Tuesday, March 30, 2010

ഞങ്ങള്‍ ചില പാവം ഓലക്കുടിക്കാര്‍ - നാലാമത്തെ പെഗ്‌..

ഇത്‌ മാര്‍ച്ച്‌മാസത്തിന്റെ മനസ്സ്‌...

ഒരുപാടു പരീക്ഷണങ്ങളിലൂടെ കടന്നു പോയ അത്യപൂര്‍വ്വമായ ഒരു വെള്ളിയാഴ്ചയുടെ ക്ഷീണത്തിലായിരുന്നു ഞാന്‍ .ശരിയ്ക്കും തളര്‍ന്നുപോയി മാനസ്സികമായും ശാരിരികമായും..

ഇന്നലെ ശനിയാഴ്ച ഓഫീസിലെ ജോലികളെപോലും അതു സാരമായി ബാധിച്ചു.

ഇതിനിടെ ശോശാമ്മയെ ഒരുപാടുതവണ വിളിച്ചു.....ഒറ്റദിവസംകൊണ്ട്‌ അവളാകെ മാറിപോയിരിയ്ക്കുന്നു...ഇന്നലെ രാവിലെ എഴുനേറ്റപ്പോള്‍ അവള്‍ക്കു മോര്‍ണിങ്ങ്‌ സിക്‍നെസ്‌..! ഓക്കാനം ഛര്‍ദ്ദി....

ഇതിനിടെ അപ്പുറത്തെ വീട്ടിലെ ദയനീയ ദൃശ്യങ്ങള്‍..റോബിന്‍ മോന്റെ സംസ്ക്കാരചടങ്ങുകള്‍....അതു നല്‍കുന്ന മാനസികാഘാതം....

"നീ അതിലൊന്നും പങ്കെടുക്കാന്‍ പോകേണ്ടാ മോളെ, വെറുതെ മനസ്സു വിഷമിപ്പിയ്ക്കാതെ ഒരിടത്തു അടങ്ങിയിരുന്നു വിശ്രമിച്ചോളു....."

അതിനെങ്ങിനെ കഴിയും അച്ചായോ..എങ്ങിനെ കാണാതിരിയ്ക്കും .തൊട്ടയല്‍വക്കമായിപോയില്ലെ...".....ആര്‍ദ്രമായിരുന്നു ആ സ്വരം..

വൈകീട്ടു വിളിച്ചപ്പോള്‍ അവള്‍ കുറെക്കൂടി ഉത്സാഹത്തിലായിരുന്നു...

"അച്ചായോ സന്ധ്യയ്ക്ക്‌ ഞാന്‍ വെറുതെ പറമ്പിലൊക്കെ ഇറങ്ങി നടന്നു..തെക്കുഭാഗത്തെ നമ്മുടെ മുവാണ്ടന്‍മാവില്ലെ,.. അതില്‍ നിറയെ മാങ്ങയുണ്ടായിട്ടുണ്ട്‌..അതും നല്ല പുളിപരുവത്തില്‍...ഇത്തവണ മാവു പൂക്കാന്‍ വൈകിയത്രെ....ഞാന്‍ ഒരു പുളിമാങ്ങ മുഴുവന്‍ ഒറ്റയിരിപ്പിനു തിന്നു അതുകണ്ട്‌ അമ്മച്ചി ആദ്യം ദേഷ്യപ്പെട്ടു,...പിന്നെ അടുത്തുവിളിച്ചിരുത്തി സ്നേഹത്തോടെ ഒരുപാടുപദേശിച്ചു...ഇനിയുള്ള ദിവസങ്ങളില്‍ ഓരോരൊ കാര്യങ്ങളു ചെയ്യുമ്പോളും ഏറെ സൂക്ഷിയ്ക്കണം എന്നു പറഞ്ഞുമനസ്സിലാക്കി..ഗര്‍ഭിണികള്‍ സന്ധ്യനേരത്തൊന്നും പുറത്തിറങ്ങി നടക്കാന്‍ പാടില്ലത്രെ....

അവര്‍ക്കൊക്കെ എന്തു സന്തോഷമായന്നൊ ....അപ്പച്ചന്‍ വൈകീട്ട്‌ ബാറില്‍പോയി തിരിച്ചുവരുമ്പോള്‍ മസാലദോശ വാങ്ങികൊണ്ടുവരാമെന്നു പറഞ്ഞിട്ടുണ്ട്‌ അതും കാത്തിരിയ്ക്കുകയാണ്‌ ഞാനിപ്പോള്‍...!!.

ഏതായാലും ഇനി ഞാന്‍ രണ്ടുദിവസം ഓലക്കുടിയില്‍ നിന്നിട്ടെ നാട്ടില്‍ പോകുന്നുള്ളു..നാളെ ഞായാറഴ്ച...പോട്ടയിലും മുരിങ്ങൂരുമുള്ള ധ്യാനകേന്ദ്രങ്ങളില്‍ പോകണം.....കര്‍ത്താവിനോട്‌ മാപ്പുപറഞ്ഞ്‌` പ്രാര്‍ത്ഥിയ്ക്കണം...".

എത്ര പറഞ്ഞിട്ടും, എന്തൊക്കെ പറഞ്ഞിട്ടും മതിവരുന്നിണ്ടായിരുന്നില്ല അവള്‍ക്ക്‌.വല്ലാതെ തരളിതയായിരുന്നു അവള്‍.അതുവരെ കേള്‍ക്കാത്ത സ്ത്രൈണത ആ സ്വരത്തില്‍ നിറഞ്ഞു നിന്നിരുന്നു..സന്തോഷം കൊണ്ടു എന്റെ മനം കുളിര്‍ത്തു...

ഇതാണ്‌..ഇതാണ്‌... ഇത്രയും കാലം ശോശാമ്മയില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ചിരുന്നത്‌...

വൈകീട്ടു ഉറങ്ങുന്നതിനുമുമ്പ്‌ അവളോട്‌ ഒന്നുകൂടി സംസാരിയ്ക്കണമെന്നുണ്ടായിരുന്നു...നടന്നില്ല...അപ്പോളാണ്‌ രാജേട്ടന്റെ ഫോണ്‍..."ഒന്നാശുപത്രിവരെപോകണം സാബു.. വണ്ടിയുമായി നീ പെട്ടന്നു വരണം.."

നല്ല ക്ഷീണമുണ്ടായിരുന്നു,.എന്നാലും പോകാതിരിയ്ക്കന്‍ കഴിഞ്ഞില്ല...പാവം രാജേട്ടന്‍ ഒരുപാടു നാളായി വയറുവേദനയുമായി അലയാന്‍ തുടങ്ങിയിട്ട്‌...

അല്ലെങ്കിലും ഉടുത്തൊരുങ്ങി ഹോസ്പിറ്റലിലേയ്ക്കു രോഗിയ്ക്കു കൂട്ടുപോകുന്നത്‌ ഉത്സവപറമ്പിലെ കാഴ്ച കാണാന്‍ പോകുന്നതിനു സമാനമല്ലെ..അതിലും ആനന്ദകരമല്ലെ ഇവിടുത്തെ സെറ്റപ്പില്‍...പ്രത്യേകിച്ചും ബാച്ചിലേര്‍സിന്‌...

അങ്ങിനെ പെട്ടന്നുതട്ടികൂട്ടിയെടുത്ത ഒരു ബാച്ചിലറുടെ മനസ്സുമായി അല്‍ ബദേര്‍ ഡിസ്പെന്‍സറിയിലെ നയനമനോഹരമായ കാഴ്ചകളില്‍ മുഴുകി സ്വയം മറന്നിരുന്നു... സമയം പോയതറഞ്ഞില്ല...ശോശാമ്മായ്ക്ക്‌ ഫോണ്‍ ചെയ്യേണ്ട കാര്യം മനസില്‍നിന്നും വിട്ടുപോയി..ഓര്‍മ്മവന്നപ്പോഴേയ്ക്കും ഒരുപാടു വൈകിയിരുന്നു...നാട്ടില്‍ സമയം പാതിരാവായിട്ടുണ്ടായിരുന്നു....

ആ പ്രയാസത്തില്‍ കിടന്നതുകൊണ്ടാണൊ എന്നറിയില്ല ഉറക്കം വല്ലാതെ മുറിഞ്ഞുപോയി...നാലുമണിയായപ്പോഴെയ്ക്കും പൂര്‍ണ്ണമായും ഉണര്‍ന്നു...

മൊബെയിലിലെ അലാമിന്റെ അകമ്പടിയോടെ ദിവസം ആരംഭിയ്ക്കുവാന്‍ ഇനിയും രണ്ടുമണിക്കൂര്‍ ബാക്കി....

ശോശാമ്മയെ വിളിച്ചാലോ...വേണ്ട...നാട്ടിലിപ്പോള്‍ മണി ആറര ആവുന്നതെയുള്ളു..പാവം ക്ഷീണിച്ചു നല്ല ഉറക്കത്തിലായിരിയ്ക്കും.....

ഒരു സുലൈമാനിയുമായി സിസ്റ്റം തുറന്നു...ഞായാറഴ്ച പതിവില്ലാത്തതാണ്‌..നെറ്റിലെയ്ക്കു കയറാന്‍ അല്ലെങ്കില്‍ വരമൊഴി തുറക്കാന്‍ ഒരുത്സാഹവും തോന്നുന്നില്ല..
വല്ലാത്തൊരു മനാസികവസ്ഥ ..!എന്തൊക്കയോ ഒരുപാടു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ബാക്കിയുള്ളതുപോലെ..! പെട്ടന്ന്‌ വല്ലാതെ ഉത്തരവാദിത്വം കൂടിയതുപോലെ...

മെല്ലെ എഴുന്നേറ്റു, ചുമരില്‍ തൂക്കിയിട്ടിരുന്ന മനോരമ കലണ്ടറെടുത്തു.....നാടുവിട്ടതിനുശേഷം കലണ്ടര്‍ നോക്കുന്ന ശീലം ഇല്ലാതായിരിയ്ക്കുന്നു..എല്ലാ ദിവസങ്ങളും ഒരുപോലെയായ ഇവിടെ കലണ്ടറിനെന്തു പ്രസക്തി....എന്നിട്ടും ഒരു ചടങ്ങുപോലെ എല്ലാവര്‍ഷവും ഒരെണ്ണം വാങ്ങി ചുമരില്‍ തൂക്കിയിടും..

ഒരുവര്‍ഷത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിന്റേയും പ്രതീകമായി ചുവരില്‍ തൂങ്ങികിടക്കുന്ന മനോരമ കലണ്ടര്‍ കാണുന്നതുതന്നെ ഒരു സുഖമാണ്‌..!..

അതൊരു ശീലമായി മാറി..അപ്പച്ചനില്‍നിന്നും കിട്ടിയ ശീലം....ഒരോദിവസവും രാവിലെ മനോരമ പത്രം വായനയോടെ തുടങ്ങണം..അതപ്പച്ചനു നിര്‍ബ്ബന്ധമായിരുന്നു..

കലണ്ടറിലെ പേജുകള്‍ മറിച്ചുനോക്കി,..മനസിലും, കൈവിരലുകളിലും മാറിമാറി കണക്കുകൂട്ടി..ഒക്ടോബര്‍ അവസാന വാരം അല്ലെങ്കില്‍ നവംബര്‍ ആദ്യം....ശോശാമ്മയുടെ ഡേറ്റ്‌.!.

മനസില്‍ വല്ലാത്തൊരനുഭൂതി നിറയുന്നതുപോലെ....ഒപ്പം അത്ഭുതവും....

മയില്‍പീലിതുണ്ട്‌ പുസ്തകത്തിനുള്ളിലൊളിപ്പിച്ചുവെച്ച്‌,..അപ്പൂപ്പന്‍താടിയ്ക്കു പുറകെ മടികൂടാതെ അലയാന്‍ കൊതിയ്ക്കുന്ന ബാല്യം,.. വളപ്പൊട്ടിന്റെ ചന്തത്തിന്റെ പൊരുള്‍ തേടിയലയാന്‍ വെമ്പുന്ന കൗമാരകൗതുകം.. ഇതൊന്നും ഇനിയും കെട്ടടങ്ങാത്ത എന്റെ മനസ്സ്‌ പുതിയതയായി ഒരു പാടു തയ്യാറെടുപ്പുകള്‍ക്ക്‌ വിധേയമാകേണ്ടിയിരിയ്ക്കുന്നു...കുറേക്കൂടി പക്വത കൈവരിയ്ക്കേണ്ടിയിരിയ്ക്കുന്നു.. അതിനായി ഗൃഹപാഠം ചെയ്യേണ്ടിയിരിയ്ക്കുന്നു..

നോക്കു...! ഇപ്പോള്‍തന്നെ എന്താ സംഭവിയ്ക്കുന്നതെന്ന്‌....!

പുതുവര്‍ഷം പിറന്നു മാസം രണ്ടു കഴിഞ്ഞിട്ടും മായാതെ ശേഷിയ്ക്കുന്ന കലണ്ടറിലെ പുതുമണം പോലും എത്ര പെട്ടന്നാണ്‌ ഗൃഹാതുരത്വമായി എന്റെ മനസില്‍ പടര്‍ന്നിറങ്ങിയത്‌...!..

ഇതാണെന്റെ കുഴപ്പം....!

ചഞ്ചലമാകാന്‍ തുടങ്ങിയ മനസ്സ്‌ എല്ലാ നിയന്ത്രണവും കൈവിട്ട്‌ ഭൂതക്കാലസ്മരണകളുടെ സുഖാലസ്യത്തില്‍ മുഴുകിക്കഴിഞ്ഞു.....

ഇനി ഏതോ ഉള്‍പ്രേരണായാലെന്നപോലെ മാസങ്ങളെ ഒന്നൊന്നായി വിരല്‍മീട്ടിയുണര്‍ത്താന്‍ വൃഥാ പാഴ്‌ശ്രമം നടത്താന്‍ തുടങ്ങും..!

വാരികകളില്‍ പഴയക്കാല സര്‍വീസ്‌ സ്റ്റോറികള്‍ ഒരൗചിത്യവും കൂടാതെ പൊടിപ്പും തൊങ്ങലും വെച്ച്‌ നീട്ടിപരത്തി വിളമ്പുന്ന ഒരു റിട്ടയേഡ്‌ സിവില്‍ സര്‍വിസ്‌ മേധാവിയെപോലെ, വായനക്കാരുടെ വിരസതയെ ഗൗനിയ്ക്കാതെ,സമയത്തെ മാനിയ്ക്കാതെ ഇനിയെന്റെ ടൈപ്പിങ്ങിന്‌ ആവേശം കൂടും....പേജുകളുടെ നീളം കൂടും.....

കലണ്ടറിലെ അവസാനപേജില്‍ നിന്ന്‌...അവസാനമാസത്തില്‍നിന്ന്‌ തുടക്കം... അതു മനോരമയിലെ ബോബനും മോളിയും നല്‍കിയ ശീലം..

ക്രിസ്മസ്‌കരോള്‍ പാടിയലയുന്ന തണുത്തുറഞ്ഞ ഡിസംബര്‍ രാവുകള്‍...

ആഘോഷമാസങ്ങള്‍ക്കിടയില്‍ ഒരിയ്ക്കലും തീരാത്ത നഷ്ടബോധവുമായി തരിച്ചു നില്‍ക്കുന്ന പാവം നവംബര്‍.

ശാന്തമായൊഴുകുന്ന ഓലക്കുടിപുഴയില്‍ കൂട്ടുകാരോടൊത്തു നീന്തിതുടിച്ചുത്തിമിര്‍ത്ത ഒക്ടോബര്‍സായഹ്നങ്ങള്‍..

പാലത്തിനുമുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയിലെ യാത്രക്കാര്‍ ശ്രദ്ധിയ്ക്കുന്നു എന്ന തോന്നലില്‍ പുറത്തെടുക്കുന്ന അഭ്യാസപ്രകടനങ്ങള്‍..

അങ്ങിനെ എല്ലാവരുടെയും മുമ്പില്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങിയ ബാല്യത്തിലൂടെ,... നിഗൂഡ്‌ഠ സ്വപ്നങ്ങളുടെ ആരവത്തില്‍ മുങ്ങിപോയ കൗമാരത്തിലൂടെ.. കലണ്ടറിന്റെ താളുകള്‍ മെല്ലെ മറിഞ്ഞുകൊണ്ടിരുന്നു...

ആമോദത്തിന്റെ ആരവുമായി കടന്നുവന്ന്`കുറെ ആഡംബരനിമിഷങ്ങള്‍ സമ്മാനിച്ച്‌ നൊടിയിടയ്ക്കിടയില്‍ ഒരു സ്വപ്നം പോലെ കടന്നുപോകുന്ന സെപ്തംബറും ആഗസ്റ്റും..

തിരുവാതിര ഞാറ്റുവേലയിലെ തോരാത്തപെരുമഴയില്‍..തോരാനപെരുന്നാളിന്റെ നിറവില്‍ കാട്ടിലെ മരവും കടപുഴുക്കിയെടുത്ത്‌ കലിതുള്ളിയൊഴുകുന്ന ഓലക്കുടിപുഴയ്ക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന ജൂണ്‍-ജൂലൈ മാസങ്ങള്‍...

കളിപന്തിന്റെ താളത്തില്‍ നിഷ്കളങ്കമായി ഓടിചാടിത്തിമര്‍ത്തു നടന്നിരുന്ന ബാല്യം പെട്ടന്നൊരുനാള്‍ അയലത്തു പൂത്തു നിന്നിരുന്ന വിഷുകണിക്കൊന്നയില്‍ അതുവരെ കാണാത്ത ചന്തം കണ്ടമ്പരന്നതും... പിന്നെ അതു വല്ലാത്തൊരു മോഹമായി,..അസ്വസ്ഥതയായി മാറി മനസ്സില്‍ നീറ്റല്‍ പടര്‍ത്താന്‍ തുടങ്ങിയതും പൊടിമീശ മുളയ്ക്കുന്ന പ്രായത്തിലെ ഒരു മധ്യവേനലവധിക്കാലത്തായിരുന്നു..

മാര്‍ച്ചുമാസത്തെക്കുറിച്ചു പറയാന്‍ ആയിരം നാക്കായിരിയ്ക്കും നമ്മള്‍ ഓരോരുത്തര്‍ക്കും അല്ലെ...

മാര്‍ച്ചുമാസം കലാലയഹൃദയങ്ങള്‍ വേനല്‍ചൂടില്‍ വെന്തുരുകുന്ന കാലം... വേര്‍പ്പാടിന്റെ കനല്‍പൂക്കള്‍ കത്തിജ്വലിയ്ക്കുന്ന കാലം...

മുല്ലപ്പൂവും...ജമന്തിപൂവും ചൂടി..അതിന്റെ ഗന്ധം ചുറ്റിലും പരത്തി പുറമേ ഒരുപാടുത്സാഹംനടിച്ച്‌ ഓടിനടക്കുമെങ്കിലും പാവം മാര്‍ച്ചുമാസത്തിന്റെ മനസ്സ്‌ എപ്പോഴും വിരഹാര്‍ദ്രമായിരിയ്ക്കും...

കണ്ണീരില്‍ നനഞ്ഞുകുതിരുന്ന വേര്‍പ്പാടിന്റെ നിമിഷങ്ങള്‍ക്കു ഒരിയ്ക്കല്‍കൂടി സാക്ഷ്യം വഹിയ്ക്കാന്‍ വേദനയോടെ ഒരുങ്ങുകയായിരിയ്ക്കും മാര്‍ച്ചുമാസത്തിലെ കലാലയാന്തരീക്ഷം...

പുഴക്കല്‍ പാടത്തുനിന്നു കുളിരുംകോരിവരുന്ന കുസൃതികാറ്റിനുപോലും വല്ലാത്ത വിഷാദഭാവമായിരിയ്ക്കും മാര്‍ച്ചിലെ പകലുകളില്‍..വേനല്‍ചൂടില്‍ കത്തിയെരിയുന്ന കലാലയമനസിലെ കനല്‍ എത്ര ശ്രമിച്ചിട്ടും അണയ്ക്കാന്‍ കഴിയാത്ത നിരാശയില്‍ ഒരു ഭ്രാന്തിയെപോലെ വെറുതെ അവിടെയൊക്കെ നെടുവീര്‍പ്പോടെ അലഞ്ഞുതിരിയും ആ പാവം..

ഇങ്ങിനെ ഓര്‍ത്തെടുത്താല്‍ കലാലയാങ്കണത്തിലെ മണല്‍ത്തരികള്‍ക്കുപോലും പാറയാനുണ്ടാകും കണ്ണീരു വീണു കുതിര്‍ന്നു തരിച്ചുപോയ ഒരു പാടു നിമിഷങ്ങളുടെ കഥകള്‍..

80 കളിലെ താരം നാദിയമൊയ്തുവിനെ അനുസ്മരിപ്പിയ്ക്കുന്ന രീതിയില്‍ പിന്നോട്ടു കോതിയൊതുക്കിവെച്ച ഇടതൂര്‍ന്ന തലമുടി....ഇടുങ്ങിയ നെറ്റിയ്ക്ക്‌ തീരെ ചേര്‍ച്ചയില്ലാത്ത മെറൂണ്‍നിറത്തിലുള്ള വലിയ ശിങ്കാര്‍പൊട്ട്‌...തിളക്കമുള്ള കണ്ണുകള്‍...നീണ്ടമൂക്കിന്‍തുമ്പില്‍ തിളങ്ങുന്ന വെള്ളക്കല്‍മൂക്കുത്തി...ഇളം ചുവപ്പുള്ള ചുണ്ടുകളില്‍ എപ്പോഴും മന്ദസ്മിതബഹിര്‍സ്‌ഫുരണങ്ങള്‍.....

മഞ്ഞയുടെ വിവിധ കോംബിനേഷനുകളിലുള്ള വടിവൊത്ത കോട്ടണ്‍ ചുരിദാറുകളില്‍ പാറിപറക്കുന്ന അവന്റെ പാവം മഞ്ഞക്കിളി..

ഇന്നും ഓര്‍മ്മകളില്‍ വിരുന്നു വരുന്ന അവളുടെ സാമീപ്യസുഗന്ധം അവനെ ഉന്മത്തനാക്കും...

വിടപറയുന്ന നിമിഷങ്ങളില്‍ നിറഞ്ഞുതുളുമ്പിയ ആ കരിനീലമിഴികള്‍ക്കു നേരേ അറിയാതെ നീണ്ടുപോയി അവന്റെ വിറയ്ക്കുന്ന കരങ്ങള്‍..

അന്ന്‌ ആ കണ്ണീര്‍ത്തുള്ളികളുടെ ചൂടില്‍ പൊള്ളിപോയി അവന്റെ വിരല്‍തുമ്പ്‌.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഇന്നും ശംഖിനുള്ളിലെ തിരയിളക്കം പോലെ മനസില്‍ അലയടിച്ചുയരുന്നു ആ ഗദ്ഗദനാദം.

നെഞ്ചില്‍ ഇന്നും പൂര്‍ണ്ണമായും വറ്റാതെ ഘനീഭവിച്ചു കിടക്കുന്ന കണ്ണുനീര്‍ത്തുള്ളികളുടെ ഈര്‍പ്പം..

ഒരുത്തമ കാമ്പസ്‌ പൗരനെന്ന നിലയില്‍ പ്രണയത്തിന്റെ സമ്മതിദാനം വിനിയോഗിച്ചതിന്റെ അടയാളമായി അവന്റെ വിരല്‍തുമ്പില്‍ ഇനിയും പൂര്‍ണ്ണമായും മായാതെ നില്‍ക്കുന്നു വേര്‍പ്പാടിന്റെ ചൂടുകണ്ണീര്‍ സമ്മാനിച്ച ആ പാടുകള്‍...

ഒരു കാലഘട്ടത്തിലെ ബാക്കിപത്രമായ ഗൃഹാതുരത്വം നിറഞ്ഞ കുറെ പൈങ്കിളി സ്മരണകളുടെ തനിയാവര്‍ത്തനമായി തോന്നാം ഈ വാചകങ്ങള്‍....

പക്ഷെ,.. ഇത്‌ പോയ്‌മറഞ്ഞ ഏതോ ഒരു കാലഘട്ടത്തിന്റെ മാത്രം കാര്യമല്ല.. .എല്ലാ കാലത്തേയും മാര്‍ച്ചുമാസകാമ്പസ്സിന്റെ നേര്‍ക്കാഴ്ചയാണ്‌.

കാലം മാറുന്നു.....ആചാരോപചാരങ്ങള്‍.പരിഷ്ക്കാരങ്ങള്‍...രീതികള്‍ എല്ലാം മാറുന്നു.....അപ്പോഴും കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമാകാതെ ഒന്നു മാത്രം നിലനില്‍ക്കുന്നു...മനുഷ്യമനസ്സുകള്‍...അവയിലെ വിചാരവികാരതലങ്ങള്‍...

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ തീന്‍മേശകളെ സമ്പന്നമാക്കത്തിടത്തോളം കാലം...അവ നമ്മുടെ ജീനുകള്‍ക്ക്‌ കാര്യമായ വൈകല്യം പ്രദാനം ചെയ്യാത്തിടത്തോളം കാലം മനുഷ്യമനസ്സുകളിലെ പ്രണയഭാവങ്ങള്‍ നിലനില്‍ക്കും... തലമുറയിനിന്നും തലമുറയിലേയ്ക്കു പടര്‍ന്നിറങ്ങും.. ഭൂമിയില്‍ വസന്തത്തിന്റെ മാരിവില്ലു കുലയ്ക്കും....

കാമ്പസ്സുകാലം ജീവിതത്തില്‍ കൊടുംകാറ്റിനു മുമ്പുള്ള ശാന്തതയുടെ കാലമാണ്‌.

പരുപരുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ വഴിത്താരയിലേയ്ക്കു ചുവടുവെയ്ക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ ഒരു വരദാനം പോലെ വീണു കിട്ടുന്ന,..ക്ഷണികമെങ്കിലും മധുരാര്‍ദ്രമായ കുറെ നാളുകള്‍.

കുംഭമാസത്തിലെ പൊള്ളുന്ന വെയിലിനു പോലും പൂനിലാമഴയുടെ കുളിരുണ്ടെന്നു തോന്നുന്ന ആ പ്രായത്തില്‍ കാമ്പസ്സിന്റെ നാലുചുവരുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചിലപ്പോള്‍ ചെറിയ അഹങ്കാരമായി മാറുന്നു... വാകമരങ്ങള്‍ പൂവാരിവിതറി തണല്‍ വിരിയ്ക്കുന്ന വഴിത്താരയുടെ മൃദുസ്പര്‍ശത്തില്‍ സ്വയം മറന്നു യാത്ര ചെയ്യുന്നു പലപ്പോഴും........

ഒടുവില്‍ എല്ലാം കഴിഞ്ഞ്‌ വാടാന്‍ തുടങ്ങിയ മുല്ലപൂക്കളും,..വളപ്പൊട്ടുകളും.ചോക്ലേറ്റുകടലാസുകളും മാത്രം ശേഷിയ്ക്കുന്ന കലാലയാങ്കണത്തില്‍നിന്നും കലങ്ങിചുവന്ന കണ്ണുകളും,.. ശൂന്യമായ മനസ്സുമായി, വിശാലമായ ലോകത്തിന്റെ പരുപരുത്ത പ്രതലത്തിലേയ്ക്ക്‌ ഒരനാഥനായി വീണ്ടും പിറന്നുവീണത്‌ ഏപ്രിലിലെ ആദ്യദിനത്തിലായിരുന്നു എന്നത്‌ തികച്ചും യാദൃശ്ചികമായ മറ്റൊരു സത്യം.

മൊബെയിലിലെ കുട്ടി പരിഹാസത്തോടെ പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി..

ഞെട്ടിത്തെറിച്ചു...സമയം ആറുമണി...!.ദേഷ്യത്തോടെ അലാം ഓഫ്‌ ചെയ്തു.

പാവം മനുഷ്യന്റെ നിസ്സഹായവസ്ഥയെ യന്ത്രങ്ങള്‍പോലും പരിഹസിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു....

കര്‍ത്താവെ..! നാട്ടില്‍ മണി എട്ടര..ശോശാമ്മയെ ഇതുവരെ വിളിച്ചില്ല...!!

ഓരോന്നോര്‍ത്തും ടൈപ്പ്‌ ചെയ്തും നേരം പോയതറിഞ്ഞില്ല....ആദ്യം അവളെ വിളിയ്ക്കാം എന്നിട്ടാവാം മറ്റു കാര്യങ്ങള്‍.....

അല്ലെങ്കില്‍ വേണ്ടാ.. ബാത്ത്‌റൂമില്‍ വെച്ചാകട്ടെ ഫോണ്‍ചെയ്യല്‍...ഒട്ടും സമയം നഷ്ടപ്പെടുത്താതെ രണ്ടുകാര്യവും ഒന്നിച്ചു നടത്തമല്ലോ...

മൊബെയിലും ബാത്‌ടവലുമെടുത്ത്‌, ഊടുതുണി ഊരിയെറിഞ്ഞ്‌ ഒരു നാണവുമില്ലാതെ,,..തീര്‍ത്തും നഗ്നനായി,..മൂന്നു വയസ്സുകാരന്റെ കുറുമ്പു നിറഞ്ഞ മനസ്സുമായി "ഉണ്ണിപൂവും" ആട്ടിയാട്ടി മെല്ലെ ബാത്ത്‌ റൂമിലേയ്ക്കു നടന്നു...

ഒരോ ദിവസത്തേയും അങ്കത്തിനു ഹരിശ്രീ കുറിയ്ക്കുന്നത്‌ അവിടെ നിന്നാണല്ലൊ...
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നല്ലെ പ്രമാണം.......

(തുടരും)

അടുത്ത പെഗ്ഗില്‍ ശോശാമ്മയെ അടുത്തിരുത്തി സൂസിമോളുടെ കല്യാണവിശേഷം എഴുതും ഞാന്‍......

കാത്തിരിയ്ക്കു....

കൊല്ലേരി തറവാടി

2 comments:

 1. അടുത്ത പെഗ്ഗില്‍ ശോശാമ്മയെ അടുത്തിരുത്തി സൂസിമോളുടെ കല്യാണവിശേഷം എഴുതും ഞാന്‍......

  ReplyDelete
 2. ((((((((((((((((ടോ))))))))))))))))

  എന്താ ഒരു ഓലപ്പടക്കത്തിന്റെ ശബ്ദം.

  അത് തെങ്ങയുടച്ചതാ.

  തേങ്ങാ സൌണ്ട് പ്രൂഫാണോ ?

  ആണുങ്ങളുടെ തേങ്ങക്ക് 33 % ശബ്ദം കുറവാ.

  തറവാടി.

  നല്ല കഥ.

  ആശംസകള്‍.

  ReplyDelete