Tuesday, July 24, 2012

അത്തറിന്‍ സുഗന്ധവും പൂശി..


പോയ ജൂണ്‍ മാസത്തിലെ ഒരു വൈകുന്നേരം.
"നമ്മുടെ സതീശന്റ അമ്മ മരിച്ചു., ഇതാ ഇപ്പോ നാട്ടീന്ന്‌ ഫോണ്‍ വന്നതേയുള്ളു.. പാവം ചെക്കന്‌ കരഞ്ഞിട്ട്‌ ബോധമില്ല, ഒറ്റ മോനല്ലെ അവന്‍, വേറെ ആരാ ഉള്ളത്‌ നാട്ടില്‌ ക്രിയകളൊക്കെ ചെയ്യാനായി, എങ്ങിനെയെങ്കിലും എത്രയും പെട്ടന്ന്‌ അവനെ നാട്ടിലെത്തിയ്ക്കേണ്ടെ ബഷീറെ..എന്താ ചെയ്യാ, എന്റെ അവസ്ഥ അറിയാലോ നിനക്ക്‌. അതും ഇപ്പോഴത്തെ ഫ്ലൈറ്റ്‌ചാര്‍ജ്‌. ഓര്‍ക്കാനെ വയ്യ!!"
ഓര്‍ക്കാപ്പുറത്തായിരുന്നു വിശ്വേട്ടന്റെ കോള്‌, സതീശന്റെ അമ്മ, കല്യാണിയമ്മ മരിച്ചു.! എന്തുപറയണമെന്നറിയാതെ അമ്പരന്നുപോയി ഒരുനിമിഷം ബഷീര്‍.
--വിശ്വേട്ടന്‍ അവന്റെ കൂടെത്തന്നെയില്ലെ, ഇത്രയും ദൂരം ഡ്രൈവ്‌ ചെയ്ത്‌ ഞാനിപ്പോ അങ്ങോട്ടു വരണൊ. ഈ നേരമായില്ലെ, ഇന്നിനി ഒന്നും നടക്കില്ല, നേരം വെളുക്കുമ്പോഴേയ്ക്കും ടിക്കറ്റിന്‌ എന്തെങ്കിലും വഴിയുണ്ടാക്കാം.--അങ്ങിനെ പറയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല ബഷീറിന്‌. അത്രയ്ക്ക്‌ വേണ്ടപ്പെട്ടവനാണ്‌ ശങ്കരന്‍മാസ്റ്ററുടെ മകന്‍ സതീശന്‍, ഒരുപാട്‌ കടപ്പാടുണ്ട്‌ അവന്റെ കുടുംബത്തോട്‌. ആ ചുറ്റുവട്ടത്തെ ഏക ഹിന്ദുകുടുംബം. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു ശങ്കരന്‍മാസറ്റര്‍, സര്‍വ്വസമ്മതന്‍, ഗാന്ധിയന്‍,.ഒരു മടിയും കൂടാതെ ആരേയും കയ്യയച്ചു സഹായിയ്ക്കുന്നവന്‍. തനിയ്ക്കു വിസയൊപ്പിയ്ക്കാന്‍ ഇരുപത്തിയ്യായിരം രൂപയുടെ കുറവു വന്നപ്പോള്‍ ഒരു മടിയുംകൂടാതെ, ഒരു രേഖയുമില്ലാതെ ഉപ്പാന്റെ കയ്യില്‍ എണ്ണികൊടുത്തു മാഷ്‌.---" ഇന്ന്‌ ഞാന്‍ ബഷീറിനു താങ്ങാവുന്നു, നാളെ ഒരു പക്ഷെ, ബഷീറായിരിക്കും എന്റെ സതീശനു തുണയാകാന്‍ പോകുന്നത്‌..എല്ലാം മുകളിലിരിയ്ക്കുന്ന ഒരാളുടെ നിശ്ചയിയ്ക്കുന്നതുപോലെയല്ലെ ഉസ്മാനെ നടക്കു, ധൈര്യമായി വാങ്ങിയ്ക്കു,എന്റെ കാശായി കരുതേണ്ട, സര്‍ക്കാരിന്റെ കാശാ ഇത്‌, ഞാന്‍ പ്രോവിഡെന്റ്‌ഫണ്ടീന്ന്‌ ലോണെടുത്തത്‌."--- വിറയ്ക്കുന്ന കരങ്ങളുമായി മടിച്ചുനിന്ന ഉപ്പയുടെ കയ്യില്‍ നിര്‍ബന്ധമായി നോട്ടുകെട്ടുകള്‍ വെച്ചുകൊടുക്കുമ്പോള്‍ മാഷ്‌ പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ മുഴങ്ങുന്നു.
പാവം മാഷ്‌, എല്ലാ നല്ല മനുഷ്യര്‍ക്കുമെന്നപോലെ കാലം അദ്ദേഹത്തിനും ദുരിതദിനങ്ങള്‍ ഒരുക്കിവെച്ച്‌ കാത്തിരിയ്ക്കുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന കാന്‍സര്‍ അദ്ദേഹത്തിന്റെ ആരോഗ്യവും സകലസമ്പത്തും കവര്‍ന്നെടുത്തു. സതീശന്റെ പഠനവും താറുമാറായി.ഒടുവില്‍ റിട്ടയര്‍മെന്റ്‌ കഴിഞ്ഞ്‌ രണ്ടാം ദിവസം അദ്ദേഹം മരിച്ചു.! ഒരു മൂന്നു ദിവസം മുമ്പായിരുന്നെങ്കില്‍, സര്‍വീസിലിരുന്നു മരിച്ചതിന്റെപേരില്‍ സതീശന്‌ ആ സ്കൂളില്‍ തന്നെ ക്ലാര്‍ക്ക്‌, അല്ലെങ്കില്‍ പ്യൂണ്‍ ആയെങ്കിലും ജോലി കിട്ടുമായിരുന്നു.! എല്ലാം ഒരു യോഗം അല്ലാതെന്താ. കഫാലത്തു വിസയില്‍ അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്‌ താനാണ്‌. ശങ്കരന്‍ മാഷുടെ മോനല്ലെ ഒരണപോലു വിടാതെ എല്ലാറ്റിനും കൃത്യമായി കണക്കുവെച്ചിരിയ്ക്കുന്നു അവന്‍. പക്ഷെ ,നാളെ അവനെ കയറ്റിവിടാനായി പെട്ടന്നു പൈസയൊപ്പിയ്ക്കാന്‍ എന്താണു വഴി,. ഓര്‍ത്തിട്ട്‌ ഒരെത്തുംപിടിയും കിട്ടുന്നില്ല. മൊബെയിലെടുത്ത്‌ ട്രാവല്‍സിലെ തോമസ്സുട്ടിയെ വിളിച്ചു.

"ടിക്കറ്റില്ല ബഷീറെ, നിനക്കറിയാലോ എയര്‍ ഇന്ത്യയുടെ കാര്യങ്ങളൊക്കെ, മൊത്തം ടൈറ്റാണ്‌.പിന്നെ ഇങ്ങിനെ ഒരാവശ്യമല്ലെ, എമര്‍ജന്‍സിയില്‍ ഒപ്പിയ്ക്കാം...നെടുമ്പാശേരിയ്ക്ക്‌ വണ്‍വേ 2500 റിയാല്‌, ബോംബേയ്ക്കാണെങ്കില്‍ 1200." തോമസ്സുട്ടിയുടെ മറുപടി വന്നു.
-അതെന്താ ഇത്ര വ്യത്യാസം.- ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.--"കെങ്കേന്മാരായ ആറു കേന്ദ്രമന്ത്രിമാരില്ലെ നമുക്ക്‌, അതിന്റെ സൗജന്യമായിരിയ്ക്കും." തോമസ്സുട്ടീടെ വാക്കുകളില്‍ പരിഹാസം.

ബോംബേയ്ക്ക്‌ 1200 റിയാല്‍, കൊച്ചിയ്ക്ക്‌ 2300 റിയാല്‍ !.ഇന്ത്യാമഹാരാജ്യത്തെ അധികം അകലത്തിലല്ലാത്ത രണ്ടു നഗരങ്ങളിലേയ്ക്കുള്ള ടിക്കറ്റു വിലയിലെ അന്തരം.! വാരാന്ത്യത്തിനുശേഷം പൊതുവെ കടയില്‍ തിരക്കുകുറയുന്ന അന്നത്തെ ഇഷാസലയ്ക്കു ശേഷമുള്ള കച്ചവടമൊക്കെ സഹായിയായ അഷറഫിനെ ഏല്‍പ്പിച്ച്‌ ഫ്ലാറ്റിലേയ്ക്ക്‌ ഡ്രൈവ്‌ ചെയ്തു മടങ്ങുമ്പോള്‍ ടിക്കറ്റുനിരക്കുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച്‌ മനനം ചെയ്യുകയായിരുന്നു ബഷീറിന്റെ മനസ്സ്‌. സിനിമാടാക്കീസുകളുടെ മുമ്പില്‍ നടക്കുന്ന ബ്ലാക്കിലെ ടിക്കറ്റ്‌ കച്ചവടവും ഇതും തമ്മില്‍ ഓര്‍ത്തു നോക്കിയാല്‍ എന്തു വ്യത്യാസമാണുള്ളത്‌.! അംഗീകാരത്തോടുകൂടിയുള്ള കരിഞ്ചന്ത..ചൂഷണത്തിനു നിയമസാധുത നല്‍കുന്ന കാലം. ചൂഷകനും ചൂഷണം ചെയ്യപ്പെടുന്നവനും തമ്മിലുള്ള അന്തരം വര്‍ദ്ധിയ്ക്കുന്നു, അവര്‍ക്കിടയില്‍ പ്രതിരോധവുമായെത്താന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു..അതാണ്‌ എല്ലായിടത്തും നടക്കുന്നത്‌. നന്ദിഗ്രാമില്‍ കണ്ടത്‌ അതല്ലെ, ഇപ്പോള്‍ ഓഞ്ചിയം കരുവാക്കി നടക്കുന്നതും മറ്റൊന്നല്ലല്ലോ, മണിയെപോലൊരു നേതാവ്‌ ഒരുള്‍നാട്ടിലെ അന്തിച്ചന്തയില്‍ തദ്ദേശവാസികളുടെ കയ്യടിനേടാന്‍ വേണ്ടിനടത്തിയ വിടുവായത്വം ബി.ബി.സിയ്ക്കുപോലും മഹാവാര്‍ത്തയായതിന്റെ പൊരുളും മറ്റൊന്നല്ല.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയങ്ങള്‍ സന്ധ്യാനാമത്തിനു സമാനം ആവര്‍ത്തിച്ചു ചൊല്ലുന്ന ചാനലുകള്‍ എന്തുകൊണ്ട്‌ ഒരു സായാഹ്നമെങ്കിലും എയര്‍ ഇന്ത്യ സമരമൂലം ദുരിതത്തിലായ പ്രവാസിയുടെ കണ്ണുനീരിനായി മാറ്റിവച്ചില്ല. ഗള്‍ഫ്‌ പ്രധാന വിപണനമേഖലയാക്കിയ അവര്‍ പ്രവാസിയുടെ ദുരിതങ്ങള്‍ നാട്ടില്‍ പാതിരാവായി എല്ലാരും ഉറങ്ങി എന്നുറപ്പുവരുത്തി അര്‍ദ്ധരാത്രിയിലെ ഗള്‍ഫ്‌ വര്‍ത്തകളില്‍ ഒന്നോരണ്ടോ വാചകങ്ങളില്‍ മാത്രമായി എന്തെ ഒതുക്കുന്നു. അവക്കതിനു മാത്രമെ കഴിയു.!
"വെടക്കാക്കി തനിയ്ക്കാക്കുക" എന്ന ഉദ്ദേശവുമായി ബിനാമികളെ ഒരുക്കിനിര്‍ത്തി ഭരണകൂടത്തിന്റെ അറിവോടെ കെട്ടിച്ചമച്ച ഒരു പൊറാട്ടു നാടകം മാത്രമാണ്‌ ഈ സമരമെന്ന യാഥാര്‍ത്ഥ്യം ഭംഗിയായി മറച്ചുവെയ്ക്കേണ്ടത്‌ ചാനല്‍മുതലാളിമാരുടെ കൂടി ആവശ്യമല്ലെ.
ഭരണകൂടത്തിലെ ശകുനികളുടെയും, അവരുടെ ബിനാമികള്‍ മാത്രമായ ചില വ്യവസായരാക്ഷസന്‍മാരുടേയും ഇച്ഛാനുസരണം ഒരുക്കപ്പെടുന്ന കഥകള്‍ക്കും ഉപകഥകള്‍ക്കും തിരക്കഥകള്‍ക്കുമപ്പുറം എല്ലാ വാര്‍ത്തകളും നിര്‍ദ്ദയം തമസ്കരിയ്ക്കപ്പെടുന്നു. അങ്ങിനെ പൗരന്റേയും അറിയാനുള്ള അധികാരത്തിനുപോലും കൂച്ചുവിലങ്ങിടപ്പെടുന്നു .ഒരു ജനാധിപത്യരാജ്യത്തിലെ അപ്രഖ്യാപിത മാധ്യമ സെന്‍സര്‍ഷിപ്പ്‌.!
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേയും കര്‍ഷകതൊഴിലാളികളുടേയും കടങ്ങള്‍ എഴുതിത്തള്ളാന്‍ ഫണ്ടില്ലെന്നു വിലപിയ്ക്കുന്ന ഭരണകൂടം ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ കടങ്ങള്‍ ഫ്ലാറ്റായി എഴുതിതള്ളാന്‍ ഒരുങ്ങുന്നു.! പിറവം...നെയ്യാറ്റിന്‍കര, ഇനിയും ഉപകരിയ്ക്കാന്‍ പോകുന്ന ഇതുപോലേയുള്ള ഒരുപാട്‌ സന്ദര്‍ഭങ്ങള്‍..എല്ലാ ഉദ്ദിഷ്ടകാര്യങ്ങള്‍ക്കും കൂടിയുള്ള പരസ്യമായുള്ള ഒരു ചെറിയ ഉപകാരസ്മരണ..! ഇനി രഹസ്യമായി..?.ആര്‍ക്കറിയാം..!

ചിന്തകളുടെ മഞ്ചലും ചുമന്ന്‌ വീട്ടിലെത്തിയപ്പോഴേയ്ക്കും വല്ലാതെ തളര്‍ന്നുപോയി ബഷീര്‍." എന്തെ ഇന്നു നേരത്തെ കടയടച്ചോ." മുഖം നിറയെ പുഞ്ചിരിയുമായി ഓടിയെത്തി സൈനു...--മക്കളുറങ്ങിയോ സൈനു.- അവളെ ചേര്‍ത്തുപിടിച്ചു അവന്‍.--"ഉപ്പ ഇന്ന്‌ നേരത്തെ വരുമെന്നവര്‍ക്കറിയില്ലായിരുന്നല്ലോ, അല്ലെങ്കില്‍ കാത്തിരുന്നേനെ രണ്ടും. കളിയും ഗുസ്തിയുമൊക്കെ കഴിഞ്ഞ്‌ ദാ ഇപ്പൊ ഉറങ്ങിയതേയുള്ളു ചേച്ചിയും അനിയനും. എന്തുപറ്റി ഇക്ക മുഖം വല്ലാതിരിയ്ക്കുന്നു"...
--ഒന്നുമില്ല സൈനു, പിന്നെ നമ്മുടെ സതീശന്റ അമ്മ മരിച്ചു..--
"അയ്യോ ആര്‌ നമ്മുടെ കല്യാണിയമ്മയോ എന്നിട്ട്‌ സതിശനെവിടെ, നാട്ടില്‍ പോകുന്നില്ലെ അവന്‍..."
--പോകണമെന്നുണ്ട്‌ അവന്‌, പക്ഷെ എങ്ങിനെ, അഞ്ചുപൈസയില്ല അവന്റെ കയ്യില്‌,വിശ്വേട്ടന്റെ പേര്‍സും കാലിയാണ്‌, ഞാനാണെങ്കില്‍ ഏറ്റുപോയി...ഇത്രയും പെട്ടന്ന്‌ പത്ത്‌ മുവ്വായിരം റിയാല്‌. നിനക്കറിയാലൊ എല്ലാം ഒരു റോളിങ്ങിന്റെ പുറത്തല്ലെ, തന്നെയുമല്ല സ്കൂളവധി വരുന്നു..നിനക്കും പിള്ളേര്‍ക്കുമുള്ള ടിക്കറ്റ്‌, പര്‍ച്ചേസിംഗ്‌, ഒരെത്തും പിടിയും കിട്ടുന്നില്ല. പുറമെനിന്നും നോക്കുന്നവര്‍ക്ക്‌ കച്ചവടക്കാരെല്ലാം സമ്പന്നരാണ്‌, കൂണുപോലെ പൊട്ടിമുളയ്ക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളോടൊപ്പം പിടിച്ചുനില്‍ക്കാന്‍ പെടാപാടുപെടുന്ന ചെറുകിട കച്ചവടക്കാരന്റെ ദുരിതങ്ങള്‍ ആര്‍ക്കും മനസ്സിലാവില്ല, ഇവിടുത്തെ മാത്രമല്ല എല്ലായിടത്തേയും സ്ഥിതി ഇതൊക്കെതന്നെ .അതൊക്കെപോട്ടെ നീ പോയി കുടിയ്ക്കാനെന്തെങ്കിലും കൊണ്ടു വാ..എല്ലാറ്റിനുംവഴിയുണ്ടാവും.--

സോഫയില്‍ തളര്‍ന്നിരുന്നു ബഷീര്‍,റിമോട്ട്‌ കയ്യിലെടുത്തു. ടീവിയില്‍ ടീ പീ വധം ആട്ടക്കഥ അമ്പതാംദിവസം തുടരുന്നു.വെറുപ്പു തോന്നി, ചാനല്‍ മാറ്റി..അപ്പുറത്ത്‌ ടെയിസ്റ്റ്‌ ഓഫ്‌ കേരള. കടക്കണ്ണുകൊണ്ട്‌ കടുകുവറക്കുന്ന സുന്ദരിയായ അവതാരക ഗൃഹനാഥനൊപ്പം പാചകകസര്‍ത്തില്‍ മുഴുകിയിരിക്കുന്നു, സംഗതി കൈവിട്ടുപോകുമോ എന്ന ഭയപ്പാടോടെ തൊട്ടരികില്‍ ഗൃഹനാഥയും. മലയാളിയുടെ രുചിഭേദങ്ങള്‍ എത്രകൃത്യമായി മനനം ചെയ്തിരിയ്ക്കുന്നു ചാനലുകള്‍.!.കണ്ണടച്ചു തുറക്കുന്ന നിമിഷമാത്രയില്‍ നാരങ്ങാവെള്ളവുമായി പറന്നെത്തി തന്റെ പാചകക്കാരി. റിമോട്ടെടുത്ത്‌ ടിവി ഓഫ്‌ ചെയ്ത്‌ അരികിലിരുന്നു അവള്‍..."എന്ത്‌ ഇരുപ്പാണ്‌ ഇക്കാ ഇത്‌ ഷര്‍ട്ട്‌പോലും മാറിയില്ല"-- ഒരു പൂച്ചക്കുഞ്ഞെന്നപോലെ മുട്ടിയുരുമി ഊര്‍ജം പകരാന്‍ ശ്രമിച്ചു അവള്‍, പിന്നെ മെല്ലെ അവന്റെ ഷര്‍ട്ടിന്റെ കുടുക്കളോരോന്നായി അഴിച്ചു.--"അത്തറുകച്ചവടക്കാരനായതുകൊണ്ടാ എന്റെ ഇക്കയുടെ വിയര്‍പ്പിനുപോലും അത്തറിന്റെ സുഗന്ധം."-- വെളുത്തുനീണ്ട മൂക്കിന്‍ത്തുമ്പില്‍നിന്നുമുതിര്‍ന്ന സ്നേഹനിശ്വാസങ്ങള്‍ അവന്റെ നെഞ്ചില്‍ ആശ്വാസത്തിന്റെ കുളിരുകോരിയൊഴിച്ചു, ഒരു ഏസിയ്ക്കും പ്രദാനം ചെയ്യാന്‍ കഴിയാത്ത കുളിര്‌.

"എന്തിനാ എന്റെ ഇക്കാ ഇങ്ങിനെ ബേജാറാവുന്നെ, നമ്മളെക്കാള്‍ കഷ്ടപ്പെടുന്ന എത്രയോപേരുണ്ട്‌ ചുറ്റിലും, ഈ മരുഭൂമിയില്‍തന്നെ. കുടുബജീവിതം നിഷേധിയ്ക്കപ്പെട്ടവര്‍,.ആടുജീവിതവും മാടുജീവിതവും നയിയ്ക്കുന്നവര്‍, നിത്യരോഗികള്‍ ഇങ്ങിനെയിങ്ങിനെ.എപ്പോഴും ഉയരങ്ങളിലേയ്ക്കുമാത്രം കുതിയ്ക്കാന്‍ മോഹിയ്ക്കുന്നതുകൊണ്ടാണ്‌ കിതപ്പനുഭവപ്പെടുന്നത്‌. വല്ലപ്പോഴും താഴോട്ടു നോക്കാനും ശീലിയ്ക്കണം,അപ്പോള്‍ മനസ്സിലാവും പടച്ചോന്റെ കൃപയാല്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണേന്ന്‌. പിന്നെ, ഇക്കാ ഞാനൊരു കാര്യം പറയട്ടെ ഇത്തവണ നാട്ടില്‍ പോകുന്നില്ല ഞങ്ങളാരും, നോയ്‌മ്പല്ലെ വരുന്നത്‌ ഇപ്പോഴാ ഞാനതോര്‍ത്തത്‌, ഒറ്റയ്ക്കായാല്‍ ഇക്കയുടെ ഭക്ഷണവും ശരിയാവില്ല, നോയ്‌മ്പും മുടങ്ങും. ചെറിയ പെരുന്നാളും വലിയ പെരുന്നാളും കഴിഞ്ഞ്‌ കടയിലെ തിരക്കൊഴിയുന്ന ഓഫ്‌ സീസണില്‍ നമുക്കൊന്നിച്ചു പോയിവരാം.ടിക്കറ്റ്‌നിരക്കും കുറയും.അതാ നല്ലത്‌..ഇപ്പോ സതീശനെ അയയ്ക്കാന്‍ ഏര്‍പ്പാടാക്കു. അവന്‍ പോയിവരട്ടെ, ഒരു പുണ്യകര്‍മ്മം തന്നെയല്ലെ അതും."
-എന്നാലും സൈനു, അതു വേണ്ട., ശരിയാവില്ല, നാട്ടില്‌ നമ്മുടെ രണ്ടുവീട്ടിലും ഉപ്പയും ഉമ്മയുംകാത്തിരിയ്ക്കയല്ലെ..-
"അതൊന്നും സാരമില്ല ഒക്കെ ഞാന്‍ പറഞ്ഞോളാം,.പിന്നെ ഇക്കാ, ഇത്തവണ നോമ്പുസമയത്ത്‌ നമുക്ക്‌ ഉംറയ്ക്കു പോകണം, ലൈലത്തുല്‍ ഖദര്‍ അനുഗൃഹവര്‍ഷം ചൊരിയുന്ന പുണ്യരാവുകളിലൊന്നില്‍ ഇഹലോകത്തിലെ എല്ലാ ലൗകികചിന്തകളും മാറ്റിവെച്ച്‌ ആ ആത്മീയാന്തീരക്ഷത്തില്‍ കുറച്ചുനേരമെങ്കിലും എല്ലാം മറന്ന്‌ ലയിച്ചിരിക്കണം.. അയ്യോ വര്‍ത്താനം പറഞ്ഞിരുന്ന്‌ നേരംപോയതറിഞ്ഞില്ല, ചപ്പാത്തിയ്ക്കു പരത്തി വെച്ചിട്ടേയുള്ളു,പോയി ചുട്ടെടുക്കട്ടെ"--

എപ്പോഴും തിരക്കാണവള്‍ക്ക്‌. എത്ര കൃത്യമായി തന്റെ മനോവിചാരങ്ങള്‍, ഹൃദയസ്പന്ദനങ്ങള്‍ മനസ്സിലാക്കുന്നു, സാമ്പത്തിക പ്രശ്നങ്ങള്‍പോലും പറയാതെതന്നെ വായിച്ചെടുക്കുന്നു തന്റെ ടീച്ചറമ്മ, എം എ ലിറ്ററേച്ചറുകാരി. ഇരുപത്തിമൂന്നാംവയസ്സില്‍ കഫാലത്തു വിസയില്‍ വന്നിറങ്ങി മൂന്നുവര്‍ഷംകൊണ്ട്‌ ഒരു പെര്‍ഫൂം കട സ്വന്തമാക്കി മൊഞ്ചുള്ള ചെക്കനായി നാട്ടില്‍ ചെന്നിറങ്ങുമ്പോള്‍ ഏതു കൊമ്പത്തെ വീട്ടില്‍നിന്നും ഒരു പെണ്ണിനെ അനായാസം സ്വന്തമാക്കമെന്ന അഹങ്കാരമായിരുന്നു മനസ്സില്‍..ആ ധാരണയ്ക്ക്‌ വിവാഹമാര്‍ക്കറ്റില്‍ രണ്ടു ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളു..നാട്ടില്‍ കൊള്ളാവുന്ന കുടുംബത്തിലെ പെണ്‍കുട്ടികളെല്ലാം എം.ബി.ഏകാരും. എം,സി.ഏകാരും മിനിമം എം.ഏകാരുമാണെന്ന സത്യം അമ്പരപ്പോടെ തിരിച്ചറിഞ്ഞു. എത്ര മൊഞ്ചുള്ളവനായാലും,അറബുനാട്ടില്‍ അത്തറുകട സ്വന്തമായിട്ടുണ്ടായാലും പ്രീഡിഗ്രി തോറ്റവന്‍ അവരില്‍ പലര്‍ക്കും യോഗ്യനല്ലായിരുന്നു. വിദ്യഭ്യാസത്തിന്റെ വില മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അത്‌..അവസാനം മടുത്തു പിന്മാറാന്‍ തുടങ്ങിയ സമയത്ത്‌ ഒരു നിധിപോലെ പടച്ചോന്‍ കൊണ്ടുവന്നു തന്നതാണ്‌ തന്റ്‌ ഈ വെളുത്തമുത്തിനെ.

മൊബെയില്‍ ചിലച്ചു..വിശ്വേട്ടന്‍.--ടിക്കറ്റ്‌ ഓക്കേ ആക്കാമെന്ന്‌ തോമസ്സുട്ടി ഏറ്റിട്ടുണ്ട്‌ വിശ്വേട്ടാ.വിശ്വേട്ടന്റെ സദീക്കല്ലെ സതീശന്റെ കഫീല്‌, രാവിലെതന്നെ എക്സിറ്റ്‌-റീ എന്റ്രി അടിച്ചു വാങ്ങിച്ചോളു. അപ്പോഴേയ്ക്കും ടിക്കറ്റുമായി ഞാനെത്താം.--
"നിന്നെ സമ്മതിച്ചിരിയ്ക്കുന്നു ബഷീറേ, പിന്നെ നാളെ സന്ധ്യക്ക്‌ നമ്മുടെ കൂട്ടായ്മയുടെ എക്സികൂട്ടിവ്‌ മീറ്റിംഗ്‌ ഉണ്ടെ, പറയാന്‍ വിട്ടുപോയി..അടുത്ത ആഴ്ച നാട്ടീന്ന്‌ മന്ത്രി വരുന്നുണ്ട്‌. നിവേദനം തയാറാക്കേണ്ടേ,, ഒപ്പം സ്വീകരണവും.അതിന്റെ കൂടിയാലോചനായോഗം."

ഏതു ശുംഭനാ വിശ്വേട്ടാ വരുന്നത്‌.എന്തിനാണാവോ ആ മഹാനുഭാവന്‍ ഇപ്പോള്‍ ഇങ്ങോട്ടു കെട്ടിയെഴുന്നള്ളത്‌, പ്രവാസികളുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ, പുതിയതായി ഏര്‍പ്പെടുത്താന്‍ പോകുന്ന ടാക്സുകളെക്കുറിച്ചു ബോധവല്‍ക്കരിയ്ക്കാനോ, അതോ പതിവുപോലെ ഫണ്ടെന്ന പേരില്‍ നമ്മുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാനോ ? ആറു മന്ത്രിമാരുണ്ട്‌ കേന്ദ്രത്തില്‍, ഒന്നിനൊന്നു കേമന്മാര്‍, എന്നിട്ടാണ്‌ മലയാളിയ്ക്ക്‌ ഈ ഗതികേട്‌. സ്വന്തം സ്ഥാനമാനങ്ങള്‍ ഉറപ്പിയ്ക്കാനുള്ള തിരക്കില്‍ സ്വാര്‍ത്ഥരായി മാറുന്നു എല്ലാവരും.ഭാഗ്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം, അതല്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തീര്‍ച്ചയായും ലഭിയ്ക്കാന്‍ സാധ്യതയുള്ള രാഷ്ടപതിസ്ഥാനം..അധികാരമോഹം തലക്കുപിടിച്ച ആദര്‍ശത്തിന്റെ പരിവേഷം സ്വയം എടുത്തണിയുമ്പോളും ഒരൂളുപ്പും കൂടാതെ കള്ളന്മാര്‍ക്ക്‌ കുശിനിപ്പണി ചെയ്യുന്ന കേരളത്തിന്റെ സ്വന്തം ധര്‍മ്മപുത്രര്‍ പോലും പൂര്‍ണ്ണമായും അന്ധനായി മാറിയിരിയ്ക്കുന്നു.--

അടുക്കളയില്‍നിന്ന്‌ എല്ലാം ശ്രദ്ധിയ്ക്കുകയായിരുന്നു സൈനു..ബഷീറിക്കായുടെ ശീലമാണിത്‌, ടെലിഫോണില്‍ കൂട്ടുകാരോട്‌ സംസാരിയ്ക്കാന്‍ തുടങ്ങിയാല്‍ കാടു കയറും, ദേഷ്യം വന്നാല്‍ പ്രത്യേകിച്ചും ..തന്റെ സാന്നിധ്യം, ഒരു ചെറുനോട്ടം അതുമതി ഇത്തരം കോളുകള്‍ക്കന്ത്യം വരുത്താന്‍.! പ്രീഡിഗ്രി ഫെയിലുക്കാരന്‌ എം.ഏ രണ്ടാം റാങ്കുകാരിയോട്‌ ആദ്യദിനങ്ങളില്‍ തോന്നിയ ബഹുമാനത്തിന്റെ ആവരണമണിഞ്ഞ അനാവശ്യ അപകര്‍ഷതാബോധത്തിന്റെ അവശിഷ്ടങ്ങള്‍ ഇക്കയുടെ മനസ്സില്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും പൂര്‍ണ്ണമായും ദഹിയ്ക്കാതെ ശേഷിയ്ക്കുന്നു. വിവാഹ ജീവിതത്തിന്റെ ആദ്യനാളുകളില്‍ എത്ര പാടുപെട്ടു അതൊന്നു മാറ്റിയെടുക്കാന്‍.!

എം.ഏ ഫൈനലിയറിനു പഠിയ്ക്കുന്ന സമയത്താണ്‌ രണ്ടാമത്തെ അറ്റാക്കും കഴിഞ്ഞ്‌ അവശനായ ഉപ്പ ദുബായിലെ തുണിക്കച്ചവടം മതിയാക്കി തിരിച്ചെത്തിയത്‌. പഠിപ്പെന്ന ഒറ്റ ജ്വരം മാത്രമായി നാട്ടുനടപ്പനുസരിച്ചുള്ള കെട്ടുപ്രായവും കഴിഞ്ഞു നില്‍ക്കുന്ന മൂത്തമകളായ താന്‍, തനിക്കുപുറകെ ഒന്നിനുപുറകെ ഒന്നായി കൗമാരത്തില്‍നിന്നും യൗവനത്തിലേയ്ക്കും നടന്നടക്കുന്ന രണ്ടനിയത്തിമാര്‍, ഹൈസ്കൂള്‍ പ്രായം മാത്രമുള്ള ഏക ആണ്‍തരി. അങ്ങിനെ ഒരു കരയിലും എത്താത്ത മക്കളെക്കുറിച്ചുള്ള ചിന്തകള്‍ മരണഭീതി നിറഞ്ഞ ഉപ്പയുടെ മനസ്സില്‍ അസ്വസ്ഥയുടെ തിരമാലകളായി ആഞ്ഞടിയ്ക്കുന്ന സമയത്താണ്‌ ബഷീറിക്കയുടെ ആലോചന വന്നത്‌..റിസള്‍റ്റ്‌ വരാറായ സമയം..റാങ്ക്‌ ഉറപ്പായിരുന്നു..അടുത്തവര്‍ഷം ഗവേഷണം..പിന്നെ പഠിച്ചിരുന്ന കോളേജില്‍തന്നെ അതിനടുത്ത വര്‍ഷം വരുന്ന ഒഴിവില്‍ ഉദ്യോഗം..എന്നിട്ടുമാത്രം കല്യാണം..വ്യക്തമായ മോഹങ്ങളും തീരുമാനങ്ങളുമുണ്ടായിരുന്നു മനസ്സില്‍. പക്ഷെ ആധിയും വ്യാധിയും നിറഞ്ഞ ഉപ്പയുടെ മനസ്സിന്റെ വിങ്ങലുകള്‍ അവഗണിയ്ക്കാന്‍ കഴിഞ്ഞില്ല. കീഴടങ്ങി.അങ്ങിനെ ബഷീറിക്കയുടെ മണവാട്ടിയായി. പ്രൊഫസറാകാന്‍ മോഹിച്ച താന്‍ അങ്ങിനെ ഇവിടെ ഒരു സ്വകാര്യ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയായി.

ആദ്യരാവില്‍തന്നെ അപകര്‍ഷതാബോധത്തിന്റെ അലയൊലികള്‍ നേരിയ തോതിലാണെങ്കിലും ഇക്കയുടെ ചലനങ്ങളില്‍ പ്രകടമായിരുന്നു .ബെഡ്‌റൂമിലെ ആദ്യനിമിഷംതന്നെ തന്റെ മുഖത്തെ വലിയ കണ്ണട ഊരിമാറ്റിവെച്ചു ഇക്ക. ആ കണ്ണട ഇക്കയെ വല്ലാതെ അലസോരപ്പെടുത്തുന്നു എന്ന സത്യം അധികംവൈകാതെ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു അവള്‍..--"എന്താ ഇക്കാ ഈ കണ്ണട എന്റെ മുഖത്തിനൊട്ടും ചേരുന്നില്ലെ.."-- അപരിചിതത്വത്തിന്റെ ഉടയാടകള്‍ ഓരോന്നായി അഴിച്ചുവെച്ച്‌ മനസ്സുതുറന്ന്‌ ഒന്നാകാന്‍ തുടങ്ങിയ ദിനങ്ങളിലൊന്നില്‍ അങ്ങിനെ ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്‌.--ചന്തമില്ലാത്തതല്ല സൈനു കാരണം..കണ്ണടവെച്ചാല്‍ നിന്റെ മുഖത്തിന്‌ ഒരു ബുദ്ധിജീവി ലുക്ക്‌ തോന്നും, അപ്പോള്‍ നീ വലിയ പഠിപ്പുക്കാരിയാണെന്ന കാര്യം എനിക്കോര്‍മ്മ വരും, ഒപ്പം ഞാന്‍ വെറും പ്രീഡിഗ്രിക്കാരന്‍ മാത്രമാണെന്ന സത്യവും.--

"കോളേജ്‌ ലൈബ്രറിയിലെ കുറെ പുസ്തകങ്ങള്‍ കാണാതെ പഠിച്ച്‌ ഡിഗ്രികള്‍ നേടിയ വെറുമൊരു പുസ്തകപ്പുഴു മാത്രമല്ലെ ഇക്ക ഞാന്‍...എന്നാല്‍ ഇക്ക അങ്ങിനെയാണോ..ഇത്ര ചെറുപ്പത്തിലെ അന്യനാട്ടില്‍ ചെറുതെങ്കിലും സ്വന്തമായി ഒരു ബിസിനെസ്സ്‌, ഒരുപാടു ലോകപരിചയം. ഇത്രയും മിടുക്കുള്ള എന്റെ ഇക്കയ്ക്ക്‌ ഒരിയ്ക്കലും യാതൊരു വിധ കോമ്പ്ലക്‍സും പാടില്ല..സ്വയം ജീവിതം കെട്ടിപ്പെടുത്ത ഒരു പുരുഷന്റെ തികഞ്ഞ ഗര്‍വ്വോടെ എല്ലാവരുടെയും മുമ്പില്‍ തലയുയര്‍ത്തി ഇക്ക നില്‍ക്കുന്നതു കാണാനാണ്‌ എനിക്കിഷ്ടം."-- അവളുടെ കണ്ണുകള്‍ നിറഞ്ഞു --"ഈ കണ്ണട എനിയ്ക്കും ഭാരമാണ്‌, ഒരു ദിവസം നമുക്ക്‌ "അഹല്യയില്‍" പോകാം ഇക്കാ.".-ഒന്നും ബാക്കിവെയ്ക്കാതെ വിചാരങ്ങളും വികാരങ്ങളുമെല്ലാം പരസ്പരം പങ്കുവെച്ച്‌ പൂര്‍ണ്ണമായും ലയിച്ചുചേര്‍ന്ന രാവായിരുന്നു അത്‌. അതിനടുത്ത ദിവസങ്ങളൊന്നില്‍ മലമ്പുഴയിലേയ്ക്കുള്ള ഹണിമൂണ്‍ ട്രിപ്പില്‍ 'അഹല്യ ഐ ഹോസ്പിറ്റലിലും' കയറി അവര്‍.. അന്ന്‌ അവിടെ വെച്ചൂരിയ കണ്ണട പിന്നീടിതുവരെ ധരിയ്ക്കേണ്ടി വന്നിട്ടില്ല സൈനുവിന്‌. ഒരിയ്ക്കല്‍പോലും അവളതിനു മോഹിച്ചതുമില്ല.

--പെട്രോള്‍ വിലയായാലും വിമാനകൂലിയായാലും എല്ലാറ്റിന്റേയും രാഷ്ടീയം നോക്കി മാത്രം പ്രതികരിയ്ക്കാനറിയുന്ന ഇത്തരം സംഘടനകളെക്കൊണ്ടു നമുക്കെന്താ വിശ്വേട്ടാ പ്രയോജനം...ഓണാഘോഷവും പെരുന്നാളാഘോഷവും നടത്തി നമ്മുടെ കുട്ടികളുടെ കലാപരിപാടികള്‍ ജീവന്‍ ടീവിയും ജയ്‌ഹിന്ദ്‌ ചാനലുമൊക്കെ സംപ്രേക്ഷണം ചെയ്യുന്നതു കണ്ടു രോമാഞ്ചം കൊള്ളാനോ,നാട്ടുകാരുടെ മുമ്പില്‍ പൊങ്ങച്ചംകാണിയ്ക്കാനോ.--.....
പടച്ചോനെ ഫോണില്‍ ഇക്കയ്ക്കാവേശംകൂടിയിരിയ്ക്കുന്നു ഇന്നിനി നിര്‍ത്തുന്ന ലക്ഷണമില്ല,.! സൈനുവിന്റെ നെറ്റിചുളിഞ്ഞു,..മെല്ലെ സ്വീകരണമുറിയിലേയ്ക്കു ചെന്നു അവള്‍ ക്ലോക്കിലേയ്ക്കു നോക്കി,പിന്നെ ഇക്കയേയും..സ്വിച്ചിട്ടതുപോലെ അവസാനിച്ചു ആ സംഭാഷണം.!

"എന്റെ ഇക്ക നിങ്ങള്‌ കൂട്ടുകാര്‌ ഇങ്ങിനെ പരസ്പരം ഫോണിലൂടെ തര്‍ക്കിച്ചാല്‍ തീരുന്നതാണോ നാട്ടിലെ പ്രശ്നങ്ങള്‍.വെറുതെ നേരംകളയാന്‍.."

അതല്ല സൈനു ഒന്നോര്‍ത്തു നോക്ക്യെ,..ജനങ്ങളുടെ ഇടതുകയ്യിലെ ചൂണ്ടാണിവിരലില്‍ മഷി പുരളുന്ന ആ ഒരു ദിവസംമാത്രമെ ഇന്ത്യയില്‍ ജനാധിപത്യം എന്ന വാക്കിനു മൂല്യമുള്ളു...അതിനുമപ്പുറം അഞ്ചുവര്‍ഷം ഭരണാധിപത്യമാണ്‌...ഭരിയ്ക്കുന്നവന്റെ ആധിപത്യം. അഴിമതിയ്ക്കുള്ള അവസരങ്ങളൊരുക്കാനും, സ്വജനപക്ഷപാതത്തിനും ഭരണാധികാരികള്‍ അവരുടെ ഇച്ഛയ്ക്കനുസരിച്ച്‌ നിയമങ്ങള്‍പോലും മാറ്റിയെഴുതുന്നു..പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തേയും നിയമപാലകരേയും ഒരു മടിയും കൂടാതെ ഉപയോഗിയ്ക്കുന്നു.കാലാകാലങ്ങളില്‍ ജനങ്ങളുടെ നെഞ്ചിലേയ്ക്ക്‌ വിലക്കയറ്റത്തിന്റെ പെട്രോള്‍ ബോംബുകളിട്ടു പൊള്ളിയ്ക്കുന്നു. എന്നിട്ട്‌ അവിടെ പുരോഗതിയുടെ പൊളിവചനതൈലങ്ങള്‍ ലേപനം ചെയ്യുന്നു."വികസനം"..! കേരളത്തില്‍ ഇത്രയേറെ വ്യഭിചരിയ്ക്കപ്പെടുന്ന മറ്റൊരു പദവുമുണ്ടാകില്ല..ഒടുവില്‍ ആര്‍ക്കും വേണ്ടാതെ ശേഷിയ്ക്കുന്ന പാഴ്‌വസ്തുക്കള്‍,മാലിന്യങ്ങള്‍,വിഷപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്കൊപ്പം വികസനത്തിനിടയില്‍ വീടും കൂടും നഷ്ടപ്പെട്ട ഇല്ലാത്തവനും തെരുവിലെയ്ക്കെറിയപ്പെടുന്നു.
അഴിമതിയുടെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിയ്ക്കുന്നവര്‍പോലും ശിക്ഷിയ്ക്കപ്പെടുന്നില്ല എന്നുമാത്രമല്ല വാര്‍ദ്ധക്യകാലത്ത്‌ വലിയ വലിയ പദവികള്‍,പരമോന്നത ബഹുമതികള്‍ മുതലായവ നല്‍കിയാദരിയ്ക്കപ്പെടുകയും ചെയ്യുന്നു.! മനസ്സില്‍ എത്ര നന്മയുള്ളവനായാലും,പണ്ഡിതശ്രേഷ്ഠനായാലും അധികാരിത്തിലെത്തിയാല്‍ ഉപജാപകസംഘത്തിന്റേയും, ഒറ്റയാള്‍ പ്രസ്ഥാനങ്ങളൊരുക്കി വിലപേശുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടേയും നീരാളിപ്പിടുത്തത്തില്‍ കുരുങ്ങി നിഷ്ക്രിയനാകും, നിര്‍ഗുണനാകും, ജനങ്ങളാല്‍ വെറുക്കപ്പെട്ടനാവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപമാണത്‌...!
ഒരു മറയും കൂടാതെ ജനാധിപത്യമൂല്യങ്ങളെ കശാപ്പുചെയ്ത്‌ ജനപ്രതിനിധിസഭയില്‍ എണ്ണം തികച്ച്‌ വിജയശ്രീലാളിതരായി കറുപ്പിച്ച മുടിയും, ഫെയിഷല്‍ ചെയ്ത മുഖവും ചെവി മുതല്‍ ചെവി വരെ വിടരുന്ന ചിരിയുമായി ചാനലുകളില്‍ നേര്‍ക്കുനേരേയുള്ള മുഖാമുഖത്തില്‍ വാചകകസര്‍ത്തിനൊരുങ്ങുന്ന രാഷ്ട്രീയ മൃഗങ്ങളെ കിട്ടിയ അവസരം മുതലെടുത്ത്‌ പരസ്യവിചാരണയ്ക്ക്‌ വിധേയരാക്കി തൊലിയുരിഞ്ഞ്‌ തനിനിറം പുറത്തുകൊണ്ടുവരേണ്ടതിനുപകരം വെറും സ്തുതിപാഠകരായ കഴുതപുലികളായി തരംതാഴുന്നു തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും.!
ഇനിയും ആര്‍ദ്രത വറ്റാത്ത മനുഷ്യമനസ്സുകളിലെ തണ്ണീര്‍ത്തടങ്ങളില്‍ കാമക്രോധമോഹങ്ങളുടേയും ആസുരഭാവങ്ങളുടെയും മാലിന്യങ്ങള്‍ നിറച്ച്‌ നികത്തിയെടുത്ത്‌ ഉപഭോഗസംസ്കാരത്തിന്റെ ഷോപ്പിങ്ങിംഗ്‌ മാളുകള്‍ പടുത്തുയര്‍ത്തുന്നു നവദൃശ്യമാധ്യമങ്ങള്‍. .
ഉച്ചയ്ക്ക്‌ പ്രകൃതി ഭോജനശാലയില്‍നിന്നും കര്‍ക്കിടകക്കഞ്ഞി..വൈകീട്ട്‌ ആധുനിക റെസ്‌റ്റോറണ്ടില്‍നിന്നും വയറു നിറയെ ഷവര്‍മ്മയും ബര്‍ഗറും..! ചാനലുകളുടെ താളത്തിനു തുള്ളി ഭക്ഷണകൃമത്തിനും, ആരോഗ്യപരിപാലനത്തിനും, എന്തിന്‌ ജീവിതശൈലിയ്ക്കുപോലും വിചിത്രമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി പലപ്പോഴും ജീവിതം തന്നെ കുരുതികൊടുക്കുന്നു സ്വത്വം നഷ്ടപ്പെട്ട രോഗാഗ്രസ്തമായ അഭിനവ കേരളസമൂഹം.! അങ്ങിനെ ഒരു ജനതയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരാകേണ്ട മാധ്യമങ്ങള്‍ എല്ല അര്‍ത്ഥത്തിലും നാടിനും സമൂഹത്തിനും ഭാരമാകുന്നു, ശാപമാകുന്നു, ബാധ്യതയാകുന്നു.

--"പ്ലീസ്‌ ഇക്ക..! ഒന്നു നിര്‍ത്തു ഈ പ്രസംഗം... നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന നമ്മുടെ ഈ കൊച്ചുലോകത്ത്‌ വെറുതെ എന്തിനാ ഇത്തരം ചര്‍ച്ചകളും ചിന്തകളും. അതും ഈ രാവില്‍.!... അതെങ്ങിനെയാ, നാളെ സതീശനെ വിമാനം കയറ്റിവിടുന്നതുവരെ ഇനി സ്വസ്ഥയുണ്ടവില്ലല്ലൊ അല്ലെ പരോപകാരിയായ എന്റെ ഇക്കയുടെ മനസ്സില്‍. എണിയ്ക്കുന്നെ, നേരമൊരുപാടായി,പോയി ഫ്രഷായി വരു,. ചപ്പാത്തി, നാടന്‍ ചിക്കന്‍കറി ഒപ്പം അവിയലും സലാഡും ഇക്കയുടെ പ്രിയപ്പെട്ട കോമ്പിനേഷനുകളെല്ലാം ഡൈനിങ്‌ ടേബിളില്‍ റെഡി. വല്ലപ്പോഴുമല്ലെ കടയില്‍നിന്നും ഇതുപോലെ നേരത്തെ വരാന്‍ കഴിയു. ഭക്ഷണം കഴിച്ച്‌ വൈകാതെ ഉറങ്ങാന്‍ നോക്കാം നമുക്ക്‌..... കല്‍ക്കണ്ടമാവിന്റെ പൂങ്കൊമ്പില്‍ പട്ടുനൂലുഞ്ഞാലുകെട്ടിയാടിത്തിമിര്‍ക്കുന്ന രാജകുമാരന്റേയും രാജകുമാരിയുടെയും കഥ പറഞ്ഞ്‌ രസിയ്ക്കാം.........എന്നിട്ട്‌ മെല്ലെ ആ രാജകുമാരനും രാജകുമാരിയുമായി മാറാം, കുടമണികെട്ടിയ വെള്ളക്കുതിരപ്പുറത്തേറി കരുത്തോടെ കാതങ്ങള്‍ താണ്ടാം, തളരുവോളം സവാരി ചെയ്യാം.."-- അവള്‍ ചിരിച്ചു..പത്തരമാറ്റ്‌ പൊന്നിനേക്കാള്‍ തിളക്കമുള്ള ചിരി. അതവന്റെ ചുണ്ടിലേയ്ക്ക്‌ കുസൃതിച്ചിരിയായി പടര്‍ന്നു.... പിന്നെ തേന്‍കണങ്ങളായി ഹൃദയത്തിലേയ്ക്കരിച്ചിറങ്ങി. ക്ഷീണം മാറി, തളര്‍ച്ച മാറി, ......അവന്‍ എഴുന്നേറ്റു."ദാ, ഞാന്‍ റെഡി സൈനു, ഒരഞ്ചു മിനിറ്റ്‌. ഒന്നു മേലുകഴുകി വരാം..."

ഇക്കയ്ക്ക്‌ ദേഷ്യവും സങ്കടവും ടെന്‍ഷനുമൊക്കെ ഒന്നിച്ചുവന്ന രാവാണ്‌. വിശപ്പു കൂടുന്ന രാവ്‌.!.അതറിഞ്ഞുതന്നെ കൂടുതല്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നു സൈനു....
--"മോളെ വൈകുന്നേരങ്ങളില്‍ ബഷീറുട്ടിയ്ക്ക്‌ ദേഷ്യാം സങ്കടോം വരാണ്ട്‌ നോക്കണം..ദേഷ്യം വന്നാല്‍ ഭയങ്കര വെശപ്പാ ഓന്‌..കലത്തിലെ ചോറു മുഴുവന്‍ ഒറ്റയടിയ്ക്ക്‌ വാരിത്തിന്നും.ഒരുവറ്റുപോലും ബാക്കിവെയ്ക്കാതെ" --നിക്കാഹു കഴിഞ്ഞ നാളുകളിലെന്നോ ഇക്കയുടെ ഉമ്മ പറഞ്ഞ വാക്കുകള്‍ ശരിയ്ക്കും സത്യമായിരുന്നു..പക്ഷെ ആ ശൗര്യവും ആര്‍ത്തിയും ഡൈനിംഗ്‌ ടേബിളില്‍ മാത്രം ഒതുങ്ങാതെ ബെഡ്‌ റൂമിലേയ്ക്കും വ്യാപിയ്ക്കുമെന്ന യാഥാര്‍ത്ഥ്യം പാവം ഉമ്മയ്ക്കന്നറിയില്ലായിരുന്നു..! വരാന്‍ പോകുന്ന നിമിഷങ്ങളിലെ രാവിന്റെ ചാരുതയോര്‍ത്ത്‌ ഒരു പുതുമണവാട്ടിയെന്നപോലെ നാണംകൊണ്ടവള്‍ തുളുമ്പി.....'ആ ദിവസങ്ങള്‍' ആഗതമാകുന്നുവെന്ന മുന്നറിയിപ്പുമായി എല്ലാ മാസത്തിലുമെന്നപോലെ ഇത്തവണയും മുറതെറ്റാതെ വിരുന്നുവന്ന കവിള്‍ത്തടത്തിലെ ചുവന്ന മുഖക്കുരു കൂടുതല്‍ ചുവന്നു തുടുത്തു.

അഭൗമസൗന്ദര്യവുമായി അന്യസ്യൂതം വഴിഞ്ഞൊഴുകുന്ന നിലാവിന്റെ നീല ഞെരുമ്പുകള്‍ ത്രസിച്ചുനില്‍ക്കുന്ന കരങ്ങളുടെ പരിലാളനസുഖത്തില്‍ ലയിച്ച്‌, പകല്‍ മുഴുവന്‍ നീണ്ടുനിന്ന പൊടിക്കാറ്റിന്റെ സമ്മര്‍ദ്ദവും, അത്യുഷ്ണത്തിന്റെ കാഠിന്യവും എല്ലാം മറന്ന്‌ മരുഭൂമിയിലെ മണല്‍ത്തരികള്‍പോലും പുളകംകൊള്ളുന്ന രാവിന്റെ അപൂര്‍വ്വയാമം തുടങ്ങുകയായിരുന്നു അപ്പോള്‍..പ്രണയപുഷ്പങ്ങള്‍ പൂത്തു വിടര്‍ന്ന്‌ പരിമളം പരത്തുന്ന അത്ഭുതയാമം.
കൊല്ലേരി തറവാടി
21/07/2012

Sunday, July 1, 2012

ബ്ലോഗര്‍ സുമംഗള അവധിയിലാണ്‌.....

മണലാരണ്യത്തില്‍ ഒരു വേനലവധി. നാട്ടിലേയ്ക്കു വീണ്ടുമൊരു യാത്ര. എയര്‍പോര്‍ട്ടില്‍ നല്ല തിരക്കാണ്‌. നിരവധി മലയാളികുടുംബങ്ങള്‍. ഈ തിരക്കിനിടയിലും എത്ര നിശ്ശബ്ദമാണ്‌ ഇവിടം. മറക്കുടയ്ക്കുള്ളില്‍ പതുങ്ങിയൊതുങ്ങി ചുറ്റുപാടും ഭീതിയോടെ, അതിലേറെ കൗതുകത്തോടെ വീക്ഷിയ്ക്കുന്ന ഒരന്തര്‍ജനത്തിന്റെ മുഖഭാവമാണ്‌ എന്നും, എപ്പോഴും ഈ തലസ്ഥാനനഗരത്തിന്‌. നാലുകെട്ടിനുപുറത്ത്‌ ആഘോഷങ്ങളെല്ലാം പര്‍ദ്ദയ്ക്കുള്ളിലെ വളകിലുക്കത്തില്‍ മാത്രമായൊതുങ്ങുന്നു. പര്‍ദ്ദ ധരിയ്ക്കാന്‍ മടിയായിരുന്നു ആദ്യനാളുകളില്‍, ആ കറുപ്പുനിറം കാണുമ്പോഴെ പേടിയായിരുന്നു. പിന്നെപ്പിന്നെ പുറത്തിറങ്ങുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗമായിമാറി അത്‌. ഇപ്പോള്‍ ഇവിടെ എയര്‍പോര്‍ട്ടില്‍ ചുരിദാര്‍ മാത്രമണിഞ്ഞു നില്‍ക്കുമ്പോള്‍ എന്തോ മേല്‍വസ്ത്രമണിയാത്തതുപോലെ വല്ലായ്മ തോന്നുന്നു സുമംഗളയ്ക്ക്‌, അറിയാതെ ഷാളെടുത്ത്‌ തല മറച്ചു അവള്‍. യാത്രയയ്ക്കാന്‍ അദ്ദേഹം കൂടെയുണ്ടെങ്കിലും അവള്‍ക്കല്‍പ്പം പേടി തോന്നി. ആദ്യമായിട്ടാണ്‌ മക്കളേയുകൊണ്ട്‌ ഒറ്റയ്ക്കൊരു യാത്ര, മാധവേട്ടന്‍ കൂടെയില്ലാതെ ആദ്യമായിട്ടാണ്‌ നാട്ടിലേയ്ക്ക്‌. അദ്ദേഹത്തിന്‌ ജോലിത്തിരക്ക്‌ അല്ലാതെന്താ, പ്രായമാകുന്നു, സ്ഥാനമാനങ്ങള്‍ കൂടുന്നു, ഒപ്പം ഉത്തരവാദിത്വത്തിന്റെ നൂലാമാലകളും.

ഇതെത്രാമത്തെ വെക്കേഷനാണ്‌.!  ഓര്‍മ്മയില്ല. മക്കള്‍ ശരിയ്ക്കും വലുതാവാന്‍ തുടങ്ങി.  ഇപ്പോഴെ ശിവന്‌ അച്ഛനോളം ഉയരമുണ്ട്‌. പതിനൊന്നാം ക്ലാസിലായപ്പോഴേയ്ക്കും അവന്റെ മീശയ്ക്കും ശബ്ദത്തിനും കനം വെയ്ക്കാന്‍ തുടങ്ങി. മാധവേട്ടന്റെ അതെ രൂപഭാവങ്ങള്‍ തന്നെയാണ്‌ അവനു കിട്ടിയിരിയ്ക്കുന്നത്‌. ശാലിനി ഒമ്പതാംക്ലാസിലായെന്നും ശ്രുതിമോള്‍ UKG ക്ലാസിന്റെ പടിവാതില്‍ കടന്നെന്നും ഒന്നും വിശ്വസിയ്ക്കാനെ കഴിയുന്നില്ല, അവരെയൊക്കെ ഇന്നലെ പ്രസവിച്ചതുപോലെ തോന്നുന്നു..!  എത്രപെട്ടന്നാണ്‌ വര്‍ഷങ്ങള്‍ കടന്നു പോകുന്നത്‌. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കാണുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌ സുമംഗളയ്ക്ക്‌. സൂക്ഷിച്ചു നോക്കിയാല്‍ മുടിചുരുളുകളില്‍ തെളിഞ്ഞുകാണുന്ന വെള്ളിക്കമ്പികള്‍, കണ്‍ത്തടങ്ങളില്‍ വിസ്ത്രതമാകാന്‍ തുടങ്ങുന്ന കറുപ്പിന്റെ ഭൂപടം, മുഖത്തെ അരുണിമയ്ക്കും മങ്ങലേല്‍ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. വെളുത്ത നിറമായതുകൊണ്ടാകാം സ്കിന്നിലെ മാറ്റങ്ങള്‍ എളുപ്പത്തില്‍ പ്രകടമാകുന്നത്‌. തടിവെയ്ക്കാത്ത പ്രകൃതമായതു ഭാഗ്യം. രണ്ടരവര്‍ഷം തികച്ചുമാത്രമെ കോളേജില്‍ പഠിയ്ക്കാന്‍ കഴിഞ്ഞുള്ളു, എങ്കിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു താനന്ന്‌, ആണ്‍കുട്ടികളുടെ കണ്ണില്‍ ജൂനിയര്‍ സുമലത. കോളേജു ബ്യൂട്ടി സോഫിയയ്ക്കു പോലും അസൂയയായിരുന്നു തന്നോട്‌.

തിരക്കായിരുന്നു അച്ഛന്‌ എല്ലാറ്റിനും. പെണ്‍മക്കളെ മൂന്നു പേരെയും നല്ല നിലയില്‍ വിവാഹം ചെയ്തയയ്ക്കാന്‍ വല്ലാത്ത ധൃതിയായിരുന്നു. തന്റെ കാര്യത്തില്‍ പതിനെട്ടു വയസ്‌ തികയാന്‍ പോലും കാത്തുനിന്നില്ല.അമ്മയുടെ മരണം അച്ഛനെ അത്രയേറെ തളര്‍ത്തിയിരുന്നു. അമ്മയുടെ സഹായമില്ലാതെ ഒന്നും ചെയ്തു ശീലമില്ലായിരുന്നു അച്ഛന്‌. ഒന്നിനു പുറകെ ഒന്നായി മൂന്നു പെണ്‍കുട്ടികളെ സമ്മാനിച്ച്‌, അവര്‍ കൗമാരത്തിന്റെ പടിവതില്‍ക്കല്‍ എത്തുന്ന കാലത്ത്‌, ഒരമ്മയുടെ സാമീപ്യവും ഏറ്റവും അനിവാര്യമായ സമയത്ത്‌ ഒരു ദിവസം തെക്കെ പറമ്പില്‍ ഒരു പിടി ചാരമായി മാറി അമ്മ. ഒരു മരണം അടുത്തറിയുന്നത്‌, അതു സൃഷ്ടിയ്ക്കുന്ന ശൂന്യത എത്ര മാത്രം വലുതാണെന്നറിയുന്നത്‌ അന്നായിരുന്നു. എട്ടാം ക്ലാസില്‍ പഠിയ്ക്കുകയായിരുന്നു അന്ന്‌ താന്‍, ശ്യാമ ആറിലും, രാജി നാലിലും.

അമ്മയുടെ മരണം മുന്‍കൂട്ടി കണ്ടിട്ടാവണം ദൈവം ജാനുചിറ്റയെ കരുതി വെച്ചത്‌. അച്ഛന്റെ ഇളയ പെങ്ങളായിരുന്നു ചിറ്റ, മക്കളില്ല അവര്‍ക്ക്‌. സഞ്ചാരപ്രിയനും ആത്മീയവാദിയുമായിരുന്നു അവരുടെ ഭര്‍ത്താവ്‌. കല്യാണം കഴിഞ്ഞ്‌ രണ്ടാംവര്‍ഷം തീര്‍ത്ഥാടനത്തിനുപോയ അദ്ദേഹം പിന്നെ തിരിച്ചുവന്നില്ല. വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിട്ടും ഇന്നും ഈ പ്രായത്തിലും ലക്കിടിസ്റ്റേഷനിലൂടെ ഓരോ തീവണ്ടി കടന്നുപോകുമ്പോഴും ചിറ്റയില്‍ പ്രതീക്ഷയുണരും. പിന്നെ തോളിലെ തോര്‍ത്തുമുണ്ടെടുത്ത്‌ കണ്ണുകളൊപ്പും. പാവം ചിറ്റയ്ക്ക്‌ പിന്നെ തങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട മക്കളായി, തങ്ങളുടെ ലോകം അവരുടെയും ലോകമായി മാറി.തറവാടുവക സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു അച്ഛന്‍. പരമ്പരാഗതമായി ഒരുപാട്‌ ഭൂസ്വത്ത്‌ സ്വന്തമായുള്ള അച്ഛന്‌ ഉദ്യോഗം വെറും അലങ്കാരമായിരുന്നു. ധാരാളം വായിയ്ക്കുമായിരുന്നു അച്ഛന്‍, ആ വായനാശീലം മുഴുവന്‍ തനിയ്ക്കാണ്‌ കിട്ടിയത്‌.

-- ഞാനും ഒരു മുറി നിറയെ പുസ്തകങ്ങളും. ഇതായിരുന്നു ബാല്യകൗമാരങ്ങളിലെ എന്റെ ലോകം. അതിലെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്താളിനിടയില്‍ ഞാന്‍ മോഹിച്ചൊളിപ്പിച്ചുവെച്ച മയില്‍പ്പീലി പ്രസവിയ്ക്കുന്നതും കാത്തിരുന്ന ബാല്യകാല കൗതുകം പൂര്‍ണ്ണമായും വിട്ടുമാറാത്ത കൗമാരദിനങ്ങളിലൊന്നില്‍ കുപ്പിവളയിട്ടു മോഹം തീരാത്ത എന്റെ കയ്യില്‍ കാലം സ്വര്‍ണ്ണവളയണിയിച്ചു, സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി, അങ്ങിനെ ഞാനൊരു ഭാര്യയായി പ്രവാസലോകത്തേയ്ക്കാനയിക്കപ്പെട്ടു. പുസ്തകത്തിനിടയില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി പിന്നെ പ്രസവിച്ചുവോ എന്നറിയില്ല,.പക്ഷെ ഞാന്‍ പ്രസവിച്ചു, മൂന്നു കുട്ടികളുടെ അമ്മയായി. മക്കളുടെ അവധിക്കാലത്ത്‌ വിരുന്നുപോകാന്‍ മാത്രമുള്ള ഒരു ബന്ധുഗൃഹം മാത്രമായി നാട്‌ എനിയ്ക്ക്‌---.ബ്ലോഗിലെ പ്രൊഫെയിലില്‍ അവള്‍ എഴുതിയ ഈ വാചകങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു.

മാധവേട്ടന്‍ ജീവിതത്തിലേയ്ക്കു കടന്നു വരുന്നതിനുമുമ്പ്‌ ഒരുപാടു പുരുഷന്മാരുമായി അടുപ്പമുണ്ടായിരുന്നു സുമംഗളയ്ക്ക്‌. പക്ഷെ, അവരെല്ലാം നോവലുകളിലെ കഥാപാത്രങ്ങളായിരുന്നുവെന്നുമാത്രം. പുരാണകഥാപാത്രങ്ങളെ വായിച്ചായിരുന്നു തുടക്കം അതുകൊണ്ടാകാം കഴമ്പും കാതലുമുള്ള വായനയോടാണ്‌ എന്നും പഥ്യം.പൈങ്കിളിയോട്‌ അന്നും വിരക്തിയായിരുന്നു. ഖസാക്കിലെ രവിമാഷെ അല്‍പ്പം ആദരവു കലര്‍ന്ന ആരാധനയോടേയാണ്‌ വീക്ഷിച്ചിരുന്നത്‌, മയ്യഴിയിലെ ദാസന്‍ അവള്‍ക്കേട്ടനായിരുന്നു.ഏട്ടന്റെ ബീഡിപുകയുടെ മണവും മീശവെട്ടുന്ന കത്രികയും വരാന്‍പോകുന്ന പുരുഷനെപ്പറ്റി മോഹങ്ങള്‍ക്കും സ്വപനങ്ങള്‍ക്കും പുതിയ മാനങ്ങള്‍ നല്‍കി. ഇങ്ങിനെയിങ്ങിനെ കൗമാരസ്വപ്നങ്ങളില്‍ മയില്‍പ്പീലിചിറകുകള്‍ വിടര്‍ത്തി ഒരുപാടു കഥാപാത്രങ്ങള്‍ അക്കാലത്ത്‌ അവളുടെ മനസ്സില്‍ വിരുന്നു വന്നിരുന്നു.

പതിനെട്ടുതികഞ്ഞ്‌ പാസ്പോര്‍ട്ടിലെ മഷിയുണങ്ങുമുമ്പെ സുമംഗള.പി.മാധവന്‍ നായര്‍ എന്നപേരില്‍ മാധവേട്ടന്റെ കയ്യുംപിടിച്ച്‌ ഈ നഗരത്തില്‍ ആദ്യമായി വന്നിറങ്ങുമ്പോള്‍ എട്ടുംപൊട്ടുംതിരിയാത്ത ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു അവള്‍. ഡിഗ്രി ഫസ്റ്റിയറുകാരി. പുസ്തകങ്ങള്‍ക്കകത്തെ ലോകത്തിനപ്പുറം ഒന്നും അറിയില്ലായിരുന്നു..എല്ലാം പഠിച്ചത്‌ മാധവേട്ടനില്‍ നിന്നായിരുന്നു. അച്ഛന്റെ വകയില്‍ ഒരനന്തിരവനായിരുന്നു അദ്ദേഹം.എഞ്ചിനിയര്‍, പഠിച്ചതും വളര്‍ന്നതും എല്ലാം അങ്ങ്‌ ദൂരെ ഡെല്‍ഹിയില്‍. പത്തു വയസ്സിന്റെ അന്തരമുണ്ടായിരുന്നു തമ്മില്‍.അതുകൊണ്ടുതന്നെ തുടക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു രക്ഷിതാവിന്റെ സ്ഥാനം കൂടി ഏറ്റേടുക്കേണ്ടിവന്നു മാധവേട്ടന്‌.

മലയാളം എഴുതാനറിയില്ല മാധവേട്ടന്‌ അവളുടെകൂടെ കൂടിയശേഷമാണ്‌ കുറച്ചെങ്കിലും വായിയ്ക്കാന്‍ ശീലിച്ചത്‌. എന്നിട്ടും നാട്ടില്‍ നിന്നും കെട്ടുക്കണക്കിനു പുസ്തകങ്ങള്‍ കൊണ്ടുവരുമായിരുന്നു. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പാതിയും നഷ്ടപ്പെടും.ശിവന്‍ ജനിയ്ക്കുന്നതിനുമുമ്പ്‌ ആദ്യനാളുകളില്‍ അദ്ദേഹം ഓഫീസില്‍ പോയാല്‍ മറ്റൊന്നും ചെയ്യാനില്ലായിരുന്നു അവള്‍ക്ക്‌, എല്ലാം പെട്ടന്നു വായിച്ചു തീരും, സെന്‍സറിങ്ങിനൊടുവില്‍ പേജു കീറിയും കറുത്ത മഷികോരിയൊഴിച്ചും കണ്ടാല്‍ സങ്കടം തോന്നുന്ന രീതിയില്‍ വികൃതമാക്കപ്പെട്ട വാരികകള്‍ മാത്രമായിരുന്നു പിന്നെ അന്നു ശരണം.

ചെറുപ്പംമുതലെ അക്ഷരങ്ങളോടുള്ള അമിതാഭിനിവേശംകൊണ്ടാകാം ടീവികാഴ്ചകള്‍ കണ്ണുകള്‍ക്കപ്പുറം ഹൃദയത്തിലേയ്ക്കിറങ്ങിചെല്ലാറില്ല ഒരിയ്ക്കലും. അങ്ങിനെ വിരസതയകറ്റാനാണ്‌ എന്തെങ്കിലും കുത്തിക്കുറിയ്ക്കാന്‍ തുടങ്ങിയത്‌. ആരും വായിയ്ക്കാനില്ലായിരുന്നു. ആര്‍ക്കെങ്കിലും അയച്ചു കൊടുക്കാനായി നെറ്റും ഈ മെയിലും ഒന്നും ഇല്ലായിരുന്നു അന്ന്‌.ഏതെങ്കിലും വാരികയ്ക്ക്‌ അയച്ചുകൊടുക്കാനുള്ള ആത്മവിശ്വാസവുമില്ലായിരുന്നു അവള്‍ക്ക്‌. കാലം കടന്നുപോയി. ശ്രുതിമോള്‍ ഉദരത്തില്‍ വളരുന്ന നാളുകളിലൊരുദിനം ഒരു കൂട്ടുകാരി ഈ മെയില്‍ ചെയ്ത "കൊടകരപുരാണം" വഴിത്തിരിവായി. പകല്‍ മുഴുവന്‍ അതു വായിച്ചുരസിച്ചു.

-എനിയ്ക്കു സ്വന്തമായി ഒരു ബ്ലോഗു തുടങ്ങണം.-  മാധവേട്ടന്‍ ഓഫീസില്‍ നിന്നും വന്നപ്പോഴെ ഒരു കൊച്ചുകുഞ്ഞിനെപോലെ കിണുങ്ങാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്‌.

-ഗര്‍ഭകാലത്ത്‌,പച്ചമാങ്ങ തിന്നണം, മസാലദോശ തിന്നണം എന്നൊക്കെ കൊതിപറയുന്ന ഭാര്യമാരെക്കുറിച്ചു കേട്ടിട്ടുണ്ട്‌ സുമീ. ഇതിപ്പൊ നീ...!-

അദ്ദേഹം അപ്പോളങ്ങിനെ കളിപറഞ്ഞെങ്കിലും അന്നുരാത്രി ബ്ലോഗു സെറ്റ്‌ ചെയ്തിട്ടെ ഉറങ്ങിയുള്ളു. ബ്ലോഗിന്റെ പേരിനെക്കുറിച്ചു ചിന്തിച്ചപ്പോഴെ അമ്മയുടെ മുഖമാണ്‌ മനസ്സില്‍ ആദ്യം ഓടിയെത്തിയത്‌."ജാനകിക്കുട്ടി".ഇരുപത്തിയെട്ടാം നാളില്‍ ശാലിനിമോളുടെ കാതില്‍ ആദ്യമോതിയതും അമ്മയുടെ പേരു തന്നെയായിരുന്നു..താമരപ്പൂ, ആമ്പല്‍പ്പൂ,മയില്‍പ്പീലി. അനുയോജ്യമായൊരു മുഖചിത്രം കണ്ടെത്താന്‍ കഴിയാതെ അപ്പോഴും മനസ്സു കുഴഞ്ഞു..-- ഏതു പൂവ്വിനേക്കാളും സുന്ദരമായൊരു മുഖം സ്വന്തമായുള്ളപ്പോള്‍ എന്തിനാ സുമീ മറ്റൊരു മുഖചിത്രം തേടിയലയുന്നെ..-- മാധവേട്ടന്റെ കണ്ണുകളിലെ കുസൃതി ചുണ്ടുകളിലേയ്ക്കു പടര്‍ന്നു, അതു മെല്ലെ അവളുടെ ശോണിമയാര്‍ന്ന ചുണ്ടുകളെ കുളിരണിയിച്ചു. ബൂലോകത്തിനു തിരശീലയിട്ട്‌ തങ്ങളുടെ സ്വകാര്യലോകത്തിലെ സ്വകാര്യതകളുടെ തിരശീല മാറ്റി കുറുമ്പു കാട്ടി പരസ്പരം അലിഞ്ഞുചേരാന്‍ ഒരുങ്ങുകയായിരുന്നു അവരപ്പോള്‍.

ഇത്തിരി മടിയോടേയും നാണത്തോടേയും കൂടിയാണെങ്കിലും സുമംഗളയുടെ സ്വന്തം മുഖംതന്നെ ബൂലോകത്തെത്തി. കൗതുകത്തോടെയാണ്‌ ആദ്യനാളുകളില്‍ ബൂലോകത്തെ വീക്ഷിച്ചത്‌. വൈകി എഴുതിതുടങ്ങിയവരായിരുന്നു പലരും. കാലംതെറ്റിപെയ്യുന്ന മഴപോലെ അക്ഷരത്തുള്ളികള്‍ക്ക്‌ കരുത്തു കുറവായിരുന്നു, ദൈര്‍ഘ്യവും. അപ്പോഴും പഴയകാലനോവലുകളിലെ പ്രമുഖ കഥാപാത്രങ്ങളുടെ പ്രേതങ്ങള്‍ മനസ്സിലാവാഹിച്ചിരുന്നു ചിലരെങ്കിലും. അത്‌ അവളില്‍ വല്ലാത്ത ആവേശമുണര്‍ത്തി. കൗമാരസ്മരണകളുടെ ആനന്ദം നിറഞ്ഞ മനസ്സ്‌ കമന്റ്‌സുമായി പൂമ്പാറ്റയെപോലെ എല്ലായിടത്തും പറന്നെത്തി ശ്രദ്ധ നേടി.

--കമന്റ്‌സിട്ടു നടന്നാല്‍ മതിയോ, സ്വന്തം ബ്ലോഗിലെന്തെങ്കിലും എഴുതിനിറയ്ക്കേണ്ടേ,--ഒരു മറുകമന്റിലെ കുസൃതിചോദ്യം അവള്‍ക്ക്‌ ശരിയ്ക്കും പ്രചോദനമായി.

നാളുകള്‍ക്കുമുമ്പ്‌ നിളയെക്കുറിച്ച്‌ കുത്തിക്കുറിച്ചുവെച്ച കുറച്ചുവരികള്‍ മടിച്ചാണെങ്കിലും കവിത എന്ന ലേബലില്‍ പോസ്റ്റുചെയ്തു അവള്‍. അമ്പരപ്പിയ്ക്കുന്ന പ്രതികരണമായിരുന്നു. ആധുനികം, അത്യന്താധുനികം, ഉത്തരാധുനികം അങ്ങിനെ അതുവരെ അവള്‍ കേള്‍ക്കാത്ത കുറെ വാക്കുകളും,വരികളില്‍ മനസ്സില്‍ നിനയ്ക്കാത്ത അര്‍ത്ഥങ്ങളും കണ്ടെത്തി ഒരുപാടുപേര്‍ പാഞ്ഞെത്തി കമന്റ്‌ ബോക്സില്‍ കയറിയിരുന്ന്‌ തമ്മില്‍തമ്മില്‍ ചര്‍ച്ചയും ഉപചര്‍ച്ചയും വാദപ്രതിവാദങ്ങളുമായി ആദ്യപോസ്റ്റില്‍തന്നെ കമന്റുകള്‍ നൂറു കടന്നു.  ഭൂരിഭാഗവും ബൂലോകത്തെ ആണ്‍പ്രജകളായിരുന്നു.

ആത്മവിശ്വാസം നിറഞ്ഞ മനസ്സുമായി പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു. നൂറുക്കണക്കിനു ഫോളൊവേര്‍സ്‌. വമ്പന്മാരുടെ പോലും കമന്റുകള്‍. - ഐശ്വര്യവും സൗന്ദര്യവുമുള്ള ഒരു മുഖവും ഒപ്പം ഇത്തിരി വാചാലതയും കൂട്ടിനുണ്ടെങ്കില്‍,  ഇഹലോകത്തിലും ബൂലോകത്തിലും മാത്രമല്ല സുമീ ഒരു പക്ഷെ, പരലോകത്തില്‍ പോലും നിങ്ങള്‌ പെണ്ണുങ്ങള്‍ ഈസിയായി ജീവിച്ചുപോകും.! -- കൂട്ടത്തില്‍ എറ്റവും രസകരമായത്‌ എല്ലാം കണ്ട്‌ കള്ളച്ചിരിയോടെയുള്ള മാധവേട്ടന്റെ നേരിട്ടുള്ള ആ കമന്റായിരുന്നു.

താഴിട്ടുപൂട്ടാത്ത അവളുടെ ജീമെയിലിന്റെ പടിവാതിലും കടന്ന്‌ പല മെയിലുകളും വരാറുണ്ട്‌. എല്ലാം മാധവേട്ടന്റെ അറിവോടെ. ലഗേജ്‌ബാഗുകളുടെ ലോക്കുകളുടെ നമ്പര്‍ തന്നെയാണ്‌ പാസ്‌വേഡ്‌. മക്കള്‍ക്കടക്കം എല്ലാവര്‍ക്കും മനഃപാഠം.

സാഹോദര്യത്തിന്റെ മഹത്‌സന്ദേശവുംപേറി ഏട്ടന്‍ പരിവേഷവുമായായിട്ടായിരിയ്ക്കും ചിലര്‍ കടന്നുവരിക. മറുപടിയില്‍ അല്‍പ്പം സ്വാതന്ത്ര്യം കൊടുത്താല്‍ പിന്നെ പ്രണയഭവങ്ങളായിരിയ്ക്കും വാചകങ്ങളില്‍ മുഴുവന്‍. ശൃംഗാരപദങ്ങളും,ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഭംഗിയായി ഒളിപ്പിച്ചു വെയ്ക്കും, അങ്ങിനെ തനിനിറം പുറത്തുവരും. ബ്ലോഗില്‍ മാന്യതയും കുലീനതയും നിറഞ്ഞ വാക്കുകള്‍കൊണ്ടമ്മാനമാടി പോസ്റ്റുകള്‍ ഒരുക്കുന്ന തറവാടിവേഷക്കാരില്‍ ചിലരെങ്കിലും വെറും പകല്‍മാന്യന്മാര്‍ മാത്രമാണെന്ന്‌ തിരിച്ചറിയുമ്പോള്‍ സങ്കടം തോന്നാറുണ്ട്‌ സുമംഗളക്ക്‌. ഒരേ മനുഷ്യര്‍..പക്ഷെ എത്രയെത്ര മുഖങ്ങള്‍..!

-അമ്മെ എന്തുറക്കമാണിത്‌, എണിയ്ക്കൂ.നമ്മളിതാ ലാന്‍ഡു ചെയ്യാന്‍ പോകുന്നു...- അടുത്തിരുന്ന ശാലിനി ഉണര്‍ത്തി. ദിവാസ്വപ്നങ്ങളില്‍ നിന്നും മോചനംനേടിയ മനസ്സ്‌ ജാലകത്തിലൂടെ പുറംകാഴ്ചകള്‍തേടി മലയാറ്റൂര്‍ മലമുകളോളം പറന്നുയര്‍ന്നു. പെരിയാറില്‍ കണ്ണാടിനോക്കി മുഖം മിനുക്കുന്ന സന്ധ്യാംബരത്തിന്റെ ചാരുതയില്‍ മയങ്ങിയിട്ടെന്നവണ്ണം എയര്‍പോര്‍ട്ടിനു മുകളില്‍ ലാന്‍ഡിങ്‌ സിഗ്നലിനായി വേഗത കുറച്ചു വട്ടമിട്ടു പറക്കുകയായിരുന്നു ഫ്ലൈറ്റപ്പോള്‍..

അച്ഛന്‍ കാറയച്ചിരുന്നു. ഫ്ലൈറ്റ്‌ ഇത്രയും ലെയിറ്റ്‌ ആവുമെന്നു കരുതിയില്ല. കാലിക്കറ്റ്‌ ആയിരുന്നു കുറച്ചുകൂടി എളുപ്പം.  പക്ഷെ,കൊച്ചി വഴി, തന്റെ നിര്‍ബന്ധമായിരുന്നു അത്‌. ആദ്യം പാലിയക്കരയിലുള്ള മാധവേട്ടന്റെ തറവാട്ടിലെത്തി അച്ഛനേയും അമ്മയേയും കാണണം എന്നിട്ട്‌ നാട്ടിലേയ്ക്ക്‌, അതാണ്‌ എല്ലാ വെക്കേഷനും പതിവ്‌.  ഒരുദിവസം അവിടെ തങ്ങിയിട്ടെ വീട്ടിലേയ്ക്കു പോകാറുള്ളു. ഏട്ടന്‍ കൂടെയില്ല എന്നു കരുതി ചിട്ടകള്‍ തെറ്റേണ്ട.  ഒന്നു കയറി അവരെകണ്ടിട്ടു പോകാം.  വൃദ്ധ മനസ്സുകളാണ്‌..മക്കളേയും കൊച്ചുമക്കളേയും കാത്തിരിയ്ക്കുന്നവര്‍. അവരോടൊത്തു കുറച്ചു സമയം ചിലവഴിയ്ക്കാന്‍ മോഹിയ്ക്കുന്നവര്‍. നിസ്സാര കാരണം മതി അവര്‍ക്കു വേദനിയ്ക്കാന്‍.

അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയെയും കണ്ട്‌, ഭക്ഷണവും കഴിച്ച്‌ അവിടെ നിന്നുമിറങ്ങുമ്പോള്‍ നേരം ഒരുപാടായി. ഇത്രയും വൈകിയില്ലെ ഇന്നിനി പോകേണ്ട എന്ന് ഒരുപാടു നിര്‍ബന്ധിച്ചു അവര്‍, കഴിഞ്ഞില്ല. തറവാട്ടില്‍ അച്ഛനും ചിറ്റയും കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിയ്ക്കുന്നു.

അമ്മയുടെ അതേ സ്ഥാനമാണ്‌ ചിറ്റയ്ക്ക്‌ മനസ്സില്‍, സുമിക്കുട്ടീ എന്നു തികച്ചു വിളിയ്ക്കില്ല, അത്രയ്ക്കും ഇഷ്ടമാണ്‌ തന്നെ. ശരിയ്ക്കും വയസ്സിയാവാന്‍ തുടങ്ങിയിരിയ്ക്കുന്നു ചിറ്റ..കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ അച്ഛനെക്കാള്‍ പ്രായം തോന്നി. ചിറ്റയെക്കുറിച്ചാണ്‌ ആദ്യമായി ബ്ലോഗില്‍ കഥയെഴുതുന്നത്‌,.കഥയല്ല വളരെ വികാരനിര്‍ഭരമായ അനുഭവം തന്നെയായിരുന്നു .കമന്റുകളുടെ കാര്യത്തില്‍ റെക്കോഡിട്ട പോസ്റ്റായിരുന്നു അത്‌.

--മനസ്സു നൊന്തുപൊള്ളി മാംസത്തിന്റെ ഗന്ധം മുറിയാകെ പടരുന്നു ചേച്ചി,.ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ്‌ ഞാനിതു വായിച്ചത്‌, ഇന്നിനി ഞാനെങ്ങിനെ ഉറങ്ങും--- എന്നും എല്ലാവരേയും വിമര്‍ശിയ്ക്കാനാണ്‌ എനിയ്ക്കു നിയോഗമെന്നറിയാലോ, പക്ഷെ കുട്ടി ഈ പോസ്റ്റില്‍ അതിനൊരു പഴുതും തന്നില്ല, അത്രയ്ക്കും ഗംഭീരമായി എഴുത്ത്‌-- കഥയും ജീവിതവും വേര്‍തിരിച്ചെടുക്കാനാവുന്നില്ലല്ലോ എന്റെ മോളെ, എങ്ങിനെ ഇങ്ങിനെയൊക്കെ എഴുതാന്‍ കഴിയുന്നു നിനക്ക്‌--...അതിശയോക്തി നിറഞ്ഞ്‌ പുകഴ്ത്തലിന്റെ വക്കോളമത്തുന്ന ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ പലപ്പോഴും അമ്പരപ്പുതോന്നാറുണ്ട്‌ സുമംഗളയ്ക്ക്‌. ഇത്രയ്ക്കൊക്കെ താന്‍ അര്‍ഹിയ്ക്കുന്നുണ്ടോ, ഇവരൊന്നും മലയാളത്തിലെ നല്ല സാഹിത്യസൃഷ്ടികള്‍ വായിയ്ക്കാറില്ലെ, പത്രത്തിലും ടീവിയിലും ഇതിലും ഹൃദയഭേദകമായ വാര്‍ത്തകള്‍ നിത്യവും കാണേണ്ടി വരുന്ന ഇവരൊന്നും ജീവിതത്തില്‍ ഒരിയ്ക്കലും ഉറങ്ങാറില്ലെ എന്നൊക്കെ തോന്നാറുണ്ട്‌..

പക്ഷെ തോന്നലുകള്‍ ഒന്നും പുറത്തു കാണിയ്ക്കാന്‍ പാടില്ല. ഇതു ബൂലോകമാണ്‌. ഇമ്പോസിഷന്‍ എഴുതുന്ന പോലെ ഓരോരുത്തരേയും എണ്ണിയെണ്ണി പേരെടുത്തു പറഞ്ഞു നന്ദി എഴുതികഴിയുമ്പോഴേയ്ക്കും ശരിയ്ക്കും മടുക്കും. എന്തു ചെയ്യാം അതാണ്‌ ബൂലോകത്തിന്റെ രീതി. എന്തെഴുതി എത്രയെഴുതി എന്നതിലല്ല കാര്യം, എല്ലാവരേയും മാനിയ്ക്കണം, തിരിച്ച്‌ അവരുടെ കൃതികളേയും മാനിച്ചുകൊണ്ട്‌ എന്തെങ്കിലും നല്ല വാക്കുകള്‍ എഴുതണം..ആരേയും അവഗണിയ്ക്കാന്‍ പാടില്ല.സൗഹൃദവും കളിയും ചിരിയും കമന്റ്‌സുകളുമായി ഒരോരോ മരച്ചുവടുകളില്‍രൂപപ്പെടുന്ന കുട്ടികളുടെ കൂട്ടായ്മ നിറഞ്ഞ ഒരു കാമ്പസിനു സമാനമാണ്‌ ബൂലോകം. ഒരു മരച്ചുവട്ടിലും തങ്ങാതെ അലസമായി അലയുന്നവന്‍ ഉള്ളില്‍ എത്ര നന്മ ഉള്ളവനായാലും ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോകും,. അഹങ്കരിയായ ഒറ്റയാനെന്ന്‌ മുദ്രകുത്തപ്പെടും.

--അമ്മെ നമ്മളെത്താറായി, ഇതാ നമ്മുടെ പുഴ, അമ്മയുടെ നിള..-- ശാലിനി വിളിച്ചു കൂവി. കണ്ണുതുറന്നു.പാമ്പാടിപാലത്തിലേയ്ക്കു വലതു ടയര്‍ വെച്ചു കയറുകയായിരുന്നു കാറപ്പോള്‍.

ഒരു നൂറുവര്‍ഷം തപസ്സിരുന്നാലും മരുഭൂമിയില്‍ കാണാന്‍ കഴിയാത്ത കാഴ്ചകള്‍ നൊടിയിടയില്‍ കണ്‍മുമ്പില്‍ ഒരു വലിയ ക്യാന്‍വാസിലെന്നപോലെ നിറഞ്ഞുനിന്നു. മഴയൊഴിഞ്ഞ ആകാശം സമൃദ്ധമായി വര്‍ഷിയ്ക്കുന്ന പൂനിലാമഴയില്‍ നീരാടി നില്‍ക്കുന്നു തന്റെ  നിള...! ബാല്യകൗമാരസ്വപ്നങ്ങള്‍ കുളിരണിഞ്ഞത്‌ ഈ തീരത്താണ്‌...ഒരു സന്ധ്യക്ക്‌ അനിയത്തിമാരൊത്ത്‌ നീന്തിത്തുടിയ്ക്കുമ്പോള്‍ തന്നിലെ സ്തീത്വത്തിന്റെ ചുവപ്പുരാശി ആദ്യമായി ഒഴുകിവീണു ലയിച്ചതും ഈ ഈ ജലപ്പരപ്പിലാണ്‌...വര്‍ഷത്തില്‍ തപിയ്ക്കുന്ന ഹൃദയവുമായി മദിച്ചൊഴുകുമ്പോഴും, വേനലില്‍ വിഷാദത്തോടെ മെലിഞ്ഞൊഴുകുമ്പോഴും വികാരങ്ങള്‍ ഉള്ളിലൊതുക്കി നിസ്സംഗത നിറഞ്ഞ്‌ പ്രസന്നതയോടെ പുഞ്ചിരിയ്ക്കാനെ ഈ പുഴയ്ക്കറിയു, അമ്മയെപോലെ.. മാറവ്യാധിയുടെ തീരാവേദനയില്‍ ഉള്ളുപിടയുമ്പോഴും തിരിച്ചറിവാകാത്ത തങ്ങള്‍ മക്കളുടെ മുമ്പില്‍ പുഞ്ചിരിയ്ക്കാറെ ഉള്ളു അമ്മ..അറിയില്ലായിരുന്നു, അമ്മ മരിയ്ക്കാന്‍ പോകുകയാണെന്ന്‌ തങ്ങള്‍ക്കറിയില്ലായിരുന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകി.കാറിനകത്തെയ്ക്കു ഒഴുകിയെത്തിയ നിലാവെട്ടത്തില്‍ ശാലിനി അതുകണ്ടു..-ശിവേട്ടാ ദാ അമ്മ കരയുന്നു.-

-എന്തുപറ്റി അമ്മെ, യാത്ര തുടങ്ങിയപ്പോഴെ ഞാന്‍ ശ്രദ്ധിയ്ക്കുകയാണ്‌ അമ്മയുടെ മൂഡ്‌ ഓഫ്‌.  അച്ഛന്‍ കൂടെയില്ലാത്തതു കൊണ്ടാ ?--കാറിന്റെ ഫ്രന്‍ഡ്‌സീറ്റില്‍ അവന്റെ ശബ്ദത്തിനു പതിവുവിട്ടു കനം വെച്ചതുപോലെ ,  അച്ഛന്‍ കൂടെയില്ലല്ലോ, അവനല്ലെ ഇപ്പോ കാരണവര്‍.

-അയ്യേ..അതിനാണോ അമ്മ കരയുന്നേ,..പതിനഞ്ചു ദിവസം കഴിയുമ്പോഴേയ്ക്കും അച്ഛനിങ്ങോടിയെത്തില്ലെ എന്റെ അമ്മെ.-ശാലിനി കളിയാക്കി..

തന്റെ മടിയിലെ ചൂടുപറ്റി ഉറങ്ങുന്ന, ഇപ്പോഴും തക്കംകിട്ടിയാല്‍ അമ്മിഞ്ഞ കട്ടുകുടിയ്ക്കാന്‍ മോഹിയ്ക്കുന്ന ശ്രുതിമോള്‍ മാത്രമെ കുട്ടിയായുള്ളു. മറ്റു രണ്ടുപേരും വലുതായിരിയ്ക്കുന്നു. എത്ര കൃത്യമായാണ്‌ അമ്മയുടെ മനസ്സവര്‍ വായിച്ചെടുക്കുന്നത്‌.! സത്യമാണത്‌.പതിനേഴു കൊല്ലമായി ഇതുവരെ ഒരു ദിവസംപോലും പിരിഞ്ഞിരുന്നിട്ടില്ല....ഇപ്പോള്‍ ആദ്യമായി, കുറച്ചു മണിക്കൂറുകളെ ആയിട്ടുള്ളു അപ്പോഴേയ്ക്കും ചഞ്ചലമാകാന്‍ തുടങ്ങിയ മനസ്സ്‌ കെട്ടുപൊട്ടിയ പട്ടംപോലെ അലഞ്ഞുതിരിയാന്‍ തുടങ്ങി. അപ്പോള്‍ ചിറ്റയുടെ കാര്യം..!.പെട്ടന്നാണ്‌ മനസ്സിന്റെ ആകാശത്ത്‌ കൊള്ളിയാന്‍ മിന്നിയത്‌..പാവം ചിറ്റ വിരഹത്തിന്റെ വേര്‍പ്പാടിന്റേയും ഒരായുഷ്ക്കാലമല്ലെ അവരുടെ മുന്നിലൂടെ കടന്നുപോയത്‌..കാത്തിരിപ്പിന്റെ പ്രതീക്ഷകള്‍ ആ കണ്ണുകളില്‍ നിന്നും എന്നോ വറ്റി.!. ഇനി അവര്‍ക്കു കാത്തിരിയ്ക്കാന്‍ ആരാണുള്ളത്‌`..?

തങ്ങളെ ഉള്ളു, അവര്‍ പ്രസവിയ്ക്കാത്ത മക്കള്‍..! അനിയത്തിമാര്‍ക്കതു മനസ്സിലാവില്ല..അമേരിയ്ക്കയില്‍ ഗ്രീന്‍ കാര്‍ഡു കിട്ടിയ ആഹ്ലാദത്തില്‍ എല്ലാം മറന്നു രാജി. ശ്യാമയാകട്ടെ ബാംഗളൂരിലെ മെട്രൊലൈഫില്‍ താളം കണ്ടെത്തി. എല്ലാം തിരിച്ചറിയാന്‍, എല്ലാവരെയും മനസ്സിലാക്കാന്‍ താനെ ബാക്കിയുള്ളു, തനിയ്ക്കു മാത്രമെ അതിനു കഴിയു. മതിയാക്കണം ഈ മണല്‍വാസം..ഇനിയുള്ള കാലം അച്ഛനോടും ചിറ്റയോടുമൊപ്പം ഈ തറവാട്ടില്‍. ഷൊര്‍ണ്ണൂരും ഒറ്റപ്പാലത്തും നല്ല സ്ക്കൂളുകളുണ്ട്‌.മക്കള്‍ ഇവിടെ വളരട്ടെ, ഈ പുഴയുടെ കുളിരേറ്റ്‌, പിതൃക്കളുറങ്ങുന്ന ഈ മണ്ണിന്റെ മണമേറ്റ്‌. മാധവേട്ടനു പറഞ്ഞാല്‍ മനസ്സിലാകും,.അല്ലെങ്കിലും അദ്ദേഹത്തിനു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..ബീപി ഇപ്പോഴെ കൂടുതലാണ്‌, കൊളസ്റ്റ്രോളും ഷുഗറും പരിധി ലംഘിയ്ക്കാന്‍ ഒരുങ്ങുന്നു.മോഹങ്ങളും കണക്കുകൂട്ടലുകളും സമ്പാദ്യവുമെല്ലാം സമാന്തരമായ പാളങ്ങള്‍ക്കു സമാനമാണ്‌..ഒരിയ്ക്കലും കൂട്ടിമുട്ടാതെ ജീവിതാന്ത്യം വരെ നീണ്ടുപോകും. എല്ലാറ്റിനും പരിധികള്‍ നിര്‍ണ്ണയിയ്ക്കേണ്ടതും നിശ്ചയിയ്ക്കേണ്ടതും അവനവന്‍ തന്നെയാണ്‌.

മൊബയിലിലെ കിളി ചിലച്ചു. മാധവേട്ടന്‍..! .ഈശ്വരാ,നേരമെത്രയായിട്ടുണ്ടാവും അവിടെ.,. ഉറങ്ങിയില്ലെ ഇതുവരെ..പാലിയക്കര തറവാട്ടില്‍ വെച്ചു താന്‍ അങ്ങോട്ടു വിളിച്ചിരുന്നതാണല്ലോ..വിറയ്ക്കുന്ന കൈകളോടെ മൊബയിലെടുത്ത്‌ ഹലോ പറയുമ്പോള്‍ സുമംഗളയുടെ അധരങ്ങള്‍ വിതുമ്പി.

--നൂറായിരം ആവശ്യങ്ങളുമായി സുമീ..സുമീ.. എന്നുവിളിച്ച്‌ അമ്മയുടെ പുറകെനടന്ന്‌ കൊഞ്ചാതെ, ക്രിക്കറ്റിന്റെ പേരില്‍ ആസ്ട്രേലിയായുടെയും പാക്കിസ്ഥാന്റേയും പക്ഷംപിടിച്ച്‌ ശിവേട്ടനെ ചൂടാക്കാതെ, തന്റെ കൊഞ്ചലുകള്‍ക്കു കാതോര്‍ക്കാതെ, ശ്രുതിമോളെ നെഞ്ചില്‍ചേര്‍ത്തുവെച്ച്‌ താരാട്ടുപാടി ഉറക്കാതെ എങ്ങിനെ ഉറങ്ങാന്‍ കഴിയും അച്ഛനിന്ന്‌.....ആ വലിയ ഫ്ലാറ്റില്‍ പാവം അച്ഛന്‍, ഒറ്റയ്ക്ക്‌.........!--
സുമംഗളയുടെ കണ്ണുനീര്‍ത്തുള്ളികള്‍ ശാലിനിയുടെ കണ്ണുകളും ഏറ്റുവാങ്ങുകയായിരുന്നു അപ്പോള്‍. അമ്മയുടെ രൂപഭംഗി മാത്രമല്ല ഹൃദയത്തിലെ ആര്‍ദ്രതയും പകര്‍ന്നു കിട്ടിയിട്ടുണ്ട്‌ അവള്‍ക്ക്‌.. അവളും എന്തൊക്കയോ കുത്തിക്കുറിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.  അത്‌ ആംഗലേയത്തിലാണെന്നു മാത്രം. തലമുറകളുടെ അന്തരം, അഭിനവ ആഗോളസംസ്കാരത്തിന്റെ അനിവാര്യത..

ഹോണടിച്ച്‌ തറവാടിന്റെ പടിപ്പുരകടന്ന്‌ മുറ്റത്തെ പഞ്ചാരമണലിലേയ്ക്ക്‌ ഒഴുകിനീങ്ങിയ കാറിന്റെ ഹെഡ്‌ലൈറ്റില്‍, തിരുവാതിര ഞാറ്റുവേലയിലെ തുളഞ്ഞു കയറുന്നു തണുപ്പിനെ ബ്ലാങ്കറ്റിലൊതുക്കി പൂമുഖക്കോലായില്‍ ചാരുകസ്സേരകളിലിലെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാതിമയക്കത്തില്‍നിന്നുമുണര്‍ന്ന മറ്റൊരു തലമുറയിലെ തിമിരം ബാധിയ്ക്കാന്‍ തുടങ്ങിയ നാലു കണ്ണുകള്‍ വിടര്‍ന്നുതിളങ്ങി. അവിടെ വസന്തം വീണ്ടും വിരുന്നുവരുകയായിരുന്നു അപ്പോള്‍.  ആ ആനന്ദത്തിരയിളക്കം തറവാടിന്റെ ഓരോ മുറിയിലും പ്രകാശം പരത്തുകയായിരുന്നു. സുമംഗളയുടെ അവധിദിനങ്ങള്‍ ചിറകടിച്ചു പറന്നുയരാന്‍ തുടങ്ങുകയായിരുന്നു.


കൊല്ലേരി തറവാടി
01/07/2012