മ്മകള്‍,
    അമ്മയുടെ സഖിയുടെ സഹോദരങ്ങളുടെ സ്നേഹം .
    മക്കളുടെ സ്നേഹം , അവരെ കുറിച്ചുള്ള ആകുലതകള്‍.
    നല്ല ഹൃദ്യമായ , മനസ്സില്‍ നിറയുന്ന പോസ്റ്റ്‌.
    അഭിനന്ദനങ്ങള്‍

    ReplyDelete
  11. പണ്ടത്തെ കൂട്ടുകുടുംബത്തിൽ നിന്നും തുടങ്ങി അണുകുടുംബത്തിൽ എത്തിച്ചേർന്ന തറവാട് പുരാണം ,തനി തറവാടിയായ ഈ കുഞ്ഞാങ്ങള അതിമനോഹരമായി അവതരിപ്പിച്ചതിൽ അഭിനന്ദനം കേട്ടൊ ഭായ്.

    ഒപ്പം അസൂയജനിപ്പിക്കുന്ന ആ സുന്ദരദാമ്പത്യത്തിന്റെ ട്രെയിലറൂകൾ..!
    ആ താരാട്ടാണ് എല്ലാത്തിന്റേയും ഗുട്ടൻസ് അല്ലേ..?(സോറി..മാളു, എന്നോട് പരിഭവിക്കരുത് കേട്ടൊ..
    ഇങ്ങ്യനൊക്യെ എഴുതിയാൽ എന്നെപ്പോലുള്ള മണ്ടമാരുടെ കൊതിപറ്റില്ലേ അല്ലേ )

    ReplyDelete
  12. ഇങ്ങനെ വലിച്ചു നീട്ടി കൊച്ചു വര്‍ത്തമാനം പറയാനും വേണമൊരു കഴിവു. ഗൂഗിളമ്മാവന്റെ പറമ്പങ്ങനെ ഒഴിഞ്ഞു കിടക്കല്ലെ?.ആയിക്കോട്ടെ."വേണ്ട കുട്ടേട്ടാ വേണ്ട,.കുറമ്പ്‌ കാണിയ്ക്കാന്‍ നില്‍ക്കാതെ കിടന്നുറങ്ങാന്‍ നോക്കു ..കഷ്ടമുണ്ടൂട്ടോ,.. ഇത്രയും വലിയ ദിവസമായിട്ട്‌.!" ദെന്താ, ഞാന്‍ സിനിമ കാണുകയാണോ?

    ReplyDelete
  13. കൊല്ലേരീ... വായനക്കാരെ കൈയിലെടുത്തു തുടങ്ങിയല്ലേ...?

    എഴുത്ത്‌... ഓരോ എപ്പിസോഡും പിന്നിടുമ്പോള്‍ ശൈലി അതീവ ഹൃദ്യമായി മുന്നേറുന്നു... അടുത്ത എപ്പിസോഡും ഉടന്‍ തന്നെയുണ്ടാകും എന്നെനിക്കുറപ്പുണ്ട്‌.... കൊല്ലേരിക്ക്‌ എഴുതാതിരിക്കാന്‍ കഴിയില്ല.... ആശംസകള്‍ ...

    ReplyDelete
  14. നല്ല ഒഴുക്കുള്ള എഴുത്ത്.ഹൃദ്യം.

    ReplyDelete