Friday, April 23, 2010

ആറാമത്തെ പെഗ്‌

രാജേട്ടന്റെ കൂടെ ഒരു വാരന്ത്യംകൂടി......

ഹാഫ്‌ ഡേയുടെ ആലസ്യവുമായി....ഒരു വ്യാഴാഴ്ച കൂടി കടന്നു വന്നു..പാതിയവധി ദിനം...ഫ്ലാറ്റില്‍ നേരത്തെ തിരിച്ചെത്തി,.

ശോശാമ്മ നാട്ടില്‍ പോയിട്ട്‌ ഒരാഴ്ചയാകുന്നതേയുള്ളു...

എത്ര സാവധാനത്തിലാണ്‌ ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത്‌.....

അവളുടെ അഭാവം ശരിയ്ക്കും മനസ്സിലാവാന്‍ തുടങ്ങിയിരിയ്ക്കുന്നു...ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ....ഇന്റര്‍നെറ്റു ഓപ്പന്‍ ചെയ്യാന്‍ പോലും തോന്നുന്നില്ല.... ചുറ്റിലും നിറഞ്ഞുനില്‍ക്കുന്ന ഏകാന്തത... വിരസത....കരയില്‍ പിടിച്ചിട്ട മല്‍സ്യം പോലെ വല്ലാതെ പിടയ്ക്കുന്നു മനസ്‌....ഒരാഴ്ചപോലും ആയില്ല അതിനു മുമ്പെ മടുക്കാന്‍ തുടങ്ങി...!..

അപ്പോള്‍ വര്‍ഷങ്ങളായി ഏകാന്തജീവിതം നയിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവരുടെ സ്ഥിതിയോ..ഓര്‍ക്കാന്‍കൂടി വയ്യാ,...തീര്‍ത്തും ഭയാനകം തന്നെയായിരിയ്ക്കും അവരുടെ അവസ്ഥ...

പെട്ടന്നു രാജേട്ടനെ ഓര്‍മ്മ വന്നു.ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി ഈ മരുഭൂമിയില്‍ തീര്‍ത്തും ഏകാകിയായി കഴിയുന്ന രാജേട്ടന്‍..വന്നുവന്ന്‌ ഇപ്പോഴതു വനവാസത്തിനുശേഷമുള്ള അജ്ഞാതവാസത്തിന്റെ തലത്തിലേയ്ക്കു കടക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. എല്ലാവരില്‍ നിന്നും ഒറ്റപ്പെടുന്നതില്‍ സുഖം കണ്ടെത്താന്‍ തുടങ്ങിയിരിയ്ക്കുന്നു രാജേട്ടന്‍...അതിനു രാജേട്ടനെ പറഞ്ഞിട്ടു കാര്യമില്ല .കൂട്ടിക്കിഴിച്ചു വരുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമല്ലെ ആ പാവത്തിനു ജീവിതത്തില്‍ എന്നും മിച്ചം വരാറുള്ളു..

രജേട്ടന്റെ അടുത്തു വരെ ഒന്നുപോയാലൊ...അന്നു ബദേര്‍ ഹോസ്പിറ്റലില്‍ നിന്നും വന്നതിനുശേഷം ഇതു വരെ കാണാന്‍ പറ്റിയില്ല.. ഒന്നു ഫോണ്‍ ചെയ്തതുപോലുമില്ല...വയറുവേദന കുറഞ്ഞില്ലെ ആവോ..

മൊബെയിലില്‍ വിളിച്ചാല്‍ കിട്ടുമെന്നുറപ്പില്ല......രാജേട്ടന്റെ അപ്പാര്‍ട്ടുമെന്റില്‍ സവയ്ക്കെന്നല്ലെ മറ്റൊരു കണക്ഷനും പലപ്പോഴും റേഞ്ചുണ്ടാകാറില്ല..

ഒന്നവിടം വരെ പോകാം....ഒരുപാടു നാളായി ഒരു വാരാന്ത്യം രാജേട്ടൊനൊന്നിച്ച്‌` ചിലവഴിച്ചിട്ട്‌.. പെട്ടന്നായിരുന്നു തീരുമാനം.......

സായന്തനത്തിന്റെ തിരക്കില്‍ മുഴുകാനൊരുങ്ങുന്ന നഗരവീഥിയിലൂടെ അലസമായി കാറോടിയ്ക്കുമ്പോള്‍ ബാച്ചിലര്‍കാലത്തെ വാരന്ത്യാഘോഷക്കാലങ്ങളിലേയ്ക്കു മടക്കയാത്ര നടത്തുകയായിരുന്നു മനസ്സ്‌..

പണ്ട്‌ ഇതുപോലൊരു വ്യാഴാഴ്ചരാവിന്റെ ലഹരിയില്‍ പ്രവാസത്തെക്കുറിച്ച്‌ രാജേട്ടന്‍ പറഞ്ഞ വാചകങ്ങള്‍ ഒരസുഖകരമായ ഓര്‍മ്മയായി ഇന്നും മനസ്സില്‍ മായതെ നില്‍ക്കുന്നു..

"മനുഷ്യജന്മങ്ങളില്‍ ഏറ്റവും ശാപം കിട്ടിയ ജന്മം...അതാണ്‌ പ്രവാസത്തിലെ ബാച്ചിലര്‍ ജന്മം..കുടുംബമുണ്ട്‌,.എല്ലാവരുമുണ്ട്‌...എല്ലാമുണ്ട്‌.എന്നിട്ടും ഒന്നുമില്ലാത്ത,..ആരുമില്ലാത്ത അവസ്ഥ..

വിജനമായ വഴികളിലൂടെ ഏകാകിയായുള്ള യാത്രയ്ക്കിടയിലെ വീര്‍പ്പുമുട്ടലില്‍ നിന്നും ബാലന്‍സു ചെയ്യാനായി എപ്പോഴോ മനപൂര്‍വ്വം ഒരുക്കിയെടുക്കുന്ന മായക്കാഴ്ചകളുടെ പുറകെ ചരടുപൊട്ടിയ പട്ടം പോലെ അലഞ്ഞുതിരിയുന്ന അവന്റെ മനസ്സ്‌ അവസാനം അതിലെ ഏതെങ്കിലും ഒരു വിസ്മയത്തുമ്പത്ത്‌ അറിയാതെ കുരുങ്ങിപോകുന്നു. പട്ടാഭിഷേകം നടത്തി ചക്രവര്‍ത്തിയായി സ്വയം അവരോധിയ്ക്കുന്നു....അങ്ങിനെ ആ പദ്‌മവ്യൂഹത്തില്‍ അവന്‍ സ്വയം മറന്നുരമിയ്ക്കുന്നു......ക്രമേണകുടുംബം,സമൂഹം എല്ലാം മനസിനന്യമാകുന്നു..

ശരവേഗത്തില്‍ കടന്നുപോകുന്ന വര്‍ഷങ്ങള്‍ക്കിടയില്‍ ഓടിയോടി തളരാന്‍ തുടങ്ങുമ്പോള്‍....സ്ഥലകാലബോധം തിരിച്ചുവരുമ്പോള്‍ വല്ലാതെ വൈകിയിരിയ്ക്കും ..ഞെട്ടലോടെ മടക്കയാത്രയ്ക്കൊരുങ്ങും...

തിരിഞ്ഞുനോക്കുമ്പോള്‍ പുറംകടലില്‍ നിന്നും തുറയിലേയ്ക്ക്‌ തിരിച്ചുള്ള ദൂരം അമ്പരപ്പിയ്ക്കുന്നതായിരിക്കും...

തുറയില്‍ ഇരുട്ടു പടരാന്‍ തുടങ്ങിയിരിയ്ക്കും..ആകാശത്തിനു ചാരനിറമായിട്ടുണ്ടാകും..

ഹൃദയത്തിലെ ആകാശത്തിന്റെ വടക്കുകിഴക്കെ കോണില്‍ വലതുകയ്യും പിടിച്ച്‌ താന്‍ പ്രതിഷ്ഠിച്ച പാവം പെണ്‍നക്ഷത്രത്തിന്റെ നിറം മങ്ങിയിരിയ്ക്കും....ശോഭ കെട്ടിട്ടുണ്ടാകും....

വര്‍ഷങ്ങളായനുഭവിയ്ക്കുന്ന ഒറ്റപ്പെടലിന്റെ നീറ്റലില്‍ കരളുപുകഞ്ഞ്‌ കരുവാളിച്ച നെഞ്ചിലെ ചൂടും പാലും നല്‍കി വളര്‍ത്തി വലുതാക്കിയ കുരുന്നു നക്ഷത്രങ്ങള്‍ അമ്മയെ തനിച്ചാക്കി ഏഴാംക്കടലിനക്കരെ മഴവില്ലു വിരിയുന്ന പുതിയ ആകാശവും അതിനു താഴെ പരന്നുകിടന്ന്‌ മോഹിപ്പിയ്ക്കുന്ന താഴ്‌വരകളും തേടി പറന്നു പോയിട്ടുണ്ടാവും....

അപ്പോഴും തളര്‍ച്ചയുടെയും പ്രാരാബ്ധത്തിന്റേയും കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയില്‍, എന്നെങ്കിലും വല്ലായ്മകളുടെയും ആലസ്യത്തിന്റേയും ഭാണ്ഡകെട്ടും പേറിവരുന്ന തന്റെ ആണ്‍നക്ഷത്രത്തേയും കാത്ത്‌ "എന്തേ ഇത്രവൈകി....പണ്ടെ ഞാന്‍ പറയാറുള്ളതല്ലെ" എന്ന പരിഭവവും ഉള്ളിലൊതുക്കി,..ഒളിമങ്ങിയതെങ്കിലും തെളിഞ്ഞ പുഞ്ചിരിയും അതിലേറെ ക്ഷമയുമായി കാത്തുനില്‍ക്കുന്നുണ്ടാകും പാവം ആ പെണ്‍നക്ഷത്രം.."

ഇതാണ്‌ രാജേട്ടന്റെ സംസാരത്തിന്റെ രീതി....വ്യാഴാഴ്ചാഘോഷങ്ങളുടെ ലഹരി മൂക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആ മനസ്സില്‍നിന്നും വാക്കുകള്‍ നുരഞ്ഞുപതഞ്ഞൊഴുകും....അതില്‍ സിദ്ധാന്തമുണ്ടാകും..വേദാന്തമുണ്ടാകും...ചിലപ്പോഴതു അര്‍ത്ഥശൂന്യമായ വെറും ജല്‍പ്പനങ്ങളായും മാറും..

പലപ്പോഴും ഒരാത്മകഥനം പോലെ ഞങ്ങള്‍ സുഹൃത്തുക്കളുടെ മുമ്പില്‍ ആ മനസു മുഴുവന്‍ അനാവരണം ചെയ്യും.

ബാലുവിന്റെ കമ്പനിയിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആണ്‌ രാജേട്ടന്‍....വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബാച്ചിലറായിരുന്ന സമയത്ത്‌ അവന്റെ അപ്പാര്‍റ്റുമെന്റിലെ വാരന്ത്യാഘോഷങ്ങള്‍ക്കിടയിലാണ്‌ രാജേട്ടനെ പരിചയപ്പെടുന്നത്‌`....

പറഞ്ഞുവന്നപ്പോള്‍.. ഞങ്ങള്‍.രണ്ടുപേരും ഒരേ നാട്ടുകാര്‍.....പോട്ട ധ്യാനകേന്ദ്രത്തിനു അല്‍പ്പം പടിഞ്ഞാറുമാറിയാണ്‌ രാജേട്ടന്റെ വീട്‌....ഓലക്കുടിയിലെ അറിയപ്പെടുന്ന പഴയക്കാല കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായിരുന്ന വിപ്ലവം ശങ്കരന്‍ നായരുടെ മകന്‍........

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം നിരോധിയ്ക്കപ്പെട്ടിരുന്ന കാലത്ത്‌ രാജ്യദ്രോഹപ്രവര്‍ത്തനത്തിന്‌ ജയില്‍വാസമനുഷ്ഠിച്ചിരുന്നു ശങ്കരന്‍ നായര്‍......അന്നു ജയിലിലെ കൃഷിജോലികള്‍ക്കിടയില്‍ ചീരവിത്തുകള്‍കൊണ്ട്‌ വിപ്ലവമെഴുതിയ മനുഷ്യനായിരുന്നു അദ്ദേഹം.ശങ്കരന്‍ നായര്‍ നനച്ചുനട്ടുവളര്‍ത്തിയ ചീരവീത്തുകള്‍ പൊട്ടിമുളച്ചു വളര്‍ന്നു വന്നത്‌ അക്ഷരങ്ങളുടെ രൂപത്തിലായിരുന്നു...

"വിപ്ലവം ജയിക്കട്ടെ " ചീരതൈകളില്‍ ഒരുക്കിയ ആ വാചകം വായിച്ച്‌ അധികാരികള്‍ ഞെട്ടി....അതിന്റെ പേരിലും കിട്ടി ആ പാവത്തിന്‌ ഒരുപാടു മര്‍ദ്ദനങ്ങള്‍...

പിന്നെ കാലം മാറി പ്രസ്ഥാനം അധികാരത്തിന്റെ രുചി നുണയാന്‍ തുടങ്ങിയപ്പോള്‍ അധികാരമോഹമില്ലാത്ത ശങ്കരനായരെപ്പോലുള്ളവര്‍ പിന്തള്ളപെട്ടു.. ആരൊക്കയോ എന്തൊ വലിയ ഔദ്യാര്യമെന്ന മട്ടില്‍ ശങ്കരന്‍നായര്‍ക്കു മധുര ടെക്സ്റ്റയില്‍സില്‍ ഗുമസ്തപണി കൊടുത്തൊതുക്കി.

ഉര്‍വ്വശിശാപം ഉപകാരമായി..ശങ്കരന്‍നായര്‍ മെല്ലെ പ്രസ്ഥാനത്തില്‍ നിന്നുമകന്നു...വിവാഹിതനായി...കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി...രാജേട്ടനും മൂന്നനിയത്തിമാരും..തൊട്ടപ്പുറത്തു ഒരു വിളിപ്പാടകലെ കളപ്പുരയില്‍ അമ്മാവനും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബം...തറവാട്ടിലെ കൃഷിയും അതിന്റെ മേല്‍നോട്ടവും മറ്റുമായിരുന്നു അമ്മാവന്‌`....

അമ്മായി നേരത്തെ മരിച്ചുപോയതിനാല്‍ അമ്മയായിരുന്നു ആ രണ്ടുവീടുകളിലേയും.ഗൃഹനാഥ..അഞ്ചുപെണ്‍ത്തരികള്‍ക്കിടയില്‍ രാജകുമാരനെപോലെയായിരുന്നു രാജേട്ടന്റെ ബാല്യകൗമാരങ്ങള്‍...ആ അഞ്ചുപേരും രാജേട്ടനു സഹോദരിമാര്‍ തന്നെയായിരുന്നു.....അമ്മവന്റെ മൂത്തമകള്‍ തന്നേക്കാള്‍ അഞ്ചുവയസ്സു ഇളപ്പുമുള്ള വിലാസിനെയെയും മുറപ്പെണ്ണിന്റെ സ്ഥാനത്തു കാണാന്‍ രാജേട്ടനു കഴിഞ്ഞിരുന്നില്ല.

അച്ഛന്റെ വിപ്ലവപാരമ്പര്യം ചെറുപ്പത്തിലെ രാജേട്ടനു പകര്‍ന്നുകിട്ടിയിരുന്നു...80 കളുടെ തുടക്കത്തില്‍ കേരളവര്‍മ്മയിലെ ഉശിരുള്ള സ്റ്റുഡന്‍സ്‌ ഫെഡറേഷന്‍ പ്രവര്‍ത്തകരില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു രാജേട്ടന്‍. അച്ഛനെപോലെതന്നെ മകനും അധികാരമോഹങ്ങളില്ലായിരുന്നു...

സ്വന്തം കോളേജ്‌ ദിനങ്ങള്‍ക്കുറിച്ചു പറയുന്ന നിമിഷങ്ങളില്‍ ആയിരം നാക്കായിരിയ്ക്കും രാജേട്ടന്‌...വല്ലാത്ത ആവേശമായിരിയ്ക്കും..ഒരു പ്രത്യേക താളത്തില്‍ ലയത്തില്‍ പറഞ്ഞുകൊണ്ടേയിരിയ്ക്കും...എത്രയോ വട്ടം പറഞ്ഞിരിയ്ക്കുന്നു....എന്നാലും ഒരു കഥ കേള്‍ക്കുന്ന സുഖത്തില്‍ പ്രിയപ്പെട്ട രാജേട്ടന്റെ ആ വാക്കുകള്‍ ഞങ്ങളും ക്ഷമയോടെ ആസ്വദിച്ചിരിയ്ക്കുമായിരുന്നു.


"ആറു വര്‍ഷത്തോളം ഒരേ കലാലയത്തില്‍ പ്രസ്ഥാനത്തിന്റെ സജ്ജീവസാന്നിധ്യമായിരുന്നിട്ടും...ഒരധികാരസ്ഥാനവും നേടിയില്ല..

കടമിനിട്ടയുടേയും ചുള്ളിക്കാടിന്റേയും കവിതകള്‍ ഈണത്തില്‍ ചൊല്ലി.....വേദികളില്‍നിന്നും വേദികളിലേയ്ക്കു പറന്നുനടന്നു വാക്കുകള്‍കൊണ്ടമ്മാനമാടി കലാലയത്തിലെ ഓരോ മണല്‍ത്തരികളെപോലും കയ്യിലെടുത്തു...

പ്രീഡിഗ്രികുരുന്നുകള്‍ അമ്പരപ്പോടെ അതിലേറെ ആരാധനയോടെ നോക്കികണ്ടിരുന്ന കാലം. രാജന്‍ സഖാവിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ സ്ഥാനര്‍ത്ഥികളുടെ ഭൂരിപക്ഷത്തെപോലും വര്‍ദ്ധിപ്പിച്ചിരുന്നു.

ഒരു പാടു വായിയ്ക്കുമായിരുന്നു അക്കാലത്ത്‌..ഖസാക്കിലെ പനമരങ്ങളില്‍ തലത്തല്ലികരയുന്ന കാറ്റിന്റെ ദുഃഖം രവിയോടൊപ്പം തന്റെ ഹൃദയത്തിലും തേങ്ങലായി പടര്‍ന്നിറങ്ങി...വെള്ളിയാംകല്ലിലെ തുമ്പികളുടെ പുറകെ പായുന്ന ദാസന്റെ അസ്വസ്ഥതകള്‍ തന്റെ മനസ്സ്‌ ഏറ്റുവാങ്ങി.

അസ്തിത്വദുഃഖവും പേറി നടക്കുന്ന അസ്വസ്ഥനായ ഒരു യുവാവ്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതായിരുന്നു അക്കാലത്തെ രൂപഭാവങ്ങള്‍ നല്‍കിയ ഇമേജ്‌..

എം എ ഫസ്റ്റ്‌ ഇയര്‍ പഠിയ്ക്കുന്ന കാലം...ഗവര്‍മ്മേന്റ്‌ കോളേജില്‍ പരിഷത്ത്‌- എസ്‌.എഫ്‌.ഐ. സംഘട്ടനത്തില്‍ ഒരു സഖാവ്‌ രക്തസാക്ഷിയായ നാളുകള്‍.

ആ ഭൂകമ്പത്തിന്റെ ചെറുചലനങ്ങള്‍ വടക്കാഞ്ചേരി വ്യാസയിലും നാട്ടിക എസ്‌.എന്നിലും അതിനോടകം പ്രതിധ്വനിച്ചിരുന്നു....അപ്പോഴും ഞങ്ങളുടെ കലാലയം ശാന്തമായിരുന്നു...കൊടുംകാറ്റിനുമുമ്പുള്ള ശാന്തത.. എല്ലാവര്‍ക്കും അങ്ങിനെയാണ്‌ തോന്നിയത്‌....സത്യത്തില്‍ ഒരു സംഘട്ടനം ആരും മോഹിച്ചിരുന്നുമില്ല..."പ്രിന്‍സി"യുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗങ്ങള്‍..അനുരഞ്ജനസംഭാഷണങ്ങള്‍...രാവിലെ മുതല്‍ തിരക്കോടുതിരക്കായിരുന്നു..

ആ തിരക്കു നല്‍കിയ തലവേദനയില്‍നിന്നും നിന്നു ഇത്തിരി സ്വസ്ഥതയും തേടിയാണ്‌ മദ്ധ്യാഹ്നത്തിന്റെ ആരവത്തിനുശേഷം ആള്‍ത്തിരക്കൊഴിയുന്ന കാന്റീനിലേയ്ക്ക്‌ ആരുമറിയാതെ ഒറ്റയ്ക്കൊന്നു മുങ്ങിയത്‌`.... എന്നിട്ട്‌ ചെന്നുപെട്ടതോ സെക്കന്‍ഡ്‌ ഡീസി സ്റ്റാറ്റിസ്റ്റിക്സിനു പഠിയ്ക്കുന്ന ദേവിയുടെ മുന്നിലും...!

ഈ കുട്ടിയെന്തിനാ എപ്പോഴും ഒരു നിഴല്‍പോലെ തന്റെ പുറകെ നടക്കുന്നു എന്ന ചിന്ത സുഖമുണര്‍ത്തുന്ന ഒരസ്വസ്ഥതയായി ഹൃദയത്തില്‍ വളരാന്‍ തുടങ്ങിയ കാലമായിരുന്നു അത്‌...

എന്നും രാവിലെ തികച്ചു ആകസ്മികമായി എന്ന മട്ടില്‍ കാനാട്ടുകര ബസ്സ്റ്റോപ്പില്‍ വെച്ചു കണ്ടുമുട്ടും.....പിന്നെ കോളേജു വരെയുള്ള ഒരുകിലോമീറ്റര്‍ ഒന്നിച്ചു സംസാരിച്ചുനടക്കും....അവള്‍ മനപൂര്‍വ്വം കാത്തു നില്‍ക്കുകയാണെന്നറിയാമായിരുന്നു.എന്നിട്ടും ചോദിച്ചില്ല...ക്രമേണ ആ ചാപല്യങ്ങളില്‍ താനും രസം കണ്ടെത്തുകയായിരുന്നു..

ഒരു ദിവസം കണ്ടില്ലെങ്കില്‍ "ഇന്നെന്തുപറ്റി ഈ കുട്ടിയ്ക്ക്‌ എന്ന് ഉത്‌കണ്ഠ മനസ്സില്‍ നിറയുന്ന അവസ്ഥയിലേയ്ക്ക്‌ എത്താന്‍ തുടങ്ങിയിരുന്നു കാര്യങ്ങള്‍.
.
എത്രയൊ വര്‍ഷങ്ങളായി ഈ കാമ്പസ്സില്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയിട്ട്‌...ഇതുവരെ ആരോടും അങ്ങിനെ ഒരടുപ്പം തോന്നിയിട്ടില്ല..ഊട്ടിയിലും മറ്റും കറങ്ങിനടക്കുന്ന ഈ വക"ചപലജോടികളെ" കാണുമ്പോള്‍ സത്യത്തില്‍ വെറുപ്പായിരുന്നു.. വല്ലാത്ത പുച്ഛവുമായിരുന്നു മനസ്സില്‍...

എന്നിട്ട്‌ ഈ അവസാന കാലഘട്ടത്തില്‍ വെളുത്തു നീണ്ടുമെലിഞ്ഞ ഈ പെണ്‍കുട്ടിയ്ക്കു മുമ്പില്‍ തന്റെ മനസ്സ്‌ പതറാന്‍ തുടങ്ങുന്നുവോ...!

ഒരു ഫോര്‍മാലിറ്റിയ്ക്കെന്നവണ്ണം അവള്‍ക്കഭിമുഖമായി മേശയ്ക്കപ്പുറത്തെ ചെയറില്‍ ഇരിയ്ക്കുമ്പോള്‍ അനിര്‍വചനീയമായ കൗതുകം മാത്രമായിരുന്നു മനസ്സില്‍.

അപ്രതീക്ഷിതമായി വീണു കിട്ടിയ ആ നിമിഷങ്ങളില്‍ അവള്‍ ഏറെ സന്തോഷവതിയായിരുന്നു....

"സഖാവിനു സ്വന്തമായി കവിതകള്‍ എഴുതാന്‍ ശ്രമിച്ചൂടെ.... എന്തിനാ വെറുതെ അന്യരുടെ കവിതകള്‍ ഏറ്റുചൊല്ലി നടക്കുന്നത്‌...."

സംസാരത്തിനിടയില്‍ പെട്ടന്നായിരുന്നു അവളുടെ ചോദ്യം....

"അതിനെനിയ്ക്ക്‌ എഴുതാന്‍ അറിയില്ലല്ലൊ ദേവി....ഇന്നേവരെ ഒരു വരിപോലും സ്വന്തമായി എഴുതിയിട്ടില്ല ഞാന്‍...." ഒതുക്കത്തിലായിരിന്നു തന്റെ മറുപടി...

ശ്രമിച്ചാലൊക്കെ നടക്കും....പ്രസംഗിയ്ക്കുമ്പോള്‍ കാണിയ്ക്കുന്ന ആ വാചലതയില്ലെ അതു കടലാസ്സില്‍ പകര്‍ത്തിയാല്‍ മതി..പിന്നെ എഴുതിപഠിയ്ക്കാന്‍ ഒരെളുപ്പവഴിയുണ്ട്‌ പ്രേമലേഖനം എഴുതിതുടങ്ങിയാല്‍ മതി...സഖാവിന്റെ പ്രേമലേഖനം കൊതിയ്ക്കുന്ന എത്ര പെമ്പിള്ളേരുണ്ടെന്നറിയോ ഇവിടെ..എന്നു കരുതി എഴുതികഴിയുമ്പോള്‍ അവര്‍ക്കൊന്നും കൊടുക്കാന്‍ നില്‍ക്കേണ്ടാട്ടൊ...എനിയ്ക്കു തന്നെ തന്നാല്‍ മതി...എത്ര നാളായെന്നൊ ഞാനതിനായി കാത്തിരിയ്ക്കുന്നു...."

അവളുടെ കണ്ണുകളില്‍ ആയിരം പൂത്തിരികള്‍ ഒന്നിച്ചു കത്തി..

"നല്ല കാര്യമായി.. കൊടുങ്ങല്ലൂരിലെ ആര്‍.എസ്സ്‌.എസ്സ്‌ കാര്യവാഹക്‌ വിജയന്‍മാഷുടെ മോള്‍ ദേവിയ്ക്ക്‌ എസ്‌.എഫ്‌.ഐ.കാരനായ രാജന്‍ പ്രേമലേഖനം തരിക ...ആ ഒറ്റക്കാരണം മതി തൃശ്ശൂര്‍ ജില്ലയിലെ കാമ്പസ്സുകളില്‍ മൊത്തം ഇപ്പോഴുള്ള പരിഷത്ത്‌- എസ്‌.എഫ്‌.ഐ. സംഘട്ടനത്തിനു ആക്കം കൂടാന്‍....

എല്ലാ ടെന്‍ഷനും മറന്ന്‌ പൊട്ടിച്ചിരിയ്ക്കുകയായിരുന്നു താന്‍....

"അച്ഛന്റെ കാവിനിറത്തിനൊന്നും എന്റെ മനസ്സിനെ ഇതുവരെ സ്വാധീനിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല സഖാവെ....ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു നിറം മാത്രമെ നിറഞ്ഞുനില്‍ക്കുന്നുള്ളു.. ആരാധനയുടെ,. പ്രണയത്തിന്റെ തീക്ഷ്ണമായ ചുവപ്പുനിറം..ഞാനുമിപ്പോള്‍ ഒരു കുഞ്ഞിസഖാവായി മാറികൊണ്ടിരിയ്ക്കുകയാണ്‌.. സത്യം......!. അതിന്റെ ക്രെഡിറ്റു മുഴുവന്‍ ആര്‍ക്കാണാവകാശപ്പെട്ടതന്നറിയാലോ....അതു എപ്പോഴും മനസ്സിലുണ്ടായാല്‍ മതി...

അതും പറഞ്ഞു അവള്‍ മെല്ലെ എഴുന്നേറ്റു ...അവളാകെ ചുവന്നുതുടുത്തിരുന്നു...പൂത്തുലഞ്ഞിരുന്നു......

ദേവി,...ആ പരിപ്പു വട മുഴുവന്‍ കഴിച്ചിട്ടു പോകു ..ഭക്ഷണം വെയിസ്റ്റാക്കാന്‍ പാടില്ല എന്നറിയില്ലെ കുട്ടിയ്ക്ക്‌..നോക്കു സോമാലിയ.. എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍,.. എന്തിന്‌ നമ്മുടെ ചുറ്റുവട്ടത്തു തന്നെ എത്രയോപേര്‍ ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നു".

കൃത്രിമമായ ഗൗരവത്തിന്റെ മുഖംമൂടി എടുത്തണിയാന്‍ ശ്രമിച്ചു പരാജയപ്പെടുകയായിരുന്നു താനപ്പോള്‍...

"മതി മതി ഇനി ഇതിന്റെ പേരില്‍ പ്രസംഗിയ്ക്കാന്‍ തുടങ്ങേണ്ട.....അത്ര ദെണ്ണമുണ്ടെങ്കില്‍ സഖാവ്‌ തന്നെ അതിന്റെ ബാക്കി കഴിച്ചോളു...ഇഷ്ടമുള്ളവരുടേതാകുമ്പോള്‍ പാതി കഴിച്ചു ബാക്കി വെച്ചുതു കഴിയ്ക്കുന്നതിലും ഒരു സുഖമില്ലെ..ഒരു ഗ്ലാസുപാല്‌ പകുത്തുനല്‍കിയല്ലെ കുടുംബജീവിതത്തിനു തുടക്കം കുറിയ്ക്കുന്നത്‌.. ഹൃദയങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ തുടങ്ങുന്നത്‌... നമ്മുടെ കാര്യത്തില്‍ അതു പരിപ്പുവടയിലൂടെയായി എന്നു കരുതിയാല്‍ മതി....."

നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയുമായി ഒരു വര്‍ണ്ണശലഭത്തെപോലെ പറന്നകലുന്ന ആ കൊലുന്നുപെണ്ണിനെ നോക്കി സ്വയംമറന്നു തരിച്ചിരിയ്ക്കുകയായിരുന്നു താന്‍. പരിസരബോധം തിരിച്ചുവന്നപ്പോള്‍ മുന്നിലെ പ്ലെയിറ്റ്‌ കാലിയായിരുന്നു...!

ചുണ്ടിലും നാക്കിലും അവശേഷിച്ച പരിപ്പുവടതരികള്‍ക്ക്‌ അതുവരെ അറിയാത്ത രുചിയായിരുന്നു..മാധുര്യമായിരുന്നു....!

പ്രണയാതുരമായിരുന്നു പിന്നീടുള്ള ദിനങ്ങള്‍..ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നാളുകള്‍..എങ്കിലും ഒതുക്കത്തോടെയായിരുന്നു എല്ലാം..പ്രസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍,..പഠനം ഇവയെയൊക്കെ ബാധിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....എല്ലാറ്റിനും അവള്‍ കൂട്ടുണ്ടായിരുന്നു...എല്ലാം അവളുമായി ഷെയര്‍ ചെയ്യുമായിരുന്നു...കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും പാകവും പക്വതയുമുള്ള ഒരു പെണ്ണായിരുന്നു അവള്‍.

പക്ഷെ സന്തോഷത്തിന്റെ ആ ദിനങ്ങള്‍ അധികകാലം നീണ്ടുനിന്നില്ല..ഒരു പ്രദേശത്തിന്റെ തന്നെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തികൊണ്ട്‌ മധുര ടെക്സ്റ്റയില്‍സില്‍ തൊഴില്‍സമരം നടക്കുന്ന സമയമായിരുന്നു.. അത്‌... ഒരുപാടു നാള്‍ നീണ്ടുനിന്ന സമരത്തിനൊടുവില്‍ കമ്പനി അടച്ചുപൂട്ടി..നിരവധിപേരുടെ ജീവിതം വഴിമുട്ടി....ചിലര്‍ ആത്മഹത്യ ചെയ്തു...

അധികാരത്തിന്റെ ലഹരിയില്‍ പ്രസ്ഥാനം അഴിമതിയുടെ രുചിയറിയും എന്നു വിശ്വസിച്ച്‌ നല്ല പ്രായത്തില്‍ പ്രസ്ഥാനത്തില്‍നിന്നു മാറി നിന്ന ആദര്‍ശശാലിയായ അച്ഛന്‌ അവസാനം പൂക്കാടന്‍മാരുടെ തടികമ്പനിയില്‍ കള്ളക്കണക്കെഴുതുന്ന ഗുമസ്തന്റെ വേഷം കെട്ടേണ്ടി വന്നു..!

മറ്റു മാര്‍ഗങ്ങളൊന്നുമില്ല്ലായിരുന്നു അച്ഛന്റെ മുമ്പില്‍..ദുഖിതനായിരുന്നു അച്ഛന്‍..ആരോഗ്യവും ക്ഷയിച്ചു വന്നു..ചെറുപ്പത്തിലേറ്റ പോലീസ്‌മര്‍ദ്ദനങ്ങള്‍ അച്ചനെ ഒരാസ്ത്‌മ രോഗിയാക്കി മാറ്റിയിരുന്നു..

എല്ലാം അറിയുന്നുണ്ടായിരുന്നു ..ആ അസ്വസ്ഥതകള്‍ക്കു മുന്നില്‍ തല്‍ക്കാലികമായിട്ടണെങ്കിലും നിസ്സഹായനാവേണ്ടി വരുന്നതിന്റെ ദുഃഖം തന്റെ നെഞ്ചില്‍ ഒരു നീറ്റലായി പടരാന്‍ തുടങ്ങിയിരുന്നു....

സെക്കന്‍ഡ്‌ എം എയ്ക്കു ക്ലാസു തുടങ്ങിയ സമയം...ഒരു ദിവസം ഉറങ്ങാന്‍ കിടന്ന അച്ഛന്‍ പിന്നെ ഉണര്‍ന്നില്ല...

തറവാടിന്റെ നാലതിരുകള്‍ക്കപ്പുറം ലോകമെന്തന്നറിയാത്ത പാവം അമ്മ .ബാല്യത്തില്‍നിന്നും കൗമാരത്തിലേയ്ക്ക്‌...യൗവനത്തിലേയ്ക്ക്‌ ഒന്നിനുപുറകെ ഒന്നായി പടവുകള്‍ ചവിട്ടി കയറുന്ന അഞ്ചു പെണ്‍കുട്ടികള്‍...കഥകളിഭ്രാന്തും ആനക്കമ്പവുമായി ഉത്സവപറമ്പുകള്‍ കയറിയിറങ്ങുന്ന കാര്യപ്രാപ്തിയില്ലാത്ത അമ്മാവന്‍...ഇവരുടെയൊക്കെ ഭാരം ഇനിയും കരുത്തു നേടാത്ത എന്റെ ചുമലില്‍വെച്ചു തന്ന്‌.... ഒരു വാക്കുപോലും ഉരിയാടാതെ എന്തെ അച്ഛന്‍ ഇത്രപെട്ടന്ന്‌ കടന്നു പോയി.!

ഒന്നുപൊട്ടിക്കരയാന്‍പോലും കഴിയാത്തവിധം തരിച്ചുപോയിരുന്നു മനസ്സ്‌..

ബന്ധുക്കള്‍...നാട്ടുകാര്‍...രാഷ്ട്രീയക്കാര്‍, അച്ഛന്റെ സഹപ്രവര്‍ത്തകര്‍ എല്ലാരുമെത്തി....ഒപ്പം തന്റെ കൂട്ടുകാരും...കൂട്ടത്തില്‍ ദേവിയുമുണ്ടായിരുന്നു..മൗനം കണ്ണുനീര്‍ത്തുള്ളികളുടെ രൂപത്തില്‍ വാചാലമായിരുന്ന ആ വിടര്‍ന്ന മിഴിയിതളുകള്‍ക്കുപോലും തെല്ലും ആശ്വാസം പകരാന്‍ കഴിഞ്ഞില്ല... .അത്രയ്ക്കേറെ തളര്‍ന്നിരുന്നു താനപ്പോള്‍..

തിരുവാതിര ഞാറ്റുവേലക്കാലമായിരുന്നു....എന്നിട്ടും അന്നു മഴ പെയ്തില്ല.. ആകാശത്ത്‌ കറുത്ത ബാഡ്‌ജും ധരിച്ച്‌ മഴമേഘങ്ങള്‍ കരുതലോടെ, അതിലേറേ ക്ഷമയോടെ എല്ലാം തീരുന്നതുവരെ കാത്തു നിന്നു...

ഓലക്കുടിപുഴയും കടന്നു വന്ന്‌ വീശിയടിച്ച കാറ്റിന്‌ അച്ഛന്റെ ചിതയുടെ ഗന്ധമായിരുന്നു....

ആ കാറ്റ്‌ ഒരു കുളിരായി ഹൃദയത്തിലേയ്ക്കു പടര്‍ന്നുകയറി..തഴുകിയുണര്‍ത്തി...

മനുഷ്യന്റെ അസ്തിത്വത്തെ അപഗ്രഥിച്ചും,.ജീവിതത്തിന്റെ സത്തയുടെ പൊരുള്‍ തേടിയും സ്വപ്നലോകത്തിലൂടെ വിഷാദഭാവങ്ങളുമായി അലയാന്‍ ശീലിച്ച തന്റെ മനസ്സിനെ ഭാവി ജീവിതത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനും കരുത്തോടെ നേരിടാനും സജ്ജമാക്കുകയായിരുന്നു കാറ്റിന്റെ രൂപത്തില്‍ വന്നെത്തിയ ആ അദൃശ്യകരങ്ങള്‍..

അച്ഛന്റെ വിരതുമ്പില്‍പിടിച്ച്‌ പിച്ചവെയ്ക്കാനൊരുങ്ങുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു തനിയ്ക്കപ്പോള്‍..

ആ വാല്‍സല്യനിറവില്‍ മനസ്സ്‌ ആശ്വാസത്തിന്റെ പച്ചതുരുത്ത്‌ കണ്ടെത്താന്‍ ശ്രമിയ്ക്കുകയായിരുന്നു... മിഴികള്‍ നിറഞ്ഞുതുളുമ്പുകയായിരുന്നു.

(രാജേട്ടന്‍ കഥ തുടരും)

3 comments:

  1. നന്നായിരിക്കുന്നു,തുടരൂ....

    ReplyDelete
  2. അതെ... വേഗം തുടരൂ.. :) ആശംസകള്‍...

    ReplyDelete
  3. അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു. താങ്ങളുടെ കൃതികള്‍ അടിച്ചു മാറ്റുന്നുണ്ട് ചിലര്‍. കൂട്ടം സൈറ്റില്‍ പോയാല്‍ കാണാം.

    ReplyDelete