ശശിധരന്‍നായര്‍ക്ക് ഇതു കൊളസ്ട്രോള്‍ പ്രായം...
ഞാന്‍ ശശിധരന്‍നായര്‍....മറ്റൊരോലക്കുടിക്കാരന്‍..സാബുവിന്റെ തൊട്ടയല്‍വാസി....പക്ഷെ ഞാന്‍ ഇപ്പോള്‍ സെറ്റില്‍ ചെയ്തിരിയ്ക്കുന്നത് കൊച്ചിയിലാണ്...പാലാരിവട്ടത്ത്, "ആഷ്‌പോഷ്" ബില്‍ഡേര്‍സ്സിന്റെ "അഹങ്കാര്‍" അപ്പാര്‍ട്ടുമെന്റ്‌സ്സിലെ പന്ത്രണ്ടാമത്തെ നിലയിലെ ഒന്നം നമ്പര്‍ ലക്ഷ്വറി ഫ്ലാറ്റ് എന്റെ സ്വന്തമാണ്...പക്ഷെ ഇപ്പോള്‍ അതിന്റെ ഉടമസ്ഥവകാശം ഒരു ബിനാമി പേരിലാണെന്നു മാത്രം...
ഇപ്പോള്‍ നിങ്ങള്‍ ചിന്തിയ്ക്കുന്നത് ഞാന്‍ എറണാകുളത്തെ ഏതോ വലിയ ബിസിനെസ് മാഗ്നറ്റ് ആയിരിയ്ക്കും എന്നല്ലെ... എന്നാല്‍ നിങ്ങള്‍ക്കു തെറ്റി..ഞാന്‍ പാവം വെറുമൊരു സര്‍ക്കാരുദ്യോഗസ്ഥന്‍ മാത്രം.....!
പൊതുജനത്തിനും ഉദ്യോഗസ്ഥന്മാര്‍ക്കുമിടയില്‍ ഇടനിലക്കാര്‍ വിളയാടുന്നു എന്നു അസൂയക്കാര്‍ വെറുതെ ആരോപിയ്ക്കുന്ന സുപ്രസിദ്ധമായ വകുപ്പിലാണ് എന്റെ ജോലി എന്നു പറയുമ്പോള്‍ കൂടുതല്‍ വിസ്തരിയ്ക്കാതെ സംഗതികളുടെ കിടപ്പുവശം വ്യക്തമായല്ലൊ അല്ലെ....
"ഇതൊന്നും നിന്റെ മിടുക്കുകൊണ്ടല്ല....ജാതകഗുണം..!.ജാതകത്തില്‍ കര്‍ക്കിടകരാശിയിലാണ് വ്യാഴത്തിന്റെ സ്ഥാനം.,..കര്‍ക്കിടകത്തില്‍ വ്യാഴമുള്ളവരുടെ വീട്ടുമുറ്റത്ത് പണം കായ്ക്കുന്ന മരം താനെ പൊട്ടിമുളയ്ക്കും" എന്നെകുറിച്ചുള്ള അഭിമാനം ഉള്ളിലൊതുക്കി അമ്മ കൂടെകൂടെ അതോര്‍മ്മിപ്പിയ്ക്കുമായിരുന്നു...
ഞാനൊരു അന്ധവിശ്വാസിയൊന്നുമല്ല..പക്ഷെ,...ഒന്നോര്‍ത്താല്‍ ഇതിലൊക്കെ സത്യമില്ലെ എന്നു തോന്നിപോകും..മിനിമം എന്റെ കാര്യത്തിലെങ്കിലും...!! അല്ലെങ്കില്‍ എഴുപതുകളുടെ അവസാനത്തില്‍ ഡിഗ്രിയ്ക്കു പഠിയ്ക്കുന്ന സമയത്ത് ആദ്യമായി എഴുതിയ പി.എസ്.സി ടെസ്റ്റ് തന്നെ ക്ലിക്കാകുമായിരുന്നോ.. സര്‍ക്കാരില്‍ വെറുതെ ചൊറികുത്തിയിരിയ്ക്കേണ്ടിവരുമായിരുന്ന എത്രയോ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നു.. എന്നിട്ടും കാമധേനുവിനെപോലെ ഐശ്വര്യം ചൊരിയുന്ന ഈ ഡിപ്പാര്‍ട്ടുമെന്റില്‍ തന്നെ നിയമനം കിട്ടുമായിരുന്നോ.....പിന്നെ ഏണിപ്പടികള്‍ ഓരോന്നായി ചവട്ടികയറി ഇപ്പോള്‍ അതിന്റെ തലപ്പത്തെ ഒരാളയിതീരാന്‍ കഴിയുമായിരുന്നോ...!
അതൊക്കെ പോട്ടെ...ഞാനീ വഴി വന്നതെന്തിനാണെന്നു ഇതുവരെ പറഞ്ഞില്ല അല്ലെ....ഈ അടുത്താണ് ഞാന്‍ സാബുവിന്റെ ബ്ലോഗ് കാണനിടവന്നത്...ആരും കയറാതെ കാടും പടലും പിടിച്ചുകിടക്കുന്ന അവന്റെ ബ്ലോഗു കണ്ടപ്പോള്‍ കഷ്ടം തോന്നി...അല്ലെങ്കിലും അതങ്ങിനെയല്ലെ വരു..പഠിയ്ക്കുന്ന കാലത്ത് മലയാളം നാലക്ഷരം തികച്ചെഴുത്താന്‍ അറിയാത്തവനായിരുന്നു അവന്‍...എന്നിട്ടും എന്തിനാണിവന്‍ ഈ പൊല്ലാപ്പിനു പോയതെന്ന് മനസ്സിലാവുന്നില്ല...! ഏതെങ്കിലും വേണ്ടപ്പെട്ട കൂട്ടുകാരുടെ പ്രേരണയാവും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിയ്ക്കവനെ ഉപേക്ഷിയ്ക്കാന്‍ പറ്റില്ല,.അനിയനെപോലേയാണവനെനിയ്ക്ക്..പ്രായംകൊണ്ടൊരുപാടന്തരമുണ്ടെകിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്...ഇന്നും വല്ലപ്പോഴും ഈ മെയില്‍ വഴി തുടരുന്നു ആ സൗഹൃദം....അങ്ങിനെയാണ് അവന്റെ അനുവാദത്തോടെ ഏഴാമത്തെ പെഗിന്റെ രചനയും സംവിധാനവും ഞാനെറ്റെടുത്തത്...
ഞാന്‍ പണ്ട് നാട്ടിലൊക്കെ അറിയപ്പെടുന്ന സാഹിത്യകാരനും, കലാകാരനുമായിരുന്നു.. കവിതകള്‍ എഴുതുമായിരുന്നു... അക്കാലത്ത് ഓലക്കുടിയില്‍ ഗ്രാമീണവായനശാലയുടെ വാര്‍ഷികാഘോഷത്തിന് അവതതരിപ്പിയ്ക്കാറുള്ള നാടകങ്ങളിലെ എന്റെ നായികവേഷങ്ങള്‍ പ്രസിദ്ധമായിരുന്നു..
വയറിലെയും പരിസരപ്രദേശങ്ങളിലേയും മുടി മുഴുവന്‍ വടിച്ചു മാറ്റി, മണ്‍ചിരാതിന്റെ വലിപ്പമുള്ള പൊക്കിളിനു ചുറ്റും വെളിച്ചെണ്ണ പുരട്ടി..ഇറക്കിയുടുത്ത സാരിയുമായി,.സ്പോട്‌ലൈറ്റിന്റെ മാസ്മരികതയില്‍ സ്റ്റേജില്‍ തിളങ്ങുന്ന,.ചന്ദനത്തില്‍ കടഞ്ഞെടുത്തുപോലെയുള്ള എന്റെ അണിവയറിന്റെ ചാരുത ദര്‍ശിയ്ക്കാനിടവന്നാല്‍ സാക്ഷാല്‍ ജയഭാരതിയ്ക്ക് വരെ തോല്‍വി സമ്മതിച്ചു തലകുനിച്ചു മടങ്ങിപോകേണ്ടി വരുമായിരുന്നു...ഇതു ഞാന്‍ വെറുതെ പറയുന്നതല്ല..അക്കാലത്ത് ഓലക്കുടിക്കാര്‍ പറഞ്ഞിട്ടുള്ളതാണ്..
നൂറു രൂപയും ചെല്ലുംചിലവും കൊടുത്താല്‍ നായികയായി നല്ല ഒറിജനല്‍ നടിയെ കിട്ടുമായിരുന്നു അക്കാലത്ത്,.എന്നിട്ടും ഞാന്‍ തന്നെ നായിക ആവണമെന്ന് നാട്ടുകാരില്‍ പലര്‍ക്കും നിര്‍ബന്ധമായിരുന്നു..കല്യാണം കഴിയുന്നതു വരെ തുടര്‍ന്നു ആ വേഷംകെട്ടല്‍..പിന്നെ കെട്ടിയ പെണ്ണിനെ സാക്ഷിയാക്കി,...എന്തോ മടി തോന്നി....
അതൊക്കെ ഒരു കാലമായിരുന്നു...സുവര്‍ണ്ണകാലം...ഇന്നിപ്പോള്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.പണം,..പദവി,.. പ്രതാപം.എല്ലാം... എല്ലാം....!!
പക്ഷെ എത്ര വില കൊടുത്താലും ഒരിയ്ക്കലും തിരിച്ചുപിടിയ്ക്കാന്‍ കഴിയാതെ യൗവ്വനം പടിയിറങ്ങുന്നു...പിന്നെ എന്തുണ്ടായിട്ടെന്താ...!!!
ഇതെനിയ്ക്ക് കൊളസ്ട്രോള്‍ പ്രായം...മുട്ടയിലെ ഉണ്ണിയെ മറക്കേണ്ട കാലം...വെള്ള മാത്രം തിന്നു വിശപ്പടക്കാന്‍ വിധിയ്ക്കപ്പെട്ട കാലം....ജീവിതത്തില്‍നിറങ്ങളോരോന്നായി മങ്ങാന്‍ തുടങ്ങുന്ന സമയം..
പതിവുപോലെ ഒരു പ്രഭാതത്തില്‍കൂടി ഡൈനിംഗ് ടേബിളിനു മുമ്പില്‍ വിരക്തിയോടെ തളര്‍ന്നിരിന്നിരിയ്ക്കുകയാണ് ഞാന്‍... മുന്നിലെ മഗ്ഗില്‍ പാട മാറ്റിയ പാലില്‍ മധുരം ചേര്‍ക്കാതെ കുറുക്കിയെടുത്ത ഓട്‌സ് തണുക്കാന്‍ തുടങ്ങുന്നു....
തൊട്ടപ്പുറത്ത് രാവിലത്തെ തിരക്കില്‍ നിശ്ശബ്ദനായിരുന്ന് തിടുക്കത്തില്‍ ബ്രൈക്‍ഫാസ്റ്റ് കഴിച്ചു തീര്‍ക്കുന്ന ഏകപുത്രന്‍ പ്ലസ്-ടൂകാരന്‍..ഉണ്ണി....
അവന്റെ തിളങ്ങുന്ന മുഖം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണ്ണാടിയായി എന്റെ മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു....
അവന്റെ മുമ്പില്‍ കാലം എന്നില്‍ നിന്നും അടര്‍ത്തിമറ്റിയ മുട്ടയുടെ ഉണ്ണികള്‍..നെയ്യില്‍ ടോസ്റ്റ് ചെയ്തെടുത്ത മൊരിഞ്ഞ ബ്രെഡിന്‍കഷണങ്ങള്‍...കുരുമുളകുപൊടിയുടെ എരിവില്‍ തിളങ്ങുന്ന കാളക്കണ്ണകള്‍...വലിയ കപ്പ് നിറയെ ഹോര്‍ലിക്സ്.വിഭവസമൃദ്ധമാണ് അവന്റെ പ്രാതല്‍.....
കുറച്ചു നാള്‍ മുമ്പുവരെ ബൂസ്റ്റ് ആയിരുന്നു പ്രഭാതത്തില്‍ അവന്റെ ആരോഗ്യ പാനിയം....ബൂസ്റ്റ് കഴിച്ചാല്‍ എനര്‍ജി കൂടുമായിരിയ്ക്കും.. പക്ഷെ, ഉയരം കൂടില്ലല്ലോ..! ....
റിക്കോഡുകളില്‍ നിന്നും റിക്കോഡുകളിലേയ്ക്ക് ഉയരങ്ങള്‍ താണ്ടുമ്പോളും സച്ചിന്റെ ഉയരം ഒരിഞ്ചു പോലും കൂടിയില്ല എന്ന സത്യം എന്റെ സഹധര്‍മ്മിണി തിരിച്ചറിഞ്ഞത് ഇയ്യിടേയാണ്..അതിനു നന്ദി പറയേണ്ടത് ഹോര്‍ലിക്സിന്റെ പുതിയ പരസ്യത്തിനോടാണ്.
അഞ്ചരയടില്‍ താഴെ പൊക്കമുള്ള ഞങ്ങള്‍ക്ക് ജനിച്ച മകന്റെ പൊക്കത്തെകുറിച്ച് തുടക്കം മുതലെ ഉത്‌കണ്ഠകുലയായിരുന്നു അവള്‍....
ഒറ്റനോട്ടത്തില്‍ എന്നേക്കാള്‍ ഉയരം തോന്നുമായിരുന്നു അവള്‍ക്ക്...അതുകൊണ്ടുതന്നെ ഹൈ ഹീല്‍ ചെരിപ്പു ധരിച്ചു വിലസാന്‍ യോഗമില്ലാതെ പോയി അവള്‍ക്ക്...തന്റെ ഭാവിമരുമകള്‍ക്കെങ്കിലും ഇത്തരമൊരു ദുരവസ്ഥ വരരുതെന്ന് നിര്‍ബന്ധമുള്ളതെപോലെയായിരുന്നു ഇക്കാര്യത്തിലുള്ള അവളുടേ ശുഷ്ക്കാന്തി.
മകന്റെ പ്രൈമറിസ്കൂള്‍ കാലഘട്ടങ്ങളില്‍ നിത്യവും അവനു ജ്യോതിഷ്‌ബ്രഹ്മി നിര്‍ബന്ധിച്ചുകൊടുക്കുമായിരുന്നു അവള്‍..അന്ന് G.S.പ്രദീപായിരുന്നു ടീവിയില്‍ നിറഞ്ഞു നിന്നിരുന്ന അശ്വമേധം.
"എത്ര നേരമായി...ഇതുവരെ കഴിച്ചുതീര്‍ന്നില്ലെ.. എന്തിരിപ്പാ ഈ ഇരിയ്ക്കുന്നത്..ഓഫീസിലൊന്നും പോണ്ടെ ഇന്ന്...എന്തുപറ്റി നിങ്ങള്‍ക്ക്...പ്രെഷറു വീണ്ടും കൂടിയൊ... ഇന്നലെ രാത്രി പതിവിലേറെ കുടിച്ചിരുന്നു....ഇനിയെങ്കിലും നിത്യവുമുള്ള ഈ ക്ലബില്‍പോക്കു നിര്‍ത്തിക്കൂടെ നിങ്ങള്‍ക്ക്.
ചിന്തകളില്‍നിന്നും ഞെട്ടിയുണര്‍ന്നു.
മധുരമിടാത്ത ഗ്രീന്‍ ടീയുമായി തൊട്ടുമുന്നില്‍ സഹധര്‍മിണി മീനാക്ഷി..അവളാകെ പരിഭ്രമിച്ചിരുന്നു...
.അവളുടെ പരിഭ്രമത്തിലും കാര്യമുണ്ട്..പതിവില്ലാത്തതാണ് പത്രം പോലും വായിയ്ക്കാതെയുള്ള രാവിലത്തെ ഈ ചടഞ്ഞിരിപ്പും,.ചിന്തകളും..
അല്ലെങ്കിലെ ഇയ്യിടെയായി എപ്പോഴും വല്ലാത്ത വേവലാതിയാണ് അവള്‍ക്ക്...പാവം,..കഷായം കുടിച്ചുകുടിച്ച് ആ മുഖഭാവങ്ങളില്‍ വരെ കഷായച്ചുവ പ്രകടമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു...മാസത്തില്‍ മൂന്നാലുദിവസമെങ്കിലും വാതപനി അവളെ വിടാതെ പിടികൂടാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി...
കല്യാണം കഴിച്ചുകൊണ്ടുവരുമ്പോള്‍ മാതളനാരങ്ങപോലെ ചുവന്നുതുടുത്തിരിന്ന പെണ്ണാണ്,.ഇപ്പോള്‍ മൂത്തുണങ്ങിയ പഞ്ഞികായപോലെ ചുളിയാന്‍ തുടങ്ങിയിരിയ്ക്കുന്നു ആ മുഖം എന്നു പറഞ്ഞാല്‍ അതിശയോക്തിയാകും...എന്നാലും അവളും ക്ഷീണിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..പ്രായം എല്ലാവരിലും അവരറിയാതെതന്നെ മാറ്റങ്ങള്‍ വരുത്തുന്നു..
"കല്യാണം കഴിഞ്ഞാല്‍ ഈ ആണുങ്ങളൊക്കെ പിച്ച്വോം മാന്ത്വോം കടിച്ചുതിന്ന്വോം ചെയ്യുന്ന സ്വഭാവക്കാരാണോ....അതിനവറ്റകള്‍ക്ക് അത്രയും വലിയ നഖങ്ങളും പല്ലുകളും ഉണ്ടോ.."
നഖങ്ങളും പല്ലുകളും മാത്രമല്ല അവറ്റകളുടെ കയ്യില്‍ വേറൊരുട്ടം സാധനം കൂടിയുണ്ട് അതാ ഭയങ്കരം ...."
ഇങ്ങിനെ സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു നാലപ്പാട്ടെ അടുക്കളക്കാരിപെണ്ണുങ്ങളിനിന്നും പകര്‍ന്നു കിട്ടിയ വിജ്ഞാനം മാത്രമുള്ള ഒരു മാധവിക്കുട്ടി കഥപാത്രം പോലെ നിഷ്കളങ്കയായ ഒരു ഗ്രാമീണപ്പെണ്‍കൊടിയായിരുന്നു അവള്‍....
ക്ഷമയോടെ,.ഒതുക്കത്തോടെ.എത ദിവസത്തെ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നുവെന്നൊ അവളെ പൂര്‍ണ്ണമായൊന്നു മെരുക്കി അനാവരണം ചെയ്തെടുക്കാന്‍..
പ്രഭാതത്തില്‍തന്നെ,പ്രായം മറന്നു വഴിതെറ്റിയലയുന്ന മനസ്സില്‍ അവള്‍ക്കപ്പോള്‍ അന്നത്തെ പുതുപ്പെണിന്റെ രൂപഭാവങ്ങളായിരുന്നു.. അമ്പരന്നു നില്‍ക്കുന്ന അവളെ നോക്കി വെറുതെ ഒരു രസത്തിന് കണ്ണിറുക്കികാണിച്ചു ഞാന്‍ .വല്ലാത്ത ഒരു സൈറ്റ് അടി ആയിരുന്നു അത്....
ഈശ്വരാ,... എന്തുപറ്റി ഈ മനുഷ്യന്...കണ്ണു മറഞ്ഞുപോകുന്നല്ലൊ...ഡോക്ടറെ വിളിയ്ക്കണോ...വയ്യെങ്കില്‍ ഇന്നോഫീസില്‍ പോകേണ്ട..ഇത്തിരിനേരം പോയികിടക്കൂ..അവളാകെ പരിഭ്രമിച്ചിരുന്നു.
ഉള്ളില്‍ വന്ന ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍....
"ശരി ഇന്നു ലീവെടുക്കാം.....ഉണ്ണി ഇപ്പോള്‍ സ്ക്കൂളില്‍പോകും...പിന്നെ ഇവിടെ നമ്മള്‍ രണ്ടുപേരും ഒറ്റയ്ക്ക്......ഈ പ്രഭാതത്തിന്റെ കുളിരില്‍ ഇനിയുമൊരങ്കത്തിനുകൂടി ബാല്യമുണ്ടെന്നു തെളിയിയ്ക്കാന്‍ ഒരവസരം...തയ്യാറാണൊ നീ ...."
അങ്ങിനെ ചോദിയ്ക്കാനാണ് തോന്നിയത്.
ചോദിച്ചില്ല...കഷ്ടം,... അവള്‍ തന്നെ ഒരു രോഗിയായി കാണാന്‍ തുടങ്ങിയിരിയ്ക്കുന്നുവോ.
പാവം അവള്‍ക്കെന്തറിയം....!ഇന്നും ലോകമെന്തന്നറിയാത്ത പൊട്ടിക്കാളിയാണവള്‍..!!...അല്ലെങ്കില്‍ ഇപ്പോള്‍ എന്റെ മനസ്സില്‍ പൂത്തുത്തളിര്‍ത്തുനില്‍ക്കുന്ന റോമാന്റിക്‍ഭാവങ്ങള്‍ എന്തെ അവള്‍ക്ക് തിരിച്ചറിയാന്‍ കഴിയതെ പോകുന്നു.....
മുസലിപവറിന്റെ കേമത്തമൊന്നുമല്ല കേട്ടൊ ഈ ഇളക്കത്തിനു കാരണം.....അതൊന്നും ഉപയോഗിയ്ക്കേണ്ട അവസ്ഥയിലേയ്ക്ക് എത്താന്‍ തുടങ്ങിയിട്ടില്ല ഇനിയും സംഗതികള്‍..
തുറന്നുപറഞ്ഞാല്‍ ഇന്നലെ വാര്‍ത്തകള്‍ കേട്ടപ്പോള്‍ തുടങ്ങിയതാണ് ഈ സൂക്കേട്. വൈകുന്നേരം ക്ലബിലും ഞങ്ങള്‍ കൂട്ടുക്കാര്‍ക്കിടയില്‍ അതു തന്നെയായിരുന്നു സംസാരവിഷയം....അമ്പതുകളുടെ നിറവിലും മന്ത്രിപുംഗവന്‍ നടത്തുന്ന വിക്രിയകള്‍...!!
ഭഗവാനെ കൃഷ്ണാ,..ഇതെല്ലാം കണ്ടും കേട്ടും എന്നിലും മോഹങ്ങള്‍ നിറയാന്‍ തുടുങ്ങുന്നുവോ....യൗവ്വനരസത്തിന്റെ നവമുകുളങ്ങള്‍ അതിശക്തമായി വീണ്ടും പൊട്ടിവിരിയാന്‍ തുടങ്ങുന്നുവൊ..മറ്റുള്ളവരുടെ മാനസ്സികാവസ്ഥയും ഇതു തന്നെയായിരിയ്ക്കുമോ.... അറിയില്ല...എനിയ്ക്കറിയില്ല....
ഒന്നുകെട്ടി..രണ്ടുകെട്ടി....മൂന്നാംകെട്ടിനൊരുങ്ങുന്നു ആ മഹാന്‍......കെട്ടാന്‍പോകുന്ന പെണ്ണിനു സമ്മാനമായി ഒരു ക്രിക്കറ്റ് ക്ലബിന്റെ ഓഹരികള്‍ തന്നെ സമ്മാനിയ്ക്കുന്നു...അതും മോഡിയെപോലെ ഒരു അരിങ്ങോടരോട് ഒറ്റയ്ക്കങ്കം വെട്ടി ജയിച്ച് വീരകേരളത്തിന്റെ മാനം കാത്തു നേടിയ ക്രിക്കറ്റ്‌ക്ലബിന്റെ ഓഹരികള്‍.....!
അങ്ങിനെ ഭാവിവധുവിനെ മലയാളത്തിന്റെ മാനസപുത്രിയായി വാഴിയ്ക്കുന്നു....
ആണുങ്ങളായാല്‍,..പ്രത്യേകിച്ചും നേതാക്കാളായാല്‍ ഇങ്ങിനെ വേണം...മറ്റുള്ളവരെല്ലാം വെറുതെ മീശയും പിരിച്ച്, വലിയ വയറും താങ്ങി, വിടുവായത്തവും പറഞ്ഞു രണ്ടുകാലില്‍ നടക്കുന്ന വെറും കന്നുകാലികള്‍ മാത്രം.
"ഈ വക ആണുങ്ങള്‍ ഭൂമീലുണ്ടോ..മാനത്തുനിന്നെങ്ങാന്‍ പൊട്ടി വീണോ"
ഓരോ മലയാളിയും ആദരവോടെ പാടിപോയ നിമിഷങ്ങള്‍...
നാട്ടിലെ കന്നുകാലിക്ലാസ് പ്രശ്നങ്ങളോട് എന്നും തികഞ്ഞ നിസ്സംഗത പുലര്‍ത്താറുള്ള ഈ മഹാന്റെ അന്തരംഗം എന്തെ എത്രപെട്ടന്നാണ് കേരളത്തിന്റെ പേരില്‍ അഭിമാനപൂരിതമായത്..കാശ്മീരെന്നു കേട്ടപ്പോള്‍ ഈ പ്രായത്തിലും എത്ര ലിറ്റര്‍ ചോരയാണ് ആ ഞെരമ്പുകളില്‍ തിളച്ചുപൊങ്ങിയത്...!!.
അതങ്ങിനെയാണ്..ക്രിക്കറ്റ് എന്നും ഈ മഹാമന്ത്രിയ്ക്ക് ഒരു ദൗര്‍ബല്യം തന്നെയാണ്...
വെട്ടിയൊരുക്കി മനോഹരമാക്കിയ വേഗതയേറിയ ഔട്ട് ഫീല്‍ഡുകളുള്ള വിശാലമായ മൈതാനങ്ങളിലെ കളിച്ചു,കളിച്ചു വിള്ളലുകള്‍ വീണു തകരാന്‍ തുടങ്ങിയ പിച്ചുകളില്‍ പഴക്കംകൊണ്ടു പതം വന്ന് ഷെയിപ്പു മാറാന്‍ തുടങ്ങിയ ബോളുകളുടെ സ്പിന്‍ മാന്ത്രികതയില്‍ അടിച്ചു കളിച്ചുരസിയ്ക്കുക എന്നത് അദ്ദേഹത്തിന്റെ ഹോബികളിലൊന്നാണ്..
വിദേശങ്ങളില്‍ കളിച്ചു പേരെടുത്തിട്ടുണ്ടെങ്കിലും,. ഇന്ത്യയിലെ രാഷ്ട്രിയ പിച്ചുകള്‍ അദ്ദേഹത്തിന് ഇന്നും അന്യമാണ്..അവിടെ അദ്ദേഹം പുതുമുഖമാണ്.
ഈ ദൗര്‍ബല്യം മുതലാക്കി,..ആ കേളിവൈഭവത്തില്‍,അതിനു നിദാനമായ അസാമാന്യ ഗ്ലാമറില്‍,.അസൂയമൂത്ത് നാട്ടിലെ സീനിയര്‍ കളിക്കാര്‍ ആരെങ്കിലും അദ്ദേഹത്തെ പാരവെച്ചു പടിയ്ക്കു പുറത്തക്കാന്‍ ശ്രമിച്ചാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്താന്‍ കഴിയും...
ഇതൊന്നുമല്ല,.മന്ത്രിപുംഗവന്റെ പ്രാണപ്രേയസിയുടെ റ്റീവി ക്ലോസ്-അപ് ദൃശ്യങ്ങളാണ് സത്യത്തില്‍ എന്നെ ഉലച്ചുകളഞ്ഞത്...!.
തൊട്ടുമുകളില്‍ പതിമൂന്നാമത്തെ നിലയില്‍ മൂന്നാം നമ്പര്‍ ഫ്ലാറ്റില്‍ ഒറ്റയ്ക്കു താമസിയ്ക്കുന്ന മിസ്സിസ് എലിസബത്ത്‌കുര്യന്റെ അതെ മുഖഛായ....ആ രൂപഭാവങ്ങള്‍...പുഞ്ചിരിയ്ക്കുമ്പോള്‍ തെളിയുന്ന നുണക്കുഴി,..,എന്തിന്,ഇടത്തെമേല്‍ചുണ്ടിലെ നേര്‍ത്ത കാക്കപുള്ളിവരെ.... എല്ലാം ഒരേ അച്ചിലിട്ടുവാര്‍ത്തപോലെ കൃത്യമായി ഒത്തുവന്നിരിയ്ക്കുന്നു...
സിറ്റിയില്‍ പൂക്കാരിമുക്കില്‍ വുമന്‍സ്‌കോളേജിനു മുമ്പില്‍ ലേഡീസ് ഫേഷന്‍ ഷോപ്പു നടത്തുകയാണ് മിസ്സിസ് എലിസബത്ത് കുര്യന്‍...
അവരുടെ ഹസ്ബന്‍ഡ് കുര്യന്‍ ആര്‍മിയില്‍ കേണലായിരുന്നു.. പാവം, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചു..
ഏകമകന്‍ എബി ദുബായില്‍ ആര്‍ക്കിടെക്ടായി ജോലിചെയ്യുന്നു...പറഞ്ഞുവരുമ്പോള്‍ എബിയെ നിങ്ങളും അറിയും...സാബു വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു നിങ്ങളുടെ മനസ്സില്‍ പതിഞ്ഞ ഓലക്കുടികാരി സൂസ്സിമോളേയാണ് എബി കല്യാണം കഴിച്ചിരിയ്ക്കുന്നത്..
സൗന്ദര്യത്തിന്റെ കാര്യത്തില്‍ സൂസ്സിമോള്‍ക്കു ചേരുന്ന അമ്മായിയമ്മ തന്നെയായിരുന്നു അവര്‍...ഒറ്റനോട്ടത്തില്‍ ചേച്ചിയും അനിയത്തിയുമാണന്നെ തോന്നു....നാല്‍പ്പതുകളുടെ ഒടുവിലും മുപ്പതിന്റെ എടുപ്പും,..തുടിപ്പും,..വടിവും,..തിളക്കവുമാണ് മിസിസ് എലിസബത്ത്‌കുര്യന്...
ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ലിഫ്റ്റിനുള്ളില്‍വെച്ച് കണ്ടുമുട്ടും....ആര്‍ക്കും ആകര്‍ഷണം തോന്നിപ്പിയ്ക്കുന്ന വ്യക്തിത്വം....വൈധവ്യത്തിന്റെ ആകുലതകള്‍ ഒട്ടും പ്രകടമാകാത്ത തേജസ്സുതുളുമ്പുന്ന മുഖകാന്തി..ഇളംവര്‍ണ്ണങ്ങളിലാണെങ്കിലും വൈവിധ്യമാര്‍ന്ന വസ്ത്രധാരണരീതി..അഭിവാദനം ചെയ്യുന്ന നിമിഷങ്ങളില്‍ വഴിഞ്ഞൊഴുകുന്ന,.ആരേയും മോഹിപ്പിയ്കുന്ന വശ്യമായ പുഞ്ചിരി .ഫ്രഞ്ചു പെര്‍ഫുമിന്റെ നേര്‍ത്തസുഗന്ധത്തില്‍ പൊതിഞ്ഞ ലിഫ്റ്റിനുള്ളിലെ ആ നിമിഷങ്ങള്‍ ശരിയ്ക്കും ആസ്വദിയ്ക്കാറുണ്ട് ഞാന്‍...
ചില ദിവസങ്ങളില്‍ രാവിലെ ഫ്ലാറ്റില്‍നിന്നുമിറങ്ങുമ്പോള്‍ മുകളില്‍നിന്നും താഴേയ്ക്കൊഴുകിയിറങ്ങുന്ന ലിഫ്റ്റില്‍ മിസ്സിസ് എലിസബത്തിന്റെ നിറസാന്നിധ്യം കാംക്ഷിയ്ക്കുമായിരുന്ന മനസ്സ് ഒരു കൗമാരക്കാരന്റെ ചാപല്യങ്ങള്‍ കടംകൊള്ളാന്‍ വെറുതെ മോഹിയ്ക്കും..!.
എന്തുപറ്റി തനിയ്ക്കിന്ന്..!!.ഓരോന്നാലോചിച്ച് ഇനിയുമിരുന്നാല്‍ ഓഫീസിലെത്താന്‍ ലെയ്റ്റാവും...ഉച്ചയ്ക്ക് കളക്ടറേറ്റില്‍ ഗതാഗതമന്ത്രി പങ്കെടുക്കുന്ന ഒരു കോണ്‍ഫറന്‍സ് അറ്റെന്‍ഡ് ചെയ്യാനുള്ളതാണ്,...രാവിലെ ചെന്നിട്ടു വേണം അതിനുള്ള പേപ്പേര്‍സെല്ലാം റീ-ചെക്കു ചെയ്ത് ഫൈനലൈസ് ചെയ്യാന്‍... എന്നിട്ടാണ് ഈ കുട്ടിക്കളി...!!
മെല്ലെ എഴുന്നേറ്റു ബാത്‌റൂമിലേയ്ക്കു നടന്നു...അതൊരു പുതിയ ശീലം...പ്രായം നല്‍കിയ ശീലം...എന്തു കഴിച്ചാലും ഉടനെ ബാത്ത്‌റൂമിനോട് പ്രണയം തോന്നും...ഒന്നിനും രണ്ടിനും വേണ്ടിയല്ല...പക്ഷെ,.രാവിലെമുതല്‍ പരസ്പരം മല്‍സരിയ്ക്കുന്ന കീഴ്‌ശ്വാസങ്ങളും മേല്‍ശ്വാസങ്ങളും അവസാനം സമാരസ്യപ്പെടുന്നത് അവിടെ ആ നിമിഷങ്ങളിലാണ്.. അപ്പോള്‍ മനസ്സിനും ശരീരത്തിനും വല്ലാത്ത ആശ്വാസം തോന്നും....
ബാത്‌റൂമിലിരിയ്ക്കുമ്പോഴും മനസ്സു നിറയെ എലിസബത്തായിരുന്നു..... കയ്യെത്തുംദൂരെ, കുലീനവും സൗമ്യവുമായ പുഞ്ചിരിയുമായി കാശ്മീര്‍ ആപ്പിള്‍ പോലെ തുടുത്തു നില്‍ക്കുന്നു മിസ്സിസ് എലിസബത്ത്.....
ഒരുക്രിക്കറ്റ് കമ്പനിയുടെ ഓഹരികളൊന്നും സ്നേഹോപഹാരമായി നല്‍കാന്‍ കഴിയില്ലെങ്കിലും താന്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കും..അതിനുള്ള ആസ്തിയൊക്കെ തനിയ്ക്കുമുണ്ട്...
ഒരു വില്ല...ഇമ്പോര്‍ട്ടെഡ് കാറ്..ഇങ്ങിനെ എലിസബത്തിനു ഇഷ്ടമുള്ളതെന്തും വാങ്ങികൊടുക്കാന്‍ കഴിയും....
ഒരു നിമിഷം ഒന്നു ഞെട്ടി...ഈശ്വരാ,,എത്ര വിചിത്രമായ കാര്യങ്ങളാണ് ഇന്നെന്റെ മനോവ്യാപാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്..! അതും ഈ പ്രായത്തില്‍..! പാവം എന്റെ മീനാക്ഷി...എലാറ്റിനും കാരണം ആ "ചിയര്‍ ലീഡറുടെ" വിക്രിയകള്‍.!.
ജീവിതത്തില്‍ ഇത്രയും നാള്‍ കാര്യമായ പാപങ്ങളൊന്നും ചെയ്തുകൂട്ടിയിട്ടില്ല...അവിഹിതമായി ഒരുപാടു സമ്പാദിച്ചു എന്നതു സത്യമാണ്.....അതും മനപൂര്‍വ്വമായിരുന്നില്ല...ചെന്നുപെട്ട തൊഴിലിന്റെ ഭാഗമായിരുന്നു...ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു...കൂട്ടുകാരുമൊത്ത് ഔദ്യോഗികവും അല്ലാത്തതുമായ എത്രയെത്ര യാത്രകള്‍,.പാര്‍ട്ടികള്‍, ആഘോഷങ്ങള്‍...അതിനിടയില്‍ ഉണ്ടാകാറുള്ള പ്രലോഭനങ്ങള്‍..പലപ്പോഴും മോഹം തോന്നാറുണ്ട്...നിയന്ത്രണം നഷ്ടപ്പെട്ടു വീര്‍പ്പുമുട്ടാറുണ്ട്....പക്ഷെ,അപ്പോളൊക്കെ പാവം മീനാക്ഷിയുടെ നിഷ്കളങ്കമുഖം മനസ്സില്‍ തെളിയും.... അതോടെ അതിരുമാറി ഇഴയാന്‍ തുടങ്ങുന്ന മോഹങ്ങളെല്ലാം എരിഞ്ഞടങ്ങും...
എന്നിട്ടിപ്പോള്‍ ഈ പ്രായത്തില്‍..?.വല്ലാതെ അസ്വസ്ഥമായിരുന്നു മനസ്സ്.ശരീരത്തിലെ വായുസഞ്ചാരത്തിന്റെ ഗതിവേഗങ്ങളും നിയന്ത്രണത്തിലാക്കന്‍ കഴിഞ്ഞില്ല..
അഞ്ചു മിനിറ്റ് വൈകി ഫ്ലാറ്റില്‍നിന്നുമിറങ്ങിയത് മനപൂര്‍വ്വമായിരുന്നു..
ഈ മാനസ്സികാവസ്ഥയില്‍ യാദൃച്ഛികമായി മിസ്സിസ് എലിസബത്തിനെ ലിഫ്റ്റില്‍ ഒറ്റയ്ക്കു ഫേസുചെയ്യേണ്ടി വന്നാല്‍...ഓര്‍ക്കാനെ വയ്യാ....!
ലിഫ്റ്റിലെ അരണ്ട വെളിച്ചത്തില്‍,.ഫ്രെഞ്ചു പെര്‍ഫുമിന്റെ പരിമളം നല്‍കുന്ന ഉത്തേജനത്തില്‍..സ്വയം മറന്നു താനെന്തെങ്കിലും അവിവേകം പ്രവര്‍ത്തിച്ചാല്‍,..മിനിമം ഒരു "I Love You" എങ്കിലും അറിയാതെ പറഞ്ഞുപോയാല്‍....അതിന് എലിസബത്ത് പ്രതികൂലമായി പ്രതികരിച്ചാല്‍,അതിനുമപ്പുറത്തേയ്ക്കതു വളര്‍ന്നാല്‍ തീര്‍ന്നില്ലെ എല്ലാം....പിന്നെ അതൊരു പീഡനകഥയാകും ...അന്വേഷണമാകും.."ലിഫ്റ്റിനുള്ളില്‍ ഉന്നതസര്‍ക്കാരുദ്യോഗസ്ഥന്റെ സ്ത്രീപീഡനം ".മാധ്യമങ്ങള്‍ക്കാഘോഷിയ്ക്കാന്‍ ഒരു വാര്‍ത്തകൂടിയാകും..ഇത്രയും കാലം താന്‍ കാത്തു സൂക്ഷിച്ച പേരും പെരുമയും എല്ലാം അതോടെ തീരും..തന്റെ വ്യക്തിത്വത്തേയും സ്വഭാവമഹിമയേയും വാഴ്ത്തുന്ന സുഹൃത്തുകള്‍ വരെ തള്ളിപറയും..ഒറ്റപ്പെടുത്തും...!!
കയറുന്നതും, ഇറങ്ങുന്നതും ആരെന്നു തിരയാന്‍ നില്‍ക്കാതെ,.സ്വിച്ചിലേയ്ക്കു നീളുന്ന വിരലുകളുടെ ചന്തത്തില്‍ ഭ്രമിയ്ക്കാതെ, അവരുടെ ഇഷ്ടത്തിനു വിധേയമായി മുകളിലേയ്ക്കും, താഴേയ്ക്കും, ഒരേ താളത്തില്‍, ഒരേ വേഗത്തില്‍ ചലിയ്ക്കുന്ന ലിഫ്റ്റിന്റെ യാന്ത്രികത കൈവരിയ്ക്കാന്‍ മനുഷ്യമനസ്സുകള്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍..!
ബട്ടണില്‍ വിരലമര്‍ത്തി കാത്തു നില്‍ക്കുമ്പോള്‍ കൗതുകത്തോടെ ചിന്തിച്ചു.
താഴെ നിന്നു മുകളിലെയ്ക്കു വന്ന ആളൊഴിഞ്ഞ ലിഫ്റ്റിലെ അവസാന യാത്രക്കാരി മിസ്സിസ് എലിസബത്തായിരുന്നുവെന്നു തോന്നി....ലിഫ്റ്റില്‍ അപ്പോഴും മായാതെ നില്‍ക്കുന്നു പരിചിതമായ ആ പരിമളം...
പെട്ടന്നാണ് താഴെ വീണുകിടക്കുന്ന ലേഡീസ് തൂവാല ശ്രദ്ധയില്‍പെട്ടത്..അതൊരു പക്ഷെ എലിസബത്തിന്റേതാകാം...അല്ലെങ്കില്‍ മാറ്റാരുടെയൊ ആകാം...
പക്ഷെ ലിഫ്റ്റിന്റെ മൂലയില്‍ ചുരുണ്ടുകൂടികിടക്കുന്ന ഇളം പിങ്കു നിറത്തിലുള്ള ആ തൂവലാ ഒരു പാമ്പായിമാറി മനസ്സില്‍ ചുറ്റിപിണഞ്ഞു അസ്വസ്ഥത പടര്‍ത്താന്‍ തുടങ്ങി....വീണ്ടും കാണാക്കാഴ്ചകളുടെ താഴ്‌വരകളിലേയ്ക്കു കൂട്ടികൊണ്ടുപോയി....
അവിടെ ആ ഏദന്‍തോട്ടത്തില്‍ മദാലസഭാവങ്ങളും കുലീനത്വവും ചാരുതയോടെ സമന്വയിച്ച ഒരു ആംഗലേയസുന്ദരിയെപോലെ അര്‍ദ്ധനഗ്നയായ എലിസബത്ത് മുഴുത്തുതുടുത്ത ആപ്പിള്‍പഴങ്ങളുമായി മാടി വിളിയ്ക്കുന്നു.വിലക്കപ്പെട്ട ആ കനികള്‍ തിന്നാന്‍ മനസ്സ് വീണ്ടും കൊതിയ്ക്കുന്നു...
ഇല്ല..! ഇല്ല..! ..വേണ്ട...! വേണ്ട... വയ്യാ..! വിയര്‍ക്കാന്‍ തുടങ്ങി..ഒപ്പം കിതയ്ക്കാനും.
കണ്ണുകള്‍ ഇറുക്കിയടച്ചു....മനസ്സിനെ ഏകാഗ്രമാകാന്‍ ആര്‍ട്ട് ഓഫ് ലീവിങ്ങിലെ ഞായാറാഴ്ച ക്ലാസുകളില്‍ അരവിന്ദന്‍ മാഷ് പഠിപ്പിച്ച വിദ്യകളോരോന്നായി ഓര്‍ത്തെടുത്തു..പച്ചക്കര ബ്ലൗസുമിട്ട്, സെറ്റുമുണ്ടുമുടുത്ത് എറണാകുളത്തപ്പന്റെ അമ്പലത്തില്‍ തൊഴുതുമടങ്ങി വരുന്ന മീനാക്ഷിയുടെ നെറ്റിയിലെ വിയര്‍പ്പിലലിയുന്ന ചന്ദനത്തിന്റെ സുഗന്ധം മനസ്സിലാവാഹിച്ചു...
അതു ശരിയ്ക്കും ഫലിച്ചു....!
പെട്ടന്ന് ആ ലിഫ്റ്റിനകത്തെ സ്വകാര്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി,.. ആ ഇത്തിരിസ്ഥലത്തെ പ്രകമ്പനം കൊള്ളിച്ച്, ഉത്തമപുരുഷലക്ഷണങ്ങളിലൊന്നായ കീഴ്‌ശ്വാസം അതിന്റെ എല്ലാവിധ ഗാംഭീര്യത്തോടുംകൂടി ഒന്നിനുപുറകെ ഒന്നായി മൂന്നുനാലുതവണ നിര്‍ഗമിച്ചു.....പാറേമേക്കാവിനോട് മല്‍സരിയ്ക്കുന്ന തിരുവമ്പാടിയേപോലെ ഒട്ടും വിട്ടുകൊടുക്കാതെ ഏമ്പക്കത്തിന്റെ രൂപത്തില്‍ ഒപ്പത്തിനൊപ്പം മേല്‍ശ്വാസവും....
ശരീരത്തിലെ വായുസഞ്ചാരം നിയന്ത്രണത്തിലാവുകയായിരുന്നു...ഒപ്പ മനസ്സും ശാന്തമാകുകയായിരുന്നു...വീണ്ടും ഞാനൊരു പാവം ഓലക്കുടിക്കാരന്‍ കന്നുകാലിക്ലാസുകാരനാകുകയായിരുന്നു..
ലിഫിറ്റില്‍ നിന്നിറങ്ങി കാര്‍പാര്‍ക്കിംഗ് ഏരിയായിലേയ്ക്ക് നടക്കുമ്പോള്‍ തെല്ലുദൂരെ ഫ്ലാറ്റ്‌സമുച്ചയത്തിന്റെ മെയിന്‍ ഗെയിറ്റും കടന്ന് മിസ്സിസ് എലിസബത്ത്`കുര്യന്റെ വെളുത്ത മാരുതി സ്വിഫ്‌റ്റ് ഒരു അരയന്നത്തിനെപോലെ കുണുങ്ങികുണുങ്ങി പ്രധാന രാജവീഥിയിലേയ്ക്ക് പ്രവേശിയ്ക്കുകയായിരുന്നു...
(തുടരും)
No comments:
Post a Comment