Sunday, January 24, 2010

ഡോയ്‌ഷ്‌ലാന്‍ഡിലെ നീലത്താമര...

അങ്ങനെ ഞാനും വാങ്ങി അഞ്ച്‌ സെന്റ്‌ സ്ഥലം ബൂലോഗത്തില്‍... മനസ്സില്‍ തോന്നുന്നതൊക്കെ കുത്തിക്കുറിക്കാന്‍ അല്‍പ്പം സ്ഥലം...

അധികമാരെയും പരിചയമില്ല ഇവിടെ... എങ്കിലും ഗുരുസ്ഥാനീയനായി കരുതുന്ന ഒരാളുണ്ട്‌ എനിക്ക്‌ ബൂലോഗത്തില്‍... എന്തെങ്കിലുമൊക്കെ എഴുതണമെന്ന് തോന്നിത്തുടങ്ങിയത്‌ അദ്ദേഹത്തിന്റെ കൊടകരപുരാണം വായിക്കാനിടവന്നതിന്‌ ശേഷമാണ്‌...

പിന്നെ ബ്ലോഗില്‍ ഒരു വ്യത്യസ്ഥ സരംഭം ശ്രദ്ധിച്ചത്‌ വിനുവേട്ടന്റെ സ്റ്റോം വാണിംഗ്‌ ആണ്‌.

വിനുവേട്ടന്‍ സെന്റ്‌ തോമസില്‍ പഠിച്ചിരുന്ന അതേ കാലയളവില്‍ തന്നെയാണ്‌ ഞാനും അവിടെയുണ്ടായിരുന്നത്‌. അതുകൊണ്ട്‌ തന്നെ സ്റ്റോം വാണിംഗ്‌ എനിക്ക്‌ പരിചിതമാണ്‌.

വിനുവേട്ടന്റെ പരിഭാഷയിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ത്രെഡ്‌ ... അത്‌ ഒന്ന് വികസിപ്പിച്ചെടുത്താല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു നോക്കി. അതാണ്‌ ഡോയ്‌ഷ്‌ലാന്റിലെ നീലത്താമര... ബൂലോകത്തിലെ എല്ലാവര്‍ക്കുമായി ഞാന്‍ അത്‌ ഇവിടെ സമര്‍പ്പിക്കുന്നു.


ഡോയ്‌ഷ്‌ലാന്‍ഡിലെ നീലത്താമര...

തിരക്കൊഴിഞ്ഞ സായന്തനത്തില്‍ ശാന്തമായ കടലിലൂടെ കാറ്റിന്റെ താളത്തിനൊത്ത്‌ മെല്ലെ ഒഴുകിനീന്തുകയായിരുന്നു ഡോയ്‌ഷ്‌ലാന്‍ഡ്‌...

ഡെക്കില്‍ ആ സമയത്ത്‌ മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ആഞ്ചലയും സിസ്റ്റര്‍ ലോട്ടെയും മാത്രമെ ഉണ്ടായിരുന്നുള്ളു ...

കഴിഞ്ഞ രാത്രിമുതല്‍ ഇന്നു മധ്യാഹ്നം വരേയും നിര്‍ത്താതെ ചീറിയടിച്ച കൊടുംകാറ്റിനോടും തിരമാലകളോടും മല്ലടിച്ചുക്ഷീണിച്ച പ്രധാനനാവികരെല്ലാം അവരവരുടെ മുറികളില്‍ വിശ്രമത്തിലായിരുന്നു.....

ഈ കടലുപോലെ തന്നെയാണ്‌ മനുഷ്യമനസ്സുമെന്ന്‌ തോന്നാറുണ്ട്‌ മദറിനു പലപ്പോഴും...വികാരതിരയിളക്കത്തില്‍ പ്രക്ഷുബ്ദമാവാനും.. പിന്നെ മെല്ലെ മെല്ലെ ശാന്തമായി ആനന്ദത്തിരകളില്‍ എല്ലാം മറന്ന്‌ തലതല്ലിചിരിയ്ക്കാനും..അധികസമയദൈര്‍ഘ്യമൊന്നുമൊന്നും വേണ്ടല്ലോ മനസ്സിനും....

സിസ്റ്റര്‍ ലോട്ടെയോടു മാത്രമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിയ്ക്കാനും അവളെ നന്നായൊന്നു ഉപദേശിയ്ക്കാനും തീര്‍ച്ചപ്പെടുത്തിയിരുന്നു അവര്‍.....ഇനിയും വൈകികൂടാ...ഇതുതന്നെയാണ്‌ പറ്റിയ സമയമെന്നവര്‍ക്ക്‌ തോന്നിയിരുന്നു....അതുകൊണ്ടുതന്നെ മറ്റു സിസ്റ്റേര്‍സിനേയെല്ലാം� ഓരോരോ ഡ്യുട്ടികള്‍ നല്‍കി ആ പരിസരത്തുനിന്നു തന്ത്രപൂര്‍വ്വം അകറ്റി നിര്‍ത്തി..

ഇതൊന്നുമറിയാതെ പോക്കുവെയിലും കാഞ്ഞ്‌, റിക്ടറിന്റെ ഷര്‍ട്ടിന്റെ കുടുക്കുകള്‍ തുന്നികൊണ്ട്‌ ഡെക്കിന്റെ ഒരറ്റത്ത്‌ അലസലാസ്യവിലാസവതിയായി ദിവാസ്വപ്നങ്ങളില്‍ മുഴുകി ഇരിയ്ക്കുകയായിരുന്നു സിസ്റ്റര്‍ ലോട്ടെ....

നാണം കൊണ്ടു തുടുത്ത,. അതിലേറെ നിശ്ചയദാര്‍ഡ്ഠ്യം കൊണ്ടും തിളങ്ങുന്ന.... ലോട്ടെയുടെ കവിളിണകളില്‍ അസ്തമയസൂര്യന്റെ രശ്മികള്‍ ഒരു കുസൃതിച്ചെക്കന്റെ ചുണ്ടുകളുടെ ആവേശത്തോടെ ചെഞ്ചായം പൂശിരസിച്ചുകൊണ്ടിരുന്നു...

പ്രിയമാനസന്റെ കുപ്പായം തുന്നുന്നതിനിടയില്‍ ദിവാസ്വപ്നം അതിന്റെ പാരമ്യത്തിലെത്തിയ ഏതോ ഒരു നിമിഷത്തില്‍ അറിയാതെ സൂചികൊണ്ടു മുറിഞ്ഞ മൃദുലമായ വിരല്‍തുമ്പ്‌ മെല്ലെ വയിലൊതൊക്കി നൊട്ടിനുണയുകയയിരുന്നു അവളപ്പോള്‍...

രക്തത്തുള്ളികള്‍ക്കുപോലും പ്രത്യേക മാധുര്യം തോന്നുന്ന പ്രണയാലസ്യത്തിന്റെ ആ നിമിഷങ്ങളില്‍ ഒരു സാധാരണ പെണ്ണിനെപോലെ സ്വയം മറന്ന്‌ കോരിത്തരിച്ചുപോയി പാവം സിസ്റ്റര്‍ ..

റിക്ടര്‍ ഒരു തൂമന്ദഹാസവുമായി തൊട്ടുമുന്നില്‍ വന്നുനിറഞ്ഞുനില്‍ക്കുന്നതുപോലെ തോന്നി അവള്‍ക്കപ്പോള്‍..!.

അദ്ദേഹത്തിന്റെ ശക്തമായ ചുടുനിശ്വാസം തന്നെ വന്നു പൊതിയുന്നുപോലെ....!

ആ കണ്ണുകള്‍ എന്തിനുവേണ്ടിയാന്‌ തന്നെ മാടി വിളിയ്ക്കുന്നത്‌....!

എന്തെ ആ ചുണ്ടുകള്‍ ഇത്ര വിറകൊള്ളുന്നു...!

അവള്‍ക്കൊന്നും അറിയില്ലായിരുന്നു...!!.

കുറച്ചുദിവസം മുമ്പുവരെ വെറും ഒരാശ്രമകന്യക മാത്രമായിരുന്നല്ലൊ അവള്‍.....

അതുവരെ അറിയാത്ത,... അനുഭവിയ്ക്കാത്ത,.എന്തോ ഒരു വികാരം,.... ഏതോ ഒരനുഭൂതി ഒരു കുളിര്‍തെന്നലായി അവളെ വാരിപുണര്‍ന്നു.!.അവള്‍ തരളിതയായി...!

യുദ്ധം എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്ത,...അന്നത്തെ അത്താഴത്തിനുള്ള വകയും നേടി സംതൃപ്തമായ മനസ്സോടെ അന്തിമയങ്ങുന്നതിനുമുമ്പ്‌ കൂടണയാനായി ബദ്ധപ്പടോടെ പറന്നുപോകുന്ന ഒരു ജോടി കടല്‍പ്പക്ഷികള്‍, ഇണക്കിളികള്‍ ആ ഇരിപ്പുകണ്ട്‌.... ഇരിപ്പിന്റെചന്തംകണ്ട്‌.... അവളെ നോക്കി അടക്കംപറഞ്ഞും,കളിയാക്കിച്ചിരിച്ചും അതുവഴി താഴ്‌ന്നിറങ്ങിപാറിപ്പറന്നുകളിച്ചു..!.

അവളുടെ ചേഷ്ടകളോരോന്നും സാകൂതം നോക്കിയിരിയ്ക്കുകയായിരുന്നു സിസ്റ്റര്‍ എഞ്ചലയുമപ്പോള്‍....എവിടെ തുടങ്ങണം....എങ്ങിനെതുടങ്ങണം എന്നറിയാതെ വിഷമിയ്ക്കുകയായിരുന്നു അവര്‍.....

പൊതുവെ കര്‍ക്കശക്കാരിയെന്നറിയപ്പെടുന്ന താന്‍ എന്തെ ഈ കുട്ടിയുടെ കാര്യത്തില്‍ മാത്രം ഇത്ര ചഞ്ചലചിത്തയാകുന്നു.... മദര്‍സുപ്പീരയര്‍ ആണെന്ന കാര്യം പോലും മറന്നുപോകുന്നു.തളര്‍ന്നുപോകുന്നു.......

അവളെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി മദര്‍....ആ വിടര്‍ന്ന കണ്ണുകള്‍....കൊച്ചുകുഞ്ഞുങ്ങളെപോലെ ശാന്തവും നിഷ്ക്കളങ്കവുമായ മുഖഭാവങ്ങള്‍...എല്ലാം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള തന്റെ പ്രതിരൂപങ്ങള്‍ തന്നെയല്ലെ.......

സത്യത്തില്‍ ലോട്ടേയാക്കാള്‍ സുന്ദരിയായിരുന്നില്ലെ താന്‍......

'എന്റെ മാലാഖേ,.. നിന്നെപോലെ എല്ലാം തികഞ്ഞൊരു പെണ്ണ്‌ ലോകത്ത്‌ മറ്റാരുമുണ്ടാകില്ല..." ..... ഇടതൂര്‍ന്ന മുടിചുരുളുകള്‍ മാടിയൊതുക്കി വിടര്‍ന്നു തുടുത്ത ചെവിയിതളുകളില്‍ മുഖമമര്‍ത്തി എത്രയൊ വട്ടം കാള്‍ ആവേശത്തോടെ മന്ത്രിച്ചിരിയ്ക്കുന്നു.....

'ഈ പൂനിലാമഴയില്‍,.. തിളങ്ങുന്ന ചെമ്പനീര്‍പൂവ്വിതളിനെക്കാള്‍ മൃദുലവും,മനോഹരവുമായ നിന്റെ ചെവിപൂക്കളില്‍ പുന്നരിച്ചും.....നനുത്തുതുടുത്ത കവിളിണകളെ മുത്തിചുമപ്പിച്ചും..... ഇടതൂര്‍ന്ന മുടിയിഴകളെ തഴുകിയുണര്‍ത്തിയും.. എത്ര ജന്മങ്ങള്‍ കിടന്നാലും മതിവരില്ല എനിയ്ക്ക്‌......

കാളിന്റെ മാന്ത്രിക വാക്കുകളില്‍ സ്വയം മറന്നു ത്രസിച്ചുപോയ നിമിഷങ്ങള്‍..വസന്തോല്‍സവത്തിന്റെ നാളുകള്‍....

കാളിന്റെ നീണ്ടുവിടര്‍ന്ന നാസികാഗ്രം....തടിച്ച ചുണ്ടുകള്‍....അവന്റെ സാമീപ്യത്തിന്റെ സ്മരണ മാത്രം മതിയായിരുന്നു ആ സ്പര്‍ശത്തിനായി ആസക്തിപൂണ്ട തന്റെ ചെവിയിതളുകള്‍ ചുമന്നു തുടുക്കാനായി....

ഓര്‍മ്മകളുടെ കുത്തൊഴുക്കിന്റെ ശക്തിയില്‍ മദറിന്റെ കൈവിരലുകള്‍ ഏതോ ഉള്‍പ്രേരണയാല്ലെന്നപോലെ മാര്‍ദ്ദവം കുറഞ്ഞ്‌ കട്ടിയാവാന്‍ തുടങ്ങിയ സ്വന്തം ചെവിത്തടങ്ങളെ തഴുകികൊണ്ടിരുന്നു..

എത്ര പെട്ടന്നാണ്‌ എല്ലാം അവസാനിച്ചത്‌.ആഗ്നസ്‌ ഒരശനിപാതമായി,.ഒരഗ്നിജ്വലായായി തങ്ങളുടെ ജീവിതത്തിലേയ്ക്ക്‌ കടന്നു വന്നത്‌...കാളിനെ തന്നില്‍ നിന്നും അടര്‍ത്തിയെടുത്തത്‌......

ആ അഗ്നിജ്വാലയില്‍ കത്തിയെരിഞ്ഞത്‌ തന്റെ മോഹങ്ങളും സ്വപ്നങ്ങളുമാണ്‌..ഞെരിഞ്ഞമര്‍ന്നതോ ജീവിതവും.....

ഒരു മദാലസയുടെ രൂപഭാവങ്ങളും തടിച്ച ശരീരപ്രകൃതിയുമുള്ള ആഗ്നസ്സില്‍ തന്നിലില്ലാത്ത എന്തു പ്രത്യേകതയാണ്‌ കാള്‍ ദര്‍ശിച്ചത്‌...

അറിയില്ലായിരുന്നു..ഒന്നും അറിയില്ലായിരുന്നു....എല്ലാം അറിയാന്‍തുടങ്ങിയപ്പോള്‍ ഒരുപാട്‌ വൈകിയിരുന്നു...

അപ്പോഴേയ്ക്കും തന്റേതു മാത്രമെന്നു കരുതിയ പ്രിയപ്പെട്ട തേന്‍വണ്ട്‌ പുതുപുഷ്പത്തിന്റെ ശോണിമയില്‍ വല്ലാതെ മോഹിതനായിരുന്നു....പൂന്തേനിന്റെയും പൂമ്പൊടിയുടെയും രുചിഭേദങ്ങളില്‍ മതിമയങ്ങി ഒരിയ്ക്കലും മടങ്ങിവരാനാവത്തവിധം ബന്ധിതനായിരുന്നു......

ശരിതെറ്റുകള്‍ വിശകലനം ചെയ്യാനുള്ള ഒരു മാനാസികാവസ്ഥയല്ലായിരുന്നു അപ്പോള്‍....ആകെ തകര്‍ന്നുപോയിരുന്നു....

ആത്മഹത്യ മുനമ്പിന്റെ വക്കില്‍ വെച്ചു ഇറുക്കിയടച്ച കണ്ണുകള്‍ പിന്നെ തുറന്നത്‌ കോണ്‍വെന്റ്‌ ഹോസ്പിറ്റലിലെ കിടക്കയില്‍ വെച്ചായിരുന്നു.....ശരിയ്ക്കും ഒരു പുനര്‍ജന്മം തന്നെയായിരുന്നു അത്‌...

അമ്മമാരുടെ സ്നേഹവും വാല്‍സല്യവും അനുകമ്പയും നിറഞ്ഞ പരിചരണത്തില്‍ ക്രമേണ ജീവിതത്തിലേയ്ക്കു മടങ്ങി വരികയായിരുന്നു..പരിവര്‍ത്തനത്തിന്റെ ദിനങ്ങള്‍ ജീവിതവീക്ഷണങ്ങള്‍ക്കു തന്നെ മാറ്റം വരുത്തി..... മുന്നില്‍ പുതിയ ലക്ഷ്യങ്ങള്‍...നന്മയുടെ മാര്‍ഗ്ഗങ്ങള്‍.....വെള്ളയുടുപ്പിന്റെ സുരക്ഷിതത്വം കൂടിയായപ്പോള്‍ എല്ലാം പൂര്‍ണ്ണമായി....മനസ്സു ശാന്തമായി.

ഒരുപാടു നാളുകള്‍ക്കുശേഷം ഓര്‍മ്മകളുടെ മേച്ചില്‍പുറങ്ങളില്‍ യാദൃശ്ചികമായി അലയാന്‍ പോയ മനസിനെ വീണ്ടും വര്‍ത്തമാനകാലത്തെ സങ്കീര്‍ണതകളിലേയ്ക്ക്‌ തിരിച്ചുകൊണ്ടു വരുവാന്‍ ശരിയ്ക്കും പാടുപെടേണ്ടി വന്നു മദറിന്‌....

നേരം ഒരുപാടായിരുന്നു.......ദൂരെ പടിഞ്ഞാറെ ചക്രവാളസീമയില്‍ വഞ്ചനയുടെ മറ്റൊരു മുഹൂര്‍ത്തം... ഒരു പകലിന്റെ കൂടി ദാരുണമായ അന്ത്യം...

പാവം പകല്‍.....പുലര്‍ക്കാലക്കിരണങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി അവളെ അനുരാഗവിലോചനയാക്കി.....ഇളംവെയിലിന്റെ കുസൃതികരങ്ങള്‍ തൊട്ടുണര്‍ത്തിയും കിക്കിളിയൂട്ടിയും മോഹിതയാക്കി..

ഉച്ചവെയില്‍ അതിന്റെ തീക്ഷ്ണത മുഴുവന്‍ ആവഹിച്ചെടുത്തു പകര്‍ന്നുനല്‍കിയ കരുത്തില്‍,..കരവിരുതില്‍ അവള്‍ ഉത്തേജിതയായി.......

ശൃംഗാരപദങ്ങളാടാന്‍ വിദഗ്ദനായ പോക്കുവെയിലിന്റെ കേളിവൈഭവത്തിനുമുമ്പില്‍ സ്വയം മറന്നു.. മുട്ടുമടക്കികീഴടങ്ങി...സര്‍വ്വവും സമര്‍പ്പിച്ച്‌ ആ മാറിലെ ഇളംചൂടില്‍ നിവൃതിയോടെ തല ചായ്ച്ചു മയങ്ങി......

ഒടുവില്‍,.. പാവം ഒരു പകലിന്റെകൂടി മനവും തനുവും കവര്‍ന്ന്‌,.. അവളെ തമസ്സിന്റെ കരങ്ങളിലേയ്ക്ക്‌ നിര്‍ദ്ദയം തള്ളിവിട്ട്‌,..ഒന്നുമറിയാത്തവനെപോലെ,...തീര്‍ത്തും അപരിചിതനായി....യാത്രമൊഴിപൊലും പറയാതെ,..നിസ്സംഗതയുടെയും നിസ്സഹായതയുടെയും പൊയ്‌മുഖംകൊണ്ട്‌ ഉള്ളില്‍ തുടികൊട്ടുന്ന ഉല്ലാസം മറച്ചുവെച്ച്‌ പുതുപെണ്ണിന്റെ,.. സന്ധ്യയുടെ.. കയ്യുംപിടിച്ച്‌ വര്‍ണ്ണങ്ങളുടെ മറ്റൊരുപുതുലോകത്തിലേയ്ക്ക്‌ പടിയിറങ്ങിപോകുന്ന ഹൃദയശൂന്യനായ സൂര്യന്‍ ....

വിരഹദുഃഖം താങ്ങാനാകാതെ ഹൃദയംപൊട്ടി പൊട്ടിമരിയ്ക്കുന്ന പകല്‍പ്പെണ്ണിന്റെ ചോരത്തുള്ളികള്‍ വീണുകുതിര്‍ന്നു ചുമന്ന ചക്രവാളം....

ആ രക്തത്തുള്ളികള്‍ക്കിടയില്‍ പാവം ആഗ്നസ്സിന്റെ തളര്‍ന്നമുഖം അവ്യക്തമായി തെളിയുന്നതുപോലെ മദറിനു തോന്നി..

ആഗ്നസ്സിനെ ജീവിതത്തില്‍ ഒരിയ്ക്കല്‍കൂടി കണ്ടുമുട്ടാനിടയായ സന്ദര്‍ഭം ഒരു ദുഃസ്വപ്നംപോലെ ഇന്നും മനസ്സിനെ വേട്ടായാടുന്നു.....നെഞ്ചിലൊരു കനലായി കത്തിയെരിയുന്നു.....

വര്‍ഷങ്ങള്‍ക്കുമുമ്പ്‌...ദൂരെ നഗരത്തില്‍ നിരാലംബരും അശരണരുമായ സ്ത്രീകള്‍ക്കുവേണ്ടി മഠം നടത്തുന്ന ശരണാലയത്തിനോടനുബന്ധിച്ചുള്ള കോണ്‍വെന്റ്‌ ഹോസ്പിറ്റലില്‍ ഔദോഗികസന്ദര്‍ശത്തിനുപോയതായിരുന്നു....

അവിടെ ഒരു ബെഡ്ഡില്‍ അവശയും ആലംബഹീനയുമായി കിടക്കുന്നു ആഗ്നസ്‌.....

തടിച്ചുകൊഴുത്ത ശരീരവും,... മലര്‍ന്നുവിടര്‍ന്ന കീഴ്ച്ചുണ്ടുകളും,.. തുടുത്തകവിളുകളും,. സ്വര്‍ണ്ണനിറവുള്ള മദാലസയായ ആഗ്നസ്സിന്റെ സ്ഥാനത്ത്‌ മെലിഞ്ഞുണങ്ങി വിളറിവെളുത്ത്‌ എല്ലുംതോലുമായ ഒരു സ്ത്രീരൂപം.....!

പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല..മനസ്സിന്‌ ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞില്ല ആദ്യം...

അവളും ആദ്യം തന്നെ തിരിച്ചറിഞ്ഞില്ല..വെള്ളയുടുപ്പിനുള്ളിലൊതുങ്ങിപോയ എന്റെ രൂപം അവളെ ശരിയ്ക്കും അമ്പരപ്പിച്ചു....

തരിച്ചുനില്‍ക്കുകയായിരുന്നു ഇരുവരും..
കാല്‍പാദങ്ങളില്‍ അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണു നനയാന്‍ തുടങ്ങിയപ്പോള്‍ ഞെട്ടിപോയി പരിസരബോധം തിരിച്ചു വന്നു......പിടിച്ചെഴുന്നെല്‍പ്പിച്ചു കെട്ടിപുണരുമ്പോള്‍...ആ ശുഷ്ക്കിച്ച കരങ്ങള്‍ തന്നെ വരിഞ്ഞുമുറുക്കുകയായിരുന്നു...

ഒരിറ്റു സ്നേഹത്തിന്‌....കാരുണ്യത്തിന്‌....അനുകമ്പയ്ക്കായുള്ള ആ ഹൃദയത്തിന്റെ തേങ്ങല്‍ തിരിച്ചറിഞ്ഞ തന്റെ കണ്ണുകളും നിറഞ്ഞുതുളുമ്പുകയായിരുന്നു അപ്പോള്‍... വെള്ളയുടുപ്പിന്റെ പരിധികള്‍ക്കുള്ളിലേയ്ക്കൊതുങ്ങി പെട്ടന്നുതന്നെ ആത്മനിയന്ത്രണം വീണ്ടെടുത്തു..

ദുഷ്ടനായ കാള്‍ അവളെയും വഞ്ചിയ്ക്കുകയായിരുന്നു.....മടുത്തപ്പോള്‍ വഴിയിലുപേക്ഷിയ്ക്കുകയായിരുന്നു..അടിതെറ്റിയ അവള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി....ക്രമേണ വഴിതെറ്റിയുള്ള സൗഹൃദങ്ങള്‍ വളര്‍ന്നു വന്നു.....അഴുക്കുചാലുകളിലൂടെയുള്ള സഞ്ചാരം അവള്‍ക്കു സമ്മാനിച്ചത്‌ മഹാരോഗങ്ങളായിരുന്നു...പുഴുകുത്തേറ്റ അവളെ സമൂഹം ഒറ്റപ്പെടുത്തി....വീട്ടുകാരും കൈവിട്ടു.....

"ആരൊക്കെ കൈവിട്ടാലും കര്‍ത്താവ്‌ നിന്നെ കൈവിടില്ല.....പ്രാര്‍ത്ഥിയ്ക്കു ആഗ്നസ്‌ എല്ലാം മറന്നു പ്രാര്‍ത്ഥിയ്ക്കു......"

കുരിശുമാലയും ബൈബിളും സമ്മാനിച്ച്‌ അവളെ സമാശ്വസ്സിപ്പിച്ചുമടങ്ങുമ്പോള്‍ മനസ്സു മരവിച്ചിരുന്നു.....

തിരിച്ചു മഠത്തിലെത്തി മുറിയില്‍ കയറി കതകടച്ച്‌, തിരുവസ്ത്രമഴിച്ചു വെച്ച്‌ ഒരു സാധാരണപെണ്ണായിമാറി മതിവരുവോളം പൊട്ടിക്കരഞ്ഞു..ലോകത്തിലെ എല്ലാ പുരുഷന്മാരോടും വെറുപ്പു തോന്നി.. പക തോന്നി.... ഒരു പുരുഷനായതിന്റെപേരില്‍ ദൈവപുത്രനോടുപോലും നീരസം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌...

അധികം വൈകാതെ,. ഒരു കൂടിക്കാഴ്ചയ്ക്കുകൂടി അവസരം നല്‍കാതെ ആഗ്നസ്‌ ഈ ലോകത്തുനിന്നുതന്നെ എന്നെന്നേയ്ക്കുമായി പോയ്‌മറിഞ്ഞു.....

ഓരോ പകലിനും...ഓരോ പെണ്ണിനും പറയാനുണ്ടാകും ഇതുപോലെ വഞ്ചനകളുടെ ഒരോരോ കഥകള്‍...എന്നിട്ടും പൗരുഷത്തിന്റെ ജ്വലിയ്ക്കുന്ന അഗ്നിഗോളത്തില്‍ ആകൃഷ്ടരായി എല്ലാം മറന്ന്‌ ആ ഊഷ്മളതയുടെ കുളിരും തേടി മുന്നോട്ടു കുതിയ്ക്കുന്നു പാവങ്ങള്‍...അവസാനം ഇയ്യാമ്പാറ്റകളെ പോലെ അതില്‍ എരിഞ്ഞടങ്ങുന്നു..

ഇപ്പോഴിതാ പാവം ലോട്ടേയും ആ വഴിയ്ക്കുതന്നെ നീങ്ങുന്നു..സാത്താന്‍ റിക്ടറന്റെ രൂപത്തില്‍ വന്ന്‌ ആ പാവം പെണ്ണിനെയും പരീക്ഷണങ്ങള്‍ക്കു വിധേയയാക്കുന്നു....

മെല്ലെ കണ്ണടയൂരി ...തൂവാലയെടുത്തുമിഴിനീരൊപ്പി......സ്നേഹനിരാസ്സത്തിന്റെ തീക്ഷ്ണത...തിരസ്ക്കാരത്തിന്റെ തിക്തത....വിരഹത്തിന്റെ തീവൃത...നഷ്ടവസന്തത്തിന്റെ നൈരാശ്യം ഇതെല്ലാം ഒന്നിച്ച്‌ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്ന കാലത്തു ഒരു മറയായി ഉപയോഗിച്ചുതുടങ്ങിയതാണ്‌ കണ്ണട...പിന്നീടതൊരു ശീലമായി....ഇന്ന്‌ അത്‌ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു..

കണ്ണും തുറന്നുവെച്ച്‌ ദിവാസ്വപ്നങ്ങളില്‍ മുഴുകി ലോട്ടെ ഇപ്പോഴും അതെ ഇരിപ്പു തന്നെയാണ്‌...അവളുടെ വിടര്‍ന്ന കടമിഴിക്കോണുകളില്‍ നിന്നു സ്വപ്നങ്ങള്‍ കിനിഞ്ഞിറങ്ങുന്നതു ആ മങ്ങിയ വെളിച്ചത്തിലും മദറിനു വ്യക്തമായും കാണാമായിരുന്നു..മനസ്സിലാക്കാമായിരുന്നു....

ആ കാഴ്ച ദേഷ്യത്തെക്കാളുപരി ഉത്‌കണ്ഠയാണ്‌ അവരിലുണ്ടാക്കിയത്‌..

ഓ ജീസസ്‌...!! ..എന്തു പറഞ്ഞാണ്‌ ഞാനിനി ഇവളെ നേര്‍വഴിയ്ക്കു നടത്തേണ്ടത്‌."

ഒരു നെടുവീര്‍പ്പോടെ അവര്‍ ലോട്ടെയുടെ സമീപത്തു ചെന്നു...

"എന്റെ മോളെ,...എത്ര നേരമായി നീ ഈ ഇരിപ്പിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌....സമയമെത്രയായെന്നറിയുമൊ നിനക്ക്‌...

സന്ധ്യാസമയത്തെ പ്രാര്‍ത്ഥനയുടെ കാര്യം പോലും മറന്നുവല്ലൊ നീ...

എന്തിനാണ്‌ കുട്ടി നീ ഇങ്ങിനെ വൃഥാ സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നത്‌..അവസാനം മനസ്സിന്റെ അടിത്തട്ടില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ദുഃഖത്തിന്റെ ഇഴകള്‍ വേര്‍തിരിച്ചെടുക്കാനാവാതെ ശിഷ്ടക്കാലം മുഴുവന്‍ വെറുതെ ദുഃഖിയ്ക്കാനോ........

സൂചി കൊണ്ടു മുറിയാത്ത ഏതെങ്കിലും ഭാഗം ബാക്കിയുണ്ടൊ നിന്റെ വിരല്‍തുമ്പുകളില്‍...

സൂചിമുന ശരീരത്തിലുണ്ടാക്കുന്ന മുറിവുകളുടെ വേദന ഒരു പക്ഷെ സുഖകരവും മധുരതരവുമായി തോന്നിയേയ്ക്കാം നിനക്ക്‌ ഈ പ്രായത്തില്‍...പ്രത്യേകിച്ചും ഈ മാനസികാവസ്ഥയില്‍....

പക്ഷെ അത്‌ അറിയാതെ ഹൃദയത്തിലേയ്ക്കാഴ്‌ന്നിറങ്ങി മുറിവുകള്‍ സൃഷ്ടിച്ചാല്‍... ഒരിയ്ക്കലും ഉണങ്ങാത്ത ആ മുറിവുകളുടെ നീറ്റുന്ന വേദന ജീവിതക്കാലം മുഴുവന്‍ വിടാതെ പിന്തുടരും.....

മദറിന്റെ അനുഭവം അറിയാലോ മോളെ നിനക്ക്‌....നിന്നോടു മാത്രമെ കുട്ടി ഞാന്‍ എല്ലാം തുറന്നുപറഞ്ഞിട്ടുള്ളു...സൂക്ഷിയ്ക്കണം നീ ... ഒരിയ്ക്കലും എന്റെ അവസ്ഥ വരരുത്‌ നിനക്ക്‌....

എന്താണന്നറിയില്ല മോളെ,..മറ്റാരോടുമില്ലാത്ത സ്നേഹം,വാല്‍സല്യം തോന്നുന്നു മദറിന്‌ നിന്നോട്‌...എത്ര ആലോചിചിട്ടും അതിനു വ്യക്തമായ ഒരു കാരണം...ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല....

ഒരു പക്ഷെ കൗമാരത്തിലെ,... യൗവനാരംഭത്തിലെ സങ്കല്‍പ്പങ്ങളില്‍, സ്വപ്നങ്ങളില്‍ അമ്മിഞ്ഞപാലൂട്ടി,താരാട്ടുപാടി ഞാന്‍ ഉറക്കാറുള്ള എന്റെകുഞ്ഞിനു നിന്റെ രൂപഭാവങ്ങളായിരുന്നിരിയ്ക്കാം....എനിയ്ക്കു ജനിയ്ക്കാതെ പോയ എന്റെ.......

വാചകം പൂര്‍ത്തിയാക്കന്‍ കഴിഞ്ഞില്ല ...

മദറിന്റെ തൊണ്ടയിടറി.....മിഴികള്‍ നിറഞ്ഞുതുളുമ്പി.... ലൊട്ടേ കാണാതിരിയ്ക്കാന്‍വേണ്ടി തന്നെപോലെ ഒരു പാടുദുഃഖങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ചുവെച്ച പാവം കടലിന്റെ അഗാതതയിലേയ്ക്കു മിഴിതിരിച്ചു അവര്‍.......ഒരു നിമിഷം ജീസസിനെ മനസ്സില്‍ ധ്യാനിച്ച്‌ ആത്മനിയന്ത്രണം വീണ്ടെടുത്തു....

"എഴുന്നേല്‍ക്കു മോളെ ...ഒറ്റയ്ക്കുപോയിരുന്നു ക്രൂശിതരൂപത്തിനുമുമ്പില്‍ മുട്ടുകുത്തി ഹൃദയം തുറന്ന്‌ കുറച്ചുനേരം പ്രാര്‍ത്ഥിയ്ക്കു...കര്‍ത്താവ്‌ നിനക്കു നേര്‍വഴി കാണിച്ചു തരാതിരിക്കില്ല.....

മദര്‍ പറയുന്നതെല്ലം ശ്രദ്ധയോടേ കേള്‍ക്കുകയായിരുന്നു ലോട്ടെ പക്ഷെ അതൊന്നും ഉള്‍കൊള്ളാനുള്ള ഒരു മാനസികാവസ്ഥയില്‍ അല്ലായിരുന്നു അവളപ്പോള്‍ ......

ഒന്നു മാത്രം മനസ്സിലായി അവള്‍ക്ക്‌..പുറമെ പരുക്കന്‍ ഭാവങ്ങള്‍ മാത്രം പ്രകടിപ്പിയ്ക്കുന്ന അവര്‍ ഉള്ളിന്റെയുള്ളില്‍ എത്ര പാവമാണ്‌.... അത്ഭുതം തോന്നി ലൊട്ടേയ്ക്ക്‌....

മദറിനോട്‌ അതുവരെ തോന്നാത്ത എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി അവള്‍ക്ക്‌....

അമ്മയുടെ പുറകെ അനുസരണയുള്ള ഒരു കുഞ്ഞിനെപോലെ റൂമിലേയ്ക്ക്‌ നടക്കുമ്പോഴും അവളുടെ ഹൃദയം റിക്ടറിന്റെ സാമീപ്യത്തിനായി തുടിയ്ക്കുകയായിരുന്നു...

താഴെ ബെങ്കില്‍ നിന്നും ഡെക്കിലേയ്ക്കു കയറിവരുന്ന റിക്ടറിന്റെ പദനിസ്വനം എത്രപെട്ടന്നാണ്‌ തന്റെ കാതുകള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞത്‌..! അദ്ദേഹത്തെ ഒരു നോക്കു കാണാനായി കടക്കണ്ണിന്‍തടം തുടിയ്ക്കുന്നു..!ആ ഗന്ധത്തിനായി കൊതിയോടെ നാസഗ്രങ്ങള്‍ വിടരുന്നു....!.വെള്ളയുടുപ്പിനുതാഴെ സുരക്ഷിതമായിമൂടിവെച്ച മാറിടങ്ങള്‍പോലും എന്തിനെന്നറിയാതെ ത്രസ്സിയ്ക്കുന്നു...!

മദറിന്റെ മാതൃതുല്യമായ സ്നേഹത്തിനെന്നല്ല ലോകത്തിലെ ഒരു ശക്തിയ്ക്കും തന്നെ റിക്ടറില്‍ നിന്നും വേര്‍പ്പിരിയ്ക്കാന്‍ കഴിയില്ല എന്ന സത്യം ഒരു ഞെട്ടലോടെ അതിലേറെ ആനന്ദത്തോടെ അവള്‍ തിരിച്ചറിഞ്ഞു...

ആ ഹൃദയസരസ്സിലെ പ്രണയപുഷ്പം നീലതാമരയായിമാറി പൂര്‍ണ്ണമായും വിടര്‍ന്ന്‌ പരിമളം പടര്‍ത്താന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍..

കടല്‍ക്കാറ്റിനു മോഹിപ്പിയ്ക്കുന്ന കുളിരായിരുന്നു ആ രാവില്‍..

ഉദിച്ചുയരുന്ന പൂര്‍ണ്ണചന്ദ്രന്റെ അഭൗമസൗന്ദര്യത്തില്‍ മയങ്ങിപോയ കടലിന്റെ സ്വപ്നങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യത്തിന്റെ പുതിയ മാനങ്ങള്‍ കൈവരാന്‍ തുടങ്ങുകയായിരുന്നു......അന്നോളം അറിയാത്ത അര്‍ത്ഥതലങ്ങളിലേയ്ക്ക്‌ ഉയരുകയായിരുന്നു...

നിലാവിന്റെ പക്വവും ഊഷ്മളവുമായി കരപരിലാളനങ്ങളില്‍ ഉണര്‍ന്ന്‌,.. അതുവരെ ശാന്തിമന്ത്രങ്ങള്‍ ഉരുവിടാന്‍ മാത്രമറിയാമായിരുന്ന പാവം കടല്‍ എല്ലാം മറന്നു.. സ്വയം മറന്നു....രൂപം മാറി....ഭാവം മാറി.....ഹൃദയമിഡിപ്പിന്റെ വേഗം കൂടി......

നിയന്ത്രണം വിട്ട തിരകള്‍ ആവേശത്തിന്റെ അലകളില്‍ ആടിയുലയാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍........

ജന്മസിദ്ധമായ,.. സഹജമായ.. ചാപല്യങ്ങളുടെ തനിയാവര്‍ത്തനം...

യുദ്ധഭീതിയും സങ്കീര്‍ണതകളും നിറഞ്ഞ ജീവിതത്തയാത്രയ്ക്കിടയില്‍ അപൂര്‍വ്വമായി മാത്രം എത്തിച്ചേരുന്ന ശാന്തിയുടെ തീരങ്ങള്‍...അവിടെ അശാന്തിയുടെ വിത്തുകള്‍ വിതച്ച്‌.. ജന്മാന്തരപാപങ്ങളുടെ ശാപഭാരവും പേറി ഒരു നിയോഗംപോലെ ഉണര്‍ന്നെഴുന്നേറ്റ്‌ വേലിപടര്‍പ്പുകള്‍ക്കുള്ളിലേയ്ക്ക്‌ ഇഴഞ്ഞുനീങ്ങുന്ന ഉരഗങ്ങള്‍ പുതിയ മാളങ്ങളില്‍ കയറി...ഉറയൂരി..തലതല്ലി വിഷംചീറ്റിതളരുന്ന മാന്ത്രികയാമവും കടന്ന്‌ രാവ്‌ പിന്നേയും വളര്‍ന്നു....

നിലാവിന്‌ നിറംകെട്ടിരുന്നു...

നാലുഭാഗത്തും നിന്നും പാഞ്ഞെത്തിയ കുറ്റബോധത്തിന്റെ കരിമേഘങ്ങള്‍ പൂര്‍ണ്ണചന്ദ്രന്റെ മുഖം പാടെ മറച്ചു....

തമസ്സിന്റെ അഗാധഗര്‍ത്തങ്ങളിലേയ്ക്കാണ്ടുപോയ പാവം കടല്‍ പാതളത്തിന്റെ മടിത്തട്ടില്‍ മുഖംപൂഴ്ത്തി തേങ്ങികരയുകയായിരുന്നു....നീറിപുകയുകയായിരുന്നു....

എല്ലാം നിശബ്ദം നോക്കികണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഡോയ്‌ഷ്‌ലാന്‍ഡ്‌.

എത്രയെത്ര വേലിയേറ്റങ്ങള്‍....വേലിയിറക്കങ്ങള്‍...

എന്തിനൊക്കെ സാക്ഷ്യം വഹിയ്ക്കേണ്ടി വന്നിരിയ്ക്കുന്നു......

വര്‍ഷങ്ങളായി തുടരുന്ന സഞ്ചാരം...

ഒരോ കടലിന്റെയും ഹൃദയത്തുടിപ്പുകള്‍ മനഃപാഠമായിരിയ്ക്കുന്നു....

എന്നിട്ടും...എല്ലാമറിഞ്ഞിട്ടും.. ഒന്നുമറിയാത്തതുപോലെ,.എന്തൊക്കയോ നിശ്ചയച്ചുറപ്പിച്ചിട്ടെന്നവണ്ണം നിഗൂഡ്‌ഠമായൊരു മന്ദസ്മിതവും ഉള്ളിലൊതുക്കി ഒരു ഋഷിവര്യന്റെ വിരക്തി നിറഞ്ഞ മനസ്സോടെ, തികഞ്ഞ നിസ്സംഗതയോടേകാറ്റിന്റെ താളത്തില്‍ ലയിച്ച്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ അതിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.............


(പ്രചോദനം:-വിനുവേട്ടന്‍...അവലംബം:- സ്റ്റോം വാണ്ണിങ്ങ്‌-26)

8 comments:

  1. ബാബൂജീ,
    ആദ്യത്തെ തേങ്ങാ ഞാന്‍ തന്നെ ഉടയ്ക്കാം..
    ഠേ..!!
    സ്റ്റോം വാണിംഗ്‌ വായിക്കാറുണ്ട്.
    താങ്കളൂടെ കഥ മനോഹരമായിട്ടുണ്ട്.
    എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
    www.tomskonumadam.blogspot.com

    ReplyDelete
  2. ബൂലോകത്തേയ്ക്ക് സ്വാഗതം!

    റിക്ഠറിനെയെയും സിസ്റ്റര്‍ ലോട്ടെയെയും മദറിനെയും (സിസ്റ്റര്‍ ആഞ്ചല)എല്ലാം വിനുവേട്ടന്റെ സ്റ്റോം വാണിങ്ങ് വഴി പരിചയമുണ്ട്.

    കൂടുതല്‍ എഴുതുക. ആശംസകള്‍!

    ReplyDelete
  3. അല്‍പ്പം വൈകിയെങ്കിലും ബൂലോകത്തിന്റെ മേച്ചില്‍പ്പുറങ്ങളിലെത്തിയ തറവാടിയായ കൊല്ലേരിക്ക് സുസ്വാഗതം!

    ആദ്യരചന തന്നെ അതിമനോഹരം… ഡോയ്ഷ്‌ലാന്റ്റിലെ പരിചിതകഥാപാത്രങ്ങളെ പുതിയ ഒരു വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍് ഇടവരുത്തിയതിന് നന്ദി… തുടര്ന്നും എഴുതുക..

    ആശംസകളോടെ…

    ReplyDelete
  4. Kolleri...

    orupaadu vaikiyengilum nalla oru thdakkamayirunnu..

    iniyum orupaadu postukal idanam..

    all the best..

    Praveen

    ReplyDelete
  5. വിനുവേട്ടന്‍ വഴിയാ എത്തിയത്, സ്വാഗതം
    (നോവല്‍ വായിക്കാറുണ്ടെങ്കിലും ഇത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല, സോറി)

    ReplyDelete
  6. കഥാപാത്രങ്ങളെ മുമ്പേ പരിചയമുള്ളതുകൊണ്ട്‌ രസകരമായി വായിച്ചു പോയി. നല്ല ഭാവന. തുടര്‍ന്നും എഴുതുക.

    ReplyDelete
  7. ആദ്യമായി, സ്വാഗതം ബൂലോഗത്തേക്കു്. വിനുവേട്ടന്‍ വഴിയാണെത്തിയതു് ഇവിടെ. തുടര്‍ന്നും എഴുതൂ.

    ReplyDelete
  8. ഗ്രന്ഥകാരനായ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ പറയാതെ വിട്ടു പോയ ചില സന്ദര്‍ഭങ്ങള്‍ അതിമനോഹരമായി വരച്ചുകാട്ടിയിരിക്കുകയാണെന്നേ തോന്നൂ. ഡോയ്‌ഷ്‌ലാന്റിലെ നീലത്താമര എഴുതിയ കൊല്ലേരി തറവാടിക്ക്‌ എന്റെ അഭിനന്ദനങ്ങള്‍... ആശംസകള്‍...

    ReplyDelete