സൂസ്സിമോളുടെ കല്യാണം...അതൊരു സംഭവം തന്നെയായിരുന്നു ഓലക്കുടിയില്‍... പ്രത്യേകിച്ചും ഞങ്ങള്‍ യുവാക്കള്‍ക്ക് ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ദിനം.... ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരിയ്ക്കും ഒരു കരിദിനം.........
സൂസിമോളുടെ കല്യാണം വീട്ടുമുറ്റത്തു പന്തലൊരുക്കി... വടക്കെമുറ്റത്ത് അടുക്കളപന്തലൊരുക്കി തനി നാടന്‍രീതിയില്‍ ആര്‍ഭാടമായിത്തന്നെ നടത്താന്‍ മാഷ് തീരുമാനിച്ചു...
'അതൊക്കെ വലിയ പാടല്ലെ അപ്പച്ചാ....വീടും പരിസരവും വൃത്തികേടാകും,..പിന്നെ എത്ര ശ്രദ്ധിച്ചാലും മഴ പെയ്താല്‍ ആകെ അലമ്പാവും....നമുക്ക് ആ ടൗണില്‍ പള്ളിക്കടുത്തു പൂക്കോടന്മാര്‍ പുതിയതായി പണിത ഏ സി ഓഡിറ്റോറിയം തന്നെ അങ്ങു ബുക്ക്` ചെയ്യാം...."
സണ്ണിക്കുട്ടിയും ജോണികുട്ടിയും അപ്പന്റെ മനസ്സു മാറ്റാന്‍ പരമാവധി ശ്രമിച്ചു നോക്കി...
പക്ഷെ മാഷുടെ തീരുമാനം ഉറച്ചതായിരുന്നു..
എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് സ്വന്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു... അതിന്റേതായ ന്യായീകരണങ്ങളുമുണ്ടായിരുന്നു..
കാറു വീടും വലിയ ബംഗ്ലാവും വിശാലമായ മുറ്റവുമൊക്കെയുള്ള വലിയ പണക്കാര്‍ പോലും സ്വന്തമായി ഒരു സെന്റു ഭൂമിപോലുമില്ലാത്തവരെ പോലെ ആരാന്റെ കല്യാണമണ്ഡപം പാട്ടെത്തിനെടുത്ത് ആര്‍ഭാടത്തോടെ സ്വന്തം മക്കളുടെ കല്യാണം നടത്തുമ്പോള്‍ ചിന്തിയ്ക്കാതെ പോകുന്ന ഒരുപാടു കാര്യങ്ങള്‍....
ആഘോഷനിമിഷങ്ങളില്‍ അനാഥമാകുന്ന തറവാടും പരിസരവും....ആര്‍പ്പുവിളിയ്ക്കും ആരവത്തിനും കാതോര്‍ത്തു തളരുന്ന ചുവരുകള്‍..... ബന്ധുക്കളുടെയും നാട്ടുക്കാരുടെയും കാലടിപാടുകള്‍ക്കായി കൊതിച്ചു നിരാശരാകുന്ന മുറ്റത്തെ മണ്‍ത്തരികള്‍....പ്രിയപ്പെട്ടവരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ കഴിയാതെ തറവാടിനകത്ത് ഒറ്റപ്പെടുന്ന വൃദ്ധമനസ്സുകളുടെ ആത്മനൊമ്പരങ്ങള്‍...അതുകണ്ടുകേഴുന്ന മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍....ഇതൊക്കെ ഓര്‍ക്കുമ്പോള്‍ പലപ്പോഴും സങ്കടം വരാറുണ്ട് മാഷിന്റെ പഴയ മനസ്സിന്...
കാറ്ററിംഗ് സര്‍വ്വീസുക്കാര്‍ എണ്ണിചുട്ട അപ്പം പോലെ കൊണ്ടുവരുന്ന വിഭവങ്ങള്‍.. ബീവറേജസിന്റെയും മുന്നിലും, പരലോകത്തേയ്ക്കുള്ള ക്യൂവിലും ഒഴികെ മറ്റെല്ലായിടത്തും ഒരച്ചടക്കവുമില്ലാതെ "ഞാനാദ്യം..ഞാനാദ്യം" എന്ന തിടുക്കത്തൊടെ തന്‍പ്രമാണിത്വം കാണിയ്ക്കുന്ന നാട്ടുകാര്‍ക്ക് കൂട്ടത്തോടെ കയ്യിട്ടു വാരി തിന്നാന്‍ അവസരമുണ്ടക്കിക്കൊടുക്കുന്ന ബുഫേ സിസ്റ്റം എന്ന ഏര്‍പ്പാടിനോടും മാഷക്ക് ആദ്യം മുതലെ വെറുപ്പായിരുന്നു...
രാവിലത്തെ ഒറ്റ സിറ്റിങ്ങില്‍തന്നെ രണ്ടു രണ്ടരയിടങ്ങഴി വിസര്‍ജിച്ചു ശീലമുള്ള മലയാളികള്‍ ഏതെങ്കിലുമൊരു ദിവസം അതിന്റെ അളവില്‍ ഒന്നോ രണ്ടോ കഴിഞ്ചു കുറവുവന്നാല്‍ "അയ്യോ രണ്ടു ദിവസമായി ശോധന ശരിയായില്ല"... എന്നു പറഞ്ഞു അടുത്തുള്ള വൈദ്യശാലയിലേയ്ക്കോടുന്നു... വയിറിളക്കാന്‍ മരുന്ന് വാങ്ങി കഴിയ്ക്കുന്നു......
അങ്ങിനെ ഒരറ്റത്ത് അത്തരത്തില്‍, അതിനനുയോജ്യമായ ഭക്ഷണക്രമം തലമുറകളായി പിന്തുടരുന്ന നമ്മള്‍ ആധുനികതയുടെ പേരില്‍ കാക്കകാഷ്ടത്തിന്റെ അളവിനു സമാനമായി ഒരു റ്റിഷ്യൂ പേപ്പറില്‍ കാര്യങ്ങളൊതുക്കാന്‍ വേണ്ടി കത്തിയും മുള്ളും ഉപയോഗിച്ചു അളന്നു മുറിച്ചു ആഹാരം കഴിയ്ക്കുന്ന സായ്പ്പിന്റെ തീന്‍മേശയിലെ ആചാരങ്ങളും രീതികളും പിന്തുടരാന്‍ വൃഥാ ശ്രമിയ്ക്കുന്നു..
ഇത്തരത്തില്‍ തനതുപാരമ്പര്യവും സംസ്ക്കാരവും നിലനിര്‍ത്താന്‍ മോഹിയ്ക്കുന്നതിനോടൊപ്പം ആധുനികതയെ വാരിപുണരാന്‍ ശ്രമിയ്ക്കുന്ന മലയാളിമനസ്സിന്റെ ഇരട്ടത്താപ്പിനെ അവജ്ഞയോടെ വീക്ഷിയ്ക്കാനെ തികഞ്ഞ ഗാന്ധിയനായ മാഷക്ക് കഴിയാറുള്ളു.....
അങ്ങിനെ മാഷുടെ വീക്ഷണങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമനുസരിച്ച് തറവാട്ടുമുറ്റത്തുത്തന്നെ കല്യാണപന്തലുയര്‍ന്നു...കലവറ തുറന്നു...വടക്കുവശത്തെ അടുക്കളപന്തലില്‍നിന്നും പുകചുരുളുകള്‍ വിശാലമായ തറവാട്ടുപറമ്പിലെ അന്തരീക്ഷത്തില്‍ ഒഴുകി നടക്കാന്‍ തുടങ്ങി.......
മറ്റു പ്രദേശങ്ങളിലെന്നപൊലെ ഓലക്കുടിയിലും ഏതൊരു വീട്ടില്‍ കല്യാണമുണ്ടായാലും കല്യാണതലേന്ന് ഉച്ചമുതല്‍ പിറ്റേന്ന് കല്യാണസദ്യക്ക് അവസാനപന്തിയ്ക്ക് ഇലയിടുന്നതു വരെയും ആ വീട്ടില്‍ ഓലക്കുടിയിലെ യുവജനങ്ങളുടെ സജീവസാന്നിധ്യമുണ്ടാകും...
അടുക്കളപന്തല്‍ മുതല്‍ മണിയറയുടെ അലങ്കാരം വരെ ഏല്ലാത്തിന്റെ പുറകിലും അവരുടെ കയ്യും മെയ്യും മനസ്സുമുണ്ടാകും...
മറ്റു ദേശങ്ങളിലെ യുവാക്കാളെപ്പൊലെ ഓസിനു ഓസിയാറടിച്ചു മത്തു പിടിച്ചുവാളുവെയ്ക്കാനുള്ള അവസരങ്ങള്‍ക്കുള്ള മോഹനങ്ങളൊന്നുമായിരുന്നില്ല ഇതിന്റെ പുറകില്‍..
ആണ്‍കുട്ടികള്‍ പതിനാറു തികഞ്ഞ പിറ്റേ ദിവസം മുതല്‍ രാവിലെ മുഖം കഴുകാനും ദാഹിയ്ക്കുമ്പോള്‍ വെള്ളത്തിനു പകരം കുടിയ്ക്കാനും ലാവിഷായി പട്ടയുപയോഗിയ്ക്കുന്ന ഓലക്കുടിയിലെ യുവാക്കള്‍ക്ക് അങ്ങിനെ പ്രത്യേകിച്ചൊരവസരത്തിനുവേണ്ടി കൊതിയോടെ കാത്തിരിയ്ക്കേണ്ട കാര്യമില്ലല്ലൊ....
പിന്നെ, എന്താന്നുവെച്ചാല്‍.. ഒരു രസം... സ്വയം മറന്നാഘോഷിയ്ക്കാനുള്ള ഒരവസരം..
ഒരു വീട്ടിലെ കല്ല്യാണമെന്നു പറയുന്നത് ആ വീട്ടുകാരുടെ മാത്രമല്ല ആ ദേശത്തെ ചെറുപ്പക്കാരുടെ കൂടി ആഘോഷമാണ്.. നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ അത് ആബാലവൃദ്ധം ജനങ്ങളുടെയും ആഘോഷമായി മാറും..........
റിക്കോര്‍ഡുകളില്‍നിന്നും റിക്കോഡുകളിലേയ്ക്കു കുതിച്ച് ആഗോളപ്രശസ്തി നേടുമ്പോഴും,...... ലാളിത്യം കൈവിടാന്‍ മടിയ്ക്കുന്ന,.. ഒരുപാടു കൊച്ചുകൊച്ചു ഗ്രാമങ്ങളുടെ സമന്വയമായ ഓലക്കുടിപട്ടണത്തിന് പലകാര്യങ്ങളിലും ഇന്നും പഴയ നാട്ടിന്‍പുറത്തിന്റെ ശീലങ്ങളാണ്...
ആഹ്ലാദോന്മത്തരായി ഒത്തുചേരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പരസ്പരം സൗഹൃദം പങ്കുവെയ്ക്കാനുതകുന്ന സുഖമുള്ള കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിയ്ക്കുന്നു ഇത്തരം ഉത്സവനിമിഷങ്ങള്‍..
വിവാഹിതര്‍ക്ക് ഹൃദയത്തിന്റെ മണിചെപ്പില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള മഹത്തായ ആ ദിനത്തിന്റെ സുന്ദരനിമിഷങ്ങള്‍ ആലേഖനം ചെയത ആല്‍ബം പൊടിതട്ടിയെടുത്ത് മധുരസ്മരണകള്‍ അയവിറക്കി രസിയ്ക്കാനുള്ള ഒരസുലഭാവസരം.....
അവിവാഹിതര്‍ക്ക് തങ്ങളുടെ ജീവിതത്തിലും കടന്നുവരാന്‍പോകുന്ന മഹത്തായ ആ ദിനത്തെക്കുറിച്ച് സുഖമുള്ള ഓര്‍മ്മപ്പെടുത്തല്‍..എല്ലാം നീരിക്ഷിച്ചു മനപാഠമാക്കാനുള്ള ഒരവസരം...
കൂട്ടുകാരിയുടെ വിവാഹനാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന സായാഹ്നം. അവിവാഹിതകളായ യുവതികളെ സംബന്ധിച്ച് തികച്ചും അവിസ്മരണീയമായ നിമിഷങ്ങളായിരിയ്ക്കും സമ്മാനിയ്ക്കുക.........
മണവാട്ടിപ്പെണ്ണിനൊപ്പം നാളെ അവളുടെ ആദ്യരാവിലെ സുന്ദരമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുന്ന മുറിയില്‍ ചിലവഴിയ്ക്കുന്ന നിമിഷങ്ങള്‍..!
തൃശൂരില്‍ പൂരത്തലേന്ന് അലങ്കരിച്ചൊരുക്കിവെയ്ക്കുന്ന ആനചമയങ്ങള്‍പോലെ പ്രദര്‍ശിപ്പിയ്ക്കുന്ന പുത്തന്‍ ആഭരണങ്ങളുടെ തിളക്കം,...!
പുതുവസ്ത്രങ്ങളുടെ വര്‍ണ്ണചാരുത,..!.
മംഗല്യദിനം സുരഭിലസുന്ദരമാക്കാന്‍ കരുതലോടെ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചുവെച്ച വിടരാന്‍ വെമ്പിനില്‍ക്കുന്ന ഈര്‍പ്പമുള്ള മുല്ലപ്പൂമൊട്ടുകളുടെ മാദകഗന്ധം ..!
സ്വര്‍ഗതുല്യമായ ആ അന്തരീക്ഷത്തില്‍ രാജകുമാരിയെപോലെ വിലസി വിരാജിയ്ക്കുന്ന നവവധു.....!
ആ മാസ്മരികക്കാഴ്ചകള്‍ പാവം അവരിലുറങ്ങികിടക്കുന്ന മൃദുമോഹങ്ങളെ... അവയുടെ മര്‍മ്മസ്ഥാനത്തുതന്നെ വിരല്‍മീട്ടിയുണര്‍ത്തും..!
അടുത്തത് എന്റെ നമ്പര്‍...എന്റെ നമ്പര്‍....എന്ന ചിന്തയില്‍ ആ ലോലഹൃദയങ്ങള്‍ വികാരഭരിതകമാകും...!
മണിയറയുടെ കിളിവാതിലൂടെ താഴെ പന്തലിലില്‍ ചുറുചുറുക്കോടെ ഓടിനടക്കുന്ന യുവാക്കളെ സ്വയം മറന്നുനോക്കിനില്‍ക്കുമ്പോള്‍ അതുവരെ ഇല്ലാതിരുന്ന എന്തോ ഒരു ആകര്‍ഷണം...ഒരടുപ്പം...എന്തിനോവേണ്ടിയുള്ള തൃഷ്ണ...ആ മനസ്സുകളില്‍ ചുരമാന്തിയുണരും..!
ഇതേ സമയം, ഇത്തരം സന്ദര്‍ഭങ്ങളില്‍ യുവാക്കളുടെ രീതികളും ചിന്തകളും കുറെകൂടി വിശാലമായിരിയ്ക്കും.പ്രായോഗികമായിരിയ്ക്കും......
കിട്ടുന്ന ഓരോ അവസരങ്ങളും പറ്റുന്ന വിധത്തിലൊക്കെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരിയ്ക്കും അവരുടെ പ്രധാന ലക്ഷ്യം....
അടുക്കളപന്തലില്‍ പാത്രം കഴുകുന്ന പാവം വാത്തി രാധ മുതല്‍ നാല്‍പ്പതു കഴിഞ്ഞിട്ടും മുപ്പതിന്റെ മൂപ്പും മുഴപ്പും ത്രസിപ്പുമായി...കടക്കണ്ണില്‍ കത്തിയെരിയുന്ന കാമംനിറച്ച കുസൃതിയും,.. മുറുക്കിചുവപ്പിച്ച ചുണ്ടുകളില്‍ ശൃംഗാരചിരിയും വാരിവിതറി... ചുറുചുറുക്കോടെ പന്തലില്‍ ഓടി നടക്കുന്ന ആലീസ്‌ചേട്ടത്തി വരെ വിവിധ രീതികളും.... രൂപഭാവങ്ങളുമുള്ള മഹിളാമണികളുമായി കൊഞ്ചാനും കുഴയാനും ഇത്തിരി കളിപറയാനും.. ഒത്തുകിട്ടിയാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ ഒന്നു തട്ടാനും മുട്ടാനും കിട്ടുന്ന ചില സുന്ദരനിമിഷങ്ങള്‍..!
പിന്നെ ഇത്തിരി തഞ്ചവും കുറെ ലക്കും ഒത്തു വരുകയാണെങ്കില്‍ .. അന്യദേശങ്ങളില്‍ നിന്നും കല്യാണം കൂടാന്‍ വരുന്ന മുഖക്കുരു പരുവത്തിലുള്ള നല്ലൊരു നരന്തുപെണ്ണിനെ വലയിലാക്കി ചെത്തൊരു ലൈനുണ്ടാക്കി ഭാവിജീവിതം നിറമുള്ളതാക്കി മാറ്റാനുള്ള സുവര്‍ണ്ണവസരങ്ങള്‍.....
ഞങ്ങളുടെ ചുള്ളന്‍സംഘത്തിലെ തലമുതിര്‍ന്ന മെംബറും പോലീസുകാരനും കൂട്ടത്തില്‍ ഏറ്റവും രസികനും, സര്‍വ്വോപരി സുന്ദരനുമായ കുട്ടിക്കല്‍ മോഹനേട്ടന്‍ രണ്ടുവര്‍ഷം മുമ്പ് ഇതുപോലെ ഒരു ദിവസം മോതിരക്കണ്ണിയിലെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ അവന്റെ പെങ്ങളുടെ കല്യാണത്തിനു പോയതായിരുന്നു..... നല്ല അടുപ്പുമുള്ള ചങ്ങാതിയായതുകൊണ്ട് തലേദിവസം ദിവസം രാവിലെ തന്നെ മോഹനേട്ടന്‍ അവിടെ എത്തി.
നല്ല എരിവും മസാലയും ചേര്‍ത്തു വരട്ടിയെടുത്ത കാട്ടുപന്നിയിറച്ചിയുടെയും, പുഴുങ്ങിയ വേളാംകണ്ണികൊള്ളികിഴിങ്ങിന്റെയും സപ്പോര്‍ട്ടില്‍ വലിച്ചു കയറ്റിയ നാടന്‍ കശുമാങ്ങചാരായത്തിന്റെ ലഹരിയില്‍ കല്യാണവീടിനു മുമ്പിലൂടെ നിറഞ്ഞു തുളുമ്പിയൊഴുകുന്ന കനാലിന്റെ തീരത്തു കൂടി മോതിരക്കണ്ണിയുടെ സായാഹ്ന സൗന്ദര്യവും ആസ്വദിച്ച് ഒറ്റയ്ക്കൊന്നു നടക്കാനിറങ്ങി പാവം മോഹനേട്ടന്‍.
കല്യാണവീടിന് എതിര്‍വശത്ത് കനാലിനക്കരെയുള്ള ഓടിട്ട രണ്ടുനിലവീടിന്റെ മുറ്റത്ത് പോക്കുവെയിലിന്റെ സ്വര്‍ണ്ണകിരങ്ങളില്‍ ശോഭിച്ച് എന്തൊക്കയൊ സ്വപ്നങ്ങളില്‍ മുഴുകി ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ അലസലാസ്യ വിലാസവതിയായി മുടി കോതിയൊതുക്കികൊണ്ടിരിയ്ക്കുകയായിരുന്നു നീണ്ടുവിടര്‍ന്ന ഒരു നാടന്‍സുന്ദരി അപ്പോള്‍.... ....
ഒരു നിമിഷം...ഒരു ദുര്‍ബല നിമിഷം പാവം മോഹനേട്ടന്റെ മിഴികള്‍ അറിയാതെ അവളിലേയ്ക്കു തെന്നി വീണു...
തികച്ചും യാദൃശ്ചികമായി,.. കൃത്യം ആ സമയത്തുതന്നെ മുടിയുടെ ജട പിടിച്ച ഭാഗത്തു പേന്‍ചീപ്പു കുടുങ്ങിയ വേദനയില്‍ അവളും മുഖം തിരിച്ചു..... ഒരു നിമിത്തം പോലെ ...നിയോഗം പോലെ..മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടെന്നപോലെ.. ഇത്തിരിപോലും ഉന്നം തെറ്റാതെ..ആ മിഴികള്‍ മോഹനേട്ടനുനേരെ നീണ്ടു....
സൈറ്റടിയ്ക്കുകയാണൊ എന്നുതോന്നിയ്ക്കുന്ന വിധം അവ ആദ്യം ചിമ്മിയടഞ്ഞു.. പിന്നെ വിടര്‍ന്നു തിളങ്ങി........
മിഴികള്‍ പരസ്പരം കൂട്ടിമുട്ടിയ ആ നിമഷം... ശാകുന്തളത്തിലെ ആദ്യാനുരാഗനിമിഷത്തിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു......
ആ വിടര്‍ന്നു ചാഞ്ചാടുന്ന മിഴികളുടെ മാന്ത്രികതയില്‍... മനം മയക്കുന്ന ആ സൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ചയില്‍.. ചാരായം നല്‍കിയ വീര്യത്തിന്റെ ബലത്തില്‍..... പാവം മോഹനേട്ടന്‍ എല്ലാം മറന്ന്... പരിസരം മറന്ന് ഉച്ചത്തില്‍ നീട്ടിപാടി...
"ചിത്തിരതോണിയില്‍ അക്കരെ പോകാന്‍ എത്തിടാമോ പെണ്ണെ,...ചിറയിന്‍കീഴിലെ പെണ്ണെ കാലില്‍ ചിലങ്ക കെട്ടിയ പെണ്ണെ...."......!!!!
ആ പെണ്ണു ചിറയിന്‍കീഴുകാരിയായിരുന്നില്ല...!
കാലില്‍ ചിലങ്കയും കെട്ടിയിരുന്നില്ല......!
പരിശുദ്ധയായ അവള്‍ ജീവിതത്തിലൊരൊയ്ക്കലും "ചിത്തിരതോണി" കണ്ടിട്ടില്ലായിരുന്നു..! അത്തരം അവസരങ്ങളെക്കുറിച്ചൊന്നും ആ പാവം ഏറെ ചിന്തിച്ചിട്ടില്ലായിരുന്നു...
പക്ഷെ,...പെട്ടന്നൊരാവേശത്തില്‍,... അറിയാതെ പാടിയതായിരുന്നെങ്കിലും... ശ്രുതി, ലയം,.. താളം തുടങ്ങിയ സംഗതികളൊന്നും കൃത്യമായി ഇല്ലായിരുന്നുവെങ്കിലും... ആ പാട്ടിലുടനീളം വല്ലാത്തൊരു"ഫീല്‍"ഉണ്ടായിരുന്നു.
ആ പെണ്‍കുട്ടിയ്ക്ക് അതു പെട്ടന്നുതന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു... പഴയപാട്ടിന്റെ പുതിയ റീമിക്സ് വേര്‍ഷന്‍ ആ മനസ്സു പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു....
എടുക്കുമ്പോള്‍ ഒന്ന്... തൊടുക്കുമ്പോള്‍ പത്ത്... എന്ന കണക്കില്‍ അവളുടെ ഹൃദയത്തില്‍ നിന്നും ആയിരക്കണക്കിനു എസ്സെമ്മെസ്സുകള്‍ പറന്നെത്തി മോഹനേട്ടനെ വീര്‍പ്പുമുട്ടിച്ചു...
അവിടെ...മോഹനേട്ടന്റെ ജീവിതത്തിലെ പുതിയൊരദ്ധ്യയത്തിനു തുടക്കം കുറിയ്ക്കുകയായിരുന്നു ...
ഐഡിയയില്‍ നിന്നും ഐഡിയയിലേയ്ക്ക്... .എസ്സെമ്മെസ്സുകളിലൂടെ... മിസ്‌ഡ് കോളുകളിലൂടെ.. പ്രണയസല്ലാപങ്ങളിലൂടെ.. മൊബൈല്‍ റേഞ്ചിന്റെ പരിധികള്‍ക്കപ്പുറത്തേയ്ക്കു ആ ബന്ധം വളര്‍ന്നു..
കാത്തിരുന്നു... കാത്തിരുന്നു വിവശമാകാന്‍ തുടങ്ങിയ അവരുടെ മനസ്സുകള്‍ പോലെ.....ചാര്‍ജുചെയ്ത് ചാര്‍ജുചെയ്തു മതിവരാതെ ഇരു മൊബൈലുകളിലേയും ബാറ്ററികളും തളരാന്‍ തുടങ്ങിയിരുന്നു...
കൂടുതലെന്തു പറയാന്‍...ഒടുവില്‍ സംഭവിയ്ക്കേണ്ടതുതന്നെ സംഭവിച്ചു..!!..
സംഭാവാമി യുഗേ യുഗേ ..!!
ആറു മാസത്തിനകം തൃസന്ധ്യയ്ക്കു കണ്ട ആ പെണ്ണ്.. സന്ധ്യ... മോഹനേട്ടന് സ്വന്തമായി..... പട്ടുചേലയുടെ കാന്തിയില്‍... കത്തിച്ച് നിലവിളക്കിന്റെ ശോഭയില്‍... സീമന്തരേഖയില്‍ നവസിന്ദൂരതിലകത്തിന്റെ ഐശ്വര്യവുമായി അവള്‍ ആദ്യം വലതുകാലുവെച്ചു...
പിന്നെ, ഇരുവരുംചേര്‍ന്ന് കരുതലോടെ.. അടക്കത്തോടെ,... ഒതുക്കത്തോടെ,.... അതിലേറെ ഒരുമയോടെ വലതുകാലും ഇടതുകാലും മാറിമാറി വെച്ച്.. മെല്ലെ ജീവിതയാത്രയുടെ പടവുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി....
അങ്ങിനെയങ്ങിനെയങ്ങിനെ ..... കല്യാണകഴിഞ്ഞ്` കൃത്യം പത്തുമാസം കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങളുടെ "ചുള്ളാധിച്ചുള്ളന്‍" മോഹനേട്ടന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനുമായി.... !!!.
നോക്കണേ...എങ്ങിനെ അടിച്ചുപൊളിച്ചുനടന്നിരുന്നിരുന്നതാണ് മോഹനേട്ടന്‍... ആ പാവത്തിന് എത്ര പെട്ടന്നാണ് ഇങ്ങിനെയെല്ലം വന്നു ഭവിച്ചത്.....!...
വിധിയുടെ വിളയാട്ടം.....അല്ലാതെന്തുപറയാന്‍...!!
ഇങ്ങിനെ ഒരു ബന്ധം ഊട്ടിയുറപ്പിയ്ക്കന്ന വിവാഹവേളകള്‍....എത്രയെത്ര പുതിയ ബന്ധങ്ങളുടെ തുടക്കത്തിനു നിദാനമാകുന്ന വേദികളായി മാറുന്നു... മനുഷ്യരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നു...
കെട്ടുപ്രായമെത്തിയ മക്കളുള്ള ചില മാതാപിതാക്കള്‍ കന്നുകാലിചന്തയിലെത്തുന്ന തരകുകാരന്റെ കൗശലം നിറഞ്ഞ കണ്ണുകളുമായി പരതിനടന്ന് തങ്ങള്‍ക്കനുയോജ്യരായ മരുമക്കളെ പലപ്പോഴും ഇത്തരം വേദികളില്‍നിന്നും കണ്ടെത്തുന്നു...
************************************************************************************
കര്‍ത്താവെ... നേരം പന്ത്രണ്ടു മണി കഴിഞ്ഞിരിയ്ക്കുന്നു!....
ശോശാമ്മ നൈറ്റ് ഡ്യൂട്ടിയിലാണെന്നുള്ള ധൈര്യത്തില്‍ ഞാന്‍ എല്ലാം മറന്നിരുന്നിഴുതുകയാണ്... നാളെ രാവിലെ എനിയ്ക്കു ഡ്യൂട്ടി ഉണ്ടെന്നുള്ള കാര്യം പോലും മറന്ന്......
ഡാഡിയും മമ്മിയും ജോലിയ്ക്കുപോകുമ്പോള്‍ ഫ്ലാറ്റില്‍ ഒറ്റയ്ക്കാവുന്ന ഒരു കൗമാരക്കാരന്‍ അനുഭവിയ്ക്കുന്ന ധെര്യവും.. സ്വാതന്ത്രവും തുളുമ്പുന്ന പ്രത്യേകതരം മാനസ്സികാവസ്ഥയില്ലെ... ഏതാണ്ട് അതേ അവസ്ഥ ശോശാമ്മ ജോലിയ്ക്കു പോകുന്ന സമയങ്ങളില്‍ എനിയ്ക്കും ഫീല്‍ ചെയ്യാറുണ്ട്..
ഇന്റര്‍നെറ്റില്‍ ചാറ്റ് റൂമിലെ കറക്കങ്ങളിലായാലും.....ഓഫീസിലെ മുരുഗനണ്ണാച്ചിയുടെ കയ്യില്‍നിന്നും ആരും കാണാതെ, മാന്യതയ്ക്കു കോട്ടം തട്ടാതെ,.. ചുളുവില്‍ സംഘടിപ്പിയ്ക്കന്ന കുസൃതിസീഡികള്‍ കാണുന്ന കാര്യത്തിലായാലും.. അങ്ങിനെ എല്ലാത്തിലും വല്ലാത്ത ഉത്സാഹം...
ഇപ്പോള്‍തന്നെ ഇതു ടൈപ്പ് ചെയ്യുമ്പോള്‍ അവളിവിടെ ഉണ്ടായിരുന്നെങ്കില്‍ കലിതുള്ളി അലറുമായിരുന്നു...
എന്തിനവളെ പറയണം.....എന്നോ ഒരുകാലത്ത് വെറും പരിചയം മാത്രമുള്ള ഒരു നാട്ടുകാരിപെണ്ണിനെക്കുറിച്ചോര്‍ത്തു ഇത്രയേറെ വികാരം കൊള്ളുന്ന,.. ആ വികാരത്തിന്റെ പുറത്ത് എന്തൊക്കയൊ എഴുതിപ്പിടിപ്പിയ്ക്കുന്ന ഒരു ഭര്‍ത്താവിനെ ഏതു ഭാര്യയ്ക്കാണ് ക്ഷമയോടെ കണ്ടുനില്‍ക്കാന്‍ കഴിയുക....
ക്ഷമയുടെ... സഹനത്തിന്റെ.. ത്യാഗത്തിന്റെ... സ്നേഹത്തിന്റെ പര്യായമായ പഴയ "സ്ത്രീ" സീരിയിലെ നായിക ഇന്ദുവിനുപോലും കഴിയില്ല......!!
പിന്നേയല്ലെ ക്ഷമ, സഹനശക്തി ഇതൊന്നും നാലയലത്തുകൂടിപോലും പോകാത്ത.. മുന്‍കോപം മുഖമുദ്രയായ എന്റെ പാവം ശോശാമ്മയുടെ കാര്യം..!!
പക്ഷെ,...എത്ര ശ്രമിച്ചിട്ടും എഴുതാതിരിയ്ക്കാന്‍ കഴിയുന്നില്ല...
എന്റെ മാത്രം കുഴപ്പമല്ല ഇത്,...സൂസ്സിമോളെകുറിച്ചോര്‍ക്കുന്ന നിമിഷങ്ങളില്‍ അക്കാലത്ത് ഓലക്കുടിയിലുണ്ടായിരുന്ന ഓരോ യുവാവിന്റേയും മാനസികാവസ്ഥ ഇപ്പോഴും ഇതൊക്കെതന്നെയായിരിയ്ക്കും....
പറയുന്നതില്‍ അതിശോക്തി തോന്നുമെന്നറിയാം...
എന്നാലും പറയാതിരിയ്ക്കാന്‍ കഴിയില്ല.. പ്രത്യേകിച്ചും പള്ളികാര്യങ്ങളില്‍ അതീവതല്‍പ്പരയായിരുന്ന സൂസ്സിമോളുമൊത്ത് സജീവമായി പ്രവര്‍ത്തിയ്ക്കാന്‍ അവസരം ലഭിച്ച ഞങ്ങള്‍ യൂത്ത് മൂവ്‌മന്റ് പ്രവര്‍ത്തകര്‍ക്ക്...
പഴകിയ വീഞ്ഞുപോലെ,.. മനസ്സിന്റെ അടിത്തട്ടിലെ നനുത്ത ഓര്‍മകള്‍ സിരകളില്‍ ലഹരിപടര്‍ത്തി പടര്‍ന്നിറങ്ങി വീര്യമുണര്‍ത്താന്‍ തുടങ്ങുന്ന മൂന്നാമത്തെ പെഗ്ഗിന്റെ കിക്കില്‍ നോണ്‍വെജിറ്റേറിയന്‍ കല്യാണസദ്യ ഇത്തിരി കേമായിട്ടുതന്നെ വിളമ്പാം എന്നു കരുതുന്നു....
നാട്ടില്‍,..കമ്പനികൂടി കഴിയ്ക്കാനിരിയ്ക്കുന്ന വേളകളില്‍ ഒന്നു രണ്ടു പെഗ്ഗു കഴിയുമ്പോളെ,...ലഹരിമൂത്ത്, സദസ്സറിയാതെ, സഭ്യാസഭ്യ വേര്‍തിരിവില്ലാതെ,..കേള്‍ക്കുന്നവര്‍ക്കു ബോറടിയ്ക്കുന്നുണ്ടോ എന്ന ചിന്ത പോലുമില്ലാതെ ചളുവടിച്ചുകൊണ്ട് ഷൈന്‍ ചെയ്യുക എന്നത് പണ്ടെ എന്റെ ഒരു ശീലമാണ്......
അവസാനം കല്യാണാവിരുന്നൂണു നാളുകളില്‍ ഒരു ദിവസം ആ ശീലം ശരിയ്ക്കും വിനയായി മാറി....
അല്ലെങ്കിലും കല്യാണത്തിനു മുമ്പുള്ള പലശീലങ്ങളും തുടര്‍ന്നുള്ള കുടുംബജീവതത്തില്‍ പാരയായി മാറുക പുരുഷന്മാരെ സംബന്ധിച്ച് ഒരു പുതുമയുള്ള കാര്യമല്ലല്ലോ...
വെക്കേഷന്‍ തീര്‍ന്നു രണ്ടുപേര്‍ക്കും മടങ്ങാന്‍ ഏതാണ്ട് ഒരാഴ്ച മാത്രം ബാക്കിയുള്ള ഒരു ദിവസം....
അന്നത്തെ അത്താഴവിരുന്ന് അവളുടെ അമ്മച്ചിയുടെ തറവാട്ടുവീട്ടിലായിരുന്നു....സ്ത്രീകളും കുട്ടികളും അടക്കം ഒരുപാടു അംഗങ്ങള്‍ അടങ്ങിയ വലിയൊരു ഒരു കൂട്ടുകുടുംബമായിരുന്നു അത്....
പുതുമണവാളന്‍ ഓലക്കുടികാരനാണെന്നാ പരിഗണനകൊണ്ടാണൊ എന്നറിയില്ല വിപുലമായൊരുക്കിയ ഭക്ഷണത്തിനോടൊപ്പം നല്ല ഒന്നാന്തരം സ്കോച്ചും പ്രത്യേകമായി ഒരുക്കിയിരുന്നു...
ഒരു മടിയും കൂടാതെ കമ്പനികൂടാന്‍ സമപ്രായക്കരും തലമുതിര്‍ന്നവരുമായ എന്തിനുപോന്ന കുറെ മച്ചാന്മാരും ...
പോരേ...പൂരം.....!!!
അത്താഴത്തിനുമുമ്പ്,.. വിശാലമായ മുറ്റത്തെ നാട്ടുമാവിന്‍ചുവട്ടില്‍,... മണിമലയാറ്റില്‍നിന്നും വീശുന്ന കുളിരുള്ള കാറ്റേറ്റ്,....കാഴ്ചക്കാരെപോലെ നിന്നിരുന്ന ആ വലിയ കുടുംബസദസ്സിനു മുന്നില്‍ താനൊരു വിരുന്നുകാരനാണെന്ന കാര്യം പോലും മറന്ന് വീശി.....ശരിയ്ക്കും വീശി...
പതിവിലേറേ വീശിയതുകൊണ്ടാകാം,.., പരിസരബോധമില്ലാതെ ...ആ സദസ്സിലെ അംഗങ്ങള്‍ ആരൊക്കയാണെന്നോര്‍ക്കാതെ,..യാതൊരു ഔചിത്യവുമില്ലാതെ പരിധിവിട്ടു ചളുവടിച്ചു...ഷൈന്‍ ചെയ്തു..
മണിചേട്ടന്റെ നാടന്‍പാട്ടുമുതല്‍ പൂരപ്പാട്ടുവരെ നീണ്ടുപോയി എന്റെ പ്രകടനം..!!
ഒപ്പം ബോധമില്ലതെ ഓവറായി നൃത്തച്ചുവടുകളെന്നപേരില്‍ എന്തൊക്കയൊ കാട്ടികൂട്ടി..!!..
..
പാവം എന്റെ ശോശാമ്മ,... ജീവിതത്തില്‍ ആദ്യമായി അവളുടെ അച്ചായന്‍ തറയാകുന്നതിനു അവള്‍ സാക്ഷിയായി....
അതും അവളുടെ അപ്പാപ്പന്റേയും,..അമ്മാമ്മയുടെയും,.. അമ്മായിമാരുടെയും നാത്തൂന്മാരുടെയും, അവരുടെ മക്കളുടെയും മുമ്പില്‍ വെച്ച്..!.... പുതുവസ്ത്രങ്ങളുടെ മണം മാറും മുമ്പെ....!
തൊലിയുരിഞ്ഞുപോകുന്നതുപോലെ തോന്നി അവള്‍ക്ക്.
അപമാനഭാരവുമായി തിരിച്ചു വീട്ടില്‍ വന്നപ്പോഴേയ്ക്കും സ്വതവേ ഇരുണ്ട അവള്‍ ഒന്നുകൂടി ഇരുണ്ടിരുന്നു..
പുതുമോടി ആയിരുന്നതുകൊണ്ടാകാം അക്കാലത്തെ അവളുടെ പിണക്കങ്ങള്‍ക്ക് ഇപ്പോഴത്തെയത്ര തീക്ഷ്ണതയോ തീവ്രവാദ ആക്രമണ രീതികളൊ ഉണ്ടായിരുന്നില്ല..
നിസ്സഹകരണം....മൗനവ്രതം തുടങ്ങിയ അഹിംസാധിഷ്ഠിത ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ ആയിരുന്നു പ്രധാന ആയുധങ്ങള്‍....
തിരിച്ചുപോകാന്‍ ഒരാഴ്ച മാത്രം ബാക്കി....
രണ്ടുപേര്‍ക്കും പോകേണ്ടതാകട്ടെ രണ്ടിടങ്ങളിലേയ്ക്കും...
ഞാന്‍ ദമ്മാമിലും,..അവള്‍ ജിദ്ദയിലും ആയിരുന്നു അന്ന് വര്‍ക്ക് ചെയ്തിരുന്നത്...
ഒരു ട്രാന്‍സ്‌ഫര്‍ ഒപ്പിച്ചെടുത്ത് ഒന്നിച്ചു ജീവിതം തുടങ്ങാന്‍ എത്ര നാളുകള്‍ കാത്തിരിയ്കേണ്ടി വരുമെന്ന് അറിയാത്ത അവസ്ഥ....
നാട്ടില്‍നിന്നും പിരിഞ്ഞാല്‍ പരസ്പരം ഒന്നു കാണാന്‍ പോലും ചുരുങ്ങിയത് നാലഞ്ചുമാസം കഴിയണം..
എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു....അമ്മച്ചിയെ തൊട്ട്..എന്തിന് കര്‍ത്താവിന്റെ പേരില്‍ പോലും ആണയിട്ടു പറഞ്ഞു....അറിയാവുന്ന രീതിയിലൊക്കെ പ്രലോഭിപ്പിയ്ക്കാന്‍ ശ്രമിച്ചു,...എന്നിട്ടും അവള്‍ കുലുങ്ങിയില്ല..വഴങ്ങിയില്ല...ഒന്നു തൊടുവാന്‍ പോലും സമ്മതിച്ചില്ല......തരിച്ചിരുന്നുപോയി ഞാന്‍...!
അവളുടെ മനസ്സിന്റെ കാഠിന്യം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.എന്തിനവളെ പറയണം അത്രയ്ക്കും നാണക്കേടല്ലെ ഞാനവള്‍ക്ക് വരുത്തിവെച്ചത്.......
തിരിച്ചു വന്ന ശേഷം നിരന്തരമുള്ള കോളുകള്‍....അറിയാവുന്ന സാഹിത്യഭാഷയില്‍ മൊബൈല്‍ വഴിയുള്ള കൊച്ചുകൊച്ചു പ്രണയസന്ദേശങ്ങള്‍...അങ്ങിനയങ്ങിനെ മെല്ലെ അവളെ തണുപ്പിച്ചെടുത്തു...
അവസാനം രണ്ടുമാസങ്ങള്‍ക്കുശേഷം ചെറിയപെരുന്നാളിന്റെ അവധിയ്ക്ക്,.. ജിദ്ദയില്‍ അവളുടെ കൂട്ടുകാരിയുടെ ഫ്ലാറ്റിന്റെ സ്വകാര്യതയില്‍ ആ പിണക്കത്തിന്റെ മൂടുപടം പൂര്‍ണ്ണമായും അഴിച്ചുമാറ്റി ഞങ്ങള്‍ വീണ്ടും ഒന്നായി..കര്‍ത്താവിന്റെ കൃപകൊണ്ട് അധികം വൈകാതെ അവള്‍ക്കു ട്രാന്‍സ്‌ഫറുമായി... .
തുടര്‍ന്നുവന്ന രണ്ടു വെക്കേഷണുകളിലും നാട്ടില്‍വെച്ച് ഞാന്‍ വെള്ളമടിയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ ശോശാമ്മ വളരെ കെയര്‍ഫുള്‍ ആയിരുന്നു...രണ്ടു പെഗ്ഗില്‍ കൂടുതല്‍ കഴിയ്കാന്‍ ഒരിയ്ക്കലും അനുവദിച്ചിരുന്നില്ല.......
ശോശാമ്മെ,.. പാവം ഒരു ഓലക്കുടിക്കാരനായി പോയില്ലേടി ഞാന്‍,.. എനിയ്ക്ക് ചുണ്ടു നനയ്ക്കാന്‍പോലും തികിയയില്ലല്ലൊ രണ്ടുപെഗ്ഗ് ..നാട്ടില്‍ വരുമ്പോള്‍, അതും വല്ലപ്പോഴു മാത്രമല്ലെ ഇങ്ങിനെ കമ്പനികൂടാന്‍ അവസരം കിട്ടുന്നത്.....!!...
ബാച്ചിലര്‍ലൈഫിന്റെ കെട്ടു വിടുന്നതിനുമുമ്പ് നടന്ന അന്നത്തെ ആ സംഭവം....നീ അതു മറന്ന് കള...ഇപ്പോ നിന്റെ അച്ചായന്‍ എത്ര മാറിയിരിയ്ക്കുന്നു...മര്യാദക്കാരനായിരിയ്ക്കുന്നു..അറിയാലൊ നിനക്ക്"..!
എന്തു പറഞ്ഞാലും എത്ര കാലുപിടിച്ചു പറഞ്ഞാലും ഇപ്പോഴും അവള്‍ക്കു മനസ്സിലാകില്ല..
അവളുടെ കണ്ണുവെട്ടിച്ച് കമ്പനികൂടാനോ, വെള്ളമടിയ്ക്കാനോ ഉള്ള ധൈര്യം ഇപ്പോഴാണെങ്കില്‍ എനിയ്ക്കൊട്ടില്ലതാനും.!
അങ്ങിനെ,..പിന്നെ, എന്താ പറയാ..! കുടുംബസമാധാനം അതൊന്നോര്‍ത്തു മാത്രം.. മറ്റു പലതിനുമൊപ്പം ക്രമേണേ അതും അഡ്‌ജസ്റ്റു ചെയ്യാന്‍ ഞാനങ്ങു പഠിച്ചു...!
"കുടുംബസമാധാനം സര്‍വ്വസമാധാനാല്‍ പ്രധാനം" എന്നണാല്ലൊ പഴമൊഴി..
നോക്കണെ ലഹരിയുടെ പുറത്ത് എല്ലാം മറന്നുള്ള ചളുവടികള്‍ വരുത്തി വെയ്ക്കുന്ന ഒരോരോ വിനകള്.....പാവം ഞങ്ങള്‍ ഓലക്കുടിക്കാര്‍ പിടിയ്ക്കുന്ന ഓരോരോ പുലിവാലുകള് !!
വളരെ രസകരമായി ഒഴുക്കോടെ എഴുതിയിരിയ്ക്കുന്നു, മാഷേ.
ReplyDelete:)
വളരെ ആസ്വദിച്ച് വായിക്കുവാന്‍ സാധിച്ചു. നന്ദി
ReplyDelete"അവളുടെ കണ്ണുവെട്ടിച്ച് കമ്പനികൂടാനോ, വെള്ളമടിയ്ക്കാനോ ഉള്ള ധൈര്യം ഇപ്പോഴാണെങ്കില്‍ എനിയ്ക്കൊട്ടില്ലതാനും.!"
ReplyDeleteഅതാ നല്ലത്......വെറുതെ ശരീരം കേടാക്കേണ്ട.........:)
വളരെ അനായസമായി വായിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന ലളിതമായ ശൈലി.
ReplyDeleteപഴയ കാലത്തിന്റെയും പുതിയ കാലത്തിന്റെയും കാണലുകള്‍ പരമവധി
ഉള്‍ക്കൊള്ളിച്ചെങ്കിലും അല്പം നീളം കൂടി എന്ന അഭിപ്രായവും ഉണ്ട്.
ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു. പക്ഷെ, ഇടക്ക് വച്ച് കഥയിൽ നിന്നും പുരത്തേക്ക് പോയോ എന്നൊരു സംശയം.. സംശയമാണേ.. വിമർശനമല്ല എന്ന് സാരം
ReplyDeleteകൊല്ലേരീ... നീളം കൂടുന്നോ എന്നൊരു സംശയം...
ReplyDeleteവനിതകള്‍ക്ക് സംവരണം നല്‍കിയിട്ടും രക്ഷയില്ലല്ലോ...