Thursday, April 14, 2011

ഒരു പാവം തറവാടി ബ്ലോഗറുടെ പ്രൊഫെയില്‍ (ഏഴാം ഭാഗം)

മാളുവും കാവ്യയും പിന്നെ എന്റെ ഭാവനയും...

പ്രൊഫയിലുമായി ബന്ധപ്പെടുത്തേണ്ട ഒരു സീനല്ല എന്നറിയാം,.. എന്നിട്ടും ഏതാണ്ട്‌ ഒന്നരവര്‍ഷംമുമ്പ്‌, സ്വന്തമായി ബ്ലോഗൊന്നുമില്ലാതിരുന്ന കാലത്ത്‌, എഴുതി ആരുമായി പങ്കുവെയ്ക്കാത്ത ഈ കുറിപ്പ്‌ ഒന്നു എഡിറ്റു ചെയ്തു ചെറുതാക്കാനോ സെന്‍സര്‍ ചെയ്തു മാന്യമാക്കാനോ (സമയക്കുറവുമൂലം) മുതിരാതെ വിഷു റിലീസായി പോസ്റ്റ്‌ ചെയ്യുന്നു. അജ്ഞാത ബ്ലോഗറല്ലെ ഞാന്‍, എന്തും ആവാമല്ലൊ എന്ന ചിന്ത അതിനു കരുത്തേകുന്നു. സദയം പൊറുക്കുക... (പറഞ്ഞതൊന്നും ബിലാത്തി കേട്ടില്ലല്ലൊ അല്ലെ..!)  ഇനി ഓടിച്ചെങ്കിലും ഒന്നു വായിച്ചു നോക്കു...

-----------------------------------------

“കുട്ടേട്ടാ,.... നമ്മുടെ അമ്പലത്തിലെ ശാന്തിക്കാരന്‍ തിരുമേനി മരിച്ചുപോയി,...... ആത്മഹത്യ,...... രാവിലെ വീട്ടിന്നിറങ്ങി റെയില്‍വേസ്റ്റേഷന്‍ പരിസരംവരെ നടന്നുപോയി,...  ട്രെയിനിനിനു മുമ്പില്‍ ചാടി... വല്ല കാര്യവുമുണ്ടായിരുന്നോ അങ്ങേര്‍ക്കിതിന്റെ..." മാളുവിന്റെ ഫോണ്‍കോള്‍......
വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല...!!

സാമ്പത്തികമായി നല്ല നിലയിലായിരുന്നു തിരുമേനിയുടെ കുടുംബം.... രണ്ടുമക്കളും ഉന്നതമായ നിലയില്‍ കഴിയുന്നു..... തിരുമേനിയുടെ മകള്‍ ഇന്ദിരയ്ക്ക്‌ എന്റെ അതെ പ്രായമാണ്‌. പഠിയ്ക്കാന്‍ മിടുക്കിയായിരുന്നു ആകുട്ടിയ്ക്ക്‌ PG കഴിയുമ്പോഴെയ്ക്കും ബാങ്കില്‍ ജോലികിട്ടി.. വലിയ കാര്യമായിരുന്നു തിരുമേനിയ്ക്കെന്നെ.. "കുട്ടനു ഇതുവരെ ജോലിയൊന്നും ശരിയായില്ല അല്ലെ..... ഇപ്പോഴും പാരലല്‍ കോളേജ്‌ തന്നെ ശരണം..!! സരസനായ തിരുമേനിയുടെ ഇത്തരം ചോദ്യങ്ങളില്‍നിന്നും രക്ഷപ്പെടനായി ഞാന്‍ അമ്പലത്തിന്റെ പരിസരത്തു പോലുംപോകാറില്ലായിരുന്നു അക്കാലത്ത്‌`.....

എത്ര വിശകലനം ചെയ്തിട്ടും മനസിനു ആ വാര്‍ത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല...... മനുഷ്യമനസ്സ്‌.... അതൊരു പ്രഹേളികയാണ്‌..... എത്ര അന്വേഷിച്ചാലും..... ഒരിയ്ക്കലും ഉത്തരം കിട്ടാതെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേയ്ക്കു നീളുന്ന ഒരുപാടു ചോദ്യങ്ങളുടെ കലവറ..... അതറിയാഞ്ഞിട്ടല്ല..... പക്ഷെ ശാന്തനും നിഷ്കളങ്കനും ശുദ്ധനാട്ടിന്‍പുറത്തുകാരനുമായ ആ നല്ലമനുഷ്യന്‌ എന്തെ ഇങ്ങിനെ തോന്നാന്‍..!!

നാലമ്പലത്തിന്റേയും ശ്രീകോവിലിന്റേയും അകത്ത്‌ മാത്രമൊതുങ്ങി അദ്ദേഹത്തിന്റെ പ്രഭാതങ്ങളും പ്രദോഷങ്ങളും.... കര്‍പ്പുരത്തിന്റെയും, ചന്ദനത്തിരിയുടെയും, കത്തുന്ന നെയ്‌ വിളക്കിന്റേയും പരിശുദ്ധി നിറഞ്ഞ അന്തരീക്ഷത്തിലൂടെ മാത്രം കടന്നു പോയജീവിതം. എന്നിട്ടും ..? എനിയ്ക്കോര്‍മ്മ വെച്ച നാള്‍തൊട്ടെ അദ്ദേഹംതന്നെയായിരുന്നു അമ്പലത്തിലെ ശാന്തി... എങ്ങിനെ പോയാലും ഒരെഴുപത്തിയഞ്ചു വയസ്സെങ്കിലും കാണും തിരുമേനിയ്ക്ക്‌. ഉള്ളിലെത്ര ദുഃഖമുണ്ടായിരുന്നെങ്കിലും  അതൊക്കെ ശാസ്താവില്‍ അര്‍പ്പിച്ചു കുറച്ചുനാളുകള്‍കൂടി കാത്തിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്‌..സ്വഭാവികമായും മരണം സ്വയം വന്നു കൂട്ടികൊണ്ടുപോകുമായിരുന്നു. എന്നിട്ടും...?

എണ്ണവിളക്കിന്റേയും, പുഷ്പാഞ്ചലിയുടേയും രൂപത്തിലെത്തുന്ന ഭക്തരുടെ നിവേദനങ്ങള്‍ ശാസ്ത്താവിനര്‍പ്പിച്ച്‌... ആത്മാര്‍ത്ഥമായി നിവേദിച്ച്‌... "എല്ലാം നേരെയാകും.... ശാസ്താവു നേരെയാക്കിത്തരും " എന്നു പറഞ്ഞു നിഷ്കളങ്കമായ പുഞ്ചിരിയോടെ പ്രസാദം നല്‍കി ഭക്തരെ ആശ്വസിപ്പിയ്ക്കാറുള്ള അദ്ദേഹത്തിനു എന്തെ സ്വന്തം സങ്കടങ്ങള്‍ ഈശ്വരന്റെ മുമ്പില്‍ അവതരിപ്പിച്ചു പരിഹാരം തേടാന്‍ നേരംകിട്ടാതെപോയി.....? ചോദ്യങ്ങള്‍ ...! ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങള്‍....!

ഒരു മരണവാര്‍ത്ത കൂടിയുണ്ട്‌ കുട്ടേട്ടാ... കുറെദിവസമായി... കുട്ടേട്ടനെ വിഷമമാകുമൊ എന്നു കരുതി ഞാനത്‌ പറയാതെയിരിയ്ക്കുകയായിരുന്നു.... കുട്ടേട്ടന്റെ കൂടെ  പാരലല്‍ കോളേജില്‍ പഠിപ്പിച്ച ജോസ്‌ മാഷ്‌  മരിച്ചുപോയി.. മാരകമായ എന്തോ അസുഖവുമായി കുറെ ദിവസം ഹോസ്പിറ്റിലായിരുന്നു."

എന്നേക്കാള്‍ ഒന്നോ രണ്ടോ വയസ്സുമാത്രം മൂപ്പൂള്ള  ജോസ്‌ മാഷ്‌...... നന്നായി പാടുമായിരുന്നു... സെമിനാരിയില്‍ അച്ചനാകാന്‍ പോയി പാതിയില്‍ ഉപേക്ഷിച്ചു തിരിച്ചുവന്ന ജോസിന്റെ ഇംഗ്ലിഷുക്ലാസുകള്‍ കുട്ടികളുടെ ഇടയില്‍ പ്രസിദ്ധമായിരുന്നു.... ബി.എഡിനു  കൂടെ പഠിച്ച ഹിന്ദു പെണ്‍കുട്ടിയോടുള്ള  ജോസിന്റെ പ്രണയം, കോലാഹലം സൃഷ്ടിച്ച വിവാഹം... എല്ലാം ഒരു തിരക്കഥയിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു..... എന്തു ഞെട്ടിയ്ക്കുന്ന വാര്‍ത്ത കേട്ടാലും ഒരു നിമിഷനേരം മാത്രം നീണ്ടുനില്‍ക്കുന്നഹൃദയത്തിലെ വിങ്ങല്...... കുറച്ചു നേരത്തേയ്ക്ക്‌ മനസ്സില്‍ നിറിഞ്ഞുനില്‍ക്കുന്നവിഭ്രാന്തി... അവിടെ തീരുന്നു എല്ലാ സങ്കടങ്ങളും...... പിന്നെ നോര്‍മലാകുന്ന മനസ്സ്‌, നിര്‍വികാരം അതുള്‍ക്കൊള്ളാനും വിശകലനം ചെയ്യാനും പഠിച്ചിരിയ്ക്കുന്നു.... ഒരാധുനിക മാധ്യമപ്രവര്‍ത്തകനെപോലെ ക്രൂരവും യാന്ത്രികവുമാവാന്‍ തുടങ്ങിയിരിയ്ക്കുന്നു  എന്റെ മനസ്സുമെന്ന ദുഃഖസത്യം  ഒരു ഞെട്ടലോടെതിരിച്ചറിഞ്ഞു......

"മനുഷ്യന്റെ കാര്യമൊക്കെ അത്രയ്ക്കല്ലെ ഉള്ളു മാളു,...... ഒരുനിമിഷിത്തിനപ്പുറം അടുത്ത നിമിഷത്തിനെക്കുറിച്ചു ചിന്തിയ്ക്കാന്‍ പോലും അവകാശമില്ലല്ലൊ നമുക്ക്‌ ഈ ജീവിതത്തില്‍.... ഒരു തിരക്കഥയിലെന്നപോലെ എല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിയ്ക്കുന്നു..... അനുസരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട കഥാപാത്രങ്ങള്‍ മാത്രമല്ലെ നമ്മള്.... അതിനിടയില്‍ ക്രൂരമായി ബലിയാടക്കപ്പെടുന്നു പലരും....

 കുറച്ചുദിവസം മുമ്പുവരെ വരെ നമ്മുടെയൊക്കെ കണ്ണില്‍ കേരളത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയായിരുന്നിലെ കാവ്യാ മാധവന്..... ഒരു ജനത ഒറ്റക്കെട്ടായി ഏറ്റെടുത്തു നടത്തിയ കല്യാണം.... മറ്റൊരു നടിയ്ക്കും ലഭിയ്ക്കാത്ത സൗഭാഗ്യം.. എന്നിട്ട്‌,.. ഇപ്പോള്‍ കല്ല്യാണപട്ടിന്റെ പുതുമണം മാറുംമുമ്പെ,... മംഗല്യചരടിന്റെ മഞ്ഞനിറം മങ്ങുംമുമ്പെ,... ആ കുട്ടിയുടെ അവസ്ഥ നോക്കു..... അത്രയ്ക്കൊക്കെയുള്ളു മാളു മനുഷ്യന്റെ കാര്യങ്ങള്‍......"

പതിവുപോലെ ഇന്റര്‍നാഷണല്‍ ടെലിഫോണ്‍  കാര്‍ഡിന്റെ സൗജന്യം തത്വചിന്തകള്‍ക്കായിപ്രയോജനപ്പെടുത്തുകയായിരുന്നു ഞാന്‍..

മാളുവിനു ഇഷ്ടമാണ്‌ അവളുടെ കുട്ടേട്ടന്റെ ഇത്തരം സംസാരങ്ങള്‍...

 "അതു നിങ്ങളുടെ, ആണുങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലമാകും...!!"

പക്ഷെ, അവളുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. 

"അതെന്താ മാളു ,... നീ അങ്ങിനെ പറഞ്ഞത്‌..."

"കുട്ടേട്ടനൊന്നും ഓര്‍മ്മയില്ല അല്ലെ,..!! കുട്ടേട്ടന്‍ തന്നെ എന്തൊക്കിയാ എഴുതികൂട്ടിയത്.... കാവ്യയുടെ മൂക്കിനിടയിലെ കറുത്ത  മറുകിന്റെ ചന്തം എങ്ങിനെയൊക്കെ വര്‍ണ്ണിച്ചിട്ടും കുട്ടേട്ടനു മതിവരുന്നുണ്ടായിരുന്നില്ലല്ലൊ., എന്റെ മാളുപോലും അറിയാതെയല്ലെ നിന്നെ ഞാന്‍ മനസ്സില്‍ സൂക്ഷിച്ചത്‌---.!!! അങ്ങിനെ ഒരാവേശത്തില്‍ കുട്ടേട്ടന്‍ എന്തൊക്കെയാഎഴുതി..!! ഞാനൊന്നും മറന്നിട്ടില്ല,.... എനിയ്ക്കു പെട്ടന്നു മറക്കാനുംകഴിയില്ല".. മാളുവിന്റെ പരിഭവത്തിന്റെ തീക്ഷ്ണത വാക്കുകളില്‍ തെളിഞ്ഞുനിന്നിരുന്നു...

"അയ്യോ മോളെ,... അതൊക്കെ വെറുതെ മെയില്‍ അയച്ചു ഫ്രന്റ്‌സിന്റെ മുമ്പില്‍ ഷൈന്‍ചെയ്യാനുള്ള കുട്ടേട്ടന്റെ ഓരോ നമ്പറുകളല്ലെ...."

"ഒന്നുമല്ല,. എനിയ്ക്കറിയാം... പിന്നെയും എന്തൊക്കെ എഴുതികൂട്ടി,..... ഇന്ദു,... ജയശ്രീ,..... ഇപ്പോഴിതാ ഒരു രാധികയും.... സോണിയായും..... ഞാന്‍ വിചാരിച്ചയത്ര പാവമല്ല കുട്ടേട്ടന്‍.... എല്ലാം എനിയ്ക്കു മനസ്സിലാവുന്നു..." ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഇടിയും മിന്നലും പൊട്ടലും ചീറ്റലുമായി കാലവര്‍ഷം കനക്കുന്നു...

"എന്നെ പറഞ്ഞാല്‍ മതിയല്ലൊ,... എഴുതുന്നതെല്ലാത്തിന്റെയും ഒരോ കോപ്പി ഫോര്‍വേര്‍ഡ്‌ ചെയ്യാന്‍ തോന്നിയ സൗമനസ്യം മാത്രം പോരെ എന്റെ മനസ്സിന്റെ ഇന്നസെന്‍സ്‌ നിനക്കു ബോധ്യമാകാന്‍.. എടി മണ്ടൂസെ,.... വലിയ വലിയ എഴുത്തുകാര്.. അവര്‍ എന്തൊക്കെഎഴുതുന്നു.... അതൊക്കെ ജീവിതാനുഭവങ്ങളാണെന്നു അവരുടെ വീട്ടുകാരികളൊക്കെ വിശ്വസ്സിയ്ക്കാന്‍ തുടങ്ങിയാലത്തെ അവസ്ഥ ഒന്നോര്‍ത്തു നോക്ക്‌ നീ....."

" അവരൊക്കെ സാഹിത്യകാരന്മാരല്ലെ കുട്ടെട്ടാ,.. ചെറുപ്പം മുതലെ സര്‍ഗ്ഗവാസനകാണും,..  ഭാവനയില്‍ നിന്നുമെഴുതാന്‍ കുട്ടേട്ടന്‌ അങ്ങിനെ സിദ്ധികളൊന്നുമില്ലല്ലൊ.. അതുമാത്രമല്ല,. കുട്ടേട്ടന്‍ ശ്രദ്ധിച്ചിട്ടിണ്ടൊ, റോമാന്‍സ്‌ എഴുമ്പോളാണ്‌ കുട്ടേട്ടന്‍ ഏറ്റവുമധികം ഇന്‍വോള്‍വാവുന്നത്‌.. എല്ലാമറിഞ്ഞനുഭവിച്ചപോലെ,.... വായിയ്ക്കുന്നവര്‍ക്കുപോലും അനുഭവവേദ്യമാക്കി വല്ലാത്ത സുഖം പകരുന്ന രീതിയിലല്ലെ ആ എഴുത്ത്‌.....!. എന്തെങ്കിലും അനുഭവങ്ങളില്ലാതെ എങ്ങിനെയാ കുട്ടേട്ടാ ഇതൊക്കെ ഇത്രയും ഭംഗിയായി എഴുതാന്‍സാധിയ്ക്കുന്നത്‌..."

ഭാഗ്യം,... അവള്‍ വീണ്ടും ഇണങ്ങാന്‍ തുടങ്ങിയിരിയ്ക്കുന്നു..... മഴ പൂര്‍ണ്ണമായുംശമിച്ചു.. ഇടിയുടെയും മിന്നലിന്റേയും ശക്തിയും കുറഞ്ഞു.... പക്ഷെ ആകാശത്ത്‌ ഇപ്പോഴും കാര്‍മേഘങ്ങള്‍ വിട്ടുമാറാതെ ശേഷിയ്ക്കുന്നു..... എന്റെ സൂര്യന്റെ തിളക്കത്തിന്‌ ഇന്ന്‌ വല്ലാതെ മങ്ങലേറ്റിരിയ്ക്കുന്നു....

"എന്റെ മോളെ ഇപ്പോള്‍ത്തന്നെ കാവ്യയുണ്ട്‌ നമ്മുടെ ഇടയില്‍,... ഇനി നീ എന്തിനാ വെറുതെ ആ പാവം ഭാവനയെ കൂടി ഇതിലേയ്ക്കു വലിച്ചിഴയ്ക്കുന്നത്‌....."

"വേണ്ടവേണ്ടാ,.. ഈ കോമഡിയൊന്നും എനിയ്ക്കു കേക്കേണ്ടാ..... എന്റെ പിണക്കം മാറിയിട്ടൊന്നുമില്ലാട്ടൊ"

"പിണങ്ങല്ലടാ കണ്ണാ,.... എന്റെ ഭാവനയ്ക്കു ചിറകുകള്‍ നല്‍കിയ സുന്ദരമായമുഖം,.. റൊമാന്റിക്‌ ചിന്തകള്‍ക്ക്‌ നിദാനമായിതീര്‍ന്ന കരിനീലക്കണ്ണുകള്‍.,. അതിനു തിളക്കമേകിയ വെളുത്ത മൂക്കുത്തിക്കല്ലലങ്കരിയ്ക്കുന്ന നീണ്ടു വിടര്‍ന്നനാസിക... അതു പീലിവിടര്‍ത്തിയാടി  പടര്‍ന്നിറിങ്ങി രുചിച്ചറിഞ്ഞ വിടര്‍ന്നു തുടുത്ത അധരങ്ങള്‍... ഇതൊക്കെ ആരുടേതാണെന്നു നിനക്കറിയണം അത്രയല്ലെ വേണ്ടൂ.!!... അതു കണ്ടുപിടിയ്ക്കാന്‍ കുട്ടേട്ടനൊരു ട്രിക്ക്‌ മാജിക്‌പറഞ്ഞുതരാം,... ഇന്നു ഡ്യൂട്ടിയും കഴിഞ്ഞ്‌,.. വീട്ടില്‍ച്ചെന്ന്‌ കുളിച്ചു ഫ്രെഷായി, കുട്ടേട്ടനേറ്റവും ഇഷ്ടപ്പെട്ട ആ കിളിപ്പച്ച ബ്ലൗസുമിട്ട്‌,പച്ചക്കരസെറ്റുമുണ്ടുമുടുത്ത്‌ ചന്ദനക്കുറിയുമണിഞ്ഞ്‌ നന്നായൊന്നൊരുങ്ങണം... പിന്നെ, നമ്മുടെ അഭൗമനിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു തിളങ്ങി നില്‍ക്കാറുള്ള, ബെഡ്‌റൂമിലെ ആ വലിയ നിലകണ്ണാടിയ്ക്കു മുമ്പില്‍ ചെന്നു നില്‍ക്കണം,. എന്നിട്ട്‌......? ഒരുനിമിഷം കണ്ണടച്ച്, നന്നായി പ്രാര്‍ത്ഥിച്ച്‌, കുട്ടേട്ടനെ മാത്രമോര്‍ത്ത്‌,..., നമ്മുടെ പ്രിയനിമിമിഷങ്ങള്‍ മനസ്സില്‍ നിനച്ച്‌,...  കണ്ണടിയില്‍നോക്കി നന്നായൊന്നു പുഞ്ചിരിയ്ക്കണം..... അപ്പോള്‍ നാണംകൊണ്ടു തുടുത്ത മുഖഭാവങ്ങളൊടെ,... വികാരം അലയടിയ്ക്കുന്ന വിടര്‍ന്ന മിഴിയിതളുകളും വിടര്‍ത്തി... നിറഞ്ഞു നില്‍ക്കുന്ന പാല്‍നിലാപുഞ്ചിരിയുമായി ഒരു പെണ്ണ്‌ കണ്ണാടിച്ചില്ലിലേയ്ക്കിറങ്ങിവരും.. കുട്ടെട്ടന്റെ മനസ്സിലെ മാന്ത്രികകണ്ണാടിയിലെ സുന്ദരി...! കുട്ടേട്ടന്റെ ഭാവനയെ തൊട്ടുണര്‍ത്തിയ പെണ്‍കൊടി......!!"

"എന്റെ കൃഷ്ണാ,.... ഫോണില്‍കൂടി വാക്കുകള്‍കൊണ്ടു ഇന്ദ്രജാലം,.... അടുത്തുള്ള നിമിഷങ്ങളില്‍......!!  ഈ കുട്ടേട്ടന്റെ ഒരു കാര്യം...."

അവളുടെ ചുണ്ടുകളില്‍ നിന്നുമുതിരുന്ന ചിരിമഴത്തുള്ളികിലുക്കം...

വീണ്ടും ജ്വലിയ്ക്കാന്‍ തുടങ്ങിയ സൂര്യന്റെ തിളക്കത്തില്‍ ആ കണ്ണുകളില്‍ വിടരുന്ന മഴവില്ലിന്റെ ഏഴുനിറങ്ങള്‍.... വിദൂരതയിലാണെങ്കിലും  എന്റെ മനസ്സിലെ കണ്ണാടിയില്‍ എല്ലാം വ്യക്തമായി പ്രതിഫലിയ്ക്കുകയായിരുന്നു...

ഇന്ന്‌ വെള്ളിയാഴ്ചയല്ലെ .. കുട്ടേട്ടനു ഉച്ചയ്ക്ക്‌ ഓഫീസില്‍ നിന്നുമിറങ്ങാന്‍പറ്റുന്ന ദിവസം.. ഇനി റൂമില്‍ ചെന്നിട്ട്‌ വിളിയ്ക്കാം,.. വൈകുന്നേരം നെറ്റിലും കാണാട്ടോ.......

പാവമാണ്‌ മാളു, പക്ഷെ, വളരെ പൊസ്സസ്സീവ്‌ ആണവള്‍..... അവള്‍ക്കു എന്തെങ്കിലും അയയ്ക്കുമ്പോള്‍ വളരെ കരുതല്‍ വേണം,...ഭാഗ്യം,..ആലീസ്‌ചേച്ചി,  എല്‍സി ഇവരെക്കുറിച്ചെഴുതിയതൊന്നും ഫോര്‍വേഡ്‌ ചെയ്യാന്‍ തോന്നാഞ്ഞത്‌.....

അവളുടെ പൊസ്സസ്സിവിനെസ്സിന്റെ ശക്തി കല്യാണം കഴിഞ്ഞ്‌ ആദ്യ നാളുകളൊന്നില്‍ ശരിയ്ക്കും അനുഭവച്ചതറിഞ്ഞതാണ്‌...

വിവാഹം കഴിഞ്ഞ ആദ്യദിനങ്ങളിലെ ഒരപരാഹനത്തില്‍ വിശാലമായ പാടവരമ്പിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍...

വെയില്‍ നേരത്തെ തന്നെ മങ്ങാന്‍ തുടങ്ങിയിരുന്നു.... പുതുമണവാളനായ വൃശ്ചികക്കാറ്റ്‌ സൂര്യനെ ശപിച്ചും,..പകലിനെ കല്ലെറിഞ്ഞും,.. കുളിരുംപേറി കുണിങ്ങിയെത്തുന്ന സുന്ദരിയായി നിശയേയും കാത്ത്‌ അക്ഷമയോടെ അവിടെയൊക്കെ കറങ്ങിനടക്കുന്നുണ്ടായിരുന്നു..

"നോക്കു മാളു,..... ആ വരുന്നതാണ്‌ കവിത മോള്‍.... കുട്ടേട്ടനു കല്യണമാലോചിച്ചതാ ആ കുട്ടിയെ ... ജാതകം ചേരാത്തതുകൊണ്ടുമാത്രം നടക്കാതെ പോയി.... എന്തു സുന്ദരിയാ  അല്ലെ ആ കുട്ടി....."

സ്കൂളൂം വിട്ട്‌ ദൂരെ ചിറവരമ്പിലൂടെ നടന്നുവരുകയായിരുന്നു കവിതടീച്ചറപ്പോള്‍....

നാട്ടിലെ മേലേടത്ത്‌ തറവാട്ടിലെ ശങ്കരന്‍ മാഷുടെ  മകളായിരുന്നു കവിത... വലിയ തറവാട്ടുകാരായ അവര്‍ക്കു തറവാട്ടുവക സ്കൂളുണ്ടായിരുന്നു. ആ സ്കൂളില്‍തന്നെ ടീച്ചറായിരുന്നു ആ കുട്ടി.....

"നല്ല കുട്ടിയാ കവിത..... കാഴ്ചയിലും സ്വഭാവത്തിലും,.... പക്ഷെ ഭയങ്കര തടിയല്ലെ ആകുട്ടിയ്ക്ക്‌ ..... നമ്മുടെ കുട്ടന്‌ എങ്ങിനെയാ ചേരുക.... വലിയ തറവാട്ടുകാര്‌.. അവരായിട്ടു കൊണ്ടു വന്ന ആലോചന.... എങ്ങിനെയാ വേണ്ടാന്നു പറയുക... എന്തായാലും ജാതകം നോക്കട്ടെ എന്നിട്ടു തീരുമാനിയ്ക്കാം..." അമ്മയ്ക്കായിരുന്നു കൂടുതല്‍ ഉത്‌കണ്ഠ......

കവിതയുടെ വിശേഷങ്ങള്‍ വിളമ്പിയ അന്നു രാത്രി പിണക്കത്തിന്റെ ശിവരാത്രിയായിരുന്നു.......

"കുട്ടേട്ടന്‍ ഏന്താ ആ കുട്ടിയെ വിളിച്ചെ.... മോളെന്ന്‌ അല്ലെ.... ഇത്രയും ദിവസമായിട്ട്‌ എന്നെ ഇതുവരെ ഒരുവട്ടം പോലും അങ്ങിനെ വിളിച്ചിട്ടില്ലല്ലൊ.... ഇന്നിനി എന്നോടു മിണ്ടാന്‍ വരേണ്ട.... കവിതമോളുടെ അടുത്തേയ്ക്ക്‌ തന്നെ പൊയ്ക്കൊ.. കുട്ടേട്ടന്‍ ശ്രദ്ധിച്ചോ..... നമ്മളെ നോക്കി ചിരിയ്ക്കുമ്പോള്‍ ആ കുട്ടിയുടെ മുഖത്തു നല്ല വിഷമമുണ്ടായിരുന്നു.... കുട്ടേട്ടനോട്‌ ആ കുട്ടിയ്ക്ക്‌ ശരിയ്ക്കും ഇഷ്ടമുണ്ടായിരുന്നു...."

"ഭഗവാനെ,.... ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ഇനി എന്തൊക്കെ കേള്‍ക്കണം...." ശരിയ്ക്കും തലയ്ക്കു കൈയും വെച്ചിരിയ്ക്കുകയായിരുന്നു  ഞാനപ്പോള്‍.... നുള്ളും പിച്ചും മാന്തുമൊക്കെയായി വ്യര്‍ത്ഥമായി പോയി ആ രാവ്‌....

ക്രമേണ   ഞങ്ങള്‍  ഇണങ്ങുകയായിരുന്നു.... ജീവിതം ശക്തമാകുകയായിരുന്നു... കുട്ടേട്ടനും മാളുവും ഒന്നായി മാറാന്‍ തുടങ്ങുകയായിരുന്നു...

പിന്നെപ്പിന്നെ ഒരു വാക്ക്‌, ഒരു നോട്ടം,.. എനിയ്ക്ക്‌ മാത്രമറിയാവുന്ന ആ "സ്വിച്ചി"ലെ ഒരു നനുത്ത സ്പര്‍ശം,... ഇതൊക്കെ മാത്രം മതി അവളുടെ പിണക്കം മാറ്റാന്‍, ഇണക്കിയെടുക്കാന്‍.....

മധുവിധുവിന്റെ നാളുകളിലൊന്നില്‍ ശാന്തസുന്ദരമായ ഞങ്ങളുടെ ഏകാന്തസുന്ദരമായ നിമിഷങ്ങളിലെപ്പോഴോ അവളുടെ വിടര്‍ന്നുതുടുത്ത ചെവിയിതളുകള്‍ക്കു താഴെ വലത്തെ കവിള്‍ത്തടത്തില്‍ അധരങ്ങള്‍കൊണ്ടു കവിത രചിച്ചു രസം കൊള്ളുകയായിരുന്നു ഞാന്‍...  അവളും അതാസ്വദിയ്ക്കുകയായിരുന്നു.....

"അവിടെ ,.. അവിടെതന്നെ ഒന്നുകൂടി അമര്‍ത്തി... കുട്ടേട്ടാ,.. അവിടെ, ആ സ്പോട്ടില്‍  എനിയ്ക്കെന്തോ ഒരു മാന്ത്രിക സ്വിച്ചുണ്ടെന്നു തോന്നുന്നു.......!" മെല്ലെ അവള്‍ മന്ത്രിച്ചു... അവളുണര്‍ന്നു.. അടിമുടിപൂത്തുലഞ്ഞു.. ചുവന്നു തുടുത്തു. .

ചെവിയ്ക്കു താഴെ കുറുനിരകള്‍ പാറിക്കളിയ്ക്കുന്ന കവിള്‍ത്തടത്തിലെ ആ മാസ്മരികബിന്ദുവില്‍ ആവേശത്തോടെ.... ഒരുവട്ടമല്ല..... ഒരുപാടുവട്ടം ... ഒരുപാടൊരുപാടുവട്ടം... ഒരായിരംവട്ടം....!!
പിന്നെ എപ്പോഴും അവളെ ഉണര്‍ത്താന്‍ , ഒരുക്കാന്.... പിണക്കം മാറ്റിയെടുത്തു മെരുക്കിയെടുക്കാന്‍.... എല്ലാറ്റിനും  എളുപ്പവഴിയായി മാറുകയായിരുന്നു ആ സ്വിച്ച്‌...!

"കുട്ടേട്ട,..... വേണ്ട,... ഇന്നു എത്ര കഷ്ടപ്പെട്ടാലും കാര്യമില്ലാട്ടൊ,. സ്വിച്ച്‌ കേടാണെന്നു തോന്നുന്നു... വയ്യാ,..  ഒരു പക്ഷെ വോള്‍റ്റേജില്ലാണ്ടാവും ."

"അതു കള മോളേ... അതു നന്നാക്കാനുള്ള മെക്കാനിസമൊക്കെ കുട്ടേട്ടന്‍ എന്നേ പഠിച്ചു കഴിഞ്ഞു,. പിന്നെ മണി പത്തു കഴിഞ്ഞില്ലെ,.  ഇനി  വോള്‍റ്റേജൊക്കെ വന്നോളും"

ഇന്നും,.. വര്‍ഷങ്ങളിത്ര പിന്നിട്ടിട്ടും,.. ഒട്ടും ഒളിമങ്ങാതെ നില്‍ക്കുന്നു ആ മാന്ത്രിക സ്വിച്ച്‌...!
 എന്തോ,..  മാളുവിന്റെ പിണക്കം, തിരുമേനിയുടെയും,  ജോസിന്റെയും  മരണവാര്‍ത്തകള്‍ എല്ലാം കൂടി ആകെ മൂഡു നഷ്ടപ്പെട്ടതുപോലെ... ഒന്നും കുത്തികുറിയ്ക്കാന്‍പോലും തോന്നുന്നില്ല,...
എന്തെങ്കിലും എഴുതാതെ ഒരു വെള്ളിയാഴ്ച കടന്നു പോകുന്നു...... അസ്വസ്ഥമായ മനസ്സുമായി വെറുതെ മൗസിലൂടെ ഒഴുകി നടന്ന വിരലുകള്‍...

“എന്റെ   പ്രമാണങ്ങളില്‍ " എന്റെ ചിത്രങ്ങളിലെ" താരാപഥത്തില്‍ പ്രഥമസ്ഥാനം കൊടുത്തു സൂക്ഷിച്ച്‌ കാവ്യയുടെ ചിത്രങ്ങളില്‍ ചെന്നെത്തിയത്‌ യാദൃച്ഛികമല്ലായായിരുന്നു... സ്വസ്ഥതയുടെ ഒരു പച്ചപ്പു തേടുന്ന മനസ്സിന്റെ കുറുമ്പായിരുന്നു ..

സ്ലൈഡ്‌ഷോയിലൂടെ LCD സ്ക്രീനില്‍ നിരനിരയായി ഒഴുകിയെത്തുന്ന കാവ്യയുടെ വിവിധരൂപങ്ങള്‍, ഭാവങ്ങള്‍.. അവയ്ക്കു ശരിയ്ക്കും ജീവനുണ്ടെന്നു തോന്നും പലപ്പോഴും..... വിടര്‍ന്നു നീണ്ട കരിനീലക്കണ്ണുകള്‍,.. വിടര്‍ന്നുമലരാന്‍ വെമ്പുന്ന അധരങ്ങള്‍ക്കിടയിലൂടെ, മാധുരിദീക്ഷിതിനെ പോലും തോല്‍പ്പിയ്ക്കുന്ന നറുനിലാപാല്‍പുഞ്ചിരി... വടിവൊത്ത  മൂക്കിനലങ്കാരമായ  മലയാളിസ്ത്രീത്വത്തിന്റെ മുഴുവന്‍ സൗന്ദര്യവും കാച്ചിക്കുറിക്കിയിടുത്ത്‌ സമന്വയിച്ച്‌ ആരിലും മോഹങ്ങളുണര്‍ത്തുന്ന മറുകിന്റെ മാസ്മരികത...

ഡെലീറ്റ്‌ ചെയ്ത് കളയാന്‍ ഒരുങ്ങിയതാണൊരിയ്ക്കല്‍.. കാവ്യയുടെ കല്യാണത്തിനു തൊട്ടു മുമ്പുള്ള എതോ ഒരുദിവസം,... അന്യപുരുഷന്റെ ഭാര്യയാകാന്‍പോകുന്ന ആഭിജാത്യവും കുലീനത്വവുമുള്ള ഒരു പെണ്ണിന്റെ ഫോട്ടോ ഇനിയും എന്റെ പ്രമാണങ്ങളില്‍ സൂക്ഷിയ്ക്കുന്നത്‌ ശരിയല്ല എന്ന് തോന്നല്‍  മനസ്സില്‍ നിറഞ്ഞുനിന്ന സമയമായിരുന്നു അത്‌....

delete all. ?.......no,?....no,?.....no.....!! എത്ര ശ്രമിച്ചിട്ടും "യെസ്‌" എന്നു പ്രസ്സ്‌ ചെയ്യാന്‍ കഴിഞ്ഞില്ല.,. ആ സുന്ദരമായ മുഖം മായ്ച്ചു കളയാന്‍ കഴിഞ്ഞില്ല....

കാവ്യക്ക്‌ പലപ്പോഴും  നിളാപുത്രിയുടെ രൂപഭാവങ്ങളാണെന്നു തോന്നും... നിളാനദിയുടെ തീരത്തു ജനിച്ച്‌... നിളയുടെ കാറ്റേറ്റ്‌ ആ കുളിരില്‍ നീന്തിതുടിച്ചുകളിച്ചുവളര്‍ന്ന  അവളുടെ പാലക്കാടന്‍ ഗ്രാമീണവശ്യചാരുത, ശാലീനത...! എല്ലാം അപ്പാടെ കാവ്യയിലും പ്രതിഫലിയ്ക്കുന്നതുപോലെ ...
ആ മുഖകാന്തിയില്‍ മറ്റൊരു താരത്തിലും ദര്‍ശിയ്ക്കാന്‍ കഴിയാത്ത ചന്തം, ആകര്‍ഷണം ഇതൊക്കെ തോന്നാന്‍ അതായിരിയ്ക്കാം, അതുമാത്രമായിരിയ്ക്കാം കാരണം.... ....!

പാവം കാവ്യ...,. വിണ്ണിലിരുന്നു ഒരുപാടു മോഹിപ്പിച്ച്‌ പാവം ആ താരകം ഇന്ന്‌ പൊടിമണ്ണില്‍വീണു കിടന്നുരുളുന്നു... എന്നിട്ടും  മനസ്സിലെ കൗതുകത്തിന്‌ ,.. തിളക്കത്തിന്‌, ഒരു കുറവും വരുന്നില്ല,....
ഹേമമാലിനിയെ പ്രണയിച്ച ഒരു പാവം ഭിക്ഷാടകന്റെ കഥ കുട്ടന്റെ മനസ്സിലോര്‍മ്മവന്നു... പണ്ടെന്നൊ കേട്ടതാണ്‌., കേട്ടിട്ടില്ലെ നിങ്ങള്‍? ഇല്ലെങ്കില്‍ പിന്നെ പറയാട്ടോ...


കൊല്ലേരി തറവാടി
14/08/2009                             

9 comments:

  1. കാരണവര്‍കൊലക്കേസില്‍ കുറ്റാരോപിതയായ മരുമകളുടെ "വഴിവിട്ട ജീവിതത്തില്‍" ബ്ലൂഫിലിമിലെ "സഭ്യമായ" തുണ്ടുകള്‍ കയറ്റി നിറം പിടിപ്പിച്ച്‌ ക്രൈം കഥകള്‍ചമച്ച്‌ പ്രേക്ഷകരുടെ കയ്യടി നേടിയ സാംസ്കാരികകേരളത്തിലെ ചാനല്‍തമ്പുരാക്കന്‍മാര്‍ കാവ്യാമാധവന്റെ വിവാഹ മോചനവാര്‍ത്തകള്‍ അവരുടെ കല്യാണാഘോഷത്തിനേക്കാള്‍ ആവേശത്തോടെ വാണിജ്യവല്‍ക്കരിയ്ക്കാന്‍ കാണിച്ച ഉത്സാഹം കണ്ട്‌ ആത്മരോഷംപൂണ്ട്‌ B P കൂടിയ കാവ്യ ഫാന്‍സായ ചില ചുള്ളന്‍ ചങ്ങാതിമാരെ ആശ്വസ്സിപ്പിയ്ക്കാനും കൂളാക്കാനും വേണ്ടി അക്കാലത്ത്‌ എഴുതിയതാണിത്‌.

    ഭരതന്റേയും പദ്‌മരാജന്റേയും പുണ്യപുരാണപടങ്ങള്‍ റിലീസു ചെയ്യുന്ന നാളുകളില്‍മാത്രം സിനിമകൊട്ടകയില്‍ പോകുന്ന, ഭക്തിപാരവശ്യത്തോടെ അത്തരം സിനിമകള്‍ മാത്രംകണ്ടു ശീലിച്ചിട്ടുള്ള ശുദ്ധനായ കൊല്ലേരിയ്ക്ക്‌ കാവ്യയുടെയെന്നല്ല ഒരു താരത്തിന്റെയും ഫാനാവാന്‍ കഴിയില്ല എന്ന്‌ ഇത്രയും നാളത്തെ പരിചയം വെച്ച്‌ ഊഹിയ്ക്കാവുന്നതല്ലെയുള്ളു.

    ഇതു വിഷു നാളുകള്‍.. എന്റെ കമന്റ്‌സ്‌ ശേഖരത്തില്‍ അമൂല്യമായി സൂക്ഷിച്ചുവെച്ചിട്ടുള്ള സുമനസുകളുടെ നല്ല വാക്കുകള്‍ ഓര്‍ത്തെടുത്ത്‌, ആ തൂലികകളെ മനസ്സിലാവാഹിച്ച്‌ കരളിലെ ഉരുളിയില്‍ നിരത്തി കണിയൊരുക്കുന്നു ഞാന്‍.

    മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍, കൊന്നപ്പൂവിന്റെ സ്വര്‍ണ്ണത്തിളക്കത്തില്‍, നാണയത്തുട്ടുകള്‍ ചൊരിയുന്ന ധനലക്ഷ്മിയുടെ നിറസാന്നിധ്യം,. കലയുടെ, സാഹിത്യത്തിന്റെ വിദ്യാമന്ത്രം കാതിലോതി അനുഗ്രഹിയ്ക്കുന്ന സരസ്വതീകടാക്ഷത്തിന്റെ പുണ്യമുഹൂര്‍ത്തം.. ഗോക്കളെ സ്വതന്ത്രരായി മേയാന്‍ വിട്ട്‌, രാധയേയും കാത്ത്‌ നില്‍ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്റെ കള്ളപുഞ്ചിരി..

    എന്റെ അരികില്‍ ഐശ്വര്യത്തോടെ വിരാജിയ്ക്കുന്ന മാളുവിന്റെ വിടര്‍ന്ന മുഖത്ത്‌ മാണിക്യക്കല്ലുപോലെ തിളങ്ങുന്ന മൂക്കുത്തി.. അപ്പുറത്ത്‌ നിലാമഴയായി പെയ്തിറങ്ങുന്ന അപ്പുവിന്റെ പാല്‍പുഞ്ചിരി.. വിഷുപ്പുലരി ധന്യമാകാന്‍ ഇനി മറ്റെന്തുവേണമെനിയ്ക്ക്‌..!

    ഈ വിഷുപുലരിയില്‍ നന്മയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പരസ്പരബഹുമാനത്തിന്റെ വാക്കുകള്‍, വരികള്‍ വരമൊഴികളായി ബൂലോകത്തിലെ എഴുത്തോലകളെ സമ്പന്നമാക്കട്ടെ എന്നു പ്രാത്ഥിയ്ക്കുന്നു,.. ഒപ്പം ഒരുപാടു കുസുമങ്ങള്‍ പൂത്തുല്ലസിച്ചു ബൂലോകമാകെ വര്‍ണ്ണപ്രഭ ചൊരിയട്ടെ എന്നാശംസിയ്ക്കുന്നു,.. കൈനീട്ടമായി ഒരു പിടി സ്നേഹപ്പൂക്കള്‍ സമ്മാനിയ്ക്കുന്നു.. വിഷു സദ്യയായി ഈ പോസ്റ്റും...

    ReplyDelete
  2. കാവ്യം...സുന്ദരം

    ReplyDelete
  3. ഞാനൊന്നും കണ്ടിട്ടുമില്ല..കേട്ടിട്ടുമില്ല കേട്ടൊ ഗെഡീ അതുകൊണ്ടൊന്നും മിണ്ടുന്നുമില്ല...!
    പിന്നെ
    “വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
    കമലാനേത്രനും ...
    വിഷുപ്പക്ഷിയില്ലിവിടെ
    കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍
    വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
    വിഷു വിഷെസ് മാത്രം !“

    ReplyDelete
  4. തിരഞ്ഞെടുപ്പ് ദിവസം കോലാഹലമുണ്ടാക്കിയ കാവ്യയെക്കുറിച്ച് ഒരു പോസ്റ്റിട്ടത് യാദൃശ്ചികമാവാം, അല്ലേ കൊല്ലേരീ...

    സ്വിച്ചില്‍ കൈ തൊടാതെ ബില്ലാത്തിയേട്ടന്‍ ഡീസന്റായി... :)

    എന്നാലും ഈ ‘സ്വിച്ച്’ ഒരു സംഭവം തന്നെയാണെന്നാണ് എന്റെയും അനുഭവം... (ഇനി ഞാനും ഡീസന്റായി..)

    ReplyDelete
  5. വിവാഹശേഷം സിനിമാലോകത്തുനിന്ന് മാറിനിൽക്കാൻ പോയ കാവ്യ തിരിച്ചുവന്നത്, ഇങ്ങനെയുള്ള ഓർമ്മകൾ ഒരുപാടുപേർ മനസ്സിൽ സൂക്ഷിക്കുന്നതു കൊണ്ടായിരിക്കാം.
    നല്ല ഭാവനയുണ്ട്.

    ReplyDelete
  6. കാവ്യാഞ്ജലി മനോഹരമായി ...അവസാനത്തെ അഭിപ്രായത്തിലെ കുറിപ്പും നന്നായി .

    ReplyDelete
  7. വളരെ മനോഹരമായ ഒരു കാവ്യാഞ്ജലി...!

    ReplyDelete
  8. നല്ല ഒഴുക്കോടെ വായിച്ചു . നന്നായിട്ടുണ്ട്.

    ReplyDelete
  9. hum kollaam ezhuthu nannaayi
    manoharam.....

    ReplyDelete