അമ്മെ ഞാന്‍ അമ്മയെക്കുറിച്ചൊരു കഥ മെനയാന്‍ പോകുന്നു പിണങ്ങില്ലല്ലൊ..
സേതുവിന്റെ ആ ചോദ്യം കേട്ട് ഭാനുമതിടീച്ചര്‍ അമ്പരന്നു..
എന്തു കഥയാ തന്നെപറ്റി അവന്‍ ചമച്ചെടുക്കാന്‍ പോകുന്നത്..അവര്‍ മോനെ സൂക്ഷിച്ചുനോക്കി.പാവമാണവന്‍,.എന്നാലും അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയല്ലെ,..അതു നല്‍കിയ സ്വാതന്ത്രത്തിന്റെ ബലത്തില്‍ എല്ലാ കുസൃതിത്തരങ്ങളും കിട്ടിയിട്ടുണ്ട് അവന്...ഇന്നെന്തെങ്കിലും സൂത്രപ്പണികള്‍ മനസ്സില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാകും..അല്ലെങ്കിലും എന്നും അങ്ങിനെയാണ് എല്ലാറ്റിനും അമ്മയുടെ സമ്മതം വാങ്ങുന്നത് ഇതുപോലെ ഈ ഡൈനിംഗ് ടേബിളിലെ അത്താഴസമയത്തെ ശാന്തമായ അന്തരീക്ഷത്തിലാണ്...കൂടെജോലി ചെയുന്ന മാലിനി ദിവാകരനെപറ്റി ചെറിയൊരു കള്ളനാണത്തോടെ തന്നോട് പറഞ്ഞിട്ട് കുറച്ചു ദിവസമെ ആയിട്ടുള്ളു..അടുത്തചിങ്ങത്തില് മുപ്പത്തിയൊന്നു തികയുന്നു സേതുവിന്.. കല്യാണത്തെക്കുറിച്ചു സൂചിപ്പിയ്ക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറുകയാണ് പതിവ്.. കൂട്ടുകാരോടൊത്തു കറങ്ങി നടക്കുന്നന്നതിലായിരുന്നു ഇത്രയും കാലം അവനു താല്‍പ്പര്യം..
വളര്‍ന്നു വന്നപ്പോള്‍ വാസുവേട്ടന്റെ രൂപവും മാനറിസങ്ങളും എല്ലാം എത്ര കൃത്യമായിട്ടാണ് അവന് കിട്ടിയിരിയ്ക്കുന്നത്. ഒരു പക്ഷെ അദ്ദേഹം നേരത്തെ പോകുമെന്നറിഞ്ഞ് ഈശ്വരന്‍ അവന് കനിഞ്ഞു നല്‍കിയതായിരിയ്ക്കും അവനതെല്ലാം..വൈധവ്യത്തിന്റെ ഇളംനിറങ്ങളുടെ ലോകത്ത് തന്നെ തനിച്ചാക്കി വാസുവേട്ടന്‍ പോയിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു.
ഇയ്യിടെയായി സേതുവിന്റെ മുഖത്തെപ്പോഴും വല്ലാത്ത ടെന്‍ഷനാണ് .പതിവായി മദ്യപിയ്ക്കാനും തുടങ്ങിയിരിയ്ക്കുന്നു അവന്‍..ഭയങ്കര അലച്ചിലാണ് ഈ പ്രൊഫഷനില്‍ എന്നനുഭവത്തില്‍ നിന്നും അറിയാമായിരുന്നു. എന്നാലും അവനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആക്കണം എന്നതു തന്റെ വാശിയായിരുന്നു.. വാസുവേട്ടനു സാധിയ്ക്കാതെ പോയ പല സ്വപ്നങ്ങളും മോഹങ്ങളും അവനിലൂടെ പൂവണിഞ്ഞുകാണണമെന്ന ആഗ്രഹമായിരുന്നുതനിയ്ക്ക്..പക്ഷെ അക്കാലത്തെ പത്രപ്രവര്‍ത്തന രീതികളല്ല ഇന്ന് എന്നു തിരിച്ചറിയുമ്പോള്‍ തന്റെ തീരുമാനം തെറ്റായി എന്നു തോന്നിപോകുന്നു.
"എന്തുപറ്റി സേതു നിനക്കിന്ന്..അമ്മയെപറ്റി എന്തു കഥയാ നിനയ്ക്കു ചമയ്ക്കേണ്ടത്... പറയു കേള്‍ക്കട്ടെ.
"അമ്മെ,. പണ്ട്,പഴയ മുഖ്യമന്ത്രി തമ്പുരാന്‍സാറ് ഓലക്കുടിയില്‍ നമ്മുടെ തറവാട്ടുവീട്ടില്‍ ഒളിവിലിരുന്ന കാലത്ത് അമ്മയ്ക്കെത്ര വയസ്സുണ്ടായിരുന്നു.."
.എട്ടൊമ്പത് വയസ്സെ ഉണ്ടായിരുന്നുള്ളു എനിയ്ക്കപ്പോള്‍..ഞാനന്ന് നാലില്‍ പഠിയ്ക്കുകയായിരുന്നു..നേരിയ ഓര്‍മ്മയെ ഉള്ളു എനിയ്ക്കതെല്ലാം..എന്തെ നീ ഇപ്പോഴതു ചോദിയ്ക്കാന്‍....
അമ്മയേയും തമ്പുരാന്‍സാറിനേയും ചേര്‍ത്തു ഞാനൊരു കഥ മെനയാന്‍ പോകുന്നു....കമ്മ്യൂണിസ്റ്റുകാരുടെ ഒളിവിലെ പ്രണയകഥകള്‍ക്ക് നല്ല ഡിമാന്റുള്ള കാലമാണിത്....അമ്മയുടെ അന്നത്തെ പ്രായമൊന്നും പ്രശ്നമല്ല..ഇത്തരം വിവാദകഥകളുടെ ആധികാരികതയൊ സത്യസന്ധതയോ ഒന്നും ആരും അന്വേഷിയ്ക്കാന്‍ പോകുന്നില്ല..മൂന്നോ നാലോ ദിവസത്തെ ആയുസ്സെ ഉണ്ടായിരിയ്ക്കുകയുള്ളു ഇത്തരം കഥകള്‍ക്ക്..പുതിയൊരു വിവാദം വരുന്നതുവരെ മാത്രം നീളുന്ന ആയുസ്...തമ്പുരാന്‍ സാറിനണെങ്കില്‍ മക്കളോ അടുത്ത ബന്ധുക്കളൊ ആരുമില്ല....പിന്നെ ഗ്രൂപ്പു കളിച്ചു പരസ്പരം കലഹിച്ചു നടക്കുന്ന പാര്‍ട്ടിക്കാര്‍..അവരും ഉടക്കാന്‍ വരില്ല മരിച്ചുമണ്ണടിഞ്ഞ പഴയനേതാക്കളെക്കൊണ്ട് അവര്‍ക്കെന്തു പ്രയോജനം..പക്ഷെ അമ്മ ഒന്നും കാര്യമാക്കരുത് എല്ലാം ഒരു തമാശായായിട്ടെടുക്കണം...സേതുവിനുവേണ്ടിയുള്ള ഒരു തമാശനാടകത്തിലെ നായിയകയായി അഭിനയിക്കുന്നു എന്നു കരുതിയാല്‍ മതി..
ഇക്കാര്യങ്ങളില്‍ മാലിനി മിടുക്കിയാണ്...ഒരു ത്രെഡു കിട്ടിയാല്‍ മുതലാളിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അതിനെ നല്ലൊരു സ്റ്റോറി ആക്കി മാറ്റി വിശ്വസനീയമായി അവതരിപ്പിയ്ക്കാന്‍ നന്നായി അറിയാം മാലിനിയ്ക്ക്.
"ചന്താവിഷനിലെ" സുമേഷേട്ടനും സോണിയചേച്ചിയും പോലെ ചാനലിലും,.ജീവിതത്തിലും ഞാനും മാലിനിയും.!...അതെന്റെ സ്വപ്നമാണ്...അതു പറയുമ്പോള്‍ എല്ലാം മറന്നിരുന്നു അവന്‍.. ആവേശം കൊണ്ടു ചുവന്നു തുടുത്തിരുന്നു.
"ഈശ്വരാ എന്തുപറ്റി എന്റെ കുട്ടിയ്ക്ക്. ജോലിഭാരം അവന്റെ മനസിന്റെ സമനില തെറ്റിച്ചിരിയ്ക്കുന്നു.?. ഇന്നവന്‍ പതിവിലേറെ മദ്യപിച്ചിരിയ്ക്കുന്നു..?.
തരിച്ചിരുന്നുപോയി ടീച്ചര്‍....വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല അവര്‍ക്ക്...ദേഷ്യംക്കൊണ്ടും ഒപ്പം സങ്കടംകൊണ്ടും വാക്കുകളുടെ നിയന്ത്രണം വിട്ടുപോയി അവര്‍ക്ക്....
ഇല്ലമ്മെ,.അമ്മയ്ക്കു തന്ന പ്രോമിസിനപ്പുറം ഞാന്‍ ഓവറായി ഒരു തുള്ളിപോലും കുടിച്ചിട്ടില്ല,..അമ്മയെക്കുറിച്ചല്ലാതെ അപ്പുറത്തെ ഏലിയാമ്മ ടീച്ചറക്കുറിച്ച് എഴുതാന്‍ പറ്റുമോ എനിയ്ക്ക്...അവരു സമ്മതിയ്ക്കുമോ അതിന്.
മടുത്തു തുടങ്ങി അമ്മെ...മല്‍സരിച്ചു തളരാന്‍ തുടങ്ങി.. ന്യൂസ് വായന മാത്രമായിരുന്നപ്പോള്‍ ഇത്രയും ടെന്‍ഷന്‍ ഇല്ലായിരുന്നു. എഡിറ്റേര്‍സ് ഡെസ്ക്കില്‍ നിന്നും തയ്യാറാക്കി തരുന്ന വാര്‍ത്തകളില്‍ പലതും തത്തയെ പോലെ ജനങ്ങളുടെ മുമ്പില്‍ ഏറ്റുചൊല്ലുമ്പോള്‍ തൊലിയുരിഞ്ഞുപോകും..ടീകോം മാനേജ്‌മെന്റിന്റെ കേരളത്തിനെ രക്ഷകരായും കൊല്ലം തികയുന്നതിനുമുമ്പെ പെണ്ണുകേസില്‍പെട്ട് മന്ത്രിപണി തുലച്ചു മടങ്ങി വരുന്ന നേതാവിനെ കേരളത്തിന്റെ വീരനായകനായും വര്‍ണ്ണിയ്ക്കേണ്ടി വരുമ്പോള്‍ തലകുനിഞ്ഞു പോകും....വേശ്യാവൃത്തിയില്‍പോലും ഇതിലും ഫ്രീഡവും മാന്യതയും ഉണ്ടെന്നു തോന്നിപോകും...
പക്ഷെ, എല്ലാം കഴിഞ്ഞു ക്യാമറ ഓഫാവുന്ന നിമിഷങ്ങളില്‍ മുതലാളിയെ തെറി പറഞ്ഞും പണ്ട് പഠിച്ചിരുന്ന കാലത്ത് പാടി നടന്ന വിപ്ലവഗാനങ്ങള്‍ ഉറക്കെ നീട്ടിചൊല്ലിയും കയ്യോടെ ദേഷ്യം തീര്‍ക്കാന്‍ കഴിയും.. പിന്നെ അവസാനം ഗുഡ്‌നൈറ്റ് പറഞ്ഞു പിരിയുന്നതിനുമുമ്പ് എല്ലാരുമൊത്തുകൂടി രണ്ടു പെഗ് അടിയ്ക്കുന്നതോടെ ടെന്‍ഷനെല്ലാം അലിഞ്ഞുതീരും.
ന്യൂസ് റിപ്പോര്‍ട്ടിംഗ് അത്ര എളുപ്പമുള്ള പണിയല്ല...മനഃസാക്ഷിയുള്ളവര്‍ക്ക് ചേര്‍ന്ന പണിയുമല്ല..റിപ്പോര്‍ട്ടിങ്ങല്ല സത്യത്തില്‍ ന്യൂസ് മേക്കിംഗ് ആണ് പലപ്പോഴും അവിടെ നടക്കുന്നത് നേരും നെറിയുമില്ലാത്ത പെയിഡ് ന്യൂസ് മേക്കിംഗ്.
ശീതികരിച്ച മുറിയിലെ ശുചിത്വം നിറഞ്ഞ അന്തരീക്ഷത്തില്‍നിന്നും പുറത്തിറങ്ങാന്‍ മടിയ്ക്കുന്ന ശുഭ്രവസ്ത്രധാരികളും അവരുടെ പ്രസ്ഥാനങ്ങളും ചുമരെഴുത്തിനും, പ്രചാരണത്തിനും ആരോപണപ്രത്യാരോപണങ്ങള്‍ക്കും ചാനലുകള്‍ വാടകക്കെടുക്കുന്നു..തെരുവോരങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികള്‍ നിരോധിച്ച് ജനകീയപ്രസ്ഥാനങ്ങളെ ജനങ്ങളില്‍നിന്നുമകറ്റാന്‍ ന്യായാസനങ്ങള്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നു....അരാഷ്ട്രീയവല്‍ക്കരിയ്ക്കപ്പെടുന്ന കലാലയങ്ങളിലെ ഇളംമനസ്സുകളെ തട്ടമിട്ടും,ഇടാതെയും വേലികെട്ടി വേര്‍തിരിച്ച് ക്ലോണിംഗ് നടത്തി വര്‍ഗ്ഗീയ സന്തതികളെ സൃഷ്ടിച്ചെടുക്കുന്നു..ആത്മീയതയുടെ വെണ്മയില്‍ സങ്കുചിതത്വത്തിന്റേയും, കച്ചവടതാല്‍പ്പര്യങ്ങളുടേയും കാളിമ പടരുന്നു....ഇതു "പേയിമെന്റുകളുടെ" കാലമാണമ്മെ, കലികാലം..മാധ്യമങ്ങള്‍ക്കും പേ പിടിയ്ക്കുന്ന കാലം..
നവാബ് രാജേന്ദ്രന്റെ സ്ഥാനത്ത് വേഷത്തില്‍ ക്രൈം കുമാരന്മാര്‍ ജനപ്രിയവ്യവഹാരികളുടെ വേഷം കെട്ടി ആടിതിമര്‍ക്കുന്ന ഇക്കാലത്ത് ജീവിയ്ക്കാന്‍ വേണ്ടി ഞങ്ങള്‍ക്കും കെട്ടിയാടേണ്ടി വരുന്നു ഓരോരോ വേഷങ്ങള്‍.
എല്ലാവരുടെയും അവസ്ഥ ഇതൊക്കെതന്നെയാണ്.അപ്പുറത്ത് "അമ്മ" ചാനലില്‍ "നാടകമെ ജീവിതം" എന്നു പറഞ്ഞ് വിദൂഷകവേഷം കെട്ടിയാടുന്ന സുനിലേട്ടന്‍ പഠിയ്ക്കുന്ന കാലത്ത് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പുലിയായിരുന്നു..കാമ്പസ്സുകളിലെ അറിയപ്പെടുന്ന കവിയായിരുന്നു..!!.
മൂത്തു നരച്ച കേസ്സില്ലാവക്കീല് ജയരാമേട്ടന്‍ വാരന്ത്യങ്ങളില്‍ കെട്ടിയാടുന്ന അപ്പക്കാളയുടെ വേഷം.. അതുപോലെ എന്തെങ്കിലുമൊക്കെ വിഡ്ഡിവേഷങ്ങളില്‍ ഒതുങ്ങാന്‍ തന്നെയായിരിയ്ക്കും മിക്കവാറും ഞങ്ങളുടെയെല്ലാം അവസാനകാല നിയോഗം.
വേണ്ടായിരുന്നു അമ്മെ,.. ഞാന്‍ ഈ പണി തിരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു..ഏതായാലും നനഞ്ഞിറങ്ങി ഇനി നന്നായൊന്നു കുളിച്ചു കയറാതെ പറ്റില്ലല്ലൊ
സേതുവിന്റെ മുഖം തുടുത്തു...കണ്ണുകള്‍ ചുവന്നു.പിന്നെയും അവന്‍ എന്തൊക്കയൊ പറഞ്ഞുകൊണ്ടിരുന്നു അവന്‍ പറഞ്ഞതു പലതും കേട്ടില്ല ടീച്ചര്‍ ,..കേള്‍ക്കാനുള്ള മനസാന്നിധ്യം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു
കേട്ടില്ലെ വാസുവേട്ടാ മോന്‍ പറഞ്ഞത്..പ്രൊഫെഷനില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി അമ്മയെക്കുറിച്ചവന്‍ കഥ മെനയാന്‍ പോകുന്നു..വേണ്ടായിരുന്നു അല്ലെ,...ഈ വഴിയിലേയ്ക്കവനെ തിരിച്ചുവിടാന്‍ പാടില്ലായിരുന്നു...എന്റെ തെറ്റ്...! എല്ലം എന്റെ തെറ്റ്.!"
ബെഡ്‌റൂമില്‍ വാസുവേട്ടന്റെ ലാമിനേറ്റു ചെയ്ത ഫോട്ടോയ്ക്കുമുമ്പില്‍ നിന്നു വിതുമ്പി ടീച്ചര്‍.
"ഒന്നും പറയാനില്ലെ വാസുവേട്ടന്,.എല്ലാം അല്ലെങ്കിലും നിസ്സാരമായെടുത്ത് കള്ളച്ചിരിയുമായി ഒന്നും മിണ്ടാതെ നില്‍ക്കാന്‍ പണ്ടെ മിടുക്കനാണല്ലൊ വാസുവേട്ടന്‍..എന്നെ തനിച്ചാക്കി ഫോട്ടോയുടെ നാലു ഫ്രയിമുകള്‍ക്കുള്ളില്‍ തിരക്കുവെച്ചൊതുങ്ങികൂടിയപ്പോള്‍ തീര്‍ന്നു എല്ലാ ഉത്തരവാദിത്വവും അല്ലെ."..ടീച്ചര്‍ക്കു ദേഷ്യം വന്നു..
ഞാന്‍ എല്ലാം കാണുന്നു ഭാനു.ഒന്നും ആരുടേയും കുറ്റമല്ല മോളെ,....ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.തീക്ഷ്ണമായ മല്‍സരത്തിന്റെ യുഗത്തിലാണ് ഇന്നത്തെ കുട്ടികള്‍ ജീവിയ്ക്കുന്നത്.വെട്ടിപ്പിടിച്ചു മുന്നേറാനുള്ള ശ്രമത്തിനിടയില്‍ പലപ്പോഴും പലതും മറക്കേണ്ടിവരുന്നു അവര്‍ക്ക്..രക്തബന്ധങ്ങള്‍ പോലും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു.....വാശിയാണ് സേതുവിന്.. അവന്റെ പെണ്ണ് പ്രൊഫെഷനില്‍ അവനേക്കാള്‍ ഒരുപാടു മുന്നിലാണെന്ന തിരിച്ചറിവ് നല്‍കുന്ന വാശി.
സഞ്ചിയും തൂക്കി ബുദ്ധിജീവി ചമഞ്ഞു സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമാക്കി നടന്നിരുന്ന പണ്ടത്തെ മാധ്യമപ്രവര്‍ത്തകരല്ല ഇന്നത്തെ കുട്ടികള്‍...ഓര്‍മ്മയില്ലെ ഭാനുവിന് ആ നാളുകള്‍..എങ്ങിനെ മറക്കാന്‍ കഴിയും അല്ലെ...പാര്‍ട്ടിയുടെ ലഘുലേഖകള്‍ അച്ചടിയ്ക്കാന്‍ വേണ്ടിയുള്ള കുടുസ്സുമുറിയിലെ പഴയ അച്ചുകൂടത്തില്‍ നിന്നും ഉടലെടുത്ത പത്രമോഹം..
ഇന്നത്തെപോലെ ചാനലുകളും ഉപചാനലുകളും തുടങ്ങാനുള്ള ആസ്തിയോ അതിനു പണമിറക്കാന്‍ പ്രാപ്തരായ "അനുഭാവികളൊ" ഇല്ലാതിരുന്ന പാര്‍ട്ടിയ്ക്കും സഹായിയ്ക്കാന്‍ കഴിയുന്നതിനു പരിധികളും പരിമിതികളുണ്ടായിരുന്നു.
"ഇത് പാര്‍ട്ടിയ്ക്കു വേണ്ടിയല്ല എന്റെ വാസുവേട്ടന്റെ മോഹങ്ങള്‍ക്കു വേണ്ടി മാത്രം " എന്നു പറഞ്ഞ് മുത്തശ്ശിയില്‍ നിന്നും പരമ്പരഗതമായി കിട്ടിയ ആഭരണങ്ങള്‍ സന്തോഷത്തോടെ നീ എടുത്തു നീട്ടിയ നിമിഷങ്ങള്‍ "ചിന്താധാര" എന്ന പേരിലുള്ള സായാഹ്ന ലോക്കല്‍പത്രത്തിനു ജന്മം നല്‍കുകയായിരുന്നു..
അടിയന്തരാവസ്ഥയുടെ നാളുകളില്‍ പോലീസ് അടിച്ചുതകര്‍ത്തു സീലുവെച്ചു പൂട്ടിയത് ആ പത്രമാഫീസു മാത്രമല്ല നമ്മുടെ സ്വപ്നസാഫല്യം കൂടിയായിരുന്നു...പിന്നെ എല്ലാം വീണ്ടും പൂജ്യത്തില്‍നിന്നു തുടങ്ങി ആത്മവിശ്വാസം കൈവരിയ്ക്കാന്‍ തുടങ്ങിയ സമയത്തൊരുനാള്‍ ഉറക്കത്തിന്റെ അഗാധതയിലെപ്പോഴോ ഞാന്‍ പോലുമറിയാതെ നിലച്ചുപോയി എന്റെ ഹൃദയസ്പന്ദനങ്ങള്‍.നിങ്ങള്‍ക്കായി ഒന്നും കരുതിവെയ്ക്കാന്‍ പോലും കഴിഞ്ഞില്ല...ഓര്‍ക്കാപ്പുറത്ത് അത്രയ്ക്കുപെട്ടന്നായിരുന്നില്ലെ ഒരു തയ്യാറെടുപ്പുമില്ലാതെയുള്ള ആ യാത്ര..!...
അന്ന് ജോലിയുണ്ടായിരുന്നതുകൊണ്ട്,..തറവാട്ടില്‍ അത്യാവശ്യം സ്വത്തുണ്ടായിയിരുന്നതുകൊണ്ടു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു നിനക്ക്....
നമ്മുടെ മാത്രം അവസ്ഥ ആയിരുന്നില്ല അത്..അന്ന് ഒരു സാധാരണ മാധ്യമപ്രവര്‍ത്തകന് അത്രയൊക്കെ സങ്കല്‍പ്പിയ്ക്കാന്‍ നേടാന്‍ കഴിയുമായിരുന്നുള്ളു...
ഇന്നതല്ല സ്ഥിതി....കോട്ടും സ്യൂട്ടും ധരിപ്പിച്ച് അര്‍ഹിയ്ക്കുന്നതിലേറേ പ്രതിഫലവും നല്‍കി ചിന്താശേഷിയും എഴുതുവാനും കഴിവും പ്രതിഭയുമുള്ള യുവമനസ്സുകളെ വിലയ്ക്കുവാങ്ങാന്‍ മല്‍സരിയ്ക്കുന്നു മുതലാളിത്വ സാമ്രാജിത്വ ശക്തികള്‍ക്ക് ഓശാനപാടുന്ന ഇവിടുത്തെ മാധ്യമമുതലാളിമാര്‍,പ്രത്യേകിച്ചും ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തുന്ന യുവാക്കളെ.
അതൊരു തന്ത്രമാണ് പണ്ട് കല്‍ക്കട്ടയിലെ ഫുട്ബാള്‍ ക്ലബുകള്‍ പയറ്റിയ അതെ തന്ത്രം..രാജ്യത്തെ മുഴുവന്‍ നല്ല കളിക്കരേയും വിലയ്ക്കു വാങ്ങുക.എല്ലാവരേയും കളിപ്പിയ്ക്കാന്‍ കഴിയില്ല എന്നറിയാഞ്ഞിട്ടല്ല..അവര്‍ മറ്റു ക്ലബുകള്‍ക്കുവേണ്ടി വേണ്ടി കളിയ്ക്കുന്നത് തടയുക,. അങ്ങിനെ എതിരാളികളെ തളര്‍ത്തുക..
കളിയ്ക്കാന്‍ കഴിയാതെ റിസര്‍വ്‌ബെഞ്ചിലിരുന്നു കളികണ്ടു കാല്‍തരിപ്പകറ്റേണ്ടിവരുന്നവന്റെ വിവരാണാതീതമായ മാനസ്സികസമ്മര്‍ദ്ദം അതു ഭയാനകമാണ്.. അതാണ് സേതുവടക്കം പല യുവജേര്‍ണിലിസ്റ്റുകളും ഇന്നനുഭവിയ്ക്കുന്നത്..നിനക്കിനി സേതുവിനെ തടയാന്‍ കഴിയില്ല ഭാനു..അവന്‍ തീരുമാനിച്ചു കഴിഞ്ഞു...അവന്റെ കണ്ണീരിന്റെ മുമ്പില്‍ നീ തോറ്റുപോകും.നിന്റെ ഹൃദയത്തില്‍നിന്നും കനിവിന്റെ അമിഞ്ഞപ്പാല്‍ അറിയാതെ ചുരന്നുപോകും.സാരമില്ല ഭാനു, അപ്പൂപ്പന്‍ താടിയുടെ ആയുസ്സെ ഉള്ളു ഇന്നത്തെ കാലത്തെ വാര്‍ത്തകള്‍ക്ക്..മുന്നിലൂടെ പറന്നുപോകുന്ന നിമിഷങ്ങളില്‍ കണികള്‍ക്കു തോന്നുന്ന തോന്നുന്ന കൗതുകം മാത്രം...നമുക്കു നോക്കാം ടീച്ചറെ മോനെന്തു കുറുമ്പാണ് കാണിയ്ക്കാന്‍ പോകുന്നതെന്ന്.ധൈര്യമായിട്ടിരിയ്ക്കടോ,.ഞാനില്ലെ എപ്പോഴും തനിയ്ക്കു കൂട്ടായിട്ട്.
വാസുവേട്ടന്‍ അവളെ ചേര്‍ത്തു പിടിച്ചു നെറ്റിയില്‍ തലോടി.അനന്തതയ്ക്കപ്പുറത്തു നിന്നുമുള്ള അനന്തതയില്‍നിന്നും ഒഴുകിയെത്തുന്ന ആ കുളിര്‍സ്പര്‍ശത്തില്‍ ടീച്ചര്‍ എല്ലാ ദുഃഖങ്ങളും മറന്നു.
"വാസുവേട്ടാ...! വാസുവേട്ടന്‍ ബീഡിയുടെ ബ്രാന്‍ഡ് വീണ്ടും മാറ്റിയൊ....ഇന്നെന്തോ ഒരു പ്രത്യേക ഗന്ധം...ഏട്ടന്റെ ചുണ്ടിലെ ബീഡിക്കറ പകര്‍ന്നു പകര്‍ന്നു എന്റെ ചുണ്ടുകളും കറുക്കാന്‍ തുടങ്ങുണുണ്ടൊട്ടോ...നാക്കിന്‍തുമ്പിലും ബീഡിയിലയുടെ രുചി പടരാന്‍ തുടങ്ങിയിരിയ്ക്കുണു."
ആകുലതകള്‍ അകലാന്‍ തുടങ്ങിയ ആ നിമിഷങ്ങളില്‍ ഭാനുമതിടീച്ചറുടെ നെറ്റിയിലും സീമന്തരേഖയിലും വീണ്ടും ഭൂതക്കാലത്തിന്റെ സിന്ദൂരം തിളങ്ങി..
വര്‍ഷങ്ങളായുള്ള ടീച്ചറുടെ ഒരു ശീലമാണത്.വിരസമായ ഏകാന്ത ജീവിതത്തിലെ ഓരോ ദിവസത്തിനുമൊടുവിലും ഉറങ്ങുന്നതിനുമുമ്പുള്ള നിമിഷങ്ങളില്‍,. ആശ്വാസത്തിന്റെ മരുപ്പച്ച തേടുന്ന അവരുടെ മനസ്സ് വാസുവേട്ടനുമായി സ്വയം മറന്ന് സംവദിയ്ക്കും..ആ സാന്നിധ്യം, ബീഡിപുകയുടെ ഗന്ധം എല്ലാം എല്ലാം അനുഭവിച്ചറിയും...ഒടുവില്‍ വാസുവേട്ടന്റെ ആശ്വാസവചനങ്ങളിലും കൊച്ചുകൊച്ചുകുസൃതികളിലും ലയിച്ചും രമിച്ചും തളര്‍ച്ചയോടെ ആ നെഞ്ചില്‍ തലചായ്ച്ചുകിടന്നാലെ അവര്‍ക്കു സ്വസ്ഥമായി ഉറങ്ങാന്‍ കഴിയു..
മുപ്പത്തിമൂന്നം വയസ്സില്‍ വിധവയായതാണ് പാവം ടീച്ചര്‍..."ഇത്ര ചെറുപ്പവും സൗന്ദര്യവുമുള്ള നിനക്ക് ഈ സമൂഹത്തില്‍ ഒറ്റയ്ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല മോളെ"... ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എല്ലാവരും നിര്‍ബന്ധിച്ചു..ചിലര്‍ മോഹിച്ചു..പക്ഷെ,.വാസുവേട്ടന്റെ സ്ഥാനത്ത് മറ്റൊരു പുരുഷന്റെ സാന്നിധ്യവും സാമീപ്യവും സങ്കല്‍പ്പിക്കാന്‍പോലും സാധ്യമല്ലായിരുന്നു ടീച്ചര്‍ക്ക്.
പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിയ്ക്കാന്‍ പോന്ന വിവാദവുമായാണ് ആ വെള്ളിയാഴ്ച സന്ധ്യ കടന്നു വന്നത്... കേരളം കണ്ടതില്‍ വച്ചേറ്റവും മാന്യനും കുലീനനും സൗമ്യനും ആയിരുന്ന മുഖ്യമന്ത്രി തമ്പുരാന്‍സഖാവിന്റെ ഒളിവുകാലത്തെ പ്രണയബന്ധത്തിന്റെ ചുരുളുകളോരോന്നായി പുറത്തെടുത്തു അവതരിപ്പിയ്ക്കുകയായിരുന്നു തണ്ടര്‍ പോയിന്റില്‍ സൂപ്പര്‍താരം മാലിനി ദിവാകരന്‍.
സേതുവിന്റെ അമ്മയെക്കുറിച്ച് ഇങ്ങിനെ ഒരു കഥ ചമച്ച് അവതരിപ്പിയ്ക്കാന്‍ സത്യത്തില്‍ ദുഃഖമുണ്ടായിരുന്നു മാലിനിയ്ക്ക്..പക്ഷെ,.എല്ലാം സേതുവിന്റെ ഐഡിയ ആയിരുന്നു..അവനങ്ങിനെയാണ് എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ പിന്നെ എല്ലാം മറക്കും, അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ പോലും,,.വാശിക്കാരാനായ അവന്റെ ഇഷ്ടങ്ങള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും വഴങ്ങുന്നത് ഒരു ശീലമായിരിയ്ക്കുന്നു മാലിനിയ്ക്ക്, സേതുവിനെ അവള്‍ അത്രമാത്രം സ്നേഹിയ്ക്കുന്നുണ്ടായിരുന്നു .....
പതിവു ആത്മവിശ്വാസവും വാചകകസര്‍ത്തും ഒന്നും പ്രകടിപ്പിയ്ക്കാതെ വിഷയം ഒരു കൗമാരകൗതുകത്തിലും പ്രണയത്തിലും ഒതുക്കിനിര്‍ത്താന്‍ പരമാവധി പരിശ്രിമിയ്ക്കുകയായിരുന്നു അവള്‍.പക്ഷെ കൊച്ചി സ്റ്റുഡിയോയില്‍ നിന്നും ഉണ്ണികുട്ടന്‍ നേതാവ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ചരച്ചയുടെ ഗതി മാറി..പിന്നെ എല്ലാം കൈവിട്ടുപോയി മാലിനി നിസ്സഹായയായി...
ഇത്തരം വിഷയങ്ങളില്‍ അനുഭവസമ്പന്നനും വിദഗ്ദനും ഗവേഷണവിദ്യാര്‍ത്ഥിയുടെ മനസ്സോടെ പഠനം നടത്തുന്നവനുമായ ഉണ്ണികുട്ടന്‍ സര്‍ ഒരു നല്ല ഇര കിട്ടിയ സന്തോഷത്തോടെ കത്തി കയറുകയായിരുന്നു.ഭാനുമതി ടീച്ചറുടക്കം ആയിരക്കണക്കിന് പെണ്‍കുട്ടികളെ മോഹിപ്പിച്ച് കന്യാകത്വം കവര്‍ന്ന തമ്പുരാന്‍സഖാവ് അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുടെ ഒളിവിലെ ചരിത്രങ്ങള്‍ അക്കമിട്ടുനിരത്തുകയായിരുന്നു..റഷ്യയിലെയും പാരീസിലേയും തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് സിഫലിസും ഗുണേറിയയും പിടിച്ചാണ് പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളില്‍ പലരും മരിച്ചതെന്ന് ആവേശത്തോടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു ഉണ്ണികുട്ടന്‍ നേതാവ്.
ശരിയ്ക്കും പതറിപോയി മാലിനി..അതു പുറത്തുകാട്ടാതെ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു ലൈവ് പ്രോഗ്രാമില്‍ പാവം അവതാരകര്‍ അഭിമുഖികരിയ്ക്കേണ്ടിവരുന്ന ധര്‍മ്മസങ്കടങ്ങള്‍ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു അവള്‍..
തകര്‍ന്ന മനസ്സോടെ എല്ലാം കണ്ടുകൊണ്ട് വീട്ടിലെ സ്വീകരണമുറിയില്‍ ഒറ്റയ്ക്കിരുന്നു പൊട്ടിക്കരയുകയായിരുന്നു ടീച്ചര്‍.സഹിയ്ക്കാന്‍ കഴിഞ്ഞില്ല അവര്‍ക്ക്..ഒറ്റനിമിഷം കൊണ്ടു തകര്‍ന്നുപോയത് തന്റെ പാതിവൃത്യമാണ്, കന്യാകത്വമാണ്, ആത്മാഭിമാനമാണ്.
"എങ്കിലും എന്റെ മോളെ പുത്രവധുവായി സേതുവിന്റെ കയ്യുംപിടിച്ച്,വലതുകാലുവെച്ച് നീ കയറിവരുന്ന നിമിഷം ആരതിയുഴിഞ്ഞു സ്വീകരിയ്ക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്, കൊതിയോടെ കാത്തിരുന്ന ഈ അമ്മയോടു തന്നെ വേണമായിരുന്നോ ഇത്...
കേട്ടില്ലെ വാസുവേട്ടാ,..തൃപ്തിയായില്ലെ,.. അമ്പത്തിയെട്ടു വയസ്സുവരെ ഞാന്‍ കാത്തു സൂക്ഷിച്ചതെല്ലാം ഒറ്റനിമിഷം കൊണ്ട് വീണുടഞ്ഞുതകര്‍ന്നുപോയില്ലെ..."
തലകറങ്ങുന്നതുപോലെ തോന്നി ടീച്ചര്‍ക്ക്,.....എങ്ങിനെയോ ബെഡ്‌റൂമിലോടിയെത്തിയ അവര്‍ വാസുവേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു."
"ഞാന്‍ ഇത്രയും കരുതിയില്ല ഭാനു.നമ്മുടെ കുട്ടികളെ നീ വെറുതെ ശപിയ്ക്കരുത്..അവരെ വെറും കളിപ്പാട്ടങ്ങള്‍ മാത്രമാക്കി ആരൊക്കയൊ കളിച്ചിരിയ്ക്കുന്നു...ന്യൂസ് വ്യാപാരികളുടെ ക്വൊട്ടേഷന്‍ സംഘത്തിലെ വെറും ഗുണ്ടകളായി മാറിയിരിയ്ക്കുന്ന ആരോ ചിലര്‍.."..വാസുവേട്ടന്റെ മുഖത്തെ പതിവുചിരി മാഞ്ഞിരുന്നു...
അരുത് വാസുവേട്ടാ,.ഇപ്പോള്‍.ഒന്നും പറയരുത്...വല്ലാത്ത ക്ഷീണം തോന്നുന്നു എനിയ്ക്ക്,..ആ ഇടതുകൈ തലയിണയാക്കി രാവു മുഴുവന്‍ ശാന്തമായി കിടന്നോട്ടെ ഞാന്‍,..നേരം പുലരുമ്പോള്‍ കൈ വേദനിയ്ക്കാന്‍ തുടങ്ങില്ലല്ലൊ വാസുവേട്ടന്"...
വാസുവേട്ടന്റെ ഇടതുകൈതണ്ടയില്‍ തലചേര്‍ത്തുവെച്ച്,..ആ നെഞ്ചിലെ ചൂടില്‍ ലയിച്ച്, ആശ്വാസം കണ്ടെത്താന്‍ ശ്രമിയ്ക്കുകയായിരുന്നു ടീച്ചര്‍.
കഥകള്‍ ചമച്ച്, അതിന്റെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്ത്,പാപപുണ്യങ്ങളുടെ അതിര്‍വരമ്പുകള്‍തിരിച്ച് വിപണനം ചെയ്യുന്ന വാര്‍ത്താവ്യാപാരികളുടെ വിവാദഭൂമിയില്‍ ഇനിയും ഒരു പരിഹാസകഥാപാത്രമായി ഭാനുവിനെ ഒറ്റയ്ക്കു നിര്‍ത്തുവാന്‍ മനസ്സു വരാതെ, വാര്‍ത്തവിനിമയ പരിധികള്‍ക്കപ്പുറത്തെ സ്വസ്ഥവും ശാന്തവുമായ അനന്തതയുടെ ലോകത്തേയ്ക്ക് അവളെ കൂട്ടികൊണ്ടുപോകാന്‍ ഒരുങ്ങുകയായിരുന്നു ടീച്ചറുടെ പ്രിയപ്പെട്ട വാസുവേട്ടന്‍.. ആ പഴയക്കാല മാധ്യമപ്രവര്‍ത്തകന്‍ അപ്പോള്‍.. .
അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു,.ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു....."
ടീച്ചറുടെ മൊബയില്‍ പാടാന്‍ തുടങ്ങി.അമ്മയ്ക്ക് ഏറെ പ്രിയമുള്ള ആ ഗാനം സേതു തന്നെയാണ് അവന്റെ നമ്പറിന്റെ റിങ്ങ്‌ടോണായി സെറ്റ് ചെയ്തു കൊടുത്തത്..അമ്മയുടെ റിട്ടയര്‍മെന്റു ദിനത്തില്‍ അവന്‍ തന്നെ സമ്മാനിച്ചതായിരുന്നു ആ മൊബയില്‍.
അനുനിമിഷം അനാഥമായികൊണ്ടിരിയ്ക്കുന്ന അനേകം നമ്പറുകളില്‍ ഒന്നായി മാറി തന്റെ അമ്മയുടെ നമ്പരും എന്ന സത്യം മനസ്സിലാക്കാതെ സേതു വീണ്ടും ട്രൈ ചെയ്യുകയായിരുന്നു..
ഇന്നത്തെ തണ്ടര്‍പോയിന്റില്‍ നിന്നു അവസാനനിമിഷം താന്‍ ഒഴിവക്കപ്പെട്ടത് ഇതിനയിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ് സുനിലേട്ടന്റെ ഫ്ലാറ്റിലെ സ്വീകരണമുറിയില്‍ ടീവിയ്ക്കുമുമ്പില്‍ തരിച്ചിരിയ്ക്കുകയായിരുന്നു അവന്‍..സുനിലേട്ടന്റെ വൈഫ് ഗീതചേച്ചിയും മോനും അവിടെയില്ല എന്ന സ്വാതന്ത്രത്തില്‍ മുമ്പിലെ ടേബിളില്‍ പരസ്യമായി നിരത്തിവെച്ച ഷിവാസ് റീഗല്‍ ഫുള്‍ബോട്ടില്‍ കാലിയായിരുന്നു....ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും കുടിയ്ക്കുന്നത്.എത്ര കുടിച്ചിട്ടും മതി വരുന്നുണ്ടായിരുന്നില്ല...
വീണ്ടും കിളി ചിലച്ചു..മാലിനിയുടെ മിസ്‌കോളുകളാല്‍ നിറഞ്ഞുകവിയാന്‍ തുടങ്ങിയിരുന്നു അവന്റെ മൊബയില്‍...വേണ്ടാ ഇപ്പോഴത്തെ മൂഡില്‍ അവളോട് സംസാരിച്ചാല്‍ ശരിയാവില്ല..ഒന്നും മാലിനിയുടെ മാത്രം കുറ്റമല്ല എന്നറിയാം...എന്നാലും ഇന്നു വയ്യാ.
"എങ്കിലും മാലിനി ഇങ്ങിനെ ചെയ്തല്ലൊ..സുനിലേട്ടാ...."
"മാലിനെയെ കുറ്റം പറയേണ്ട സേതു...എല്ലാം നിന്റെ തെറ്റു മാത്രം...സെന്‍സേഷനല്‍ ന്യൂസിനുവേണ്ടി സ്വന്തം..! ...ഇരിയ്ക്കുന്ന കൊമ്പു തന്നെ മുറിയ്ക്കാന്‍ തോന്നിയല്ലോ സേതു നിനക്ക്..! കഷ്ടം,.. അധികാരകൊതിമൂത്ത കാലത്ത് ലീഡറുടെ മകന്‍ വരെ ഇത്രയും വലിയ വിഡ്ഡിത്തം ചെയ്തിട്ടുണ്ടാവില്ല..എന്നോടൊന്നു ചോദിയ്ക്കാമായിരുന്നു നിനക്ക്"...മാലിനിയ്ക്കെങ്കിലും നിന്നെ പറഞ്ഞുമനസ്സിലാക്കാമായിരുന്നു".
രണ്ടു ചാനലുകളിലാണ് വര്‍ക്കു ചെയ്യുന്നതെങ്കിലും .സുനിലേട്ടന്‍ അവന്റെ ബെസ്റ്റ് ഫ്രന്‍ഡാണ്,..സ്വന്തം ചേട്ടനെപോലെയാണ് ..ആ ചേട്ടനും തന്നെ കുറ്റപ്പെടുത്തുന്നു....കുറ്റബോധംകൊണ്ടവന്റെ മനസ്സ് ഉമിത്തീയിലെന്നവണ്ണം നീറിപുകഞ്ഞു...
ഞാനിറങ്ങുന്നു സുനിലേട്ടാ,...അമ്മയെ കാണണം...മാപ്പു പറയണം ...മതി ഇന്നത്തൊടെ നിര്‍ത്തി ഈ പണി..."
"നില്‍ക്കു സേതു,..ഈ അവസ്ഥയില്‍ നീ ഒറ്റയ്ക്കു ബൈക്ക് ഓടിച്ചു പോകേണ്ട....ഞാന്‍ കൊണ്ടുവിടാം."...
സേതു അതു കേട്ടില്ല..അവന്‍ ഒന്നും കേട്ടില്ല...മൊബയിലില്‍ നിരന്തരം ചിലച്ചുകൊണ്ടിരുന്ന അവന്റെ പ്രിയപ്പെട്ട കിളിനാദം പോലും....ലിഫ്റ്റിനു കാത്തു നില്‍ക്കാന്‍ ക്ഷമയുണ്ടായിരുന്നില്ല..താഴെ അവന്റെ പ്രിയപ്പെട്ട ഹീറൊ ഹോണ്ട സ്പ്‌ളെന്‍ഡര്‍ കാത്തു നില്‍ക്കുകയായിരുന്നു.
പെട്ടന്നു വൈദ്യുതി നിലച്ചു...അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്...മഴമേഘങ്ങള്‍ വിതുമ്പിനിന്ന ആകാശത്ത് നക്ഷത്രങ്ങളുടെ ഹര്‍ത്താല്‍ ആയിരുന്നു അന്ന്..നഗരം കരിനിലാമഴയില്‍ കുളിച്ചു നിന്നു..തിരക്കുകുറഞ്ഞ ഹൈവേയിലൂടെ ബൈക്കിനേക്കാള്‍ വേഗതയില്‍ കുതിച്ചു പായുകയായിരുന്നു അവന്റെ മനസ്സ്...അമ്മയുടെ അടുത്തെത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം...ലോകത്ത് ഒരു മകനും ഇതുപോലൊരു അവസ്ഥയില്‍ അമ്മയെ അഭിമുഖികരിയ്ക്കേണ്ടി വന്നിട്ടുണ്ടാകില്ല....ബാലുവിന്റെ ഹൃദയമിഡിപ്പു കൂടി...സോറി അമ്മെ, സോറി..അമ്മയോടു പറയേണ്ട വാക്കുകള്‍ മനസ്സിലിട്ടു മനനം ചെയ്യുകയായിരുന്നു സേതു...പാവമാണ് അമ്മ, തന്നെ ഒരുപാടിഷ്ടമാണ്,.. എല്ലാം പെട്ടന്നു പൊറുക്കും.മാപ്പുതരും. അവന്റെ മിഴികള്‍ നിറഞ്ഞുതുളുമ്പി..
ഒരു നിമിത്തം പോലെ,..പെട്ടന്ന്,..വീടിനടുത്തുള്ള വളവുതിരിഞ്ഞ് എതിര്‍ദിശയില്‍ നിന്നും ഒരേവേഗതയില്‍ തുല്യ അകലം പാലിച്ച് പാഞ്ഞു വരുന്ന രണ്ടു ബൈക്കുകളുടെ ഹെഡ് ലൈറ്റുകള്‍ നക്ഷത്രങ്ങള്‍പോലെ അവന്റെ നിറഞ്ഞുതുളുമ്പുന്ന കണ്‍മുമ്പില്‍ തിളങ്ങി...കൗതുകത്തോടെ ,അതിലേറെ ആവേശത്തോടെ, ആ ബൈക്കുകള്‍ക്കിടയിലൂടെ അവന്‍ സ്വന്തം ബൈക്ക് പായിച്ചു.. എതിരെ പാഞ്ഞു വന്നിരുന്ന ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഹെഡ്‌ലൈറ്റുകള്‍ക്കിടയിലേയ്ക്കാണ് തന്റെ കുതിപ്പെന്ന യാഥര്‍ത്ഥ്യം തിരിച്ചറിയാന്‍ മദ്യലഹരിയില്‍ മന്ദിച്ചുപോയ അവന്റെ തലച്ചോറിനു കഴിഞ്ഞില്ല.!!
..
ആ അഭിശപ്തനിമിഷത്തില്‍ എല്ലാം തീര്‍ന്നു.
വോഡാഫോണിന് നഷ്ടങ്ങളുടെ ദിനമായിരുന്നു അന്ന്,. മേല്‍വിലാസം നഷ്ടപ്പെട്ട് ഒരു നമ്പര്‍കൂടി അനാഥമാകുകയായിരുന്നു...
പോക്കറ്റില്‍ നിന്നും തെറിച്ചു വീണ മൊബയില്‍ ഒരു മിന്നാമിനുങ്ങുപോലെ ഇരുട്ടില്‍ തിളങ്ങി....കഥയറിയാതെ കിളി വീണ്ടും ചിലയ്ക്കാന്‍ തുടങ്ങുകയായിരുന്നു..തേങ്ങലിന്റെ സ്വരമായിരുന്നു അതിനപ്പോള്‍.."ഈശ്വരാ,ഒരുവട്ടമെങ്കിലും സേതു ഫോണ്‍ എടുത്തിരുന്നെങ്കില്‍,,"സാരമില്ല മാലിനി,.. ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചു തിരിച്ചു വിളിയ്ക്കാം.' എന്നൊന്നു പറഞ്ഞിരുന്നെങ്കില്‍."......ഫ്ലാറ്റില്‍ സ്വന്തം മുറിയുടെ ബാല്‍ക്കണിയില്‍ അനന്തതയിലേയ്ക്കു മിഴിയുംനട്ട് തളര്‍ന്നിരിയ്ക്കുകയായിരുന്നു മാലിനി, അവളുടെ വിരലുകള്‍ മൊബെയിലിന്റെ റീ-ഡയല്‍ ബട്ടണില്‍ അമര്‍ന്നുകൊണ്ടേയിരുന്നു.
പാവം ആ പെണ്ണിനെ കാത്തിരിയ്ക്കുന്ന നൊമ്പരത്തിന്റെ വ്യാപ്തിയോര്‍ത്ത് ആകാശത്ത് എല്ലാമറിഞ്ഞ് വിതുമ്പിനിന്നിരുന്ന അമ്മമഴക്കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു..കാറ്റിനൊടൊപ്പം ബാല്‍ക്കണിയില്‍ ഒഴുകിയെത്തിയ കണ്ണുനീര്‍ത്തുള്ളികള്‍ മാലിനിയുടെ ദേഹത്തു വാല്‍സല്യത്തോടെ സാന്ത്വനത്തിന്റെ കുളിരുപകരാന്‍ വൃഥാ ശ്രമിച്ചു.. രാത്രിയ്ക്കൊപ്പം മഴയും കനക്കാന്‍ തുടങ്ങിയിരുന്നു..
"രണ്ട് പിഞ്ചുകുഞ്ഞുങ്ങളേ ആറ്റിലെറിഞ്ഞുകൊന്ന് ആത്മഹത്യക്കു ശ്രമിച്ച അമ്മയുമായി ആശുപത്രിയുടെ ICUവില്‍ ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം..അനാഥയും നിരാലംബയുമായ ഒരു യുവതിയ്ക്ക് ജീവിതത്തില്‍ അനുഭവിയ്ക്കേണ്ടി വന്ന അവിശ്വനീയ സംഭവപരമ്പരകളുടെ ദൃശ്യവിസ്മയം നിങ്ങളുടെ കണ്ണുകള്‍ക്ക് കുളിരുപകരും..മനസ്സിനെ ഈറനണിയ്ക്കും......ഇന്നത്തെ മാതൃദിന സ്പെഷല്‍ "ചാര്‍ജ്‌ഷീറ്റ്"നിങ്ങള്‍ക്കായി സമര്‍പ്പിയ്ക്കുന്നത് ജനലകഷങ്ങളുടെ വിശ്വസ്തസ്ഥാപനം..!
ഒരു സ്ഥാപനമല്ല,.ഒരുപാട് വിശ്വസ്ത സ്ഥാപനങ്ങളെ അണിനിരത്തി,മറ്റൊരു സീതയെ കാട്ടിലേയ്ക്ക് അയയ്ക്കാന്‍,..ഒരു പാഞ്ചാലിയെ കൂടി വസ്ത്രാക്ഷേപം നടത്തി അപമാനിയ്ക്കാന്‍ അരങ്ങൊരുങ്ങുകയായിരുന്നു ചാനലില്‍...ടീച്ചറുടെ സ്വീകരണമുറിയിലെ ആരും കാണാനില്ലാതെ അനാഥമായ ടീവി സ്ക്രീന്‍ ഒരമ്മയുടെ ഗര്‍ഭപാത്രത്തിലെ രക്തത്തുള്ളികളെകൊണ്ടു നിറയുകയായിരുന്നു...!
അപ്പോള്‍ തികഞ്ഞ നിസ്സംഗതയോടെ, അതിലേറെ നിര്‍വികാരതയോടേ ഒരു ഫ്ലാഷ് ന്യൂസിനു തിരി കൊളുത്താന്‍ ഒരുങ്ങുകയായിരുന്നു ചാനല്‍നാടുവാഴിയുടെ അങ്കക്കളരിയ്ക്കു പുറകില്‍ നിസ്സഹായരായ പാവം അഭിനവചേവകന്മാര്‍...ഇനി തങ്ങളുടെ ഊഴം എന്നെന്നറിയാതെ..!!!
..
ReplyDeleteതറവാടി,
ഒന്നൊതുക്കാമായിരുന്നുവെങ്കിലും,
കൊള്ളാം കേട്ടൊ..
..
ഓ:ടോ :-എന്നാലും നായകനെ തട്ടിക്കളയേണ്ടായിരുന്നു ;)
പറഞ്ഞ് മനസ്സിലാക്കിക്കൂടേ?
..
രണ്ടു ഭാഗമാക്കമായിരുന്നു പക്ഷെ നന്നായിട്ടുണ്ട്
ReplyDeleteപെറ്റതള്ളയെ വരെ വിറ്റ് ചാനൽ റേറ്റിംഗ് കൂട്ടുന്ന ന്യൂജനറേഷൻ മാധ്യമ പ്രവർത്തനത്തിന്റെ പരിസമാപ്തി! എഴുത്ത് കൊള്ളാം പക്ഷെ കുറച്ചു ചുരുക്കാമായിരുന്നു.
ReplyDelete>>ബാലുവിന്റെ ഹൃദയമിഡിപ്പു കൂടി...സോറി അമ്മെ, സോറി..<<
സേതുവിന്റെ കഥ പറഞ്ഞു വന്നപ്പോൾ ബാലു വന്നതെങ്ങിനെ?
alikka paranjatha shari..... ellam vanijya thandrangal...
ReplyDeleteപെരുകുന്ന ചാനലുകളും മാറുന്ന തന്ത്രങ്ങളും ഇനി ആരെയൊക്കെ, എങ്ങനെയൊക്കെ പന്തുതട്ടിക്കളിക്കും എന്ന് കാത്തിരുന്നു കാണാം…
ReplyDelete‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!’
അതേ... ചാനലുകള്‍ക്ക് എന്തും മെനയാമെന്നായിരിക്കുന്നു ഇക്കാലത്ത്... അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണല്ലോ, നമ്മുടെ ജനതയുടെ ആവിഷ്കാരം ചാനല്‍ ശ്രീ. എ.പി.അബ്ദുള്ളക്കുട്ടിയെയും ഒരു പാവം കുടുംബത്തെയും കരിവാരി തേച്ച് അപമാനിച്ചത്...
ReplyDelete