Saturday, February 13, 2010

ഞങ്ങള്‍ ചില പാവം ഓലക്കുടിക്കാര്‍ ...

സ്കൂള്‍ കായികമേള എന്നു കേള്‍ക്കുമ്പോഴെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു വാര്‍ത്തയുണ്ട്‌... "കോരുത്തോട്‌ സ്കൂള്‍ വീണ്ടും ഒന്നാമത്‌"

നാളുകളായി അതു കേട്ടുകേട്ടു ശീലിച്ചു നമ്മുടെ കാതുകള്‍ തഴമ്പിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു......

അതുപോലെ ഓരോ ഉത്സവ സീസണ്‍ കഴിയുമ്പോഴും "ഓലക്കുടി വീണ്ടും ഒന്നാമതെത്തി" എന്ന വാര്‍ത്തയ്ക്കായി ഞങ്ങള്‍ ഓലക്കുടിക്കാര്‍ ആകാംഷയോടെ,.. അക്ഷമയോടെ..അതിലേറെ ടെന്‍ഷനോടെ കാത്തിരിയ്ക്കും......
.
അതിനുവേണ്ടി എതൊക്കെ ഒരുക്കങ്ങള്‍....എത്രയെത്ര ത്യാഗങ്ങള്‍......

പാവം ഞങ്ങള്‍ ഓലക്കുടിക്കാര്‍.... ഇതിപ്പോള്‍ ഞങ്ങള്‍ക്ക്‌ ശരിയ്ക്കും ഒരഭിമാനപ്രശ്നമായി മാറിയിരിയ്ക്കുന്നു.......

എത്രയൊക്കെ കപ്പാസിറ്റി ഉണ്ടെന്നു പറഞ്ഞാലും കഴിയ്ക്കുന്നതിനും ഒരു പരിധി ഒക്കെ ഉണ്ടല്ലൊ...

അതുകൊണ്ടു തന്നെ പലപ്പോഴും കുപ്പിവാങ്ങിപൊട്ടിച്ച്‌ വെറുതെ തോട്ടിലൊഴുക്കികളഞ്ഞിട്ടാണെങ്കിലും ഒന്നാംസ്ഥാനം നിലനിര്‍ത്തേണ്ടത്‌ ഞങ്ങളുടെ ദേശസ്നേഹത്തിന്റെകൂടി പ്രശ്നമായി മാറിയിരിയ്ക്കുന്നു....

പൊന്നാനി,...പട്ടാമ്പി,...കരുനാഗപ്പിള്ളി തുടങ്ങിയ ദേശങ്ങളില്‍ നിന്നും നേരിടേണ്ടിടേണ്ടിവരുന്ന കടുത്ത മല്‍സരത്തിന്റെ സമ്മര്‍ദ്ദം മൂലം പശുവിനു കലക്കികൊടുക്കുന്ന കാടിവെള്ളത്തില്‍...പട്ടിക്കുട്ടി മുതല്‍ സ്വന്തംകുഞ്ഞങ്ങള്‍ വരേയുള്ള പൊന്നോമനകളെ കുളിപ്പിയ്ക്കുന്ന ചുടുവെള്ളത്തില്‍....എന്തിനേറെ റ്റോയ്‌ലെറ്റു ക്ലീനറില്‍ വരെ ബ്രാണ്ടിയും വിസ്കിയും കലക്കി അങ്ങിനെ കഴിയാവുന്ന എല്ലവിധത്തിലും മദ്യത്തിന്റെ ഉപഭോഗം കൂട്ടുന്നത്‌ ഉത്സവനാളുകളില്‍ മാത്രമല്ല സാധാരണ ദിവസങ്ങളിലും ഞങ്ങള്‍ ഓലക്കുടിക്കാരുടെ ശീലമാകാന്‍ തുടങ്ങിയിരുയ്ക്കുന്നു.......

കുപ്പിപാലില്‍ ആദ്യം മുതലെ ഒരു ചെറിയ ഡോസ്‌ മദ്യം കലക്കികൊടുത്ത്‌ ചെറുപ്പത്തിലെ കുഞ്ഞുങ്ങളില്‍ മദ്യാസക്തി വളര്‍ത്തി അവരെ ഭാവി വാഗ്ദാനങ്ങളാക്കി മാറ്റി ഓലക്കുടിയുടെ അന്തസ്സ്‌ നിലനിര്‍ത്താന്‍ ആത്മാര്‍ത്ഥയുടെ പേരില്‍ രണ്ടുംകല്‍പ്പിച്ച്‌ മുതിരുന്ന അന്തപ്പന്മാരും ഒരുപാടുണ്ട്‌ ഇവിടെ.......

കായികരംഗത്തെന്ന പോലെ മദ്യപാനരംഗത്തും കഴിവുള്ള പ്രതിഭകളെ ചെറുപ്പത്തിലെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്താലെ പൂര്‍ണ്ണമായും ഗുണം കിട്ടു എന്ന വിദഗ്ദ മതം, നിറഞ്ഞ മനസ്സോടെ ഓലക്കുടിക്കാര്‍ നടപ്പാക്കുന്നു....

അടുത്ത അഞ്ചുവര്‍ഷത്തിനകം ഓലക്കുടിയെ ഒരു സമ്പൂര്‍ണ്ണ മദ്യനഗരമാക്കി മാറ്റാനായി ഓലക്കുടി സിവില്‍ സപ്ലൈസിന്റെ പരിധിയില്‍ വരുന്ന യുവജന സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ രൂപികരിച്ച്‌ ആക്‍ഷന്‍ കൗണ്‍സിലുകള്‍ ആഴ്ചതോറും ക്ലാസ്സുകള്‍ സംഘടിപ്പിച്ചു യുവാക്കളെ ബോധവല്‍ക്കരിയ്ക്കുന്നു...

സ്ത്രീശക്തി,ജനശക്തി തുടങ്ങി വനിതാസംഘടനകളും ഇതുമായി പൂര്‍ണ്ണമയും സഹകരിയ്ക്കുന്നു.....

"ഐക്യമദ്യം മഹാബലം"..."നിന്നെപോലെ നിന്റെ അയല്‍ക്കാരനും ഒഴിച്ചു കൊടുക്കുക" ....."മതമേതായാലും കഴിയ്ക്കുന്ന മദ്യം ന്നന്നായാല്‍ മതി'.....

തുടങ്ങിയ മഹദ്‌വചനങ്ങള്‍ ഓലക്കുടിയിലേയും പരിസരത്തേയും എല്ലാ സ്വയാശ്രയ മതസ്ഥാപങ്ങളുടെയും മതിലുകളില്‍ വലിയ അക്ഷരത്തില്‍ ഭംഗിയായി എഴുതിവെച്ചിരിയ്ക്കുന്നു.....

അങ്ങിനെ ഒരേ മനസും, ഒരേ ചിന്തയും, ഒരേ ലക്ഷ്യവുമായി വൈകുന്നേരങ്ങളിലൊത്തുകൂടുന്ന ഓലക്കുടിയിലെ ജനത സന്ധ്യമയങ്ങുന്നതോടെ നിരുപദ്രവകാരികളായ പാമ്പുകളായി മാറുന്നു.....മറ്റൊന്നും ചെയ്യാന്‍കഴിയാതെ യുവാക്കള്‍ ഏതെങ്കിലും സിനിമാ തിയറ്ററിലേയ്ക്കോ, ബസ്സ്റ്റോപ്പിലെ ഒഴിഞ്ഞ കോണിലേയ്ക്കോ ഇഴഞ്ഞു നീങ്ങി ആര്‍ക്കും ശല്യമില്ലാതെ ചുരുണ്ടുകൂടുന്നു...

അതുകൊണ്ടായിരിക്കാം പുരുഷന്മാര്‍ക്കിടയില്‍ കണ്ടുവരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍,..സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍, രാത്രികാല മോഷണങ്ങള്‍, വേലിചാട്ടം..ഉണ്ണിത്താന്‍ വിനോദങ്ങള്‍...ഇത്യാദി വിഷയങ്ങളില്‍ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ ഓലക്കുടിക്കാര്‍ വളരെ പുറകിലാണ്‌.

രണ്ടുകാലിലൊന്നൊന്ന് എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞാലല്ലെ ഇത്തരം കാര്യങ്ങളെകുറിച്ചൊക്കെയൊന്നു ചിന്തിയ്കാന്‍ പോലും കഴിയു......! എന്നിട്ടുവേണ്ടേ പ്രാവര്‍ത്തികമാക്കാന്‍...!

അങ്ങിനെ ഓലക്കുടി മദ്യപ്പെരുമയോടൊപ്പം മര്യാദരാമന്‍മാരുടെ നാട്‌ എന്ന രീതിയിലും അറിയപ്പെടാന്‍ തുടങ്ങി...

ആരോടാണ്‌ നന്ദി പറയേണ്ടത്‌`... എല്ലാറ്റിനും നന്ദി പറയേണ്ടത്‌....അതിനുള്ള ഉത്തരം ഓരോ ഓലക്കുടിക്കാന്റെ മനസ്സിലും പെഗ്ഗു കണക്കിനു തുളുമ്പി നില്‍ക്കുന്നു...
..
പക്ഷെ, ഏതു വികസനപ്രവര്‍ത്തനങ്ങളെയും തുരങ്കം വെയ്ക്കാന്‍ പാരിസ്ഥിതിപ്രവര്‍ത്തകര്‍,...കവികള്‍,.അദ്ധ്യാപകര്‍..തുടങ്ങിയ പല പേരുകളിലും ഒരുപറ്റം പിന്തിരിപ്പന്‍മാര്‍ എന്നും എവിടെയും കാണുമല്ലോ....ഓലക്കുടിയുടെ കാര്യവും ഇതില്‍നിന്നു വ്യത്യസ്ഥമായിരുന്നില്ല....

ഒരുതുള്ളിപോലും രുചിച്ചുനോക്കാതെ,... മദ്യത്തിന്റെ മഹത്വത്തെക്കുറിച്ച്‌ വേണ്ടത്ര ജ്ഞാനം നേടാന്‍ ശ്രമിയ്ക്കാതെ,.... വെറുതെ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തി അന്ധമായി മദ്യവിരുദ്ധ പ്രവര്‍ത്തങ്ങളില്‍ എര്‍പ്പെട്ടിരുന്ന ഒരു ചെറിയ വിഭാഗം ജനങ്ങള്‍ ഓലക്കുടിയിലും ഉണ്ടായിരുന്നു...

തികഞ്ഞ ഗാന്ധിയനും, മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡു ജേതാവും ഒരുകാലത്ത്‌ നാട്ടുകാരുടെ കണ്ണിലുണ്ണിയുമായിരുന്ന ലോനപ്പന്‍ മാഷ്‌ അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു....അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ "സമ്പൂര്‍ണ്ണ മദ്യ സാക്ഷരത" എന്ന ലക്ഷ്യത്തിനു വലിയൊരു വിലങ്ങുതടി തന്നെയായിരുന്നു...

'മാഷെ എങ്ങിനെയെങ്കിലും തങ്ങളുടെ പക്ഷത്തു കൊണ്ടുവരണം"....അല്ലാതെ രക്ഷയില്ല....പക്ഷെ എങ്ങിനെ...." ഓരോ ഓലക്കുടിക്കാരനും തലപുകഞ്ഞു ചിന്തിച്ചു....

അപ്പന്റെ ഈ പിന്തിരിപ്പന്‍ രീതികളില്‍ മക്കളും ദുഃഖിതരായിരുന്നു......

മൂന്നു മക്കളായിരുന്നു മാഷക്ക്‌....ജോണിക്കുട്ടി, സണ്ണിക്കുട്ടി, ..സൂസ്സിമോള്‍.....

ജോണിക്കുട്ടിയെ പത്താംക്ലാസ്സ്‌ ഫസ്റ്റ്‌ ക്ലാസ്സില്‍ പാസയപ്പോള്‍ കയ്യോടെ ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാക്കി ബുദ്ധിമാനായ മാഷ്‌...അവനിപ്പോള്‍ വളര്‍ന്ന്‌ വളര്‍ന്ന്‌ വലിയ ഓഫീസറായി...കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുമായി....

പഠിയ്ക്കാന്‍ മിടുക്കനായിരുന്ന സണ്ണികുട്ടിയ്ക്ക്‌ കോഴ്‌സ്‌ കഴിഞ്ഞ്‌ പൊതുമരാമത്തു വകുപ്പില്‍ എഞ്ചിനിയറായി ജോലി കിട്ടിയിട്ട്‌ അധികനാളായില്ല.. ഇപ്പോള്‍ കാശുവാരാന്‍ പഠിച്ചു തുടങ്ങുന്നു.....

. ഇളംവയിലില്‍തിളങ്ങുന്ന അതിരിപ്പിള്ളിവെള്ളചാട്ടത്തില്‍നിന്നും തെറിച്ചുവീഴുന്ന ജലകണങ്ങളുടെ മാസ്മരികസൗന്ദര്യമായിരുന്നു സൂസ്സിമോളുടെ പുഞ്ചിരിയ്ക്ക്‌....

അന്നാടോണ്‍ കഴിച്ചു അംഗലാവണ്യം നേടിയ സുന്ദരി ലവണതൈലം പുരട്ടി അതിനു മാറ്റു കൂട്ടിയാലൊ .....ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ അതായിരുന്നു സൂസ്സിമോളുടെ സൗന്ദര്യം...........

ഒരു BBC (ഭാവിയിലെ ബെസ്റ്റ്‌ ചരക്ക്‌)ആയി കൊച്ചിലെ ഓലക്കുടികാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അവള്‍ എത്രപെട്ടന്നാണ്‌ ഒരു BC ആയിമാറി ഞങ്ങള്‍ ഓലക്കുടിയിലെ ആണുങ്ങളുടെ മോഹങ്ങളില്‍,... സ്വപ്നങ്ങളില്‍ ഒരു കണിക്കൊന്നപോലെ അടിമുടി പൂത്തുലഞ്ഞുനിന്നത്‌.

ആ ചിരിയ്ക്കുവേണ്ടി,..കടക്കണ്ണുകൊണ്ടുള്ള കടാക്ഷത്തിനുവേണ്ടി.....പള്ളിപ്പറമ്പില്‍..ബസ്സ്റ്റോപ്പില്‍,.....എന്തിന്‌ അവള്‍ അവസാനം പഠിപ്പിച്ച പാരലല്‍കോളേജിന്റെ പടിവാതില്‍ക്കലില്‍വരെ പ്രായഭേദമന്യെ ആരാധകര്‍ കാത്തു നില്‍ക്കുമായിരുന്നു....

സെന്റ്‌ ജോസഫ്‌സില്‍ അവള്‍ പഠിച്ചിരുന്ന കാലത്ത്‌ അവളോടൊപ്പം അവള്‍ കയറുന്ന ബസ്സിലെ രണ്ടുനേരമുള്ള യാത്ര മാത്രം മോഹിച്ച്‌ ഇരിങ്ങാലക്കുട ലൂണ ഇന്‍സ്റ്റിറ്റൂട്ടില്‍ ഇലക്ക്ട്രോണിക്സ്‌ കോഴ്‌സിനു ചേര്‍ന്ന ഓലക്കുടിയിലെ എന്നേപോലേയുള്ള പലയുവാക്കളും ഇന്നു ഗള്‍ഫ്‌ രാജ്യങ്ങളില്‍ ടെക്‍നീഷ്യന്മാരായി ജീവിതമാര്‍ഗം കണ്ടെത്തിയിരിയ്ക്കുന്നു....

എന്തിനു യുവാക്കളെ മാത്രം പറയുന്നു.....ആബാലവൃദ്ധം ആണുങ്ങളുടേയും അവസ്ഥ ഏതാണ്ട്‌ അതൊക്കെതന്നെയായിരുന്നു....

വല്ലാത്തൊരു ഇളക്കം...ഒരു ഓളം....മദ്യം കഴിഞ്ഞാല്‍ അല്ലെങ്കില്‍ മദ്യത്തിനുതുല്യം. ഓലക്കുടിയിലെ ഓരോ ആണ്‍ഹൃദ്‌ത്തടവും ആ സൗന്ദര്യലഹരിയില്‍ മതിമറന്നുനിറഞ്ഞുതുളുമ്പിയ നാളുകളായിരുന്നു അത്‌...

നെരേപ്പറമ്പന്‍ ജെയിംസിന്റെ അപ്പന്‍ വറുതുണ്ണിമാപ്പിള അന്ത്യകൂദാശയും കൈകണ്ട്‌ അന്ത്യനിമിഷങ്ങളുമെണ്ണി കിടക്കുന്ന നേരം,...അപ്പനു കുറച്ചു ബോധം തെളിഞ്ഞ നിമിഷങ്ങളിലൊന്നില്‍ തൊട്ടടത്തു വിതുമ്പി നിന്നിരുന്ന ജെയിംസ്‌ അറിയാതെ ചോദിച്ചുപോയി....

"അപ്പനിനി അവസാനമായി എന്തെങ്കിലും ആശകള്‍ ബാക്കിയുണ്ടൊ സാധിയ്ക്കാനായി..ഒരു രണ്ടു പെഗ്ഗു കൂടി വായില്‍ ഒഴിച്ചുതരട്ടെ.... ..."

ഇനി അതൊന്നും വേണ്ടെടാ,...എനിയ്ക്കവളുടെ മുഖം ഒന്നുകൂടി കാണണം....ആ മോഹം മാത്രമെ ബാക്കിയുള്ളു..അവളെയൊന്നു വിളി ."

ആരെയാണപ്പാ....മോളിക്കുട്ടിയേയോ ....റീത്തയേയൊ,..അതോ കുഞ്ഞുമോളേയൊ.....

കേട്ടപാതി കേള്‍ക്കാത്തപാതി തൊട്ടപ്പുറത്തിരുന്നു കണ്ണീര്‍ വാര്‍ത്തിരുന്ന,..അമ്മച്ചി മരിച്ചതില്‍പ്പിന്നെ അപ്പനെ ഒരു അല്ലലും അലട്ടുമറിയിക്കാതെ പൊന്നുപോലെ നോക്കിയിരുന്ന, പുന്നാരപ്പെണ്‍മക്കള്‍ മൂന്നൂപേരും ഓടിയെത്തി അപ്പനു മുമ്പില്‍ നിരന്നു നിന്നു.

അവരെക്കണ്ട വറുതുണ്ണിമാപ്പിളയുടെ മുഖം ചുളിഞ്ഞു.......

" ഇവരെയല്ലടാ,... സൂസ്സിപ്പെണ്ണിനെ,.. നമ്മുടെ ലോനപ്പന്‍മാഷുടെ മോളില്ലെ അവളേ...."

അതു പറയുമ്പോള്‍ എന്നെന്നേയ്ക്കുമായി അടയാന്‍ നിമിഷങ്ങള്‍ എണ്ണികിടക്കുന്ന ആ വൃദ്ധനയനങ്ങള്‍ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു...പല്ലിലാത്ത മോണ കാട്ടിയുള്ള ആ ചിരിയില്‍ എന്തൊക്കയൊ വ്യര്‍ത്ഥമോഹങ്ങളും നഷ്ടസ്വപ്നങ്ങളും തുളുമ്പുന്നുണ്ടായിരുന്നു...

അതായിരുന്നു സൂസ്സിമോള്‍....വെറും BCയെന്നൊന്നും പറഞ്ഞാല്‍ പോര. ശരിയ്ക്കുമൊരു ദേവതയായിരുന്നു... അവള്‍. സൗന്ദര്യദേവത....ഓലക്കുടിക്കാരുടെ മണിമുത്ത്‌...

പറഞ്ഞിട്ടെന്തുകാര്യം... .എല്ലാം ക്ഷണികമായിരുന്നു...അല്ലെങ്കിലും നല്ലതിനൊന്നും വലിയ ആയുസുണ്ടാകില്ലല്ലൊ!...

ഇവിടെയും അതുതന്നെ സംഭവിച്ചു...കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന ഞങ്ങളുടെ മണിമുത്തിനെ പെട്ടൊന്നൊരുനാള്‍ ഒരു ദുഷടന്‍ ദുബായിക്കാരന്‍ ആര്‍ക്കിടെക്ട്‌ കെട്ടികൊണ്ടുപോയി....

ആ ദുഷ്ടന്‌ അവിടെ ലോകത്തില്‍ ഏറ്റവും ഉയരംകൂടിയ മണിമാളിക പണിയുന്ന കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗമാണെന്നാണ്‌ അന്നുകേട്ടത്‌....

എന്തായാട്ടെന്താ..!..കര്‍ത്താവു പോലും പൊറുക്കാത്ത പണിയല്ലെ അവന്‍ കാണിച്ചത്‌..അവളുടെ സാന്നിധ്യമില്ലാത്ത...അവളു ക്വയറു പാടാത്ത ഞായാറാഴ്ച്ച കുര്‍ബാന കര്‍ത്താവിനുപോലും ബോറായിതോന്നിയ നാളുകളായിരുന്നു അത്‌..

സൂസ്സിമോളുടെ കല്യാണം...അതൊരു സംഭവം തന്നെയായിരുന്നു ഓലക്കുടിയില്‍...


എഴുതിയെഴുതി നേരം പോയതറിഞ്ഞില്ല...

കര്‍ത്താവെ,..മണി ഏഴു കഴിഞ്ഞിരിയ്ക്കുന്നു ...!...

ശോശാമ്മ നൈറ്റ്‌ ഷിഫ്റ്റു കഴിഞ്ഞു വരേണ്ട സമയമാകാറായി..

അവള്‍ക്ക്‌ നൈറ്റ്‌ ഷിഫ്റ്റുള്ള ദിവസങ്ങളില്‍ വെള്ളിയാഴ്ചയിലെ കൊച്ചുവെളുപ്പാന്‍ക്കാലത്തെ തണുപ്പില്‍,. ഒരവധിദിവസത്തിന്റെ ആലസ്യം പരമാവധി മുതലാക്കി തലയിണയും കെട്ടിപ്പിടിച്ചു ചുരുണ്ടുകൂടേണ്ടതിനുപകരം ഈ കമ്പ്യുട്ടറിന്റെ മുന്നില്‍ ഒരു സുലൈമാനിയുടെ സപ്പോര്‍ട്ടില്‍ വരമൊഴിയിലൂടെയുള്ള സഞ്ചാരം എനിയ്ക്കൊരു ശീലമായിരിയ്ക്കുന്നു....

നാട്ടിലു വല്ലതുമായിരുന്നെങ്കില്‍ ഒരു നാലുപെഗ്ഗു വീശി വാക്കുകള്‍ക്കൊക്കെ കുറച്ചുകൂടി ഗുമ്മുണ്ടാക്കാമായിരുന്നു...

ശോശാമ്മായ്ക്ക്‌ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മലയാളം ലിപികള്‍ കാണുന്നതേ കലിയാണ്‌...

"എന്റെ അച്ചായോ,.... ഇങ്ങനെ കണ്ട പെമ്പിള്ളേരെക്കുറിച്ച്‌ ഒന്നിനുകൊള്ളാത്ത വല്ലതും ടൈപ്പ്‌ ചെയ്തു കളയുന്ന നേരം ആ നെറ്റിലെങ്ങാനും കയറി ആസ്റ്റ്രേലിയായിലൊ....യൂറോപ്പിലൊ നിങ്ങള്‍ ആണുങ്ങള്‍ക്കു പറ്റിയ ജോലി വല്ലതുമുണ്ടോയെന്നു തപ്പിനോക്ക്‌..........അല്ലെങ്കില്‍ അവിടെ ചെന്നാല്‍ ഭര്‍ത്താവുദ്യോഗം മാത്രം ചെയ്ത്‌ അച്ചായനു ബോറടിയ്ക്കും....

കല്യാണം കഴിഞ്ഞിട്ട്‌ രണ്ടു വര്‍ഷം കഴിഞ്ഞതെയുള്ളു..ഇതുവരെ കൊച്ചുങ്ങളും ആയിട്ടില്ല....

എന്നിട്ടും ഇപ്പോഴെ അവള്‍ ഭരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു...അല്ലെങ്കില്‍ ഞാനവള്‍ക്ക്‌ വിധേയനാകാന്‍ തുടങ്ങിയിരിയ്ക്കുന്നു....പേടികൊണ്ടല്ല..സ്നേഹം കൊണ്ട്‌,..പിന്നെ കുടുംബസമാധാനം ഓര്‍ത്തു ഇത്തിരി താണു കൊടുക്കുന്നു അത്രമാത്രം....

ഇതുപോലെ ഒരു വാരന്ത്യം,.. രാത്രി ഉറങ്ങാന്‍ കിടക്കുന്ന നേരത്തെ ശാന്തമായ അന്തരീക്ഷത്തില്‍,.. ഹൃദയത്തിലെ എല്ല്ലാ റൊമാന്‍സും ശബ്ദത്തിലാവഹിച്ചു ഞാന്‍.....

"ശോശാമ്മെ നമുക്കും വേണ്ടേടി ഒരു മോള്‌...നമ്മുടെ ഇണക്കത്തിനും, പിണക്കത്തിനും സാക്ഷിയായി....സുഖദുഃഖങ്ങളില്‍ പങ്കാളിയായി....നമുക്കിടയില്‍ കൈക്കാലിട്ടിളക്കിപുഞ്ചിരിച്ചു കളിച്ചുരസിയ്ക്കുന്ന നമ്മുടെ മോള്‌......"

"അച്ചായനെന്താ കരുതിയെ ....എനിയ്ക്കും മോഹങ്ങളൊന്നുമില്ലന്നോ....ആസ്റ്റ്രേലിയായിലൊ അയര്‍ലന്റിലെ ചെന്നൊന്നു സെറ്റിലാവട്ടെ,.. എന്നിട്ടു വേണം എല്ലാം.... അവളുടെ കണ്ണുകള്‍ തിളങ്ങി....

സ്വര്‍ണ്ണത്തിനു റോക്കറ്റുപോലെ വില കുതിച്ചുയരുന്ന ഇക്കാലത്തു മോളു വേണ്ടാ...മോന്‍ മതി,.. അച്ചായന്റെ ആനചന്തവും കുട്ടികുറുമ്പുമൊക്കെയുള്ള ഒരു ചക്കരക്കുട്ടന്‍....

അവള്‍ കൂടുതല്‍ പറ്റിചേര്‍ന്നു കിടന്നു...എന്തൊക്കയൊ പ്രതീക്ഷകളാല്‍ ആ മുഖം തുടുത്തുവിടര്‍ന്നിരുന്നു അപ്പോള്‍...

സുന്ദരമായ കുറെ കുടുംബനിമിഷങ്ങള്‍ക്കു തിരികൊളുത്താന്‍ ഒരിയ്ക്കല്‍കൂടി സമയമായി എന്നു ഞാന്‍ തിരിച്ചറിഞ്ഞു... ഏറെ മോഹത്തോടെ,...അതിലേറെ ആവേശത്തോടെ ഞാനതിനു തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങി......

"ഇന്നു വേണ്ടച്ചായോ ,."പ്രിക്കോഷനുള്ള സംഗതികളുടെ" സ്റ്റോക്ക്‌ തീര്‍ന്നുവെന്ന്` ഞാന്‍ കഴിഞ്ഞദിവസം പറഞ്ഞില്ലായിരുന്നോ....സേഫ്‌ പീരിഡുമല്ല ഇപ്പോള്‍..വെറുതെ ചാന്‍സെടുക്കേണ്ട...കുറുമ്പുകാട്ടാതെ കിടന്നുറങ്ങാന്‍ നോക്ക്‌,..രാവിലെ എണീറ്റു കോബാറില്‍ പോകാനുള്ളതല്ലെ നമുക്ക്‌....

നാളെ എനിയ്ക്കു ടെസ്റ്റുള്ള കാര്യം ഇത്ര പെട്ടന്നു മറന്നു അല്ലെ...

ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ്‌ ലാംഗേജ്‌ ടെസ്റ്റ്‌ എന്നു പറയുന്നത്‌ അത്ര ചില്ലറ കാര്യമൊന്നുമല്ല,... അച്ഛായന്റെ തൃശ്ശൂര്‍ സ്ലാങ്ങ്‌ ഇംഗ്ലീഷൊന്നും അവിടെ ചിലവാകില്ല.....ആ സമയത്ത്‌ പഠിച്ചതൊക്കെ മറക്കുമൊ എന്നാ എന്റെ പേടി....ഓര്‍ക്കുമ്പൊഴെ എന്റെ ശരീരം ചൂടാവുന്നു..വിയര്‍ക്കാന്‍ തുടങ്ങുന്നു.

അച്ചായനു വല്ലാതെ തണുക്കുന്നെങ്കില്‍ എന്റെ ബ്ലാങ്കറ്റു കൂടി എടുത്തുപുതച്ചോ.

ഒരു ദയയുമില്ലാതെ അവള്‍ തിരിഞ്ഞു കിടന്നു.....!

അതാണ്‌ ശോശാമ്മ ...!.എന്റെ പ്രിയപ്പെട്ട ശോശാമ്മാ....!

അവള്‍ക്കു തോന്നണം....എല്ലാം അവള്‍ തീരുമാനിയ്ക്കണം......അപ്പോള്‍ അതു ഭംഗിയായി നിര്‍വഹിയ്ക്കുക അതു മാത്രമാണെന്റെ ഡ്യൂട്ടി.....!!

അന്ന്‌ ഈ പ്രപ്പോസല്‍ വന്നപ്പോഴേ പഴയ റൂംമേറ്റ്‌ ബെന്നി പറഞ്ഞതാ.....

"സാബുവേട്ടാ,.....സാബുവേട്ടന്റെ കൊച്ചുകൊച്ചു മോഹങ്ങള്‍ക്ക്‌...ലളിതമായ ചിന്തകള്‍ക്ക്‌...രീതികള്‍ക്ക്‌... ആശയങ്ങള്‍ക്ക്‌ ഒക്കെ ചേരുന്നത്‌ ഓലക്കുടിയുടെ പരിസരത്തുള്ള ഏതെങ്കിലും നാട്ടിന്‍പുറത്തുകാരി ടീച്ചറായിരിയ്ക്കും ..ഇത്രയും ദൂരേനിന്നൊരു കേസ്‌ ഇതു നമുക്ക്‌ വേണോ സാബുവേട്ടാ..?..വിട്ടു കള..."

അന്ന്‌ അവന്‍ പറഞ്ഞതു കേട്ടില്ല...കുറച്ചുകൂടി പ്രാക്ടിക്കലായി ചിന്തിച്ചു.........

ഇനിയിപ്പോള്‍ ഇങ്ങിനെയൊക്കെ തിരിച്ചും മറിച്ചും ചിന്തിയ്ക്കുന്നതു തന്നെ പാപമല്ലെ...കര്‍ത്താവിന്റെ മുമ്പില്‍വെച്ച്‌ മനസ്സമ്മതം നല്‍കി മിന്നുകെട്ടിയ പെണ്ണ്‌.....അവളുടെ ഇഷ്ടാനിഷ്ടങ്ങളുമായി പൊരുത്തപ്പെട്ടു ജീവിതത്തില്‍ മുന്നോട്ടു പോകുക എന്നത്‌ കടമയല്ലെ,.കര്‍ത്തവ്യമല്ലെ...ബാധ്യതയല്ലെ...

അല്ലെങ്കില്‍തന്നെ ശോശാമ്മയ്ക്കെന്താ ഒരു കുറവ്‌...കാണാന്‍ തെറ്റില്ലാത്ത സൗന്ദര്യമില്ലെ...നല്ല ശമ്പളമില്ലെ...ഉള്ളില്‍ ഒരുപാട്‌ സ്നേഹമില്ലെ....പിന്നെ ഇത്തിരി മുന്‍കോപം,.തന്നിഷ്ടം, തന്റേടം.....ഇതൊക്കെ ഇന്നത്തെ കാലത്ത്‌ ഏതു പെണ്ണിനാ ഇല്ലാത്തത്‌....

സിസ്റ്റം ഓഫ്‌ ചെയ്തു മെല്ലെ കിച്ചണിലേയ്ക്കു നടന്നു....

ഞാന്‍ തയ്യാറക്കുന്ന ഓരോ വിഭവങ്ങളും അവള്‍ക്കേറെ പ്രിയങ്കരമാണ്‌....

"ഈ അച്ചായന്റെ ഒരു കൈപുണ്യം...പെണ്ണുങ്ങളുപോലും തോറ്റുപോകും.." അവളങ്ങിനെ പുകഴ്ത്തുന്ന നിമിഷങ്ങളില്‍ വല്ലാത്ത അഭിമാനം തോന്നാറുണ്ട്‌....

പാവം ശോശാമ്മ,.. നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞു ക്ഷീണിച്ചുവരുന്ന അവളെ,...അവള്‍ക്കേറ്റവും പ്രിയപ്പെട്ട ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായയുമായി വരവേല്‍ക്കണം..

അവധിദിനത്തിന്റെ ആലസ്യവുമായി വൈകുന്നേരം കറങ്ങാന്‍ പോകണം...

മധുവിധുനാളുകളില്‍ ഓലക്കുടിപുഴയോരത്ത്‌,.... പിന്നെ അവളുടെ നാട്ടിലെ മണിമലയാറിന്റെ തീരങ്ങളില്‍ ഞങ്ങള്‍ ചിലവഴിച്ച മധുരിയ്ക്കുന്ന സായഹ്നങ്ങള്‍ അയവിറക്കി,...കോര്‍ണീഷിന്റെ ഇളംകാറ്റുള്ള അന്തരീക്ഷത്തില്‍ അസ്തമയസൂര്യകിരണങ്ങളില്‍ ലയിച്ച്‌ അവളോടൊപ്പം സ്വയം മറന്നങ്ങിനെ ഒരുപാടു നേരമിരിയ്ക്കണം......

ലുലുവിലെ വരാന്ത്യോല്‍സവത്തിരക്കില്‍ എല്ലാം മറന്ന്‌ യുവമിഥുനങ്ങളെപോലെ പാറിപറന്നുനടക്കണം.....

തിരിച്ച്‌ പാരഗണ്‍ റെസ്റ്റോറിന്റില്‍ വന്ന്‌ ഭക്ഷണം കഴിയ്ക്കണം...

രാവേറുന്നതിനു മുമ്പ്‌ കൂടണയണം,.പിന്നെ,..പിന്നെ,... അനുരാഗവിലോചനനാകണം...അതിലേറേ അവളെ മോഹിതയാക്കണം......വാരന്ത്യരാവിന്റെ അന്ത്യ നിമിഷങ്ങള്‍ വര്‍ണ്ണശബളമാക്കണം,.സുരഭിലമാക്കണം.... സ്നേഹസാന്ദ്രമാക്കണം...അര്‍ത്ഥസമ്പുഷ്ടമാക്കണം.....

പക്ഷെ,..!....അതൊരു നീണ്ട പക്ഷെയാണ്‌....!!

കാരണം എല്ലാത്തിനും മുഖ്യമായി വേണ്ടത്‌ അവളുടെ ഇന്നത്തെ നല്ല മൂഡാണ്‌.....അതു മോശമായാല്‍ അവിടെ തീര്‍ന്നു എല്ലാ പദ്ധതികളും സ്വപ്നങ്ങളും..........!

അതിനു കര്‍ത്താവുതന്നെ കനിയണം....

കര്‍ത്താവെ നീ ഇന്നു എന്നോടു കൂടുതല്‍ കരുണ കാട്ടേണമേ...,...എന്നില്‍ നിറയെ കൃപ ചൊരിയേണമേ.....

ശുഭലക്ഷണം,...! ചായ നന്നായിരിയ്ക്കുന്നു..തേയിലയും പാലും മധുരവും എന്തിന്‌ ഏലയ്ക്കായുടെ രുചി വരെ കൃത്യമായി ഒത്തു വന്നിരിയ്ക്കുന്നു....

അപ്പുറത്തു അപ്പര്‍ട്ടുമെന്റ്ഡോര്‍ തുറക്കുന്ന ശബ്ദം....ഇതാ ശോശാമ്മ ഇങ്ങെത്തിക്കഴിഞ്ഞു...!!

ഇന്നത്തെ ഓഫു കഴിഞ്ഞ്‌ അടുത്താഴ്ചയും ശോശാമ്മയ്ക്കു നൈറ്റ്‌ ഡ്യൂട്ടി.....!..

അപ്പോള്‍ അടുത്ത ഒരാഴ്ചകൂടി വൈകുന്നേരങ്ങളില്‍ സ്വസ്ഥമായിരുന്ന്‌ സൂസ്സിമോളുടെ കല്യാണവിശേഷം ബാക്കിഭാഗങ്ങള്‍ എഴുതിതീര്‍ക്കുവാന്‍ കഴിയും .....

പിന്നെ ഒരു മാസം ഒരു നീണ്ട ബ്രേയ്ക്കായായിരിയ്ക്കും.....

എന്റമ്മോ...അതൊരു വല്ലാത്ത ബ്രേയ്ക്കു തന്നെയായിരിയ്ക്കും.....  !!!

6 comments:

 1. ശുഭലക്ഷണം,...! ചായ നന്നായിരിയ്ക്കുന്നു..തേയിലയും പാലും മധുരവും എന്തിന്‌ ഏലയ്ക്കായുടെ രുചി വരെ കൃത്യമായി ഒത്തു വന്നിരിയ്ക്കുന്നു....

  ReplyDelete
 2. കൊല്ലേരീ,
  എഴുതിയെഴുതി നേരം പോയതറിഞ്ഞില്ല...
  വായിച്ച് വായിച്ച് സമയം പോയെടോ..!!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഹ ഹ. കലക്കി മാഷേ.

  ശോശാമ്മയ്ക്ക് മലയാളം അക്ഷരങ്ങള്‍ കാണുന്നതേ കലിയാണെന്നല്ലേ പറഞ്ഞത്? അതു നന്നായി. അല്ലെങ്കില്‍ സൂസിയുടെ വിശേഷങ്ങളൊക്കെ വായിച്ച് മൂഡ് ഓഫായാലോ?

  ReplyDelete
 5. വായിച്ചു... കൊള്ളാം,
  ഒരു പിന്‍ കുറിപ്പ് : എവിടേയോ കേട്ടത് “ടീച്ചരെ കെട്ടിയിരുന്നെങ്കില്‍ ഹോംവര്ക്ക് ചെയ്യാണ്ട് ഉറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു.”.. :)

  ReplyDelete
 6. അവരെക്കണ്ട വറുതുണ്ണിമാപ്പിളയുടെ മുഖം ചുളിഞ്ഞു.......

  " ഇവരെയല്ലടാ,... സൂസ്സിപ്പെണ്ണിനെ,.. നമ്മുടെ ലോനപ്പന്‍മാഷുടെ മോളില്ലെ അവളേ...."

  അത്‌ കലക്കി...

  ReplyDelete