Sunday, March 14, 2010

ഞങ്ങള്‍ ചില പാവം ഓലക്കുടിക്കാര്‍... മൂന്നാമത്തെ പെഗ്ഗ്‌....

സങ്കട നിമിഷങ്ങളിലൂടെ......

ആളും ആരവവുമായി ആഘോഷങ്ങള്‍ ഒരിയ്ക്കലും കൂട്ടിനെത്താത്ത പാവം ഒരു ഫെബ്രുവരി കൂടി ആരോരുമറിയാതെ കടന്നുപോയി......

നവവല്‍സരത്തിന്റെ കടിഞ്ഞൂല്‍പുത്രിയും, ശിശിരകാല സുന്ദരിയും ആഘോഷപ്രിയരുടെ മാനസപുത്രിയുമായ ജനുവരിയുടെ തൊട്ടുപുറകെ,..അഴകും തേജസ്സുമില്ലാതെ,..സ്വന്തമായി ഒരു പ്രത്യേകതയും ഉന്നയിയ്ക്കാനില്ലാതെ പിറന്നുവീഴുന്ന ഫെബ്രുവരി,..

മുപ്പത്തിയൊന്നു പോയീട്ട്‌ മുപ്പതു ദിനങ്ങള്‍ പോലും തികച്ചെടുക്കാനില്ലാതെ,... പൂര്‍ണ്ണവളര്‍ച്ചയെന്തെന്നറിയാന്‍ യോഗമില്ലാതെ... കടന്നു പോകാന്‍ വിധിയ്ക്കപ്പെടുന്ന ഒരു പാവം മാസം.... മാസങ്ങളില്‍ എറ്റവും ചെറിയ മാസം...

ആരുടേയൊ ഔദാര്യം പോലെ നാലുവര്‍ഷത്തിലൊരിക്കല്‍ മാത്രം കിട്ടുന്ന ഒരു അധികദിനത്തിനായി... ഒരുപാട്‌ പ്രതീക്ഷകളും അതിലേറെ അപകര്‍ഷതാബോധവും മനസ്സില്‍പേറി കാത്തിരിയ്ക്കാനാണ്‌ അതിന്റെ നിയോഗം....അതും ഓര്‍മ്മകളുടെ കണക്കുപുസ്തകത്തില്‍ നഷ്ടങ്ങളുടെ നിമിഷങ്ങള്‍ മാത്രം എഴുതിച്ചേര്‍ത്ത ഒരു ദിവസത്തിനായി.

ഞാനോര്‍ത്തിരുന്നു അണ്ണാ..ഈ വര്‍ഷവും ആ ദിനം...

അന്ന്‌ എന്താണെഴുതണ്ടത്‌ അറിയില്ലയിരുന്നു....ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും മനസനുവദിച്ചില്ല.....

ഇപ്പോള്‍ ഇതെന്തിനാണ്‌ എഴുതുന്നതെന്നും എനിയ്ക്കറിയില്ല ..

അതെപ്പോഴും അങ്ങിനെയല്ലെ... ഉള്ളില്‍തട്ടുന്ന വിഷയങ്ങള്‍ എഴുതേണ്ടി വരുമ്പോള്‍ വാക്കുകള്‍ തേടി വല്ലാതെ ദാഹിച്ചലയേണ്ടി വരും...എന്തെങ്കിലും ചമച്ചെഴുതുന്ന നേരങ്ങളില്‍ പലപ്പോഴും ഒരു പ്രളയപ്രവാഹം പോലെ ഒഴുകിയെത്തുന്ന സ്ഥിരം വാക്കുകള്‍ പോലും പിണങ്ങി മാറി നില്‍ക്കും..

ഈ നിമിഷം,... ശൂന്യമായ എന്റെ മനസ്സ്‌ വാചകങ്ങള്‍ക്കുവേണ്ടി എങ്ങോട്ടൊക്കയോ അലയുകയാണ്‌....

ഒന്നോര്‍ത്താല്‍ ഈ ജീവിതം തന്നെ വലിയൊരു അലച്ചിലല്ലെ...മാരീചനുപുറകെ,.. മരിചികയില്‍ നിന്നും മരീചിയകയിലേയ്ക്ക്‌,..ഇടയ്ക്കൊരു മരുപ്പച്ചപോലുമില്ലാതെ..സ്വപ്നസാക്ഷത്‌കാരവും തേടി അന്തമില്ലാത്തൊരു യാത്ര....

ഒടുവില്‍,..തളര്‍ന്ന മനസ്സുമായി തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും..നിറം മങ്ങാന്‍ തുടങ്ങിയ പ്രതീക്ഷകളുടേയും, നഷ്ടസ്വപ്നങ്ങളുടേയും വലിയ മാറാപ്പും പേറി ഒരുപാടു ദൂരം താണ്ടിയിരിയ്ക്കും ... അപ്പോഴേയ്ക്കും വഴിയിലുപേക്ഷിയ്ക്കാന്‍ കഴിയാത്തവിധം ഹൃദയത്തില്‍ അള്ളിപ്പിടിച്ചിരിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും ആ ഭാണ്ഡക്കെട്ട്‌.....

അതിനിടയില്‍ തപ്തനിശ്വാസങ്ങളുതിര്‍ക്കാനായി വേര്‍പ്പാടിന്റെ കുറെ വിരഹനിമിഷങ്ങളും....ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരുപിടി ചുമന്ന പനിനീര്‍പ്പൂക്കളും ഹൃദയത്തില്‍ വാരിയെറിഞ്ഞ്‌...ഒരോരോ ഘട്ടങ്ങളില്‍..ഓരോരുത്തരായി പിരിഞ്ഞു പോയിട്ടുണ്ടാകും..പലപ്പോഴും യാതൊരു മുന്‍ഗണനാക്രമവും നോക്കാതെ..ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ..

ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ മനസ്സിനെ മൂടിപൊതിയുന്ന ഗ്രഹണനിമിഷങ്ങളിലാണ്‌ നാം സ്നേഹത്തിന്റെ തീവ്രത പൂര്‍ണ്ണമായും തിരിച്ചറിയുന്നത്‌ ....ബന്ധങ്ങളുടെ വ്യാപ്തിയും ആഴവും മനസ്സിലാക്കുന്നത്‌ .

പിരിഞ്ഞു പോകുന്നവര്‍ മനസ്സില്‍ സൃഷ്ടിയ്കുന്ന ശൂന്യത...

ഉറ്റവരുടെ വേദന ഹൃദയത്തിലുണ്ടാക്കുന്ന ചലനങ്ങള്‍..

തരിച്ചുപോകുന്ന നിമിഷങ്ങളുടെ അവസാനം മരവിച്ചു പോകുന്ന മനസ്സുകള്‍ പരസ്പരം പകര്‍ന്നുനല്‍കാന്‍ ശ്രമിയ്ക്കുന്ന സ്വാന്തനത്തിന്റെ ഊഷ്മളത..

ആ അനന്യ നിമിഷങ്ങളില്‍ കൈതാങ്ങായി എത്തുന്ന,... ജീവിതത്തില്‍ പിന്നെടൊരിയ്ക്കലും മറക്കാന്‍ കഴിയാത്ത സൗഹൃദങ്ങള്‍...

ഇങ്ങിനെ പിന്നീട്‌ ഓര്‍ത്തെടുത്തയവിറക്കാന്‍ എത്രയെത്ര അനുഭവങ്ങള്‍ സമ്മാനിയ്ക്കുന്നു ഇത്തരം മുഹൂര്‍ത്തങ്ങള്‍.

പക്ഷെ, ജീവിതത്തിന്റെ മറുവശത്ത്‌ നേട്ടങ്ങളുടെ കൊടുമുടിയില്‍,ആനന്ദത്തിന്റെ ഉച്ചസ്ഥായിയില്‍ ആറാടിനില്‍ക്കുന്ന കാലങ്ങളില്‍ ഉതിര്‍ന്നു വീഴുന്ന നിശ്വാസത്തിന്‌ ആത്മവിശ്വാസത്തെക്കാളേറെ,..അഹങ്കാരത്തിന്റെ ചൂടും ചൂരുമാണുണ്ടാകുക...അവിടെ ബന്ധങ്ങളുടെ പൂനിലാവെട്ടത്തെ അസൂയയുടെ..തന്‍പ്രമാണത്വത്തിന്റെ കാര്‍മേഘങ്ങള്‍ വന്നു മറയ്ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌....

"തത്വമസി" മന്ത്രമുതിര്‍ന്ന നാവിന്‍തുമ്പില്‍ നിന്നുമുതിരുന്ന തരംതാണ ജല്‍പ്പനങ്ങള്‍ നമ്മെ അതിശയിപ്പിയ്ക്കുന്നു....

ശരണമന്ത്രമോതി ശാന്തി പകരേണ്ട സന്യാസി ശ്രേഷ്ഠന്മാര്‍ ആസക്തി നിറഞ്ഞ മനസ്സുമായി ലൗകികതയുടെ മുന്തിരിക്കുലകള്‍ മുത്തിനുകര്‍ന്ന്‌ കേളിയാടുന്ന രംഗങ്ങള്‍ കാണേണ്ടി വരുമ്പോള്‍ ലജ്ജകൊണ്ട്‌ ശിരസ്സ്‌ കുനിഞ്ഞുപോകുന്നു...

സമ്പന്നത,.സ്ഥാനമാനങ്ങള്‍..ഇവയ്ക്കൊപ്പം സ്തുതിപാഠകരുടെ അകമ്പടിയോടെ സുഖലോലുപതയില്‍ രമിയ്ക്കുമ്പോള്‍ സ്വയം മറക്കുന്നു. പാവം കലിയുഗജന്മങ്ങള്‍...

മഹാഭാരതത്തിലെ ഒരു സന്ദര്‍ഭം ആണ്‌ പെട്ടന്ന്‌ മനസ്സില്‍ ഓര്‍മ്മ വരുന്നത്‌..

ഒന്നാന്തരം നസ്രാണിയായ ഈ സാബുവിന്റെ മനസ്സില്‍ മഹാഭാരതം കഥകളോ.....അണ്ണന്റെ നെറ്റി ചുളിയുന്നു അല്ലെ.......

ബോംബെയില്‍ വെച്ചു ബാലു പറഞ്ഞു കേട്ടതാണ്‌ അണ്ണാ ഇതെല്ല്ലാം.. ....

ബാലുവിന്റെ പ്രത്യേകതയായിരുന്നു അത്‌.. ഒരു മൂന്നുനാലു പെഗ്ഗ്‌ അകത്തുചെന്നാല്‍ അവന്റെ നാക്കില്‍നിന്നും പിന്നെ മഹാഭാരതത്തിലെ കഥാസന്ദര്‍ഭങ്ങള്‍ മാത്രമെ ഒഴുകിയെത്തു...അതും വളരെ രസകരമായി,..അവന്റെ സ്വന്തം വ്യാഖ്യാനത്തോടെ.

അതൊരു കാലമായിരുന്നു....സ്വാതന്ത്രത്തിന്റെ കാലം...ആഘോഷങ്ങളുടെ കാലം...

കുട്ടേട്ടന്‍, ബാലു, അലക്സ്‌, ശശിനായര്‍, തോമാസ്സുട്ടി....ഇങ്ങിനെ ഞങ്ങള്‍ നാലഞ്ചുപേര്‍ വാരന്ത്യങ്ങളില്‍ അലക്സ്‌ താമസിയ്ക്കുന്ന അന്ധേരിയിലെ LIC കോളനിയിലെ ഏഴുനില ബില്‍ഡിങ്ങിന്റെ മുകളിലെ ടെറസ്സില്‍ ഒത്തുകൂടും....

കൂട്ടത്തില്‍ കുട്ടേട്ടനായിരുന്നു ഇത്തിരി സീനിയര്‍..പിന്നെ അലക്സും......ബാക്കി ഞങ്ങളെല്ലാം പൊടിപിള്ളേരായിരുന്നു..

ചെറുപ്പത്തിലെ LICയില്‍ ഡെവലപ്പ്‌മന്റ്‌ ഓഫീസറാകാന്‍ ഭാഗ്യം സിദ്ധിച്ച അലക്സിനൊഴികെ ബാക്കിയെല്ലാവര്‍ക്കും ഗള്‍ഫ്‌യാത്രയ്ക്കുമുമ്പുള്ള ഇടത്താവളം മാത്രമായിരുന്നു ബോംബേ..... .

ഒരു തുള്ളിപോലും കഴിയ്ക്കില്ലെങ്കിലും എല്ലാം ഒരുക്കാനും കമ്പനി കൂടാനും കൂട്ടത്തില്‍ ഏറ്റവും മിടുക്കാന്‍ കുട്ടേട്ടനായിരുന്നു..

ദൂരെ പടിഞ്ഞാറ്‌ ജുഹുവിലെ നക്ഷത്രബംഗ്ലാവുകളെ തഴുകിയെത്തുന്ന കടല്‍കാറ്റിന്റെ കുളിരില്‍,..അധികം ദൂരെയല്ലാതെ കിഴക്ക്‌ സഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറബിക്കടലിന്റെമുകളിലേയ്ക്ക്‌ കുതിച്ചുപൊങ്ങുന്ന ഫ്ലൈറ്റുകളേയും നോക്കി പെഗ്ഗുകള്‍ക്കൊപ്പം മനസ്സുകളും,,,സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ചു.... രാവേറുവോളം... പലപ്പോഴും വെളുക്കുവോളം വരെ നീണ്ടുനില്‍ക്കുമായിരുന്നു രസകരമായ ആ ഒത്തുചേരലുകള്‍...

അന്നു ആ നാളുകളില്‍ അങ്ങിനെ പറഞ്ഞറിഞ്ഞതും പറയാതെ പോയതുമായ എത്രയെത്ര കഥകള്‍.. കഥയില്ലായ്മകള്‍..അവയില്‍ പലതും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു...

ഒരിയ്ക്കല്‍..കുന്തിദേവിയോട്‌ ഇഷ്ടമുള്ള വരം ചോദിയ്ക്കാന്‍ ഭഗവാന്‍ കൃഷണന്‍ ആവശ്യപ്പെട്ടു....

ഒരു നിമിഷം ചിന്താമഗ്നയായി ദേവി...പിന്നെ മെല്ലെ മൊഴിഞ്ഞു......"ദുഃഖം മാത്രം മതി ഭഗവാനെ.. എനിയ്ക്ക്‌..മറ്റൊന്നും വേണ്ടാ "

മനുഷ്യമനസ്സുകളിലെ മനോവ്യാപാരങ്ങള്‍ മനതാരിലിട്ടു മനനം ചെയ്തുരസിയ്ക്കുന്നതു വിനോദമാക്കിയ സാക്ഷാല്‍ ഭഗവാന്‍ ആ മറുപടി കേട്ട്‌ ഒരു നിമിഷം അമ്പരന്നു.

"മനസ്സിനെ ദുഃഖങ്ങളില്‍ കടഞ്ഞെടുക്കുന്ന നിമിഷങ്ങളില്‍ മാത്രമെ ഈ ലൗകികജീവിതം അതെത്ര ക്ഷണികമാണെന്നും,.. നിസ്സാരമാണെന്നുമുള്ള സത്യം തിരിച്ചറിയുകയുള്ളു..മാനവികതയുടേയും....മനുഷ്യത്വത്തിന്റേയും മഹത്വം തിരിച്ചറിയുകയുള്ളു...കലഹവാസനയും കാപട്യവും ചിന്തകളില്‍ നിന്നും അകലകയുള്ളു......വചനങ്ങളിലും,.കര്‍മ്മങ്ങളിലും വിനയവും ലാളിത്യവും നിറയുകയുള്ളു....തെളിഞ്ഞ മനസ്സോടെ..നിഷ്കളങ്ക ഹൃദയത്തോടെ ഭഗവാനെ സ്മരിയ്ക്കാനാവൂ.."

അതായിരുന്നു കുന്തിദേവിയ്ക്ക്‌ ഭഗവാനോട്‌ പറയാനുണ്ടായിരുന്ന ന്യായീകരണം..

അമൃത്‌ നിറച്ച കുടമാണെങ്കില്‍ പോലും അതിന്റെ വായ്‌ ദുരാനുഭവങ്ങളുടെ നേര്‍ത്ത ശീലകൊണ്ടെങ്കിലും മൂടിക്കെട്ടണം.. അല്ലെങ്കില്‍ അതു ഒരു നിമിഷമെങ്കിലും അറിയാതെ തുളുമ്പിപോകും....പ്രത്യേകിച്ചും പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും പിടിച്ചുനില്‍ക്കാനാവാത്ത വിധം ആടിയുലമ്പോള്‍...

വര്‍ത്തമാനകാലത്തില്‍ പരസ്പരം മല്‍സരിച്ചു നിര്‍ത്താതെ മല്‍സരിച്ചു തുളുമ്പുന്ന പല നിറക്കുടങ്ങളേയും കാണുമ്പോള്‍ ഇത്രയുംകാലം ഇവരെയാണല്ലൊ ബഹുമാനിച്ചിരുന്നതെന്നോര്‍ത്ത്‌ മനസ്സില്‍ വിസ്മയം നിറഞ്ഞു തുളുമ്പുന്നു.

കെട്ടു പൊട്ടിയ പട്ടം പോലെ,..ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന ജീവിതം പോലെ എങ്ങോട്ടൊക്കയൊ ഒഴുകിപോകുന്നു ഈ വെള്ളിയാഴ്ചയിലെ എന്റെ എഴുത്ത്‌.

എവിടെ നിന്നോ തുടങ്ങി,..ലക്കും ലഗാനുമില്ലാതെ എവിടെയൊക്കയൊ അലഞ്ഞു..അവസാനം എവിടേയും എത്തുന്നുമില്ല....

അതെന്റെ കുറ്റമല്ല..കുറച്ചുദിവസമായി ഞാന്‍ വല്ലാത്തൊരു മാനസ്സികാവസ്ഥയിലാണ്‌..ആരോടും പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത,... ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായ അവസ്ഥ.....

ഇന്നു രാവിലത്തെ എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ ശോശാമ്മ നാട്ടില്‍ പോയി...ഒരു എമര്‍ജന്‍സി വെക്കേഷന്‍........

അവളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടു വന്ന ഉടനെ ഒറ്റയിരിപ്പു ഇരുന്നതാണ്‌ ഞാന്‍..പിന്നെ എന്തോ ഒരാവേശത്തില്‍ സ്വയം മറന്നു ടൈപ്പ്‌ ചെയ്യുകയായിരുന്നു....

ഒരന്തവുമില്ലാതെ ഇത്രയൊക്കെ ടൈപ്പ്‌ ചെയ്തിട്ടും എന്റെ മനസ്സ്‌ ശാന്തമാവുന്നില്ല.

സത്യത്തില്‍ ഈ നിമിഷങ്ങളില്‍ ഞാനവളെ വെറുക്കെണ്ടതാണ്‌...ശപിയ്ക്കേണ്ടതാണ്‌...പക്ഷെ എനിയ്ക്കതിനു കഴിയുന്നില്ല...

അവളുടെ പുഞ്ചിരിയ്ക്കുന്ന മുഖം... ദേഷ്യം,മുന്‍കോപം, പിണക്കം ഇതെല്ലാം ഒന്നിച്ചടച്ചുപൂട്ടി ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ചിരിയ്ക്കുന്ന അവളുടെ തീക്ഷ്ണമായ സ്ണേഹത്തിന്റെ വ്യാപ്തി.....അവള്‍ക്കുവേണ്ടി എന്തെങ്കിലും പാചകം ചെയ്യുമ്പോഴുള്ള ഞാനനുഭവിയ്ക്കുന്ന സംതൃപ്തി...അവസാനം എല്ലാം കഴിഞ്ഞ്‌ കുളിരുള്ള ചൂടിന്റെ തണലില്‍ പരസ്പരം തലചായ്ച്ചുറങ്ങുന്ന നിമിഷങ്ങളിലനുഭവിയ്ക്കുന്ന ശാന്തി അതെല്ലാം ഓര്‍ക്കുമ്പോള്‍ മനസ്സു നിറഞ്ഞുതുളുമ്പുന്നു...

ഇപ്പോഴും,...ഈ അവസ്ഥയിലും അവളോടുള്ള സ്നേഹത്തിന്റെ തീവൃതയ്ക്ക്‌ തെല്ലും കുറവു വരുന്നില്ല എന്ന സത്യം ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിയുന്നു.

ആദ്യമായിട്ട്‌,.. അതും ഇങ്ങിനെ ഒരു സാഹചര്യത്തില്‍ പിരിഞ്ഞിരിയ്ക്കേണ്ടി വന്നന്നതുകൊണ്ടാവാം യാത്ര പറയുന്ന സമയത്ത്‌ സഹിയ്ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല..

അവളുടേയും അവസ്ഥ അതു തന്നെയായിരുന്നു..

"അച്ചായന്റെ പിണക്കം ഇതുവരെ മാറിയില്ല അല്ലെ...അച്ചായാനും എന്റെ കൂടെ വരാമായിരുന്നു..."

എയര്‍പോര്‍ട്ടില്‍വെച്ചവള്‍ വിതുമ്പി...

ആദ്യമായിട്ടാണ്‌ അവളുടെ മിഴികള്‍ നിറഞ്ഞുകാണുത്‌.....

മുന്‍കോപവും എടുത്തുചാട്ടവും മുഖമുദ്രയായ എന്റെ ശോശാമ്മ ഉള്ളിന്റെയുള്ളില്‍ എത്ര പാവമാണ്‌....എന്നിട്ടും ഇങ്ങിനെ ഇങ്ങിനെയൊരു തീരുമാനം എടുക്കാന്‍ എവിടെനിന്നും കിട്ടി അവള്‍ക്കിത്രയും ധൈര്യം .....!

പതിനഞ്ചു ദിവസത്തെ കാര്യമല്ലെ ഉള്ളു മോളെ...സമാധാനത്തോടെ പോയിട്ടു വാ..പക്ഷെ,.. ഒറ്റയ്ക്കിരിയ്ക്കുന്ന സമയത്ത്‌ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച്‌ തിരിച്ചും മറിച്ചും ഒന്നു കൂടി ചിന്തിച്ചു നോക്കു..എന്നിട്ടുമതി ഫൈനലായി ഒരു തീരുമാനമെടുക്കാന്‍..കര്‍ത്താവു നിനക്ക്‌ നേര്‍വഴി കാണിച്ചുതരാതിരിയ്ക്കില്ല.....

ഒരപേക്ഷയുടെ സ്വരത്തില്‍ അതു പറയുമ്പോള്‍ എന്റെ ശബ്ദവും വല്ലാതെ ഇടറാന്‍ തുടങ്ങിയിരുന്നു......

അവള്‍ നാട്ടില്‍പോയിരിയ്ക്കുന്നതെന്തിനാണെന്ന്‌ ഞാന്‍ ഇനിയും പറഞ്ഞില്ല അല്ലെ!

മടി തോന്നുന്നു...ദൈവത്തിനു നിരക്കാത്ത ആ കാര്യത്തെകുറിച്ചു അണ്ണനോടുപോലും പറയാന്‍ ഇപ്പോഴും എനിയ്ക്കു മടി തോന്നുന്നു...

ഒരുദിവസം.. സ്നേഹം പതിവുവിട്ടു പാരമ്യത്തിലെത്തിയ വേളയില്‍, ഒരു നിയോഗംപോലെ പതിവുനിയന്ത്രണോപാധികളൊക്കെ വലിച്ചെറിഞ്ഞ്‌ ഞങ്ങള്‍ പരസ്പരം......അതെ.. അതു തന്നെ സംഭവിച്ചു.... അവള്‍ക്കു വിശേഷമായി..

നോക്കണെ കര്‍ത്താവിന്റെ ഓരോരൊ കളികള്‍..!

ഉള്ളുകൊണ്ടു സന്തോഷിയ്ക്കുകയായിരുന്നു ഞാന്‍..മനസ്സ്‌ ആഘോഷങ്ങള്‍ക്ക്‌ ഒരുക്കം കൂട്ടുകയായിരുന്നു...

പക്ഷെ,... അവളുടെ പ്രതികരണം തീര്‍ത്തും അമ്പരപ്പിയ്ക്കുന്നതായിരുന്നു...ആസ്ട്രേലിയന്‍ വിസ ഒന്നു രണ്ടുമാസത്തിനുള്ളില്‍ ശരിയാവാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു അവള്‍....ആ സമയത്ത്‌ ഇങ്ങിനെയൊരു തടസ്സം അവള്‍ക്കു ഓര്‍ക്കാനെ വയ്യായിരുന്നു......!

"ഇപ്പോ നമുക്കിതു വേണ്ടച്ചായോ,.നമ്മള്‍ രണ്ടുപേരും ചെറുപ്പമല്ലെ,..പേടിയ്ക്കേണ്ട കാര്യമില്ല...കര്‍ത്താവനുഗൃഹിച്ച്‌ ഇനിയും നമുക്കൊരുപാട്‌ അവസരങ്ങള്‍ ഉണ്ടാകും....ഇതിപ്പൊ നമ്മള്‍ മാത്രം അറിഞ്ഞാ മതി...വീട്ടുകാരുപോലും അറിയേണ്ട..പണ്ടത്തെപോലെയല്ലന്നെ...ഇന്നത്തെകാലത്ത്‌ ഇതൊക്കെ വെറും നിസ്സാരം..!.എല്ലാരും ചെയ്യുന്നതാ..!!

ഇവിടെയാണെങ്കില്‍ ഈ വക കാര്യങ്ങള്‍ക്ക്‌ ഒരു സൗകര്യവുമില്ല. അതുമാത്രമാണൊരു പ്രശ്നം....ഞാനൊന്നു നാട്ടില്‍ പോയി വരാം...എറണാകുളത്ത്‌ ഞാന്‍ വര്‍ക്കു ചെയ്തിരുന്ന ഹോസ്പിറ്റലില്‍ തന്നെ പോകാം ...എന്റെ ചില കൂട്ടുകാരികള്‍ ഇപ്പോഴും അവിടെയുണ്ട്‌..അപ്പൊപിന്നെ വലിയ ഫോര്‍മാലിറ്റികളുടെ ആവശ്യം വരില്ല."...

ഒരാവേശത്തില്‍,..ഒറ്റശ്വാസത്തില്‍ എത്ര ലാഘവത്തോടെ പറയാന്‍ കഴിഞ്ഞു അവള്‍ക്ക്‌`......

വിശ്വസിയ്ക്കാന്‍ കഴിയാതെ തരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.....

പ്രകൃതി ഓരോ സ്ത്രീയേയും ആദ്യം മുതലെ അടിമുടി വളര്‍ത്തിയൊരുക്കിയെടുക്കുന്നത്‌ അമ്മയാകാന്‍ വേണ്ടിയല്ലെ..മറ്റേതു സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള സംവരണത്തേക്കാള്‍ അവള്‍ കൊതിയ്ക്കുന്നതും..കൊതിയ്കേണ്ടതും മാതൃത്വത്തിന്റെ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടിയല്ലെ....

ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിയുന്ന നിമിഷങ്ങള്‍...ഏതൊരു സ്ത്രീയും ആനന്ദം കൊണ്ടു മതി മറക്കുന്ന ജീവിതസായുജ്യത്തിന്റെ അനുപമ നിമിഷങ്ങള്‍.

എന്നിട്ടും എന്റെ ശോശാമ്മ മാത്രം എന്തെ ഇങ്ങിനെയായി പോയി........

ആസ്ട്രേലിയന്‍-അയര്‍ലന്റു ജ്വരം കയറിയ അവള്‍ക്ക്‌ സ്വയംബോധം നഷ്ടപെട്ടിരിയ്ക്കുന്നു...എല്ലാം മറക്കുന്നു..

എനിയ്ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല,..സഹിയ്ക്കാന്‍ കഴിഞ്ഞില്ല..എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു...ജീവിതത്തില്‍ ആദ്യമായി അവളെന്റെ കൈത്തരിപ്പിന്റെ ചൂടറിഞ്ഞു.

അവള്‍ അലറിവിളിച്ചില്ല...തിരിച്ചു രൂക്ഷമായി പ്രതികരിച്ചില്ല....പിണക്കം ..നിസ്സഹകരണം...മൗനം ......വീണ്ടും പഴയകാലസമരമുറകള്‍....

"ചെയ്യുന്നതു ശരിയാണെന്ന്‌ സ്വന്തം മനസാക്ഷിയ്ക്ക്‌ ഉത്തമബോധ്യമുണ്ടെങ്കില്‍ ...നാളെ അതിന്റെപേരില്‍ കുറ്റബോധം തോന്നാനും പശ്ചാത്തപിയ്ക്കാനും ഇടവരില്ല എന്നുറപ്പുണ്ടെങ്കില്‍ നിനക്ക്‌ എന്തു തീരുമാനം വേണമെങ്കിലും എടുക്കാം.. അച്ചായന്‍ എതിരു നില്‍ക്കില്ല...."

അങ്ങിനെ അവസാനം അവളുടെ പിണക്കതിനും വാശിയ്ക്കും മുമ്പില്‍ എന്റെ ലോലഹൃദയം ഒരിയ്ക്കല്‍കൂടി തോറ്റു....

ആ നിശ്ചയദാര്‍ഢ്യത്തിന്റെയും മനക്കരുത്തിന്റേയും മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു ഞാന്‍ എന്നതാണ്‌ സത്യം..

മൊബൈലില്‍ പല്ലി ചിലച്ചു....നാട്ടില്‍ നിന്നും ശോശാമ്മ...അവള്‍ നെടുമ്പാശേരിയില്‍ എത്തിയിരിയ്ക്കുന്നു.

ഇനി നേരെ ഓലക്കുടിയിലുള്ള എന്റെ വീട്ടിലേയ്ക്ക്‌ ...പിന്നെ നാളെ എറണാകുളത്ത്‌ കൂട്ടുകാരികളുടെ അടുത്തേയ്ക്ക്‌..."എല്ലാം കഴിഞ്ഞ്‌" അവളുടെ വീട്ടില്‍ വിശ്രമം... എത്ര കൃത്യമായി എല്ലാം പ്ലാന്‍ ചെയ്തിരിയ്ക്കുന്നു അവള്‍...!!

കര്‍ത്താവെ,...അഞ്ചുമണിക്കൂറിലേറേയായി ഞാനീ സിസ്റ്റത്തിനുമുമ്പില്‍ കുത്തിയിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌.!...

മെല്ലെ എഴുന്നേറ്റു...കിച്ചണിലേയ്ക്കു നടന്നു....സ്റ്റൗവ്‌ കത്തിയ്ക്കാന്‍ പോലും മടി തോന്നുന്നു...ഒന്നു കുളിയ്ക്കാം...തണുത്ത വെള്ളം എത്ര കോരൊയൊഴിച്ചിട്ടും മതിവരുന്നുണ്ടായിരുന്നില്ല പതിവില്ലാത്തതാണ്‌..പനി വരുമെന്നുറപ്പാണ്‌...എന്നിട്ടും അങ്ങിനെ ചെയ്യാനാണ്‌ തോന്നിയത്‌..ഒന്നു വൃത്തിയായി തോര്‍ത്തിയതുപോലുമില്ല.....

ഹസ്സനിക്കയുടെ ബൂഫിയില്‍ പോയി സാന്‍ഡ്‌വിച്ചും ചായയും വാങ്ങി കഴിച്ചു...

പിന്നെ,..വ്യാഴാഴ്ചയിലെ ആഘോഷത്തിമര്‍പ്പിന്റെ ആലസ്യത്തില്‍ മയങ്ങുന്ന ആളൊഴിഞ്ഞ വീഥികളിലൂടെ എങ്ങോട്ടിന്നില്ലാതെ വെറുതെ നടന്നു...

ഒരു തണുപ്പുക്കാലം കൂടി തീരുന്നു..വെയിലിനു ചൂടേറുന്നു....എങ്കിലും വീശിയടിയ്ക്കുന്ന കാറ്റിന്റെ കരങ്ങളില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു പിരിഞ്ഞുപോകുന്ന ശിശിരകാലത്തിന്റെ കുളിരുള്ള സ്മരണകള്‍...!

വിജനമായ വീഥികളും...തണുത്ത കാറ്റും മനസില്‍ വിഷാദം നിറയ്ക്കുന്നതുപോലെ....ഒരുതരം ഡിപ്രെഷന്‍ മൂഡ്‌......റൂമിലേയ്ക്കു മടങ്ങി...ഒരു പനഡോളെടുത്തു കഴിച്ചു....

വീണ്ടും നെറ്റിന്റെ ലോകത്തേയ്ക്ക്‌....വിഷാദമുണര്‍ത്തുന്ന ചിന്തകളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിയ്ക്കാനും രക്ഷപ്പെടാനുമുള്ള എളുപ്പവഴിയായി മാറിയിരിയ്ക്കുന്നു ഇന്റര്‍നെറ്റും,ചാറ്റിങ്ങും....സത്യം ...

മൊബൈലില്‍ വീണ്ടും പല്ലി ചിലച്ചു..

"അച്ചായൊ ഞാന്‍ ഓലക്കുടിയിലെ തറവാട്ടു വീട്ടില്‍ എത്തി....കയറിവന്നപ്പോഴെ കേള്‍ക്കേണ്ടി വന്ന വാര്‍ത്ത....വല്ലാത്തൊരു സങ്കടമായി പോയി "വല്ലാതെ ആര്‍ദ്രമായിരുന്നു അവളുടെ ശബ്ദം.

"നമ്മുടെ തെക്കെ വീട്ടിലെ,.. RTO ഓഫീസില്‍നിന്നും റിട്ടയര്‍ ചെയ്ത ജോസഫ്‌സാറിന്റെ മകള്‍ ആലീസ്‌ചേച്ചിയില്ലെ...അച്ചായന്റെ കൂടെ പത്താംക്ലാസ്സു വരെ ഒന്നിച്ച്‌ പഠിച്ചത്‌...ആ ചേച്ചിയുടെ മകന്‍ റോബിന്‍ ഇന്നു രാവിലെ മരിച്ചുപോയി...ആക്സിഡന്റ്‌...സൈക്കിളില്‍ സ്ക്കൂളില്‍ പോകുകയായിരുന്നു...കോയമ്പത്തൂരില്‍ നിന്നും കള്ളു കയറ്റി പാഞ്ഞുവന്നിരുന്ന ഒരു മിനിലോറിയുടെ ബ്രേക്ക്‌പോയി, സുരഭിതിയറ്റര്‍ ജങ്ക്ഷനിലെ സിഗ്നലും കട്ട്‌ ചെയ്ത്‌ നേരെ അവന്റെ സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നു....

അവരുടെ വീട്ടിലൊക്കെ ഇപ്പോ അറിഞ്ഞതേയുള്ളു..കണ്ടുനില്‍ക്കാന്‍ വയ്യ അച്ചായാ ആലീസ്‌ചേച്ചിയുടെ കരച്ചിലും കണ്ണുനീരും....കുവൈറ്റിലുള്ള പോളേട്ടനെ ഇതുവരെ വിവരം അറിയിച്ചിട്ടില്ല.. എങ്ങിനെ അറിയിയ്ക്കും......ഒറ്റമോനല്ലെ ഉള്ളു അച്ചായാ അവര്‍ക്ക്‌.. അവരിതെങ്ങിനെ സഹിയ്ക്കും.....

കര്‍ത്താവ്‌ തരുമ്പോള്‍ രണ്ടുകയ്യും നീട്ടി സ്വീകരിയ്ക്കുക....കൂടുതലിഷ്ടം തോന്നി തിരിച്ചെടുക്കാനിടവന്നാല്‍ വിധിയെന്നോര്‍ത്ത്‌ സഹിയ്ക്കാനും സമാധാനിയ്ക്കാനും ശ്രമിയ്ക്കുക ...ഇത്രയൊക്കയല്ലെ പാവം നമ്മള്‍ മനുഷ്യര്‍ക്ക്‌ ചെയ്യാന്‍ കഴിയൂ...അതിനുമപ്പുറം നമ്മുടെ പ്ലാനിങ്ങിനൊക്കെ എന്തുവിലയാണുള്ളത്‌ അല്ലെ അച്ചായാ.!...

എന്നിട്ടും മൂഢന്മാരെപോലെ,.. ഒരന്തവുമില്ലതെ എന്തൊക്കെ പ്ലാന്‍ ചെയ്യുന്നു നമ്മള്‍...!!"

ഒരു നിമിഷം വാക്കുകള്‍ കിട്ടാതെ അവള്‍ വിതുമ്പി....

നമ്മുടെ കുഞ്ഞിനെ നമുക്കു വേണം അച്ചായൊ ...പൊന്നുപോലെ വളര്‍ത്തണം...എന്നോടു പൊറുക്കണം...എന്റെ തെറ്റുകള്‍ ഞാന്‍ മനസ്സിലാക്കുന്നു..എത്ര അവിവേകിയാണ്‌,..എത്ര പാപിയാണ്‌ ഞാന്‍........................
റോബിന്‍മോന്‍...പാവം ആലീസ്‌ചേച്ചി...ചേച്ചിയുടെ കണ്ണുനീര്‍... ഇനിയുള്ള ജീവിതം....

പിന്നെയും, പിന്നെയും എന്തൊക്കയൊ പറഞ്ഞ്‌.. നിയന്ത്രണംവിട്ട്‌ തേങ്ങികരയുകയായിരുന്നു ശോശാമ്മ..വാക്കുകള്‍ മുറിയുകയായിരുന്നു....അവളിലെ മാതൃത്വം ഉണരുകയായിരുന്നു...

ആശ്വസിപ്പിയ്ക്കാന്‍ പോയില്ല...കരയട്ടെ അവള്‍...മനസ്സിലെ അഴുക്കുകള്‍ മുഴുവന്‍ ഒഴുകിതീരട്ടെ..അവളിലെ സ്ത്രീത്വം അതിന്റെ പൂര്‍ണ്ണതയിലെത്തട്ടെ...

ക്രമേണ ആ കണ്ണുനീര്‍ എന്റെ കണ്ണുകളും ഏറ്റുവാങ്ങുകയായിരുന്നു...കീബോഡിലെ അക്ഷരങ്ങളേയും നിറച്ച്‌ അതു മെല്ലെ ടേബിളിലേയ്ക്ക്‌ ഒഴുകിയിറങ്ങി....

കണ്ണുനീരൊപ്പിയില്ല.... ഒഴുകട്ടെ.. ഒഴുകിയൊഴുകി ഈ മുറിമുഴുവന്‍ നിറയട്ടെ..ആ കണ്ണുനീര്‍തടാകത്തില്‍ എനിയ്ക്കു മതിവരുവോളം,..ശ്വാസംമുട്ടുവോളം മുങ്ങിനിവരണം.. പിറക്കുന്നതിനുമുമ്പെ സ്വന്തം രക്തത്തെ കുരുതികൊടുക്കാന്‍ നിസ്സഹായതയോടെ. അതിലേറേ നിസ്സംഗതയോടെ മൗനാനുവാദം നല്‍കിയതിന്റെ പാപഭാരം മുഴുവന്‍ കഴുകി കളയണം..

മനുഷ്യമനസ്സുകളില്‍ ഇതു നൊമ്പരത്തിന്റെ പ്രളയകാലം....സങ്കടപ്പെരുമഴ മനസ്സില്‍ തോരതെ പെയ്തിറിങ്ങുന്ന കാലം...

നൊമ്പരത്തിന്റെ നിമിഷങ്ങള്‍ എപ്പോഴും തിരിച്ചറിവിന്റെ നിമിഷങ്ങളായി മാറും... ആകാശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക്‌ പറന്നുയരാന്‍ തുടങ്ങുന്ന വ്യാമോഹങ്ങളുടെ ചിറകുകള്‍ നനഞ്ഞുകുതിരും.. ഭൂമിയുടെ,.. അമ്മയുടെ മടിത്തട്ടിലെ സുരക്ഷിതത്വത്തിലേയ്ക്ക്‌ മടങ്ങാന്‍ നിര്‍ബന്ധിതരാകും...മനസ്സില്‍ നന്മയുടെ നാമ്പുകള്‍ പൊട്ടിമുളയ്ക്കും...ലാളിത്യത്തിന്റെ സഹജീവനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ അവസരമേകും....

പെയ്യട്ടെ,.....സങ്കടപെരുമഴ നിര്‍ത്താതെ പെയ്യട്ടെ..ആ അഗ്നിജലപ്രവാഹത്തില്‍ മനുഷ്യമനസ്സുകള്‍ നനഞ്ഞുകുതിരട്ടെ.ആ പ്രളയപ്രവാഹത്തില്‍ അഹന്തയും...അജ്ഞതയും..ലൗകികാസക്തിയും അലിഞ്ഞലിഞ്ഞില്ലാതാകട്ടെ...കത്തിചാമ്പലാകട്ടെ...

ഇതുതന്നെയായിരിയ്ക്കല്ലെ ഒരുപക്ഷെ ,..പുരാണങ്ങളില്‍പറഞ്ഞിട്ടുള്ള കലികാലാന്ത്യത്തിലെ പ്രളയകാലം...

അറിയില്ല..എനിയ്ക്കറിയില്ല..വല്ലാതെ തളര്‍ന്നിരിയ്ക്കുന്ന ശൂന്യമായ എന്റെ മനസ്‌...

എനിയ്ക്കൊന്നുറങ്ങണം..... എല്ലാം,മറന്ന്‌.എല്ലാമെല്ലാം മറന്ന്‌ സ്വസ്ഥമായി ഞാനൊന്നുറങ്ങട്ടെ.....

സൂസിമോളുടെ കല്യാണവിശേഷം എഴുതാനുള്ള ഒരു മാനസ്സികാവസ്ഥയില്‍ അല്ലാ ഞാനെന്ന്‌ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലൊ.........

ശോശാമ്മ തിരിച്ചുവരട്ടെ...വീണ്ടും ഞാന്‍ വരാം.... നല്ല മൂഡോടെ.... സൂസിമോളുടെ കല്യാണ വിശേഷങ്ങളുമായി....

കൊല്ലേരി തറവാടി.

5 comments:

  1. പ്രകൃതി ഓരോ സ്ത്രീയേയും ആദ്യം മുതലെ അടിമുടി വളര്‍ത്തിയൊരുക്കിയെടുക്കുന്നത്‌ അമ്മയാകാന്‍ വേണ്ടിയല്ലെ..മറ്റേതു സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള സംവരണത്തേക്കാള്‍ അവള്‍ കൊതിയ്ക്കുന്നതും..കൊതിയ്കേണ്ടതും മാതൃത്വത്തിന്റെ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടിയല്ലെ....

    ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിയുന്ന നിമിഷങ്ങള്‍...ഏതൊരു സ്ത്രീയും ആനന്ദം കൊണ്ടു മതി മറയ്ക്കുന്ന ജീവിതസായുജ്യത്തിന്റെ അനുപമ നിമിഷങ്ങള്‍...

    ReplyDelete
  2. എവിടെ നിന്നോ തുടങ്ങി,..ലക്കും ലഗാനുമില്ലാതെ എവിടെയൊക്കയൊ അലഞ്ഞു..അവസാനം എവിടേയും എത്തുന്നുമില്ല....

    ഇത്തരം നല്ല മുഹൂര്‍ത്തങ്ങള്‍ ആലേഖനം ചെയ്ത,
    ജീവിതത്തിന്റെ പച്ചപ്പുകള്‍ പച്ചയായി കൊത്തിവെച്ച (ജനിക്കുന്നതിനു മുന്‍പ് നശിപ്പിക്കാനും നശിപ്പിക്കതിരിക്കാനുമുള്ള ചിന്തകള്‍) കഥ.

    ReplyDelete
  3. ഫെബ്രുവരി 29 ... എനിയ്ക്കും കുടുംബത്തിനും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ദിവസം കൊല്ലേരിയും മറന്നില്ല അല്ലേ? ഞങ്ങളുടെ വേദനയില്‍ മനസ്സു കൊണ്ട്‌ പങ്ക്‌ ചേര്‍ന്നതിന്‌ നന്ദി...

    പിന്നെ കഥയെക്കുറിച്ച്‌... പതിവു പോലെ ഇപ്രാവശ്യവും ദൈര്‍ഘ്യം കൂടി... മനസ്സിലെ അസ്വസ്ഥതകള്‍ ഉള്ളടക്കത്തിലും ചിതറിക്കിടക്കുന്നു...

    "തരിച്ചുപോകുന്ന നിമിഷങ്ങളുടെ അവസാനം മരവിച്ചു പോകുന്ന മനസ്സുകള്‍ പരസ്പരം പകര്‍ന്നുനല്‍കാന്‍ ശ്രമിയ്ക്കുന്ന സ്വാന്തനത്തിന്റെ ഊഷ്മളത.." ഈ വരികള്‍ മനസ്സില്‍ തട്ടി... എഴുത്തു തുടരുക... ആശംസകള്‍...

    ReplyDelete
  4. "കണ്ണുനീരൊപ്പിയില്ല...ഒഴുകട്ടെ... ഒഴുകിയൊഴുകി ഈ മുറിമുഴുവന്‍ നിറയട്ടെ... ആ കണ്ണുനീര്‍തടാകത്തില്‍ എനിയ്ക്കു മതിവരുവോളം... ശ്വാസംമുട്ടുവോളം മുങ്ങിനിവരണം."

    ചിലപ്പോഴെങ്കിലും ഇങ്ങനെ തോന്നാറുണ്ട്... നന്നായി എഴുതി, മാഷേ.

    ReplyDelete
  5. കൊല്ലേരീ, വീണ്ടും ഒരു മുഴുനീളന്‍ പോസ്റ്റ്‌... ജീവിത യാഥാര്ത്യങ്ങളുടെ നേര്‍ക്കാഴ്ച ആയതുകൊണ്ടാവണം ചില വരികള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചതുപോലെ..

    സൂസിമോളെ ഒരുക്കി നിര്‍ത്തിയിട്ട് ഇമ്മിണി നാളുകളായല്ലോ... എപ്പളാ കല്യാണം?

    (ദൈര്‍ഘ്യം കൂടുമ്പോള്‍ വായനയിലുള്ള ശ്രദ്ധ മാറുന്നുവോ എന്നൊരു ആശങ്ക ഞാനും പങ്കുവയ്ക്കുന്നു..)

    ReplyDelete