Saturday, February 6, 2010

ശശിയേട്ടന്റെ ഓര്‍മയ്ക്ക്‌ ...

ഇന്ന്‌ 05.02.2010....വെള്ളിയാഴ്ച്ച....

പതിവ്‌ വെള്ളിയാഴ്ചക്കുറിപ്പുകള്‍ക്കു വ്യത്യസ്ഥമായി ഇതൊരു ചരമക്കുറിപ്പാണ്‌....

ഇതെഴുതുമ്പോള്‍ നാട്ടില്‍ ഒരു ശവസംസ്ക്കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌.....

ശരിയ്ക്കും തരിച്ചുപോയ മനസ്സും വിറക്കുന്ന കരങ്ങളുമായാണ്‌ ഞാനിതു ടൈപ്പ്‌ ചെയ്യുന്നത്‌...പിന്നെ എന്തിനുവേണ്ടി ഇതു ടൈപ്പ്‌ ചെയ്യുന്നു എന്നു ചോദിച്ചാല്‍ എന്റെ ഒരു സമധാനത്തിനു വേണ്ടി എന്നായിരിയ്ക്കും മറുപടി......

മനസ്സിന്റെ തേങ്ങല്‍ വരമൊഴിയിലൂടെ വാക്കുകളായി മാറ്റി നിങ്ങളുമായി പങ്കുവെയ്ക്കുമ്പൊള്‍ വല്ലാത്തൊരു സ്വാന്തനം ലഭിയ്ക്കും എന്ന തിരിച്ചറിവ്‌ ശക്തി പകരുന്നു....

ഇപ്പോള്‍ ഇങ്ങിനെയിരുന്നു ടൈപ്പ്‌ ചെയ്യുന്നത്‌ തെറ്റാണോ എന്നു പോലും അറിയില്ലെനിയ്ക്ക്‌.....

പക്ഷെ,..ഇതല്ലാതെ ഈ നിമിഷങ്ങളില്‍ മറ്റൊന്നും ചെയ്യാനില്ലെനിയ്ക്ക്‌ ഇത്തിരി ആശ്വാസം ലഭിയ്ക്കാനായി....

ശശിയേട്ടന്‍ മരിച്ചു....ഇന്നു രാവിലെ ... കൃത്യമായി പറഞ്ഞാല്‍ ഇതു ടൈപ്പ്‌ ചെയ്യാന്‍ തുടങ്ങുന്നതിനു ഇത്തിരിമുമ്പെ....

പക്ഷെ ശശിയേട്ടന്‍ ഇന്നു മരിയ്ക്കുമെന്ന്‌ ഞങ്ങള്‍ക്കറിയമായിരുന്നു...അവനെ സ്നേഹിയ്ക്കുന്ന നാട്ടുക്കാര്‍ക്കറിയമായിരുന്നു......

ശാസ്ത്രം ഒരുപാടു പുരോഗമിച്ചിരിയ്ക്കുന്നു.....ഒരാളുടെ മരണസമയംപോലും മുന്‍കൂട്ടി നിശ്ചയിയ്ക്കാന്‍ കഴിയുന്നു......

ഇന്നലെ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു....ഇനി വെന്റിലേറ്ററി ഇടുന്നതുകൊണ്ട്‌` ഒരു പ്രയോജനവുമില്ല...വേണമെങ്കില്‍ ഇന്നു തന്നെ എല്ലാം അവസാനിപ്പിയ്ക്കാമെന്ന്‌........

എന്നാലും ഒരു ദിവസം കൂടി കാത്തു.

ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ അവന്റെ കണക്കു തീര്‍ന്നു എന്നറിഞ്ഞിട്ടും .. വെറുതെ ഒരു വ്യാമോഹം......

ബന്ധുക്കളറിഞ്ഞു..നാട്ടുകാരെല്ലാവരുമറിഞ്ഞു....ഞങ്ങളുടെ ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു ഹര്‍ത്താലിന്റെ പ്രതീതി.....

റോഡില്‍ നിറയെ ദുഃഖം കടിച്ചമര്‍ത്തി കൂട്ടംകൂടിനില്‍ക്കുന്ന നാട്ടുകാര്‍..പക്ഷെ മെയിന്‍റോഡില്‍നിന്നും ഇത്തിരി ഉള്ളിലേയ്ക്കു മാറി നില്‍ക്കുന്ന അവന്റെ വീട്ടിലേയ്ക്ക്‌ ഇതുവരെ ആരും പോയിട്ടില്ല...പോവാന്‍ ആര്‍ക്കും ധൈര്യംവരുന്നില്ല...കാരണം ഇനിയും ഇതറിയാത്ത രണ്ടുപേര്‍കൂടി ബാക്കിയുണ്ട്‌ അവന്റെ അമ്മ, എന്റെ അമ്മായി....പിന്നെ ഗീതചേച്ചി,... ശശിയേട്ടന്റെ ഭാര്യ......

അവരെ ഇതറിയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്ത എന്റെ മൂത്തചേട്ടനും അനിയനും ഇപ്പോള്‍ അവന്റെ വീടിനു തൊട്ടടുത്തുള്ള എന്റെ ചേച്ചിയുടെ വീടുവരെ എത്തി,ഇനി എങ്ങിനെ മുന്നോട്ടുപോകും,.....എങ്ങിനെ അവരെ ഇതറിയ്ക്കും എന്ന ധര്‍മസ്സങ്കടുവുമായി അറച്ചറച്ചു നില്‍ക്കുകയായിരുന്നു അവര്‍...

രാവിലെ ഇതെഴുതുതുടങ്ങിയ സമയത്ത്‌ അനിയനുമായി മൊബൈലില്‍ സംസാരിച്ചപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ടാണിത്‌`.......

ശശിയേട്ടന്‍ ആരാണ്‌...,അവന്‌ എന്താണ്‌ സംഭവിച്ചെതെന്ന്‌ ഞാനിതുവരേയും പറഞ്ഞില്ല അല്ലെ,.....വാക്കുകളെയും വാചകങ്ങളെയും ചിട്ടയായി അടുക്കിയൊതുക്കി അവതരിപ്പിയ്ക്കാന്‍ കഴിയുന്ന ഒരു മാനസ്സികാവസ്ഥയില്ലല്ലൊ ഞാനിപ്പോള്‍...

ശശിയേട്ടന്‍ അവന്‍ എന്റെ അമ്മാവന്റെ മകന്‍....ഒരേ സ്കൂളുകളില്‍, ഒരേ ക്ലാസുകളില്‍ പത്തുവര്‍ഷം ഒന്നിച്ചു പഠിച്ചു....ഞാനും,.. ശശിയേട്ടനും ...സുരുവേട്ടനും...

സുരുവേട്ടന്‍ അവന്റെ ഇരട്ട സഹോദരന്‍...അവര്‍ തമ്മില്‍ പ്രായത്തില്‍ പത്തുമിനിട്ടിന്റെ വ്യത്യാസം മാത്രം...ഞാന്‍ .അവരേക്കാള്‍ ആറുമാസം ഇളയതും......

നാട്ടില്‍തന്നെ ചാവക്കട്ടെ കാജഗ്രൂപ്പസില്‍ എക്കൗണ്ടന്റായി വര്‍ക്കു ചെയ്യുകയായിരുന്നു ശശിയേട്ടന്‍....ഒപ്പം രാഷ്ട്രീയപ്രവര്‍ത്തനവും.....

മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വളര്‍ന്നു വരുന്ന ഒരു ലോക്കല്‍ നേതാവ്‌....ഇപ്പോള്‍ കോ ഓപ്പറേറ്റിവ്‌ ബാങ്ക്‌ ഡയറക്ടര്‍ ബോഡ്‌ മെംബര്‍ ...ജീവിച്ചിരുന്നുവെങ്കില്‍ അടുത്ത പഞ്ചായത്ത്‌ ഇലക്ഷനിലെ സ്ഥാനര്‍ത്ഥി...തീര്‍ച്ചയായും പഞ്ചായത്തുമെംബര്‍....

ഒരു നിമിഷം പോലും വിശ്രമമില്ലാതെ നാട്ടിലെ ഓരോ വീട്ടുകാരുടെയും സുഖദുഃഖങ്ങളില്‍ പങ്കാളിയായി അവസാനം വരേയും ഓടി നടക്കുകയായിരുന്നു അവന്‍...

അതുകൊണ്ടുതന്നെ അവന്റെ മരണം വീട്ടുക്കാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും ഒരു വലിയ നഷ്ടംതന്നെയാണ്‌`.....ഒപ്പം പ്രസ്ഥാനത്തിനും....പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റേയും മറ്റു ഇലക്ട്രോണിക്‌ മാധ്യമങ്ങളുടെയും വലിയ ചെറിയ ലോകത്തേയ്ക്ക്‌ യുവതലമുറ ഉള്‍വലിയുന്ന ഈ കാലത്ത്‌....

മനസ്സിന്റെ അടിത്തട്ടിലടിഞ്ഞുകൂടിയ പളുങ്കുമുത്തുകളെ പുറത്തെടുത്ത്‌ ഗൃഹാതുരത്വത്തിന്റെ പട്ടുതൂവാലകൊണ്ടു തുടച്ചുമിനുക്കി ആര്‍ക്കുമൊരു പ്രയോജനമില്ലാതെ വെറുതെ നേരംകൊല്ലുന്ന ശീലമുള്ള എന്നെപ്പോലുള്ളവര്‍ക്ക്‌ 7x24 സമയവും എരിഞ്ഞുതീരാത്ത ഊര്‍ജസ്വലതയുമായി കറങ്ങിനടക്കുന്ന അവനെ എന്നും ഒരു കൗതുകത്തോടെ മാത്രമെ നോക്കി കാണാന്‍ കഴിയാറുള്ളു....

കഴിഞ്ഞ വെക്കേഷന്‍സമയത്ത്‌......മനുഷ്യച്ചങ്ങലയ്ക്കു വേണ്ടിയുള്ള പിരിവിന്‌ അവന്‍ മറ്റു സഖാക്കള്‍ക്കൊപ്പം എന്റെ വീട്ടില്‍ വന്നിരുന്നു,......

പിന്നെ എപ്പോഴൊയൊക്കയോ എവിടെയ്ക്കെങ്കിലുമൊക്കെ പോകുന്ന വഴി ഒരു മിന്നലാട്ടം പോലെ കയറിങ്ങിപോക്കും ..അതായിരുന്നു അവന്റെ ശീലം....

വെക്കേഷന്‍ കഴിഞ്ഞുമടങ്ങുന്ന തലെദിവസം വൈകുന്നേരം....

ഒരു മാസത്തെ വെക്കേഷനുപോകുന്ന ഏതൊരു പ്രവാസ്സിയേയുംപൊലെ ചെയ്തുതീര്‍ക്കാന്‍ ബാക്കി നില്‍ക്കുന്ന ഒരുപാട്‌ കാര്യങ്ങളുമായി നെട്ടോട്ടമോടുകയായിരുന്ന ഞാന്‍....

അതിനിടയില്‍ വൈകികയറിവന്ന ഇലക്ട്രീഷ്യനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സമയത്താണ്‌ എന്റെ തിരിച്ചുപോക്കിന്റെ വിവരമറിഞ്ഞുള്ള ശശിയേട്ടന്റെ വരവ്‌ .....

ഓടിതളര്‍ന്നതിന്റെ ക്ഷീണം മൂലമാകാം,....പിറ്റേദിവസത്തെ മടക്കയാത്രയെക്കുറിച്ചോര്‍ത്തുള്ള മനസ്സിന്റെ മരവിപ്പു നിറഞ്ഞ നിസ്സംഗതകൊണ്ടാകാം....അന്നവനോടു കാര്യമായൊന്നും സംസാരിയ്ക്കാന്‍ കഴിഞ്ഞില്ല,...

പിന്നെ അവനുമായിട്ടുള്ള അവസാന കൂടിക്കാഴ്ചയായിരിയ്ക്കും അതെന്നെനിയ്ക്കറിയില്ലായിരുന്നല്ലോ അപ്പോള്‍.....!


കഴിഞ്ഞ ശനിയാഴ്ച ...അന്നായിരുന്നു അവന്റെ അന്തിമവിധി നിശ്ചയിച്ച ദിവസം...

പതിവുപോലെ ജോലിയ്ക്കുശേഷമുള്ള പൊതുപ്രവര്‍ത്തനവും കഴിഞ്ഞു ബൈക്കില്‍ മടങ്ങുകയായിരുന്നു..വീടിനുതൊട്ടടുത്ത കടയില്‍പോകുമ്പോള്‍പോലും ഹെല്‍മറ്റ്‌ ധരിയ്ക്കുമായിരുന്നു അവന്‍..

.രാത്രി ഒമ്പതുമണികഴിഞ്ഞിരുന്നു അപ്പോള്‍...

പുതിയതായി വന്ന ഹെല്‍മറ്റ്‌ നിയമത്തെ പേടിച്ചൊന്നുമല്ല്ലായിരുന്നു.... അവന്റെ ശീലമായിരുന്നു അത്‌....

സംഭവം നടന്ന ദിവസവും ആമ്പല്ലൂര്‍ ജങ്ക്ഷന്‍ വരെയും ഹെല്‍മറ്റു വെച്ചിരുന്നു അവന്‍.....

അവിടെ വണ്ടി നിര്‍ത്തി ബേക്കറിയില്‍കയറി ജ്യൂസും കഴിച്ച്‌ അവിടെ കുറെ നേരം സംസാരിച്ചു നിന്നു......

രാത്രി ഒമ്പതരമണികഴിഞ്ഞിരുന്നു അപ്പോള്‍...

പിന്നെ,... പതിവിനു വിപരീതമായി ഹെല്‍മറ്റ്‌ വണ്ടിയുടെ ഫ്രണ്ടില്‍ തൂക്കി യാത്ര തുടര്‍ന്നു....

ചിരപരിചതമായ വഴി....കൈതഴക്കം വന്ന വണ്ടി......വര്‍ഷങ്ങളായി റ്റൂവീലര്‍ ഓടിച്ചുള്ള വൈദിഗ്‌ധ്യം ..

പറഞ്ഞിട്ടെന്തുകാര്യം.....

ഒന്നരകിലോമീറ്റര്‍ യാത്ര തുടര്‍ന്നപ്പോഴേയ്ക്കും സംഭവിയ്ക്കാനുള്ളത്‌ സംഭവിച്ചു..

റോഡുപണിയുടെ പേരില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന പാറപൊടിയുടെ കൂമ്പാരങ്ങള്‍ രാവിലെ അവന്‍ പോകുമ്പോള്‍ അവിടെയില്ലായിരുന്നു....

ഇനി ആരെയെങ്കിലും പഴിച്ചെട്ടെന്തിനാ...

അങ്ങിനെ,..അവിടെ ആ ജീവതത്തിന്റെ അവസാനത്തിനു തുടക്കമായി....ഇന്ന്‌ എല്ലാം പൂര്‍ണ്ണമായി......

ഇതുപോലെ ദിനംപ്രതി എത്രയെത്ര കുടുംബങ്ങളുടെ കണ്ണുനീരിന്റെ വാര്‍ത്തകള്‍ തികഞ്ഞ ലാഘവത്തോടെ വായിച്ച്‌ ഒരുസഹതാപത്തിലെല്ലാമൊതുക്കാന്‍ ശീലിച്ച ഞാന്‍ ഇന്ന്‌ ഇതു ടൈപ്പ്‌ ചെയ്യുമ്പോള്‍ സ്വയം നിയന്ത്രിയ്ക്കാന്‍ പാടുപെടുന്നു..

പണ്ട്‌ മഹാഭാരതയുദ്ധത്തില്‍ ഭീമന്റെ രാക്ഷസപുത്രന്‍ ഘടോല്‍ക്കചനുള്‍പ്പടെ മരിച്ചു വീഴുന്നവരെ നോക്കി വിലപിയ്ക്കുന്ന ബന്ധുജനങ്ങളെ ഭഗവാന്‍ കാരുണ്യവാക്കുകള്‍ ചൊരിഞ്ഞ്‌ സമാശ്വസിപ്പിച്ചു ..
പക്ഷെ ഒടുവില്‍ അഭിമന്യുവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഒരു നിമിഷത്തില്‍ സാക്ഷാല്‍ ഭഗവാന്റെ മനസ്സുപോലും ഒരു നിമിഷം ചഞ്ചലമായി...മിഴികള്‍ സജലങ്ങളായി...

രക്തബന്ധങ്ങള്‍ക്കുമുമ്പില്‍ ഈശ്വരന്മാര്‍ പോലും ചിലപ്പോള്‍ പതറിപോകുന്നു ,...പിന്നെ നമ്മള്‍ സാധാരണമനുഷ്യരുടെ കാര്യം പറയേണ്ടതുണ്ടോ.....

പ്രത്യേകിച്ചും...സമൂഹം കാണാതെ,...മരണവും ദുഃഖവും ദാരിദ്ര്യവും എന്തെന്നറിയാതെ ഗള്‍ഫിലെ അടച്ചുപൂട്ടിയ കൃത്രിമാന്തരീക്ഷത്തില്‍ ...ഗൗതമബുദ്ധനായിതീര്‍ന്ന സിദ്ധാര്‍ഥന്റെ രീതിയിലുള്ള ചുറ്റുപാടുകളില്‍ ജീവിയ്ക്കുന്ന നമ്മള്‍ പ്രവാസികളുടെ കാര്യം....

കുറച്ചു മുമ്പ്‌,... ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഇളയ ചേച്ചിയുടെ മകളുടെ മകളുടെ കിളികൊഞ്ചല്‍.....

അതിലൂടെ പുതിയ തലമുറയുടെ പ്രതീക്ഷയുടെ,.. പ്രത്യാശയുടെ പുതിയ കിരണങ്ങള്‍ പ്രവഹിയ്ക്കുന്നു....

ഒരു തലമുറ കടന്നുപോകുമ്പോള്‍ അടുത്ത തലമുറ കൂടുതല്‍ കരുത്താര്‍ജ്ജിച്ച്‌ മുന്നോട്ടു വരുന്നതു തിരിച്ചറിയുന്നു....

തലമുറകളില്‍നിന്നു തലമുറകളിലേക്ക്‌ ഒഴുകിനീങ്ങുന്ന ജീവിതമെന്ന മഹാപ്രവാഹത്തിന്റെ ശക്തിയും വ്യാപ്തിയും ഒരിയ്ക്കലും നിലക്കില്ല എന്ന ആത്മവിശ്വാസം മനസ്സില്‍ നിറയുന്നു........

അപ്രതീക്ഷിത നിമിഷങ്ങളില്‍ തികച്ചും ആകസ്മികമായി, ഏവരേയും അമ്പരപ്പിച്ചുക്കൊണ്ട്‌,.. ഒരര്‍ദ്ധവിരാമമിട്ടിട്ടെന്നപോലെ പൊലിഞ്ഞുപോകുന്ന ജീവിതങ്ങള്‍ക്കു സമാനമായി...ഈ കുറിപ്പും അപൂര്‍ണ്ണമായി ഇവിടെ ഞാനവസാനിപ്പിയ്ക്കുന്നു...

ഇടറിയ മനസ്സുമായി ഞാന്‍ കോറിയിട്ട ഈ വാക്കുകളിലൂടെ ശശിയേട്ടന്റെ ഒരു രേഖാചിത്രം ഇതു വായിയ്ക്കുന്ന നിങ്ങളുടെ മനസ്സില്‍ ഒരു നിമിഷമെങ്കിലും പതിഞ്ഞിരുന്നെങ്കില്‍......ആ നിമിഷം നിങ്ങളുടെ മനസ്സ്‌ അവന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥനനിര്‍ഭരമായെങ്കില്‍.....

കൊല്ലേരി തറവാടി
05/02/2010

5 comments:

  1. ശരിയ്ക്കും തരിച്ചുപോയ മനസ്സും വിറക്കുന്ന കരങ്ങളുമായാണ്‌ ഞാനിതു ടൈപ്പ്‌ ചെയ്യുന്നത്‌...പിന്നെ എന്തിനുവേണ്ടി ഇതു ടൈപ്പ്‌ ചെയ്യുന്നു എന്നു ചോദിച്ചാല്‍ എന്റെ ഒരു സമധാനത്തിനു വേണ്ടി എന്നായിരിയ്ക്കും മറുപടി......

    ReplyDelete
  2. തറവാടീ,

    ശശിയേട്ടന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണമിക്കുന്നു.
    സംഭവം ഇഷ്ടായീ.ഇനിയും വരാം നല്ല വായനയ്ക്കായീ

    ReplyDelete
  3. മനസ്സിലെ വികാരങ്ങള്‍ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്. പലതും നമ്മള്‍ വിധി എന്ന രണ്ടക്ഷരത്തിനു വിട്ടു കൊടുക്കുകയാണല്ലോ പതിവ്‌. ഇതും അതുപോലെ എന്നു കരുതി സമാധാനിക്കാന്‍ ശ്രമിക്കുക. അല്ലാതെന്താ ഞാന്‍ പറയുക?

    ReplyDelete
  4. കൊല്ലേരി... ഞാനിപ്പോള്‍ എന്താ പറയുക? ... വല്ലാത്തൊരു മാനസികാവസ്ഥയിലായി... ഇന്നലെ ഇതാ ഗിരിഷ്‌ പുത്തഞ്ചേരിയും... അകാലത്തില്‍ കൊഴിയുന്ന പൂവുകള്‍ കുറച്ചൊന്നുമല്ല വേദന പകരുന്നത്‌...

    ReplyDelete