Friday, April 9, 2010

ഞങ്ങള്‍ ചില പാവം ഓലക്കുടിക്കാര്‍ - അഞ്ചാമത്തെ പെഗ്ഗ്‌.......

സൂസ്സിമോളുടെ കല്യാണം..ഞങ്ങള്‍ ഓലക്കുടിയിലെ ആണുങ്ങള്‍ക്ക്‌ തീര്‍ത്തും വ്യതസ്ഥമായ ഒരനുഭവം തന്നെ ആയിരുന്നു..എന്നെങ്കിലും ഒരു നാള്‍ ഇത്തരമൊരു സന്ദര്‍ഭം അഭിമുഖികരിയ്ക്കേണ്ടി വരുമെന്നറിയാമായിരുന്നു...

എന്നിട്ടും നാളെ അവള്‍ ഓലക്കുടി വിട്ടുപോകും എന്ന സത്യം പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല ആര്‍ക്കും....

പുറമെ പുഞ്ചിരിയുമായി ഓടിനടക്കുന്നുണ്ടായിരുന്നെങ്കിലും ഉള്ളില്‍ ദുഃഖം കടിച്ചമര്‍ത്തുകയായിരുന്നു പലരും.

പക്ഷെ,."ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളമാകും" അതണല്ലൊ പ്രകൃതിനിയമം...

സൂസ്സിമോളെന്ന ശുക്രനക്ഷത്രത്തിന്റെ ഉജ്വലപ്രഭയില്‍ വര്‍ഷങ്ങളോളം ഒളിമങ്ങിമിന്നിയിരുന്ന പ്രിയാമേനോന്‍,...നന്ദിനിക്കുട്ടി,..ലിസിമോള്‍..തുടങ്ങി ഓലക്കുടിയിലെ പല ചെറു തരുണിനക്ഷത്രങ്ങളും ആശ്വാസംകൊണ്ടു തുടുത്തുവിടരാന്‍ തുടങ്ങിയ മുഖഭാവങ്ങളുമായി കല്യാണവീട്ടിലെ ദീപപ്രഭയ്ക്കു കൂടുതല്‍ തിളക്കമേകി അവിടെയാകെ പ്രശോഭിയ്ക്കാന്‍ തുടങ്ങി...

"നാളെ മുതല്‍ ഞാനാണ്‌ ഓലക്കുടിയിലെ താരം" എന്ന ആത്മവിശ്വാസം അവരുടെ ഓരോ ചലനങ്ങളിലും നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു..

ആഘോഷവേളകളില്‍ ലഘുപാനിയങ്ങള്‍ക്കൊപ്പം...സദ്യകളില്‍ ചുക്കുവെള്ളത്തിനും സംഭാരത്തിനുമൊപ്പം മദ്യവും വിളമ്പുന്ന സമ്പ്രദായം ഓലക്കുടിയില്‍ തുടങ്ങിയ കാലമായിരുന്നു അത്‌...

നാടോടുമ്പോള്‍ നടുവെ ഓടണം....ഈ രണ്ടു ദിവസങ്ങളില്‍ ജോണിക്കുട്ടിയുടേയും സണ്ണിക്കുട്ടിയുടേയും ഇഷ്ടത്തിനു നടക്കട്ടെ കാര്യങ്ങള്‍... എന്നൊക്കെ ലോനപ്പന്‍ മാഷും ചിന്തിച്ചുകാണും..
.
എന്തായാലും കല്യാണപന്തലിലും പരിസരങ്ങളിലും ഓലക്കുടിക്കാരുടെ പ്രിയപാനീയത്തിന്റെ ഗന്ധവും ഊര്‍ജ്ജവും നിറഞ്ഞുനിന്നിരുന്നു.... .

കല്യാണനാള്‍...റിസപ്‌ഷന്റെ തിരക്കിത്തിരി കുറയാന്‍ തുടങ്ങിയ നേരം...അതിന്റെ ആശ്വാസത്തില്‍ കല്യാണപ്പന്തലിനരികില്‍,..മുറ്റത്ത്‌ പന്തലിച്ചുനില്‍ക്കുന്ന നാട്ടുമാവിന്റെ തണലില്‍ ഒരോ പെഗ്ഗ്‌ സിപ്പുചെയ്തു തെല്ലുനേരം വിശ്രമിയ്ക്കുകയായിരുന്നു ഉത്സാഹക്കമറ്റിക്കാരായ ഞങ്ങള്‍ ഓലക്കുടിയിലെ ചുള്ളന്‍സംഘം..

തലേന്നു രാത്രിമുഴുവന്‍ ഒരുപോള കണ്ണടയ്ക്കാതെ ഓരോരോകാര്യത്തിനായി ഓടിനടന്നതിന്റെ ക്ഷീണത്തിലായിരുന്നു എല്ലാവരും..

തറവാട്ടുപറമ്പിലേയും പരിസരത്തേയും ഷൂട്ടും കഴിഞ്ഞ്‌ വീഡിയൊസംഘത്തോടൊപ്പം വധുവരന്മാര്‍ അപ്പോള്‍ അതുവഴി കടന്നു വന്നു...ഓലക്കുടിപുഴയുടെ പശ്ചാത്തലത്തില്‍ കുറെ റൊമാന്‍സ്‌ രംഗങ്ങള്‍ ഷൂട്ടു ചെയ്യാന്‍പോകാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍...

ആദ്യമായിട്ടാണ്‌ ആ ദുഷ്ടന്‍ മണവാളനെ ഞങ്ങള്‍ അടുത്തു കാണുന്നത്‌..ഒറ്റനോട്ടത്തില്‍ വെളുത്തു തുടുത്ത്‌ സുന്ദരനാണെങ്കിലും എന്തോ ഒരു കുറവ്‌ അവനില്ലെ..ആ മുഖത്ത്‌ വല്ലാത്ത അഹങ്കാരം നിഴലിച്ചു നില്‍ക്കുന്നില്ലെ എന്നൊക്കെയുള്ള ചിന്തകളിലായായിരുന്നു ഞങ്ങളപ്പോള്‍...

അതിര്‍ത്തി നുഴഞ്ഞുകടന്നു വന്ന ഒരു പാക്ക്‌ പൗരനെ കാണുമ്പോള്‍ ഓരോ ഭാരതീയനുമുണ്ടാകുന്ന വെറുപ്പും ദേഷ്യവും നിറയുകയായിരുന്നു ഞങ്ങളുടെ മനസുകളില്‍..

അടുത്തെത്തിയപ്പോള്‍ പെട്ടന്ന്‌ ആ ദുഷ്ടന്‍ മുഖത്തെ റെയ്ബണ്‍ ഗ്ലാസ്‌ മാറ്റി പരിചിതാഭാവത്തില്‍ ഞങ്ങളെ നോക്കി,.. പിന്നെ മെല്ലെ ഒരു ചിരി ചിരിച്ചു.

സൗമ്യവും സുന്ദരവുമായ ഒരു പുഞ്ചിരിയായിരുന്നെങ്കില്‍പോലും അതൊരു വല്ലാത്ത ആക്കിയ ചിരിയായിട്ടാണ്‌ ഞങ്ങള്‍ക്കപ്പോള്‍ തോന്നിയത്‌......! ...

"കണ്ടോടാ,...കണ്ടു കൊതിച്ചോ.... ഇങ്ങിനെയാ ആണുങ്ങള്‌.. നിങ്ങള്‌ മോഹിച്ചപെണ്ണല്ലെ...നിങ്ങടെ നാട്ടിലെ ചരക്കല്ലെ...എന്നിട്ടെന്തായി..." എന്ന മട്ടില്‍....... ഒരു വെല്ലുവിളിപോലെ....!!

"എന്തൊരഹങ്കാരമാടാ അവന്‌...അവന്റെ ജാട കണ്ടില്ലെ.....വിടടാ എന്നെ,..ഞാന്‍ പോയി അവനിട്ടു രണ്ടു പൂശാ പൂശിയിട്ടു വരാം...."

സൂസ്സിമോളോടൊപ്പം പള്ളിയില്‍ ക്വയറുപാടിയിരുന്ന,..അവളെ സ്വപ്നംകണ്ട്‌ ഏറ്റവും കൂടുതല്‍ മോഹിച്ചു നടന്നിരുന്ന,... ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും സുമുഖനും "ഓട്ടോ"ക്കാരനുമായ ജോസുട്ടിയുടെ നിയന്ത്രണം വിട്ടിരുന്നു...അവന്‍ മുണ്ടുവളച്ചുകുത്തി എഴുന്നേല്‍ക്കാന്‍ തുടങ്ങി...

വേണ്ടാ ജോസുട്ടി,വേണ്ടാ..... വിട്ടുകള.....എന്തെങ്കിലും അലമ്പുണ്ടായാല്‍ അതിന്റെ തട്ടുകേട്‌ സൂസ്സിമോള്‍ക്കല്ലെ..അവസാനം അതു അവളയല്ലെ ബാധിയ്ക്കുക..പാവമല്ലേടാ നമ്മുടെ സൂസ്സിമോള്‌.........
തിന്നട്ടടാ...അവന്‍ കൊണ്ടുപോയി തിന്നട്ടെ. മതിയാവോളം തിന്നട്ടെ....യോഗമുള്ളവനാ അവന്‍ ....രാജയോഗമുള്ളവന്‍...."

എല്ലാ മനസ്സുകളും ഒരേ സ്വരത്തില്‍ അവനോടു മന്ത്രിച്ചു...എല്ല കൈകളും ഒരേ വികാരത്തോടെ അവനെ തടഞ്ഞു...

"ശരിയാണ്‌,...പാവമാണ്‌ സൂസ്സിമോള്‌....!. എവിടെയായാലും അവള്‍ സുഖായിട്ടിരുന്നാല്‍ മതിയായിരുന്നു...!!"

ജോസുട്ടിയുടെ കണ്ണുകള്‍ കലങ്ങി....വിങ്ങിപ്പൊട്ടാതിയ്ക്കാന്‍ അവന്‍ പാടുപെടുകയായിരുന്നു....തലേദിവസം മുതല്‍ എത്ര എലിറ്റര്‍ കഴിച്ചു എന്നതിനു ഒരു കണക്കും ഇല്ല...എത്ര കഴിച്ചിട്ടും മനസ്സിലെ തീ കെടുന്നുണ്ടായിരുന്നില്ല...

കര്‍ത്താവെ എന്തിനു നീ വെറുതെ എന്നില്‍ മോഹങ്ങള്‍ നിറച്ചു...സ്വപ്നത്തിലാണെങ്കില്‍പോലും നീ എന്തിന്‌ എന്നെകൊണ്ടരുതാത്തത്‌ ചെയ്യിച്ചു..

ദിവസങ്ങള്‍ക്കുമുമ്പ്‌..നടുവിലറക്കല്‍ മോഹനന്റെ വീട്ടില്‍,...അവന്റെ അച്ഛനും അമ്മയും പെങ്ങളും ഗുരുവായൂരില്‍ കുളിച്ചുതൊഴാന്‍ പോയ ദിവസം...അവന്റെ അച്ഛന്‍ കുവൈറ്റില്‍ നിന്നും കൊണ്ടു വന്ന ബദാമിന്റെയും, പിസ്തയുടെയും രുചിയില്‍,..ഷീവാസ്‌ റീഗലിന്റെ ലഹരിയില്‍,.മതിമറന്നിരുന്നു കണ്ട VCD കാഴ്ചകള്‍ ..

എന്തെല്ലാം നിറങ്ങള്‍...രൂപങ്ങള്‍...വലുപ്പങ്ങള്‍..പലരുടെയും രീതികള്‍ കാണുമ്പോള്‍ അറപ്പു തോന്നും...ഒപ്പം വല്ലാത്ത തരിപ്പും...!

ഇതൊക്കെ ഇത്ര പരസ്യമായി എങ്ങിനെ ചെയ്യാന്‍ കഴിയുന്നു....!! എത്രതവണ കണ്ടിരിയ്ക്കുന്നു.. എന്നിട്ടും ഓരോ തവണ കാണുമ്പോഴും അത്ഭുതം തോന്നാറുണ്ട്‌...ഒപ്പം ആദ്യമായി കാണുന്നപോലെ പുതുമയും.

ത്രിശ്ശൂരിലെ IRSഇല്‍ മോഹനനോടൊപ്പം പഠിയ്ക്കുന്ന ചാവക്കാട്ടെ ചങ്ങാതി നൗഷാദ്‌ സംഘടിപ്പിച്ചു കൊടുക്കുന്നതാണ്‌ ഈCDകളെല്ലാം....

എല്ലാം കഴിഞ്ഞു വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു പാടു വൈകിയിരുന്നു..

"എന്താ ജോസുട്ടി,..നീ ഇന്നു വല്ലാതെ വൈകീല്ലോ..വല്ലതും കഴിച്ചൊ നീ."

"കഴിച്ചു അമ്മച്ചി..എയര്‍പോര്‍ട്ടിലേയ്ക്ക്‌ പെട്ടന്നൊരോട്ടം കിട്ടി,..അതാ വൈകിയത്‌..."....പാവം അമ്മച്ചിയോടു പറയേണ്ട മറുപടി നേരത്തെ തയ്യാറക്കിയിരുന്നു...

ഒന്നു കുളിയ്ക്കുകപോലും ചെയ്യാതെ ആ മായക്കാഴ്ചകളുടെ ഹങ്ങോവറില്‍ കിടന്നുറങ്ങിയതുകൊണ്ടാകാം,.....കൊച്ചുവെളുപ്പാന്‍കാലത്ത്‌.........!!!

താനും സൂസ്സിമോളും....!!

വെളുപ്പാന്‍കാലത്തു കാണുന്ന സ്വപ്നം സത്യമാകുകയായിരുന്നെങ്കില്‍...വല്ലാത്തൊരു കോരിത്തരിപ്പോടെ വെറുതെ മോഹിച്ചുപോയി പാവം മനസ്സപ്പോള്‍...എങ്ങിനെ മോഹിയ്ക്കാതിരിയ്ക്കും...!

രാവിലെ എഴുനേറ്റപ്പോള്‍ ഒരു പുതുമണവാളനെപോലെ മനസ്സിലും ശരീരത്തിലും വല്ലാത്തൊരാലസ്യം നിറഞ്ഞുനിന്നിരുന്നു..

കണ്ണാടിയില്‍ സ്വന്തം പ്രതിരൂപം കണ്ടപ്പോള്‍ പതിവില്ലാത്ത നാണം തോന്നി..മുഖം തുടുത്തിരിയ്ക്കുന്നു...നെഞ്ചില്‍ അവിടെയിവിടെയായി ചുവന്നുതടിച്ചിരിയ്ക്കുന്നു..

അങ്ങിനെ സ്വയംനോക്കിരസിച്ച്‌ എല്ലാം മറന്നുനില്‍ക്കുമ്പോഴാണ്‌ പെട്ടന്ന്‌ അമ്മച്ചിയുടെ ശബ്ദം...

" ജോസുട്ട്യെ ഇതുവരെ എണീറ്റില്ല്യെ നീ...ഇന്നു പള്ളീലൊന്നും പോണ്ടെ നെനക്ക്‌"

കര്‍ത്താവെ ഇന്നു ഞായാറാഴ്ച...

ഞയാറാഴ്ചയിലെ എല്ലാ കുര്‍ബാനകള്‍ക്കും യ്ക്കും ക്വയറുപാടണമെന്ന്‌ പള്ളിയില്‍ പുതിയതായി വന്ന അച്ചന്‌ നിര്‍ബന്ധമായിരുന്നു...

അതിലുമുപരി സൂസ്സിമോളുടെ സാന്നിദ്ധ്യം.സാമിപ്യം....അവളോടുത്തു ചിലവഴിയ്ക്കാന്‍ കിട്ടുന്ന കുറെ നല്ല നിമിഷങ്ങള്‍....അതായിരുന്നു ഏറ്റവും വലിയ പ്രചോദനം.....

തിടുക്കത്തില്‍ കുളിച്ചൊരുങ്ങി കൃത്യസമയത്തു തന്നെ പള്ളിയിലെത്തി....

പള്ളിമുറ്റത്ത്‌ മണിമേടയ്ക്കരികിലെ ചെന്തെങ്ങിന്റെ തണലില്‍,..മറ്റു ക്വയറംഗങ്ങള്‍ക്കു നടുവില്‍ വെള്ളചുരിദാറിന്റെ വെണ്മയില്‍ ഒരു നായികയെപോലെ തിളങ്ങിനില്‍ക്കുന്നു സൂസ്സിമോള്‍,..

തെങ്ങോലകള്‍ക്കിടയിലൂടെ പെയ്തിറങ്ങുന്ന ഇളംവെയിലില്‍ സ്വതവെ തുടത്ത ആ മുഖം കൂടുതല്‍ ചുവന്നു തുടത്തിരുന്നു..

കര്‍ത്താവെ അവളുടെ അധരങ്ങള്‍ തടിച്ചു വീര്‍ത്തിരിയ്ക്കുന്നുവോ...അതോ തന്റെ വെറും തോന്നലോ...!

അവനു ആ മുഖത്തുനോക്കാന്‍ ചമ്മല്‍ തോന്നി..അവളോടു പാവം തോന്നി.

"ക്ഷമിയ്ക്കണം സൂസ്സിമോളേ....ഒന്നും മനപൂര്‍വ്വമായിരുന്നില്ലല്ലൊ....എല്ലാം സ്വപ്നത്തിലായിരുന്നില്ലെ,...സ്വപ്നങ്ങളേ നിയന്ത്രിയ്ക്കാന്‍ പാവം നമ്മള്‍ മനുഷ്യര്‍ക്കെങ്ങിനെ കഴിയും...

വല്ലാതെ നൊന്തുവൊ നിനക്ക്‌`.....അല്ലെങ്കില്‍ എന്നെമാത്രം എന്തിനു കുറ്റം പറയണം...പൂച്ചക്കുഞ്ഞിനെപോലെ പതുങ്ങിയൊതുങ്ങിയിരുന്ന നീ എത്രപെട്ടന്നാണ്‌ പുലിക്കുട്ടിയായിമാറി ചീറിയലറാന്‍ തുടങ്ങിയത്‌...."

പതിവുപോലെ അവളുടെ മുന്നില്‍ അവന്റെ വാചലത മൗനത്തിനു വഴിമാറുകയായിരുന്നു..

"എന്താ ജോസുട്ടി രാവിലെതന്നെ നിന്നു കിറുങ്ങിയടിയ്ക്കാന്‍ തുടങ്ങിയോ നീ..ഇന്നലത്തെ കെട്ട്‌ ഇതുവരെയും വിട്ടില്ലെ നിനക്ക്‌... രാത്രി വല്ലാതെ ഓവറായി അല്ലേ...
ഈശ്വോയെ,..ഈ ഓലക്കുടിയിലെ ആണ്‍പ്പിള്ളേരെല്ലാം വെള്ളമടിച്ചു മരിയ്ക്കാന്‍ വേണ്ടിമാത്രം ജനിച്ച ജന്മങ്ങളായിപോയല്ലോ.....അച്ചന്റെ വഴക്കു കേള്‍ക്കാന്‍ നില്‍ക്കാതെ പെട്ടന്നു വാ കുര്‍ബാനയ്ക്കു നേരമായി....

സൂസിമോളുടെ ശബ്ദം അവനെ ചിന്തയില്‍ നിന്നുമുണര്‍ത്തി...

ഒരു വെള്ളരിപ്രാവിനെപോലെ പള്ളിയങ്കണത്തിലൂടെ പറന്നുപോകുന്ന അവളെ നോക്കി അവന്‍ തരിച്ചു നിന്നു....

ഇത്രയും പ്രസ്സരിപ്പുള്ള ഇവള്‍ക്ക്‌ തന്നോടെന്നല്ല,.. മറ്റൊരു പുരുഷനോടും ഒരു പ്രത്യേകതരം അടുപ്പം ഇതുവരെ തോന്നിയിട്ടില്ലെന്നോ..അത്ഭുതം തന്നെ...

ഒരിയ്ക്കലും അവളെ മനസ്സിലാക്കാന്‍ തനിയ്ക്കു കഴിഞ്ഞിരുന്നില്ലല്ലോ. ..അതിനുവേണ്ടി ഒന്നു ശ്രമിയ്ക്കാന്‍പോലും കഴിഞ്ഞില്ലല്ലൊ തനിയ്ക്ക്‌`....

അല്ലെങ്കിലും ഒരു മാടപ്രാവിനെപോലെ നിഷ്കളങ്കയായ അവളുടെ സ്മാര്‍ട്‌നെസ്സിനുമുമ്പില്‍ എന്നും നിശ്ശബ്ദനായി തളര്‍ന്നുനില്‍ക്കാനെ കഴിയാറുള്ളു...

അല്ലെങ്കില്‍തന്നെ ഇപ്പോള്‍ പാരലല്‍കോളെജില്‍ പഠിപ്പിയ്ക്കുന്ന...മാളയിലെ അമ്മമാരുടെ കോളേജില്‍ ടീച്ചറായി സെലക്ഷന്‍ കിട്ടിയ,..തികഞ്ഞ തറവാടിയായും,.. ഒരുപാടു ഭൂസ്വത്തിനുടമയുമായ ലോനപ്പന്‍മാഷുടെ മകളെവിടെ....വെറും ഒരു തേഡ്‌ക്ലാസ്‌ മലയാളം ഡിഗ്രിയും ഒപ്പം സ്വന്തമായൊരു ഓട്ടോറിക്ഷുമായി ഉപജീവനം തേടുന്ന താനെവിടെ.....

ചിന്തകളില്‍....മോഹങ്ങളില്‍....ജീവിതരീതികളില്‍ എല്ലാം ചിന്തിയ്ക്കാന്‍ പോലും കഴിയാത്ത അന്തരം....

എന്നിട്ടും വെറുതെ മോഹിച്ചു...ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടി...

സുധീ.........! മീനുകുട്ടി.......!!.... ഐ ലവ്‌ യൂ സുധീ........!!!

താന്‍ വെറുതെ എന്തിനാണ്‌ തന്റെ ഓട്ടോയ്ക്ക്‌ സുന്ദരി എന്നുപേരിട്ടത്‌...

എല്ലാം വെറും സിനിമാക്കഥകള്‍....പഴയകാല സിനിമാക്കഥകള്‍..

ഒരുപക്ഷെ അക്കാലത്ത്‌ ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീപുരുഷബന്ധങ്ങളില്‍ പ്രണയത്തിനും കാല്‍പ്പനികതയ്ക്കും കുറേക്കൂടി പ്രാധാന്യമുണ്ടായിരുന്നിരിയ്ക്കാം....

ഇന്ന്‌ ഈ പുതുയുഗത്തില്‍ ബന്ധങ്ങളും സൗഹൃദങ്ങളും എല്ലാം തീര്‍ത്തും യാന്ത്രികമായിരിയ്ക്കുന്നു...പ്രായോഗികമായിരിയ്ക്കുന്നു..പണത്തിനും പദവിയ്ക്കും മുമ്പില്‍ മറ്റെല്ലാം അന്യമാകുന്നു......

നിറഞ്ഞൊഴുകാന്‍ വെമ്പുന്ന മിഴികളെ നിയന്ത്രിയ്ക്കാന്‍ പാടുപെടുകയായിരുന്നു അവനപ്പോള്‍...ആരും കാണാതെ മുണ്ടിന്‍തലപ്പുക്കൊണ്ട്‌ ഒപ്പിയെടുക്കുകയായിരുന്നു...

ഇതു ജോസുട്ടിയുടെ മാത്രം മനസായിരുന്നില്ല...ഓലക്കുടിയിലെ ഞങ്ങള്‍ ഓരോ യുവാക്കളുടെയും മനസ്സായിരുന്നു..

ഞങ്ങളുടെ സ്വപ്നങ്ങളില്‍ ആ രാജകുമാരിയ്ക്ക്‌ ഓരോരൊ രൂപങ്ങളായിരുന്നു....ഭാവങ്ങളായിരുന്നു......

മുകളില്‍ അള്‍ത്താരയില്‍ കത്തിവിടരുന്ന മെഴുകുതിരിപ്പൂക്കളുടേ പ്രഭയില്‍,..ഓലക്കുടിയിലെ മാന്യമഹാജനങ്ങളേ സാക്ഷി നിര്‍ത്തി.... മനസുകൊണ്ട്‌ അവളുടെ കഴുത്തില്‍ ഒരിയ്ക്കലെങ്കിലും മിന്നുകെട്ടാത്തവരായി ആണുങ്ങളായിപിറന്ന ആരുമുണ്ടായിരുന്നില്ല ഓലക്കുടിയില്‍ അന്ന്‌..!

സൂസിമോളോടൊപ്പം ഊട്ടിയിലും കൊടൈക്കനാലിലും ഹണിമൂണ്‍.....അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കുളിരില്‍ നനഞ്ഞുകുതിരുന്ന നിമിഷങ്ങള്‍... ....വീഗാലാന്‍ഡിലെ കൃത്രിമതിരയിളക്കത്തില്‍ പൊങ്ങിയും താണും അവളുമൊത്തുള്ള സ്നാനകേളിരംഗങ്ങള്‍...ഇതൊന്നും സ്വപ്നംകാണാത്ത ഒരു യുവമനസ്സും ഓലക്കുടിയില്‍ അന്നില്ലായിരുന്നു......

പറയുന്നതില്‍ അതിശോക്തി തോന്നുമെന്നറിയാം...എന്നാലും ഞങ്ങള്‍ ഓലാക്കുടിയിലെ അക്കാലത്തെ യുവാക്കള്‍ക്ക്‌ പറയാതിരിയ്ക്കാന്‍ കഴിയില്ല..വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മറക്കാന്‍ കഴിയില്ല ആ വര്‍ണ്ണവസന്തത്തിനെ.....

കരിക്കിനുപകരം, സോഡയ്ക്കുപകരം,..സ്വന്തം കണ്ണുനീരുകലര്‍ത്തിയാണ്‌ ഞങ്ങള്‍ ഓലക്കുടിയിലെ യുവാക്കള്‍ സൂസിമോളുടെ കല്യാണരാവ്‌ ആഘോഷിച്ചത്‌....

എത്ര കഴിച്ചിട്ടും മതി വരുന്നുണ്ടായിരുന്നില്ല പലര്‍ക്കും.....അത്രയ്ക്കും രുചിയായിരുന്നുകണ്ണീരുകലര്‍ന്ന നാടന്‍ചാരയത്തിന്‌...
കണ്ണീരും വിസ്ക്കിയും,കരിയ്ക്കും സോഡയും മിക്സ്‌ ചെയ്തു ചിലര്‍...അതുവരെ അറിയാത്ത രുചിക്കൂട്ടുകള്‍... കോക്ടയിലുകള്‍.......

ഇനി ആരെ ഓര്‍ത്ത്‌ കുടിയ്ക്കും ഞാന്‍........ഈ ഗ്ലാസ്സില്‍ ഇനി പുഞ്ചിരിവിടര്‍ത്തി ലഹരികൂട്ടാന്‍ ആരുടെ മുഖമാണുള്ളത്‌....സങ്കടം സഹിയ്ക്കാഞ്ഞ്‌ പലരും ഗ്ലാസുകള്‍ വലിച്ചെറിഞ്ഞുപൊട്ടിച്ചു....

നേരം പുലരുവോളം തീരാത്ത വിലാപങ്ങളുടെ ഘോഷയാത്രയായിരുന്നു അന്ന്‌ ഓലക്കുടിയുടെ യുവഹൃദയങ്ങളില്‍...

(തുടരും)

കൊല്ലേരി തറവാടി

1 comment:

  1. അതിര്‍ത്തി നുഴഞ്ഞുകടന്നു വന്ന ഒരു പാക്ക്‌ പൗരനെ കാണുമ്പോള്‍ ഓരോ ഭാരതീയനുമുണ്ടാകുന്ന വെറുപ്പും ദേഷ്യവും നിറയുകയായിരുന്നു ഞങ്ങളുടെ മനസുകളില്‍..

    ReplyDelete